Sunday, February 8, 2015

കയറിന്റെ മരണം

ഒരുകാലത്ത് നാലഞ്ചുലക്ഷം പേരാണ് കയര്‍വ്യവസായത്തില്‍ പണിയെടുത്തിരുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഏറിയാലൊരു പതിനായിരം പേരുണ്ടാകാം. ബാക്കിയുള്ളവര്‍ കശുവണ്ടിവ്യവസായത്തിലേക്കോ കെട്ടിടനിര്‍മാണ മേഖലയിലേക്കോ തൊഴിലുറപ്പിലേക്കോ ചേക്കേറി. ആലപ്പുഴയിലെ കയര്‍നെയ്ത്ത് വ്യവസായത്തില്‍ ഇരുപത് ഇരുപത്തയ്യായിരം പേരുണ്ടാകും. കേന്ദ്രീകരിച്ച ഫിനിഷിങ് മേഖലയിലാണ് തൊഴിലുള്ളത്. എറണാകുളം, തൃശ്ശൂര്‍ മുതലുള്ള വടക്കന്‍ ജില്ലകളില്‍ ചുരുക്കം ചില പോക്കറ്റുകളിലൊഴികെ ഇന്ന് കയര്‍ പിരിക്കുന്നില്ല. വൈക്കം, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല താലൂക്കുകളിലാണ് കയര്‍പിരി ഇന്ന് അവശേഷിക്കുന്നത്. തടുക്കുനിര്‍മാണത്തിന് ആവശ്യമുള്ള പരുക്കന്‍ കയര്‍ ആണ് ഇവിടെ പിരിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള യന്ത്രക്കയറിന്റെ വരവോടെ ഇവരുടെ പണിയും തീര്‍ന്നമട്ടാണ്. കയര്‍മേഖല അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.

ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി സര്‍വകാലറെക്കോഡുകള്‍ ഭേദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈയൊരു സ്ഥിതിവിശേഷം. കയര്‍വ്യവസായത്തിന്റെ സുവര്‍ണകാലത്തുപോലും ഒരു ലക്ഷം ടണ്ണില്‍ താഴെമാത്രമേ കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളൂ. ഇപ്പോള്‍ കയറും കയറുത്പന്നങ്ങളുമായി നാലേകാല്‍ ലക്ഷം ടണ്ണാണ് കയറ്റുമതി. പക്ഷേ, ഇതില്‍ 3.4 ലക്ഷം ടണ്ണും തമിഴ്‌നാട്ടില്‍നിന്നുള്ള ചകിരിയും ചകിരിച്ചോറുമാണ്. പരമ്പരാഗത കയറുത്പന്നങ്ങളുടെ മേല്‍ കേരളത്തിനിപ്പോഴും കുത്തകയുണ്ട്. പക്ഷേ, കഴിഞ്ഞ നാലഞ്ചുവര്‍ഷമായി കൈത്തറിത്തടുക്കിന്റെയും പായയുടെയും മറ്റും കയറ്റുമതി കുത്തനെ താഴ്ന്നുകൊണ്ടിരിക്കുകയാണ്. കൈത്തറിത്തടുക്കിനേക്കാള്‍ കൂടുതല്‍ ടഫ്റ്റഡ് യന്ത്രത്തടുക്കുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതിചെയ്യുന്നു.

കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ട്രേഡ് യൂണിയന്‍ പ്രസ്ഥാനം യന്ത്രവത്കരണത്തെ എതിര്‍ക്കുന്നില്ല. എന്നിട്ടും പത്തുശതമാനം തൊണ്ടുപോലും സംസ്‌കരിക്കാനുള്ള മില്ലുകള്‍ കേരളത്തിലില്ല. ഇന്നും കേരളത്തില്‍ വിതരണം ചെയ്യപ്പെടുന്ന മോട്ടോറൈസ്ഡ് റാട്ടുകള്‍ക്ക് പരമ്പരാഗത റാട്ടുകളോട് മത്സരിക്കാന്‍പറ്റുന്നില്ല. മഹാഭൂരിപക്ഷം കൈത്തറിത്തറികള്‍ നവീകരിക്കുന്നതിനുപോലും കഴിഞ്ഞിട്ടില്ല. സാങ്കേതികഗവേഷണത്തിന്റെയും എക്‌സ്റ്റന്‍ഷന്‍ ഏജന്‍സികളുടെയും സമ്പൂര്‍ണ പരാജയത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇനി ഈ ദിശയിലുള്ള അമാന്തം വിനാശകരമായിരിക്കും.
കേരളത്തിലെ കയര്‍വ്യവസായത്തിന്റെ ചരിത്രത്തില്‍ ഇതപര്യന്തമില്ലാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്. കയര്‍വ്യവസായത്തിന്റെ ചരിത്രത്തിലുടനീളം നമുക്ക് മറ്റുരാജ്യങ്ങളില്‍നിന്ന് മത്സരം നേരിടേണ്ടിവന്നിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചീക്കത്തൊണ്ടില്‍നിന്നുള്ള വെള്ളക്കയര്‍ മറ്റൊരു സംസ്ഥാനത്തും രാജ്യത്തും ഉത്പാദിപ്പിക്കുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. എന്നാല്‍, ഇന്ന് സ്ഥിതിമാറി. നമ്മള്‍പോലും ചീക്കത്തൊണ്ടില്‍നിന്നുള്ള വെള്ളച്ചകിരിയല്ല ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പച്ചത്തൊണ്ട് ചകിരിയാണ്.

പണ്ട് തമിഴ്‌നാട്ടുകാര്‍ ഉണങ്ങിയ തൊണ്ടില്‍നിന്ന് ബ്രഷുകള്‍ക്കും റബ്ബറൈസ്ഡ് മെത്തകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ബ്രിസില്‍ അല്ലെങ്കില്‍ മാട്രസ് ഫൈബറാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാലിന്നവര്‍ പച്ചത്തൊണ്ടില്‍നിന്നുതന്നെ യന്ത്രസഹായത്തോടെ നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നു. ചകിരിനാരില്‍നിന്ന് കറ കഴുകിക്കളഞ്ഞാല്‍ അതിന് വെള്ളച്ചകിരിയോടായിരിക്കും സാമ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊള്ളാച്ചിയിലും പിന്നീട് തമിഴ്‌നാട്ടിലെ മറ്റുകേന്ദ്രങ്ങളിലും പച്ചത്തൊണ്ട് ചകിരിമില്ലുകള്‍ ഉയര്‍ന്നുവന്നു. നാളികേരം തോട്ടങ്ങളായി കൃഷിചെയ്തിരുന്നതുകൊണ്ട് പച്ചത്തൊണ്ട് ശേഖരിച്ച് മില്ലുകളില്‍ കൊണ്ടുവരാനും എളുപ്പമായിരുന്നു. ഈ പുതിയ ചകിരിയുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷകത്വം താഴ്ന്ന ഉത്പാദനച്ചെലവും വിലയുമായിരുന്നു. അതുകൊണ്ട് കേരളത്തിലെ വ്യവസായം തമിഴ്‌നാട്ടിലുള്ള പച്ചത്തൊണ്ട് ചകിരിയെ ആശ്രയിക്കാന്‍ തുടങ്ങി. വെള്ളച്ചകിരികൊണ്ടുള്ള തനത് കയര്‍ പ്രത്യേക ബ്രാന്‍ഡായി നിലനിര്‍ത്തണമെന്ന മോഹമൊന്നും നടന്നില്ല. ക്രമേണ, വെള്ളക്കയര്‍ ചകിരിയും പച്ചത്തൊണ്ടുചകിരിയും തമ്മിലുള്ള അന്തരം ഇല്ലാതായി. പച്ചത്തൊണ്ട് ചകിരിവ്യവസായം കേരളത്തില്‍ വികസിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടതോടെ ദുരന്തം പൂര്‍ണമായി.
ചകിരിയുത്പാദനത്തിന്റെ ഒരു മാലിന്യ ഉത്പന്നമായിരുന്നു ചകിരിച്ചോറ്. എന്നാല്‍, ചകിരിച്ചോറിന്റെ കാര്‍ഷിക ഉപയോഗം തിരിച്ചറിഞ്ഞതോടെ ഇതൊരു പ്രധാനപ്പെട്ട കയറ്റുമതി സാമഗ്രിയായി മാറി. പാശ്ചാത്യരാജ്യങ്ങളിലേക്കും ചൈനയിലേക്കും ചകിരിച്ചോറ് കയറ്റുമതിചെയ്യപ്പെട്ടു. കേരളത്തിലെ ചീക്കത്തൊണ്ടിന്റെ ചകിരിച്ചോറില്‍ ഉപ്പുരസം അധികമുള്ളതുകൊണ്ട് ഇത്തരത്തില്‍ ഉപയോഗപ്പെടുത്താനാവില്ല. ബ്രിക്കറ്റുചെയ്ത ചകിരിച്ചോറ് കയറ്റുമതി ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരം ടണ്ണായിരുന്നത് ഇപ്പോള്‍ ഒന്നരലക്ഷം ടണ്ണായി ഉയര്‍ന്നിരിക്കുകയാണ്. രസകരമായ ഒരു വസ്തുത ഈ പാഴ്‌വസ്തുവിന് ഇന്ന് ചകിരിയുടെ അത്രയുംതന്നെ വില ലഭിക്കുന്നുവെന്നാണ്. ചകിരിച്ചോറിന്റെ കയറ്റുമതിസാധ്യത തമിഴ്‌നാട്ടിലെ മില്ലുകളുടെ മത്സരശേഷി പലമടങ്ങുയര്‍ത്തി.

ഇതിനിടെ പച്ചത്തൊണ്ട് ചകിരിയില്‍നിന്ന് കയര്‍പിരിക്കുന്ന ഓട്ടോമാറ്റിക് സ്​പിന്നിങ് മെഷീനുകള്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി. ഇന്ത്യയിലെ ആഭ്യന്തരകമ്പോളത്തിന്റെ നല്ലപങ്ക് ഈ യന്ത്രപ്പിരി കയര്‍ പിടിച്ചടക്കി. കേരളത്തില്‍നിന്നുള്ള കയറിനേക്കാള്‍ വില കുറവാണ് തമിഴ്‌നാട്ടിലെ യന്ത്രക്കയറിന്. ടഫ്റ്റഡ് തടുക്കുകള്‍ നിര്‍മിക്കുന്നതിന് പരമ്പരാഗത തൊഴില്‍വൈദഗ്ധ്യത്തിന്റെ ആവശ്യമില്ല. വിലകുറഞ്ഞ കയര്‍ സുലഭമായി ലഭ്യമാകുന്നില്ലെങ്കില്‍ കയര്‍ഉത്പന്ന വ്യവസായംകൂടി തമിഴ്‌നാട്ടിലേക്ക് പറിച്ചുനടപ്പെടുമെന്ന് വ്യവസായികള്‍ ഭീഷണിപ്പെടുത്തുന്നു.

ഈ സ്ഥിതിവിശേഷത്തെ എങ്ങനെ നേരിടും? ആദ്യം സംസ്ഥാനസര്‍ക്കാര്‍ പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊള്ളണം. കയര്‍വ്യവസായത്തില്‍ ഒരു പ്രശ്‌നവുമില്ല എന്ന മട്ടില്‍ കയറുത്സവങ്ങളും മറ്റുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സ്വന്തക്കാര്‍ക്കുവേണ്ടി സങ്കുചിതരാഷ്ട്രീയാടിസ്ഥാനത്തില്‍ 100 പുതിയസംഘങ്ങള്‍ രൂപവത്കരിക്കാനുള്ള തത്രപ്പാടിലാണ് അവര്‍. നിലവിലുള്ള കയര്‍മേഖലയില്‍ വ്യവസായം പൊളിഞ്ഞടുങ്ങുമ്പോള്‍ കോന്നിപോലുള്ള സ്ഥലങ്ങളില്‍ പുതിയ വ്യവസായശാലകള്‍ തുറക്കുന്നതിനാണ് സര്‍ക്കാറിന്റെ പരിശ്രമം.

മുന്‍കാലത്ത് യന്ത്രവത്കരണത്തെ എതിര്‍ത്തത് തൊഴില്‍ നഷ്ടപ്പെടുന്നതുകൊണ്ടാണ്. തീരദേശത്തെ ലക്ഷക്കണക്കിന് പാവങ്ങളുടെ അത്താണിയായിരുന്നു കയര്‍മേഖല. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ കയര്‍പോലുള്ള പരമ്പരാഗത തൊഴിലുകളിലേക്ക് പുതിയതലമുറ വരാനാഗ്രഹിക്കുന്നില്ല. അങ്ങനെ തൊഴില്‍കമ്പോളത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടായി. പക്ഷേ, ഒന്നുണ്ട്. ഇന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് എന്തും സംഭവിച്ചോട്ടെ എന്ന സമീപനം ട്രേഡ് യൂണിയനുകള്‍ക്ക് സ്വീകരിക്കാനാവില്ല. അതുകൊണ്ട് അവരുടെ തൊഴിലുംകൂടി സംരക്ഷിക്കുന്ന യന്ത്രവത്കരണത്തിനാണ് ട്രേഡ് യൂണിയനുകള്‍ വാദിക്കുന്നത്. ഇത് ഏതെങ്കിലും കാരണവശാല്‍ സാധ്യമല്ലെങ്കില്‍ പുറന്തള്ളപ്പെടുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹികസുരക്ഷിതത്വം ഉറപ്പുവരുത്തണം. 
കയര്‍ പുനഃസംഘടനയ്ക്ക് പുതിയൊരു പദ്ധതി അനിവാര്യമായിരിക്കുന്നു. ഇതിന് ആദ്യംവേണ്ടത് കേരളത്തിലെ ആഭ്യന്തര ചകിരിയുത്പാദനം വര്‍ധിപ്പിക്കുകയാണ്. തൊണ്ട് സംഭരിക്കുന്നതിനുള്ള ബ്യൂറോക്രാറ്റിക് സമ്പ്രദായം അപ്രായോഗികമാണ്. കുടുംബശ്രീവഴി സംഭരിക്കുന്നതിനുള്ള പരീക്ഷണം പരാജയപ്പെട്ടു. ശേഖരിച്ച തൊണ്ട് സമയത്തുവാങ്ങാതെ ഉണങ്ങിയതോടെ ഇപ്പണിക്ക് ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം കഷ്ടത്തിലായി. നാളികേര ക്ലസ്റ്ററുകളുമായി ബന്ധപ്പെടുത്തി തൊണ്ട് സംഭരിക്കാനുള്ള ശ്രമവും ഫലിച്ചില്ല. എന്തുകൊണ്ട് നാളികേരകൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ ചകിരിയുത്പാദനം നടത്തിക്കൂടാ? മാരാരിക്കുളത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ചകിരിമില്ല് അവിടത്തെ പ്രൊഡ്യൂസര്‍ കമ്പനിയെ ഏല്പിക്കുകയാണ്. സര്‍ക്കാര്‍ രണ്ടുകാര്യങ്ങള്‍ ചെയ്യണം. ഒന്ന്, മില്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള സഹായധനം നല്‍കണം. രണ്ട്, ഉത്പാദിപ്പിക്കപ്പെടുന്ന ചകിരി അപ്പപ്പോള്‍ത്തന്നെ വാങ്ങി വിതരണം ചെയ്യുന്നതിന് കയര്‍ഫെഡിനെ ചുമതലപ്പെടുത്തണം.

കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനത്തിലും സമൂലമായ മാറ്റംവരണം. ഇതിന് സഹകാരികള്‍തന്നെ വിശദമായിട്ടുള്ള പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയസംഘങ്ങള്‍ രൂപവത്കരിക്കുന്നതിനുപകരം നിലവിലുള്ളവ പുനരുദ്ധരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അവരുടെ വായ്പകള്‍ ഷെയറാക്കണം. പലിശ എഴുതിത്തള്ളണം. വിനിയോഗിക്കപ്പെടാത്ത ആസ്തികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണം. ഓട്ടോമാറ്റിക് സ്​പിന്നിങ് മെഷീനടക്കമുള്ള യന്ത്രങ്ങള്‍ സംഘങ്ങള്‍ക്ക് ലഭ്യമാക്കണം. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന കയര്‍ മിനിമംകൂലി ഉറപ്പുവരുത്തി കയര്‍ഫെഡ് വാങ്ങണം. ഈ കയര്‍ കയറ്റുമതിക്കാര്‍ക്കും ആഭ്യന്തരവ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വില്‍ക്കുമ്പോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കണം. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ വരുമാനം ഉറപ്പുപദ്ധതി ഇതുപോലൊരു സ്‌കീമാണ് വിഭാവനം ചെയ്തിരുന്നത്.

കയര്‍ ഉത്പന്നമേഖലയില്‍ സ്വതന്ത്രമായി ഓര്‍ഡര്‍ നല്‍കുകയും ആവശ്യക്കാരായ കയറ്റുമതിക്കാര്‍ക്ക് സ്റ്റോക്കില്‍നിന്ന് ചരക്ക് വില്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം കയര്‍കോര്‍പ്പറേഷന്‍ സ്വീകരിക്കണം. കൈത്തറി ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം സബ്‌സിഡി നല്‍കണം. ഇവയ്ക്ക് പ്രത്യേക ബ്രാന്‍ഡ് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തണം. അതേസമയം, പുതിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനും യന്ത്രങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സംരംഭകര്‍ക്ക് നല്‍കിയേ തീരൂ. ഫിനിഷിങ് മേഖലയിലും നവീകരണം ആവശ്യമാണ്. ഇതിന് വ്യവസായികള്‍ക്ക് ഇന്‍സെന്റീവ് നല്‍കണം.
ഇന്ന് ഈ വ്യവസായത്തില്‍ പണിയെടുക്കുന്ന 11.5 ലക്ഷം തൊഴിലാളികള്‍ക്ക് ഇതില്‍ത്തന്നെ പൂര്‍ണസമയം പണിനല്‍കണം. എന്നാല്‍, നവീകരണം പൂര്‍ത്തിയാകുന്നതുവരെയുള്ള അന്തരാളഘട്ടത്തില്‍ ഇവര്‍ക്ക് വരുമാനം ഉറപ്പുപദ്ധതിയിലൂടെ തൊഴില്‍ ഉറപ്പാക്കാനാവും. ഇതിനുകഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനം നല്‍കണം. ദിനേശ്ബീഡി സഹകരണസംഘത്തില്‍ നടപ്പാക്കിയ റിട്ടയര്‍മെന്റ് സ്‌കീമിന്റെ വിപുലീകൃതരൂപത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാവുന്നതാണ്.

ഇത്ര വലിയൊരു സാമ്പത്തികബാധ്യത താങ്ങാനുള്ള കഴിവ് സര്‍ക്കാറിനുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഈ ശേഷി കേരളത്തിനുണ്ട്. ദേശീയശരാശരിയേക്കാള്‍ ഉയര്‍ന്നവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ് നമ്മുടേത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സമൂഹത്തിലെ 30 ശതമാനത്തോളംവരുന്ന പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ഈ വളര്‍ച്ചയുടെ പങ്കുലഭിക്കുന്നില്ല. മേലേക്കിടയിലുള്ള 30 ശതമാനം അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഉചിതമായ പുനര്‍വിതരണ നയങ്ങളുണ്ടെങ്കില്‍ ഇന്നത്തെ സാമ്പത്തികവളര്‍ച്ചയുടെ ഒരു ചെറിയശതമാനം പരമ്പരാഗതമേഖലകളുടെ സാമൂഹികസുരക്ഷിതത്വത്തിനുവേണ്ടി നീക്കിവെക്കുന്നതിന് നമുക്കുകഴിയും.

1 comment:

  1. പരമ്പരാഗത വ്യാവസായിക കാര്‍ഷിക മേഖലകളില്‍ നാം അടിയന്തിര ശ്രദ്ധ പതിപ്പിച്ചേ തീരൂ......കയര്‍, കശുവണ്ടി, കൈത്തറി, കരകൗശല മേഖലകളിലും മത്സ്യ ബന്ധന, വിപണന മേഖലകളിലും പരമാവധി ആധുനിക യന്ത്രവല്‍ക്കരണവും ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോള വിപണിയും ലഭ്യമാക്കുന്നു എന്ന് ആ മേഖലകളിലെ തൊഴില്‍ സംഘടനകള്‍ തന്നെ ഉറപ്പു വരുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ തൊഴിലുകളും ഈ മേഖലകളില്‍ പരമ്പരാഗതമായി തൊഴിലെടുത്ത് ജീവിക്കുന്ന തൊഴിലാളികളും കുടുംബങ്ങളും ന്യായമായ വേതനത്തോടെ മാന്യമായി ഈ തൊഴില്‍ മേഖലയില്‍ തന്നെ തുടരുന്നുവെന്നും ഈ മേഖല കേരളത്തിന്റെ അഭിമാനമായി സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പ് വരുത്താനാകൂ.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...