About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Monday, July 2, 2012

ഒരു 'ശുദ്ധജനാധിപത്യവാദി'യുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പുരാണം


ടി. പി. ചന്ദ്രശേഖരന്റെ ദാരുണമായ വധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സിപിഎം വിരുദ്ധ പ്രചാരവേലയുടെ മുന്നില്‍ നില്‍ക്കുന്നവരില്‍ പ്രമുഖന്‍ കെ. വേണുവാണ്. 'അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല' (മാതൃഭൂമി ആഴ്ചപ്പതിപ്പ് മെയ് 20-26, 2012), 'ജനാധിപത്യവും നിയമവാഴ്ചയും കമ്മ്യൂണിസ്റ്റുകാരും' (മാതൃഭൂമി ദിനപത്രം, 2012 ജൂണ്‍ 4) എന്നീ ലേഖനങ്ങളും തൃശൂരില്‍ നടന്ന എഴുത്തുകാരുടെ പ്രതിഷേധ സമ്മേളനത്തിലെ പ്രമേയവുമാണ് ഈ ഗണത്തില്‍ കെ. വേണുവിന്റെ സംഭാവനകള്‍.  യഥാര്‍ത്ഥത്തില്‍, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് വേണു എഴുതിയ 'പൊളിച്ചെഴുതുക, പ്രത്യയശാസ്ത്രത്തെ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് - നവംബര്‍ 13-19, 2011) എന്ന ആഹ്വാനത്തിലെ വാദങ്ങളുടെ ആവര്‍ത്തനമാണ് മേല്‍പറഞ്ഞ ലേഖനങ്ങളിലെ വാദങ്ങള്‍. ആദ്യമായിട്ടല്ല വേണു ഇത്തരം ആഹ്വാനങ്ങള്‍ നടത്തി സിപിഎമ്മിനെ നേരേയാക്കാന്‍ ശ്രമിക്കുന്നത് എന്ന് അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വേണുവിന്റെ ആഹ്വാനങ്ങള്‍ക്ക് സിപിഎം ചെവി കൊടുത്തില്ലപോലും. അതിന്റെ അനിവാര്യഫലമായിരുന്നുവത്രേ ടി പി ചന്ദ്രശേഖരന്‍ വധം. ഇതോടെ കെ. വേണുവിന് അര്‍ത്ഥശങ്കയില്ലാതെ ബോധ്യമായ കാര്യങ്ങള്‍ ഇവയാണ്: നന്നാകാനുളള തലവര കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല; മാര്‍ക്‌സിസം - ലെനിനിസം ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രമാണ്; കമ്മ്യൂണിസം ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്; അതിനെ തകര്‍ത്തേ ജനാധിപത്യത്തെ രക്ഷിക്കാനാവൂ; ഇതിനായി പൗരസമൂഹം ഉണരണം.


നക്‌സലുകളുടെ ഔദാര്യം!
ഏതായാലും ഈ ലേഖനങ്ങളില്‍ സ്വന്തം ഭൂതകാലത്തെക്കുറിച്ച് വേണു നിശബ്ദത പാലിക്കുകയാണ്. ഒരു രസകരമായ പരാമര്‍ശമൊഴികെ. അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല എന്ന ലേഖനത്തില്‍ വേണു ഇങ്ങനെ വാദിക്കുന്നു;


 '1980 കളുടെ ആരംഭത്തില്‍ സജീവമായിരുന്ന നക്‌സലൈറ്റുകള്‍ക്കെതിരെ, രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. തിരിച്ചടിക്കില്ലെന്ന നക്‌സലൈറ്റു നിലപാടു നിമിത്തമാണ് അന്ന് പരസ്പര സംഘട്ടനങ്ങളും ഒഴിവാക്കപ്പെട്ടത്'.
സിപിഎം 'അഴിച്ചുവിട്ട' ആക്രമണത്തിന്റെ സ്വഭാവം 'രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍' ആയിരുന്നത്രേ. അതുശരി. രാഷ്ട്രീയവിമര്‍ശനത്തിന്റെ രൂപത്തിലുളള ആക്രമണം പോലും പാടില്ലേ വേണൂ.... അത് സംഘട്ടനത്തിലേയ്ക്ക് വഴിമാറാത്തത് നക്‌സലൈറ്റുകളുടെ ഔദാര്യം മൂലമായിരുന്നു പോലും. 


ഇതില്‍ നിന്നു സിപിഎമ്മിന്റെ നിലപാടു വ്യക്തമല്ലേ? പാര്‍ട്ടി വിട്ടുപോകുന്നവരെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം ശ്രമിച്ചിട്ടുളളത്. അങ്ങനെയുളള വിമര്‍ശനത്തെ കായികമായി നേരിടാതിരിക്കാനുളള ഔദാര്യം നക്‌സലൈറ്റുകള്‍ കാണിച്ചുവെന്നാണ് വേണു വാദിക്കുന്നത്. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് ഉപന്യസിക്കുമ്പോഴും പഴയ നക്‌സലൈറ്റ് ഭൂതകാലം വേണുവില്‍ തികട്ടിവരുന്നുണ്ട്. 


സിപിഎം നേതാവ് അഴിക്കോടന്‍ രാഘവന്റെ വധം വേണുവിന് ഓര്‍മ്മയില്ല. വേണുവിന്റെ ഗ്രൂപ്പുകാരല്ല അതു ചെയ്തത് എന്നു വാദിക്കാം. എ. വി. ആര്യന്റെ ഗ്രൂപ്പുകാരായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കൊന്നു തളളുന്ന നക്‌സല്‍ പാരമ്പര്യംതന്നെയായിരുന്നു അവരുടേതും. 


നക്‌സല്‍ തീവ്രവാദത്തില്‍ നിന്ന് പടിപടിയായി അകന്ന കെ. വേണു, ഇപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ വലതുപക്ഷക്കാരനായി രൂപാന്തരപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസത്തിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കുമെതിരെ വിമോചനസമരകാലം മുതല്‍ കേരളത്തിലെ പിന്തിരിപ്പന്‍ന്മാര്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്ന വിമര്‍ശനങ്ങളെയെല്ലാം പുതിയ ചായം മുക്കി കേരളത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ ടി പി ചന്ദ്രശേഖരന്‍ വധം വേണു ഒരു നിമിത്തമാക്കി മാറ്റിയിരിക്കുന്നു. 


 വര്‍ഗശത്രുക്കളുടെ തലവെട്ടി വലതുപക്ഷ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാമെന്ന് വ്യാമോഹിച്ച് അതിവിപ്ലവത്തിന്റെ കാല്‍പനികപഥത്തില്‍ ഏറെക്കാലം അലഞ്ഞു നടന്ന കെ. വേണുവാണ് ഒടുവില്‍ അതേ വലതുപക്ഷത്തിനു വേണ്ടി തലച്ചോറു പുകയ്ക്കുന്നത്.


തലവെട്ടു രാഷ്ട്രീയം വഴി വിപ്ലവം നടത്താമെന്നു വ്യാമോഹിച്ച കെ. വേണുവിനും സംഘത്തിനും ജയറാം പടിക്കലിന്റെ രൂപത്തില്‍ കെ.കരുണാകരന്‍ നല്‍കിയ ചികിത്സ ഫലിച്ചുവെന്നു വേണം കരുതാന്‍. നിയമവാഴ്ചയോടൊക്കെ വേണുവിനിപ്പോള്‍ എന്തൊരു മതിപ്പാണ്! എല്ലാത്തരം തൊഴില്‍സമരങ്ങളോടും അറുപുച്ഛവും! സിപിഎമ്മിന്റെ എല്ലാ പ്രവര്‍ത്തനങ്ങളോടും വേണുവിന് ആ പുച്ഛമുണ്ട്. സ്വന്തം രാഷ്ട്രീയഭൂതകാലം വിസ്മരിച്ചുകൊണ്ട് ചാനലുകളിലും മറ്റും അദ്ദേഹം തട്ടിവിടുന്ന സൈദ്ധാന്തിക ന്യായങ്ങള്‍ കേട്ട് ചരിത്രബോധമില്ലാത്ത ചാനല്‍ ആങ്കര്‍മാര്‍ ഒരുപക്ഷേ, തലകുലുക്കിയേക്കാം. അല്ലാത്തവരോ?


കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മം മുതല്‍ ജനാധിപത്യവിരുദ്ധരോ?
കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധതയെ ചരിത്രപരമായി അനാവരണം ചെയ്യാനുളള പരിശ്രമമാണ് പൊളിച്ചെഴുതുക പ്രത്യയശാസ്ത്രത്തെ എന്ന ലേഖനത്തില്‍ നല്ലൊരു പങ്കും. ആദ്യഘട്ടം 'തെലുങ്കാനസമരവും പുന്നപ്രവയലാറും കല്‍ക്കത്താ തീസീസുമെല്ലാം' നടപ്പാക്കിയ കാലമാണ്. വേണുവിന്റെ അഭിപ്രായത്തില്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തെയും നിയമവിധേയ പ്രവര്‍ത്തനത്തെയും തളളിക്കളഞ്ഞിരുന്നു. പക്ഷേ, അതിനു മുമ്പോ? 1920 മുതല്‍ 1942വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രായോഗികമായി നിരോധിക്കപ്പെട്ടിരുന്നുവെന്നും കൊളോണിയല്‍ ഭരണാധികാരികളുടെ രൂക്ഷമായ അടിച്ചമര്‍ത്തലിന് ഇരയായിരുന്നുവെന്നും കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിരുന്നുവല്ലോ. ഇക്കാലവും കമ്മ്യൂണിസ്റ്റ് ജനാധിപത്യവിരുദ്ധ നിലപാടിന്റെ ഫലമായിരുന്നുവോ?


വേണുവിന്റെ ദര്‍ശനം അനുസരിച്ച് ജനാധിപത്യമെന്നാല്‍ 'മുതലാളിത്തത്തിന്റെ സൃഷ്ടിയല്ല. ഗോത്രസമൂഹകാലം മുതല്‍ക്കേ പ്രവര്‍ത്തനമാരംഭിച്ച സാമൂഹിക സംഘടനാരൂപമാണത്. മനുഷ്യചരിത്രത്തിലുടനീളം ഈ സാമൂഹ്യസംഘടനാ രൂപം വിവിധ രൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്. (ഇന്നത്തെ) പാര്‍ലമെന്ററി ജനാധിപത്യം അതിലൊന്നുമാത്രമാണ്'. 


ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കീഴിലും ജനാധിപത്യത്തിന്റെ സവിശേഷ രൂപങ്ങളുണ്ടായിരുന്നു. പ്രാദേശിക തദ്ദേശ ഭരണസ്ഥാപനങ്ങള്‍ രൂപം കൊണ്ടിരുന്നു. പ്രവിശ്യാ നിയമസഭകളും നിലവിലുണ്ടായിരുന്നു. ജാതി ഗോത്ര സഭകളെയും കൂട്ടായ്മകളെയും ഈ ജനാധിപത്യ സംവിധാനത്തില്‍ വേണു ഉള്‍പ്പെടുത്തുമോ എന്നെനിക്കറിയില്ല. ഇവയൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തളളിപ്പറഞ്ഞതിനെ ജനാധിപത്യ വിരുദ്ധമെന്ന് വേണു കരുതുന്നുണ്ടോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചിട്ടുണ്ട്. 


വേണുവിന്റെ യുക്തി അനുസരിച്ചാണെങ്കില്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യന്‍ ജനത ഇറങ്ങേണ്ടിയിരുന്നില്ല. അന്നത്തെ പരിമിതമായ ജനാധിപത്യം പുഷ്ടിപ്പെടുത്തി വളര്‍ത്താനും അതുവഴി സ്വാതന്ത്ര്യം നേടാനുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ജനതയും ചെയ്യേണ്ടിയിരുന്നത്.


മേല്‍പറഞ്ഞത്രയും വേണു പറഞ്ഞിട്ടില്ല എന്നു സമ്മതിക്കണം. ഇതെന്റെ വളച്ചൊടിക്കലാണ് എന്നു വേണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷേ, അമ്പത്തൊന്നിനു ശേഷമുളള വേണുവിന്റെ ചരിത്രവ്യാഖ്യാനം കൃത്യമായി ലേഖനത്തിലുണ്ട്. സായുധ സമരം പിന്‍വലിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ വഞ്ചിക്കാനായിരുന്നുവത്രേ തീരുമാനിച്ചത്. പാര്‍ട്ടി സംഘടന ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ തുടര്‍ന്നു. അതുപോലെ രഹസ്യപ്രവര്‍ത്തനങ്ങളും.


എത്ര അരാഷ്ട്രീയവും ചരിത്രബോധമില്ലായ്മയുമാണ് അമ്പത്തൊന്നു കാലത്തെ വേണു വിലയിരുത്തുന്നത് എന്നുനോക്കൂ. സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യന്‍ ഭരണാധികാരികളുടെ സ്വഭാവത്തില്‍ വന്ന അടിസ്ഥാനപരമായ മാറ്റം, കോണ്‍ഗ്രസുമായി സഹകരിച്ചുളള രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പകരം ഭരണപ്പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ എതിര്‍പ്പിന്റെ കുന്തമുന തിരിക്കേണ്ടതിന്റെ അനിവാര്യത, ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ ജനാധിപത്യാവകാശങ്ങള്‍ ഈ സമരത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന പ്രശ്‌നം ഇവയെല്ലാം കെ. വേണുവിന് കമ്മ്യൂണിസ്റ്റുകാരുടെ ഒരു രാഷ്ട്രീയ ഗൂഢാലോചനയും വേലകളിയും മാത്രമാണ്. വിപ്ലവമുഖം നിലനിര്‍ത്താന്‍ വേണ്ടി 'പാര്‍ലമെന്റേതര സമരങ്ങളെന്ന പേരില്‍ പലവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ നടത്തിക്കൊണ്ടിരുന്നു. ഇപ്പോഴും അതെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്നു'.


1957-ഉം അതിനുശേഷവും
1957-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതായിരുന്നു ഒരു വഴിത്തിരിവ്. വേണുവിന്റെ വാക്കുകള്‍: 


 '1957 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ, പോലീസിന്റെ ഭാഗത്തുനിന്നും ശത്രുവര്‍ഗ്ഗങ്ങളുടെ ഭാഗത്തുനിന്നും കമ്മ്യൂണിസ്റ്റുകാര്‍ നിരന്തരം ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 1957ല്‍ അധികാരത്തില്‍ വന്നതോടെ, സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പാര്‍ട്ടിയുടെ രഹസ്യയൂണിറ്റുകള്‍ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. വിമോചന സമരകാലത്ത് ഈ സെല്‍ഭരണം പ്രധാനവിമര്‍ശന വിഷയങ്ങളില്‍ ഒന്നായിരുന്നു. രണ്ടു ദശകങ്ങള്‍ കൊണ്ടാണ് അധികാര പാര്‍ട്ടിയിലേക്കുള്ള പരിവര്‍ത്തനം നടന്നത്. ചുരുങ്ങിയ സമയത്തേക്കാണെങ്കിലും ഇടയ്ക്കിടയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിലൂടെയാണ് ഈ മാറ്റം സാധ്യമായത്'.
ഹൊ. ഇത്രയും സമ്മതിച്ചല്ലോ. അമ്പത്തേഴു വരെ അക്രമത്തിനിരയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ, അമ്പത്തേഴു മുതല്‍ അധികാരപ്പാര്‍ട്ടിയായി. എന്തെല്ലാം അതിക്രമങ്ങളാണ് ആ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ കേരളത്തില്‍ നടത്തിക്കൂട്ടിയത്? സഹികെട്ട് ജനങ്ങള്‍ക്ക് വിമോചന സമരത്തിനിറങ്ങേണ്ടി വന്നുപോലും.. എന്തിനാ വേണൂ, ചരിത്രം മറന്ന് വിമോചന സമരക്കാരുടെ കുഴലൂത്തുകാരനാകുന്നത്? വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന എന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് വിരോധം കൊണ്ട് ഇത്രയേറെ തിമിരം ബാധിക്കാമോ?

ഇങ്ങനെ അധികാരപ്പാര്‍ട്ടിയായി മാറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രത്യേകിച്ച് സിപിഐഎം ആയതിനു ശേഷം എങ്ങനെയാണ് കൊലയാളിപ്പാര്‍ട്ടിയായി മാറിയത് എന്നതു സംബന്ധിച്ച് ഒരു വിവരണം ചരിത്രകാരനായ വേണു നല്‍കുന്നുണ്ട്.
'60കളില്‍ സി.പി.എം. ആരംഭിച്ച ഗോപാലസേന പ്രകടനപരമായിരുന്നെങ്കില്‍ 80കള്‍ ആയപ്പോഴേക്കും വളണ്ടിയര്‍സേന പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും സജ്ജരാക്കപ്പെട്ടവരെകൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഡിഫന്‍സ് വളിയര്‍മാര്‍ എന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടു. ആര്‍.എസ്.എസുകാരെയും മറ്റ് എതിരാളികളെയും കൊലപ്പെടുത്തുന്നതിനുവേണ്ടി, ഈ ഡിഫന്‍സ് വളണ്ടിയര്‍മാരില്‍ നിന്ന് പ്രത്യേകം കോര്‍ഗ്രൂപ്പുകളെ പരിശീലിപ്പിക്കാനും തുടങ്ങി. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വേണ്ടി സജ്ജരായവരെ വിപ്ലവത്തിന് വേണ്ടി പാര്‍ട്ടി പറയുന്ന ഏത് കൃത്യവും സന്തോഷത്തോടെ ഏറ്റെടുക്കുവാന്‍ കഴിയും വിധം മാനസികമായി തയ്യാറാക്കുന്ന പരിശീലനമാണ് നല്‍കിയിരുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെമാത്രം ഭരണം വരുന്ന നാളെയെ സ്വപ്നം കണ്ടുകൊണ്ട്, അത്തരം ലക്ഷ്യസാക്ഷാത്ക്കാരത്തിന് വേണ്ടി, എതിരാളികളെ മുഴുവന്‍ അരിഞ്ഞുവീഴ്ത്തുന്നത് പാവനകര്‍ത്തവ്യമായി കണക്കാക്കാനാണ് പരിശീലിപ്പിക്കപ്പെട്ടത്. തങ്ങളുടെ പാര്‍ട്ടിയുടെ മാത്രം ഭരണമുള്ള നാളെയെക്കുറിച്ചുള്ള സങ്കല്പം ശക്തമാവുന്നതിനനുസരിച്ച് മറ്റ് പാര്‍ട്ടിക്കാരെയും മറ്റും തുടച്ചുനീക്കുന്നത് ആവശ്യവും ന്യായവുമായിത്തീരുന്നു. ഒരു കുറ്റബോധവും തോന്നേണ്ടതില്ലെന്നു ചുരുക്കം. ആദ്യകാലങ്ങളില്‍ ഇങ്ങനെ മാനസികമായും ആശയപരമായും സജ്ജമാക്കപ്പെട്ടവരാണ് കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ക്രമേണ ഇത്തരം വിശ്വാസങ്ങള്‍ ദുര്‍ബലമാവുകയും വിപ്ലവത്തിലുള്ള പ്രതീക്ഷതന്നെ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിസഖാക്കളെ കിട്ടാതായി തുടങ്ങി. അങ്ങിനെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കേണ്ടി വന്നത്.
ആരാണ് ജനാധിപത്യവിരുദ്ധര്‍?
വേണു ഈ പറയുന്ന കാലഘട്ടം ഏതായിരുന്നുവെന്ന് ഓര്‍ക്കുക. അമ്പതുകള്‍ മുതലുളള മൂന്നു പതിറ്റാണ്ടുകളിലാണ് കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം സംസ്ഥാന വ്യാപകമായത്. സവര്‍ണാധിപത്യത്തിനും ജന്മി വാഴ്ചയ്ക്കുമെതിരെ പടവെട്ടിയാണ് മാന്യമായ കൂലിയും മാനമായി ജീവിക്കാനുളള അവകാശവും അവര്‍ നേടിയത്. അറുപതുകളുടെ ഉത്തരാര്‍ദ്ധം മുതലാണ് പട്ടിണിക്കൂലി പോലും നിഷേധിക്കപ്പെട്ടിരുന്ന കേരളത്തിലെ അസംഘടിത മേഖലയിലെ കൈത്തൊഴിലുകാരെല്ലാം സംഘടിതരായി തലയുയര്‍ത്തി നിന്നത്. ട്രേഡ് യൂണിയനുകള്‍ നിഷിദ്ധമാക്കപ്പെട്ടിരുന്ന പ്ലാന്റേഷന്‍ മേഖലയില്‍ തൊഴിലാളികള്‍ സംഘടിച്ചത്. തീക്ഷ്ണമായ ഈ വര്‍ഗസമരകാലത്തെയും അതിലെ ഏറ്റുമുട്ടലുകളെയും ഇതില്‍പ്പരം ഒരാളിന് അപമാനിക്കാനാവില്ല.


ഈ സമരചരിത്രത്തില്‍ എഴുപതുകളുടെ മധ്യത്തിലാണ് ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അംഗമാകുന്നത്. വേണുവിന്റെ അഭിപ്രായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ അധികാരപ്പാര്‍ട്ടിയായി മാറി കൊലയാളി സംഘങ്ങളെ വാര്‍ത്തെടുത്തു കൊണ്ടിരുന്ന കാലത്ത്. അക്കാലത്തെ എന്റെ അനുഭവം പറയാം.


മഹാരാജാസിലെ എസ്എഫ്‌ഐക്കാരായ ഞങ്ങള്‍ അക്കാലത്ത് നഗരത്തിലെ ഒട്ടെല്ലാ സമരങ്ങളിലും സജീവ പങ്കാളികളായിരുന്നു. സമരങ്ങളിലുള്ള ഉശിരന്‍ പങ്കാളിത്തം ഞങ്ങളെ പലപ്പോഴും സംഘട്ടനങ്ങളിലും എത്തിച്ചു. കൊച്ചി തുറമുഖ മേഖലയിലെ ഗുണ്ടാസംഘവുമായുള്ള പകയായി ഈ സംഘര്‍ഷങ്ങള്‍ വളര്‍ന്നു. ഞാനടക്കം പ്രധാനപ്പെട്ട പ്രവര്‍ത്തകരെല്ലാം രഹസ്യമായി കായികപരിശീലനത്തില്‍ ഏര്‍പ്പെട്ടു. അടുത്ത തവണ കോളജ് ആക്രമിക്കുന്ന ഗുണ്ടകളെ നേരിടാന്‍ കെണിയൊരുക്കി. എന്നാല്‍ അത്തരമൊരു മാരകമായ സംഘട്ടനം അനേകം സഖാക്കളെ ബാധിക്കും എന്ന് തിരിച്ചറിഞ്ഞ പോളിയോ ബാധിച്ചു വികലാംഗനായ ആല്‍ബി കുപ്രസിദ്ധ ഗുണ്ടയെ കൊച്ചിയില്‍ ഒരു വോളീബാള്‍ ടൂര്‍ണമെന്റ് സ്ഥലത്തു ഒറ്റയ്ക്കു ചെന്നു കടന്നാക്രമിച്ചു. ഗുണ്ട പേടിച്ചോടി! പോളിയോ ബാധിതനായ ആല്‍ബിയ്ക്ക് ഓടാനും വയ്യ. കത്തിയുമായി അങ്ങനെ ടൂര്‍ണമെന്റിന്റെ നിറഞ്ഞ ഗ്യാലറിക്കു നടുവില്‍ നില്‍ക്കുകയാണ്! ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.


തുടര്‍ന്നാണ് എന്റെ നേരെ വധശ്രമം നടന്നത്. അന്നൊരു ദിവസം ഹോസ്റ്റല്‍ ടെറസില്‍ ഗാര്‍ഡ് ചുമതല എന്റെ ഗ്രൂപ്പിനായിരുന്നു. രാത്രി കണ്ണട ഒടിഞ്ഞുപോയി. കാലത്തുതന്നെ അതു നന്നാക്കാന്‍ കട അന്വേഷിച്ചു പോകുകയായിരുന്നു. ജനറല്‍ ഹോസ്പിറ്റലിന് അടുത്തുവച്ച് ഒരു കാര്‍ എന്റെയടുത്തു ബ്രേക്കിട്ടുനിര്‍ത്തി കണ്ണട ഇല്ലാത്തതിനാല്‍ ആരാണെന്നു വ്യക്തമല്ല. അതുകൊണ്ടു കാറിനുള്ളിലേക്കു തലയിട്ടു നോക്കി. ഊരിയ വടിവാളുകളും മറ്റ് ആയുധങ്ങളുമായി തിങ്ങിയിരിക്കുന്ന ഗുണ്ടാസംഘം! കണ്ണട ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയോ എന്ന് അവര്‍ക്കു സംശയം. ഓടുന്നതിനു പകരം അകത്തേക്കു തലയിട്ടു നോക്കുന്നതു കണ്ടപ്പോള്‍ ഞാനല്ല എന്ന നിഗമനത്തില്‍ അവര്‍ എത്തിയിട്ടും ഉണ്ടാകാം. ഭാവഭേദം കൂടാതെ ഞാന്‍ സാവധാനം നടന്നകന്നു. പിന്നെ ഒരു ഓട്ടമത്സരം ആയിരുന്നു. ജനറല്‍ ആശുപത്രിമതില്‍ എങ്ങനെ ചാടിക്കടന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. ഇര കൈവിട്ടുപോയ ദേഷ്യത്തില്‍ ഹോസ്റ്റലിലേക്കു നീങ്ങിയ ഗുണ്ടാസംഘം ആദ്യം കണ്ടവരെ കുത്തിവീഴ്ത്തി. എസ്.എഫ്.ഐ.ക്കാര്‍ അല്ലാത്തവരെല്ലാം ഹോസ്റ്റലില്‍നിന്നു വിട്ടുപോയിരുന്നു. 


 ഇതറിയാതെ ബന്ധുവിനെ അന്വേഷിച്ചു വന്ന ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയാണ് കൊലക്കത്തിക്ക് ഇരയായത്.

പിന്നെ ഈ ഗുണ്ടയെ ഞാന്‍ പിന്നീടൊരിക്കല്‍ കണ്ടു. അടിയന്തരാവസ്ഥക്കാലത്ത് എറണാകുളം സബ്ജയിലില്‍ നിന്ന് സാക്ഷി പറയുന്നതിനായി എറണാകുളം കോടതിയില്‍ എന്നെ ഹാജരാക്കി. ക്രോസ് വിസ്താരത്തിനിടെയില്‍ പ്രഭാകരന്‍ വക്കീല്‍ എന്നോടു ചോദിച്ചു, 'ഇവനോട് നിങ്ങള്‍ക്ക് പകയുണ്ടായിരുന്നോ?'. ഉണ്ടായിരുന്നു എന്നു ഞാന്‍ സമ്മതിച്ചു. 'ഇപ്പോഴുമുണ്ടോ തിരിച്ചടിക്കാന്‍ ആഗ്രഹം?'. സര്‍ക്കാര്‍ വക്കീല്‍ കണ്ണുകൊണ്ട് ഇറുക്കി കാണിച്ചെങ്കിലും എന്റെ മറുപടി, ഉണ്ട് എന്നായിരുന്നു.


ഇനി വേണു പറയൂ. കായിക പരിശീലനത്തിലേര്‍പ്പെട്ട ഞാന്‍ ജനാധിപത്യവിരുദ്ധനായിരുന്നോ? സ്വമേധയാ സഹപ്രവര്‍ത്തകരായ മറ്റു സഖാക്കളെ കേസില്‍ കുടുക്കേണ്ട എന്നു കരുതി ഗുണ്ടയെ കടന്നാക്രമിക്കാന്‍ കത്തിയുമായി ഇറങ്ങിത്തിരിച്ച ആ വികലാംഗനെ നിങ്ങള്‍ ഗുണ്ടയെന്ന് കരുതുന്നുണ്ടോ?
ഇത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന എന്റെയൊരു കൊച്ചനുഭവം. ഇതുപോലെ എത്രയെത്ര പേര്‍ക്ക് ഇത്തരം തീക്ഷ്ണമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. വേണു ഒന്നു മനസിലാക്കുക. നാല്‍പതിലേറെ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കാമ്പസുകളില്‍ പിടഞ്ഞു മരിച്ചത്. തിരിച്ച്, എസ്എഫ്‌ഐക്കാര്‍ കൊല ചെയ്ത ഒരു കെഎസ്‌യുക്കാരന്റെ പേരു പറഞ്ഞു തരാമോ? ചന്ദ്രശേഖരന്‍ വധമെടുത്തുവെച്ച് ഞങ്ങളെയൊക്കെ കൊലയാളികളായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധവേട്ടയ്ക്കിറങ്ങുന്ന ജനാധിപത്യവാദികളുടെ ബാക്കി വാദങ്ങള്‍ അടുത്ത ലക്കത്തില്‍ പരിശോധിക്കാം. (അടുത്ത ലക്കം - വര്‍ഗസമരവും ബലപ്രയോഗവും) 

3 comments:

  1. നക്സൽ പ്രതാപ(??)കാലത്ത് നടന്ന എല്ലാ ഓപ്പറേഷനുകളിൽ നിന്നും “പാർട്ടി വളർത്താൻ ഞാൻ പുറത്ത് നിൽക്കണം” എന്നും പറഞ്ഞ് മുങ്ങി നടക്കുകയും,വസന്തത്തിന്റെ ഇടി മുഴക്കം കിനാവു കണ്ട ഒരു ജനതയെ മൊത്തം ഉന്മാദാവസ്ഥയിലേക്കും സായിബാബാരാധനയിലേക്കും കാഷായവഴിയിലേക്കും തള്ളി വിട്ട,അവസാനം വിപ്ലവത്തിന്റെ ആദ്ധ്യന്തിക ലക്ഷ്യം നിയമസഭാംഗത്വമാണെന്ന തിരിച്ചറിവിൽ വർഗ്ഗശത്രുവിന്റെ പാദസേവ ചെയ്ത് കൊടുങ്ങല്ലൂരിൽ മത്സരിച്ച് പരാജയത്തിന്റെ കയ്പ്പുനീർ കുടിക്കുകയും ചെയ്ത മഹാനായ വിപ്ലവകാരിയുടെ സമകാലീന ഇടപെടലുകൾ കാണുമ്പോൾ സാധാരണ ജനം മൂക്കിൽ വിരൽ വെച്ച് പറയുന്നു “ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഓരോ ജനാധിപത്യ സങ്കൽ‌പ്പങ്ങളേ”............

    ReplyDelete
  2. I request the attention towards the Maoist and Naxal movement in the northern and North eastern States.Will the communist support them now?In 80's the communist move has supported the ideology of naxals but we contempt the way of the naxals carry out there operations. Whether Mr. Venu has the courage to support the Maoist movement in the present context? The Booker winner, in her ability ,supports this movement in India? But even the communist are not supporting them in the light of our constitution? Here we can see this type of ideological dispute is only for debate , nothing more?

    ReplyDelete
  3. I request the attention towards the Maoist and Naxal movement in the northern and North eastern States.Will the communist support them now?In 80's the communist move has supported the ideology of naxals but we contempt the way of the naxals carry out there operations. Whether Mr. Venu has the courage to support the Maoist movement in the present context? The Booker winner, in her ability ,supports this movement in India? But even the communist are not supporting them in the light of our constitution? Here we can see this type of ideological dispute is only for debate , nothing more?

    ReplyDelete