Wednesday, June 26, 2013

ഡോളറിനുമുന്നില്‍ മുട്ടുമടക്കുന്ന രൂപ


Dhanavicharam, Mathrubhumi June 25, 2013

നിങ്ങള്‍ പ്രവാസിയാണെന്നിരിക്കട്ടെ. മെയ് ആദ്യം നാട്ടിലേക്ക് അയച്ച ഓരോ ഡോളറിനും 52 രൂപ വെച്ചാണ് വീട്ടില്‍ കിട്ടിയത്. അതായിരുന്നു, രൂപയുടെ അന്നത്തെ വിനിമയനിരക്ക്. ഇന്നത് 59 രൂപയാണ്. രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞു. രൂപയുടെ വിനിമയനിരക്ക് ഇടിയുമ്പോള്‍ പ്രവാസികള്‍ക്ക് കുശാലാണ്. ജൂണ്‍ മാസത്തില്‍ സാധാരണ ലഭിക്കാറുള്ള പ്രവാസിനിക്ഷേപത്തിന്റെ ഇരട്ടിത്തുകയാണ് ബാങ്കുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നമ്മുടെ ബാങ്കുകള്‍ക്കും ചാകരയാണ്. 'രൂപ താഴേക്ക്, ഇത് നിങ്ങള്‍ക്കൊരു അവസരം' എന്ന ഇ-മെയില്‍ പരസ്യംപോലും ചില ബാങ്കുകള്‍ നല്‍കിയത്രേ.

രൂപയുടെ വിലയിടിയുന്നത് പ്രവാസികള്‍ ഏറെയുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്കും കയറ്റുമതിക്കാര്‍ക്കും നേട്ടമുണ്ടാക്കും. പക്ഷേ, രാജ്യത്തിന് പൊതുവേ അത് ഗുണകരമല്ല. എന്തുകൊണ്ട്?

രൂപയുടെ ഇടിയുന്ന വിനിമയനിരക്കിനെക്കുറിച്ച് മാതൃഭൂമി ന്യൂസില്‍ വന്ന റിപ്പോര്‍ട്ടില്‍ കൗതുകകരമായ ഒരു സംഭവം പരാമര്‍ശിക്കുന്നുണ്ട്. നേട്ടം കൊയ്യാന്‍ ചില പ്രവാസികള്‍ ഡോളര്‍ കടംവാങ്ങി നാട്ടിലേക്ക് അയയ്ക്കുന്നുവത്രേ. ഈ കടം പിന്നീട് വരുമാനത്തില്‍നിന്ന് തിരിച്ചുനല്‍കാമെന്നാണല്ലോ അവരുടെ കണക്കുകൂട്ടല്‍. പക്ഷേ, ഇന്നത്തെ സ്ഥിതിഗതികള്‍ വെച്ചുനോക്കുമ്പോള്‍ ഡോളറിന്റെ വിനിമയനിരക്ക് 65-ഓ 70-ഓ രൂപയായി താഴ്ന്നാലും അദ്ഭുതപ്പെടാനില്ല. അങ്ങനെവന്നാല്‍ കടംവാങ്ങി ഡോളറയച്ച പ്രവാസിക്കെന്ത് സംഭവിക്കും? 60 രൂപ നിരക്കില്‍ എടുത്ത ഡോളര്‍ തിരിച്ചുകൊടുക്കാന്‍ 65-ഓ 70-ഓ രൂപ ലഭിക്കാവുന്ന ഡോളര്‍ നല്‍കേണ്ടിവരും. ഊഹക്കച്ചവടം നഷ്ടമാകുമെന്നര്‍ഥം.

നൂറോ ആയിരമോ ഡോളറിന്റെ കടമുള്ള പ്രവാസികള്‍ പരല്‍മീനുകള്‍ മാത്രം.  ലക്ഷക്കണക്കിന് ഡോളര്‍ ഇന്ത്യയിലേക്ക് അയയ്ക്കുകയും തിരിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന വമ്പന്‍ സ്രാവുകളുണ്ട് - വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ്). മൂന്നുതരത്തിലാണ് അവര്‍ പണം ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ആദ്യത്തേത് പ്രത്യക്ഷ മൂലധനനിക്ഷേപം. ഫാക്ടറികളും മറ്റും നടത്തുന്നതിനുള്ള മുതല്‍മുടക്കാണിത്. ഓഹരിക്കമ്പോളത്തിലെ ചൂതാട്ടത്തിനുള്ള മുതല്‍മുടക്കാണ് രണ്ടാമത്തെ ഇനം. ഇന്ത്യയിലെ സര്‍ക്കാറും ധനകാര്യസ്ഥാപനങ്ങളും മറ്റ് വാണിജ്യസ്ഥാപനങ്ങളും ഇറക്കുന്ന കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ വരുന്നവരാണ് മൂന്നാമത്തെ കൂട്ടര്‍.

ആദ്യത്തെ കൂട്ടര്‍ അത്ര അപകടകാരികളല്ല. പുതിയ സാങ്കേതികവിദ്യയും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെങ്കില്‍ അവയെ എതിര്‍ക്കേണ്ടതില്ല. എന്നാല്‍, ഓഹരിക്കമ്പോളത്തിലും ബോണ്ട് കമ്പോളത്തിലും കളിക്കാന്‍ വരുന്നവര്‍ ഊഹക്കച്ചവടം തൊഴിലാക്കിയിട്ടുള്ളവരാണ്. അവര്‍ നമ്മുടെ നാട്ടില്‍ മുതല്‍മുടക്കുമ്പോള്‍ നമുക്ക് ഡോളര്‍ അല്ലെങ്കില്‍ വിദേശനാണയം ലഭിക്കും. അത് പിന്‍വലിക്കുമ്പോള്‍ ഡോളര്‍ അല്ലെങ്കില്‍ വിദേശനാണയം മടക്കിനല്‍കണം. പ്രത്യക്ഷമൂലധന നിക്ഷേപം പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ല. എന്നാല്‍, രണ്ടും മൂന്നും ഇനക്കാര്‍ക്ക് കമ്പ്യൂട്ടറിലെ ക്ലിക്കുകൊണ്ട് ലക്ഷക്കണക്കിന് ഡോളര്‍ പുറത്തുകൊണ്ടുപോകാം. അപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ ഡോളറില്ലെങ്കില്‍ ഡോളറിന്റെ വില കുത്തനെ കൂടും. അഥവാ രൂപയുടെ വില പെട്ടെന്ന് ഇടിയും. അത്തരം സന്ദര്‍ഭത്തില്‍ നമ്മുടെ കൈയില്‍ വിദേശനാണയം ഇല്ലാതെവന്നാല്‍ രാജ്യം വിദേശനാണയത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും.

ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്? അമേരിക്കയില്‍ സാമ്പത്തികസ്ഥിതികള്‍ ഏറെ വര്‍ഷത്തിനുശേഷം മെച്ചപ്പെട്ടിരിക്കുകയാണ്. യൂറോപ്പിലും മറ്റും ഈ ഉണര്‍വ് പ്രത്യക്ഷമായിട്ടില്ലെങ്കിലും തങ്ങള്‍ വീണ്ടെടുപ്പിന്റെ പാതയിലാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ കരുതുന്നത്. ഒരര്‍ഥത്തില്‍ ഇത് നമുക്ക് ഗുണകരമാകേണ്ടതാണ്. അമേരിക്കയിലേക്കുള്ള കയറ്റുമതി കൂടും. കുടിയേറ്റത്തിനുള്ള തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍ക്കും മറ്റും കൂടുതല്‍ സബ്‌കോണ്‍ട്രാക്ട് കിട്ടും. ഇതെല്ലാം നമ്മുടെ സമ്പദ്ഘടനയ്ക്കും ഉത്തേജകമാകേണ്ടതാണ്. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ നേരേ മറിച്ചാണ്. ഇതിന്റെ കാരണമന്വേഷണിക്കുമ്പോഴാണ് നമ്മുടെ സമ്പദ്ഘടന പെട്ടുപോയ ഊരാക്കുടുക്ക് തിരിച്ചറിയുക.

2008-ലാണ് അമേരിക്കയിലെ വമ്പന്‍ ബാങ്കുകള്‍ പൊളിഞ്ഞ് ആഗോള സാമ്പത്തികമാന്ദ്യം തുടങ്ങിയത്. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നതാണല്ലോ നിയോലിബറല്‍ കാഴ്ചപ്പാട്. ഈ ആദര്‍ശങ്ങളെല്ലാം മാറ്റിവെച്ച് സമ്പദ്ഘടനയെ സമൂലത്തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അമേരിക്കയടക്കം ലോകസര്‍ക്കാറുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അവരുടെ കൈയിലിരുന്ന പൊള്ളക്കടപ്പത്രങ്ങളെല്ലാം വാങ്ങിക്കൂട്ടുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. തിരിച്ചടയ്ക്കാന്‍ കഴിവുണ്ടോ എന്നുനോക്കാതെ വീടുവാങ്ങാന്‍ നല്‍കിയ വായ്പകള്‍, ആ വായ്പകളുടെ ഈടിന്മേല്‍ ബാങ്കുകള്‍ ഇറക്കിയ കടപ്പത്രങ്ങള്‍, ഈ പൊള്ളക്കടപ്പത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡെറിവേറ്റീവുകള്‍ എന്നിങ്ങനെ ഊതിവീര്‍പ്പിച്ച അമേരിക്കന്‍ പാര്‍പ്പിട മേഖലയിലെ കുമിള പൊട്ടിയപ്പോഴാണ് സാമ്പത്തികത്തകര്‍ച്ച തുടങ്ങിയത്.

ചില പ്രധാന ബാങ്കുകള്‍ തകര്‍ന്നു. മറ്റുള്ളവയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി ബാങ്കുകളുടെ കൈവശമുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ബാങ്കുകള്‍ കൂടുതല്‍ സുരക്ഷിതമായി എന്നുമാത്രമല്ല, വായ്പ കൊടുക്കാന്‍ അതിഭീമമായ തുക ബാങ്കുകളുടെ കൈവശം വന്നുചേരുകയും ചെയ്തു. അന്ന് തുടങ്ങിയ ഈ നൂതനമായ സാമ്പത്തിക നടപടി ഇതുവരെ അമേരിക്ക നിര്‍ത്താന്‍ ധൈര്യപ്പെട്ടില്ല. ഇതിന് പുതിയ പേരും വീണിട്ടുണ്ട് - അളവിലുള്ള അയവ് അഥവാ ക്വാണ്ടിറ്റേറ്റീവ് ഈസിങ്.

2008-ല്‍ മാന്ദ്യമാരംഭിക്കുന്നതിന് മുമ്പ് 0.7 ലക്ഷം കോടി ഡോളറിന്റെ ബോണ്ടുകളാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ശേഖരം. എന്നാല്‍, 2010 ജൂണ്‍ അവസാനിക്കുമ്പോഴേക്കും 2.1 ലക്ഷം ഡോളറിനുള്ള ബോണ്ടുകള്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ കൈവശമെത്തിച്ചേര്‍ന്നു. അത്രയും കോടി ഡോളര്‍ അമേരിക്കന്‍ സമ്പദ്ഘടനയിലേക്കും അവിടെനിന്ന് ലോകസമ്പദ്ഘടനയിലേക്കും ഒഴുകിയെന്ന് ചുരുക്കം. അമേരിക്കന്‍ സര്‍ക്കാറിന്റെ കൈയിലുള്ള ബോണ്ടിന്റെ തുക ഏതാണ്ട് ഈ നിലവാരത്തില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി തുടര്‍ന്ന് എല്ലാ മാസവും 4,000-8,000 കോടി ഡോളറിനുള്ള ബോണ്ടുകള്‍വീതം അമേരിക്കന്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ഈ നയം തിരുത്തുന്നതിനും 2014 അവസാനിക്കുന്നതോടെ പൂര്‍ണമായി വിരാമമിടുന്നതിനുമാണ് ഇപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചിട്ടുള്ളത്. ഈ നടപടി രൂപയുടെ വിലയിടിക്കുന്നതിലേക്ക് നയിച്ചതെങ്ങനെ?

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോണ്ടുകള്‍ വാങ്ങിയപ്പോള്‍ ഡോളര്‍ ആഗോള സമ്പദ്ഘടനകളിലേക്ക് ഒഴുകിയെന്ന് പറഞ്ഞുവല്ലോ. അതിലൊരുഭാഗം ഇന്ത്യയിലേക്കും വന്നു. അങ്ങനെയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരിക്കമ്പോളത്തിലും ബോണ്ടുകമ്പോളത്തിലും വലിയതോതില്‍ പണമിറക്കിയത്. രാജ്യത്ത് സാമ്പത്തിക മുരടിപ്പാണെങ്കിലും ഇന്ത്യന്‍ വിപണിക്ക് ഈ പണം ഉത്തേജകമായി. റിസര്‍വ് ബാങ്കിനും വളരെ സന്തോഷമായി. കാരണം ഇന്ത്യയിലേക്ക് ഇപ്രകാരം വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഡോളര്‍ കൊണ്ടുവരുമ്പോള്‍ നമ്മുടെ വിദേശനാണയലഭ്യത വര്‍ധിക്കും. 0.3 ലക്ഷം കോടി ഡോളറിന്റെ വിദേശനാണയ ശേഖരം ഇന്ത്യയ്ക്കുണ്ട്. അതെല്ലാം ഇത്തരത്തില്‍ വന്ന പണമാണ്.

ബോണ്ട് വാങ്ങല്‍ അമേരിക്ക നിര്‍ത്തലാക്കുമ്പോള്‍ ലോകവിപണികളില്‍ ഡോളര്‍ ലഭ്യമല്ലാതാകും. ഡോളറിന് പ്രിയം കൂടും. വിനിമയനിരക്ക് ഉയരും. സ്വാഭാവികമായി മറ്റ് നാണയങ്ങളുടെ വിനിമയനിരക്ക് താഴും. ഇന്ത്യയിലെ നിക്ഷേപകരെയും മറ്റും സാന്ത്വനിപ്പിക്കുന്നതിന് ധനമന്ത്രി ചിദംബരവും മറ്റും പറയുന്ന ന്യായം ഇതാണ്. നാണയത്തിന്റെ വിലയിടിവ് ഇന്ത്യന്‍ രൂപയുടെ മാത്രം പ്രതിഭാസമല്ല. ആഗോളപ്രതിഭാസമാണ്. ഇതില്‍ ഭയപ്പെടാനൊന്നുമില്ല. പക്ഷേ, ചൈനയെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയെ ഭയപ്പെടുത്തുന്ന ഒരു ഘടകമുണ്ട്. അത് മനസ്സിലാക്കുമ്പോഴേ, എന്തുകൊണ്ട് രൂപയുടെ വിലയിടിവ് സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കാം എന്ന് തിരിച്ചറിയൂ.

ഇന്ത്യ അതിരൂക്ഷമായ കറണ്ട് അക്കൗണ്ട് കമ്മി നേരിടുന്ന രാജ്യമാണ്. ഒരു രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍നിന്നുള്ള വരവും ഇറക്കുമതിയില്‍നിന്നുള്ള ചെലവും രേഖപ്പെടുത്തുന്ന കണക്കാണ് കറണ്ട് അക്കൗണ്ട്. ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്ന വിദേശനാണയ വരുമാനം ഒരു ഭാവിബാധ്യതയും സൃഷ്ടിക്കുന്നില്ല. അതുപോലെത്തന്നെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്ന വരുമാനം ഭാവിയില്‍ ഒരു ആസ്തിയും സൃഷ്ടിക്കുന്നില്ല. എല്ലാം അപ്പപ്പോഴുള്ള കൊടുക്കല്‍ വാങ്ങലില്‍ അവസാനിക്കും. അതുകൊണ്ടാണ് കറണ്ട് അക്കൗണ്ട് എന്ന പേര് വീണത്. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ദേശീയ വരുമാനത്തിന്റെ 6.7 ശതമാനമെത്തിയിരിക്കുകയാണ്. ഇത് 2.5 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇത് അപകടകരമായ സ്ഥിതിയാണ്.

നടപ്പുവര്‍ഷത്തില്‍ 0.11 ലക്ഷം കോടി ഡോളറിന്റെ കറണ്ട് അക്കൗണ്ട് കമ്മിയുണ്ട്. എന്നുവെച്ചാല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ ഇത്രയും വിടവുണ്ട്. വിദേശ ഇടപാടുകള്‍ സുഗമമായി നടക്കണമെങ്കില്‍ ഇത്രയും തുക വിദേശത്തുനിന്ന് വായ്പയോ നിക്ഷേപമോ ആയി കിട്ടണം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടങ്ങിയശേഷം തുടര്‍ച്ചയായി ഉണ്ടായിട്ടുള്ള സ്ഥിതിവിശേഷമാണിത്. എന്നാല്‍, വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ക്കൂടുതല്‍ ഡോളര്‍ ഇറക്കിയതുകൊണ്ട് ഈ കമ്മി ഇതുവരെ ഒരു പ്രതിസന്ധിയും സൃഷ്ടിച്ചില്ല. മാത്രമല്ല, നേരത്തേ സൂചിപ്പിച്ചതുപോലെ 0.3 ലക്ഷം കോടി ഡോളര്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ കൈയില്‍ വിദേശനാണയശേഖരമായി വന്നുചേരുകയും ചെയ്തു.

ഇനി കടംവാങ്ങിയ പ്രവാസിയിലേക്ക് മടങ്ങാം. കടംവാങ്ങി ഇന്ത്യയിലേക്ക് പണമയച്ച പ്രവാസിക്ക് രൂപയുടെ വിലയിടിയുമ്പോള്‍ നഷ്ടം സംഭവിക്കുന്നതെങ്ങനെ എന്ന് പറഞ്ഞുവല്ലോ. ഇതുപോലെ നഷ്ടം ഇന്ത്യയില്‍ മുതല്‍മുടക്കിയിട്ടുള്ള വിദേശനിക്ഷേപകര്‍ക്കും ഉണ്ടാകും. നേരത്തേ അവര്‍ മുതല്‍മുടക്കിയപ്പോള്‍ അവര്‍ക്ക് ഡോളറൊന്നിന് 52 രൂപയോ അതില്‍ കുറവോ മാത്രമാണ് ലഭിച്ചത്. എന്നാല്‍, ഇപ്പോള്‍ രൂപയുടെ വിലയിടിഞ്ഞശേഷം തങ്ങളുടെ ഡോളറാക്കി തിരിച്ചുകൊണ്ടുപോകാന്‍ നോക്കുമ്പോള്‍ ഓരോ ഡോളറിനും ഇന്ന് 60 രൂപവെച്ച് കൊടുക്കണം. നാളെ 70 രൂപവെച്ച് കൊടുക്കേണ്ടിവന്നാലോ? ഇത്തരമൊരു ഭയവും പരിഭ്രാന്തിയും മൂലം എത്രയും പെട്ടെന്ന് തങ്ങളുടെ പണം പിന്‍വലിക്കാനുള്ള പരാക്രമങ്ങളില്‍ നമ്മുടെ 0.3 ലക്ഷം കോടി രൂപയുടെ വിദേശനാണയശേഖരം ദിവസങ്ങള്‍കൊണ്ട് അപ്രത്യക്ഷമാകും.

വിദേശനാണയ ശേഖരവും കൂടി ഇല്ലാതെ വന്നുകഴിഞ്ഞാല്‍ പിന്നെ എല്ലാ വിദേശവിനിമയ ഇടപാടുകളും നിര്‍ത്തിവെക്കേണ്ടിവരും. ആഗോളീകരണ കാലത്തെ ലോകത്തെ ആദ്യത്തെ പ്രധാന പ്രതിസന്ധി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ടത് ഇങ്ങനെയാണ്. വിദേശികള്‍ വായ്പ തരാത്തതുകൊണ്ട് കരുതല്‍ സ്വര്‍ണം പണയപ്പെടുത്തി ഡോളര്‍ വാങ്ങേണ്ടുന്ന ഗതികേട് 1990-കളില്‍ ഇന്ത്യയ്ക്കുണ്ടായത് ഓര്‍ക്കുമല്ലോ. ആ ഊരാക്കുടുക്കില്‍പ്പെട്ടാണ് വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കംകുറിച്ചത്.

അന്ന് നമ്മള്‍ പുലിപ്പുറത്ത് കയറിയതാണ്. ഇനിയിറങ്ങാന്‍ കഴിയില്ല. അതുകൊണ്ട് പുലിപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിക്കുകതന്നെ. പുലി തള്ളിയിടാതിരിക്കണമെങ്കില്‍ എങ്ങനെയെങ്കിലും അതിനെ അനുനയിപ്പിച്ച് നിര്‍ത്തണം. വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ എന്തുചെയ്താലും അധികമാവില്ല എന്ന ചിദംബരം - മൊണ്ടേക് സിങ് പ്രഭൃതികളുടെ വാദങ്ങളുടെ ലക്ഷ്യം അതാണ്. നമ്മുടെ കൃഷിക്കും വ്യവസായത്തിനും കച്ചവടത്തിനും ബാങ്കിങ്ങിനും എല്ലാം ദോഷമാണെങ്കിലും വിദേശനിക്ഷേപകരുടെ താളത്തിനൊത്ത് തുള്ളിക്കൊണ്ടിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.

Monday, June 24, 2013

സോളാര്‍ തട്ടിപ്പ് വെളിപ്പെടുത്തുന്നതെന്ത്?

കേരള നിയമസഭ ഏതാനും ദിവസങ്ങളായി സ്തംഭനത്തിലാണ്. സംസ്ഥാന രാഷ്ട്രീയം വലിയ കോളിളക്കത്തിലും. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം എന്ന ആവശ്യമുന്നയിച്ച് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടക്കുന്നു. പാമോയില്‍ കേസ്, തിരുവനന്തപുരം ടൈറ്റാനിയം അഴിമതി, കൊല്ലം ടൈറ്റാനിയം അഴിമതി എന്നിവയില്‍ നിന്ന് മുഖം രക്ഷിച്ച് ഊരിപ്പോരാന്‍ കഴിഞ്ഞ മുഖ്യമന്ത്രി വിളറി വിവശനായി നിയമസഭയില്‍ നില്‍ക്കുന്നത് കേരളമാകെ കണ്ടു.

പാമോയില്‍ കേസ് ജിജി തോംസനെക്കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. വിജിലന്‍സ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ടു നല്‍കി. തിരുവനന്തപുരം ടൈറ്റാനിയം അത്രയ്ക്ക് എളുപ്പമായിരുന്നില്ല. വിജിലന്‍സ് ജഡ്ജി തന്നെ പ്രതികൂലമായ പരാമര്‍ശങ്ങള്‍ നടത്തി. പി സി ജോര്‍ജിനെപ്പോലുളളവരെക്കൊണ്ട് ജഡ്ജിയെ ഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റിച്ചു. എന്നിട്ടിപ്പോള്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവ പോലെ എളുപ്പമാകാന്‍ പോകുന്നില്ല, മുഖ്യമന്ത്രി ചെന്നു ചാടിയിരിക്കുന്ന പുതിയ ഊരാക്കുടുക്ക്.

സരിതാ നായരുടെയും ബിജു രാധാകൃഷ്ണന്റെയും ഉടമസ്ഥതയിലുളള ടീം സോളാര്‍ കമ്പനിയാണ് വിവാദത്തിന്റെ കേന്ദ്രം. കേരളത്തിലും ഇന്ത്യയിലും അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പോളമാണ് സോളാര്‍ ഊര്‍ജ ഉപകരണങ്ങളുടേത്. ഇവയുടെ പ്രോത്സാഹനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഏതാണ്ട് 50 ശതമാനം തുക സബ്‌സിഡിയായി നല്‍കുന്നു. സോളാര്‍ ഉപകരണങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ഘടിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മുന്നൂറോളം ഏജന്‍സികളുണ്ട്. കേരളത്തിലെ അനൗപചാരിക ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ട് ഇവയില്‍ 28 എണ്ണത്തിന് അംഗീകാരവും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയുടെ നേരിട്ടുളള നിയന്ത്രണത്തിലല്ല ഇവ. ഏജന്‍സികള്‍ ഗുണഭോക്താക്കളുമായി നേരിട്ട് കരാര്‍ ഉറപ്പിക്കുന്നു, ചെയ്തുകൊടുക്കുന്നു. സബ്‌സിഡി അംഗീകൃത ഏജന്‍സികളാണ് വാങ്ങുന്നത്.

ഇതിലെ തട്ടിപ്പ് പലരീതികളിലാണ് അരങ്ങേറുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ഉപകരണത്തിന്റെ വിലയുടെ കാര്യത്തിലാണ്. സര്‍ക്കാര്‍ അംഗീകരിച്ച ബെഞ്ച് മാര്‍ക്ക് വിലയുണ്ടെങ്കിലും കമ്പോള വിലയെക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് ഉപഭോക്താവിനു നല്‍കുക. സബ്‌സിഡി കൂടി കിട്ടുമ്പോള്‍ സാധാരണ വിലയില്‍ അവര്‍ തൃപ്തരാകും. അംഗീകൃത ഏജന്‍സികളല്ലാത്ത, എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികളെ ലേഖകന് നേരിട്ടറിയാം. സബ്‌സിഡി ഇല്ലാതെ തന്നെ അംഗീകൃത ഏജന്‍സികളെക്കാള്‍ വില കുറച്ച് ഉപകരണങ്ങള്‍ ഇവര്‍ നല്‍കാറുണ്ട്. മറ്റൊരു തട്ടിപ്പുരീതി അംഗീകൃത കപ്പാസിറ്റിയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം കപ്പാസിറ്റിയുളള സോളാര്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കലാണ്. ഇവയോടൊപ്പം ഇന്‍വേര്‍ട്ടറുമുണ്ടാകും. കുറച്ചു സമയം സോളാര്‍ ഊര്‍ജം ഉപയോഗിക്കും. ബാക്കി കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിച്ചായിരിക്കും ഉപകരണം പ്രവര്‍ത്തിക്കുക.

ടീം സോളാറീസിനെക്കുറിച്ച് ലഭ്യമായ വിവരം വെച്ചു നോക്കുമ്പോള്‍ പണ്ടത്തെ ആടു മാഞ്ചിയം തേക്കു തട്ടിപ്പു മോഡലിലുളള ഒരു ബിസിനസ് മോഡല്‍ കൂടി ഇവര്‍ക്കുണ്ടായിരുന്നു എന്നു വേണം കരുതാന്‍. സൗരോര്‍ജ - കാറ്റാടി ഊര്‍ജോപകരണങ്ങള്‍ക്കു വേണ്ടി പരക്കെ ആളുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുക, വെച്ചുകൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പുതിയ ഇരകളില്‍ നിന്നുളള പണം ഇവര്‍ക്കു മറിച്ചുകൊടുക്കുക - ഇത്തരമൊരു ചെയിനുണ്ടാക്കാനായിരുന്നു ശ്രമം.

ടീം സോളാര്‍ കമ്പനിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വാങ്ങാന്‍ കഴിഞ്ഞില്ല എന്നുളളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനെര്‍ട്ടാകട്ടെ, കേന്ദ്ര പാനലില്‍ ഉള്‍പ്പെടുന്നവരില്‍ നിന്നു മാത്രമേ ക്വട്ടേഷന്‍ സ്വീകരിക്കാനും തയ്യാറായുളളൂ. മുഖ്യമന്ത്രിയുടെ ഓഫീസുമായിട്ടുളള ഇടപാടുകളുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന് കമ്പനിയെക്കുറിച്ച് വിശ്വാസ്യത സൃഷ്ടിക്കുന്നതിനും അനെര്‍ട്ടില്‍ നിന്നും അംഗീകാരം നേടലുമായിരുന്നു. ഇത് ലഭിക്കുമെന്ന ഉറപ്പ് ആരൊക്കെയോ ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. പക്ഷേ, അനെര്‍ട്ട് അവസാനം കാലുവാരി. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ല എന്നതാണ് വൈദ്യുതി മന്ത്രി നല്‍കുന്ന വിശദീകരണം. പക്ഷേ, ആരൊക്കെ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു, എന്തുകൊണ്ടവ തളളപ്പെട്ടു തുടങ്ങിയ അണിയറക്കാര്യങ്ങള്‍ ഇന്നും രഹസ്യമാണ്.

ഇവിടെയാണ് പതിനായിരം കോടി രൂപയുടെ കമ്പോളത്തിലെ കൊളളയ്ക്കാണ് സോളാര്‍ ടീം ലക്ഷ്യമിട്ടിരുന്നത് എന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന പ്രസക്തമായി തീരുന്നത്. ഇതിന്റെ പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിക്കൊടുക്കുന്നതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ഒരു കോണ്‍ഗ്രസ് എംപിയുടെ പേര് നിയമസഭാലോബിയില്‍ ചര്‍ച്ചയാണ്. ഏതായാലും ജോര്‍ജു പറഞ്ഞ പതിനായിരം കോടി രൂപയുടെ കമ്പോളം സൃഷ്ടിക്കുന്നതിനുളള നയരൂപീകരണം നടന്നത് ടീം സോളാര്‍ മുഖ്യമന്ത്രിയുടെ ഓഫീസുകളിലെല്ലാം സജീവമായിരുന്ന കാലത്താണ്.

എമര്‍ജിംഗ് കേരളയില്‍ ടീം സോളാര്‍ പ്രൊജക്ട് ഉണ്ടായിരുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാകാം. പക്ഷേ, സെഷനുകളില്‍ അവര്‍ സജീവസാന്നിദ്ധ്യമായിരുന്നു. ഒക്‌ടോബര്‍ മാസത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ ഔട്ട് ഓഫ് അജണ്ടയായി സൗരോര്‍ജ നയത്തിന്റെ കാതലായ തീരുമാനങ്ങള്‍ കൈക്കൊളളുകയും ചെയ്തു. 2500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുളള വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചേ തീരൂ. ഇതുപോലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കണം. വാണിജ്യാടിസ്ഥാനത്തില്‍ കെഎസ്ഇബിയുടെ ഗ്രിഡിലേയ്ക്കു കണക്ടു ചെയ്യുന്ന സൗരോര്‍ജ പ്ലാന്റുകളും കാറ്റാടി യന്ത്രങ്ങളെയും കുറിച്ച് വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനങ്ങളുമുണ്ടായി.

ടീം സോളാറിന്റെ മുഖ്യ ആശ്രയവും സ്വാധീനകേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു എന്നതിനെക്കുറിച്ച് ഇന്നൊരു സംശയവുമില്ല. പ്രശ്‌നം വിവാദമായതിനു ശേഷം നിയമസഭാ ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ആദ്യത്തെ രണ്ടുദിവസവും സരിതയെയും ബിജുവിനെയും അറിയാമെന്ന് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തികഞ്ഞ നിശബ്ദത പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. ഏഷ്യാനെറ്റിനു നല്‍കിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി സമ്മതിച്ചതു തന്നെ. സരിതാ നായരെ സംബന്ധിച്ചാണെങ്കില്‍ വിജ്ഞാന്‍ ഭവനില്‍ വെച്ചു കണ്ടില്ല എന്നല്ലാതെ അവരുമായി നേരിലോ ഫോണിലോ സംസാരിച്ചിട്ടില്ല എന്ന് ഇന്നേവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഏതായാലും വിജ്ഞാന്‍ ഭവന്‍ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ തോമസ് കുരുവിളയാണ് വെളിപ്പെടുത്തിയത്.

ജോപ്പന്‍ എന്ന അസിസ്റ്റന്റിന്റെയും സലീംരാജ് എന്ന ഗണ്‍മാനെയും പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി സന്നദ്ധനായി. ആദ്യദിവസം അതിനദ്ദേഹം തയ്യാറായിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടു വരട്ടെ എന്നായിരുന്നു നിലപാട്. എന്തിന് അന്വേഷണ റിപ്പോര്‍ട്ട്? എഴുപതു തവണ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഫോണ്‍ ചെയ്തതിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രിയ്ക്കു ലഭ്യമായിരുന്നില്ലേ. അദ്ദേഹം സില്‍ബന്തികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ, വിജയിച്ചില്ല എന്ന അനുമാനത്തിലേ നമുക്ക് എത്താന്‍ കഴിയൂ. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജോപ്പിനിലോ സലീംരാജിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ടീം സോളാറുമായുളള ബന്ധം. മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ ജിക്കുവിന്റെ ഫോണില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും വിളിയുണ്ടായിട്ടുണ്ട്. മറ്റു ചില സ്റ്റാഫ് അംഗങ്ങളെക്കുറിച്ചും കഥകള്‍ കേള്‍ക്കുന്നുണ്ട്. ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം. പോലീസ് അന്വേഷണ സംഘത്തിനു മാത്രമല്ല, ഒരു പൊതു രാഷ്ട്രീയ പ്രശ്‌നമായി മാറിയ ഇക്കാര്യത്തെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് ആകെ താല്‍പര്യമുണ്ട്. ടീം സോളാറീസ് മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ ഒരു തട്ടിപ്പു സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് എത്രമാത്രം കെട്ടുപിണഞ്ഞു കിടന്നിരുന്നു എന്നു വ്യക്തമാകും.

മുഖ്യമന്ത്രിയ്ക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അദ്ദേഹത്തെ ബന്ധപ്പെടണമെങ്കില്‍ ജോപ്പന്‍, സലിംരാജ്, ജിക്കു, ആര്‍കെ എന്നിവരുടെ ഫോണ്‍ വഴിയേ പറ്റൂ. ഇവരെല്ലാവരും തമ്മില്‍ ഘടിപ്പിക്കുന്ന പൊതുവായ ഘടകം മുഖ്യമന്ത്രിയാണ്. അദ്ദേഹം സ്ഥലത്തുണ്ടായിരുന്ന വേളയിലും ഇല്ലാത്ത വേളയിലും ഫോണ്‍ കോളുകളുണ്ടായിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയും ഫോണ്‍ വിളികളുമായി യാതൊരു ബന്ധവുമില്ല എന്ന് മാലോകര്‍ വിശ്വസിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.

യുഡിഎഫ് ഭരണം ഉപജാപകരുടെയും സര്‍ക്കാര്‍ ബാഹ്യശക്തികളുടെയും പിടിയിലാണ്. നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചല്ല മറിച്ച്, വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീക്കുന്ന ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ഇത് ഏതറ്റം വരെ പോകാമെന്നുളളതിന്റെ തെളിവാണ് ടീം സോളാരീസ് തട്ടിപ്പ്. പതിനാലില്‍പ്പരം കേസുകളില്‍ കേരളത്തില്‍ അവര്‍ പ്രതികളായിരുന്നത്. ഇതിനു പുറമെയാണ് തമിഴ്‌നാട്ടിലെ കേസുകള്‍. ബിജുവാകട്ടെ, കൊലക്കേസില്‍ അന്വേഷണ വിധേയനായിരുന്നു. ഇങ്ങനെയുളള ഒരു തട്ടിപ്പു സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല മറ്റു ഭരണതലങ്ങളിലും പിടിമുറുക്കി നാട്ടിലെ പൗരന്മാരെ കബളിപ്പിക്കുകയാണ്. ഈ വീഴ്ചകള്‍ മറച്ചുവെയ്ക്കുന്നതിനു വേണ്ടി ഉമ്മന്‍ചാണ്ടിയും മനോരമയും മുന്നോട്ടു വെയ്ക്കുന്ന വാദങ്ങള്‍ രണ്ടാണ്. എന്തുകൊണ്ട് എല്‍ഡിഎഫ് ഭരണത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല? എന്തുകൊണ്ട് ബിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തില്ല? അന്നും ഭരണതലത്തില്‍ ഇവര്‍ക്കു സ്വാധീനമുണ്ടായിരുന്നു എന്നാണ് വ്യംഗ്യം.

അങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അതുകൂടി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരട്ടെ എന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര കൊല്ലപ്പെട്ടത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കവെയാണ്. എന്നിട്ട് കേസെടുത്തത് സ്ത്രീധനപീഡനത്തിന്റെ പേരിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പിതാവിന്റെ പരാതിയത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍ കളങ്കിതനായ ഈ വ്യക്തിയുമായി യുഡിഎഫ് ഭരണം ഉറ്റബന്ധമാണ് പുലര്‍ത്തിയത്. ഇന്നിപ്പോള്‍ മിറച്ചൊരു നിലപാടെടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് കര്‍ശനമായ നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇരുവരും ജയിലിലായത് എല്‍ഡിഎഫ് ഭരണകാലത്താണ്. ജാമ്യത്തിലിറങ്ങിയവര്‍ തമിഴ്‌നാടിലെയ്ക്കു മുങ്ങുകയാണുണ്ടായത്. പിന്നീട് തലപൊക്കുന്നത് യുഡിഎഫ് ഭരണം വരുമ്പോഴാണ്. മറ്റൊരു കാര്യവും കൂടിയുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് അവരുടെ തട്ടിപ്പ് ഭരണത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടോ സര്‍ക്കാര്‍ സ്‌കീമുകളിലെ തിരിമറികളിലൂടെയോ അല്ലായിരുന്നു. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. അതുകൊണ്ട് സര്‍ക്കാരിനു നഷ്ടമൊന്നുമുണ്ടായിട്ടില്ല എന്ന തര്‍ക്കുത്തരമൊന്നും നല്‍കി രക്ഷപെടാന്‍ മുഖ്യമന്ത്രി നോക്കേണ്ട.

ക്രിമിനല്‍ അന്വേഷണം നടക്കുന്ന വേളയില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് കുറ്റവാളികളെ രക്ഷപെടുത്താനാണെന്ന വിചിത്രമായ വാദവും ഉയര്‍ത്തുന്നുണ്ട്. ജൂഡീഷ്യല്‍ അന്വേഷണം ക്രിമിനല്‍ കേസ് അന്വേഷണത്തിന് തടസമേയല്ല. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരിക, മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത്ര എളുപ്പത്തില്‍ എങ്ങനെ ഭരണബാഹ്യ ശക്തികള്‍ക്ക് ദുരുപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ്. ഇത്തരമൊരു അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കുക തന്നെ. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാലെ യുഡിഎഫ് അധികാരമൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. നിയമസഭയില്‍ ഭൂരിപക്ഷമുളളടത്തോളം കാലം യുഡിഎഫിനു ഭരിക്കാം. പക്ഷേ, ഇന്നത്തെ മുഖ്യമന്ത്രിയെ ആ സ്ഥാനത്തിരുത്തിയുളള ഏതന്വേഷണത്തിനും പാമോയിലിന്റെയും ടൈറ്റാനിയത്തിന്റെയും അഴിമതി അന്വേഷണത്തിന്റെ ഫലമേയുണ്ടാകൂ. 

തകിടം മറിയുന്ന ചിദംബരപ്രതീക്ഷകള്‍


 ധനമന്ത്രി ചിദംബരത്തിന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. 2012 നവംബര്‍ 5ന് അദ്ദേഹം പ്രവചിച്ചു. ''ഈ ധനകാര്യവര്‍ഷം 5-6 ശതമാനം വളര്‍ച്ച കൈവരിച്ചുകൊണ്ട് പര്യവസാനിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അപ്രതീക്ഷിതമായ, ഞെട്ടിപ്പിക്കുന്ന സംഭവവികാസം ഉണ്ടായില്ലെങ്കില്‍ അടുത്തവര്‍ഷം 7 ശതമാനം വളര്‍ച്ച നേടും. 2012-15 ആകുമ്പോള്‍ നമ്മള്‍ 8 ശതമാനത്തിലേയ്ക്കു തിരിച്ചെത്തും''
2012-13ലെ അവസാനപാദം കൈവരിച്ചത് 4.8 ശതമാനം വളര്‍ച്ചയാണ്. 2010-11ലെ 9 ശതമാനത്തില്‍ നിന്ന് 2011-12ല്‍ 6.2 ശതമാനത്തിലേയ്ക്കുളള മാന്ദ്യപ്രവണത 2012-13ല്‍ 5 ശതമാനമായി കൂടുതല്‍ മുരടിച്ചു. ഈ സ്ഥിതിവിശേഷത്തിന് മറ്റാരെയും കുറ്റപ്പെടുത്താന്‍ ചിദംബരത്തിന് കഴിയില്ല. സ്വയംകൃതാനര്‍ത്ഥമാണ് ഈ തകര്‍ച്ച.
2012-13ലെ ബജറ്റില്‍ ചെലവഴിക്കാന്‍ വകയിരുത്തിയിരുന്നത് 14.9 ലക്ഷം രൂപയായിരുന്നു. ചെലവാക്കിയതാകട്ടെ 14.1 ലക്ഷം കോടിയും. ഏതാണ്ട് 80,000 കോടി രൂപയുടെ ചെലവ് വെട്ടിക്കുറച്ചു. എന്നിട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യശേഷിയില്ലായ്മയെ കുറ്റപ്പെടുത്തി സമാധാനിക്കുകയാണ് ചിദംബരം. പക്ഷേ, സത്യം നേരെ മറിച്ചാണ്. കമ്മി കുറയ്ക്കുന്നതിനു വേണ്ടി ചെലവുകള്‍ ഞെരുക്കുക എന്ന നയമാണ് ധനമന്ത്രി സ്വീകരിച്ചത്. ഈ ചവിട്ടിപ്പിടിത്തം മൂലമാണ് പണം ചെലവാകാതിരുന്നത്.
സാമ്പത്തികമാന്ദ്യകാലത്ത് സര്‍ക്കാരിന്റെ ചെലവു കുറയ്ക്കല്‍ തലതിരിഞ്ഞ നടപടിയാണ്. സ്വകാര്യ ഉപഭോഗവും നിക്ഷേപവും കൊണ്ട് ചരക്കുകള്‍ വിറ്റഴിയ്ക്കാല്‍ കഴിയാതെ വരുമ്പോഴാണ് ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത്. അപ്പോഴാണ് സാമ്പത്തികമാന്ദ്യം ഉണ്ടാകുന്നത്. ഇങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തി ഡിമാന്റിലുളള വിടവ് നികത്തണമെന്നാണ് സാമ്പത്തികശാസ്ത്രം. പക്ഷേ ഇവിടെ ചെയ്യുന്നത് മറിച്ചാണ്. സര്‍ക്കാരും കൂടി ചെലവ് കുറയ്ക്കുകയാണ്. ഇത് സാമ്പത്തികമാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കും. ഇതാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്.
2008-09ല്‍ സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നേര്‍ വിപരീതമായിരുന്നു പ്രണബ് മുഖര്‍ജിയുടെ നടപടി. സര്‍ക്കാര്‍ ചെലവ് ഗണ്യമായി ഉയര്‍ത്തി. 2007-08ല്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവ് 13.4 ലക്ഷം കോടിയായിരുന്നു. 2008-09ല്‍ ഇത് 15.2 ലക്ഷം കോടിയായും 2009-10ല്‍ 18.3 ലക്ഷം കോടിയായും ഉയര്‍ന്നു. ഈയൊരു സമീപനത്തിന്റെ ഫലമായിട്ടാണ് 2008-09ല്‍ സാമ്പത്തികവളര്‍ച്ച 6.7 ശതമാനമായത്. തുടര്‍ന്നുളള രണ്ടുവര്‍ഷങ്ങളില്‍ ഇത് യഥാക്രമം 8.6 ശതമാനവും 9.3 ശതമാനവുമായി ഉയര്‍ന്നതും സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിച്ചതിലൂടെയാണ്. ചിദംബരം ധനമന്ത്രിയായതോടെ ചെലവുചുരുക്കല്‍ ആരംഭിച്ചു. 2011-12നെ അപേക്ഷിച്ച് 2012-13ല്‍ വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ സര്‍ക്കാര്‍ ചെലവ് യഥാര്‍ത്ഥത്തില്‍ വര്‍ദ്ധിച്ചതേയില്ല. 6.7 ശതമാന വളര്‍ച്ചയുണ്ടായ 2008-09ല്‍ ഉത്തേജക പാക്കേജ് നടപ്പാക്കിയ പ്രണബ് മുഖര്‍ജിയും 5.0 വളര്‍ച്ചയുണ്ടായ വര്‍ഷം ചെലവു ചുരുക്കല്‍ നടപ്പാക്കുന്ന ചിദംബരവും തമ്മിലുളള താരതമ്യം കൗതുകകരമാണ്.
ചിദംബരത്തിന് പ്രണബ് മുഖര്‍ജിയുടെ സാമ്പത്തികനയത്തോടു പുച്ഛമാണ്. ഇന്നത്തെ വിലക്കയറ്റത്തിനും ഉയര്‍ന്ന ധനക്കമ്മിയ്ക്കും ഉത്തരവാദി പ്രണബ് ആണെന്നാണ് ചിദംബരത്തിന്റെ വ്യംഗ്യം. വിലക്കയറ്റം 2012-13ല്‍ 7.8 ശതമാനമാണ്. പക്ഷേ, ഇതിനു കാരണം സര്‍ക്കാര്‍ ചെലവ് ഗണ്യമായി വര്‍ദ്ധിച്ചതുകൊണ്ട് ജനങ്ങളുടെ കൈവശം ആവശ്യത്തിലധികം പണമുളളതല്ല. ധനകാര്യവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ഉപഭോക്തൃചെലവുകള്‍ 3.8 ശതമാനമാണ് വര്‍ദ്ധിച്ചത് എന്നോര്‍ക്കുക.
വിലക്കയറ്റത്തിനു കാരണം, പെട്രോളിന്റെയും ഡീസലിന്റെയും മറ്റും വില ഉയര്‍ന്നതുമൂലം ഉല്‍പാദന ചെലവ് വര്‍ദ്ധിച്ചതാണ്. സബ്‌സിഡികള്‍ വെട്ടിച്ചുരുക്കുന്നതും വിലകള്‍ ഉയര്‍ത്തുന്നതും രൂപയുടെ വിലയിടിവും ഇറക്കുമതി വിലകള്‍ ഉയര്‍ത്തുന്നു. പൊതുവിതരണത്തിലെ അപാകതകള്‍ മൂലം ധാന്യവിലകളും ഉയര്‍ന്നു. ചുരുക്കത്തില്‍ ഡിമാന്റിന്റെ വശത്തല്ല, സപ്ലൈയുടെ വശത്താണ്. ഈ വിലക്കയറ്റത്തിന് സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതല്ല പരിഹാരം.
ധനക്കമ്മി കുറയ്ക്കണമെന്ന് വാശിയുണ്ടെങ്കില്‍ ചെലവുചുരുക്കിത്തന്നെ വേണമെന്നില്ല. വരുമാനം വര്‍ദ്ധിപ്പിക്കം. 5 ലക്ഷം കോടിയോളം വേണ്ടെന്നു വെച്ചിട്ടും 2012-13ല്‍ ലക്ഷ്യമിട്ടതിനെക്കാള്‍ 10,000 കോടിയോളം കുറവു നികുതിയേ പിരിക്കാന്‍ കഴിഞ്ഞുളളൂ. ഇനി, നികുതിപിരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നികുതിവെട്ടിപ്പു തടഞ്ഞുകൂടേ. കളളപ്പണം പിടിച്ചെടുത്തുകൂടേ. പൊതുസ്വത്ത് ചുളുവിലയ്ക്കു വില്‍ക്കുന്നത് നിര്‍ത്തിക്കൂടേ. ഇതൊന്നും ചെയ്യാതെ ധനക്കമ്മി 5.8 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമാക്കി താഴ്ത്തിയതിന്റെ ആഹ്ലാദത്തിലാണ് ചിദംബരം. ഈ ആഹ്ലാദത്തിന്റെ മറുവശമാണ് സാമ്പത്തികവളര്‍ച്ചയുടെ കണ്ണുനീര്‍.
2013-14ല്‍ എന്തു സംഭവിക്കുമെന്നതിലാണ് ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. മാന്ദ്യത്തിന്റെ അടിത്തട്ടു കണ്ടുകഴിഞ്ഞു. ഇനി സമ്പദ്ഘടന മുകളിലേയ്ക്കു വളരും എന്ന് ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേഗ്‌സിംഗ് അലുവാലിയ പ്രവചിച്ചുകഴിഞ്ഞു. അവസാനപാദത്തില്‍ 4.7 ശതമാനമേ വളര്‍ച്ചയുണ്ടായിരിക്കൂ എന്നാണ് അവസാനം കരുതിയതു പോലും. പക്ഷേ, 4.8 ശതമാനം വളര്‍ച്ചയുണ്ടായി. ഇതാണ് ശുഭപ്രതീക്ഷയുടെ ഒരു കാരണം. വിലക്കയറ്റം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ വീണ്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു വര്‍ഷമായതുകൊണ്ട് സര്‍ക്കാര്‍ ചെലവ് ഉയര്‍ത്താമെന്ന് ചിദംബരം സമ്മതിക്കുകയും ചെയ്തു. അധികം താമസിയാതെ പലിശ നിരക്ക് റിസര്‍വ് ബാങ്ക് താഴ്ത്തുമെന്നാണ് എല്ലാവരും കരുതുന്നത്. അതോടെ 2012-13 അവസാനപാദത്തില്‍ 3.4 ശതമാനം മാത്രം ഉയരുന്ന നിക്ഷേപം ഗണ്യമായി ഉയരുമെന്നും സമ്പദ്ഘടന 6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നുമാണ് ഇപ്പോഴത്തെ പ്രവചനം. വിശ്വാസം രക്ഷിക്കട്ടെ. 

രൂപയുടെ മൂല്യ ഇടിവ് : ഗുണദോഷ വിചാരം

രൂപയുടെ മൂല്യം ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. മെയ് ആദ്യം ഏതാണ്ട് 52 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ഡോളറിന് ഇപ്പോള്‍ 59 രൂപയോളം നല്‍കണം. ജൂണ്‍ 17ന് മാര്‍ക്കറ്റ് അടച്ചപ്പോള്‍ 58.70 രൂപയായിരുന്നു വിനിമയ നിരക്ക്. കഴിഞ്ഞ മെയ് ആറിനെ അപേക്ഷിച്ച് പത്തുശതമാനത്തിന്റെ ഇടിവ്.

സാമ്പത്തിക ഉത്തേജനത്തിനായി 4000 - 7,000 കോടി ഡോളറിന്റെ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും ബോണ്ടുകള്‍ പ്രതിമാസം വാങ്ങുന്ന നയമാണ് 2008ലെ ആഗോള മാന്ദ്യം തുടങ്ങിയതു മുതല്‍ അമേരിക്കന്‍ സര്‍ക്കാരിന്റേത്. പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനാണിത്. എന്നാല്‍ സാമ്പത്തിക വീണ്ടെടുപ്പ് ശക്തിപ്പെടുന്നതിന്റെപശ്ചാത്തലത്തില്‍ ഈ നയം അമേരിക്ക പുനരവലോകനം ചെയ്യുകയാണ്. ഈ ലേഖനം അച്ചടിക്കുമ്പോഴേയ്ക്കും തീര്‍പ്പറിയാം. ഇത്തരത്തില്‍ ബോണ്ടുകള്‍ വാങ്ങുന്നതു കുറച്ചാല്‍ അമേരിക്ക ഡോളറിന്റെ ലഭ്യത കുറയ്ക്കും. ഡോളറിനു പ്രിയം കൂടും. ഇതു മുന്‍കൂട്ടി കണ്ട് നിക്ഷേപകര്‍ രൂപ ഡോളറായി മാറ്റി പിന്‍വലിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് 470 കോടി ഡോളറാണ് വിദേശ നിക്ഷേപകര്‍ ഇപ്രകാരം പിന്‍വലിച്ചത്.

ഇതാണ് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ ഒരു പ്രധാന കാരണം. അമേരിക്കന്‍ ധനനയം മാറിയാല്‍ രൂപയുടെ മൂല്യം ഇനിയും താഴും. 65-70 രൂപ നിരക്കിലേയ്ക്കു വരെ വരാം. ഇതിന്റെ പ്രത്യാഘാതങ്ങളെന്തായിരിക്കും?

ഗുണഫലങ്ങള്‍ ഇവയാണ്:

ഒന്ന്) രൂപയുടെ വിലയിടിവ് പ്രവാസികള്‍ക്ക് നേട്ടമാകും. മെയ് ആദ്യം ഗള്‍ഫില്‍ നിന്നയച്ച ഓരോ ഡോളറിനും 52 രൂപ ലഭിച്ചത് ഇപ്പോള്‍ 59 രൂപയായി. 'രൂപ താഴേയ്ക്ക്, ഈ അവസരം വിനിയോഗിക്കൂ' എന്നായിരുന്നു ഒരു ദേശസാല്‍കൃത ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കിയ സന്ദേശം. ബാങ്കു വഴി സാധാരണഗതിയില്‍ വരുന്ന ഗള്‍ഫ് പണം ജൂണ്‍ മാസത്തില്‍ ഇരട്ടിയാകും. 2013-14ല്‍ 65-70,000 കോടി രൂപയെങ്കിലും കേരളത്തിലേയ്ക്ക് വിദേശപണം വരും.

രണ്ട്) ഡോളറില്‍ കരാറുറപ്പിച്ച കയറ്റുമതിക്കാര്‍ക്കും വന്‍നേട്ടമുണ്ടാകും. രൂപയുടെ വിനിമയനിരക്കില്‍ 1 രൂപ ഇടിയുമ്പോള്‍ ഐടി വ്യവസായത്തില്‍ കയറ്റുമതിക്കാരുടെ ലാഭത്തില്‍ 0.4 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നാണ് മതിപ്പുകണക്ക്. അതുകൊണ്ടാണ് ഐടി കമ്പനികളുടെ ഷെയര്‍വില ഉയര്‍ന്നത്. തിരുപ്പൂര്‍ തുണി മേഖലയില്‍ ഉത്സവത്തിമര്‍പ്പാണെന്നൊരു റിപ്പോര്‍ട്ടു കണ്ടു. എന്നാല്‍ കയറ്റുമതി വിലകള്‍ കുറയ്ക്കുന്നതിന് വിദേശ ഇറക്കുമതിക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങുന്നതോടെ അധികലാഭത്തില്‍ ഒരു പങ്ക് അവര്‍ക്കും കൊടുക്കേണ്ടി വരും.

മൂന്ന്) രൂപയുടെ മൂല്യമിടിയുന്നത് കയറ്റുമതിയ്ക്ക് മൊത്തത്തില്‍ ഉത്തേജകമാണ്. മെയ് ആദ്യം ഒരു ഡോളറിന് 52 രൂപയുടെ ഇന്ത്യന്‍ ചരക്കുകള്‍ വാങ്ങിയ വിദേശിയ്ക്കു ഇപ്പോള്‍ 59 രൂപയുടെ ചരക്കുകള്‍ കിട്ടും. ഇങ്ങനെ കയറ്റുമതി വിലകള്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേനെ കുറയുന്നതു മൂലം നമ്മുടെ കയറ്റുമതി ഉയരും.

എന്നാല്‍ ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യമിടിഞ്ഞാലും കയറ്റുമതി വര്‍ദ്ധിക്കണമെന്നില്ല. കാരണം പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് കയറ്റുമതിയെ നിര്‍ണയിക്കുന്നത്. 2013ല്‍ യൂറോപ്യന്‍ സമ്പദ്ഘടനകള്‍ -0.4 ശതമാനം ഉത്പാദനം കുറയുമെന്നാണ് ഏറ്റവും അവസാനത്തെ മതിപ്പുകണക്ക്. അങ്ങനെ 2013ല്‍ കയറ്റുമതി ഗണ്യമായി ഉയരുമെന്ന പ്രതീക്ഷ വേണ്ട.

ദോഷഫലങ്ങള്‍ താഴെ പറയുന്നവയാണ്.

ഒന്ന്) രൂപയുടെ മൂല്യമിടിയുന്നത് ഇറക്കുമതി ചെലവ് ഉയര്‍ത്തും. മെയ് മാസത്തില്‍ 52 രൂപ നിരക്കില്‍ 1 ഡോളര്‍ വിലയ്ക്കുളള ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഇന്ന് 59 രൂപ നല്‍കേണ്ടി വരും. വിനിയമനിരക്ക് 1 രൂപ ഇടിഞ്ഞാല്‍ ഒരു വര്‍ഷം എണ്ണക്കമ്പനികുടെ അനുമാന നഷ്ടം അഥവാ അണ്ടര്‍ റിക്കവറി 9000 കോടി ഉയരും. എണ്ണ വില ഉയര്‍ത്തി ഇതു നികത്താനുളള സര്‍വ സ്വാതന്ത്ര്യവും എണ്ണക്കമ്പനികള്‍ക്കു നല്‍കിയിട്ടുണ്ട്.

മറിച്ചൊരു വാദവുമുണ്ട്. ഇറക്കുമതി വിലകള്‍ ഉയരുമ്പോള്‍ ഇറക്കുമതി കുറയും. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. എണ്ണവില എത്ര കൂടിയാലും ഉപഭോഗം കുറയ്ക്കാനാവുമോ? ഇന്ത്യയില്‍ രൂക്ഷമായ സാമ്പത്തിക മുരടിപ്പാണ്. എന്നിട്ടും ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നതാണ് അനുഭവം.

രണ്ട്) രൂപയുടെ മൂല്യം ഇടിയുമ്പോള്‍ രാജ്യത്തിന്റെ കടഭാരം രൂപ നിരക്കില്‍ ആനുപാതികമായി ഉയരും. രാജ്യത്തെ സംബന്ധിച്ച് ഇത് അടിയന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കണമെന്നില്ല. പക്ഷേ, കമ്പനികളുടെ കാര്യത്തില്‍ അങ്ങനെയല്ല. ഒരു രൂപ വിനിയമ നിരക്കില്‍ ഇടിവുണ്ടായാല്‍ കമ്പനികളുടെ കടഭാരം 6000 കോടി രൂപ കണ്ട് ഉയരുമെന്നാണ് മതിപ്പുകണക്ക്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ കട തിരിച്ചടവിന്റെയും പലിശയുടെയും മറ്റും ഭാരം വര്‍ദ്ധിക്കും.

മൂന്ന്) ഇറക്കുമതി വിലകള്‍ ഉയരുന്നത് വിലക്കയറ്റം രൂക്ഷമാക്കും. മൊത്തവില സൂചിക കുറയുന്നതു സാമ്പത്തിക ഉത്കര്‍ഷത്തിന്റെ സൂചനയായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് രൂപയുടെ വിലയിടിവ് പുതിയ ഭീഷണി ഉയര്‍ത്തുന്നത്. രൂപയുടെ മൂല്യം 1 രൂപ ഇടിയുന്നത് മൂലം മൊത്തവില സൂചിക 2 - 3 മാസത്തിനുളളില്‍ 0.2 ശതമാനത്തോളം ഉയരും.

നാല്) രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ഓഹരിക്കമ്പോളത്തെയും നിരാശയിലാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഓഹരിക്കമ്പോളത്തിന്റെ ചാഞ്ചാട്ടവും താഴേയ്ക്കാണ്.

അഞ്ച്) അടവുശിഷ്ട കമ്മി ഇപ്പോള്‍ത്തന്നെ ദേശീയ വരുമാനത്തിന്റെ 6.7 ശതമാനമാണ്. 2.5 ശതമാനമാണ് ഉചിതം എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. രൂപയുടെ വിലയിടുന്നത് കറണ്ട് അക്കൗണ്ട് കമ്മിയെ കൂടുതല്‍ രൂക്ഷമാക്കും. ഇതാവട്ടെ രൂപയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. അങ്ങനെ കറണ്ട് അക്കൗണ്ട് കമ്മിയും രൂപയുടെ മൂല്യമിടിവും തമ്മിലുളള ദൂഷിത വലയത്തിലേയ്ക്കു സമ്പദ്ഘടന വഴുതി വീണാലുളള ദുരന്തം വലുതായിരിക്കും.

ഡോളര്‍ ശക്തിപ്പെട്ടതുമൂലം രൂപ മാത്രമല്ല, ബ്രിക് രാജ്യങ്ങളുടെ നാണയങ്ങളുടെയെല്ലാം മൂല്യം ഇടിഞ്ഞു; അങ്ങനെ നാണയ മൂല്യത്തകര്‍ച്ച ഇന്ത്യയുടെ മാത്രം തനതു പ്രതിഭാസമല്ല; ആയതിനാല്‍ അതിരുകവിഞ്ഞു ഭയപ്പെടാനൊന്നുമില്ല എന്നാണ് കേന്ദ്ര ധനകാര്യവകുപ്പ് നല്‍കുന്ന സാന്ത്വനം.

പക്ഷേ, നാണയത്തകര്‍ച്ച ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബ്രിക്‌സ് രാജ്യങ്ങളും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമെടുത്താല്‍ സൗത്ത് ആഫ്രിക്കയുടെ റാന്‍ഡ് മാത്രമാണ് ഇന്ത്യന്‍ രൂപയെക്കാള്‍ രൂക്ഷമായ തകര്‍ച്ച നേരിടുന്നത്. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിയ്ക്കും പൊതുവായ ഒരു കാര്യമുണ്ട്. ഇരുരാജ്യങ്ങളും അതീവ ഗുരുതരമായ അടവുശിഷ്ട കമ്മി നേരിടുകയാണ്. ഇത്ര വലിയ അടവുശിഷ്ട കമ്മി നേരിടുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുമെന്നത് സാമാന്യഗതിയില്‍ ഊഹിക്കാവുന്നേയുളളൂ. തന്മൂലം വിദേശ മൂലധനം വിന്‍വാങ്ങല്‍ തുടങ്ങി. ഏറ്റവും പ്രകടമായ പിന്മാറ്റം ഉണ്ടായിട്ടുളളത് ബോണ്ട് മാര്‍ക്കറ്റില്‍ നിന്നാണ്. ഓഹരി കമ്പോളത്തിലേയ്ക്കു വിദേശ മൂലധനത്തിന്റെ വരവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ പ്രവണത ശക്തിപ്പെട്ടാല്‍ രാജ്യം അതീവഗൗരവമായ വിദേശ നാണയ പ്രതിസന്ധിയിലേയ്ക്കു വഴുതിവീഴും. 

Monday, June 3, 2013

നടക്കാവിലെ സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടം

ധനവിചാരം, Mathrubhumi, 04 June 2013

പുതിയ അധ്യയനവര്‍ഷം ആരംഭിച്ചല്ലോ. രണ്ടാഴ്ച മുമ്പാണ് ഞാന്‍ കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചത്. വരുന്ന ജൂലായ്മാസത്തോടെ ആ സ്‌കൂള്‍ കൈവരിക്കാന്‍പോകുന്ന സൗകര്യങ്ങളെന്തെന്ന് അറിയേണ്ടേ?

മള്‍ട്ടിമീഡിയ സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ആസ്‌ട്രോ ടര്‍ഫ് ഫുട്‌ബോള്‍ ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം, ആംഫി തിയേറ്റര്‍, എക്‌സിബിഷന്‍ ഹാള്‍/ഗാലറി, ഭക്ഷണഹാള്‍, 25,000 പുസ്തകങ്ങളുടെ ലൈബ്രറി, കോളേജുകളെ വെല്ലുന്ന സയന്‍സ്‌ലാബ്, 100 കമ്പ്യൂട്ടറുകള്‍, ലാംഗ്വേജ് ലാബ്, വാനനിരീക്ഷണകേന്ദ്രം, സയന്‍സ് പാര്‍ക്ക്...

1893-ലാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. നഗരത്തിലെ ആദ്യത്തെ ഗേള്‍സ് സ്‌കൂള്‍. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മൂന്നരയേക്കര്‍ സ്ഥലം. പ്രൈമറിമുതല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിവരെ 2,300 കുട്ടികള്‍ പഠിക്കുന്നു.

അവിചാരിതമായിരുന്നു സന്ദര്‍ശനം. രാത്രി ഏറെ വൈകി ഒരു മുന്നറിയിപ്പുമില്ലാതെ ചെല്ലുമ്പോള്‍ ഹൈമാസ്റ്റ് ലൈറ്റുകളുടെ വെളിച്ചത്തില്‍ തകൃതിയായി പണികള്‍ നടക്കുന്നു. തിരുപ്പൂരില്‍നിന്ന് കൊണ്ടുവന്ന പ്രീ ഫാബ്രിക്കേറ്റഡ് ഭിത്തികള്‍ ക്രെയിനുപയോഗിച്ച് ഉറപ്പിക്കുന്നു. ആറുമാസംകൊണ്ട് നിര്‍മാണപ്രവൃത്തി മുഴുവന്‍ തീര്‍ക്കാനാണ് പരിപാടി. അന്തര്‍ദേശീയ നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്ന ആശയവുമായി ഏഴുവര്‍ഷമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യും നിര്‍മാണപ്രവൃത്തികളും നവീകരണവും സ്‌പോണ്‍സര്‍ചെയ്ത ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ ഫൈസലും ഷാനവാസും പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണനും ഏതാനും അധ്യാപകരും സ്‌കൂള്‍ വികസനസമിതി അംഗങ്ങളുമൊക്കെ സന്നിഹിതരായിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടതിനാല്‍ സ്‌കൂളിലൂടെ ഒരു ഓട്ടപ്രദക്ഷിണമേ തരപ്പെട്ടുള്ളൂ. പക്ഷേ, പൊതുവിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവരെ ആവേശം കൊള്ളിക്കുന്ന വിസ്മയസൗകര്യങ്ങളിലേക്കാണ് ആ സ്‌കൂള്‍ കുതിക്കുന്നതെന്ന് ബോധ്യപ്പെടാന്‍ അതുമതിയായിരുന്നു.

2007-ലാണ് പ്രിസം (പി.ആര്‍.ഐ.എസ്.എം.- പ്രൊമോട്ടിങ് റീജ്യണല്‍ സ്‌കൂള്‍ ടു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍) അഥവാ പ്രാദേശിക സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള വൈവിധ്യമാര്‍ന്ന ഇടപെടലുകള്‍ എന്ന പദ്ധതിക്ക് കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സഹായത്തോടെ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. രൂപം നല്‍കിയത്. വിദ്യാഭ്യാസവകുപ്പ് ഈ പരീക്ഷണത്തിന് പൂര്‍ണപിന്തുണ നല്‍കി. ധനവകുപ്പ് അഞ്ചുകോടിയില്‍പ്പരം രൂപ ഈ സ്‌കീമിന് പ്രത്യേകമായി അനുവദിച്ചു. രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഞാന്‍ ഇത്തരമൊരു ഉദാരസമീപനം സ്വീകരിച്ചത്. എം.എല്‍.എ.ഫണ്ട്, കോര്‍പ്പറേഷന്‍ ഫണ്ട്, സ്വകാര്യ കോര്‍പ്പറേറ്റുകളുടെ സഹായധനം, സര്‍ക്കാര്‍വകുപ്പുകളുടെ സ്‌കീമുകള്‍, എന്നിവയെല്ലാം ഏകോപിപ്പിച്ച് പല നിര്‍മാണ പ്രവൃത്തികളും പ്രാരംഭപ്രവര്‍ത്തനങ്ങളായി അവര്‍ പൂര്‍ത്തീകരിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ. ആധുനിക ലാബുകള്‍ക്കുള്ള സഹായം വാഗ്ദാനംചെയ്തു, ഇന്‍ഫോസിസ് കമ്പ്യൂട്ടറുകളും. വെറും ആരംഭശൂരത്വമല്ല ആശയമെന്ന് അത് തെളിയിച്ചു. രണ്ട്: നിര്‍മാണപ്രവൃത്തികളെല്ലാം സമഗ്രമായ ഒരു വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായിരുന്നു. എന്തുകൊണ്ടും പിന്താങ്ങേണ്ട ഒരു വികസന സംരംഭമാണിതെന്ന് പ്ലാനിങ്‌ബോര്‍ഡും വിലയിരുത്തി.

കെട്ടിട, സ്ഥല സൗകര്യങ്ങള്‍, പഠനോപകരണങ്ങള്‍, ലൈബ്രറി, ലബോറട്ടറി, സ്‌കൂള്‍ അന്തരീക്ഷം, വ്യക്തിത്വവികസനം, സര്‍ഗാത്മക വികസനം, അധ്യാപക ഗുണനിലവാരം എന്നിവയിലൊക്കെ അന്തര്‍ദേശീയ നിലവാരവും കോഴിക്കോട്ടെ സ്‌കൂളുകളുടെ അവസ്ഥയും താരതമ്യംചെയ്തു. രണ്ടും തമ്മിലുള്ള വിടവ് തിട്ടപ്പെടുത്തി. ഇത് നികത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ക്ക് ചര്‍ച്ചകളിലൂടെ അവര്‍ രൂപം നല്‍കി. ഇതില്‍ ഒരിനംമാത്രമാണ് കെട്ടിടനിര്‍മാണം. അധ്യാപകപരിശീലനം, രക്ഷാകര്‍തൃപങ്കാളിത്തം, പാഠ്യേതര, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇവയ്‌ക്കൊക്കെ പ്രത്യേകം ഊന്നലുണ്ട്.

ഈ പ്രവര്‍ത്തനങ്ങളുടെ ഫലം വിലയിരുത്താന്‍ പ്രോജക്ടില്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. വിവിധ പരീക്ഷകള്‍, നാഷണല്‍ ടാലന്റ് ടെസ്റ്റ്, മത്സരപരീക്ഷകള്‍, ഭാഷാവൈഭവത്തിനുള്ള നാസ്‌കോം പരീക്ഷ തുടങ്ങിയവയിലെ വിജയശതമാനമാണ് അക്കാദമിക് പുരോഗതി വിലയിരുത്താനുള്ള മാനദണ്ഡം. കായികമത്സരങ്ങള്‍, ശാസ്ത്രമേളകള്‍, ശാസ്ത്ര, കണക്ക് ഒളിമ്പ്യാഡുകള്‍ എന്നിവയിലെ പങ്കാളിത്തവും വിജയങ്ങളും സ്‌കൂളിന് ലഭിക്കുന്ന അവാര്‍ഡുകളും മറ്റും പാഠ്യ, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ അളവുകോലാണ്. ശുചിത്വം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നിലവാരം, ലൈബ്രറി ഉപയോഗം, സ്‌കൂള്‍ പ്രവേശന അപേക്ഷകളുടെ എണ്ണം തുടങ്ങിയവയും കണക്കിലെടുക്കും. ഏതാണ്ട് എല്ലാതുറകളിലും പ്രത്യേകിച്ച്, പരീക്ഷാവിജയത്തിലും കളികളിലും സ്‌കൂള്‍ സമീപകാലത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

നഗരത്തിലെ മൂന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് പ്രിസം പദ്ധതി ഏറ്റെടുത്തത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് നടക്കാവ് സ്‌കൂളില്‍ നടക്കുന്നത്. 15 കോടിരൂപ മുതല്‍മുടക്കാന്‍ തയ്യാറായി ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ മുന്നോട്ടുവന്നു. ഇത് പൂര്‍ത്തീകരിച്ചശേഷം മറ്റ് സ്‌കൂളുകളും ഏറ്റെടുക്കാന്‍ കഴിയും എന്ന ശുഭപ്രതീക്ഷയിലാണ് എം.എല്‍.എ. കാരപ്പറമ്പ് സ്‌കൂളിലെ പണികള്‍ ആരംഭിച്ചുകഴിഞ്ഞു.

നടക്കാവ് സ്‌കൂളിന്റെ ഭാവിയില്‍ ശ്രദ്ധേയമായി എനിക്കുതോന്നിയ രണ്ടുകാര്യങ്ങളുണ്ട്. ഇതൊരു അയല്‍പക്ക സ്‌കൂളായി തുടരുമെന്നതാണ് ഒന്നാമത്തേത്. സ്വാഭാവികമായും അഡ്മിഷനുള്ള തിരക്ക് കൂടുന്നുണ്ട്. ഒരു ചെറിയശതമാനം പ്രവേശനങ്ങള്‍ ഒഴികെ ബാക്കി മുഴുവന്‍ അയല്‍പക്കത്തുള്ളവര്‍ക്കാണ്. ഏറ്റവും മിടുക്കികളെയും പണമുള്ളവരെയും ഏറ്റെടുത്ത് അതിമിടുക്കരാക്കുകയല്ല ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ശരാശരിക്കാരെയും മിടുക്കികളാക്കി മാറ്റുകകൂടി ഇവരുടെ ലക്ഷ്യമാണ്.

രണ്ടാമത്തെ കാര്യം, സ്‌കൂള്‍സമയം കഴിഞ്ഞാല്‍ സ്ത്രീകളുടെ ഒരു കമ്യൂണിറ്റികേന്ദ്രമായി സ്‌കൂളിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടാണ്. സ്‌കൂളിന്റെ ടൈലുവിരിച്ച നടപ്പാതകള്‍ പ്രഭാത സവാരിക്കായി ഉപയോഗപ്പെടുത്തും. സ്ത്രീകള്‍ക്ക് സായാഹ്നവ്യായാമത്തിനും സ്ത്രീകളുടെ കലാഭ്യസനത്തിനും ചര്‍ച്ചകള്‍ക്കും മറ്റും ഇന്‍ഡോര്‍ സ്റ്റേഡിയംപോലുള്ള സ്‌കൂള്‍സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. കോഴിക്കോട്ടെ ജെന്‍ഡര്‍ പാര്‍ക്കിനെക്കുറിച്ച് വലിയമോഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. നടക്കാവ് സ്‌കൂള്‍ അവയ്ക്ക് വീണ്ടും നിറം പകരുന്നു.

യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറാക്കിയ വിഷന്‍ 2030-ല്‍ മുന്നോട്ടുവെച്ചിരിക്കുന്ന വിദ്യാഭ്യാസ വികസന കാഴ്ചപ്പാടുകളുമായിവേണം പ്രിസംപദ്ധതിയെ താരതമ്യംചെയ്യേണ്ടത്. സര്‍ക്കാറിന്റെ വികസനവണ്ടിയുടെ ഡ്രൈവിങ്‌സീറ്റില്‍ വിദ്യാഭ്യാസ കച്ചവടക്കാരായിരിക്കും. അന്തര്‍ദേശീയ നിലവാരത്തിലേക്ക് നമ്മുടെ സ്‌കൂളുകളെ ഉയര്‍ത്തലാണത്രേ അവരുടെയും ലക്ഷ്യം. മാര്‍ഗം, സര്‍വസ്വതന്ത്ര എജ്യുസിറ്റികളും. തുടക്കത്തില്‍ കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നീ അഞ്ചുകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലെ സ്വതന്ത്രവ്യാപാര മേഖലകളായിരിക്കും (എസ്.ഇ.സെഡ്.) ഇവ. വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന സാമൂഹിക നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ഉന്നത നിലവാരത്തിലുള്ള സ്‌കൂളുകളും കോളേജുകളും നിര്‍മിക്കാന്‍ അന്തര്‍ദേശീയ മൂലധനത്തെ ആകര്‍ഷിക്കുകയാണ് വിഷന്‍ 2030-ന്റെ ലക്ഷ്യം. ഇതുവഴിയാണത്രേ, കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റാന്‍പോകുന്നത്.

വിഷന്‍ 2030-ന്റെ രേഖയനുസരിച്ച് വിദ്യാഭ്യാസ മേഖലയായിരിക്കും കേരളത്തില്‍ ഏറ്റവുംവേഗത്തില്‍ വളരുന്ന സാമ്പത്തികമേഖല. പ്രതിവര്‍ഷം പത്തുശതമാനത്തിന്റെ വളര്‍ച്ച. വ്യവസായമേഖലപോലും ഒമ്പതുശതമാനംവീതമേ വളരൂ. കൂലി, ശമ്പളം, പലിശ, വാടക, ലാഭം എന്നീ ഇനങ്ങളിലായി തൊഴിലെടുക്കുകയും എടുപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ആകെ ലഭിക്കുന്ന വരുമാനമാണല്ലോ ദേശീയവരുമാനം. ഇപ്പോള്‍ ദേശീയവരുമാനത്തിന് വിദ്യാഭ്യാസ മേഖലയുടെ സംഭാവന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാത്രമാണ്. നിയമപ്രകാരം ലാഭം പാടില്ല. പലിശയും വാടകയും തുച്ഛമായിരിക്കും. ഇങ്ങനെയുള്ളൊരു മേഖല പ്രതിവര്‍ഷം പത്തുശതമാനം വേഗത്തില്‍ വളരണമെങ്കില്‍ ലാഭവും പലിശയുമെല്ലാം വന്‍തോതില്‍ വര്‍ധിക്കണം. അങ്ങനെയേ ഈ ഇന്ദ്രജാലവളര്‍ച്ച എത്തിപ്പിടിക്കാനാവൂ. അതോടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസം തകര്‍ന്ന് തരിപ്പണമാകും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ സ്‌കൂളുകളുടെ പൊതുസൗകര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ പാഠ്യക്രമവും അധ്യയന രീതികളും വന്നതോടെ വിദ്യാഭ്യാസ ഉള്ളടക്കവും കുറച്ചൊക്കെ മെച്ചപ്പെട്ടു. നടക്കാവ് സ്‌കൂളിലെന്ന പോലെയുള്ള ഭൗതിക സാഹചര്യങ്ങള്‍ എല്ലാ സ്‌കൂളിലും പെട്ടെന്ന് ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്നത് ശരി തന്നെ. അതിന്റെ ആവശ്യവുമില്ല. അത്രയും സൗകര്യങ്ങള്‍ ഇല്ലെങ്കിലും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും കുട്ടികളുടെ വ്യക്തിത്വവികസനത്തിനും സര്‍ഗാത്മക പ്രോത്സാഹനത്തിനുമുള്ള സമഗ്രപരിപാടി നടപ്പാക്കാന്‍ കഴിയും.

ഇതിനാവശ്യമായ പണവും കണ്ടെത്താനാവും. സര്‍ക്കാര്‍ ബജറ്റിനുപുറമേ വിദ്യാഭ്യാസത്തെ കച്ചവടത്തിന് അതീതമായി സാമൂഹിക സേവനമായി കാണാന്‍ തയ്യാറുള്ള മതസ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തികള്‍, കോര്‍പ്പറേറ്റ് ഉത്തരവാദിത്വത്തിന്റെ ഭാഗമായി നീക്കിവെക്കപ്പെടുന്ന പണം, വിദേശമലയാളികളുടെ സംഭാവന എന്നിവയൊക്കെ ഇതിനായി ഉപയോഗപ്പെടുത്താം. ഏറ്റവുംനല്ല സ്രോതസ്സ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളാണ്. എന്നാല്‍, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന പൊതു ചട്ടക്കൂടില്‍ അവരുടെ സാധ്യത എത്രകണ്ട് പ്രയോജനപ്പെടുത്താമെന്ന് കണ്ടറിയണം.

ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് പ്രിസം പദ്ധതി പ്രസക്തമാകുന്നത്. ഇത്രയും തുക മുടക്കിയിട്ട് നിങ്ങള്‍ക്കെന്ത് ലാഭമെന്ന് ഞാന്‍ ഫൈസലിനോട് ചോദിച്ചു. ''നല്ലൊരു കാര്യമല്ലേ. ലാഭമുണ്ടാക്കാന്‍ എത്രയോ വഴികള്‍ വേറെയുണ്ട്?'' എന്നായിരുന്നു മറുപടി. സാമൂഹിക പ്രതിബദ്ധതയാല്‍ പ്രചോദിതരായി ലാഭേച്ഛയില്ലാതെ കേരളത്തിലെ വിദ്യാഭ്യാസത്തെ എത്രയോ പതിറ്റാണ്ടുകളായി പരിപോഷിപ്പിച്ചുകൊണ്ടിരുന്നവര്‍പോലും സര്‍വസ്വതന്ത്ര കച്ചവട അവകാശത്തിനുവേണ്ടി വാശിപിടിക്കുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെയും കുറച്ചുപേരുള്ളത് നാടിന്റെ ഭാഗ്യം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...