Monday, August 3, 2015

വായനശാല ഒരു പഠനവീട്‌

ധനവിചാരം Aug 4, 2015

ഏഴാംക്ലാസുകാരില്‍ നാലിലൊന്നുപേരും അക്ഷരമെഴുതാനും വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനും വായിക്കാനുമറിയാതെയാണ് ഹൈസ്‌കൂളിലെത്തുന്നത്. എഴുതാനും വായിക്കാനും കഴിയാത്ത കുട്ടികള്‍ സ്വാഭാവികമായും ഹൈസ്‌കൂളിലും പിന്നാക്കമായിരിക്കും. പിന്നെ പത്താംക്ലാസിലെത്തുമ്പോഴായിരിക്കും കതിരിന്മേല്‍ വളംവെയ്ക്കുന്നതുപോലെ സ്‌പെഷ്യല്‍ ക്ലാസുകള്‍. 
ഈ പഠനപിന്നാക്കാവസ്ഥ ഗുരുതരമായ സാമൂഹികപ്രശ്‌നമാണ്. കുട്ടികളെല്ലാം ബുദ്ധിശക്തിയില്‍ ഒരുപോലെയാവില്ല. പക്ഷേ, ബുദ്ധിശക്തിയുടെ ഏറ്റക്കുറച്ചില്‍ സമുദായമോ തൊഴിലോ വാസകേന്ദ്രമോ അനുസരിച്ചല്ല. എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ബുദ്ധിശക്തിയുടെ ഏറ്റക്കുറച്ചില്‍ ഏതാണ്ടൊരുപോലെയാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കാരണം, ഇത് ജീവശാസ്ത്രപരമായാണു നിര്‍ണയിക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ചില വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവിലുള്ള പഠനപിന്നാക്കാവസ്ഥയ്ക്ക് എന്താണു കാരണം? ഈയൊരന്വേഷണം കുട്ടികളുടെ സാമൂഹികസാമ്പത്തിക പശ്ചാത്തലത്തിലാണെത്തിച്ചേരുക.
 

ആലപ്പുഴ ജില്ലയിലെ, പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന കുട്ടികളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോേളജിലെ ഡോ. ജയപ്രകാശ് ആറുവര്‍ഷംനീണ്ട ഒരു പഠനം നടത്തി. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ 2432 കുട്ടികളെയാണു പഠിച്ചത്. ആണ്‍കുട്ടികളിലായിരുന്നു പഠനപിന്നാക്കാവസ്ഥ കൂടുതല്‍. മൊത്തം കുട്ടികളില്‍ 49 ശതമാനം പേര്‍ക്കും കുടുംബപരമായ മാനസികപ്രശ്‌നങ്ങളുണ്ട്. 11.3 ശതമാനം കുട്ടികളുടെ വീട്ടില്‍ അമ്മമാത്രമേയുള്ളൂ. 23.4 ശതമാനംപേര്‍ അച്ഛന്റെ മദ്യാസക്തിയുടെ ഇരകളും. 32.2 ശതമാനം പേരുടെ വീടുകളില്‍ വഴക്കും ബലപ്രയോഗങ്ങളും സ്ഥിരമാണ്. പഠനപിന്നാക്കാവസ്ഥ കുട്ടികളുടെ മാനസികനിലയിലും ഗൗരവമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. 42 ശതമാനം കുട്ടികള്‍ സ്വഭാവവൈകല്യങ്ങള്‍ക്കു വിധേയരാണ്. 31 ശതമാനം കുട്ടികള്‍ക്ക് വികാസവൈകല്യങ്ങളുണ്ട്. 16 ശതമാനം പേര്‍ രണ്ടു വൈകല്യങ്ങളുടെയും ഇരകളാണ്. ചുരുക്കത്തില്‍ പഠനപിന്നാക്കാവസ്ഥ, ഈ വിഭാഗങ്ങളുടെ സാമൂഹികപുരോഗതിക്കും തടസ്സമാകുന്നുവെന്നുമാത്രമല്ല, കുട്ടികളുടെ ആരോഗ്യവളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. 
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന, എന്റെ മണ്ഡലത്തിലെ 10, 12 ക്ലാസുകളിലെ കുട്ടികളെ അഭിനന്ദിക്കുന്നതിന് ഞാന്‍ അവരുടെ വീടുകളില്‍ പോകാറുണ്ട്. ആലപ്പുഴമണ്ഡലത്തില്‍ 250ഓളം ഫുള്‍ എ പ്ലസ്സുകാരുണ്ടാകും. പക്ഷേ, 20ശതമാനത്തോളംവരുന്ന മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഏഴോ എട്ടോ ഫുള്‍ എ പ്ലസ്സുകാരേ കാണൂ. കാരണമറിയാന്‍ നോണ്‍ ടൗണ്‍ തുമ്പോളിയിലെ ഹൈസ്‌കൂള്‍ കുട്ടികളുള്ള ഒട്ടെല്ലാ വീടും സന്ദര്‍ശിച്ചു. ഏതാണ്ട് എല്ലാ വീട്ടിലും ഭക്ഷണംകഴിക്കാനും വിനോദത്തിനും പഠിക്കാനുമെല്ലാംകൂടി ഒരുമുറിയേ ഉള്ളൂ. ടി.വി. ആ മുറിയിലാവും സ്ഥാപിച്ചിട്ടുണ്ടാവുക. ടി.വി.യുടെയും വീട്ടുകാരുടെയും ബഹളത്തിനിടയിലിരുന്ന് കുട്ടികള്‍ക്കു പഠിക്കാനാകുന്നില്ല. മത്സ്യത്തൊഴിലാളികളില്‍ വിദഗ്ധഅര്‍ധ പ്രൊഫഷണല്‍ ജോലികളിലേര്‍പ്പെടുന്നവര്‍ 10ശതമാനത്തില്‍ താഴെയാണ്.
കോഴിക്കോട് സര്‍വകലാശാലയിലെ ഡോ. ഉഷ, രാജേശ്വരി എന്നിവരുടെ പഠനമനുസരിച്ച് മത്സ്യത്തൊഴിലാളികുടുംബങ്ങളിലെ കുട്ടികളില്‍ ഭൂരിപക്ഷവും ഹൈസ്‌കൂളില്‍ പഠിക്കുന്ന ഒന്നാമത്തെ തലമുറയാണ്. 95 ശതമാനം മാതാപിതാക്കളുടെയും വിദ്യാഭ്യാസം പത്താംക്ലാസോ അതില്‍ താഴെയോ ആണ്. വീട്ടിലിരുന്ന് പഠിക്കുമ്പോള്‍ സംശയമുണ്ടായാല്‍ പറഞ്ഞുകൊടുക്കാനാരുമില്ല. 15 ശതമാനം രക്ഷാകര്‍ത്താക്കളേ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ നല്ലരീതിയില്‍ പങ്കാളികളാകുന്നുള്ളൂ. 
ഈ സ്ഥിതിവിശേഷമാണ് 'പഠനവീട്' എന്ന ആശയത്തിലെത്തിച്ചത്. വായനശാലകള്‍ എന്തുകൊണ്ട് പഠനവീടുകളാക്കിക്കൂടാ? വായനശാലകള്‍ വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്കു വന്നിരുന്ന് പഠിക്കാനൊരിടംകൂടിയാകണം. 
ആലപ്പുഴ പട്ടണത്തിനടുത്തുള്ള കോസ്റ്റല്‍, യൂണിവേഴ്‌സല്‍, ബ്ലൂസ്റ്റാര്‍, ജ്ഞാനപീഠം എന്നീ വായനശാലകളിലാണ് ഈ വിദ്യാഭ്യാസപരീക്ഷണം നടക്കുന്നത്. 'പ്രതിഭാതീരം' എന്നാണ് ഈ പദ്ധതിയുടെ പേര്. എല്ലാദിവസവും സമീപപ്രദേശത്തെ ഏഴാംക്ലാസുമുതല്‍ പത്തുവരെയുള്ള കുട്ടികള്‍ ലൈബ്രറികളിലെത്തുന്നു. വൈകുന്നേരം ആറുമുതല്‍ ഒമ്പതുവരെയാണ് സമയം. ഇപ്പോള്‍ ഏതാണ്ട് 175 കുട്ടികളുണ്ട്. ലൈബ്രറിയിലെ സ്ഥലപരിമിതിയാണ് പ്രശ്‌നം. ജ്ഞാനപീഠം ലൈബ്രറിയിലെത്തുന്നവര്‍ തൊട്ടടുത്ത വീട്ടിലെ താത്കാലിക ഷെഡിലിരുന്നാണു പഠിക്കുന്നത്. ഇവരെ സഹായിക്കുന്നതിനായി എല്ലാദിവസവും 610 അധ്യാപകര്‍ ഓരോ ലൈബ്രറിയിലും വരുന്നുണ്ട്. ഭൂരിപക്ഷവും കോളജ് വിദ്യാര്‍ഥികളാണ്. വണ്ടാനം മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന ഒരു ഡസന്‍ കുട്ടികള്‍ ഇതില്‍പ്പെടും. കൂടാതെ വിരമിച്ച അധ്യാപകരും വിദ്യാസമ്പന്നരായ വീട്ടമ്മമാരുമുണ്ട്. ഇങ്ങനെ ഏതാണ്ട് 60 അധ്യാപകര്‍. ഇവര്‍ മാറിമാറി സായാഹ്നങ്ങള്‍ കുട്ടികളോടൊപ്പം വായനശാലകളില്‍ ചെലവഴിക്കുന്നു. കുട്ടികള്‍ക്ക് ചായയും ലഘുഭക്ഷണവുമുണ്ട്. 
ഈ ലൈബ്രറികളിലെല്ലാം ഏതാണ്ട് 34 വീതം സെക്കന്‍ഡ്ഹാന്‍ഡ് കമ്പ്യൂട്ടറുകള്‍ തത്കാലം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍വീതം കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലഭിക്കും. ഐ.ടി. ഒരു വിഷയമായിമാത്രം പഠിപ്പിക്കാതെ കുട്ടികളുടെ വിഷയപഠനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങളുമുണ്ട്. താമസിയാതെ ഇന്റര്‍നെറ്റുപയോഗിച്ച് വീഡിയോ കോണ്‍ഫറന്‍സ്വഴി ഇന്ററാക്ടീവ് ഓണ്‍ലൈന്‍ ട്യൂട്ടറിങ് നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. ഇതുവഴി തിരുവനന്തപുരത്തോ മറ്റേതെങ്കിലും പട്ടണത്തിലോ ഇരിക്കുന്ന വിദഗ്ധര്‍ക്ക് ആലപ്പുഴയിലെത്താതെതന്നെ കുട്ടികളുമായി നേരിട്ട് സംവദിക്കാന്‍ സാധിക്കും. 
ഇതിനുപുറമേ ഒഴിവുദിവസങ്ങളില്‍, ഓരോ വിഷയത്തിലും പിന്നാക്കംനില്ക്കുന്ന കുട്ടികള്‍ക്ക് ആവിഷയങ്ങളില്‍ പ്രഗല്ഭരായ അധ്യാപകര്‍ പ്രത്യേകം ക്ലാസുകള്‍ നടത്തുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും അക്ഷരജ്ഞാനവും അക്കജ്ഞാനവും ഉറപ്പുവരുത്തുന്നതിനാണ് ഇപ്പോള്‍ പ്രത്യേക ശ്രദ്ധനല്‍കുന്നത്. 

സ്‌കൂള്‍ക്ലാസും ചിലപ്പോള്‍ ട്യൂഷനും കഴിഞ്ഞുവരുന്ന കുട്ടികളെ ഉടന്‍തന്നെ വായനശാലയിലെ ക്ലാസുകളിലിരുത്തുകയല്ല ചെയ്യുന്നത്. വിനോദത്തിനും സൗകര്യമൊരുക്കുന്നുണ്ട്. നാല് ലൈബ്രറികളിലും ഫുട്‌ബോള്‍ ടീമുണ്ട്. മറ്റുകളികള്‍ക്കും സൗകര്യമുണ്ടാകും. വെക്കേഷന്‍ കാലത്ത് പലരീതികളിലുള്ള പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി വ്യക്തിപരമായി അവര്‍ക്ക് ശ്രദ്ധനല്‍കാന്‍ ഒരു പരീക്ഷണം മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ഡോ. ജയപ്രകാശ് നടത്തുകയുണ്ടായി. അഞ്ച്, ആറ്, ഏഴ് ക്ലാസിലെ രണ്ടായിരത്തില്‍പ്പരം കുട്ടികളില്‍നിന്ന് പഠനപിന്നാക്കാവസ്ഥയുള്ള 167 കുട്ടികളെ കണ്ടെത്തി. ഇവരെ പിന്നാക്കാവസ്ഥയുടെ തീവ്രതയനുസരിച്ച് മൂന്നായി തിരിച്ചു. അതനുസരിച്ച് അവര്‍ക്ക് പ്രത്യേക പരിഹാരവിദ്യാഭ്യാസം ഒരുവര്‍ഷം നല്‍കി. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കി. പിന്നാക്കംനില്‍ക്കുന്ന കുട്ടികളില്‍ സാധാരണ കണ്ടുവരാറുള്ള പല സ്വഭാവവൈകല്യങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. ഒരുവര്‍ഷത്തെ ഈ പ്രവര്‍ത്തനത്തിന്റെ അവസാനം കുട്ടികളെ മുഴുവന്‍ വീണ്ടും വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ മഹാഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസനിലയില്‍ ഗണ്യമായ പുരോഗതിയുണ്ടായതായി കണ്ടെത്തി. 
ഇതേരീതിയില്‍ പഠനവീടുകളിലെ പഠനപിന്നാക്ക കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും മാതാപിതാക്കള്‍ക്ക് കൗണ്‍സലിങ്ങും നല്‍കുന്നതിന് പരിപാടി ആലോചിച്ചുവരുന്നു. വളരെ ഫലപ്രദമായി നടക്കുന്ന സി.ജെ. ഫ്രാന്‍സിസ് പാലിയേറ്റീവ് ഫൗണ്ടേഷന്‍ ഇപ്പോള്‍ത്തന്നെ ഡോ. ചിത്രയുടെ സഹായത്തോടെ മനോരോഗികള്‍ക്കും സാന്ത്വനം നല്‍കുന്നുണ്ട്. ഈ പാലിയേറ്റീവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരിക്കും ഈ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. 

ഇന്ന് ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ പത്താംക്ലാസിലെത്തുമ്പോഴേക്കും മറ്റെല്ലാ വിഭാഗത്തിലെയും കുട്ടികളെപ്പോലെ പഠനനിലവാരം കൈവരിക്കാനാണ് പ്രതിഭാതീരംപദ്ധതി ലക്ഷ്യമിടുന്നത്.
 

മത്സ്യത്തൊഴിലാളി, പട്ടികജാതി പോലുള്ള വിഭാഗങ്ങളിലെ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് അടിസ്ഥാനപരിഹാരം ഇവരുടെ സാമൂഹികസാമ്പത്തിക പുരോഗതിയാണ്. ഇതിനുള്ള ആസൂത്രിതമായ പദ്ധതികള്‍ നടപ്പാക്കുന്നതിനോടൊപ്പം ഇന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസപിന്നാക്കാവസ്ഥ മറികടക്കുന്നതിന് പ്രത്യേക പരിപാടികളും തയ്യാറാക്കണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും പിന്നാക്കംനില്‍ക്കുന്ന 104 സ്‌കൂളുകളുടെ വിദ്യാഭ്യാസപുരോഗതിക്ക് തയ്യാറാക്കിയ സ്‌കീം ഇതിനുദാഹരണമാണ്. ഇതുപോലെ പ്രാദേശികപങ്കാളിത്തത്തോടെ ചുരുങ്ങിയ ചെലവില്‍ നടപ്പാക്കാനാവുന്ന ഒരു വിദ്യാഭ്യാസപരീക്ഷണമാണ് വായനശാല ഒരു പഠനവീട് പരിപാടി. 

1 comment:

  1. താങ്കള്‍ ഒരു മാതൃകയാണ് സഖാവെ.
    ഈ കാലത്ത് താങ്കളെപ്പോലുള്ള നൂറുപേരുണ്ടെങ്കില്‍ എന്നാഗ്രഹിച്ചുപോവുകയാണ്.
    അഭിവാദ്യങ്ങള്‍

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...