Thursday, February 7, 2013

സാമ്പത്തിക പ്രതിസന്ധിയും റിസര്‍വ് ബാങ്കും


 റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കും ബാങ്കുകളുടെ കരുതല്‍ ശേഖരം കുറച്ചതുമാണ് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സംഭവവികാസം. ഈ നടപടിയുടെ ഫലമായി ബാങ്കുവായ്പയുടെ പലിശ കുറയുമെന്നും സാമ്പത്തികമാന്ദ്യത്തില്‍ നിന്നു കരകയറാന്‍ ഇന്ത്യയെ സഹായിക്കുമെന്നുമാണ് പൊതുവില്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍. എഡിറ്റോറിയലടക്കം മൂന്നു പ്രധാന വാര്‍ത്തകള്‍ നല്‍കിയാണ് റിസര്‍വ് ബാങ്ക് നടപടി മനോരമ ആഘോഷിച്ചത്. റിസര്‍വ് ബാങ്ക് പ്രതീക്ഷ നിറവേറ്റി എന്നാണ് മനോരമയുടെ വിലയിരുത്തല്‍.

റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന റിപ്പോര്‍ട്ടില്‍ നിന്ന് ആദ്യം വ്യക്തമാകുന്ന കാര്യം കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന സാമ്പത്തികവളര്‍ച്ചാനിരക്കിലേക്ക് ഇന്ത്യ വീണിരിക്കുന്നു എന്നതാണ്. 2012-13ന്റെ ആദ്യമൂന്നു മാസങ്ങളില്‍ 5.5 ശതമാനം വളര്‍ന്ന സമ്പദ്ഘടന പിന്നീടുളള മൂന്നു മാസങ്ങളില്‍ (ജൂലൈ - സെപ്തംബര്‍) 5.3 ശതമാനമേ വളര്‍ന്നുളളൂ. കഴിഞ്ഞവര്‍ഷം ജൂലൈ - സെപ്തംബര്‍ മാസങ്ങളില്‍ 6.7 ശതമാനമായിരുന്നു സാമ്പത്തികവളര്‍ച്ച. വ്യവസായവളര്‍ച്ചയിലാണ് ഏറ്റവും ഇടിവുണ്ടായത്. 2012ല്‍ വ്യവസായ വളര്‍ച്ച ഏതാണ്ട് പൂജ്യം ആണ് എന്നതാണ് സ്ഥിതി.

ഇത്ര രൂക്ഷമായ സാമ്പത്തികമുരടിപ്പിനിടയിലും കഴിഞ്ഞ ഒമ്പതുമാസം പലിശനിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിക്കുകയായിരുന്നു. എല്ലാ വ്യവസായസംഘടനകളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വിലക്കയറ്റം രൂക്ഷമാകുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ ന്യായം. ഇപ്പോള്‍ വിലക്കയറ്റം കുറഞ്ഞിരിക്കുന്നു, ഇനിയും കുറയാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് കാല്‍ശതമാനം പലിശനിരക്ക് കുറയ്ക്കാം എന്നതാണ് റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ നിലപാട്.

വിലക്കയറ്റത്തെക്കുറിച്ചുളള റിസര്‍വ് ബാങ്കിന്റെ ഈ നിലപാട് എത്രത്തോളം ശരിയാണ് എന്നു നോക്കാം. മൊത്തവില സൂചിക കുറഞ്ഞിട്ടുണ്ട്. ഡിസംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.18 ശതമാനമേ വര്‍ദ്ധനയുണ്ടായിട്ടുളളൂ. പക്ഷേ, ഉപഭോക്തൃ വിലസൂചിക ഒക്ടോബറില്‍ 9.5 ശതമാനമായിരുന്നു. നവംബറില്‍ അത് 9.9 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ 10.56 ശതമാനമായി പുതിയ റെക്കോര്‍ഡിട്ടു. ഡീസല്‍ വിലയില്‍ ഇനി മാസംതോറുമുളള വര്‍ദ്ധന കൂടി കണക്കിലെടുത്താല്‍ വിലക്കയറ്റം കുറയാന്‍ പോകുന്നില്ല. എങ്കിലും റിസര്‍വ് ബാങ്ക് മറ്റു വാണിജ്യ ബാങ്കുകള്‍ക്കു വായ്പനല്‍കുന്ന പലിശ നിരക്ക്, അതായത് റിപ്പോ നിരക്ക് - കുറയ്ക്കാനെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്.

സാമ്പത്തികമാന്ദ്യം പത്തുവര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും കാല്‍ശതമാനമേ പലിശനിരക്കു കുറയ്ക്കാന്‍ തയ്യാറായിട്ടുളളൂ. ഈ ചെറിയ മാറ്റം തികച്ചും അപര്യാപ്തമാണ്. എന്നു മാത്രമല്ല, ഈ പലിശയിടിവിന്റെ എത്ര ഭാഗം ഉപഭോക്താക്കള്‍ക്കു വാണിജ്യബാങ്കുകള്‍ കൈമാറുമെന്നത് കാത്തിരുന്നു കാണണം. വിലക്കയറ്റത്തെക്കാളും മാന്ദ്യത്തെക്കാളും യഥാര്‍ത്ഥത്തില്‍ ഗൗരവമായ പ്രശ്നം ഇന്ത്യയുടെ വിദേശവിനിമയ മേഖലയില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധിയാണ്. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ വര്‍ദ്ധിച്ചുവരുന്ന അടവുശിഷ്ട കമ്മിയെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നു. അടവുശിഷ്ട കമ്മി ജൂലൈ - സെപ്തംബര്‍ പാദത്തില്‍ ദേശീയവരുമാനത്തിന്റെ 5.4 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഈ കമ്മി നികത്തുന്നതിന് കൂടുതല്‍ വിദേശവായ്പയെയോ വിദേശ നിക്ഷേപത്തെയോ ആശ്രയിക്കാന്‍ രാജ്യം നിര്‍ബന്ധിതമായിത്തീരും.

ആവശ്യമായ തോതില്‍ വിദേശവായ്പയോ നിക്ഷേപമോ ലഭ്യമായില്ലെങ്കില്‍ ഇന്ത്യയുടെ വിദേശനാണയശേഖരത്തില്‍ നിന്നെടുത്ത് കമ്മി നികത്തേണ്ടിവരും. ഇത്തരത്തില്‍ വിദേശനാണയ ശേഖരം നിരന്തരമായി കുറഞ്ഞാല്‍ വിദേശനിക്ഷേപകര്‍ക്കു ഭയമാകും. ഇന്ത്യയുടെ വിദേശനാണയശേഖരം കാലിയായി തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാതെ പോയാലോ? ഇത്തരമൊരു ഭയപ്പാടു വന്നാല്‍ എത്രയും പെട്ടെന്ന് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാനാവും അവരുടെ ശ്രമം. ഇന്ത്യയുടെ വിദേശനാണയശേഖരത്തില്‍ നല്ലൊരു പങ്ക് ഇത്തരത്തില്‍ പെട്ടെന്നു പിന്‍വലിക്കാവുന്ന ഹ്രസ്വകാല വിദേശവായ്പകളോ ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കാന്‍ വരുന്ന പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളോ ആണ്. ഈ സ്ഥിതിവിശേഷം വളരെ അപകടകരമാണ്.

1991ലെ വിദേശവിനിമയ പ്രതിസന്ധി വീണ്ടും ആവര്‍ത്തിച്ചേക്കാം. 1997ല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായ ധനകാര്യത്തകര്‍ച്ചയിലേക്ക് ഇന്ത്യയും പോയേക്കാം. മേല്‍പറഞ്ഞതാണ് ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന യഥാര്‍ത്ഥ ഭീഷണി. എന്നാല്‍ ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചയും മലയാള മാധ്യമങ്ങളില്‍ നടക്കുന്നില്ല. അടവുശിഷ്ടക്കണക്കെന്നാല്‍ രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി, കയറ്റുമതി സംബന്ധിച്ച കണക്കാണ്. കയറ്റുമതി ഇറക്കുമതിയെക്കാള്‍ കൂടുതലാണെങ്കില്‍ അടവുശിഷ്ടം മിച്ചമായിരിക്കും.

അതേസമയം ഇറക്കുമതി കയറ്റുമതിയേക്കാള്‍ കൂടുതലാണെങ്കില്‍ അടവുശിഷ്ടം കമ്മിയായിരിക്കും. ഇന്ത്യയുടെ അടവുശിഷ്ടകമ്മി കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. എന്താണിതിനു കാരണം? അടവുശിഷ്ടകമ്മിയില്‍ രണ്ടിനം വ്യാപാരങ്ങളുണ്ട്. ചരക്കുകളുടെ വ്യാപാരവും സേവനങ്ങളുടെ വ്യാപാരവും. ഇതില്‍ ഗതാഗതം, വാര്‍ത്താവിനിമയം, സോഫ്റ്റ്വെയര്‍ എന്നിവയില്‍ നിന്നുളള വരുമാനവും വിദേശ ഇന്ത്യാക്കാര്‍ അയയ്ക്കുന്ന പണവും സേവനവ്യാപാരത്തിലാണ് ഉള്‍പ്പെടുത്തുക.

ഈ മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ മിച്ചമാണുളളത്. ഇതിനു മുഖ്യകാരണം ഗള്‍ഫിലും മറ്റും പണിയെടുക്കുന്നവര്‍ വര്‍ഷം തോറും അയയ്ക്കുന്ന ഭീമമായ തുകയാണ്. അതേസമയം, ചരക്കുകളുടെ വ്യാപാരത്തില്‍ ഇന്ത്യ ഒരുകാലത്തും മിച്ചമായിട്ടില്ല. കയറ്റുമതി ചെയ്യുന്ന ചരക്കുകളെക്കാള്‍ കൂടുതല്‍ എക്കാലത്തും ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിനെയാണ് വ്യാപാരക്കമ്മി എന്നു വിളിക്കുക. ഇന്ത്യയുടെ വ്യാപാരക്കമ്മി സമീപകാലത്ത് കുത്തനെ ഉയര്‍ന്നതാണ് പ്രശ്നം.

അമേരിക്ക, യൂറോപ്പ് തുടങ്ങി വികസിതരാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയില്‍നിന്നുളള കയറ്റുമതി കുറഞ്ഞു. ചൈനയിലേയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേയ്ക്കുമുളള കയറ്റുമതി മാത്രമേ വര്‍ദ്ധിക്കുന്നുളളൂ. അതേസമയം ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നു. ഇതിനുകാരണം വ്യക്തമാണ്. ഇറക്കുമതി ഉദാരവത്കരിച്ചു. ഇന്ത്യന്‍ ഘടനയുടെ ഇറക്കുമതിയിലുളള ആശ്രിതത്വം പരിഷ്കാരങ്ങളുടെ ഫലമായി കൂടി. ഈ യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കുന്നതിനു വേണ്ടിയാണ്, ഇന്ത്യയുടെ ഇറക്കുമതിച്ചെലവു കൂടാന്‍ കാരണം എണ്ണവില വര്‍ദ്ധനയാണ് എന്ന വാദം പലപ്പോഴും ഉന്നയിക്കുന്നത്. യാഥാര്‍ത്ഥ്യം അതല്ല. എണ്ണയുടെ ഇറക്കുമതിച്ചെലവിനെക്കാള്‍ വേഗത്തിലാണ് എണ്ണയേതര സാധനങ്ങളുടെ ഇറക്കുമതിച്ചെലവ് ഉയരുന്നത്.

എന്നാല്‍ ആ ഇറക്കുമതി നിയന്ത്രിക്കാന്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുമില്ല. ഇപ്പോള്‍ അവസാനം സ്വര്‍ണം ഇറക്കുമതിയുടെ മേല്‍ ചുങ്കം ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ഇതുപോലെ യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും ചൈനയടക്കമുളള രാജ്യങ്ങളില്‍നിന്ന് കൃത്രിമമായി വിലകുറച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അവയുടെ മേല്‍പ്പോലും ഏതെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുളള അസന്തുലിതാവസ്ഥ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചുവരികയാണ്. 2012-13ല്‍ ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു. പക്ഷേ, കയറ്റുമതിയ്ക്കുണ്ടായ ഇടിവ് ഇറക്കുമതിയെക്കാള്‍ വളരെ കൂടുതലായിരുന്നു.

ഉദാഹരണത്തിന്, ജൂലൈ - സെപ്തംബര്‍ മാസത്തില്‍ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.2 ശതമാനം കുറഞ്ഞപ്പോള്‍ ഇറക്കുമതി 4.8 ശതമാനമായി കുറഞ്ഞു. ഇതിന്റെ ഫലമായി ഇന്ത്യയുടെ അടവുശിഷ്ടക്കമ്മി 2012 - 13 ആദ്യപാദത്തില്‍ 1640 കോടി ഡോളറായിരുന്നത് രണ്ടാംപാദത്തില്‍ 2230 കോടി ഡോളറായി പെരുകി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ അടവുശിഷ്ടക്കമ്മി 1890 കോടി ഡോളറായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഇന്ത്യയ്ക്കു താങ്ങാവുന്ന അടവുശിഷ്ട കമ്മി ദേശീയവരുമാനത്തിന്റെ 2.5 ശതമാനം മാത്രമാണ്.

ഇതിന്റെ രണ്ടു മടങ്ങാണ് യഥാര്‍ത്ഥ കമ്മി. 2012-13ല്‍ അടവുശിഷ്ടകമ്മി കുറയുമെന്നാണ് കണക്കാക്കിയിരുന്നത്. രണ്ടാംപാദത്തില്‍ 5 ശതമാനത്തില്‍ താഴെയായിരിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷയൊക്കെ തെറ്റിയിരിക്കുന്നു. പലിശനിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്കു ഭയപ്പെടുന്നത് വിലക്കയറ്റം കൊണ്ടു മാത്രമല്ല. അടവുശിഷ്ട കമ്മി വര്‍ദ്ധിക്കുന്നതുകൊണ്ടു കൂടിയാണ്. പലിശ നിരക്കു കുറച്ചതുമൂലം വായ്പയെടുത്തു കൂടുതല്‍ നിക്ഷേപം നടത്തുകയോ സാധനങ്ങള്‍ വാങ്ങുകയോ ചെയ്താല്‍ ഇറക്കുമതി കൂടാം. അടവുശിഷ്ട കമ്മി കൂടുതല്‍ രൂക്ഷമാകും.

ഇതുപോലെതന്നെ സര്‍ക്കാരിന്റെ കമ്മി വെട്ടിക്കുറയ്ക്കണമെന്ന് ശഠിക്കുന്നതും വിലക്കയറ്റത്തെ ഭയപ്പെടുന്നതുകൊണ്ടു മാത്രമല്ല. സര്‍ക്കാരിന്റെ കമ്മി കൂടിയാല്‍ കൂടുതല്‍ പണം ആളുകളുടെ കൈവശമെത്തിച്ചേരും. അവര്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയാല്‍ അത് ഇറക്കുമതി വര്‍ദ്ധിപ്പിച്ചേക്കാം. ഇതാണ് ഇന്ത്യയിലെ നയകര്‍ത്താക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഊരാക്കുടുക്ക്. ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാനാണ് വിദേശ നിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ എന്ത് അടവും മന്‍മോഹന്‍ സിംഗ് സ്വീകരിക്കുന്നത്.

ഏതെങ്കിലും കാരണത്താല്‍ വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ എന്തുസംഭവിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ചൈനയെപ്പോലെ വിദേശവ്യാപാരത്തില്‍ നിന്ന് വലിയ മിച്ചമുണ്ടാക്കി, ആ മിച്ചം ശേഖരിച്ചല്ല ഇന്ത്യയുടെ 30,000 കോടി ഡോളറിന്റെ വിദേശനാണയ ശേഖരം ഉണ്ടാക്കിയിട്ടുളളത്. വിദേശവ്യാപാര മേഖലയില്‍ ഇന്ത്യയ്ക്കെന്നും ഭീമമായ കമ്മി തന്നെയായിരുന്നു. ഇതു നികത്താന്‍ ഒരുകാലത്തും സേവനവ്യാപാരത്തിലെ മിച്ചം കൊണ്ടു കഴിഞ്ഞിട്ടില്ല. ഹൃസ്വകാല നിക്ഷേപങ്ങളില്‍ ഊഹക്കച്ചവടമൂലധനത്തെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടാണ് വ്യാപാരക്കമ്മി നികത്തിക്കൊണ്ടിരുന്നതും വിദേശ നാണയശേഖരം ഊതിവീര്‍പ്പിച്ചുകൊണ്ടിരുന്നത്. ഈ കുമിള എപ്പോള്‍ വേണമെങ്കിലും പൊട്ടാം.

ഇന്ത്യയിലേയ്ക്ക് പണം കൊണ്ടുവരുന്ന വിദേശനിക്ഷേപകര്‍ വലിയ തോതില്‍ നികുതി വെട്ടിക്കുന്നുണ്ട്. ഇന്ത്യയുമായി പ്രത്യേക നികുതിക്കരാറുകള്‍ ഉണ്ടാക്കിയിട്ടുളള മൗറീഷ്യസ് പോലുളള രാജ്യങ്ങളില്‍ തങ്ങള്‍ നികുതി നല്‍കിയിട്ടുണ്ട് എന്ന ന്യായമാണ് അവര്‍ പറയുക. ഈ നികുതിവെട്ടിപ്പു തടയുന്നതിനുവേണ്ടി പ്രത്യേക നിയമം രൂപീകരിക്കുമെന്ന് പ്രണബ് മുഖര്‍ജി കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്നു. നിയമത്തിന്റെ കരടും തയ്യാറാക്കി.

പക്ഷേ, ചിദംബരം ധനമന്ത്രിയായപ്പോള്‍ ആദ്യം ചെയ്തത് ഈ പുതിയ നിയമം അടുത്ത മൂന്നുവര്‍ഷത്തേയ്ക്കു നടപ്പാക്കില്ല എന്നു പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നു തങ്ങള്‍ പിന്‍വലിയുമെന്നായിരുന്നു വിദേശനിക്ഷേപകരുടെ ഭീഷണി. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതുകൊണ്ട് ഇന്ത്യയ്ക്കോ ജനങ്ങള്‍ക്കോ ഒരു നേട്ടവുമില്ലെന്ന് വളരെ വ്യക്തമാണ്. എങ്കിലും വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ അതും ചെയ്യാന്‍ തയ്യാറായി.

ധനകാര്യമേഖലയില്‍ അടിയന്തരമായി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് വെട്ടിക്കുറയ്ക്കുമെന്ന് ധനകാര്യ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തി. ഒബാമയും പരസ്യമായി അത് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വീണാലും ഈ നടപടികള്‍ തങ്ങള്‍ സ്വീകരിക്കും എന്നു തെളിയിച്ചുകൊണ്ട് വിദേശനിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ മന്‍മോഹന്‍സിംഗ് എന്തൊരു നിശ്ചയദാര്‍ഢ്യമാണ് കാണിച്ചത്? പ്രത്യക്ഷത്തില്‍ത്തന്നെ ആത്മഹത്യാപരമായ ഈ നടപടികള്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഭരണപ്പാര്‍ട്ടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നത് എന്തുകൊണ്ട് എന്നു മനസിലാക്കണമെങ്കില്‍ ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഭീഷണി, പ്രത്യേകിച്ച് വിദേശവിനിമയ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അടവുശിഷ്ട പ്രതിസന്ധിയെക്കുറിച്ച് ആനുഷംഗികമായ പരാമര്‍ശങ്ങളേ നമ്മുടെ ചര്‍ച്ചകളില്‍ ഉണ്ടാകാറുളളൂ.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...