About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Tuesday, December 22, 2015

പെട്രോൾ വിലവർദ്ധന അഥവാ തീവെട്ടിക്കൊളള

(ധനവിചാരം, 22-12-2015)

പെട്രോള്‍ വിലവര്‍ധന സംബന്ധിച്ച് യു.പി.എ. ഭരണകാലത്ത്, 2012ല്‍ നരേന്ദ്രമോദിയെഴുതിയ ട്വീറ്റുകള്‍ ഇപ്പോള്‍ വായിക്കുന്നത് തമാശയാണ്. ഒരുദാഹരണം നോക്കുക: ''പെട്രോള്‍ വിലവര്‍ധന കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ. സര്‍ക്കാറിന്റെ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നൂറുകണക്കിന് കോടി രൂപയുടെ ഭാരം ഗുജറാത്തിനുമേല്‍ അടിച്ചേല്പിച്ചിരിക്കുകയാണ്''. കോണ്‍ഗ്രസ് നയിക്കുന്ന എന്നുള്ളതുവെട്ടി, ചുവന്നമഷിയില്‍ ബി.ജെ.പി.യെന്നും യു.പി.എ. വെട്ടി എന്‍.ഡി.എ. എന്നും ഒരു സരസന്‍ തിരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ടും ഒന്നുപോലെത്തന്നെ. പ്രതിപക്ഷത്തിരുന്നുപറഞ്ഞ വാക്കുകള്‍ ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രിയെ പരിഹാസ്യമായി വേട്ടയാടുകയാണ്. ലോകമെമ്പാടും പെട്രോള്‍വില താഴുമ്പോള്‍ ഇന്ത്യയില്‍മാത്രം വില ഉയരുന്നു. 2008 ജൂലായില്‍ ആഗോളവിപണിയിലെ ക്രൂഡോയില്‍ വില 147 ഡോളര്‍ ഉണ്ടായിരുന്നത് 2015 ഡിസംബറില്‍ 37 ഡോളറായി താഴ്ന്നു. എന്നാല്‍, അന്ന്, പെട്രോള്‍ ലിറ്ററിന് 51 രൂപയായിരുന്നത് ഇന്ന് 61 രൂപയാണ്. ഡീസലിന്റെ വില 35ല്‍ നിന്ന് 47 രൂപയായും ഉയര്‍ന്നു.  ഇതിലെ അന്യായത്തെക്കുറിച്ച് 'മാതൃഭൂമി' ശ്രദ്ധേയമായ ഒരു എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്തുകൊണ്ട് ഈ പ്രതിഭാസം?

ഇന്ത്യയുടെ വികസനതന്ത്രത്തില്‍ പെട്രോളിയത്തിന് രണ്ടുധര്‍മങ്ങളാണുണ്ടായിരുന്നത്. ഒന്ന്, പെട്രോള്‍ ഒരു അടിസ്ഥാന അസംസ്‌കൃതവസ്തുവാണ്. ഇത്, നിയന്ത്രിതവും സുസ്ഥിരവുമായ വിലയ്ക്ക് ലഭ്യമാക്കേണ്ടത് വികസനത്തിന് ആവശ്യമാണ്. രണ്ട്, പെട്രോളിയം ഉത്പന്നങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഒരു മുഖ്യ നികുതി സമാഹരണമാര്‍ഗമാണ്. പെട്രോള്‍ അവശ്യവസ്തുവായതിനാല്‍ വില എത്രയായാലും ജനങ്ങള്‍ വാങ്ങും. വിലവര്‍ധനയാകട്ടെ ഭൂരിപക്ഷം ജനങ്ങളെയും പരോക്ഷമായേ ബാധിക്കുകയുള്ളൂതാനും. കേന്ദ്രസര്‍ക്കാറിന്റെ എക്‌സൈസ് നികുതിവരുമാനത്തിന്റെ രണ്ടുലക്ഷത്തോളം കോടിരൂപ അതായത് 80 ശതമാനത്തിലേറെ പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നാണ്. കേരള സര്‍ക്കാറിനും പ്രതിവര്‍ഷം വില്പനനികുതിയില്‍നിന്ന് 5,000 കോടി രൂപ ലഭിക്കുന്നു. ഇത് വാറ്റുനികുതിയുടെ 15 ശതമാനത്തോളം വരും.

പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുപകരം ക്രൂഡോയില്‍ ഇറക്കുമതിചെയ്ത് ഇന്ത്യയില്‍ത്തന്നെ സംസ്‌കരിക്കുന്നതിനാണ് നാം തീരുമാനിച്ചത്. ഇതിനായി രാജ്യത്ത് പൊതുമേഖലാ എണ്ണസംസ്‌കരണശാലകള്‍ സ്ഥാപിച്ചു. നാമിന്ന് എണ്ണസംസ്‌കരണമേഖലയില്‍ സ്വയംപര്യാപ്തമാണ്. ഇന്ത്യയിലെ എണ്ണസംസ്‌കരണച്ചെലവ് വിദേശത്തേതിനെക്കാള്‍ താഴ്ന്നതായതുകൊണ്ട് ഇത് നാട്ടിലെ പെട്രോളിയം ഉത്പന്നങ്ങളുടെ വില താഴ്ത്തിനിര്‍ത്താന്‍ സഹായിച്ചു. എണ്ണശുദ്ധീകരണശാലകള്‍ അവയുടെ ലാഭവും വില്പനക്കാരുടെ കമ്മിഷനും അടക്കമുള്ള വിലയ്ക്ക് പെട്രോള്‍ ചില്ലറവില്പനക്കാര്‍ക്ക് ലഭ്യമാക്കുന്നു. പക്ഷേ, സര്‍ക്കാര്‍ ചുമത്തുന്ന നികുതികൂടി ചേര്‍ത്തായിരിക്കും അവര്‍ ചില്ലറവില്പന നടത്തുന്നത്. ഈ നികുതിഭാരം ചെറുതല്ല എന്നുപറഞ്ഞുവല്ലോ.  തിരുവനന്തപുരത്ത് 65.86 വിലയ്ക്ക് വില്‍ക്കുന്ന പെട്രോളിന്റെ 34.59 രൂപ കേന്ദ്ര, സംസ്ഥാന നികുതികളാണ്. വിലയുടെ പകുതിയില്‍ത്താഴെയേ യഥാര്‍ഥ ഉത്പാദനച്ചെലവ് വരൂ.

പുതിയപരിഷ്‌കാരങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് നികുതിയടക്കമുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു പതിവ്. അതുകൊണ്ട്, വിദേശത്തുനിന്നുള്ള ക്രൂഡോയിലിന്റെ വിലകൂടിയാല്‍ എണ്ണക്കമ്പനികള്‍ക്ക് നഷ്ടംവരും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് സബ്‌സിഡി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പ്രത്യേകഫണ്ട് രൂപവത്കരിച്ചിരുന്നു. 'ഓയില്‍പൂള്‍ അക്കൗണ്ട്' എന്നായിരുന്നു ഇതിന്റെ പേര്. എണ്ണവില കൂടുന്നകാലത്ത് എണ്ണക്കമ്പനികളുടെയും ഇന്ത്യയില്‍നിന്ന് എണ്ണ ഖനനംചെയ്‌തെടുക്കുന്ന കമ്പനികളുടെയും ലാഭത്തിന്റെ ഒരു വിഹിതവും സര്‍ക്കാര്‍ സബ്‌സിഡിയുമാണ് ഈ ഫണ്ടിലുണ്ടായിരുന്നത്. ഇത്തരത്തില്‍ എണ്ണവില സ്ഥിരമായി പിടിച്ചുനിര്‍ത്താന്‍വേണ്ടുന്ന സബ്‌സിഡി നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ഏതാണ്ട് ഒരുലക്ഷം കോടി രൂപയിലേറെ ഈ തുക ഉയര്‍ന്നു. ഇത് ഖജനാവിന് ദുര്‍വഹമായ ഭാരമാണെന്നുപറഞ്ഞാണ് എണ്ണവിലയുടെ മേലുള്ള നിയന്ത്രണം നീക്കംചെയ്യാന്‍ തീരുമാനിച്ചത്. ക്രൂഡോയിലിന്റെ വില ഉയരുമ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലകൂട്ടാന്‍ അനുവദിച്ചാല്‍ സബ്‌സിഡി കൊടുക്കേണ്ടല്ലോ. ക്രൂഡോയിലിന്റെ വില ഉയരുന്നതിനും താഴുന്നതിനും അനുസരിച്ച് എണ്ണവില കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനുള്ള അനുവാദം എണ്ണക്കമ്പനികള്‍ക്ക് പടിപടിയായി നല്‍കി.

സബ്‌സിഡിഭാരം കുറയ്ക്കാനാണ് ഈ നടപടിയെന്ന വാദം അടിസ്ഥാനരഹിതമാണ്. സബ്‌സിഡിയെക്കാള്‍ എത്രയോ വലിയതുക കേന്ദ്രസര്‍ക്കാര്‍ നികുതിയായി എണ്ണയില്‍നിന്ന് പിരിക്കുന്നു. ഈ നികുതിവരുമാനത്തില്‍നിന്ന് ഒരു ഭാഗമാണ് വില സുസ്ഥിരമായി നിര്‍ത്താന്‍ സബ്‌സിഡിയായി നല്‍കുന്നത് എന്നോര്‍ക്കുക. ഒരു കൈകൊണ്ട് പിരിക്കുന്നത് മറുകൈ കൊണ്ട് തിരിച്ചുനല്‍കുന്നുവെന്ന് കരുതിയാല്‍മതി. ഈ ഉദാരീകരണനടപടിയുടെ കാരണം മറ്റൊന്നാണ്. എണ്ണമേഖലയില്‍ എണ്‍പതുകളുടെ അവസാനംവരെ പൊതുമേഖലയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് റിലയന്‍സ് പോലുള്ള സ്വകാര്യകുത്തകകള്‍ രംഗപ്രവേശം ചെയ്തു.  ഇന്ത്യയിലെ എണ്ണ ഖനനംചെയ്‌തെടുക്കാനുള്ള അവകാശവും പടിപടിയായി സ്വകാര്യകുത്തകകളെ ഏല്പിക്കണമെന്നാണ് ഇന്ത്യാസര്‍ക്കാറിന്റെ നയം. എന്നാലിന്ന് എണ്ണക്കമ്പനികളുടെ എണ്ണ ഇന്ത്യയില്‍വിറ്റാല്‍ സബ്‌സിഡി കിട്ടില്ല എന്നുള്ളതുകൊണ്ട് അവര്‍ക്ക്  നഷ്ടമാണ്. അതുകൊണ്ട് അവര്‍ തങ്ങളുടെ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുകയാണ് ചെയ്യുന്നത്. ഈ പശ്ചാത്തലത്തില്‍ അവര്‍ പുതിയ ആവശ്യങ്ങള്‍ ഉയര്‍ത്തി. ഇറക്കുമതിക്ക് തുല്യമായ വില ഇന്ത്യയിലും നല്‍കണം.
എന്നുവെച്ചാല്‍ സബ്‌സിഡി സമ്പ്രദായം നിര്‍ത്തലാക്കി എണ്ണവില  നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എണ്ണക്കമ്പനികള്‍ക്ക് നല്‍കണം. പൊതുമേഖലയ്ക്ക് തുല്യമായി തങ്ങളെ പരിഗണിക്കുന്നില്ലെന്നുവാദിച്ച് അന്തര്‍ദേശീയ എനര്‍ജി കമ്മിഷനില്‍വരെ ഇവര്‍ പരാതിപ്പെട്ടു. ഈ കുത്തകകളുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് നിലവിലുണ്ടായിരുന്ന സമ്പ്രദായം തിരുത്താന്‍ യു.പി.എ. സര്‍ക്കാര്‍ തീരുമാനിച്ചത്.
അന്ന്, അവര്‍ നല്‍കിയ വിശദീകരണം ക്രൂഡോയില്‍വില കൂടുമ്പോള്‍ ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില ഉയരുമെങ്കിലും ക്രൂഡോയില്‍വില താഴുമ്പോള്‍ ചില്ലറവില താഴുമെന്നാണ്. അങ്ങനെ കുറച്ചുനാള്‍ ചില്ലറവില കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. അങ്ങനെ ചില്ലറവില കൂട്ടിയകാലത്താണ് മോദി, യു.പി.എ. സര്‍ക്കാറിന്റെ പരാജയത്തിന് ദൃഷ്ടാന്തമാണ് എണ്ണവിലക്കയറ്റം എന്ന് പ്രഖ്യാപിച്ചത്.

എന്നാലിപ്പോള്‍ ആഗോളകമ്പോളത്തില്‍ ക്രൂഡോയിലിന്റെ വില തുടര്‍ച്ചയായി താഴുകയാണ്. അതിന് പലകാരണങ്ങളുണ്ട്. പ്രധാനപ്പെട്ട ഒരു കാരണം ആഗോളമാന്ദ്യമാണ്. മറ്റൊരുകാരണം അമേരിക്കയില്‍ ധ്രുവപ്രദേശത്ത് എണ്ണയടങ്ങുന്ന പാറകള്‍ പൊടിച്ച് സംസ്‌കരിച്ചെടുക്കുന്ന 'ഷെയില്‍ ഓയിലി'ന്റെ ഉത്പാദനമാണ്. സൗദി അറേബ്യ ഉത്പാദിപ്പിക്കുന്ന അത്രയും പെട്രോള്‍ ഇപ്പോള്‍ അമേരിക്ക ഇതുവഴി ഉണ്ടാക്കുന്നുണ്ടത്രേ. പക്ഷേ, നല്ലവില കിട്ടിയാലേ ഷെയില്‍ ഓയില്‍ ഉത്പാദനം ലാഭകരമാകൂ. കാരണം, എണ്ണ കുഴിച്ചെടുക്കുന്നതിനേക്കാള്‍ ചെലവ് ഇതിനുണ്ട്.  ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍കമ്പനികളെ പൊളിക്കാനുള്ള സൗദി അറേബ്യയുടെ അടവാണ് എണ്ണവില താഴ്ത്തിനിര്‍ത്തുന്നത് എന്നുപറയുന്നവരുമുണ്ട്. അതേസമയം, എണ്ണവില താഴ്ത്തിക്കൊണ്ട് റഷ്യയും വെനസ്വേലയുംപോലുള്ള രാജ്യങ്ങളെ പാപ്പരാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് കരുതുന്നവരുമുണ്ട്. കാരണമെന്തുതന്നെയായാലും വിലയിടിഞ്ഞിട്ടും ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതുവരെ ഷെയില്‍ ഓയില്‍ അമേരിക്ക കയറ്റുമതിചെയ്തിരുന്നില്ല.
കഴിഞ്ഞദിവസത്തെ വാര്‍ത്തപ്രകാരം അമേരിക്ക കയറ്റുമതിക്ക് അനുവാദം നല്‍കി. അതായത്, എണ്ണവില ഇനിയും താഴാനാണ് സാധ്യത.
എണ്ണവില താഴ്ന്നാലും പെട്രോളിന്റെയും ഡീസലിന്റെയും വില ഇടിയാതിരിക്കുന്നതിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്നതുകൊണ്ടാണ്. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇപ്രകാരം അഞ്ചുപ്രാവശ്യം എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന് നികുതി 6.35 രൂപ വര്‍ധിപ്പിച്ചു. പെട്രോളിന്റെ നിലവിലുള്ള നികുതിയുടെ 33 ശതമാനം വരും ഈ വര്‍ധന. ഡീസലിന് 6.9 രൂപയാണ് നികുതിവര്‍ധന. ഡീസലിന്റെ നിലവിലുള്ള നികുതിയുടെ 64 ശതമാനമാണിത്. ഇന്ത്യയുടെ  സാമ്പത്തികചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാര്‍ ഇത്രയുംഭീമമായ ഒരു നികുതിവര്‍ധന അടിച്ചേല്പിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാനിതിനെ തീവെട്ടിക്കൊള്ള എന്നുവിളിച്ചത്.

ബജറ്റുവഴിയില്ല, എക്‌സിക്യുട്ടീവ് ഉത്തരവ് വഴിയാണ് ഈ നികുതിവര്‍ധന എന്നതാണ് ശ്രദ്ധേയമായ കാര്യം. മോദിയുടെ പ്രസിദ്ധമായ മറ്റൊരു ട്വീറ്റ് ഇതുസംബന്ധിച്ചുണ്ട്. 2012 മെയ് 23ന് അദ്ദേഹം ഇങ്ങനെ കുറിച്ചു: ''പെട്രോള്‍വില ഉയര്‍ത്താനുള്ള തീരുമാനം പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചശേഷമാണ് കൈക്കൊണ്ടത്. ഇത് പാര്‍ലമെന്റിന്റെ അന്തസ്സിനോടുള്ള കഠിനമായ അവഹേളനമാണ്''.
ഈ അവഹേളനംതന്നെയാണ് അദ്ദേഹവും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എത്ര നിര്‍ദയമായിട്ടാണ് ജനങ്ങളെ പിഴിയുന്നത്? അന്തര്‍ദേശീയവില താഴുന്നതിന്റെ ഒരു ആശ്വാസവും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. നേട്ടം മുഴുവനും തങ്ങള്‍ക്കുതന്നെ വേണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ സമീപനം. അധികനികുതി മാത്രമല്ല, ക്രൂഡോയിലിന്റെ വിലയിടിഞ്ഞതുകൊണ്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി സബ്‌സിഡിച്ചെലവുമില്ല. എന്നിട്ടും ധനക്കമ്മി വര്‍ധിക്കുന്നതല്ലാതെ, കുറയുന്നില്ലത്രേ. കാരണം ലളിതമാണ്. അത്രയേറെ ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.

No comments:

Post a Comment