Tuesday, December 3, 2013

യുഡിഎഫിന്റെ പദ്ധതിപരിപ്രേക്ഷ്യം 2030

    1977ല്‍ ഞാന്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ എംഫില്ലിനു ചേര്‍ന്നതിനു തൊട്ടുമുമ്പായിരുന്നു കേരളത്തെക്കുറിച്ചുള്ള ഏറ്റവും വിശ്രുത പഠനങ്ങളിലൊന്നായ "ദാരിദ്ര്യം തൊഴിലില്ലായ്മ, വികസനനയം" ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ചത്. ഡോ. കെ എന്‍ രാജിന്റെ നേതൃത്വത്തില്‍ ഒരു സംഘം പണ്ഡിതരാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയില്‍ താരതമ്യേന പിന്നാക്ക സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലെ ജനങ്ങളുടെവിദ്യാഭ്യാസ - ആരോഗ്യാദി ക്ഷേമസൂചികകള്‍ക്ക് വികസിത രാജ്യങ്ങളിലെ സൂചികകളോടായിരുന്നു കൂടുതല്‍ സാധര്‍മ്മ്യം. താരതമ്യേന താഴ്ന്ന സാമ്പത്തികവളര്‍ച്ച നിലവാരവേളയില്‍ തന്നെ ഉയര്‍ന്ന സാമൂഹ്യ - ക്ഷേമ നില പൗരന്മാര്‍ക്ക് ഉറപ്പുവരുത്താന്‍ കേരളത്തിനു കഴിഞ്ഞു. ഈ പ്രഹേളികകയ്ക്ക് കേരള വികസന മോഡല്‍ എന്ന വിളിപ്പേരും വീണു.

പിന്നീട് സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ കേരള വികസനപഠനങ്ങളില്‍ പ്രാമുഖ്യം ഈ പ്രതിഭാസത്തിനു രൂപം നല്‍കിയ പുനര്‍വിതരണ നയങ്ങളെക്കുറിച്ചായിരുന്നു. താഴത്തുനിന്നുള്ള ജനകീയ സമ്മര്‍ദ്ദവും ഇടപെടലുകളുമാണ് സാമൂഹ്യക്ഷേമ വികസനനയങ്ങള്‍ക്കു രൂപം നല്‍കാന്‍ മാറിമാറി വന്ന സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കിയതെന്ന് ഈ പഠനങ്ങള്‍ തെളിയിച്ചു. ഇതിലേറ്റവും പ്രാമാണികമായവ വിദ്യാഭ്യാസത്തെക്കുറിച്ച് ഡോ. മൈക്കിള്‍ തരകനും ആരോഗ്യത്തെക്കുറിച്ച് പ്രൊ. ടി. എന്‍ കൃഷ്ണനും ഡോ. കബീറും നടത്തിയ പഠനങ്ങളായിരുന്നു.

  വിദ്യാഭ്യാസ ആരോഗ്യാദി മേഖലകളുടെ വികസന പ്രവണതകള്‍ നവോത്ഥാനകാലം മുതല്‍ ദൃശ്യമാണെങ്കിലും ഇവയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോയത് ഇടതുപക്ഷ പ്രസ്ഥാനമാണ്. സ്വാഭാവികമായും സംസ്ഥാനത്തിന്റെ സാമ്പത്തിക മുരടിപ്പിനു കാരണവും ഇടതുപക്ഷത്തിന്റെ ചുമലില്‍ വന്നുവീണു. സാമ്പത്തികവളര്‍ച്ചയും സാമ്പത്തിക നീതിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അതിരുകവിഞ്ഞ സമത്വബോധം വളര്‍ച്ചയ്ക്കു തടസമാണെന്നും വാദിക്കപ്പെട്ടു. 1970കളുടെ ഉത്തരാര്‍ദ്ധം മുതല്‍ വളര്‍ച്ച ഒച്ചിഴയുന്ന വേഗതയിലായി. ഭൂപരിഷ്കരണം ഉണ്ടായിട്ടും കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിച്ചില്ല. സാമ്പത്തിക മുരടിപ്പ് സര്‍ക്കാരിന്റെ വരുമാനത്തേയും ഇടപെടല്‍ ശേഷിയേയും പ്രതികൂലമായി ബാധിച്ചു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോ. കെ. കെ. ജോര്‍ജിന്റെ "കേരള മോഡലിന്റെ പരിധികള്‍" എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നത്. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ സ. ഇഎംഎസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഒരു സെമിനാറിനെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. സാമ്പത്തിക മുരടിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ കേരളത്തില്‍ അനുവര്‍ത്തിക്കേണ്ടുന്ന നയങ്ങള്‍ സംബന്ധിച്ച് ഞങ്ങള്‍ കൂട്ടായി തയ്യാറാക്കിയ ഒരു രേഖയായിരുന്നു ചര്‍ച്ചാവിഷയം.

സെമിനാറിന് അവസാനം ഡോ. രാജ് പറഞ്ഞു: ""കേരളത്തിലെ ഇടതുപക്ഷം ജനക്ഷേമം ഉയര്‍ത്തുന്നതിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. അപ്പം വീതം വെയ്ക്കുന്നതിന് വളരെ മിടുക്കരാണവര്‍. പക്ഷേ, അപ്പം ചുടാന്‍ അവര്‍ക്കറിയില്ല. ഇന്നത്തെ ആവശ്യം കൂടുതല്‍ അപ്പം ഉണ്ടാക്കലാണ്. പുനര്‍വിതരണത്തില്‍ നിന്ന് വളര്‍ച്ചയിലേയ്ക്ക് ശ്രദ്ധ തിരിയണം. ഇതിനൊരു പരിപാടി ഇടതുപക്ഷത്തിനില്ല. ചരിത്രത്തിന്റെ വഴിമുടക്കരുത്."" സാമൂഹ്യക്ഷേമ മേഖലയിലെ നേട്ടങ്ങള്‍ കൈവിടാതെതന്നെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പുതിയ വികസനതന്ത്രം ആവിഷ്കരിക്കേണ്ടത് ഒരു രാഷ്ട്രീയകടമയായി തീര്‍ന്നു. ഇതിനായുള്ള ഒരു പരിശ്രമമായിരുന്നു 1994ല്‍ ഇഎംഎസ് മുന്‍കൈയെടുത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ്.

കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമ്പത്തികവളര്‍ച്ചയുടെ വേഗത എങ്ങനെ ഉയര്‍ത്താം എന്നാണ് ആ പഠനകോണ്‍ഗ്രസ് അന്വേഷിച്ചത്. പണ്ഡിതരും സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ആയിരത്തിലേറെപ്പേര്‍ തങ്ങളുടെ അഭിപ്രായം ഔപചാരിക പ്രബന്ധങ്ങളിലൂടെ അവതരിപ്പിച്ചു. കേരളത്തില്‍ ഒരു പൊതു വികസന അജണ്ടയ്ക്ക് രൂപം നല്‍കാന്‍ നടന്ന ബ്രഹദ് പരിശ്രമത്തിന്റെ ഫലമായിരുന്നു 1996-2001 കാലത്തെ ജനകീയാസൂത്രണ പ്രസ്ഥാനവും മറ്റു വികസന മുന്‍കൈകളും.

1980കളുടെ അവസാനത്തോടെ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നു എന്ന നിരീക്ഷണവും അക്കാലത്താണ് അവതരിപ്പിക്കപ്പെട്ടത്. ഏതാണ്ട് നിശ്ചലാവസ്ഥയില്‍ നിന്ന് വളര്‍ച്ച ദേശീയശരാശരിക്കു മുകളിലായി. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഡി. നാരായണയാണ് ഇതാദ്യം ചൂണ്ടിക്കാണിച്ചത്. എഴുപതുകളിലെ കാര്‍ഷിക മുരടിപ്പിനു കാരണം ചിരകാല വിളകളിലേയ്ക്ക് അക്കാലത്തു വന്‍തോതിലുണ്ടായ വിളമാറ്റമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

    ചിരകാല വിളകള്‍ ഫലം തരാന്‍ ഏതാനും വര്‍ഷങ്ങളെടുക്കുമല്ലോ. അന്തരാള ഘട്ടത്തില്‍ വളര്‍ച്ചാനിരക്ക് ഇടിയുക സ്വാഭാവികമാണ്. അധികം താമസിയാതെ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ തന്നെ കെ പി കണ്ണന്റെയും അചിന്‍ ചക്രവര്‍ത്തിയുടെയും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേരളം വളര്‍ച്ചയുടെ പുതിയ വിതാനത്തിലേയ്ക്ക് എന്ന് അവര്‍ വാദിച്ചു. ഉപഭോക്തൃസേവനങ്ങളെയും കെട്ടിടനിര്‍മ്മാണത്തെയും ആസ്പദമാക്കിയായിരുന്നു ആ വളര്‍ച്ചയെന്ന മുഖ്യദൗര്‍ബല്യം അക്കാലത്തു തന്നെ തിരിച്ചറിഞ്ഞതാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴില്‍പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്ന ദൗര്‍ബല്യം മറികടക്കാനുള്ള അന്വേഷണമായിരുന്ന് 2005ലെ രണ്ടാം കേരള പഠനകോണ്‍ഗ്രസില്‍ നടന്നത്.

വിഷന്‍ 2030ല്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് ഇവിടെ രൂപം കൊണ്ടത്. വിജ്ഞാനാധിഷ്ഠിതവും സേവനപ്രധാനവും വൈദഗ്ധ്യത്തിലൂന്നിയതുമായ വ്യവസായങ്ങളിലേയ്ക്കു നാം തിരിയണമെന്ന കാഴ്ചപ്പാട് 2005ലെ പഠനകോണ്‍ഗ്രസ് തന്നെ മുന്നോട്ടു വെച്ചിരുന്നു. ഈ ചുവടുമാറ്റത്തിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ അതിവേഗം സൃഷ്ടിക്കണം. ഇത്രയും കാര്യങ്ങളില്‍ വലിയ യോജിപ്പുണ്ടായി. മുന്‍പ്രസിഡന്റ് അബ്ദുള്‍ കലാമും സമാനമായ കാഴ്ചപ്പാടാണ് കേരള നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതിനു പുറമെ ഇടതുപക്ഷം ഊന്നല്‍ നല്‍കിയ കാര്യങ്ങളുണ്ട്: വികസനപ്രക്രിയ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകണം, സ്ത്രീനീതി ഉറപ്പുവരുത്തണം; പാവങ്ങള്‍ക്കു സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തണം; പൊതുവിദ്യാഭ്യാസ - ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കണം; ഇതാണ് കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്ന പുതിയ കാഴ്ചപ്പാട്. ഇവയൊക്കെ അട്ടിമറിക്കുകയാണ് വിഷന്‍ 2030.

         കേരള വികസനത്തിനുള്ള സമഗ്രമായൊരു നിയോലിബറല്‍ അജണ്ടയാണ് യുഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. കേരള വികസന മേഖലകളിലോരോന്നിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രൂപം നല്‍കിയ നയസമീപനങ്ങളും പരിപാടികളും തിരുത്തി ആഗോളവത്കരണ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി യുഡിഎഫ് ശ്രമിച്ചത്. ഈ നടപടികളെ ദീര്‍ഘകാലത്തേയ്ക്കുള്ള ഒരു സമഗ്ര നിയോലിബറല്‍ അജണ്ടയായി രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമമാണ് ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ പദ്ധതി പരിപ്രേക്ഷ്യം 2030 എന്ന രേഖ.

ഇടതുപക്ഷം മുന്നോട്ടുവെച്ചതും കേരളസമൂഹത്തില്‍ പൊതുവില്‍ അംഗീകാരം നേടിവരുന്നതുമായ ജനകീയ വികസന കാഴ്ചപ്പാടിന് കടകവിരുദ്ധമാണ് യുഡിഎഫിന്റെ പരിപ്രേക്ഷ്യം. വിദ്യാഭ്യാസ - ആരോഗ്യമേഖലകളുടെ മുഖ്യദൗര്‍ബല്യമായി രേഖ കാണുന്നത് ഇവ "ട്രേഡബിള്‍ മേഖലകള്‍" അല്ലെന്നാണ്. എന്നുവെച്ചാല്‍ വേണ്ടത്ര വാണിജ്യവത്കരിക്കപ്പെട്ടിട്ടില്ല. സ്വാശ്രയ കോളജുകളും സ്കൂളുകളും സ്വകാര്യ ആശുപത്രികളും വളരുന്നുണ്ടെങ്കിലും മുഖ്യധാരാ വിദ്യാഭ്യാസ- ആരോഗ്യ സംവിധാനത്തിന്റെ ലക്ഷ്യം പൊതുജനങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യവുമാണ്.

ലോക കമ്പോളം ലക്ഷ്യമിട്ട് ഈ മേഖലകള്‍ അഴിച്ചുപണിയുമത്രേ. ലക്ഷ്യം, മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ ചികിത്സയ്ക്കും പഠനത്തിനും കേരളത്തെ ആശ്രയിക്കണം. അതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളെ അന്തര്‍ദേശീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. അങ്ങനെ കേരളത്തില്‍ അഞ്ച് വിദ്യാഭ്യാസ - ആരോഗ്യ ആഗോള ഹബ്ബുകള്‍ സ്ഥാപിക്കപ്പെടും.

         വ്യവസായ വികസനത്തിന് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ അഥവാ സ്വതന്ത്ര വ്യാപാരമേഖലകള്‍ ആവിഷ്കരിക്കപ്പെട്ടതുപോലെ ഒരഭ്യാസമാണ് ഇതും. തുടക്കത്തില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം ആഗോളനഗരങ്ങള്‍ സ്ഥാപിക്കുക. ഈ ആഗോള വൈജ്ഞാനിക കേന്ദ്രങ്ങളിലേയ്ക്കാണ് വിദേശ സര്‍വകലാശാലകളെയും ബഹുരാഷ്ട്ര ആരോഗ്യ കുത്തകകളെയും നാടന്‍ നിക്ഷേപകരെയും ആകര്‍ഷിക്കുന്നത്. അവര്‍ക്കു വെച്ചുനീട്ടുന്നതോ, നാട്ടിലെ സാമൂഹ്യനിയന്ത്രണങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യവും പരിരക്ഷയും. ""ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഈ മേഖലകളില്‍ ഇന്നു നിലവിലുള്ള വിവിധ നിയന്ത്രണ നിയമങ്ങളില്‍ നിന്നും ഒഴിവു നല്‍കും"" എന്നു പച്ചയ്ക്കു തന്നെ പറഞ്ഞിട്ടുണ്ട് വിഷന്‍ 2030-ല്‍. വിദ്യാഭ്യാസത്തിനു മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്: ദുബായ്, അബുദാബി, ബഹ്റൈന്‍, മലേഷ്യ, ദക്ഷിണ കൊറിയ.

ഈ ഹബ്ബുകളില്‍ ഒതുങ്ങുന്നതല്ല പുതിയ വിദ്യാഭ്യാസ ആരോഗ്യ പരിഷ്കാരങ്ങള്‍. എല്ലാ ജില്ലകളിലും ഉപഗ്രഹ കേന്ദ്രങ്ങളുമുണ്ടാകും. അങ്ങനെ 2030 ആകുമ്പോഴേയ്ക്കും വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ വാണിജ്യാടിസ്ഥാനത്തില്‍ അതിവേഗത്തില്‍ വളരുന്ന മേഖലകളായി മാറും. അങ്ങനെയവ കേരളത്തിലെ പുതിയ കുതിപ്പിന്റെ ഡ്രൈവര്‍മാരാകുമത്രേ. ഇന്ന് 7 - 8 ശതമാനമാണ് കേരളത്തിന്റെ പ്രതിവര്‍ഷമുള്ള വളര്‍ച്ച. ഈ വളര്‍ച്ച ഭാവിയിലും നിലനിര്‍ത്താനുള്ള വികസനതന്ത്രമാണ് വിഷന്‍ 2030-ല്‍ മുന്നോട്ടു വെയ്ക്കുന്നത്.

ഇതിനായി ഓരോ മേഖലയ്ക്കും കൃത്യമായ വളര്‍ച്ചാനിരക്ക് നിര്‍ണയിച്ചിട്ടുണ്ട്. അതുപ്രകാരം കൃഷി രണ്ടുശതമാനം വേഗത്തില്‍ വളര്‍ന്നാല്‍ മതി. വളര്‍ച്ചയില്‍ ദേശീയ ശരാശരി പോലും കേരളം ലക്ഷ്യമിടേണ്ടതില്ല! ഓരോ വികസന മേഖലയുടെയും വികസനതന്ത്രം വിസ്താരഭയത്താല്‍ ഇവിടെ പരിശോധിക്കുന്നില്ല. എങ്കിലും കൃഷിയെക്കുറിച്ച് ചിലതു പറയാതെ വയ്യ. ഹൈടെക് രീതികളിലാണ് ശ്രദ്ധ മുഴുവന്‍. രേഖ പ്രകാരം വ്യവസായം പോലെ കൃഷിയും സംരംഭകത്വാധിഷ്ഠിതമാകണം.

പക്ഷേ, സ്ഥലജല പരിപാലനത്തിനെയോ ഗ്രൂപ്പ് ഫാമിംഗ് പോലുള്ള കാര്‍ഷിക പരിഷ്കരണങ്ങളെയോ കുറിച്ച് ഒരു പരാമര്‍ശവുമില്ല. കേരളത്തിന്റെ കാര്‍ഷികഘടനയെയോ പ്ലാന്റേഷന്‍ മേഖലകളുടെയും പുരയിട കൃഷിയുടെയും പ്രത്യേകതകളോ പാരിസ്ഥിതിക പ്രശ്നങ്ങളോ കണക്കിലെടുത്തിട്ടില്ല. അങ്ങനെയൊരു വികസന തന്ത്രത്തില്‍ വളര്‍ച്ച 2 ശതമാനമായി ചുരുങ്ങിയതില്‍ അത്ഭുതപ്പെടാനില്ല. ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന മേഖല വിദ്യാഭ്യാസവും ആരോഗ്യവുമാണ്. പ്രതിവര്‍ഷം 10 ശതമാനം. വ്യവസായവളര്‍ച്ചപോലും 9 ശതമാനമേ വരൂ. വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ വിസ്മയകരമായ ഈ വളര്‍ച്ച നേടണമെങ്കില്‍ ഒറ്റ വഴിയേ ഉള്ളൂ - കച്ചവടം.

ദേശീയ വരുമാനമെന്നാല്‍ നാട്ടിലെ ജനങ്ങള്‍ക്ക് കൂലി, പലിശ, ലാഭം, പാട്ടം എന്നീ നാലിനങ്ങളിലായി ലഭിക്കുന്ന വരുമാനത്തിന്റെ ആകെത്തുകയാണല്ലോ. ഇന്ന് ദേശീയവരുമാനത്തില്‍ വിദ്യാഭ്യാസമേഖലയുടെ പങ്ക് ശമ്പളം മാത്രമാണ്. ലാഭം തുച്ഛമാണ്. ശമ്പളവര്‍ദ്ധനയുടെ നല്ലപങ്കും വിലക്കയറ്റത്തില്‍ ഇല്ലാതാകും. അപ്പോള്‍ പത്തുശതമാനം വെച്ചു വളരണമെങ്കില്‍ എന്തുവേണം? സ്ഥാപനങ്ങളുടെ എണ്ണം കൂടണം, ലാഭം ഗണ്യമായി ഉയരണം. ചുരുക്കിപ്പറഞ്ഞാല്‍, കച്ചവടം പൊടിപൊടിച്ചാലേ ഈ ലക്ഷ്യം കൈവരിക്കാനാകൂ.

രേഖയില്‍ നിന്ന് ഉദ്ധരിക്കട്ടെ: ""കേരള സമ്പദ്ഘടനയുടെ പുതിയ ഡ്രൈവര്‍മാര്‍ കേരളത്തിന് വളരെയേറെ മത്സരശേഷിയുള്ള വിദ്യാഭ്യാസ - ആരോഗ്യ മേഖലകളായിരിക്കും. ഇവിടെ മുന്നോട്ടു വെയ്ക്കുന്ന കേരളത്തിനായുള്ള വികസന തന്ത്രം ഈ മേഖലകളിലുള്ള നമ്മുടെ മത്സരക്കഴിവുകളെ അടിസ്ഥാനമാക്കി പടുത്തുയര്‍ത്തിയിട്ടുള്ളതാണ്. ഇതിനായി ഈ മേഖലകളിലെ നമ്മുടെ കഴിവുകളെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി പായ്ക്കു ചെയ്ത് ദേശീയ - അന്തര്‍ദേശീയ തലങ്ങളില്‍ നിലയുറപ്പിക്കണം. അങ്ങനെ ഇന്ന് ഉപഭോഗം ലക്ഷ്യമിടുന്ന ഈ മേഖലകളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളാക്കി മാറ്റണം. ഈ മേഖലയില്‍ സൃഷ്ടിക്കുന്ന ഉത്പാദനശേഷി ആഗോളവത്കരണവും ഐടി വിപ്ലവവും സൃഷ്ടിക്കുന്ന വാണിജ്യസാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നമ്മെ സഹായിക്കും"".

ഇതിനു പുറമേ കേരളം ഇതുവഴി വിജ്ഞാനസമൂഹമായി മാറുന്നത് മറ്റ് ഉത്പാദനത്തുറകളെയും ഉത്തേജിപ്പിക്കും. ഇങ്ങനെ പോകുന്നു, ഭാവന. ഈ രേഖ പ്ലാനിംഗ് ബോര്‍ഡിനു വേണ്ടി തയ്യാറാക്കിയത് ദല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) എന്ന സ്ഥാപനമാണ്. കേരള വികസനവുമായി ബന്ധപ്പെട്ട പണ്ഡിത സമൂഹത്തിന് ഈ രേഖ തയ്യാറാക്കുന്നതില്‍ നേരിട്ടൊരു പങ്കുമില്ല. അതുകൊണ്ടാണ് കേരളത്തിന്റെ വികസന - രാഷ്ട്രീയ പാരമ്പര്യവുമായി പുലബന്ധമില്ലാത്ത തന്ത്രങ്ങള്‍ രൂപപ്പെട്ടത്. കേരളത്തെക്കുറിച്ച് പഠിക്കാനും അഭിപ്രായം പറയാനും പുറത്തുള്ളവര്‍ക്ക് അവകാശമില്ല എന്നല്ല വാദിക്കുന്നത്. പണ്ട് ഈ സ്ഥാപനം കേരളത്തിനു വേണ്ടി ഒരു സര്‍വെ തയ്യാറാക്കിയിട്ടുണ്ട്.

         1960ലെ "കേരളം - ടെക്നോ ഇക്കണോമിക് സര്‍വേ" എന്ന പ്രാമാണികപഠനം. പക്ഷേ അന്നത്തെ കാലമല്ല ഇന്ന്. ഓരോ വികസനമേഖലയെക്കുറിച്ചും പഠിക്കാന്‍ ഉന്നത വിദ്യാപീഠങ്ങളും ഒട്ടനവധി പണ്ഡിതരും ഇന്ന് കേരളത്തിലുണ്ട്. ഇവരുടെയെല്ലാം സംവാദങ്ങളിലൂടെ കേരള വികസനത്തെക്കുറിച്ച് ഏറെക്കുറെ ഒരു അഭിപ്രായസമന്വയം ഉരുത്തിരിയുന്നുണ്ട്. ഇനി പുതുതായി ചക്രം കണ്ടുപിടിക്കാന്‍ പുറത്തുനിന്നൊരാളിന്റെ ഇടപെടലെന്തിന്? അതിവിപുലമായ കേരള വികസനസാഹിത്യത്തിലെ അപൂര്‍വം റഫറന്‍സേ വിഷന്‍ 2030 തയ്യാറാക്കുന്നതില്‍ പരിഗണിച്ചിട്ടുള്ളൂ. കേരളത്തിലെ വിദഗ്ധരുടെ പങ്കാളിത്തത്തോടെ ജനകീയ വികസന പരിപ്രേക്ഷ്യത്തിനു രൂപം നല്‍കിയ മുന്‍ അനുഭവം കേരളത്തിനുണ്ട്. സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ ഗള്‍ഫ് പണവരുമാനത്തെ ആശ്രയിച്ചുകൊണ്ടുള്ള കെട്ടിടനിര്‍മ്മാണ - വ്യാപാരാദി മേഖലകളില്‍ നിന്നു മാറി പുതുക്കിപ്പണിയുന്നതിന് ഒറ്റമൂലിയായി പരിപ്രേക്ഷ്യം 2030 കാണുന്നത് വിദ്യാഭ്യാസ - ആരോഗ്യാദി മേഖലകളുടെ വാണിജ്യവത്കരണമാണ്.

1 comment:

  1. പുറത്തുനിന്ന് ഒരാള്‍ കാണുമ്പോള്‍ അകത്തുള്ളവര്‍ കാണുന്നതിനെക്കാള്‍ അധികം കാണുമായിരിയ്ക്കുമോ?

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...