Monday, February 15, 2016

ഇടത്തോട്ടുള്ള വഴി

ചുവന്ന ബള്‍ബ് ജംഗ്ഷനില്‍ ഇടത്തോട്ട് തിരിയുന്നത് നിരോധിക്കുന്ന ട്രാഫിക് സൈന്‍ ആണ്. 'നോ ഫ്രീ ലെഫ്ടി'ല്‍ നാം ജീവിക്കുന്ന കാലഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ ഇടത്തോട്ട് തിരിയുന്നത് അത്ര എളുപ്പമല്ല എന്നാണ് വിജയപ്രഷാദ് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ തലമുറയിലെ ചെറുപ്പകാലം മാവോയുടെയും ചെഗുവേരയുടെയും ഹോചിമിന്റെയും കാലമായിരുന്നു. സ്വാഭാവികമായും ഇടത്തോട്ട് തിരിയാനായിരുന്നു കൂടുതല്‍ സാധ്യത. എന്നാല്‍ ഇന്ന് യൂറോപ്പിലെ സോഷ്യലിസം അസ്തമിച്ചിരിക്കുന്നു. ഇറ്റാലിയന്‍, ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ നിഴലുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ചൈനീസ് വിയറ്റ്‌നാം സോഷ്യലിസത്തില്‍ വന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ അസ്വസ്ഥജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഏതാണ്ട് എല്ലാ പ്രധാന ഗറില്ലാ പോരാട്ടങ്ങളും നിലച്ചിരിക്കുന്നു. ലോകമെമ്പാടും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രതിരോധത്തിലാണ്.

ഇന്ത്യയിലാവട്ടെ 2014ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തറപറ്റി. എല്ലാ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും കിട്ടിയ സീറ്റുകള്‍ ലോക്സഭയുടെ ചരിത്രത്തില്‍ അവര്‍ക്ക് ലഭിച്ച ഏറ്റവും താഴ്ന്നതായിരുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി ഇടതുപക്ഷ പാര്‍ട്ടികള്‍ ബംഗാള്‍, കേരളം, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങുകയായിരുന്നു. വടക്കേ ഇന്ത്യയിലെ സ്വാധീനം നാമമാത്രമായി. ബംഗാളിലും കേരളത്തിലും സര്‍ക്കാരുകള്‍ നഷ്ടപ്പെട്ടു. ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് വിജയ പ്രഷാദിന്റെ ഗ്രന്ഥം പ്രസക്തമാകുന്നത്.ഉണ്ടായിട്ടുള്ള തിരിച്ചടിയും ഒറ്റപ്പെടലും എത്ര രൂക്ഷമായിരുന്നാലും ഇടതുപക്ഷ അസ്ഥിത്വം അനിവാര്യമാണ്. എന്തുകൊണ്ട്?
ഒന്ന്, ഇന്ത്യയിലെ ബൂര്‍ഷ്വാ പാര്‍ട്ടികളെല്ലാം നിയോ ലിബറല്‍ നയങ്ങളില്‍ അഭിരമിച്ചു കഴിഞ്ഞു. അവയൊന്നും മറ്റൊന്നിന് യഥാര്‍ഥ ബദലാവുന്നില്ല. നിയോ ലിബറല്‍ നിലപാടുകളെ നിരാകരിച്ചുകൊണ്ടുള്ള ഒരു ബദലിനു പ്രസക്തി നഷ്ടപ്പെടില്ല. ഇടതുപക്ഷമല്ലാതെ ഇത്തരമൊരു ബദലുയര്‍ത്താന്‍ മറ്റൊരു ശക്തിയില്ല.
രണ്ട,് പ്രായോഗികമായി നോക്കിയാല്‍ നിയോലിബറല്‍ നയങ്ങള്‍ മഹാഭൂരിപക്ഷം ജനങ്ങളുടെയും താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. തോമസ് പിക്കറ്റി വിശദമായ പഠനത്തിലൂടെ തെളിയിക്കുന്നതുപോലെ എല്ലാ രാജ്യങ്ങളിലും അസമത്വം സമാനതകളില്ലാതെ വര്‍ദ്ധിക്കുകയാണ്. ഇത് സ്വയം തന്നെ പ്രക്ഷോഭങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും ഇറങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കും. ഇന്ത്യയിലെ ഏറ്റവും വലിയ പണിമുടക്കുകള്‍ നടന്നത് നിയോ ലിബറല്‍ കാലത്താണ്. കര്‍ഷകര്‍ അസ്വസ്ഥരാണ്. ആദിവാസി സമരങ്ങളും ശക്തമാണ്. ഈ സമരങ്ങളില്‍ ഇടപെടുന്നതിനും നയിക്കുന്നതിനും മറ്റേതു ശക്തിയേക്കാളും സജ്ജമാണ് ഇടതുപക്ഷം.
മൂന്ന്, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ ശക്തി ഇടതുപക്ഷമാണ്. കാവി പുതപ്പിച്ച നിയോലിബറല്‍ നയങ്ങളാണ് ബി.ജെ.പിയുടേത്. വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ചുകൊണ്ട് ജനവിരുദ്ധനയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനെ ദുര്‍ബലപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അങ്ങനെ വര്‍ഗീയതയും നിയോലിബറലിസവും ഒത്തുചേരുന്ന സാഹചര്യത്തില്‍ രണ്ടിനുമെതിരെയുള്ള പോരാട്ടങ്ങള്‍ ഒന്നിപ്പിക്കുന്നതിനുള്ള സാധ്യതയേറെയാണ്. ഇത് ഇടതുപക്ഷത്തിനേ കഴിയൂ.
പക്ഷേ, ഈ ഇരട്ട കടമകള്‍ ഒരുമിച്ചുകൊണ്ടുപോകുക അത്ര എളുപ്പമല്ല. കാരണം വര്‍ഗീയതയെ എതിര്‍ക്കുന്നതിന് നിയോലിബറല്‍ ദേശീയ കക്ഷിയായ കോണ്‍ഗ്രസ്സും സന്നദ്ധരായിട്ടുണ്ട്. തരാതരം പോലെ പ്രാദേശിക പാര്‍ട്ടികളും വര്‍ഗീയതയ്‌ക്കെതിരെ നിലപാട് എടുക്കുന്നുണ്ട്. എങ്ങനെയാണ് വര്‍ഗീയതക്കെതിരായ യോജിച്ച പോരാട്ടവേളയില്‍ കോണ്‍ഗ്രസ്സിന്റെ നിയോലിബറല്‍ നയങ്ങളുമായി പൊരുത്തപ്പെടുക എന്നത് പ്രശ്‌നമാണ്. ഇപ്പോള്‍ തന്നെ ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തിലെന്നപോലെ സങ്കീര്‍ണമായ സന്ദര്‍ഭങ്ങള്‍ ഇനിയും ഉണ്ടാകാം. വര്‍ഗീയത ഫാസിസമായി രൂപാന്തരപ്പെടുന്നത് അനുസരിച്ച് അടവിലും മാറ്റം വേണ്ടിവരും. പക്ഷേ ഇന്ന് ഊന്നല്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്രമായ പ്രതിഛായയേയും ശക്തിയേയും വളര്‍ത്തുന്നതിനാണ്. അതോടൊപ്പം ബി.ജെ.പിയുടെ വര്‍ഗീയതക്കെതിരെ ശക്തമായ പ്രചാരണവും ചെറുത്തുനില്‍പ്പും സംഘടിപ്പിക്കുകയും ഇതില്‍ യോജിക്കാവുന്നവരോടെല്ലാം യോജിച്ചു പ്രവര്‍ത്തിക്കുകയും വേണം.
ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിനു ഒരു ചരിത്ര പശ്ചാത്തലമുണ്ട്. കോണ്‍ഗ്രസ്സിനോടുള്ള സമീപനം എന്തായിരിക്കണമെന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തില്‍ ഉടനീളം വിവാദമായിട്ടുണ്ട്. ഇതുസംബന്ധിച്ച് ലെനിന്റെ പ്രസിദ്ധമായ കൊളോണിയല്‍ തീസിസില്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ബൂര്‍ഷ്വാസിക്കു പുരോഗമനപരമായ ഒരു ധര്‍മ്മവും നിര്‍വഹിക്കാനില്ല എന്ന എം. എന്‍ റോയിയുടെ നിലപാടിനെ ലെനിന്‍ നിരാകരിച്ചു. ദേശീയ പ്രസ്ഥാനങ്ങളുമായി കമ്യൂണിസ്റ്റുകാര്‍ സഹകരിക്കണം. അതേസമയം സ്വതന്ത്രമായി തൊഴിലാളി കര്‍ഷകാദി ബഹുജനങ്ങളെ സംഘടിപ്പിക്കണം. ഈ വര്‍ഗ സംഘടനകളെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തണം. ഇതാണ് ലെനിന്‍ പറഞ്ഞത്. ഇത് നടപ്പാക്കാനാണ് ഇന്ത്യയില്‍ ശ്രമിച്ചത്. പക്ഷേ, ഫലത്തില്‍ ഒന്നുകില്‍ കോണ്‍ഗ്രസ്സിന്റെ വാലാകുക അല്ലെങ്കില്‍ കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സെക്‌റ്റേറിയന്‍ നിലപാട് സ്വീകരിക്കുക എന്നതാണ് ഉണ്ടായത്. ഇതും മറ്റു പല കാരണങ്ങളും കൊണ്ട് ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയരാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കു കഴിഞ്ഞില്ല. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞപ്പോള്‍ പുതിയ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ സ്വഭാവത്തെ വിലയിരുത്തുന്നതില്‍ രൂക്ഷമായ ഭിന്നത ഉടലെടുത്തു. കോണ്‍ഗ്രസ് സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ഇന്ത്യയെ ഇടത്തോട്ട് നയിക്കുക എന്ന നിലപാട് ഒരു വിഭാഗം സ്വീകരിച്ചു. മറുവിഭാഗം കോണ്‍ഗ്രസിനെതിരെ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് ഇന്ത്യയെ ഇടത്തോട്ട് നയിക്കണം എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ കമ്യൂണിസ്റ്റുപാര്‍ട്ടി സി.പി.ഐയും സി.പി.ഐ എമ്മുമായി വേര്‍പിരിഞ്ഞു.
ഇന്ത്യയിലെ സോഷ്യലിസ്റ്റുകാരിലും പ്രത്യക്ഷമായ ഇത്തരമൊരു ഭിന്നിപ്പിന്റെ ചരിത്രം വിജയപ്രഷാദ് അനാവരണം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ സാമാന്യം വിശദമായി വിശകലനം ചെയ്യുന്നു എന്നത് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യലബ്ധിവരെ സോഷ്യലിസ്റ്റുകാര്‍ കോണ്‍ഗ്രസ്സിനുള്ളിലാണ് പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് അവര്‍ വേറിട്ട പാര്‍ട്ടിയായി രൂപം കൊള്ളുന്നത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി തുടങ്ങിയവയായി രൂപംകൊള്ളുന്നു. അശോക്‌മേത്തയോടൊപ്പം വലിയൊരു വിഭാഗം തിരിച്ചു കോണ്‍ഗ്രസ്സിലേക്ക് പോയി. അതേസമയം റാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചു. അവരാണ് അറുപതുകളില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു രൂപം നല്‍കിയത്.
രണ്ട് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഇവ ചേര്‍ന്നതായിരുന്നു ഇന്ത്യയിലെ ഇടതുപക്ഷം. സ്വതന്ത്ര്യാനന്തര രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനു ബദലായി ഉയര്‍ന്നുവന്നിരുന്നത് ഇടതുപക്ഷമായിരുന്നു. സ്വതന്ത്രാ പാര്‍ട്ടിയും ജനസംഘവും ആയിരുന്നു കോണ്‍ഗ്രസ്സിനെ വലതുപക്ഷത്തുനിന്ന് എതിര്‍ത്തിരുന്നത്. 1952 മുതലുള്ള ഓരോ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം എം.എല്‍.എമാരുടേയോ എം.പി മാരുടേയോ എണ്ണം എടുത്താല്‍ ഇടതുപക്ഷത്തിനായിരുന്നു പ്രതിപക്ഷത്ത് മുന്‍തൂക്കം എന്നതാണ്. 1960കളുടെ അവസാനമായപ്പോഴേക്കും ഡി.എം.കെയും നാഷണല്‍ കോണ്‍ഫറന്‍സും പോലുള്ള പ്രാദേശിക പാര്‍ട്ടികളും രൂപം കൊണ്ടു. അവരും ഇടതുപക്ഷവുമായി പൊതുവില്‍ നല്ല ബന്ധമായിരുന്നു. രാജ്യത്ത് ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും മൂര്‍ച്ഛിച്ചു. കോണ്‍ഗ്രസിനു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടു. അലയടിച്ചുയരുന്ന സമരങ്ങള്‍ ഏകോപിപ്പിച്ച് ഇന്ത്യയെ ഇടത്തോട്ട് നീക്കാനുള്ള സാധ്യതകള്‍ തുറന്നു വന്നു.
എന്നാല്‍ ഈ സാധ്യതയെ ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഭരണവര്‍ഗം ഇന്ദിരാ സോഷ്യലിസത്തിനു രൂപം നല്‍കി. അതില്‍ ആകൃഷ്ടരായി സി.പി.ഐ ഇടതുപക്ഷ ഐക്യം വിട്ട് കോണ്‍ഗ്രസ്സുമായി സഹകരണബന്ധം സ്ഥാപിച്ചു. സോഷ്യലിസ്റ്റുകാരാവട്ടെ ഇടതുപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുപകരം കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുന്നതിനുവേണ്ടി സ്വതന്ത്രാപാര്‍ട്ടിയും ജനസംഘവും അടങ്ങുന്ന മഹാ സഖ്യത്തിലേക്കു പോയി. അങ്ങനെ നിര്‍ണായക സന്ദര്‍ഭത്തില്‍ ഇടതുപക്ഷത്തിനു മുന്‍കൈ നഷ്ടപ്പെട്ടു.
ഇതിനുശേഷമുള്ള ചരിത്രം, പ്രത്യേകിച്ച് അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലം പുതിയൊരു കാലഘട്ടമാണ്. കോണ്‍ഗ്രസ്സിന്റെ ഭരണക്കുത്തക പൊളിഞ്ഞെങ്കിലും ഇടതുപക്ഷമല്ല വര്‍ഗീയ വലതുപക്ഷമാണ് ബദല്‍ശക്തിയായി വളര്‍ന്നുവന്നത്. ഇടതുപക്ഷം പുറത്തുനിന്ന് പിന്താങ്ങിയ ജനതാസര്‍ക്കാരും ജനതാ സര്‍ക്കാരിനുള്ളില്‍ സോഷ്യലിസ്റ്റുകാരും ഹിന്ദുവര്‍ഗീയവാദികളും തമ്മില്‍ ഉണ്ടായ ചേരിതിരിവും ബി.ജെ.പിയുടെ രൂപീകരണവും വളര്‍ച്ചയും സമീപകാല ചരിത്രമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ശേഷി ഈ കാലത്ത് ഉയര്‍ന്നുവന്നുവെന്നത് ശരിയാണ്. 2005ല്‍ ഇടതുപക്ഷത്തിന് ലോക്‌സഭയില്‍ 65 സീറ്റുവരെ ലഭിച്ചു. ഈ കാലയളവിലുടനീളം ഒന്നുകില്‍ കോണ്‍ഗ്രസ്സിനെ ഒറ്റപ്പെടുത്തുന്നതിനും അല്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനും വേണ്ടി അയവേറിയ അടവുകള്‍ ഇടതുപക്ഷം സ്വീകരിക്കുകയുണ്ടായി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാരിനെ കേന്ദ്രത്തില്‍ പിന്താങ്ങുകപോലും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലാണെങ്കില്‍ ബി.ജെ.പിയെ ഒറ്റപ്പെടുത്തുന്നതിനു പ്രാദേശിക പാര്‍ട്ടികളുമായി കൂട്ടുകൂടുകയും ചെയ്തു. കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ബദലായി മൂന്നാം മുന്നണിയില്‍ സുപ്രധാനശക്തികളായി ഇവരെയാണ് കണ്ടത്. പക്ഷേ, ഈ പ്രതീക്ഷകളൊന്നും ഫലിച്ചില്ല. പ്രാദേശിക കക്ഷികളുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വന്നിരിക്കുന്നു. അവരും നിയോലിബറല്‍ നയങ്ങള്‍ സ്വീകരിക്കുകയും കോണ്‍ഗ്രസ്സും ബി.ജെ.പിയുമായി തത്വദീക്ഷയില്ലാത്ത കൂട്ടുകെട്ടുകള്‍ക്ക് തയ്യാറാവുകയും ചെയ്തു.
നഷ്ടം സംഭവിച്ചത് ഇടതുപക്ഷത്തിനായിരുന്നു. മാറി മാറി വന്ന കൂട്ടുകെട്ട് ദുര്‍ബല സംസ്ഥാനങ്ങളിലെ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ത്തു. ജനതാപാര്‍ട്ടിയില്‍നിന്ന് പുറത്തുവന്ന സോഷ്യലിസ്റ്റുകള്‍ ജാതിയടിസ്ഥാനത്തില്‍ നിന്നുള്ള ശക്തി സമാഹരണത്തിലേക്ക് നീങ്ങുകയും വ്യത്യസ്ത ജാതി പാര്‍ട്ടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തത് ഇടതുപക്ഷത്തിന്റെ ശക്തിചോര്‍ച്ചയിലേക്ക് നയിച്ചു. ഇടതുപക്ഷ ദുര്‍ഗ്ഗങ്ങളായ കേരളത്തിലും ബംഗാളിലും തിരിച്ചടിയുണ്ടായതോടെ ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തില്‍ ദുര്‍ബലമാക്കപ്പെട്ടു. 2014 ലെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു.
ഈയൊരു സാഹചര്യത്തിലാണ് 2014 ലെ അനുഭവങ്ങളെ അവലോകനം ചെയ്തുകൊണ്ട് ഇടതുപക്ഷം പുതിയൊരു രാഷ്ട്രീയ ലൈന്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ആ ലൈനിന്റെ മര്‍മ്മം ഇടതുപക്ഷത്തിന്റെ തനതുശേഷി വര്‍ദ്ധിപ്പിക്കലാണ്. ഇതിനു ബഹുജന സമരങ്ങളല്ലാതെ വേറെ കുറുക്കുവഴികളില്ല. ഭൂമിക്കും കൂലിക്കും വേണ്ടി മാത്രമല്ല സാമൂഹ്യ - ജാതി അവശതകള്‍ക്കെതിരായും ശക്തമായ സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണം. ഈ ഇടതുപക്ഷ ഐക്യത്തെ കൂടുതല്‍ വിശാലമായ ഇടതുപക്ഷ ജനാധിപത്യ ഐക്യമുന്നണിയായി വിപുലപ്പെടുത്തിയാല്‍ മാത്രമെ ഇടതുപക്ഷ ബദല്‍ രാജ്യത്ത് യാഥാര്‍ഥ്യമാകൂ. ഈ മുന്നണിയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍,ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല സോഷ്യലിസ്റ്റുകാര്‍ക്കും പങ്കുണ്ടാകും. പക്ഷേ ഇന്ന് ഇടതുപക്ഷ പരിപാടി ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷെ ഇത്തരം ഏതു നീക്കത്തെയും ഇടതുപക്ഷം സ്വാഗതം ചെയ്യും. ഇവരെല്ലാമായി ബന്ധപ്പെട്ട് വര്‍ഗ ബഹുജന സംഘടനകള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സുപ്രധാന ഭാഗമായിരിക്കും. പുരോഗമന വ്യക്തികളേയും ഗ്രൂപ്പുകളെയും ഈ മുന്നണിയിലേക്ക് ആകര്‍ഷിക്കാനാകണം. അതോടൊപ്പം അവശ ജനവിഭാഗങ്ങളുടെ താല്‍പര്യ സംരക്ഷണാര്‍ഥം പോരാടുന്ന നവസാമൂഹിക പ്രസ്ഥാനങ്ങളെയും ചേര്‍ത്ത് ഒരു ഇടതുപക്ഷ മഴവില്‍ സഖ്യത്തിനാണ് വിഭാവനം ചെയ്യുന്നത്.
ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് ഒരു നിര്‍ണ്ണായക നടപടി, കേരളത്തിലും ബംഗാളിലും ഉണ്ടായ തിരിച്ചടികള്‍ മറികടക്കുകയെന്നതാണ്. ബൂര്‍ഷ്വ പാര്‍ലമെന്ററി ഫെഡറല്‍ വ്യവസ്ഥയ്ക്കുള്ളില്‍ സംസ്ഥാന തലത്തില്‍ ഭരണാധികാരം കയ്യാളുന്ന അപൂര്‍വമായ അനുഭവം ഇന്ത്യയിലെ ഇടതുപക്ഷത്തിനുണ്ട്. പരിമിതമായ ഈ രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി ഇടതുപക്ഷ ബദലിന്റെ സാധ്യതകളെ അനാവരണം ചെയ്യുന്നതിന് ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നാലു പ്രധാന നേട്ടങ്ങള്‍ പൊതുവായി ഉയര്‍ത്തിക്കാട്ടാനാകും. ഒന്ന,് ഭൂപരിഷ്‌കരണം. കേരളത്തില്‍ പാട്ടവ്യവസ്ഥ അവസാനിപ്പിച്ച് കൃഷിഭൂമി കൃഷിക്കാര്‍ക്ക് നല്‍കി. എല്ലാവര്‍ക്കും കുടികിടപ്പെങ്കിലും ഉറപ്പാക്കി. ബംഗാളില്‍ പാട്ടം കുറയ്ക്കുകയും പങ്കുവാര കൃഷിക്കാര്‍ക്ക് കൈവശരേഖ നല്‍കുകയും ചെയ്തു. മിച്ചഭൂമി വിതരണം ചെയ്തു. ത്രിപുരയിലെ ഭൂപരിഷ്‌ക്കരണത്തിന്റെ മര്‍മ്മം ഗിരിവര്‍ഗക്കാര്‍ക്കുള്ള ഭൂമി വീണ്ടെടുത്തു അവര്‍ക്ക് തിരിച്ചു നല്‍കുകയായിരുന്നു. രണ്ട്, കൂട്ടായ വിലപേശല്‍ ഫലപ്രദമാക്കുന്നതിനുള്ള ഭരണപരവും നിയമപരവുമായ ചട്ടക്കൂട് ഉറപ്പാക്കി. കൂലിയും സേവനവ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിലേക്ക് ഇത് നയിച്ചു. മൂന്ന്, അടിസ്ഥാനആവശ്യങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് ഉറപ്പുവരുത്തി. കേരളത്തിലാണ് ഇത് ഏറ്റവും ഫലപ്രദമായത്. ഇതുമൂലം കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്ക് ഒരു വികസിത രാജ്യത്തോടടുത്ത വിദ്യാഭ്യാസ, ആരോഗ്യനേട്ടങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. നാല്, അധികാര വികേന്ദ്രീകരണം വഴി ജനങ്ങള്‍ക്ക് ഭരണത്തില്‍ നേരിട്ട് പങ്കാളിത്തം നല്‍കി. ഈ പങ്കാളിത്ത സ്വഭാവം ഏറ്റവും പ്രകടമായത് കേരളത്തിലെ ജനകീയാസൂത്രണത്തിലാണ്. നിയോ ലിബറല്‍ കാലഘട്ടത്തില്‍ നിയോലിബറല്‍ ചട്ടക്കൂടിനോടുള്ള ഇടതുപക്ഷ പ്രതികരണത്തിന്റെ ഏറ്റവും ജനകീയമായ മുഖമായാണ് വിജയപ്രഷാദ് ജനകീയാസൂത്രണത്തിനെ വിശേഷിപ്പിക്കുന്നത്.
ഭൂപരിഷ്‌കരണം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസ ആരോഗ്യക്ഷേമം തുടങ്ങിയവ മാത്രം പോരാ. വ്യാവസായികവല്‍ക്കരണവും അത്യന്താപേക്ഷിതമാണ്. ഈ ഇടതുപക്ഷ നയങ്ങളുടെ വിജയത്തിന്റെ ഫലമായി കീഴ്ത്തട്ടിലുള്ള വലിയൊരുവിഭാഗം സാമൂഹികമായി മുകളിലേക്ക് പോകുന്നു. ഇതിനനുസരിച്ചുള്ള പുതിയ തൊഴിലുകള്‍ വ്യവസായവല്‍ക്കരണത്തിലൂടെ മാത്രമേ സൃഷ്ടിക്കാനാവൂ. ബംഗാളിലാവട്ടെ ഇത് ഒരു നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറി. സ്വാതന്ത്ര്യപൂര്‍വ കാലത്ത് ഇന്ത്യയുടെ വ്യവസായ കേന്ദ്രമായിരുന്നു ബംഗാള്‍. എന്നാല്‍ വ്യവസായ കുത്തകകള്‍ പിന്‍മാറിയതും കേന്ദ്ര അവഗണനയും മൂലം ബംഗാള്‍ വ്യവസായങ്ങളുടെ ശവപറമ്പായി. ഇതിനൊരു പ്രതിവിധിയെന്ന നിലയിലാണ് ചൈനയിലെയും മറ്റുമെന്നപോലെ ദ്രുതഗതിയിലുള്ള വ്യവസായങ്ങള്‍ എന്ന ആശയം ഉദിച്ചത്.
ഇതിനായി കോര്‍പ്പറേറ്റുകളെ ആകര്‍ഷിക്കുന്ന സമീപനം കൈക്കൊണ്ടു. ഇവര്‍ക്ക് ഭൂമി അക്വയര്‍ ചെയ്തു നല്‍കുന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ കാര്യങ്ങള്‍ അവര്‍ക്ക് പൂര്‍ണ്ണമായി ബോധ്യപ്പെടും മുമ്പ് ഉദ്യോഗസ്ഥമേധാവിത്വപരമായി ഈ നയം നടപ്പിലാക്കാന്‍ ശ്രമിച്ചത് സിങ്കൂരിലും നന്ദിഗ്രാമിലും പൊട്ടിത്തെറിയിലേക്ക് നയിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് കൃഷിക്കാരില്‍ ഗണ്യമായ ഭാഗത്തെ സര്‍ക്കാരിനെതിരെ അണിനിരത്താന്‍ കഴിഞ്ഞു. സര്‍ക്കാര്‍ കൃഷിക്കാര്‍ക്ക് വിതരണം ചെയ്ത മിച്ചഭൂമിയുടെ ഒരു ശതമാനം പോലും വരില്ല ഏറ്റെടുക്കാന്‍ ശ്രമിച്ച ഭൂമിയെന്നതൊന്നും ചെവിക്കൊള്ളാന്‍ ആരും തയ്യാറായില്ല. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണകാലത്ത് ബഹുജനങ്ങളെ അണിനിരത്തുന്നതിലുണ്ടായ വീഴ്ചകള്‍ സൃഷ്ടിച്ച അരാഷ്ട്രീയവല്‍ക്കരണം ഇടതുപക്ഷത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തിയെന്നത് വ്യക്തം. സാമ്പത്തിക പ്രതിസന്ധിമൂലം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചകളും അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ദീര്‍ഘനാളത്തെ അധികാര കുത്തക പാര്‍ട്ടിയിലും സര്‍ക്കാരിലും സൃഷ്ടിച്ച ദുഷിപ്പുകളും പ്രതിസന്ധിഘട്ടത്തില്‍ പ്രകടമായി. 2008ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷപ്പെട്ട തകര്‍ച്ചക്ക് തടയിടാന്‍ 2015ലേ കഴിഞ്ഞുള്ളൂ. ക്ഷമാപൂര്‍വമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെ ജനവിശ്വാസമാര്‍ജിച്ചുകൊണ്ടേ ഇടതുപക്ഷ മേധാവിത്വം വീണ്ടെുക്കാന്‍ കഴിയൂ.
ബംഗാളിലെ അനുഭവം കേരളത്തിനും വലിയ പാഠമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ ഒരു ബദല്‍ വികസന തന്ത്രം ഇടതുപക്ഷത്തിനു നടപ്പാക്കാനാവില്ല. നിയോ ലിബറല്‍ കാലഘട്ടത്തില്‍ കേരളത്തിലെ ഏതാണ്ട് മുപ്പതു ശതമാനം കുടുംബങ്ങള്‍ ഇടത്തരക്കാരായി വളര്‍ന്നു. അതേസമയം ഇടതുപക്ഷത്തിന്റെ സാമൂഹിക അടിത്തറയായ കര്‍ഷക തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ തുടങ്ങി താഴേക്കിടയിലെ മുപ്പതു ശതമാനം വലിയ തകര്‍ച്ചയെ നേരിടുകയാണ്. ഈ പാവങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് പുതിയ ഇടത്തരം വിഭാഗങ്ങളുടെയും വിദ്യാസമ്പന്നരുടെയും തൊഴില്‍ പ്രതീക്ഷകള്‍ക്ക് അനുസൃതമായ പുതിയ വ്യവസായ സേവന തൊഴിലുകള്‍ എങ്ങിനെ കേരളത്തില്‍ സൃഷ്ടിക്കുമെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. ഐ.ടി., ബി.ടി., ടൂറിസം തുടങ്ങിയ വ്യവസായങ്ങളെ ദ്രുതഗതിയില്‍ വളര്‍ത്തണം. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കണം. ഇതിന് കോര്‍പ്പറേറ്റ് മൂലധനം മാത്രമല്ല വിദേശ മലയാളികളുടെ സമ്പാദ്യത്തെയും ഉപയോഗപ്പെടുത്താനാവണം. പൊതുവിദ്യാഭ്യാസം, പൊതുആരോഗ്യം, പൊതുമേഖല എന്നിവ സംരക്ഷിക്കണം. കേരളം പരിസ്ഥിതി സംതുലിതവും സ്ത്രീ സൗഹൃദവുമാകണം. ഇതിനൊരു ജനകീയ പരിപാടിവേണം. ഇത്തരമൊരു ബദലിന് രൂപം നല്‍കാനാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാലാം പഠനകോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നത്.
വിജയപ്രഷാദിന്റെ ഗ്രന്ഥത്തിന്റെ പ്രത്യേകത സമകാലിക രാഷ്ട്രീയ വെല്ലുവിളികളെ ചരിത്ര പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ്. ഗ്രന്ഥം ആരംഭിക്കുന്നത് 2014ലെ തിരഞ്ഞെടുപ്പിനെ വിശകലനം ചെയ്തുകൊണ്ടാണ്. ഇന്‍ഡ്യയുടെ ഇന്നത്തെ വലതുപക്ഷ ചായ്‌വിന്റെ അര്‍ത്ഥശാസ്ത്രം സംബന്ധിച്ച് ഒരു സാമാന്യ ധാരണ തുടര്‍ന്നു നല്‍കുന്നു. അതിനുശേഷം ഇന്ത്യന്‍ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ചരിത്രത്തിലൂടെ പിന്നോട്ടു പോകുന്നു. 1950നുശേഷമുള്ള കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തെ പ്രത്യേകം വിലയിരുത്തുന്നുണ്ട്. എന്നിട്ട് അവസാനം ഇന്നത്തെ നിയോ ലിബറല്‍ കാലത്ത് ഒരു കമ്മ്യൂണിസ്റ്റായിരിക്കുന്നതിന്റെ പ്രയാസവും സാധ്യതയും പകര്‍ന്നു നല്‍കുന്നു.
പതിനെട്ടാമതു ബ്രുമയര്‍ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ മാര്‍ക്‌സ് ആവശ്യപ്പെട്ട കാരുണ്യരഹിതമായ നിശിത വിമര്‍ശനം ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നുവെന്നാണ് വിജയപ്രഷാദ് പറയുന്നത്. പക്ഷേ വിജയപ്രഷാദിനു വ്യക്തമായ പക്ഷപാതിത്വമുണ്ട്. കഴിഞ്ഞൊരു കാല്‍ നൂറ്റാണ്ടായി അദ്ദേഹം ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനവുമായി അടുത്ത് ഇടപഴകുന്നു. അമേരിക്കയില്‍ ഹാര്‍ട്ട്‌ഫോഡിലെ ട്രിനിറ്റി കോളേജില്‍ പ്രഫസറായ അദ്ദേഹം ഇതിനകം ഇന്ത്യയെക്കുറിച്ച് അഞ്ചു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അറബ് വസന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധമാണ്. ലത്തിന്‍ അമേരിക്ക, അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ചും രാജ്യങ്ങളിലെ ജനകീയ പ്രസ്ഥാനങ്ങളെക്കുറിച്ചും അദ്ദേഹം വിപുലമായി എഴുതിയിട്ടുണ്ട്.

1 comment:

  1. ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ ആത്യന്തികമായി വിജയിക്കുക തന്നെ ചെയ്യും

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...