Monday, December 21, 2015

പുതിയ പഞ്ചായത്തുകളും ജനപങ്കാളിത്തവും

കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരവികേന്ദ്രീകരണം യാഥാര്‍ഥ്യമായത്. പല സംസ്ഥാനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുപോലും യഥാസമയം നടക്കുന്നില്ല. ഇനി തിരഞ്ഞെടുപ്പ് നടത്തിയാല്‍ തന്നെ ഔപചാരികമായി കൈമാറ്റം ചെയ്യപ്പെട്ട അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് ആവശ്യമായ പണമോ ഉദ്യോഗസ്ഥരോ കൈമാറ്റം ചെയ്യപ്പെടുന്നില്ല. എന്തുകൊണ്ടാണ് ഇടതുപക്ഷമേല്‍ക്കൈയുള്ള സംസ്ഥാനങ്ങളും ഇതരസംസ്ഥാനങ്ങളും തമ്മിലുള്ള ഈ വ്യത്യാസം? എന്തുകൊണ്ട് നാം അധികാരവികേന്ദ്രീകരണത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കുന്നു?


ഇടതുപക്ഷവും അധികാരവികേന്ദ്രീകരണവും
അതിനുള്ള കാരണം ഇ എം എസ് അശോക്മിത്ര കമ്മിറ്റിക്കുള്ള തന്റെ ഭിന്നാഭിപ്രായക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. നിലവിലുള്ള പാര്‍ലിമെന്റെറി ജനാധിപത്യസംവിധാനവും അതുനല്‍കുന്ന അവകാശങ്ങളും നിലവിലുള്ള വ്യവസ്ഥിതിക്കെതിരായി ജനങ്ങളെ അണിനിരത്തുന്നതിന് സഹായകരമാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി നാം മുന്നിട്ടിറങ്ങിയത്. അധികാരവികേന്ദ്രീകരണമെന്നാല്‍ പാര്‍ലിമെന്ററി സംവിധാനത്തെ കൂടുതല്‍ വിപുലവും ആഴത്തിലുള്ളതാക്കിത്തീര്‍ക്കുന്ന പ്രക്രിയയാണ്. അത് ജനങ്ങളെ കൂടുതല്‍ ഫലപ്രദമായി അണിനിരത്താന്‍ നമ്മെ സഹായിക്കും. നമ്മുടെ ജനപ്രതിനിധികളുടെ മനസിലുണ്ടാകേണ്ടത് ഈയൊരു കാഴ്ചപ്പാടാണ്. ജനങ്ങളുമായുള്ള ബന്ധം നിരന്തരം പുതുക്കുകയും സംവദിക്കുകയും അവരെ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളോട് അടുപ്പിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമ.
മൂന്നു കാരണങ്ങള്‍ കൊണ്ട് അധികാരവികേന്ദ്രീകരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജകമാണ്. ഒന്നാമതായി, പ്രാദേശിക പ്രത്യേകതകളേയും സാധ്യതകളേയും കണക്കിലെടുത്തുകൊണ്ട് പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് പ്രാദേശികതലത്തില്‍ മാത്രമേ കഴിയുകയുള്ളൂ. രണ്ടാമതായി, പരസ്പര ബന്ധങ്ങളെ കണക്കിലെടുത്തുകൊണ്ട് സമഗ്രമായ പരിപാടികള്‍ പ്രാദേശികതലത്തില്‍ മാത്രമേ രൂപപ്പെടുത്താനാകൂ. മൂന്നാമതായി, അധികാരവികേന്ദ്രീകരണത്തിലൂടെയേ വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനാവൂ. ഇതു സൃഷ്ടിക്കുന്ന സുതാര്യത അഴിമതി കുറയ്ക്കും. ചോര്‍ച്ച കുറയുക മാത്രമല്ല, സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും സംഭാവനകളിലൂടെയും മറ്റുമുള്ള പ്രാദേശിക വിഭവ സമാഹരണത്തിനും വഴിയൊരുങ്ങും.
കേരളത്തിന്റെ അനുഭവമെടുത്താല്‍ 1957ലെ അധികാരവികേന്ദ്രീകരണത്തിനായുള്ള സമഗ്രനിയമം മുതല്‍ ജനകീയാസൂത്രണം വരെ അധികാരവികേന്ദ്രീകരണപരീക്ഷണത്തിനുള്ള ഓരോ ഘട്ടത്തിലും മുന്‍കയ്യെടുത്തിട്ടുള്ളത് ഇടതുപക്ഷമാണെന്ന് കാണാം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ റെക്കോര്‍ഡാവട്ടെ നേര്‍വിപരീതമാണ്. 57ലെ നിയമത്തെ അട്ടിമറിച്ച് അതീവദുര്‍ബലമായ പഞ്ചായത്തീരാജ് - മുന്‍സിപ്പല്‍ നിയമങ്ങള്‍ക്കാണ് അവര്‍ രൂപം നല്‍കിയത്. നീണ്ടനാള്‍ തിരഞ്ഞെടുപ്പുപോലും നടത്താന്‍ അവര്‍ തയ്യാറായില്ല. അവസാനം ഇടതുപക്ഷം 1991ല്‍ ജില്ലാകൗണ്‍സില്‍ നിയമം നടപ്പാക്കി അധികാരം താഴേക്ക് നല്‍കിയപ്പോള്‍ അതിനെയും അട്ടിമറിച്ചു. ഡോ.കെ എന്‍ രാജിനെയും ഐ എസ് ഗുലാത്തിയെയും പോലുള്ളവര്‍ പോലും പ്രക്ഷോഭത്തിനിറങ്ങിയതിനുശേഷമാണ് 73, 74-ാം ഭരണഘടനാഭേദഗതിയുടെ സ്പിരിറ്റിനനുസൃതമായ സംസ്ഥാനനിയമം പാസ്സാക്കിയത്. ജനകീയാസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിയമം പോലും നമുക്ക് ഭേദഗതി ചെയ്യേണ്ടിവന്നു.


ജനകീയാസൂത്രണത്തിന്റെ യുക്തി
മേല്‍പറഞ്ഞ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അധികാരവികേന്ദ്രീകരണം കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പുതിയൊരു സമീപനം സ്വീകരിക്കണമെന്ന് ഇ എം എസ് നിര്‍ദേശിച്ചു. കേവലം നിയമവും ഉത്തരവുകളും മാത്രം പോര, അധികാരവികേന്ദ്രീകരണത്തിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു ജനകീയപ്രസ്ഥാനത്തിന് രൂപം നല്‍കണം. ഈ പ്രസ്ഥാനം പുതിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ സഹായിക്കുകയും ശാക്തീകരിക്കുകയും ചെയ്യും. വികേന്ദ്രീകരണത്തിന് മുന്‍പിലുള്ള പ്രതിബന്ധങ്ങളെ തട്ടിമാറ്റാനുള്ള രാഷ്ട്രീയേച്ഛ സംസ്ഥാനത്ത് സൃഷ്ടിക്കും. പുതിയ പങ്കാളിത്ത ജനകീയസംവിധാനങ്ങള്‍ വ്യവസ്ഥാപിതമാകുന്നതോടെ ജനകീയാസൂത്രണപ്രസ്ഥാനത്തിന് വിരാമമിടുകയും ചെയ്യാം. ഇതാണ് 1996ലെ നായനാര്‍സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ജനകീയാസൂത്രണത്തിന്റെ യുക്തി. ചുരുക്കത്തില്‍ വലിയതോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് അധികാരവികേന്ദ്രീകരണത്തെ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുകയാണ് ജനകീയാസൂത്രണം ചെയ്തത്.


പിന്നീടു വന്ന യുഡിഎഫ് ഭരണങ്ങള്‍ ജനകീയാസൂത്രണം മുന്നോട്ടുകൊണ്ടുപോകുന്നതിനല്ല, ദുര്‍ബലപ്പെടുത്താനുള്ള നയങ്ങളാണ് ആവിഷ്‌കരിച്ചത്. ആന്റണിസര്‍ക്കാര്‍ ജനകീയാസൂത്രണപ്രസ്ഥാനത്തിന് വിരാമമിട്ടു. വിദഗ്ധസമിതികളെ അപമാനിച്ച് പിരിച്ചുവിട്ടു. പ്രാദേശികഭരണം ഉദ്യോഗസ്ഥമേധാവിത്തത്തിലേക്ക് വഴുതിവീണു. ഗ്രാമസഭകള്‍ ശുഷ്‌കമായി. ഭരണഘടന പ്രകാരം ഗ്രാമസഭകളാണ് ജനങ്ങള്‍ക്ക് പ്രത്യക്ഷമായി ഭരണപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള വേദികള്‍. എന്നാല്‍ നാമമാത്രമായ ഗ്രാമസഭകള്‍ നടത്തി കൃത്രിമരേഖകള്‍ റെക്കോഡുകളാക്കുന്ന പ്രഹസനമാണ് ഇന്നു നടക്കുന്നത്. വിദ്യാസമ്പന്നരായ ആളുകള്‍ ഗ്രാമസഭകളില്‍ വരുന്നില്ല. കാരണം, ഗ്രാമസഭാ ചര്‍ച്ചകള്‍ പൊള്ളയായിത്തീര്‍ന്നിരിക്കുന്നു. ഗ്രാമസഭയില്‍ പങ്കെടുക്കുന്നത് വ്യക്തിഗത ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കള്‍ മാത്രമാണ്. ഇവിടെപ്പോലും ഗുണഭോക്താക്കളുടെ മുന്‍ഗണനാലിസ്റ്റ് വിശദമായി പരിശോധിക്കപ്പെടുന്നില്ല. ലിസ്റ്റിന്റെ വായനയും പരിശോധനയും അംഗീകാരവും കാട്ടിക്കൂട്ടലായി മാറിയിരിക്കുന്നു.


ഗ്രാമസഭകളും ജനപങ്കാളിത്തവും
പുതിയ പഞ്ചായത്തുകളുടെ ഒന്നാമത്തെ കടമ, ജനകീയാസൂത്രണകാലത്തെ ജനപങ്കാളിത്തം വീണ്ടെടുക്കലാണ്. ഇതിനു ഗ്രാമസഭകളെ ഫലപ്രദമാക്കിയേ തീരൂ. ഗ്രാമസഭകള്‍ക്ക് പല പരമിതികളുമുണ്ട്. നമ്മുടെ ഗ്രാമസഭകള്‍ വാര്‍ഡു സഭകളാണ്. 1000 - 1200 അംഗങ്ങള്‍ ഓരോ ഗ്രാമസഭയിലുമുണ്ടാകും. അവരെല്ലാവരുമെത്തിയാല്‍ യോഗം തന്നെ കൂടാന്‍ പ്രയാസമാകും. മറ്റു സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളാകട്ടെ, 100 - 150 വീടുകളുടെ ചെറിയ ആവാസ കേന്ദ്രങ്ങളാണ്. വാര്‍ഡുകള്‍ കേവലം ഭരണപരമായ അതിര്‍ത്തികള്‍ മാത്രമായതുകൊണ്ടും അതിര്‍ത്തികള്‍ നിരന്തരമായി മാറുന്നതുകൊണ്ടും കേരളത്തിലെ ഗ്രാമസഭാ അംഗങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചൊരു വൈകാരിക ബന്ധവും ഉണ്ടാകണമെന്നില്ല. ഇവയെ എങ്ങനെ മറികടക്കാം എന്നുള്ളതാണ് വെല്ലുവിളി.


ജനകീയാസൂത്രണ കാലത്ത് ഇതിനൊരു പരിഹാരമായി ഗ്രാമസഭകളുടെ ഉപഘടകങ്ങളായി പൊതു അയല്‍ക്കൂട്ടങ്ങള്‍ക്കു രൂപം നല്‍കി. ഇതില്‍ ആദ്യത്തെ പരീക്ഷണം കല്യാശേരി പഞ്ചായത്തിലായിരുന്നു. പിന്നീട് ഇത് 200 പഞ്ചായത്തുകളിലേയ്ക്കു കൂടി വ്യാപിപ്പിച്ചു. പക്ഷേ, അനുഭവം അത്ര നന്നായിരുന്നില്ല. പ്രത്യേകിച്ച് ആവശ്യങ്ങള്‍ക്കു വേണ്ടി ഈ അയല്‍ക്കൂട്ടങ്ങളെ വിളിച്ചുകൂട്ടിയാല്‍ മാത്രമേ അവര്‍ ചേര്‍ന്നിരുന്നുള്ളൂ. നല്ല പങ്ക് ആളുകളും തുടര്‍ച്ചയായി പങ്കെടുക്കുന്നതിനും താല്‍പര്യം കാണിച്ചില്ല. പരീക്ഷിച്ച് ഉപേക്ഷിച്ച ഈ പൊതു അയല്‍ക്കൂട്ട പരീക്ഷണത്തെ വീണ്ടും നടപ്പാക്കാനാണ് അയല്‍സഭകളെന്നപേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇവയെങ്ങും ഫലപ്രദമായി നടന്നതായി അറിവില്ല.


ജനകീയാസൂത്രണകാലത്തു തന്നെ വ്യത്യസ്തമായ ഒരനുഭവമുണ്ടായി. വനിതാഘടകപദ്ധതിയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് വനിതാ സ്വയംസഹായ സംഘങ്ങള്‍ രൂപം കൊണ്ടിരുന്നു. ഇവ ആഴ്ച തോറും യോഗം ചേരുകയും സജീവത നിലനിര്‍ത്തുകയും ചെയ്തു. പുരുഷന്മാരില്‍ നിന്നു വ്യത്യസ്തമായി സ്ത്രീകളെ സംബന്ധിച്ചടത്തോളം ഒത്തുകൂടുന്നതിനുള്ള ഒരു സ്വതന്ത്ര ഇടമായി സ്വയം സഹായസംഘങ്ങള്‍ ഒരു ആവശ്യമായിത്തീര്‍ന്നു. അതുകൊണ്ടാണ് അവ സ്വയം പ്രവര്‍ത്തനക്ഷമമായത്. ഈ അനുഭവം കൂടി കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കു രൂപം നല്‍കിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ മറ്റു സ്വയം സഹായശൃംഖലകളില്‍ നിന്നു വ്യത്യസ്തമാക്കിയത് അവയ്ക്കു ഗ്രാമസഭകളുടെ ഉപഘടകങ്ങളായും പ്രവര്‍ത്തിക്കാന്‍ കഴിയും എന്നുള്ളതായിരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എല്ലാ ആഴ്ചയും യോഗം ചേരുന്നു. ഗ്രാമസഭയ്ക്കു മുന്നിലുള്ള യോഗത്തിലേയ്ക്ക് വീടുകളിലെ പുരുഷന്മാരെക്കൂടി കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ഗ്രാമസഭകളിലെ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് പൊതു അഭിപ്രായം രൂപീകരിച്ച് ഗ്രാമസഭയില്‍ അവതരിപ്പിക്കാന്‍ പറ്റും. ഇതുസംബന്ധിച്ച് മാരാരിക്കുളം പോലെ ചുരുക്കം ചില പ്രദേശങ്ങളില്‍ പരീക്ഷണങ്ങളും നടത്തി. പക്ഷേ, ഈ സമ്പ്രദായം വ്യാപകമായില്ല.


ജനുവരിയില്‍ പ്രത്യേക ഗ്രാമസഭകള്‍
ഇതിന്റെ ഒരു പരിഷ്‌കരിച്ച രീതി ഇത്തവണ നമുക്കു നടപ്പാക്കാന്‍ കഴിയണം. ഗ്രാമസഭകള്‍ ഫലപ്രദമാകുന്നതിന് താഴെ പറയുന്ന നിര്‍ദേശം പരിഗണിക്കാവുന്നതാണ്. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് ഗ്രാമസഭ ചേരുന്നതിന് മുന്‍പ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും റെസിഡന്‍സ് അസോസിയേഷനുകള്‍ക്കും പുരുഷസ്വയംസഹായസംഘങ്ങള്‍ക്കും നല്‍കാവുന്നതാണ്. അവ കുറിപ്പ് ചര്‍ച്ച ചെയ്ത് അവരവരുടെ അഭിപ്രായങ്ങള്‍ ഒരു പ്രതിനിധിവഴി ഗ്രാമസഭയില്‍ അവതരിപ്പിക്കാന്‍ ഒരു സന്ദര്‍ഭമുണ്ടാക്കണം. ഇതുവഴി ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയും. പരമാവധി ആളുകളെ ഈ ആദ്യഗ്രാമസഭയില്‍ പങ്കെടുപ്പിക്കുന്നതിന് മേല്‍പറഞ്ഞ സംഘങ്ങളെ ഉപയോഗപ്പെടുത്താനാവും.
അതുപോലെതന്നെ വാര്‍ഡില്‍ നടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വിവരങ്ങള്‍ ആരായുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം അംഗീകരിക്കപ്പെടണം. വിവരാവകാശ നിയമത്തിലെന്നപോലെ ഇതുസംബന്ധിച്ച് ഒരു ചോദ്യം നല്‍കിയാല്‍ അതിനു മറുപടി നല്‍കുന്നതിനുള്ള ഉത്തരവാദിത്വം പഞ്ചായത്ത് ഏറ്റെടുക്കണം. ഇതു ഭരണത്തിന് സുതാര്യത ഉറപ്പുവരുത്തും. അയല്‍ക്കൂട്ടങ്ങളെ പങ്കാളികളാക്കി സോഷ്യല്‍ ഓഡിറ്റും നടത്താനാവും.
പുതിയ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും സര്‍ക്കാര്‍ ഉത്തരവു കാത്തിരിക്കാതെ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഇപ്പോഴേ നടപടി സ്വീകരിച്ചു തുടങ്ങണം. ആദ്യ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം 'വിഷുവിന് വിഷമില്ലാത്ത പച്ചക്കറി' പദ്ധതിയായിരിക്കണം. നിലവിലുള്ള പദ്ധതിയെ വിശദീകരിക്കുകയും പദ്ധതിയില്‍ അനിവാര്യമായി വരുത്തേണ്ട മാറ്റങ്ങള്‍ക്ക് അംഗീകാരം വാങ്ങുകയുമാണ് ഈ ഗ്രാമസഭകളുടെ ലക്ഷ്യം. എല്ലാ പഞ്ചായത്തുകളും പച്ചക്കറി പ്രോജക്ട് ഏറ്റെടുത്തേ തീരൂ. ഇതുപോലെതന്നെ ശുചിത്വ പ്രോജക്ടും. ഗ്രാമസഭയില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഇതുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ വരുത്തേണ്ട ഭേദഗതിനിര്‍ദേശങ്ങള്‍ ഡിപിസിക്ക് സമര്‍പ്പിക്കേണ്ടതാണ്. സ്വാഭാവികമായും ഡിപിസി അംഗീകാരത്തിന് കുറച്ചു കാലതാമസമുണ്ടാകും. പക്ഷേ, തനതു ഫണ്ടും നിലവിലുള്ള പദ്ധതി നിര്‍ദേശങ്ങളും ഉപയോഗപ്പെടുത്തി ജനുവരി മാസം അവസാനത്തോടെ പച്ചക്കറി സ്വയംപര്യാപ്തതയ്ക്കു വേണ്ടിയുള്ള കാമ്പയിന്‍ ആരംഭിക്കാന്‍ കഴിയണം.

1 comment:

  1. എന്റെ ആത്മാർത്ഥമായ ഒരു ആഗ്രഹം പറയട്ടേ? കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങളായി ഞാൻ ആഗ്രഹിക്കുന്നത് സഖാവ് കേരളത്തിന്റെ ഭരണനേതൃത്വം ഏറ്റെടുക്കണമെന്നാണു. കാരണം താങ്കൾ കേരളത്തെ സ്നേഹിക്കുന്ന, കാഴ്ചപ്പാടും ആശയങ്ങളുമുള്ള ഒരു നേതാവാണു.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...