Sunday, July 29, 2012

മഹാശ്വേതാ ദേവിയുടെ കത്തുകള്‍ പറഞ്ഞതെന്ത്?

സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന എഴുത്തുകാരില്‍ പ്രമുഖയാണ് മഹാശ്വേതാ ദേവി. ബംഗാളിലെയും ഝാര്‍ഖണ്ഡിലെയും ആദിവാസി മേഖലകളിലെ ഇടപെടലും ഇന്ത്യയിലെമ്പാടുമുള്ള ആദിവാസികളുടെ സംസ്കാരവും ഭാഷയും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അവരെ വ്യത്യസ്തയായ എഴുത്തുകാരിയാക്കുന്നുണ്ട്. തന്റെ സാഹിത്യലോകത്തില്‍ പാവങ്ങളുടെയും അശരണരുടെയും നിന്ദിതരുടെയും പീഡിതരുടെയും പക്ഷം പിടിച്ച ഒരു പുരോഗമന സാഹിത്യകാരി ആണ് മഹാശ്വേതാ ദേവിയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.

150 നോവലുകള്‍, 350 കഥകള്‍, നാടകങ്ങള്‍, മറ്റു രചനകള്‍ ഒക്കെ ചേരുന്ന അവരുടെ വിപുലമായ സാഹിത്യജീവിതം അതിന് തെളിവാണ്. പക്ഷേ, ഇപ്പറഞ്ഞതൊന്നും ബംഗാളിലെ രാഷ്ട്രീയപ്രശ്നങ്ങളില്‍ അവരെടുത്ത നിരുത്തരവാദപരമായ നിലപാടുകളെ വിമര്‍ശിക്കാതിരിക്കുന്നതിനുളള കാരണങ്ങളല്ല. സ്വതവേ ഇടതുപക്ഷ തീവ്രനിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മഹാശ്വേതാ ദേവി നന്ദിഗ്രാമിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെ തുടര്‍ന്നാണ് സിപിഐഎമ്മിനോട് കടുത്ത ശത്രുത പുലര്‍ത്താന്‍ ആരംഭിച്ചത്. മമതാ ബാനര്‍ജിയോടൊപ്പം തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനും അവര്‍ ഇറങ്ങി. മാത്രമല്ല, ബംഗാളിലെ എഴുത്തുകാരെയും കലാകാരന്മാരെയും കലാകാരികളെയും ഇടതുപക്ഷത്തിനെതിരെ നയിക്കാനും മഹാശ്വേതാ ദേവി മുന്നിലുണ്ടായിരുന്നു. ബംഗാളിലെ മമതാ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റു ബുദ്ധിജീവികള്‍ക്കൊപ്പം അവരും ഖേദിക്കുന്നുണ്ടാവും എന്നാണു ഞാന്‍ കരുതുന്നത്.

മഹാശ്വേതാദേവിയുടെ ഒഞ്ചിയം സന്ദര്‍ശനം
അവര്‍ ഇടയ്ക്കിടെ കേരളം സന്ദര്‍ശിക്കുകയും രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. കേരളത്തില്‍ വന്ന് അവര്‍ നടത്തിയ പല അഭിപ്രായപ്രകടനങ്ങള്‍ക്കും സുകുമാര്‍ അഴീക്കോട്, എം മുകുന്ദന്‍ തുടങ്ങിയവര്‍ മറുപടിയും പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ കേരളത്തിലെ എഴുത്തുകാര്‍ വേണ്ടത്ര പ്രതികരിക്കുന്നില്ല എന്ന ഖേദം ഒരിക്കല്‍ അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇവിടത്തെ കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും തങ്ങള്‍ക്ക് അറിയാം എന്ന ഉചിതമായ മറുപടിയാണ് കേരളത്തിലെ എഴുത്തുകാര്‍ അന്ന് അവര്‍ക്കുനല്‍കിയത്. തകഴി ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മേയ് 10ന് കേരളത്തിലെത്തിയ മഹാശ്വേതാ ദേവി 12 ന് ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദര്‍ശിച്ചു. കോഴിക്കോട് നടന്ന ഒരു യോഗത്തില്‍ സംസാരിക്കുകയും ചെയ്തു.

സിപിഐഎമ്മിനെതിരായി അതിരൂക്ഷമായ വിമര്‍ശനമാണ് ഇവിടെയൊക്കെ മഹാശ്വേതാ ദേവി നടത്തിയത്. സിപിഐഎമ്മിനെ കേരളത്തില്‍ നിന്ന് തൂത്തെറിയണമെന്നുവരെ അവര്‍ പറഞ്ഞു എന്നാണ് ഒരു പത്രം എഴുതിയത്! എത്ര മഹനീയവും ലളിതവുമായ ഒരു ആഹ്വാനം! എത്ര വലിയ എഴുത്തുകാരി പറഞ്ഞാലും ആ പ്രസ്താവനയില്‍ നിഴലിക്കുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണെന്ന് പറയാതെ വയ്യ. അവിടം കൊണ്ടും നിര്‍ത്താന്‍ അവര്‍ തയ്യാറായില്ല. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയപാടേ അവര്‍ പിണറായി വിജയന് ഒരു തുറന്ന കത്തയച്ചു. അതില്‍ പറയുന്നു:

"എല്ലാ തുറയിലും പെട്ടവര്‍ എന്നെവന്നു കാണുകയും എന്നോട് സംസാരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയുടെ അടുത്തേയ്ക്കുപോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കില്ലത്രേ!"
 ഏതു തുറയില്‍ പെട്ടയാള്‍ ഓതിക്കൊടുത്തതായാലും ഈ പരാമര്‍ശനം വസ്തുതാവിരുദ്ധമാണ്. പിണറായി വിജയന്നും സിപിഐ എമ്മിനുമെതിരെ മഹാശ്വേതാദേവിയുടെ പ്രതികരണം നിര്‍മ്മിക്കാന്‍ ഒരു ഉത്സാഹക്കമ്മിറ്റി ഓവര്‍ടൈം പണിയെടുക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഈ പരാമര്‍ശം. ആ കത്ത് ഇങ്ങനെ തുടര്‍ന്നു:
 "വിജയന്‍! എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്നനേത്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കാന്‍ അതിനരികിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ധൈര്യം കാട്ടി എന്നതാണ് എന്നവര്‍ പറയുമ്പോള്‍, എന്റെയുള്ളില്‍ ഒരു ഭയം പൊന്തിവരുന്നു. എന്റെ കണ്ണുകള്‍ കൊണ്ടതു കാണുന്നതു വരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല";. 
 ചുറ്റും കൂടിയ അപവാദനിര്‍മ്മാതാക്കളുടെ നുണക്കഥകള്‍ കേട്ട് മഹാശ്വേതാദേവിയുടെ ഉളളില്‍  പൊന്തിവരുന്ന ഭയം ശമിപ്പിക്കാന്‍  സിപിഐഎമ്മിന്റെ കൈവശം ചികിത്സയൊന്നുമില്ല. നിന്ദാസ്തുതിയാണെങ്കിലും 'എന്റെ കണ്ണുകള്‍ കൊണ്ടതു കാണുന്നതു വരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല'എന്ന മഹാശ്വേതാദേവിയുടെ സമീപനത്തില്‍ യുക്തിയുണ്ട്. നിര്‍ഭാഗ്യവശാല്‍ സിപിഐഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങളെ ഇതേ യുക്തിബോധത്തോടെ സമീപിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. അതിനു തയ്യാറായാല്‍ ഇന്നവര്‍ തുടരുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധതയ്ക്ക് അല്‍പം ശമനമുണ്ടാകും.

പിണറായിയുടെ പ്രതികരണം
വീടു പ്രശ്നത്തില്‍ മഹാശ്വേതാദേവി മുന്നോട്ടു വെച്ച യുക്തിബോധത്തെ തികഞ്ഞ ബഹുമാനത്തോടെ തന്നെ പിണറായി വിജയനും സ്വാഗതം ചെയ്തു. മഹാശ്വേതാ ദേവിയോടുളള എല്ലാ ബഹുമാനവും നിലനിര്‍ത്തി അദ്ദേഹം അവരുടെ കത്തിനോടുള്ള വിയോജിപ്പുകള്‍ മറുപടിക്കത്തായി പ്രസിദ്ധീകരിച്ചു. അദ്ദേഹം പറഞ്ഞു:
""എനിക്കയച്ച തുറന്ന കത്ത് പത്രങ്ങളില്‍ വായിച്ചു. ഏറെക്കാലമായി ധാരാളംപേര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് നിങ്ങള്‍. അത്തരത്തിലുള്ള ഒരാള്‍ക്ക് അടുത്ത കാലത്തായി ഉണ്ടായ മാറ്റം എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളാവാം ഈ മാറ്റത്തിനു പിന്നില്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ഈ ധാരണ ദൃഢീകരിക്കുന്നതാണ് നിങ്ങള്‍ വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലെ ഉള്ളടക്കവും. എഴുത്തുകാര്‍ പൊതുവെ ലോലഹൃദയരാണെന്നും അവരെ വേഗത്തില്‍ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാമെന്നും കരുതുന്നവരുണ്ട്. തങ്ങള്‍ നേരിട്ടു പറയുന്നതിനേക്കാള്‍ സമൂഹത്തില്‍ വിലപ്പോകുന്നത് എഴുത്തുകാര്‍ പറയുന്നതാകയാല്‍ തങ്ങള്‍ക്ക് പറയാനുള്ളത് അവരെക്കൊണ്ട് പറയിച്ച് തങ്ങളുടെ താല്‍പ്പര്യം നിറവേറ്റിയെടുക്കാമെന്ന് കരുതുന്നവരുമുണ്ട്. അത്തരക്കാരാരെങ്കിലുമാവണം കേരളത്തിലെ സമീപകാല കാര്യങ്ങളെക്കുറിച്ച് നിങ്ങളെ തുടരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവര്‍ തന്നെയാണ് കണ്ണൂര്‍ ജില്ലയിലുള്ള എന്റെ വീട് രമ്യഹര്‍മ്യമാണ് എന്ന് നിങ്ങളോട് പറഞ്ഞതും എന്നു കരുതാനേ എനിക്ക് നിവൃത്തിയുള്ളൂ.


ഏതായാലും നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞ തരത്തിലുള്ള ഒന്നാണോ എന്റെ വീട് എന്ന് നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ സ്നേഹാദരങ്ങളോടെ നിങ്ങളെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ല എന്നു കരുതട്ടെ. നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും....... നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട് നില്‍ക്കുന്ന പ്രദേശത്തെ പാര്‍ടിയുടെ അറിവോടെയാണത്. അത് മണിമാളികയോ രമ്യഹര്‍മ്യമോ ഒന്നുമല്ല. അതു കണ്ടാല്‍ ഒരാള്‍ക്കും പാര്‍ടിയെക്കുറിച്ചുള്ള മതിപ്പില്‍ ഇടിവു വരികയുമില്ല. കണക്കുകള്‍ അടക്കം അതുമായി ബന്ധപ്പെട്ട എല്ലാം സുതാര്യമാണുതാനും. ഇതാണ് സത്യമെന്നനിലയ്ക്ക് ആ വീട് കാണുന്നതില്‍നിന്ന് ആരെയും വിലക്കേണ്ട കാര്യമേ ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിച്ച് നിങ്ങള്‍ പറയുന്ന മറ്റു കാര്യങ്ങളുടെ പ്രശ്നമേ ഉദിക്കുന്നില്ല.


കടലുകള്‍ക്കപ്പുറമുള്ള ഏതോ വിദൂരദ്വീപിലൊന്നുമല്ല, പാര്‍ടി പ്രവര്‍ത്തിക്കുന്ന ഈ കേരളത്തിലെ എന്റെ സ്വന്തം ഗ്രാമത്തില്‍ തന്നെയാണ് ആ വീട് സ്ഥിതി ചെയ്യുന്നത് എന്നതെങ്കിലും ഓര്‍മ്മിച്ചാലും. സത്യം നേരില്‍ കാണാനാണ് ഞാന്‍ നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. സി.പി.ഐ (എം) നെക്കുറിച്ച് നിങ്ങളെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെറ്റിദ്ധരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ കൂടി ഇത് സഹായകമാവും."" 

സുതാര്യമായ ഈ നിലപാടിനു മുന്നില്‍ മഹാശ്വേതാ ദേവി നിരായുധയായി. താന്‍ പിണറായിയുടെ വീടിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുന്നുവെന്നും പറഞ്ഞുപോയതില്‍ ഖേദമുണ്ടെന്നും മാധ്യമങ്ങളോടു തുറന്നു പറയാന്‍ അവര്‍ തയ്യാറായി. നിലപാടുകള്‍ തകിടം മറിഞ്ഞതെങ്ങനെ? എന്നാല്‍ കഥ അവിടം കൊണ്ടു തീര്‍ന്നില്ല. മഹാശ്വേതാ ദേവിയുടെ പിന്നില്‍ ഒരുപജാപ സംഘമുണ്ട് എന്നതിന്റെ തെളിവുകള്‍ തൊട്ടുപിന്നാലെ പുറത്തുവന്നു.

പിണറായി വിജയന്റെ കത്തിനെത്തുടര്‍ന്ന് തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്നു പറഞ്ഞ മഹാശ്വേതാ ദേവിയുടെ നിലപാട് മിനിട്ടുകള്‍ക്കുളളില്‍ തലകീഴായി മറിഞ്ഞു. പിണറായി വിജയനെയും സിപിഐഎമ്മിനെയും ആക്രമിച്ചുകൊണ്ട് അവര്‍ വീണ്ടും ഒരു തുറന്ന കത്തെഴുതി. ആ കത്തില്‍ എല്ലാം പൊളിഞ്ഞു വീണു. കെ രാമചന്ദ്രന്‍ എന്നൊരാളിന്റെ ബ്ളോഗില്‍ നിന്ന് പാരഗ്രാഫുകള്‍ തന്നെ കോപ്പിയടിച്ചാണ് അവരുടെ കത്തു തയ്യാറാക്കിയിരിക്കുന്നത് എന്ന വിവരം പുറത്തുവന്നു. മഹാശ്വേതാ ദേവിയുടെ പേരില്‍ പിണറായിക്ക് മറുപടിയായി പ്രത്യക്ഷപ്പെട്ട കത്ത്, ആ ആണവവിരുദ്ധ പ്രബന്ധം കുത്തും കോമയും അക്ഷരത്തെറ്റുമടക്കം കോപ്പിയടിച്ച് സൃഷ്ടിച്ചതായിരുന്നു. ഒപ്പം, പിണറായി വിജയന്‍ കൂടംകുളം സന്ദര്‍ശിക്കുമോ എന്ന ഇടിവെട്ടു ചോദ്യവും. ഒരു കത്തോ ആണവവിരുദ്ധ പ്രബന്ധമോ സ്വന്തമായി തയ്യാറാക്കാന്‍ കഴിയാത്ത ആളല്ല മഹാശ്വേതാ ദേവി. സ്വന്തം നിലപാടിനു വേണ്ടി അവര്‍ക്കാരെയും പകര്‍ത്തി വെയ്ക്കേണ്ട ആവശ്യവുമില്ല. അപ്പോഴാണ് ഒരു ചോദ്യം പ്രസക്തമാകുന്നത്.

പിണറായിക്കുളള മറുപടിയില്‍ ആ ആണവവിരുദ്ധ മോഷണ നിലപാട് എങ്ങനെ വന്നു? അതിനൊരുത്തരമേയുളളൂ. പിണറായി വിജയനുളള മറുപടി മറ്റാരോ തയ്യാറാക്കിയതാണ്. മഹാശ്വേതാ ദേവിക്ക് സ്വന്തമെന്നു പറയാന്‍ ആ കത്തിലുണ്ടായിരുന്നത് അവരുടെ ഒപ്പു മാത്രം. മനുഷ്യന്‍ പ്രവേശിക്കാന്‍ ഭയക്കുന്ന ഡ്രാക്കുളാക്കോട്ടയാണ് പിണറായി വിജയന്റെ വീടെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചവര്‍ തന്നെയാണ് ഈ അഭ്യാസവും ചെയ്തത്. പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളിലും ഇക്കാര്യം ചര്‍ച്ചയായതോടെ മഹാശ്വേതാദേവി പിന്മാറി.

സക്കറിയയുടെ പയ്യന്നൂര്‍ പകയും സിപിഐഎമ്മിന്റെ പ്രസക്തിയും

മഹാശ്വേതാദേവിക്കു പറ്റിയ പറ്റില്‍ എനിക്കു സഹതാപമുണ്ട്. പക്ഷേ, സാഹിത്യകാരന്‍ സക്കറിയയുടെ നിലപാട് എന്നെ തികച്ചും അമ്പരപ്പിച്ചു.

കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പ്രതിലോമപരമായ നിലപാടുകളെക്കുറിച്ച് ഭയലേശമന്യേ വിമര്‍ശനം തൊടുത്തുവിടുന്നയാളാണ് സക്കറിയ. കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളേക്കാളും ശക്തവും ദുഷ്ടവുമാണ് മാധ്യമങ്ങളെന്നുമൊക്കെ അതിരൂക്ഷമായ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചു കണ്ടിട്ടുണ്ട്. ആ സക്കറിയയ്ക്ക് എങ്ങനെയാണ് മാധ്യമങ്ങളുടെ സംഘടിതമായ മസ്തിഷ്ക പ്രക്ഷാളനത്തിന് കൈയാളായി നിന്നുകൊടുക്കാനാവുക? അതോ അദ്ദേഹം സിപിഐഎമ്മിനോട് പയ്യന്നൂര്‍ പക തീര്‍ക്കുകയാണോ? കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുകാലരതിയെക്കുറിച്ച് പയ്യന്നൂരില്‍ സക്കറിയ നടത്തിയ പരാമര്‍ശം അനുചിതമായിരുന്നു. പക്ഷേ, അവിടെയുണ്ടായ പ്രതികരണം അതിനേക്കാളേറെ അനുചിതമായിരുന്നു. വിയോജിപ്പുകള്‍ ആ യോഗത്തില്‍ തന്നെ പറയുകയോ മറ്റൊരു യോഗം വിളിച്ച് സക്കറിയയുടെ ആശയങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. അതാണ് ജനാധിപത്യപരമായ പ്രതികരണശൈലി. അംഗീകരിക്കാനാവാത്ത പ്രതികരണമാണ് പയ്യന്നൂരില്‍ സക്കറിയയ്ക്കു നേരിടേണ്ടി വന്നത് എന്നത് സമ്മതിക്കുന്നു. പക്ഷേ, വിവേകശൂന്യമായ ആ പ്രവൃത്തിയാല്‍ മേല്‍കീഴ്മറിയേണ്ടതാണോ സക്കറിയയുടെ ആശയലോകം?

 സിപിഐഎമ്മിന്റെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ ഏതെങ്കിലും കാലത്ത് സക്കറിയയെ ആവേശം കൊളളിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ സിപിഐഎമ്മിനുളള സ്ഥാനം അദ്ദേഹം എന്നും അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷതയുടെ അടിസ്ഥാനം ശ്രീനാരായണ പ്രസ്ഥാനം അടക്കമുളള കേരളീയ നവോത്ഥാനമാണ്. ഈ മതനിരപേക്ഷ പൈതൃകത്തെ മുന്നോട്ടു കൊണ്ടുപോയതില്‍ നിര്‍ണായകമായ പങ്ക് എന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിര്‍വഹിച്ചിട്ടുണ്ട്. ഇന്നും നിര്‍വഹിക്കുന്നുമുണ്ട്. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തോടെ അദ്ദേഹത്തിന്റെ ഈ നിലപാടുകളെല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്. വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായ ചെറുത്തുനില്‍പില്‍ സിപിഐഎമ്മിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന സക്കറിയയെ വേറൊരിടത്തു നമുക്കു കാണാന്‍ കഴിയുന്നുണ്ട് എന്നത് സമാശ്വാസകരമാണ്. ദില്ലി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ എഴുതിയ ഒരു ലേഖനം സക്കറിയ അവസാനിപ്പിക്കുന്നത് സിപിഐഎമ്മിന്റെ ആ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ്.

സിപിഐഎം എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപ്രസക്തി അറിയുന്ന സാംസ്ക്കാരിക വിമര്‍ശകന്‍ തന്നെയാണ് സക്കറിയ. പക്ഷേ, മാധ്യമങ്ങള്‍ സ്വരുക്കൂട്ടിയ ആയുധങ്ങളെടുത്ത് സിപിഐഎമ്മിനെ ആക്രമിക്കാനും അതേ സക്കറിയ മുന്നോട്ടു വരുന്നു. വിരലിലെണ്ണാവുന്ന ചിലരുടെ തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു പ്രതികരണത്തിന്റെ പേരില്‍ സിപിഐഎമ്മിനെതിരെയുള്ള പക ഇനിയും തുടരരുത് എന്നാണ് എനിക്ക് സക്കറിയയോട് അഭ്യര്‍ത്ഥിക്കാനുളളത്.

പ്രഭാവര്‍മ്മയുടെ കവിതയ്ക്ക് നിരോധനം

സിപിഐഎമ്മിന് ജനാധിപത്യമില്ലെന്ന് വലിയവായില്‍ കവലപ്രസംഗം നടത്തുന്നവര്‍ തികഞ്ഞ ഫാസിസ്റ്റുകളാണെന്നും ഈ വിവാദം വ്യക്തമാക്കി.

അതിന്റെ ഉത്തമോദാഹരണമാണ് സമകാലിക മലയാളം വാരിക പ്രഭാവര്‍മ്മയുടെ കവിത പാതിവഴിക്കു നിരോധിച്ചത്. ചന്ദ്രശേഖരന്‍ വധത്തെ പ്രഭാവര്‍മ്മ ന്യായീകരിച്ചു എന്ന വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ കവിതയുടെ ശിരസ് ഛേദിച്ചത്. പ്രഭാവര്‍മ്മയെന്നല്ല ആരും ചന്ദ്രശേഖരന്‍ വധത്തെ ന്യായീകരിച്ചിട്ടില്ല. ആ വധത്തെ അതിശക്തമായ ഭാഷയില്‍ അപലപിക്കുന്നവര്‍ തന്നെ, ഈ സംഭവത്തെ മുന്‍നിര്‍ത്തി സിപിഐഎമ്മിനെ വേട്ടയാടുന്നതിനെ എതിര്‍ക്കുന്നുണ്ട്. അവരിലൊരാളാണ് പ്രഭാവര്‍മ്മയും. മാധ്യമങ്ങള്‍ സിപിഐഎമ്മിനെതിരെ നടത്തുന്ന വാസ്തവവിരുദ്ധമായ പ്രചരണത്തെ തുറന്നു കാണിക്കാനുളള ജനാധിപത്യാവകാശം പ്രഭാവര്‍മ്മയ്ക്കുണ്ട്. സിപിഐഎമ്മിനെ നിശിതമായി വിമര്‍ശിക്കുന്നവര്‍ അനുഭവിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യം, സിപിഐഎമ്മിനെ വേട്ടയാടുന്നതിനെതിരെ നിലയുറപ്പിക്കുന്നവര്‍ക്കുമുണ്ട്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത രൂക്ഷവും ക്രൂരവുമായ വിമര്‍ശനം സിപിഐഎമ്മിനെതിരെ തൊടുത്തുവിടുന്നവരൊന്നടങ്കം പ്രഭാവര്‍മ്മ നേരിട്ട ജനാധിപത്യവിരുദ്ധതയ്ക്കു കുടപിടിക്കാനെത്തി.

തങ്ങള്‍ക്കിഷ്ടമില്ലാത്ത പ്രതികരണം നടത്തിയാല്‍ കവിത പ്രസിദ്ധീകരിക്കുകയില്ല എന്ന ധാര്‍ഷ്ട്യം മുഴങ്ങിയത് സിപിഐഎമ്മിനെതിരെ ആയിരുന്നതു കൊണ്ട് അതും വലിയ ആഘോഷമായി. ഇതൊക്കെ എന്തിന്റെ ലക്ഷണങ്ങളാണ്? ഇവയില്‍ നിന്ന് നാമെന്താണ് മനസിലാക്കേണ്ടത്? സിപിഐഎമ്മിനെതിരെയുളള പൊതുബോധം നിര്‍മ്മിക്കാന്‍ അത്യധ്വാനം ചെയ്യുന്ന ഒരു സംഘം നമുക്കിടയിലുണ്ട്. ഔന്നത്യമുളള എഴുത്തുകാരെ തെറ്റിദ്ധരിപ്പിച്ച് അവര്‍ സിപിഐഎമ്മിനെതിരെ പ്രതികരണങ്ങള്‍ സംഘടിപ്പിക്കുന്നു. സിപിഐഎം അനുഭാവികളായ എഴുത്തുകാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി നിശ്ശബ്ദരാക്കാന്‍ വേറൊരു അടവ്. സിപിഐഎം വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്തില്ലെങ്കില്‍ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രയാസം നേരിടും എന്നൊരു വാരിക ഭീഷണി മുഴക്കിയതായി ആരോപണമുണ്ട്. ആ നിലപാടിന്റെ തുടര്‍ച്ചയായി വേണം സമകാലിക മലയാളം പ്രഭാവര്‍മ്മയോടു ചെയ്ത സമാനതകളില്ലാത്ത അനീതിയെ മനസിലാക്കേണ്ടത്.

പലതരം വേട്ടകളാണ് സിപിഐഎമ്മിനെതിരെ സംവിധാനം ചെയ്യപ്പെടുന്നത്. ജനകീയാസൂത്രണവിവാദകാലത്ത് എന്നെ വിദേശ ചാരനെന്ന് മുദ്രകുത്താന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കൈയറപ്പുമുണ്ടായില്ല. ലാവ്ലിന്‍ വിവാദകാലത്ത് പിണറായി വിജയനെതിരെ ഇതേ മാധ്യമങ്ങള്‍ എത്രയോ ഇല്ലാക്കഥകള്‍ പടച്ചുവിട്ടു. സിപിഐഎം നേതാക്കളുടെ കുടുംബങ്ങളെപ്പോലും വെറുതേവിടുന്നില്ല. കവിയൂര്‍ കേസില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ഒരു കോടി രൂപയുടെ പ്രലോഭനമുണ്ടായിരുന്നുവെന്ന് കോടതിയില്‍ സിബിഐ തുറന്നു പറയുന്നതും നാം കേട്ടു. തേജോവധത്തിന്റെ പതിനെട്ടടവുകളും പയറ്റി പാര്‍ടി പ്രവര്‍ത്തകരുടെ ആത്മവീര്യം നശിപ്പിക്കാന്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയാണ്.

Friday, July 20, 2012

മാവോ ദൈവമല്ല, മനുഷ്യനാണ്!!!

ആദ്യത്തെ ചൈനായാത്ര കാല്‍നൂറ്റാണ്ടു മുന്‍പാണ്. പ്രഫ. ഇര്‍ഫാന്‍ ഹബീബ്, പ്രഫ. പ്രഭാത് പട്‌നായിക് തുടങ്ങിയവരുടെ സംഘത്തില്‍ ഏറ്റവും ജൂനിയര്‍ അംഗമായിരുന്നു ഞാന്‍. ചൈനീസ് ശാസ്ത്ര അക്കാദമിയാണു ഞങ്ങളെ ക്ഷണിച്ചത്. അന്നു ചൈനയില്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങുന്നതേയുള്ളൂ. ഞങ്ങളാണെങ്കില്‍ കടുത്ത യാഥാസ്ഥിതിക വാദികളും. സോഷ്യലിസത്തിനു കമ്പോളത്തില്‍ സ്ഥാനമുണ്ടോ എന്നായിരുന്നു ഷാങ്ഹായില്‍ ഒരു സായാഹ്‌നം മുഴുവന്‍ ഞങ്ങളുടെ ചര്‍ച്ച. തര്‍ക്കങ്ങള്‍ എങ്ങുമെത്തിയില്ല. പിറ്റേന്ന്, പ്രാതല്‍ കഴിഞ്ഞയുടനെ ചൈനീസ് പ്രഫസര്‍ പറഞ്ഞു: നമുക്കു ചന്തവരെ ഒന്നു പോകാം.

ഏക്കറുകണക്കിനു പരന്നുവിശാലമായ സ്ഥലം. പതിനായിരക്കണക്കിനു കച്ചവടക്കാര്‍. വാങ്ങാന്‍ ലക്ഷക്കണക്കായ ജനം. കിളിയും പാമ്പുമെല്ലാമുണ്ടു വില്‍പനയ്ക്ക്. അല്ലറചില്ലറ കരകൗശല വസ്തുക്കളൊക്കെ വാങ്ങി ഞങ്ങള്‍ കറങ്ങിനടന്നു. തിരിച്ചുപോരുമ്പോള്‍ പ്രഫസര്‍ ചോദിച്ചു: 'പതിനായിരക്കണക്കായ കച്ചവടക്കാര്‍, വാങ്ങാന്‍ ലക്ഷങ്ങള്‍. ഇതു രണ്ടും സമാസമമാക്കാനുള്ള വില നിര്‍ണയിക്കാന്‍ എത്രവലിയ കംപ്യൂട്ടര്‍ വേണ്ടിവരും; വിവരങ്ങളെല്ലാം ആരു ഫീഡ് ചെയ്യും? കമ്പോളമില്ലാതെ ഇതു സാധിക്കുമോ? ഈ ചോദ്യത്തിനു മുന്നില്‍ ഞങ്ങള്‍ നിശബ്ദരായി. ചെറുകിട ഉല്‍പാദനത്തിനു മുന്‍തൂക്കമുള്ള കമ്പോളം അനിവാര്യമാണെന്നും ഉല്‍പാദനം സമൂഹവല്‍ക്കൃതമാകുന്ന ഘട്ടത്തില്‍ മാത്രമേ കമ്പോളത്തെ ഇല്ലാതാക്കാന്‍ പറ്റുകയുള്ളൂ എന്നുമാണു ചന്തയില്‍ നിന്നു പഠിച്ച പാഠം.

സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര രേഖയില്‍ ഇത്തവണ ചൈനയെക്കുറിച്ചു മാമൂലുകള്‍ വിട്ടു പല കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പലതും അന്വേഷിക്കാന്‍ ഞങ്ങള്‍ക്കും അറിയാന്‍ ചൈനക്കാര്‍ക്കും പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. അതിനായിരുന്നു ഇത്തവണത്തെ യാത്ര. ഷാങ്ഹായില്‍ ചെന്നപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത്, ചന്തവരെയൊന്നു പോകാമെന്നാണ്. എന്തു ചന്ത, ഏതു ചന്ത എന്ന തരത്തിലുള്ള നോട്ടമായിരുന്നു മറുപടി. ചന്തയെക്കുറിച്ച് ആര്‍ക്കും പിടിയില്ല.

ഇരുട്ടുവീണു തുടങ്ങിയ നേരത്ത്, പാലക്കാട്ടുകാരന്‍ സുഭാഷുമായി പൗ നദിക്കു കിഴക്കുവശത്തു പഴയ യൂറോപ്യന്‍ മാതൃകയിലുള്ള കെട്ടിടങ്ങളുടെ ഓരത്തുകൂടി നടക്കുമ്പോള്‍ പിടികിട്ടി. കഴിഞ്ഞ തവണ ഇവിടെ നിന്നപ്പോഴാണു മുംബൈയെക്കുറിച്ച് ഓര്‍ത്തത്. അങ്ങനെയെങ്കില്‍, നേരെ എതിര്‍വശത്താണു ചന്ത. പക്ഷേ, ചന്തയെവിടെ? ഇപ്പോള്‍, മാന്‍ഹട്ടനെ അനുസ്മരിപ്പിക്കുന്ന അംബരചുംബികളുടെ നിര. അറുന്നൂറു മീറ്ററിലധികം ഉയരുംവരുന്ന പുതിയൊരു അംബരചുംബിയുടെ പണി പാതിവഴിക്ക്. പണിതീരുമ്പോള്‍, ബുര്‍ജ് ഖലീഫയെ വെല്ലുമത്രേ.

തൊട്ടടുത്തു ജപ്പാന്‍കാരുടെ വക ഭീമന്‍ കെട്ടിടം - താഴെ ചതുരാകൃതി, മുകളില്‍ വൃത്തരൂപം. അതിനു മുകളില്‍ സ്തൂപം. ജപ്പാന്റെ പതാക ചതുരത്തിനുള്ളില്‍ വൃത്തമാണ്. കെട്ടിടം പണിതുവന്നപ്പോള്‍, ചില ചൈനക്കാര്‍ തമാശപറഞ്ഞു: ചൈനയുടെ ഹൃദയത്തിലേക്കു ജപ്പാന്‍ കത്തിയിറക്കുകയാണ്. തമാശ കാര്യമായി. കുറച്ചുനാള്‍ ജപ്പാന്‍കെട്ടിടത്തിന്റെ പണിതന്നെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. അന്നാണു മറ്റേ വലിയ കെട്ടിടം പണിയാന്‍ തീരുമാനിച്ചത്! (മനോരമയില്‍ എന്റെ ചൈനാ സന്ദര്‍ശന വാര്‍ത്ത വായിച്ചു നമ്പര്‍ തപ്പിപ്പിടിച്ചു വന്നയാളാണു സുഭാഷ്. പ്രസിദ്ധമായ നാന്‍ചിങ് റോഡിലും ബണ്ട് റോഡിലുമൊക്കെ സുഭാഷ് എനിക്കു കൂട്ടുവന്നു).

പണ്ടു ചന്തയുണ്ടായിരുന്ന സ്ഥലമാകെ പുതിയ ചൈനയുടെ പ്രതീകമായി മാറിയിരിക്കുന്നു. പൗ നദിക്കു പടിഞ്ഞാറുവശത്തു പുതിയ ഷാങ്ഹായ്. നദിയുടെ കിഴക്കുവശത്തു പഴയ ഷാങ്ഹായ്. പഴയ സ്ഥലത്തു നിന്നുകൊണ്ടു പുതിയ ഷാങ്ഹായ് കാണേണ്ട കാഴ്ചതന്നെയാണ്! വാസ്തവത്തില്‍ സംഭവിച്ചതു ചന്തയുടെ രൂപമാറ്റമാണ്. ചന്ത വളര്‍ന്നു. കമ്പോളം കമ്പോളമായിത്തന്നെയുണ്ട്. സോഷ്യലിസത്തിനുള്ളില്‍ കമ്പോളം അനുവദിച്ചതോടെ വന്ന വിസ്മയകരമായ വളര്‍ച്ച ഷാങ്ഹായില്‍ കാണാം.

ചെറുകിട ഉല്‍പാദനം തകര്‍ന്നാലും കമ്പോളം ശക്തിപ്പെടുകയല്ലാതെ തളരില്ല എന്നതാണ് ഇപ്പോഴത്തെ ചൈനീസ് സിദ്ധാന്തം. കാരണം, ആഗോള കമ്പോള വ്യവസ്ഥയ്ക്കുള്ളിലാണു ചൈന; ചൈനയ്ക്കുള്ളില്‍ സ്വകാര്യ മേഖലയിലടക്കം ഒട്ടേറെ തരത്തിലുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതും കമ്പോളത്തെ അനിവാര്യമാക്കുന്നു. ഫലത്തില്‍, കമ്പോളം കുതിച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നു. കഴിഞ്ഞ 30 വര്‍ഷമായി ചൈനയില്‍ 9 - 10 ശതമാനത്തിനിടയ്ക്കാണു സാമ്പത്തിക വളര്‍ച്ച.

കമ്പോളത്തിന് ഒരു പ്രശ്‌നമുണ്ട്. അതിലെ എല്ലാവര്‍ക്കും ഓരോ വോട്ട് എന്ന അവകാശമില്ല. പണത്തിനനുസരിച്ചാണ് വോട്ട്. പണമുള്ളവനാണ് അവസാന ജയം. ഇതുതന്നെയാണു ചൈനയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശതകോടീശ്വരന്‍മാരുടെ എണ്ണം ചൈനയില്‍ പെരുകുന്നു.

സെലാപ് എന്നു പേരുള്ള പ്രസിദ്ധ സ്ഥാപനത്തിലായിരുന്നു ഷാങ്ഹായില്‍ ഞങ്ങള്‍ക്കുള്ള ക്ലാസുകളും താമസവും. ഈ വളപ്പിനുള്ളില്‍ തന്നെ മറ്റൊരു കെട്ടിടത്തില്‍ ചൈനയിലെ 20 ശതകോടീശ്വരന്‍മാരുടെയും ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോടീശ്വരന്‍മാരുടെയും ഉന്നത സമ്മേളനം നടക്കുന്നുണ്ടായിരുന്നു.

രാജ്യത്ത് ഏറ്റവും പാവപ്പെട്ട 10 ശതമാനത്തിന്റെ 22 മടങ്ങു വരുമാനമാണ് ഏറ്റവും പണക്കാരായ 10 ശതമാനത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം പിടിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം അഴിമതിക്കേസുകളാണ്. സമൂഹത്തിലെ അസമത്വം അപകടകരമായ നിലയിലേക്കു വളരുന്നെന്നാണ് ഒരു പാര്‍ട്ടി നേതാവ് ഞങ്ങളോടു വിശദീകരിച്ചത്. ഇതിനുള്ള പ്രതിവിധിയെന്ത് എന്നതാണു ചൈനക്കാരുടെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജന്‍ഡ.

ഞങ്ങള്‍ തുറമുഖ പട്ടണങ്ങളോടു ചേര്‍ന്നുകിടക്കുന്ന നാട്ടിന്‍പുറങ്ങള്‍ കാണാന്‍ പോയി. നാട്ടിന്‍പുറങ്ങളിലെ നില അതിവേഗം മെച്ചപ്പെടുകയാണ്. പഴയ കമ്യൂണ്‍ എങ്ങുമില്ല. ഓരോ കുടുംബത്തിനും കൃഷിചെയ്യാന്‍ പ്രാദേശിക സര്‍ക്കാര്‍ ഭൂമി കൊടുക്കും. നേരിട്ടു കൃഷിചെയ്യുകയോ പാട്ടത്തിനു കൊടുക്കുകയോ ആവാം. സ്ഥലം പാട്ടത്തിനു കൊടുത്തു നാട്ടിന്‍പുറങ്ങളില്‍ വളര്‍ന്നുവരുന്ന വ്യവസായങ്ങളില്‍ പണിയെടുക്കാന്‍ പോകുന്നവരെ യും കണ്ടു. ഒരു ഗ്രാമത്തില്‍ കൃഷിക്കാര്‍ കമ്പനി റജിസ്റ്റര്‍ ചെയ്തിരിക്കുന്നു. കമ്പനി യുടെ നേതൃത്വത്തില്‍ കൃഷി. നാട്ടിന്‍പുറത്തും ശക്തമായി കമ്പോള ബന്ധങ്ങള്‍ വളരുകയാണ്. ഇത്തരത്തില്‍ മുതലാളിത്ത ബന്ധത്തിന്റെ വളര്‍ച്ച സോഷ്യലിസത്തിന്റെ ആദ്യഘട്ടത്തില്‍ അനിവാര്യമെന്നാണു ചൈനക്കാരുടെ നിലപാട്.

മേല്‍പറഞ്ഞ രൂപാന്തരം ചൈനയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ പതുക്കെയാണു സംഭവിക്കുന്നത്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരം ചൈനയുടെ ഏറ്റവും വലിയ തലവേദനയാണ്. അതിവേഗം വളരുന്ന വ്യവസായങ്ങളുള്ള മേഖലകളിലേക്കു കുടിയേറാന്‍ ജനം ആഗ്രഹിക്കുന്നു. പക്ഷേ, ഈ കുടിയേറ്റത്തിനു കര്‍ശന നിയന്ത്രണമുണ്ട്. ഷാങ്ഹായ് നഗത്തില്‍ കുടിയേറാന്‍ പെര്‍മിറ്റ് വേണം. പെര്‍മിറ്റ് കിട്ടണമെങ്കില്‍ ഭൂമി പ്രാദേശിക സര്‍ക്കാരിനെ തിരിച്ചേല്‍പിക്കണം. ഈ പ്രശ്‌നത്തിനൊക്കെ പരിഹാരം കാണാനാണു പാര്‍ട്ടിയുടെ ശ്രമം.

ഷാങ്ഹായിലെ അത്താഴം
വിഭവം പീക്കിങ് ഡക്ക്. മുഴുത്ത താറാവിനെ പ്രത്യേക രീതിയില്‍ പൊരിച്ചുകൊണ്ടുവരും. കക്ഷി കുട്ടനാടന്‍ താറാവിനെപ്പോലെ സൗമ്യമല്ല. കുട്ടനാടന്‍ പരിചയം വച്ചു പീക്കിങ് താറാവുമായി ഏറ്റുമുട്ടുക എളുപ്പമല്ല. അതിനുവേണ്ട വാളുള്ളവന്‍ വേണം. അയാള്‍ നമ്മുടെ കണ്‍മുന്നില്‍ വലിയ വാളുകൊണ്ടു കലാപരമായി താറാവിന്റെ തൊലി ചെത്തിമാറ്റും. ദശ ചെത്തിയെടുത്തു നേര്‍ത്ത കഷണങ്ങളാക്കും. പത്തിരിപോലുള്ള അപ്പത്തിനുള്ളില്‍ ഈ കഷണങ്ങളും സോയ സോസും പച്ചക്കറികളുംവച്ചു കഴിക്കുക.
കഴിപ്പു തീരുമ്പോഴേക്കും താറാവിന്റെ ബാക്കിഭാഗം വെട്ടിനുറുക്കി സൂപ്പായി മേശയില്‍ വന്നിരിക്കും. ഈ അത്താഴം മാത്രമാണ് ഒരു വിഭവം മാത്രം കൊണ്ടു പൂര്‍ത്തീകരിച്ചത്.

മറ്റെല്ലാ അത്താഴങ്ങള്‍ക്കും ഉച്ചഭക്ഷണങ്ങള്‍ക്കും ചുരുങ്ങിയത് 25 - 30 വിഭവങ്ങളുണ്ടായിരുന്നു. എല്ലാംകൂടി ഒരുമിച്ചല്ല, പല ഘട്ടങ്ങളായി മേശയിലെത്തും. അല്ലെങ്കില്‍ ബുഫെ ഒരുക്കിയിട്ടുള്ള മേശയിലുണ്ടാവും. ഭക്ഷ്യവിഭവ സമ്പന്നത ഹോട്ടലുകളിലെ മേശകളിലൊതുങ്ങുന്നതല്ല. ചൈന ഭക്ഷ്യപ്രശ്‌നം പരിഹരിച്ചിരിക്കുന്നു. പണ്ടത്തെ റേഷന്‍ സമ്പ്രദായം ഇന്നാവശ്യമില്ല. ഭക്ഷ്യവസ്തുക്കള്‍ക്കു വിലക്കുറവുമുണ്ട്.

ഇരുപത്തഞ്ചു വര്‍ഷംമുന്‍പു ചൈനീസ് വന്‍മതിലില്‍ കയറിയപ്പോള്‍ ചുറ്റുപാടും മുട്ടക്കുന്നുകളാണു കണ്ടത്. ഇന്നു കുന്നുകള്‍ പച്ചപിടിച്ചിരിക്കുന്നു. ജനങ്ങളില്‍ വര്‍ധിച്ചുവരുന്ന പരിസ്ഥിതി അവബോധം ശ്രദ്ധേയമാണ്. ഏതു നഗരത്തിലും മരംനടീലാണു പ്രധാന പരിപാടി. നമ്മുടെ നാട്ടിലെപ്പോലെ തൈകളല്ല നടുന്നത്. നഴ്‌സറികളില്‍ സാമാന്യം വളര്‍ച്ചയെത്തിയ മരങ്ങള്‍ കൊണ്ടുവന്നു സ്ഥാപിക്കുകയാണ്. ഓരോ മരത്തിനും പ്രത്യേകം പ്രത്യേകം സംരക്ഷണം നല്‍കാനുള്ള ശ്രമം അമ്പരപ്പിക്കുന്നതാണ്.

ചൈനയില്‍ ദമ്പതികളോട്, നിങ്ങള്‍ക്ക് എത്ര കുട്ടികളുണ്ട് എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ആര്‍ക്കാണെങ്കിലും ഒരു കുട്ടി. അതു നിയമമാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കു ലഭിക്കുന്ന പരിഗണന വളരെ വലുതാണ്.

ചൈനയിലെ ജനസംഖ്യാ പരിണാമത്തെക്കുറിച്ചു വിശദീകരിച്ച പ്രഫസറോടു ഞാന്‍ പറഞ്ഞു: 'നിയമമില്ലാതെ, പരമാവധി രണ്ടു കുട്ടികള്‍ എന്നു നിശ്ചയിച്ച നാട്ടില്‍നിന്നാണു ഞാന്‍ വരുന്നത്. മതം അതിനു തടസ്സമല്ല. കുടുംബാസൂത്രണ രീതികളെ അനുകൂലിക്കാത്ത ക്രൈസ്തവ മേഖലകളില്‍പ്പോലും ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന സ്ഥിതിയായിരിക്കുന്നു. വിദ്യാഭ്യാസ വിപ്ലവത്തിലൂടെയാണു കേരളം ഈ നേട്ടം കൈവരിച്ചത്. ഇതു ചൈനീസ് പ്രഫസര്‍ക്കു കൗതുക വാര്‍ത്തയായിരുന്നു.

എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും
കഴിഞ്ഞ തവണത്തെ യാത്രയില്‍ എവിടെയും കണ്ട കാഴ്ച ഇന്നേതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. അതു പട്ടാള യൂണിഫോമിട്ടവരുടെ എണ്ണമാണ്. അക്കാലത്തു നിര്‍ബന്ധിത സൈനിക സേവനമുണ്ടായിരുന്നു. സൈന്യത്തില്‍ നിന്നു വീട്ടില്‍പ്പോയി താമസിക്കുന്നവരും യൂണിഫോമിട്ടാണു നടപ്പ്. (ഞാനന്നു വാങ്ങിയ പട്ടാള പാന്റ് പത്തുവര്‍ഷംകൊണ്ടാണു കീറിയത്.) വീട്ടിലും യൂണിഫോമിടാന്‍ കാരണം മറ്റൊന്നുമല്ല, തുണിക്ഷാമമുണ്ടായിരുന്നു. ഇന്നതില്ല. സ്മരണയ്ക്കായി ഒരു പട്ടാള പാന്റ് വാങ്ങാന്‍ നോക്കിയിട്ടു കിട്ടിയില്ല.

ബര്‍നാര്‍ഡോ ബെര്‍ട്ടലൂച്ചിയുടെ 'ലാസ്റ്റ് എംപറര്‍ സിനിമ കണ്ടവര്‍ ചൈനീസ് ചക്രവര്‍ത്തിമാരുടെ കൊട്ടാരം ഓര്‍ക്കും. എഴുപത്തിയാറു ഹെക്ടര്‍ സ്ഥലത്തു പരന്നുകിടക്കുന്ന കൊട്ടാരസമുച്ചയമാണ്. അതിന്റെ മുന്നിലാണു ടിയനന്‍മെന്‍ സ്‌ക്വയര്‍. അതിന്റെ അതിരുകളിലാണു ദേശീയ മ്യൂസിയവും ചൈനീസ് പാര്‍ലമെന്റും മാവോയുടെ മുസോളിയവുമൊക്കെ.

മാവോയുടെ മുസോളിയം സന്ദര്‍ശിക്കാന്‍ ഇപ്പോഴും നീണ്ടനിരയുണ്ട്. മാവോ ചൈനക്കാര്‍ക്ക് അതിമാനുഷനാണ്. വിപ്ലവാനന്തര ചൈനയില്‍ മാവോ നടപ്പാക്കിയ പരിഷ്‌കാരങ്ങളെല്ലാം തന്നെ ഇന്നു തിരുത്തിയിട്ടുണ്ട്. എന്നാല്‍, തിരുത്തല്‍വാദികളും മാവോയെ പൂജിക്കുന്നു.

സാംസ്‌കാരിക വിപ്ലവത്തിന്റെ അവസാനത്തില്‍ മാവോ നടത്തിയ വിലയിരുത്തല്‍ പ്രസിദ്ധമാണ്: 70% ശരി, 30% തെറ്റ്. ഇന്നു ചൈനക്കാര്‍ മാവോയെ വിലയിരുത്തുന്നതും ഏതാണ്ടങ്ങനെ തന്നെയാണ്: 70% ശരി, 30% തെറ്റ്. ടിയനന്‍മെന്‍ സ്‌ക്വയറിനടുത്തുനിന്ന് ഒരു പുസ്തകം വാങ്ങി. ഷിയാന്‍ യാഞ്ചി എഴുതിയ പുസ്തകത്തിന്റെ പേര്: മാവോ സെദുങ് ദൈവമല്ല, മനുഷ്യനാണ്.

ബെയ്ജിങ്ങിലെ വിടവാങ്ങല്‍ അത്താഴത്തിനു വിദേശകാര്യ ഉപമന്ത്രിയുമുണ്ടായിരുന്നു. അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു: 'ഇന്ത്യന്‍ സ്വഭാവമുള്ള സോഷ്യലിസത്തെക്കുറിച്ചാണു ഞങ്ങള്‍ ചിന്തിക്കുന്നത്. ഉപമന്ത്രി ചിരിച്ചു. ആ ചിന്ത കുറച്ചു നേരത്തേ ആകാമായിരുന്നു എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്ന ചിരി

Tuesday, July 10, 2012

അക്രമങ്ങളും പ്രതിഷേധ പ്രസംഗങ്ങളും ഗൂഢാലോചനയും

(ചിന്ത വാരിക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പര - ഭാഗം 5)

സിപിഐ എമ്മിന്റെ ഏകപക്ഷീയമായ ആക്രമണത്തിന് ഇരകളായിരുന്നു ആര്‍എംപിക്കാരെന്നും ഈ ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ചന്ദ്രശേഖരന്‍ വധമെന്നും സ്ഥാപിക്കാനാണ് കെ. വേണു ശ്രമിക്കുന്നത്. അദ്ദേഹം ഇങ്ങനെ എഴുതുന്നു:
സംഭവത്തില്‍ പങ്കെടുത്ത പ്രതികളാരൊക്കെയെന്ന് കൃത്യമായി കണ്ടെത്തുന്നതിനെക്കാള്‍ പ്രധാനം രാഷ്ട്രീയ പശ്ചാത്തലവും സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുക എന്നതാണ്. ടി പി കൊല്ലപ്പെടുന്നതിന് കുറച്ചു മുമ്പ് അവരുടെ പത്രത്തില്‍ അവരുടെ സംഘടന നേരിടുന്ന ആക്രമണ പരമ്പരകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
    2008ല്‍ സിപിഐഎമ്മിനെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയരാവുകയും സംഘടിതമായി പുറത്തുവന്ന് ആര്‍എംപി രൂപവത്കരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായ ആക്രമണ പരമ്പരകളെയാണ് അവര്‍ നേരിട്ടത്. തങ്ങള്‍ക്ക് രാഷ്ട്രീയ നഷ്ടമുണ്ടാക്കുന്നവര്‍ക്കു നേരെ പ്രതികാര നടപടികളെടുക്കുക എന്നുളളത് സിപിഐ എം ഇതുവരെ എക്കാലത്തും സ്വീകരിച്ചുവന്നിട്ടുളള ശൈലിയുമാണ്. കൂടുതല്‍ നഷ്ടമുണ്ടാകാതിരിക്കാനുളള മുന്‍കരുതലും താക്കീതുമാണ് ഇത്തരം നടപടികള്‍. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല. അതുകൊണ്ട് ഇത്തരം രാഷ്ട്രീയ ആക്രമണപരമ്പരകളുടെ പിന്നിലുളള പ്രേരക ശക്തികളെ കണ്ടെത്താന്‍ ആ സംഭവങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരും വിലാസവുമൊന്നും ആവശ്യമില്ല. സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗ്ഗമില്ല. ശല്യക്കാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. 
സിപിഐ എമ്മിന്റെ പതിവുശൈലി ആക്രമണത്തിന്റേതാണെന്ന് വാദിക്കാന്‍ ടി പി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനമാണ് വേണു ഉപയോഗിക്കുന്ന ആധികാരികരേഖ. ആര്‍എംപിക്കാര്‍ക്ക് നേരെയുളള ആക്രമണത്തെക്കുറിച്ച് അവരെഴുതിയതപ്പാടെ മുഖവിലയ്ക്കെടുക്കുകയും സിപിഐ എം നടത്തിയിട്ടുളള ആക്രമണ പരമ്പരകളുടെ തുടര്‍ച്ചയാണ് ചന്ദ്രശേഖരന്‍ വധമെന്ന് വിധി പ്രസ്താവിക്കുകയുമാണ് വേണു ചെയ്യുന്നത്. മാധ്യമങ്ങളും പൊലീസുമാകട്ടെ, 2008ല്‍ പാര്‍ട്ടി വിട്ടതു മുതല്‍ ചന്ദ്രശേഖരനെ വധിക്കുന്നതിനു വേണ്ടി പാര്‍ടി ആസൂത്രിതമായി നീങ്ങുകയായിരുന്നു എന്നു തെളിയിക്കാനുളള തത്രപ്പാടിലാണ്.

    ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന്‍ 2010ല്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ് അവര്‍ക്കു കിട്ടിയ ഒടുവിലത്തെ തെളിവ്. ആ പ്രസംഗത്തില്‍ ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന് ഒരു പരാമര്‍ശമുണ്ട്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം ആ വീഡിയോയിലെ പരാമര്‍ശങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ വന്നുചേരുന്നുണ്ട്. ആ പ്രസംഗത്തെ മൂര്‍ത്തമായ പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് എല്ലാ മാധ്യമങ്ങളും വ്യാഖ്യാനിച്ചത്.

ആ പ്രസംഗവും മാധ്യമങ്ങള്‍ അവഗണിച്ച ചോദ്യങ്ങളും 

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന സിപിഐ എം പ്രാദേശിക നേതാവിന്റെ പ്രസംഗം പുറത്തുവന്നു എന്നായിരുന്നു ഏതാണ്ട് എല്ലാ മാധ്യമങ്ങളും ആ പ്രസംഗം ഏകസ്വരത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. അതായിരുന്നു വാര്‍ത്തയുടെ ലീഡ്. പ്രസംഗം നടന്ന യോഗത്തെ മാധ്യമങ്ങള്‍ ഇങ്ങനെ വിശേഷിപ്പിച്ചു: "ഒഞ്ചിയത്ത് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രസംഗം".  ആ വാചകത്തിന്റെ ഘടന നോക്കുക.
   
ഒഞ്ചിയത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. ആക്രമണകാരികള്‍ ആരെന്നും എങ്ങനെയുളള ആക്രമണം എന്നുമുളള വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യാതിരിക്കാന്‍ എല്ലാ പത്രങ്ങളും ചാനലുകളും നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു. പുറത്തുവന്ന വീഡിയോയില്‍ ആ വിവരങ്ങളെല്ലാമുണ്ട്.

സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എംപിക്കാര്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കപ്പെട്ട യോഗമാണത്. ചന്ദ്രശേഖരന്‍ നേരിട്ടാണ് അക്രമത്തിന് നേതൃത്വം നല്‍കിയത് എന്ന് ആ പ്രസംഗത്തില്‍ ആരോപണമുണ്ട്. ചന്ദ്രശേഖരന്‍ തന്നെ നേരിട്ടിറങ്ങിയിട്ടും സിപിഐ എം സഖാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തുനിന്നു എന്ന പ്രഖ്യാപനവുമുണ്ട്.

വീഡിയോയില്‍ നിന്ന് തെളിയുന്ന മറ്റൊരു കാര്യമുണ്ട്: മുന്‍കൂട്ടി നിശ്ചയിച്ച ഒരു യോഗമായിരുന്നില്ല അത്. മൈക്കോ സ്റ്റേജോ ഉണ്ടായിരുന്നില്ല. ബോംബെറിഞ്ഞ ആര്‍എംപിക്കാരെ തുരത്തിയതിനുശേഷം പെട്ടെന്ന് സംഘടിപ്പിച്ച പ്രതിഷേധയോഗമായിരുന്നു അത്. അത്തരം യോഗങ്ങളില്‍ തീവ്രമായ വികാരാവേശത്താല്‍ വെല്ലുവിളികളും ഭീഷണികളുമൊക്കെ എല്ലാവരും മുഴക്കാറുണ്ട്. അതിനപ്പുറമൊന്നും ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനും അര്‍ത്ഥം നല്‍കേണ്ടതില്ല. പക്ഷേ, ഒഞ്ചിയത്ത് ഇങ്ങനെ നടന്നിട്ടുളള പ്രസംഗങ്ങളെ തെളിവായി എടുത്ത് പ്രസംഗകരെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഒഞ്ചിയം ഏരിയാ സെക്രട്ടറി സി. എച്ച്. അശോകനെ എന്‍ജിഒ യൂണിയന്‍ ഭാരവാഹി എന്ന നിലയില്‍ സംസ്ഥാനത്ത് ഒട്ടേറെപ്പേര്‍ക്ക് നേരിട്ട് അറിയാം. ഇത്തരത്തില്‍ ഒരു കൊലപാതകത്തിന് നേതൃത്വം നല്‍കാനോ ഗൂഢാലോചന നടത്താനോ തയ്യാറാകുന്ന സ്വഭാവക്കാരനല്ല എന്നുമറിയാം. അദ്ദേഹം ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് കേസ്. അദ്ദേഹം കുറ്റം സമ്മതിച്ചുവെന്നും വാര്‍ത്തയുണ്ടായി. ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. ഗൂഢാലോചനയില്‍ പങ്കെടുത്തതിന് തെളിവ്, അദ്ദേഹം എവിടെയോ നടത്തിയ ഇതുപോലൊരു പ്രസംഗമാണത്രേ. പൊതുവേദിയില്‍ നടത്തുന്ന പ്രസംഗം എങ്ങനെ ഗൂഢാലോചനയാകും?

വിചിത്രമായ വഴികളിലൂടെയാണ് കേസിന്റെ പോക്ക്. സിപിഐ എം നേതാക്കളുടെ പ്രസംഗങ്ങളുടെ വീഡിയോ തിരഞ്ഞുപിടിച്ച്, വ്യാഖ്യാനിച്ച് പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍, ഇക്കാലയളവില്‍ ആര്‍എംപിക്കാര്‍ നടത്തിയ പ്രസംഗങ്ങളും പ്രക്ഷേപണം ചെയ്യട്ടെ. രണ്ടു കൂട്ടരുടെ പ്രസംഗങ്ങളിലും ഒഞ്ചിയത്തു നിലനിന്ന സംഘര്‍ഷം പ്രതിഫലിച്ചിട്ടുണ്ട്. അതുപോലെ സിപിഐ എം നേതാക്കളുടെ പ്രസംഗങ്ങളില്‍ പലതിലും പാര്‍ടി വിട്ടുപോയവര്‍ തിരിച്ചുവരണമെന്നും സോദരര്‍ തമ്മിലുളള സംഘര്‍ഷം പാടില്ല എന്നും കാണാം. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന,് ആര്‍എംപിക്കാര്‍ക്കെതിരെ കൊടുത്ത പോലീസ് കേസ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച് സിപിഐ എം ഏകപക്ഷീയമായി പിന്‍വലിച്ച ഉദാഹരണവും ചൂണ്ടിക്കാട്ടാനുണ്ട്.

സ്വയം വിമര്‍ശനപരമായി ഒരു കാര്യം ഇവിടെ വ്യക്തമാക്കട്ടെ. ചില സന്ദര്‍ഭങ്ങളില്‍ വളരെ വൈകാരികമായി പ്രതികരിച്ചു പ്രസംഗിക്കുക സ്വാഭാവികമാണ്. പക്ഷേ, അത് പതിവ് ശൈലിയാകാന്‍ പാടില്ല. സഭ്യേതരമായ ഭാഷ ഉപയോഗിക്കാന്‍ പാടില്ല. ഇങ്ങനെയൊക്കെയുളള പ്രസംഗശൈലി പാര്‍ടിയില്‍ ഇല്ലാതില്ല. പാര്‍ടിയിലുണ്ടായിരുന്നപ്പോള്‍ എം. വി. രാഘവന്‍ നടത്തിയ പ്രസംഗങ്ങള്‍ ഞാനോര്‍ക്കുന്നു. അത്തരം പ്രസംഗശൈലി പാര്‍ടിക്ക് മാതൃകയല്ല. പ്രത്യേകിച്ച് സാങ്കേതിക വിദ്യയുടെ വികാസത്തോടെ ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന ഇക്കാലത്ത്.

പ്രാദേശികമായി നടക്കുന്ന യോഗത്തില്‍, ചിരപരിചിതരായ ആളുകളോടാണ് പ്രസംഗകന്‍ സംവദിക്കുന്നത്. പക്ഷേ, ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലോ യുട്യൂബ് പോലുള്ള ഇന്റര്‍നെറ്റ് സൈറ്റുകളിലോ മറ്റോ സംപ്രേഷണം ചെയ്യുമ്പോള്‍ പ്രസംഗത്തിന്റെ മാനങ്ങള്‍ മാറുകയാണ്. സദസ്സ് ആഗോളമായി വികസിക്കുകയും വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ത്ഥവും വ്യാഖ്യാനവും പ്രസംഗകന്‍ ആലോചിക്കുകപോലും ചെയ്യാത്ത തലങ്ങളിലേക്കു വളരുകയും ചെയ്യും. അങ്ങനെയാണ് ഒരു നാല്‍ക്കവലയില്‍ ചെറിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ എം എം മണിയും ഗോപാലകൃഷ്ണനും നടത്തിയ പ്രസംഗങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ലോകവ്യാപകമായി കമ്യൂണിസ്റ്റ് വിരുദ്ധര്‍ പ്രചാരവേലയ്ക്കു വേണ്ടി ഉപയോഗിച്ചത്.
   
മാറിയ മാധ്യമസംവേദന സാഹചര്യത്തെ പൂര്‍ണമായി തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ഈ അനുഭവങ്ങള്‍ നമ്മെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു.

ഒഞ്ചിയത്തെ ആക്രമണങ്ങള്‍ ഏകപക്ഷീയമോ? 

തങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ടി പി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തിലെ വിവരണമാണല്ലോ ഏകപക്ഷീയമായ ആക്രമണത്തിന് വേണു നിരത്തുന്ന സാക്ഷ്യപത്രം. ഇവയില്‍ ചിലത് ശരിയാകാം. ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, ആക്രമണങ്ങള്‍ ഏകപക്ഷീയമാണ്, സിപിഐഎമ്മിന്റെ സഹജവാസനയുടെ ഭാഗമാണ് തുടങ്ങിയ തീര്‍പ്പുകല്‍പ്പിക്കലുകള്‍ അംഗീകരിക്കാനാവില്ല.

ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലം ഒരു ബോംബാക്രമണമായിരുന്നു എന്നു പറഞ്ഞുവല്ലോ. അതൊന്നു മാത്രമായിരുന്നില്ല, ആര്‍എംപിക്കാര്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ ബോംബാക്രമണം. താഴെ പറയുന്ന അക്രമ പരമ്പരതന്നെ അവര്‍ നടത്തി.
  •  ഒഞ്ചിയം എല്‍.സിയിലെ ബ്രാഞ്ച് സെക്രട്ടറി ടി.കെ.മോഹനനെ ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചത് 2009 മെയ് മാസത്തിലാണ്.
  • ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ 2010ല്‍ ബോംബാക്രമണം നടത്തി.  
  • കണ്ണൂക്കരയിലെ എല്‍.സി ഓഫീസ് ബോംബെറിഞ്ഞു തകര്‍ത്തു. 
  • കണ്ണൂക്കരയിലെ പാര്‍ടി അംഗമായ റീനയുടെ വീടിന് ബോംബെറിഞ്ഞു. 
  • പി.പി.ബ്രാഞ്ച് മെമ്പര്‍മാരായ ബാബു, മോഹനന്‍, ഷീബാലത എന്നിവരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു.
    പാര്‍ടി ഓഫീസുകള്‍ക്കു നേരെ മാത്രമല്ല, പാര്‍ട്ടിയുടെ നിയന്ത്രണത്തിലുളള ബാങ്ക്, വായനശാല എന്നിവയ്ക്കു നേരെയും ആക്രമണങ്ങള്‍ നടന്നു.

  •  നാദാപുരം റോഡിലെ ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസായ ഏ.കെ.ജി.മന്ദിരം തീവെച്ചു നശിപ്പിച്ചു. ഒഞ്ചിയം പി.പി.ബ്രാഞ്ചില്‍ എം.ആര്‍.നാരായണക്കുറുപ്പ്-പി.പി.ഗോപാലന്‍ സ്മാരക മന്ദിരം തകര്‍ത്തു.
  • പാര്‍ടി നിയന്ത്രണത്തിലുള്ള ഒഞ്ചിയം ബാങ്ക് എറിഞ്ഞു തകര്‍ത്തു.
  • കാര്‍ത്തികപ്പള്ളിയില്‍ ബ്രാഞ്ച് ഓഫീസായ ഇ.എം.എസ്.സ്മാരകം പിടിച്ചെടുക്കാന്‍ ആക്രമണം നടത്തി. 
  • ഓര്‍ക്കാട്ടേരി എല്‍.സിയില്‍ 12 പാര്‍ടി സ്തൂപങ്ങള്‍ തകര്‍ക്കപ്പെട്ടു. കൊടികളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
  • എളങ്ങോളി കേളുഏട്ടന്‍ സ്മാരകം ആറുതവണ ആക്രമിച്ചു. ജനലുകളും വാതിലുകളും തകര്‍ക്കുക മാത്രമല്ല കരി ഓയില്‍ അഭിഷേകവും നടത്തി. 
  • മുയിപ്രയിലെ ഏ കെ ജി മന്ദിരം നാലുതവണ ആക്രമിച്ചു. ഒരിക്കല്‍ പ്രത്യേക പൂട്ടിട്ടു പൂട്ടി.
    മുയിപ്രയിലെ വായനശാല രണ്ടുതവണ ആക്രമിച്ചു. പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു. 
ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍, ഒഞ്ചിയം എസി അംഗം കെ കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ഓര്‍ക്കാട്ടേരി എല്‍സി അംഗം പി കെ ബാലന്‍ എന്നീ സഖാക്കളുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. മുയിപ്രയിലെ പുത്തലത്ത് താഴെ കുമാരന്റെ കിണറ്റില്‍ മലം കലര്‍ത്തി.

തയ്യില്‍ ബ്രാഞ്ച് മെമ്പര്‍ കെ.എം.അനന്തന്‍, ഒഞ്ചിയം സ്കൂള്‍ ബ്രാഞ്ചിലെ ഗോപാലന്‍, കുന്ന് ബ്രാഞ്ചിലെ പുളിയുള്ളതില്‍ രവി എന്നിവരുടെ കടകള്‍ക്കു നേരെ ആക്രമണമുണ്ടായി. ഒഞ്ചിയം മനക്കല്‍ താഴക്കുനി ബ്രാഞ്ച് മെമ്പര്‍മാരായ ടി എം നാണു, മനക്കല്‍ കുമാരന്‍, തയ്യില്‍ബ്രാഞ്ചിലെ ചെറുവങ്ങാട്ട് കുനി വത്സന്‍ എന്നിവരുടെ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു.

ഇതിനു പുറമെയാണ് കായികമായ ആക്രമണത്തിന് സഖാക്കള്‍ ഇരയായത്. ചിത്ര, പി പി ബ്രാഞ്ച് സെക്രട്ടറി അജയന്‍, മലോല്‍ക്കുന്ന് ബ്രാഞ്ചിലെ എം പി ബാബു, എം കെ സത്യന്‍, കെ പ്രദീഷ്, കെ എം വിനീഷ് എന്നീ സഖാക്കളെ ആര്‍എംപിക്കാര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ മാസ്റ്റര്‍, അന്നത്തെ ഏരിയാ സെക്രട്ടറി ഇ എം ദയാനന്ദന്‍, എല്‍.സി.സെക്രട്ടറി പി.രാജന്‍ എന്നീ പാര്‍ടിനേതാക്കളെ കുന്നുമ്മക്കര എല്‍.സി.ഓഫീസില്‍ കയറി ആക്രമിച്ചു. എന്നാല്‍ പാര്‍ട്ടി വിട്ടുപോയവര്‍ തിരികെ വരണമെന്ന അഭ്യര്‍ത്ഥനയുടെ ഘട്ടത്തില്‍ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു കൊണ്ട് ഈ കേസ് പിന്‍വലിക്കുകയാണ് സിപിഐഎം ചെയ്തത്.
   
പാര്‍ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഒട്ടേറെപ്പേര്‍ മടങ്ങിവന്നു. അവര്‍ക്കു നേരെയും ആര്‍എംപി വക ആക്രമണവും ഭീഷണിയുമുണ്ടായി.

ഒഞ്ചിയം മേഖലയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ രത്നച്ചുരുക്കമാണ് മേലുദ്ധരിച്ചത്. വേണുവിന് വേണമെങ്കില്‍ വിശദമായ അന്വേഷണം നടത്താം. അപ്പോഴും പട്ടിക നീളുകയേ ഉളളൂ. സിപിഐ എമ്മുകാര്‍ സ്വതേ അക്രമികളും ആര്‍എംപിക്കാരൊക്കെ നിഷ്കളങ്കരും അര്‍പ്പണബോധമുളള രാഷ്ട്രീയപ്രവര്‍ത്തകരുമാണെന്ന വേണുവിന്റെ നിര്‍വചനം ആ അന്വേഷണത്തില്‍ തകരും. രസകരമായ വിശകലനമാണ് വേണുവിന്റേത് എന്നു പറയാതെ വയ്യ.

നാലുവര്‍ഷം മുമ്പു വരെ സിപിഐഎമ്മിന്റെ ഭാഗമായിരുന്നവരാണല്ലോ ഇന്നത്തെ ആര്‍എംപിക്കാര്‍. പാര്‍ടിക്കുമേല്‍ വേണു ആരോപിക്കുന്ന ദുര്‍ഗുണങ്ങളില്‍ നിന്നെല്ലാം, സിപിഐ എമ്മില്‍ നിന്ന് വേര്‍പിരിഞ്ഞപാടെ, അവര്‍ മുക്തി നേടിയെന്നാണ് വേണുവിന്റെ വിശകലനം. എന്നാല്‍, ആര്‍എംപിക്കാരുടെ അവകാശവാദമാകട്ടെ, തങ്ങളാണ് യഥാര്‍ത്ഥ മാര്‍ക്സിസ്റ്റുകാരെന്നുമാണ്. സിപിഐ എമ്മിന്റെ പരിപാടിയില്‍ വെളളം ചേര്‍ക്കുന്നതിനെതിരായിട്ടാണ് അവരുടെ കലാപമെന്നാണ് വെപ്പ്. ഒരുപക്ഷേ, ഇതുകൊണ്ടായിരിക്കാം, പൂര്‍ണമുക്തി ലഭിക്കണമെങ്കില്‍ ആര്‍എംപിക്കാര്‍ തന്നെപ്പോലെ മാര്‍ക്സിസത്തെയും കമ്മ്യൂണിസത്തെയും തളളിപ്പറയണമെന്ന് വേണു നിര്‍ബന്ധം പിടിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍:
        ചന്ദ്രശേഖരന്നും സഖാക്കള്‍ക്കും തെറ്റിപ്പോയത് ഇവിടെത്തന്നെയാണ്. ലെനിനിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും കണ്ണൂര്‍ ലോബിയുടെയുമെല്ലാം ഫാസിസത്തിന്റെ പ്രചോദനകേന്ദ്രം ചന്ദ്രശേഖരനെപ്പോലുളള നിഷ്കളങ്കരായ സഖാക്കള്‍ താലോലിക്കുകയും മാറോടു ചേര്‍ത്തു പിടിക്കുകയും ചെയ്ത ആ ഉദാത്ത സങ്കല്‍പം, അതെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം, അതുതന്നെയാണ്. പാരീസ് കമ്മ്യൂണിന്റെ നൈമിഷികമായ ഉദാത്തപ്രഭയില്‍ തിളങ്ങി നിന്ന തൊഴിലാളിവര്‍ഗ സര്‍വാധിപത്യസങ്കല്‍പം ലെനിന്റെ കൈയില്‍ സ്ഥായീരൂപം കൈവരിച്ചപ്പോള്‍ ഏകപാര്‍ടി സ്വേച്ഛാധിപത്യമായി മാറിയത് അനിവാര്യമായ ചരിത്രപ്രക്രിയയുടെ ഫലം തന്നെയാണ്.
    കമ്മ്യൂണിസ്റ്റുകാരനായി രാഷ്ട്രീയജീവിതം തുടങ്ങിയ വേണു, സിപിഐ(എം-എല്‍) വഴി എങ്ങനെ മുന്‍കമ്മ്യൂണിസ്റ്റു;കാരനായി മാറിയെന്നും ഇപ്പോള്‍ കമ്മ്യൂണിസ്റ്റു വിരുദ്ധനായിയെന്നും അടുത്ത ലക്കത്തില്‍ പരിശോധിക്കുന്നുണ്ട്.
    സിപിഐഎമ്മില്‍ നിന്നും പുറത്തുപോയ എം വി രാഘവനും ഗൗരിയമ്മയുമെല്ലാം പലപ്പോഴായി യുഡിഎഫിന്റെ പാളയത്തിലാണ് എത്തിയത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി വേണു തന്നെ കൊടുങ്ങല്ലൂരില്‍ മത്സരിച്ചു തോറ്റ ചരിത്രം അദ്ദേഹം മറന്നിട്ടുണ്ടാകില്ല. നിലവിലുളള ജനാധിപത്യവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഏകകക്ഷി സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്നാണ് വേണുവിന്റെ ആരോപണം.പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തിന്റെ ദൗര്‍ബല്യങ്ങളും പഴുതുകളും സ്റ്റാലിനിസ്റ്റ് മുന്നണിയും ഗൂഢാലോചനാ രീതികളും ഉപയോഗിച്ച് ഭരണവ്യവസ്ഥയെ തകര്‍ക്കാതെ ജനാധിപത്യവ്യവസ്ഥയിലെ അധികാരമേഖലകള്‍ പലതും കൈയടക്കാനാണത്രേ സിപിഐഎമ്മിന്റെ ശ്രമം. ഈ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന് അദ്ദേഹത്തിനുറപ്പുണ്ട്. പക്ഷേ, താല്‍ക്കാലികമായി പല പ്രശ്നങ്ങളും സൃഷ്ടിക്കാം. അവയുടെ അപകടങ്ങള്‍ കുറച്ചുകാണാന്‍ പാടില്ല എന്നാണ് വേണു ജാഗ്രതപ്പെടുത്തുന്നത്. അങ്ങനെ വേണു എത്തിച്ചേരുന്ന നിഗമനം ഇതാണ്: "യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയെ ഗ്രസിച്ചിട്ടുളള മാരകമായ കാന്‍സര്‍ തന്നെയാണ് ഈ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ഇന്ത്യന്‍ കമ്മ്യൂണിസം".

    വേണുവിന്റെ വാദഗതികളുടെ അടിസ്ഥാനപാളിച്ച ജനാധിപത്യത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ വികലമായ സങ്കല്‍പങ്ങളാണ്. അതുകൊണ്ട് ഈ മുന്‍കമ്യൂണിസ്റ്റിന്റെ ഇന്നത്തെ ജനാധിപത്യ സങ്കല്‍പം കൂടുതല്‍ വിശദമായി നമുക്കു പരിശോധിക്കാം. (അവസാനിക്കുന്നില്ല)

പ്രവാസികളോടുള്ള വിവേചനത്തെക്കുറിച്ചുതന്നെ


(ധനവിചാരം Mathrubhumi 10, july 2012)

(വിദേശ നിക്ഷേപകര്‍ 1.8 ലക്ഷം കോടി രൂപ നിക്ഷേപിക്കുമ്പോള്‍ പ്രവാസികള്‍ അയച്ചുതരുന്ന പണം 2010-11ല്‍ 2.5 ലക്ഷം കോടി രൂപ വരും. പക്ഷേ, പ്രവാസികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് നല്‍കുന്ന ഈ സംഭാവനയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം രാജ്യം നല്‍കുന്നില്ല

ഒരാഴ്ചമുമ്പാണ് ആ വാര്‍ത്ത പത്രങ്ങളില്‍ വന്നത് -പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് 12.5 ശതമാനം സേവനനികുതി നല്‍കണം. ഒരു പ്രമുഖ കോണ്‍ഗ്രസ് എം.പി. ഇതിനെതിരെ ധനമന്ത്രാലയത്തിന് പ്രതിഷേധക്കത്തയച്ചു. തിരുവനന്തപുരത്തുവന്ന പി. ചിദംബരത്തിനും വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. ഇത്ര കനത്ത നികുതി ചുമത്തിയിരിക്കാന്‍ സാധ്യതയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ, പ്രവാസികളടക്കം എല്ലാവരും സേവനനികുതി നല്‍കണമെന്നതില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല.

വിദേശികളയയ്ക്കുന്ന മൊത്തം പണത്തിന്മേലല്ല, ബാങ്കുകള്‍ ഈടാക്കുന്ന സര്‍വീസ്ചാര്‍ജിന്മേലാണ് സേവനനികുതി എന്ന ഔദ്യോഗിക വിശദീകരണം വന്നു. ഇത് താങ്ങാവുന്ന തുകയാണെന്നായിരുന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്. ഈ ലേഖകന്‍ ബന്ധപ്പെട്ടപ്പോഴും ഡല്‍ഹിയില്‍നിന്ന് ലഭിച്ച വിശദീകരണമിതാണ്. പക്ഷേ, ഇതുപോലും പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് 'മാതൃഭൂമി'യടക്കം പല പ്രമുഖപത്രങ്ങളും മുഖപ്രസംഗമെഴുതി.

കേരളത്തില്‍നിന്നുള്ള നിവേദനക്കെട്ടുകളുമായി ഡല്‍ഹിയില്‍പോയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസംഘം സേവനനികുതിയുടെ കാര്യം ധനമന്ത്രികൂടിയായ പ്രധാനമന്ത്രിയുടെ മുന്നില്‍ ഉന്നയിച്ചു. പ്രവാസികളയയ്ക്കുന്ന വിദേശപണത്തിനുമേല്‍ സേവന നികുതി ഈടാക്കാന്‍ ഉദ്ദേശ്യമില്ലെന്നും അത് വ്യക്തമാക്കി ഏതാനും ദിവസങ്ങള്‍ക്കകം ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായുമാണ് റിപ്പോര്‍ട്ട്.

പക്ഷേ, പ്രവാസികളോടുള്ള വിവേചനം അവിടെ തീരുന്നില്ലല്ലോ. സേവനനികുതി പിന്‍വലിച്ചാലും അങ്ങനെയൊന്ന് ചുമത്താമെന്ന ചിന്ത കേന്ദ്രസര്‍ക്കാറിന്റെ പ്രവാസികളോടുള്ള ക്രൂരമായ സമീപനത്തിന്റെ സൂചനയാണ്. വിദേശനാണയം നേടുന്നവര്‍ക്ക് പ്രോത്സാഹനവും ഇളവുകളും കേന്ദ്രസര്‍ക്കാര്‍ വാരിക്കോരി കൊടുക്കുകയാണ്. എന്നാല്‍, ഇവയൊന്നും പ്രവാസികള്‍ക്ക് ബാധകമല്ല. ഈ കടുത്തവിവേചനം ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു.

പൊതുവില്‍ പറഞ്ഞാല്‍ നാലുതരം ആളുകളാണ് വിദേശ നാണയം നമുക്ക് നേടിത്തരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കയറ്റുമതിക്കാരാണ്. 2010-11ല്‍ കേന്ദ്രസര്‍ക്കാറിന്റെ താത്കാലിക കണക്കുപ്രകാരം കയറ്റുമതിയിലൂടെ നാം 11.4 ലക്ഷം കോടിരൂപ വിദേശനാണയം നേടുകയുണ്ടായി. കയറ്റുമതിക്കാര്‍ക്ക് ചുരുങ്ങിയ പലിശയ്ക്ക് വായ്പലഭ്യമാകും, കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ മേല്‍ ഇന്ത്യയില്‍ ഒടുക്കിയ എക്‌സൈസ്, വാറ്റ് നികുതികളെല്ലാം സര്‍ക്കാര്‍ കയറ്റുമതിക്കാര്‍ക്ക് തിരിച്ചുകൊടുക്കും, കയറ്റുമതി ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഇറക്കുമതിചെയ്ത സാധനങ്ങള്‍ക്ക് ഒടുക്കിയ കസ്റ്റംസ് നികുതി കയറ്റുമതിക്കാര്‍ക്ക് തിരിച്ചുനല്‍കും, കയറ്റുമതി ചെയ്യുമ്പോള്‍ കസ്റ്റംസ്‌നികുതി നല്‍കാതെ ഇറക്കുമതി ചെയ്യാനുള്ള പ്രത്യേക ലൈസന്‍സ് കിട്ടും, ഇത് മറിച്ചുവിറ്റ് കയറ്റുമതിക്കാര്‍ക്ക് ലാഭമുണ്ടാക്കാം. ഇങ്ങനെ എന്തെല്ലാം ആനുകൂല്യങ്ങള്‍...

കയറ്റുമതിക്കാര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കേണ്ടതുതന്നെ. പക്ഷേ, ഒന്നുണ്ട്. കയറ്റുമതിചെയ്ത് നേടുന്ന വിദേശനാണയം ഇറക്കുമതിചെയ്യുമ്പോള്‍ ചെലവായിപ്പോകും. സത്യംപറഞ്ഞാല്‍ കയറ്റുമതിയിലൂടെ നേടിയ വിദേശനാണയം ഒരിക്കല്‍പ്പോലും ഇറക്കുമതിക്ക് തികഞ്ഞിട്ടില്ല. ഇന്ത്യയുടെ വിദേശവ്യാപാരം കമ്മിയാണ്. 2010-11ല്‍ കയറ്റുമതി ചെയ്തതിനെക്കാള്‍ 6 ലക്ഷം കോടിരൂപ ഇറക്കുമതിക്കായി ഇന്ത്യയ്ക്ക് അധികം വിനിയോഗിക്കേണ്ടി വന്നു.
വിദേശത്തുനിന്ന് വായ്പയെടുക്കുന്നവരും നമുക്ക് വിദേശനാണയം നേടിത്തരുന്നവരാണ്. 2010-11ല്‍ വിദേശസഹായമടക്കം ഇന്ത്യ വാങ്ങിയ വായ്പകള്‍ 1.3 ലക്ഷം കോടി രൂപയാണ്. വളരെ പെട്ടെന്ന് തിരിച്ചടയ്‌ക്കേണ്ട ഹ്രസ്വകാലവായ്പകളാണ് ഇതില്‍ പകുതിയും. ഇങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ പണം വിദേശത്തുനിന്ന് കടം വാങ്ങുന്നത് സുഗമമാക്കാനുള്ള നടപടികളാണ് ഫിബ്രവരി 25ന് പ്രഖ്യാപിച്ചത്.

നമുക്ക് വിദേശനാണയം തരുന്ന മൂന്നാമത്തെ കൂട്ടര്‍ വിദേശനിക്ഷേപകരാണ്. 2010-11ല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ മുതല്‍ മുടക്കിയത് 1.8 ലക്ഷം കോടി രൂപയാണ്. ഇതില്‍ മുക്കാല്‍പ്പങ്കും ഓഹരിവിപണിയിലും മറ്റും കളിക്കാന്‍ വരുന്ന പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളാണ്. എപ്പോള്‍ വേണമെങ്കിലും ഈ പണം വിദേശത്തേക്ക് പിന്‍വലിയാം.

വിദേശനിക്ഷേപകരുടെ പണം ആകര്‍ഷിക്കുന്നതിനുള്ള ഒട്ടേറെ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോ ലിബറല്‍ നയങ്ങളുടെ പ്രധാന ലക്ഷ്യംതന്നെ ഇതാണ്. വിദേശനിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കുന്നതിനും അവരെ പ്രീതിപ്പെടുത്തുന്നതിനും വേണ്ടി അവരുടെ ആവശ്യങ്ങള്‍ക്കുമുന്നില്‍ അപഹാസ്യമായ രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളിലുണ്ടായ ചില സംഭവങ്ങള്‍ മാത്രം പറയാം.

പ്രണബ് മുഖര്‍ജി ധനമന്ത്രിസ്ഥാനത്തുനിന്ന് മാറിയ അന്നുതന്നെ ഗാര്‍ (GAAR - General Anti-Avoidance Rules) ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് മന്‍മോഹന്‍സിങും മൊണ്ടേക്‌സിങ് അലുവാലിയയും പ്രഖ്യാപിച്ചു. വന്‍കിട കോര്‍പ്പറേറ്റുകളുടെയും വിദേശനിക്ഷേപകരുടെയും നികുതിവെട്ടിപ്പ് തടയാന്‍ 2012-13 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ ചട്ടങ്ങള്‍.

പ്രണബ് മുഖര്‍ജിയും ആള് മോശമല്ല. കള്ളപ്പണത്തെക്കുറിച്ചുള്ള ധവളപത്രം പാര്‍ലമെന്റില്‍ അദ്ദേഹം വെച്ചു. ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുപോകുന്ന കള്ളപ്പണത്തില്‍ നല്ലൊരു ഭാഗവും മൗറീഷ്യസ് പോലുള്ള ധനകേന്ദ്രങ്ങള്‍വഴി വെള്ളപ്പണമായി തിരികെയെത്തും. കള്ളപ്പണം വെളുപ്പിക്കുന്ന ഈ റൂട്ട് അടയ്ക്കണം എന്ന നിര്‍ദേശം ധവളപത്രത്തില്‍നിന്ന് പ്രണബ് മുഖര്‍ജി ഒഴിവാക്കി. വിദേശനിക്ഷേപത്തെ ബാധിക്കുമെന്ന ന്യായം പറഞ്ഞാണ് കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.

ഇന്ത്യന്‍ ഷെയര്‍മാര്‍ക്കറ്റില്‍ ഊഹക്കച്ചവടത്തിനിറക്കുന്ന പണം ആരുടേതെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന ഇളവും പ്രണബ് മുഖര്‍ജി നേരത്തേ നല്‍കിയിരുന്നു. വിദേശനിക്ഷേപകരെ അകറ്റുമെന്ന ന്യായംപറഞ്ഞ് ഷെയറുകളുടെ വില്പനയ്ക്കും വാങ്ങലിനുംമേല്‍ ഏര്‍പ്പെടുത്തിയ നിസ്സാരമായ നികുതിപോലും വേണ്ടെന്നുവെച്ചതും അദ്ദേഹമാണ്.

വിദേശനാണയം നേടിത്തരുന്ന വായ്പകള്‍ എന്നെങ്കിലും നാം തിരിച്ചടച്ചേ മതിയാകൂ. വിദേശനിക്ഷേപകര്‍ക്ക് അവരുടെ പണം തിരിച്ചുകൊണ്ടുപോകാനും സ്വാതന്ത്ര്യമുണ്ട്. ഈ ദൂഷ്യങ്ങളൊന്നും ഇല്ലാത്തവരാണ് നാലാമത്തെ വിഭാഗമായ പ്രവാസികള്‍. അവര്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന വിദേശപണം തിരിച്ചുകൊണ്ടുപോകാന്‍ കഴിയില്ല-വിദേശനാണയ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ചെറിയൊരു തുകയൊഴിച്ച്. പ്രവാസികള്‍ അയച്ചുതരുന്ന തുകയുടെ വലിപ്പം അറിയുമ്പോഴാണ് നാം അത്ഭുതപ്പെടുക. വിദേശ നിക്ഷേപകര്‍ 1.8 ലക്ഷം കോടി രൂപ നിക്ഷേപിക്കുമ്പോള്‍ പ്രവാസികള്‍ അയച്ചുതരുന്ന പണം 2010-11ല്‍ 2.5 ലക്ഷം കോടി രൂപ വരും. പക്ഷേ, പ്രവാസികള്‍ രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് നല്‍കുന്ന ഈ സംഭാവനയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം രാജ്യം നല്‍കുന്നില്ല.

വിദേശത്തുപോകുന്നവരാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായമോ ഔദാര്യമോ സ്വീകരിക്കുന്നില്ല. അവരുടെ ബന്ധങ്ങള്‍ ഉപയോഗിച്ചും വിസകള്‍ വിലയ്ക്കുവാങ്ങിയുമാണ് പോകുന്നത്. മടങ്ങിവരുന്നവര്‍ക്കായി പുനരധിവാസപദ്ധതികളൊന്നുമില്ല. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ മൃതദേഹം തിരിച്ചുകൊണ്ടുവരാന്‍ നേരിടുന്ന പ്രശ്‌നങ്ങളേറെയാണ്. കേസിലുള്‍പ്പെടുന്നവരെ സഹായിക്കാനും ഒരു സംവിധാനവുമില്ല.

സാധാരണ നിരക്കിനെക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ഗള്‍ഫിലേക്കുള്ള വിമാനക്കൂലി. അടുത്തകാലംവരെ എമിഗ്രേഷന്‍ഫീസായി അവിദഗ്ധ തൊഴിലാളികളില്‍ നിന്ന് സെക്യൂരിറ്റിപണം ഈടാക്കിയിരുന്നു. അതാര്‍ക്കും തിരിച്ചുനല്‍കിയിട്ടില്ല. ആയിരക്കണക്കിന് കോടി രൂപവരുന്ന ഇത് ട്രാവല്‍ഏജന്‍സികള്‍ അടിച്ചുമാറ്റിയെന്നാണ് ഇപ്പോഴറിയുന്നത്. ഇപ്പോള്‍ യു.എ.ഇ.യിലേക്കെങ്കിലും എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടണമെങ്കില്‍ തൊഴിലുടമ ഇന്ത്യന്‍ എംബസിയില്‍ ഏതാണ്ട് ഒരുലക്ഷംരൂപ കെട്ടിവെക്കണമെന്ന പുതിയ ചട്ടംവന്നു എന്ന് കേള്‍ക്കുന്നു.

ഇതില്‍പ്പരം നന്ദികേട് പ്രവാസികളോട് കാണിക്കാനാവില്ല. കയറ്റുമതിക്കാര്‍ക്കും വിദേശനിക്ഷേപകര്‍ക്കും പ്രത്യേക പ്രോത്സാഹനങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ പ്രവാസികളുടെമേല്‍ സേവനനികുതി അടിച്ചേല്‍പ്പിക്കാമെന്ന് ചിന്തിച്ചല്ലോ. കേരളത്തില്‍നിന്ന് ഒരു പ്രവാസികാര്യമന്ത്രി കേന്ദ്രത്തിലുണ്ടായിട്ടെന്തു കാര്യം?

Wednesday, July 4, 2012

വിജിലന്‍സ് കേസും എന്റെ വിശദീകരണവും

തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന സഫിയുളള സെയ്ദിന്റെ നേതൃത്വത്തില്‍ 2009 മാര്‍ച്ച് 17ന് തൃശൂരിലെ നാല് വാണിജ്യനികുതി ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയും അതിനെ തുടര്‍ന്ന് അന്ന് ധനകാര്യവകുപ്പു മന്ത്രിയായിരുന്ന ഞാന്‍ വിജിലന്‍സ് ഡിവൈഎസ്പിയുമായി ഫോണില്‍ സംസാരിച്ചതുമൊക്കെയാണ് കേസിനാധാരമായ സംഭവങ്ങള്‍. ആ സംഭവങ്ങളെ 2010ല്‍ രജിസ്റ്റര്‍ ചെയ്ത നാനോ എക്‌സെല്‍ കേസുമൊക്കെ കൂട്ടിക്കലര്‍ത്തിയാണ് പൊതുതാല്‍പര്യഹര്‍ജിയിലെ ആരോപണങ്ങള്‍ മെനഞ്ഞിരിക്കുന്നത്.

പൊതുതാല്‍പര്യഹര്‍ജിയുടെ നാലാം ഖണ്ഡിക ഉദ്ധരിക്കട്ടെ.

'4. മേല്‍ പ്രസ്താവിച്ച രീതിയില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന തുടര്‍ന്ന സമയം KL 11 D 5819 എന്ന വാഹനത്തിന്റെ ഡ്രൈവര്‍ ബാവ എന്നവര്‍ ഓഫീസിലേയ്ക്ക് പരാതിയുമായി കയറി വരികയും 17-03-2009 പുലര്‍ച്ചെ കണ്‍സ്ട്രക്ഷന്‍ കാര്യങ്ങള്‍ക്കുളള മരങ്ങളുമായി എല്ലാ രേഖകളോടും കൂടി തന്റെ വാഹനത്തില്‍ 2.75 M3 മരം കയറ്റിവരുന്ന സമയം രണ്ടാം എതിര്‍കക്ഷിയുടെ കീഴ്ജീവനക്കാര്‍ വാഹനം തടഞ്ഞു നിര്‍ത്തുകയും Kerala Value Added Tax Rule u/s 47 പ്രകാരമുളള നോട്ടീസ് നല്‍കി 30,836/- രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുളളതാണ്. ടി സമയം ടാക്‌സ് ഓഫീസിന്റെ ഡ്രൈവര്‍ 10,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ 30,000/- രൂപ ഫൈന്‍ ഈടാക്കുമെന്നും പറയുക ഉണ്ടായിട്ടുളളതാകുന്നു. രണ്ടാം എതിര്‍കക്ഷിയുടെ ഓഫീസിലെ ഇന്‍സ്‌പെക്ടറായ സി വിജയകുമാറാണ് നോട്ടീസ് നല്‍കിയതെന്നും ശിവശങ്കരന്‍ എന്നു പേരുളള ഡ്രൈവറാണ് 10,000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നും ബാവ വെളിപ്പെടുത്തിയതാണ്'.
മതിയായ രേഖകളില്ലാതെ തടി കടത്തിക്കൊണ്ടുവന്ന കെഎല്‍ 11 ഡി 5819 എന്ന ലോറി കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്ന തുറന്നു പറഞ്ഞതിന് പൊതുതാല്‍പര്യ ഹര്‍ജിക്കാരനോട് നന്ദിയുണ്ട്. ആ റെയിഡും അതിന്റെ അനുബന്ധസംഭവങ്ങളും ഞാന്‍ തുറന്നു പറയാം.

റെയിഡിനും ഫോണ്‍ വിളിയ്ക്കും പിന്നിലെന്ത്?

2009 മാര്‍ച്ച് 17ന് പുലര്‍ച്ചെയാണ് ലോറി കസ്റ്റഡിയിലെടുത്തത്. മലപ്പുറത്ത് രണ്ടത്താണിയിലെ മണക്കാട്ടില്‍ വീട്ടില്‍ മൊയ്തൂട്ടി മകന്‍ പോക്കറുടേതായിരുന്നു തടി. മൂവാറ്റുപുഴയില്‍ നിന്നും വാങ്ങിയ തടി പോക്കറുടെ മകന് വീടു വെയ്ക്കാനാണ് കൊണ്ടുപോകുന്നത് എന്നാണ് ഡ്രൈവര്‍ ബാവ നികുതിയുദ്യോഗസ്ഥരോടു പറഞ്ഞത്. വീടു വെയ്ക്കുന്നതിനെക്കുറിച്ചുളള രേഖകളൊന്നും ലോറിക്കാര്‍ ഹാജരാക്കിയില്ല. ആ സാഹചര്യത്തിലാണ് ലോറി പിടിച്ചെടുത്തത്.

അത്തരം സാഹചര്യത്തില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെച്ചാണ് പിടിച്ചെടുത്ത മുതല്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ വിട്ടുകൊടുക്കുന്നത്. രേഖകള്‍ ഹാജരാക്കുന്നപക്ഷം തുക തിരികെ നല്‍കും. 30, 836 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കാന്‍ തടിയുടമയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ആ തുക ഒടുക്കാന്‍ തടിയുടമയോ ഡ്രൈവറോ തയ്യാറായില്ല. ലോറി വിട്ടുകൊടുക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല.

മാര്‍ച്ച് 18ന് നാലു മണിയോടെ വിജിലന്‍സ് ഡിവൈഎസ്പി സഫിയുളള സെയ്ദ് വാണിജ്യനികുതി ഓഫീസുകളില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തി. റെയ്ഡ് നടത്താനുളള അനുമതി മധ്യമേഖലാ എസ്പിയില്‍ നിന്നും മാര്‍ച്ച് 17നു തന്നെ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. മനോരമ ന്യൂസ് അടക്കമുളള ടെലിവിഷന്‍ ചാനലുകളുടെ അകമ്പടിയോടെയാണ് വിജിലന്‍സ് സംഘം എത്തിയത്. ചില സ്ഥാപനങ്ങള്‍ക്ക് ചുമത്തിയ പിഴ സംബന്ധിച്ച ഫയലുകള്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടു. പിഴ ഒഴിവാക്കാനും നികുതി കുറച്ചു കൊടുക്കാനും ഉദ്യോഗസ്ഥരുടെ മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തപ്പെട്ട കേസുകളായിരുന്നു ഇവ.

നാല്‍പത്തിയഞ്ചു ലക്ഷം രൂപ പിഴ ചുമത്തിയ തൃശൂരിലെ അസാഗ് പ്രോപ്പര്‍ട്ടീസ്, 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ ഇരിങ്ങാലക്കുടയിലെ റിലാക്‌സ് കാറ്ററിംഗ് എന്നിവയുടെ ഫയലുകളാണ് ഡിവൈഎസ്പി കസ്റ്റഡിയിലെടുത്തത്. ഫയല്‍ കൈപ്പറ്റിയതിന്റെ രസീത് നല്‍കാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ കര്‍ക്കശ നിലപാടു മൂലം അതിനു കഴിഞ്ഞില്ല.

വൈകുന്നേരം ആറര മണിയോടെ സഫിയുളള സെയ്ദിന്റെ മുന്നിലേയ്ക്ക് തടി ലോറിയുടെ ഡ്രൈവര്‍ ബാവ നാടകീയമായി കടന്നു വന്നു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ നിന്നും ഉദ്ധരിച്ച ഖണ്ഡികയില്‍ പറഞ്ഞ പ്രകാരം പരാതി ഉന്നയിച്ചു.

ബാവയുടെ പരാതി കേട്ടയുടനെ കമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസില്‍ ഡിവൈഎസ്പിയുടെ അസഭ്യ വര്‍ഷം അരങ്ങേറി. ലോറി പിടിച്ച ഉദ്യോഗസ്ഥനെ തലങ്ങും വിലങ്ങും തെറി വിളിച്ചു. നോട്ടീസ് നല്‍കിയ ഉദ്യോസ്ഥന്റെ വയറിനു കുത്തിപ്പിടിച്ചു. നോട്ടീസും ഫയലും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണറുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു. നിയമപരമായി കസ്റ്റഡിയിലെടുത്ത തടി ലോറി വിട്ടുകൊടുക്കാന്‍ ആജ്ഞാപിച്ചു. പക്ഷേ, ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. വില്‍പനയ്ക്കല്ല, സ്വന്തം ഉപയോഗത്തിനാണ് എന്നതിനുളള സ്റ്റേറ്റ്‌മെന്റ് വാങ്ങി തടി വിട്ടു കൊടുക്കണം എന്നായിരുന്നു കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പന. ഉദ്യോഗസ്ഥനായ രാജേഷ് നല്‍കിയ പരാതിയില്‍ ഇവയെല്ലാം വിവരിച്ചിട്ടുണ്ട്.

ലോറി വിട്ടുകൊടുക്കുകയില്ല എന്നു കണ്ടപ്പോള്‍ സ്‌ക്വാഡിലെ എല്ലാ ഉദ്യോഗസ്ഥരും മാര്‍ച്ച് 20ന് തന്റെ ഓഫീസില്‍ ഹാജരാകണമെന്നു കല്‍പ്പിച്ചിട്ടാണ് സഫിയുളള സെയ്ദ് സ്ഥലം വിട്ടത്. അതനുസരിച്ച് ഉദ്യോഗസ്ഥര്‍ പത്തു മണിയോടെ തൃശൂര്‍ വിജിലന്‍സ് ഓഫീസിലെത്തി. ഉച്ചവരെ അവരോട് ആരും ഒന്നും ചോദിച്ചില്ല. ഉച്ചയ്ക്കു ശേഷമായിരുന്നു സ്റ്റേറ്റ്‌മെന്റെടുക്കല്‍. തെറിവിളിയുടെയും ഭീഷണിയുടെയും നടുവിലാണ് ഓരോരുത്തരും സ്റ്റേറ്റുമെന്റുകളെഴുതിയത്. എല്ലാവരുടെയും ജോലി കളയുമെന്നും വീടുകള്‍ റെയിഡു ചെയ്യുമെന്നുമൊക്കെ ഭീഷണിയുണ്ടായി.

അകാരണമായ പീഡനത്തില്‍ ജീവനക്കാര്‍ സ്വാഭാവികമായും ക്ഷുഭിതരായി. അവരുടെ സംഘടനാനേതാക്കള്‍ എന്നെ വിവരമറിയിച്ചു. നിയമപ്രകാരം ജോലി ചെയ്യുന്ന ജീവനക്കാര്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായതില്‍ അവര്‍ക്കുളള പ്രതിഷേധവും അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ആലപ്പുഴയിലൊരു യോഗത്തിലായിരുന്ന ഞാന്‍, ഓഫീസ് അസിസ്റ്റന്റ് ശ്രീജിത്തിന്റെ മൊബൈലില്‍ നിന്ന് ഡിവൈഎസ്പി സഫിയുളള സെയ്ദിനെ വിളിച്ചത്.

ഓഫീസ് റെയിഡിനിടെ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കില്‍ നിയമപരമായി നടപടി സ്വീകരിക്കണമെന്നും നിയമപരമായി കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കിയ തടിലോറി വിട്ടുകൊടുക്കാണമെന്ന ആജ്ഞ നല്‍കാന്‍ വിജിലന്‍സ് ഡിവൈഎസ്പിയ്ക്ക് അധികാരമില്ല എന്നും കര്‍ശനമായിത്തന്നെ ഞാന്‍ സഫിയുളള സെയ്ദിനോടു പറഞ്ഞു. ഇത്രയുമാണ് എന്റെ ഫോണ്‍ സംഭാഷണം.

തടി നികുതിവെട്ടിപ്പു സംബന്ധിച്ച ഹൈക്കോടതി വിധി

സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കാനുളള നിര്‍ദ്ദേശത്തിനെതിരെ തടിയുടമ ഹൈക്കോടതിയില്‍ പോയി (WP© 9393/2009). നികുതി വകുപ്പ് നിര്‍ദ്ദേശിച്ച തുക കെട്ടിവെയ്ക്കാനായിരുന്നു കോടതിയുടെ വിധിയും. ഏഴായിരം രൂപ പണമായും ബാക്കി തുക ബോണ്ടായും നല്‍കി ലോറി കൊണ്ടുപോകാന്‍ 2009 മാര്‍ച്ച് 26ന് ഹൈക്കോടതി വിധിച്ചു.

അപ്പലേറ്റ് അതോറിറ്റികളും ട്രിബ്യൂണലുകളുമൊക്കെ കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെയാണ് ലോറിയുടമ ഹൈക്കോടതിയെ സമീപിച്ചത്. അവിടെയും വിധി മറ്റൊന്നായില്ല. അടിയും കൊണ്ട്, പുളിയും കുടിച്ച്, കരവുമൊടുക്കി എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. എവിടെയൊക്കെ കയറിയിറങ്ങിയിട്ടും തൃശൂരിലെ നികുതി ഉദ്യോഗസ്ഥര്‍ ചുമത്തിയ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്ന് ഒരു രൂപ പോലും കുറയ്ക്കാന്‍ തടിയുടമയും ചരടുവലിക്കാന്‍ പിന്നില്‍ക്കൂടിയവരും നടത്തിയ വ്യവഹാര വ്യായാമങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.

എന്റെ ഫോണ്‍ വിളിയോടെ നികുതി ഓഫീസില്‍ അധികം കളിക്കാന്‍ കഴിയില്ലെന്നു പിന്നില്‍ ചരടുവലിച്ചവര്‍ക്കു മനസിലായി. അവരുടെ വധഭീഷണിയും തെറിയഭിഷേകവും മന്ത്രിയ്ക്കു നേരെയായി. അതിന്റെ ചരിത്രമാണ് ഇനി പറയുന്നത്.

മന്ത്രിയ്ക്കു നേരെ ഫോണ്‍ ഭീഷണി

ശ്രീജിത്തിന്റെ ഫോണില്‍ നിന്നാണ് ഞാന്‍ സഫിയുളള സെയ്ദിനെ വിളിച്ചത് എന്നുപറഞ്ഞുവല്ലോ. ശ്രീജിത്തിന്റെ ഫോണിലേയ്ക്ക് നിരന്തരം ഭീഷണി കോളുകള്‍ വരാന്‍ തുടങ്ങി. വിദേശത്തു നിന്നും മറ്റുമായിരുന്നു അവ. രണ്ടു ഡസനുകളിലേറെ ഫോണുകള്‍ വന്നു. ഭീഷണി തുടര്‍ന്ന സാഹചര്യത്തില്‍ ശ്രീജിത്ത് പോലീസ് മേധാവിയ്ക്ക് രേഖാമൂലം പരാതി നല്‍കി.

സൈബര്‍ സെല്‍ ഇടപെട്ട് കോളുകളുടെ ഉറവിടം കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയ്ക്ക് കോട്ടയം റേഞ്ച് വിജിലന്‍സ് എസ്പിയെ വിജിലന്‍സ് ഡയറക്ടര്‍ ചുമതലപ്പെടുത്തി.

ഞാനും സഫിയുളള സെയ്ദും തമ്മില്‍ നടന്ന സംഭാഷണത്തിന് ഉപയോഗിച്ച ശ്രീജിത്തിന്റെ ടെലിഫോണ്‍ നമ്പര്‍ എങ്ങനെ പുറത്തുപോയി? ഡിവൈഎസ്പി തന്നെയായിരുന്നു ആ നമ്പര്‍ ചോര്‍ത്തിയത്. ഇതടക്കം തൃശൂരില്‍ നടന്ന മിന്നല്‍ പരിശോധനയുടെ പിന്നാമ്പുറങ്ങള്‍ കോട്ടയം റേഞ്ച് വിജിലന്‍സ് എസ്പിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

'മിന്നല്‍ പരിശോധന'യുടെ പൂട്ടു തുറന്ന അന്വേഷണം

കോട്ടയം റേഞ്ച് വിജിലന്‍സ് എസ് പി കെ. ജെ. ദേവസ്യ ഐപിഎസ് 27-4-2009ന് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിച്ച ടി-9015/2009 നമ്പര്‍ റിപ്പോര്‍ട്ടില്‍  വസ്തുതകളൊക്കെ അക്കമിട്ടു നിരത്തിയിട്ടുണ്ട്. 


സഫിയുളള സെയ്ദ് നടത്തിയ മിന്നല്‍ പരിശോധന, ലോറി ഡ്രൈവറുടെ നാടകീയ രംഗപ്രവേശം, ധനമന്ത്രിയുടെ ഫോണ്‍ കോള്‍, അതിനുശേഷമുണ്ടായ ഭീഷണി തുടങ്ങിയവയെല്ലാം വിശദമായി ഈ റിപ്പോര്‍ട്ടില്‍ പരിശോധിച്ചു. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഇവയായിരുന്നു:

'ഒന്ന്) 2009 മാര്‍ച്ച് 18ന് തൃശൂര്‍ വാണിജ്യനികുതി ഓഫീസുകളില്‍ സഫിയുളള സെയ്ദ് നടത്തിയ മിന്നല്‍ പരിശോധന മുന്‍വിധികളോടെയുളളതായിരുന്നു. പിടിച്ചെടുത്ത തടി ലോറിയുമായി ബന്ധപ്പെട്ട മുന്‍വിധികളോടെയായിരുന്നു ഈ പരിശോധന.

രണ്ട്) പരിശോധനാ സമയത്തും അതിനുശേഷവും വാണിജ്യനികുതി ഉദ്യോഗസ്ഥരെ അപമാനിക്കുംവിധമാണ് ഡിവൈഎസ്പി പെരുമാറിയത്.

മൂന്ന്) ഡിവൈഎസ്പി മിന്നല്‍ പരിശോധനയ്ക്കായി ഒരു കൃഷി ഓഫീസറുടെ സേവനമാണ് തേടിയത്. ഇദ്ദേഹത്തിന് വാണിജ്യനികുതി വകുപ്പിലെ ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് ധാരണയില്ല.

നാല്) പരിശോധനാ സമയത്ത് മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം അറിഞ്ഞോ അറിയാതെയോ വിജിലന്‍സ് ഡിവൈഎസ്പി ഏര്‍പ്പാടാക്കിയിരുന്നു.

അഞ്ച്) ധനമന്ത്രി ഡിവൈഎസ്പിയുമായി നടത്തിയ ഫോണ്‍ സംഭാഷണം ധനമന്ത്രിയുടെ അനാവശ്യ ഇടപെടല്‍ എന്നു വരുത്തിത്തീര്‍ക്കാന്‍ സെയ്ഫുളള സെയ്ദ് മാധ്യമങ്ങള്‍ക്കും മറ്റും ചോര്‍ത്തിക്കൊടുത്തു. എന്നാല്‍ ഡിവൈഎസ്പിയുടെ സമീപനം തെറ്റാണ് എന്നും ലോറി വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്നുമുളള വസ്തുത ബോധ്യപ്പെടുത്തുക മാത്രമാണ് ധനമന്ത്രി ചെയ്തത്.' (അടിവര ലേഖകന്റേത്)
ങ്ങനെ സഫിയുളള സെയ്ദിന്റെ മിന്നല്‍ പരിശോധനയും നിഗമനങ്ങളും വിജിലന്‍സ് വകുപ്പ് തളളിപ്പറഞ്ഞു. ഈ കണ്ടെത്തലുകള്‍ക്കു പുറമെ സഫിയുളള സെയ്ദിനെതിരെ വകുപ്പുതല നടപടിയും വിജിലന്‍സ് എസ് പി ശിപാര്‍ശ ചെയ്തു.

ചരടുവലിക്കാര്‍ അരങ്ങത്തേയ്ക്ക്

തടി ലോറിയുടെ കാര്യത്തില്‍ പരാജയമേറ്റു വാങ്ങിയപ്പോള്‍ അണിയറയിലെ ചരടുവലിക്കാര്‍ അരങ്ങത്തു കയറി. വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നികുതി വകുപ്പുദ്യോഗസ്ഥരുടെ മേല്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിലെ റിലാക്‌സ് കാറ്ററിംഗ് എന്ന സ്ഥാപനത്തിന്റെ ഉടമ ജിബിന്‍ഷാ കേരള ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു (WPC 33891/2009 (Q)). റെയിഡിനിടെ ഡിവൈഎസ്പി ചില ഫയലുകള്‍ ആവശ്യപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. ആ പട്ടികയില്‍ ഈ സ്ഥാപനത്തിന്റെ നികുതി കുടിശികയെ സംബന്ധിക്കുന്ന ഫയലുകളുമുണ്ടായിരുന്നു.

2009 ജനുവരി രണ്ടിന് ഈ സ്ഥാപനത്തില്‍ നികുതി വകുപ്പുദ്യോഗസ്ഥര്‍ റെയിഡു നടത്തി. 25 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പിന്റെ ചുരുളുകളാണ് രേഖകളുടെ പരിശോധനയില്‍ അഴിഞ്ഞത്. തുടര്‍ന്ന് 14 ലക്ഷം രൂപയുടെ പിഴ ചുമത്തി സ്ഥാപനത്തിന് നോട്ടീസ് നല്‍കി. ഈ പിഴ ഒഴിവാക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് നികുതി വകുപ്പുദ്യോസ്ഥര്‍ക്കുമേലുണ്ടായത്. ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. വിജിലന്‍സ് ഡയറക്ടര്‍, കോട്ടയം എസ്പി കെ. ജെ. ദേവസ്യ എന്നിവര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസ് പുതിയ ബെഞ്ചിലേയ്ക്കു മാറി. അവസാനം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹര്‍ജി തളളി.

ഹര്‍ജി നല്‍കിയവര്‍ മറ്റൊന്നു കൂടി ചെയ്തു. ഹൈക്കോടതിയില്‍ നിന്ന് എനിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് തൃശൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരണം നടത്തി. ബ്രേക്കിംഗ് ന്യൂസും മറ്റും നല്‍കാന്‍ വാചകങ്ങള്‍ തയ്യാറാക്കി റെഡിയായിരുന്നവരെക്കുറിച്ചും എനിക്കറിയാം. ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് ഞാന്‍ ഈ കേസിനെക്കുറിച്ച് അറിയുന്നതു തന്നെ. എനിക്കെതിരെ ഉറപ്പായും കോടതി പരാമര്‍ശമുണ്ടാകുമെന്ന തൃശൂരിലെ ഗൂഢസംഘത്തിന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യമെന്ത് എന്ന് പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്.

നികുതി വകുപ്പു ചുമത്തിയ പിഴയ്‌ക്കെതിരെ ജിബിന്‍ഷാ ഹൈക്കോടതിയില്‍ മറ്റൊരു കേസും ഫയല്‍ ചെയ്തിരുന്നു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി. എസ്. ഗോപിനാഥനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് ഹര്‍ജി തളളി. യഥാര്‍ത്ഥ കണക്കെടുത്താല്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്നതിന്റെ മൂന്നു മടങ്ങ് പിഴയൊടുക്കേണ്ടി വരുമെന്നും നികുതി വകുപ്പുദ്യോഗസ്ഥന് തെറ്റു പറ്റിയെങ്കില്‍ അതിന്റെ ഗുണഭോക്താവ് ജിബിന്‍ഷായാണെന്നും കോടതി നിരീക്ഷിച്ചു. പിന്നീട് ഇവര്‍ പതിനാലു ലക്ഷവും പിഴയൊടുക്കി.

വിജിലന്‍സിന്റെ സത്യവാങ്മൂലവും ആരോപണങ്ങളുടെ പൊളളത്തരവും

രാജു പുഴങ്കര നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആരോപണങ്ങളുടെ മുനയൊടിക്കുന്ന സത്യവാങ്മൂലം 
കോട്ടയം വിജിലന്‍സ് എസ്പി ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. സഫിയുളള സെയ്ദിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ജിബിന്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചത്. 

എല്ലാ രേഖകളുമായി വന്ന തടിലോറിയാണ് നികുതി ഉദ്യോഗസ്ഥര്‍ കൈക്കൂലി മോഹിച്ച് അകാരണമായി പിടിച്ചു വെച്ചത് എന്നാണല്ലോ പൊതു താല്‍പര്യഹര്‍ജിയിലെ ആരോപണം. ആരോപണം തെറ്റാണെന്നും പോക്കറും ഡ്രൈവര്‍ ബാവയും പറഞ്ഞതു കളളമാണെന്നും വിജിലന്‍സ് എസ് പി കെ ജെ ദേവസ്യ ഐപിഎസ് നേരിട്ട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തുകയും പിന്നീട് കേരള ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആ കണ്ടെത്തല്‍ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

കെ ജെ ദേവസ്യ ഐപിഎസിന്റെ റിപ്പോര്‍ട്ടിലെ അഞ്ചാം പേജില്‍ വ്യാപാരിയുടെ സ്വന്തം ഉപയോഗത്തിനായിരുന്നില്ല തടി എന്ന് വ്യക്തമാക്കിയിട്ടുണ്ട്:

"I have also conducted enquires at Randathani in Malappuram district, to ascertain the facts about the timber lorry seized by the officials of Commercial Taxes and it was found that the timber was not for the own use of Shri. Pocker as claimed by him".
കേരള ഹൈക്കോടതിയില്‍ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അഞ്ചാം ഖണ്ഡികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്:

 "I verified the business of Shri Pocker, Manakkattil and found that he was not constructing any house and had no licence for the same at the time of transporting the timber. He was a small vendor of timber connected to some saw mills".
പൊതുതാല്‍പര്യ ഹര്‍ജിയില്‍ അവകാശപ്പെടുന്നതു പോലെ 'കണ്‍സ്ട്രക്ഷന്‍ ആവശ്യങ്ങള്‍'ക്കായിരുന്നില്ല തടി കൊണ്ടുപോയത്. വില്‍ക്കാന്‍ തന്നെയായിരുന്നു. ഒരു കണ്‍സ്ട്രക്ഷനും അവിടെ ഉണ്ടായിരുന്നില്ല എന്ന് വിജിലന്‍സ് എസ്പിയുടെ നേരിട്ടുളള അന്വേഷണത്തില്‍ ബോധ്യപ്പെട്ടതും അദ്ദേഹം അക്കാര്യം കേരള ഹൈക്കോടതിയെ അറിയിച്ചതുമാണ്. അതെല്ലാം മറച്ചുവെച്ച് വിജിലന്‍സ് കോടതിയെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് പൊതുതാല്‍പര്യ ഹര്‍ജിക്കാരന്‍ ചെയ്യുന്നത്.

നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് നികുതിവെട്ടിപ്പിനുപയോഗിച്ച ലോറി തടഞ്ഞുവെച്ചത്. എന്നിട്ടും നികുതിയോ സെക്യൂരിറ്റി ഡെപ്പോസിറ്റോ ഈടാക്കാതെ ആ തടി ലോറി വിട്ടുകൊടുക്കാന്‍ സ്വന്തം അധികാരപരിധി കടന്ന് ആജ്ഞാപിക്കുകയാണ് സഫിയുളള സെയ്ദ് എന്ന വിജിലന്‍സ് ഡിവൈഎസ്പി ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്പിയുടെ ഈ നടപടിയെക്കുറിച്ച് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ കെ. ജെ. ദേവസ്യ ഹൈക്കോടതിയില്‍ ഇങ്ങനെ വിശേഷിപ്പിച്ചു:

 "It is respectfully submitted that the directions of the Deputy Superintendent of Police, Vigilance and Anti – Corruption Bureau, Thrissur, to release the vehicle loaded with timber without form 16 declaration is an interference in the duty of the Commercial Taxes Department and his lack of knowledge in the working of the Commercial Taxes Office had resulted in demoralizing the officers of Commercial Taxes Department and that I had reported that the Deputy Superintendent of Police was wrong and exceeded in his authority". (വിജിലന്‍സ് എസ്പിയുടെ സത്യവാങ്മൂലം, ഖണ്ഡിക 6)
സ്വന്തം അധികാരം തെറ്റായി ഉപയോഗിച്ച് നികുതി പിരിവ് തടസപ്പെടുത്തുകയും നികുതി വെട്ടിക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാനിറങ്ങുകയും ചെയ്യുകയായിരുന്നു വിജിലന്‍സ് ഡിവൈഎസ്പി സഫിയുളള സെയ്ദ്. അദ്ദേഹത്തിന്റെ നടപടികളെ മേലധികാരികള്‍ തളളിപ്പറയുക മാത്രമല്ല, അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

സഫിയുളള സെയ്ദിന്റെ റെയ്ഡ് എന്തിനു വേണ്ടിയായിരുന്നുവെന്ന് നാം കണ്ടു. ഇദ്ദേഹത്തെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്:

'നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഒന്നാം സാക്ഷിയെ ശകാരിച്ചതിലൂടെ രാജ്യത്തെ നിയമസംവിധാനത്തെ തകര്‍ക്കുകയാണ് ഒന്നാം കക്ഷി ചെയ്തിട്ടുളളത്'.
സഫിയുളളയുടെ നിസ്വാര്‍ത്ഥത കെ. ജെ. ദേവസ്യയുടെ റിപ്പോര്‍ട്ടില്‍ വര്‍ണിച്ചു വെച്ചിട്ടുണ്ട്. അതു കൊണ്ടും തീര്‍ന്നില്ല കഥ. ഈ ചെയ്തികളുടെയൊക്കെ പശ്ചാത്തലത്തില്‍ (1) സഫിയുളള സെയ്ദിനെ സ്ഥലം മാറ്റാനും (2) വിജിലന്‍സില്‍ നിന്ന് നീക്കം ചെയ്യാനും (3) തുടര്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു (6-8-2009ലെ 4537/A1/09/Vig നമ്പര്‍ ഉത്തരവ്). ഈ ഉത്തരവിനെ തുടര്‍ന്ന് സഫിയുളളയെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തു. മറ്റു നടപടികള്‍ എന്തുകൊണ്ടോ സ്വീകരിച്ചില്ല.

സ്വയം തളളിപ്പറയുന്ന ഡിവൈഎസ്പി

തന്റെ റിപ്പോര്‍ട്ടില്‍ സഫിയുളള സെയ്ദ് ഒരു ചെറിയ കുതന്ത്രം പയറ്റി. സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിച്ച് കസ്റ്റഡിയിലെടുത്ത മറ്റു കേസുകളുടെ ഫയലുകള്‍ താന്‍ ആവശ്യപ്പെട്ടുവെന്നും ആ ഫയലുകള്‍ നല്‍കാന്‍ നികുതി ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചുവെന്നും ധനമന്ത്രിയുടെ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ അതേക്കുറിച്ച് താന്‍ തുടര്‍ന്ന് അന്വേഷിച്ചില്ലെന്നും ഒരു പരാമര്‍ശം തന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സഫിയുളള എഴുതിച്ചേര്‍ത്തു. ഈയൊരു പരാമര്‍ശമാണ് നേരത്തെ ഹൈക്കോടതിയിലും ഇപ്പോള്‍ വിജിലന്‍സ് കോടതിയിലുമുളള കേസുകളുടെ കേന്ദ്രബിന്ദു.

എന്നാല്‍ ജിബിന്‍ഷാ കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇങ്ങനെയുളള പരാമര്‍ശങ്ങളേയില്ല. ഫയലുകള്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് ഞാന്‍ എന്തെങ്കിലും നിര്‍ദ്ദേശമോ എതിര്‍പ്പോ പ്രകടിപ്പിച്ചുവെന്നോ അതിന്മേല്‍ അന്വേഷണം വേണ്ടെന്നു വെച്ചുവെന്നോ ആ സത്യവാങ്മൂലത്തില്‍ പറയുന്നില്ല. റെയിഡിനിടെ ജീവനക്കാര്‍ക്കു നേരെയുണ്ടായ പീഢനങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചതെന്നും അതു ജീവനക്കാര്‍ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാവാം എന്നും പറയുന്നു. മാത്രമല്ല, കണ്ടെത്തിയ ക്രമക്കേടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ മുഖാന്തിരം വാണിജ്യനികുതി വകുപ്പിന്റെ നടപടികള്‍ക്കായി കൈമാറിയിട്ടുണ്ടെന്നും പറയുന്നു.

അഗാസ് പ്രോപ്പര്‍ട്ടീസ്, റിലാക്‌സ് കാറ്ററിംഗ്, നന്ദിക്കരയിലെ മംഗളം ആഡിറ്റോറിയം തുടങ്ങിയ സ്ഥാപനങ്ങളുടെ ഫയലുകള്‍ നല്‍കിയ നികുതി ഉദ്യോഗസ്ഥര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ നല്‍കാനാവില്ല എന്ന നിലപാടെടുത്തു എന്ന ഡിവൈഎസ്പിയുടെ പരാമര്‍ശം പ്രഥമദൃഷ്ട്യാ തന്നെ വിശ്വാസയോഗ്യവുമല്ല.

നാനോ എക്‌സെല്‍ തട്ടിപ്പുമായി ബന്ധിപ്പിച്ച് പുതിയ അഭ്യാസം

നികുതി വെട്ടിപ്പു തടയുന്നതിനായി തടി, സ്വര്‍ണം, മാര്‍ബിള്‍, പ്ലൈവുഡ്, സ്റ്റീല്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ചില ഇനം ചരക്കുകളുടെ മേല്‍ അതീവജാഗ്രത പുലര്‍ത്താനും പരിശോധന കര്‍ശനമാക്കാനും വകുപ്പു തീരുമാനിച്ചു. കോണ്‍ഫറന്‍സുകള്‍ വിളിച്ചുകൂട്ടി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചത്. സഫിയുളള അടക്കമുളള തൃശൂര്‍ കേന്ദ്രീകരിച്ചുളള ഒരുസംഘം ഇടപെട്ടത് നികുതി വെട്ടിപ്പുകാരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു. അതു നടക്കാതെ പോയതിന്റെ പകയാണ് ജിബിന്‍ഷാ കേസും ഇപ്പോള്‍ നാനോ എക്‌സെല്‍ കേസുമായി റെയിഡിനെ ബന്ധിപ്പിക്കുന്ന പുതിയ അഭ്യാസവും. അതിന്റെ സത്യാവസ്ഥ പരിശോധിക്കാം.

സഫിയുളള സെയ്ദിന്റെ വിവാദ റെയിഡ് നടക്കുമ്പോള്‍ തൃശൂര്‍ ഇന്റലിജന്‍സ് ഓഫീസിലെ അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വി. ജയനന്ദകുമാര്‍. തൃശൂര്‍ വാണിജ്യവകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാത്രം. ഇദ്ദേഹത്തിനെതിരെ സഫിയുളള സെയ്ദ് തന്റെ റിപ്പോര്‍ട്ടില്‍ നിരത്തിയ കുറ്റാരോപണങ്ങള്‍ താഴെ പറയുന്നു. 

'താഴെ പറയുന്ന വീഴ്ചകള്‍ വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണറായ വി ജയനന്ദകുമാറിനെതിരെ വകുപ്പുതല നടപടികള്‍ കൈക്കൊളളാന്‍ ശുപാര്‍ശ ചെയ്യുന്നു.
എ) കൈക്കൂലി ആവശ്യപ്പെടുന്ന പക്ഷം വിജിലന്‍സിനെ അറിയിക്കണമെന്ന ബോര്‍ഡ് സ്ഥാപിക്കാത്ത കുറ്റത്തിന് ബി) കാഷ് ബുക്ക് കൃത്യമായി സൂക്ഷിക്കാത്തതിനും കാഷ് ബാലന്‍സില്‍ 1550 രൂപ കുറവു വന്നതിനും
സി) അറ്റന്‍ഡന്‍സില്‍ ഒപ്പുവെച്ച 40 പേരില്‍ 23 പേര്‍ മാത്രമേ പരിശോധനാ സമയത്ത് (അതായത് വൈകുന്നേരം 4.30നു ശേഷം) ഉണ്ടായിരുന്നുളളൂ എന്ന കുറ്റത്തിന്'.
2010ല്‍ പുറത്തുവന്ന നാനോ എക്‌സല്‍ നികുതിവെട്ടിപ്പു കേസില്‍ ഈ ഉദ്യോഗസ്ഥന്‍ പ്രതിയായി. വ്യാജമരുന്നുകളും മറ്റും മണി ചെയിന്‍ മാതൃകയില്‍ വിറ്റ് കൊളളലാഭമെടുത്ത തട്ടിപ്പു കമ്പനിയാണ് നാനോ എക്‌സെല്‍. സര്‍ക്കാരിലേയ്ക്ക് ഒരു നികുതിയുമടയ്ക്കാതെയായിരുന്നു ഇവരുടെ കച്ചവടം. ഇതു കണ്ടുപിടിച്ച് 8 കോടി രൂപയോളം വസൂലാക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ പലമടങ്ങു തുക സര്‍ക്കാരിന് ലഭിക്കേണ്ടതായിരുന്നു. കൈക്കൂലി കൈപ്പറ്റി നികുതി 8 കോടി രൂപയ്ക്ക് ഒതുക്കി എന്നാണ് ജയനന്ദകുമാറിന്റെ പേരിലുളള കേസ്.

 നാനോ എക്‌സല്‍ ബ്രാഞ്ച് ഓഫീസില്‍ റെയ്ഡ് നടന്നത്. 2010ലാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ റെയ്ഡ് 2009ലും. ഇവ തമ്മില്‍ യാതൊരു ബന്ധവും ഇല്ല. 2010 ഫെബ്രുവരി മൂന്നിനാണ് നാനോ എക്‌സെല്‍ ഓഫീസ് റെയിഡ് ചെയ്തത്. നികുതി വെട്ടിപ്പിന് 22 കോടിയുടെ പിഴ ചുമത്തി സെക്ഷന്‍ 67 പ്രകാരം നാനോ എക്‌സെല്‍ കമ്പനിയ്ക്ക് നോട്ടീസ് നല്‍കിയത് ഫെബ്രുവരി നാലിനാണ്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്നു തന്നെ എസ്ബിടി, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ തൃശൂര്‍ ശാഖയ്ക്ക് നിര്‍ദ്ദേശവും നല്‍കി. ഫെബ്രുവരി 9ന് കമ്പനി എട്ടുകോടി രൂപ നികുതിയായി ഒടുക്കുകയും ചെയ്തു. 


നാനോ എക്‌സെല്‍ തട്ടിപ്പിനെക്കുറിച്ച് സകല രാജ്യത്തെ അന്വേഷണ സംവിധാനങ്ങളും ഉള്‍പ്പെടുന്ന റീജേണല്‍ എക്കണോമിക് ഇന്റലിജന്‍സ് കൗണ്‍സിലില്‍ 2010 ഫെബ്രുവരി ആദ്യ ആഴ്ച തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. റിസര്‍വ് ബാങ്ക് കൊച്ചി മാനേജര്‍ ഈ കൗണ്‍സിലില്‍ അംഗമാണ്. എന്‍ഫോഴ്‌സ്‌മെന്റ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് എന്നിവയ്‌ക്കൊക്കെ ഈ തട്ടിപ്പനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നികുതി വകുപ്പു കൈമാറുകയും അവര്‍ ഫയലുകളും മറ്റും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ എല്‍ഡിഎഫ് ഭരണകാലത്താണ് നടന്നത്.

നികുതിയും പിഴയും എട്ടുകോടി രൂപയായി കുറച്ചതിന് വി. ജയനന്ദകുമാര്‍ കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം. ഈ വിവാദമുയര്‍ന്നത് യുഡിഎഫ് ഭരണകാലത്താണ്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാനോ എക്‌സെല്‍ ഉടമയുടെ മൊഴിയില്‍ ഈ അഴിമതി വ്യക്തമായപ്പോള്‍ വകുപ്പ് ജയനന്ദകുമാറിനെ സസ്‌പെന്റു ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുശേഷം ഈ ഉദ്യോഗസ്ഥനെ വകുപ്പില്‍ പുനരധിവസിപ്പിച്ചതും യുഡിഎഫ് സര്‍ക്കാരാണ്.

 2009ലെ റെയിഡും നാനോ എക്‌സെല്‍ കേസും തമ്മില്‍ ബന്ധപ്പെടുത്തി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ ഭാവനാവ്യാപാരത്തിന്റെ ഉടമകളാണ്. അവരാരൊക്കെ എന്ന് മാധ്യമസുഹൃത്തുക്കള്‍ക്ക് അന്വേഷിച്ചറിയാവുന്നതേയുളളൂ. 2009 മുതല്‍ തൃശൂരിലെ ഒരു സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഏറ്റവുമൊടുവിലത്തെ അധ്യായമാണ് തൃശൂര്‍ വിജിലന്‍സ് കോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജി. പത്രങ്ങളിലെ തലക്കെട്ടും ചാനലുകളില്‍ അണമുറിയാത്ത ബ്രേക്കിംഗ് ന്യൂസും പ്രതീക്ഷിച്ചവര്‍ക്ക് അതുകിട്ടിയെന്നു സമ്മതിക്കണം.

നികുതിവെട്ടിപ്പ് തടയാന്‍ ഇടപെട്ടതിന്റെ പക വീട്ടാല്‍ എന്നെ മറ്റൊരു നികുതി തട്ടിപ്പുകേസില്‍ കുടുക്കാനിറങ്ങിയ അതിബുദ്ധിമാന്മാരുടെ ശ്രമമാണ് ഈ പൊതുതാല്‍പര്യ ഹര്‍ജി. നിരന്തരമായ മോണിറ്ററിംഗും അവലോകനവും നടത്തി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനം ആ ഭരണകാലത്തെ നികുതി പിരിവിലുണ്ട്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് 10-11 ശതമാനമായിരുന്ന പ്രതിവര്‍ഷ നികുതി വളര്‍ച്ചാനിരക്ക് ഏതാണ്ട് 20 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. ഈ വിജയം കേരളത്തിലെ ധനകാര്യപ്രതിസന്ധി ലഘൂകരിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അപവാദ പ്രചരണത്തിലൂടെ ഈ നേട്ടത്തിന്റെ മാറ്റു കുറയ്ക്കാനാവില്ല.  

Monday, July 2, 2012

വര്‍ഗസമരവും ബലപ്രയോഗവും – കെ. വേണു കാണാതെ പോകുന്നത്


ടി പി ചന്ദ്രശേഖരന്‍ വധം ഒരുനിമിത്തമാക്കി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന് കെ. വേണു നല്‍കുന്ന ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ പരിശോധിച്ചത്. അദ്ദേഹം ഇതുകൊണ്ടും തൃപ്തനല്ല. ഈ വധത്തോടെ കേരളത്തിന്റെ ചരിത്രം തന്നെ അദ്ദേഹം കീഴ്‌മേല്‍ മറിക്കുകയാണ്. അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യവാദികളല്ല എന്ന ലേഖനത്തിന്റെ ആരംഭത്തില്‍ത്തന്നെ അദ്ദേഹം ആ സാഹസത്തിനു മുതിരുന്നു. ലേഖനം ഇങ്ങനെയാണ് തുടങ്ങുന്നത്: 

''ആധുനിക കേരളത്തിന്റെ രാഷ്ട്രീയ മുഖം എത്രമാത്രം ബീഭത്സമായിരിക്കുന്നു എന്ന രാഷ്ട്രീയ വസ്തുതയാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിലൂടെ പ്രകടമായിരിക്കുന്നത്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധരാഷ്ട്രീയത്തിന്റെയും മികച്ച മാതൃകയായി അഖിലേന്ത്യാതലത്തില്‍ തന്നെ പരിഗണിക്കപ്പെട്ടുപോന്ന കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം മൃഗീയവും നിഷ്ഠൂരവുമായ രീതിയില്‍ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പകപോക്കലുകളാണ്.''
സമകാലീന രാഷ്ട്രീയത്തിന്റെ മുഖം എന്നല്ല, ആധുനിക കേരളത്തിന്റെ രാഷ്ട്രീയമുഖം എന്നാണ് വേണുവിന്റെ പ്രയോഗം. അങ്ങനെയാണ് വേണു ചരിത്രത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശ്രമിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ കേരളത്തിനുണ്ടായ പരിണാമങ്ങളെയെല്ലാം വേണു വിസ്മരിക്കുന്നു. സവര്‍ണമേധാവിത്വത്തിന്റെ കീഴില്‍ എല്ലാ പൗരാവകാശങ്ങളും നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടുകിടന്ന ഒരു ജനത ഉയര്‍ത്തെഴുന്നേറ്റത് ഈ കാലഘട്ടത്തിലാണ്. ജന്മിത്തത്തിനെതിരെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും പടപൊരുതിയതും ഭൂമിക്കുമേല്‍ അവകാശം സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്. തൊഴിലാളികള്‍ എന്ന പുതിയൊരു വര്‍ഗം രൂപം കൊണ്ടതും അവര്‍ സംഘടിതരായതും ഈ കാലഘട്ടത്തിലാണ്.



ഈ അവകാശസമരങ്ങളുടെ ഫലമായാണ് കേരളത്തിലെ സാധാരണക്കാര്‍ക്ക് രക്ഷയും സാമാന്യവിദ്യാഭ്യാസവും ആരോഗ്യവും കിടക്കാനിടവും റേഷനുമെല്ലാം ലഭ്യമായത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാണിത്. എല്ലാത്തിനുമുപരി കീഴാളരില്‍ അന്യാദൃശമായ ഒരു അവകാശബോധവും അഭിമാനവുമുണ്ടായി. ഈ നേട്ടങ്ങളെല്ലാം പ്രബുദ്ധമായ അവകാശരാഷ്ട്രീയത്തിന്റെ ഫലമാണ്.



കേരളത്തിലെ 'അവകാശരാഷ്ട്രീയവും ' പ്രബുദ്ധ രാഷ്ട്രീയവും മികച്ച മാതൃകയാണെന്ന് വേണുവിന് ഉറപ്പില്ല. പരിഗണിക്കപ്പെട്ടുപോന്നത് 'എന്ന ന്യൂനോക്തിയിലാണ് വേണു കേരളത്തിന്റെ നേട്ടങ്ങളെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം' കൊന്നൊടുക്കുന്ന രാഷ്ട്രീയ പകപോക്കലുകളാണത്രേ. നിഷ്ഠുരമായ ഒരു കൊലപാതകം നടന്നു. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്. എന്നാല്‍ അതിന്റെപേരില്‍ കേരളത്തില്‍ നടന്നത് അത്തരം കൊലപാതകങ്ങള്‍ മാത്രമാണ് എന്ന് അടച്ചാക്ഷേപിക്കുന്നത് അതിശയോക്തിയല്ലേ?



വര്‍ഗസമരവും ബലപ്രയോഗവും
സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രമെടുക്കാം. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളുമുണ്ടായത്. ഇതിന്റെ ഇരകളായിരുന്നു കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും. ഈ വധങ്ങളില്‍ മഹാഭൂരിപക്ഷവും നാട്ടുപ്രമാണിമാരും പോലീസും കോണ്‍ഗ്രസും ചേര്‍ന്നാണ് നടത്തിയത്. 



എഴുപതുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ ആര്‍എസ്എസും ഈ സംഘത്തിനൊപ്പം ചേര്‍ന്നു. ന്യൂനപക്ഷവിരുദ്ധ ലഹളയുടെയും നിഷ്ഠുരമായ കൊലപാതകങ്ങളുടെയും പ്രയോക്തക്കളായ ആര്‍എസ്എസ് കേരളത്തില്‍ സിപിഐ എമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തിയതില്‍ അത്ഭുതപ്പെടാനില്ല. ആര്‍എസ്എസിന്റൈ കടന്നാക്രമണം - പ്രത്യേകിച്ച് കണ്ണൂരില്‍ - രൂക്ഷമായ ഏറ്റുമുട്ടലുകളിലേക്കും കൊലപാതകങ്ങളിലേക്കും വളര്‍ന്നു. ഇവിടെയെല്ലാം ഇരകള്‍ മഹാഭൂരിപക്ഷവും സിപിഐഎം പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ഗണ്യമായി കുറഞ്ഞുവന്നു. 

മേല്‍വിവരിച്ച ഏറ്റുമുട്ടലുകളെ കേരളത്തിലെ തൊഴില്‍മേഖലകളില്‍ നടന്ന അവകാശ സമരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിശദീകരിക്കേണ്ട ബാധ്യത ഈ മുന്‍ കമ്മ്യൂണിസ്റ്റിനു വന്നതില്‍ സഹതാപമുണ്ട്. നിയമവാഴ്ചയ്ക്കു നേരെയുളള വെല്ലുവിളികള്‍ മാത്രമായി അദ്ദേഹം ഈ സമരചരിത്രം ചുരുക്കിയെഴുതുന്നു. മറിച്ചുള്ള വാദങ്ങളെ ഈ കൊലപാതകങ്ങളെയും ചന്ദ്രശേഖരന്റെ കൊലപാതകത്തെയും ന്യായീകരിക്കാനുളള പരിശ്രമമായി പുച്ഛിച്ചുതള്ളുന്ന വേണു എഴുതുന്നു: 

''ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി ഉയര്‍ന്നു നിന്ന് അവയെ അപലപിക്കുന്നതിന് പകരം, പുരോഗമനരാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും മറ്റും തുടര്‍ച്ചയാണ് ഇത്തരം സംഭവങ്ങളെന്ന് വരുത്തിത്തീര്‍ത്ത് അവയെ ന്യായീകരിക്കാനും അല്ലെങ്കില്‍ ചെറിയ പാളിച്ചകളും വ്യതിയാനങ്ങളുമെന്ന് പറഞ്ഞ് ലഘൂകരിക്കാനും ശ്രമിക്കുന്ന പ്രബലമായ ഒരു ചിന്താഗതി സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നത്.'' 
നാളിതുവരെയുളള ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ് എന്നത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. ആ പ്രസ്താവനയുടെ ധാര്‍മ്മികതയോ ന്യായാന്യായമോ ഒക്കെ വേണുവിന് വിമര്‍ശനവിധേയമാക്കാം. പക്ഷേ, വര്‍ഗസമരവും അതുമായി ബന്ധപ്പെട്ട ബലപ്രയോഗവും ചരിത്രയാഥാര്‍ത്ഥ്യമാണ്. ഭരണകൂടവും ഭരണാധികാരിവര്‍ഗങ്ങളും കീഴാളര്‍ക്കും തൊഴിലാളികള്‍ക്കും നേരെ നിരന്തരമായ ബലപ്രയോഗം നടത്തും. ഈ ബലപ്രയോഗത്തിനു നേരെ ഒളിഞ്ഞും തെളിഞ്ഞും ചെറുത്തുനില്‍പ്പുമുണ്ടാകും. ഇതില്‍ ബലപ്രയോഗം ഒഴിവാക്കാനാവില്ല. കാരണം, ചൂഷക വര്‍ഗാധിപത്യത്തിന്റെ കാതല്‍ ബലപ്രയോഗം തന്നെയാണ്.



എത്ര നിഷ്ഠൂരമായ ബലപ്രയോഗമാണ് ദളിതര്‍ക്കും, കൂലിവേലക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ നേരിടേണ്ടിവരുന്നത്? മാരുതിയുടെ അത്യന്താധുനിക ഫാക്ടറിയില്‍പോലും ബലപ്രയോഗത്തിലൂടെയാണ് ഭരണവര്‍ഗം സ്വേച്ഛ നടപ്പാക്കിയത്. ഈ ബലപ്രയോഗത്തെ തൊഴിലാളികള്‍ ചെറുക്കുമ്പോള്‍ ചിലപ്പോള്‍ ഏറ്റുമുട്ടലുകളും മരണവും സംഭവിക്കും. ഇവയെ കേവലം നിയമലംഘനപ്രശ്‌നമായി ചിത്രീകരിക്കുന്ന വേണു പൂര്‍ണമായും അധ്വാനവര്‍ഗത്തിന്റെ ശത്രുപക്ഷത്ത് അണിചേര്‍ന്നു നില്‍ക്കുന്നത്.



ഇടുക്കിയെക്കുറിച്ചു തന്നെ, എം എം മണിയെക്കുറിച്ചും 
കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച ആല്‍ബിയെന്ന പ്രീഡിഗ്രിക്കാരന്റെ വീട് ഇടുക്കിയിലായിരുന്നു. അപ്പന്‍ ഒരു ഏലത്തോട്ടമുടമ. തോട്ടങ്ങളില്‍ സിഐടിയു യൂണിയന്‍ രൂപീകരിക്കുന്നത് വ്യക്തിപരമായ വെല്ലുവിളിയായി അദ്ദേഹവും മറ്റു തോട്ടമുടമകളും ഏറ്റെടുത്തു. 



രൂക്ഷമായ സമരം ഏറ്റുമുട്ടലുകളിലേക്കും വധശ്രമങ്ങളിലേക്കുമെത്തി. ഇത്ര രൂക്ഷമായ വൈരാഗ്യവും പകയും എന്തിന് എന്ന് അന്നെനിക്കു മനസിലായില്ല. പയ്യന്‍ സഖാവിന്റെ ധര്‍മ്മവ്യഥ ഞങ്ങളേയും ബാധിച്ചു. ആല്‍ബിയുടെ അപ്പന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ എ പി വര്‍ക്കിയുടെ കത്തുമായി ഞാനും എന്‍. കെ. വാസുദേവനും ഇടുക്കിയിലെത്തി. അന്നാണ് ആദ്യമായി എം എം മണിയെ കാണുന്നത്. ദൗത്യം പരാജയപ്പെട്ടു. അത് അനിവാര്യവുമായിരുന്നു. കാരണം അത്രയേറെ രൂക്ഷവും സ്‌ഫോടനാത്മകവുമായ അന്തരീക്ഷമായിരുന്നു ഏലത്തോട്ടങ്ങളില്‍ നിലനിന്നിരുന്നത്. എറണാകുളം പട്ടണത്തിലെ സംഘര്‍ഷങ്ങള്‍ എത്രയോ ലഘുവാണെന്ന് അന്നെനിക്കു മനസ്സിലായി. 


മലയാളം ന്യൂസ് പോര്‍ട്ടല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച 'ഏലക്കാടുകളില്‍ ചെന്തീ പടര്‍ന്നതെങ്ങനെ?' എന്ന സജി മാര്‍ക്കോസിന്റെ ലേഖനത്തില്‍ ഇടുക്കിയിലെ തൊഴില്‍സംഘര്‍ഷങ്ങളുടെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദേശാഭിമാനി പത്രത്തില്‍ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതൊരാവര്‍ത്തി വായിക്കണമെന്ന് ഞാന്‍ വേണുവിനോട് അഭ്യര്‍ത്ഥിക്കുകയാണ്.



ലേഖനത്തിന്റെ പകുതിഭാഗം ഏലത്തോട്ടങ്ങളിലെ വര്‍ഗബന്ധങ്ങളുടേയും കൊടിയ പീഡനങ്ങളുടേയും ഹൃദയസ്പര്‍ശിയായ വിവരണമാണ്. കങ്കാണിമാര്‍ക്കു കീഴില്‍ അടിമതുല്യമായ സ്ഥിതിയിലായിരുന്നു ഇടുക്കിയിലെ ഏലക്കാടുകളില്‍ അന്ന് തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. ഇതിനെതിരെ പടപൊരുതിയാണ് സിഐടിയു വളര്‍ന്നത്. അങ്ങനെ 1969ല്‍ എ. കെ. ദാമോദരന്‍, എം. എം. മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആദ്യത്തെ ചെങ്കൊടി മുക്കിടിയില്‍ ഉയര്‍ന്നു. സിഐടിയുവിനെ അംഗീകരിക്കാത്ത മുതലാളിമാര്‍ ഐഎന്‍ടിയുസി പുനഃസംഘടിപ്പിച്ച് ചെറുത്തുനില്‍പ്പിന് കളമൊരുങ്ങി. എങ്കിലും സിഐടിയുവിന്റെ പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. 1972 ല്‍ വെങ്കലപ്പാറയിലും ചെങ്കൊടി പൊങ്ങി. എസ്‌റ്റേറ്റില്‍ സിഐടിയു രൂപം കൊണ്ടു.

സ്വതന്ത്രമായ യൂണിയന്‍ പ്രവര്‍ത്തനാവകാശത്തിനുവേണ്ടി ഒട്ടാത്തിയില്‍നിന്നും വെങ്കലപ്പാറയിലേക്ക് സിപിഐഎമ്മും സിഐടിയുവും മാര്‍ച്ചു നടത്തി. മാര്‍ച്ചിനുനേരെ പൊട്ടങ്കുളം എസ്‌റ്റേറ്റ് ബംഗ്ലാവില്‍ നിന്നു വെടിയുതിര്‍ത്തു. വെടിവെപ്പില്‍ സ. കാമരാജ് രക്തസാക്ഷിയായി. ശരീരത്തില്‍ കയറിയ നാടന്‍ തോക്കിന്റെ ചില്ലുമായി മുക്കുച്ചാമി ഇന്നും മുക്കുടിയില്‍ ജീവിച്ചിരിക്കുന്നു. ഉടുമ്പഞ്ചോല താലൂക്കിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായിരുന്നു സ. കാമരാജിന്റേത്. സിഐടിയുവിനെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യുവാന്‍ തോട്ടം മുതലാളിമാരും ഐഎന്‍ടിയുസി പ്രവര്‍ത്തകരും പദ്ധതിയിട്ടു. ആ സാഹചര്യം സജി മാര്‍ക്കോസിന്റെ വാക്കുകളില്‍ വായിക്കുക.

''...മുള്ളഞ്ചിറ മത്തായിയുടെ നേതൃത്തില്‍… സിഐടിയുക്കാരുടെ വീടു തിരഞ്ഞ് ഇറങ്ങും… സിഐടിയുവിന്റെ യൂണിറ്റ് പ്രസിഡന്റ് പുന്നോലി മേരി ഒളിവില്‍ പോയി. പുന്നോലി മേരിയുടെ ഒളിത്താവളമറിയാന്‍ മോസ്‌ക്കോക്കുന്നിലെ വപ്പിമത്തായിയുടെ മകള്‍ ഡോലിയെ രാത്രി വീട്ടില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയിട്ട് തിരികെ വിട്ടത് രണ്ടാമത്തെ ദിവസമാണ്.."
"..എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഒരു യൂണിയന്‍ പ്രവര്‍ത്തകയെ മുറ്റത്ത് വലിച്ചിറക്കി വയറിന്മേല്‍ കയറിയിരുന്നിട്ട് 'നിന്റെ വയറില്‍ ഇരിക്കുന്നത് ബഡ്ഡില്‍ ഇരിക്കുന്നതിനേക്കാള്‍ സുഖമുണ്ടല്ലോടീ' എന്നു മുള്ളന്‍ചിറ മത്തായി പറഞ്ഞത് ഇന്നും മോസ്‌ക്കോയിലെ നാട്ടുകാര്‍ ഓര്‍ത്തിരിക്കുന്നു. ഐ എന്‍ റ്റി യു സിയില്‍ ചേര്‍ന്നുവെന്ന സ്‌റ്റേറ്റ്‌മെന്റുമായാണ് സംഘം ഇറങ്ങുന്നത്. ഒപ്പിടുന്നവരെ ഉപദ്രവിക്കില്ല. ആണുങ്ങള്‍ പോലീസിനെ പേടിച്ച് ഒളിവില്‍ പോയി. തനിയെ ഉള്ള സ്ത്രീകള്‍ സഹിക്കുകയല്ലാതെ വഴിയില്ലായിരുന്നു".
"ഇതേസമയം കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന അഞ്ചേരി ബേബിയുടെ നേതൃത്വത്തിലും… (സമീപ) പ്രദേശങ്ങളില്‍ സിഐറ്റിയുവിനെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്നു. …
മാസങ്ങളോളം ഈ ഭീകരാന്തരീഷം നിലനിന്നു. സിഐടിയുവിന് സംഘടനാ പ്രവര്‍ത്തനം ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത ഘട്ടത്തില്‍ എത്തി 1982 ന്റെ അവസാനം സ. കെ ആര്‍ ഗൗരിയമ്മ മുക്കിടി സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തിന് ശേഷമാണ്, പ്രതിരോധത്തില്‍ നിന്നും പ്രത്യാക്രമണത്തിലേക്ക് സി പി ഐ എം തിരിയുന്നത്".
''… വീട് വിട്ട് ഓടിയവരെല്ലാം തോട്ടത്തില്‍ തിരികെയെത്തി പണിയ്ക്കു പോയി, എന്നും പാര്‍ട്ടി ഓഫീസില്‍ കൂടി, രാത്രി ഭീഷിണിയുണ്ടായിരുന്ന വീടുകള്‍ക്ക് കാവലിരുന്നു. സ. മേരി ഒളിവില്‍ നിന്നും തിരിച്ചു വന്നു…"
"...1982 നവംബര്‍ 13ന് മേലെ ചെമ്മണാറില്‍ വച്ച് അഞ്ചേരി ബേബി വെടിയേറ്റു മരിച്ചു. ശാന്തന്‍പാറ സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകം. പിന്നെ പോലീസിന്റെ തേര്‍വാഴ്ചയായിരുന്നു. ഗുണ്ടകളും വെറുതെയിരുന്നില്ല. പുന്നോലി മേരിയെ തോട്ടം പണി കഴിഞ്ഞ് വരുന്ന വഴിയ്ക്ക് മത്തായിയും സംഘവും ആക്രമിച്ചു. മരിച്ചുവെന്നു കരുതി വഴിയില്‍ ഉപേക്ഷിച്ചിട്ടു കടന്നുകളഞ്ഞു. തലൈങ്കാവിലെ പ്രവര്‍ത്തകയായിരുന്ന തിലോത്തമയുടെ വീടുകയറി ആക്രമിച്ച് കൊച്ചുകുഞ്ഞിനെ മുറ്റത്തേയ്ക്ക് എടുത്തെറിഞ്ഞു. (തിലോത്തമ കഴിഞ്ഞ ടേമിലെ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു). മേരിയെ മര്‍ദ്ദിച്ചതിന്റെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (1983 ജനുവരി 16 ന്) മുള്ളഞ്ചിറ മത്തായിയെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു". "ഇതോടെ പീഡനത്തിന് നേതൃത്വം കൊടുക്കാന്‍ ആളില്ലാതെയായി. തോട്ടം ഉടമകള്‍ യൂണിയനെ അംഗീകരിച്ചു. യൂണിയന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. കങ്കാണി സമ്പ്രദായം നിര്‍ത്തലാക്കി. മിനിമം കൂലി 27 രൂപ ആയി നിജപ്പെടുത്തി (ഇന്നത് 215 രൂപയാണ്). എട്ടു മണിക്കൂര്‍ ജോലിസമയം അംഗീകരിച്ചു.''
നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ ഈ നേട്ടങ്ങള്‍ സ്വായത്തമാക്കിക്കൂടേ എന്നായിരിക്കും വേണുവിന്റെ ചോദ്യം. നിയമലംഘനവും ബലപ്രയോഗവും നടത്തുന്നത് ഭരണവര്‍ഗമാണ്. നിയമം പാലിക്കേണ്ട പോലീസും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു. ഇതായിരുന്നില്ലേ ഇടുക്കിയിലെ അവസ്ഥ? 


ഈ അവസ്ഥ ഇല്ലാതായത് മുന്‍കാലങ്ങളിലെ ധീരമായ ചെറുത്തുനില്‍പ്പിന്റെ ഫലമായാണ്. ജനകീയ സമരങ്ങളും ചെറുത്തുനില്‍പ്പുമാണ് ജനാധിപത്യത്തെ യാഥാര്‍ത്ഥ്യമാക്കിയത്. അതുകൊണ്ട് മേല്‍പറഞ്ഞ സമരങ്ങളെയോ അതുമായി ബന്ധപ്പെട്ട ബലപ്രയോഗങ്ങളെയോ സിപിഐ(എം) ഒരിക്കലും തളളിപ്പറഞ്ഞിട്ടില്ല. പറയുകയുമില്ല. 


ഭരണവര്‍ഗത്തിന്റെയും ഭരണകൂടത്തിന്റെയും ബലപ്രയോഗത്തിനെതിരെയുളള ജനകീയ ചെറുത്തുനില്‍പ്പിന്റെ അനിവാര്യമായ പ്രത്യാഘാതമാണിത്. പക്ഷേ, ഇവ സിപിഐ എം ആഘോഷിക്കാറില്ല. മരണം ആരുടേതായാലും ദൗര്‍ഭാഗ്യകരമാണ്.

പിന്നെന്തിനാണ് എം. എം. മണിയുടെ പ്രസംഗത്തെ തളളിപ്പറഞ്ഞ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്? ഇടുക്കിയിലെ രൂക്ഷമായ വര്‍ഗസമരത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി വ്യക്തിഗത ഗൂഢാലോചനയിലേക്ക് ആ പോരാട്ടത്തെ ചുരുക്കുകയായിരുന്നു എം എം മണി. ആ സമീപനം അരാഷ്ട്രീയമാണ്. വ്യക്തിപരമായ ഉന്മൂലനത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചതുപോലെ പ്രതികാര കൊലപാതകങ്ങളും പാര്‍ട്ടിയുടെ നയമല്ല. അതുകൊണ്ട് എം എം മണിയുടെ പ്രസംഗം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നുളള വ്യതിചലനമാണ്. തന്റെ തന്നെ ഭൂതകാലാനുഭവങ്ങളോട് എം. എം. മണിയ്ക്ക് നീതിപുലര്‍ത്താനായില്ല. 


ഏതെങ്കിലും കോണിലിരുന്ന് ആരെങ്കിലും പട്ടിക തയ്യാറാക്കി നടത്തിയിട്ടുളളവയായിരുന്നില്ല, എം എം മണിയുടെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങള്‍. എം എം മണിയുടെ ഭാഷ്യവും ആംഗ്യവും പാര്‍ട്ടിയെ അവമതിപ്പെടുത്തുന്നതിനും കടന്നാക്രമിക്കുന്നതിനും വിരുദ്ധര്‍ക്ക് അവസരമൊരുക്കി.



നിരുപാധികമായി അപലപിച്ചിട്ടും നിലയ്ക്കാത്ത ആക്രമണം
പക്ഷേ, ടി. പി. ചന്ദ്രശേഖരന്‍ വധത്തെ മേല്‍പറഞ്ഞ ഗണത്തില്‍ പാര്‍ട്ടി ഒരിക്കലും ഉള്‍പ്പെടുത്തിയിട്ടില്ല. വധത്തെ നിരുപാധികമായി അപലപിച്ചു കൊണ്ടാണ് അതേസംബന്ധിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തുടങ്ങുന്നതു തന്നെ. വേണു ദുര്‍വ്യാഖ്യാനം ചെയ്യുന്നതുപോലെ വര്‍ഗസമര സിദ്ധാന്തത്തിന്റെയും മറ്റും അടിസ്ഥാനത്തിലോ രാഷ്ട്രീയമായോ ഒരിക്കല്‍പ്പോലും ആരും ഇതിനെ ന്യായീകരിച്ചിട്ടില്ല. 



എന്തിനീ കൊലപാതകം പാര്‍ട്ടി നടത്തണം? വേണു അവതരിപ്പിക്കുന്ന ന്യായം ഇതാണ്: 
'അവര്‍ പുറത്തുവരികയും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്ത് വിമതര്‍ പിടിച്ചെടുക്കുകയും ചെയ്തത് സി.പി.എമ്മിന് വലിയ രാഷ്ട്രീയനഷ്ടമാണ് ഉണ്ടാക്കിയത്'.
 ഈ രാഷ്ട്രീയ നഷ്ടത്തിനുളള പ്രതികാരമാണത്രേ സിപിഐഎം ചെയ്തത്.

ഒഞ്ചിയത്ത് ആര്‍എംപിയ്ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ചത് ആകെ 6293 വോട്ടുകളാണ്. അതിന്റെ നല്ലൊരു പങ്കും സംഭാവന ചെയ്തത് യുഡിഎഫാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയ്ക്ക് ഒഞ്ചിയത്തു ലഭിച്ചത് 2959 വോട്ടുകള്‍. ഒറ്റവര്‍ഷം കൊണ്ട് ഒഞ്ചിയത്ത് ആര്‍എംപിയുടെ ശക്തി നേര്‍പകുതിയായി കുറഞ്ഞു. യുഡിഎഫിന്റെ നിക്ഷേപം അവര്‍ പിന്‍വലിച്ചത് ഒരു പ്രധാനകാരണമാണ്. സ്വന്തം നിലയില്‍ സംഭവിച്ച ശക്തിക്ഷയം വേറെ. ടി. പി. ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ് ഇതു സംഭവിച്ചത്

രണ്ടാമതൊരു വാദമിങ്ങനെ: 

'ഒഞ്ചിയം മേഖലയില്‍ ചന്ദ്രശേഖരന്റെയും കൂട്ടരുടെയും ജനപിന്തുണ കുറയുകയല്ല, വളരുകയാണുണ്ടാവുന്നതെന്ന് കണ്ട സി.പി.ഐഎം. നേതൃത്വം കോഴിക്കോട്ട് നടന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന് മുമ്പ് തന്നെ ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി….പക്ഷേ, ടി.പി അല്പം പോലും വഴങ്ങിയില്ല., സംഭാഷണത്തിന് നിന്നു കൊടുത്തതേയില്ല. അപ്പോള്‍ പിന്നെ സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗമില്ല. ശല്യകാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല'.
ശല്യകാരികളെ തുടച്ചു നീക്കലാണത്രേ സിപിഐഎമ്മിന്റെ പതിവു ശൈലി. സിപിഎമ്മിന്റെ ചരിത്രത്തില്‍ നിന്ന് ഒരുദാഹരണം വേണു കാണിച്ചുതരൂ. വേണുവിന്റെ ഭൂതകാലത്തിന്റെ പാപഭാരം ഞങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ട. ടി പി ചന്ദ്രശേഖരന്‍ തിരിച്ചുവന്നില്ലെങ്കിലും അനേകം പേര്‍ തിരികെ പാര്‍ട്ടിയിലേയ്ക്കു വന്നു. ഈ പ്രവണത ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിച്ചത്.



എന്തിന് സിപിഐഎം ഇങ്ങനെയൊരു കൊലപാതകം നടത്തണമെന്നതിന് യുക്തിസഹമായ ഒരു വിശദീകരണവും വേണുവിന്റെ പക്കലില്ല. മറിച്ച് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പുപോലുള്ള സുപ്രധാന വേളയില്‍ ഈ വധം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥയ്ക്കുശേഷമുളള ഏറ്റവും വലിയ ആക്രമണത്തിന് പാര്‍ട്ടി ഈ വധത്തോടെ ഇരയാവുകയും ചെയ്തു. അതുകൊണ്ടാണ് ഏതെങ്കിലും സിപിഐഎം പ്രവര്‍ത്തകന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതു മാപ്പര്‍ഹിക്കാത്ത തെറ്റാവുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പാര്‍ട്ടി പ്രസ്താവിക്കുകയും ചെയ്തു. ഈ നിലപാട് നിരാകരിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് വേണുവും കൂട്ടരും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ കടന്നാക്രമണങ്ങളെ പാര്‍ട്ടിയും അനുഭാവികളും പ്രതിരോധിക്കുക തന്നെ ചെയ്യും. 

ഒരു 'ശുദ്ധജനാധിപത്യവാദി'യുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പുരാണം


ടി. പി. ചന്ദ്രശേഖരന്റെ ദാരുണമായ വധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സിപിഎം വിരുദ്ധ പ്രചാരവേലയുടെ മുന്നില്‍ നില്‍ക്കുന്നവരില്‍ പ്രമുഖന്‍ കെ. വേണുവാണ്. 'അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല' (മാതൃഭൂമി ആഴ്ചപ്പതിപ്പ് മെയ് 20-26, 2012), 'ജനാധിപത്യവും നിയമവാഴ്ചയും കമ്മ്യൂണിസ്റ്റുകാരും' (മാതൃഭൂമി ദിനപത്രം, 2012 ജൂണ്‍ 4) എന്നീ ലേഖനങ്ങളും തൃശൂരില്‍ നടന്ന എഴുത്തുകാരുടെ പ്രതിഷേധ സമ്മേളനത്തിലെ പ്രമേയവുമാണ് ഈ ഗണത്തില്‍ കെ. വേണുവിന്റെ സംഭാവനകള്‍. 



 യഥാര്‍ത്ഥത്തില്‍, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് വേണു എഴുതിയ 'പൊളിച്ചെഴുതുക, പ്രത്യയശാസ്ത്രത്തെ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് - നവംബര്‍ 13-19, 2011) എന്ന ആഹ്വാനത്തിലെ വാദങ്ങളുടെ ആവര്‍ത്തനമാണ് മേല്‍പറഞ്ഞ ലേഖനങ്ങളിലെ വാദങ്ങള്‍. ആദ്യമായിട്ടല്ല വേണു ഇത്തരം ആഹ്വാനങ്ങള്‍ നടത്തി സിപിഎമ്മിനെ നേരേയാക്കാന്‍ ശ്രമിക്കുന്നത് എന്ന് അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വേണുവിന്റെ ആഹ്വാനങ്ങള്‍ക്ക് സിപിഎം ചെവി കൊടുത്തില്ലപോലും. അതിന്റെ അനിവാര്യഫലമായിരുന്നുവത്രേ ടി പി ചന്ദ്രശേഖരന്‍ വധം. ഇതോടെ കെ. വേണുവിന് അര്‍ത്ഥശങ്കയില്ലാതെ ബോധ്യമായ കാര്യങ്ങള്‍ ഇവയാണ്: നന്നാകാനുളള തലവര കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല; മാര്‍ക്‌സിസം - ലെനിനിസം ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രമാണ്; കമ്മ്യൂണിസം ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്; അതിനെ തകര്‍ത്തേ ജനാധിപത്യത്തെ രക്ഷിക്കാനാവൂ; ഇതിനായി പൗരസമൂഹം ഉണരണം.


നക്‌സലുകളുടെ ഔദാര്യം!
ഏതായാലും ഈ ലേഖനങ്ങളില്‍ സ്വന്തം ഭൂതകാലത്തെക്കുറിച്ച് വേണു നിശബ്ദത പാലിക്കുകയാണ്. ഒരു രസകരമായ പരാമര്‍ശമൊഴികെ. അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല എന്ന ലേഖനത്തില്‍ വേണു ഇങ്ങനെ വാദിക്കുന്നു;


 '1980 കളുടെ ആരംഭത്തില്‍ സജീവമായിരുന്ന നക്‌സലൈറ്റുകള്‍ക്കെതിരെ, രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. തിരിച്ചടിക്കില്ലെന്ന നക്‌സലൈറ്റു നിലപാടു നിമിത്തമാണ് അന്ന് പരസ്പര സംഘട്ടനങ്ങളും ഒഴിവാക്കപ്പെട്ടത്'.
സിപിഎം 'അഴിച്ചുവിട്ട' ആക്രമണത്തിന്റെ സ്വഭാവം 'രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍' ആയിരുന്നത്രേ. അതുശരി. രാഷ്ട്രീയവിമര്‍ശനത്തിന്റെ രൂപത്തിലുളള ആക്രമണം പോലും പാടില്ലേ വേണൂ.... അത് സംഘട്ടനത്തിലേയ്ക്ക് വഴിമാറാത്തത് നക്‌സലൈറ്റുകളുടെ ഔദാര്യം മൂലമായിരുന്നു പോലും. 


ഇതില്‍ നിന്നു സിപിഎമ്മിന്റെ നിലപാടു വ്യക്തമല്ലേ? പാര്‍ട്ടി വിട്ടുപോകുന്നവരെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം ശ്രമിച്ചിട്ടുളളത്. അങ്ങനെയുളള വിമര്‍ശനത്തെ കായികമായി നേരിടാതിരിക്കാനുളള ഔദാര്യം നക്‌സലൈറ്റുകള്‍ കാണിച്ചുവെന്നാണ് വേണു വാദിക്കുന്നത്. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് ഉപന്യസിക്കുമ്പോഴും പഴയ നക്‌സലൈറ്റ് ഭൂതകാലം വേണുവില്‍ തികട്ടിവരുന്നുണ്ട്. 


സിപിഎം നേതാവ് അഴിക്കോടന്‍ രാഘവന്റെ വധം വേണുവിന് ഓര്‍മ്മയില്ല. വേണുവിന്റെ ഗ്രൂപ്പുകാരല്ല അതു ചെയ്തത് എന്നു വാദിക്കാം. എ. വി. ആര്യന്റെ ഗ്രൂപ്പുകാരായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കൊന്നു തളളുന്ന നക്‌സല്‍ പാരമ്പര്യംതന്നെയായിരുന്നു അവരുടേതും. 


നക്‌സല്‍ തീവ്രവാദത്തില്‍ നിന്ന് പടിപടിയായി അകന്ന കെ. വേണു, ഇപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ വലതുപക്ഷക്കാരനായി രൂപാന്തരപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസത്തിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കുമെതിരെ വിമോചനസമരകാലം മുതല്‍ കേരളത്തിലെ പിന്തിരിപ്പന്‍ന്മാര്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്ന വിമര്‍ശനങ്ങളെയെല്ലാം പുതിയ ചായം മുക്കി കേരളത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ ടി പി ചന്ദ്രശേഖരന്‍ വധം വേണു ഒരു നിമിത്തമാക്കി മാറ്റിയിരിക്കുന്നു. 


 വര്‍ഗശത്രുക്കളുടെ തലവെട്ടി വലതുപക്ഷ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാമെന്ന് വ്യാമോഹിച്ച് അതിവിപ്ലവത്തിന്റെ കാല്‍പനികപഥത്തില്‍ ഏറെക്കാലം അലഞ്ഞു നടന്ന കെ. വേണുവാണ് ഒടുവില്‍ അതേ വലതുപക്ഷത്തിനു വേണ്ടി തലച്ചോറു പുകയ്ക്കുന്നത്.


തലവെട്ടു രാഷ്ട്രീയം വഴി വിപ്ലവം നടത്താമെന്നു വ്യാമോഹിച്ച കെ. വേണുവിനും സംഘത്തിനും ജയറാം പടിക്കലിന്റെ രൂപത്തില്‍ കെ.കരുണാകരന്‍ നല്‍കിയ ചികിത്സ ഫലിച്ചുവെന്നു വേണം കരുതാന്‍. നിയമവാഴ്ചയോടൊക്കെ വേണുവിനിപ്പോള്‍ എന്തൊരു മതിപ്പാണ്! എല്ലാത്തരം തൊഴില്‍സമരങ്ങളോടും അറുപുച്ഛവും! സിപിഎമ്മിന്റെ എല്ലാ പ്രവര്‍ത്തനങ്ങളോടും വേണുവിന് ആ പുച്ഛമുണ്ട്. സ്വന്തം രാഷ്ട്രീയഭൂതകാലം വിസ്മരിച്ചുകൊണ്ട് ചാനലുകളിലും മറ്റും അദ്ദേഹം തട്ടിവിടുന്ന സൈദ്ധാന്തിക ന്യായങ്ങള്‍ കേട്ട് ചരിത്രബോധമില്ലാത്ത ചാനല്‍ ആങ്കര്‍മാര്‍ ഒരുപക്ഷേ, തലകുലുക്കിയേക്കാം. അല്ലാത്തവരോ?


കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മം മുതല്‍ ജനാധിപത്യവിരുദ്ധരോ?
കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധതയെ ചരിത്രപരമായി അനാവരണം ചെയ്യാനുളള പരിശ്രമമാണ് പൊളിച്ചെഴുതുക പ്രത്യയശാസ്ത്രത്തെ എന്ന ലേഖനത്തില്‍ നല്ലൊരു പങ്കും. ആദ്യഘട്ടം 'തെലുങ്കാനസമരവും പുന്നപ്രവയലാറും കല്‍ക്കത്താ തീസീസുമെല്ലാം' നടപ്പാക്കിയ കാലമാണ്. വേണുവിന്റെ അഭിപ്രായത്തില്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തെയും നിയമവിധേയ പ്രവര്‍ത്തനത്തെയും തളളിക്കളഞ്ഞിരുന്നു. പക്ഷേ, അതിനു മുമ്പോ? 



1920 മുതല്‍ 1942വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രായോഗികമായി നിരോധിക്കപ്പെട്ടിരുന്നുവെന്നും കൊളോണിയല്‍ ഭരണാധികാരികളുടെ രൂക്ഷമായ അടിച്ചമര്‍ത്തലിന് ഇരയായിരുന്നുവെന്നും കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിരുന്നുവല്ലോ. ഇക്കാലവും കമ്മ്യൂണിസ്റ്റ് ജനാധിപത്യവിരുദ്ധ നിലപാടിന്റെ ഫലമായിരുന്നുവോ?


വേണുവിന്റെ ദര്‍ശനം അനുസരിച്ച് ജനാധിപത്യമെന്നാല്‍ 'മുതലാളിത്തത്തിന്റെ സൃഷ്ടിയല്ല. ഗോത്രസമൂഹകാലം മുതല്‍ക്കേ പ്രവര്‍ത്തനമാരംഭിച്ച സാമൂഹിക സംഘടനാരൂപമാണത്. മനുഷ്യചരിത്രത്തിലുടനീളം ഈ സാമൂഹ്യസംഘടനാ രൂപം വിവിധ രൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്. (ഇന്നത്തെ) പാര്‍ലമെന്ററി ജനാധിപത്യം അതിലൊന്നുമാത്രമാണ്'. 


ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കീഴിലും ജനാധിപത്യത്തിന്റെ സവിശേഷ രൂപങ്ങളുണ്ടായിരുന്നു. പ്രാദേശിക തദ്ദേശ ഭരണസ്ഥാപനങ്ങള്‍ രൂപം കൊണ്ടിരുന്നു. പ്രവിശ്യാ നിയമസഭകളും നിലവിലുണ്ടായിരുന്നു. ജാതി ഗോത്ര സഭകളെയും കൂട്ടായ്മകളെയും ഈ ജനാധിപത്യ സംവിധാനത്തില്‍ വേണു ഉള്‍പ്പെടുത്തുമോ എന്നെനിക്കറിയില്ല. ഇവയൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തളളിപ്പറഞ്ഞതിനെ ജനാധിപത്യ വിരുദ്ധമെന്ന് വേണു കരുതുന്നുണ്ടോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചിട്ടുണ്ട്. 


വേണുവിന്റെ യുക്തി അനുസരിച്ചാണെങ്കില്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യന്‍ ജനത ഇറങ്ങേണ്ടിയിരുന്നില്ല. അന്നത്തെ പരിമിതമായ ജനാധിപത്യം പുഷ്ടിപ്പെടുത്തി വളര്‍ത്താനും അതുവഴി സ്വാതന്ത്ര്യം നേടാനുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ജനതയും ചെയ്യേണ്ടിയിരുന്നത്.


മേല്‍പറഞ്ഞത്രയും വേണു പറഞ്ഞിട്ടില്ല എന്നു സമ്മതിക്കണം. ഇതെന്റെ വളച്ചൊടിക്കലാണ് എന്നു വേണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷേ, അമ്പത്തൊന്നിനു ശേഷമുളള വേണുവിന്റെ ചരിത്രവ്യാഖ്യാനം കൃത്യമായി ലേഖനത്തിലുണ്ട്. സായുധ സമരം പിന്‍വലിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ വഞ്ചിക്കാനായിരുന്നുവത്രേ തീരുമാനിച്ചത്. പാര്‍ട്ടി സംഘടന ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ തുടര്‍ന്നു. അതുപോലെ രഹസ്യപ്രവര്‍ത്തനങ്ങളും.


എത്ര അരാഷ്ട്രീയവും ചരിത്രബോധമില്ലായ്മയുമാണ് അമ്പത്തൊന്നു കാലത്തെ വേണു വിലയിരുത്തുന്നത് എന്നുനോക്കൂ. സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യന്‍ ഭരണാധികാരികളുടെ സ്വഭാവത്തില്‍ വന്ന അടിസ്ഥാനപരമായ മാറ്റം, കോണ്‍ഗ്രസുമായി സഹകരിച്ചുളള രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പകരം ഭരണപ്പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ എതിര്‍പ്പിന്റെ കുന്തമുന തിരിക്കേണ്ടതിന്റെ അനിവാര്യത, ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ ജനാധിപത്യാവകാശങ്ങള്‍ ഈ സമരത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന പ്രശ്‌നം ഇവയെല്ലാം കെ. വേണുവിന് കമ്മ്യൂണിസ്റ്റുകാരുടെ ഒരു രാഷ്ട്രീയ ഗൂഢാലോചനയും വേലകളിയും മാത്രമാണ്. വിപ്ലവമുഖം നിലനിര്‍ത്താന്‍ വേണ്ടി 'പാര്‍ലമെന്റേതര സമരങ്ങളെന്ന പേരില്‍ പലവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ നടത്തിക്കൊണ്ടിരുന്നു. ഇപ്പോഴും അതെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്നു'.


1957-ഉം അതിനുശേഷവും
1957-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതായിരുന്നു ഒരു വഴിത്തിരിവ്. വേണുവിന്റെ വാക്കുകള്‍: 


 '1957 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ, പോലീസിന്റെ ഭാഗത്തുനിന്നും ശത്രുവര്‍ഗ്ഗങ്ങളുടെ ഭാഗത്തുനിന്നും കമ്മ്യൂണിസ്റ്റുകാര്‍ നിരന്തരം ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 1957ല്‍ അധികാരത്തില്‍ വന്നതോടെ, സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പാര്‍ട്ടിയുടെ രഹസ്യയൂണിറ്റുകള്‍ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. വിമോചന സമരകാലത്ത് ഈ സെല്‍ഭരണം പ്രധാനവിമര്‍ശന വിഷയങ്ങളില്‍ ഒന്നായിരുന്നു. രണ്ടു ദശകങ്ങള്‍ കൊണ്ടാണ് അധികാര പാര്‍ട്ടിയിലേക്കുള്ള പരിവര്‍ത്തനം നടന്നത്. ചുരുങ്ങിയ സമയത്തേക്കാണെങ്കിലും ഇടയ്ക്കിടയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിലൂടെയാണ് ഈ മാറ്റം സാധ്യമായത്'.
ഹൊ. ഇത്രയും സമ്മതിച്ചല്ലോ. അമ്പത്തേഴു വരെ അക്രമത്തിനിരയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ, അമ്പത്തേഴു മുതല്‍ അധികാരപ്പാര്‍ട്ടിയായി. എന്തെല്ലാം അതിക്രമങ്ങളാണ് ആ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ കേരളത്തില്‍ നടത്തിക്കൂട്ടിയത്? സഹികെട്ട് ജനങ്ങള്‍ക്ക് വിമോചന സമരത്തിനിറങ്ങേണ്ടി വന്നുപോലും.. എന്തിനാ വേണൂ, ചരിത്രം മറന്ന് വിമോചന സമരക്കാരുടെ കുഴലൂത്തുകാരനാകുന്നത്? വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന എന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് വിരോധം കൊണ്ട് ഇത്രയേറെ തിമിരം ബാധിക്കാമോ?

ഇങ്ങനെ അധികാരപ്പാര്‍ട്ടിയായി മാറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രത്യേകിച്ച് സിപിഐഎം ആയതിനു ശേഷം എങ്ങനെയാണ് കൊലയാളിപ്പാര്‍ട്ടിയായി മാറിയത് എന്നതു സംബന്ധിച്ച് ഒരു വിവരണം ചരിത്രകാരനായ വേണു നല്‍കുന്നുണ്ട്.
'60കളില്‍ സി.പി.എം. ആരംഭിച്ച ഗോപാലസേന പ്രകടനപരമായിരുന്നെങ്കില്‍ 80കള്‍ ആയപ്പോഴേക്കും വളണ്ടിയര്‍സേന പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും സജ്ജരാക്കപ്പെട്ടവരെകൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഡിഫന്‍സ് വളിയര്‍മാര്‍ എന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടു. ആര്‍.എസ്.എസുകാരെയും മറ്റ് എതിരാളികളെയും കൊലപ്പെടുത്തുന്നതിനുവേണ്ടി, ഈ ഡിഫന്‍സ് വളണ്ടിയര്‍മാരില്‍ നിന്ന് പ്രത്യേകം കോര്‍ഗ്രൂപ്പുകളെ പരിശീലിപ്പിക്കാനും തുടങ്ങി. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വേണ്ടി സജ്ജരായവരെ വിപ്ലവത്തിന് വേണ്ടി പാര്‍ട്ടി പറയുന്ന ഏത് കൃത്യവും സന്തോഷത്തോടെ ഏറ്റെടുക്കുവാന്‍ കഴിയും വിധം മാനസികമായി തയ്യാറാക്കുന്ന പരിശീലനമാണ് നല്‍കിയിരുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെമാത്രം ഭരണം വരുന്ന നാളെയെ സ്വപ്നം കണ്ടുകൊണ്ട്, അത്തരം ലക്ഷ്യസാക്ഷാത്ക്കാരത്തിന് വേണ്ടി, എതിരാളികളെ മുഴുവന്‍ അരിഞ്ഞുവീഴ്ത്തുന്നത് പാവനകര്‍ത്തവ്യമായി കണക്കാക്കാനാണ് പരിശീലിപ്പിക്കപ്പെട്ടത്. തങ്ങളുടെ പാര്‍ട്ടിയുടെ മാത്രം ഭരണമുള്ള നാളെയെക്കുറിച്ചുള്ള സങ്കല്പം ശക്തമാവുന്നതിനനുസരിച്ച് മറ്റ് പാര്‍ട്ടിക്കാരെയും മറ്റും തുടച്ചുനീക്കുന്നത് ആവശ്യവും ന്യായവുമായിത്തീരുന്നു. ഒരു കുറ്റബോധവും തോന്നേണ്ടതില്ലെന്നു ചുരുക്കം. ആദ്യകാലങ്ങളില്‍ ഇങ്ങനെ മാനസികമായും ആശയപരമായും സജ്ജമാക്കപ്പെട്ടവരാണ് കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ക്രമേണ ഇത്തരം വിശ്വാസങ്ങള്‍ ദുര്‍ബലമാവുകയും വിപ്ലവത്തിലുള്ള പ്രതീക്ഷതന്നെ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിസഖാക്കളെ കിട്ടാതായി തുടങ്ങി. അങ്ങിനെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കേണ്ടി വന്നത്.
ആരാണ് ജനാധിപത്യവിരുദ്ധര്‍?
വേണു ഈ പറയുന്ന കാലഘട്ടം ഏതായിരുന്നുവെന്ന് ഓര്‍ക്കുക. അമ്പതുകള്‍ മുതലുളള മൂന്നു പതിറ്റാണ്ടുകളിലാണ് കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം സംസ്ഥാന വ്യാപകമായത്. സവര്‍ണാധിപത്യത്തിനും ജന്മി വാഴ്ചയ്ക്കുമെതിരെ പടവെട്ടിയാണ് മാന്യമായ കൂലിയും മാനമായി ജീവിക്കാനുളള അവകാശവും അവര്‍ നേടിയത്. അറുപതുകളുടെ ഉത്തരാര്‍ദ്ധം മുതലാണ് പട്ടിണിക്കൂലി പോലും നിഷേധിക്കപ്പെട്ടിരുന്ന കേരളത്തിലെ അസംഘടിത മേഖലയിലെ കൈത്തൊഴിലുകാരെല്ലാം സംഘടിതരായി തലയുയര്‍ത്തി നിന്നത്. ട്രേഡ് യൂണിയനുകള്‍ നിഷിദ്ധമാക്കപ്പെട്ടിരുന്ന പ്ലാന്റേഷന്‍ മേഖലയില്‍ തൊഴിലാളികള്‍ സംഘടിച്ചത്. തീക്ഷ്ണമായ ഈ വര്‍ഗസമരകാലത്തെയും അതിലെ ഏറ്റുമുട്ടലുകളെയും ഇതില്‍പ്പരം ഒരാളിന് അപമാനിക്കാനാവില്ല.


ഈ സമരചരിത്രത്തില്‍ എഴുപതുകളുടെ മധ്യത്തിലാണ് ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അംഗമാകുന്നത്. വേണുവിന്റെ അഭിപ്രായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ അധികാരപ്പാര്‍ട്ടിയായി മാറി കൊലയാളി സംഘങ്ങളെ വാര്‍ത്തെടുത്തു കൊണ്ടിരുന്ന കാലത്ത്. അക്കാലത്തെ എന്റെ അനുഭവം പറയാം.


മഹാരാജാസിലെ എസ്എഫ്‌ഐക്കാരായ ഞങ്ങള്‍ അക്കാലത്ത് നഗരത്തിലെ ഒട്ടെല്ലാ സമരങ്ങളിലും സജീവ പങ്കാളികളായിരുന്നു. സമരങ്ങളിലുള്ള ഉശിരന്‍ പങ്കാളിത്തം ഞങ്ങളെ പലപ്പോഴും സംഘട്ടനങ്ങളിലും എത്തിച്ചു. കൊച്ചി തുറമുഖ മേഖലയിലെ ഗുണ്ടാസംഘവുമായുള്ള പകയായി ഈ സംഘര്‍ഷങ്ങള്‍ വളര്‍ന്നു. ഞാനടക്കം പ്രധാനപ്പെട്ട പ്രവര്‍ത്തകരെല്ലാം രഹസ്യമായി കായികപരിശീലനത്തില്‍ ഏര്‍പ്പെട്ടു. അടുത്ത തവണ കോളജ് ആക്രമിക്കുന്ന ഗുണ്ടകളെ നേരിടാന്‍ കെണിയൊരുക്കി. എന്നാല്‍ അത്തരമൊരു മാരകമായ സംഘട്ടനം അനേകം സഖാക്കളെ ബാധിക്കും എന്ന് തിരിച്ചറിഞ്ഞ പോളിയോ ബാധിച്ചു വികലാംഗനായ ആല്‍ബി കുപ്രസിദ്ധ ഗുണ്ടയെ കൊച്ചിയില്‍ ഒരു വോളീബാള്‍ ടൂര്‍ണമെന്റ് സ്ഥലത്തു ഒറ്റയ്ക്കു ചെന്നു കടന്നാക്രമിച്ചു. ഗുണ്ട പേടിച്ചോടി! പോളിയോ ബാധിതനായ ആല്‍ബിയ്ക്ക് ഓടാനും വയ്യ. കത്തിയുമായി അങ്ങനെ ടൂര്‍ണമെന്റിന്റെ നിറഞ്ഞ ഗ്യാലറിക്കു നടുവില്‍ നില്‍ക്കുകയാണ്! ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.


തുടര്‍ന്നാണ് എന്റെ നേരെ വധശ്രമം നടന്നത്. അന്നൊരു ദിവസം ഹോസ്റ്റല്‍ ടെറസില്‍ ഗാര്‍ഡ് ചുമതല എന്റെ ഗ്രൂപ്പിനായിരുന്നു. രാത്രി കണ്ണട ഒടിഞ്ഞുപോയി. കാലത്തുതന്നെ അതു നന്നാക്കാന്‍ കട അന്വേഷിച്ചു പോകുകയായിരുന്നു. ജനറല്‍ ഹോസ്പിറ്റലിന് അടുത്തുവച്ച് ഒരു കാര്‍ എന്റെയടുത്തു ബ്രേക്കിട്ടുനിര്‍ത്തി കണ്ണട ഇല്ലാത്തതിനാല്‍ ആരാണെന്നു വ്യക്തമല്ല. അതുകൊണ്ടു കാറിനുള്ളിലേക്കു തലയിട്ടു നോക്കി. ഊരിയ വടിവാളുകളും മറ്റ് ആയുധങ്ങളുമായി തിങ്ങിയിരിക്കുന്ന ഗുണ്ടാസംഘം! കണ്ണട ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയോ എന്ന് അവര്‍ക്കു സംശയം. ഓടുന്നതിനു പകരം അകത്തേക്കു തലയിട്ടു നോക്കുന്നതു കണ്ടപ്പോള്‍ ഞാനല്ല എന്ന നിഗമനത്തില്‍ അവര്‍ എത്തിയിട്ടും ഉണ്ടാകാം. ഭാവഭേദം കൂടാതെ ഞാന്‍ സാവധാനം നടന്നകന്നു. പിന്നെ ഒരു ഓട്ടമത്സരം ആയിരുന്നു. ജനറല്‍ ആശുപത്രിമതില്‍ എങ്ങനെ ചാടിക്കടന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. ഇര കൈവിട്ടുപോയ ദേഷ്യത്തില്‍ ഹോസ്റ്റലിലേക്കു നീങ്ങിയ ഗുണ്ടാസംഘം ആദ്യം കണ്ടവരെ കുത്തിവീഴ്ത്തി. എസ്.എഫ്.ഐ.ക്കാര്‍ അല്ലാത്തവരെല്ലാം ഹോസ്റ്റലില്‍നിന്നു വിട്ടുപോയിരുന്നു. 


 ഇതറിയാതെ ബന്ധുവിനെ അന്വേഷിച്ചു വന്ന ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയാണ് കൊലക്കത്തിക്ക് ഇരയായത്.

പിന്നെ ഈ ഗുണ്ടയെ ഞാന്‍ പിന്നീടൊരിക്കല്‍ കണ്ടു. അടിയന്തരാവസ്ഥക്കാലത്ത് എറണാകുളം സബ്ജയിലില്‍ നിന്ന് സാക്ഷി പറയുന്നതിനായി എറണാകുളം കോടതിയില്‍ എന്നെ ഹാജരാക്കി. ക്രോസ് വിസ്താരത്തിനിടെയില്‍ പ്രഭാകരന്‍ വക്കീല്‍ എന്നോടു ചോദിച്ചു, 'ഇവനോട് നിങ്ങള്‍ക്ക് പകയുണ്ടായിരുന്നോ?'. ഉണ്ടായിരുന്നു എന്നു ഞാന്‍ സമ്മതിച്ചു. 'ഇപ്പോഴുമുണ്ടോ തിരിച്ചടിക്കാന്‍ ആഗ്രഹം?'. സര്‍ക്കാര്‍ വക്കീല്‍ കണ്ണുകൊണ്ട് ഇറുക്കി കാണിച്ചെങ്കിലും എന്റെ മറുപടി, ഉണ്ട് എന്നായിരുന്നു.


ഇനി വേണു പറയൂ. കായിക പരിശീലനത്തിലേര്‍പ്പെട്ട ഞാന്‍ ജനാധിപത്യവിരുദ്ധനായിരുന്നോ? സ്വമേധയാ സഹപ്രവര്‍ത്തകരായ മറ്റു സഖാക്കളെ കേസില്‍ കുടുക്കേണ്ട എന്നു കരുതി ഗുണ്ടയെ കടന്നാക്രമിക്കാന്‍ കത്തിയുമായി ഇറങ്ങിത്തിരിച്ച ആ വികലാംഗനെ നിങ്ങള്‍ ഗുണ്ടയെന്ന് കരുതുന്നുണ്ടോ?
ഇത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന എന്റെയൊരു കൊച്ചനുഭവം. ഇതുപോലെ എത്രയെത്ര പേര്‍ക്ക് ഇത്തരം തീക്ഷ്ണമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. വേണു ഒന്നു മനസിലാക്കുക. നാല്‍പതിലേറെ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കാമ്പസുകളില്‍ പിടഞ്ഞു മരിച്ചത്. തിരിച്ച്, എസ്എഫ്‌ഐക്കാര്‍ കൊല ചെയ്ത ഒരു കെഎസ്‌യുക്കാരന്റെ പേരു പറഞ്ഞു തരാമോ? ചന്ദ്രശേഖരന്‍ വധമെടുത്തുവെച്ച് ഞങ്ങളെയൊക്കെ കൊലയാളികളായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധവേട്ടയ്ക്കിറങ്ങുന്ന ജനാധിപത്യവാദികളുടെ ബാക്കി വാദങ്ങള്‍ അടുത്ത ലക്കത്തില്‍ പരിശോധിക്കാം. (അടുത്ത ലക്കം - വര്‍ഗസമരവും ബലപ്രയോഗവും) 

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...