Thursday, February 7, 2013

കൊച്ചി ബിനാലെയുടെ സാമ്പത്തികം


Mathrubhumi, Published on  05 Feb 201


ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തില്‍വെച്ചാണ് പ്രഭാകരനെയും കബിതയെയും കണ്ടത്. സഞ്ചിതൂക്കി ഏതോ പുറപ്പാടിനൊരുങ്ങിയതുപോലെ നില്‍ക്കുകയായിരുന്നു അവര്‍. പ്രഭാകരന്റെ ചിത്രങ്ങള്‍ ഒരു പ്രദര്‍ശനഹാള്‍ നിറയെയുണ്ട്. എല്ലാം കേരളീയദൃശ്യങ്ങള്‍. പ്രഭാകരന്റെ ചിത്രങ്ങള്‍കൊണ്ടുമാത്രം തന്റെ ബിനാലെ സന്ദര്‍ശനം സാര്‍ഥകമായെന്ന് എം.എ. ബേബി പറഞ്ഞത് ഞാനോര്‍ത്തു. കഴിഞ്ഞ ഒരുമാസമായി ബിനാലെയുടെ ആതിഥേയത്വത്തിലായിരുന്നു ഇവരുടെ താമസം. ചെലവുചുരുക്കലിന്റെ ഭാഗമായി വീട് ഒഴിയേണ്ടിവന്നു. സാമ്പത്തികഞെരുക്കം ഇന്ത്യയിലെ ആദ്യത്തെ ബിനാലെയെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഇതറിയാവുന്നതുകൊണ്ടാവാം, പ്രഭാകരനും കബിതയ്ക്കും ഒരു പ്രതിഷേധവുമില്ല. ഇത്ര കുറഞ്ഞ ചെലവില്‍ ലോകത്തെവിടെയെങ്കിലും ബിനാലെ നടന്നിട്ടുണ്ടോ എന്നെനിക്കറിയില്ല.

കൊച്ചിയിപ്പോള്‍ പഴയ കൊച്ചിയല്ല. ലണ്ടനിലെ ടേറ്റ് മോഡേണ്‍ ഗാലറിയുടെ ഡയറക്ടറുടെ പ്രശംസ ഏറ്റുവാങ്ങിയ മലയാളി ചിത്രകാരന്‍ ജസ്റ്റിന്‍ പൊന്മണി മുതല്‍ അമാനുള്ള മൊജാദി വരെയുള്ളവരുടെ സാന്നിധ്യം, ഗ്രാഫിറ്റി, ഇന്‍സ്റ്റലേഷന്‍, സംഗീതം, സിനിമ, ശില്പകല, നടനം തുടങ്ങി വൈവിധ്യകലാരൂപങ്ങളുടെ സംഗമം, ആവേശകരമായി മുന്നേറുന്ന സംവാദങ്ങളും സെമിനാറുകളും... ബിനാലെ കൊച്ചിയുടെ ലഹരിയായി മാറിക്കഴിഞ്ഞു.

ബിനാലെ (ഏഹവൃൃമാവ) ഒരു ഇറ്റാലിയന്‍ വാക്കാണ്. 'രണ്ടുവര്‍ഷത്തിലൊരിക്കല്‍' എന്ന് അര്‍ഥം. ഈരണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു പട്ടണത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അന്തര്‍ദേശീയ കലാപ്രദര്‍ശനം. ഉത്ഭവം (1895) വെനീസില്‍. ഏതാണ്ട് അറുപതില്‍പരം ലോക പട്ടണങ്ങളില്‍ ഇപ്പോള്‍ ബിനാലെ നടക്കുന്നുണ്ട്. പ്രദര്‍ശനങ്ങളുടെ വലിപ്പവും അന്തര്‍ദേശീയ സ്വഭാവവുംമൂലം ഏറേ പണച്ചെലവുള്ള കലാമേളയാണിത്. 2009-ലെ സിഡ്‌നി ബിനാലെയുടെ ചെലവ് 35 കോടി രൂപ (89 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍)യായിരുന്നു. 1990-ല്‍ ദക്ഷിണകൊറിയയില്‍ നടന്ന ബിനാലെയായിരുന്നു ഏറ്റവും ചെലവേറിയത്-120 ലക്ഷം ഡോളര്‍. 16 ലക്ഷം സന്ദര്‍ശകര്‍ പ്രദര്‍ശനം കാണാനെത്തി.

കൊച്ചി-മുസിരിസ് ബിനാലെയുടെ ചെലവ് ഏതാണ്ട് 12-15 കോടി രൂപ വരും. എക്‌സിബിഷന്‍ ഹാളുകള്‍ ഒരുക്കലും പരിപാടികളുടെയും കലാകാരന്മാരുടെയും ചെലവും വഹിച്ചുകഴിയുമ്പോള്‍ ബജറ്റിന്റെ സിംഹഭാഗവും തീരും. സിഡ്‌നി ബിനാലെയുടെ ചെലവിന്റെ 63 ശതമാനവും ഈയിനത്തിലായിരുന്നു. മൂന്നരക്കോടി മുടക്കിയാണ് എറണാകുളത്തെ ഡര്‍ബാര്‍ഹാള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ പുതുക്കിയത്. ബാക്കി വീണേടം വിദ്യയാക്കുകയായിരുന്നു. ആസ്പിന്‍വാള്‍ കെട്ടിടം പോലുള്ളവയുടെ ഇടിഞ്ഞ ചുമരുകളും ആടുന്ന മേല്‍ക്കൂരയുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാക്കി. ക്ഷണിക്കപ്പെട്ട കലാകാരന്മാരുടെ യാത്രാച്ചെലവ്, കലാസാമഗ്രികളുടെ കടത്തുകൂലി, താമസച്ചെലവ് എന്നിവയൊക്കെ ബിനാലെയുടെ സംഘാടകരുടെ ചുമതലയാണ്. വിവാന്‍ സുന്ദരത്തെപ്പോലുള്ള കലാകാരന്മാര്‍ ചെലവ് സ്വയംവഹിക്കുക മാത്രമല്ല, സംഭാവനനല്‍കാനും തയ്യാറായി.

സിഡ്‌നി ബിനാലെയുടെ 17 ശതമാനം ചെലവ് സ്റ്റാഫിന്റെ ശമ്പളച്ചെലവും മറ്റുമായിരുന്നു. പരസ്യ- മാര്‍ക്കറ്റിങ് ചെലവ് ഏതാണ്ട് 15 ശതമാനവും. ഈയിനങ്ങളിലും കൊച്ചി ചെലവുചുരുക്കി. ആര്‍ട്ട് ഹാന്‍ഡ്‌ലേഴ്‌സിനുപകരം കലാവിദ്യാര്‍ഥികളും ഫോര്‍ട്ട്‌കൊച്ചിയിലെ തൊഴിലാളികളുമാണ് കൊച്ചിയില്‍ ഇന്‍സ്റ്റലേഷന്‍ പണികള്‍ ചെയ്തത്. ഇതേക്കുറിച്ചുമാത്രം ബി.ബി.സി.യുടെ ഒരു ഡോക്യുമെന്ററിയുണ്ടെന്ന് ക്യുറേറ്റര്‍ റിയാസ് കോമു പറഞ്ഞു. ഇപ്പോള്‍ നൂറില്‍ത്താഴെ ആളുകളേയുള്ളൂ.

എല്ലാ രാജ്യങ്ങളിലും ബിനാലെയുടെ സംഘാടനത്തിന്റെ നല്ലപങ്ക് ചെലവും സര്‍ക്കാറാണ് വഹിക്കുക. സിഡ്‌നിയില്‍ 43 ശതമാനമാണ് സര്‍ക്കാര്‍ നല്‍കിയത്. 25 ശതമാനം കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍ഷിപ്പും. ബാക്കി സംഭാവനയാണ്. കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സര്‍ക്കാര്‍സംഭാവന അഞ്ചുകോടിയാണ്. വിവാദങ്ങള്‍ കൊഴുത്തതുമൂലം സ്‌പോണ്‍സര്‍മാര്‍ പലരും പിന്‍വാങ്ങി. ഇതാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണം. പ്രവേശനഫീസ് ഈടാക്കിയാണ് ഇപ്പോള്‍ ദൈനംദിനചെലവുകള്‍ നടത്തുന്നത്. അടുത്തൊരു ഗഡു സര്‍ക്കാര്‍ സഹായം കൂടിയി ല്ലാതെ ഇനിയുള്ള പ്രദര്‍ശനം മുന്നോട്ടുകൊണ്ടുപോവുക ശ്രമകരമായിരിക്കും.

സര്‍ക്കാര്‍ എന്തിന് ബിനാലെപോലുള്ള കലാസംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കണം? എന്താണ് ഇതുവഴി കേരളത്തിനുള്ള നേട്ടം? കൊച്ചി-മുസിരിസ് ബിനാലെയുടെ കലാപരമായ മൂല്യവും സംഭാവനയും അനുപമമായ ശൈലിയില്‍ എന്‍.എസ്. മാധവന്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനപ്രക്രിയയില്‍ ബിനാലെയുടെ പങ്കാണ് ഞാന്‍ പരിശോധിക്കുന്നത്. ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ബിനാലെയ്ക്ക് സാമ്പത്തികസഹായം നല്‍കാന്‍ ഞാന്‍ എന്തുകൊണ്ട് മുന്‍കൈയെടുത്തു എന്ന് പലരും ചോദിക്കുന്നു. ഇതേക്കുറിച്ച് ഒരു വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ടത്രേ.

മഹാനഗരമായുള്ള കൊച്ചിയുടെ വളര്‍ച്ച കേരള സമ്പദ്ഘടനയിലെ പ്രധാന സംഭവമാണ്. കേരളം വളര്‍ന്നത് മഹാനഗരങ്ങളെ ആസ്പദമാക്കിയല്ല. നഗര-ഗ്രാമ അന്തരം ഏറ്റവും കുറവ് കേരളത്തിലാണ്. ചെറുപട്ടണങ്ങളുടെ ശൃംഖലയാണ് നമ്മുടെ പ്രത്യേകത. ഇതാണ് അഭികാമ്യമെന്ന് വ്യക്തിപരമായി കരുതുന്നെങ്കിലും മഹാനഗരമായുള്ള കൊച്ചിയുടെ അതിവേഗവളര്‍ച്ച യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ വികസനത്തിന് ഈ പ്രതിഭാസത്തെ എങ്ങനെ വളര്‍ച്ചാധ്രുവമായി പ്രയോജനപ്പെടുത്താം? ഒരു പ്രായോഗിക വികസനനയപ്രശ്‌നമാണ് ഈ ചോദ്യം.

അതിരുകവിഞ്ഞ കേന്ദ്രീകരണം ഒഴിവാക്കുന്നതിന് സമീപജില്ലകളിലും ഉപഗ്രഹനഗരങ്ങള്‍ വളര്‍ത്തിയെടുക്കണം. നഗരത്തിലെ ഭൗതികപശ്ചാത്തല സൗകര്യങ്ങള്‍ ആധുനികീകരിക്കുകയും വിപുലപ്പെടുത്തുകയും വേണം.

ഭൗതിക പശ്ചാത്തലസൗകര്യം മാത്രമല്ല, മഹാനഗരത്തിന്റെ സാംസ്‌കാരിക പശ്ചാത്തലസൗകര്യങ്ങളും പ്രധാനമാണ്. കേരളത്തിന്റെ സാംസ്‌കാരികചിത്രത്തില്‍ കോഴിക്കോടും തൃശ്ശൂരും തിരുവനന്തപുരവുമൊക്കെ കഴിഞ്ഞേ കൊച്ചിക്ക് സ്ഥാനമുള്ളൂ. മഹാനഗരത്തിന്റെ വികസനസാധ്യതകള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ഈ സ്ഥിതി മാറണം. ലോകപ്രശസ്തമായ ഏതുനഗരത്തിന്റെയും സമ്പത്താണ് പ്രസിദ്ധങ്ങളായ കളിസ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, നാടക-സംഗീതശാലകള്‍, ഫിലിം ഫെസ്റ്റിവെല്‍ എന്നിവ. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കും കലാപ്രദര്‍ശനത്തിനുമെല്ലാം നഗരങ്ങള്‍ തമ്മില്‍ നടക്കുന്ന അന്താരാഷ്ട്ര പിടിവലിയുടെ കാരണമിതാണ്.

ഇവിടെയാണ് കൊച്ചി ബിനാലെയുടെ പ്രസക്തി. സര്‍ക്കാര്‍ നല്‍കിയ അഞ്ചുകോടി രൂപയില്‍ ഏതാണ്ട് മൂന്നരക്കോടി രൂപയുടെ ആസ്തി ഡര്‍ബാര്‍ഹാളിന്റെ നവീകരണത്തിലൂടെ സൃഷ്ടിക്കപ്പെട്ടു. ബാക്കി ഒന്നരക്കോടി രൂപയുടെ എത്രയോ മടങ്ങ് നേട്ടം കേരളത്തിലെ ടൂറിസത്തിനുണ്ടായിട്ടുണ്ട്. ഏതുകണക്കിലായാലും സര്‍ക്കാറിന്റെ സംഭാവന നഷ്ടമല്ല.

അഞ്ചുലക്ഷം പേരെങ്കിലും ബിനാലെ സന്ദര്‍ശിക്കും. അതില്‍ 20 ശതമാനമെങ്കിലും വിദേശികളായിരിക്കും. 2008-ലെ ലിവര്‍പൂള്‍ ബിനാലെയെക്കുറിച്ചുള്ള പഠനം തെളിയിക്കുന്നത് 25 ലക്ഷം സന്ദര്‍ശകരാത്രികള്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ഉണ്ടായി എന്നാണ്. ബിനാലെയ്ക്ക് മുടക്കിയതിന്റെ അഞ്ച്-പത്ത് മടങ്ങ് അധിക ടൂറിസം വരുമാനം ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാമൂഹിക നേട്ട-കോട്ട വിശ്ലേഷണം ബിനാലെയ്ക്ക് സര്‍ക്കാര്‍ മുടക്കുന്ന പണത്തെ പൂര്‍ണമായും ന്യായീകരിക്കും.

ബിനാലെ സ്ഥിരംസംവിധാനമാകുന്നതോടെ ലോക സാംസ്‌കാരിക ടൂറിസംമാപ്പില്‍ കൊച്ചിയുടെ പേരും പതിയും. കൊച്ചി-മുസിരിസ് ബിനാലെ എന്ന പേരിട്ടതുതന്നെ ഈ ലക്ഷ്യത്തോടെയാണ്. മുസിരിസ് പട്ടണം പ്രളയത്തില്‍ മുങ്ങി കാലത്തില്‍ അലിഞ്ഞപ്പോഴാണല്ലോ കൊച്ചി ഉയര്‍ന്നുവന്നത്. തുറമുഖ പട്ടണം, അതിന്റെ പുരാവൃത്തം, ആഗോളീകരണം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ കൊച്ചിയിലെ കലാപ്രദര്‍ശനത്തിന്റെ ഇഷ്ടവിഷയമാണ് എന്ന് പ്രദര്‍ശനംകാണുന്ന ആര്‍ക്കും ബോധ്യപ്പെടും.

ഫോര്‍ട്ട്‌കൊച്ചി മുഖ്യവേദിയായതോടെ പ്രതിപാദ്യവിഷയത്തില്‍ ബിനാലെ ലക്ഷ്യംകണ്ടു. പൗരാണിക പൈതൃകം മികച്ചരീതിയില്‍ ഫോര്‍ട്ട്‌കൊച്ചി സംരക്ഷിക്കുന്നുണ്ട്. ഇവിടത്തെ വാസ്തുശില്പ പൈതൃക സംരക്ഷണത്തിന് യുനെസ്‌കോതന്നെ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിനായി എന്റെ അവസാനബജറ്റില്‍ പത്തുകോടി രൂപയും അനുവദിച്ചു. പക്ഷേ, ആ തുക ഇതുവരെ കൈമാറിയിട്ടില്ല. അക്ഷന്തവ്യമാണ് ഈ അമാന്തം. കേരളത്തിന്റെ സാംസ്‌കാരികടൂറിസത്തിന് ഒരു വഴിത്തിരിവാകുന്നതാണ് യുനെസ്‌കോയുമായുള്ള സഹകരണം.

ക്ലീഷേയായി മാറിക്കഴിഞ്ഞ 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന ബ്രാന്‍ഡിന് പുതിയ ചൈതന്യം നല്‍കണം. മുസിരിസ് പൈതൃകസംരക്ഷണപദ്ധതിയില്‍ ഇതിന് മാര്‍ഗമുണ്ട്. പെരിയാര്‍ അഴിമുഖത്ത് കൊടുങ്ങല്ലൂര്‍, പറവൂര്‍ പ്രദേശത്ത് എവിടെയോ ആയിരുന്നു മുസിരിസ്. ഇപ്പോള്‍ ഖനനംനടക്കുന്ന പട്ടണം, ജൂതസങ്കേതങ്ങള്‍, സെന്റ് തോമസ് തീര്‍ഥാടനകേന്ദ്രം, ചേരമാന്‍പറമ്പ്, ആദ്യത്തെ മുസ്‌ലിംപള്ളി, പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് കോട്ടകള്‍, മധ്യകാല കോവിലകങ്ങള്‍, അബ്ദുറഹിമാന്‍ സാഹിബ്, കേസരി ബാലകൃഷ്ണപ്പിള്ള, കേശവദേവ് തുടങ്ങിയവരുടെ വീടുകള്‍ എന്നിങ്ങനെ കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലുമായി 2500 വര്‍ഷത്തെ ചരിത്രസ്മരണകളാണ് ഇരമ്പുന്നത്. ഇവയെ കൂട്ടിയിണക്കുന്ന പൈതൃകപദ്ധതിയെ 'ചരിത്രത്തിലൂടെയുള്ള ഒരു നടത്തം' എന്നാണ് എന്റെ ബജറ്റില്‍ വിശേഷിപ്പിച്ചത്. ഈ സ്മാരകങ്ങളിലേക്കെല്ലാം ജലമാര്‍ഗമുണ്ട് എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. സാംസ്‌കാരികടൂറിസം എന്ന വാക്കിന്റെ നിഴലാണ് സാംസ്‌കാരിക മലിനീകരണത്തെക്കുറിച്ചുള്ള അശുഭചിന്തകള്‍. പക്ഷേ, മുസിരിസ് പൈതൃകപദ്ധതി തികച്ചും വ്യത്യസ്തമായ മാതൃകയാണ്.

മുസിരിസ് പദ്ധതി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ 55 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഡച്ച്, പോര്‍ച്ചുഗീസ് അംബാസഡര്‍മാരും നെതര്‍ലാന്‍ഡ്‌സില്‍നിന്ന് ഒരു ടീമും മുസിരിസ് പ്രോജക്ട് ചര്‍ച്ചചെയ്യാനെത്തി. യുനെസ്‌കോയുടെ മുന്‍കൈയിലും ചര്‍ച്ചനടന്നു. വിദേശ എംബസികളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. 15 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് മ്യൂസിയവും പട്ടണം ഗവേഷണത്തില്‍ കേരള ചരിത്രഗവേഷണ കൗണ്‍സിലിനോട് സഹകരിക്കുന്നുണ്ട്. ഇറ്റാലിയന്‍ സര്‍ക്കാറിനും ഖനനത്തില്‍ വലിയ താത്പര്യമുണ്ട്.

പ്രസിദ്ധമായ സില്‍ക്‌റൂട്ടിന്റെ മാതൃകയില്‍ മുപ്പതോളം രാജ്യങ്ങളെ ബന്ധപ്പെടുത്തി മുസിരിസ് കേന്ദ്രമാക്കി ഒരു സ്‌പൈസസ് റൂട്ടിന് യുനെസ്‌കോ മുന്‍കൈയെടുത്തിട്ടുണ്ട്. കിഴക്കും പടിഞ്ഞാറും രാജ്യങ്ങളിലെ സാംസ്‌കാരിക-സാമ്പത്തിക വിനിമയങ്ങളുടെ സംയോജനകേന്ദ്രമായി മുസിരിസ് അംഗീകരിക്കപ്പെടുന്നതോടെ കേരളത്തിലെ ടൂറിസത്തിന്റെ മുഖച്ഛായ മാറും.

2012-ല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ ലോകത്തെ 45 സന്ദര്‍ശനകേന്ദ്രങ്ങളുടെ പട്ടികയില്‍ മുസിരിസുമുണ്ട്. കൊച്ചി ബിനാലെയ്ക്ക് എത്തുന്നവര്‍ മുസിരിസ് സന്ദര്‍ശിക്കാതെ മടങ്ങരുതെന്നും ന്യൂയോര്‍ക്ക് ടൈംസ് എഴുതി. പക്ഷേ, ബിനാലെ തന്നെ വിവാദത്തിലായി. മുസിരിസില്‍ വരുന്നവര്‍ക്ക് കാണാന്‍ ഒരു മ്യൂസിയംപോലും ഒരുക്കിയിട്ടില്ല. ജലമാര്‍ഗം ഇപ്പോഴും കടലാസില്‍മാത്രം. എല്ലാം പാതിവഴിയിലാണ്. എങ്കിലും കേരളത്തിന്റെ ടൂറിസം ഭാവിയെക്കുറിച്ച് വലിയൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. കൊച്ചി- മുസിരിസ് ബിനാലെയ്ക്കും അതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്.

Sunday, January 20, 2013

പതിനാലാം ധനകാര്യകമ്മിഷന്‍ നല്‍കുന്ന അപകടസൂചനകള്‍



പുതുവര്‍ഷദിനത്തില്‍ പതിനാലാം ധനകാര്യകമ്മിഷന്‍ നിയമിതമായി. വൈ വി റെഡ്ഡിയാണ് കമ്മിഷന്റെ അധ്യക്ഷന്‍. പക്ഷേ, പത്രദൃശ്യ മാധ്യമങ്ങളൊന്നും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്തില്ല. സംസ്ഥാന ധനമന്ത്രി കെ. എം. മാണിയുടെ വക ഹൃസ്വമായ ഒരു പ്രതികരണമുണ്ടായി. അത്രതന്നെ. ആ പ്രതികരണത്തില്‍ സന്തോഷത്തിനുളള വക അല്‍പമുണ്ടെങ്കിലും ബാക്കിവെയ്ക്കുന്നത് നിരാശ തന്നെയാണ്.

ആളോഹരി അടിസ്ഥാനത്തില്‍ കേന്ദ്രധനവിഭവം പങ്കിടുന്നതാണ്, സംസ്ഥാനത്തിനു കൂടുതല്‍ ധനസഹായം നേടിത്തരിക എന്നാണ് ധനമന്ത്രിയുടെ പ്രതികരണത്തിന്റെ രത്‌നച്ചുരുക്കം. ഇതു ശരിയുമാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ സന്തോഷത്തിനുളള വക നല്‍കുന്നതും ഈ തിരിച്ചറിവാണ്. എന്തുകൊണ്ടെന്നല്ലേ, പതിമൂന്നാം ധനകാര്യകമ്മിഷന് കെപിസിസി നല്‍കിയ മെമ്മോറാണ്ടത്തില്‍ സ്വീകരിച്ചത് ഇതിനു നേര്‍വിപരീത നിലപാടായിരുന്നു. ജനസംഖ്യയെ അവഗണിച്ചു മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രവിഭവം പങ്കുവെയ്ക്കണമെന്നാണ് അന്ന് കെപിസിസി വാദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാറിന്റേത് ഇതിനു കടകവിരുദ്ധമായ നിലപാടും. കെപിസിസിയുടെ പഴയ മണ്ടന്‍ നിലപാടിനെ തളളിക്കളഞ്ഞ് എല്‍ഡിഎഫ് നിലപാടിലേയ്ക്ക് മാണി എത്തി എന്നതാണ് സന്തോഷത്തിനു വക നല്‍കുന്നത്.

പക്ഷേ, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ധനമന്ത്രി തയ്യാറാകാത്തത് നിരാശപ്പെടുത്തുന്നു. കേന്ദ്ര നികുതിവരുമാനത്തിന്റെ 32 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ടത്. ജനസംഖ്യാനുപാതികമായി വീതിച്ചാല്‍ കേരളത്തിന്റെ വിഹിതം ഇനിയുമേറെ കൂടും. ധനമന്ത്രി അതാണ് പറഞ്ഞത്. എന്നാല്‍ ജനസംഖ്യാനുപാതികമായി പണം വിതരണം ചെയ്യില്ലെന്ന് അദ്ദേഹത്തിനും നമുക്കും നന്നായി അറിയാം. കാരണം പിന്നാക്ക സംസ്ഥാനങ്ങളെ കൂടുതല്‍ സഹായിച്ചേ പറ്റൂ. കേരളം ഇന്ന് മുന്നോക്കസംസ്ഥാനമാണ്. അതുകൊണ്ട് കേരളത്തിന് കൂടുതല്‍ വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നല്‍കുന്ന സഹായം മൊത്തത്തില്‍ ഗണ്യമായി ഉയര്‍ത്തിയേ തീരൂ. കേന്ദ്ര നികുതിവരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്കു പങ്കുവെയ്ക്കണമെന്ന് കഴിഞ്ഞ രണ്ടുദശാബ്ദമായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതാണ്.

പന്ത്രണ്ടാം ധനകാര്യകമ്മിഷന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ നിവേദനത്തില്‍ ഇത്തരമൊരു ആവശ്യമേ ഉന്നയിച്ചില്ല. അതുതന്നെയാണോ ധനമന്ത്രിയുടെ നിലപാട് എന്ന സംശയം അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോള്‍ തോന്നി.

കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ അസന്തുലിതാവസ്ഥ വര്‍ദ്ധിച്ചുവരികയാണ്. ദേശീയ വരുമാനത്തിന്റെ 1.45 ശതമാനം ആയിരുന്നു 1950 - 51ല്‍ സംസ്ഥാന സര്‍ക്കാരുകളുടെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുളള വ്യത്യാസം. കേന്ദ്ര ധനകാര്യ കമ്മിഷന്റെ അവാര്‍ഡുകള്‍ ലഭിക്കുന്നതിനു മുമ്പായിരുന്നു ഇത്. 1991-92 ആയപ്പോഴേയ്ക്കും ഇത് 7.4 ശതമാനമായി. പിന്നൊരു ദശാബ്ദക്കാലം 7 ശതമാനത്തില്‍ താഴെയായി തുടര്‍ന്നു.

ഇപ്പോഴത് 8.4 ശതമാനമായി. ഈ വിടവ് നികത്തുന്നതിനു വേണ്ടിയാണ് ധനകാര്യകമ്മിഷന്‍ ധനസഹായം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അവാര്‍ഡിനു ശേഷവും സംസ്ഥാന സര്‍ക്കാരുകളുടെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുളള വിടവ് ഗണ്യമായി ഉയരുകയാണ്. 1950-51ല്‍ ഇത് ദേശീയ വരുമാനത്തിന്റെ 0.81 ശതമാനമേ വരുമായിരുന്നുളളൂ. എന്നാല്‍ അനുക്രമമായി വളര്‍ന്ന് 3 ശതമാനത്തിലേറെയായി. ഈ വിടവു നികത്താനാണ് സംസ്ഥാനങ്ങള്‍ വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ വര്‍ദ്ധിക്കുന്ന കടഭാരം യഥാര്‍ത്ഥത്തില്‍ കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങളുടെ അസന്തുലിതാവസ്ഥയുടെ ഉല്‍പന്നമാണ്.

ധനകാര്യകമ്മിഷന്റെ ടേംസ് ഓഫ് റെഫറന്‍സിലെ ഫെഡറല്‍ വിരുദ്ധ സമീപനത്തെ വിമര്‍ശിക്കാന്‍ ധനമന്ത്രി തയ്യാറാകാതിരുന്നതും നിരാശപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ധനനയം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുളള ഒരുപാധിയായി ധനകാര്യകമ്മിഷനുകളെ ദുരുപയോഗപ്പെടുത്തിവരികയാണ്. കേന്ദ്ര നികുതി വിഹിതം കഴിഞ്ഞാല്‍ പിന്നെ ധനകാര്യകമ്മിഷന്‍ കമ്മി നികത്തുന്നതിനും മറ്റു പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടിയും സംസ്ഥാനങ്ങള്‍ക്കു ഗ്രാന്റുകള്‍ അനുവദിക്കാറുണ്ട്. ഈ ഗ്രാന്റുകള്‍ നല്‍കുന്നത് മുന്‍കാലങ്ങളില്‍ നിരുപാധികമായിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ഉപാധികള്‍ ധനകാര്യകമ്മിഷനുകള്‍ വെയ്ക്കുകയാണ്.

പന്ത്രണ്ടാം ധനകാര്യകമ്മിഷനാണ് ഇതിനു തുടക്കമിട്ടത്. സംസ്ഥാനങ്ങള്‍ കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക അച്ചടക്കത്തിനും സമയബന്ധിത പരിപാടി അംഗീകരിക്കണമെന്നും ഇതുനിര്‍ണയിച്ചുകൊണ്ടുളള നിയമനിര്‍മ്മാണം വേണമെന്നും ധനകാര്യകമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ധനകാര്യ കമ്മിഷന്‍ നല്‍കുന്ന കടാശ്വാസം നിഷേധിക്കും എന്നൊരു നിലപാട് അവരെടുത്തു. പതിമൂന്നാം ധനകാര്യ കമ്മിഷനായപ്പോള്‍ നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമായി. 80000 കോടിയോളം വരുന്ന കടത്തില്‍ നിന്ന് അഞ്ഞൂറോ ആയിരമോ കോടി രൂപ എഴുതിത്തളളില്ല എന്നു പറയുന്നത് കേരളമെങ്കിലും ഗൗരവത്തിലെടുത്തില്ല. അത് സംസ്ഥാന ധനകാര്യസ്ഥിതിയില്‍ ഉടന്‍ പ്രതികൂല പ്രത്യാഘാതം സൃഷ്ടിക്കുകയില്ല.

എന്നാല്‍ പതിമൂന്നാം ധനകാര്യകമ്മിഷനാകട്ടെ, കടാശ്വാസം മാത്രമല്ല ധനകാര്യ കമ്മിഷന്‍ നല്‍കുന്ന ഗ്രാന്റുകള്‍ തന്നെ ലഭിക്കണമെങ്കില്‍ ധനഉത്തരവാദിത്ത നിയമത്തിലെ നിബന്ധനകള്‍ പാലിക്കണം എന്നു ശഠിച്ചു. ഇപ്പോള്‍ പതിനാലാം ധനകാര്യകമ്മിഷനോട് ഈ സമീപനം കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

പതിനാലാം ധനകാര്യ കമ്മിഷന്റെ പരിശോധനാവലയത്തിലേയ്ക്ക് സബ്‌സിഡികളെ കൊണ്ടുവന്നിരിക്കുകയാണ്. നിയമന ഉത്തരവിന്റെ മൂന്നാം വകുപ്പില്‍ ആറാം ഉപവകുപ്പായി ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു : 'കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സബ്‌സിഡികളുടെ ഭാരം സന്തുലിതമായി വഹിക്കുന്നതിന് സ്ഥായിയും ഉള്‍ച്ചേര്‍ക്കപ്പെട്ടതുമായ വികസനം ഉറപ്പുവരുത്തുന്നതിന് വേണ്ടുന്ന സബ്‌സിഡി നിലവാരം' കമ്മിഷന്‍ പരിഗണിക്കണം.

സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ വരുമാനത്തിന്റെ രണ്ടു നിശ്ചിതശതമാനമായി സബ്‌സിഡി പരിമിതപ്പെടുത്തണമെന്ന് പ്രണബ് മുഖര്‍ജി തന്റെ ബജറ്റു പ്രസംഗത്തില്‍ പറഞ്ഞതാണ്. പക്ഷേ, നടപ്പായില്ല. ഇക്കാര്യം വീണ്ടും ഫിനാന്‍സ് കമ്മിഷനെക്കൊണ്ട് പറയിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിലേറെ അപകടകരമായിട്ടുളളത് സബ്‌സിഡിയുടെ ഭാരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സന്തുലിതമായി വഹിക്കണമെന്ന നിര്‍ദ്ദേശമാണ്. ദേശീയ തൊഴിലുറപ്പു പദ്ധതി പോലുളള പദ്ധതികളുടെ ഭാരത്തില്‍ ഒരുഭാഗം സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ വന്നാലുളള സ്ഥിതി നോക്കൂ. ഇപ്പോള്‍ത്തന്നെ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ചെലവില്‍ പത്തുശതമാനം മുതല്‍ 60 ശതമാനം വരെ സംസ്ഥാനം വഹിക്കണം എന്ന നിബന്ധനകളുണ്ട്. സബ്‌സിഡികളുടെ ഭാരം കൂടുതല്‍ സംസ്ഥാനങ്ങളുടെ ചുമലിലേയ്ക്കിടുന്നതിനുളള ദുരുപദിഷ്ട നീക്കമാണിത്.

എട്ടാം ഉപവകുപ്പില്‍ മറ്റൊരു പുതിയ കാര്യം ധനകാര്യ കമ്മിഷന്റെ പരിഗണനയ്ക്ക് അവതരിപ്പിച്ചിരിക്കുകയാണ്: 'കുടിവെളളം, ജലസേചനം, വൈദ്യുതി, പൊതുഗതാഗതം തുടങ്ങിയ പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുടെ വിലനിശ്ചയത്തെ സ്റ്റാറ്റിയൂട്ടറി നടപടികളുടെ കൂടെ പൊതുനയത്തില്‍ വരുന്ന ചാഞ്ചാട്ടങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കാന്‍' നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. വളരെ വിചിത്രമായൊരു പ്രസ്താവനയാണ് മേലുദ്ധരിച്ചത്. പൊതുസേവനങ്ങളുടെ വിലനിശ്ചയം പൊതുനയത്തിന്റെ ഭാഗമാണ്. എന്നാല്‍ നിയമപരമായ നടപടികളിലൂടെ പൊതുനയത്തിലെന്തു മാറ്റം വന്നാലും അത് സേവനങ്ങളുടെ വിലനിശ്ചയത്തെ ബാധിക്കില്ല എന്നുറപ്പുവരുത്തണമെന്നാണ് നയം രൂപീകരണം നടത്തുന്നവര്‍ ധനകാര്യ കമ്മിഷനോടു പറയുന്നത്.

വോട്ടു നേടുന്നതിനു വേണ്ടി ജനങ്ങളോട് എന്തൊക്കെ വാഗ്ദാനങ്ങള്‍ നടത്തിയാലും ഭരണത്തിലേറിക്കഴിഞ്ഞാല്‍ നിയോലിബറല്‍ ചിന്താഗതിക്കാര്‍ നിശ്ചയിച്ചിട്ടുളള യൂസര്‍ ചാര്‍ജുകള്‍ ഈടാക്കിയേ തീരൂ. കുടിവെളളമടക്കം മേല്‍പ്പറഞ്ഞ സേവനങ്ങളുടെ വില പൂര്‍ണചെലവിന് അനുസൃതമായി ഉയര്‍ത്താനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വൈദ്യുതി റെഗുലേറ്ററി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ആ മേഖലയില്‍ ഈ ലക്ഷ്യം കൈവരിച്ചു. എന്നാല്‍ മറ്റു മേഖലകളില്‍ ഇന്നും വലിയതോതില്‍ സബ്‌സിഡി സര്‍ക്കാര്‍ മുടക്കേണ്ടി വരുന്നു. വൈദ്യുതി മേഖലയിലെന്നപോലെ മറ്റു സേവന മേഖലകളെയും സബ്‌സിഡി ഇല്ലാത്ത വില നിശ്ചയ രീതിയിലേയ്ക്കു കൊണ്ടുപോകേണ്ടതെങ്ങനെ എന്ന ഉപദേശം തരാന്‍ ധനകാര്യ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഒമ്പതാം ഉപവകുപ്പില്‍ മറ്റൊരു പുതിയ കാര്യവും കൂടി ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്: 'പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മത്സരശേഷിയും കമ്പോളാഭിമുഖ്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഡിസിന്‍വെസ്റ്റുമെന്റിനു വേണ്ടിയുളള പട്ടിക തയ്യാറാക്കലും മുന്‍ഗണനാ മേഖലയിലില്ലാത്തവയെ നിര്‍ത്തലാക്കുന്നതിനുമുളള' നിര്‍ദ്ദേശങ്ങള്‍ ധനകാര്യ കമ്മിഷന്‍ തരണം പോലും. പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിന് ധനകാര്യ കമ്മിഷനെ ദുരുപയോഗപ്പെടുത്തുന്നത് ഇത് നടാടെയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെക്കാള്‍ സംസ്ഥാന പൊതുമേഖലയെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നു തോന്നുന്നു.

കേരളത്തില്‍ ഇന്നത്തെ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പതിനാലാം ധനകാര്യകമ്മിഷന്‍ സംസ്ഥാനം സന്ദര്‍ശിക്കുമ്പോഴേയ്ക്കും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടിരിക്കും. അവയെ സ്വകാര്യവത്കരിക്കുന്നതിനും നിര്‍ത്തലാക്കുന്നതിനുമുളള നിര്‍ദ്ദേശങ്ങള്‍ ധനകാര്യ കമ്മിഷന്‍ തന്നെ തരികയാണെങ്കില്‍ അത് യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം ഉര്‍വശീശാപം ഉപകാരം എന്ന നിലയായിരിക്കും.

ധനകാര്യ കമ്മിഷനുളള ടേംസ് ഓഫ് റെഫറന്‍സില്‍ ആക്ഷേപാര്‍ഹമായ മറ്റൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുളള സമീപനമാണ്. 'സംസ്ഥാന ധനകാര്യ കമ്മിഷനുകളുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിലേയ്ക്ക് എന്തു നല്‍കണം' എന്നതു നിര്‍ദ്ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു പ്രശ്‌നങ്ങളുണ്ട്. സംസ്ഥാന ധനകാര്യ കമ്മിഷനുകള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത സമീപനങ്ങളാണ് കൈക്കൊണ്ടിട്ടുളളത്. ഇതുവരെ അവയെ ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പതിനാലാം ധനകാര്യ കമ്മിഷനും അതിനു കഴിയാന്‍ പോകുന്നില്ല. രണ്ടാമത്തെ പ്രശ്‌നം സംസ്ഥാന ധനകാര്യ കമ്മിഷനുകള്‍ എന്തുതന്നെ പറയട്ടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെയുളള സ്വയംഭരണ സ്ഥാപനങ്ങള്‍ ആകണമെങ്കില്‍ എന്തു ധനസഹായം നല്‍കണം എന്നതു സംബന്ധിച്ച് സ്വതന്ത്രമായ തീര്‍പ്പു നല്‍കാന്‍ ആവശ്യപ്പെടുന്നില്ല. 73,74 ഭരണഘടനാഭേദഗതിയ്ക്കു ശേഷവും ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 2 ശതമാനത്തില്‍ താഴെ മാത്രമാണ് മൊത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ്. ലോകശരാശരി പത്തുശതമാനത്തോളം വരും. ഇതൊരു മിനിമം നിലവാരത്തിലേയ്‌ക്കെങ്കിലും ഉയര്‍ത്താനാവശ്യമായ വിഭവങ്ങള്‍ കൈമാറണമെന്നു നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അധികാരവികേന്ദ്രീകരണത്തില്‍ താല്‍പര്യമുളളവരെ സംബന്ധിച്ചു ഇതു തികച്ചും നിരാശാജനകമായ നിലപാടാണ്.

ധനമന്ത്രി ധനകാര്യ കമ്മിഷന്റെ പരിഗണനയിലേയ്ക്ക് ഇത്തരം ഭരണഘടനാബാഹ്യമായ കാര്യങ്ങള്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല. ഉപാധിയോടു കൂടിയുളള വിഭവകൈമാറ്റത്തെക്കുറിച്ച് ഭരണഘടന വിഭാവന ചെയ്തിട്ടേയില്ല. കേന്ദ്രത്തിന്റെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുളള ഒരുപകരണമല്ല ധനകാര്യ കമ്മിഷന്‍ എന്ന ഭരണഘടനാസ്ഥാപനം. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു രാഷ്ട്രീയ ഉപകരണമായി ധനകാര്യ കമ്മിഷനെ അധപതിപ്പിച്ചിരിക്കുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടിലുണ്ടാകേണ്ടതുണ്ട്. ടേംസ് ഓഫ് റെഫറന്‍സ് തീരുമാനിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും അവ സംബന്ധിച്ച് എത്രമാത്രം മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നുളളത് കമ്മിഷന്റെ വിവേചനാധികാരമാണ്. അവരുടെ ചിന്തയെ സ്വാധീനിക്കാന്‍ കഴിയുംവിധം ശക്തമായ രാഷ്ട്രീയപ്രചാരണത്തിന്റെ പ്രാധാന്യമിതാണ്. ഈയൊരു കടമ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതാനാവില്ല. ഊര്‍വശീശാപം ഉപകാരമെന്ന മട്ടില്‍ അവര്‍ നിശബ്ദത പാലിക്കുകയാണ്. കേരളത്തിന് എന്തും സംഭവിക്കട്ടെ. അവരുടെ പ്രതിബദ്ധത കേരളത്തോടല്ല, നിയോലിബറല്‍ പ്രത്യയശാസ്ത്രത്തോടാണ്.

Wednesday, January 9, 2013

കുടിവെളളവും കോര്‍പറേറ്റുകള്‍ക്ക്



ഡോ. ടി. എം. തോമസ് ഐസക്

കുടിവെളളം സ്വകാര്യവത്കരിക്കാനുളള സര്‍ക്കാര്‍ ഉത്തരവിന്റെ അകമ്പടിയോടെയാണ് എമെര്‍ജിംഗ് കേരള - 2012 അവസാനിച്ചത്. ഡിസംബര്‍ 31ന് ഇറക്കിയ ഉത്തരവു പ്രകാരം കുടിവെളളം വില്‍ക്കാന്‍ സിയാല്‍ മാതൃകയില്‍ ഒരു കമ്പനി രൂപീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. സിയാല്‍ മാതൃക എന്നു പറഞ്ഞാല്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരിയും ബാക്കി സ്വകാര്യവ്യക്തികള്‍ക്കോ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ രണ്ടിനും കൂടിയോ ആയിരിക്കും. പദ്ധതിയുടെ ലക്ഷ്യം ഉത്തരവില്‍ ഇങ്ങനെ നിര്‍വചിച്ചിരിക്കുന്നു : 'കേരളസംസ്ഥാനത്തിലുടനീളം പ്രാദേശിക അടിസ്ഥാനത്തിലുളള ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുളള ഏക നോഡല്‍ ഏജന്‍സിയായിരിക്കും'.

സര്‍ക്കാരിന്റെ ഒരുവര്‍ഷ പരിപാടിയിലും ബജറ്റിലും പ്രഖ്യാപിച്ച നിര്‍ദ്ദേശമാണിതെന്ന് ഉത്തരവിന്റെ ആമുഖത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അബദ്ധമൊന്നും പിണഞ്ഞതല്ല, വളരെ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണെന്ന് വ്യക്തം. ദേശീയ ജലനയത്തിന് അനുസൃതവുമാണ് ഈ തീരുമാനം. ദേശീയജലനയം 2012-ല്‍ യുപിഎ സര്‍ക്കാര്‍ കുടിവെളള - സാനിട്ടേഷന്‍ സംവിധാനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് ദേശീയനയമായി പ്രഖ്യാപിച്ചു: 'കുടിവെളളം ഒരു സാമ്പത്തിക ചരക്കാണ്… അതിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും മൂല്യം പരമാവധിയാക്കുന്നതിനും ഉതകുന്ന വില നിശ്ചയം വേണം… ജലവിഭവപദ്ധതികളുടെ ഭരണവും നടത്തിപ്പും അറ്റകുറ്റപ്പണിയുടെയും മൊത്തം ചെലവ് പൂര്‍ണമായും പിരിച്ചെടുക്കേണ്ടതാണ്'.
|
ഇതിനുളള ദേശീയ ചട്ടക്കൂട് സൃഷ്ടിക്കുമെന്ന് നയരേഖയില്‍ പറഞ്ഞിട്ടുണ്ട്. കേരളസര്‍ക്കാര്‍ അതിനുപോലും കാത്തുനില്‍ക്കാതെ സ്വകാര്യവ്തകരണത്തിന്റെ പാതയിലേയ്ക്കു കടക്കുകയാണ്.
ആദ്യമായല്ല ഇന്ത്യയില്‍ കുടിവെളളം സ്വകാര്യവത്കരിക്കപ്പെടുന്നത്. ഛത്തീസ്ഗഡിലെ ശിവനാഥ് പുഴ 29 വര്‍ഷത്തെ കോണ്‍ട്രാക്ടിനു റേഡിയസ് വാട്ടര്‍ കമ്പനിയ്ക്ക് കൊടുത്തതിന്റെ കഥ കുപ്രസിദ്ധമാണ്. തങ്ങള്‍ക്ക് അനുവദിച്ച 24 കിലോമീറ്റര്‍ പുഴയില്‍ ജലസേചനവും മീന്‍പിടിക്കാനുളള അവകാശവും കമ്പനി നിഷേധിച്ചു. കുടിവെളളത്തിന്റെ വില കുത്തനെ ഉയര്‍ന്നു. ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നു. തുടര്‍ന്ന് കരാര്‍ റദ്ദാക്കേണ്ടിവന്നു.

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ പട്ടണത്തില്‍ കുടിവെളളം നല്‍കുന്നതിന് മഹീന്ദ്ര കമ്പനിയും എല്‍ ആന്‍ഡ് ടിയും അമേരിക്കന്‍ ബഹുരാഷ്ട്രക്കുത്തക ബെച്ചല്‍ കമ്പനിയും കൂടി കരാറെടുത്തു. 30 വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. ഇപ്പോള്‍ ഭവാനിനദിയില്‍ ആവശ്യത്തിനു വെളളമില്ലെങ്കിലും പദ്ധതി ലാഭകരമാക്കുന്നതിനുളള ധനസഹായം തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുന്നു. ദല്‍ഹിയില്‍ കുടിവെളളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലും ലോകത്ത് പൊതുവിലും നഗരങ്ങളിലെ കുടിവെളളപദ്ധതികളാണ് ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ കേരളത്തിലാകട്ടെ, ഗ്രാമീണ കുടിവെളളപദ്ധതിയടക്കം സംസ്ഥാനത്തുടനീളം കുടിവെളളം നല്‍കാനുളള ചുമതല ഒരു സ്വകാര്യ കമ്പനിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ ഉത്തരവില്‍ കുടിവെളളം സ്വകാര്യവത്കരിക്കാനുളള പദ്ധതി ഇപ്രകാരമാണ് വിശദീകരിച്ചിരിക്കുന്നത്: 'മാര്‍ച്ച് 2014നുളളില്‍ പഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കും. മാര്‍ച്ച് 2015നുളളില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളില്‍ മാര്‍ച്ച് 2016നുളളിലും പദ്ധതി വ്യാപിപ്പിക്കും. നാലുവര്‍ഷത്തിനുളളില്‍ സംസ്ഥാനത്തു നൂറു ശതമാനം ശുദ്ധജലവിതരണം കമ്പനി ഉറപ്പുവരുത്തുണം'.

അപ്പോള്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് എന്തുസംഭവിക്കും? ഇപ്പോള്‍ കുടിവെളളം നല്‍കാനുളള നോഡല്‍ ഏജന്‍സി കേരള വാട്ടര്‍ അതോറിറ്റിയാണ്. കമ്പനി സ്ഥാനം ഏറ്റെടുക്കുന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രസക്തി നഷ്ടപ്പെടും. ലോകബാങ്കിന്റെയും മറ്റും നിര്‍ദ്ദേശപ്രകാരം കുടിവെളളം സ്വകാര്യവത്കരിക്കുമ്പോള്‍ നിലവിലുളള ശുദ്ധജലവിതരണ സംവിധാനവും പശ്ചാത്തലസൗകര്യങ്ങളും സ്വകാര്യകമ്പനിയ്ക്ക് കൈമാറണം. ഇംഗ്ലണ്ടില്‍ മാര്‍ഗരറ്റ് താച്ചറാണ് ഈ മാതൃക ആവിഷ്‌കരിച്ചത്.

കേരളത്തില്‍ സ്വകാര്യവത്കരണത്തിന് ഈ റൂട്ട് യുഡിഎഫിനുപോലും ചിന്തിക്കാനാവില്ല. അതുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ വളരെ രസകരമായ ഒരുപായം കണ്ടെത്തി. ഇതിനൊരു പദ്ധതി വാട്ടര്‍ അതോറിറ്റിയെക്കൊണ്ടു തന്നെ തയ്യാറാക്കിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി ഉത്തരവില്‍ സംക്ഷിപ്തമായി നല്‍കിയിട്ടുണ്ട്. അതുപ്രകാരം കേരള സര്‍ക്കാരിന്റെ 26 ശതമാനം ഓഹരിപങ്കാളിത്തത്തിനു പുറമേ, വാട്ടര്‍ അതോറിറ്റിയ്ക്ക് 23 ശതമാനം ഓഹരിയുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് 2 പേര്‍ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകും. നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്‌കീമുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കേണ്ടത്.

തീരദേശത്തും കായല്‍ത്തീരങ്ങളിലും ഡീസാലിനേഷന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു കുടിവെളളം നല്‍കുകയായിരിക്കും മുഖ്യചുമതല. ശബരിമലയിലും വെളളം കൊടുക്കണം. ആവശ്യമെങ്കില്‍ വാട്ടര്‍ അതോറിറ്റി തന്നെ ഇങ്ങനെയൊരു കമ്പനിയുണ്ടാക്കും. വാട്ടര്‍ അതോറിറ്റിയുടെ താല്‍പര്യങ്ങള്‍ കുറച്ചെങ്കിലും സംരക്ഷിക്കാനുളള ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉത്തരവിന്റെ ഓപ്പറേഷണല്‍ ഭാഗത്ത് പരാമര്‍ശിക്കപ്പെടുന്നേയില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ പുതിയ കമ്പനിയായിരിക്കും നോഡല്‍ ഏജന്‍സിയായിരിക്കും എന്ന് അടിവരയിട്ടു പറയുക മാത്രമാണ് അവിടെ ചെയ്യുന്നത്.

സ്വകാര്യവത്കരണത്തിന് ഒരു നീക്കവുമില്ലെന്ന് ശുദ്ധജലവകുപ്പു മന്ത്രി പി. ജെ. ജോസഫ് 2012 ഏപ്രില്‍ ഒന്നിന് കട്ടായം പറഞ്ഞതാണ്. കുടിവെളളപദ്ധതികള്‍ക്ക് പണത്തിനൊരു പഞ്ഞവുമില്ലെന്നും അദ്ദേഹം വീമ്പടിച്ചു. എന്നുമാത്രമല്ല, 2012 ദേശീയജലനയത്തിലെ ജലവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളെ കേരളം എതിര്‍ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനുളള കാരണവും മന്ത്രി എടുത്തുപറഞ്ഞു: 'കുടിവെളളത്തിന്റെ വില കുത്തനെ ഉയരുന്നതിന് ഇതിടയാക്കും. കുടിവെളളം നല്‍കുന്നത് ഒരു പബ്ലിക് യൂട്ടിലിറ്റി സേവനമാണ്. സര്‍ക്കാര്‍ ചുമതലയില്‍ നിന്ന് പിന്‍വാങ്ങുന്ന പ്രശ്‌നമില്ല. സര്‍ക്കാരിനെ വെറും റെഗുലേറ്ററായി ചുരുക്കുന്നത് ഉചിതമായിരിക്കുകയില്ല'.
കുടിവെളളവിതരണം കാര്യക്ഷമമാക്കാന്‍ സ്വകാര്യവത്കരണത്തോടുളള സര്‍ക്കാരിന്റെ നിലപാടു വ്യക്തമാക്കാന്‍ ഒരു കേസില്‍ ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. കുടിവെളളം ജനങ്ങള്‍ക്കു കൊടുക്കുന്നില്ലെന്നു മാത്രമല്ല, വൈദ്യുതി ചാര്‍ജ് നല്‍കാനുളള പ്രാപ്തിപോലും കെഡബ്ലൂഎയ്ക്കില്ലെന്ന് ഹൈക്കോടതി പരിഹസിച്ചു. അതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്താണ് ഇപ്പോള്‍ പി ജെ ജോസഫിനു പറയാനുളളത്? പുതിയ കമ്പനിയുടെ ചെയര്‍മാന്‍ ബഹു. മന്ത്രി ആയിരിക്കുമത്രേ.

പുതിയ കമ്പനിയുടെ വരവ് ജനങ്ങളെ ബാധിക്കും എന്നതിന് സംശയമില്ല. ഇപ്പോള്‍ കുടിവെളള വിതരണത്തിന് സര്‍ക്കാര്‍ ഗണ്യമായ സബ്‌സിഡി നല്‍കുന്നുണ്ട്. സ്വകാര്യകമ്പനി വന്നാല്‍ അവര്‍ക്ക് ലാഭം വേണം. നഷ്ടം സഹിച്ച് താഴ്ന്നവിലയ്ക്കു കുടിവെളളം നല്‍കാനാവില്ല. അപ്പോള്‍ കുടിവെളളചാര്‍ജ് കുത്തനെ ഉയര്‍ത്താതെ നിര്‍വാഹമില്ല. ഇതുമുന്‍കൂട്ടി കണ്ടുകൊണ്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി വാട്ടര്‍ അതോറിറ്റി നല്‍കിയ സ്‌കീമില്‍ രസകരമായ പ്രസ്താവനയുണ്ട്: 'കമ്പനി ഈടാക്കുന്ന കുടിവെളളവില കെഡബ്ലൂഎയ്ക്കും ബാധകമാകും. അങ്ങനെ കമ്പനി വെളളം നല്‍കുമ്പോള്‍ ഈടാക്കുന്ന നിരക്കുകള്‍ ബാധകമാക്കുകയാണെങ്കില്‍ സ്വകാര്യപങ്കാളിത്തമില്ലാതെ കെഡബ്ലിയുഎയ്ക്കു തന്നെ കുടിവെളളം നല്‍കാം'.

വെളളത്തിന് ഈ വില നല്‍കാന്‍ കഴിയാത്ത പാവങ്ങളുടെ ഗതിയെന്താകും? അവര്‍ വെളളം കുടിക്കേണ്ട എന്നതായിരിക്കും കമ്പനിയുടെ ഖണ്ഡിതമായ ഉത്തരം. മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഓര്‍മ്മയില്ലേ. വെളളത്തിന്റെ വില താഴ്ന്നിരിക്കുന്നതുകൊണ്ടാണ് അതു ദുരുപയോഗം ചെയ്യപ്പെടുന്നത്. വില ഗണ്യമായി ഉയര്‍ത്തിയാല്‍ ആവശ്യത്തിനേ ചെലവാക്കൂ. പാവപ്പെട്ടവര്‍ ആവശ്യം ചുരുക്കി വരുമാനത്തിനുളളില്‍ നിന്ന് ജീവിക്കാന്‍ പഠിക്കും.

എഡിബി വായ്പ, കേന്ദ്രസര്‍ക്കാരിന്റെ ജെന്റം പദ്ധതി, ജലനിധി എന്നിവയുമെല്ലാമായി ബന്ധപ്പെട്ടുകൊണ്ട് കുടിവെളളത്തിന്റെ വില, പൊതുടാപ്പുകള്‍ എന്നിവ സംബന്ധിച്ച സമീപനം കേരളത്തില്‍ രൂക്ഷമായ വിവാദങ്ങള്‍ക്കിടയായി. കേന്ദ്രസര്‍ക്കാരും എഡിബിയും ലോകബാങ്കും കുടിവെളളത്തിന്റെ ചാര്‍ജ് ഉയര്‍ത്തണമെന്നും പൊതുടാപ്പുകള്‍ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത ശക്തമായ നിലപാടുകളുടെ പശ്ചാത്തലത്തില്‍ കരാറുകളില്‍ നിന്ന് അവ ഒഴിവാക്കപ്പെട്ടു. കേരളത്തിലെ പൊതുടാപ്പുകള്‍ നിര്‍ത്തിയുമില്ല, കുടിവെളളവില ഉയര്‍ത്തിയുമില്ല. മേല്‍പറഞ്ഞ പദ്ധതികളില്‍ പലതിലും പ്രത്യേകിച്ച് ലോകബാങ്കിന്റെ ജലനിധി പദ്ധതിയും കുടിവെളളത്തിന്റെ പ്രാദേശിക വിതരണച്ചുമതലയും മേല്‍നോട്ടവും പ്രാദേശിക സമൂഹത്തില്‍ നിക്ഷിപ്തമായിരുന്നു. വെളളക്കരം ഈടാക്കി ഇവ നിര്‍വഹിച്ചുകൊളളും എന്നായിരുന്നു കാഴ്ചപ്പാട്. എന്നാല്‍ പ്രായോഗികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പാവപ്പെട്ടവര്‍ക്കു കുടിവെളളം വിതരണം ചെയ്യുന്നതിനു വേണ്ടിയുളള ചെലവുകള്‍ പരോക്ഷമായ രീതികളിലൂടെ വഹിക്കുന്ന സ്ഥിതിയാണ് നിലവിലുളളത്.

എന്നാല്‍ സ്വകാര്യകമ്പനി വരുന്നതോടെ സ്ഥിതിവിശേഷം ആകെ മാറും. വൈദ്യുതി വില നിശ്ചയിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ ഉളളതുപോലെ തന്നെ കുടിവെളളത്തിനു വില നിശ്ചയിക്കാനും അത്തരമൊരു സംവിധാനം വേണമെന്ന് ദേശീയ ജലനയം അനുശാസിക്കുന്നു. പ്രാദേശിക സാമൂഹ്യ പദ്ധതികള്‍, അഥവാ കമ്മ്യൂണിറ്റി ബേസ്ഡ് ഡ്രിങ്കിംഗ് പ്രോഗ്രാം നടപ്പാക്കുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കമ്പനിയുടെ ബിസിനസ് മോഡലില്‍ പറയുന്നത്.

എന്നുവെച്ചാല്‍ കുടിവെളള വിതരണത്തിന്റെ മുഴുവന്‍ ചെലവും പ്രാദേശികസമൂഹം പൂര്‍ണമായും വഹിക്കണം. നിലവില്‍ കമ്മ്യൂണിറ്റി പ്രോജക്ടുകളുടെ മേല്‍നോട്ടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുന്നത്. അതുകൊണ്ട് സാമ്പത്തികമായ സഹായം ചെയ്യാന്‍ ജലനിധിയ്ക്കു കഴിയും. എന്നാല്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്ഥാനം പുതിയ കമ്പനി ഏറ്റെടുക്കുന്നതോടുകൂടി കുടിവെളളചാര്‍ജ് പാവപ്പെട്ടവര്‍തന്നെ നല്‍കേണ്ടിവരും.
കുടിവെളളത്തിന്റെ സ്വകാര്യവത്കരണമല്ല, കുടിവെളളത്തിലെ പിപിപി മാതൃകയാണ് പുതിയ കമ്പനി എന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഭൂരിപക്ഷം ഷെയറുകളും സ്വകാര്യമേഖലയ്ക്കാകുമ്പോള്‍ മാറ്റേതു വാണിജ്യസ്ഥാപനവും പോലെ പ്രവര്‍ത്തിക്കാനല്ലേ ഈ കമ്പനിയ്ക്കു കഴിയൂ. സിയാല്‍ മാതൃകയില്‍ കുടിവെളളത്തില്‍ നിന്ന് ലാഭമുണ്ടാക്കാനാണോ സര്‍ക്കാരിന്റെ ശ്രമം?

കുടിവെളള സ്വകാര്യവത്കരണം സംബന്ധിച്ച് മറ്റു രാജ്യങ്ങളിലെ അനുഭവങ്ങളുടെ ഒരു പാഠം സ്വകാര്യവത്കരണ പ്രക്രിയയ്ക്കു തുടക്കമിട്ടു കഴിഞ്ഞാല്‍ തിരുത്താന്‍ പ്രയാസമാണ് എന്നാണ്. ജനങ്ങള്‍ ഇടപെട്ട് സ്വകാര്യവത്കരണം അവസാനിപ്പിച്ചില്ലെങ്കില്‍ സ്വകാര്യവത്കരണ പ്രക്രിയയില്‍ അനിവാര്യമായി ഉയര്‍ന്നുവരാന്‍ പോകുന്ന ഓരോ പ്രശ്‌നത്തിനും പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെടുക കൂടുതല്‍ സ്വകാര്യവത്കരണമാണ്. സമ്പൂര്‍ണസ്വാതന്ത്ര്യം നല്‍കാത്തതുകൊണ്ടാണ് കാര്യക്ഷമത കുറഞ്ഞുപോകുന്നത് എന്നായിരിക്കും വാദം.

സ്വകാര്യമൂലധനത്തെ സംബന്ധിച്ചടത്തോളം മുതല്‍മുടക്കുന്നത് ഒരു പരോപകാരപ്രവര്‍ത്തനമല്ല. മറ്റേതു മേഖലയില്‍ മുടക്കിയാലും കിട്ടുന്ന ശരാശരി ലാഭം കുടിവെളളക്കച്ചവടത്തില്‍ നിന്നും ലഭിക്കണം. ഇതിനായി നടത്തുന്ന ജലവിഭവങ്ങളുടെ അമിത ചൂഷണം പാരിസ്ഥിതികത്തകര്‍ച്ചകള്‍ക്കു വഴിതെളിക്കുന്നത് എങ്ങനെയെന്ന് പ്ലാച്ചിമടയിലെ അനുഭവം പഠിപ്പിച്ചിട്ടുണ്ട്. നീര്‍ത്തടാധിഷ്ഠിതമായ ജലസംരക്ഷണം. ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗം ഇവയൊന്നും കോര്‍പറേറ്റു മൂല്യങ്ങളല്ല. കൂടുതല്‍ കൂടുതല്‍ വലിപ്പത്തിലുളള പദ്ധതികള്‍, അവയ്ക്കു വേണ്ടിയുളള പുതിയ സാങ്കേതികവിദ്യകള്‍, അത് അനിവാര്യമാക്കുന്ന മുതല്‍മുടക്ക്, ബഹുരാഷ്ട്ര കുത്തകകള്‍ അടക്കമുളള കോര്‍പറേറ്റ് ഭീമന്മാരുമായി പങ്കുചേരാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകുന്നു.

ലോകമെമ്പാടും ബഹുരാഷ്ട്ര കുത്തകകള്‍ കുടിവെളള മേഖലയിലേയ്ക്കു കടന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണ്. വരാന്‍ പോകുന്നത് കുടിവെളള യുദ്ധങ്ങളുടെ കാലമായിരിക്കും എന്ന പ്രവചനത്തിന്റെ അര്‍ത്ഥം അവര്‍ പൂര്‍ണമായി ഗ്രഹിച്ചിട്ടുണ്ട്. ഇങ്ങനെ ബഹുരാഷ്ട്ര കുത്തകകളെ കടന്നുവരാന്‍ അനുവദിച്ചാല്‍ പിന്നെ തിരിച്ചുപോക്കുണ്ടാകില്ല. കാരണം ലോകവ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അവര്‍ക്കെതിരെ വിവേചനപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോ കോര്‍പറേഷനോ അധികാരമില്ല.

അതുകൊണ്ട് ഈ നീക്കത്തെ മുളയിലേ നുളളിക്കളയാന്‍ കേരളീയര്‍ മുന്നോട്ടുവരണം. ലോകമെമ്പാടും കുടിവെളള സ്വകാര്യവത്കരണത്തിനെതിരെ നടന്ന സമരങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ബൊളീവിയയിലെ കുടിവെളള സ്വകാര്യവത്കരണ വിരുദ്ധസമരമാണ് (1997-2005) ഏറ്റവും പ്രസിദ്ധം. അമേരിക്കന്‍ ബെച്ചല്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കും ഒരു ഫ്രെഞ്ചു കമ്പനിയ്ക്കുമാണ് ബൊളീവിയയിലെ കുടിവെളളം വിറ്റത്.

ലോകബാങ്കുകാരായിരുന്നു സൂത്രധാരര്‍. കുടിവെളളവില കുത്തനെ ഉയര്‍ന്നു. പാവപ്പെട്ടവര്‍ക്ക് കുടിവെളളം നിഷേധിക്കപ്പെട്ടു. ദേശവ്യാപകമായ സമരം പൊട്ടിപ്പുറപ്പെട്ടു. 2005ല്‍ കരാറുകള്‍ റദ്ദാക്കേണ്ടിവന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ ഏവോ മൊറേലിന്റെ നേതൃത്വത്തിലുളള ഇടതുപക്ഷത്തിന്റെ വിജയത്തില്‍ ഈ സമരം ഏറ്റവും പ്രധാനഘടകങ്ങളിലൊന്നായിരുന്നു. അധികാരമേറിയ ശേഷം പുതിയ പ്രസിഡന്റു ഇങ്ങനെ പ്രഖ്യാപിച്ചു. 'കുടിവെളളം ഒരു സ്വകാര്യവ്യാപാര ഇടപാടാക്കാനാവില്ല. കാരണം വെളളത്തെ അത് കേവലമൊരു ചരക്കായി മാറ്റുന്നു. മനുഷ്യാവകാശത്തെ ധ്വംസിക്കുന്നു. കുടിവെളളം പ്രകൃതിവിഭവമാണ്. അത് എന്നും ഒരു പൊതുസേവനമായിരിക്കും'.

'ജീവനുവേണ്ടി ജലം'
എന്നൊരു പദ്ധതി ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. 2015 ആകുമ്പോഴേയ്ക്കും 90 ശതമാനം ജനങ്ങള്‍ക്കു ശുദ്ധജലവും 80 ശതമാനം പേര്‍ക്ക് ശുചിത്വവും ഉറപ്പുവരുത്തുന്നതിനു വേണ്ടി പ്രതിവര്‍ഷം 28 കോടി ഡോളര്‍ ചെലവാക്കാനാണ് ഈ കൊച്ചുരാജ്യം തീരുമാനിച്ചത്. ഇത്തരമൊരു ബദല്‍ പദ്ധതിവെച്ചുകൊണ്ടുളള സമരം കേരളത്തിലും അനിവാര്യമായിരിക്കുന്നു. ബദല്‍ പദ്ധതി ഉണ്ടാകാന്‍ കാത്തിരിക്കുന്നില്ല. ഈ പുതിയ കമ്പനി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല.

Tuesday, January 8, 2013

സ്ത്രീപീഡനം: പ്രതിരോധത്തിന് ഒരു മാരാരിക്കുളം പദ്ധതി


ധനവിചാരം (Mathrubhumi 8 Jan 2013)

2012-ല്‍ ഇന്ത്യന്‍ ജനതയെ ഏറ്റവും ഗാഢമായി സ്​പര്‍ശിച്ച സംഭവമെന്ത്? കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഡല്‍ഹിയിലെ 23-കാരിയുടെ ദുരന്തമാണ് അതെന്നതിന് ഇന്ന് രണ്ടുപക്ഷമില്ല.

അദ്ഭുതവും അസാധാരണവുമായ സംഭവപരമ്പരകള്‍ക്ക് ആ ദുരന്തം തുടക്കമിട്ടു. രാഷ്ട്രീയമറ്റ കാമ്പസുകളിലെ ഇടനാഴികളില്‍ നിന്നും തണല്‍മരച്ചുവടുകളില്‍ നിന്നും പൊതുപ്രവര്‍ത്തനപരിചയമില്ലാത്ത കുട്ടികള്‍ ഇന്ത്യയുടെ ഭരണകേന്ദ്രത്തിലേക്ക് ഇരമ്പിയാര്‍ത്തു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും നിര്‍ഭയത്വത്തിനും മുന്നില്‍ ഇന്ത്യയുടെ ഭരണക്കരുത്ത് വിയര്‍ത്തുകുളിച്ചു. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുള്ള വിമര്‍ശനവും ഇന്നത്തെ രാഷ്ട്രീയസാധ്യതകളിലേക്കുള്ള വിരല്‍ ചൂണ്ടലുമായിരുന്നു ആ പ്രക്ഷോഭം.

രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നവര്‍ക്ക് പ്രക്ഷോഭകരെ അഭിമുഖീകരിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഒടുവില്‍, ഭീരുത്വമെന്നുമാത്രം ചരിത്രം വിലയിരുത്തുന്ന ഒരു തന്ത്രം ഹസ്തിനപുരിയിലെ ചാണക്യന്മാര്‍ പുറത്തെടുത്തു. പെണ്‍കുട്ടിയെ വിദേശത്ത് ചികിത്സിക്കാന്‍ അവര്‍ തീരുമാനിച്ചു. മരിച്ചപ്പോഴോ, അവളുടെ ജഡം നാട്ടിലെത്തിച്ചത് രാത്രിയുടെ മറവില്‍. അതീവരഹസ്യമായിരുന്നു ശവസംസ്‌കാരം. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ജനതയെ വിലക്കി.

പ്രതിഷേധ, പ്രതികരണത്തോടൊപ്പം നടന്ന പ്രതിവിധി തേടിയുള്ള ചര്‍ച്ചകളും കൊഴുത്തു. പക്ഷേ, നിയമഭേദഗതിയും കനത്തശിക്ഷയും കൊണ്ടുമാത്രം സ്ത്രീപീഡനം ഇല്ലാതാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവും ഉയര്‍ന്നുവന്നു. ലൈംഗികതൃഷ്ണ മാത്രമല്ല, പൗരുഷത്തിന്റെ അധികാരപ്രയോഗം കൂടിയാണ് ഓരോ ബലാത്സംഗവും. അതുകൊണ്ടാണ് മാനഭംഗത്തിനിരയായ പെണ്‍കുട്ടി ശാരീരികമായി ഇത്ര ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ആ മനോഭാവം മാറണമെങ്കില്‍ മനുഷ്യന്റെ ബോധം അടിമുടി മാറണം.

ഈ മാറ്റം എങ്ങനെ സാധ്യമാക്കാം? പ്രതിഷേധത്തിനപ്പുറം സാധാരണപൗരന് അതിലെന്ത് പങ്കുവഹിക്കാന്‍ കഴിയും? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു ചര്‍ച്ചയിലും ഞാന്‍ കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ കുടുംബശ്രീയും സന്നദ്ധപ്രവര്‍ത്തകരും ഏറ്റെടുത്ത 'സ്ത്രീസൗഹൃദ ഗ്രാമം' പദ്ധതി പ്രസക്തമാകുന്നത്.

കുടുംബശ്രീ അയല്‍ക്കൂട്ടസംഗമങ്ങളിലെ ചര്‍ച്ചകളില്‍ നിന്നായിരുന്നു തുടക്കം. ഒമ്പതിനായിരത്തില്‍പ്പരം സ്ത്രീകള്‍ പങ്കെടുത്ത ഇരുനൂറോളം യോഗങ്ങള്‍ നീറിപ്പിടയുന്ന സ്ത്രീമനസ്സുകളുടെ ജ്വാലാമുഖമായി. ''എന്തിനാണ് ഇങ്ങനെയൊരു ജന്മം'' എന്ന് ചോദിച്ച മൂന്നുമക്കളുടെ അമ്മയായ 24-കാരിയും ''ഒമ്പതാംക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സംഭവിച്ചത് ഇനിയൊരു കുഞ്ഞിനും ഉണ്ടാകരുത്'' എന്നുവിലപിച്ച 45-കാരിയായ വീട്ടമ്മയും ജനപ്രതിനിധികളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും ഉള്ളിലേക്ക് കനലുകളായി വന്നുവീണു. പഞ്ചായത്തിലെ സ്ത്രീപീഡനത്തെക്കുറിച്ച് ഒരു സര്‍വേ നടത്താന്‍ അവര്‍ തീരുമാനിച്ചു.

അയല്‍ക്കൂട്ടങ്ങളുടെ യോഗങ്ങള്‍ വീണ്ടും ചേര്‍ന്നു. വിശദമായ ക്ലാസിനും ചര്‍ച്ചയ്ക്കുംശേഷം ഓരോ സ്ത്രീയും സര്‍വേഫോറം സ്വയം പൂരിപ്പിച്ചു. വിവരങ്ങള്‍ക്ക് രഹസ്യസ്വഭാവം നല്‍കാന്‍ പൂരിപ്പിച്ച ചോദ്യാവലി, ഉത്തരംപറഞ്ഞ ആളിന്റെ പേരെഴുതാതെ പ്രത്യേകം സീല്‍വെച്ച പെട്ടികളില്‍ നിക്ഷേപിച്ചു. ഈ രഹസ്യസ്വഭാവം അനുഭവങ്ങള്‍ തുറന്നുപറയാന്‍ എല്ലാവരെയും പ്രേരിപ്പിച്ചു.

സര്‍വേ കണക്കുകള്‍ ക്രോഡീകരിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. സര്‍വേയില്‍ പങ്കെടുത്ത 4681 സ്ത്രീകളില്‍ 60 ശതമാനംപേര്‍ സര്‍വേക്കു തൊട്ടുമുമ്പുള്ള മൂന്നു മാസങ്ങളില്‍ ആഭാസവാക്കാലോ ആംഗ്യത്താലോ ഉള്ള അതിക്രമത്തിനോ ഗാര്‍ഹികപീഡനത്തിനോ ബലാത്കാരത്തിനോ ഇരയായിരുന്നു. മൂന്നുമാസത്തെ സ്ഥിതി ഇതാണെങ്കില്‍ വര്‍ഷമാകെ കണക്കാക്കുമ്പോള്‍ എല്ലാസ്ത്രീകളും ഒരു തവണയോ പലതവണയോ ഏതെങ്കിലുംവിധത്തിലുള്ള പീഡനത്തിന് ഇരയായിരുന്നു എന്നു കാണാം. ഈ പീഡനങ്ങളില്‍ 59 ശതമാനം ആഭാസകമന്റുകളും മൊബൈല്‍ അശ്ലീലവുമായിരുന്നു. 14 ശതമാനം ആംഗ്യാതിക്രമങ്ങള്‍ക്കും 11 ശതമാനം ഗാര്‍ഹിക പീഡനങ്ങള്‍ക്കും 15 ശതമാനം പേര്‍ ബലാത്കാരത്തിനുമിരയായി. തങ്ങള്‍ ബലാത്സംഗത്തിനിരയായി എന്ന് പഞ്ചായത്തിലെ അഞ്ച് സ്ത്രീകള്‍ വെളിപ്പെടുത്തി. എന്നാല്‍, പോലീസ് റെക്കോഡ് പ്രകാരം ബലാത്സംഗപരാതിയേ ഉണ്ടായിട്ടില്ല. സര്‍വേയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥിനികളും (406) ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്.

ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് പഞ്ചായത്തിന് നാണക്കേടാണ് എന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, കണക്കുകള്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല, സ്ത്രീപീഡനത്തിനെതിരെയുള്ള പ്രതിരോധത്തിന് ഏറ്റവും ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്നും തീരുമാനമെടുത്തു. രണ്ടോമൂന്നോ വര്‍ഷം കഴിഞ്ഞ് ഇതുപോലൊരു സര്‍വേ വീണ്ടും നടത്തുമ്പോള്‍ അതിക്രമങ്ങളുടെ എണ്ണവും തീവ്രതയും ഗണ്യമായി കുറയ്ക്കാന്‍ കഴിയണം. അതിന് വിദ്യാഭ്യാസമേഖലയിലും ആരോഗ്യപരിപാലനത്തിലും തൊഴില്‍ പരിശീലനത്തിലും സാംസ്‌കാരികരംഗത്തുമെല്ലാം എന്തു ചെയ്യണം? ഇത്തരമൊരു സംയോജിത പരിപാടിയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ഏറ്റവും വലിയ വികസനപ്രവര്‍ത്തനമായി പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചിട്ടുള്ളത്.

വിദ്യാലയങ്ങളാണ് ഇടപെടലിന്റെ മുഖ്യകേന്ദ്രം. നാളത്തെ തലമുറയെങ്കിലും സ്ത്രീപുരുഷബന്ധങ്ങളെ തുല്യതയില്‍ കാണുന്നവരായി മാറാന്‍ ഏതുതരം അനുബന്ധ പാഠ്യപരിപാടികളാണ് വേണ്ടത്? കുട്ടികളുടെ മാനസിക, ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 196 ആണ്‍കുട്ടികളില്‍ 38 ശതമാനംപേര്‍ മദ്യപിക്കുന്നതായും 28 ശതമാനം പേര്‍ പുകവലിക്കുന്നതായും 11 ശതമാനം പേര്‍ മുറുക്കുന്നതായും 0.5 ശതമാനം പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും തെളിഞ്ഞു. ആണ്‍കുട്ടികളില്‍ അഞ്ചുശതമാനംപേര്‍ക്ക് ആത്മഹത്യാപ്രവണതയും ആറുശതമാനംപേര്‍ തങ്ങളെക്കൊണ്ട് ഒരുപയോഗവുമില്ല എന്ന് ചിന്തിക്കുന്നതായും തെളിഞ്ഞു. പെണ്‍കുട്ടികളില്‍ 27 ശതമാനംപേര്‍ മൂത്രാശയ രോഗങ്ങളും 45 ശതമാനംപേര്‍ക്ക് ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചിലും 15 ശതമാനം പേര്‍ക്ക് ആത്മഹത്യാപ്രവണതയും ഉള്ളതായി കണ്ടു. കുട്ടികളുടെ ആരോഗ്യപരിപാലനവും കൗണ്‍സലിങ്ങും പ്രധാനമാണ്. പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ തയ്‌ക്വോണ്ടോ പരിശീലനത്തിനും പ്രോജക്ടുണ്ട്.

ഈ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാപ്പില്‍ സ്ത്രീകള്‍ പോകാന്‍ ഭയപ്പെടുന്ന ഇടവഴികളും കവലകളും സ്ഥാപനങ്ങളും സര്‍വേകണക്കുകളുടെ കൂടെ രേഖപ്പെടുത്തി. 50 ശതമാനത്തോളം സ്ത്രീകള്‍ വഴിമാറി നടന്നു രക്ഷപ്പെടുകയാണ് പതിവ്. ഓടിരക്ഷപ്പെട്ടവര്‍ 13 ശതമാനം. ഭയപ്പാടില്ലാതെ സഞ്ചാരം എങ്ങനെ ഉറപ്പുവരുത്താം? ചെറുത്തുനില്‍പ്പിന് കൂട്ടായ സഞ്ചാരം സ്വീകരിക്കുന്നവര്‍ ആറുശതമാനമാണ്. പൊതുസ്ഥലങ്ങളില്‍ പുരുഷന്മാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞും സ്ത്രീകൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ശക്തമായ വാദമുണ്ട്. സ്ത്രീകള്‍ക്ക് വിനോദത്തിനും വ്യായാമത്തിനുമുള്ള പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ പ്രോജക്ടുണ്ട്. ലിംഗവിഭജനത്തെ മറികടന്നുള്ള തൊഴില്‍പരിശീലനവും ഉണ്ടാകും.

ഗാര്‍ഹികപീഡനത്തിന് എതിരെയുള്ള ഇടപെടല്‍ കൂടുതല്‍ സങ്കീര്‍ണമാണ്. കൗണ്‍സലിങ്ങിനും നിയമപരിരക്ഷ നല്‍കുന്നതിനും സംവിധാനമൊരുക്കണം. 20 ശതമാനം സ്ത്രീകള്‍ വീട്ടില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ മാറിനില്‍ക്കുന്നു. മാറിനില്‍ക്കാന്‍ സുരക്ഷിതമായ കേന്ദ്രം ഇല്ലാത്തത് ഒരു പ്രശ്‌നമാണ്. ഇതുപരിഹരിക്കാന്‍ ഷോര്‍ട്ട് സ്റ്റേ ഹോം ഉണ്ടാക്കാനും പ്രോജക്ടുണ്ട്.

അക്രമികളില്‍ 60 ശതമാനംപേര്‍ മദ്യപിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വാര്‍ഡില്‍ ഇതിനകം മദ്യം ഒഴിച്ചുകൊടുപ്പ് കേന്ദ്രങ്ങള്‍ അവസാനിപ്പിച്ചു. തങ്ങളുടെ വീടുകളിലെ ചടങ്ങുകളില്‍ മദ്യസല്‍ക്കാരം നടത്തുകയില്ല എന്നവര്‍ പ്രതിജ്ഞയുമെടുത്തു. ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു വാര്‍ത്താപത്രികയും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ പഞ്ചായത്തില്‍ ഒരു വനിതാകേന്ദ്രം സ്ഥാപിക്കും. ഇവിടെ ലൈബ്രറിക്കും കമ്പ്യൂട്ടര്‍ സെന്ററിനും പുറമേ രണ്ട് മുഴുവന്‍സമയ പ്രവര്‍ത്തകരടക്കം കൗണ്‍സലിങ്ങിനും നിയമസഹായത്തിനും വ്യായാമപരിശീലനത്തിനുമുള്ള സംഘങ്ങളുണ്ടാകും. പഞ്ചായത്ത് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ആധുനിക കായിക വിനോദ പരിശീലനകേന്ദ്രം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. ഇതിനുപുറമേ എല്ലാ വാര്‍ഡുകളിലും ലൈബ്രറിയോ അങ്കണവാടിയോ മറ്റുമായി ബന്ധപ്പെട്ട് ഒരു ഉപകേന്ദ്രവും സ്ത്രീകള്‍ക്ക് വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യവുമൊരുക്കുന്നു. കുടുംബശ്രീ എ.ഡി.എസ്സിന്റെ ആസ്ഥാനവും അവിടെയായിരിക്കും.

മുഴുവന്‍സമയ പ്രവര്‍ത്തകരുടെ ചെലവ് കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പിന്റെ ആക്ഷന്‍ റിസര്‍ച്ച് പ്രോഗ്രാമില്‍നിന്ന് ലഭ്യമാകും. പഞ്ചായത്തിന്റെ ഫണ്ടിനു പുറമേ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കീമുകളിലെ സഹായധനവും എം.എല്‍.എ. ഫണ്ടും സംയോജിപ്പിച്ചായിരിക്കും മേല്‍പ്പറഞ്ഞ പദ്ധതി നടപ്പാക്കുക.

പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മുഴുവന്‍പേരുടെയും ആരോഗ്യക്കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പരിശീലനം കഴിഞ്ഞു. ഒരുപക്ഷേ, കേരളത്തിലെ ഏറ്റവും സമഗ്രമായ ആരോഗ്യമോണിറ്ററിങ് സംവിധാനമായിരിക്കും ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. ആരോഗ്യപരിപാലനത്തിനുള്ള ഗൃഹസന്ദര്‍ശനങ്ങള്‍ കുടുംബത്തിലെ എല്ലാവരുമായും പ്രോജക്ടിന്റെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള സന്ദര്‍ഭങ്ങള്‍ കൂടിയായിരിക്കും.

ജനകീയാസൂത്രണത്തിലെ വനിതാഘടകപദ്ധതി സംബന്ധിച്ച ഒരു പ്രധാനവിമര്‍ശനം സ്ത്രീകളുടെ ദൈനംദിന ആവശ്യങ്ങളെ ആസ്​പദമാക്കിയ പ്രോജക്ടുകളേ ഏറ്റെടുക്കാറുള്ളൂ എന്നതാണ്. സ്ത്രീപദവിയില്‍ മാറ്റം വരുത്താനുദ്ദേശിച്ചുകൊണ്ടുള്ള പ്രോജക്ടുകള്‍ അപൂര്‍വമാണ്. എന്നാലിവിടെ ഒരു പഞ്ചായത്തിന്റെ മുഖ്യവികസന പ്രവര്‍ത്തനമായി ഇത് മാറിയിരിക്കുന്നു. ഈ സാധ്യത എവിടെയുമുണ്ട്. വികേന്ദ്രീകൃതാസൂത്രണവും വനിതാജനപ്രതിനിധികളും കുടുംബശ്രീയും പ്രാദേശികമായി സ്ത്രീപക്ഷ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ വിപുലപ്പെടുത്തിയിരിക്കുകയാണ്. അത് പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയും പൗരബോധവും ഉണ്ടോ എന്നുള്ളതാണ് പ്രശ്‌നം.

മാരാരിക്കുളം തെക്ക്പഞ്ചായത്തില്‍ ഇതാകാമെങ്കില്‍ എന്തുകൊണ്ട് നിങ്ങളുടെ പഞ്ചായത്തിലും ഇതായിക്കൂടാ?

(കൂടുതല്‍ വിവരങ്ങള്‍ക്ക്: http://mararikulamgenderpanchayat.org)

Tuesday, December 25, 2012

അരിവില കുതിച്ചുകയറിയതെന്തുകൊണ്ട്?



ഡിസംബര്‍ മാസത്തില്‍ അത്യപൂര്‍വമായ ഒരു സാമ്പത്തികപ്രതിഭാസത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഏതാണ്ട് 20 രൂപയായിരുന്ന അരിവില ഒറ്റ മാസം കൊണ്ട് 45 - 50 രൂപയായി. വിചിത്രമെന്നു പറയട്ടെ, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും അരിയുടെ കാര്യത്തില്‍ ഇത്തരമൊരു വിലക്കയറ്റവുമില്ല. കേരളത്തില്‍ മാത്രമായി എങ്ങനെ അരിവില ഉയര്‍ന്നു? അരിയുടെ കയറ്റുമതി - ഇറക്കുമതിയുടെ മേലോ, അന്തര്‍സംസ്ഥാന നീക്കത്തിലോ ഒരു നിയന്ത്രണങ്ങളുമില്ല. സര്‍വസ്വതന്ത്ര കമ്പോളവ്യവസ്ഥ തന്നെ. എന്നിട്ടും കേരളത്തില്‍ മാത്രം അരിവില ഉയര്‍ന്നതെന്ത്? ഇതാണ് ചോദ്യം.

വില ഉയരണമെങ്കില്‍ രണ്ടിലൊന്ന് സംഭവിക്കണം. ഒന്ന്, ആവശ്യക്കാരുടെ എണ്ണം പെരുകണം. അല്ലെങ്കില്‍ രണ്ട്, ലഭ്യത കുത്തനെ കുറയണം. അരിക്കുളള ഡിമാന്റ് കുത്തനെ കൂടാന്‍ കേരളത്തിലോ കേരളത്തിനു പുറത്തോ ഒന്നും സംഭവിച്ചിട്ടില്ല. എന്തെങ്കിലുമുണ്ടെങ്കില്‍, അരി വാങ്ങാനുളള കഴിവ് കുറയുക മാത്രമേ സംഭവിച്ചിട്ടുളളൂ. ഇന്ത്യയില്‍ കനത്ത സാമ്പത്തിക മുരടിപ്പാണ്. സ്വാഭാവികമായി സാധാരണക്കാരുടെ പക്കലുളള പണം കുറയും. പണം കൈയിലുളള സമ്പന്നര്‍ക്കാകട്ടെ, അരി തിന്നുന്നതിനെക്കാള്‍ ഇഷ്ടം കൂടുതല്‍ ഉയര്‍ന്ന വിലയുളള മറ്റു ഭക്ഷ്യവസ്തുക്കളായിരിക്കും. അപ്പോള്‍ ഡിമാന്റിന്റെ വശം നോക്കിയാല്‍ അരിയുടെ വില താഴുകയാണ് വേണ്ടത്.

അപ്പോള്‍പ്പിന്നെ, വരള്‍ച്ചയോ വെളളപ്പൊക്കമോ വന്ന് ഇന്ത്യയില്‍ കൃഷിനാശം ഉണ്ടായി, അരിയുടെ ഉല്‍പാദനം പൊടുന്നനെ ഇടിഞ്ഞുവോ? കണക്കുകളെല്ലാം നേര്‍വിപരീതമാണ് പറയുന്നത്. യഥാര്‍ത്ഥം പറഞ്ഞാല്‍ കയറ്റുമതി കൂടിയിട്ടും സര്‍ക്കാരിന്റെ കൈയിലുളള അരിയുടെ സ്റ്റോക്ക് ഇപ്പോള്‍ സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള സംഭരണം ഇല്ലെങ്കിലും ഇന്ത്യയുടെ ഇക്കൊല്ലത്തെ അരിശേഖരം മൂന്നു കോടി ടണ്ണാണ്. ഈ സംസ്ഥാനങ്ങളില്‍നിന്നുളളതുകൂടി ആകുമ്പോള്‍ അത് നാലു ടണ്ണാകും. അതായത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15ശതമാനം കൂടുതല്‍. അരിയും ഗോതമ്പും കൂടി ചേര്‍ത്താല്‍ 7.1 കോടി ടണ്‍ ധാന്യം ശേഖരിച്ചു വെയ്ക്കാനുളള സൗകര്യമേ ഫുഡ് കോര്‍പറേഷനുളളൂ. വാങ്ങുന്ന അരി സൂക്ഷിക്കാന്‍ സൗകര്യമില്ല എന്നുളളതാണ് നില. സംഭരിച്ച അരിയുടെ 64 ശതമാനമേ ലിഫ്റ്റു ചെയ്തിട്ടുളളൂവെന്നും അതുകൊണ്ട് ഈ വര്‍ഷത്തെ സംഭരണത്തിന് കൂടുതല്‍ സമയം വേണമെന്നും ബീഹാര്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. ഗോഡൗണുകളില്‍ കുന്നകൂടുന്ന അരിയും ഗോതമ്പും ചീഞ്ഞുനാറി മൃഗങ്ങള്‍ക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കത്തിച്ചും കടലില്‍ത്താഴ്ത്തിയും നശിപ്പിക്കുന്ന എത്രയോ റിപ്പോര്‍ട്ടുകളാണ് വരുന്നത്. അപ്പോള്‍ അരി ശേഖരത്തില്‍വന്ന കുറവല്ല, വിലക്കയറ്റത്തിനു കാരണം.

വിലക്കയറ്റം നേരിടാനല്ല, കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സ്റ്റോക്ക് ഉപയോഗിക്കുന്നത്. മാസാമാസം ലേലം വിളിച്ച് ഈ സ്റ്റോക്കു വില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കുമാണ്. കിട്ടിയ അരി പൂഴ്ത്തിവെച്ചുകൊണ്ട് ഇക്കൂട്ടരുണ്ടാക്കിയ കൃത്രിമക്ഷാമമാണ് പൊതുവിപണിയില്‍ അരിവില കുതിച്ചുയരാന്‍ കാരണം. ഈ വര്‍ഷം മഴ മോശമായതുകൊണ്ട് റാബി വിളവിന്റെ ഉല്‍പാദനം നാലു ശതമാതനം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉല്‍പാദനം കുറയുമെന്ന് മുന്‍കൂട്ടി അറിഞ്ഞപ്പോള്‍ പൂഴ്ത്തിവെപ്പും തുടങ്ങി. അത്തരം പൂഴ്ത്തിവെപ്പിന്റെ അന്തരീക്ഷം മണത്തപ്പോള്‍ കേരളത്തിലെ മില്ലുടമകളും അരി പൂഴ്ത്തിവെച്ചു. ഈ പൂഴ്ത്തിവെപ്പു കാരണമാണ് അരിവില അസ്വാഭാവികമായി കുതിച്ചുകയറിയത്.

ഈ പൂഴ്ത്തിവെപ്പിനെക്കുറിച്ച് കേരള സര്‍ക്കാരിനു മുന്നറിവുണ്ടായിരുന്നു. ഡിസംബറില്‍ കേരളത്തില്‍ അരിവില കൃത്രിമമായി ഉയര്‍ത്താന്‍ വന്‍തോതില്‍ പൂഴ്ത്തിവെപ്പു നടക്കുന്നുവെന്ന് വെളിപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയുടെ അനൗദ്യോഗിക ജിഹ്വയായ മലയാള മനോരമ തന്നെയാണ്. ഒക്‌ടോബര്‍ 12നാണ് മനോരമ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സപ്ലൈകോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് ഇതെക്കുറിച്ച് അറിവുലഭിച്ചുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ ബിനാമികളായ മൊത്തക്കച്ചവടക്കാരും മില്ലുടമകളുമാണ് ഈ പൂഴ്ത്തിവെപ്പിനു പിന്നിലെന്നും പൂഴ്ത്തിവെപ്പു നടത്തുന്ന അരിമില്ലുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ വകുപ്പുമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ ശകാരിച്ചുവെന്നും വാര്‍ത്ത വെളിപ്പെടുത്തി.

നിയമസഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കിയ മനോരമാ റിപ്പോര്‍ട്ട് ഞാനേതാണ്ട് പൂര്‍ണമായിത്തന്നെ വായിച്ചു. പൂഴ്ത്തിവെപ്പുകാരുടെ ശ്രമം വിജയിച്ചാല്‍ ഡിസംബര്‍ മാസത്തോടെ കേരളത്തിലെ പൊതുവിപണയില്‍ അരിവില 40-50 രൂപയായിത്തീരുമെന്ന് മനോരമ പ്രവചിച്ചകാര്യം വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും അത്ഭുതംകൂറി. പക്ഷേ, തങ്ങളുടെ ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വിശദമായി ചര്‍ച്ചയ്‌ക്കെടുത്ത കാര്യം വിസ്മയകരമെന്നു പറയട്ടെ, പിറ്റേദിവസത്തെ മനോരമയില്‍ കണ്ടതേയില്ല.

മനോരമ റിപ്പോര്‍ട്ടു വന്നിട്ടും ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. അരിമില്ലുകളും മൊത്ത വിതരണ ഏജന്‍സികളുടെ ഗോഡൗണുകളും റെയ്ഡ് നടത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ മനോരമ റിപ്പോര്‍ട്ടു പ്രത്യക്ഷപ്പെട്ടിട്ടും ഒരു പരിശോധനയും നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുന്‍വര്‍ഷങ്ങളില്‍ അച്ചടക്കനടപടികളും സ്ഥലംമാറ്റവും നേരിട്ട ഉദ്യോഗസ്ഥരെല്ലാം സമീപകാലത്ത് അവരുടെ തസ്തികകളില്‍ തിരിച്ചെത്തിയതിനു പിന്നില്‍ റേഷന്‍ റാക്കറ്റിന്റെ സാമ്പത്തികസ്വാധീനവുമുണ്ട് എന്നും മനോരമ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. സ്ഥലം മാറ്റത്തിനും റേഷനരി തിരിമറി ചെയ്യുന്നതിനുമെല്ലാം സിവില്‍ സപ്ലൈസ് മന്ത്രി കൂട്ടു നില്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് തന്നെ പരസ്യമായി ആരോപണമുന്നയിച്ചു.

എന്താണ് നടന്നിരിക്കുക? കേരളീയര്‍ക്ക് ഇഷ്ടപ്പെട്ട ആന്ധ്രാ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അരിയുടെ കേരളത്തിലേയ്ക്കുളള വരവു കുറഞ്ഞു. അതിനു മുഖ്യകാരണം, ചില മില്ലുടമകളും മൊത്തക്കച്ചവടക്കാരും മാസങ്ങള്‍ക്കു മുമ്പേ മുന്‍കൂര്‍ തുക നല്‍കി അരിയുടെ സ്റ്റോക്കു മുഴുവന്‍ കൈവശപ്പെടുത്തിയതാണ്. ഊഹക്കച്ചവടം സര്‍ക്കാര്‍ തന്നെ ധാന്യമേഖലയില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇത്തരത്തില്‍ സ്റ്റോക്കു മുഴുവന്‍ മുന്‍കൂറായി കൈവശപ്പെടുത്തുന്നത് അത്ര പ്രയാസമുളള കാര്യമല്ല. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന അരിയും ഈ ഗൂഢസംഘത്തിന്റെ കൈവശം തന്നെയാണ് എത്തിച്ചേരുന്നത്. ഇതാണ് സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പൂഴ്ത്തിവെപ്പ്.

ഡിസംബര്‍ മാസമായപ്പോഴേയ്ക്കും കമ്പോളത്തിലേയ്ക്കുളള അരിയുടെ വരവു കുറഞ്ഞു. വില ഉയരാന്‍ തുടങ്ങി. വില ഉയരാന്‍ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. അവരും കൂടുതല്‍ വാങ്ങാന്‍ പരിശ്രമിച്ചു. അരിവില വാണം പോലെ ഉയര്‍ന്നു. ഏതാണ്ട് ഒരുമാസക്കാലം 15-20 രൂപയ്ക്ക് സംഭരിച്ച അരി മുഴുവന്‍ 40 - 50 രൂപയ്ക്ക് വിറ്റ് പൂഴ്ത്തിവെപ്പ് ഗൂഢസംഘം ഏതാണ്ട് 100 കോടി രൂപയോളം കൈക്കലാക്കി. കേരളചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊളളയടിക്കുക. ഇതില്‍ യുഡിഎഫ് നേതൃത്വത്തിന് കമ്മിഷനായി എന്തുകിട്ടി എന്നു മാത്രമേ ഇനി അറിയേണ്ടൂ.
ദേശീയസംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുടരുന്ന പുതിയ നയത്തിന്റെ ഫലമാണ് ഈ നിഷ്‌ക്രിയത്വം. കമ്പോളത്തെ സര്‍ക്കാര്‍ അതിന്റെ പാട്ടിനു വിട്ടിരിക്കുകയാണ്. വില കൂടുന്നതിലോ കുറയുന്നതിലോ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ദേശീയ അരിവിപണിയില്‍ നാലോ അഞ്ചോ രൂപയുടെ വില വര്‍ദ്ധനയുണ്ടായാല്‍ കേരളത്തില്‍ 20-25 രൂപ വരെ ഒറ്റയടിച്ചു കുതിച്ചുകയറുന്ന വിലക്കയറ്റപ്രതിഭാസത്തിന് ഈ നയമാണ് കാരണം.

അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനുളളില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഇന്ത്യയൊട്ടാകെ 3 രൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞവരാണ് കേന്ദ്രം ഭരിക്കുന്നത്. ആ വാഗ്ദാനം നടപ്പാക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമം എന്നു പാസാക്കുമെന്ന് നിശ്ചയമില്ല. നടപ്പാക്കുന്ന പഞ്ഞമാസങ്ങളില്‍ വില കുതിച്ചുയരുമ്പോള്‍ ആശ്വാസമാകാനാണ് ബഫര്‍ സ്റ്റോക്ക് സര്‍ക്കാര്‍ ശേഖരിക്കുന്നത്. പൊതുവിതരണ സംവിധാനം വഴി ഇത് വിതരണം ചെയ്താണ് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ടത്.

വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ച നടക്കവെ, കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ വിചിത്രമായ ഒരു വാദം ഉന്നയിച്ചു. കേരളത്തില്‍ നെല്ലിന്റെ താങ്ങുവില 11 രൂപയില്‍ നിന്ന് 17 രൂപയാക്കിയപ്പോള്‍ നെല്‍കര്‍ഷകര്‍ക്ക് നല്ലവില ലഭിക്കുന്നുണ്ടെന്നും ഈ വിലക്കയറ്റത്തിനു കാരണം അതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദവും മലയാളമനോരമയുടെ ഒക്‌ടോബര്‍ 12 റിപ്പോര്‍ട്ട് പൊളിക്കുന്നു. നാം മില്ലില്‍ കൊടുക്കുന്ന അരിയല്ല, കേരളത്തില്‍ വിതരണം ചെയ്യുന്നത്. അതുമുഴുവന്‍ പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ് പോകുന്നത്. മാത്രമല്ല, റേഷന്‍ വിതരണത്തിനു കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിയുടെ നാല്‍പതുശതമാനവും പോകുന്നത് പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ്.

കേരളത്തിന്റെ റേഷന്‍വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 1,14,000 ടണ്‍ അരി ഒരു മാസം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 30,000 ടണ്‍ മാത്രം. കേരളത്തിലെ റേഷന്‍ സമ്പ്രദായം ദാരിദ്ര്യനിര്‍മ്മാര്‍ജനം മാത്രം ലക്ഷ്യമിട്ടുളളതല്ല. ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നമാണ്. നമ്മുടെ കാര്‍ഷികോത്പാദനത്തിന്റെ 15 ശതമാനം മാത്രമാണ് നെല്ലുല്‍പാദനം. ഇങ്ങനെയുള്ളൊരു സംസ്ഥാനത്ത് അലുവാലിയ സിദ്ധാന്തം അനുസരിച്ച് കമ്പോളത്തെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ എന്തുണ്ടാകും എന്നുളളതിന് തെളിവാണ് ഡിസംബര്‍ മാസത്തിലുണ്ടായ അരിവിലക്കയറ്റം. എല്ലാം സാധാരണഗതിയില്‍ നടക്കുമ്പോഴേ, അരി വാങ്ങാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ദേശീയ കമ്പോളത്തില്‍ ഒരു ഞെരുക്കം വരാനുളള സാധ്യതയുണ്ടെന്നു വന്നാല്‍ ഇപ്പോഴെന്നപോലെ പിടിവിട്ടുപോകും.

ഈ വിലക്കയറ്റം വരാന്‍പോകുന്ന വിപത്തിന്റെ സൂചനയാണ്. വാള്‍മാര്‍ട്ടും മറ്റും വന്നാല്‍ കൃഷിക്കാര്‍ക്കു നല്ല വില കിട്ടുമെന്നാണല്ലോ പറയുന്നത്. കൃഷിക്കാര്‍ക്കല്ല, കുത്തകകള്‍ക്കാണ് വില കിട്ടാന്‍ പോകുന്നത്. ബഫര്‍ സ്റ്റോക്കുണ്ടായിട്ടും സ്ഥിതി ഇതാണ്. ഇനി അതില്ലാതാക്കി അരിയ്ക്കു പകരം കാശു കൊടുക്കുന്ന റേഷന്‍ സമ്പ്രദായം കൂടി കൊണ്ടുവന്നാല്‍ പിന്നെ സംഭവിക്കാവുന്നത് ഊഹിക്കാവുന്നതേയുളളൂ.

ചെറുവയല്‍ രാമനും മൊണ്ടേക് അലുവാലിയയും


ധനവിചാരം Published on  25 Dec 2012

ആദിവാസി വികസനപദ്ധതികളുടെ വീഴ്ചകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ ഞെട്ടിച്ചു. അങ്ങനെയാണ് വയനാട് സന്ദര്‍ശിക്കാന്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തീരുമാനിച്ചത്. യാഥാര്‍ഥ്യം റിപ്പോര്‍ട്ടിനുമപ്പുറമാണ്: 1978-ല്‍ 7.4 കോടി രൂപയില്‍ തുടങ്ങിയതാണ് കാരാപ്പുഴ ജലസേചന പദ്ധതി. ഇതുവരെ 286 കോടി രൂപ മുടക്കി. എന്നിട്ടും തീര്‍ന്നിട്ടില്ല. പുതുക്കിയ മതിപ്പുകണക്ക് 441 കോടി രൂപയാണ്. പൂര്‍ത്തിയാക്കിയാലും കാര്യമൊന്നുമില്ല. ജലസേചനം നടത്താന്‍ വയല്‍ വല്ലതും അവശേഷിക്കേണ്ടേ. അപ്പോള്‍പ്പിന്നെ നീക്കിബാക്കിയെന്ത്?

അഴിമതിയും വിവാദങ്ങളും ഇനിയും പുനരധിവസിപ്പിക്കപ്പെടാത്ത കുടിയിറക്കപ്പെട്ട ആദിവാസികളും. ഇവര്‍ക്കുപോലും വീടുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുവദിച്ച വീടുകളില്‍ മഹാഭൂരിപക്ഷവും പണിതീരാതെ കിടക്കുകയാണ്. കിട്ടിയ ഗഡുക്കള്‍ കോണ്‍ട്രാക്ടര്‍മാര്‍ തട്ടിയെടുത്തു. ലഭിച്ച ഭൂമിയില്‍ നല്ലപങ്കിലും മറ്റുള്ളവര്‍ പാട്ടക്കൃഷി നടത്തുന്നു. ഡോക്ടറില്ലാത്ത ആദിവാസി ആസ്പത്രി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ കെട്ടിടത്തില്‍ താമസിക്കേണ്ടിവരുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഇതാണ് അവസ്ഥ. സങ്കടം തന്നെ.

പര്യടനത്തിന്റെ അവസാനം ചെറുവയല്‍ രാമന്റെ വീട്ടില്‍ ചെന്നപ്പോഴാണ് സന്തോഷം തോന്നിയത്. പുല്ലുമേഞ്ഞ, വൈക്കോല്‍ക്കരിയും കുളിര്‍മാവ് പേസ്റ്റും ചേര്‍ത്ത് മെഴുകിയ വീടിന്റെ മുറ്റത്തിരുന്നാണ് ഞങ്ങള്‍ ഊണുകഴിച്ചത്. വീട്ടുകാര്‍ മാത്രമല്ല, കുറച്ച് നാട്ടുകാരുമുണ്ടായിരുന്നു ഉത്സാഹക്കമ്മിറ്റിയില്‍. വിഭവങ്ങളുടെ വിശേഷങ്ങള്‍ വാതോരാതെ പറഞ്ഞ് കൂടെ രാമനും.

ഇത്തവണത്തെ പി.വി. തമ്പി അവാര്‍ഡ് ജേതാവാണ് ചെറുവയല്‍ രാമന്‍. അവാര്‍ഡുവിതരണച്ചടങ്ങില്‍ അദ്ദേഹത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. സദസ്സിനു പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് - ''അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരിലൊരുവന്‍''. രാമന്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങള്‍ എന്തെന്നറിയാന്‍ വീടിനുപിറകിലെ കുന്നില്‍ചരിവിലൂടെ ഞങ്ങള്‍ താഴേക്കിറങ്ങി. നെല്ലു നിറഞ്ഞുകിടക്കുന്ന ഏല. ജലസമൃദ്ധിയുടെ അഭിമാനം തിരതല്ലി കബനിനദി കിഴക്ക് ഒഴുകുന്നു. വയലിലേക്കിറങ്ങിയാല്‍ വിചിത്രമായൊരു കാഴ്ച കാണാം.

ചില കണ്ടങ്ങളില്‍ നെല്ല് സുവര്‍ണരാശിയില്‍ വിളഞ്ഞുകിടക്കുന്നു. മറ്റുചില കണ്ടങ്ങള്‍ക്ക് തത്തപ്പച്ച നിറമാണ്. ഇവയ്ക്കിടയില്‍ വിവിധ വിളപാകത്തിലുള്ള നെല്ലിനങ്ങള്‍. കാര്‍ഷികസര്‍വകലാശാലയിലെ പരീക്ഷണത്തോട്ടങ്ങളിലെന്നപോലെ ഓരോ കണ്ടത്തിലും നമ്പര്‍ എഴുതിയൊട്ടിച്ച ബോര്‍ഡുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. നമ്പറിട്ടേ പറ്റൂ. കാരണം, തന്റെ പൊതു കുടുംബസ്വത്തായ ആറേക്കര്‍ പാടത്ത് 36 ഇനം നെല്ലുകളാണ് രാമന്‍ കൃഷിചെയ്യുന്നത്. വിവിധ ഇനങ്ങള്‍ പരാഗണത്തിലൂടെ കലര്‍ന്നാലോ? അതു തടയാന്‍ കണ്ടത്തിന്റെ നടുഭാഗത്തുനിന്നുമാത്രമേ വിത്ത് ശേഖരിക്കൂ. വിവിധ മൂപ്പുള്ള നെല്ലുകളോരോന്നിനും പ്രത്യേക പരിചരണം വേണ്ടേ? ഒരു ചെറുചിരി മാത്രമായിരുന്നു രാമന്റെ ഉത്തരം.

വയനാടിന് നൂറില്‍പ്പരം പരമ്പരാഗത വിത്തിനങ്ങളുണ്ടായിരുന്നു. അവയില്‍ അവശേഷിക്കുന്നവ ചെറുവയല്‍ രാമന്റെ തോട്ടത്തില്‍ കാണാം. പലതും ഇവിടെമാത്രം. ഒരനുഷ്ഠാനകര്‍മംപോലെ എത്രയോ വര്‍ഷമായി രാമന്‍ ഈ തപസ്സുചെയ്യുന്നു. ''എന്തിന്? അധ്വാനത്തിന് അനുസരിച്ചുള്ള ലാഭമുണ്ടോ?'' എന്നൊരു ചോദ്യമുയര്‍ന്നു.

മൊണ്ടേക്‌സിങ് അലുവാലിയ കേരളത്തോടു ചോദിച്ചതും ഇതുതന്നെയല്ലേ. കേരളീയര്‍ എന്തിന് നെല്‍ക്കൃഷി ചെയ്യണം? പണംകൊണ്ട് വാങ്ങാന്‍ കഴിയാത്ത എന്തുണ്ട്? റബ്ബര്‍പോലെ കൂടുതല്‍ ആദായമുള്ള കൃഷി ചെയ്യുക. അല്ലെങ്കില്‍ റിയല്‍എസ്റ്റേറ്റ്. അതിലെന്താണ് തെറ്റ്?

ചെറുവയല്‍ രാമന്‍ വിശദീകരിച്ചു തുടങ്ങി - ''ഇത് അഞ്ചുമാസം മൂപ്പുള്ള മരത്തൊണ്ടി. ഇതാണ് ഞങ്ങളുടെ ചോറ്. വിഷുവിനും ഓണത്തിനും സാറിനെപ്പോലുള്ളവര്‍ വരുമ്പോഴും പായസത്തിന് ഗന്ധകശാലതന്നെ വേണം. ഞവരക്കഞ്ഞിയുടെ സ്വാദ് ഒന്നു വേറെത്തന്നെ. ജീരകശാലയുടെ നെയ്‌ച്ചോറ് തിന്നിട്ടുണ്ടോ? പൂജയ്ക്ക് വെളിയന്‍ നെല്ലുവേണം. പ്രസവാനന്തരശുശ്രൂഷയ്ക്ക് ചെന്നെല്ല് കൂടിയേ തീരൂ. എല്ലാറ്റിനും ലാഭവും നഷ്ടവും നോക്കാനൊക്കുമോ? എല്ലാറ്റിനും വിലയിടാനൊക്കുമോ?''.

നെല്‍ക്കൃഷി വേണോ എന്നു ശങ്കിക്കുന്ന മൊണ്ടേക്‌സിങ് അലുവാലിയയുടെ മുന്നിലാണ് 36 ഇനം നെല്ലുകളുമായി ചെറുവയല്‍ രാമന്‍ നില്‍ക്കുന്നത്. അലുവാലിയയ്ക്ക് മനസ്സിലാകാത്ത പലതുമുണ്ട്. ഒന്ന്, അരിയുടെ കാര്യത്തില്‍ സ്വാശ്രയത്വം കൈവരിക്കാനാവില്ല. ശരി തന്നെ. പക്ഷേ, നാലിലൊന്ന് അരിയെങ്കിലും ഇവിടെ ഉത്പാദിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷിതത്വം ഉണ്ടോ? 20 രൂപയ്ക്ക് വിറ്റിരുന്ന അരി 50 രൂപയിലേക്കുയര്‍ന്നപ്പോള്‍ പകച്ചുനില്‍ക്കാനല്ലേ സര്‍ക്കാറിനു കഴിഞ്ഞുള്ളൂ.

രണ്ട്, ഏലകളില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളത്തിന്റെ കണക്ക് അലുവാലിയയ്ക്ക് ഊഹിക്കാമോ? എല്ലാ ഡാമുകളിലുംകൂടി സംഭരിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മഴവെള്ളം കേരളത്തിലെ ഏലകളില്‍ സംഭരിക്കപ്പെടുന്നുണ്ട്. നമ്മുടെ ജലചക്രത്തില്‍ ഏലകളുടെ പരിസ്ഥിതിപ്രാധാന്യം നിര്‍ണായകമാണ്.

മൂന്ന്, നമുക്ക് ആവശ്യമില്ലാത്തതെല്ലാം കളയെന്നുവിളിച്ച് പറിച്ചുകളഞ്ഞിട്ടാണ് കൃഷിചെയ്യുക. എന്നാലും നമ്മുടെ വയേലലകള്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. രാമന്റെ വയലില്‍ത്തന്നെ 36 നെല്ലിനങ്ങളുണ്ടല്ലോ. പിന്നെ, വയലേലയുടെ സാംസ്‌കാരികവും സൗന്ദര്യപരവുമായ മാനങ്ങള്‍ക്ക് വിലയിടാനാവുമോ? ഇക്കാര്യങ്ങള്‍ പറഞ്ഞാണ് പാശ്ചാത്യരാജ്യങ്ങള്‍ കാര്‍ഷികവരുമാനത്തിന്റെ അമ്പതുശതമാനത്തോളം വരുന്ന തുക സബ്‌സിഡിയായി കൃഷിക്കാര്‍ക്ക് നല്‍കുന്നത്.

എന്തിന് ഇത്രയും നെല്ലിനങ്ങള്‍? അത്യുത്പാദനശേഷിയുള്ള പുത്തന്‍വിത്തിനങ്ങള്‍ പോരേ? പോര എന്നുതന്നെയാണ് ഉത്തരം. ഏകയിനം കൃഷിസമ്പ്രദായം വരുത്തിവെച്ച കാര്‍ഷികത്തകര്‍ച്ചകളുടെ ഒട്ടേറെ ദുരനുഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. അത്യുത്പാദനശേഷിയുള്ള, അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷിയുള്ള, അല്ലെങ്കില്‍ പ്രത്യേക സ്വാദുള്ള നെല്‍വിത്തിനങ്ങള്‍ ഈ പരമ്പരാഗത വിത്തിനങ്ങളില്‍നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത എന്തെന്ത് സവിശേഷതകളാണ് പരമ്പരാഗത വിത്തിനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത് എന്ന് ആര്‍ക്കറിയാം!

നമ്മുടെ ഏറ്റവുംവലിയ സമ്പത്താണ് ഈ നാട്ടിലെ ജൈവവൈവിധ്യം. മൂല്യത്തിന്റെ കാര്യത്തില്‍ ഭാവിയിലൊരുപക്ഷേ, പെട്രോളിനെയും പ്രകൃതിവാതകത്തെയും പിന്തള്ളുന്ന സമ്പത്ത്. പക്ഷേ, ഇതിന്റെ കലവറകളായ കാടിനെയും തണ്ണീര്‍ത്തടങ്ങളെയും നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യന്ത്രസാങ്കേതികവിദ്യയും ആവിശക്തിയും കൂടിയാണല്ലോ വ്യവസായവിപ്ലവം സൃഷ്ടിച്ചത്. അതുപോലെ ഒരു എടുത്തുചാട്ടത്തിലാണ് ലോകം ഇന്ന്. വിവരസാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, പുത്തന്‍ പദാര്‍ഥവിജ്ഞാനീയം, ബയോടെക്‌നോളജി എന്നു തുടങ്ങിയ രംഗങ്ങളില്‍ പുതിയൊരു ശാസ്ത്രസാങ്കേതിക വിപ്ലവം നടക്കുകയാണ്.

പക്ഷേ, ഒരു വൈരുദ്ധ്യമുണ്ട്. ജൈവവൈവിധ്യകേന്ദ്രങ്ങള്‍ മൂന്നാംലോകരാജ്യങ്ങളിലാണ്. അതേസമയം, ബയോ ടെക്‌നോളജി സമ്പന്നരാഷ്ട്രങ്ങളുടെ കുത്തകയാണ്. പുതിയ പേറ്റന്റ് നിയമത്തിലൂടെ തങ്ങളുടെ ബയോടെക്‌നോളജിയുടെ സ്വത്തവകാശം അവര്‍ ഉറപ്പാക്കിക്കഴിഞ്ഞു. പക്ഷേ, അതേസംരക്ഷണം നമ്മുടെ ജൈവസമ്പത്തിന് നല്‍കാന്‍ അവര്‍ തയ്യാറല്ല. അവയെ എങ്ങനെ മോഷ്ടിക്കാം എന്ന ഉപജാപത്തിലാണ് ബഹുരാഷ്ട്രക്കുത്തകകള്‍.

എത്രയോ തലമുറകളായി ചെറുവയല്‍ രാമനെപ്പോലുള്ള ആദിവാസികളും കൃഷിക്കാരുമെല്ലാം പരിപാലിച്ചുവന്ന വിത്തിനങ്ങളില്‍ ചില ജനിതകമാറ്റങ്ങള്‍ വരുത്തി പ്രചാരണത്തിലൂടെയും ചതികളിലൂടെയും അവര്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അങ്ങനെ നമ്മെ കൊള്ളയടിക്കുന്നു. തര്‍ക്കംമൂത്താല്‍ അവര്‍ പറയുക, സസ്യജാലങ്ങളോ സൂക്ഷ്മജീവികളോ നിങ്ങളുടെ നാട്ടില്‍ പാരമ്പര്യവിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പരിപാലിക്കപ്പെട്ടുപോന്നവയാണെന്ന് തെളിയിച്ചാല്‍ അവയ്ക്ക് റോയല്‍ട്ടിയുംമറ്റും തരാമെന്നാണ്. അങ്ങനെ ചെയ്യണമെങ്കില്‍, നമ്മുടെ പരമ്പരാഗത വിജ്ഞാനത്തെയും ജീവജാലങ്ങളെയും എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകണം. അങ്ങനെ നാം ചെയ്തിട്ടില്ല.

ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കിയാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ അന്തര്‍ദേശീയ കരാറുകളില്‍ ചെയ്തുവെച്ചിട്ടുണ്ട്. രാമന്‍ 36 ഇനം നെല്‍വിത്തുകള്‍ പരിപാലിക്കുന്നു. ഇതുപോലെ ഇന്ത്യ മൊത്തത്തിലെടുത്താല്‍ ആയിരക്കണക്കിന് നെല്‍വിത്തുകളുണ്ടാകും. ഇതുപോലുള്ള ജനിതകശേഖരം സൂക്ഷിച്ചുവെക്കുന്ന ലബോറട്ടറികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ തുടങ്ങിയവയില്‍ മഹാഭൂരിപക്ഷവും സാമ്രാജ്യത്വരാഷ്ട്രങ്ങളിലാണ്. ഈ ജനിതകസമ്പത്ത് തന്നിഷ്ടംപോലെ ഉപയോഗിക്കാമെന്നാണ് അവര്‍ വാദിക്കുന്നത്.

ഈ തര്‍ക്കം മൂത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, തോല്‍ക്കാന്‍ നമ്മള്‍ തീരുമാനിച്ച മട്ടിലാണ് കാര്യങ്ങള്‍. ഇന്ത്യയുടെ ശാസ്ത്രസാങ്കേതികവകുപ്പിനു കീഴിലുള്ള അതിസമ്പന്നമായ ജൈവശേഖരം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ചെറിയൊരു തുക ഫീസ് വാങ്ങി തുറന്നു കൊടുക്കാന്‍ പോവുകയാണ്. അവരുടെ സഹകരണമില്ലാതെ ജനിതകസാങ്കേതികപുരോഗതി നേടാന്‍ കഴിയില്ലപോലും. കോഴിയെ കാക്കാന്‍ കുറുക്കനെത്തന്നെ ചുമതലപ്പെടുത്തണം.

അങ്ങനെ നമ്മുടെ മറ്റൊരു പൊതുസ്വത്തുകൂടി ചുളുവിലയ്ക്ക് കുത്തകകള്‍ കൈവശപ്പെടുത്താന്‍ പോവുകയാണ്. സ്വന്തം വരുതിയിലുള്ളവ സംരക്ഷിക്കാനേ കുത്തകകള്‍ക്ക് താത്പര്യമുള്ളൂ. പൊതുവായിട്ടുള്ളവയ്ക്ക് നാഥനില്ല. അങ്ങനെ ഇന്ന് നാമറിയുന്ന പക്ഷിമൃഗാദികളിലും ജലജീവികളിലും 10-30 ശതമാനം ആഗോളമായി നാശത്തിന്റെ വക്കിലാണ്. ദശലക്ഷക്കണക്കായുള്ള സൂക്ഷ്മജീവിവൈവിധ്യം ഇതിനേക്കാള്‍ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സര്‍വനാശത്തിലേയ്ക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയില്‍ ചെറുവയല്‍ രാമന്‍ തന്റെ കണ്ടങ്ങളില്‍ 36 ഇനം നെല്ലുകളെ ഓമനിക്കുന്നു. സ്ഥായിയായ വികസനത്തിന് വഴികാട്ടുന്നു.

Monday, December 10, 2012

അരിവേണോ കാശുവേണോ?


ധനവിചാരം (mathrubhumi, Dec 11, 2012)

'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍' എന്ന ജയറാം രമേശിന്റെ ഇമ്പമൂറുന്ന പരസ്യവാചകം കേട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പഴയ മുദ്രാവാക്യങ്ങളാണ് ഞാന്‍ ഓര്‍ത്തത്. 1971-ല്‍ ഇന്ദിരാഗാന്ധിയുടെവക 'ഗരീബി ഹഠാവോ'. 1986-ല്‍ രാജീവ്ഗാന്ധി അതിനെ സംസ്‌കൃതീകരിച്ച് 'ഗരീബി ഉന്മൂലന്‍' എന്നാക്കി. 2006-ല്‍ മന്‍മോഹന്‍സിങ് 'ഗരീബീ ഹഠാവോ'യെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, ഈ മുദ്രാവാക്യങ്ങള്‍ക്കൊന്നും ദാരിദ്ര്യത്തിന്റെ ബാധയൊഴിപ്പിക്കാനായില്ല. പ്രതിദിനം രണ്ടുഡോളര്‍ വരുമാനംപോലുമില്ലാത്തവരുടെ എണ്ണം ഏതാണ്ട് 70 ശതമാനമാണ് ഇന്നും.

ആ സാഹചര്യത്തിലാണ് ഒരു പുതിയആശയത്തിന് ഉറവപൊട്ടിയത്. കോടിക്കണക്കിന് ദരിദ്രരെല്ലാം ബാങ്ക് അക്കൗണ്ട് എടുക്കുക. റേഷനരിക്കും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും നല്‍കുന്ന സബ്‌സിഡി നേരിട്ട് ആ അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും.

ഈ ആശയത്തിന്റെ പരസ്യവാചകമാണ് 'ആപ് കാ പൈസ, ആപ് കേ ഹാത്ത്' (നിങ്ങളുടെ കാശ് നിങ്ങളുടെ കൈയില്‍). ഇനി മുതല്‍ ആര്‍ക്കും റേഷനരി ഇല്ല. കമ്പോളവിലയ്ക്ക് അരി വാങ്ങണം. സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. ചുരുക്കിപ്പറഞ്ഞാല്‍ പാവപ്പെട്ടവന്റെ റേഷനരിയിലും മടിശ്ശീലയിലും സര്‍ക്കാര്‍ പിടിമുറുക്കുകയാണ്. എന്നിട്ട് പറയുന്നു-'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍'.

2009-10ലെ സാമ്പത്തിക സര്‍വെയാണ് പുതിയ സമീപനത്തിന്റെ ആശയം പ്രഖ്യാപിച്ചത്. ''വിലകള്‍ കമ്പോളത്തിന്റെ പാട്ടിന് വിടുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് പാവപ്പെട്ട ഉപഭോക്താക്കളെ സഹായിക്കണമെങ്കില്‍ വില നിയന്ത്രിക്കാന്‍ ശ്രമിക്കാതെ നേരിട്ട് പാവങ്ങളെ സഹായിക്കാന്‍ ഇടപെടുകയാണ് ഏറ്റവും അഭികാമ്യം''. ഇതിന് ഏറ്റവുംനല്ല ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിച്ചത് റേഷന്‍സമ്പ്രദായമാണ്. റേഷനരി റേഷന്‍ കടക്കാര്‍ക്കാണല്ലോ ആദ്യം കൊടുക്കുന്നത്. അവരാണ് അത് പാവങ്ങള്‍ക്ക് വിതരണംചെയ്യുന്നത്. ഈ ഇടനിലക്കാരെ ഒഴിവാക്കി പണം നേരിട്ട് പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നതാണ് നല്ലതെന്ന് സാമ്പത്തികസര്‍വെ വിലയിരുത്തി. കിട്ടുന്ന പണംകൊണ്ട് റേഷനരി വാങ്ങണോ ബിരിയാണിയരി വാങ്ങണോ എന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ എന്ന് നിശ്ചയിച്ചു. ഹാ, ഉപഭോക്താവ് പരമാധികാരിയായി!

അരിക്കുപകരം പണം പദ്ധതി അങ്ങനെയാണ് ഉണ്ടായത്. ബാങ്കിലിടുന്ന പണം അരിക്കടയിലാണോ മദ്യഷാപ്പിലാണോ എത്തുന്നത് എന്നചോദ്യം പലരും ഉയര്‍ത്തിയിട്ടുണ്ട്. പാവങ്ങളുടെ വരുമാനത്തില്‍ നല്ലൊരുപങ്ക് മദ്യത്തിനുവേണ്ടിയാണ് ഇന്ന് ചെലവഴിക്കപ്പെടുന്നത്. പുരുഷന്മാരുടെ വരുമാനത്തിന്റെ കാര്യത്തില്‍ ഇത് പ്രസക്തമാണ്. വീട്ടിലെ ദാരിദ്ര്യം പുരുഷന്റെ മദ്യപാനത്തിന് തടസ്സമാകുന്നില്ല. ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കിട്ടും എന്നുള്ളതുകൊണ്ട് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നു. കാശായി കൊടുത്താല്‍ നല്ലപങ്ക് കുടുംബങ്ങളും പട്ടിണിയിലേക്ക് പോകും എന്നുറപ്പാണ്. അങ്ങനെ കമ്പോളം ശരിയായ ഉത്തരത്തില്‍ എത്തണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ തീരുമാനം കമ്പോളത്തിന് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഇടപെട്ടേ തീരൂ. സാമ്പത്തികശാസ്ത്രത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളെ 'മാര്‍ക്കറ്റ് ഫെയ്‌ലിയര്‍'അഥവാ കമ്പോളപരാജയം എന്നുവിളിക്കും.

പൊതുവിതരണത്തിന്റെ ലക്ഷ്യം വിലനിയന്ത്രണമാണ്. പൊതുവില എത്ര ഉയര്‍ന്നാലും റേഷന്‍വിലയില്‍ മാറ്റമുണ്ടാവില്ലല്ലോ. ഇത് പൊതുവിലയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍, ഇപ്രകാരം വില നിയന്ത്രിക്കേണ്ട ആവശ്യമില്ല എന്നാണല്ലോ എക്കണോമിക് സര്‍വെയുടെ നിലപാട്. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ പാവങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ വിപരീതഫലമാണ് ഉണ്ടാക്കുക. പാവങ്ങളുടെ ക്രയശേഷി വര്‍ധിക്കുന്നത് കമ്പോളത്തില്‍ ധാന്യത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. വിലക്കയറ്റത്തിന് ആക്കം കൂടും. കാശായി സബ്‌സിഡി നല്‍കുന്നത് വിലക്കയറ്റത്തെ രൂക്ഷമാക്കുന്നു.

ഇപ്പോള്‍ ഒരു രൂപ കൊടുത്താല്‍ ഒരുകിലോ റേഷനരി കിട്ടും. എന്നാല്‍, ഇനിമേല്‍ 30-40 രൂപ കൊടുത്ത് അരി ആദ്യം വാങ്ങണം. ഇത്രയും പണം മുന്‍കൂറായി നല്‍കാന്‍ പാവപ്പെട്ടവരുടെ കൈവശം ഉണ്ടാകണമെന്നില്ല. മാത്രമല്ല, സര്‍ക്കാര്‍ സബ്‌സിഡി സമയത്തൊട്ട് കിട്ടാനും പോകുന്നില്ല. രാജസ്ഥാനില്‍ നടത്തിയ പരീക്ഷണം ഇതുകൊണ്ടാണ് പൊളിഞ്ഞത്. ഒരു വര്‍ഷമായി അവിടെ ചില ബ്ലോക്കുകളില്‍ അരിക്കുപകരം കാശാണ് കൊടുത്തുവരുന്നത്. ശരാശരി മൂന്നുമാസത്തെ കാശുമാത്രമേ ബാങ്ക് അക്കൗണ്ടുകളിലെത്തിയിട്ടുള്ളൂ. പാവപ്പെട്ടവര്‍ ഗോതമ്പുവാങ്ങല്‍ നിര്‍ത്തി. മറ്റുപലരും കടക്കെണിയിലുമായി.

റേഷന്‍ശൃംഖല ഇല്ലാതാകുമെന്നതാണ് കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രത്യാഘാതം. കാശായി വിതരണംചെയ്താലും റേഷന്‍കടകള്‍ നിലനിര്‍ത്തും എന്നുപറയുന്നത് അസംബന്ധമാണ്. എന്തിന് റേഷന്‍ കടകളില്‍നിന്ന് അരിവാങ്ങണം? എത്രയോ പതിറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്നതാണ് ഈ പൊതുവിതരണശൃംഖല. ഇല്ലാതാകുമ്പോഴേ അതിന്റെ വിലയറിയൂ. ഭാഗ്യത്തിന് കേരളസര്‍ക്കാര്‍ ഈ വര്‍ഷം ഈ ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചിരിക്കയാണ്.

റേഷന്‍ഷോപ്പുവഴി അരി വിതരണംചെയ്യുമ്പോള്‍ ചെലവാക്കേണ്ടിവരുന്ന സബ്‌സിഡിയാണല്ലോ കാശായി കൊടുക്കുന്നത്. പക്ഷേ, നാളെ അരിയുടെ വില പിന്നെയുമുയരുമ്പോള്‍ സബ്‌സിഡി ഉയര്‍ത്തുമോ? കൂട്ടാം, കൂട്ടാതിരിക്കാം. ഏതായാലും വില കയറിയിറങ്ങുന്നതിന് അനുസരിച്ച് സബ്‌സിഡി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക പ്രായോഗികമല്ല.

സര്‍ക്കാറിന്റെ ഉന്നം വളരെ വ്യക്തമാണ്. സബ്‌സിഡി കുറയ്ക്കണം. സബ്‌സിഡി ദേശീയവരുമാനത്തിന്റെ രണ്ടുശതമാനമായി നിജപ്പെടുത്തുമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചശേഷമാണ് കാഷ് ട്രാന്‍സ്ഫര്‍ നിര്‍ദേശം ബജറ്റില്‍ വെച്ചത്. കാഷ്ട്രാന്‍സ്ഫറിലേക്ക് പോകുന്നതിന്റെ മുഖ്യഉദ്ദേശ്യമെന്തെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ. വില ഉയരുന്നതിനനുസരിച്ച് സബ്‌സിഡി ഉയര്‍ത്താന്‍ ഉദ്ദേശ്യമില്ല. അങ്ങനെ, കുറേക്കഴിയുമ്പോള്‍ സബ്‌സിഡി സ്വാഭാവികമായിത്തന്നെ ചുരുങ്ങും.

അരിക്കുപകരം കാശായി നല്‍കുന്നതിന്റെ ഫലമായി അഴിമതിയും സബ്‌സിഡിയുടെ ചോര്‍ച്ചയും തടയാമെന്നാണ് ഏറ്റവും ശക്തമായ മറുവാദം. എല്ലാവര്‍ക്കും റേഷനരി അനുവദിച്ചാല്‍ റേഷന്‍ വാങ്ങാത്തവരുടെ അരി മറിച്ചുവിറ്റ് റേഷന്‍കടക്കാര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥരും മറ്റും കൈക്കൂലി വാങ്ങും. എന്നാല്‍ സബ്‌സിഡി കാശായി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമ്പോള്‍ ഇത്തരം വെട്ടിപ്പുകള്‍ പൂര്‍ണമായും തടയാം.

എലിയെ കൊല്ലാന്‍ ഇല്ലംചുടുന്നതുപോലെയാണ് ഇത്. റേഷന്‍സമ്പ്രദായത്തിലെ തട്ടിപ്പും വെട്ടിപ്പും തടയാനുള്ള മാര്‍ഗം അത് വേണ്ടെന്നുവെക്കലല്ല. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അഴിമതി തടയാന്‍ പോംവഴികളുമുണ്ട്. തുടര്‍ച്ചയായി അരി വാങ്ങാത്ത കുടുംബങ്ങളെ റേഷന്‍ലിസ്റ്റില്‍നിന്ന് മാറ്റാം. ആധാറും കമ്പ്യൂട്ടറൈസേഷനുമെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുകയാണല്ലോ. റേഷന്‍ വാങ്ങുമ്പോള്‍ വിരലടയാളം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കാം. അത് കമ്പ്യൂട്ടര്‍ വഴിയാണെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമായി.

തൊഴിലുറപ്പിന്റെ കാര്യത്തിലെന്നപോലെ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ ആവശ്യമുള്ളവര്‍ക്കെല്ലാം സൗജന്യവിലയ്ക്ക് റേഷന്‍ നല്‍കാന്‍ തയ്യാറാകണം. ബി.പി.എല്ലിനുമാത്രമായി റേഷന്‍ പരിമിതപ്പെടുത്തുന്നത് ഭൂരിപക്ഷം പാവങ്ങളുടെയും സാമൂഹികസുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കുന്നു. ദാരിദ്ര്യരേഖ പട്ടിണിരേഖയാണ്. അതുകൊണ്ടാണ് കര്‍ഷകത്തൊഴിലാളികളില്‍ പകുതിപ്പേര്‍ എ.പി.എല്‍. വിഭാഗത്തില്‍പെടുന്നത്. മത്സ്യത്തൊഴിലാളികളില്‍ 40 ശതമാനം പേര്‍ എ.പി.എല്ലാണ്. എന്തിന് ആദിവാസികളില്‍ 20 ശതമാനം പേര്‍ എ.പി.എല്‍. പട്ടികയിലാണ്. ഒരേജോലിചെയ്യുന്ന കൂലിവേലക്കാരെ എ.പി.എല്ലും ബി.പി.എല്ലുമായി തരംതിരിക്കുന്നതിന്റെ യുക്തിയെന്ത്?

അരിക്കുപകരം കാശ് നല്‍കുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം സബ്‌സിഡി ബി.പി.എല്ലിനുമാത്രമായി പരിമിതപ്പെടുത്തുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നിയമത്തിനോടൊപ്പമാണ് ഇത്തരമൊരു സാമ്പത്തികപരിഷ്‌കാരം. എന്തൊരു വിരോധാഭാസമാണിത്!

കോടിക്കണക്കിന് കുടുംബങ്ങള്‍ ബാങ്കില്‍ അക്കൗണ്ടുതുടങ്ങിയാല്‍മാത്രം പോരല്ലോ. അവര്‍ക്ക് പണവും ലഭിക്കേണ്ടേ. ആറുലക്ഷം ആവാസകേന്ദ്രങ്ങളില്‍ കഷ്ടിച്ച് അഞ്ചുശതമാനം സ്ഥലങ്ങളിലേ ബാങ്ക് ബ്രാഞ്ചുകളുള്ളൂ. പണം വീട്ടിലെത്തിക്കാന്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെ നിശ്ചയിക്കാനാണുദ്ദേശ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയയിടത്തൊക്കെ അഴിമതിയും ക്രമക്കേടും മുഴച്ചുനിന്നെന്ന് റിസര്‍വ് ബാങ്കുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

റേഷന്‍, മണ്ണെണ്ണ, വളം എന്നിവയുടെ സബ്‌സിഡിയാണ് കാശായി നല്‍കുന്നതിനുവേണ്ടി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. അടുത്തഘട്ടത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതിനുപകരം അതിനുള്ള ധനസഹായം പാവങ്ങള്‍ക്ക് നേരിട്ടുനല്‍കാനാണത്രേ ഉദ്ദേശിക്കുന്നത്. ഏതുതരം ചികിത്സവേണം, വിദ്യാഭ്യാസം വേണം എന്നുള്ളത് ഗുണഭോക്താക്കള്‍തന്നെ നേരിട്ട് തീരുമാനിച്ചുകൊള്ളണം.

ബ്രസീലില്‍ ഇത്തരമൊരു പരിഷ്‌കാരം വിജയകരമായി നടപ്പാക്കിയെന്നാണ് ലോകബാങ്ക് വാദിക്കുന്നത്. ബ്രസീലിലെ കാഷ് ട്രാന്‍സ്ഫര്‍ സമ്പ്രദായത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍. വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളുടെ വിപുലീകരണത്തിന് ഇന്ത്യയെ അപേക്ഷിച്ച് ഭീമമായ മുതല്‍മുടക്ക് നടത്തിയ രാജ്യമാണ് ബ്രസീല്‍. അതുപയോഗപ്പെടുത്തുന്നതിന് പ്രോത്സാഹനമായിട്ടാണ് അവിടെ പാവങ്ങള്‍ക്ക് വേറിട്ട് ധനസഹായം നല്‍കിയത്. ആ ധനസഹായം ലഭിക്കണമെന്നുണ്ടെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ മിനിമം അറ്റന്‍ഡന്‍സ് ഉണ്ടാകണം, പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം തുടങ്ങിയ കര്‍ശനമായ നിബന്ധനകളുണ്ട്. ലോകത്ത് ജനങ്ങളുടെ ആരോഗ്യച്ചെലവില്‍ ഏറ്റവും കുറവ് വിഹിതം സര്‍ക്കാര്‍ നേരിട്ടുവഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നോര്‍ക്കണം.

ഇന്ത്യ എട്ടുശതമാനം വളര്‍ച്ചയുടെ അഹങ്കാരത്തിലാണ്. പക്ഷേ, ജനങ്ങളുടെ ജീവിതനിലയെടുത്താല്‍ നാം അധോഗതിയിലാണ്. ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ 127-ല്‍നിന്ന് 134 ആയി താണു. സര്‍വശിക്ഷാ അഭിയാന്‍, തൊഴിലുറപ്പുപദ്ധതി എന്നിങ്ങനെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ അടങ്കല്‍ പലമടങ്ങ് ഉയര്‍ന്നിട്ടും ഇതാണ് സ്ഥിതി. കേന്ദ്രസര്‍ക്കാര്‍ മുടക്കുന്ന പണത്തിന്റെ ഗുണഫലം സാധാരണക്കാരുടെ കൈവശമെത്തുന്നില്ല.

ഇതിനുള്ള പോംവഴിയായിട്ടാണ് സര്‍ക്കാര്‍ വേണ്ട, സര്‍ക്കാറിതര സംഘടനകള്‍വഴി പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. സര്‍ക്കാറിനെപ്പോലെ സര്‍ക്കാറിതര സ്ഥാപനങ്ങളിലും നല്ലവരും ചീത്തകളുമുണ്ട്. പക്ഷേ, സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമായി ഒരു നഷേ്ടാത്തരവാദിത്വവും ഇവര്‍ക്ക് സമൂഹത്തോടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാറും വേണ്ട, സര്‍ക്കാറിതരരും വേണ്ട കാശ് പാവങ്ങള്‍ക്ക് ഇനി നേരിട്ടുകൊടുക്കാം എന്ന ചിന്തവന്നത്. ഇവയല്ലാതെ മറ്റൊരു മാര്‍ഗവുംകൂടിയുണ്ട്. ഗാന്ധിജിയുടെ മാര്‍ഗം. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന പഞ്ചായത്തീരാജ് സംവിധാനത്തെ ഭരണഘടന വിഭാവനംചെയ്യുന്നതുപ്രകാരം സ്വയംഭരണ പ്രാദേശിക സര്‍ക്കാറുകളാക്കി മാറ്റി ഈ സേവനങ്ങള്‍ അവവഴി ജനങ്ങളില്‍ എത്തിക്കുക. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ ചിന്ത കാശിന്റെ വഴിയിലൂടെയാണ്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...