About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Monday, July 2, 2012

വര്‍ഗസമരവും ബലപ്രയോഗവും – കെ. വേണു കാണാതെ പോകുന്നത്


ടി പി ചന്ദ്രശേഖരന്‍ വധം ഒരുനിമിത്തമാക്കി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന് കെ. വേണു നല്‍കുന്ന ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ പരിശോധിച്ചത്. അദ്ദേഹം ഇതുകൊണ്ടും തൃപ്തനല്ല. ഈ വധത്തോടെ കേരളത്തിന്റെ ചരിത്രം തന്നെ അദ്ദേഹം കീഴ്‌മേല്‍ മറിക്കുകയാണ്. അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യവാദികളല്ല എന്ന ലേഖനത്തിന്റെ ആരംഭത്തില്‍ത്തന്നെ അദ്ദേഹം ആ സാഹസത്തിനു മുതിരുന്നു. ലേഖനം ഇങ്ങനെയാണ് തുടങ്ങുന്നത്: 

''ആധുനിക കേരളത്തിന്റെ രാഷ്ട്രീയ മുഖം എത്രമാത്രം ബീഭത്സമായിരിക്കുന്നു എന്ന രാഷ്ട്രീയ വസ്തുതയാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിലൂടെ പ്രകടമായിരിക്കുന്നത്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധരാഷ്ട്രീയത്തിന്റെയും മികച്ച മാതൃകയായി അഖിലേന്ത്യാതലത്തില്‍ തന്നെ പരിഗണിക്കപ്പെട്ടുപോന്ന കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം മൃഗീയവും നിഷ്ഠൂരവുമായ രീതിയില്‍ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പകപോക്കലുകളാണ്.''
സമകാലീന രാഷ്ട്രീയത്തിന്റെ മുഖം എന്നല്ല, ആധുനിക കേരളത്തിന്റെ രാഷ്ട്രീയമുഖം എന്നാണ് വേണുവിന്റെ പ്രയോഗം. അങ്ങനെയാണ് വേണു ചരിത്രത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശ്രമിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ കേരളത്തിനുണ്ടായ പരിണാമങ്ങളെയെല്ലാം വേണു വിസ്മരിക്കുന്നു. സവര്‍ണമേധാവിത്വത്തിന്റെ കീഴില്‍ എല്ലാ പൗരാവകാശങ്ങളും നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടുകിടന്ന ഒരു ജനത ഉയര്‍ത്തെഴുന്നേറ്റത് ഈ കാലഘട്ടത്തിലാണ്. ജന്മിത്തത്തിനെതിരെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും പടപൊരുതിയതും ഭൂമിക്കുമേല്‍ അവകാശം സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്. തൊഴിലാളികള്‍ എന്ന പുതിയൊരു വര്‍ഗം രൂപം കൊണ്ടതും അവര്‍ സംഘടിതരായതും ഈ കാലഘട്ടത്തിലാണ്.ഈ അവകാശസമരങ്ങളുടെ ഫലമായാണ് കേരളത്തിലെ സാധാരണക്കാര്‍ക്ക് രക്ഷയും സാമാന്യവിദ്യാഭ്യാസവും ആരോഗ്യവും കിടക്കാനിടവും റേഷനുമെല്ലാം ലഭ്യമായത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാണിത്. എല്ലാത്തിനുമുപരി കീഴാളരില്‍ അന്യാദൃശമായ ഒരു അവകാശബോധവും അഭിമാനവുമുണ്ടായി. ഈ നേട്ടങ്ങളെല്ലാം പ്രബുദ്ധമായ അവകാശരാഷ്ട്രീയത്തിന്റെ ഫലമാണ്.കേരളത്തിലെ 'അവകാശരാഷ്ട്രീയവും ' പ്രബുദ്ധ രാഷ്ട്രീയവും മികച്ച മാതൃകയാണെന്ന് വേണുവിന് ഉറപ്പില്ല. പരിഗണിക്കപ്പെട്ടുപോന്നത് 'എന്ന ന്യൂനോക്തിയിലാണ് വേണു കേരളത്തിന്റെ നേട്ടങ്ങളെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം' കൊന്നൊടുക്കുന്ന രാഷ്ട്രീയ പകപോക്കലുകളാണത്രേ. നിഷ്ഠുരമായ ഒരു കൊലപാതകം നടന്നു. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്. എന്നാല്‍ അതിന്റെപേരില്‍ കേരളത്തില്‍ നടന്നത് അത്തരം കൊലപാതകങ്ങള്‍ മാത്രമാണ് എന്ന് അടച്ചാക്ഷേപിക്കുന്നത് അതിശയോക്തിയല്ലേ?വര്‍ഗസമരവും ബലപ്രയോഗവും
സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രമെടുക്കാം. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളുമുണ്ടായത്. ഇതിന്റെ ഇരകളായിരുന്നു കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും. ഈ വധങ്ങളില്‍ മഹാഭൂരിപക്ഷവും നാട്ടുപ്രമാണിമാരും പോലീസും കോണ്‍ഗ്രസും ചേര്‍ന്നാണ് നടത്തിയത്. എഴുപതുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ ആര്‍എസ്എസും ഈ സംഘത്തിനൊപ്പം ചേര്‍ന്നു. ന്യൂനപക്ഷവിരുദ്ധ ലഹളയുടെയും നിഷ്ഠുരമായ കൊലപാതകങ്ങളുടെയും പ്രയോക്തക്കളായ ആര്‍എസ്എസ് കേരളത്തില്‍ സിപിഐ എമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തിയതില്‍ അത്ഭുതപ്പെടാനില്ല. ആര്‍എസ്എസിന്റൈ കടന്നാക്രമണം - പ്രത്യേകിച്ച് കണ്ണൂരില്‍ - രൂക്ഷമായ ഏറ്റുമുട്ടലുകളിലേക്കും കൊലപാതകങ്ങളിലേക്കും വളര്‍ന്നു. ഇവിടെയെല്ലാം ഇരകള്‍ മഹാഭൂരിപക്ഷവും സിപിഐഎം പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ഗണ്യമായി കുറഞ്ഞുവന്നു. 

മേല്‍വിവരിച്ച ഏറ്റുമുട്ടലുകളെ കേരളത്തിലെ തൊഴില്‍മേഖലകളില്‍ നടന്ന അവകാശ സമരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിശദീകരിക്കേണ്ട ബാധ്യത ഈ മുന്‍ കമ്മ്യൂണിസ്റ്റിനു വന്നതില്‍ സഹതാപമുണ്ട്. നിയമവാഴ്ചയ്ക്കു നേരെയുളള വെല്ലുവിളികള്‍ മാത്രമായി അദ്ദേഹം ഈ സമരചരിത്രം ചുരുക്കിയെഴുതുന്നു. മറിച്ചുള്ള വാദങ്ങളെ ഈ കൊലപാതകങ്ങളെയും ചന്ദ്രശേഖരന്റെ കൊലപാതകത്തെയും ന്യായീകരിക്കാനുളള പരിശ്രമമായി പുച്ഛിച്ചുതള്ളുന്ന വേണു എഴുതുന്നു: 

''ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി ഉയര്‍ന്നു നിന്ന് അവയെ അപലപിക്കുന്നതിന് പകരം, പുരോഗമനരാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും മറ്റും തുടര്‍ച്ചയാണ് ഇത്തരം സംഭവങ്ങളെന്ന് വരുത്തിത്തീര്‍ത്ത് അവയെ ന്യായീകരിക്കാനും അല്ലെങ്കില്‍ ചെറിയ പാളിച്ചകളും വ്യതിയാനങ്ങളുമെന്ന് പറഞ്ഞ് ലഘൂകരിക്കാനും ശ്രമിക്കുന്ന പ്രബലമായ ഒരു ചിന്താഗതി സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നത്.'' 
നാളിതുവരെയുളള ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ് എന്നത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. ആ പ്രസ്താവനയുടെ ധാര്‍മ്മികതയോ ന്യായാന്യായമോ ഒക്കെ വേണുവിന് വിമര്‍ശനവിധേയമാക്കാം. പക്ഷേ, വര്‍ഗസമരവും അതുമായി ബന്ധപ്പെട്ട ബലപ്രയോഗവും ചരിത്രയാഥാര്‍ത്ഥ്യമാണ്. ഭരണകൂടവും ഭരണാധികാരിവര്‍ഗങ്ങളും കീഴാളര്‍ക്കും തൊഴിലാളികള്‍ക്കും നേരെ നിരന്തരമായ ബലപ്രയോഗം നടത്തും. ഈ ബലപ്രയോഗത്തിനു നേരെ ഒളിഞ്ഞും തെളിഞ്ഞും ചെറുത്തുനില്‍പ്പുമുണ്ടാകും. ഇതില്‍ ബലപ്രയോഗം ഒഴിവാക്കാനാവില്ല. കാരണം, ചൂഷക വര്‍ഗാധിപത്യത്തിന്റെ കാതല്‍ ബലപ്രയോഗം തന്നെയാണ്.എത്ര നിഷ്ഠൂരമായ ബലപ്രയോഗമാണ് ദളിതര്‍ക്കും, കൂലിവേലക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ നേരിടേണ്ടിവരുന്നത്? മാരുതിയുടെ അത്യന്താധുനിക ഫാക്ടറിയില്‍പോലും ബലപ്രയോഗത്തിലൂടെയാണ് ഭരണവര്‍ഗം സ്വേച്ഛ നടപ്പാക്കിയത്. ഈ ബലപ്രയോഗത്തെ തൊഴിലാളികള്‍ ചെറുക്കുമ്പോള്‍ ചിലപ്പോള്‍ ഏറ്റുമുട്ടലുകളും മരണവും സംഭവിക്കും. ഇവയെ കേവലം നിയമലംഘനപ്രശ്‌നമായി ചിത്രീകരിക്കുന്ന വേണു പൂര്‍ണമായും അധ്വാനവര്‍ഗത്തിന്റെ ശത്രുപക്ഷത്ത് അണിചേര്‍ന്നു നില്‍ക്കുന്നത്.ഇടുക്കിയെക്കുറിച്ചു തന്നെ, എം എം മണിയെക്കുറിച്ചും 
കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച ആല്‍ബിയെന്ന പ്രീഡിഗ്രിക്കാരന്റെ വീട് ഇടുക്കിയിലായിരുന്നു. അപ്പന്‍ ഒരു ഏലത്തോട്ടമുടമ. തോട്ടങ്ങളില്‍ സിഐടിയു യൂണിയന്‍ രൂപീകരിക്കുന്നത് വ്യക്തിപരമായ വെല്ലുവിളിയായി അദ്ദേഹവും മറ്റു തോട്ടമുടമകളും ഏറ്റെടുത്തു. രൂക്ഷമായ സമരം ഏറ്റുമുട്ടലുകളിലേക്കും വധശ്രമങ്ങളിലേക്കുമെത്തി. ഇത്ര രൂക്ഷമായ വൈരാഗ്യവും പകയും എന്തിന് എന്ന് അന്നെനിക്കു മനസിലായില്ല. പയ്യന്‍ സഖാവിന്റെ ധര്‍മ്മവ്യഥ ഞങ്ങളേയും ബാധിച്ചു. ആല്‍ബിയുടെ അപ്പന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ എ പി വര്‍ക്കിയുടെ കത്തുമായി ഞാനും എന്‍. കെ. വാസുദേവനും ഇടുക്കിയിലെത്തി. അന്നാണ് ആദ്യമായി എം എം മണിയെ കാണുന്നത്. ദൗത്യം പരാജയപ്പെട്ടു. അത് അനിവാര്യവുമായിരുന്നു. കാരണം അത്രയേറെ രൂക്ഷവും സ്‌ഫോടനാത്മകവുമായ അന്തരീക്ഷമായിരുന്നു ഏലത്തോട്ടങ്ങളില്‍ നിലനിന്നിരുന്നത്. എറണാകുളം പട്ടണത്തിലെ സംഘര്‍ഷങ്ങള്‍ എത്രയോ ലഘുവാണെന്ന് അന്നെനിക്കു മനസ്സിലായി. 


മലയാളം ന്യൂസ് പോര്‍ട്ടല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച 'ഏലക്കാടുകളില്‍ ചെന്തീ പടര്‍ന്നതെങ്ങനെ?' എന്ന സജി മാര്‍ക്കോസിന്റെ ലേഖനത്തില്‍ ഇടുക്കിയിലെ തൊഴില്‍സംഘര്‍ഷങ്ങളുടെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദേശാഭിമാനി പത്രത്തില്‍ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതൊരാവര്‍ത്തി വായിക്കണമെന്ന് ഞാന്‍ വേണുവിനോട് അഭ്യര്‍ത്ഥിക്കുകയാണ്.ലേഖനത്തിന്റെ പകുതിഭാഗം ഏലത്തോട്ടങ്ങളിലെ വര്‍ഗബന്ധങ്ങളുടേയും കൊടിയ പീഡനങ്ങളുടേയും ഹൃദയസ്പര്‍ശിയായ വിവരണമാണ്. കങ്കാണിമാര്‍ക്കു കീഴില്‍ അടിമതുല്യമായ സ്ഥിതിയിലായിരുന്നു ഇടുക്കിയിലെ ഏലക്കാടുകളില്‍ അന്ന് തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. ഇതിനെതിരെ പടപൊരുതിയാണ് സിഐടിയു വളര്‍ന്നത്. അങ്ങനെ 1969ല്‍ എ. കെ. ദാമോദരന്‍, എം. എം. മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആദ്യത്തെ ചെങ്കൊടി മുക്കിടിയില്‍ ഉയര്‍ന്നു. സിഐടിയുവിനെ അംഗീകരിക്കാത്ത മുതലാളിമാര്‍ ഐഎന്‍ടിയുസി പുനഃസംഘടിപ്പിച്ച് ചെറുത്തുനില്‍പ്പിന് കളമൊരുങ്ങി. എങ്കിലും സിഐടിയുവിന്റെ പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. 1972 ല്‍ വെങ്കലപ്പാറയിലും ചെങ്കൊടി പൊങ്ങി. എസ്‌റ്റേറ്റില്‍ സിഐടിയു രൂപം കൊണ്ടു.

സ്വതന്ത്രമായ യൂണിയന്‍ പ്രവര്‍ത്തനാവകാശത്തിനുവേണ്ടി ഒട്ടാത്തിയില്‍നിന്നും വെങ്കലപ്പാറയിലേക്ക് സിപിഐഎമ്മും സിഐടിയുവും മാര്‍ച്ചു നടത്തി. മാര്‍ച്ചിനുനേരെ പൊട്ടങ്കുളം എസ്‌റ്റേറ്റ് ബംഗ്ലാവില്‍ നിന്നു വെടിയുതിര്‍ത്തു. വെടിവെപ്പില്‍ സ. കാമരാജ് രക്തസാക്ഷിയായി. ശരീരത്തില്‍ കയറിയ നാടന്‍ തോക്കിന്റെ ചില്ലുമായി മുക്കുച്ചാമി ഇന്നും മുക്കുടിയില്‍ ജീവിച്ചിരിക്കുന്നു. ഉടുമ്പഞ്ചോല താലൂക്കിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായിരുന്നു സ. കാമരാജിന്റേത്. സിഐടിയുവിനെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യുവാന്‍ തോട്ടം മുതലാളിമാരും ഐഎന്‍ടിയുസി പ്രവര്‍ത്തകരും പദ്ധതിയിട്ടു. ആ സാഹചര്യം സജി മാര്‍ക്കോസിന്റെ വാക്കുകളില്‍ വായിക്കുക.

''...മുള്ളഞ്ചിറ മത്തായിയുടെ നേതൃത്തില്‍… സിഐടിയുക്കാരുടെ വീടു തിരഞ്ഞ് ഇറങ്ങും… സിഐടിയുവിന്റെ യൂണിറ്റ് പ്രസിഡന്റ് പുന്നോലി മേരി ഒളിവില്‍ പോയി. പുന്നോലി മേരിയുടെ ഒളിത്താവളമറിയാന്‍ മോസ്‌ക്കോക്കുന്നിലെ വപ്പിമത്തായിയുടെ മകള്‍ ഡോലിയെ രാത്രി വീട്ടില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയിട്ട് തിരികെ വിട്ടത് രണ്ടാമത്തെ ദിവസമാണ്.."
"..എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഒരു യൂണിയന്‍ പ്രവര്‍ത്തകയെ മുറ്റത്ത് വലിച്ചിറക്കി വയറിന്മേല്‍ കയറിയിരുന്നിട്ട് 'നിന്റെ വയറില്‍ ഇരിക്കുന്നത് ബഡ്ഡില്‍ ഇരിക്കുന്നതിനേക്കാള്‍ സുഖമുണ്ടല്ലോടീ' എന്നു മുള്ളന്‍ചിറ മത്തായി പറഞ്ഞത് ഇന്നും മോസ്‌ക്കോയിലെ നാട്ടുകാര്‍ ഓര്‍ത്തിരിക്കുന്നു. ഐ എന്‍ റ്റി യു സിയില്‍ ചേര്‍ന്നുവെന്ന സ്‌റ്റേറ്റ്‌മെന്റുമായാണ് സംഘം ഇറങ്ങുന്നത്. ഒപ്പിടുന്നവരെ ഉപദ്രവിക്കില്ല. ആണുങ്ങള്‍ പോലീസിനെ പേടിച്ച് ഒളിവില്‍ പോയി. തനിയെ ഉള്ള സ്ത്രീകള്‍ സഹിക്കുകയല്ലാതെ വഴിയില്ലായിരുന്നു".
"ഇതേസമയം കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന അഞ്ചേരി ബേബിയുടെ നേതൃത്വത്തിലും… (സമീപ) പ്രദേശങ്ങളില്‍ സിഐറ്റിയുവിനെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്നു. …
മാസങ്ങളോളം ഈ ഭീകരാന്തരീഷം നിലനിന്നു. സിഐടിയുവിന് സംഘടനാ പ്രവര്‍ത്തനം ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത ഘട്ടത്തില്‍ എത്തി 1982 ന്റെ അവസാനം സ. കെ ആര്‍ ഗൗരിയമ്മ മുക്കിടി സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തിന് ശേഷമാണ്, പ്രതിരോധത്തില്‍ നിന്നും പ്രത്യാക്രമണത്തിലേക്ക് സി പി ഐ എം തിരിയുന്നത്".
''… വീട് വിട്ട് ഓടിയവരെല്ലാം തോട്ടത്തില്‍ തിരികെയെത്തി പണിയ്ക്കു പോയി, എന്നും പാര്‍ട്ടി ഓഫീസില്‍ കൂടി, രാത്രി ഭീഷിണിയുണ്ടായിരുന്ന വീടുകള്‍ക്ക് കാവലിരുന്നു. സ. മേരി ഒളിവില്‍ നിന്നും തിരിച്ചു വന്നു…"
"...1982 നവംബര്‍ 13ന് മേലെ ചെമ്മണാറില്‍ വച്ച് അഞ്ചേരി ബേബി വെടിയേറ്റു മരിച്ചു. ശാന്തന്‍പാറ സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകം. പിന്നെ പോലീസിന്റെ തേര്‍വാഴ്ചയായിരുന്നു. ഗുണ്ടകളും വെറുതെയിരുന്നില്ല. പുന്നോലി മേരിയെ തോട്ടം പണി കഴിഞ്ഞ് വരുന്ന വഴിയ്ക്ക് മത്തായിയും സംഘവും ആക്രമിച്ചു. മരിച്ചുവെന്നു കരുതി വഴിയില്‍ ഉപേക്ഷിച്ചിട്ടു കടന്നുകളഞ്ഞു. തലൈങ്കാവിലെ പ്രവര്‍ത്തകയായിരുന്ന തിലോത്തമയുടെ വീടുകയറി ആക്രമിച്ച് കൊച്ചുകുഞ്ഞിനെ മുറ്റത്തേയ്ക്ക് എടുത്തെറിഞ്ഞു. (തിലോത്തമ കഴിഞ്ഞ ടേമിലെ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു). മേരിയെ മര്‍ദ്ദിച്ചതിന്റെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (1983 ജനുവരി 16 ന്) മുള്ളഞ്ചിറ മത്തായിയെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു". "ഇതോടെ പീഡനത്തിന് നേതൃത്വം കൊടുക്കാന്‍ ആളില്ലാതെയായി. തോട്ടം ഉടമകള്‍ യൂണിയനെ അംഗീകരിച്ചു. യൂണിയന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. കങ്കാണി സമ്പ്രദായം നിര്‍ത്തലാക്കി. മിനിമം കൂലി 27 രൂപ ആയി നിജപ്പെടുത്തി (ഇന്നത് 215 രൂപയാണ്). എട്ടു മണിക്കൂര്‍ ജോലിസമയം അംഗീകരിച്ചു.''
നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ ഈ നേട്ടങ്ങള്‍ സ്വായത്തമാക്കിക്കൂടേ എന്നായിരിക്കും വേണുവിന്റെ ചോദ്യം. നിയമലംഘനവും ബലപ്രയോഗവും നടത്തുന്നത് ഭരണവര്‍ഗമാണ്. നിയമം പാലിക്കേണ്ട പോലീസും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു. ഇതായിരുന്നില്ലേ ഇടുക്കിയിലെ അവസ്ഥ? 


ഈ അവസ്ഥ ഇല്ലാതായത് മുന്‍കാലങ്ങളിലെ ധീരമായ ചെറുത്തുനില്‍പ്പിന്റെ ഫലമായാണ്. ജനകീയ സമരങ്ങളും ചെറുത്തുനില്‍പ്പുമാണ് ജനാധിപത്യത്തെ യാഥാര്‍ത്ഥ്യമാക്കിയത്. അതുകൊണ്ട് മേല്‍പറഞ്ഞ സമരങ്ങളെയോ അതുമായി ബന്ധപ്പെട്ട ബലപ്രയോഗങ്ങളെയോ സിപിഐ(എം) ഒരിക്കലും തളളിപ്പറഞ്ഞിട്ടില്ല. പറയുകയുമില്ല. 


ഭരണവര്‍ഗത്തിന്റെയും ഭരണകൂടത്തിന്റെയും ബലപ്രയോഗത്തിനെതിരെയുളള ജനകീയ ചെറുത്തുനില്‍പ്പിന്റെ അനിവാര്യമായ പ്രത്യാഘാതമാണിത്. പക്ഷേ, ഇവ സിപിഐ എം ആഘോഷിക്കാറില്ല. മരണം ആരുടേതായാലും ദൗര്‍ഭാഗ്യകരമാണ്.

പിന്നെന്തിനാണ് എം. എം. മണിയുടെ പ്രസംഗത്തെ തളളിപ്പറഞ്ഞ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്? ഇടുക്കിയിലെ രൂക്ഷമായ വര്‍ഗസമരത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി വ്യക്തിഗത ഗൂഢാലോചനയിലേക്ക് ആ പോരാട്ടത്തെ ചുരുക്കുകയായിരുന്നു എം എം മണി. ആ സമീപനം അരാഷ്ട്രീയമാണ്. വ്യക്തിപരമായ ഉന്മൂലനത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചതുപോലെ പ്രതികാര കൊലപാതകങ്ങളും പാര്‍ട്ടിയുടെ നയമല്ല. അതുകൊണ്ട് എം എം മണിയുടെ പ്രസംഗം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നുളള വ്യതിചലനമാണ്. തന്റെ തന്നെ ഭൂതകാലാനുഭവങ്ങളോട് എം. എം. മണിയ്ക്ക് നീതിപുലര്‍ത്താനായില്ല. 


ഏതെങ്കിലും കോണിലിരുന്ന് ആരെങ്കിലും പട്ടിക തയ്യാറാക്കി നടത്തിയിട്ടുളളവയായിരുന്നില്ല, എം എം മണിയുടെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങള്‍. എം എം മണിയുടെ ഭാഷ്യവും ആംഗ്യവും പാര്‍ട്ടിയെ അവമതിപ്പെടുത്തുന്നതിനും കടന്നാക്രമിക്കുന്നതിനും വിരുദ്ധര്‍ക്ക് അവസരമൊരുക്കി.നിരുപാധികമായി അപലപിച്ചിട്ടും നിലയ്ക്കാത്ത ആക്രമണം
പക്ഷേ, ടി. പി. ചന്ദ്രശേഖരന്‍ വധത്തെ മേല്‍പറഞ്ഞ ഗണത്തില്‍ പാര്‍ട്ടി ഒരിക്കലും ഉള്‍പ്പെടുത്തിയിട്ടില്ല. വധത്തെ നിരുപാധികമായി അപലപിച്ചു കൊണ്ടാണ് അതേസംബന്ധിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തുടങ്ങുന്നതു തന്നെ. വേണു ദുര്‍വ്യാഖ്യാനം ചെയ്യുന്നതുപോലെ വര്‍ഗസമര സിദ്ധാന്തത്തിന്റെയും മറ്റും അടിസ്ഥാനത്തിലോ രാഷ്ട്രീയമായോ ഒരിക്കല്‍പ്പോലും ആരും ഇതിനെ ന്യായീകരിച്ചിട്ടില്ല. എന്തിനീ കൊലപാതകം പാര്‍ട്ടി നടത്തണം? വേണു അവതരിപ്പിക്കുന്ന ന്യായം ഇതാണ്: 
'അവര്‍ പുറത്തുവരികയും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്ത് വിമതര്‍ പിടിച്ചെടുക്കുകയും ചെയ്തത് സി.പി.എമ്മിന് വലിയ രാഷ്ട്രീയനഷ്ടമാണ് ഉണ്ടാക്കിയത്'.
 ഈ രാഷ്ട്രീയ നഷ്ടത്തിനുളള പ്രതികാരമാണത്രേ സിപിഐഎം ചെയ്തത്.

ഒഞ്ചിയത്ത് ആര്‍എംപിയ്ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ചത് ആകെ 6293 വോട്ടുകളാണ്. അതിന്റെ നല്ലൊരു പങ്കും സംഭാവന ചെയ്തത് യുഡിഎഫാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയ്ക്ക് ഒഞ്ചിയത്തു ലഭിച്ചത് 2959 വോട്ടുകള്‍. ഒറ്റവര്‍ഷം കൊണ്ട് ഒഞ്ചിയത്ത് ആര്‍എംപിയുടെ ശക്തി നേര്‍പകുതിയായി കുറഞ്ഞു. യുഡിഎഫിന്റെ നിക്ഷേപം അവര്‍ പിന്‍വലിച്ചത് ഒരു പ്രധാനകാരണമാണ്. സ്വന്തം നിലയില്‍ സംഭവിച്ച ശക്തിക്ഷയം വേറെ. ടി. പി. ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ് ഇതു സംഭവിച്ചത്

രണ്ടാമതൊരു വാദമിങ്ങനെ: 

'ഒഞ്ചിയം മേഖലയില്‍ ചന്ദ്രശേഖരന്റെയും കൂട്ടരുടെയും ജനപിന്തുണ കുറയുകയല്ല, വളരുകയാണുണ്ടാവുന്നതെന്ന് കണ്ട സി.പി.ഐഎം. നേതൃത്വം കോഴിക്കോട്ട് നടന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന് മുമ്പ് തന്നെ ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി….പക്ഷേ, ടി.പി അല്പം പോലും വഴങ്ങിയില്ല., സംഭാഷണത്തിന് നിന്നു കൊടുത്തതേയില്ല. അപ്പോള്‍ പിന്നെ സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗമില്ല. ശല്യകാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല'.
ശല്യകാരികളെ തുടച്ചു നീക്കലാണത്രേ സിപിഐഎമ്മിന്റെ പതിവു ശൈലി. സിപിഎമ്മിന്റെ ചരിത്രത്തില്‍ നിന്ന് ഒരുദാഹരണം വേണു കാണിച്ചുതരൂ. വേണുവിന്റെ ഭൂതകാലത്തിന്റെ പാപഭാരം ഞങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ട. ടി പി ചന്ദ്രശേഖരന്‍ തിരിച്ചുവന്നില്ലെങ്കിലും അനേകം പേര്‍ തിരികെ പാര്‍ട്ടിയിലേയ്ക്കു വന്നു. ഈ പ്രവണത ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിച്ചത്.എന്തിന് സിപിഐഎം ഇങ്ങനെയൊരു കൊലപാതകം നടത്തണമെന്നതിന് യുക്തിസഹമായ ഒരു വിശദീകരണവും വേണുവിന്റെ പക്കലില്ല. മറിച്ച് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പുപോലുള്ള സുപ്രധാന വേളയില്‍ ഈ വധം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥയ്ക്കുശേഷമുളള ഏറ്റവും വലിയ ആക്രമണത്തിന് പാര്‍ട്ടി ഈ വധത്തോടെ ഇരയാവുകയും ചെയ്തു. അതുകൊണ്ടാണ് ഏതെങ്കിലും സിപിഐഎം പ്രവര്‍ത്തകന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതു മാപ്പര്‍ഹിക്കാത്ത തെറ്റാവുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പാര്‍ട്ടി പ്രസ്താവിക്കുകയും ചെയ്തു. ഈ നിലപാട് നിരാകരിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് വേണുവും കൂട്ടരും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ കടന്നാക്രമണങ്ങളെ പാര്‍ട്ടിയും അനുഭാവികളും പ്രതിരോധിക്കുക തന്നെ ചെയ്യും. 

1 comment:

  1. പത്താംക്ളാസ് തോറ്റവന്‍ നടത്തുന്ന പീ.ജി. കോച്ചിങ്ങനെ വിമര്‍ശിച്ചു സമയം പാഴാക്കണോ?

    ReplyDelete