Tuesday, February 19, 2013

സാമ്പത്തികമാന്ദ്യം: ചിദംബരം എന്തു ചെയ്യും?


     ഇന്ത്യ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന രാജ്യങ്ങളില്‍ ഒന്നായി തുടരുന്നു&ൃറൂൗീ; - 2011-12ല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു. 2011-12ല്‍ സമ്പദ്ഘടന ഏതാണ്ട് 7 ശതമാനം (6.9) വളര്‍ന്നു. നടപ്പുവര്‍ഷത്തില്‍ അത് 7.6 ശതമാനം ഉയരും; 2013-14ല്‍ 8.6 ശതമാനമായിത്തീരും; അങ്ങനെ 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനു മുമ്പുളള വളര്‍ച്ചാവിതാനത്തിലേയ്ക്ക് രാജ്യം വീണ്ടും ഉയരുമെന്ന് അവലോകന റിപ്പോര്‍ട്ട് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.. എന്നാല്‍ 2012-13 ധനകാര്യവര്‍ഷം അവസാനിക്കുമ്പോഴത്തെ നിലയെന്ത്? സമ്പദ്ഘടനയുടെ വളര്‍ച്ച 7.6 ശതമാനത്തിനു പകരം 5 ശതമാനമേ ഉണ്ടാകൂ എന്നാണ് കേന്ദ്ര സ്ഥിതിവിവരക്കണക്കു സംഘടന  കഴിഞ്ഞ ആഴ്ച നടത്തിയ പ്രവചനം. സാമ്പത്തികവളര്‍ച്ചയുടെ ഗതി താഴേയ്ക്കാണെന്നു ധനകാര്യവര്‍ഷം പകുതിയാകുന്നതിനു മുമ്പേ വ്യക്തമായിരുന്നു. എങ്കിലും ഇത്ര താഴുമെന്ന് ആരും കരുതിയില്ല. ഇപ്പോള്‍ ധനമന്ത്രി ചിദംബരം പറയുന്നത് സിഎസ്ഒയ്ക്ക് തെറ്റുപറ്റിയെന്നാണ്.

       5.5 ശതമാനം വളരുംപോലും. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിസംബറിലെ വ്യവസായ ഉല്‍പാദനത്തിന്റെ കണക്കുകള്‍ തികച്ചും നിരാശാജനകമായിരുന്നു. നവംബറിലെ വ്യവസായ ഉല്‍പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേവലമായി കുറഞ്ഞു (-0.8). ഡിസംബറിലും ഇതുതന്നെ സംഭവിച്ചു (-0.6). ഡിസംബറില്‍ നിര്‍മാണവ്യവസായങ്ങള്‍ 0.7 ശതമാനവും മൂലധന ഉല്‍പന്ന വ്യവസായങ്ങള്‍ 0.09 ശതമാവും ഖനികള്‍ 4 ശതമാനവും ചുരുങ്ങി. ഇതൊരു സൂചനയായി എടുക്കാമെങ്കില്‍ ചിദംബരത്തിന്റേതല്ല, സിഎസ്ഒയുടെ പ്രവചനമാണ് ശരിയാകാന്‍ സാധ്യത. എല്ലാവരും ഉറ്റുനോക്കുന്നത് കേന്ദ്രബജറ്റിലേക്കാണ്. റിസര്‍വ് ബാങ്ക് വളര്‍ച്ചയെ കൈയൊഴിഞ്ഞു. പലിശനിരക്ക് നാമമാത്രമായി കുറയ്ക്കാനേ അവര്‍ തയ്യാറായുളളൂ. വിലക്കയറ്റത്തിന്റെ കാര്യം തങ്ങള്‍ നോക്കാം, വളര്‍ച്ചയുടെ കാര്യം ചിദംബരം നോക്കട്ടെ എന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ചിദംബരം എന്തു ചെയ്യും എന്ന് ഊഹിക്കണമെങ്കില്‍ മാന്ദ്യത്തിന്റെ കാരണങ്ങളെക്കുറിച്ച് ഒരു ലഘുവിശകലനം അനിവാര്യമാണ്. സമ്പദ്ഘടനയില്‍ ഉല്‍പാദിപ്പിക്കുന്ന ചരക്കുകള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കുമ്പോഴാണ് മാന്ദ്യം ഉണ്ടാവുക. ചരക്കുകള്‍ വില്‍ക്കാനാവാത്തതു കൊണ്ട് മുതലാളിമാര്‍ ഉല്‍പാദനം കുറയ്ക്കുന്നത് സ്വാഭാവികം. അതുപോലെ, വരള്‍ച്ച, പവര്‍കട്ട്, അസംസ്കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം എന്നിവ മൂലവും ഉല്‍പാദനം കുറയാം. രണ്ടാമതു പറഞ്ഞതാണ് മാന്ദ്യത്തിന് കാരണമെങ്കില്‍ വിലകള്‍ ഉയരും. അധികം താമസിയാതെ ഉല്‍പാദനവും ഉയരും. മാന്ദ്യവും ഇല്ലാതാകും. എന്നാല്‍ ആദ്യം പറഞ്ഞതാണ് മാന്ദ്യത്തിനു കാരണമെങ്കില്‍, അതായത്, ഉണ്ടാക്കിയ ചരക്കുകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഇല്ലാത്തതാണ് പ്രശ്നമെങ്കില്‍, സ്വാഭാവികമായ ഒരു പരിഹാരമില്ല. ആവശ്യം അഥവാ ചോദനം ഉയര്‍ത്തുന്നതിനുളള ഇടപെടല്‍ വേണ്ടിവരും. ഇന്ത്യയിലെ മാന്ദ്യത്തിന്റെ അടിസ്ഥാനകാരണം കമ്പോളത്തിലെ വാങ്ങല്‍ കഴിവില്‍ വന്നിരിക്കുന്ന ഞെരുക്കമാണ്. ഇന്ത്യയിലെ സമ്പദ്ഘടനയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചരക്കുകള്‍ അഞ്ചുതരത്തിലാണ് വിറ്റഴിക്കപ്പെടുക.

    1. ജനങ്ങളുടെ ഉപഭോഗം - സാമ്പത്തിക ഉല്‍പാദനത്തിന്റെ പകുതിയിലേറെ ജനങ്ങളുടെ ഉപഭോഗത്തിനാണ്. ഭക്ഷണസാധനങ്ങള്‍, തുണി, മരുന്ന് തുടങ്ങിയ ഉപഭോഗവസ്തുക്കള്‍ എത്ര ചെലവാകുമെന്നത് ജനങ്ങളുടെ കൈയിലുളള വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. തൊഴിലുറപ്പു പോലുളള ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ ജനങ്ങളുടെ വരുമാനത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെക്കാള്‍ ഏറെ രൂക്ഷമായ വരുമാന ഇടിവ് കാര്‍ഷികത്തകര്‍ച്ച മൂലം ഉണ്ടായിട്ടുണ്ട്. മണ്‍സൂണ്‍ ദുര്‍ബലമായതുകൊണ്ട് വലിയതോതില്‍ കൃഷിനാശമുണ്ടായിട്ടുണ്ട്. രണ്ടാംവിളയുടെ ഉല്‍പാദനവും കുറഞ്ഞു. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നില്ല. ഇതെല്ലാം മൂലം ജനങ്ങളുടെ വാങ്ങല്‍കഴിവ് ഇടിഞ്ഞിരിക്കുകയാണ്. ഇതിനു പ്രതിവിധിയെന്താണ്? ജനങ്ങള്‍ക്കുളള ക്ഷേമസഹായ പരിപാടികള്‍ വിപുലപ്പെടുത്തുക എന്നുളളതാണ്. എന്നാല്‍ സബ്സിഡിയും മറ്റും വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സബ്സിഡി ഉയരുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കമ്മി ഉയരുന്നു എന്നാണ് ന്യായം. വരള്‍ച്ചയുടെ വര്‍ഷമായിട്ടും തൊഴിലുറപ്പു പദ്ധതിയ്ക്ക് കഴിഞ്ഞവര്‍ഷം വകയിരുത്തിയ അത്രതന്നെ പണമേ ഈ വര്‍ഷവുമുള്ളൂ. ഭാവിയിലും ചിദംബരത്തിന്റെ ബജറ്റുനയം ഇതുതന്നെയായിരിക്കും എന്നതിനു സംശയം വേണ്ട.പ്ലാനിംഗ് കമ്മിഷനെപ്പോലെ ചിദംബരത്തിനും തൊഴിലുറപ്പു പദ്ധതിയില്‍ വിശ്വാസമില്ല.

    2. പണക്കാരുടെ ആഡംബര ഉപഭോഗം - ആഗോളവത്കരണ കാലഘട്ടത്തിന്റെ പ്രത്യേകത ഏതാണ്ട് 20 ശതമാനം വരുന്ന ജനങ്ങളുടെ വരുമാനം ഗണ്യമായി ഉയരുന്നു എന്നതാണ്. ഇവരുടെ വാങ്ങല്‍ കഴിവിലുണ്ടായ വര്‍ദ്ധന കാര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയ ആഡംബര ഉപഭോഗ വസ്തു വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ കാണാം. മാന്ദ്യം പണക്കാരുടെ വരുമാനത്തില്‍ ഇടിവൊന്നും സൃഷ്ടിച്ചിട്ടില്ല. മാന്ദ്യകാലത്തും ലാഭവിഹിതം ഉയര്‍ന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും ഇവര്‍ വാങ്ങിക്കൂട്ടുന്നതിന് ഒരു പരിധിയില്ലേ. അതുകൊണ്ട് ഈ ആഡംബര ഉപഭോഗവസ്തുക്കളുടെ ഉല്‍പാദനത്തില്‍ മുന്‍കാലത്തെപ്പോലെ വര്‍ദ്ധന ഇപ്പോഴുണ്ടാകുന്നില്ല. ഈ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില്‍പനയെ സഹായിക്കാന്‍ 2008ലെ മാന്ദ്യകാലത്ത് എക്സൈസ് നികുതിയില്‍ വലിയതോതില്‍ ഇളവു നല്‍കിയിരുന്നു. ഇതുപോലൊരു സമീപനം ഇപ്പോള്‍ സ്വീകരിക്കാന്‍ ചിദംബരം തയ്യാറാകുമോ എന്നു സംശയമാണ്. കാരണം ഇത് സര്‍ക്കാരിന്റെ കമ്മി വര്‍ദ്ധിപ്പിക്കും.

    3. കയറ്റുമതി - ആഗോളവത്കരണ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ പ്രധാനയുക്തി അവ ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നതാണ്. വ്യവസായ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു വാങ്ങാന്‍ കഴിഞ്ഞില്ലെങ്കിലെന്ത്? വിദേശത്തെ പണക്കാര്‍ വാങ്ങിയാലും മതിയല്ലോ. ഇന്ത്യയുടെ കയറ്റുമതിയില്‍ ശ്രദ്ധേയമായ വര്‍ദ്ധനയുണ്ടായി. പക്ഷേ, ഇറക്കുമതി അതിനെക്കാള്‍ വേഗത്തിലാണ് ഉയര്‍ന്നത്. ഇതിന്റെ ഫലമായി ഇന്ത്യയുടെ വ്യാപാരക്കമ്മി ഒരു സര്‍വകാല റെക്കോഡിലെത്തിയിരിക്കുന്നു. വ്യാപാരക്കമ്മി ദേശീയ വരുമാനത്തിന്റെ 2.5 ശതമാനത്തിലേറെ വരാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്കു പറയുന്നത്. എന്നാല്‍ ഇപ്പോഴത് 5.4 ശതമാനമാണ്. വ്യാപാരക്കമ്മി വര്‍ദ്ധിച്ചതിനു കാരണം ഇറക്കുമതി കൂടിയതു മാത്രമല്ല. കയറ്റുമതി കുറഞ്ഞതുമാണ്. 2012-13 ധനകാര്യവര്‍ഷത്തെ ആദ്യത്തെ 10 മാസത്തെ കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.86 ശതമാനം കയറ്റുമതി കുറഞ്ഞിരിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സാമ്പത്തികമാന്ദ്യം മൂലം ആ രാജ്യങ്ങളിലേക്കുളള കയറ്റുമതിയാണ് ഏറ്റവും ഗണ്യമായി കുറഞ്ഞിരിക്കുന്നത്. ചൈനയുമായുളള വ്യാപാരവും മുരടിപ്പിലാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുളള കയറ്റുമതി മാത്രമാണ് വര്‍ദ്ധിച്ചിട്ടുളളത്. ഈ കാലയളവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 20 ശതമാനം കുറഞ്ഞു എന്നോര്‍ക്കണം. രൂപയുടെ മൂല്യം കുറയുമ്പോള്‍ വിദേശീയര്‍ക്കു നമ്മുടെ രാജ്യത്തു നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അഭിനിവേശം കൂടേണ്ടതാണ്. പക്ഷേ, നേരെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. അത്രയ്ക്കേറെ രൂക്ഷമാണ് ആഗോളമാന്ദ്യം. വരുംവര്‍ഷവും ഈ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ട് കയറ്റുമതി പ്രോത്സാഹനത്തിന് ചില നടപടികളെടുക്കാന്‍ ചിദംബരം ബാധ്യസ്ഥനാണ്.

    4. സര്‍ക്കാരിന്റെ ചെലവ് - കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ മൊത്തം ചെലവ് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 30 ശതമാനത്തോളം വരും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ പണം ചെലവാക്കിയാല്‍ കമ്പോളത്തിലെ വാങ്ങല്‍ക്കഴിവ് ഉയരും. മാന്ദ്യം ഇല്ലാതാകും. ഇതാണ് കെയിന്‍സ് പറഞ്ഞത്. പക്ഷേ, ഇത്തരമൊരു നടപടി ചിദംബരം സ്വീകരിക്കാന്‍ പോകുന്നില്ല. കാരണം കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കമ്മി 2012-13ല്‍ 5.1 ശതമാനം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 5.3 ശതമാനമെങ്കിലും വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. കമ്മി ഇനിയും കൂടിയാല്‍ വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. അതിലുപരി കമ്മി കുറയ്ക്കണമെന്നാണ് അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനവും അവരുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളും ലോകബാങ്കു പോലുളള ധനകാര്യസ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. അവരെ അപ്രീതിപ്പെടുത്തുന്ന ഒരു നടപടിക്കും ചിദംബരം തയ്യാറാവുകയില്ല. അതുകൊണ്ട് 2013-14ലെ ബജറ്റില്‍ കമ്മി കുറയ്ക്കുന്നതിനായിരിക്കും ഏറ്റവും വലിയ ശ്രദ്ധ ചെലുത്തുക. കമ്മി 4.8 ശതമാനമായിട്ടെങ്കിലും കുറയ്ക്കാനായിരിക്കും ചിദംബരത്തിന്റെ പരിശ്രമം. ഇതിന് ഏതൊക്കെ സബ്സിഡികളും ചെലവുകളുമാണ് വെട്ടിക്കുറയ്ക്കുക എന്നത് കാത്തിരുന്നു കാണാം. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ജനവിരുദ്ധ നിലപാടു സ്വീകരിക്കേണ്ട ആവശ്യമില്ല.

     കമ്മി കുറയ്ക്കുന്നതിനുളള ലളിതമായ മാര്‍ഗം വരുമാനം ഉയര്‍ത്തുക എന്നുളളതാണ്. 2012-13ലെ അനുഭവമെടുക്കുക. ആദ്യത്തെ എട്ടുമാസത്തെ ബജറ്റ് കണക്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ബജറ്റില്‍ വകയിരുത്തിയ 5.1 ശതമാനം കമ്മിയുടെ 80.4 ശതമാനം ആദ്യത്തെ എട്ടു മാസം കൊണ്ടുതന്നെ സംഭവിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് യഥാര്‍ത്ഥ കമ്മി ബജറ്റില്‍ വകയിരുത്തിയതിനെ അധികരിക്കുമെന്നു പറഞ്ഞത്. പക്ഷേ, ഈ സ്ഥിതിവിശേഷത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതല്ല. ആദ്യത്തെ എട്ടു മാസം കൊണ്ട് ബജറ്റ് വിലയിരുത്തലിന്റെ 58 ശതമാനമേ ചെലവഴിച്ചിട്ടുളളൂ. അതേസമയം, ബജറ്റില്‍ വകയിരുത്തിയ വരുമാനത്തിന്റെ 46 ശതമാനമേ ലഭിച്ചിട്ടുളളൂ. നികുതി വരുമാനത്തില്‍ വന്ന കുറവു മാത്രമല്ല, ഓഹരിവില്‍പനയും മറ്റും പ്രതീക്ഷിച്ചതുപോലെ നടത്താനും കഴിഞ്ഞിട്ടില്ല. ഓഹരിവില്‍പന തന്നെയായിരിക്കും വരാന്‍പോകുന്ന ബജറ്റിലും കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനവര്‍ദ്ധന മാര്‍ഗം.

      പണക്കാരില്‍ നിന്ന് കൂടുതല്‍ നികുതിപിരിക്കുന്നതിന് എന്തെങ്കിലും നടപടി പ്രതീക്ഷിക്കാന്‍ വയ്യ. അഞ്ചുലക്ഷം കോടിയുടെ നികുതി ഇളവുകളാണ് യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും മറ്റും നല്‍കിയിട്ടുളളത്. ഇതിലൊരു ഭാഗം വേണ്ടെന്നു വെയ്ക്കുകയും അഴിമതി കുറയ്ക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ കമ്മി ഗണ്യമായി കുറയ്ക്കാനാവും. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവു കുറയ്ക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതും ഒഴിവാക്കാനാകും. എന്നാല്‍ മുതലാളിമാരെ കൂടുതല്‍ പ്രീതിപ്പെടുത്താനാവും ചിദംബരം ശ്രമിക്കുക. 5. മുതലാളിമാരുടെ നിക്ഷേപം - ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്ന് തങ്ങളുടെ ഫാക്ടറികള്‍ക്കുളള യന്ത്രങ്ങളും അസംസ്കൃതവസ്തുക്കളും മറ്റു പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനു വേണ്ടി മുതലാളിമാര്‍ തന്നെയാണ് വാങ്ങുന്നത്. മുതലാളിമാരുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. പലേടത്തും മുടക്കിയ പണം പാതിവഴിക്കു വന്നു നില്‍ക്കുകയാണ്. ഇതിനു കാരണം, മുതലാളിമാരുടെ ഭാവിയെക്കുറിച്ചുളള ശുഭപ്രതീക്ഷ കുറഞ്ഞതാണ്. ലാഭം വര്‍ദ്ധിക്കുമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുണ്ടായാല്‍ മുതല്‍മുടക്കാന്‍ ഇവര്‍ക്ക് അഭിനിവേശം കൂടും. അല്ലെങ്കിലോ മുതല്‍മുടക്കാന്‍ അവര്‍ മടിക്കും. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) നടത്തിയ സര്‍വെ പ്രകാരം ഇന്ത്യയിലെ മുതലാളിമാരില്‍ മഹാഭൂരിപക്ഷവും 2013-14ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 5.5 മുതല്‍ 6 ശതമാനം വരെ മാത്രമേ വളര്‍ച്ച കൈവരിക്കൂ എന്ന അഭിപ്രായക്കാരാണ്. ഈ സംഘടന പുറത്തിറക്കുന്ന ബിസിനസ് ആത്മവിശ്വാസ സൂചിക 2011-12നെ അപേക്ഷിച്ച് 5 ശതമാനം താഴ്ന്നിരിക്കുകയാണ്. 51 ശതമാനം വ്യവസായികളും ആഭ്യന്തര നിക്ഷേപം അടുത്ത വര്‍ഷവും വര്‍ദ്ധിക്കുകയില്ല എന്ന അഭിപ്രായക്കാരാണ്. ഇത് നാടന്‍ മുതലാളിമാരുടെ അഭിപ്രായം മാത്രമല്ല. വിദേശ മുതലാളിമാരുടെ ആശങ്ക വളരെ പ്രകടമാണ്. 2012-13ല്‍ ഇതുവരെ ലഭ്യമായ കണക്കുപ്രകാരം ഇന്ത്യയിലേയ്ക്കു വന്ന വിദേശ നിക്ഷേപത്തിന്റെ ഏതാണ്ട് 30 ശതമാനം വരുന്ന തുക ഇന്ത്യയില്‍ നിന്നും പുറത്തേയ്ക്കു കൊണ്ടുപോയി എന്നാണ് കാണിക്കുന്നത്.

    മൂന്നുവര്‍ഷം മുമ്പുവരെ ഇത്തരത്തില്‍ വിദേശ മുതലാളിമാര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നത് താരതമ്യേനെ വളരെ ചെറുതായിരുന്നു. ഇതിപ്പോള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പലപ്പോഴും കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിച്ചുവരുന്ന വിദേശ നിക്ഷേപത്തിന്റെ കണക്കു പറയുമ്പോള്‍ അസ്സല്‍ നിക്ഷേപത്തെക്കുറിച്ചല്ല പറയുക. ആകെ വന്ന നിക്ഷേപത്തെക്കുറിച്ചാണ്. അതുകൊണ്ട് മേല്‍പറഞ്ഞ വസ്തുത വളരെയേറെ പൊതുജനശ്രദ്ധയില്‍ വന്നിട്ടില്ല. എന്നാല്‍ റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ സാമ്പത്തികസ്ഥിതിയില്‍ ഏറ്റവും ദുര്‍ബലമായ ഒരു കണ്ണിയായി അവര്‍ കണക്കാക്കുന്നത് ഇന്ത്യയിലെ വ്യാപാരക്കമ്മിയിലുണ്ടായ വര്‍ദ്ധനയെയാണ്. അതു പരിഹരിക്കുന്നതിന് കൂടുതല്‍ വിദേശ നിക്ഷേപത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചേ പറ്റൂ.

         ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് ധനമന്ത്രിയ്ക്കുള്ള പരിഹാരം നാടനും വിദേശികളുമായ കുത്തകകളുടെ വിശ്വാസം ആര്‍ജിക്കുക എന്നുളളതു മാത്രമാണ്. ഇതിനുവേണ്ടിയുളള നടപടികള്‍ - ബാങ്കിംഗ് ഇന്‍ഷ്വറന്‍സ് മേഖലയിലും ചില്ലറ വില്‍പന മേഖലയിലും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇത്തരം പരിഷ്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും വരാന്‍ പോകുന്ന ബജറ്റ്. ഇന്ത്യയിലെ ബിസിനസ് മാസികകളിലും പത്രങ്ങളിലും വരുന്ന ലേഖനങ്ങള്‍ പരിശോധിച്ചാലും ഇതുതന്നെയാണ് അവരും ആവശ്യപ്പെടുന്നത്. സിഐഐ ഇന്ത്യയിലെ ഏറ്റവും വലിയ അമ്പതു പശ്ചാത്തല സൗകര്യ പ്രോജക്ടുകളെടുത്ത് അവയെ പാരിസ്ഥിതികവും തൊഴില്‍പരവുമായ നിബന്ധനകളൊഴിവാക്കി ഫാസ്റ്റ് ട്രാക്കായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ മുതലാളി വിഭാഗങ്ങള്‍ അവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളെക്കാള്‍ നാടനും വിദേശിയുമായ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും വരാന്‍പോകുന്ന ബജറ്റില്‍ ഊന്നല്‍ ലഭിക്കുക.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...