Saturday, September 19, 2015

അഞ്ചാം ധനകാര്യ കമ്മിഷനുള്ള സി പി ഐ എം ന്‍റെ കുറിപ്പ്



ജനകീയാസൂത്രണം കേരളത്തിലെ അധികാരവികേന്ദ്രീകരണ ചരിത്രത്തില്‍ ഒരു വഴിത്തിരിവായി.അന്യാദൃശ്യമായ തോതില്‍ അധികാരവും പണവും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഒന്നാം ധനകാര്യ കമ്മീഷന്റെ തീര്‍പ്പ് പ്രകാരം 1996-97 ല്‍ 212 കോടി രൂപയാണ് പദ്ധതിയില്‍ നിന്ന് തദ്ദേശ ഭരണ  സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ഇത് ഒറ്റയടിക്ക് 1025 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ 749 കോടി രൂപ ഉപാധിരഹിത ഫണ്ടായിട്ടാണ് നല്‍കിയത്. തുടര്‍ന്ന് വന്ന ധനകാര്യ കമ്മിഷനുകള്‍ ജനകീയാസൂത്രണം മുന്നോട്ട് വെച്ച സമീപനങ്ങളെ ശക്തിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചത്. രണ്ടാം  ധനകാര്യ കമ്മിഷന്‍ സംസ്ഥാന പദ്ധതി അടങ്കലിന്റെ 33.3% പണം താഴേക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്  പുറമെ സംസ്ഥാന സര്‍ക്കാറിന്റെ സ്വന്തം നികുതി വരുമാനത്തിന്റെ 9% പദ്ധതിയേതര ചിലവുകള്‍ക്കായി നല്‍കണമെന്ന് വിധിച്ചു. 

യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച മൂന്നാം ധനകാര്യ കമ്മിഷന്‍ കുറച്ച് കൂടുതല്‍ യാഥാസ്ഥിതികമായ സമീപനമാണ് കൈക്കൊണ്ടത് . പദ്ധതി വിഹിതവും പദ്ധതി അടങ്കലുമായിട്ടുള്ള അനുപാതബന്ധം അവര്‍ വിച്ചേദിച്ചു. 2006-07 ല്‍ പദ്ധതി വിഹിതം 1400 കോടി രൂപയായി നിശ്ചയിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 10% വീതം പദ്ധതി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തു. ഈ തീരുമാനത്തിന്റെ ഫലമായി 1997-98 മുതല്‍ പദ്ധതി അടങ്കലിന്റെ 27% ഉപാധി രഹിത ഫണ്ടായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു വന്നത് 20% ആയി താഴ്ന്നു. തുടര്‍ന്ന് വന്ന എം.എ ഉമ്മന്‍ അദ്ധ്യക്ഷനായ നാലാം ധനകാര്യ കമ്മിഷന്‍ ഈ പ്രവണത തിരുത്തുന്നതിനുള്ള നിര്‍ദ്ദേശമാണ് സമര്‍പ്പിച്ചത്. ഒറ്റയടിക്ക് പദ്ധതി വിഹിതം ജനകീയാസൂത്രണ കാലത്തെ നിലയിലേക്ക് ഉയര്‍ത്താന്‍ പ്രയാസമായതുകൊണ്ടു  2015-16 ആകുമ്പോള്‍ പദ്ധതി അടങ്കലില്‍ നിന്നും 30% താഴത്തേക്ക്  വിന്യസിക്കുന്നത് ഉറപ്പു വരുത്തുന്ന രീതിയില്‍ ഓരോ വര്‍ഷവും ഏതാണ്ടു  1% വീതം വര്‍ദ്ധന വരുത്തുന്നതിനാണ് അവര്‍ നിര്‍ദ്ദേശിച്ചത്.

2011-12 ല്‍ പദ്ധതിയുടെ 25% താഴേക്ക് നല്‍കണമെന്നുള്ള നിര്‍ദ്ദേശം നടപ്പായി. ( ഇതിനു കാരണം  എല്‍.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റില്‍ ഇതിനുള്ള തുക ഉള്‍പ്പെടുത്തിയതാണ് ) എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പദ്ധതി വിഹിതത്തിനുള്ള വര്‍ദ്ധന നടപ്പാക്കിയില്ല. 2013-14 ല്‍ 28.5% ലഭിക്കേണ്ട സ്ഥാനത്ത് 23.5% മാത്രമേ പദ്ധതി വിഹിതം ലഭിച്ചുള്ളൂ. 2015-16 ലെ ബജറ്റില്‍ പദ്ധതി അടങ്കല്‍ 20000 കോടി രൂപയാണ്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 4500 കോടി രൂപയേ വകയിരുത്തിയിട്ടുള്ളു. എന്നു വെച്ചാല്‍ പദ്ധതി അടങ്കലിന്റെ 30% താഴേക്ക് നല്‍കുന്നതിന് പകരം 22.5% മാത്രമേ താഴേക്ക് നല്‍കിയുള്ളു. എന്നു മാത്രമല്ല, 2014-15 ലെ പുതുക്കിയ കണക്ക് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 4912 കോടി രൂപ നല്‍കുകയുണ്ടായി. അതിനേക്കാള്‍ കുറവ് വിഹിതമേ
നടപ്പു വര്‍ഷത്തേക്ക് വകയിരുത്തിയിട്ടുള്ളു. ജനകീയാസൂത്രണത്തിന് ശേഷം ആദ്യമായിട്ടാണ് മുന്‍ വര്‍ഷത്തേക്കാള്‍ കേവലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടങ്കല്‍ കുറഞ്ഞത്.

അതീവ ഗൗരവമായ നിയമലംഘനമാണ് ഇത് വഴി കേരള സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. നാലാം ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ട്  ഉത്തരവിറക്കിയ ശേഷം ഒരു വിശദീകരണം പോലും നല്‍കാതെ തുടര്‍ച്ചയായി 4 വര്‍ഷവും ധനകാര്യകമ്മിഷന്റെ തീര്‍പ്പ് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിച്ചു. ഇത് മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 20105-16 ല്‍ മാത്രം അവകാശപ്പെട്ട 1200 കോടി രൂപ യു.ഡി.എഫ് സര്‍ക്കാര്‍ നിഷേധിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്റെ ഈ നിയമലംഘനങ്ങള്‍ ഔപചാരികമാക്കുന്നതിനുള്ള ഉപകരണമായിട്ടാണ് അഞ്ചാം ധനകാര്യ കമ്മിഷനെ നിയമിച്ചിട്ടുള്ളത് എന്ന് ഞങ്ങള്‍ സംശയിക്കുന്നു. അഞ്ചാം ധനകാര്യ കമ്മിഷന്റെ സമീപന രേഖയാണ് ഈ സംശയത്തിന് കാരണം. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും കുറ്റങ്ങള്‍ കണ്ടു പിടിക്കാനാണ് ഈ രേഖയില്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി രൂപീകരണവും നിര്‍വഹണവും താരതമ്യത്തിന് പോലും പരിശോധിക്കുന്നുമില്ല. മൊത്തം പദ്ധതി ചിലവ് എടുക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 75-85% പദ്ധതിപ്പണം ചിലവഴിച്ചിട്ടുണ്ടേന്ന് കാണാം. ഇത് സംസ്ഥാനപദ്ധതിയേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ്. പക്ഷേ അഞ്ചാം ധനകാര്യ കമ്മിഷന്റെ വലിയ ആക്ഷേപം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി അടങ്കലിലെ 67-82% ധനകാര്യ വര്‍ഷത്തിന്റെ നാലാം പാദത്തിലാണ് ചിലവഴിക്കുന്നത് എന്നുള്ളതാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പ്രാദേശിക പദ്ധതികളിലെ
മേഖലാ അടങ്കല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കിയതോടുകൂടി പദ്ധതിയുടെ 60-65% നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുള്ള തുകയാണ്. ഇവയുടെ ബില്ലുകള്‍ അവസാനപാദത്തിലേ വരൂ. ഇത് വിസ്മരിച്ചുകൊണ്ടു കാര്യക്ഷമത ഇല്ലായ്മയെ കുറിച്ചുള്ള വിമര്‍ശനം ദുഷ്ടലാക്കോടെയാണ്. ഇനിയും പദ്ധതി നിര്‍വ്വഹണം ഒട്ടേറെ മെച്ചപ്പെടാനുണ്ട്  എന്നതിന് സംശയമില്ല. പക്ഷേ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി ചിലവ് എടുത്താലും അവസാന പാദത്തിലാണ് സിംഹഭാഗവും ചിലവ് നടക്കുന്നത് എന്നത് കാണാതിരുന്നുകൂടാ.

അങ്ങനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം ചിലവഴിക്കാനുള്ള പ്രാപ്തിയില്ല എന്ന്  സ്ഥാപിച്ചുകൊണ്ട് അഞ്ചാം ധനകാര്യ കമ്മിഷന്‍ ഏറ്റവും പിന്തിരിപ്പന്‍ ലക്ഷ്യത്തോട് കൂടിയുള്ള ഒരു ചോദ്യം ഉയര്‍ത്തുന്നത്. '2013-14 ല്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്വന്തം നികുതി വരുമാനത്തിന്റെ 16.6% മാണ് താഴേക്ക് നല്‍കിയത്. ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ഗൗരവപരമായ ധന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അത്‌ കൊണ്ട്പ ഴയ നിലയില്‍ തന്നെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് തുടര്‍ന്നു നല്‍കാന്‍ കഴിയുമോ എന്ന ചോദ്യം ഉയരുന്നു. 

'ജനകീയാസൂത്രണം നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു. അവിടെ നിന്ന് താഴേക്ക് ചവിട്ടി താഴ്ത്താനാണ് അഞ്ചാം ധനകാര്യ കമ്മിഷന്‍ ശ്രമിക്കുന്നത്. ഇത് വരെയുള്ള ധനകാര്യ കമ്മിഷനുകള്‍ സ്വീകരിച്ചിട്ടുള്ള സമീപനങ്ങള്‍ക്ക് ഘടകവിരുദ്ധമായ സമീപനമാണ് അഞ്ചാം ധനകാര്യ കമ്മിഷന്‍ വെച്ചുപുലര്‍ത്തുന്നത്. ഒരു കാരണവശാലും ഇത്തരം ഒരു സമീപനത്തോട്
യോജിക്കാന്‍ കഴിയില്ല. അത്‌കൊണ്ടു  അഞ്ചാം ധനകാര്യ കമ്മിഷന്റെ സമീപന രേഖയോടുള്ള ഞങ്ങളുടെ പാര്‍ടിയുടെ ശക്തമായ എതിര്‍പ്പ് അറിയിക്കുന്നു.

പത്ത് വിഷയങ്ങളാണ് കീഴോട്ടുള്ള ധനവിന്യാസവുമായി ബന്ധപ്പെട്ട്‌കൊണ്ടു  ധനകാര്യ കമ്മിഷന്‍ ഞങ്ങളോട് അഭിപ്രായം ആരാഞ്ഞത്. ഇവ സംബന്ധിച്ചുള്ള ഞങ്ങളുടെ അഭിപ്രായം താഴെ ചേര്‍ക്കുന്നു.

1. സംസ്ഥാന നികുതി വരുമാനത്തിന്റെ 16.6% ത്തില്‍ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം കുറക്കണമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. ഒരു കാര്യം കൂടി സ്പഷ്ടീകരിക്കാന്‍ ആഗ്രഹിക്കുകയാണ്. ജനറല്‍ പര്‍പ്പസ് ഫണ്ട് , മെയിന്റനന്‍സ് ഫണ്ട്, ഡെവലപ്പമെന്റ് ഫണ്ട് എന്നിങ്ങനെ മുന്നിനങ്ങളിലായിട്ടാണല്ലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം കൈമാറുന്നത്. ഇവയില്‍ മെയിന്റനന്‍സ് ഫണ്ടും  ജനറല്‍ പര്‍പ്പസ് ഫണ്ടുമാണ്  ഇതു വരെ സംസ്ഥാന നികുതി വരുമാനത്തിന്റെ ശതമാനമായി നിര്‍ണ്ണയിച്ച് പോരുന്നത്. വികസനഫണ്ട് അഥവാ പ്ലാന്‍ ഫണ്ട്, പദ്ധതി അടങ്കലിന്റെ ശതമാനമായിട്ടാണ് നിര്‍ണ്ണയിച്ച് പോരുന്നത്. ജനകീയാസൂത്രണത്തിന് ശേഷമുള്ള രണ്ടും നാലും ധനകാര്യ കമ്മിഷനുകളും ഈ സമീപനമാണ് കൈക്കൊണ്ടാത് . പദ്ധതി വിഹിതം സംസ്ഥാന സ്വന്തം നികുതി വരുമാനത്തിന്റെ ശതമാനമായി കണക്ക് കൂട്ടുന്നത് ശരിയല്ല. കാരണം പദ്ധതിക്കുള്ള വിഭവങ്ങളില്‍ സിംഹഭാഗവും വായ്പയില്‍ നിന്നാണ് വായ്പയുടെ വിഹിതത്തില്‍ നിന്നും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ട് . അതുപോലെ തന്നെ പദ്ധതി വിഹിതമായി താഴേക്ക് നല്‍കുന്നതില്‍ കേന്ദ്രധനകാര്യ കമ്മിഷന്റെ വിഹിതവും ലോകബാങ്ക് വായ്പയുടെ വിഹിതവും പ്രത്യേകം വേര്‍തിരിച്ച് നല്‍കുന്നുണ്ട് . ഇവയെല്ലാം സംസ്ഥാന നികുതി വരുമാനത്തിന്റെ ശതമാനമായി കണക്കാക്കുന്നതില്‍ എന്താണ് അര്‍ത്ഥം ? അത്‌കൊണ്ട്  ഞങ്ങളുടെ പാര്‍ടിയുടെ സുശക്തമായ അഭിപ്രായം ഇതാണ് : ജനറല്‍ പര്‍പ്പസ്  ഫണ്ടും  മെയിന്റനന്‍സ് ഫണ്ടും ചുരുങ്ങിയത് 12% എങ്കിലും ആയി ഉയര്‍ത്തണം. ഇന്ന് തകര്‍ന്ന് പോയ ഗ്രാമീണ റോഡുകള്‍ക്ക് മെയിന്റനന്‍സ് നടത്താന്‍ പണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇല്ലാത്തത് കൊണ്ട്  ആ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത് മെയിന്റനന്‍സ് ഗ്രാന്റ് വര്‍ദ്ധിപ്പിക്കേതിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു . പദ്ധതി വികസന ഫണ്ടാകട്ടെ, നാലാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരം പദ്ധതി അടങ്കലിന്റെ 30% ആയി നിജപ്പെടുത്തണം. ഒറ്റയടിക്ക് ഇത്രയും വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ 5 വര്‍ഷം കൊണ്ട്സമയബന്ധിതമായ രീതിയില്‍ ഈ നിലയിലേക്ക് എത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം.

2. കേരളത്തിന്റെ നഗര വത്കരണം വേഗത്തില്‍ നടക്കുന്നു എന്നത് ശരി തന്നെ. ഇതിന്റെ ഫലമായി മുന്‍സിപ്പാലിറ്റികളുടെ എണ്ണം കൂടിയിട്ടുണ്ട് . അതോടൊപ്പം നഗര ജനസംഖ്യയും വര്‍ദ്ധിക്കുന്നു. ഇന്നിപ്പോള്‍ ജനസംഖ്യാനുപാതികമായി നഗരങ്ങള്‍ക്ക് കൂടുതല്‍ പണം കിട്ടും. അതുകൊണ്ടാണ് ജനസംഖ്യക്ക്  മുന്‍തൂക്കം നല്‍കുന്ന ഇന്ന് നിലവിലുള്ള വിതരണ ഫോര്‍മുലയില്‍ ഒരു മാറ്റവും വരുത്തെണ്ടതില്ല . നഗരങ്ങളെ അപേക്ഷിച്ച് പഞ്ചായത്തുകള്‍ക്കാണ് സ്വന്തം വരുമാന സ്രോതസ്സുകള്‍ കുറവ്.അതുകൊണ്ട് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് നല്‍കുന്ന പണത്തില്‍ ഗ്രാമീണ മേഖലയോട് വിവേചനം പാടില്ല.

3. നാലാം ധനകാര്യ കമ്മിഷന് മുമ്പ് റോഡ് മെയിന്റനന്‍സിനും റോഡേതര മെയിന്റനന്‍സിനും ഉള്ള അതുപാതം തുല്യമായിരുന്നു. നാലാം ധനകാര്യ കമ്മിഷനാണ് ഇത് 67:33 ആക്കിയത്. റോഡേതര മെയിന്റനന്‍സ് ഇനിയും കുറക്കുന്നത് ശരിയാവില്ല. മാത്രമല്ല റോഡിന് ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുമുണ്ട് .

4-6. അധിക നികുതി നിര്‍ദ്ദേശങ്ങളൊന്നും പ്രായോഗികമല്ല. അംഗീകരിക്കാനുമാവില്ല. നിലവിലുള്ള നികുതി, നികുതിയേതര വരുമാനങ്ങള്‍ യുക്തിസഹമാക്കുകയും കാര്യക്ഷമമായി പിരിക്കുകയും മാത്രമേ മാര്‍ഗ്ഗമുള്ളു.

7. പദ്ധതി ആസൂത്രണത്തിലെയും നിര്‍വ്വഹണത്തിലെയും രീതികള്‍ ദീര്‍ഘകാലത്തെ അനുഭവത്തിലൂടെ ഉള്‍ത്തിരിഞ്ഞ് വന്നതാണ്. ഇനിയും മാറ്റങ്ങള്‍ അനിവാര്യമാണ്. പക്ഷേ ഇതിനുള്ള ചുമതല ധനകാര്യ കമ്മിഷന്‍ ഏറ്റെടുക്കേണ്ടതില്ല. വിപുലമായ സംവാദം ഇക്കാര്യത്തില്‍ വേണം. ഇന്നത്തെ സ്ഥിതി വിശേഷത്തെ മറികടക്കണമെങ്കില്‍ യാന്ത്രികവും ഉദ്യോഗസ്ത മേധാവിത്വപരവും അഴിമതി ഗ്രസിച്ചിരിക്കുന്നതുമായ ഇന്നത്തെ സംവിധാനത്തെ ജനകീയാസൂത്രണ കാലത്ത് എന്നപോലെ രൂപാന്തരപ്പെടുത്തണം. ഇതിന് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പുതിയൊരു പതിപ്പ് അനിവാര്യമാണ്.

8. ഉറവിട മാലിന്യ സംസ്‌കരണത്തില്‍ ഊന്നിക്കൊുള്ള ഒരു പദ്ധതിയാണ് ശുചിത്വം സംബന്ധിച്ച് ഞങ്ങളുടെ പാര്‍ടിക്കുള്ളത്. നിലവിലുള്ള നിയമങ്ങളിലും സംവിധാനങ്ങളിലും മാറ്റം ഇത് അനിവാര്യമാക്കുന്നു. ഈ ചുമതലകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്
കഴിയുമെന്നതിന് ഉത്തമദൃഷ്ടാന്തങ്ങള്‍ കേരളത്തില്‍ ഉണ്ട് .

9. ജനകീയാസൂത്രണം തുടങ്ങിയ കാലം മുതല്‍ 12 ഗഡുക്കളായിട്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം കൈമാറിയത്. 2014-15 മുതല്‍ ഈ സമ്പ്രദായം അവസാനിപ്പിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ പ്രോജക്ട് നിര്‍വ്വഹണം കഴിഞ്ഞ് ബില്ലുകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് പണം മാറുന്ന സമ്പ്രദായം കൊു വന്നിരിക്കുകയാണ്. ഇത് പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും ധനപരമായ സ്വയംഭരണത്തെ ഹനിക്കും. പി.ഡബ്ല്യു.ഇ യിലും മറ്റും പോലെ ബില്ലുകള്‍ കുടിശിക ആവുകയും പ്രവര്‍ത്തനം സ്തംഭിക്കുകയും ചെയ്യും. മുമ്പ് നിലവിലിരുന്ന സമ്പ്രദായ പ്രകാരം പണം ഗഡുക്കളായി നല്‍കിയിട്ട് ചിലവായില്ലെങ്കില്‍ ക്യാഷ് ബാലന്‍സ് ട്രഷറിയില്‍ തന്നെയാണല്ലോ കിടക്കുക. അതുകൊ്ണ്ടു അഡ്വാന്‍സ് ആയി പണം നല്‍കിയത്‌കൊ് പ്രത്യേകിച്ച് ഒരു സാമ്പത്തിക ബുദ്ധിമുട്ടും സര്‍ക്കാറിന് ഉണ്ടാവുന്നില്ല. പണം ചിലവാകാതെ കുന്നുകൂടി അരാജകത്വം സൃഷ്ടിക്കുന്ന പ്രശ്‌നവുമില്ല. കാരണം വര്‍ഷാവസാനം ഓരോ വര്‍ഷവും ചിലവാക്കേണ്ട മിനിമം സര്‍ക്കാര്‍ നിജപ്പെടുത്താറണ്ട് . അതില്‍
താഴേ വരുന്ന ചിലവാകാത്ത ഫ് അടുത്ത വര്‍ഷത്തേക്ക് ക്യാരി ഓവര്‍ ചെയ്യാന്‍ കഴിയില്ല. പുതിയ സമ്പ്രദായം പണം സമയത്ത് നല്‍കാതെ പിടിച്ചുവെക്കുന്നതിനും വെട്ടികുറക്കുന്നതിനുമുള്ള ഒരു ഉപായം മാത്രമാണ്. അതുകൊ് ഈ പുതിയ സമ്പ്രദായത്തിന് ധനകാര്യ കമ്മിഷന്‍ വിരാമമിടണം.

10. വിനോദ നികുതി ഇല്ലാതാവുമ്പോള്‍ നഷ്ടപരിഹാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  നല്‍കേണ്ടതാണ്.  അഞ്ചാം ധനകാര്യ കമ്മിഷന്റെ സമീപന രേഖയില്‍ സി.പി.ഐ.(എം). വലിയ ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നു . യു.ഡി.എഫ്. സര്‍ക്കാര്‍ എടുത്ത ഒട്ടേറെ നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ദുര്‍ബലപെടുത്തിയിട്ടുണ്ട് . ഈ പ്രവണതക്ക് ആക്കം കൂട്ടാതെ അത് തിരുത്തിക്കൊണ്ട്  ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ ആദര്‍ശങ്ങളിലേക്ക്  നീങ്ങാന്‍ സഹായകരമായ നിര്‍ദ്ദേശങ്ങള്‍ ആയിരിക്കണം അഞ്ചാം ധനകാര്യ കമ്മിഷന്‍ സമര്‍പ്പിക്കേണ്ടത്  എന്ന് അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...