About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Monday, July 25, 2011

വികസനോന്മുഖ ധനനയം നിരുത്തരവാദപരമോ?


ധനമാനേജ്‌മെന്റല്ല, ധന മിസ്മാനേജ്‌മെന്റാണ് കേരളത്തില്‍ നടമാടിയത് എന്നാണ് കെ. എം. മാണി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഏത് അളവുകോല്‍ വെച്ച് അളന്നാലും കേരളത്തിന്റെ ധനനില എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെച്ചപ്പെടുകയായിരുന്നുവെന്ന് കെ. എം. മാണിയുടെ ധവളപത്രത്തിലെ കണക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്.  നിരുത്തരവാദപരമായ ധനമാനേജ്‌മെന്റിന്റെ ഉദാഹരണങ്ങളായി ധവളപത്രം ചൂണ്ടിക്കാണിക്കുന്ന ആരോപണങ്ങള്‍ക്കും മറുപടി  പറയാം.

ധവളപത്രം ഖണ്ഡിക 4 - ''ട്രഷറിയിലെ കാഷ് ബാലന്‍സ് മികവിന്റെ സൂചകമല്ല. ഇത് കാശിന്റെ ഏറ്റവും ഉചിതമായ ഉപയോഗമല്ല. ട്രഷറിയില്‍ മിച്ചമായി വെയ്ക്കുന്ന പണത്തിന് പലിശ കൊടുക്കണം. ഇത് സംസ്ഥാനത്തിന്റെ ബാധ്യത വര്‍ദ്ധിപ്പിക്കുന്നു.... അതുകൊണ്ട് വലിയ ട്രഷറി മിച്ചം കാണിച്ചുകൊണ്ട് ആശ്വാസനെടുവീര്‍പ്പ് വിടാന്‍ കഴിയില്ല''.

ബദല്‍ ധവളപത്രം - മേല്‍പറഞ്ഞ പ്രസ്താവനയെക്കുറിച്ച് ഒരു തര്‍ക്കവും ഞങ്ങള്‍ക്കില്ല. തിരിഞ്ഞു നോക്കുകയാണെങ്കില്‍ ട്രഷറി മിച്ചം പ്രതിഭാസത്തെ ഇന്ത്യയിലെ ധനകാര്യ ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവന്നത് 2006-07ലെ ബജറ്റ് പ്രസംഗത്തിലൂടെയാണ്. അല്‍പം ദൈര്‍ഘ്യമുണ്ടെങ്കിലും പ്രസക്തമായ ചില ഖണ്ഡികകള്‍ ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല.

''സമീപകാലത്തായി ട്രഷറിയില്‍ മിച്ചം എന്ന പ്രതിഭാസം ഇന്ത്യയിലെ ഒട്ടു മിക്കവാറും സംസ്ഥാനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളെല്ലാം തൃപ്തിപ്പെട്ടതു കൊണ്ട് പണം ചെലവഴിക്കാനാകാതെ ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ വിഷമിക്കുകയാണെന്ന് ആരും പറയുകയില്ലല്ലോ. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇന്ന് 9 - 10 ശതമാനത്തിന് വായ്പ എടുത്തു കൊണ്ടിരിക്കുകയാണ് എന്നതും പ്രസ്താവ്യമാണ്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ധനകാര്യവര്‍ഷമവസാനം (മാര്‍ച്ച് 31, 2006) 31,744 കോടി രൂപയാണ് ഇത്തരത്തില്‍ മിച്ചം. 


ഈ പണം കേന്ദ്ര സര്‍ക്കാരിന്റെ ട്രഷറി ബില്ലുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിക്കുക. 5.0 ശതമാനമാണ് അതിന് പലിശ. അങ്ങനെ കേന്ദ്രത്തിന് ചുരുങ്ങിയ പലിശയ്ക്ക് ഇത്രയും ഭീമമായ തുക കൈവശത്താക്കാന്‍ കഴിയുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളുടെ മേലും കഴിഞ്ഞ വര്‍ഷം 9.5% പലിശയ്ക്കാണ് ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിന്നും 274054 കോടി രൂപ കേന്ദ്രം അടിച്ചേല്‍പ്പിച്ചത്. അടിച്ചേല്‍പ്പിച്ചത് എന്ന പ്രയോഗം മന:പൂര്‍വ്വം ഉപയോഗിച്ചതാണ്. പല സംസ്ഥാനങ്ങളും (കേരളമല്ല) ഇത്ര ഉയര്‍ന്ന പലിശ നിരക്കുള്ള ദേശീയ സമ്പാദ്യ പദ്ധതി വായ്പ തല്‍ക്കാലം വേണ്ടെന്നും പലിശ കുറഞ്ഞ പൊതു കടമെടുപ്പിന് അനുവദിക്കുകയാണ് വേണ്ടതെന്നും ഉള്ള നിലപാടിലാണ്. 


എന്നാല്‍ ഉയര്‍ന്ന പലിശ നിരക്കുള്ള ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിന്നുള്ള വായ്പകള്‍ തന്നെ സംസ്ഥാനങ്ങള്‍ എടുത്തോണം എന്നാണ് കേന്ദ്രത്തിന്റെ പക്ഷം. അങ്ങനെ 9.5 ശതമാനം പലിശയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പ ട്രഷറി ബില്ലിലെ നിക്ഷേപങ്ങളായി 5 ശതമാനം പലിശയ്ക്ക് കേന്ദ്രത്തില്‍ തിരിച്ചെത്തുകയാണ്. ഈ പുതിയ ഏര്‍പ്പാടിന്റെ ഫലമായി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നില സംസ്ഥാനങ്ങളുടെ ചെലവില്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി എന്നതാണ് യാഥാര്‍ത്ഥ്യം. 


സംസ്ഥാന ധനസ്ഥിതിയെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ വിശദമായ സമീപകാല പഠനത്തില്‍ ഇത് എടുത്തു പറഞ്ഞിട്ടുണ്ട്: “14 ദിവസത്തെ ട്രഷറി ബില്ലുകളില്‍ സംസ്ഥാനങ്ങള്‍ അവരുടെ ക്യാഷ് ബാലന്‍സ് മിച്ചം നിക്ഷേപിച്ചിരുന്നില്ലായെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിത്യനിദാന ചെലവിന്റെ കാര്യത്തില്‍ കമ്മിയിലായേനെ” (പേജ് 52 - സംസ്ഥാന ധനകാര്യം 2005-06 ബജറ്റുകളെക്കുറിച്ചൊരു പഠനം, ആര്‍.ബി.ഐ. 2005). കൂടുതല്‍ ധനസഹായം കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സംസ്ഥാനങ്ങളുടെ “വീര്‍ത്ത മടിശ്ശീല” ചൂണ്ടിക്കാണിക്കുന്നതും ഒരു പതിവാക്കിയിട്ടുണ്ട്. 


ദൗര്‍ഭാഗ്യമെന്നു പറയട്ടെ കേരളത്തിലെ യു.ഡി.എഫുകാരും അതെ പല്ലവി ആവര്‍ത്തിക്കുകയാണ്. ഈ ജനവിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തി സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരുമിച്ചു നില്‍ക്കണമെന്ന് ഞാന്‍ യു.ഡി.എഫിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്.


ട്രഷറി മിച്ചം എന്ന പ്രതിഭാസം എങ്ങനെ രൂപം കൊള്ളുന്നു എന്നതിന് ഒരു പൂര്‍ണ്ണ വിശദീകരണം ഇവിടെ നല്‍കുവാന്‍ ഒരുമ്പെടുന്നില്ല. നേരത്തെ സൂചിപ്പിച്ചതു പോലെ ജനങ്ങളുടെ പ്രാഥമിക സൗകര്യങ്ങള്‍ നിഷേധിച്ചു കൊണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചു കൊണ്ടുമാണ് ട്രഷറി മിച്ചം സൃഷ്ടിക്കുന്നത് എന്ന് വ്യക്തം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ എങ്ങനെ ഇത്രമാത്രം പ്രകടമായ ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നത് ആലോചിക്കുമ്പോഴാണ് ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന “ധനഭരണ ഉത്തരവാദിത്വ നിയമത്തിന്റെ” പങ്ക് വെളിവാകുന്നത്. 


തെരഞ്ഞെടുത്ത ജനങ്ങളോടല്ല ഏതോ വിദഗ്ദ്ധ കേന്ദ്രങ്ങള്‍ തീരുമാനിച്ച് സംസ്ഥാന നിയമസഭകള്‍ മനസ്സിലാക്കിയോ മനസ്സിലാക്കാതെയോ പാസാക്കുന്ന ധന ഉത്തരവാദിത്വ നിയമങ്ങളുടെ ലക്ഷ്യങ്ങളോടാണ് പ്രതിബദ്ധത എന്നത് ജനാധിപത്യ വിരുദ്ധമായ ഒരു സ്ഥിതിയാണ്. ഭാവിയില്‍ വരുന്ന സര്‍ക്കാരുകള്‍ക്കു പോലും ബാധകമാകുന്ന വരവ്-ചെലവും, റവന്യൂ-ധനകമ്മിയും സംബന്ധിച്ച ലക്ഷ്യങ്ങള്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഒരുപകരണമാക്കി ധനകാര്യ കമ്മീഷനുകളെ ഭരണഘടനാ വിരുദ്ധമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ മുന്നില്‍ വലിയ വാഗ്ദാനങ്ങള്‍ വച്ച് അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ പിന്നീട് ഈ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിഴുങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്.


റിസര്‍വ്വ് ബാങ്കിന്റെ മുമ്പ് സൂചിപ്പിച്ച റിപ്പോര്‍ട്ട് ഇക്കാര്യം ഭംഗ്യന്തരേണ അംഗീകരിക്കുന്നുണ്ട്. ട്രഷറി മിച്ച പ്രതിഭാസത്തിന് ഒരുമുഖ്യ കാരണം “സംസ്ഥാന സര്‍ക്കാരുകള്‍ ചെലവുകള്‍, പ്രത്യേകിച്ച് പലിശയേതര റവന്യൂ ചെലവുകളും മൂലധന ചെലവുകളും, കര്‍ശനമായി പരിമിതപ്പെടുത്തുന്നതാണ്” (അതേ റിപ്പോര്‍ട്ട് പേജ് 50, 51). തുടര്‍ന്ന് 52-ാം പേജില്‍ 12-ാം ധനകാര്യ കമ്മീഷന്റെ തീര്‍പ്പില്‍ നിന്ന് പൂര്‍ണ്ണ ധനസഹായം ഉറപ്പുവരുത്തുന്നതിന് ഇപ്രകാരം ഒരു സമീപനം സ്വീകരിക്കുവാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാണ് എന്നും കൂടെ പറയുന്നുണ്ട്. ഈ ജനവിരുദ്ധനയത്തിന്റെ ദുര്‍ഭഗ സന്തതിയാണ് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളില്‍ പോലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ട്രഷറി മിച്ചമെന്ന പ്രതിഭാസം''.


ഈ ബജറ്റിനെ തുടര്‍ന്നുണ്ടായ അക്കാദമിക് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഞാനും ഡോ. രാംകുമാറും ചേര്‍ന്ന് സാമാന്യം ദീര്‍ഘമായ ഒരു പ്രബന്ധം എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ''എന്തുകൊണ്ട് സംസ്ഥാനങ്ങള്‍ പണം ചെലവഴിക്കുന്നില്ല. ട്രഷറി മിച്ചം എന്ന പ്രതിഭാസത്തെ സംബന്ധിച്ച് ധനഉത്തരവാദിത്ത നിയമങ്ങളെ മുന്‍നിര്‍ത്തിയൊരന്വേഷണം (Why do the States not spend? An Exploration of the Phenomenon of Cash Surpluses and the FRBM Legislation) എന്ന ഈ പ്രബന്ധത്തില്‍ ട്രഷറി മിച്ചമെന്ന പ്രതിഭാസം ധനഉത്തരവാദിത്ത നിയമത്തിന്റെ ദുര്‍ഭഗസന്തതിയാണെന്നാണ് ഞങ്ങള്‍ വാദിച്ചത്.

അഖിലേന്ത്യാടിസ്ഥാനത്തില്‍ ട്രഷറി മിച്ചം 60,000 കോടി രൂപയായിരുന്ന വേളയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. അടുത്ത ധനകാര്യവര്‍ഷമായപ്പോഴേയ്ക്കും ഇത് ഒരു ലക്ഷം കോടി കവിഞ്ഞു. ഉണ്ടായിരുന്നിട്ടും റവന്യൂ കമ്മി പൂജ്യമാക്കാനുളള ശാഠ്യം കൊണ്ട് പണം ട്രഷറിയില്‍ സൂക്ഷിക്കുകയായിരുന്നു ഭൂരിപക്ഷം സംസ്ഥാനങ്ങളും. മൂലധനച്ചെലവിലേയ്ക്കു തിരിയാന്‍ പുതിയ സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. പ്രാഥമിക വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒറീസ പോലുളള സംസ്ഥാനങ്ങള്‍ മുന്‍കടം വീട്ടുന്നതിന് ഈ തുക ഉപയോഗിച്ചു. ഏതായാലും അക്കാലത്ത് കേരളത്തിന് മിച്ചം വെയ്ക്കാന്‍ അധികമൊന്നും ഉണ്ടായില്ല.

എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടതോടെ ട്രഷറിയില്‍ മിച്ചമെന്ന പ്രതിഭാസം കേരളത്തിലും പ്രത്യക്ഷപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെപ്പോലെ റവന്യൂ കമ്മി ഇല്ലാതാക്കാനുളള അതിരുവിട്ട നടപടികള്‍ക്കൊന്നും കേരളം തുനിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോഴും റവന്യൂ കമ്മി തുടരുകയാണ്. റവന്യൂകമ്മി പൂജ്യമാക്കിയിരുന്നെങ്കില്‍ മിച്ചം ഇതിനെക്കാള്‍ എത്രയോ ഉയരുമായിരുന്നു. ഈ സാഹചര്യത്തില്‍ എന്താണ് പോംവഴി?

മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ത്തുകയാണ് മാര്‍ഗം. അതത്ര എളുപ്പമുളള കാര്യമല്ല. ഭീമമായ തോതില്‍ മൂലധനച്ചെലവ് ഏറ്റെടുത്തിട്ടുളള ഒരുപരിചയം നമ്മുടെ ഭരണയന്ത്രത്തിനില്ല. അതുകൊണ്ട് ഭരണാനുമതി നല്‍കിയ 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ ധവളപത്രം പറയുന്നതുപോലെ പത്തുശതമാനത്തില്‍ താഴെ തുക മാത്രമേ ബില്ലായി ഇപ്പോഴും വന്നിട്ടുളളൂ. ഇന്നല്ലെങ്കില്‍ നാളെ ഈ ബില്ലുകള്‍ വരുമെന്നു തീര്‍ച്ചയാണല്ലോ. അപ്പോള്‍ പണം കൊടുത്തേ പറ്റൂ. അതിനുവേണ്ടിയാണ് ഈ മിച്ചം സൂക്ഷിക്കുന്നത്.

ധവളപത്രത്തില്‍ പറയുന്നതു പോലെ ഇതുകൊണ്ട് അധികച്ചെലവുണ്ടാകും. പക്ഷേ, വേറെ വഴിയൊന്നുമില്ല. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച വായ്പ അന്നുപയോഗിച്ചില്ലെങ്കില്‍ പിന്നീട് ആവശ്യമുളളപ്പോള്‍ വായ്പയെടുക്കുന്നതിന് കേന്ദ്രം അനുവദിച്ചിരുന്നുവെങ്കില്‍ പ്രശ്‌നമില്ല. സംസ്ഥാനത്തിന്റെ വികസനത്തിനു വായ്പയായി എടുക്കാവുന്ന പണം വേണ്ടെന്നുവെയ്ക്കാന്‍ തയ്യാറല്ല. നിര്‍മ്മാണ പ്രവൃത്തികള്‍ക്കു വലിയ തോതില്‍ അനുവാദം നല്‍കിയിട്ടുണ്ട്.

അവയുടെ ബില്ലുകള്‍ വരുമ്പോള്‍ ട്രഷറി മിച്ചവും അപ്രത്യക്ഷമാകും. ധവളപത്രമെഴുത്തുക്കാര്‍ക്ക് ഇവയെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല. ധനഉത്തരവാദിത്ത നിയമത്തിനു കുഴലൂതിയവര്‍ എന്തോ പുതിയ കണ്ടുപിടിത്തം പോലെ ട്രഷറി മിച്ചത്തിന്റെ അധികബാധ്യതയെക്കുറിച്ച് വിമര്‍ശനവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

ധവളപത്രം ഖണ്ഡിക 54-58 - ചട്ടങ്ങള്‍ ലംഘിച്ച് നിരുത്തരവാദപരമായാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ 5000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജിന് 2009-10ല്‍ ബജറ്റ് വിഹിതമൊന്നും നീക്കിവെച്ചില്ല. ഇതിനു പുറമെ പൊതുമരാമത്തു വകുപ്പിന് 161 കോടി രൂപ മാത്രം വകയിരുത്തിക്കൊണ്ട് 1922 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കിയത്. ഇങ്ങനെ കഴിഞ്ഞ അഞ്ചുവര്‍ഷം ബജറ്റില്‍ നീക്കിവെച്ച തുകയുടെ 1192 ശതമാനം അധികം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയ നടപടി ധനകാര്യവിവേകത്തിനുമെതിരാണ്. നിലവിലുളള മാനദണ്ഡപ്രകാരം ബജറ്റ് വിഹിതത്തിന്റെ 150 ശതമാനത്തിലധികം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ലാത്തതാണ്''.

ബദല്‍ ധവളപത്രം - റവന്യൂ കമ്മി പടിപടിയായി കുറഞ്ഞു വരികയാണ്. അനദിവിദൂരമല്ലാത്ത ഭാവിയില്‍ അനിവാര്യമായി അതു പൂജ്യമാക്കി മാറ്റേണ്ട സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തില്‍ മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ധാരണയില്ലാത്തതു കൊണ്ടാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ധനഉത്തരവാദിത്ത നിയമത്തിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് ഇനി നമുക്ക് ഒഴിഞ്ഞു മാറാനാവില്ല. 12-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കടാശ്വാസം മാത്രമേ നഷ്ടപ്പെടുമായിരുന്നുളളൂവെങ്കില്‍ 13-ാം ധനകാര്യ കമ്മിഷന്റെ തീര്‍പ്പു പ്രകാരം പ്രത്യേക ഗ്രാന്റുകളും നഷ്ടമാകും. ഇത് ഭീമമായ ഒരു തുകയായിരിക്കും. ഈയൊരു സാഹചര്യം മുന്‍കൂട്ടി കണ്ട് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കിയില്ലെങ്കില്‍ ട്രഷറിയില്‍ മിച്ചമെന്ന പ്രതിഭാസം സ്ഥിരമായി മാറും. അതുകൊണ്ടാണ് മാമൂല്‍ പ്രമാണങ്ങള്‍ വിട്ടുകൊണ്ട് മരാമത്തു പണികള്‍ക്ക് അനുവാദം നല്‍കാന്‍ തീരുമാനിച്ചത്. ഇത് വളരെ കൃത്യമായ ഒരു ധനമാനേജ്‌മെന്റ് തന്ത്രത്തിന്റെ ഭാഗമാണ്.

നിലവിലുളള മാര്‍ഗനിര്‍ദ്ദേശ പ്രകാരം വകയിരുത്തലിന്റെ 150 ശതമാനമേ പുതിയ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് അനുവാദം നല്‍കാന്‍ പാടുളളൂ.

പക്ഷേ, എന്തിന്റെ 150 ശതമാനം? ബജറ്റ് മതിപ്പു കണക്കിന്റെയോ അതോ യഥാര്‍ത്ഥത്തില്‍ പൊതുമരാമത്ത് ചെലവാക്കിയ പണത്തിന്റെയോ? ബജറ്റ് മതിപ്പുകണക്കില്‍ വകയിരുത്തിയതിനെക്കാള്‍ പലമടങ്ങാണ് പൊതുമരാമത്തു പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത്. മൂലധനച്ചെലവിലുണ്ടായ വര്‍ദ്ധനയുടെ കണക്കുകള്‍ മൂന്നാം അധ്യായത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുളളതാണ്. 2005-06ല്‍ 878 കോടി രൂപ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി മുടക്കിയ സ്ഥാനത്ത് 2010-11ല്‍ 3991 കോടി രൂപയാണ് ചെലവഴിച്ചത്. ഈ യഥാര്‍ത്ഥ അടങ്കലിന്റെ അനുപാതത്തില്‍ കണക്കാക്കിയാല്‍ ധവളപത്രക്കാരുടെ ''ആയിരം ശതമാനവും നിരുത്തരവാദപരവുമെല്ലാം'' ആവിയായിപ്പോവും.

ഇതുചെയ്തത് ചട്ടവിരുദ്ധമായിട്ടാണോ? അല്ല. ഈ വ്യവസ്ഥ മറികടന്നുകൊണ്ട് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയ്ക്ക് മരാമത്ത് പണികള്‍ നിര്‍ദ്ദേശിക്കാം. ബജറ്റ് പ്രസംഗത്തില്‍ ഇല്ലെങ്കില്‍പോലും കാബിനറ്റിന് തീരുമാനിക്കാം. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ പ്രത്യേക ധനകാര്യ അനുവാദം നല്‍കുന്നതിന് ചട്ടം അനുവദിക്കുന്നുണ്ട്. അതുപയോഗപ്പെടുത്തിയാണ് ദീര്‍ഘവീക്ഷണത്തോടു കൂടി കേരളത്തിലെ മൂലധനച്ചെലവില്‍ അഭൂതപൂര്‍വമായ ഒരു വര്‍ദ്ധനയുണ്ടാക്കാനുളള സമീപനം കൈക്കൊണ്ടത്.

മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് ധവളപത്രം പുച്ഛഭാവത്തിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്. പണമൊന്നും വകയിരുത്താതെയാണത്രേ പതിനായിരം കോടി രൂപയുടെ പ്രഖ്യാപനം നടത്തിയത്. അയ്യായിരം കോടി രൂപ ധവളപത്രം തന്നെ സമ്മതിക്കുന്നതു പോലെ പഞ്ചായത്ത്, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ നടത്തേണ്ട നിക്ഷേപം ഇതിനായി സംസ്ഥാന ബജറ്റില്‍ പണം വകയിരുത്തേണ്ടതില്ലല്ലോ. 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത്, ജലസേചനം, കുടിവെളളം, ടൂറിസം, തുടങ്ങിയ വകുപ്പുകള്‍ക്ക് അനുവദിച്ചത്. ഇതിനു പണം വകയിരുത്തിയിട്ടുവേണം പ്രഖ്യാപനം നടത്താന്‍ എന്നാണ് ധവളപത്രം പറയുന്നത്.

ഉത്തേജക പാക്കേജ് എന്താണെന്ന് കെ. എം. മാണിക്ക് അറിയാമോ? പാക്കേജിനു വേണ്ടി ചെലവഴിക്കുന്ന പണം ബജറ്റില്‍ തന്നെ വകയിരുത്തിയാല്‍ പിന്നെയെന്താണ് അധിക ഉത്തേജനം. ഉത്തേജക പാക്കേജിന് പ്രത്യേകം പണം വകയിരുത്തുക എന്നു പറഞ്ഞാല്‍ മറ്റു ചില മേഖലകളില്‍ വകയിരുത്തിയിരിക്കുന്ന പണം ഇങ്ങോട്ടു മാറ്റുക എന്നാണ് അര്‍ത്ഥം. ഡെഫിസിറ്റ് ഫിനാന്‍സിംഗാണ് ഉത്തേജക പാക്കേജിന് ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഡെഫിസിറ്റ് ഫിനാന്‍സിംഗിന് അധികാരമില്ല. അതുകൊണ്ട് ചെയ്യാന്‍ പറ്റുന്ന ഏക മാര്‍ഗം പണം വകയിരുത്താതെ തന്നെ ഇതു പ്രഖ്യാപിക്കലാണ്. അനിവാര്യമായും ട്രഷറിയില്‍ ഉണ്ടാവുന്ന മിച്ചം ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ബില്ലുവരുമ്പോള്‍ പ്രതിസന്ധിയുണ്ടാവില്ല എന്നുറപ്പു നല്‍കുന്നു.

കേരളത്തിന്റെ ഉത്തേജക പാക്കേജിനെക്കുറിച്ച് റിസര്‍വ് ബാങ്കിന്റെ 2010ലെ State Finances - A Study of Budgets എന്ന റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. അതിങ്ങനെയായിരുന്നു.

 ''സംസ്ഥാന തലത്തില്‍ മാന്ദ്യവിരുദ്ധ ധനകാര്യനടപടി പ്രത്യക്ഷമായ നടപടി സ്വീകരിച്ചതു സംബന്ധിച്ച് പ്രത്യേക തെളിവുകളൊന്നുമില്ല. കാരണം ചുരുക്കം ചില സര്‍ക്കാരുകളേ ഒരു ധനകാര്യ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചുളളൂ. ഈ സംസ്ഥാനങ്ങള്‍ കേരളം, പശ്ചിമബംഗാള്‍, ഹരിയാന എന്നിവയാണ്. കേരള സര്‍ക്കാര്‍ പതിനായിരം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ഇത് രണ്ടുവര്‍ഷം കൊണ്ട് സര്‍ക്കാരും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും കൂടി ചെലവാക്കേണ്ട തുകയാണ്''

ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വായ്പ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കി. ഇതിന്റെ ഫലമായി സംസ്ഥാന സര്‍ക്കാരുകളുടെ ചെലവ് സാധാരണഗതിയില്‍ 12-14 ശതമാനം വെച്ചു വളര്‍ന്നിരുന്നത് 2008-09ല്‍ 25 ശതമാനം ഉയര്‍ന്നു. ഏതാണ്ട് ഇതുപോലെ തന്നെ 2009-10ല്‍ സര്‍ക്കാര്‍ ചെലവ് ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ദ്ധന മുഖ്യമായും റവന്യൂ ചെലവിലാണ് ഉണ്ടായത്. ഇതുതന്നെ ആറാം കേന്ദ്ര ശമ്പളക്കമ്മിഷന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയത്. ഇതും ഒരു മാന്ദ്യവിരുദ്ധ നടപടിയായിരുന്നു എന്നതിന് സംശയം വേണ്ട. .

കേരളത്തിന്റെ ഉത്തേജക പാക്കേജിന്റെ പ്രത്യേകത മൂലധനച്ചെലവിനു നല്‍കിയ ഊന്നലാണ്.
ഇപ്പോഴും നടപ്പാക്കിത്തീരാത്ത ഉത്തേജകപാക്കേജ് എന്തു മാന്ദ്യവിരുദ്ധ നടപടിയാണെന്ന് ന്യായമായി സംശയിക്കുന്നവരുണ്ട്. ഇന്നത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ സാഹചര്യമനുസരിച്ച് കാലതാമസം വരുമെന്ന് അറിഞ്ഞു തന്നെയാണ് ഇത്തരമൊരു അഭൂതപൂര്‍വമായ നിര്‍മ്മാണ പ്രവൃത്തി പ്രഖ്യാപിച്ചത്. രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്) നടപ്പിലാവുന്നതിന് താമസം വന്നാലും ഇത്ര വലിയ തുകയുടെ ഉത്തേജക പാക്കേജ് സൃഷ്ടിക്കുന്ന മാനസിക ഉത്തേജനമുണ്ട്. മാന്ദ്യകാലത്തെ സംബന്ധിച്ച് ഇതുവളരെ പ്രധാനമാണ്. ഇന്ത്യയിലെന്തെങ്കിലും സംഭവിച്ചതു കൊണ്ടല്ലല്ലോ വിദേശത്തു ബാങ്കുകള്‍ പൊളിഞ്ഞപ്പോള്‍ നമ്മുടെ നാട്ടിലും ബാങ്കുകള്‍ വായ്പ കൊടുക്കുന്നത് നിര്‍ത്തിവെച്ചത്. രണ്ടാമതായി ധനഉത്തരവാദിത്ത നിയമത്തിന്റെ പശ്ചാത്തലത്തില്‍ മാമൂല്‍ വിട്ടുളള മൂലധനച്ചെലവു തന്ത്രത്തിന് തുടക്കം കുറിക്കാന്‍ പറ്റിയ സാഹചര്യമാണ് മാന്ദ്യകാലം. ആഗോളമാന്ദ്യത്തിന്റെ സവിശേഷമായ അന്തരീക്ഷം ഇത്തരമൊരു നടപടിയ്ക്ക് സാധാരണഗതിയിലുണ്ടാകുന്ന എതിര്‍പ്പുകളെ പാടേ ഇല്ലാതാക്കും. ഉത്തേജക പാക്കേജിനെ ഏവരും അന്ന് അംഗീകരിച്ചു.

ഉത്തേജക പാക്കേജ് പൊടുന്നനെയുളള നടപടിയായിരുന്നില്ല. 2007-08ല്‍ എല്ലാ മണ്ഡലങ്ങളിലും ഓരോ കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. 2008-09ല്‍ ഇത് 2 കോടി രൂപയായി ഉയര്‍ത്തി. 2009-10ല്‍ ഉത്തേജക പാക്കേജിന്റെ ഭാഗമായി ഇത് 15 കോടി രൂപയായി വീണ്ടുമുയര്‍ത്തി. ഒരെടുത്തു ചാട്ടവും ഉണ്ടായിട്ടില്ല. തികഞ്ഞ അവധാനതയോടെ നടപ്പാക്കിയ വികസന തന്ത്രമായിരുന്നു ഇത്.

(കെ. എം. മാണിയുടെ ധവളപത്രത്തെക്കുറിച്ച് ഉടന്‍ പ്രസിദ്ധീകരിക്കുന്ന, കളളം, പെരുങ്കളളം, പിന്നെ കുഞ്ഞുമാണിയുടെ കണക്കുകളും എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം... )

3 comments:

 1. പുസ്തകം ഉടൻ വരട്ടെ സഖാവേ...അവരുടെ കള്ളക്കണക്കുകൾ ഒന്നറിയാമല്ലോ..

  ReplyDelete
 2. നല്ല ശ്രമം, മാഷേ.
  സാമ്പത്തിക വകുപ്പിന്റെ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിവരുക്കുന്ന പോസ്റ്റുകള്‍ സ്ഥിരമായി പ്രസിദ്ധീകരിച്ചാല്‍ നല്ലതായിരുന്നു.

  ReplyDelete
 3. സാമ്പത്തികശാസ്ത്രം അറിവില്ലാത്ത എന്നെപ്പോലുള്ളവര്‍ക്കും ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സില്‍ ആയി. ഇടതുപക്ഷത്തില്ലാത്ത ചില വിദഗ്ധര്‍ പോലും താങ്കളുടെ ധനകാര്യ
  മാനേജ്മെന്റിനെ പ്രശംസിച്ചത് എന്തിനെന്നും!!!

  ReplyDelete