Monday, August 3, 2015

ആസിയാന്‍ കരാര്‍ - മാധ്യമങ്ങള്‍ അവഗണിച്ച മനുഷ്യചങ്ങല



(എന്‍ പി ചന്ദ്രശേഖരനും ഞാനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകത്തില്‍, ആസിയാന്‍ കരാറിനോടുളള കേരളത്തിലെ മാധ്യമങ്ങളുടെ സമീപനത്തെ വിശകലനം ചെയ്തുകൊണ്ട് ഒരു അധ്യായമുണ്ട്. ആ അധ്യായം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു).

രണ്ടായിരത്തി ഒന്‍പതിലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഇരുപതില്‍ പതിനാറു സീറ്റ് ലഭിച്ചതിനു പിന്നില്‍ മാധ്യമ പ്രൊപ്പഗാന്‍ഡ സുപ്രധാന പങ്കുവഹിച്ചു. ഈ വിജയത്തിന് പ്രത്യുപകാരമായി പുതിയ യു പി എ സര്‍ക്കാര്‍ നൂറു ദിവസത്തിനുളളില്‍ രണ്ടു സമ്മാനങ്ങളാണ് കേരളത്തിന് നല്‍കിയത്. ആദ്യത്തേത്, ആസിയന്‍ രാജ്യങ്ങളുമായുളള സ്വതന്ത്ര വ്യാപാരക്കരാര്‍, രണ്ടാമത്തേത് ഭക്ഷ്യസുരക്ഷാ നിയമം. ആസിയന്‍ കരാര്‍ സമൂലമായ കാര്‍ഷികത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കും; ഭക്ഷ്യസുരക്ഷാനിയമം കേരളത്തിലെ സാര്‍വത്രിക റേഷന്‍ നിയമപരമായിത്തന്നെ എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യും. ആസിയന്‍ കരാര്‍ കേരളത്തിലെ നാണ്യവിളകളുടെ വില തകര്‍ക്കുമ്പോള്‍ ഭക്ഷ്യസുരക്ഷാ നിയമം അരിയുടെയും പഞ്ചസാരയുടെയും വില കുത്തനെ ഉയര്‍ത്തും. കേരളം വില്‍ക്കുന്ന വിളകളുടെ വില തകരും; വാങ്ങുന്ന വിളകളുടെ വില ഉയരും. ഇങ്ങനെ വിലകളുടെ കത്രികപ്പൂട്ടിലേക്ക് കേരളം നീങ്ങുമ്പോള്‍ മാധ്യമങ്ങള്‍ പുലര്‍ത്തിയ നിസ്സംഗതയാണ് ഈ അധ്യായത്തിന്റെ ഉളളടക്കം.

ഏതൊരു മലയാളിയുടെയും മനസില്‍ 1999 മുതല്‍ 2004 വരെ നീണ്ട കാര്‍ഷികത്തകര്‍ച്ചയുടെ നടുക്കുന്ന ഓര്‍മകളുടെ മിന്നല്‍പ്പിണരുണ്ടാക്കേണ്ടതാണ് ആസിയന്‍ കരാര്‍. ലോകവ്യാപാരക്കരാര്‍ ഒപ്പിട്ട് ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു കാര്‍ഷികത്തകര്‍ച്ചയും ആത്മഹത്യകളും ഉണ്ടായത്. ആസിയന്‍ കരാറില്‍ വിഭാവനം ചെയ്യുന്നതുപോലെ സര്‍വസ്വതന്ത്ര വ്യാപാരം നിലവില്‍ വന്നിരുന്നില്ല. കാര്‍ഷിക മേഖലയെ ലോകവ്യാപാരക്കരാറിന്റെ ഭാഗമാക്കുന്നതില്‍ മൂന്നാംലോക രാജ്യങ്ങളെല്ലാം പ്രതിഷേധവും ആശങ്കയും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി അവസാനം ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്ക് അടിയറവു പറയേണ്ടി വന്നു.
കാര്‍ഷികമേഖലയെക്കുറിച്ചുളള ലോകവ്യാപാരക്കരാര്‍ മുഖ്യമായും കാര്‍ഷിക ഇറക്കുമതിയുടെ മേലുളള നിരോധനം, ക്വാട്ടകള്‍ തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും സമയബന്ധിതമായി ഇല്ലാതാക്കി. എന്നാല്‍ ചുങ്കം ചുമത്താനുളള അധികാരം തുടര്‍ന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനം വരെ നികുതി ചുമത്താമായിരുന്നുവെങ്കിലും ഇന്ത്യ യഥാര്‍ഥത്തില്‍ അതിനെക്കാള്‍ താഴെയാണ് ചുങ്കം ഏര്‍പ്പെടുത്തിയത്. 1991 മുതല്‍ ഐ എം എഫിന് വഴങ്ങി ഇന്ത്യ ഇറക്കുമതി ഉദാരവല്‍ക്കരിച്ചു കൊണ്ടിരിക്കുകയായിരുന്നുവല്ലോ.
വികസിത രാജ്യങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിക്കൊണ്ടിരുന്ന ഭീമമായ സബ്‌സിഡികള്‍ കുറയ്ക്കുന്നതിനും മറ്റും ഉടമ്പടിയില്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മൂന്നാംലോക രാജ്യങ്ങളെ അതിവിദഗ്ധമായി പറ്റിക്കുകയാണ് അവര്‍ ചെയ്തത്. വ്യാപാരത്തെ നേരിട്ട് ബാധിക്കുന്ന സബ്‌സിഡികള്‍, അതായത്, വിളകള്‍ക്കുള്ള ഉല്‍പ്പാദന ബോണസ്, വളം, വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്കുളള സബ്‌സിഡികള്‍ എന്നിവ പടിപടിയായി വെട്ടിക്കുറയ്ക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇവ വികസിതരാജ്യങ്ങള്‍ അനുസരിച്ചു. എന്നാല്‍ ഇവയ്ക്കു പുറമേ കാര്‍ഷികമേഖലയ്ക്ക് മറ്റു രീതികളിലും സബ്‌സിഡി നല്‍കാം. ഉദാഹരണത്തിന് ഏക്കറിന് ഇത്ര രൂപ എന്ന് നിരക്കില്‍ പൊതുവില്‍ ധനസഹായം നല്‍കാം. വേണമെങ്കില്‍ കൃഷിക്കാര്‍ക്ക് ആളോഹരി ധനസഹായം നല്‍കാം. ഇവയൊന്നും വ്യാപാരത്തെ നേരിട്ട് ബാധിക്കാത്ത സബ്‌സിഡികളായിട്ടാണ് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നത്. ഇത്തരത്തിലുളള സബ്‌സിഡികള്‍ വികസിത രാജ്യങ്ങള്‍ കുത്തനെ ഉയര്‍ത്തി. ലോകവ്യാപാരക്കരാര്‍ നിലവില്‍ വന്നിട്ടും അവര്‍ കാര്‍ഷിക മേഖലയ്ക്ക് മൊത്തത്തില്‍ നല്‍കുന്ന സബ്‌സിഡിക്ക് ഒരു കുറവുമുണ്ടായില്ല. തന്മൂലം ലോകവ്യാപാരക്കരാര്‍കൊണ്ട് മൂന്നാംലോക രാജ്യങ്ങളുടെ കയറ്റുമതി ഗണ്യമായി ഉയര്‍ത്താനോ കാര്‍ഷിക മേഖലയ്ക്ക് പ്രചരിപ്പിച്ചതുപോലെ നേട്ടമുണ്ടാക്കാനോ കഴിഞ്ഞില്ല.
കാര്‍ഷികത്തകര്‍ച്ചയുടെ നടുക്കുന്ന ഓര്‍മകള്‍
ഇറക്കുമതി ഉദാരവല്‍ക്കരിച്ചതോടെ ഇന്ത്യയിലെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിലനിലവാരത്തിനനുസരിച്ച് ഉയരാനും താഴാനും തുടങ്ങി. ആദ്യവര്‍ഷങ്ങളില്‍ അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഉയര്‍ന്നു നിന്നിരുന്നതുകൊണ്ട് കേരളത്തിലെ നാണ്യവിളകള്‍ക്ക് നല്ല വില കിട്ടി. ഈ സാഹചര്യം ഉപയോഗിച്ച് ലോകവ്യാപാരക്കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തെ പല മലയാള മാധ്യമങ്ങളും കളിയാക്കി. എന്നാല്‍ 1999-ഓടെ അന്തര്‍ദേശീയ വിലകള്‍ താഴാന്‍ തുടങ്ങി. കേരളത്തിലെ നാണ്യവിളകളുടെ വില കൂട്ടമായി തകരുന്ന അപൂര്‍വ അനുഭവത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഈ കാര്‍ഷികത്തകര്‍ച്ചയെക്കുറിച്ച് യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച സ്വാമിനാഥന്‍ കമീഷന്‍ വളരെ വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളീയരെ ഏറ്റവും കൂടുതല്‍ ബാധിച്ചത് നാളികേരത്തിന്റെ വിലത്തകര്‍ച്ചയാണ്. 1997 - 99 കാലഘട്ടത്തില്‍ ഏതാണ്ട് 5,300 രൂപ ക്വിന്റലിന് വിലകിട്ടിയിരുന്ന വെളിച്ചെണ്ണയുടെ വില 2001 ല്‍ 3,250രൂ. ആയി താണു. മണ്ഡരി ബാധ കൂടിയായപ്പോള്‍ നാളികേരകര്‍ഷകര്‍ പാപ്പരായി.
1995-96 ല്‍ റബറിന് ക്വിന്റലിന് 5,000 മുതല്‍ 6,000രൂപവരെ വിലയുണ്ടായിരുന്നത് 1997 -98 ആയപ്പോള്‍ ശരാശരി 3,580 രൂപയായി താഴ്ന്നു. 1998-99 ല്‍ ഇത് 2,994 രൂപയായി. 2001-02 വരെ ഏതാണ്ട് ഈ നിലയില്‍ വില കിടന്നു.
തേയില വില 1997 ല്‍ കിലോയ്ക്ക് 78 രൂപയായിരുന്നു. 2001 ല്‍ ഇത് 53 രൂപയായി താഴ്ന്നു. തൊഴിലുടമകള്‍ തോട്ടങ്ങള്‍ ഉപേക്ഷിക്കുകപോലും ചെയ്തു. തൊഴിലാളികള്‍ വഴിയാധാരമായി.
കാപ്പിയുടെ വില 1997 -98 ല്‍ 95 രൂപയായി ഉയര്‍ന്നത് 98 നു ശേഷം കുത്തനെ ഇടിഞ്ഞ് ഒരു ഘട്ടത്തില്‍ 10 രൂപ വരെയെത്തി. 2001 -02 കാലത്ത് 26 - 28 രൂപയായിരുന്നു കാപ്പിയുടെ വില. 
1995-97 കാലത്ത് കുരുമുളകിന് 105 മുതല്‍ 250 രൂപ വരെ വില കിട്ടിയിരുന്നു. 2001 ല്‍ ഇത് 70-80 രൂപയായിത്തീര്‍ന്നു. ഏലവും കശുവണ്ടിയും മാത്രമാണ് വിലത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്. 
വിലയിടിഞ്ഞത് കാര്‍ഷിക ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. നാണ്യവിളകള്‍ക്ക് പരമ്പരാഗതമായി നല്‍കിക്കൊണ്ടിരുന്ന പരിചരണങ്ങളും വളംചേര്‍ക്കലും നിര്‍ത്തിവെച്ചു. എന്തിന,് കാപ്പിയുടെയും തേയിലയുടെയും വിളവെടുപ്പുപോലും ഉപേക്ഷിച്ചു. ഇങ്ങനെ കേരളം നേരിട്ട കാര്‍ഷികത്തകര്‍ച്ച ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഉണ്ടായില്ല. 1999 മുതല്‍ 2004 വരെ കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന വര്‍ധനവേ ഉണ്ടായില്ല. 1999-2000 ല്‍ ഉല്‍പ്പാദനം 12,421 കോടിയായിരുന്നു. 2000-01 ലും 2001 -02 ലും ഇത് യഥാക്രമം 11,078 കോടി രൂപയും 11,616 കോടി രൂപയും മാത്രമായിരുന്നു. 2002-03 ല്‍ പഴയ നിലയിലേയ്ക്ക് (12,856 കോടി) ഉയര്‍ന്നു. 2005-06 മുതലാണ് സാധാരണഗതിയിലുണ്ടായിക്കൊണ്ടിരുന്ന വളര്‍ച്ച കൈവരിച്ചത്. 
ഈ സ്ഥിതിയാണ് കര്‍ഷകആത്മഹത്യകളിലേക്ക് നയിച്ചത്. ഏതാണ്ട് 1,300 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു. പാവപ്പെട്ട നാമമാത്ര കൃഷിക്കാര്‍ മാത്രമല്ല, ഇടത്തരം കൃഷിക്കാര്‍വരെ കടം കയറി ആത്മഹത്യയില്‍ അഭയം തേടി. 
കേരളത്തിന്റെ ഈ അനുഭവത്തെ മറന്നുകൊണ്ടാണ്, കരാറിനെ ന്യായീകരിക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത് വന്നത്. 2009 ആഗസ്ത് 21 ന് മാതൃഭൂമിയിലെഴുതിയ 'നാലുല്‍പ്പന്നങ്ങളും നാടാകെ വിവാദവും' എന്ന ലേഖനത്തില്‍ അദ്ദേഹം വാദിച്ചു: 
രാജ്യം മൊത്തം പിന്തുണ നല്‍കുന്ന കരാറിനോട് പതിവുപോലെ ഇടതുപക്ഷം ഇടഞ്ഞുനില്‍ക്കുന്നു. 1995 ല്‍ ഗാട്ട് കരാറിലും കഴിഞ്ഞ ഒക്‌ടോബറില്‍ അമേരിക്കയുമായുള്ള ആണവകരാറിലും ഒപ്പിട്ടപ്പോള്‍ ഇടതുപക്ഷം ഇതേ പ്രചാരണം അഴിച്ചുവിട്ടു. ഗാട്ട് കരാറില്‍ ഒപ്പിട്ടതിനുശേഷമാണ് റബറിന് 144 രൂപ വരെ വിലയെത്തിയത്.
ഓര്‍മകളുടെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുലര്‍ത്തിയ രാഷ്ട്രീയ ജാഗ്രത എത്ര മികച്ചത്! കാര്‍ഷികത്തകര്‍ച്ചയും ആത്മഹത്യകളും അദ്ദേഹം മറന്നു. അദ്ദേഹം ആകെ ഓര്‍ത്തത് റബറിന്റെ വില കൂടിയത് മാത്രം!
കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും ആസിയന്‍ കരാറിന്റെ പെരുമ്പറ കൊട്ടിനടക്കുമ്പോള്‍ അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ നമ്മുടെ നാണ്യവിളകള്‍ക്ക് മെച്ചപ്പെട്ട വിലയായിരുന്നു. എല്ലാം ഭദ്രമാണെന്ന തോന്നല്‍ സ്വാഭാവികമായും ജനങ്ങളില്‍ ഒരു വിഭാഗത്തിന് ഉണ്ടായി. ലോകവ്യാപാരക്കരാര്‍ ഒപ്പിട്ട കാലത്തും ഇതു തന്നെയായിരുന്നു മനോഭാവം. കരാറിന്റെ ആദ്യഘട്ടത്തില്‍ കാര്‍ഷികമേഖലയിലെ ഉദാരവല്‍ക്കരണം പരിമിതമായിരുന്നല്ലോ. എന്നിട്ടും സംഭവിച്ച തകര്‍ച്ച ഭീതിജനകമായിരുന്നു. ആസിയന്‍ കരാര്‍ ഉദാരവല്‍ക്കരണ പ്രക്രിയയെ എത്രയോ മുന്നോട്ടു കൊണ്ടുപോയി. നാണ്യവിളകള്‍ക്ക് ചുമത്താവുന്ന പരമാവധി ചുങ്കം ലോകവ്യാപാരക്കരാറില്‍നിന്ന് എത്രയോ താഴുന്നു. അതിനാല്‍ ഭാവി കൂടുതല്‍ ഭീതിജനകമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ലോകവ്യാപാരക്കരാറില്‍ ഒപ്പുവെച്ചപ്പോഴുണ്ടായിരുന്ന ജാഗ്രതപോലും മലയാളമാധ്യമങ്ങളില്‍ കണ്ടില്ല. ലോകവ്യാപാരക്കരാറിന്റെ കെടുതികളില്‍നിന്ന് കേരളത്തെ സംരക്ഷിക്കുന്നതിന് മാധ്യമങ്ങള്‍ക്കുളള പങ്കിനെ സ്വാമിനാഥന്‍ കമീഷന്‍ എടുത്തു പറയുന്നുണ്ട്: 
ലോകവ്യാപാരസംഘടനയെപ്പറ്റിയും അതിന്റെ വിവിധ സ്വാധീനങ്ങളെപ്പറ്റിയും വേണ്ട വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ റിപ്പോര്‍ട്ടു ചെയ്യാനുളള പ്രത്യേക ചുമതല നമ്മുടെ മാധ്യമങ്ങള്‍ക്കുണ്ട്. പത്രവായനയും നാനാതരം സമകാലികങ്ങളും മാധ്യമങ്ങളും വളരെ വ്യാപകമായി നിലവിലുളള സംസ്ഥാനമായ കേരളത്തില്‍ മാധ്യമങ്ങളുടെ കര്‍ത്തവ്യത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.... ലോകവ്യാപാര സംഘടനയുടെ പല വ്യാപാര വ്യവസ്ഥകളും സംസ്ഥാനത്തിന്റെയും ജനസാമാന്യത്തിന്റെയും സുപ്രധാന താല്‍പ്പര്യങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും പരിഹാരം കാണുന്നതിനും ആവശ്യമായ തന്ത്രത്തിന്റെ ശക്തമായൊരു ഭാഗമായിട്ടുകൂടിയാണ് മാധ്യമങ്ങളെ ഈ കമീഷന്‍ പ്രത്യാശയോടെ നോക്കിക്കാണുന്നത്.' 
ഈ ധര്‍മം നിര്‍വഹിക്കുന്നതിന് മലയാള മാധ്യമങ്ങള്‍ക്ക് കഴിഞ്ഞോ എന്നാണ് ആസിയന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഈ അധ്യായം പരിശോധിക്കുന്നത്.
എന്താണ് ആസിയന്‍ കരാര്‍?
തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍സ്, ബര്‍മ, മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കമ്പോഡിയ, ബ്രൂണെ എന്നിവയാണ് ആസിയന്‍ രാജ്യങ്ങള്‍. ഇവ തമ്മില്‍ വ്യാപാരത്തിനോ നിക്ഷേപത്തിനോ ഒരു നിയന്ത്രണവുമില്ല. അഥവാ ഇതൊരു സ്വതന്ത്രവ്യാപാരമേഖലയാണ്. ഈ രാജ്യങ്ങളും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാര്‍ ഒപ്പു വെച്ചു. ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മില്‍ 5,000ല്‍പ്പരം ഉല്‍പ്പന്നങ്ങളുടെ കച്ചവടം നടത്തുന്നുണ്ട്. ഇവയുടെ 80 ശതമാനവും കരാറിന്റെ പരിധിയില്‍ വരും. ഈ ഉല്‍പ്പന്നങ്ങളുടെ മേലുളള ചുങ്കം പടിപടിയായി കുറച്ചുകൊണ്ടുവന്ന് പൂര്‍ണമായി ഇല്ലാതാക്കുകയോ നാമമാത്രമായ നിലയിലെത്തിക്കുകയോ ആണ് കരാറിന്റെ ലക്ഷ്യം. ഇതുപോലെ സേവനങ്ങളുടെ വ്യാപാരവും നിക്ഷേപവും സ്വതന്ത്രമാകും. ഇതോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലെന്നപോലെ ആസിയന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലും സാമ്പത്തിക അതിര്‍വരമ്പുകള്‍ ഉണ്ടാകില്ല.
ഇങ്ങനെ ഒരു സ്വതന്ത്രവ്യാപാര മേഖല സൃഷ്ടിക്കുന്നതുകൊണ്ട് എന്താണ് നേട്ടം? വേഗം വളരുന്ന സമ്പദ്ഘടനകളാണ് ആസിയന്‍ രാജ്യങ്ങളുടേത്. ഇവയാകട്ടെ, ചൈനയെയും മറ്റുംപോലെ മറ്റുപല രാജ്യങ്ങളുമായും സമീപകാലത്ത് സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ടു. ആസിയന്‍ രാജ്യങ്ങളുമായി കരാറിലേര്‍പ്പെട്ട രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി ആസിയന്‍ കമ്പോളത്തില്‍ ഇന്ത്യയുടെ മത്സരം പ്രയാസകരമായിരിക്കും. ചുങ്കം ഇല്ലാതെ ആസിയന്‍ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ കയറ്റുമതിചെയ്യാന്‍ അവര്‍ക്ക് കഴിയുമ്പോള്‍ ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയ്ക്ക് ചുങ്കം കൊടുക്കേണ്ടിവരും. ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിടുന്നോടെ ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ലൈറ്റ് എഞ്ചിനീയറിങ് ഉപകരണങ്ങള്‍ തുടങ്ങിയ ഇന്ത്യയിലെ പല വ്യവസായങ്ങള്‍ക്കും ആസിയന്‍ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഴിയും. ഐടി, സോഫ്റ്റ്‌വെയര്‍ പോലുള്ള പല സേവനമേഖലകളിലും ആസിയന്‍ രാജ്യങ്ങളെക്കാള്‍ മികവ് ഇന്ത്യയ്ക്കാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ കുത്തകകള്‍ക്ക് ആസിയന്‍ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് അവകാശം വരും. ഇതൊക്കെ ഇന്ത്യയുടെ നേട്ടങ്ങളാണ്. ഇവയാണ് കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ന്യായമായ ചില സംശയങ്ങളുണ്ടെങ്കിലും ഇതിങ്ങനെ സംഭവിക്കില്ലെന്ന് വാദിക്കാന്‍ ഞങ്ങളില്ല. ആസിയന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ ഇപ്പോഴുളള വ്യാപാരം പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് വ്യാപാരക്കമ്മിയാണ്. സ്വതന്ത്രവ്യാപാരമാകുമ്പോള്‍ ഇതു വര്‍ധിക്കുന്നതിനല്ലേ സാധ്യത എന്ന് ന്യായമായൊരു ചോദ്യമുയരും. എന്നാല്‍ ഒരു നേട്ടവുമില്ലാത്തൊരു കരാറിന് കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ പോകും എന്ന് കരുതാനുമാവില്ല.
അതേസമയം, ലളിതമായ മറ്റൊരു ചോദ്യമുണ്ട്. ഈ കരാര്‍ കൊണ്ട് ആസിയന്‍ രാജ്യങ്ങള്‍ക്കെന്താണ് നേട്ടം? വ്യവസായ-സേവനമേഖലകളില്‍ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകും എന്നാണല്ലോ വാദം. നേട്ടമെല്ലാം ഇന്ത്യയ്ക്ക്, കോട്ടമെല്ലാം ആസിയന്‍ രാജ്യങ്ങള്‍ക്ക് എന്നാണെങ്കില്‍ അവരും സ്വമേധയാ ഇത്തരമൊരു കരാറില്‍ ഒപ്പുവെക്കാന്‍ വരുമോ? അങ്ങനെ നോക്കുമ്പോള്‍ തങ്ങളുടെ നാണ്യവിളകള്‍ക്ക് ഇന്ത്യന്‍ കമ്പോളത്തിലേക്ക് പ്രവേശനം നേടുകയാണ് ആസിയന്‍ രാജ്യങ്ങളുടെ ഉന്നം എന്ന് കാണാം. ഇതാകട്ടെ, കേരളത്തെയാണ് പ്രതികൂലമായി ബാധിക്കുക. കാരണം കേരളത്തിലേതിന് സമാനമായ കാലാവസ്ഥയാണ് ഈ രാജ്യങ്ങളിലെല്ലാം ഉള്ളത്. അതുകൊണ്ട് കാര്‍ഷിക വിളകള്‍ തമ്മില്‍ വലിയ സാമ്യമുണ്ട്. ഏതു വിളയെടുത്താലും ഏതെങ്കിലും ഒരു ആസിയന്‍ രാജ്യത്ത് ഇന്ത്യയെക്കാള്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമത ഉണ്ടായിരിക്കും. ഇതിന്റെ ദോഷം ഇന്ത്യയ്ക്കായിരിക്കും.
അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമല്ല ഇത് ബാധകമായിട്ടുളളത്. അവരിലൂടെ വരുന്ന ഉല്‍പ്പനങ്ങളിലും ഈ പ്രശ്‌നമുണ്ട്. ശ്രീലങ്കയുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ കേരളത്തില്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ നമുക്കനുഭവമുളളതാണ്. ശ്രീലങ്കയിലെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല ശ്രീലങ്ക വഴി എത്തുന്ന മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും നമ്മെ ദോഷകരമായി ബാധിച്ചു. ആസിയന്‍ കരാറിനെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. 
ആസിയന്‍ കരാറില്‍ ഉല്‍പ്പന്നങ്ങളെ നാലായി തരംതിരിച്ചിട്ടുണ്ട്: 
ഒന്ന് - മൂവായിരത്തോളം ഉല്‍പ്പന്നങ്ങളുടെ ചുങ്കം 2013-ഓടെ ഘട്ടംഘട്ടമായി കുറച്ച് ഇല്ലാതാക്കണം. നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യാവുന്ന ഈ ഉല്‍പ്പന്നങ്ങളുടെ പട്ടികയാണ് 'നോര്‍മല്‍ ട്രാക്ക്'.
രണ്ട് - ചുങ്കം പൂര്‍ണമായി ഒഴിവാക്കേണ്ടാത്ത 606 ഉല്‍പ്പന്നങ്ങളുണ്ട്. ഇവയുടെ ചുങ്കം 2016 ആകുമ്പോഴേയ്ക്കും അഞ്ചു ശതമാനമാക്കണം. ഈ പട്ടികയാണ് 'സെന്‍സിറ്റീവ് ട്രാക്ക്'. 'ഹൈലീ സെന്‍സിറ്റീവ്' എന്ന വേറൊരു ട്രാക്കുമുണ്ട്. ഈ ട്രാക്കിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ചുങ്കം കുറയ്ക്കുന്നതിന് കൂടുതല്‍ സാവകാശമുണ്ട്. ചുങ്കം അമ്പതു ശതമാനമാക്കി ചുരുക്കിയാല്‍ മതി. 
മൂന്ന് - ചുങ്കം കുറയ്ക്കുന്നതില്‍ നിന്ന് 489 ഉല്‍പ്പന്നങ്ങളെ തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഇവയില്‍ 303 എണ്ണം കാര്‍ഷികോല്‍പ്പന്നങ്ങളാണ്. റബര്‍ ഷീറ്റുകള്‍, കൊപ്രയും വെളിച്ചെണ്ണയും, മത്തി, അയല തുടങ്ങി ചില മത്സ്യയിനങ്ങള്‍ തുടങ്ങിയവയൊക്കെ ഇതില്‍ പെടും. ഈ ലിസ്റ്റിനെയാണ് 'നെഗറ്റീവ് ലിസ്റ്റ്' എന്നു കരാര്‍ അനുകൂലികള്‍ വിശേഷിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍, കരാറില്‍ ഇതിന്റെ പേര് 'എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റ്' എന്നാണ്.
നാല് - കേരളത്തിന് പ്രത്യേക താല്‍പ്പര്യമുളള കാപ്പി, കുരുമുളക്, തേയില, പാമോയില്‍ എന്നിവ 'എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റി'ല്‍ പെടുത്താന്‍ ആസിയന്‍ രാജ്യങ്ങള്‍ സമ്മതിച്ചിട്ടില്ല. അവ പ്രത്യേക ലിസ്റ്റില്‍ പെടുത്തി ചുങ്കനിരക്ക് 2019 ല്‍ 37 - 50 ശതമാനം വരെ നിലനിര്‍ത്താനുളള അവകാശം ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്.
ചരക്കുവ്യാപാരം സംബന്ധിച്ച കരാര്‍ 2009 ആഗസ്റ്റ് 14 ന് ഒപ്പിട്ടു. എന്നാല്‍ ഈ കരാര്‍ ആസിയന്‍ രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ അംഗീകരിക്കേണ്ടതുണ്ട്. അതുപോലെ തന്നെ വിവിധയിനം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന ആസിയന്‍ രാജ്യങ്ങളുടെ ഓരോന്നിന്റെയും ചരക്കുകള്‍ ഏതെല്ലാമാണെന്ന് അവരില്‍ പലരും ഇനിയും തീരുമാനിക്കേണ്ടിയിരിക്കുന്നു. ഓരോ ആസിയന്‍ രാജ്യത്തിന്റെയും ഇത്തരത്തിലുളള ലിസ്റ്റുകള്‍ വ്യത്യസ്തമായിരിക്കും എന്നത് സ്ഥിതിവിശേഷത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതുപോലെ തന്നെ സേവനങ്ങളെയും നിക്ഷേപത്തെയും കുറിച്ചുളള കരാറുകള്‍ ഇനിയും ഒപ്പുവെയ്‌ക്കേണ്ടിയിരിക്കുന്നു. അവ സംബന്ധിച്ചുളള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്ത്യയുടെ എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് അവര്‍ നിര്‍ബന്ധിക്കുന്നു എന്നാണ് സൂചനകള്‍. 
ഇവിടെയാണ് കേരളത്തിനുള്ള അപകടം പതിയിരിക്കുന്നത്. ചര്‍ച്ചകളില്‍ സേവനരംഗത്ത് കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്നതിനുവേണ്ടി ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരാം. കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുളളത് ബൗണ്ട് റേറ്റ് അഥവാ പരമാവധി അനുവദനീയമായ ചുങ്കനിരക്കാണ്. എന്നാല്‍ ഇതിനെക്കാള്‍ താഴ്ന്നതായിരിക്കും യഥാര്‍ഥത്തില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കനിരക്ക് എന്നാണ് ഇതുവരെയുള്ള അനുഭവം. ലോക വ്യാപാരകരാറിന്റെ ഭാഗമായി പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഇന്നും ഉയര്‍ന്ന നികുതി ചുമത്താം. എന്നാല്‍ ഇപ്പോഴുള്ള യഥാര്‍ഥ നിരക്ക് ഇതിലും എത്രയോ താഴെയാണ്. ക്രൂഡ് പാമോയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചുങ്കമേ കൊടുക്കേണ്ടതില്ല. സംസ്‌കരിച്ച പാമോയിലാണെങ്കില്‍ 7.5 മാത്രമേ ഉള്ളൂ. എന്നാല്‍ ബൗണ്ട് റേറ്റ് ഇപ്പോള്‍ 80 ശതമാനമാണെന്ന് ഓര്‍ക്കണം. 
അവസാനിക്കാത്ത ആശങ്കകള്‍
ആസിയന്‍ രാജ്യങ്ങളുമായുള്ള കരാറിന്റെ ചട്ടക്കൂട് തയാറായത് 2003 ഒക്‌ടോബറിലാണ്. യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം നല്‍കിയിരുന്ന പിന്തുണ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായി. ലോകവ്യാപാരക്കരാര്‍ പുതുക്കുന്നതിനുവേണ്ടിയുളള ദോഹ ചര്‍ച്ചകളില്‍ കേന്ദ്ര മന്ത്രിമാരായ കമല്‍നാഥും മുരശൊലി മാരനും കാര്‍ഷിക വ്യാപാരക്കരാര്‍ കൂടുതല്‍ ഉദാരവല്‍ക്കരിക്കുന്നതിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചു. സബ്‌സിഡിയുടെയും മറ്റും കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്തിട്ടല്ലാതെ കൂടുതല്‍ ഉദാരവല്‍ക്കരണമില്ല എന്ന നിലപാട് മൂന്നാം ലോകരാജ്യങ്ങള്‍ പൊതുവില്‍ സ്വീകരിച്ചു. ദോഹ വട്ടം ചര്‍ച്ചകള്‍ അങ്ങനെ സ്തംഭിച്ചു. ഈ പശ്ചാത്തലം ആസിയന്‍ കരാറിന് അന്തിമ രൂപം നല്‍കുന്നതിനെ ശ്രമകരമാക്കി. എന്നാല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ ഈ സ്ഥിതിവിശേഷം അടിസ്ഥാനപരമായി മാറി.
2008 ആഗസ്ത് മാസത്തില്‍ കരടുകരാറു സംബന്ധിച്ച ചര്‍ച്ചകള്‍ സമാപിച്ചു. ഈ സന്ദര്‍ഭത്തില്‍ കേരളസര്‍ക്കാര്‍ ഇതു സംബന്ധിച്ച ആശങ്കകള്‍ കേന്ദ്രത്തെ അറിയിക്കുകയുണ്ടായി. 'പ്രതിഷേധക്കാര്‍ക്ക് കരാറെന്താണെന്നുപോലും അറിയില്ല' എന്നാണ് അന്ന് കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥ് പരിഹസിച്ചത്. ഒരു വര്‍ഷത്തിനുശേഷം കരടുകരാറിന് കേന്ദ്ര മന്ത്രിസഭ അനുവാദം കൊടുത്തപ്പോഴുളള സ്ഥിതിയും ഇതുതന്നെയായിരുന്നു. കേരളീയര്‍ക്കോ കേരള സര്‍ക്കാരിനോ ഈ കരാര്‍ സംബന്ധിച്ച് ഊഹാപോഹങ്ങളേയുളളൂ. ദേശീയ വികസന സമിതി യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്തശേഷമേ തീരുമാനമെടുക്കാവൂ എന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളെ അറിയിക്കുന്നതു പോകട്ടെ, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെയാണ് കോടിക്കണക്കിന് കൃഷിക്കാരുടെ ജിവിതത്തെ ബാധിക്കുന്ന കരാറില്‍ ഒപ്പിടാന്‍ മന്ത്രിസഭ അനുവാദം നല്‍കിയത്.
രാജ്യസഭയില്‍ വൃന്ദാകാരാട്ട് എംപിയാണ് 2009 ജൂലായ് 23 ന് ആസിയന്‍ കരാര്‍ വിഷയം ഉന്നയിച്ചത്. കരാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും സഭയില്‍ ഉയര്‍ന്ന വാദങ്ങള്‍ പിറ്റേന്ന് മാതൃഭൂമി ഒന്നാം പേജില്‍ സംക്ഷിപ്തമായി നല്‍കി. കരാറിന്റെ നാള്‍വഴിയെക്കുറിച്ച് പത്രം പറയുന്നു: 
രണ്ടുവര്‍ഷമായി ആസിയനുമായുളള ചര്‍ച്ചകള്‍ നടന്നുവരികയാണ്. തായ്‌ലാന്‍ഡില്‍ 2008 ഡിസംബറില്‍ നടന്ന ആസിയന്‍ ഉച്ചകോടിയില്‍ ഈ സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെക്കുമെന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സമ്മേളനം ഫെബ്രുവരിയിലേയ്ക്ക് മാറ്റി. അപ്പോള്‍ സാമ്പത്തിക മാന്ദ്യം, തിരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഇതിന് ഒരുമ്പെട്ടില്ല. വരുന്ന ഒക്‌ടോബറില്‍ തായ്‌ലാന്‍ഡില്‍ ചേരുന്ന ഇന്ത്യന്‍ - ആസിയന്‍ സമ്മേളനത്തില്‍ കരാര്‍ ഒപ്പുവെക്കുന്നതിനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
രാജ്യസഭാ ചര്‍ച്ചയെത്തുടര്‍ന്നാണ് ഏതാണ്ടെല്ലാ മലയാളപത്രങ്ങളിലും ചാനലുകളിലും ആസിയന്‍കരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരാര്‍ കേരളത്തെ പ്രതികൂലമായി ബാധിക്കും എന്നതായിരുന്നു പൊതു ചിന്താഗതി. കരാറിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിവേദക സംഘത്തെ അയയ്ക്കാന്‍ 2009 ജൂലായ് 25 ന് മന്ത്രിസഭ തീരുമാനിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും കരാറിനെതിരെ പ്രസ്താവന നല്‍കി. കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ കേരളമന്ത്രിമാര്‍ പ്രതിഷേധിച്ചെന്ന് വാര്‍ത്ത വന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെയും കെ എം മാണിയുടെയും പ്രസ്താവനകളും ആശങ്കകളാണ് പങ്കുവെച്ചത്. ഇങ്ങനെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രകടിപ്പിക്കപ്പെട്ട ആശങ്കകള്‍ കേരളത്തിലൊരു യോജിച്ച നിലപാടുണ്ടാകുന്നതിന്റെ സാധ്യതയിലേയ്ക്ക് വിരല്‍ചൂണ്ടി. 
എന്നാല്‍, 2009 ജൂലായ് 27 ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായി എംപിമാരോടൊപ്പം നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മന്‍ചാണ്ടി ഇങ്ങനെ പ്രസ്താവിച്ചു: ആസിയന്‍ കരാര്‍ ആശങ്കകള്‍ പരിഹരിക്കപ്പെട്ടു (മാതൃഭൂമി ജൂലായ് 28). പിറ്റേന്ന് ഇതേ സംഘം പ്രധാനമന്ത്രിയെയും കണ്ടു. ആഗസ്റ്റ് മൂന്നിന് കരാറിനെ ന്യായീകരിച്ച് ഉമ്മന്‍ചാണ്ടിയുടെ ആദ്യലേഖനം മാതൃഭൂമി പ്രസിദ്ധീകരിച്ചു: 
ആസിയന്‍ കരാറിനെക്കാള്‍ ഭയക്കേണ്ടത് സംസ്ഥാനസര്‍ക്കാരിനെയാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആസിയന്‍ കരാര്‍ ഒരുക്കുന്ന വെല്ലുവിളികളെ നേരിടാനും തുറക്കപ്പെടുന്ന അവസരങ്ങളെ വിനിയോഗിക്കാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത്. 
കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രിമാരായ എ കെ ആന്റണിയും വയലാര്‍ രവിയും പ്രസ്താവിച്ചു.
എങ്കിലും, പ്രതിരോധത്തിലായിരുന്നു കോണ്‍ഗ്രസ്. എം ഐ ഷാനവാസ്, വി ഡി സതീശന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ സംസാരിച്ചപ്പോള്‍ അത് പുറത്തുവന്നു. നെഗറ്റീവ് ലിസ്റ്റിനെക്കുറിച്ചുളള പരാമര്‍ശങ്ങളായിരുന്നു അവരുടെ മുഖ്യപ്രതിരോധം. സിപിഐഎമ്മിന്റെ എതിര്‍പ്പ് ചൈനക്കാര്‍ക്കു വേണ്ടിയാണെന്ന പരിഹാസമായിരുന്നു മറ്റൊരു പിടിവളളി. 
2009 ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആശങ്കകള്‍ അകറ്റുമെന്നും സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഏതാണ്ട് എല്ലാ പത്രങ്ങളും ചാനലുകളും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്തു. 'ആസിയന്‍ ആശങ്ക തീര്‍ക്കുമെന്ന് കേന്ദ്രം - കരാറിന്റെ പൂര്‍ണരൂപം നല്‍കുമെന്ന് കേന്ദ്രം സമ്മതിച്ചു' (മാതൃഭൂമി). 'പ്രധാനമന്ത്രി ഉറപ്പു നല്‍കി, കരാര്‍ കേരളത്തിന് പരിശോധിക്കാം - കേരളത്തില്‍ നിന്നുളള കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും' (കേരള കൗമുദി). 'കേരള താല്‍പ്പര്യം സംരക്ഷിക്കും - ആസിയന്‍ കരാര്‍ മന്ത്രിതല സമിതിയില്‍ കേരള പ്രതിനിധിയും' (മലയാള മനോരമ) എന്നിങ്ങനെയായിരുന്നു വിവിധ പത്രങ്ങളിലെ തലക്കെട്ടുകള്‍. പൊതുവില്‍ കേരളത്തിന്റെ ആശങ്കകള്‍ ന്യായമാണെന്ന് പ്രധാനമന്ത്രിയും അംഗീകരിക്കുന്നുവെന്നും അവ സംബന്ധിച്ച് ചര്‍ച്ചചെയ്ത് സമവായംവരുത്തി കരാറുമായി മുന്നോട്ടുപോകുമെന്നുമുളള തോന്നലാണ് മാധ്യമങ്ങള്‍ നല്‍കിയത്. ഒക്‌ടോബറില്‍ കരാര്‍ ഒപ്പിടുമെന്നാണ് 2009 ജൂലായ് 27 ന്റെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. എന്നിട്ടും ആഗസ്റ്റ് 14 ന് ആരോടും ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് കേരളത്തെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. 
ബാങ്കോക്കില്‍ വെച്ച് കരാറില്‍ ഒപ്പിടുമെന്ന് 2009 ആഗസ്റ്റ് അഞ്ചാം തീയതി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരും അത് ഗൗരവത്തിലെടുത്തതായി കണ്ടില്ല. കേരള കൗമുദിയില്‍ 'നിര്‍ണായക യോഗം നാളെ ബാങ്കോക്കില്‍ തുടങ്ങും' എന്ന വാര്‍ത്ത 2009 ആഗസ്റ്റ് ഏഴിന് ഉണ്ടായി. കേരളത്തിന് കരാര്‍ കൈമാറാതെ തന്നെ ചര്‍ച്ചയുമായി മുന്നോട്ടു പോവുകയാണ് എന്നതായിരുന്നു വാര്‍ത്ത. 'കരാര്‍ ഇന്ന് ഒപ്പുവെയ്ക്കും' എന്ന വാര്‍ത്ത 2009 ആഗസ്റ്റ് 13 ന് മാതൃഭൂമി നല്‍കി. കരാര്‍ ഒപ്പിട്ട വിവരം 2009 ആഗസ്റ്റ് 14 ന് എല്ലാ പത്രങ്ങളിലും ചാനലുകളിലും മുഖ്യവാര്‍ത്തയായി. 
ഇത്ര സുപ്രധാനമായ കരാര്‍ ആരോരുമറിയാതെ ഒപ്പിട്ടതില്‍ ഒരു മാധ്യമവും അമര്‍ഷം പ്രകടിപ്പിച്ചില്ല. എല്ലാവരുടേതും കേവല റിപ്പോര്‍ട്ടിങ്ങായിരുന്നു (ുഹമശി ൃലുീൃശേിഴ). എന്നാല്‍ വാര്‍ത്ത അവതരിപ്പിച്ച (ളൃമാശിഴ) രീതി പരിശോധിച്ചാല്‍ കരാര്‍ സംബന്ധിച്ച ആശങ്കകളും കേരളത്തെ അവഗണിച്ചതും പ്രകടമാണ്. കേരള കൗമുദി മുഖ്യമന്ത്രിയെ പരിഹസിച്ച് ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്റെ കാര്‍ട്ടുണ്‍ സഹിതമാണ് വാര്‍ത്ത നല്‍കിയത്. അന്നത്തെ തലക്കെട്ടുകള്‍ ഇങ്ങനെയായിരുന്നു: 'ആസിയന്‍ കരാര്‍ ഒപ്പുവെച്ചു - കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല' (കേരള കൗമുദി), 'ആസിയന്‍ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു - ആശങ്കാജനകം: മുഖ്യമന്ത്രി' (ദീപിക). എന്നാല്‍ 'ആസിയന്‍ കരാര്‍ ഒപ്പുവെച്ചു' എന്ന പ്ലെയിനായൊരു തലക്കെട്ടായിരുന്നു മാതൃഭൂമിയുടേത്. 'ആസിയന്‍ കരാര്‍ നേട്ടം കുറവ് വെല്ലുവിളികളേറെ' എന്ന അവലോകന റിപ്പോര്‍ട്ട് ഉള്‍പ്പേജിലുണ്ടായിരുന്നു. 
'ആസിയന്‍ കരാറായി : ആശങ്ക ബാക്കി' എന്ന തലക്കെട്ടിലാണ് മനോരമ വാര്‍ത്ത. 'ആശങ്ക ബാക്കി'യെന്ന് തലക്കെട്ടില്‍ അച്ചടിച്ച് കര്‍ഷകരോട് മനോരമ അനുഭാവം പ്രകടിപ്പിച്ചുവെങ്കിലും തലക്കെട്ടിന് മുകളില്‍ ആശ്വാസം കരുതി വെച്ചിട്ടുണ്ടായിരുന്നു. 'റബറിനും കുരുമുളകിനും വെളിച്ചെണ്ണയ്ക്കും കാപ്പിയ്ക്കും പരിരക്ഷ'യെന്നാണ് തലക്കെട്ടിനു മുകളിലെ ബാനറില്‍ പത്രം ഉല്‍ഘോഷിച്ചത്. 'നാലു സുപ്രധാന ഉല്‍പ്പന്നങ്ങള്‍ക്ക് പരിരക്ഷ'യെന്നുകൂടി വായിക്കുമ്പോള്‍, ഇനിയെന്ത് ആശങ്കയെന്ന സംശയം വായനക്കാരനില്‍ ഉണര്‍ത്തുന്ന മട്ടിലാണ് വാര്‍ത്തയുടെ ഡിസ്‌പ്ലേ. കര്‍ഷകന്റെ ആശങ്ക പത്രം പങ്കുവെച്ചില്ലേയെന്ന് ചോദിച്ചാല്‍ ഉവ്വെന്ന് പറയാം. എന്നാല്‍ ആഗോളീകരണ താല്‍പ്പര്യാര്‍ഥം അവന്റെ ആശങ്കയെ നിര്‍വീര്യമാക്കാനുളള മരുന്ന് തളിച്ച ശേഷമായിരുന്നു ആ പങ്കുവെയ്ക്കല്‍. 
ഒന്നാംപേജ് തലക്കെട്ടിലൂടെ പത്രങ്ങള്‍ 2009 ആഗസ്റ്റ് നാലിലെ കേരള ജനതയെ അറിയിച്ചതൊന്നും നടപ്പായില്ലെന്ന് കരാര്‍ ഒപ്പിട്ടതോടെ അവര്‍ക്കും കേരളീയര്‍ക്കും ബോധ്യപ്പെട്ടു. കരാറിന്റെ പൂര്‍ണരൂപം കേരളത്തിന് നല്‍കാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചുവെന്നാണല്ലോ പത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കരാറിലൊപ്പിടുന്നതിനു മുമ്പ് കേരളത്തിന്റെ ആശങ്കകള്‍ എങ്ങനെ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കാനോ, ചര്‍ച്ച നടത്താന്‍ പോലുമോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. 
കേരളത്തിന്റെ മുഖ്യമന്ത്രി നേതൃത്വംനല്‍കിയ പ്രതിനിധിസംഘത്തിന് ഇന്ത്യയുടെ പ്രധാനമന്ത്രിയില്‍നിന്നാണ് കരാര്‍ സംബന്ധിച്ച ഉറപ്പുകള്‍ ലഭിച്ചത്. എന്നാല്‍ ഉറപ്പു നല്‍കലൊക്കെ വെറും തന്ത്രമായിരുന്നുവെന്നും ആസിയന്‍ രാജ്യങ്ങളുമായി നടന്ന ഉഭയകക്ഷി സംഭാഷണങ്ങളില്‍ കാര്‍ഷികമേഖലയുടെ ആശങ്കകള്‍ക്കൊന്നും വലിയ പ്രാധാന്യമില്ലായിരുന്നുവെന്നും പിന്നീട് ബോധ്യപ്പെട്ടു. പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ രായ്ക്കുരാമാനം വിഴുങ്ങി, ദ്രോഹകരമായ വ്യവസ്ഥകളുള്‍പ്പെട്ട കരാറില്‍ ഒപ്പിട്ടശേഷം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിലപാടുകളുമായിട്ടാണ് കേന്ദ്ര ഭരണകക്ഷിയും കൂട്ടരും മുന്നോട്ടു വന്നത്.
ഇടതുപക്ഷ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന മന്‍മോഹന്‍ സിങ്ങിന്റെ ഉറച്ച നിലപാട് കേരളത്തിലെ കോണ്‍ഗ്രസിന് വ്യക്തമായ സന്ദേശം നല്‍കി - 'കേന്ദ്രസര്‍ക്കാര്‍ കരാറുമായി മുന്നോട്ടു പോവുകയാണ്'. അകന്നു നിന്നാല്‍ വലിയ രാഷ്ട്രീയ വില നല്‍കേണ്ടി വരുമെന്നും പ്രതിരോധത്തില്‍നിന്ന് കടന്നാക്രമണത്തിലേക്ക് നീങ്ങണമെന്നും അവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന്, ചൈനയെ സഹായിക്കാനുളള സി പി ഐ എമ്മിന്റെ കുതന്ത്രം, കേരള സര്‍ക്കാരിന്റെ ഭരണപരാജയമാണ് കാര്‍ഷിക മേഖലയുടെ യഥാര്‍ത്ഥ അപകടം എന്നീ ആരോപണങ്ങളുമായി അവര്‍ രംഗത്തെത്തി. ആസിയന്‍ കരാറിന്റെ നേട്ടങ്ങളും കേരളത്തിനുളള കരാറിലെ സംരക്ഷണവ്യവസ്ഥകളുമെല്ലാം സമര്‍ഥിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി എഴുതിയ 2009 ആഗസ്റ്റ് 21 ലെ 'നാലുല്‍പ്പന്നങ്ങളും നാടാകെ വിവാദവും' മാതൃഭൂമി ലേഖനം അവരുടെ നിലപാടുകളുടെ പ്രഖ്യാപനമായിരുന്നു. ആ ലേഖനത്തിലെ വാദമുഖങ്ങളെ സാമാന്യമായി പരിശോധിച്ചിട്ട് കരാര്‍ ഒപ്പിട്ടതിനുശേഷമുളള മാധ്യമ സമീപനങ്ങളെ അവലോകനം ചെയ്യാം. 
അഞ്ചുല്‍പ്പന്നങ്ങളുടെ കഥ
കാപ്പി, കുരുമുളക്, തേയില, നാളികേരം എന്നീ 'നാലുല്‍പ്പന്നങ്ങ'ളെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് ഊതിവീര്‍പ്പിച്ചാണ് ഇടതുപക്ഷം 'നാടാകെ വിവാദം' സൃഷ്ടിക്കുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മുഖ്യവാദം. അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഞങ്ങള്‍ ഒരു ഉല്‍പ്പന്നവും കൂടി ഉള്‍പ്പെടുത്തുകയാണ് - റബര്‍. ഈ അഞ്ച് ഉല്‍പ്പന്നങ്ങളെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ബാക്കി എന്തുണ്ട്? എന്തിന് 12,169 ഉല്‍പ്പന്നം? ഈ അഞ്ച് ഉല്‍പ്പന്നങ്ങള്‍ മതിയല്ലോ കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍. 
റബര്‍ നെഗറ്റീവ് ലിസ്റ്റിലാണ്, ആസിയന്‍ കരാറില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്, അതുകൊണ്ട് നാലിനോടൊപ്പം റബറുംകൂടെ ചേര്‍ക്കുന്നത് ശരിയല്ല എന്നൊക്കെയായിരിക്കും ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും മറുപടി. 
എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റില്‍ 489 ഉല്‍പ്പന്നങ്ങള്‍ ഉണ്ടെന്നതും അവയില്‍ 303 എണ്ണം കാര്‍ഷികോല്‍പ്പന്നങ്ങള്‍ ആണെന്നതും ശരിയാണ്. പയറുവര്‍ഗങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മുളകുകള്‍, വെളുത്തുള്ളി, നിലക്കടല, ബീന്‍സ്, ഉള്ളി, കോൡഫഌവര്‍, മാമ്പഴം, നാരങ്ങ, മുന്തിരി, മുളകുപൊടി എന്നിങ്ങനെ നീളുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ മറ്റു സംസ്ഥാനങ്ങളുടെ ഒട്ടെല്ലാ വിളകളും പെടും. പക്ഷേ, കേരളത്തിനു ജീവല്‍പ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ എന്നിവയെ ഉള്‍പ്പെടുത്താനായില്ലെന്നതു തന്നെയാണ് വിമര്‍ശനം. എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റില്‍ കാര്‍ഷിക സംസ്‌കരണ ഉല്‍പ്പന്നങ്ങളെന്ന നിലയില്‍ വൈന്‍, വിസ്‌കി, ബ്രാണ്ടി, റം, ജിന്‍, വോഡ്ക തുടങ്ങിയവയെപ്പോലും ഉള്‍പ്പെടുത്തിയിട്ടും കേരളത്തിലെ കൃഷിക്കാരെ അവഗണിച്ചതിലാണ് പ്രതിഷേധം.
എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റില്‍ റബര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനര്‍ഥം കേരളത്തിലെ റബര്‍കൃഷിക്കാരെ സംരക്ഷിക്കാന്‍ എന്തു നടപടിയും സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടായിരിക്കുമെന്നല്ല. 2007 ല്‍ നിലവിലുണ്ടായിരുന്ന ചുങ്കനിരക്ക് കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമല്ലെന്നു മാത്രമാണ്. അത് ഉയര്‍ത്താന്‍ അവകാശമില്ല. റബര്‍ഷീറ്റിന് 20 ശതമാനമായിരുന്നു 2007 ലെ ചുങ്കനിരക്ക്. അത് ഇനി ഉയര്‍ത്താനാകില്ല. 
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച സ്വാമിനാഥന്‍ കമീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശം ഓര്‍ക്കുക. 'റബറിനെ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍നിന്നു കാര്‍ഷികോല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. വ്യവസായ ഉല്‍പ്പന്നമാണെന്നു കണക്കാക്കുന്നതുകൊണ്ടാണ് പരമാവധി ചുമത്താവുന്ന നികുതി 40 ശതമാനമായി ലോകവ്യാപാര കരാറില്‍ നിജപ്പെടുത്തിയിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ നികുതി ചുമത്താം. ദോഹവട്ട ചര്‍ച്ചയില്‍ ഇന്ത്യ ഈ ആവശ്യമുയര്‍ത്തണമെന്ന് യു ഡി എഫ്-എല്‍ ഡി എഫ് വ്യത്യാസമില്ലാതെ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കക്ഷിരാഷ്ട്രീയഭേദമില്ലാതെ കേരളം മുന്നോട്ടു വെച്ച ഈ ആവശ്യമാണ് യു ഡി എഫ് മറന്നതായി നടിച്ചത്. 
എന്തിനാണ് പരമാവധി ചുമത്താവുന്ന നികുതി (ബൗണ്ട് റേറ്റ്), കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ ഉയര്‍ത്തി നിശ്ചയിക്കുന്നത്? പ്രായോഗികമായി മിക്കപ്പോഴും ഇതിനെക്കാള്‍ താഴെയായിരിക്കും യഥാര്‍ഥത്തില്‍ ചുമത്തുന്ന ചുങ്കനിരക്ക് (അപ്ലൈഡ് റേറ്റ്). പിന്നെയെന്താണ് ഉയര്‍ന്ന ബൗണ്ട്‌റേറ്റിന്റെ പ്രസക്തി? ഈ തിരിച്ചറിവും ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തിനില്ല. 
സ്വതന്ത്ര വ്യാപാരവിപണിയില്‍ വിദേശവിനിമയനിരക്കില്‍ വലിയതോതിലുള്ള ചാഞ്ചാട്ടം സ്വാഭാവികമായി ഉണ്ടാകാറുണ്ട്. 10 വര്‍ഷംമുമ്പ് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് ഡോളറിന് 25 രൂപയായിരുന്നു. ഇന്ന് അത് ഡോളറിന് 50 രൂപയാണ്. രൂപയുടെ വിലയിടിയുമ്പോള്‍ നമ്മുടെ നാട്ടില്‍നിന്നുള്ള കയറ്റുമതി കൂടും. നേരത്തെ ഒരു ഡോളറുകൊണ്ട് 25 രൂപയുടെ ഇന്ത്യന്‍ ഉല്‍പ്പന്നം വാങ്ങിയിരുന്ന വിദേശിക്ക് ഇപ്പോള്‍ ഒരു ഡോളര്‍കൊണ്ട് 50 രൂപയുടെ ഉല്‍പ്പന്നം വാങ്ങാം. ഈ സാഹചര്യം നമ്മുടെ കയറ്റുമതി വര്‍ധിപ്പിക്കും. 
വിദേശവിനിമയനിരക്കില്‍ ഏറ്റവും രൂക്ഷമായ ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങള്‍. 1990 കളിലെ തെക്കുകിഴക്കന്‍ ഏഷ്യന്‍രാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ഇവിടെ നാണയങ്ങളുടെ വിദേശവിനിമയനിരക്ക് പത്തിലൊന്നായി പൊടുന്നനെ താഴ്ന്നതോര്‍ക്കുക. കേവലം 20 ശതമാനം ഇടിവുണ്ടായാല്‍പോലും റബര്‍ ഷീറ്റിനുള്ള 20 ശതമാനം ചുങ്കസംരക്ഷണം മരീചികയാകും. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തീരുവ ഉയര്‍ത്തി കാര്‍ഷികമേഖലയ്ക്ക് സംരക്ഷണം നല്‍കാനാണ്, പരമാവധി ചുമത്താവുന്ന ചുങ്കനിരക്ക് പരമാവധി ഉയര്‍ത്തി നിശ്ചയിക്കണമെന്നു പറയുന്നത്. എന്നാല്‍, ഇവിടെ റബറിന്റെ ചുങ്കസംരക്ഷണം പരമാവധി 20 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് റബര്‍ കാര്‍ഷികമേഖലയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.
തീര്‍ന്നില്ല, ഒട്ടനവധി റബര്‍ ഉല്‍പ്പന്നങ്ങള്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ണമായും ചുങ്കവിമുക്തമാക്കേണ്ടിവരും. ഈ പട്ടികയില്‍ വിവിധയിനം ലാറ്റെക്‌സുകള്‍, റീക്ലെയിംസ് റബര്‍, കോമ്പൗണ്ടഡ് റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കണ്‍വേയര്‍ ബെല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചു ശതമാനമായി കുറയ്‌ക്കേണ്ടി വരും. ഇവയുടെ ഇറക്കുമതി ഉദാരവല്‍ക്കരണം കേരളത്തിലെ സ്വാഭാവിക റബറിന്റെ വിലയെ പ്രതികൂലമായി ബാധിക്കും.
'ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ പ്രകടനം വിലയിരുത്തി നെഗറ്റീവ്‌ലിസ്റ്റ് വര്‍ഷംതോറും പുതുക്കാം' എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്തിനാണ് വര്‍ഷംതോറും പുതുക്കുന്നത്? പ്രതിപക്ഷനേതാവ് പറയുംപോലെ നമ്മുടെ വിളകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനല്ല. നേര്‍വിപരീതമാണ് കരാറിലെ വ്യവസ്ഥ. നെഗറ്റീവ് ലിസ്റ്റിലെ ഉല്‍പ്പന്നങ്ങളെ പടിപടിയായി ഇതില്‍നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരാറിലെ വാചകത്തിന്റെ കൃത്യമായ തര്‍ജുമ ഇതാണ്. 'കമ്പോളപ്രവേശം മെച്ചപ്പെടുത്തുന്നതിനുവേണ്ടി എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റിനെ വാര്‍ഷിക താരിഫ് അവലോകനത്തിനു വിധേയമാക്കേണ്ടതാണ്'. കമ്പോളപ്രവേശം അഥവാ 'മാര്‍ക്കറ്റ് ആക്‌സസ്' എന്നാല്‍ ഇറക്കുമതി ഉദാരവല്‍ക്കരണത്തിനുള്ള സാങ്കേതിക സംജ്ഞയാണ്. പ്രതിപക്ഷനേതാവിന്റെ ദുര്‍വ്യാഖ്യാനങ്ങളുടെ ഒന്നാംതരം ഉദാഹരണമാണ് ഇത്. 
അടുത്തതായി നാളികേരമെടുക്കാം. നാളികേര ഉല്‍പ്പന്നങ്ങള്‍ എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റിലാണ്. പക്ഷേ, പാമോയില്‍ ഇതിനു പുറത്താണ്. പാമോയിലിനുമേല്‍ 2007ല്‍ ചുമത്തിയിരുന്ന ചുങ്കം 90 ശതമാനമായിരുന്നു. ഇത് 2019 ആകുമ്പോഴേക്കും 45 ശതമാനമായി താഴ്ത്തിയാല്‍ മതിയാകും. ഇതു നാളികേരത്തിനു സംരക്ഷണമാകുമെന്നാണ് വാദം. എന്നാല്‍, കരാര്‍പ്രകാരം പരമാവധി ചുമത്താവുന്ന ചുങ്കനിരക്കും യാഥാര്‍ഥ്യവും തമ്മിലുള്ള അകലം ഏറ്റവും വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണ് പാമോയിലിന്റേത്. 90 ശതമാനം ചുങ്കം ചുമത്താന്‍ അനുവാദം ഇപ്പോഴുണ്ടെങ്കിലും ഇന്ത്യ പാമോയിലിന്റെ മേലുള്ള ചുങ്കമേ വേണ്ടെന്നു വച്ചിരിക്കുകയാണ്. തീര്‍ന്നില്ല, ഇറക്കുമതി ചെയ്യുന്ന പാമോയിലിന് കിലോക്ക് 15 രൂപ റേഷന്‍ സബ്‌സിഡിയായി അനുവദിച്ചിരിക്കുന്നു. നാട്ടിലുണ്ടാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഈ ആനുകൂല്യം ഇല്ലെന്നു മാത്രമല്ല, മറ്റു ഭക്ഷ്യ എണ്ണകള്‍ക്കൊന്നിനും ഇല്ലാത്ത എക്‌സൈസ് തീരുവ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. മലേഷ്യന്‍ പാമോയില്‍ ലോബിക്കുള്ള നിര്‍ലജ്ജമായ വിടുപണിയാണിത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് സബ്‌സിഡി എങ്കില്‍ ഇത് വെളിച്ചെണ്ണയ്ക്കും ബാധകമാക്കേണ്ടതാണ്. പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതി കേരകൃഷിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.
മത്തി, അയല, ചെമ്മീന്‍ തുടങ്ങിയവയെ എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ, ആവോലി, ചൂര തുടങ്ങിയ ഒട്ടേറെ മത്സ്യങ്ങള്‍ ചുങ്കം തീരുവ വെട്ടിക്കുറയ്ക്കലിനു വിധേയമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം സംസ്‌കരിച്ച മത്സ്യം ചുങ്ക തീരുവ പൂര്‍ണമായും ഒഴിവാക്കേണ്ട ലിസ്റ്റിലാണ് എന്നതാണ്. ഇതില്‍ മത്തിയും അയലയും ചെമ്മീനും എല്ലാം ഉള്‍പ്പെടും. സംസ്‌കരിച്ച രൂപത്തിലായിരിക്കും ഈ രംഗത്തെ ഇറക്കുമതി. വാലും തലയും വെട്ടി പായ്ക്കറ്റിലാക്കിയാലും സംസ്‌ക്കരണമാകും!
ആസിയന്‍ രാജ്യങ്ങളുമായാണ് കരാറെങ്കിലും, മറ്റു രാജ്യങ്ങളില്‍നിന്ന് ആസിയന്‍ രാജ്യങ്ങള്‍വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. ഇത് ഒഴിവാക്കാന്‍ സാധാരണ, രണ്ടു മാര്‍ഗങ്ങള്‍ ഇന്ത്യ സ്വീകരിച്ചുവരാറുണ്ട്. ഒന്ന്, പുറത്തുനിന്നുകൊണ്ടു വരുന്ന ചരക്കുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുംമുമ്പ് 40 ശതമാനമെങ്കിലും മൂല്യവര്‍ധന കൈവരിച്ചിരിക്കണം. രണ്ട്, ഇതിന്റെ ഫലമായി ചരക്കിന്റെ സ്വഭാവത്തില്‍ മാറ്റംവരണം. അതായത് പുറത്തുനിന്ന് കൊണ്ടുവന്നപ്പോള്‍ ചരക്കിനുണ്ടായിരുന്ന കോഡ് പുതിയ ഒന്നായി മാറാന്‍ വേണ്ടുന്നത്ര മാറ്റങ്ങളുണ്ടായിരിക്കണം. ഈ രണ്ടാമത്തെ നിബന്ധന ആസിയന്‍ കരാറില്‍ ഉപേക്ഷിച്ചു. ആദ്യത്തേത് 35 ശതമാനമായി പരിമിതപ്പെടുത്തി. കയറ്റിറക്കുകൂലിയും അല്ലറച്ചില്ലറ മാറ്റവും ലാഭവും കണക്കിലെടുത്താല്‍ മാത്രംമതി 35 ശതമാനം മൂല്യവര്‍ധനയുടെ പരിധി കടക്കാന്‍. ശ്രീലങ്ക വഴി ഏലവും കുരുമുളകും മറ്റും കേരളത്തിലേക്ക് വരുംപോലെ ആസിയന്‍ രാജ്യങ്ങള്‍വഴി പുറത്തുനിന്ന് ഉല്‍പ്പന്നം ഇറക്കുമതി ചെയ്യാനുള്ള സാധ്യത വളരെയേറെയാണ്. 
ആസിയന്‍ കരാറിലെ എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും കേവലം താല്‍ക്കാലികമാണ്. ലോകവ്യാപാര കരാറനുസരിച്ച് (ഗാട്ട് 1994 ന്റെ 24-ാം വകുപ്പ്) സ്വതന്ത്ര്യവ്യാപാരമേഖലയ്ക്ക് നിശ്ചിത കാലയളവിനുള്ളില്‍ എതാണ്ട് എല്ലാ ഉല്‍പ്പന്നത്തിലും സമ്പൂര്‍ണ സ്വതന്ത്രവ്യാപാരം ഏര്‍പ്പെടുത്തേണ്ടതുണ്ട്. എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും തുടര്‍ച്ചയായി പരിമിതപ്പെടുത്തണമെന്ന് സാരം. ഒരു ഉല്‍പ്പന്നവും ഇനി ഈ ലിസ്റ്റുകളിലേക്ക് കയറ്റാനാകില്ല. മറിച്ച് ഇവയിലിപ്പോഴുള്ളവ തീരുവയില്ലാത്ത സാധാരണ ലിസ്റ്റിലേക്ക് പടിപടിയായി മാറ്റും.
പരമാവധി ചുങ്കനിരക്കിനെക്കാള്‍ തീരുവ താഴ്ത്തുമോ? എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റില്‍നിന്ന് കേരളത്തിന്റെ ഉല്‍പ്പന്നങ്ങളെ മറ്റു ലിസ്റ്റിലേക്ക് നീക്കുമോ? കേന്ദ്രസര്‍ക്കാര്‍ ഇത്തരം ദുഷ്ടത്തരം കാണിക്കുമോ? ഇവയൊക്കെ ന്യായമായ സംശയങ്ങളാണ്. കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള ഇഷ്ടാനിഷ്ടമല്ല പ്രശ്‌നം. കരാറിന്റെ അടിസ്ഥാനസ്വഭാവമാകെ പിശകാണ്. ഇന്ത്യയിലെ സേവന-നിക്ഷേപരംഗങ്ങളിലെ കുത്തകകള്‍ക്കുവേണ്ടി കേരളത്തിലെ ലക്ഷക്കണക്കായ കൃഷിക്കാരെ കേന്ദ്രസര്‍ക്കാര്‍ ബലിയാടാക്കിയിരിക്കുകയാണ്. രാഷ്ട്രം എന്നുപറഞ്ഞാല്‍ കൃഷിക്കാരും കച്ചവടക്കാരുമുണ്ട്; മുതലാളിയും തൊഴിലാളിയുമുണ്ട്; വിവിധ സംസ്ഥാനങ്ങളുമുണ്ട്. ഈ കരാര്‍ മൊത്തത്തില്‍ എന്ത് നേട്ടമുണ്ടാക്കിയാലും കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും കേരള സംസ്ഥാനത്തിനും ദോഷമാണ്.
പ്രത്യേക സുരക്ഷാ നടപടികള്‍
കരാറിന് കലവറയില്ലാത്ത പിന്തുണയുമായി ഉമ്മന്‍ചാണ്ടി രംഗത്തിറങ്ങിയിട്ടും യുഡിഎഫിലെ ഘടകകക്ഷികളുടെ ആശങ്കകള്‍ തീര്‍ന്നില്ല. ഇത് കേരളകൗമുദിയില്‍ സുജിത്തിന്റെ കാര്‍ട്ടൂണിനു വിഷയമായി (2009 ആഗസ്റ്റ് 24). എന്നാല്‍ കരാറിനെക്കുറിച്ച് യു ഡി എഫിനുളളില്‍ത്തന്നെ രൂപപ്പെട്ട അഭിപ്രായഭിന്നതകള്‍ ഒരു പത്രത്തിലും തലക്കെട്ടായില്ല. 2009 ആഗസ്റ്റ് 20 ന് നടന്ന യുഡിഎഫ് യോഗത്തില്‍ 'ഘടകകക്ഷികള്‍ എതിര്‍പ്പുമായി രംഗത്തെത്തും, ആസിയന്‍ ചര്‍ച്ച കോണ്‍ഗ്രസിന് തലവേദനയാകും' എന്നാണ് ദീപിക തലേന്ന് പ്രവചിച്ചത്. 'കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലസ്ഥിരതയ്ക്ക് സമ്മര്‍ദം ചെലുത്തും: യു ഡി എഫ്' എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 21 ന് നല്‍കിയ മാതൃഭൂമി വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്. '..... കെ എം മാണിയാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് (തേയില, കാപ്പി, കുരുമുളക്) വിലയില്‍ തകര്‍ച്ചയുണ്ടാകുമെന്ന ആശങ്ക യു ഡി എഫ് യോഗത്തില്‍ ശക്തമായി ഉന്നയിച്ചത്'. കേരള കൗമുദി റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാണ്. 'കുരുമുളക്, കാപ്പി, തേയിലവില സ്ഥിരതയ്ക്ക് സമ്മര്‍ദം ചെലുത്തും' എന്ന തലക്കെട്ടിലുളള വാര്‍ത്തയില്‍ അവര്‍ ഇങ്ങനെ പറയുന്നു: 
കരാറിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വാഗതം ചെയ്തു. എന്നാല്‍ നമ്മുടെ ചില വിളകള്‍ക്കുണ്ടാകുന്ന ദോഷം കെ എം മാണിയും (കേരള കോണ്‍ഗ്രസ് എം), എ എന്‍ രാജന്‍ ബാബുവും (ജെ എസ് എസ്), ആര്‍ ബാലകൃഷ്ണപിള്ളയും (പിളള ഗ്രൂപ്പ്) ചൂണ്ടിക്കാട്ടി. മറ്റു ഘടകകക്ഷികളും ഇതിനോട് യോജിച്ചു. 
എന്നാല്‍ ചായക്കോപ്പയിലെ ഒരു കോളിളക്കം മാത്രമാണ് യു ഡി എഫിലെ ഭിന്നതകള്‍ എന്ന് 'ആസിയന്‍: ഏകാഭിപ്രായമുണ്ടാക്കാന്‍ യു ഡി എഫ് വീണ്ടും ചേരും' എന്ന മാതൃഭൂമി റിപ്പോര്‍ട്ട് വ്യക്തമാക്കി. 
ലോകവ്യാപാരക്കരാറിന്റെ കര്‍ഷകവിരുദ്ധ വ്യവസ്ഥകളെക്കുറിച്ച് നിരന്തരമായി വാചകമടിച്ചിരുന്ന കെ എം മാണിക്ക് ആസിയന്‍ കരാര്‍ സംബന്ധിച്ച ആദ്യ പ്രതികരണങ്ങളില്‍നിന്ന് പിന്മാറാന്‍ കുറച്ചൊരു അഭ്യാസം വേണ്ടി വന്നു. കോട്ടയത്ത് പ്രത്യേക കര്‍ഷക കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 25 ന് വിളിച്ചു ചേര്‍ത്താണ് കെ എം മാണി അദ്ദേഹത്തിന്റെ മനംമാറ്റം വിശദീകരിച്ചത്. മാണിയുടെ പുതിയ നിലപാടുകള്‍ 'ആസിയന്‍ കരാര്‍, പ്രയോജനം, പ്രത്യാഘാതം, പ്രതിവിധികള്‍', 'ആസിയന്‍ കരാര്‍ അനുകൂലമാക്കി മാറ്റാം' എന്നീ തലക്കെട്ടുകളില്‍ ആഗസ്റ്റ് 27, 28 തീയതികളില്‍ ദീപിക പ്രസിദ്ധീകരിച്ചു.
ആസിയന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിക്കാം, പക്ഷേ, കരാറിലെ കരുതല്‍ നടപടികളോ അഥവാ സേഫ് ഗാര്‍ഡ് നടപടികളോ ആന്റി ഡംപിങ് നടപടികളോ ഫലപ്രദമായി സ്വീകരിച്ചാല്‍പ്പിന്നെ പ്രശ്‌നമില്ല എന്നൊക്കെയായിരുന്നു കെ എം മാണിയുടെ വാദം. പ്രശ്‌നം കേരള സര്‍ക്കാരാണ്, ആസിയന്‍ കരാര്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല, കേന്ദ്രം അനുവദിക്കുന്ന പണംപോലും ചെലവാക്കുന്നില്ല, അതുകൊണ്ട് ആസിയന്‍ വിരുദ്ധസമരം സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. 
കെ എം മാണിയുടെ 'സംരക്ഷണവാദങ്ങള്‍' ഇങ്ങനെ പോകുന്നു: കുരുമുളക് ഇറക്കുമതി ചെയ്യണമെങ്കില്‍ ഇപ്പോള്‍ എഴുപത് ശതമാനം നികുതി നല്‍കണം, അത് പടിപടിയായി 50 ശതമാനമായി കുറച്ചെന്നിരിക്കട്ടെ, ഇങ്ങനെ ഇന്ത്യ നികുതിനിരക്ക് കുറച്ചാല്‍ ഇറക്കുമതി ഉയരും, നാട്ടിലെ കുരുമുളക് വില തകര്‍ന്നെന്നിരിക്കട്ടെ, കരാറിലെ സംരക്ഷണ കരുതല്‍ നടപടിവകുപ്പ് ഉപയോഗപ്പെടുത്തി നികുതിയില്‍ വരുത്തിയ കുറവ് തല്‍ക്കാലത്തേക്ക് തിരുത്താന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടാകും, വേണ്ടി വന്നാല്‍ നാലുവര്‍ഷംവരെ ഈ നില തുടരാം, പിന്നെ എന്തിന് പേടിക്കണം?
എന്നാല്‍ ഒരു സുപ്രധാന നിബന്ധന മാണി മറച്ചു വെച്ചു. ആസിയന്‍ കരാര്‍ നീണ്ടുപോയതിന് ഒരു കാരണം സേഫ് ഗാര്‍ഡ് നടപടി സംബന്ധിച്ച ഈ നിബന്ധനയായിരുന്നു. ഇന്ത്യയിലേക്കുളള ഇറക്കുമതി എത്ര ശതമാനം പെട്ടെന്ന് ഉയര്‍ന്നാലാണ് ഈ വകുപ്പു പ്രകാരം നടപടി സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാവകാശം ഉണ്ടായിരിക്കുക? ഇന്ത്യാ സര്‍ക്കാരിന്റെ നിര്‍ദേശം മുന്‍വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ ഒരു ഉല്‍പ്പന്നത്തിന്റെ ഇറക്കുമതി പെട്ടെന്ന് ഈ വര്‍ഷം 15 ശതമാനത്തിനുമേല്‍ ഉയര്‍ന്നാല്‍ സേഫ്ഗാര്‍ഡ് നടപടിവകുപ്പ് പ്രാബല്യത്തില്‍ വരുത്താന്‍ അവകാശമുണ്ടെന്നായിരുന്നു. ആസിയന്‍ രാജ്യങ്ങള്‍ ഇതിനോട് യോജിച്ചില്ല. അവരുടെ ബദല്‍നിര്‍ദേശമനുസരിച്ച് മുന്‍ മൂന്നുവര്‍ഷത്തെ ശരാശരിയെക്കാള്‍ 40 ശതമാനത്തിലേറെ ഉയര്‍ന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ അവകാശമുണ്ടാവുകയുളളൂ. ഇക്കാര്യത്തില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. ഒന്ന് ആലോചിച്ചു നോക്കുക. മുന്‍വര്‍ഷത്തെ ശരാശരിയെക്കാള്‍ കുരുമുളകിന്റെ ഇറക്കുമതി 40 ശതമാനം വേണ്ട, 20-25 ശതമാനം പൊടുന്നനെ ഉയര്‍ന്നാല്‍ കേരളത്തിലെ കുരുമുളകിന്റെ വില എന്തായിരിക്കും? വിലത്തകര്‍ച്ച ഉണ്ടായതിനുശേഷം സംരക്ഷണ കരുതല്‍ നടപടി സ്വീകരിച്ചിട്ട് എന്തുകാര്യം? ചുങ്കനിരക്കില്‍ ചെറിയൊരു വര്‍ധന വരുത്തിയാല്‍ വിലത്തകര്‍ച്ചയ്ക്ക് പരിഹാരമാകുമോ? ലോകവ്യാപാരകരാറിലും ഇത്തരം വകുപ്പുകളുണ്ട്. എന്നാല്‍ വളരെ അപൂര്‍വമായേ ഇവ ഉപയോഗപ്പെടുത്താറുളളൂ. യാഥാര്‍ഥ്യം ഇതാണ്. കുത്തകകളുടെ നിയന്ത്രണത്തിലുളള വ്യവസായ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇത്തരം നടപടികള്‍ പ്രായോഗികമാണ്. കാരണം അവര്‍ക്ക് അധികൃതരെ പെട്ടെന്ന് സ്വാധീനിക്കാനും നടപടി സ്വീകരിപ്പിക്കാനും കഴിയും. അസംഘടിതരായ കൃഷിക്കാരുടെ കാര്യം അങ്ങനെയല്ല. 
ആന്റി ഡംപിങ് നടപടികള്‍ സ്വീകരിച്ചുകൊണ്ട് കേരളത്തിലെ വിളകളെ സംരക്ഷിക്കാമെന്നാണ് മറ്റൊരു വാദം. ഉല്‍പ്പാദനച്ചെലവിനെക്കാള്‍ വിലകുറച്ച് ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നതിനെയാണ് ഡംപിങ് എന്നു പറയുന്നത്. കേരളത്തിലെ പ്രധാന നാണ്യവിളകളുടെ ഉല്‍പ്പാദനച്ചെലവ് ആസിയാന്‍ രാജ്യങ്ങളെക്കാള്‍ കൂടുതലാണ് എന്നതാണ് നാം നേരിടുന്ന ദുര്യോഗം. ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിട്ടുപോലും ഇന്ത്യയിലേക്ക് ഏലവും കുരുമുളകും തേയിലയുമെല്ലാം ഇറക്കുമതി ചെയ്യപ്പെടുന്നതിന് കാരണം ഇതാണ്. അപ്പോള്‍ തീരുവ കൂടി കുറച്ചാലുളള സ്ഥിതി എന്തായിരിക്കും? അപ്പോഴുണ്ടാകുന്ന ഇറക്കുമതി വര്‍ധനയെ നേരിടാന്‍ ആന്റി ഡംപിങ് നടപടി സ്വീകരിക്കാനാവില്ല. കാരണം ഉല്‍പ്പാദനച്ചെലവിനെക്കാള്‍ ആസിയാന്‍ രാജ്യങ്ങള്‍ വിലകുറച്ചതുകൊണ്ടല്ല ഇറക്കുമതി കൂടിയത്. ഇന്ത്യ ഇത്തരം സംരക്ഷണനടപടികള്‍ സ്വീകരിക്കുമ്പോള്‍ തകര്‍ക്കമുണ്ടായാല്‍ ഒരു ജോയിന്റ് കമ്മിറ്റിയുടെ മുമ്പാകെ ന്യായീകരിക്കാനാകണം. 90 ദിവസത്തിനകം കമ്മിറ്റി തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ ആക്ഷേപമുളള രാജ്യങ്ങള്‍ക്ക് പ്രതിവിധി തേടാവുന്നതാണ്. അവരുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളുടെ തീരുവ ഉയര്‍ത്താം. തന്മൂലം സാധാരണഗതിയില്‍ ഇത്തരം നടപടികള്‍ക്കൊന്നും ആരും തുനിയുകയില്ല.
മാധ്യമ നിലപാടുകള്‍ - ഒന്നാംഘട്ടം
മാപ്പുസാക്ഷിയായിത്തീര്‍ന്നവരില്‍ വീരേന്ദ്രകുമാറും ഉള്‍പ്പെടും. ഗാട്ടിന്റെ കാണാച്ചരടുകളെക്കുറിച്ച് ഗ്രന്ഥമെഴുതിയ അദ്ദേഹം ആസിയന്‍ കരാറിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍ വിസ്മയിപ്പിക്കുന്ന അച്ചടക്കമാണ് കാണിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം, 'ആസിയന്‍ കരാര്‍, കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം' എന്ന് ആഗസ്റ്റ് 15 ന്റെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത പ്രസംഗത്തിലൊതുങ്ങി. വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ മൗനം മാതൃഭൂമിയെയും സ്വാധീനിച്ചു. അവലോകന റിപ്പോര്‍ട്ടുകളും വിശകലനങ്ങളും ഏതാണ്ട് അപ്രത്യക്ഷമായി. എന്നാല്‍ അനുകൂലവും (ഉമ്മന്‍ചാണ്ടി, ജൂലായ് 21, ആഗസ്റ്റ് 15, ആര്‍ ഗോപിമണി) പ്രതികൂലവുമായ (ആസിയന്‍ കരാര്‍ കനത്ത പ്രഹരം, കെ പി പ്രഭാകരന്‍ നായര്‍, ജൂലായ് 31) ലേഖനങ്ങള്‍ എഡിറ്റ് പേജില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചു. ഈ 'നിഷ്പക്ഷ' പത്ര അന്വേഷണത്തിന് അപ്പുറത്തേക്ക് പ്ലാച്ചിമടയുടെ കാര്യത്തിലോ ഗാട്ടുകരാറിന്റെ കാര്യത്തിലോ എക്‌സ്പ്രസ് ഹൈവേയുടെ കാര്യത്തിലോ ഒക്കെ മാതൃഭൂമി സ്വീകരിച്ച ശക്തമായ അഡ്വോക്കസിനിലപാടിന്റെ ലാഞ്ഛനപോലും ആസിയന്‍കരാറിന്റെ കാര്യത്തില്‍ ഇല്ലാതായത് വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയമനംമാറ്റമല്ലാതെ മറ്റൊന്നുമാകാന്‍ വഴിയില്ല. 
എങ്കില്‍ത്തന്നെയും പൊതുവില്‍ പറഞ്ഞാല്‍ ആസിയന്‍ കരാറിനെക്കുറിച്ചുളള റിപ്പോര്‍ട്ടിങ്ങിന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ പൊതുവില്‍ കരാറിനെതിരായ നിലപാടാണ് സ്വീകരിച്ചത്. പട്ടിക ഒന്നില്‍ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ദേശാഭിമാനി, മനോരമ, മാതൃഭൂമി, മാധ്യമം, ദീപിക എന്നീ പത്രങ്ങളില്‍ വന്ന ആസിയന്‍ വാര്‍ത്തകളുടെ എണ്ണവും സ്വഭാവവും നല്‍കിയിട്ടുണ്ട്. ആസിയന്‍കരാര്‍ സംബന്ധിച്ച സചിത്ര പത്രറിപ്പോര്‍ട്ടുകള്‍, നേതാക്കളുടെ പ്രസ്താവനകള്‍, പത്രവിശകലനങ്ങള്‍, എഡിറ്റോറിയലുകള്‍, കാര്‍ട്ടൂണ്‍, ലേഖനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആകെ നീക്കിവെച്ച പത്രസ്ഥലമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. അനുകൂലമായോ പ്രതികൂലമായോ സ്വീകരിക്കാത്ത അറിയിപ്പുകള്‍ക്ക് സമാനമായ റിപ്പോര്‍ട്ടുകള്‍ ഈ കണക്കെടുപ്പില്‍ ഉള്‍ക്കൊളളിച്ചിട്ടില്ല. ആകെ ഏഴ് വാര്‍ത്തകളാണ് ഈ വിഭാഗത്തിലുളളത്. ആകെ 334 കോളം സെന്റീമീറ്റര്‍ പത്രസ്ഥലത്താണ് ഇത്തരം വാര്‍ത്തകള്‍ അച്ചടിച്ചത്. ഇതില്‍ നിന്ന് ഒരുകാര്യം വളരെ വ്യക്തമാണ്. കേവലം സംഭവറിപ്പോര്‍ട്ടുകള്‍പോലും അനുകൂലമോ പ്രതികൂലമോ ആയ വ്യാഖ്യാനത്തോടുകൂടിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
പട്ടിക ഒന്ന്
ജൂലായ് - ആഗസ്റ്റ് മാസങ്ങളില്‍ ആസിയന്‍ കരാര്‍ 
സംബന്ധിച്ച് വന്ന വാര്‍ത്തകളുടെ എണ്ണവും സ്വഭാവവും
പത്രം അനുകൂലം പ്രതികൂലം
എണ്ണം കോളം എണ്ണം കോളം 
സെന്റീമീറ്റര്‍ സെന്റീമീറ്റര്‍
ദേശാഭിമാനി 11 175 120 5791
മനോരമ 13 657 18 345
മാതൃഭൂമി 17 765 36 1410
മാധ്യമം 12 359 44 1554
ദീപിക 10 110 23 825

മനോരമ ആദ്യ ഘട്ടത്തില്‍പ്പോലും അര്‍ധമനസോടെയാണ് കരാറിനെതിരെ പ്രതികരിച്ചത്. 657 കോളം സെന്റീമീറ്റര്‍ പത്രസ്ഥലം കരാറിന് അനുകൂലമായി നല്‍കിയപ്പോള്‍ കരാറിനെതിരെ 345 കോളം സെന്റീമീറ്ററേ മനോരമ നല്‍കിയുളളൂ. എന്നാല്‍ മാതൃഭൂമി, മാധ്യമം, ദീപിക എന്നീ പത്രങ്ങളില്‍ കരാറിന് അനുകൂലമായി മൊത്തം 1,234 കോളം സെന്റീമീറ്റര്‍ പത്രസ്ഥലം നീക്കിവെച്ചപ്പോള്‍ 3,789 കോളം സെന്റീമീറ്റര്‍ കരാറിനെതിരെ ചെലവിട്ടു. മനോരമ അനുകൂല ഇനങ്ങള്‍ക്ക് നല്‍കിയ പത്രസ്ഥലത്തിന്റെ പകുതിയേ പ്രതികൂല ഇനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ. എന്നാല്‍ അനുകൂല ഇനങ്ങള്‍ക്ക് അനുവദിച്ചതിനെ അപേക്ഷിച്ച് മാതൃഭൂമി ഏതാണ്ട് ഇരട്ടിയും മാധ്യമം നാലു മടങ്ങും ദീപിക ഏഴര മടങ്ങും പത്രസ്ഥലം പ്രതികൂല ഇനങ്ങള്‍ക്ക് നല്‍കുകയുണ്ടായി. 
തുടക്കം മുതല്‍ ദേശാഭിമാനി കരാറിനെതിരെ ക്യാമ്പയിനിലായിരുന്നു. യുഡിഎഫ് നേതാക്കളുടെ ചില പ്രസ്താവനകള്‍ മാത്രമാണ് കരാറിന് അനുകൂലമായി ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ആകെ നീക്കിവെച്ച 5,966 കോളം സെന്റീമീറ്റര്‍ സ്ഥലത്ത് 99 ശതമാനം സ്ഥലവും ആസിയന്‍ കരാറിനെതിരായിരുന്നു. സംഭവ റിപ്പോര്‍ട്ടിങ്‌പോലും കരാറിനെതിരെയുളള വിമര്‍ശനങ്ങള്‍ അടങ്ങിയതായിരുന്നു. ദേശാഭിമാനിയുടെ ഈ പക്ഷം ഒളിച്ചുവെക്കപ്പെട്ട ഒന്നല്ല. മറ്റുപത്രങ്ങള്‍ നിഷ്പക്ഷത നടിച്ചുകൊണ്ട് കടുത്ത സിപിഐഎം വിരോധമാണ് സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ അധ്യായങ്ങളില്‍ കണ്ടല്ലോ. ആസിയന്‍ കരാറിനെക്കുറിച്ച് പൊതുവില്‍ ചര്‍ച്ചചെയ്യാന്‍ അവര്‍ തയ്യാറാണെങ്കിലും ഇനി നാം കാണാന്‍പോകുന്നതുപോലെ കരാറിനെതിരായ സി പി ഐ എം പ്രക്ഷോഭത്തെ അവര്‍ പൂര്‍ണമായും തമസ്‌കരിക്കുകയാണ് ചെയ്തത്. 
ദൃശ്യമാധ്യമങ്ങളും ഈ ഘട്ടത്തില്‍ പത്രങ്ങളുടെ സമീപനം തന്നെയാണ് പൊതുവില്‍ സ്വീകരിച്ചത്. കരാറിന്റെ രഹസ്യം പുറത്തുവന്നപ്പോള്‍, മുഖ്യമന്ത്രി നയിച്ച നിവേദക സംഘം ഡല്‍ഹിയില്‍ പോയപ്പോള്‍, കോണ്‍ഗ്രസ് എം പിമാര്‍ ഡല്‍ഹിയില്‍ പോയപ്പോള്‍, കരാര്‍ ഒപ്പുവെച്ചപ്പോള്‍ ഒക്കെ ആസിയന്‍ കരാര്‍ ന്യൂസ് അവറുകളില്‍ ചര്‍ച്ചയായി. ആസിയന്‍ കരാറിനെതിരെ അമൃത ചാനല്‍ ഈ ഘട്ടത്തില്‍ ന്യൂസ് ക്യാമ്പയിന്‍ തന്നെ നടത്തി. കൈരളി പീപ്പിള്‍ ചാനലും കരാറിനെതിരെ പ്രചാരണം നടത്തി. കരാറിന്റെ വിശദാംശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വാര്‍ത്താബുളളറ്റിനില്‍ പ്രത്യേക സെഗ്‌മെന്റ് ആരംഭിച്ചു. എന്നാല്‍ മറ്റു ചാനലുകള്‍ കരാറിനെതിരായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ല. മുന്‍നിര ചാനലായ ഏഷ്യാനെറ്റ് കരാറിനോട് നിസ്സംഗ നിലപാടാണ് സ്വീകരിച്ചത്. മനോരമ വിഷന്‍, മനോരമ പത്രത്തിന്റെ ചുവടൊപ്പിച്ചാണ് നീങ്ങിയത്. ഇന്ത്യാവിഷനും പത്രങ്ങളുടെ അജണ്ട തന്നെ പിന്തുടര്‍ന്നു. 
രണ്ടായിരങ്ങളുടെ ആദ്യപകുതിയില്‍ കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളും വികാരഭരിതമായി ജനമനസുകളില്‍ എത്തിക്കുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് ലോകവ്യാപാരക്കരാറിനെതിരായി ഒരു സമീപനം ദൃശ്യമാധ്യമങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. അന്നത്തെ പ്രശ്‌നങ്ങളെ പതിന്മടങ്ങ് രൂക്ഷമാക്കാന്‍ പോകുന്ന ആസിയന്‍ കരാറിനെതിരെ അന്നത്തേതുപോലൊരു നിലപാട് സ്വീകരിക്കുന്നതിന് തയ്യാറായില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ചെയ്തതിലേറെ ചെയ്യാത്ത കാര്യങ്ങള്‍ കൊണ്ടാണ് മലയാള ടെലിവിഷന്‍ മേഖല ആസിയന്‍ കരാറിനെ തുണച്ചത്. ആസിയന്‍ കരാറിന്റെ നന്മയും തിന്മയും വിശകലനംചെയ്യുന്ന അന്വേഷണങ്ങളോ പഠനങ്ങളോ ചര്‍ച്ചകളോ നടത്താന്‍ മേല്‍പ്പറഞ്ഞ ചാനലുകള്‍ തയ്യാറായതേയില്ല.
നിശ്ശബ്ദതയുടെ ഗൂഢാലോചന 
കരാറിനെതിരെ ഒക്‌ടോബര്‍ രണ്ടിന് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ സി പി ഐ എം സംസ്ഥാനക്കമ്മിറ്റി ആഗസ്റ്റ് 18 ന് തീരുമാനിച്ചതോടെയാണ് ആസിയന്‍ കരാര്‍ സംബന്ധിച്ച മാധ്യമനിലപാടുകളുടെ പുതിയ ഘട്ടം ആരംഭിക്കുന്നത്. കരാര്‍ വിരുദ്ധസമരം ജനപിന്തുണയാര്‍ജിക്കുന്നുണ്ട് എന്ന് വ്യക്തമായിരുന്നു. 'തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്ന് കരകയറാന്‍ ഇടതുപക്ഷം ആസിയന്‍ കരാറിനെ സമര്‍ഥമായി ഉപയോഗിക്കുന്നുവെന്ന വിലയിരുത്തല്‍ യു ഡി എഫിനുണ്ട്' എന്ന ആഗസ്റ്റ് 27 ലെ മാതൃഭൂമിയുടെ അഭിപ്രായം യു ഡി എഫിന്റേതു മാത്രമായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വലിയ വിജയം നേടിക്കൊടുക്കാന്‍ അധ്വാനിച്ച മാധ്യമങ്ങളുടെകൂടി പൊതു നിലപാടായിരുന്നു അത്. 
കേരളത്തിലെ ഏറ്റവുംവലിയ സംഘടിത രാഷ്ട്രീയപ്രസ്ഥാനം പ്രഖ്യാപിച്ച പ്രക്ഷോഭത്തെക്കുറിച്ചുളള വാര്‍ത്ത പൊതുമാധ്യമങ്ങള്‍ സമ്പൂര്‍ണമായി തമസ്‌കരിച്ചു. മനുഷ്യച്ചങ്ങലയുടെ പ്രഖ്യാപനം, പ്രചാരണം, സംഘാടനം എന്നീ മൂന്നു ഘട്ടങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് ശൈലി, നിഷ്പക്ഷതയുടെ മറവില്‍ അരങ്ങേറുന്ന സിപിഎം വിരുദ്ധ പത്രപ്രവര്‍ത്തനത്തിന്റെ സ്വയം സംസാരിക്കുന്ന തെളിവാണ്. 
സി പി ഐ എം സംസ്ഥാനകമ്മിറ്റി യോഗതീരുമാനങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടിലെ അനേകം വരികളില്‍ ഒരു വാചകം മാത്രമായി മനുഷ്യച്ചങ്ങല സമരപ്രഖ്യാപനത്തെ മാതൃഭൂമി ചുരുക്കി. 'കുടുംബശ്രീയ്ക്ക് അടുത്ത വര്‍ഷം നൂറു കോടി' എന്ന തലക്കെട്ടിലുളള വാര്‍ത്തയിലെ എട്ടാം ഖണ്ഡികയിലാണ് മാതൃഭൂമി മനുഷ്യച്ചങ്ങലയെക്കുറിച്ചുളള പ്രഖ്യാപനം ഉള്‍പ്പെടുത്തിയത്.
മനോരമ മനുഷ്യച്ചങ്ങലയ്ക്ക് നല്‍കിയത് 'വി എസിന്റെ പ്രൈവറ്റ് സെക്രട്ടറിയെ നീക്കും' എന്ന മുഖ്യവാര്‍ത്തയ്ക്കുളളില്‍ നല്‍കിയ ബോക്‌സ് വാര്‍ത്തയില്‍ ഏഴാം വരിയിലൊതുങ്ങുന്ന 'പ്രധാന്യ'മാണ്. 
ആസിയന്‍ കരാറിനെതിരെ സി പി ഐ എമ്മിന്റെ പ്രക്ഷോഭ പ്രഖ്യാപനം ഒറ്റവാചകത്തിലൊതുക്കിയ മനോരമയും മാതൃഭൂമിയും അന്നേ ദിവസം നല്‍കിയ മറ്റു വാര്‍ത്തകള്‍ ഇവയാണ്. നാലുകോളം വലിപ്പത്തില്‍ കരാറിനെക്കുറിച്ച് ഒരവലോകനം മനോരമ ആഗസ്റ്റ് 19 ന് പ്രസിദ്ധീകരിച്ചു. തലവാചകം, 'ആസിയാന്‍ : ഇറക്കുമതി ഹാനികരമെങ്കില്‍ ഇടപെടാനും കരാറില്‍ വ്യവസ്ഥ'. 'ഏതെങ്കിലും രാജ്യത്തിന് തങ്ങളുടെ വിപണിക്ക് ഹാനികരമാകുന്ന വിധം ഇറക്കുമതി നടക്കുന്നുവെന്ന് തോന്നിയാല്‍ അതു തടയുന്നതിന് നാലു വര്‍ഷത്തേയ്ക്ക് ഇറക്കുമതിച്ചുങ്കത്തില്‍ വ്യത്യാസം വരുത്താന്‍ കരാറില്‍ വ്യവസ്ഥയുണ്ടെ'ന്നും അടുത്ത ഘട്ടത്തിലെ സേവനമേഖലയിലെ കരാര്‍ 'ഇന്ത്യയില്‍ നിന്നുളള സാങ്കേതിക വിദഗ്ധര്‍ക്കും വിവരസാങ്കേതിക രംഗത്തുളളവര്‍ക്കും ജോലിക്ക് വലിയ അവസരം തുറക്കുമെന്നാണ് കരുതുന്നതെ'ന്നും മനോരമ സമാശ്വസിച്ചു. 
മനുഷ്യച്ചങ്ങലയുടെ പ്രഖ്യാപനത്തെ ഒറ്റവരിയില്‍ തമസ്‌കരിച്ച മാതൃഭൂമിയും പിന്തുടര്‍ന്നത് മനോരമയുടെ രാഷ്ട്രീയനിലപാട് തന്നെയാണ്. 'ആസിയന്‍ കരാര്‍ പാമോയില്‍ തീരുവ വെട്ടിക്കുറയ്ക്കും, തേങ്ങയ്ക്കും മത്തിക്കും സംരക്ഷണം' എന്ന തലക്കെട്ടിലാണ് പത്രം കാര്‍ഷിക മേഖലയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. മനോരമയെക്കാള്‍ ആവേശത്തിലാണ് വാര്‍ത്തയില്‍ മാതൃഭൂമി ആസിയന്‍ കരാറിനെ വരവേല്‍ക്കുന്നത്. വാര്‍ത്തയുടെ ആദ്യ വാചകം: 
ആസിയന്‍ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാരക്കരാറിന്റെ ആഘാതത്തില്‍നിന്ന് കേരളത്തിന്റെ നാളികേരത്തിനും കശുവണ്ടിയ്ക്കും ചെമ്മീനും മത്തിക്കുമെല്ലാം സംരക്ഷണം ലഭിക്കും. 
എന്നാല്‍ ചായും കാപ്പിയും കുരുമുളകും തീരുവ ഭാഗികമായി വെട്ടിക്കുറയ്‌ക്കേണ്ട പ്രത്യേക ഉല്‍പ്പന്നങ്ങളുടെ പട്ടികയിലാണുളളത്. പാമോയിലിന്റെ തീരുവയും വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നത് കേരകര്‍ഷകര്‍ക്ക് ഭീഷണിയാകും. ഭൂരിപക്ഷം ഇനങ്ങളും തീരുവ പൂര്‍ണമായി ഒഴിവാക്കേണ്ട പട്ടികയിലാണെന്നതുകൊണ്ടുതന്നെ ആസിയാന്‍ കരാര്‍ സംബന്ധിച്ച് കേരളത്തിനുളള ആശങ്കകള്‍ തുടരുകയാണ്'. 
കരാറിന്റെ അനിവാര്യത വാദിച്ചുറപ്പിക്കാന്‍ പരസ്പരവിരുദ്ധവും അബദ്ധജടിലവുമായ വാദങ്ങളാണ് പത്രം പറയുന്നത്. വാര്‍ത്തയില്‍ മാതൃഭൂമി തന്നെ സാക്ഷ്യപ്പെടുത്തിയ ആശങ്കയ്ക്ക് തലക്കെട്ടില്‍ സ്ഥാനമില്ല. പാമോയില്‍ തീരുവ വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനം കേരകര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ തൊട്ടുതാഴെ അതേ വലിപ്പത്തില്‍ 'തേങ്ങയ്ക്കും മത്തിക്കും സംരക്ഷണം' എന്ന വ്യാഖ്യാനം വായനക്കാരന്റെ സാമാന്യബുദ്ധിയെ അപഹസിക്കുകയാണ്. ഈ ഹുങ്കാണ് കേരളത്തിലെ കാര്‍ഷികമേഖലയുടെ ആശങ്കയും നിസ്സഹായതയും രോഷവും പ്രതിഷേധവും പ്രതിഫലിപ്പിക്കുന്ന ജനകീയ സംഗമത്തെക്കുറിച്ചുളള പ്രഖ്യാപനം ഒറ്റവരിയിലൊതുക്കിയത്. 
ആസിയന്‍വിരുദ്ധ മനുഷ്യച്ചങ്ങലയെ തമസ്‌കരിക്കുന്നതിനുളള മുഖ്യധാരാ മാധ്യമങ്ങളുടെ നിശ്ശബ്ദതയുടെ ഗൂഢാലോചനയെ സി പി ഐ എമ്മിന്റെ സംഘടനാശേഷിയും ബദല്‍ മാധ്യമങ്ങളും കൊണ്ടാണ് പൊളിച്ചത്. ഒരു തിരഞ്ഞെടുപ്പ് കാലത്തെന്നപോലെ എല്ലാത്തലത്തിലുമുളള പാര്‍ട്ടി കമ്മിറ്റികള്‍ പലതവണ യോഗം ചേരുകയും പ്രവര്‍ത്തനം അവലോകനം ചെയ്യുകയും ചെയ്തു. വര്‍ഗബഹുജന സംഘടനകളുടെ സംസ്ഥാന ജില്ലാതല യോഗങ്ങള്‍ ചേര്‍ന്നു. മനുഷ്യച്ചങ്ങലയുടെ 777 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പാതയില്‍ ഓരോ പ്രദേശത്തും എവിടെനിന്ന് എത്രപേര്‍ വീതം ചങ്ങല പിടിക്കണമെന്ന് തീരുമാനിച്ചു. ഈ ബഹുജനങ്ങളെ അണിനിരത്തുന്നതിന് നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികം സമാനതകളുണ്ടാവില്ല. 
വളരെ ജനശ്രദ്ധയാകര്‍ഷിച്ച പരിപാടിയായിരുന്നു സംസ്ഥാന ജില്ലാ നേതാക്കള്‍ നയിച്ച രണ്ടു മൂന്നു ദിവസം നീണ്ട കാല്‍നട പ്രചരണ ജാഥകള്‍. 172 ജാഥകളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ടത്. ഏതാണ്ട് 200 പേര്‍ വീതം പങ്കെടുത്ത ജാഥകള്‍ സമരത്തിന്റെ സന്ദേശവുമായി സഞ്ചരിച്ചു. ആകെ 6300-ഓളം സ്വീകരണ കേന്ദ്രങ്ങളിലായി നാലര ലക്ഷം ആളുകള്‍ യോഗങ്ങളില്‍ പങ്കെടുത്തു. മുപ്പതിനായിരത്തില്‍പ്പരം കുടുംബയോഗങ്ങളില്‍ 10 ലക്ഷത്തോളം പേര്‍ പങ്കെടുത്തു. 40 ലക്ഷം ലഘുലേഖകള്‍ വീടുവീടാന്തരംകയറി വിതരണം ചെയ്തു. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, സംവാദങ്ങള്‍ തുടങ്ങി ഒട്ടനവധി ചര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെട്ടു. ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, സംഘാടക സമിതി കുടിലുകള്‍, ചങ്ങലയുടെ പാതയിലെ അലങ്കാരങ്ങള്‍ എന്നിങ്ങനെ ആകര്‍ഷകമായ പരസ്യങ്ങള്‍ നാടുനീളെ ഉയര്‍ന്നു. ചങ്ങലയുടെ തലേന്ന് വിളംബരജാഥകളും പന്തംകൊളുത്തി പ്രകടനങ്ങളും സംഘടിപ്പിക്കപ്പെട്ടു. ചില ജില്ലകളില്‍ ഒക്‌ടോബര്‍ രണ്ടിന് രാവിലെ പ്രഭാതഭേരി ഉണ്ടായിരുന്നു. 
ജനലക്ഷങ്ങളെ ആകെ ഇളക്കിയ ഈ പ്രചാരണ പരിപാടികള്‍ മാധ്യമങ്ങളുടെ ജില്ലാപേജുകളില്‍പ്പോലും സ്ഥാനം പിടിച്ചുവോ? കേരളത്തിലെ ഏതാണ്ട് 30 ലക്ഷം ജനങ്ങളെ ദേശീയപാതയില്‍ അണിനിരത്തുന്നതിനുവേണ്ടി പാര്‍ട്ടി നടത്തിയ ചിട്ടയായ സംഘടനാ പ്രവര്‍ത്തനങ്ങളെ പാടെ തമസ്‌കരിച്ച മാധ്യമങ്ങള്‍ മനുഷ്യച്ചങ്ങലയെ ആക്ഷേപിച്ചും പുച്ഛിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കും പ്രസംഗങ്ങള്‍ക്കും വെണ്ടയ്ക്കാ തലക്കെട്ടുകള്‍ നല്‍കാന്‍ മറന്നില്ല. 
മനോരമയുടെ സാംപിള്‍ വാര്‍ത്തകള്‍: 
ആഗസ്റ്റ് 20 ആസിയാനെതിരെയല്ല സമരം വേണ്ടത് അച്യുതാനന്ദനെതിരെ : ചെന്നിത്തല (അഞ്ചുകോളം പടവും വാര്‍ത്തയും) 
ആഗസ്റ്റ് 21 വിലസ്ഥിരത ഉറപ്പാക്കാന്‍ കേന്ദ്രത്തില്‍ യു ഡി എഫ് സമ്മര്‍ദം ചെലുത്തും (ആറുകോളം തലക്കെട്ട്).
ആഗസ്റ്റ് 21 എതിര്‍പ്പ് ചൈനയ്ക്കു വേണ്ടി : ഉമ്മന്‍ചാണ്ടി (മൂന്നു കോളം)
ആഗസ്റ്റ് 21 സമരമല്ല, കര്‍ഷകന് വേണ്ടത് സഹായം (എഡിറ്റ് പേജില്‍ ആറുകോളം ലേഖനം)
ആഗസ്റ്റ് 24 ആസിയന്‍ കരാര്‍മൂലം പുതിയ വിപണി തുറന്നു കിട്ടും - മന്ത്രി പ്രണബ്, (അഞ്ചുകോളം വാര്‍ത്ത, രണ്ടുകോളം ചിത്രം)
ആഗസ്റ്റ് 24 ആസിയന്‍ സമരം ഭരണപരാജയം മറയ്ക്കാന്‍ - രമേശ്, (ഒരു കോളം)
സെപ്തംബര്‍ 18 ആസിയന്‍ കരാറിനെതിരെയുളള മനുഷ്യച്ചങ്ങലതട്ടിപ്പ്: ബി എം എസ് (അഞ്ചുകോളം തലക്കെട്ട്, രണ്ടുകോളം വാര്‍ത്ത, മൂന്നുകോളം ചിത്രം)
സെപ്തംബര്‍ 29 ആസിയന്‍ കരാര്‍ സമരം എല്‍ഡിഎഫ് ഘടകകക്ഷികള്‍ പലതട്ടില്‍ (മൂന്നു കോളം) 
മാതൃഭൂമിയുടെ സാംപിള്‍ വാര്‍ത്തകള്‍
ആഗസ്റ്റ് 21 കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലസ്ഥിരതയ്ക്ക് സമ്മര്‍ദം ചെലുത്തും : യു ഡി എഫ് (അഞ്ചുകോളം)
ആഗസ്റ്റ് 21 നാല് ഉല്‍പ്പന്നങ്ങളും നാടാകെ വിവാദവും, എഡിറ്റ് പേജില്‍ ഉമ്മന്‍ചാണ്ടിയുടെ ലേഖനം (ആറുകോളം)
ആഗസ്റ്റ് 21 ആസിയന്‍ കരാറിനോടുളള എതിര്‍പ്പ് ചൈനയ്ക്കു വേണ്ടി : ഉമ്മന്‍ചാണ്ടി (അഞ്ചുകോളം)
ആഗസ്റ്റ് 21 നേതാക്കന്മാര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ക്ലാസ് (മൂന്നു കോളം)
ആഗസ്റ്റ് 23 ആസിയന്‍ കരാര്‍ കേരളത്തിന് ദോഷകരമല്ല - വയലാര്‍ രവി (മൂന്നു കോളം)
ആഗസ്റ്റ് 24 ആസിയന്‍ കരാര്‍: സംരക്ഷണത്തീരുവ ഏര്‍പ്പെടുത്തും - പ്രണബ് (മുന്‍പേജില്‍ അഞ്ചുകോളം)
ആഗസ്റ്റ് 27 ആസിയന്‍ ഏകാഭിപ്രായമുണ്ടാക്കാന്‍ യുഡിഎഫ് വീണ്ടും ചേരും (ആറുകോളം) 
ആഗസ്റ്റ് 30 മനുഷ്യച്ചങ്ങല ജനശ്രദ്ധ തിരിച്ചുവിടാന്‍ - മന്ത്രി മുല്ലപ്പളളി (ഒരുകോളം)
സെപ്തംബര്‍ 1 സി പി എം കുത്തക മൂലധനശക്തികളുടെ തടവറയില്‍ - എം പി വീരേന്ദ്രകുമാര്‍ (ആറുകോളം വാര്‍ത്ത, മൂന്നുകോളം വീരേന്ദ്രകുമാറിന്റെ ചിത്രം)
സെപ്തംബര്‍ 2 ആസിയാന്‍കരാര്‍ വളര്‍ച്ചയ്ക്ക് സഹായിക്കും : ആര്യാടന്‍ (നാലുകോളം)
മാധ്യമങ്ങളുടെ നിലപാട് - രണ്ടാംഘട്ടം
സംഘടനാശക്തികൊണ്ടും സ്വാധീനശേഷികൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായ സി പി ഐ എം 43 ദിനരാത്രങ്ങളായി നടത്തിയ ബൃഹത്തായ ഒരു പ്രചാരണപരിപാടിയെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സമ്പൂര്‍ണമായി തമസ്‌കരിച്ച ദൃശ്യമാണ് മുകളില്‍ വരച്ചുകാട്ടിയത്. പാര്‍ട്ടി നേതാക്കളും മന്ത്രിമാരും ദിനംപ്രതിയെന്നോണം നടത്തിയ പ്രസംഗറിപ്പോര്‍ട്ടുകളും പ്രസ്താവനകളും ഒരുവരിപോലും അച്ചടിക്കപ്പെടാത്തതിന് കാരണമെന്തായിരിക്കും എന്ന് ഏറെ ചിന്തിച്ചു നോക്കേണ്ടതില്ല, 'സി പി ഐ എം സമരം ചെയ്യുന്നത് ചൈനയ്ക്കുവേണ്ടിയാണെന്ന' ഉമ്മന്‍ചാണ്ടിയുടെ വക്രീകരണത്തെ വമ്പന്‍ തലക്കെട്ടില്‍ ആഘോഷിക്കുകയും രമേശ് ചെന്നിത്തല മുതല്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വരെയുളളവര്‍ മനുഷച്ചങ്ങലയെ ഭര്‍ത്സിച്ചത് മറക്കാതെ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തുകൊണ്ട് മുഖ്യധാരാപത്രങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ ആഭിമുഖ്യം മറയില്ലാതെ പ്രകടിപ്പിച്ചു.
ആഗസ്റ്റ് 24 ന് മാതൃഭൂമിയുടെ ലീഡ് വാര്‍ത്തയ്ക്ക് 'സംരക്ഷണത്തീരുവ ഏര്‍പ്പെടുത്തും: പ്രണബ്' എന്നാണ് അഞ്ചുകോളം തലക്കെട്ട്. ആസിയന്‍ കരാര്‍ ദോഷകരമായാല്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണത്തീരുവ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞു എന്ന് ലീഡ് വാചകം. മനോരമ വാര്‍ത്തയോട് താരതമ്യപ്പെടുത്തുമ്പോള്‍, മാതൃഭൂമിയുടെ വമ്പന്‍ തലക്കെട്ടില്‍ കാര്യമൊന്നുമില്ലെന്ന് മനസിലാകും. 'ആസിയാന്‍ കരാര്‍ മൂലം വിപണി തുറന്നു കിട്ടും: മന്ത്രി പ്രണബ്' എന്ന തലക്കെട്ടിലെ വാര്‍ത്ത വായിച്ചാല്‍, സംരക്ഷണത്തീരുവ ചുമത്താന്‍ അധികാരമുണ്ടെന്നത് ഒരു കരാര്‍ വ്യവസ്ഥ മാത്രമാണെന്ന് ബോധ്യപ്പെടും. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ ഏതെങ്കിലും വിധത്തില്‍ രാജ്യത്തെ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷകരമെന്ന് കണ്ടാല്‍ സേഫ് ഗാര്‍ഡ് ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട് എന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞുവെന്നാണ് മനോരമ വായിക്കുമ്പോള്‍ മനസിലാകുന്നത്. 
കേരളത്തില്‍ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ 'സംരക്ഷണത്തീരുവ ഏര്‍പ്പെടുത്തും പ്രണബ്' എന്ന മാതൃഭൂമിയുടെ തലക്കെട്ടിന് ഒരു പ്രചാരണ സ്വഭാവമുണ്ട്. കേരളത്തിലെ കര്‍ഷകര്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രി നല്‍കിയ ഉറപ്പ് എന്ന മട്ടിലാണ് മാതൃഭൂമി ആ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 18 ന് കേന്ദ്രസര്‍ക്കാര്‍ കരാര്‍ പുറത്തു വിട്ടതോടെ പരസ്യമായതാണ് ഇക്കാര്യം. കേരളത്തിലെ കര്‍ഷകര്‍ക്ക് കേന്ദ്രമന്ത്രി നല്‍കുന്ന പുതിയൊരു വാഗ്ദാനമെന്ന് തോന്നിപ്പിക്കും മട്ടില്‍ മാതൃഭൂമി ഇങ്ങനെയൊരു തലക്കെട്ട് അച്ചടിച്ചത്, ആസിയന്‍ കരാറിനെതിരെ കേരളത്തില്‍ രൂപപ്പെടുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങളെ ലക്ഷ്യമിട്ടായിരുന്നു. 
കരാറിനെതിരെ ഇടതുപക്ഷത്തുനിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളെ താരതമ്യേനെ ചെറിയ തലക്കെട്ടില്‍ ഒതുക്കിയപ്പോള്‍ കരാറിനെ അനുകൂലിച്ചും ഇടതുപക്ഷത്തെ പരിഹസിച്ചും കോണ്‍ഗ്രസ്- യുഡിഎഫ് നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും പത്രത്താളുകളില്‍ വമ്പിച്ച പ്രാധാന്യത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. 
എസ് രാമചന്ദ്രന്‍ പിളളയുടെ ആസിയന്‍കരാര്‍ വിരുദ്ധ സമ്മേളത്തിലെ ഉല്‍ഘാടന പ്രസംഗം മനോരമ ആഗസ്റ്റ് 21 ന് മൂന്നു കോളത്തില്‍ ഒതുക്കി. 'വിലസ്ഥിരത ഉറപ്പാക്കാന്‍ കേന്ദ്രത്തില്‍ യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തും' എന്ന ആറുകോളം തലക്കെട്ടിന് താഴെയാണ് ഈ വാര്‍ത്ത. മൂന്നു കോളം വാര്‍ത്തയ്ക്ക് ആറുകോളം തലക്കെട്ട് ചാര്‍ത്തി, എസ് ആര്‍ പിയുടെ പ്രസംഗം അതിനു കീഴെയാക്കിയ എഡിറ്റിങ് തന്ത്രം മനോരമയ്ക്ക് മാത്രം സ്വന്തം.
'ആസിയാനെതിരെയല്ല അച്യുതാനന്ദനെതിരെയാണ് സമരം വേണ്ടത്' എന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയും 'ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ചൈനയ്ക്കു വേണ്ടി'യെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയുമൊക്കെ വമ്പിച്ച പ്രാധാന്യത്തോടെയാണ് മനോരമയിലും മാതൃഭൂമിയിലും അച്ചടിക്കപ്പെട്ടത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള എന്നിവരൊക്കെ കരാറിനെതിരെ നടത്തിയ എതിര്‍ പ്രസ്താവനകളെല്ലാം ഉള്‍പ്പേജുകളിലെ മൂലയിലൊതുങ്ങി. കരാര്‍ സംബന്ധിച്ച് ബി ജെ പി നേതാവിന്റെ പ്രസ്താവനയ്ക്ക് നല്‍കിയ പ്രാധാന്യംപോലും പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മാതൃഭൂമി നല്‍കാത്തതിന്റെ കാരണം നയപരം തന്നെയാണ്. 
മനുഷ്യച്ചങ്ങലനടന്ന ദിവസത്തെയും തലേന്നത്തെയും മലയാള പത്രങ്ങള്‍ വായിച്ചാല്‍ 2009 ഒക്‌ടോബര്‍ രണ്ടിന് സംഘടിപ്പിച്ച ഒരു മഹാപ്രതിഷേധത്തിന്റെ നേരിയ ലാഛ്ഛന പോലും ലഭിക്കില്ല. 2009 ഒക്‌ടോബര്‍ ഒന്നിന് തേജസും സിറാജും മാത്രമല്ല ജന്മഭൂമിയും എഡിറ്റ് പേജില്‍ നല്‍കിയത് 'ഇവര്‍ക്കൊരു ചങ്ങല നാടൊരുക്കുന്നു' എന്ന ഉമ്മന്‍ചാണ്ടിയുടെ ലേഖനമാണ്. കേരള കൗമുദിയിലും ഇതേ ലേഖനമുണ്ട്. എങ്കിലും ഒക്‌ടോബര്‍ രണ്ടിന്റെ കേരള കൗമുദിയില്‍ 'സി പി ഐ എം മനുഷ്യച്ചങ്ങല ഇന്ന്' എന്ന പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ പ്രസ്താവന ഉള്‍പേജില്‍ നല്‍കിയിട്ടുണ്ട്. അതിനു തൊട്ടുമുകളിലായി സി പി ഐ യുടെ ഏജീസ് ഓഫീസ് ഉപരോധം ഫോട്ടോയും റിപ്പോര്‍ട്ടും നല്‍കിയതിനാല്‍ ഒരുകൂട്ടപ്രതിഷേധത്തിന്റെ സന്ദേശം പത്രം നല്‍കുന്നുണ്ട്. 
'ഘടകകക്ഷികള്‍ പലതട്ടില്‍; നാളെ മനുഷ്യച്ചങ്ങല ഇന്ന് സി പി ഐ സമരം' എന്ന 2009 ഒക്‌ടോബര്‍ ഒന്നിന്റെ മാതൃഭൂമി തലക്കെട്ടില്‍ സമരാനുകൂലികള്‍ തമ്മില്‍ കടുത്ത അഭിപ്രായഭിന്നതയുണ്ടെന്നാണ് ധ്വനി. ഏതായാലും രണ്ടാം തീയതി മുന്‍ പേജില്‍ 'മനുഷ്യച്ചങ്ങല ഇന്ന്' രണ്ടു കോളത്തില്‍ സി പി ഐ എമ്മിന്റെ അഭ്യര്‍ഥന ചെറുതായി കൊടുത്തിട്ടുണ്ട്. എഡിറ്റ്‌പേജില്‍ വി ബി ചെറിയാന്റെ മനുഷ്യച്ചങ്ങലവിരുദ്ധ ലേഖനമുണ്ട്. 'യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ച് വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമാക്കി ആസിയന്‍ കരാര്‍ റദ്ദാക്കണമെന്ന്' സി പി ഐ എം ആവശ്യപ്പെടുകയാണ് എന്നാണ് ചെറിയാന്റെ വിമര്‍ശനം. 'കരാര്‍ കേരളത്തിനൊരു മുന്നറിയിപ്പ്' എന്ന ഡോ. പി ഇന്ദിരാദേവിയുടെ ലേഖനത്തില്‍ കരാറിന്റെ അപകടങ്ങള്‍ വിശദമാക്കുന്നുണ്ടെങ്കിലും ''ലോകം ആഗോളീകരണത്തിലേക്കും തുറന്ന വിപണിയിലേക്കും മാറുമ്പോള്‍ നമുക്കുമാത്രം മാറി നില്‍ക്കാനാവില്ലെന്ന ന്യായത്തോടെ അത്തരം വെല്ലുവിളികളെ നേരിടാന്‍ നാം സജ്ജരാകേണ്ടതുണ്ട്'' എന്ന നിഗമനത്തിലാണ് എത്തിച്ചേരുന്നത്. ഈ ലേഖനം നിശ്ചയമായും ആസിയന്‍ കരാറിന്റെ ഗുണദോഷവിചാരം നടത്തുന്നുണ്ട്. എന്നാല്‍ അന്ന് നടക്കാന്‍ പോകുന്ന വലിയ പ്രക്ഷോഭത്തെ ഫ്രെയിം ചെയ്യാന്‍ ഇത്തരം ലേഖനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ ലക്ഷ്യം മറ്റൊന്നാണ്. യാഥാര്‍ഥ്യബോധമില്ലാത്ത ഏകപക്ഷീയമായ സമരമാണ് നടക്കാന്‍ പോകുന്നത് എന്ന സന്ദേശം നല്‍കുകയാണ് മാതൃഭൂമി. 
ഒക്‌ടോബര്‍ ഒന്നിന്റെ മനോരമയില്‍ ഉമ്മന്‍ചാണ്ടിയുടെ ലേഖനം 'സി പി എം മനുഷ്യച്ചങ്ങല പൊയ്മുഖം' എന്ന തലക്കെട്ടില്‍ പ്രസ്താവനയായി നല്‍കി. ഒക്‌ടോബര്‍ രണ്ടിന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അറിയിപ്പ് പതിനൊന്നാം പേജില്‍ ചെറു വാര്‍ത്തയായി നല്‍കി. 
സി പി ഐ എമ്മിന്റെ മനുഷ്യച്ചങ്ങലയോട് മാത്രമായിരുന്നില്ല മാധ്യമ അവഗണന. ആസിയന്‍ കാരാര്‍ തന്നെ മാധ്യമ പരിഗണനയ്ക്കുളളില്‍ നിന്ന് പുറത്തുപോയി. ഒരുപക്ഷേ, കരാര്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍, അത് ചങ്ങലയ്ക്കുളള പ്രചാരണമായി വന്നുഭവിച്ചേക്കും എന്നുളള തോന്നലില്‍നിന്നു കൂടിയായേക്കാം. പട്ടിക രണ്ടില്‍ സെപ്തംബര്‍ മാസത്തില്‍ ആസിയന്‍ കരാര്‍ സംബന്ധിച്ച് പത്രങ്ങളില്‍ വന്ന ഇനങ്ങളുടെ എണ്ണവും അളവും സ്വഭാവവും നല്‍കിയിരിക്കുന്നു. 
പട്ടിക രണ്ട്
സെപ്തംബര്‍ മാസത്തില്‍ ആസിയന്‍ കരാര്‍ സംബന്ധിച്ച് 
വന്ന വാര്‍ത്തകളുടെ എണ്ണവും സ്വഭാവവും
പത്രം അനുകൂലം പ്രതികൂലം
എണ്ണം കോളം എണ്ണം കോളം 
സെന്റീമീറ്റര്‍ സെന്റീമീറ്റര്‍
ദേശാഭിമാനി 1 26 169 7524
മനോരമ 4 358 2 150
മാതൃഭൂമി 3 176 4 252
മാധ്യമം 6 208 10 526
ദീപിക 5 86 1 9
ആദ്യം ശ്രദ്ധയില്‍ വരുന്ന കാര്യം ദേശാഭിമാനി മാറ്റിനിര്‍ത്തിയാല്‍ മറ്റു മാധ്യമങ്ങളില്‍ വന്ന ഇനങ്ങളുടെ എണ്ണവും അളവും തീരെ കുറഞ്ഞിരിക്കുന്നു എന്നതാണ്. ഇനങ്ങളുടെ എണ്ണം ആദ്യഘട്ടത്തില്‍ 173 ആയിരുന്നത് ഇവിടെ 35 ആയി കുറഞ്ഞു. അവയുടെ അളവ് 6,025 കോളം സെന്റീമീറ്ററില്‍ നിന്ന് 2,116 ആയി കുറഞ്ഞു. ഇത് കണക്കിലെടുക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ മനസില്‍ വെയ്ക്കുന്നത് നന്ന്. ആദ്യഘട്ടം ജൂലായ് 25 മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ്. എന്നാല്‍ രണ്ടാംഘട്ടം സെപ്തംബര്‍ മാസം മാത്രമേയുളളൂ. ആദ്യ ഘട്ടത്തിലാണ് വാര്‍ത്താ പ്രാധാന്യമുളള അന്തര്‍ദേശീയ സംഭവങ്ങള്‍ നടന്നത്. സ്വാഭാവികമായി വാര്‍ത്തകളുടെ എണ്ണവും അളവും വര്‍ധിക്കും. എങ്കിലും പട്ടിക രണ്ടില്‍ കാണുന്നതുപോലെയുളള കുത്തനെയുളള ഇടിവ് ഉണ്ടായതിന് കാരണം സി പി ഐ എമ്മിന്റെ ക്യാമ്പയിന്‍ തമസ്‌കരിക്കാന്‍ തീരുമാനിച്ചതാണ്.
പട്ടിക രണ്ടില്‍ നിന്ന് വ്യക്തമാകുന്ന മറ്റൊരു കാര്യം ഒന്നാം ഘട്ടത്തില്‍ 68 ശതമാനം പത്രസ്ഥലം ആസിയന്‍കരാറിന് എതിരായിട്ടുളള ഇനങ്ങളായിരുന്നു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ പ്രതികൂല ഇനങ്ങള്‍ ആകെ ആസിയന്‍ കരാര്‍ പത്രസ്ഥലത്തിന്റെ 44 ശതമാനമായി ചുരുങ്ങി. മനോരമയില്‍ ഈ തോത് 30 ശതമാനവും മാതൃഭൂമിയില്‍ 69 ശതമാനവും ദീപികയില്‍ 9 ശതമാനവുമായി ചുരുങ്ങി. മാധ്യമം പത്രം ആസിയന്‍ കരാറിനെതിരായ നിലപാട് തുടര്‍ന്നു. 734 കോളം സെന്റീമീറ്റര്‍ സ്ഥലത്തിന്റെ 72 ശതമാനം സ്ഥലവും കരാറിനെതിരായിട്ടുളള വാര്‍ത്തകളോ വിശകലനങ്ങളോ ലേഖനങ്ങളോ ആയിരുന്നു. എന്നാല്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാട് അവകാശപ്പെടുന്ന മാധ്യമം പോലും മനുഷ്യച്ചങ്ങലയുടെ തയ്യാറെടുപ്പിനെ അവഗണിക്കുകയായിരുന്നു. 
ദേശാഭിമാനി എതിര്‍കാമ്പയിന്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തി. 166 ഇനങ്ങളിലായി 7,524 കോളം സെന്റീമീറ്റര്‍ പത്രസ്ഥലം ഈയൊരു മാസം ആസിയന്‍കരാറിനെതിരായി നീക്കിവെച്ചു. ഇതില്‍ 40 ശതമാനത്തോളം മനുഷ്യച്ചങ്ങലയുടെ തയ്യാറെടുപ്പുകളെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു. ആറ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 25 വിശകലന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
ദൃശ്യമാധ്യമങ്ങള്‍ പിന്തുടര്‍ന്ന രീതിയും വ്യത്യസ്തമായിരുന്നില്ല. മനുഷ്യച്ചങ്ങല ഏതാണ്ട് അവഗണിച്ച രീതിയിലായിരുന്നു മുന്‍നിര ചാനലുകളായ ഏഷ്യാനെറ്റും ഇന്ത്യാവിഷനും മനോരമയും നീങ്ങിയത്. മനുഷ്യച്ചങ്ങലയുടെ തലേ ദിവസമാണ് ഇന്ത്യാവിഷന്‍ അതിനെ പരിഗണിക്കാനെങ്കിലും തയ്യാറായത്. മനുഷ്യച്ചങ്ങലയെക്കുറിച്ച് കൈരളിക്കൊപ്പം ഇന്ത്യാവിഷനും കര്‍ട്ടന്‍ റൈസര്‍ നല്‍കി. എന്നാല്‍ മനോരമയും ഏഷ്യാനെറ്റും അതിനുപോലും തയ്യാറായില്ല. 
ദൃശ്യമാധ്യമങ്ങളെ കൃത്യമായി ലോഗ് ചെയ്ത് സൂക്ഷിക്കാത്തതു കൊണ്ട് സൂക്ഷ്മമായി ഒരു വിശകലനം സാധ്യമല്ല. എങ്കിലും ഏഷ്യാനെറ്റ് കരാര്‍അനുകൂല ചാനലായാണ് പെരുമാറിയതെന്ന് പൊതുവേ പറയാം. മനുഷ്യച്ചങ്ങലയോട് കാട്ടിയ നിസ്സംഗത മൂലമാണ് ഇന്ത്യാവിഷന്‍ കരാര്‍ അനുകൂല ചാനലാകുന്നത്. മനോരമയാകട്ടെ കരാറിനെതിരായ എതിര്‍പ്പിനെ സി പി ഐ എമ്മിന്റെ കക്ഷിരാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നിസ്സാരവല്‍ക്കരിക്കുന്ന സമീപനം കൊണ്ടാണ് കരാറിനെ തുണച്ചതെന്നും പൊതുവായി പറയാം. 
കൈരളി - പീപ്പിള്‍ മനുഷ്യച്ചങ്ങലയുടെ തയ്യാറെടുപ്പുകള്‍ പ്രത്യേക സെഗ്‌മെന്റില്‍ വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തി. ആസിയാന്‍ കരാറിനെക്കുറിച്ച് കൈരളി ടിവിയിലെ ടോക്‌ഷോ 'ക്രോസ് ഫയര്‍' രണ്ട് എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്തു. പീപ്പിള്‍ ടിവിയില്‍ ഒരു മണിക്കൂര്‍ നീണ്ട തത്സമയ ഫോണ്‍ ഇന്‍ പരിപാടി നടത്തി. ആസിയന്‍ കരാര്‍ ഓരോ മേഖലയെയും ബാധിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കുന്ന അരമണിക്കൂര്‍ പ്രത്യേക പരിപാടി പീപ്പിള്‍ ടിവി പത്തു ദിവസം തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു. 
മറ്റു മാധ്യമങ്ങളുടെ മനുഷ്യച്ചങ്ങല തമസ്‌കരണത്തെ ഫലപ്രദമായി മറികടക്കുന്നതിന് ദേശാഭിമാനിക്കും കൈരളിയ്ക്കും കഴിഞ്ഞു. എന്നു മാത്രമല്ല, ഈ ബദല്‍ മാധ്യമങ്ങളുയര്‍ത്തിയ സമ്മര്‍ദംമൂലം കുറച്ചെങ്കിലും ഇടം മറ്റു മാധ്യമങ്ങളില്‍ ആസിയന്‍ കരാറിനെതിരായി മനുഷ്യച്ചങ്ങലയ്ക്ക് തലേദിവസമെങ്കിലും ലഭ്യമാക്കുന്നിന് സഹായിച്ചു. 
ലോക റെക്കോര്‍ഡിട്ട ആഗോളീകരണവിരുദ്ധ സമരം 
'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി 2009 ഒക്‌ടോബര്‍ രണ്ടിന് കാസര്‍കോട്ട് മുതല്‍ രാജ്ഭവന്‍ വരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല, സമരതീക്ഷ്ണമായ കേരളത്തിന്റെ ചരിത്രപഥത്തിലെ ജ്വലിക്കുന്ന ചെങ്കനലായി. ലോകം കണ്ട ഏറ്റവും വലിയ ആഗോളവല്‍ക്കരണവിരുദ്ധ ബഹുജന അണിചേരലായി മനുഷ്യച്ചങ്ങല നീണ്ടു. കാസര്‍കോട്ടുനിന്ന് രാജ്ഭവന്‍വരെ ദേശീയപാതയില്‍ 660 കിലോമീറ്ററും വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അനുബന്ധച്ചങ്ങലകളിലായി 117 കിലോമീറ്ററുമാണ് മനുഷ്യര്‍ കൈകോര്‍ത്തത്. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ ചങ്ങല മാറ്റിവെച്ചിരുന്നു. 
മനുഷ്യച്ചങ്ങല തീര്‍ക്കേണ്ടതിന്റെ തൊട്ടടുത്ത നാളുകളില്‍ കൊടുംമഴയായിരുന്നു. ഒക്‌ടോബര്‍ രണ്ടിന് രാവിലെ മുതല്‍ കേരളത്തിലാകമാനം തോരാത്ത മഴയായിരുന്നു. പെരുമഴയെ അവഗണിച്ച് ആബാലവൃദ്ധം ചങ്ങലയിലേയ്ക്ക് ഒഴുകിയെത്തി. കൈകോര്‍ത്ത് ചങ്ങലയാവുകയല്ല, ചേര്‍ന്നുനിന്ന് മനുഷ്യമതിലാവുകയാണ് സംഭവിച്ചത്. അവിടെയും ഇടം കിട്ടാത്തവരാകട്ടെ സമാന്തരമതിലുകള്‍ തീര്‍ത്തു. 
ദേശാഭിമാനി സ്വാഭാവികമായും മനുഷ്യച്ചങ്ങലയുടെ ഒരു വിജയപ്പതിപ്പായാണ് മൂന്നാം തീയതി പുറത്തിറങ്ങിയത്. പത്തൊമ്പത് ഫോട്ടോകള്‍, മൂന്ന് ഫുള്‍പേജ് വാര്‍ത്തകള്‍, മുഖപ്രസംഗം ഇതായിരുന്നു ഒക്‌ടോബര്‍ മൂന്നിന്റെ ദേശാഭിമാനി. നാലാം തീയതിയും തുടര്‍വാര്‍ത്തകള്‍ ഏറെയുണ്ട്. 
മാധ്യമം പത്രത്തില്‍ മുന്‍പേജില്‍ 'ആസിയന്‍: പ്രതിഷേധമിരമ്പി, രോഷച്ചങ്ങല' എന്ന ബാനര്‍ ഹെഡിങും ഏഴുകോളം ഫോട്ടോയും അവസാനപേജില്‍ പിണറായി വിജയന്‍, മുഖ്യമന്ത്രി, പ്രകാശ് കാരാട്ട് എന്നിവരുടെ പ്രസ്താവനകളും മൂന്നു ഫോട്ടോകളും നല്‍കി. മനുഷ്യച്ചങ്ങലയുടെ പ്രസക്തിയും സ്പിരിട്ടും ഉള്‍ക്കൊണ്ടുളള റിപ്പോര്‍ട്ടിങ്ങായിരുന്നു മാധ്യമത്തിലേത്. 
മറ്റു മുഖ്യധാരാ പത്രങ്ങള്‍ നാം കണ്ടതുപോലെ പൊതുവെ മനുഷ്യച്ചങ്ങലയ്ക്കുളള തയ്യാറെടുപ്പുകള്‍ അവഗണിക്കുകയായിരുന്നുവെങ്കിലും മുപ്പതുലക്ഷം ആളുകള്‍ പങ്കെടുത്ത മഹാപ്രതിഷേധത്തെ തമസ്‌കരിക്കാന്‍ കഴിയുമായിരുന്നില്ല. ഇതില്‍ മനോരമ, വാര്‍ത്ത ഫ്രെയിം ചെയ്ത രീതി ശ്രദ്ധേയമാണ്. ഒന്നാം പേജില്‍ മുകളിലായി തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിലെ കളര്‍ഫോട്ടോയുണ്ട്. പക്ഷേ, നേതാക്കളെല്ലാം തലകുനിച്ച് നില്‍ക്കുകയാണ്. 'പ്രതിഷേധച്ചങ്ങല' എന്ന് തലക്കെട്ടുണ്ടെങ്കിലും മ്ലാനവദനരാണ് നേതാക്കളെല്ലാം. ഫോട്ടോയില്‍ കളളമില്ല. മനുഷ്യച്ചങ്ങല കൈകോര്‍ക്കുന്നതിനുമുമ്പ് തേക്കടി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു മിനുട്ട് നേരം കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ജനങ്ങള്‍ മൗനമാചരിക്കുകയുണ്ടായി. ആ ഫോട്ടോയാണ് മനോരമ ഒന്നാം പേജില്‍ നല്‍കിയിട്ടുളളത്. മൂന്നാം പേജില്‍ പ്രാദേശിക റിപ്പോര്‍ട്ടുകളുടെ ഭാഗമായി 'ആസിയാനെതിരെ മനുഷ്യച്ചങ്ങലയില്‍ പതിനായിരങ്ങള്‍ കണ്ണികളായി' എന്ന തലക്കെട്ടില്‍ വാര്‍ത്തയുണ്ട്. എട്ടാംപേജില്‍ 'ലക്ഷങ്ങള്‍ കണ്ണികളാ'യെന്ന് മറ്റൊരു തലക്കെട്ട്. അതിന് നേരേ എതിരെ മറുപേജില്‍ സി പി ഐയുടേതെന്ന് പറഞ്ഞ് ഒരു ഡല്‍ഹി വാര്‍ത്ത. 'പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ആസിയന്‍ കരാറിനെ എതിര്‍ക്കേണ്ട : സി പി ഐ, മത്സരാധിഷ്ഠിതമായ വിപണിക്ക് അനുസൃതമായി കേരളം മാറേണ്ടതുണ്ട്' എന്ന തലക്കെട്ട്. 2009 ഒക്‌ടോബര്‍ ഒന്നാം തീയതി, ആസിയന്‍ കരാറിനെതിരെ എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ സമരം സംഘടിപ്പിച്ച സി പി ഐയുടെ നയത്തെയാണ് മനോരമ ഇങ്ങനെ വ്യാഖ്യാനിക്കുന്നത്. സി പി ഐ എമ്മും സി പി ഐയും തമ്മില്‍ നയപരമായ തര്‍ക്കമുണ്ടെന്ന് വ്യംഗ്യം. സി പി ഐയുടെ മുഖപത്രമായ ജനയുഗമാകട്ടെ, 'ആസിയന്‍ കരാര്‍: പ്രക്ഷോഭം തുടരും' എന്ന തലക്കെട്ടിലാണ് ഇതേ വാര്‍ത്ത നല്‍കിയിട്ടുളളത്. 
പിറ്റേന്ന് മനുഷ്യച്ചങ്ങല സംബന്ധിച്ച് ഒരു പരിഹാസകാര്‍ട്ടൂണ്‍ കൂടി കൊടുത്ത് മനോരമ വാരഫലം പ്രഖ്യാപിച്ചു. രാജ്ഭവനു മുന്നില്‍ ചങ്ങല പിടിക്കുന്ന പിണറായി വിജയനെ ചൂണ്ടി 'വന്നു, പിടിച്ചോ, പിടിച്ചോ' എന്ന് ഗവര്‍ണറോട് പറയുന്ന മനോരമയെയാണ് കാര്‍ട്ടൂണില്‍ കാണുന്നത്. ഇതാണ് മനുഷ്യച്ചങ്ങല മനോരമയില്‍ സൃഷ്ടിച്ച വികാരം. 
നാലുകോളത്തിലെങ്കിലും മാതൃഭൂമി മുന്‍പേജില്‍ ഫോട്ടോസഹിതം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അഞ്ചാം പേജില്‍ 'വിഭാഗീയതയ്ക്ക് ഇടവേള നല്‍കി മനുഷ്യച്ചങ്ങല' എന്ന ഉളളടക്കത്തോടെ രണ്ടു വാര്‍ത്ത. പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയും. അതിനു മറുപടിയെന്ന നിലയില്‍ തൊട്ടുതാഴെ രമേശ് ചെന്നിത്തലയുടെ പ്രസ്താവന 'കരാറിനെ ആദ്യം എതിര്‍ത്തവര്‍ പിന്നീട് സ്വീകരിക്കുന്നത് ചരിത്രം' എന്ന തലക്കെട്ടില്‍. 
എന്തോ കേരള കൗമുദിയ്ക്ക് അവസാനപേജില്‍ മൂന്നുകോളം ഫോട്ടോയും നാലു കോളം വാര്‍ത്തയുമായി 'പ്രതിഷേധത്തിന്റെ വിളംബരം' ചുരുങ്ങി. മംഗളത്തിലും 'ആസിയന്‍ കരാറിനെതിരെ ജനലക്ഷങ്ങള്‍ പങ്കെടുത്തു' എന്ന ചെറിയൊരു തലക്കെട്ടില്‍ അവസാനപേജ് വാര്‍ത്തയായി. തേജസില്‍, 'മനുഷ്യച്ചങ്ങലയില്‍ പതിനായിരങ്ങള്‍' എന്ന തലക്കെട്ടില്‍ വാര്‍ത്തയും ചിത്രവും. ചങ്ങലയെക്കുറിച്ച് വാര്‍ത്ത നല്‍കിയില്ലെങ്കിലും 'സാമ്പത്തികശേഷി പ്രകടമാക്കി പാര്‍ട്ടി ചങ്ങല' എന്ന് മുഖപ്രസംഗമെഴുതാന്‍ ചന്ദ്രിക മറന്നില്ല. 
പട്ടിക മൂന്ന്
ഒക്‌ടോബര്‍ മാസത്തില്‍ ആസിയന്‍ കരാര്‍ സംബന്ധിച്ച്
വന്ന വാര്‍ത്തകളുടെ എണ്ണവും സ്വഭാവവും.
പത്രം അനുകൂലം പ്രതികൂലം
എണ്ണം കോളം എണ്ണം കോളം 
സെന്റീമീറ്റര്‍ സെന്റീമീറ്റര്‍
ദേശാഭിമാനി 0 0 51 3997
മനോരമ 6 306 5 261
മാതൃഭൂമി 9 542 3 174
മാധ്യമം 6 263 5 399
ദീപിക 7 614 2 93
ഒക്‌ടോബര്‍ ഒന്ന് മുതല്‍ നാലുവരെയുളള ദിവസങ്ങളിലെ സചിത്ര വാര്‍ത്തകള്‍, റിപ്പോര്‍ട്ടുകള്‍, വിശകലനം, ലേഖനം, കാര്‍ട്ടൂണ്‍ എന്നിവയാണ് പട്ടിക മൂന്നില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഈ പട്ടികയില്‍ തെളിയുന്ന ഏറ്റവും ശ്രദ്ധേയമായ പ്രവണത, മുഖ്യധാരാ പത്രങ്ങളില്‍ മാധ്യമം ഒഴികെ എല്ലാ പത്രങ്ങളും കരാറിന് അനുകൂലമായിട്ട് നീങ്ങുന്നുവെന്നാണ്. ഏറ്റവും വഷളായ ഗതി ദീപികയുടേതാണ്. മനുഷ്യച്ചങ്ങലവിരുദ്ധപത്രമായി ഇത് മാറി. 707 കോളം സെന്റീമീറ്ററില്‍ 86 ശതമാനം പത്രസ്ഥലവും കരാറിന് അനുകൂലമായോ ചങ്ങലയ്‌ക്കെതിരായോ ആണ് ദീപിക നീക്കിവെച്ചത്. മാതൃഭൂമിയും ഈ ഘട്ടത്തില്‍ കരാറിന് അനുകൂലമായി മാറി. 716 കോളം സെന്റീമീറ്ററില്‍ 75 ശതമാനം പത്രസ്ഥലം കരാറിന് അനുകൂലമായ ഇനങ്ങള്‍ക്കാണ് നല്‍കിയത്. മനോരമയാണ് താരതമ്യേനെ ഏറ്റവും കുറച്ച് സ്ഥലം ഈ വിഷയത്തിനായി നീക്കിവെച്ചത്. 567 കോളം സെന്റീമീറ്റര്‍. ഇതിന്റെ 54 ശതമാനം സ്ഥലം കരാറിന് അനുകൂലമായിരുന്നു. അതേ സമയം മാധ്യമം 662 കോളം സെന്റീമീറ്റര്‍ പത്രസ്ഥലം ആസിയന്‍ കരാറിനായി നീക്കിവെച്ചതില്‍ 60 ശതമാനം സ്ഥലവും കരാറിന് എതിരായിരുന്നു. 
പത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ടിങ്ങായിരുന്നു ദൃശ്യമാധ്യമങ്ങളില്‍. അവരെ സംബന്ധിച്ചടത്തോളം അപൂര്‍വമായ ദൃശ്യവിരുന്നായിരുന്നു മനുഷ്യച്ചങ്ങല. അതുകൊണ്ടുതന്നെ മനുഷ്യച്ചങ്ങല നടന്ന ദിവസം ചാനലുകള്‍ക്ക് സമീപനം മാറ്റേണ്ടി വന്നു. എല്ലാ ന്യൂസ് ചാനലുകളും തത്സമയ സംപ്രേഷണം നല്‍കി മനുഷ്യച്ചങ്ങലയെ അംഗീകരിച്ചു. 
ദീപികയുടെ ധര്‍മസങ്കടം
മനുഷ്യച്ചങ്ങലയെക്കുറിച്ച് ദീപിക പൂര്‍ണ നിശ്ശബ്ദത പാലിച്ചിരുന്നെങ്കിലും ആസിയന്‍ കരാറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. മലയോര കര്‍ഷകരാണ് ദീപികയുടെ ശക്തി. കരാര്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവന്ന ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ കരാറിനെതിരെ ദീപിക ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. 2009 ജൂലായ് 26 ലെ ആരംഭ വാര്‍ത്ത 'ആസിയന്‍ കരാറിന് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി, കര്‍ഷകര്‍ക്ക് തിരിച്ചടി'യെന്നായിരുന്നു. കരാറിനെതിരെയുളള പ്രതിഷേധപ്രസ്താവനകള്‍ പ്രാധാന്യത്തോടെയാണ് നല്‍കിയത്. ജൂലായ് മാസത്തിലെ റിപ്പോര്‍ട്ടുകളില്‍ പ്രധാനമന്ത്രിയുടെ ഉറപ്പൊഴികെയുളള എല്ലാ വാര്‍ത്തകളും കരാറിനെതിരെയുളളതായിരുന്നു. 
'കേരള കര്‍ഷകരെ ബലികൊടുക്കരുത്' (2009 ജൂലായ് 27), 'കേരളത്തിലെ കര്‍ഷകരുടെ ആശങ്ക അകറ്റണം' (2009 ആഗസ്റ്റ് 17) എന്ന് രണ്ട് എഡിറ്റോറിയലുകള്‍ കരാറിനെതിരെ ദീപിക എഴുതുകയുണ്ടായി. 
എന്നാല്‍, ആസിയന്‍ കരാറിനെതിരെ സി പി എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ വാര്‍ത്ത ഉള്‍പ്പേജില്‍ തളളിയ പത്രമാണ് ദീപിക. ആസിയന്‍ കരാറില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ വേണമെന്നതില്‍ തര്‍ക്കമില്ലെന്ന് മുഖപ്രസംഗം വഴി ഉല്‍ബോധിപ്പിച്ച പത്രമാണ് മുപ്പതോളം ലക്ഷം കേരളീയര്‍ അണിനിരന്ന ഒരു മഹാസമരത്തെ പെട്ടിക്കോളം വാര്‍ത്തയാക്കി ചുരുക്കിയത്. 
2009 ആഗസ്റ്റ് 24 ലെ ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെ ദ്വിജന്റെ ലേഖനം യഥാര്‍ഥത്തില്‍ 'നാലുല്‍പ്പന്നങ്ങളും നാടാകെ വിവാദവും' എന്ന ഉമ്മന്‍ചാണ്ടിയുടെ മാതൃഭൂമി (ആഗസ്റ്റ് 21) ലേഖനത്തോടുള്ള പ്രതികരണമാണ്. അതിലെ വാദങ്ങള്‍ ഇങ്ങനെയാണ്: 
ആസിയന്‍കരാര്‍ ഇന്ത്യയ്ക്ക് നല്ലതാണെങ്കിലും കേരളത്തിലെ കര്‍ഷകന് ദോഷമുണ്ടാക്കുന്ന വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് ആര്‍ക്കും മനസിലാകും. അതുകൊണ്ടു തന്നെയാണല്ലോ കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ചു നടന്ന മന്ത്രിസഭാ യോഗത്തില്‍ ആന്റണിയും വയലാര്‍ രവിയും ആശങ്ക പ്രകടിപ്പിച്ചതും. എന്നിട്ടും കരാര്‍ ഒപ്പിട്ടു. ഇന്ത്യയിലെ കൊച്ചുസംസ്ഥാനത്തെ ഏതാനും ആയിരം കര്‍ഷകര്‍ക്കുവേണ്ടി നാടിന്റെ വിശാല താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാതിരിക്കാനാവുമോ എന്നതാവും ന്യായീകരണം. പക്ഷേ, അതുമൂലം നഷ്ടം അനുഭവിക്കേണ്ടി വരുന്നവര്‍ക്ക് നഷ്ടം പരിഹരിച്ചുനല്‍കാനും കരാര്‍ ഒപ്പിടുന്നവര്‍ക്ക് ബാധ്യതയുണ്ട്. അതു സാധിച്ചെടുക്കണമെങ്കില്‍ നഷ്ടം അനുഭവിക്കാന്‍ ഇടയുളളവര്‍ക്കുവേണ്ടി ശക്തമായ മുറവിളി ഉയരണം. കുരുമുളകിന്റെ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 380 കിലോഗ്രാമില്‍നിന്ന് 3000 കിലോഗ്രാമാക്കി ഉയര്‍ത്തി കര്‍ഷകരെ രക്ഷിക്കുമെന്ന് പറയുന്നത് നല്ലകാര്യമാണെങ്കിലും നടപ്പാക്കാന്‍ ബുദ്ധിമുട്ടുളള രക്ഷാമാര്‍ഗമാണ്. അതുകൊണ്ട് ഇവിടത്തെ കര്‍ഷകര്‍ക്ക് നീതികിട്ടാന്‍ ശക്തമായ സമ്മര്‍ദം ഉയരണം. അല്ലാതെ ആസിയാന്‍ കരാറില്‍ ആശങ്കപ്പെടാനൊന്നുമില്ല എന്ന മട്ടിലുളള നിലപാട് കര്‍ഷകരെ കബളിപ്പിക്കല്‍ തന്നെയാണ്. ഇന്റര്‍നെറ്റിലൂടെ മലേഷ്യന്‍ മാര്‍ക്കറ്റിലെ വിപണിപോലും മനസിലാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്ന തലത്തിലേക്ക് കര്‍ഷകനും വളര്‍ന്നിട്ടുണ്ട്. എന്തുപറഞ്ഞാലും അവര്‍ വിശ്വസിക്കും എന്ന് കരുതുന്നത് അബദ്ധമാകും. തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നതുകൊണ്ട് കര്‍ഷകര്‍ക്ക് പ്രത്യാഘാതങ്ങള്‍ തിരിച്ചറിയില്ല എന്നും കരുതരുത്. കരാറിനെ ന്യായീകരിക്കുമ്പോള്‍ കേട്ടിരിക്കുന്നവര്‍ക്കും കാര്യങ്ങള്‍ മനസിലാകും എന്നറിയണം. അല്ലെങ്കില്‍ കര്‍ഷകരുടെ ആത്മാര്‍ഥതയുടെ 'ആഴം' അവര്‍ക്ക് പെട്ടെന്ന് മനസിലാകും. രാഷ്ട്രീയ നേട്ടത്തിനായി കരാറിനെ എതിര്‍ക്കുന്നവരുടെ തനിനിറവും ഇന്ന് കര്‍ഷകന് മനസിലാകും.
കരാറിനെ ന്യായീകരിക്കുമ്പോള്‍ കേട്ടിരിക്കുന്നവര്‍ക്കും കാര്യങ്ങള്‍ മനസിലാകും എന്ന മുന്നറിയിപ്പും ഉമ്മന്‍ചാണ്ടിക്കാണ്. എന്നാല്‍ ആരാണ് കരാറിനെ ന്യായീകരിക്കുന്നതെന്നോ എന്താണ് അവരുടെ ന്യായീകരണങ്ങള്‍ എന്നോ തങ്ങളുടെ വായനക്കാരെ അറിയിക്കണം എന്ന് ദീപിക ആഗ്രഹിക്കുന്നില്ല. 
ആസിയന്‍ കരാറിനെതിരെ സി പി എമ്മും ഇടതുപക്ഷ കക്ഷികളും ഉന്നയിച്ച എല്ലാ വിമര്‍ശനങ്ങളും ദീപികയും പങ്കുവെക്കുന്നുണ്ട്. കരാര്‍ ഒപ്പിടാനും നടപ്പാക്കാനും സ്വീകരിക്കുന്ന വഴികളൊന്നും കര്‍ഷകതാല്‍പ്പര്യം മാനിക്കുന്നതല്ലെന്ന വിമര്‍ശനവും ദീപിക ഉയര്‍ത്തുന്നുണ്ട്. ആഗസ്റ്റ് 24 ലെ എഡിറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ട ലേഖനവും ആഗസ്റ്റ് 17 ലെ മുഖപ്രസംഗവും പങ്കുവെക്കുന്നത് കരാറിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച വിമര്‍ശനങ്ങളാണ്. കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ കടുത്ത പ്രക്ഷോഭം വേണമെന്നും ദീപിക ആഹ്വാനം ചെയ്യുന്നു. 
അതേസമയം തങ്ങളുടെ വിമര്‍ശനം സി പി ഐ എമ്മിന് എന്തെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് പത്രം. ദ്വിജന്റെ ലേഖനത്തിന്റെ അവസാന ഖണ്ഡിക ഇങ്ങനെയാണ്. 
പാമോയില്‍ ഇറക്കുമതി മൂലം ഉണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് കൊപ്ര വാങ്ങാന്‍ കഴിയാത്തവരുടെ കേന്ദ്രവിരുദ്ധതിമിരവും കര്‍ഷകന്‍ തിരിച്ചറിയും. ഏതായാലും വീണുകിട്ടിയ അവസരം കൊണ്ടാടേണ്ടത് എങ്ങനെയെന്ന് സി പി എമ്മിനറിയാം. ഗാന്ധിജയന്തി ദിനത്തില്‍ മനുഷ്യച്ചങ്ങല ഉണ്ടാക്കാനാണ് പരിപാടി...
മനുഷ്യച്ചങ്ങലയുടെ തലേന്ന് (2009 ഒക്‌ടോബര്‍ 1) ദീപിക പ്രസിദ്ധീകരിച്ച 'ആസിയനെതിരെ വാളോങ്ങുമ്പോള്‍' എന്ന ലേഖനം 'കര്‍ഷകരെ വോട്ടുബാങ്കായി നിലനിര്‍ത്തി സഹതാപവും പരിമിത സൗജന്യങ്ങളും നല്‍കി പ്രീണിപ്പി'ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെയുളള താക്കീതാണ്. 
ആസിയന്‍ കരാറിനെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ കര്‍ഷകരോടുളള സ്‌നേഹം കൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത് എന്ന് ഒരു കര്‍ഷകനും വിശ്വസിക്കുന്നില്ല. ഇവിടത്തെ കര്‍ഷകര്‍ക്ക് അനുകൂലമായ ഒരുകാര്യവും കേരളത്തിലെ പല രാഷ്ട്രീയപ്പാര്‍ട്ടികളും അധികാരത്തില്‍ വരുമ്പോള്‍ നടപ്പാക്കാറില്ല. പട്ടയത്തിന്റെയും മറ്റും കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരെ കബളിപ്പിക്കുന്ന കാഴ്ച നാം കണ്ടുകഴിഞ്ഞു. ആസിയന്‍കരാര്‍ വരുന്നതിനുമുമ്പേ, കാര്‍ഷികമേഖല മുരടിച്ചതാണ്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി കൃഷിയെ ലാഭകരമാക്കാന്‍ ആസിയന്‍ കരാര്‍ ഉപകരിക്കട്ടെ. അടുത്ത പത്തുവര്‍ഷങ്ങള്‍ കൃഷിയെ നവീകരിക്കാനുളള കാലഘട്ടമായി തീരട്ടെ. അങ്ങനെ ആസിയന്‍ കരാറിനെയും ലോക വാണിജ്യകരാറിനെയും നേരിടാന്‍ തയ്യാറാകണം.
ഇതേ സമീപനമാണ് ഒക്‌ടോബര്‍ രണ്ടിനും മൂന്നിനുമായി പി സി സിറിയക് എഴുതിയ 'ആസിയന്‍ കരാര്‍ ആശങ്ക പരിഹരിക്കാന്‍ എന്തുചെയ്യണം' എന്നതു സംബന്ധിച്ച ലേഖനങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ആശങ്കകള്‍ മറച്ചുവെക്കുന്നില്ലെങ്കിലും കരാറിന്റെ നേട്ടം കൂടുതല്‍ ഇന്ത്യയ്ക്കായിരിക്കുമെന്ന് കരാര്‍, രാജ്യതാല്‍പ്പര്യത്തിന് അനുസൃതമായിട്ടുളളതാണെന്നും അതുകൊണ്ട് 'അഭിപ്രായസമന്വയമുണ്ടാക്കാന്‍ ചില വിട്ടുവീഴ്ചകള്‍ ഒഴിച്ചുകൂടാനാവാത്തതായി തീരും.' ഇതിലേക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടുന്ന ഒമ്പതാവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടു വെക്കുന്നു. 'ഈ ഡിമാന്റുകള്‍ അംഗീകരിക്കുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം. അങ്ങനെയാണെങ്കില്‍ ആസിയന്‍ കരാര്‍ കേരളത്തിലെ തകരുന്ന കാര്‍ഷികമേഖലയ്ക്ക് പുതുജീവന്‍ പകരാനുളള പുതിയ മുന്നേറ്റത്തിന്റെ കാല്‍വെപ്പായിത്തീരും.' ഇതോടെ ദീപിക പത്രത്തിന്റെ മലക്കംമറിച്ചില്‍ പൂര്‍ത്തിയാകുന്നു. 
പി സി സിറിയക്കിന്റെ ലേഖനത്തിന് താഴെയായി കൈ ഏന്തി നീട്ടിപ്പിടിച്ചുനില്‍ക്കുന്ന നേതാക്കളുടെയും പൊലീസിന്റെയും ഗുണ്ടകളുടെയും കാര്‍ട്ടൂണ്‍ കൊടുത്തുകൊണ്ട് 'ഒരു കൊച്ചു ചങ്ങലക്കിലുക്കം' എന്ന 'ഔട്ട് ഓഫ് റേഞ്ച്' ഹാസ്യമുണ്ട്:
കാസര്‍കോടു മുതല്‍ പാറശാലവരെ നീളുന്ന ചങ്ങലയാല്‍ ഇന്നു കേരളത്തെ ബന്ധിക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപനം. ആസിയന്‍ കരാര്‍ കര്‍ഷകരോട് കാണിച്ച ദ്രോഹത്തിനെതിരെയാണ് മനുഷ്യച്ചങ്ങലയത്രേ. ആസിയാന്‍ കരാറിനെ അറബിക്കടലില്‍ എറിയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യച്ചങ്ങലയ്ക്കുശേഷം ഏതു നിമിഷവും കരാര്‍ കടലില്‍ എറിയാന്‍ സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തീരപ്രദേശത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഏറിന്റെ ശക്തി 55 കിലോമീറ്ററില്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവരും ശ്രദ്ധിക്കണം. സംഭവം ഒരു ഭൂകമ്പമാകുമെന്നതിനാല്‍ സുനാമി മുന്നറിയിപ്പും ഇതിനാല്‍ നല്‍കുന്നു. എറിയുന്നതിനായി പാര്‍ട്ടി അറബിക്കടലിനടുത്തേക്കു ചെല്ലണോ അറബിക്കടല്‍ പാര്‍ട്ടി ഓഫീസിനടുത്തേക്ക് വരണമോയെന്നതു സംബന്ധിച്ച് തീരുമാനമാകുന്ന മുറയ്ക്ക് കരാര്‍ കടലില്‍ എറിയുമെന്നാണ് അറിയുന്നത്... ആസിയന്‍ കരാറിനെ കര്‍ഷക വിരുദ്ധമെന്നു പറഞ്ഞ് പിടിച്ചുകെട്ടാന്‍ ചങ്ങലയുമായി രംഗത്തുവന്നവര്‍ ഇടുക്കി, കുട്ടനാട് പാക്കേജ് വെള്ളത്തിലായി കൈയും കാലുമിട്ടടിക്കുന്നതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല! ഇത്രയും നീളമുള്ള ചങ്ങല വേണമെന്നില്ല, കൊള്ളാവുന്ന നാല് പ്രോജക്ടുകള്‍ പിരിച്ച് കയറായി ഇട്ടുകൊടുത്താല്‍ ആ പാക്കേജുകളും പാവപ്പെട്ട കര്‍ഷകരും കരകയറിയേനെ.
ലോകസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയത്തിന്റെ ആരവമൊടുങ്ങും മുമ്പ് ആസിയന്‍ കുരുക്കില്‍ കേരളത്തിലെ കര്‍ഷകരെ കുടുക്കിയ കോണ്‍ഗ്രസിനെ ന്യായീകരിക്കേണ്ട രാഷ്ട്രീയബാധ്യത മാത്രമായിരുന്നില്ല ഈ നിലപാട് മാറ്റത്തിന്റെ പിന്നില്‍. മനുഷ്യച്ചങ്ങലയ്ക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യതയും അതിന്റെ വലിയ വിജയവും ദീപിക പത്രത്തിന്റെ കമ്യൂണിസ്റ്റ് വിരോധത്തെ ഉദ്ദീപിപ്പിച്ചു. ആസിയന്‍ വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയനേട്ടം ഇടതുപക്ഷത്തിനുണ്ടാകും എന്ന ആശങ്കയായിരുന്നു ദീപികയെ നയിച്ചത്. മനുഷ്യച്ചങ്ങല തമസ്‌കരിക്കുന്നതില്‍ ദീപിക ഒറ്റയ്ക്കായിരുന്നില്ലെങ്കിലും വാര്‍ത്ത തമസ്‌കരിച്ച ശൈലിയില്‍ ദീപിക വേറിട്ടു നിന്നു. ഒക്‌ടോബര്‍ മൂന്നിന് ഒന്നാം പേജില്‍ ഒരു വാര്‍ത്തപോലും ഈ പത്രം നല്‍കിയില്ല. മൂന്നുകോളത്തില്‍ തീരെച്ചെറിയ ഒരു ചിത്രം നല്‍കാനുളള സൗമനസ്യംകാണിച്ച്, പി സി സിറിയക്കിന്റെ എഡിറ്റ്‌പേജ് ലേഖനത്തിന് നേരെ എതിരെ അടുത്ത പേജില്‍ ചെറിയൊരു വാര്‍ത്ത നല്‍കി. അതു കൂടിപ്പോയോ എന്ന ശങ്കയുളളതു കൊണ്ടാകാം, ഒക്‌ടോബര്‍ നാലിന്റെ പത്രത്തില്‍ 'മനുഷ്യച്ചങ്ങല ഗതാഗതം തടസ്സപ്പെടുത്തി, പന്തലുകാരനെതിരെ കേസ്' എന്നൊരു ആക്ഷേപവും നല്‍കി. 
ആഗോളസമരത്തിന്റെ ഭാഗം
ഇതുവരെയുളള വിശകലനം ഒരുകാര്യം സംശയരഹിതമായി വ്യക്തമാക്കുന്നു. കേരളത്തിന്റെ ഭാവി സംബന്ധിച്ചടത്തോളം പരമപ്രധാനമായിട്ടുളള ആസിയന്‍ കരാറിനെക്കുറിച്ച് വസ്തുനിഷ്ഠവിശകലനത്തിന്റെയും നിഷ്പക്ഷ റിപ്പോര്‍ട്ടിങ്ങിന്റെയും മറവില്‍ രാഷ്ട്രീയ ദാസ്യമാണ് മലയാള മാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്. കരാര്‍ വ്യവസ്ഥകള്‍ സ്വന്തം നിലയില്‍ അപഗ്രഥിക്കുക, കരാര്‍ രൂപപ്പെടാനിടയാക്കിയ സാഹചര്യം അവലോകനം ചെയ്യുക, കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന സ്ഥിതിവിശേഷങ്ങളുടെ ഗുണദോഷവിചാരം നടത്തുക, കാര്യകാരണങ്ങള്‍ അപഗ്രഥിച്ച് എതിര്‍പ്പിന്റെയും ആശങ്കകളുടെയും പ്രസക്തി പരിശോധിക്കുക തുടങ്ങി ഒട്ടേറെ വഴികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലുണ്ട്. കേരളത്തെ ആസിയന്‍ കരാര്‍ എങ്ങനെയെല്ലാമാണ് ബാധിക്കാന്‍ പോകുന്നതെന്ന സ്വന്തം അന്വേഷണനിഗമനങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിച്ചവരെ അവര്‍ വല്ലാതെ നിരാശരാക്കി. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍, പ്രസംഗ റിപ്പോര്‍ട്ടുകള്‍, ചില വിദഗ്ധരുടെ നിഗമനങ്ങള്‍ എന്നിവ അവതരിപ്പിച്ചതല്ലാതെ ഈ കരാറിനെക്കുറിച്ച് സ്വന്തം അഭിപ്രായം അവതരിപ്പിക്കാനോ അതനുസരിച്ചുളള രാഷ്ട്രീയ നിലപാട് സ്വീകരിക്കാനോ മാധ്യമങ്ങള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ലാവലിന്‍ കരാറിനെക്കുറിച്ച് പൊടിപ്പും തൊങ്ങലും കലര്‍ന്ന കഥകള്‍ സ്വയം നിര്‍മിച്ച് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ അത്യധ്വാനംചെയ്ത പത്രങ്ങള്‍ ആസിയന്‍ കരാറിനെക്കുറിച്ചുളള ഗുണദോഷ വിചാരത്തില്‍ നിന്ന് അകന്നുനിന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം, ആഗോളീകരണകാലത്തെ മാധ്യമങ്ങളുടെ പൊതുസ്വഭാവത്തിലേക്കാണ് നമ്മെ നയിക്കുന്നത്. 
ആഗോളീകരണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിരോധങ്ങളെ മാധ്യമങ്ങള്‍ എങ്ങനെ സമീപിക്കുന്നുവെന്നതിനെക്കുറിച്ച് ഒട്ടേറെ പഠനങ്ങളും നിരീക്ഷണങ്ങളും നടന്നിട്ടുണ്ട്. കോര്‍പറേറ്റ് മീഡിയ എന്ന പദപ്രയോഗം തന്നെ ആഗോളീകരണവും മാധ്യമങ്ങളും തമ്മിലുളള ബന്ധം എത്രമാത്രം സുദൃഢമാണെന്ന് വ്യക്തമാക്കുന്നു. അറിയാനുളള അവകാശം ബഹുരാഷ്ട്രക്കുത്തകകളുടെ നിയന്ത്രണത്തിലായതോടെ മുഖ്യധാരാ മാധ്യമങ്ങള്‍ ആഗോളീകരണത്തിന്റെ സ്തുതിപാഠകരായി. പത്രങ്ങളിലും ടെലിവിഷന്‍ സ്‌ക്രീനിലും ആഡംബര ജീവിതത്തിന്റെ ശബളാഭ പ്രതിധ്വനിച്ചു. ആഡംബരങ്ങളിലേക്കും ആര്‍ത്തിയിലേക്കും ജനമനസുകളെ ആട്ടിത്തെളിക്കാന്‍ മാധ്യമങ്ങളുടെ ശക്തിയും വിശ്വാസ്യതയും കോര്‍പറേറ്റ് കുത്തകകള്‍ സമര്‍ഥമായി ഉപയോഗിച്ചു. ഈ പ്രചാരണങ്ങളെ മറികടന്നുകൊണ്ട് ആഗോളീകരണത്തിനെതിരായ സമരങ്ങള്‍ ശക്തിപ്പെടുകതന്നെയാണ്. 
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കഴിഞ്ഞ് ഒരു പതിറ്റാണ്ട് കഴിയുന്നതിനു മുമ്പേ ഒരുകാര്യം വ്യക്തമായി: ചരിത്രം അവസാനിച്ചിട്ടില്ല. ഏകധ്രുവ ലോകത്തില്‍ പ്രകടമായ വിള്ളലുകളുണ്ടായി. മുഖ്യമായും രണ്ട് ഇടതുപക്ഷ എതിര്‍പ്പിന്റെ പ്രവണതകള്‍ ശക്തിപ്പെടുന്നുണ്ട്. ഒന്നാമത്തേത്, ലാറ്റിന്‍ അമേരിക്കയില്‍ വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ്. മെക്‌സിക്കോപോലെ ഒന്നോ രണ്ടോ രാജ്യങ്ങളിലൊഴികെ മറ്റെല്ലാ ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങളിലും നടന്ന സമീപകാല തിരഞ്ഞടുപ്പുകളില്‍ ഇടതുപക്ഷമാണ് വിജയിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വവിരോധം ഇവരാകെ പൊതുവെ പങ്കുവെയ്ക്കുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകളുടെ പിന്‍മുറ്റമാണ് ലാറ്റിന്‍ അമേരിക്ക എന്നവര്‍ അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറല്ല. ബൊളീവിയയും നിക്കരാഗ്വയെയും പോലുളള രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഈ പ്രവണതകള്‍ ലോകവിപ്ലവപ്രക്രിയയുടെ പുതിയ ഘട്ടം തുറക്കുന്നുണ്ട്. 
ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിയോഗികളായി ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെല്ലാം രംഗപ്രവേശം ചെയ്തത് മാധ്യമക്കുത്തകകളാണ്. ലാറ്റിന്‍ അമേരിക്കയിലെ പല മാധ്യമക്കുത്തകകളും സിഐഎയുടെ നേരിട്ടുളള ഇടപെടലിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുളളവയാണ്. ഇവയില്‍ ബ്രസീലിലെ ഗ്ലോബോ (ഏഹീയീ) ആണ് ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തക. സംഗീതം, വീഡിയോ, ടെലിവിഷന്‍, ഓണ്‍ലൈന്‍ ബിസിനസ്, പുസ്തക- മാസിക, പത്രങ്ങള്‍ എന്നിവ അടങ്ങുന്ന ഇവയുടെ സാമ്രാജ്യം 840 കോടി ഡോളര്‍ വാര്‍ഷിക വരുമാനമുണ്ടാക്കുന്നു. യഥാര്‍ഥത്തില്‍ 'ഗ്ലോബോ' പത്രം 1950 കളില്‍ ബ്രസീലിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ പട്ടാള അട്ടിമറി സംഘടിപ്പിക്കുന്നതിനുവേണ്ടി സി ഐ എ പണം നല്‍കി വളര്‍ത്തിയതാണ്. ഇതുപോലുളള മാധ്യമ കുത്തകകളുമായിട്ടുളള ഏറ്റുമുട്ടലുകളാണ് ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷത്തെ സമാന്തര മാധ്യമങ്ങളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്. വെനസ്വേലയില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ നടന്ന പട്ടാള അട്ടിമറിയില്‍ മാധ്യമക്കുത്തകകള്‍ നേരിട്ട് ഇടപെട്ടു. ഈ സാഹചര്യമാണ്, കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ബദലായി 'ടെലിസൂര്‍' എന്ന ടെലിവിഷന്‍ ശൃംഖലയ്ക്ക് രൂപം നല്‍കാന്‍ ഹ്യൂഗോ ഷാവേസിനെ നിര്‍ബന്ധിതനാക്കിയത്. 
ലോകവ്യാപാര സംഘടന, ഐ എം എഫ്, ലോകബാങ്ക്, സമ്പന്നരാഷ്ട്രങ്ങള്‍ തുടങ്ങിയവയുടെ വാര്‍ഷിക സമ്മേളനങ്ങളിലും ഉച്ചകോടികളിലും ആഗോളവല്‍ക്കരണത്തിനെതിരായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭ സമരങ്ങളാണ് രണ്ടാമത്തെ ആഗോളപ്രവണത. ലോകവ്യാപാരക്കരാര്‍, അമേരിക്കന്‍ സ്വതന്ത്രവ്യാപാരക്കരാര്‍, ഉച്ചകോടികള്‍ തുടങ്ങിയവയോട് ബന്ധപ്പെട്ട് അരങ്ങേറിയ പ്രക്ഷോഭങ്ങള്‍ പാശ്ചാത്യകോര്‍പറേറ്റ് മാധ്യമങ്ങള്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന പരിശോധന മനുഷ്യച്ചങ്ങലയോടുളള മലയാള മാധ്യമങ്ങളുടെ പ്രതികരണം അവലോകനം ചെയ്യുന്നതിന് സഹായകരമായിരിക്കും. 
ആഗോളസമ്മേളനവേദികളിലെ പ്രക്ഷോഭപരമ്പരയുടെ തുടക്കം 1999 ല്‍ അമേരിക്കയിലെ സിയാറ്റിലില്‍ ലോകവ്യാപാര സംഘടനയുടെ ഉച്ചകോടിയോടെയാണ്. സിയാറ്റില്‍ പോരാട്ടം എന്ന പേരിലറിയപ്പെടുന്ന ഈ പ്രക്ഷോഭത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് അമ്പതിനായിരം പേര്‍ പങ്കെടുത്തു. സന്നദ്ധ സംഘടനകളും ട്രേഡ് യൂണിയനുകളും വിദ്യാര്‍ത്ഥിസംഘടനകളുമെല്ലാം പ്രതിഷേധത്തില്‍ പങ്കാളികളായി. അരാജകവാദികള്‍, കമ്യൂണിസ്റ്റുകാര്‍, പരിസ്ഥിതി സംരക്ഷണവാദക്കാര്‍, ഫെമിനിസ്റ്റുകള്‍ എന്നു തുടങ്ങി എല്ലാവിധ പ്രതിഷേധവര്‍ണങ്ങളുടെയും രാജിയായിത്തീര്‍ന്നു സിയാറ്റില്‍ പ്രതിഷേധം. ഇന്റര്‍നെറ്റ് സങ്കേതം ഉപയോഗിച്ചുകൊണ്ടാണ് പ്രതിഷേധ സംഗമത്തിലേയ്ക്ക് ആളുകളെ ക്ഷണിച്ചുവരുത്തിയത്. 1999 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 4 വരെയുള്ള ഒരാഴ്ചക്കാലം പ്രതിഷേധമാര്‍ച്ചുകളും പൊലീസ് ബലപ്രയോഗങ്ങളും സിയാറ്റില്‍ നഗരത്തെ സ്തംഭിപ്പിച്ചു. പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ത്ത് സമ്മേളന സ്ഥലത്തേക്ക് പ്രതിഷേധക്കാര്‍ മുന്നേറി. ഉല്‍ഘാടനസമ്മേളനം അലമ്പായി. പുറത്തു നടക്കുന്ന ഏറ്റുമുട്ടല്‍ സമ്മേളനത്തിലും പ്രതിഫലിച്ചു. മൂന്നാംലോക രാജ്യങ്ങള്‍ അമേരിക്കയുടെ ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ യോജിച്ച നിലപാടെടുത്തു. അമേരിക്കന്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും മൂന്നാംലോകകൃഷിക്കാര്‍ക്ക് സംരക്ഷണംനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യൂറോപ്പും അമേരിക്കയും തമ്മിലുളള ഭിന്നതകളും രൂക്ഷമായി. അവസാനം തീരുമാനങ്ങളൊന്നുമാകാതെ സിയാറ്റില്‍ ഉച്ചകോടി പിരിഞ്ഞു. ലോകവ്യാപാരസംഘടന രൂപംകൊണ്ടശേഷം അതിനേറ്റ ആദ്യത്തെ തിരിച്ചടിയായി ഇത്.
സിയാറ്റില്‍ പോരാട്ടത്തിന്റെ വിജയം 2000 ഏപ്രില്‍ മാസത്തില്‍ അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ധനമന്ത്രിമാരുടെ ആഗോളസമ്മേളനത്തിലും പ്രതിഫലിച്ചു. അമ്പത്തി അഞ്ച് രാഷ്ട്രങ്ങളിലെ 200 സംഘടനകളുടെ പ്രതിനിധികളായി അരലക്ഷം പ്രക്ഷോഭകരാണ് വാഷിങ്ടണിലെത്തിയത്. ആറുമാസം കഴിഞ്ഞ് പ്രേഗില്‍ നടന്ന ഉച്ചകോടിയും പ്രക്ഷോഭത്തില്‍ ഉലഞ്ഞു. 
2000 ഡിസംബറില്‍ ഫ്രാന്‍സിലെ നീസില്‍ (ചശരല) ചേര്‍ന്ന യൂറോപ്യന്‍ ഉച്ചകോടിയില്‍ തിരഞ്ഞെടുപ്പ് പരിഷ്‌ക്കാരമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. മൗലികാവകാശപ്പട്ടിക പുതുക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ദ്രോഹകരമായ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ പ്രതിഷേധം ഇരമ്പി. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ലോകവ്യാപാര സംഘടനയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ യൂറോപ്യന്‍ യൂണിയന് അധികാരം നല്‍കുന്ന ചട്ടങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ വന്‍തോതിലുളള ട്രേഡ് യൂണിയന്‍ പങ്കാളിത്തം ഉണ്ടായിരുന്നു. നീസ് സമ്മേളനവേദിയിലേയ്ക്ക് എണ്‍പതിനായിരം പേര്‍ മാര്‍ച്ചു ചെയ്‌തെത്തി ബദല്‍ ഉച്ചകോടി നടത്തി. അതിനെതിരെ പൊലീസ് ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പൊട്ടിച്ചു. ടിയര്‍ ഗ്യാസ് പൊട്ടിയപ്പോള്‍ കണ്ണീരൊഴുക്കിയും ചുമച്ചും വിമ്മിട്ടപ്പെടുന്ന ലോക നേതാക്കളെ ഓര്‍ത്താണ് റോയിട്ടേഴ്‌സ് വിലപിച്ചത്. ഉല്‍ഘാടന പ്രസംഗം നടത്തവെ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാക് ചുമച്ച കാര്യവും പത്രങ്ങള്‍ വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. 
2001 ല്‍ ജനോവയില്‍ നടന്ന ജി എട്ട് ഉച്ചകോടിക്കെതിരെ ആര്‍ത്തലച്ച പ്രതിഷേധവും ചോരയില്‍ മുങ്ങി. പൊലീസുകാര്‍ തലയ്ക്കു വെടിവെച്ചുകൊന്ന കാര്‍ലോ ഗിലാനിയുടെ പേരിലാണ് ജനോവയില്‍ നടന്ന നരവേട്ട ഓര്‍മിക്കപ്പെടുന്നത്. ജോര്‍ജ് ബുഷ് പങ്കെടുത്ത ദിവസമായിരുന്നു ഏറ്റവും രൂക്ഷമായ പ്രതിഷേധപ്രകടനം നടന്നത്. ജനോവ സോഷ്യല്‍ ഫോറമായിരുന്നു പ്രക്ഷോഭത്തിന്റെ സംഘാടകര്‍. 2002 ല്‍ ബാഴ്‌സലോണയാണ് ബഹുജന പ്രക്ഷോഭവേദിയായത്. 
സിയാറ്റിലിനുശേഷം അമേരിക്കയിലും യൂറോപ്പിലുമെല്ലാം നടന്ന സമ്പന്ന രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി സമ്മേളനം വേദികളില്‍ സമരങ്ങള്‍ സാധാരണമായിത്തീര്‍ന്നു. ഈ പശ്ചാത്തിലാണ് ലോക വ്യാപാര സംഘടനയുടെ നാലാം മന്ത്രിതല സമ്മേളനംദോഹയിലേക്ക് മാറ്റിയത്. ആ അറബിരാജ്യത്ത് പ്രതിഷേധപ്രകടനങ്ങളെ ഭയപ്പെടാതെ സമ്മേളനം നടത്താമെന്ന് നേതാക്കള്‍ക്കുറപ്പുണ്ടായിരുന്നു. മൂന്നാംലോക രാജ്യങ്ങളുടെ എതിര്‍പ്പ് മയപ്പെടുത്താന്‍ ദോഹയില്‍ ആരംഭിച്ച പുതിയ കരാറിനുവേണ്ടിയുള്ള ചര്‍ച്ചകളെ വികസന റൗണ്ടെന്ന് നാമകരണം ചെയ്തു. മൂന്നാംലോക രാജ്യങ്ങള്‍ യോജിച്ച ഒരു നിലപാടെടുത്തുകൊണ്ട് വികസിത രാജ്യങ്ങളുടെ മോഹങ്ങള്‍ നടന്നില്ല. 
2003 ആഗസ്തില്‍ കാനഡയിലെ മോണ്‍ട്രിയല്‍ പട്ടണത്തിലെ ലോകവ്യാപാര സംഘടനയുടെ സമ്മേളനവേദി പ്രതിഷേധ കൊടുങ്കാറ്റില്‍ ഉലഞ്ഞു. ഈ സമ്മേളനം ഒക്‌ടോബര്‍ മാസത്തില്‍ മെക്‌സിക്കോയിലെ കാന്‍കന്‍ (ഇമിരൗി) എന്ന സുഖവാസകേന്ദ്രത്തില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന മന്ത്രിതല ഉന്നതതല സമ്മേളനത്തിന്റെ പ്രാരംഭയോഗമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര നഗരിയിലെ ഉച്ചകോടി ആഡംബരവും ദാരിദ്ര്യവും തമ്മിലുളള പോരാട്ടത്തിന്റെ വാചാലമായ പ്രതീകം എന്ന നിലയിലാണ് ഓര്‍മിക്കപ്പെടുന്നത്.
സംഘാടകരെ ഞെട്ടിച്ചുകൊണ്ട് പതിനായിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയത്. പോരാട്ടം തുടരുകയാണ് എന്നവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി ഉല്‍ഘോഷിച്ചു. നാഫ്റ്റ എന്നറിയപ്പെടുന്ന വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരമേഖലയുടെ രൂപവല്‍ക്കരണം മെക്‌സിക്കോയിലെ പരമ്പരാഗത ചോളകൃഷിക്കാരെ മുഴുവന്‍ പാപ്പരാക്കി. കടംകയറി ഭൂമിവിറ്റ് നഗരങ്ങളിലേക്കും അതിര്‍ത്തി കടന്ന് അമേരിക്കയിലേക്കും അവര്‍ പലായനം ചെയ്തു. അവരായിരുന്നു സമരരംഗത്ത് അണിനിരന്നവരില്‍ ഏറ്റവും വലിയ വിഭാഗം. 
ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ പ്രതിഷേധ സംഘം പ്രക്ഷോഭ ചരിത്രത്തിലെ തിളങ്ങുന്ന ഒരോര്‍മയും അവശേഷിപ്പിച്ചാണ് തിരിച്ചു പോയത്. പ്രധാന മാര്‍ച്ചില്‍നിന്ന് വിട്ടുമാറി പട്ടാള ബാരിക്കേഡ് ലക്ഷ്യമാക്കി നീങ്ങിയ ആ സംഘത്തില്‍നിന്നും രണ്ടുപേര്‍ ബാരിക്കേഡ് തകര്‍ത്ത് അതിനു മുകളില്‍ ചാടിക്കയറി. ഡബ്ല്യു ടി ഒ കര്‍ഷകരെ കൊല്ലുന്നു (ണഠഛ സശഹഹ െളമൃാലൃ)െ എന്ന മുദ്രാവാക്യം എഴുതിപ്പിടിപ്പിച്ച ഷര്‍ട്ട് ധരിച്ചിരുന്ന ഇവരിലൊരാള്‍ ഈ മുദ്രാവാക്യം മൂന്നു തവണ ഉറക്കെ മുഴക്കി. നിമിഷങ്ങള്‍ക്കകം വസ്ത്രത്തിനിടയില്‍ നിന്ന് ഒരു കത്തി വലിച്ചൂരി നെഞ്ചിലേക്കാഴ്ത്തി ആള്‍ക്കൂട്ടത്തിലേയ്ക്ക് പതിച്ചു. ലീ ക്യുങ് ഹ്യേ എന്ന കാന്‍കന്‍ രക്തസാക്ഷി ആഗോളീകരണത്തിനെതിരായ സമരമുഖങ്ങളിലെ നിത്യസാന്നിധ്യമായിരുന്നു. സമ്പന്ന സര്‍ക്കാരുകളുടെ സബ്‌സിഡിനയം തകര്‍ത്ത നെല്‍പ്പാടങ്ങളുടെ ഉടമയായിരുന്നു ലീ ക്യൂങ്. 1998 ലെ ജനീവ ഉച്ചകോടിയില്‍ ആഗോളീകരണ യജമാനന്മാരുടെ മുന്നില്‍ തന്റെ സങ്കടം അവതരിപ്പിക്കാന്‍ നിരാഹാരസമരം നടത്തിയിരുന്നു, ലീ. നിയോ ലിബറലിസം ആഗോള കാര്‍ഷിക വൈജാത്യങ്ങളെ സംഹരിക്കുമെന്ന് മുന്നറിയിപ്പുനല്‍കിയ ഒരു പത്രക്കുറിപ്പും അന്ന് പുറപ്പെടുവിച്ചിരുന്നു.
കാന്‍കന്‍ സമ്മേളനം തല്ലിപ്പിരിഞ്ഞുവെന്നു പറയാം. മൂന്നാം ലോക രാജ്യങ്ങളില്‍ പലതും സമ്മേളനത്തില്‍നിന്നും വാക്കൗട്ട് നടത്തി. ദോഹവട്ടം ചര്‍ച്ച ഉപേക്ഷിക്കണം എന്നുപോലും ചര്‍ച്ചയായി. എങ്കിലും ഒരു ശ്രമവുംകൂടി നടത്താനായി 2005 ല്‍ ഹോങ്കോങില്‍ യോഗം വിളിച്ചു. ഹോങ്കോങിന് മറ്റുപല പട്ടണങ്ങളെയുംപേലെ വലിയ സമരപാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്നില്ല. പക്ഷേ കൊറിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഒട്ടേറെപ്പേര്‍ ഹോങ്കോങിലെത്തി. ഹോങ്കോങ് സമ്മേളനം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ദോഹവട്ട ചര്‍ച്ചകള്‍ ഔപചാരികമായി നിര്‍ത്തിവെച്ചു. 
ഇന്ത്യയുടെ നിലപാടും കര്‍ശനമായിരുന്നു. ഹോങ്കോങ് സമ്മേളനത്തിന്റെ ഉല്‍ഘാടനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രമന്ത്രി മുരശൊലിമാരന്‍ ഇങ്ങനെ പ്രസ്താവിച്ചു: ''വികസ്വര രാജ്യങ്ങളുടെ വീക്ഷണങ്ങളോട് ദോഹ പ്രഖ്യാപനം ഒട്ടും നീതിപുലര്‍ത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. വലിയൊരുഭാഗം വികസ്വര രാജ്യങ്ങള്‍ പറഞ്ഞ കാര്യങ്ങളുടെ നിഷേധമാണ് ഈ പ്രഖ്യാപനം. ഇതില്‍നിന്ന് എത്തിച്ചേരാവുന്ന ന്യായമായ നിഗമനം ഇതാണ്: ലോകവ്യാപാരക്കരാറിന്റെ അജണ്ട നിശ്ചയിക്കുന്നതില്‍ വികസ്വര രാജ്യങ്ങള്‍ക്ക് പറയത്തക്ക ഒരു സ്വാധീനവും ചെലുത്താനാവില്ല.'' അവസാന ദിവസം വാണിജ്യമന്ത്രി കമല്‍നാഥും ഇപ്രകാരം പ്രസ്താവിച്ചു: ''ദുര്‍ബല അംഗങ്ങള്‍ക്ക് ഗൗരവമായ ഒരു നേട്ടവും ഉറപ്പുനല്‍കാത്ത ലോകവ്യാപാരക്കരാറിനെ വികസനവട്ടചര്‍ച്ച എന്നു വിളിക്കുന്നതില്‍ ഒരര്‍ഥവുമില്ല. ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ പേരില്‍ ആഗോളവ്യാപാരത്തിലെ അനീതി ശാശ്വതമാക്കുകയാണ് ചെയ്യുന്നത്.'' 
ഇങ്ങനെ പോര്‍വിളികള്‍ മുഴക്കിയ ഇന്ത്യാസര്‍ക്കാരിനെത്തന്നെയാണ് മൂന്നാംലോക രാജ്യങ്ങളുടെ ഐക്യം തകര്‍ക്കുന്നതിന് അമേരിക്ക കരുവാക്കിയത്. ആസിയന്‍ കരാര്‍ ഒപ്പുവെച്ച രണ്ടാം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ദോഹവട്ടം ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് നേതൃത്വം നല്‍കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ആഗസ്ത് മാസത്തില്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അന്തര്‍ദേശീയ സെമിനാറിന്റെ പേരുതന്നെ 'ദോഹയെ രക്ഷിക്കുക, വികസനം ഉറപ്പുവരുത്തുക' എന്നായിരുന്നു. രണ്ട് മുദ്രാവാക്യങ്ങളും തമ്മില്‍ വലിയ വൈരുധ്യമുണ്ട് എന്നായിരുന്നു വികസ്വരരാജ്യങ്ങള്‍ കൂട്ടായി എടുത്ത നിലപാട്. ഇന്ത്യ കാലുമാറിയതോടെ വികസ്വരരാജ്യങ്ങള്‍ ഒന്നൊന്നായി അടിയറവു പറഞ്ഞു തുടങ്ങി. ആസിയന്‍ കരാറിലും ദോഹവട്ടം ചര്‍ച്ചയിലും തെളിയുന്നത് ഇന്ത്യാസര്‍ക്കാരിന്റെ കാര്‍ഷികമേഖലയോടുള്ള അവഗണനയാണ്. അത്രയ്ക്ക് രൂഢമൂലമാണ് പുതിയ മന്‍മോഹന്‍ സര്‍ക്കാരിന്റെ അമേരിക്കന്‍ ദാസ്യം. 
ആഗോളസമരവും ആഗോള മാധ്യമങ്ങളും
കോര്‍പറേറ്റ് ആഗോളവല്‍ക്കരണത്തിനെതിരെയുളള പ്രക്ഷോഭങ്ങള്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്? ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ സിയാറ്റില്‍ പ്രക്ഷോഭത്തെ സംബന്ധിച്ചാണുളളത്. സിയാറ്റിലിനെക്കുറിച്ചും തുടര്‍ പ്രക്ഷോഭങ്ങളെക്കുറിച്ചും ഫെയര്‍നെസ് ആന്റ് ആക്യുറസി ഇന്‍ റിപ്പോര്‍ട്ടിങ് (എഅകഞ) എന്ന അമേരിക്കന്‍ മാധ്യമ നിരീക്ഷണഗ്രൂപ്പ് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയാണ് ഞങ്ങള്‍ കൂടുതലായി ആശ്രയിച്ചിട്ടുളളത്. മന്ത്‌ലി റിവ്യൂ മാസികയില്‍ വില്യം എസ് സോളമന്‍ എഴുതിയ, സിയാറ്റിലിലെ ലോകവ്യാപാര സംഘടനയ്‌ക്കെതിരായ പ്രക്ഷോഭത്തെക്കുറിച്ചുളള പൊള്ളയായ പത്രക്കവറേജ് എന്ന ലേഖനത്തിന്റെ അവസാനം എത്തിച്ചേരുന്ന നിഗമനം ഇതാണ്: ''കൈകാര്യം ചെയ്യുന്ന വിഷയം അമേരിക്കന്‍ ഭരണകൂടത്തിനും കോര്‍പറേറ്റ് മേഖലയ്ക്കും എത്രമാത്രം പ്രാധാന്യമുണ്ടായിരിക്കും എന്നതാണ് അമേരിക്കന്‍ മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങളുടെ കവറേജിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം... ഈ മാധ്യമങ്ങളെസംബന്ധിച്ചടത്തോളം ലോകവ്യാപാര സംഘടനയെ സംബന്ധിച്ചുളള പൂര്‍ണമായ നിരാകരണം പോകട്ടെ, അടിസ്ഥാനപരമായ വിമര്‍ശനംപോലും ചിന്തനീയമല്ല. ലോസ് ഏഞ്ചല്‍സ് ടൈംസും ന്യൂയോര്‍ക്ക് ടൈംസും പ്രതിഷേധക്കാരുടെ കാഴ്ചപ്പാടുകളെ തൃണവല്‍ഗണിക്കുന്നതിനും വികൃതമാക്കുന്നതിനുമാണ് ശ്രമിച്ചത്. സമരങ്ങളെ അപമൂല്യവല്‍ക്കരിക്കുകയും കോര്‍പറേറ്റ് മൂല്യങ്ങള്‍ക്ക് അനുസൃതമായി വ്യാഖ്യാനിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ സാങ്കേതികവിദ്യയുടെ വസ്തുനിഷ്ഠതയ്ക്കായുളള പരിശ്രമത്തിന്റെ ഭാഗമായോ അടിസ്ഥാനത്തിലോ ഉത്തരാധുനികതയുടെ വട്ടന്‍ പ്രതീകങ്ങളുടെ അടിസ്ഥാനത്തിലോ ഇതിനെ വിശദീകരിക്കാനാവില്ല. അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രാഷ്ട്രീയ ധനമീമാംസയായിരിക്കും അവയുടെ ഉളളടക്കം സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സ്വാധീനം'.
എഡിറ്റോറിയല്‍ നയത്തിന്റെ പരിശോധന കോര്‍പറേറ്റ് മാധ്യമങ്ങളുടെ തനിനിറം തുറന്നുകാട്ടും. 2001 ജൂലായ്/ആഗസ്തില്‍ കാനഡയിലെ ക്യുബക് സിറ്റിയില്‍ നടന്ന ഫ്രീ ട്രേഡ് ഏരിയാ ഓഫ് അമേരിക്കന്‍സ് (എഠഅഅ) ഉച്ചകോടി നടന്നു. കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന വടക്കേ അമേരിക്കന്‍ സ്വതന്ത്രവ്യാപാരമേഖലയിലേക്ക് ദക്ഷിണ അമേരിക്കയിലെ രാജ്യങ്ങളെയെല്ലാം ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നതിനെക്കുറിച്ചായിരുന്നു ഉച്ചകോടിയില്‍ ചര്‍ച്ചചെയ്തത്. സ്വാഭാവികമായി ശക്തമായ പ്രതിഷേധ പ്രക്ഷോഭങ്ങളും ഉണ്ടായി. പ്രധാനപ്പെട്ട അമേരിക്കന്‍ പത്രങ്ങളിലെ എഡിറ്റോറിയല്‍ നയത്തെക്കുറിച്ച് ഒരു വിശകലനം 2001 ആഗസ്ത് മാസത്തിലെ ഫെയര്‍ ന്യൂസ് ലെറ്ററില്‍ പ്രസിദ്ധീകരിച്ചു. അക്കാലത്ത് അമേരിക്കന്‍ പത്രങ്ങളില്‍ ഈ വിഷയത്തെക്കുറിച്ചെഴുതിയ 34 മുഖപ്രസംഗങ്ങളില്‍ ഒന്നുപോലും കരാറിനെ എതിര്‍ത്തില്ല. പ്രസിഡണ്ട് ജോര്‍ജ് ബുഷിന് കരാറുമായി മുന്നോട്ടുപോകുന്നതിന് കൂടുതല്‍ അധികാരം കൊടുക്കണമെന്ന് ഏതാണ്ടെല്ലാ മുഖപ്രസംഗങ്ങളും വാദിച്ചു. അതിനായി ഫാസ്റ്റ് ട്രാക്ക് വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അവ ആവശ്യപ്പെട്ടു. ഈ പത്രങ്ങളുടെ അഭിപ്രായ പേജുകളുടെ (ഛുലറ ുമഴല) ഉള്ളടക്കത്തിന്റെ കാര്യവും മറ്റൊന്നായിരുന്നില്ല. കരാറിനെ എതിര്‍ക്കുന്ന 25 ലേഖനങ്ങള്‍ വന്നപ്പോള്‍ എതിര്‍ക്കുന്ന 9 ലേഖനങ്ങളും സമ്മിശ്രവിശകലനം നടത്തുന്ന നാലു ലേഖനങ്ങളും മാത്രമാണ് വെളിച്ചംകണ്ടത്.
പക്ഷേ, കോര്‍പറേറ്റ് മാധ്യമങ്ങളെല്ലാം ഏകീകൃതമായ നിലപാടാണ് ആഗോളീകരണത്തെക്കുറിച്ച് സ്വീകരിക്കുന്നത് എന്ന ധാരണ അബദ്ധമായിരിക്കും. മര്‍ഡോക്കിന്റെ മാധ്യമശൃംഖല ആഗോളീകരണത്തിന് അനുകൂലമായ തുറന്നനിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നാല്‍ മറ്റുപല കോര്‍പറേറ്റ് മാധ്യമങ്ങളും അന്ധമായ ആഗോളീകരണ പ്രതിബദ്ധത പുലര്‍ത്താറില്ല. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ തയ്യാറാകുന്നുണ്ട്. ഒരേ പ്രക്ഷോഭം അമേരിക്കയിലെയും കാനഡയിലെയും ഓസ്‌ട്രേലിയയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും പത്രങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ചില പണ്ഡിതര്‍ താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗാര്‍ഡിയന്‍, ഒബ്‌സര്‍വര്‍, ഫ്രാന്‍സിലെ ലെ-മോണ്ടെ തുടങ്ങിയവ സമരാനുകൂല വാര്‍ത്തകളും ലേഖനങ്ങളും നല്‍കാറുണ്ടായിരുന്നു. ഏറ്റവും പിന്തിരിപ്പന്‍ നിലപാടുകള്‍ സ്വീകരിക്കുന്ന മാധ്യമങ്ങളില്‍പ്പോലും ഒറ്റപ്പെട്ട ലേഖനങ്ങളും വാര്‍ത്തകളും സമരത്തെ അനുകൂലിച്ച് വന്നിരുന്നു. ഉദാഹരണമായി ടൈം മാഗസിന്റെ 2000 ഏപ്രില്‍ 24 ന്റെ ലക്കത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ തലക്കെട്ട് 'ഐഎം എഫ്: ഡോ. ഡെത്ത്?' എന്നാണ്. (ആത്മഹത്യ ചെയ്യാന്‍ രോഗികളെ സഹായിച്ച് കുപ്രസിദ്ധനായ കുറ്റവാളിയാണ് ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്നത്). ഇത്തരം ഉള്ളടക്കം ഇക്കാലത്ത് മുഖ്യധാരാ മാധ്യമങ്ങളില്‍ വരാറുണ്ട്.
എങ്കിലും പൊതുവെ പ്രക്ഷോഭകരില്‍ ചുരുക്കം ചില അരാജകവാദി വിഭാഗങ്ങള്‍ നടത്തിയ അക്രമങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുകയായിരുന്നു. ഒറ്റപ്പെട്ട അക്രമങ്ങളോടുള്ള പ്രതികരണമായി പൊലീസ് അഴിച്ചുവിട്ട നരനായാട്ട് അനിവാര്യമായിരുന്നു എന്ന സന്ദേശമാണ് അവ നല്‍കിയത്. അതേസമയം പ്രക്ഷോഭത്തിന് ആധാരമായ വിഷയങ്ങളൊന്നും ഗൗരവമായി പരാമര്‍ശിക്കുകപോലും ചെയ്തില്ല. വ്യാപാരക്കരാറിനെ എതിര്‍ക്കുന്നവര്‍ വ്യാപാരത്തിനെതിരാണെന്ന ദുര്‍വ്യാഖ്യാനം സര്‍വസാധാരണമായി. അറുപതുകളിലെ പഴഞ്ചന്‍ ഹിപ്പി അരാജകവാദികളുടെ പുതിയ പതിപ്പാണ് ആഗോളീകരണ വിരുദ്ധസമരക്കാര്‍ എന്നതായിരുന്നു മറ്റൊരാക്ഷേപം. എ ബി സി ന്യൂസില്‍ ഡെബ്രാവാങിന് പ്രക്ഷോഭകാരികളെക്കുറിച്ച് പറയാനുളളത് ഇതായിരുന്നു. ''അറുപതുകളില്‍ പ്രചാരണത്തിനേറ്റെടുത്ത അതേകാര്യങ്ങള്‍ക്കുവേണ്ടിയാണ് ഇപ്പോഴത്തെ സമരങ്ങളും. മൂന്നാംലോകരാജ്യങ്ങളില്‍ തൊഴിലാളികളെ ഇപ്പോഴും കോര്‍പറേറ്റുകള്‍ ചൂഷണം ചെയ്യുന്നു. അഗ്രിബിസിനസ് കൃഷിക്കാരെ പാപ്പരാക്കുന്നു. ഖനിജ കമ്പനികള്‍ കര്‍ഷകരെ ഭൂമിയില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നു... അന്നും ഇന്നും തമ്മിലുളള വ്യത്യാസം ഇതാണ്. ലോകവ്യാപാര സംഘടന ഈ പ്രക്ഷോഭകര്‍ക്ക് ആധുനിക ലോകത്തുളള എല്ലാ തിന്മകളുടെയും പ്രതീകമായിരിക്കുന്നു''. പ്രക്ഷോഭകരിലെ ആശയവൈവിധ്യവും മാധ്യമ തമാശകള്‍ക്കൊരു വകയായിരുന്നു. 
ചര്‍ച്ചകളില്‍ പ്രക്ഷോഭകാരികളുടെ അഭിപ്രായങ്ങള്‍ക്കുവേണ്ടി ചാനലുകള്‍ മിക്കവാറും സാധാരണ സമരക്കാരെയാണ് അണിനിരത്തുക. എന്നാല്‍ ലോകവ്യാപാര സംഘടനയ്ക്കുവേണ്ടി അതിന്റെ മേധാവികളും പ്രഗല്‍ഭ പണ്ഡിതരും എത്തിച്ചേരും. പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങള്‍ അസംബന്ധങ്ങളാണെന്ന് സ്ഥാപിച്ചെടുക്കലായിരുന്നു ലക്ഷ്യം. ആഗോളീകരണ വിരുദ്ധ ജനക്കൂട്ടം ജനാധിപത്യവിരുദ്ധമാണെന്ന ന്യൂസ് വീക്ക് കോളമിസ്റ്റ് ഫരീദ് സക്കറിയയുടെ നിരീക്ഷണം പൊതുമാധ്യമപ്രചരണത്തിന്റെ നിലപാടായിരുന്നു. ജനീവ ആസ്ഥാനമാക്കി കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ലോകവ്യാപാര സംഘടനയുടെ ബ്യൂറോക്രസിയെ ആരാണ് തിരഞ്ഞെടുത്തത് എന്ന ലളിതമായ ചോദ്യം അവര്‍ വിസ്മരിച്ചു. 
ആഗോള സമ്മേളനങ്ങള്‍ക്കായി ലോകനേതാക്കള്‍ ഒത്തുകൂടുന്നിടത്തൊക്കെ പ്രക്ഷോഭകാരികള്‍ ഓടിക്കൂടുമെന്നും എന്തിനെതിരെയാണ് തങ്ങള്‍ എതിര്‍പ്പുയര്‍ത്തുന്നതെന്ന് ഇവര്‍ക്കറിയില്ലെന്നും പരിഹസിച്ചത് എ ബി സി ടെലിവിഷന്‍ ചാനലിലെ ദിസ് വീക്ക് പരിപാടിയില്‍ കോക്കീ റോബര്‍ട്ട്‌സ് എന്ന പത്രപ്രവര്‍ത്തകന്‍. പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ മറന്ന് അവര്‍ ധരിക്കുന്ന വസ്ത്രങ്ങളിലും മറ്റും കുരുങ്ങിപ്പോകുന്ന മാധ്യമ വാര്‍ത്തകളാണ് പലപ്പോഴുമുണ്ടായത്. 
കോര്‍പറേറ്റ് മാധ്യമങ്ങളാകട്ടെ, സ്വതന്ത്ര മാധ്യമങ്ങളായിട്ടാണ് വേഷം കെട്ടുക. നോര്‍മന്‍ സോളമന്‍ 2000 ഏപ്രില്‍ 20ന് എഴുതിയ 'കോര്‍പറേറ്റ് മാധ്യമം സ്വതന്ത്രമാധ്യമമായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍' എന്ന കുറിപ്പ് ഈ പ്രവണതയെ പരിഹസിക്കുന്നുണ്ട്. കുറിപ്പില്‍ നിന്ന് : 'വാഷിങ്ടണില്‍ ലോകബാങ്കിനും അന്താരാഷ്ട്ര നാണയനിധിക്കുമെതിരെ ഈയിടെ പ്രതിഷേധങ്ങള്‍ അരങ്ങേറിയപ്പോള്‍ കേബിള്‍ ന്യൂസ് നെറ്റ്‌വര്‍ക്കിന് (ഇചച) 'സ്വതന്ത്ര മാധ്യമ'ങ്ങളില്‍ കമ്പംകയറി. വിശാല സാമ്പത്തിക താല്‍പ്പര്യങ്ങളില്ലാത്ത മാധ്യമ പ്രവര്‍ത്തനം - ഉഗ്രന്‍ സങ്കല്‍പ്പം! 
രണ്ടു ദിവസം തുടര്‍ച്ചയായി കൊടുത്തിരുന്ന ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സി എന്‍ എന്റെ അവതാരകന്‍ പറഞ്ഞു: ''ഞങ്ങളെപ്പോലുള്ളവരെ-കോര്‍പറേറ്റ് മാധ്യമങ്ങള്‍ എന്നു വിളിക്കുന്നവരെ - നമ്പാന്‍ കൊള്ളില്ലെന്നാണ് പുത്തന്‍കാലത്തെ പ്രക്ഷോഭകര്‍ പറയുന്നത്''. ബ്രൂക്‌സ് ജാക്‌സണ്‍ എന്ന ആ മാധ്യമപ്രവര്‍ത്തകന്‍ ഇങ്ങനെ തുടരുകയും ചെയ്തു: ''അവര്‍ സ്വയം വിളിക്കുന്നത് സ്വതന്ത്ര മാധ്യമങ്ങള്‍ എന്നാണ്; അതായത് വമ്പന്‍ കോര്‍പറേറ്റ് മാധ്യമലോകവുമായി ഒരു ചാര്‍ച്ചയുമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ എന്ന്''. 
ജാക്‌സണ്‍ പുഛിച്ചു: ''ആഗോള കോര്‍പറേറ്റ് മാധ്യമം? ഹ! ഹ അത് ഞങ്ങളായിരിക്കണം. സി എന്‍ എന്‍ ടൈം വാര്‍ണറിന്റെ ഉടമസ്ഥതയിലുള്ള, ഇപ്പോള്‍ അമേരിക്കന്‍ ഓണ്‍ലൈനുമായി ലയിച്ച ഞങ്ങള്‍. അവര്‍ക്ക് ഞങ്ങളെ തീരെ പിടിക്കുന്നില്ല. അവരുടെ വാര്‍ത്ത അവരുടെ രീതിയില്‍ പറയണമെന്നാണ് അവരുടെ മോഹം''.
എന്നിട്ടോ, സ്വാഭാവികമായും സി എന്‍ എന്‍ അവരുടെ വാര്‍ത്ത അവരുടെ രീതിയില്‍ പറഞ്ഞു. അതേ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ അഭിപ്രായം പറയാന്‍ അനുവദിച്ചു. ചില വാക്കുകള്‍ എഡിറ്റിങ്ങിനെ മറികടന്ന് വന്നു: ''വസ്തുനിഷ്ഠത ഒരു കെട്ടുകഥയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും മുന്‍വിധികളുണ്ട്, കാര്യപരിപാടികളുണ്ട്. വാര്‍ത്താ കോര്‍പറേഷനുകളടക്കമുള്ള എല്ലാ കോര്‍പ്പറേഷനുകള്‍ക്കും അവരുടെ കോര്‍പറേറ്റ് മുന്‍വിധികളുമുണ്ട്''. 
'കോര്‍പറേറ്റ് മാധ്യമങ്ങള്‍ എല്ലാത്തിലും അവസാനവാക്കു പറയുന്നു' എന്ന ബദല്‍ മാധ്യമപ്രവര്‍ത്തകരുടെ പരാതിയും അതേ റിപ്പോര്‍ട്ടില്‍ കടന്നുവന്നു. അതേ റിപ്പോര്‍ട്ടില്‍ അടുത്തനിമിഷത്തില്‍ത്തന്നെ ജാക്‌സണ്‍ എന്ന സി എന്‍ എന്‍ റിപ്പോര്‍ട്ടര്‍ അവസാനവാക്കുപറഞ്ഞു. ''ആഗോളവല്‍ക്കരണത്തിനെതിരായ സമരം റിപ്പോര്‍ട്ടു ചെയ്യാന്‍ വേള്‍ഡ് വൈഡ് വെബ്ബിനെ ബദലുകാര്‍ ആശ്രയിക്കുന്നു - വിരോധാഭാസം തന്നെ''..
പോരാട്ടത്തെ വില്‍പ്പനച്ചരക്കാക്കുകയാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഇവിടെ ചെയ്യുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. കോര്‍പറേറ്റ് മാധ്യമങ്ങള്‍ സ്വതന്ത്രമാധ്യമങ്ങളല്ലെന്നും ഇന്നത്തെ ലോകത്ത് ബദല്‍ മാധ്യമങ്ങളാണ് യഥാര്‍ത്ഥ സ്വതന്ത്രമാധ്യമങ്ങളെന്നും സോളമന്‍ നിരീക്ഷിക്കുന്നു. 
സിയാറ്റില്‍, ആസിയന്‍ സമരങ്ങളുടെ മാധ്യമ ഫ്രെയിമുകള്‍
തുടര്‍ച്ചയായി നല്‍കുന്ന പക്ഷംപിടിച്ചുളള വാര്‍ത്തകള്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കും. അതുകൊണ്ടാണ് പലപ്പോഴും വിരുദ്ധവാര്‍ത്തകള്‍കുടി നല്‍കുന്നത്. അതുപോലെതന്നെ ബദല്‍ മാധ്യമങ്ങളില്‍നിന്നുള്ള വെല്ലുവിളിയും ഒരു പ്രേരകമാണ്. വ്യത്യസ്ത രാജ്യങ്ങളുടെ ശക്തമായ മാധ്യമ പാരമ്പര്യങ്ങളും റിപ്പോര്‍ട്ടിങ്ങിനെ ഇന്നും സ്വാധീനിക്കാറുണ്ടെന്ന് താരതമ്യപഠനങ്ങള്‍ തെളിയിക്കുന്നു. ഈ പശ്ചാത്തലത്തില്‍ തുറന്ന പക്ഷപാതം, തമസ്‌കരണം, വ്യാജപ്രചാരണം തുടങ്ങിയവയെക്കാള്‍ മാധ്യമസന്ദേശം ഫലപ്രദമായി പകരുന്നത് വാര്‍ത്തകളുടെ ഫ്രെയിമിങ്ങാണ്. ഫ്രെയിം ചെയ്യുക എന്നുവെച്ചാല്‍ തെരഞ്ഞെടുപ്പ്, ഊന്നല്‍, ഒഴിവാക്കല്‍, ലേബല്‍ നല്‍കല്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് വിഷയങ്ങളെ വ്യാഖ്യാനിക്കലാണ്. സങ്കീര്‍ണമായ വാര്‍ത്തയെ സാധാരണക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിനും വിശാല പശ്ചാത്തലം നിര്‍ണയിക്കുന്നതിനും പദപ്രയോഗങ്ങള്‍, തലവാചകങ്ങള്‍, ചിത്രം, ലേ-ഔട്ട് തുടങ്ങിയവയെല്ലാം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. 
ആഗോളവല്‍ക്കരണ വിരുദ്ധ സമരങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സാര്‍വത്രികമായി മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയ പദങ്ങളും ബിംബങ്ങളും യുദ്ധം, ഭീകരത, രക്തച്ചൊരിച്ചില്‍, അരാജകത്വം, നിയമസമാധാനത്തകര്‍ച്ച, മൂഢത്വം തുടങ്ങിയവയുമായെല്ലാം ബന്ധപ്പെട്ടതാണ്. സിയാറ്റില്‍ ഉച്ചകോടിയുടെ ഒന്നാംദിവസം നടന്ന പ്രകടനങ്ങള്‍ക്കിടെ ഒരക്രമവും ഉണ്ടായില്ല. പ്രകടനക്കാര്‍ക്കോ പൊലീസുകാര്‍ക്കോ പരിക്കേറ്റില്ല. എന്നാല്‍ പ്രകടനങ്ങള്‍ അക്രമത്തിലേക്ക് തിരിഞ്ഞു (്ശീഹലി)േ എന്നാണ് പൊതുമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനുതകുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. സത്യത്തില്‍ ഡബ്ല്യു ടി ഒ (ണഠഛ) ആണ് വയലന്റ് (്ശീഹലി)േ ആയിരുന്നത്. നിയമത്തിനെതിരെ ഭരണഘടനയ്‌ക്കെതിരെ, ജനങ്ങള്‍ക്കെതിരെ ഉള്ള അക്രമമായിരുന്നു ഡബ്ല്യു ടി ഒ (ണഠഛ) ഉച്ചകോടി. പ്രതിഷേധക്കരാകട്ടെ ആ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക എന്ന അവരുടെ നിയമപരമായ അവകാശം ഉപയോഗിക്കാനെത്തിയവരാണ്. എന്നാല്‍ അക്രമം ക്രമമായും ക്രമപ്രകാരം പെരുമാറിയവര്‍ അക്രമികളായും മാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെട്ടു. 
'ജനോവ യുദ്ധത്തിന് തയ്യാര്‍' എന്നാണ് എന്‍ ബി സി നൈറ്റ്‌ലി ന്യൂസ് പ്രഖ്യാപിച്ചത്. ജിം മക്കേഡ എഴുതിയ ലേഖനത്തിന്റെ ഓരോ വാചകത്തിലും കൊലതൃഷ്ണയും യുദ്ധവെറിയും തുടിക്കുന്നു. നിതാന്ത ജാഗ്രതയോടെ ഇരുപതിനായിരം ഇറ്റാലിയന്‍ പൊലീസുകാര്‍ അണിനിരന്നെന്നും തുറമുഖത്തേക്കുളള കപ്പല്‍ച്ചാലുകള്‍ അടച്ചെന്നും വിമാനത്താവളങ്ങളില്‍ മിസൈലുകള്‍ സജ്ജമാണെന്നുമാണ് ലേഖകന്‍ പ്രഖ്യാപിച്ചത്. ഉച്ചകോടി നടക്കുന്ന മേഖല അടച്ചു ഭദ്രമാക്കിയെന്നും കടകളടച്ചെന്നും എല്ലാ വീട്ടുകാരുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചിട്ടുണ്ടെന്നുമൊക്കെ വിശദീകരിക്കുന്നു. 
എലീഗ്വ എന്ന പഠനഗ്രൂപ്പ് ഈ വാര്‍ത്തകള്‍ സമാഹരിച്ചു പഠിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ മുന്‍നിര്‍ത്തി വന്ന ഫോട്ടോകളും തലക്കെട്ടുകളും അവയുടെ സ്ഥാനവും വിന്യാസ രീതിയുമാണ് ഈ പഠനത്തില്‍ മുഖ്യവിഷയമാക്കിയത്. അലസരായ വായനക്കാര്‍ക്കുപോലും പ്രക്ഷോഭകര്‍ക്കെതിരായ സന്ദേശം പകരുംവിധമാണ് പ്രക്ഷോഭവാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ഈ പഠനത്തില്‍ തെളിഞ്ഞു. മുഖ്യതലക്കെട്ടുകളും ഫോട്ടോകളും ഓടിച്ചുനോക്കുന്നവര്‍ക്കുപോലും മാധ്യമങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തില്‍നിന്നു വിമോചനമില്ല എന്നാണ് പഠനം ആത്യന്തികമായി സ്ഥാപിച്ചത്. 
പത്രങ്ങള്‍ കയ്യാളുന്ന കാഴ്ചയുടെ രാഷ്ട്രീയമാണ് ഈ പഠനത്തിലൂടെ വെളിയില്‍വരുന്നനത്. ടെലിവിഷന്‍ എന്ന ദൃശ്യ ശ്രവ്യമാധ്യമത്തിന്റെ പ്രഭാവം കൂടിച്ചേരുമ്പോള്‍ കാഴ്ചയുടെ രാഷ്ട്രീയം കൂടുതല്‍ ശക്തമായ ഒരു ആശയസംവേദനോപാധിയായി മാറുന്നു. ഒരു സംഭവം എന്താണ് എന്നറിയുക കണ്ടവര്‍ക്കാണ്. ഒരു സംഭവം കേട്ട ഒരാള്‍ പറയാനെത്തിയാല്‍, കണ്ടയാള്‍ക്കാണ് നാം പ്രാധാന്യംകൊടുക്കുക. 'കണ്ട നീ നില്‍ക്ക്, കേട്ട ഞാന്‍ പറയട്ടെ' എന്ന പഴമൊഴി ദൃക്‌സാക്ഷിയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു. ദൃക്‌സാക്ഷി എന്ന മിഥ്യ സൃഷ്ടിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ വിശ്വാസ്യത നേടുന്നത്. 
ജനകീയ സമരങ്ങളെ അക്രമം, ഭീകരത, അരാജകത്വം, രക്തച്ചൊരിച്ചില്‍, ക്രമസമാധാന ബന്ധം എന്നിവയുമായി സമതുലിതമാക്കിയുള്ള ഈ പ്രചാരണം പില്‍ക്കാലത്ത് സമരങ്ങളെത്തന്നെ ബാധിച്ചിട്ടുണ്ട്. 2001 സെപ്തംബര്‍ 11 ന് ലോകവ്യാപാരകേന്ദ്രം ആക്രമണത്തില്‍ തകര്‍ന്നതിനുശേഷം ഈ പ്രചാരണം കൂടുതല്‍ പ്രചണ്ഡമായി. സിയാറ്റില്‍ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി 2001 ല്‍ വാഷിങ്ടണ്‍ ഉച്ചകോടിക്കെതിരെ നടത്താനിരുന്ന പ്രക്ഷോഭം റദ്ദാക്കേണ്ടിവന്നു. ബുഷിന്റെ ഭീകരവിരുദ്ധ യുദ്ധപ്രചാരണം ആഗോളവല്‍ക്കരണ വിരുദ്ധ സമരങ്ങളെ ദുര്‍ബലമാക്കുന്നതില്‍ ഒരു നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 
ഈ സന്ദര്‍ഭത്തിലാണ് മനുഷ്യച്ചങ്ങലയെ ഫ്രെയിം ചെയ്യാന്‍ മലയാള മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയ പ്രയോഗങ്ങളും ബിംബങ്ങളും പ്രസക്തമാകുന്നത്. മനുഷ്യച്ചങ്ങല സി പി ഐ (എം)ന്റെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള ഉപായമായി ചിത്രീകരിക്കാനായിരുന്നു എല്ലാ മാധ്യമങ്ങളും ശ്രമിച്ചത്. മനുഷ്യച്ചങ്ങലയുടെ വിജയത്തെ വിലയിരുത്തിയതും ഈ സമീപനത്തിന്റെ തുടര്‍ച്ചയായി തന്നെ. അതുകൊണ്ടാണ് കേരളത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളായ 
കെ എം റോയി മംഗളത്തില്‍ (2009 നവംബര്‍ 16) 'ആസിയന്‍ സമരത്തിന്റെ അകാലചരമം കണ്ട കേരളം' എന്ന ലേഖനം എഴുതാന്‍ തയാറായത്. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു: 
നിയമസഭാ ഉപതിരഞ്ഞെടുപ്പ് എന്ന അങ്കത്തിനിറങ്ങുന്നതിനു മുമ്പ് ഇടതുമുന്നണിയെ നയിക്കുന്ന സി പി എം മുഴക്കിയ കാഹളമെന്തായിരുന്നു? ആസിയന്‍ കരാറിനെതിരെ വമ്പിച്ച പ്രചാരണ കോലാഹലങ്ങളോടെ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ സി പി എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കാഹളമുയര്‍ന്നത്, ആസിയന്‍ കരാര്‍ നടപ്പാക്കപ്പെടുന്നതോടെ കേരളം കടലില്‍ മുങ്ങിപ്പോകുമെന്നും അതുകൊണ്ട് കരാറിനെ പിന്താങ്ങുന്ന യു ഡി എഫിനെ അമ്പേ പരാജയപ്പെടുത്തണമെന്നുമായിരുന്നു. വോട്ടര്‍മാര്‍ ആ സമരകാഹളം നിരാകരിച്ചതോടെ ആസിയന്‍ വിരുദ്ധ സമരവും അകാലചരമമടഞ്ഞിരിക്കുന്നു.' 
ശുഭം! 
2009 നവംബറിലെ ഉപതിരഞ്ഞെടുപ്പുകളിലെ ഒരു പ്രധാന വിഷയമായി ആസിയാന്‍ കരാറിനെ ഇടതുമുന്നണി ഉയര്‍ത്തി. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല അജണ്ട പിന്‍തുടര്‍ന്ന ചാനലുകള്‍ ആസിയന്‍ കരാറിനെ പൂര്‍ണമായി അവഗണിച്ചു. 
ആലപ്പുഴ കടപ്പുറത്ത് സൈക്കിളില്‍ സഞ്ചരിച്ച് മനോരമയ്ക്കു വേണ്ടി തെരഞ്ഞെടുപ്പ് വിശേഷങ്ങളറിയിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍ തെരഞ്ഞെടുപ്പില്‍ ആസിയന്‍ കരാര്‍ ഒരു വിഷയമേയല്ല എന്ന് ക്യാമറയ്ക്കു മുന്നില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആസിയാന്‍ കരാര്‍ പ്രശ്‌നമല്ലെന്ന് ഏതെങ്കിലും മത്സ്യത്തൊഴിലാളി പറഞ്ഞതായി ചാനല്‍ കാണിച്ചില്ല. ടെലിവിഷന്‍ വാര്‍ത്തയുടെ വ്യാകരണപ്രകാരം ബൈറ്റുകള്‍ കൊണ്ടാണ് റിപ്പോര്‍ട്ടറുടെ നിഗമനത്തെ സാധൂകരിക്കേണ്ടത്. അങ്ങനെ സ്റ്റോറിയില്‍ പ്രത്യക്ഷമാകുന്ന കാര്യങ്ങള്‍ ആധികാരികമായി ഏകോപിപ്പിച്ചു പറയാനാണ് റിപ്പോര്‍ട്ടര്‍ സൈന്‍ ഓഫ് നടത്തേണ്ടത്. ആ അടിസ്ഥാന പാഠമാണ് മനോരമ തെറ്റിച്ചത്.
നേരത്തെ ഉദ്ധരിച്ച നിഗമനത്തില്‍ കെ എം റോയി എത്തിച്ചേര്‍ന്നതിന്റെ പിന്നില്‍ കേരളത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച 'കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കനത്ത പരാജയമേറ്റുവാങ്ങി' എന്ന പൊതുസമ്മതി കൂടിയുണ്ടായിരുന്നു. എന്നാല്‍ ആഴത്തിലൊന്നു പരിശോധിച്ചാല്‍ ചിത്രം വ്യത്യസ്തമാണ്. ഈ മൂന്നു മണ്ഡലങ്ങളും യുഡിഎഫിന്റെ കേരളത്തിലെ കോട്ടകളാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഈ മൂന്നു മണ്ഡലങ്ങളില്‍ ആകെ കിട്ടിയ വോട്ട് 1,11,265 ആണ്. 31,352 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പിറകിലായിരുന്നു. 2009ലെ ലോകസഭാ തിരഞ്ഞെടുപ്പായപ്പോള്‍ എല്‍ഡിഎഫിന്റെ വോട്ടുകള്‍ 98,497 ആയി കുറഞ്ഞു. യുഡിഎഫിന്റെ ഭൂരിപക്ഷം 57,065 ആയി ഉയര്‍ന്നു. എന്നാല്‍ 2009ലെ ഉപതിരഞ്ഞെടുപ്പിന്റെ യഥാര്‍ഥ സ്ഥിതിയെന്താണ്? എല്‍ ഡി എഫിന്റെ വോട്ടുകള്‍ 2006ലെ നിലയിലേക്ക് ഉയര്‍ന്നു (1,17,412). യു ഡിഎഫിന്റെ ഭൂരിപക്ഷമാകട്ടെ 2006നെക്കാള്‍ ഇടിഞ്ഞു (20,498). നൂറിലേറെ നിയമസഭാ സീറ്റുകളില്‍ എല്‍ ഡി എഫ് പിറകോട്ടുപോയ 2009ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ നിലയില്‍നിന്ന് കേരള രാഷ്ട്രീയത്തിലെ ബലാബലം 2006ലെ നിലയിലേക്ക് മാറുകയാണ്. 2001 നവംബര്‍ 26ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ അന്തരീക്ഷത്തില്‍ ആഗോളീകരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ നാളുകള്‍ അവസാനിച്ചു എന്ന് വിലയിരുത്തിയവരുടെ അനുഭവമായിരിക്കും ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ആസിയന്‍ വിരുദ്ധസമരം അകാലചരമമടഞ്ഞു എന്ന നിഗമനത്തിലെത്തുന്നവരെയും കാത്തിരിക്കുന്നത്.

1 comment:

  1. വിന വിതച്ച് വിന കൊയ്യും നാം

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...