ധനവിചാരം, 24 December 2013
അവസാനം കേന്ദ്രസര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതിത്തീരുവ ഉയര്‍ത്തി. ഒരുകിലോ റബ്ബറിന്റെ തീരുവ കിലോയ്ക്ക് 20 രൂപയായിരുന്നത് 30 രൂപയായി. വേണമെങ്കില്‍ വിലയുടെ 20 ശതമാനം തീരുവയായി അടയ്ക്കാം. ഏതാണോ കുറവ് അത് ഇറക്കുമതിക്കാര്‍ക്ക് സ്വീകരിക്കാം. ഇതോടെ റബ്ബര്‍മേഖലയിലെ കാര്യങ്ങള്‍ എല്ലാം ഭദ്രമായി എന്നഭാവത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പക്ഷേ, ഇതല്ല റബ്ബര്‍മേഖലയുടെ ഇന്നത്തെ അവസ്ഥ.
ആസിയാന്‍ കരാര്‍ പ്രകാരം ഡിസംബര്‍ 31 മുതല്‍ 78 റബ്ബര്‍ അധിഷ്ഠിത ഉത്പന്നങ്ങളുടെ തീരുവ ഇല്ലാതാവുകയാണ്. ഇതില്‍ സിന്തറ്റിക് റബ്ബറും ഉള്‍പ്പെടും. തീരുവ ഉണ്ടായിട്ടുതന്നെ ആസിയാന്‍ രാജ്യങ്ങളുമായുള്ള വിദേശവ്യാപാരത്തില്‍ 2.2 കോടി ഡോളര്‍ ഇന്ത്യയ്ക്ക് കമ്മിയാണ്. തീരുവ ഇല്ലാതാവുന്നതോടെ ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി ഉയരും. തന്മൂലം അസംസ്‌കൃതറബ്ബറിന്റെ ഡിമാന്‍ഡ് കുറയും. ഇത് വിലയെ വീണ്ടും സമ്മര്‍ദത്തിലാക്കും.
ഇതിനേക്കാള്‍ അപകടകരമാണ് അണിയറയിലെ ആലോചന. 'ഉണക്കിയ റബ്ബറിന്റെയും ലാറ്റക്‌സിന്റെയും തീരുവ ഘടനയിലുള്ള അപാകങ്ങള്‍ പരിശോധിക്കുന്നതിനുള്ള വിദഗ്ധസമിതി' റബ്ബര്‍ബോര്‍ഡില്‍ തകൃതിയായി പണിയെടുത്തുകൊണ്ടിരിക്കയാണ്. റബ്ബര്‍ ഉത്പന്നങ്ങളുടെ തീരുവ ഇല്ലാതാവുകയും വിദേശത്തുനിന്നുള്ള അസംസ്‌കൃതറബ്ബറിനുമേല്‍ തീരുവ നിലനില്‍ക്കുകയും ചെയ്യുന്നത് ഒരു അപാകമായാണ് റബ്ബര്‍ വ്യവസായികള്‍ കാണുന്നത്. തങ്ങളുടെ മത്സരശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ അസംസ്‌കൃത റബ്ബറിന്മേലുള്ള തീരുവ കുറയ്ക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു. നികുതിഘടനയിലെ ഈ അപാകം എങ്ങനെ പരിഹരിക്കാമെന്നാണ് വിദഗ്ധസമിതി പരിശോധിക്കുന്നത്. ഇപ്പോള്‍ വരുത്തിയിരിക്കുന്ന തീരുവവര്‍ധന തിരഞ്ഞെടുപ്പുവരെയേ കാണൂ.
റബ്ബറിന്റെ തീരുവ കുറയ്ക്കാന്‍ 2010-ല്‍ ശുപാര്‍ശ ചെയ്തതും ഇതുപോലൊരു വിദഗ്ധസമിതിയാണ്. വിലയുടെ 20 ശതമാനമായിരുന്നു അതുവരെ റബ്ബറിന്മേലുള്ള ഇറക്കുമതിച്ചുങ്കം. വിലയുടെ ശതമാനമായി ചുങ്കത്തെ നിര്‍ണയിക്കുന്നതിനെയാണ് 'ആഡ് വാലറം' നികുതി എന്നുവിളിക്കുന്നത്. റബ്ബറിന്റെ വില കൂടുമ്പോള്‍ നികുതിയുടെ തുകയും കൂടും. അതുകൊണ്ട് കിലോയ്ക്ക് ഇത്രരൂപ എന്നനിരക്കില്‍ നികുതി നിജപ്പെടുത്തണം എന്നതായിരുന്നു വ്യവസായികളുടെ ആവശ്യം. ഇതിന് ഇവര്‍ സ്വീകരിച്ച അടവുകള്‍ നോക്കൂ:
2009 ഏപ്രില്‍മുതല്‍ റബ്ബറിന്റെ വില അന്തര്‍ദേശീയ വിലയെ അപേക്ഷിച്ച് കുത്തനെ ഉയരാന്‍ തുടങ്ങി. ഏപ്രില്‍മാസത്തില്‍ 13 ശതമാനവും മെയ്മാസത്തില്‍ 15 ശതമാനവും ജൂണ്‍ മാസത്തില്‍ 18 ശതമാനവും ജൂലായ് മാസത്തില്‍ 13 ശതമാനവും ആഭ്യന്തരവില അന്തര്‍ദേശീയ വിലയേക്കാള്‍ ഉയര്‍ന്നു. ഇത് വിസ്മയകരമായ ഒരു പ്രതിഭാസമായിരുന്നു. 1992 വരെ ഇന്ത്യയിലേക്കുള്ള റബ്ബറിന്റെ ഇറക്കുമതിക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് അന്തര്‍ദേശീയ വിലയേക്കാള്‍ ശരാശരി ഏതാണ്ട് 50 ശതമാനം ഉയര്‍ന്നതായിരുന്നു ഇന്ത്യയിലെ ആഭ്യന്തരവില. എന്നാല്‍, ആഗോളീകരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കംചെയ്യപ്പെട്ടതോടെ ഇറക്കുമതി നിര്‍ബാധമായി. അതോടെ റബ്ബറിന്റെ ആഭ്യന്തരവിലയും അന്തര്‍ദേശീയ വിലകളും തമ്മിലുള്ള അന്തരം ഏതാണ്ട് ഇല്ലാതായി.
1995-'96 മുതല്‍ 2001-2002 വരെ ശരാശരി ഒരു വര്‍ഷം ആഭ്യന്തരവില അന്തര്‍ദേശീയവിലയെ അപേക്ഷിച്ച് മൂന്ന് ശതമാനത്തോളം ഉയര്‍ന്നതായിരുന്നു. 2002-'03 മുതല്‍ 2008-'09 വരെ ആഭ്യന്തരവില ശരാശരി ഏതാണ്ട് 3.5 ശതമാനം കുറവായിരുന്നു. ഇതായിരുന്നു പൊതുപ്രവണത. അങ്ങനെയിരിക്കെയാണ് 2009-'10 ആദ്യം ആഭ്യന്തര റബ്ബര്‍വില അന്തര്‍ദേശീയ വിലയേക്കാള്‍ കുത്തനെ ഉയര്‍ന്നത്. ഇത് സ്വാഭാവികമായി സംഭവിക്കുക സാധ്യമല്ല. ഇറക്കുമതിലോബി കൃത്രിമമായി വിലകള്‍ ഉയര്‍ത്തുകയായിരുന്നു. 2009-'10-ല്‍ ആഭ്യന്തരവില അന്തര്‍ദേശീയ വിലയെ അപേക്ഷിച്ച് 3.85 ശതമാനം ഉയര്‍ന്നതായിരുന്നു.
ഇതോടെ റബ്ബര്‍ വ്യവസായമണ്ഡലത്തില്‍ പുകിലായി. ആഭ്യന്തരവില ക്രമാതീതമായി ഉയര്‍ന്നതുമൂലം വ്യവസായമേഖല തകര്‍ച്ചനേരിടുന്നെന്ന് മുറവിളിയുയര്‍ന്നു. വ്യവസായമേഖലയിലെ മൂന്ന് വ്യവസായസംഘടനകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസുകൊടുത്തു. പ്രശ്‌നങ്ങള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നതിന് വിദഗ്ധസമിതി രൂപവത്കരിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിദഗ്ധസമിതി വിശദമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനം ശ്രദ്ധേയമാണ്: ''ദീര്‍ഘനാളില്‍ ആഭ്യന്തരവില അന്തര്‍ദേശീയ വിലയേക്കാള്‍ ഉയര്‍ന്നിരിക്കുന്നുവെന്നത് അടിസ്ഥാനരഹിതമാണ്. വിലയുടെ ചാഞ്ചാട്ടമാണ് മുഖ്യ പ്രശ്‌നം. അഥവാ 2009 ആദ്യം മുതല്‍ ഉണ്ടായ വിലവര്‍ധന ഒരു താത്കാലിക പ്രതിഭാസമാണ്''.
ഇതായിരുന്നു യാഥാര്‍ഥ്യമെങ്കില്‍ വിലയുടെ ചാഞ്ചാട്ടം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുകയാണ് വേണ്ടിയിരുന്നത്. പക്ഷേ, അവര്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് മുന്നോട്ടുവെച്ചത്. റബ്ബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനമായിത്തന്നെ നിലനിര്‍ത്തി. തൊട്ടുമുമ്പുള്ള മൂന്നുവര്‍ഷത്തെ അന്തര്‍ദേശീയ വിലയെടുത്തപ്പോള്‍ ഈ 20 ശതമാനം നികുതി കിലോയ്ക്ക് 20 രൂപ വരുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണ് കിലോയ്ക്ക് 20 രൂപയോ 20 ശതമാനമോ ഏതാണ് കുറവ് അതായിരിക്കും തീരുവ എന്നത്.
ഇക്കാര്യം 2010-ജൂലായില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി ഇറക്കി. പക്ഷേ, വിദഗ്ധസമിതി പറഞ്ഞ ഒരു പ്രധാനപ്പെട്ട നിബന്ധന വിജ്ഞാപനത്തില്‍നിന്ന് വിട്ടുകളഞ്ഞു. 2009-'11 കാലത്തെ കുഴഞ്ഞുമറിഞ്ഞ സാഹചര്യം കണക്കിലെടുത്ത് ഒരു വര്‍ഷത്തേക്കാണ് അവരുടെ നിര്‍ദേശത്തിന് പ്രാബല്യമുണ്ടാവുക. ഈ ഫോര്‍മുല പിന്നീട് ഉപയോഗപ്പെടുത്തണമെന്നുണ്ടെങ്കില്‍ തൊട്ടുമുമ്പുള്ള സാമ്പത്തികവര്‍ഷത്തില്‍ ആഭ്യന്തരവില അന്തര്‍ദേശീയ വിലയേക്കാള്‍ ഉയര്‍ന്നതാണെന്ന് തെളിയിക്കണം. ഒരു വര്‍ഷത്തേക്ക് കിലോയ്ക്ക് 20 രൂപ തീരുവയായി പ്രഖ്യാപിക്കുന്നതിനുപകരം കാലക്ലിപ്തത വെക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇതോടെ ഇറക്കുമതി ഗണ്യമായി ഉയരാന്‍ തുടങ്ങി. അതുവരെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 90 ശതമാനവും കയറ്റുമതിയുടെ അടിസ്ഥാനത്തിലുള്ള അഡ്വാന്‍സ് ലൈസന്‍സ് വഴിയായിരുന്നു. ഈ സ്ഥിതിവിശേഷം മാറി നികുതിയടച്ചുള്ള ഇറക്കുമതി ഗണ്യമായി തുടങ്ങി. കാരണം ഇന്നത്തെ വിലയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കിലോയ്ക്ക് 20 രൂപയെന്നുള്ളത് വിലയുടെ 13 ശതമാനമേ വരൂ. ഇറക്കുമതിചെയ്യുന്ന റബ്ബറിനുമേല്‍ വാറ്റ് നികുതിയില്ല. കേരളത്തില്‍ ഉത്പാദിപ്പിച്ച റബ്ബര്‍ വാങ്ങണമെങ്കില്‍ അഞ്ചുശതമാനം വാറ്റ് കൊടുക്കണം. ഇതുകൂടി കിഴിച്ചാല്‍ യഥാര്‍ഥത്തില്‍ എട്ടുശതമാനമേ നികുതി നല്‍കേണ്ടതായി വരുന്നുള്ളൂ. സാധാരണഗതിയില്‍ 50,000-70,000 ടണ്‍ റബ്ബറാണ് ഇറക്കുമതിചെയ്യുക. 2010-'11-ല്‍ 1.8 ലക്ഷം ടണ്ണായും 2011-'12-ല്‍ 2.1 ലക്ഷം ടണ്ണായും 2012-'13-ല്‍ 2.2 ലക്ഷം ടണ്ണായും ഉയര്‍ന്നു. നടപ്പ് ധനകാര്യവര്‍ഷത്തില്‍ നവംബര്‍വരെയുള്ള കണക്കെടുത്താല്‍ ഇറക്കുമതി 2.4 ലക്ഷം ടണ്‍ കവിഞ്ഞു.
ഇറക്കുമതി കൂടിയതോടെ ആഭ്യന്തരവില ഇടിയാന്‍തുടങ്ങി. ഒരുഘട്ടത്തില്‍ കിലോയ്ക്ക് 248 രൂപവരെയായി ഉയര്‍ന്ന വില 150 രൂപയായി. എന്നിട്ടും തീരുവ 20 രൂപയില്‍നിന്ന് ഉയര്‍ത്തിയില്ല. തീരുവ ഉയര്‍ത്താന്‍, കഴിഞ്ഞ ഫിബ്രവരിയില്‍ തീരുമാനമായെങ്കിലും നികുതിഘടനയിലെ അനോമിലി പരിഹരിക്കാന്‍ പുതിയ കമ്മിറ്റിയെ വെക്കുകയാണ് ചെയ്തത്. എന്നിട്ടിപ്പോള്‍ ഡിസംബറില്‍ തീരുവ ഉയര്‍ത്തിയിരിക്കയാണ്. ഇതിനിടയില്‍ കേരളത്തിലെ കൃഷിക്കാര്‍ക്കുണ്ടായ നഷ്ടം ഏതാണ്ട് 600 കോടി രൂപയാണ്.
റബ്ബറിന്റെ വിലയിടിവ് താത്കാലിക പ്രതിഭാസമാണ്. നിശ്ചയമായിട്ടും അത് പിന്നീട് ഉയരും. അതിനാല്‍ ശരാശരി വിലയെടുത്താല്‍ ആഗോളീകരണ കാലഘട്ടത്തില്‍ പൊതുവില്‍ സാമാന്യമായി ഭേദപ്പെട്ട വില കിട്ടിയിട്ടുണ്ട് എന്ന് വാദിക്കുന്നവരുണ്ട്. അവരോട് ഒന്നേ പറയാനുള്ളൂ. നദിയില്‍ ഒരാള്‍ മുങ്ങിച്ചാവുന്നത് ശരാശരി ആഴത്തിന്റെ അടിസ്ഥാനത്തിലല്ല. വെള്ളക്കുഴികളിലാണ്. 1999-2001 കാലത്തെ വിലയിടിവും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലയിടിവും അത്തരത്തിലുള്ള ചതിക്കയങ്ങളാണ്. റബ്ബര്‍ബോര്‍ഡിലെ ഗവേഷണവിഭാഗത്തിലെ തര്യന്‍ ജോര്‍ജിന്റെ പഠനപ്രകാരം 1992-ന് മുമ്പുള്ള കാലത്ത് വിലയുടെ അസ്ഥിരതാസൂചിക ആറ് ആയിരുന്നു. എന്നാല്‍, അതിനുശേഷമുള്ള കാലയളവില്‍ ഇത് 28 ആയി ഉയര്‍ന്നു. കൃഷിക്കാരുടെ വരുമാനത്തിലെ അസ്ഥിരതാസൂചിക 7-ല്‍നിന്ന് 31 ആയി ഉയര്‍ന്നു.
എന്താണ് വിലയിലെ ഈ ചാഞ്ചാട്ടത്തിന് അടിസ്ഥാനം? ടയര്‍പോലുള്ള റബ്ബര്‍ ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനയല്ലാതെ ചാഞ്ചാട്ടം കാണാനാവില്ല. കാരണം, കൈവിരലിലെണ്ണാവുന്ന ഈ വ്യവസായികള്‍ ഒത്തുകളിച്ച് ഉത്പാദനച്ചെലവും ലാഭവും അടങ്ങുന്ന വിലയ്‌ക്കേ ടയര്‍ വില്‍ക്കൂ. കേരളത്തിലെ 12 ലക്ഷംവരുന്നകൃഷിക്കാര്‍ക്ക് ഇതുപോലെ വില നിശ്ചയിക്കാനാവില്ല. കമ്പോളത്തിലെ ഡിമാന്‍ഡും സപ്ലൈയും ആയിരിക്കും വില നിശ്ചയിക്കുക. ഇവയെ സ്വാധീനിക്കാന്‍ റബ്ബര്‍ വ്യവസായ ലോബിക്ക് കഴിയും.
ഇതിലും വലിയൊരു അപകടമുണ്ട്. റബ്ബറുമായി യാതൊരു ബന്ധവുമില്ലാത്ത ഊഹക്കച്ചവടക്കാര്‍ക്ക് വിലയെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിയും. ഊഹക്കച്ചവടത്തില്‍ റൊക്കവ്യാപാരമില്ല. ഭാവിയില്‍ ഒരു നിശ്ചിതസമയത്ത് നിശ്ചിതവിലയ്ക്ക് റബ്ബര്‍ വാങ്ങുന്നതിനാണ് കരാര്‍ ഉണ്ടാക്കുന്നത്. കരാര്‍ പ്രകാരം ഈ റബ്ബര്‍ ഡെലിവറി എടുക്കണമെന്നുപോലുമില്ല. തീയതിക്കുമുമ്പ് മറിച്ചുവിറ്റാല്‍ മതിയാകും. കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളില്‍ നടക്കുന്ന വ്യാപാരത്തിന്റെ സിംഹഭാഗവും യഥാര്‍ഥചരക്കിന്റെ കൈമാറ്റവുമായി യാതൊരു ബന്ധവുമില്ലാത്ത ഇടപാടുകളാണ്. ഭാവിയിലേക്ക്
ഇവര്‍ ഇപ്രകാരം കരാര്‍ ഉറപ്പിക്കുന്ന വില ഇന്നത്തെ വിലയെയും സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അന്തര്‍ദേശീയ കമ്പോളത്തിലെ റബ്ബര്‍വിലയുടെ ചാഞ്ചാട്ടത്തിന് കാരണം ഇതാണ്. ഇതിനനുസരിച്ച് നമ്മുടെ ആഭ്യന്തരവിലയും ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇപ്പോള്‍ നമ്മുടെ നാട്ടിലും അവധിക്കച്ചവടം അനുവദിച്ചിരിക്കയാണ്. റബ്ബര്‍വ്യവസായികള്‍ അവധിക്കച്ചവടത്തിന് എതിരാണ്. റബ്ബര്‍ ഡീലര്‍മാരും എതിരാണ്. റബ്ബര്‍ബോര്‍ഡിന്റെ വിശദമായ പഠനങ്ങള്‍ റബ്ബര്‍മേഖലയില്‍ അവധിവ്യാപാരത്തിന് പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഞാന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ഇതിനെ സംബന്ധിച്ച് വളരെ വിശദമായ ഒരു കത്ത് വാണിജ്യമന്ത്രിക്ക് അയച്ചതാണ്. ഇങ്ങനെ ആര്‍ക്കുംവേണ്ടാത്ത അവധിക്കച്ചവടം അനുവദിക്കണമെന്ന വാശിയിലാണ് വാണിജ്യമന്ത്രാലയം. ആര്‍ക്കുവേണ്ടി?
ഈ സ്ഥിതിവിശേഷത്തിന്റെ ദുഷ്ഫലങ്ങള്‍ ഇതിനകം കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞിട്ടുണ്ട്. റബ്ബര്‍വില കുത്തനെ ഉയരുമ്പോള്‍ പരമാവധി പാല് വെട്ടിയെടുക്കാനല്ലാതെ റീ പ്ലാന്റ് ചെയ്യാന്‍ ആരും ശ്രമിക്കില്ല. വിലയിടിയുമ്പോഴാവട്ടെ, റീ പ്ലാന്റിങ്ങിനുള്ള താത്പര്യവും നഷ്ടപ്പെടും. റബ്ബര്‍കൃഷി മൂന്നുപതിറ്റാണ്ടിലേറെ നീളുന്നൊരു നിക്ഷേപമാണ്. വിലകളിലുണ്ടാകുന്ന ചാഞ്ചാട്ടം നിക്ഷേപത്തെ അകറ്റും. റീ പ്ലാന്റിങ് കുറഞ്ഞുവരികയാണ്. 20 വര്‍ഷത്തിലേറെ പ്രായമുള്ളതാണ് ഇന്ന് കേരളത്തിലുള്ള റബ്ബര്‍മരങ്ങളില്‍ ഏതാണ്ട് 50 ശതമാനവും. 20 വര്‍ഷം കഴിഞ്ഞാല്‍ കിട്ടുന്ന പാലിന്റെ അളവ് കുറയും. തേയിലയുടെ കാര്യത്തിലെന്നപോലെ വയസ്സന്‍ മരങ്ങള്‍ റബ്ബറിന്റെ ഉദ്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്ന കാലം വിദൂരമല്ല.
ഒന്നുകില്‍ നയങ്ങള്‍ തിരുത്തുക. അല്ലാത്തപക്ഷം ചുരുങ്ങിയത് വിലയിടിവുകൂടി കണക്കിലെടുക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് കൊണ്ടുവരിക. റീ പ്ലാന്റിങ്ങിനുള്ള സബ്‌സിഡി വര്‍ധിപ്പിക്കുക. റബ്ബറില്‍ എല്ലാം ഭദ്രമെന്ന് കരുതി സുഖിക്കാന്‍ പറ്റുന്ന കാലമല്ല നമ്മെ കാത്തിരിക്കുന്നത്.