About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Wednesday, February 4, 2015

ശുചിത്വകേരള പ്രസ്ഥാനം

ശുചിത്വകേരളം ഒരു ഇടതുപക്ഷവീക്ഷണം എന്ന പുസ്തകത്തിലെ ആദ്യത്തെ അധ്യായം

ശുചിത്വകേരള പ്രസ്ഥാനം

കേരളത്തിലെ സജീവമായ രാഷ്ട്രീയപ്രശ്‌നമാണ് മാലിന്യസംസ്‌ക്കരണം. മാലിന്യക്കൂനകള്‍ സൃഷ്ടിക്കുന്ന പകര്‍ച്ചവ്യാധികളും പാരിസ്ഥിതികപ്രശ്‌നങ്ങളും ഇന്ത്യയിലെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും പേടിസ്വപ്നമാണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. ജനങ്ങളോട് ഉത്തരവാദിത്തമുളള ഒരു രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ സിപിഐഎം ശുചിത്വകേരളത്തിന് ഒരു ജനകീയപ്രസ്ഥാനം രൂപം നല്‍കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂലുമെടുത്തു തെരുവിലിറങ്ങിയതു കണ്ടിട്ടാണ് സിപിഐഎം ഇതു ചെയ്യുന്നതെന്ന് ചിലര്‍ ആക്ഷേപിക്കുന്നു. എന്നാല്‍, 2010ല്‍ത്തന്നെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാലിന്യമുക്ത കേരളം പദ്ധതി ആരംഭിച്ച വിവരം ഇവര്‍ മറന്നുപോകുന്നു. ഈ പദ്ധതി വേണ്ടത്ര മുന്നോട്ടു പോയില്ല എന്നതു ശരിതന്നെ. പക്ഷേ, രണ്ടുവര്‍ഷമായി ആലപ്പുഴയില്‍ ഫലപ്രദമായി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഈ പദ്ധതി നടപ്പാക്കി വരികയാണ്. അതുകണ്ടിട്ടാണ് നരേന്ദ്ര മോദി ചൂലുമായി ഇറങ്ങിയത് എന്ന് ഞങ്ങളേതായാലും പറയുന്നില്ല. ഒരു വ്യാഴവട്ടക്കാലം ഭരിച്ചിട്ടും എന്തുകൊണ്ട് ഗുജറാത്തില്‍ ചൂലെടുത്തില്ല എന്ന ചോദ്യത്തിനും മറുപടി വേണം. മോദിയുടെ വെല്ലുവിളി സ്വീകരിച്ച് ചൂലുമായി ഇറങ്ങിയത് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എംപി ശശി തരൂരാണ്. ശുചീകരണം ഗാന്ധിയന്‍ പാരമ്പര്യമാണെന്ന തരൂരിന്റെ വാദം ശരിയാണ്. പക്ഷേ, മോദി പറയുന്നതിനു മുമ്പു തന്നെ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കടമയാണ് ശുചീകരണമെന്ന് വ്യക്തമാക്കിയ കമലഹാസന്റെ രാഷ്ട്രീയബോധം കോണ്‍ഗ്രസ് എംപിയ്ക്കില്ലാതെ പോയത് കഷ്ടം തന്നെ.
നരേന്ദ്രമോദിയായാലും ശശി തരൂരായാലും കാണിച്ചത് നല്ല ശുചീകരണ മാതൃകയാണെന്നു പറയാനാവില്ല. തരൂര്‍ നടത്തിയ ശുചീകരണയജ്ഞത്തിന്റെ പരിമിതി ടെലിവിഷന്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്ലാസ്റ്റിക്, കടലാസ്, പുല്ല്, റബ്ബര്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, ചത്ത എലി എന്നു തുടങ്ങി സര്‍വ മാലിന്യങ്ങളും കറുത്ത വലിയ പ്ലാസ്റ്റിക് സഞ്ചികളില്‍ നിറയ്ക്കുകയായിരുന്നു തരൂരും സംഘവും. ഇങ്ങനെ വേര്‍തിരിക്കാതെ സര്‍വവും കൂട്ടിക്കലര്‍ത്തിയാല്‍ എങ്ങനെയാണ് സംസ്‌ക്കരിക്കുക? ഇതിനു പറ്റിയ ഗ്യാസിഫിക്കേഷന്‍ പ്ലാന്റൊന്നും തിരുവനന്തപുരത്ത് ഇല്ല. ഒന്നുകില്‍ ഒരു വലിച്ചെറിയല്‍ കേന്ദ്രത്തില്‍ നിക്ഷേപിക്കുക. അല്ലെങ്കില്‍ കുഴിച്ചു മൂടുക. രണ്ടും പ്രോത്സാഹിപ്പിക്കപ്പെടാവുന്ന രീതികളല്ല. ഡെല്‍ഹിയില്‍ നരേന്ദ്ര മോദി തൂത്തുകൂട്ടിയ മാലിന്യവും എത്തിച്ചേര്‍ന്നത് ഗാസിപ്പൂര്‍ പോലുളള ഡംബിംഗ് യാര്‍ഡിലാണ്. അവിടെയൊക്കെ ചെറിയ ഭാഗമേ സംസ്‌ക്കരിക്കപ്പെടുന്നുളളൂ. ഇതാണ് ഇന്ത്യയിലെ മാലിന്യസംസ്‌ക്കരണ രംഗത്തെ പ്രതിസന്ധിയുടെ ഒരു പ്രധാനവശം. മാലിന്യം പെരുകുക മാത്രമല്ല, സംസ്‌ക്കരിക്കപ്പെടാത്ത മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നു.
മാലിന്യം വേര്‍തിരിക്കപ്പെടണം. ജൈവമാലിന്യം സംസ്‌ക്കരിച്ച് വളമോ ഗ്യാസോ ആക്കണം. പ്ലാസ്റ്റിക് തുടങ്ങിയവ പുനരുപയോഗത്തിനായി സംസ്‌ക്കരിക്കണം. പുല്ലു ചെത്താം. പക്ഷേ, കുന്നില്‍മുകളിലെയും ചെരിവുകളിലെയും പുല്ലും പടര്‍പ്പും വിഴിഞ്ഞത്തെ വീഡിയോയില്‍ കണ്ടതുപോലെ വെട്ടിക്കിളച്ച് വേരോടെ പിഴുതെടുക്കരുത്. അതു മണ്ണൊലിപ്പിന് ഇടയാക്കും.
എന്തുകൊണ്ട് സിപിഐഎം?
ശുചീകരണ പ്രവര്‍ത്തനം നഗരസഭകളുടെയും സര്‍ക്കാരിന്റെയും ചുമതലയാണ്. അതേറ്റെടുക്കാന്‍ സിപിഐഎം എന്തിന് നേരിട്ടിറങ്ങുന്നു എന്നും ചോദ്യം ഉയരുന്നുണ്ട്. അടുത്ത അധ്യായത്തില്‍ വിവരിക്കുന്നതുപോലെ കേരള സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമായ ഒരു സാമൂഹ്യ ആരോഗ്യപ്രശ്‌നമാണ് മാലിന്യപ്രതിസന്ധി. ഇതു പരിഹരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ പരാജയവുമാണ്. പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധിയുടെ മുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ് കേരളം. ഉത്തരവാദിത്തമുളള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊന്നും ഇതു കണ്ടില്ലെന്നു നടിക്കാനാവില്ല. അതുകൊണ്ടാണ് ജനങ്ങളെ അണിനിരത്തി ഈ പ്രതിസന്ധി പരിഹരിക്കാന്‍ സിപിഐഎം മുന്‍കൈയെടുക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളും അനുവര്‍ത്തിക്കേണ്ട രീതിയാണ് ഇത്. എല്ലാവര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും കഴിയും.
ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് സിപിഐഎം ഇത്തരത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനുളള രീതി തീരുമാനിച്ചത്. തൊഴിലാളികളുടെ കൂലിയെയും സേവനാവകാശങ്ങളെയും കൃഷിക്കാരുടെ ഭൂമിയെയും ഉല്‍പന്നവിലകളെയും അടിസ്ഥാനമാക്കി അവരെ സംഘടിപ്പിക്കുന്നതിനാണ് അടിസ്ഥാനപരമായി ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പരിശ്രമിക്കുന്നത്. അതോടൊപ്പം പൊതു അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമസൗകര്യങ്ങള്‍, കിടപ്പാടം, കുടിവെളളം തുടങ്ങിയ നേടുന്നതിനും പരിപാലിക്കുന്നതിനും ഇടതുപക്ഷം തീവ്രശ്രമം നടത്തിയിട്ടുണ്ട്. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനകാലം മുതലുളള ഈ ജനകീയ ഇടപെടല്‍ പാരമ്പര്യത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോയത് ഇടതുപക്ഷമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട ജീവിതനിലവാരം കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പു വരുത്താനായത് ഇതു മൂലമാണ്.
എന്നാല്‍ സമീപകാലത്തായി ഇത്തരം സാമൂഹ്യപ്രശ്‌നങ്ങളിലുളള ഇടപെടല്‍ ശുഷ്‌കിച്ചു വരുന്നു. തിരുത്തപ്പെടേണ്ട ദൗര്‍ബല്യങ്ങളിലൊന്നായിട്ടാണ് പാര്‍ടിയുടെ പാലക്കാട് പ്ലീനം ഇതിനെ വിലയിരുത്തിയത്. വമ്പിച്ച രാഷ്ട്രീയ പ്രക്ഷോഭപ്രചാരണങ്ങള്‍ പാര്‍ടി ഏറ്റെടുക്കുന്നുണ്ട്. പക്ഷേ, ഇതു പോര. മറ്റു ജനകീയ പ്രശ്‌നങ്ങളിലും പാര്‍ടി സജീവമായി ഇടപെടണം. അങ്ങനെയേ ജനങ്ങളുമായുളള ജൈവബന്ധം സുദൃഢമാക്കാനാവൂ. വായനശാലകള്‍, ക്ലബുകള്‍ തുടങ്ങിയവയില്‍ സജീവമാകണം. പണ്ട് പകര്‍ച്ചവ്യാധികളും മറ്റും പ്രതിരോധിക്കാന്‍ പാര്‍ടി മുന്നിട്ടിറങ്ങിയ മാതൃക നമ്മുടെ മുന്നിലുണ്ട്. ആ മാതൃക ഇന്ന് സാന്ത്വനചികിത്സാരംഗത്ത് പാര്‍ടി പിന്തുടരുന്നുമുണ്ട്. ഇതുപോലെ ഇടപെട്ടു പ്രവര്‍ത്തിക്കേണ്ടുന്ന ഒരു മേഖലയായിട്ടാണ് ശുചിത്വപരിപാലനത്തെയും പാര്‍ടി വിലയിരുത്തിയത്. മോദി അധികാരത്തില്‍ വരുന്നതിന് എത്രയോ മുമ്പു തുടങ്ങിയ ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമാണ് ശുചിത്വകേരള പ്രസ്ഥാനം. പ്രതിപക്ഷത്താണെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഈ ചുമതല സിപിഐഎം ഏറ്റെടുക്കുകയാണ്.
ശുചിത്വകേരളവും സ്വച്ഛഭാരതവും
സാക്ഷരതാപ്രസ്ഥാനത്തിലും ജനകീയാസൂത്രണത്തിലും ഫലപ്രദമെന്നു തെളിഞ്ഞ ജനകീയ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞാല്‍ സമ്പൂര്‍ണശുചിത്വമെന്ന ലക്ഷ്യം നേടാനാകും. ഇതിന് അനുഗുണമായ സാഹചര്യം ഇന്ന് കേരളത്തിലേയുളളൂ. ഉദാഹരണത്തിന് ചേരികളുടെ കാര്യമെടുക്കുക. ഇവിടെയാണല്ലോ ഏറ്റവും വൃത്തിഹീനമായ ജീവിതാവസ്ഥ നിലവിലുളളത്. ഇന്ത്യയിലെ നഗരജനസംഖ്യയുടെ പതിനഞ്ചു ശതമാനം ചേരികളിലാണ്. ഇത് അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തീവ്രയജ്ഞ പരിപാടിയിലൂടെ ഏതെങ്കിലും ചേരി സര്‍ക്കാര്‍ നിര്‍മ്മാര്‍ജനം ചെയ്തുവെന്നിരിക്കട്ടെ. ഉടനെ പുതിയൊരെണ്ണം ഉയര്‍ന്നുവരും. കാരണം ഗ്രാമങ്ങളിലെ ജീവിതസൗകര്യങ്ങളുടെ ശോചനീയാവസ്ഥ മൂലം നഗരങ്ങളിലേയ്ക്ക് നിരന്തരം ജനങ്ങള്‍ ചേക്കേറുകയാണ്. എന്നാല്‍ കേരളത്തിലെ സ്ഥിതി ഇതല്ല. നഗരത്തിലെ ഏതാണ്ട് എല്ലാ ജീവിതസൗകര്യങ്ങളും നാട്ടിന്‍പുറങ്ങളിലുമുണ്ട്. അതുകൊണ്ട് ഇന്നുളള ചേരികള്‍ ഇല്ലാതാക്കുന്നതോടെ പ്രശ്‌നം ഏതാണ്ട് തീരൂം. കേരളത്തിലെ നഗരജനസംഖ്യയുടെ ഏതാണ്ട് 0.8 ശതമാനം മാത്രമാണ് ചേരികളില്‍ അധിവസിക്കുന്നത്. ഗുജറാത്തില്‍ ഈ തോത് 10 ശതമാനമാണ്.
കിടപ്പാടമോ പാര്‍പ്പിടമോ ഇല്ലാത്തവരുടെ എണ്ണമെടുത്താലും കേരളം ഇന്ത്യയിലെ പൊതുസ്ഥിതിയില്‍ നിന്ന് എത്രയോ ഉയര്‍ന്നതാണ്. ഇന്ത്യയില്‍ സ്വന്തമായി കിടപ്പാട#ം പോലുമില്ലാത്തവര്‍ ജനസംഖ്യയുടെ 15-20 ശതമാനം വരും. കേരളത്തിലാകട്ടെ ഇതു രണ്ടു ശതമാനത്തോളമേ വരൂ. കിടപ്പാടമില്ലാത്തവര്‍ക്കെങ്ങനെ സ്വന്തമായി വീടുണ്ടാവും? ഇന്ത്യയിലെ വീടില്ലാത്തവരുടെ 0.04 ശതമാനമേ കേരളത്തില്‍ വരൂ. ഗുജറാത്തിന്റെ വിഹിതം 8.14 ശതമാനമാണ്. കിടപ്പാടവും വീടുമുണ്ടെങ്കിലല്ലേ സ്വന്തമായി ഒരു കക്കൂസിനെക്കുറിച്ച് ആലോചിക്കാനാവൂ. സാമൂഹ്യക്ഷേമ സൂചികകള്‍ ഏതെടുത്താലും കേരളം എത്രയോ ഉയര്‍ന്നതാണ്. എല്ലാവര്‍ക്കും അക്ഷരാഭ്യാസമുണ്ടെങ്കില്‍ ശുചിത്വബോധവത്കരണം എത്രയോ എളുപ്പമായിത്തീരും.
യുപിഎയുടെ കാലത്ത് ആവിഷ്‌കരിക്കപ്പെട്ട നിര്‍മ്മല്‍ ഭാരത് അഭിയാന്‍ എന്ന സമ്പൂര്‍ണ ശുചിത്വ പരിപാടി മോദിയുടെ കാലത്ത് ഗുജറാത്തില്‍ എങ്ങനെ നടപ്പാക്കിയെന്ന് 2014ലെ സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിലുളള സാമ്പത്തിക ക്രമക്കേടുകളിലേയ്ക്ക് ഇവിടെ കടക്കുന്നില്ല. പക്ഷേ, സ്വച്ഛഭാരതം സൃഷ്ടിക്കാനിറങ്ങിയിരിക്കുന്ന നരേന്ദ്രമോഡിയുടെ നാട്ടിലെ ശുചിത്വനിലവാരത്തെക്കുറിച്ച് അവിതര്‍ക്കിതമായ ഒരു ധാരണ നല്‍കാന്‍ ഈ റിപ്പോര്‍ട്ട് സഹായിക്കും. മോദിയുടെ ഭരണകാലത്തു നടത്തിയ സര്‍വെയിലെ കണക്കുപ്രകാരം 2014 ഒക്‌ടോബര്‍ മാസത്തില്‍ 46 ശതമാനം വീടുകളിലേ കക്കൂസുളളൂ. പട്ടികവര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചില ജില്ലകളില്‍ ഈ തോത് 13-24 ശതമാനം മാത്രമേയുളളൂ. എട്ടു വര്‍ഷം സമ്പൂര്‍ണ ശുചിത്വം പരിപാടി നടപ്പാക്കിയതിനു ശേഷമുളള ഗുജറാത്തിലെ ശുചിത്വനിലയാണ് ഇതെന്ന് ഓര്‍ക്കുക.
അയ്യായിരം അംഗനവാടികളില്‍ ടോയ്‌ലെറ്റില്ല. കക്കൂസിന്റെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ കണക്കുകള്‍ ജില്ലകള്‍ക്ക് വിതരണം ചെയ്ത പണത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ഭൗതിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല കണക്കാക്കിയത്. നല്ലൊരു പങ്ക് പാതിവഴിയില്‍ നില്‍ക്കുകയോ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്യുകയാണ്. ഈ കക്കൂസുകള്‍ പലതും മരത്തൂണുകളില്‍ ചാക്കുസഞ്ചി മറ ഉപയോഗിച്ചുണ്ടാക്കിയവയാണ്. സോക്ക് പിറ്റുകള്‍ പോലും ഇല്ലാത്തവയാണ്. സിഎജി പരിശോധിക്കുമ്പോള്‍ നല്ലൊരു ഉപയോഗശൂന്യമായി കഴിഞ്ഞിരുന്നു.
ഏറ്റവും അപമാനകരമായത് തോട്ടിപ്പണി സംബന്ധിച്ചുളള സിഎജിയുടെ പരാമര്‍ശങ്ങളാണ്. 1999ലെ നിയമമനുസരിച്ച് തോട്ടിപ്പണി നിരോധിക്കപ്പെട്ടിരിക്കുകയാണ്. 2013ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 1408 സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ മലം ചുമന്നു നീക്കം ചെയ്യുന്നുണ്ടായിരുന്നു. 2593 കേസുകളില്‍ മൃഗങ്ങളെ ഉപയോഗിച്ചാണ് മലം നീക്കിയിരുന്നത്. 2012ല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് തങ്ങളുടെ ആശങ്ക അറിയിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാരിന് എഴുതുകയുണ്ടായി. എന്നാല്‍ സിഎജി റിപ്പോര്‍ട്ടു പറയുന്നത് ഒരു വര്‍ഷത്തിനു ശേഷവും ഒരു നടപടിയും ഇക്കാര്യത്തില്‍ എടുത്തിരുന്നില്ല എന്നാണ്. ഈ ഗുജറാത്ത് സ്വച്ഛഭാരതത്തിന്റെ മാതൃകയാവുന്നതെങ്ങനെയാണ്.
കേരളത്തിന്റെ സ്ഥിതി എത്രയോ വ്യത്യസ്തം. വിദ്യാഭ്യാസത്തിന്റെ വ്യാപനവും സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയും ശുചിത്വത്തെ കേരള മനസില്‍ ഒരു കേന്ദ്രപ്രതിഷ്ഠ നേടിക്കൊടുത്തു. 'വെളുപ്പിനെ എഴുന്നേല്‍ക്കണം, എണ്ണ കുളിക്കണം, വെളുത്ത മുണ്ടുടുക്കണം' എന്ന ശീലം വളര്‍ന്നു. പുതിയ ശുചിത്വബോധം സവര്‍ണരുടെ കുത്തകയായിരുന്നില്ല. വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ശീലമായി ശ്രീനാരായണ പ്രസ്ഥാനം പ്രചരിപ്പിച്ചത് ശുചിത്വമായിരുന്നു. ഇതുപോലെതന്നെ ശുചിത്വബോധവത്കരണത്തില്‍ അയ്യങ്കാളിയും ശ്രദ്ധ പതിപ്പിച്ചു. വ്യക്തിശുചിത്വത്തിന് നവോത്ഥാനനായകര്‍ നല്‍കിയ പ്രാധാന്യം കേരളീയരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. എന്നാല്‍ സാമൂഹ്യശുചിത്വകാര്യത്തില്‍ മലയാളിയുടെ നിസംഗത ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ തുടര്‍ന്നു. ഇതിലൊരു മാറ്റം വരുത്താനായാല്‍ കേരളത്തിന് സമ്പൂര്‍ണശുചിത്വ പദവി നേടാനാവും. ഇത്തരമൊരു മുന്നേറ്റം ഇന്ത്യയിലെ ജനങ്ങള്‍ക്കു നല്‍കുന്ന ഒരു രാഷ്ട്രീയ സന്ദേശമുണ്ട്. സാമൂഹ്യക്ഷേമ സൂചികകളുടെ കാര്യത്തിലെന്നപോലെ ശുചിത്വസൂചികയും ഭൂപരിഷ്‌കരണമടക്കമുളള സാമൂഹ്യപരിവര്‍ത്തനത്തോട് ബന്ധപ്പെട്ടു കിടക്കുന്നു.
ശുചിത്വകേരളം പരിപാടിയുടെ ഈ പ്രസക്തി നാടകീയമായി എനിക്കു ബോധ്യപ്പെട്ട ഒരു സന്ദര്‍ഭമുണ്ടായി. ആലപ്പുഴയിലെ നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതിയെക്കുറിച്ച് വടക്കേ ഇന്ത്യയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് എന്നോട് ഒരു ലേഖനം ആവശ്യപ്പെട്ടു. 1300 വാക്കുകള്‍ ദൈര്‍ഘ്യമുളള ലേഖനത്തിന് 'ആലപ്പുഴയിലെ വിജയകരമായ ശുചിത്വപരിപാടി' എന്നാണ് ഞാന്‍ നല്‍കിയ തലക്കെട്ട്. ലേഖത്തില്‍ പ്രത്യക്ഷമായ ഒരു രാഷ്ട്രീയ പരാമര്‍ശങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, 'ഡു ഇറ്റ് ലൈക്ക് ആലപ്പുഴ' (Do it Like Alappuzha) അഥവാ 'ആലപ്പുഴയിലേതുപോലെ ചെയ്യൂ' എന്നായിരുന്നു ലേഖനത്തിനു എഡിറ്റോറിയല്‍ ഡെസ്‌ക് നല്‍കിയ തലക്കെട്ട്. ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം (ബെക്കാമിനെപ്പോലെ പന്തു വളയ്ക്കൂ) എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് പ്രയോഗത്തെ ഓര്‍മ്മിപ്പിക്കുന്ന തലക്കെട്ട്. പ്രതിരോധക്കാരെ മറികടന്ന് ഗോള്‍പോസ്റ്റിലേയ്ക്ക് വളഞ്ഞു കയറുന്ന ഇംഗ്ലീഷ് ഫുട്‌ബോള്‍ കളിക്കാരനായ ഡേവിഡ് ബെക്കാമിന്റെ ഫ്രീ കിക്കുകള്‍ പ്രസിദ്ധമാണ്. ഇതുപോലൊരു ഈണമുളള ഒരു തലവാചകം. 'സ്വച്ഛ് ഭാരത് അഭിയാന്‍, ആലപ്പുഴയില്‍ നിന്ന് ഒരു പാഠമെടുക്കാം, ഇടതു നേതാവ് മോഡിയോട്' എന്നൊക്കെയുളള എഡിറ്റോറിയല്‍ നിരീക്ഷണങ്ങളുമുണ്ടായി. ഈ ഇടതുപക്ഷ രാഷ്ട്രീയ സന്ദേശമാണ് ശുചിത്വകേരള പ്രസ്ഥാനം ഇന്ത്യയ്ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.
യുഡിഎഫ് നയത്തില്‍നിന്നുളള വ്യത്യസ്തത
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ശുചിത്വത്തെക്കുറിച്ച് വാചാലമാണെങ്കിലും പ്രായോഗികമായി ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണത്തിന്റെ ആദ്യവര്‍ഷം വകയിരുത്തിയ നൂറുകോടി രൂപയുടെ ചെറിയ ഭാഗമേ ഇപ്പോഴും ചെലവഴിച്ചു തീര്‍ന്നിട്ടുളളൂ. ഇതിന് ധനമന്ത്രി പഴിചാരുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ്. പക്ഷേ, സര്‍ക്കാരിന്റെയും ശുചിത്വമിഷന്റെയും ബ്യൂറോക്രാറ്റിക് സമീപനമാണ് യഥാര്‍ത്ഥ കാരണം. ജനങ്ങളെയാകെ ആവേശം കൊളളിച്ചുകൊണ്ടുളള ജനകീയ പ്രസ്ഥാനം വിഭാവനം ചെയ്യാന്‍ അവര്‍ക്കാവുന്നില്ല. വകുപ്പു മന്ത്രിയ്ക്കാണെങ്കില്‍ വന്‍കിട അത്യാധുനിക പ്ലാന്റുകളിലേ വിശ്വാസമുളളൂ. ഈ സമീപനത്തില്‍ നിന്നും ശുചിത്വകേരള പ്രസ്ഥാനം വ്യത്യസ്തമാണ്. ഇന്നത്തെ സാഹചര്യത്തില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിന് ഇത്തരമൊരു ചുവടുമാറ്റം അനിവാര്യമാണ്.
1. ഉറവിട മാലിന്യ സംസ്‌കരണത്തിലെ ഊന്നലാണ് ഒന്നാമത്തെ വ്യത്യസ്തത. ഇതുവരെ ചെയ്തുവന്നത് എന്താണ്? നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് ഗ്രാമത്തിലെവിടെയെങ്കിലുമുളള ഒരു കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിക്കുമായിരുന്നു. പക്ഷേ, അതു പരാജയപ്പെട്ടു. കാരണം എന്തു തന്നെയാകട്ടെ, കേന്ദ്രീകൃതമായ ഈ രീതി ഇനി കേരളത്തിലൊരിടത്തും ജനങ്ങള്‍ അനുവദിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് പരമാവധി മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ച് സംസ്‌ക്കരിക്കുകയേ നിര്‍വാഹമുളളൂ.
2. മാലിന്യം സംസ്‌കരിക്കുന്നതിന് ജൈവരീതികളാണ് സ്വീകരിക്കുക. മാലിന്യം കത്തിച്ചു നശിപ്പിക്കുന്ന രീതി ഉപേക്ഷിക്കണം. ഏറ്റവും ലളിതമായ ഈ രീതി പക്ഷേ, അത്യധികം അപകടകരമാണ്. മാലിന്യം കത്തുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങള്‍ ആരോഗ്യത്തിന് ഹാനീകരമാണെന്നു മാത്രമല്ല ആഗോള താപനത്തിന് ആക്കം കൂട്ടുകയും ചെയ്യും. കൂട്ടിയിട്ട് കത്തിക്കുന്നതിന് പകരം അറയിലാക്കി വളരെ ഉയര്‍ന്ന ചൂടില്‍ ദഹിപ്പിച്ചാല്‍ മാലിന്യം ഗ്യാസായി മാറും. പിന്നെയും ചൂട് ഉയര്‍ത്തിയാല്‍ മാലിന്യം പ്ലാസ്മയാകും. ഈ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉണ്ടാക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ ചെലവ് ഏറെയാണ്. കേന്ദ്രീകൃത പ്ലാന്റുകളും വേണം. ഡീസല്‍ ചെലവ് താങ്ങാനാകാതെ തിരുവനന്തപുരത്തെ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഉപേക്ഷിച്ച അനുഭവം മറക്കാറായിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് മാലിനസംസ്‌ക്കരണത്തിന് ജൈവപ്രക്രിയിലൂന്നിയുളള ജനകീയ കാമ്പയിനു രൂപം നല്‍കുന്നത്. പൈപ്പ് കമ്പോസ്റ്റ്, എറോബിക് ബിന്‍, തുടങ്ങിയ കമ്പോസ്റ്റിംഗ് സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്റകള്‍ ഉപയോഗിച്ച് മിഥേന്‍ ഉണ്ടാക്കാം. ഇത് അടുക്കളയില്‍ ഇന്ധനമായി ഉപയോഗിക്കാം.
3. ഏതു മാലിന്യസംസ്‌ക്കരണ രീതിയായാലും ജനങ്ങളെ ബോധവത്കരിച്ചില്ലെങ്കില്‍ പരാജയപ്പെടും. അതുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നതില്‍ പുതിയ ശുചിത്വ പ്രസ്ഥാനം ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. എത്ര പഠിപ്പിച്ചാലും ഇടയ്ക്കിടയ്ക്ക് പ്ലാന്റുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ആളുകളെ നിയോഗിക്കണം. അഥവാ ഒരു മെയിന്റനന്‍സ് ടീം ഉണ്ടാകണം. പ്ലാന്റുകളിലെ അറ്റകുറ്റപ്പണികള്‍ 100 എണ്ണത്തിന് ഒരാള്‍ എന്നതോതില്‍ മെയിന്‍ന്റനന്‍സ് ടീമിനെ സജ്ജീകരിക്കും. നിലവിലുളള സര്‍ക്കാര്‍ മാതൃകകളില്‍ ബോധവത്കരണത്തിനും മെയിന്റനന്‍സ് ടീമിന്റെ രൂപീകരണത്തിനും സ്ഥാനമില്ല. അതാണ് അവയുടെ ദൗര്‍ബല്യം. പ്ലാന്റു സ്ഥാപിക്കാന്‍ കരാറെടക്കുന്ന ഏജന്‍സികള്‍ പ്ലാന്റും സ്ഥാപിച്ച് കമ്മീഷനും വാങ്ങി സ്ഥലം വിടുകയാണ് പതിവ്. ഉപഭോക്താവിനെ പഠിപ്പിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ക്കോ സഹായമില്ല. 75000 ത്തോളം പൈപ്പ് കമ്പോസ്റ്റ് വച്ചിട്ടും തിരുവനന്തപുരത്ത് ഒരു ഫലവും കാണാത്തിനു കാരണമിതാണ്.
സാക്ഷരത പ്രസ്ഥാനവും ജനകീയ ആസൂത്രണവും പോലെ വലിയ തോതില്‍ ജനങ്ങളെ അണിനിരത്തുന്ന ജനകീയ ശുചിത്വപ്രസ്ഥാനത്തിനാണ് തിരുവനന്തപുരത്ത് രൂപം നല്‍കുന്നത്. ജനങ്ങളുടെ ശീലങ്ങളിലും മനോഭാവങ്ങളിലും മാറ്റം കൂടിയേ തീരൂ. മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുകയും വലിച്ചെറിയാതിരിക്കുകയും വേണം. പണ്ട് വെളിമ്പ്രദേശങ്ങളില്‍ നടത്തിയിരുന്ന മലമൂത്ര വിസര്‍ജനം ഇന്ന് വീട്ടിനുള്ളിലാണ്. കക്കൂസ് മാലിന്യം വീട്ടിനുള്ളില്‍ സംസ്‌കരിക്കാമെങ്കില്‍ എന്തിന് അല്‍പമാത്രമായ അടുക്കള മാലിന്യം വലിച്ചെറിയണം? ഇത്തരമൊരു മനോഭാവമാറ്റം കേവലം സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ട് ഉണ്ടാവില്ല. ഒരു ജനകീയ പ്രസ്ഥാനത്തിന്റെ സര്‍ഗാത്മകതയ്ക്കു മാത്രമേ ഈ രൂപമാറ്റം വരുത്താനാവൂ.
വിശാലമായ വേദി
മേല്‍പറഞ്ഞ സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ ജനകീയ പ്രസ്ഥാനം രണ്ടുവര്‍ഷമായി ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ആലപ്പുഴ നഗരത്തെ സാമാന്യം വൃത്തിയാക്കുന്നതിലും ഈ പദ്ധതി വിജയിക്കുകയുണ്ടായി. ഈ ഗ്രന്ഥത്തിന്റെ അവസാന അധ്യായമായി ആലപ്പുഴയിലെ അനുഭവം വിശദീകരിക്കുന്നുണ്ട്. ഈ അനുഭവങ്ങളെ വിലയിരുത്തുന്നതിനും മറ്റു നഗരസഭകളുടെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനും വേണ്ടി ഏകെജി പഠനഗവേഷണ കേന്ദ്രം ആലപ്പുഴ വെച്ച് 2014 സെപ്തംബര്‍ 27ന് വിപുലമായ ശുചിത്വ സെമിനാര്‍ നടത്തി. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമായി എണ്ണൂറില്‍പ്പരം പ്രതിനിധികള്‍ ഈ സെമിനാറില്‍ പങ്കെടുത്തു. പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. എ. ബേബി, പി. കെ. ഗുരുദാസന്‍, പി. കെ. ശ്രീമതി എന്നിവരടക്കം സിപിഐഎമ്മിന്റെ കേരളത്തിലെ പ്രമുഖരായ എല്ലാ നേതാക്കളും ഈ സെമിനാറില്‍ പങ്കെടുത്തു. സെമിനാറിന്റെ പര്യവസാനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശുചിത്വകേരള പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം നടത്തിയത്. തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഒരുകാര്യം വ്യക്തമാക്കി. സിപിഎമ്മിന്റേതായ ഒരു ശുചിത്വ പ്രസ്ഥാനമല്ല ലക്ഷ്യം. ശുചിത്വത്തിനു വേണ്ടിയുളള വിശാലമായ ഒരു വേദി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളോടു മാത്രമല്ല, യുഡിഎഫിലെ കക്ഷികളോടും പരമാവധി യോജിപ്പിന്റെ മേഖല തേടിക്കൊണ്ടായിരിക്കും സിപിഐഎം ഇടപെടുക.
ഇതിന് സാഹചര്യമൊരുക്കുന്നതിനുളള സുപ്രധാനപങ്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. നഗരസഭകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് ശുചിത്വ കാമ്പയിന്‍ നടക്കുന്നത്. എല്‍ഡിഎഫിനു മുന്‍തൂക്കമുളള സ്ഥലങ്ങളില്‍ ഇതിനായി പാര്‍ടി മുന്‍കൈയെടുക്കും. അല്ലാത്ത സ്ഥലങ്ങളിലും യുഡിഎഫ് പഞ്ചായത്തുകളോടും നഗരസഭകളോടും സഹകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കുന്ന പരിപാടികള്‍ നടപ്പാക്കുന്നതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ ശുചിത്വ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി തനതായ പരിപാടികളും സംഘടിപ്പിക്കും.
2014 നവംബര്‍ ഒന്നിനാണ് ശുചിത്വകേരളം പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. അന്ന് എല്ലാ ജില്ലകളിലും ശുചീകരണ പരിപാടികള്‍ നടത്തി. പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സമ്പൂര്‍ണ ശുചിത്വകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതല്‍ അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷവും സര്‍ക്കാരും അനിവാര്യമാണ്. പക്ഷേ, ഒരുകാര്യം തീര്‍ച്ചയാണ്. കേരളത്തിലെ പലനഗരങ്ങളും നഗരപഞ്ചായത്തുകളും വൃത്തിയാകും. ഖരമാലിന്യങ്ങളെങ്കിലും തെരുവിലെറിയാതെ സംസ്‌ക്കരിക്കപ്പെടുന്ന നിലയുണ്ടാകും.
ഇതിനു നല്ല ഉദാഹരണമാണ് ആറുമാസത്തിനുളളില്‍ തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രതിസന്ധി പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കുന്ന എന്റെ നഗരം സുന്ദരനഗരം പദ്ധതി. ഒരുകാലത്ത് കേരളത്തിന്റെ ശുചിത്വപട്ടണമെന്ന് പേരുകേട്ടിരുന്ന തിരുവനന്തപുരം ഇന്ന് മലീമസമാണ്. വിളപ്പില്‍ശാലയിലെ കേന്ദ്രീകൃത പ്ലാന്റ് അടച്ചുപൂട്ടിയതാണ് കാരണം. പ്ലാന്റിനെതിരായ ജനങ്ങളുടെ അമര്‍ഷവും സമരവും ന്യായമാണ്. എന്നാല്‍ ഇതിനുളള കാരണങ്ങളെ ശാസ്ത്രീയമായി പരിഹരിക്കുന്നതിനുളള നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നത്. സംസ്ഥാന സര്‍ക്കാര്‍ കൂടി ഒത്താശ ചെയ്താണ് ഈയൊരു സ്ഥിതിവിശേഷം വരുത്തിയതെന്നാണ് നഗരസഭയുടെ ആക്ഷേപം. മാത്രമല്ല, സര്‍ക്കാര്‍ പ്രഖ്യാപിച്ച ബദല്‍ പരിപാടികളൊന്നും നടപ്പായതുമില്ല. ഇതോടെ നഗരമലിനീകരണം വലിയൊരു രാഷ്ട്രീയ വിവാദമായി മാറി. ഈ പശ്ചാത്തലമെല്ലാമുണ്ടെങ്കിലും എല്ലാ രാഷ്ട്രീയകക്ഷികളും സഹകരിച്ചുകൊണ്ടുളള എന്റെ നഗരം, സുന്ദരനഗരം പദ്ധതിയ്ക്കു രൂപം നല്‍കാന്‍ നഗരസഭയ്ക്കു കഴിഞ്ഞു.
നഗരസഭയുടെ ഈ പരിപാടിയുമായി സഹകരിച്ചുകൊണ്ടാണ് സിപിഐഎം ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. അതോടൊപ്പം സിപിഐഎം തനതായ പ്രവര്‍ത്തനങ്ങളും നടത്തുന്നു. നവംബര്‍ ഒന്നിന് എരുമക്കുഴിയിലെ സന്നദ്ധപ്രവര്‍ത്തനത്തില്‍ മന്ത്രി ശിവകുമാറും ഒ. രാജഗോപാലുമടക്കമുളളവര്‍ പങ്കെടുത്തു. ഇവിടെയായിരുന്നു എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം. അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജഗതിയില്‍ വലിയതോതിലുളള സന്നദ്ധപ്രവര്‍ത്തനം നടന്നു. സ. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് വളപ്പ് ശുചിയാക്കി. ഇങ്ങനെ അനേകം സ്ഥലങ്ങളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. എല്ലാവരും യോജിച്ചുളള പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ശുചീകരണത്തില്‍ ഏറ്റവും സജീവമായ ഘടകമായി സിപിഐഎം മാറുകയാണ്. ആറു മാസത്തിനുളളില്‍ തിരുവനന്തപുരം വൃത്തിയാകുമ്പോള്‍ അത് കേരളത്തിലെ ശുചിത്വപ്രസ്ഥാനത്തിന് വലിയൊരു ആത്മവിശ്വാസം പകരും എന്നത് തീര്‍ച്ചയാണ്.  

2 comments: