Thursday, February 7, 2013

കൊച്ചി ബിനാലെയുടെ സാമ്പത്തികം


Mathrubhumi, Published on  05 Feb 201


ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തില്‍വെച്ചാണ് പ്രഭാകരനെയും കബിതയെയും കണ്ടത്. സഞ്ചിതൂക്കി ഏതോ പുറപ്പാടിനൊരുങ്ങിയതുപോലെ നില്‍ക്കുകയായിരുന്നു അവര്‍. പ്രഭാകരന്റെ ചിത്രങ്ങള്‍ ഒരു പ്രദര്‍ശനഹാള്‍ നിറയെയുണ്ട്. എല്ലാം കേരളീയദൃശ്യങ്ങള്‍. പ്രഭാകരന്റെ ചിത്രങ്ങള്‍കൊണ്ടുമാത്രം തന്റെ ബിനാലെ സന്ദര്‍ശനം സാര്‍ഥകമായെന്ന് എം.എ. ബേബി പറഞ്ഞത് ഞാനോര്‍ത്തു. കഴിഞ്ഞ ഒരുമാസമായി ബിനാലെയുടെ ആതിഥേയത്വത്തിലായിരുന്നു ഇവരുടെ താമസം. ചെലവുചുരുക്കലിന്റെ ഭാഗമായി വീട് ഒഴിയേണ്ടിവന്നു. സാമ്പത്തികഞെരുക്കം ഇന്ത്യയിലെ ആദ്യത്തെ ബിനാലെയെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഇതറിയാവുന്നതുകൊണ്ടാവാം, പ്രഭാകരനും കബിതയ്ക്കും ഒരു പ്രതിഷേധവുമില്ല. ഇത്ര കുറഞ്ഞ ചെലവില്‍ ലോകത്തെവിടെയെങ്കിലും ബിനാലെ നടന്നിട്ടുണ്ടോ എന്നെനിക്കറിയില്ല.

കൊച്ചിയിപ്പോള്‍ പഴയ കൊച്ചിയല്ല. ലണ്ടനിലെ ടേറ്റ് മോഡേണ്‍ ഗാലറിയുടെ ഡയറക്ടറുടെ പ്രശംസ ഏറ്റുവാങ്ങിയ മലയാളി ചിത്രകാരന്‍ ജസ്റ്റിന്‍ പൊന്മണി മുതല്‍ അമാനുള്ള മൊജാദി വരെയുള്ളവരുടെ സാന്നിധ്യം, ഗ്രാഫിറ്റി, ഇന്‍സ്റ്റലേഷന്‍, സംഗീതം, സിനിമ, ശില്പകല, നടനം തുടങ്ങി വൈവിധ്യകലാരൂപങ്ങളുടെ സംഗമം, ആവേശകരമായി മുന്നേറുന്ന സംവാദങ്ങളും സെമിനാറുകളും... ബിനാലെ കൊച്ചിയുടെ ലഹരിയായി മാറിക്കഴിഞ്ഞു.

ബിനാലെ (ഏഹവൃൃമാവ) ഒരു ഇറ്റാലിയന്‍ വാക്കാണ്. 'രണ്ടുവര്‍ഷത്തിലൊരിക്കല്‍' എന്ന് അര്‍ഥം. ഈരണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു പട്ടണത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അന്തര്‍ദേശീയ കലാപ്രദര്‍ശനം. ഉത്ഭവം (1895) വെനീസില്‍. ഏതാണ്ട് അറുപതില്‍പരം ലോക പട്ടണങ്ങളില്‍ ഇപ്പോള്‍ ബിനാലെ നടക്കുന്നുണ്ട്. പ്രദര്‍ശനങ്ങളുടെ വലിപ്പവും അന്തര്‍ദേശീയ സ്വഭാവവുംമൂലം ഏറേ പണച്ചെലവുള്ള കലാമേളയാണിത്. 2009-ലെ സിഡ്‌നി ബിനാലെയുടെ ചെലവ് 35 കോടി രൂപ (89 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍)യായിരുന്നു. 1990-ല്‍ ദക്ഷിണകൊറിയയില്‍ നടന്ന ബിനാലെയായിരുന്നു ഏറ്റവും ചെലവേറിയത്-120 ലക്ഷം ഡോളര്‍. 16 ലക്ഷം സന്ദര്‍ശകര്‍ പ്രദര്‍ശനം കാണാനെത്തി.

കൊച്ചി-മുസിരിസ് ബിനാലെയുടെ ചെലവ് ഏതാണ്ട് 12-15 കോടി രൂപ വരും. എക്‌സിബിഷന്‍ ഹാളുകള്‍ ഒരുക്കലും പരിപാടികളുടെയും കലാകാരന്മാരുടെയും ചെലവും വഹിച്ചുകഴിയുമ്പോള്‍ ബജറ്റിന്റെ സിംഹഭാഗവും തീരും. സിഡ്‌നി ബിനാലെയുടെ ചെലവിന്റെ 63 ശതമാനവും ഈയിനത്തിലായിരുന്നു. മൂന്നരക്കോടി മുടക്കിയാണ് എറണാകുളത്തെ ഡര്‍ബാര്‍ഹാള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ പുതുക്കിയത്. ബാക്കി വീണേടം വിദ്യയാക്കുകയായിരുന്നു. ആസ്പിന്‍വാള്‍ കെട്ടിടം പോലുള്ളവയുടെ ഇടിഞ്ഞ ചുമരുകളും ആടുന്ന മേല്‍ക്കൂരയുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാക്കി. ക്ഷണിക്കപ്പെട്ട കലാകാരന്മാരുടെ യാത്രാച്ചെലവ്, കലാസാമഗ്രികളുടെ കടത്തുകൂലി, താമസച്ചെലവ് എന്നിവയൊക്കെ ബിനാലെയുടെ സംഘാടകരുടെ ചുമതലയാണ്. വിവാന്‍ സുന്ദരത്തെപ്പോലുള്ള കലാകാരന്മാര്‍ ചെലവ് സ്വയംവഹിക്കുക മാത്രമല്ല, സംഭാവനനല്‍കാനും തയ്യാറായി.

സിഡ്‌നി ബിനാലെയുടെ 17 ശതമാനം ചെലവ് സ്റ്റാഫിന്റെ ശമ്പളച്ചെലവും മറ്റുമായിരുന്നു. പരസ്യ- മാര്‍ക്കറ്റിങ് ചെലവ് ഏതാണ്ട് 15 ശതമാനവും. ഈയിനങ്ങളിലും കൊച്ചി ചെലവുചുരുക്കി. ആര്‍ട്ട് ഹാന്‍ഡ്‌ലേഴ്‌സിനുപകരം കലാവിദ്യാര്‍ഥികളും ഫോര്‍ട്ട്‌കൊച്ചിയിലെ തൊഴിലാളികളുമാണ് കൊച്ചിയില്‍ ഇന്‍സ്റ്റലേഷന്‍ പണികള്‍ ചെയ്തത്. ഇതേക്കുറിച്ചുമാത്രം ബി.ബി.സി.യുടെ ഒരു ഡോക്യുമെന്ററിയുണ്ടെന്ന് ക്യുറേറ്റര്‍ റിയാസ് കോമു പറഞ്ഞു. ഇപ്പോള്‍ നൂറില്‍ത്താഴെ ആളുകളേയുള്ളൂ.

എല്ലാ രാജ്യങ്ങളിലും ബിനാലെയുടെ സംഘാടനത്തിന്റെ നല്ലപങ്ക് ചെലവും സര്‍ക്കാറാണ് വഹിക്കുക. സിഡ്‌നിയില്‍ 43 ശതമാനമാണ് സര്‍ക്കാര്‍ നല്‍കിയത്. 25 ശതമാനം കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍ഷിപ്പും. ബാക്കി സംഭാവനയാണ്. കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സര്‍ക്കാര്‍സംഭാവന അഞ്ചുകോടിയാണ്. വിവാദങ്ങള്‍ കൊഴുത്തതുമൂലം സ്‌പോണ്‍സര്‍മാര്‍ പലരും പിന്‍വാങ്ങി. ഇതാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണം. പ്രവേശനഫീസ് ഈടാക്കിയാണ് ഇപ്പോള്‍ ദൈനംദിനചെലവുകള്‍ നടത്തുന്നത്. അടുത്തൊരു ഗഡു സര്‍ക്കാര്‍ സഹായം കൂടിയി ല്ലാതെ ഇനിയുള്ള പ്രദര്‍ശനം മുന്നോട്ടുകൊണ്ടുപോവുക ശ്രമകരമായിരിക്കും.

സര്‍ക്കാര്‍ എന്തിന് ബിനാലെപോലുള്ള കലാസംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കണം? എന്താണ് ഇതുവഴി കേരളത്തിനുള്ള നേട്ടം? കൊച്ചി-മുസിരിസ് ബിനാലെയുടെ കലാപരമായ മൂല്യവും സംഭാവനയും അനുപമമായ ശൈലിയില്‍ എന്‍.എസ്. മാധവന്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനപ്രക്രിയയില്‍ ബിനാലെയുടെ പങ്കാണ് ഞാന്‍ പരിശോധിക്കുന്നത്. ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ബിനാലെയ്ക്ക് സാമ്പത്തികസഹായം നല്‍കാന്‍ ഞാന്‍ എന്തുകൊണ്ട് മുന്‍കൈയെടുത്തു എന്ന് പലരും ചോദിക്കുന്നു. ഇതേക്കുറിച്ച് ഒരു വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ടത്രേ.

മഹാനഗരമായുള്ള കൊച്ചിയുടെ വളര്‍ച്ച കേരള സമ്പദ്ഘടനയിലെ പ്രധാന സംഭവമാണ്. കേരളം വളര്‍ന്നത് മഹാനഗരങ്ങളെ ആസ്പദമാക്കിയല്ല. നഗര-ഗ്രാമ അന്തരം ഏറ്റവും കുറവ് കേരളത്തിലാണ്. ചെറുപട്ടണങ്ങളുടെ ശൃംഖലയാണ് നമ്മുടെ പ്രത്യേകത. ഇതാണ് അഭികാമ്യമെന്ന് വ്യക്തിപരമായി കരുതുന്നെങ്കിലും മഹാനഗരമായുള്ള കൊച്ചിയുടെ അതിവേഗവളര്‍ച്ച യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ വികസനത്തിന് ഈ പ്രതിഭാസത്തെ എങ്ങനെ വളര്‍ച്ചാധ്രുവമായി പ്രയോജനപ്പെടുത്താം? ഒരു പ്രായോഗിക വികസനനയപ്രശ്‌നമാണ് ഈ ചോദ്യം.

അതിരുകവിഞ്ഞ കേന്ദ്രീകരണം ഒഴിവാക്കുന്നതിന് സമീപജില്ലകളിലും ഉപഗ്രഹനഗരങ്ങള്‍ വളര്‍ത്തിയെടുക്കണം. നഗരത്തിലെ ഭൗതികപശ്ചാത്തല സൗകര്യങ്ങള്‍ ആധുനികീകരിക്കുകയും വിപുലപ്പെടുത്തുകയും വേണം.

ഭൗതിക പശ്ചാത്തലസൗകര്യം മാത്രമല്ല, മഹാനഗരത്തിന്റെ സാംസ്‌കാരിക പശ്ചാത്തലസൗകര്യങ്ങളും പ്രധാനമാണ്. കേരളത്തിന്റെ സാംസ്‌കാരികചിത്രത്തില്‍ കോഴിക്കോടും തൃശ്ശൂരും തിരുവനന്തപുരവുമൊക്കെ കഴിഞ്ഞേ കൊച്ചിക്ക് സ്ഥാനമുള്ളൂ. മഹാനഗരത്തിന്റെ വികസനസാധ്യതകള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ഈ സ്ഥിതി മാറണം. ലോകപ്രശസ്തമായ ഏതുനഗരത്തിന്റെയും സമ്പത്താണ് പ്രസിദ്ധങ്ങളായ കളിസ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, നാടക-സംഗീതശാലകള്‍, ഫിലിം ഫെസ്റ്റിവെല്‍ എന്നിവ. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കും കലാപ്രദര്‍ശനത്തിനുമെല്ലാം നഗരങ്ങള്‍ തമ്മില്‍ നടക്കുന്ന അന്താരാഷ്ട്ര പിടിവലിയുടെ കാരണമിതാണ്.

ഇവിടെയാണ് കൊച്ചി ബിനാലെയുടെ പ്രസക്തി. സര്‍ക്കാര്‍ നല്‍കിയ അഞ്ചുകോടി രൂപയില്‍ ഏതാണ്ട് മൂന്നരക്കോടി രൂപയുടെ ആസ്തി ഡര്‍ബാര്‍ഹാളിന്റെ നവീകരണത്തിലൂടെ സൃഷ്ടിക്കപ്പെട്ടു. ബാക്കി ഒന്നരക്കോടി രൂപയുടെ എത്രയോ മടങ്ങ് നേട്ടം കേരളത്തിലെ ടൂറിസത്തിനുണ്ടായിട്ടുണ്ട്. ഏതുകണക്കിലായാലും സര്‍ക്കാറിന്റെ സംഭാവന നഷ്ടമല്ല.

അഞ്ചുലക്ഷം പേരെങ്കിലും ബിനാലെ സന്ദര്‍ശിക്കും. അതില്‍ 20 ശതമാനമെങ്കിലും വിദേശികളായിരിക്കും. 2008-ലെ ലിവര്‍പൂള്‍ ബിനാലെയെക്കുറിച്ചുള്ള പഠനം തെളിയിക്കുന്നത് 25 ലക്ഷം സന്ദര്‍ശകരാത്രികള്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ഉണ്ടായി എന്നാണ്. ബിനാലെയ്ക്ക് മുടക്കിയതിന്റെ അഞ്ച്-പത്ത് മടങ്ങ് അധിക ടൂറിസം വരുമാനം ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാമൂഹിക നേട്ട-കോട്ട വിശ്ലേഷണം ബിനാലെയ്ക്ക് സര്‍ക്കാര്‍ മുടക്കുന്ന പണത്തെ പൂര്‍ണമായും ന്യായീകരിക്കും.

ബിനാലെ സ്ഥിരംസംവിധാനമാകുന്നതോടെ ലോക സാംസ്‌കാരിക ടൂറിസംമാപ്പില്‍ കൊച്ചിയുടെ പേരും പതിയും. കൊച്ചി-മുസിരിസ് ബിനാലെ എന്ന പേരിട്ടതുതന്നെ ഈ ലക്ഷ്യത്തോടെയാണ്. മുസിരിസ് പട്ടണം പ്രളയത്തില്‍ മുങ്ങി കാലത്തില്‍ അലിഞ്ഞപ്പോഴാണല്ലോ കൊച്ചി ഉയര്‍ന്നുവന്നത്. തുറമുഖ പട്ടണം, അതിന്റെ പുരാവൃത്തം, ആഗോളീകരണം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ കൊച്ചിയിലെ കലാപ്രദര്‍ശനത്തിന്റെ ഇഷ്ടവിഷയമാണ് എന്ന് പ്രദര്‍ശനംകാണുന്ന ആര്‍ക്കും ബോധ്യപ്പെടും.

ഫോര്‍ട്ട്‌കൊച്ചി മുഖ്യവേദിയായതോടെ പ്രതിപാദ്യവിഷയത്തില്‍ ബിനാലെ ലക്ഷ്യംകണ്ടു. പൗരാണിക പൈതൃകം മികച്ചരീതിയില്‍ ഫോര്‍ട്ട്‌കൊച്ചി സംരക്ഷിക്കുന്നുണ്ട്. ഇവിടത്തെ വാസ്തുശില്പ പൈതൃക സംരക്ഷണത്തിന് യുനെസ്‌കോതന്നെ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിനായി എന്റെ അവസാനബജറ്റില്‍ പത്തുകോടി രൂപയും അനുവദിച്ചു. പക്ഷേ, ആ തുക ഇതുവരെ കൈമാറിയിട്ടില്ല. അക്ഷന്തവ്യമാണ് ഈ അമാന്തം. കേരളത്തിന്റെ സാംസ്‌കാരികടൂറിസത്തിന് ഒരു വഴിത്തിരിവാകുന്നതാണ് യുനെസ്‌കോയുമായുള്ള സഹകരണം.

ക്ലീഷേയായി മാറിക്കഴിഞ്ഞ 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന ബ്രാന്‍ഡിന് പുതിയ ചൈതന്യം നല്‍കണം. മുസിരിസ് പൈതൃകസംരക്ഷണപദ്ധതിയില്‍ ഇതിന് മാര്‍ഗമുണ്ട്. പെരിയാര്‍ അഴിമുഖത്ത് കൊടുങ്ങല്ലൂര്‍, പറവൂര്‍ പ്രദേശത്ത് എവിടെയോ ആയിരുന്നു മുസിരിസ്. ഇപ്പോള്‍ ഖനനംനടക്കുന്ന പട്ടണം, ജൂതസങ്കേതങ്ങള്‍, സെന്റ് തോമസ് തീര്‍ഥാടനകേന്ദ്രം, ചേരമാന്‍പറമ്പ്, ആദ്യത്തെ മുസ്‌ലിംപള്ളി, പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് കോട്ടകള്‍, മധ്യകാല കോവിലകങ്ങള്‍, അബ്ദുറഹിമാന്‍ സാഹിബ്, കേസരി ബാലകൃഷ്ണപ്പിള്ള, കേശവദേവ് തുടങ്ങിയവരുടെ വീടുകള്‍ എന്നിങ്ങനെ കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലുമായി 2500 വര്‍ഷത്തെ ചരിത്രസ്മരണകളാണ് ഇരമ്പുന്നത്. ഇവയെ കൂട്ടിയിണക്കുന്ന പൈതൃകപദ്ധതിയെ 'ചരിത്രത്തിലൂടെയുള്ള ഒരു നടത്തം' എന്നാണ് എന്റെ ബജറ്റില്‍ വിശേഷിപ്പിച്ചത്. ഈ സ്മാരകങ്ങളിലേക്കെല്ലാം ജലമാര്‍ഗമുണ്ട് എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. സാംസ്‌കാരികടൂറിസം എന്ന വാക്കിന്റെ നിഴലാണ് സാംസ്‌കാരിക മലിനീകരണത്തെക്കുറിച്ചുള്ള അശുഭചിന്തകള്‍. പക്ഷേ, മുസിരിസ് പൈതൃകപദ്ധതി തികച്ചും വ്യത്യസ്തമായ മാതൃകയാണ്.

മുസിരിസ് പദ്ധതി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ 55 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഡച്ച്, പോര്‍ച്ചുഗീസ് അംബാസഡര്‍മാരും നെതര്‍ലാന്‍ഡ്‌സില്‍നിന്ന് ഒരു ടീമും മുസിരിസ് പ്രോജക്ട് ചര്‍ച്ചചെയ്യാനെത്തി. യുനെസ്‌കോയുടെ മുന്‍കൈയിലും ചര്‍ച്ചനടന്നു. വിദേശ എംബസികളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. 15 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് മ്യൂസിയവും പട്ടണം ഗവേഷണത്തില്‍ കേരള ചരിത്രഗവേഷണ കൗണ്‍സിലിനോട് സഹകരിക്കുന്നുണ്ട്. ഇറ്റാലിയന്‍ സര്‍ക്കാറിനും ഖനനത്തില്‍ വലിയ താത്പര്യമുണ്ട്.

പ്രസിദ്ധമായ സില്‍ക്‌റൂട്ടിന്റെ മാതൃകയില്‍ മുപ്പതോളം രാജ്യങ്ങളെ ബന്ധപ്പെടുത്തി മുസിരിസ് കേന്ദ്രമാക്കി ഒരു സ്‌പൈസസ് റൂട്ടിന് യുനെസ്‌കോ മുന്‍കൈയെടുത്തിട്ടുണ്ട്. കിഴക്കും പടിഞ്ഞാറും രാജ്യങ്ങളിലെ സാംസ്‌കാരിക-സാമ്പത്തിക വിനിമയങ്ങളുടെ സംയോജനകേന്ദ്രമായി മുസിരിസ് അംഗീകരിക്കപ്പെടുന്നതോടെ കേരളത്തിലെ ടൂറിസത്തിന്റെ മുഖച്ഛായ മാറും.

2012-ല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ ലോകത്തെ 45 സന്ദര്‍ശനകേന്ദ്രങ്ങളുടെ പട്ടികയില്‍ മുസിരിസുമുണ്ട്. കൊച്ചി ബിനാലെയ്ക്ക് എത്തുന്നവര്‍ മുസിരിസ് സന്ദര്‍ശിക്കാതെ മടങ്ങരുതെന്നും ന്യൂയോര്‍ക്ക് ടൈംസ് എഴുതി. പക്ഷേ, ബിനാലെ തന്നെ വിവാദത്തിലായി. മുസിരിസില്‍ വരുന്നവര്‍ക്ക് കാണാന്‍ ഒരു മ്യൂസിയംപോലും ഒരുക്കിയിട്ടില്ല. ജലമാര്‍ഗം ഇപ്പോഴും കടലാസില്‍മാത്രം. എല്ലാം പാതിവഴിയിലാണ്. എങ്കിലും കേരളത്തിന്റെ ടൂറിസം ഭാവിയെക്കുറിച്ച് വലിയൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. കൊച്ചി- മുസിരിസ് ബിനാലെയ്ക്കും അതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...