Monday, December 21, 2015

പാരിസ് സമ്മേളനവും മാലിന്യസംസ്‌കരണവും

ധനവിചാരം

Paris summit logoമാലിന്യവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധമെന്ത്? COP 21ല്‍ ഈ വിഷയം സംബന്ധിച്ച് സംഘടിപ്പിച്ച അനുബന്ധസെമിനാറില്‍ പങ്കെടുക്കാന്‍ പാരിസിലേക്ക് എനിക്കും ക്ഷണമുണ്ടെന്നറിഞ്ഞപ്പോള്‍ പലരും ഈ ചോദ്യമുന്നയിച്ചിരുന്നു. സത്യംപറയട്ടെ, എനിക്കും ഇക്കാര്യത്തില്‍ അപ്പോള്‍ വേണ്ടത്ര വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍, സെമിനാര്‍ കഴിഞ്ഞപ്പോള്‍ കാര്യം ബോധ്യപ്പെട്ടു: 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ഹരിതഗേഹവാതകങ്ങളുടെ തീവ്രത 2005നെ അപേക്ഷിച്ച് 30 ശതമാനം കുറയ്ക്കാമെന്ന്  ഇന്ത്യയുടെ പ്രധാനമന്ത്രി പാരിസില്‍ നല്‍കിയ ഉറപ്പ് പ്രാവര്‍ത്തികമാക്കുന്നതില്‍ മാലിന്യസംസ്‌കരണത്തിന് സുപ്രധാനപങ്കുണ്ട്. ശരിയായ രീതിയില്‍ സംസ്‌കരിക്കാത്ത മാലിന്യത്തില്‍നിന്ന് മീഥേന്‍ വാതകമുണ്ടാകും. നഗരമാലിന്യത്തിനു മാത്രമല്ല, കാര്‍ഷികമേഖലയിലെ അവശിഷ്ട ഉത്പന്നങ്ങള്‍ക്കും ഇതു ബാധകമാണ്. ഈ മാലിന്യങ്ങള്‍ കത്തിക്കുകയാണെങ്കില്‍ വലിയതോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കപ്പെടും. മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാനായി ഇന്ത്യാസര്‍ക്കാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പദ്ധതികളെല്ലാം ഇത്തരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്സര്‍ജനം വര്‍ധിപ്പിക്കുന്നവയാണ്.  ആഡംബര ഉപഭോഗജീവിതമാണ് വികസിതരാജ്യങ്ങളുടെ ഹരിതഗേഹവാതക ഉത്പാദനത്തിന്റെ അടിസ്ഥാനഹേതു. ഇന്ത്യപോലുള്ള രാജ്യങ്ങളിലാകട്ടെ, അതിജീവനത്തിനായുള്ള പരിശ്രമങ്ങളില്‍നിന്നാണ് ഈ വാതകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ വ്യത്യാസം മറന്നുകൊണ്ടാണ് പലരും, ഇത്തരം വാതകങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യക്ക് ലോകത്ത് നാലാംസ്ഥാനമുണ്ടെന്നുംമറ്റും തട്ടിവിടുന്നത്. ഇന്ത്യയുടെ പ്രതിശീര്‍ഷവാതകോത്പാദനം 1.7 ടണ്ണാണ്. അമേരിക്കയുടേത് 23.5 ടണ്ണും.ഇന്ത്യയിലുണ്ടാകുന്ന ഹരിതഗൃഹവാതകങ്ങളുടെ അഞ്ചുശതമാനം കൃഷിയിടങ്ങളിലെയോ കാര്‍ഷികസംസ്‌കരണ വ്യവസായങ്ങളിലെയോ വീടുകളിലെയോ ജൈവമാലിന്യങ്ങള്‍ കത്തിക്കുമ്പോഴോ ചീഞ്ഞളിയുമ്പോഴോ ഉണ്ടാകുന്നവയാണ്. ഇത് ഗണ്യമായി കുറയ്ക്കാനാവും. എന്നാല്‍, അങ്ങനെയൊരു ചിന്ത ഇന്നില്ല. ജൈവമാലിന്യമടക്കമുള്ളവ കത്തിച്ച് ഊര്‍ജമുണ്ടാക്കാനുള്ള വന്‍കിട പ്ലാന്റുകള്‍ക്കാണ് സ്വച്ഛ് ഭാരത് പരിപാടിയില്‍ ഇന്നും ഊന്നല്‍ നല്കുന്നത്. അതല്ലെങ്കില്‍ ലാന്‍ഡ് ഫില്‍ എന്ന് ഓമനപ്പേരിട്ട് ഇവ കുഴിച്ചുമൂടുന്നു. അതുമല്ലെങ്കില്‍ എവിടെയെങ്കിലും കൂനകൂട്ടിയിടുന്നു. ഇവ മൂന്നും ഹരിതഗൃഹവാതകങ്ങളുണ്ടാക്കുന്നു.

ഇത്തരം മാലിന്യം കത്തിച്ചാല്‍ കാര്‍ബണ്‍ഡയോക്‌സൈഡും കുഴിച്ചുമൂടിയാലും ഡംപ് ചെയ്താലും മീഥേനുമുണ്ടാകും. അതുകൊണ്ടുതന്നെ കാലാവസ്ഥാവ്യതിയാനത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണിവ. അതിനാല്‍ ഇന്‍സിനറേറ്ററുകള്‍ക്കുള്ള എല്ലാ സഹായധനവും നിര്‍ത്തിവെയ്ക്കണമെന്നാണ് സെമിനാറിലെ മുഖ്യപ്രഭാഷണത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മുഖ്യകണ്‍സള്‍ട്ടന്റുമാരിലൊരാളായ ഡോ. ഡൊമിനിക്കിന്റെ നിര്‍ദേശം. ഇന്ന് മാലിന്യത്തെ അക്ഷയ ഊര്‍ജസ്രോതസ്സുകളിലൊന്നായി (renewable energy source) കണക്കാക്കി  ഊര്‍ജം ഉത്പാദിപ്പിക്കുന്ന മാലിന്യസംസ്‌കരണപ്ലാന്റുകള്‍ വലിയതോതില്‍ സബ്‌സിഡി വാങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. കല്‍ക്കരി കത്തിക്കുമ്പോള്‍ ദശലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള ഫോസിലായ കാര്‍ബണാണ് കത്തുക. മാലിന്യം കത്തിക്കുമ്പോള്‍ ഇപ്പോഴുണ്ടായ കാര്‍ബണും. കാലാവസ്ഥാവ്യതിയാനത്തില്‍ രണ്ടും തമ്മിലെന്തു വ്യത്യാസം എന്നചോദ്യം സെമിനാര്‍സദസ്സില്‍ ചിരിപടര്‍ത്തി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴാണ് കൊച്ചിപ്പട്ടണത്തില്‍ മാലിന്യത്തില്‍നിന്ന് ഊര്‍ജമുണ്ടാക്കാനുള്ള പദ്ധതിക്ക് കരാറൊപ്പിടാനൊരുങ്ങുന്നത്. തിരുവനന്തപുരം നഗരത്തിലും ഇത്തരം പദ്ധതിയാണു വേണ്ടതെന്ന് ആസൂത്രണബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ അഭിപ്രായപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പാരിസ് കണ്‍വെന്‍ഷന്‍ ഇന്‍സിനറേറ്റര്‍ സാങ്കേതികവിദ്യകള്‍ക്ക് വലിയ തിരിച്ചടിയാകാന്‍പോവുകയാണ്. ഇതാണ് പാരിസില്‍നിന്നു ഞാന്‍ പഠിച്ച ഒരു പാഠം.പിന്നെന്താണ് കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാന്‍ സഹായകരമായ മാലിന്യസംസ്‌കരണരീതി? അതാണ് ആലപ്പുഴയും തിരുവനന്തപുരവും മുന്നോട്ടുവെക്കുന്ന, ജൈവമാലിന്യങ്ങളുടെ കമ്പോസ്റ്റിങ് എന്ന പോംവഴി. എന്നോടൊപ്പം സെമിനാറില്‍ പങ്കെടുത്ത അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ, ഇറ്റലിയിലെ ട്രെവിസോ, സ്ലൊവേനിയയിലെ ലുബിയാന, ഇംഗ്ലണ്ടിലെ ബ്രിസ്റ്റാള്‍, ഫ്രാന്‍സിലെ പാരിസ് ഉള്‍പ്പടെയുള്ള നഗരങ്ങളിലെ പ്രതിനിധികള്‍ പ്രകടിപ്പിച്ചതും ഇതേ അഭിപ്രായമാണ്. ജൈവമാലിന്യത്തിന് കമ്പോസ്റ്റിങ്ങും അജൈവമാലിന്യങ്ങള്‍ക്ക് റീയൂസ്, റീസൈക്ലിങ് തുടങ്ങിയ രീതികളും അവലംബിച്ച് ലാന്‍ഡ് ഫില്ലിങ്ങും ഇന്‍സിനറേഷനും ഏതാനും വര്‍ഷംകൊണ്ട് ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് ഈ നഗരങ്ങളില്‍ നടക്കുന്നത്. ആലപ്പുഴയിലും തിരുവനന്തപുരത്തും ഒരുപടികൂടിക്കടന്ന് വീട്ടില്‍ത്തന്നെ കമ്പോസ്റ്റിങ്ങിന് ഊന്നല്‍നല്‍കുന്നു. വലിയതോതിലുള്ള വിന്‍ഡ്രോ കമ്പോസ്റ്റിങ്ങില്‍ കുറച്ചെങ്കിലും മീഥേന്‍ ഉത്പാദനം നടക്കുന്നുണ്ട്. വികേന്ദ്രീകൃതമാലിന്യസംസ്‌കരണത്തില്‍ ഇത്തരം പ്രശ്‌നമേ ഉദിക്കുന്നില്ല.

തിരുവനന്തപുരത്ത് ഇപ്പോള്‍ പ്രചരിപ്പിച്ചുവരുന്ന കിച്ചന്‍ ബിന്‍ പലരിലും കൗതുകമുണര്‍ത്തി. അടുക്കളയില്‍ സ്ഥാപിക്കുന്ന ഒരു വേസ്റ്റ് പേപ്പര്‍ ബാസ്‌കറ്റ് ബിന്നില്‍ ഗ്രോബാഗ് ഇറക്കിവെയ്ക്കുന്നു. എല്ലാ ഖരജൈവമാലിന്യവും ഇതിലിട്ടാല്‍ മതി. വൈകുന്നേരം മാലിന്യത്തെ വിഘടിപ്പിക്കുന്ന സൂക്ഷ്മജീവികളടങ്ങുന്ന ചകിരിച്ചോര്‍ മുകളില്‍ വിതറുക. രണ്ടാഴ്ച ആവര്‍ത്തിക്കുമ്പോഴേക്കും ഗ്രോബാഗ് നിറയും. തെല്ലും ദുര്‍ഗന്ധമുണ്ടാവില്ല. മാലിന്യത്തില്‍നിന്നു വരുന്ന ഉറയല്‍, ചകിരിച്ചോര്‍ വലിച്ചെടുക്കും. നിറഞ്ഞ ഗ്രോബാഗ് രണ്ടാഴ്ച പുറത്തുവെച്ചാല്‍ ഒന്നാന്തരം കമ്പോസ്റ്റാകും. ഇതുപയോഗിച്ച് ടെറസ് കൃഷി നടത്താം. മാസത്തിലങ്ങനെ രണ്ടു ഗ്രോബാഗ് പച്ചക്കറി നട്ടാല്‍ മട്ടുപ്പാവിലൊരു അടുക്കളകൃഷിത്തോട്ടമായി. സംസ്‌കരണത്തിന് മാസം 100 രൂപയേ ചെലവു വരൂ. കമ്പോസ്റ്റ് നിറച്ച രണ്ടു ഗ്രോബാഗുകള്‍ക്ക് ഇന്നു കമ്പോളത്തില്‍ 200 രൂപ വിലയുണ്ട്! മാലിന്യത്തില്‍നിന്ന് ഊര്‍ജത്തിലേക്ക് എന്നതിനുപകരം മാലിന്യത്തില്‍നിന്ന് ഹരിതത്തിലേക്ക് എന്നതാണ് മുദ്രാവാക്യം. ഈ കമ്പോസ്റ്റിങ്ങിന് മൂന്നു ഗുണമുണ്ട്. മാലിന്യത്തില്‍നിന്ന് ഹരിതഗേഹവാതകങ്ങളുടെ ബഹിര്‍ഗമനമില്ല. രണ്ട്, രാസവള ഉപയോഗം പരമാവധി കുറയ്ക്കാം. ഇതും കാലാവസ്ഥാവ്യതിയാനത്തിനു പ്രതിരോധമാണ്. മൂന്ന്, കമ്പോസ്റ്റുപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ മണ്ണില്‍ കാര്‍ബണ്‍ ഉറപ്പിക്കപ്പെടുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യപ്പെടുന്നു.  അടുക്കളമാലിന്യം മാത്രമല്ല, കാര്‍ഷികസംസ്‌കരണവ്യവസായങ്ങളുടെയും കൃഷിയുടെയും അവശിഷ്ടങ്ങള്‍ കമ്പോസ്റ്റുചെയ്ത് കൃഷിക്കുപയോഗിക്കുന്ന പ്രസ്ഥാനം ശക്തിപ്പെടുന്നത് ഇന്ത്യയിലെ കാര്‍ഷികമേഖലയ്‌ക്കൊപ്പം കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പ്രതിരോധത്തിലും ഒരു മുതല്‍ക്കൂട്ടാകും.  ഇത്തരം ഇടപെടലുകളെല്ലാം ഇന്നത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് പര്യാപ്തമാണോ എന്നൊരു ചോദ്യം ഒരു ടെലിവിഷന്‍ ചര്‍ച്ചയിലുന്നയിക്കപ്പെട്ടു. വളരെ ശരിയാണത്. അമേരിക്കപോലുള്ള രാജ്യങ്ങള്‍ അവരുടെ ഹരിതഗേഹവാതക ഉത്സര്‍ജനം ഗണ്യമായി വെട്ടിക്കുറയ്ക്കാനുള്ള ഉത്തരവാദിത്വമേറ്റെടുക്കാതെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല. ആ അര്‍ഥത്തില്‍ പാരിസ് സമ്മേളനം പരാജയമാണ്. സത്യംപറഞ്ഞാല്‍ റിയോ സമ്മേളനത്തില്‍നിന്നുള്ള തിരിച്ചുപോക്കാണ്. റിയോ സമ്മേളനത്തിലും തുടര്‍ന്ന് ക്യോട്ടോ സമ്മേളനത്തിലും വികസിതരാജ്യങ്ങളാണ് ഇന്നത്തെ പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദികളെന്ന് എടുത്തുപറഞ്ഞിരുന്നു. ഇതു പരിഹരിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വവും അവര്‍ക്കായിരുന്നു. അവികസിതരാജ്യങ്ങള്‍ തങ്ങളുടെ കാര്‍ബണ്‍ ലക്ഷ്യം സ്വമേധയാ പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു. വികസിതരാജ്യങ്ങളുടെ ലക്ഷ്യങ്ങളാകട്ടെ,  നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കേണ്ടവയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്ന കരാറില്‍ വികസിതരാജ്യങ്ങളും സ്വമേധയാ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ മതി. അമേരിക്ക ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനലക്ഷ്യം കൈവരിച്ചാല്‍പ്പോലും 1995ലെ കാര്‍ബണ്‍ ബഹിര്‍ഗമന നിലവാരത്തെ അപേക്ഷിച്ച് 2030 ആകുമ്പോള്‍ ഒമ്പതു ശതമാനമേ കുറവുണ്ടാകൂ. യൂറോപ്പുംമറ്റും പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പകുതിപോലും വരില്ല ഇത്. ഈ ലക്ഷ്യങ്ങള്‍ പാലിച്ചില്ലെങ്കിലും അവരെ ശിക്ഷിക്കാനും കരാറില്‍ വകുപ്പില്ല.

2 comments:

  1. താങ്കളുടെ പാര്‍ട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ എങ്കിലും താങ്കളുടെ നിര്‍ദ്ദേശം ചെവികൊള്ളുമോ? എങ്കില്‍ അതൊരു വലിയ നേട്ടമായിരിക്കും; മറ്റുള്ളവര്‍ക്ക് മാതൃകയും.

    ReplyDelete
  2. വിജ്ഞാനപ്രദമായ ഒരു കുറിപ്പ്. ആ കമ്പോസ്റ്റിംഗ് വിദ്യ ഏറെ ഇഷ്ടപ്പെട്ടു

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...