ഒക്ടോബര്‍ ആദ്യം കേരളം വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകും. ശമ്പളത്തിനും പെന്‍ഷനുംമാത്രം വേണ്ടിവരുന്ന 2,500 കോടി രൂപ കണ്ടെത്തണമെങ്കില്‍ വായ്പയെടുത്തേ തീരൂ. പക്ഷേ, ഈ ധനകാര്യവര്‍ഷത്തിലെ മൂന്നാംപാദത്തില്‍ അനുവദനീയമായ കമ്പോളവായ്പ എടുക്കണമെങ്കില്‍ ഒക്ടോബര്‍ 14 വരെ കാത്തിരിക്കണം. സ്വാഭാവികമായും ഒക്ടോബര്‍ ആദ്യവാരം ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകും. ഓണക്കാലത്ത് 150 കോടിയായിരുന്നു ഓവര്‍ ഡ്രാഫ്‌റ്റെങ്കില്‍ ഇക്കുറി അത് 1,000 കോടി കടന്നേക്കും. ഇത്രയും വലിയ തുക അഞ്ചുദിവസത്തിലധികം കുടിശ്ശിക കിടന്നാല്‍ സര്‍ക്കാറുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ഏജന്‍സി ബാങ്കായ എസ്.ബി.ടി.യോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെടും. ട്രഷറി പൂട്ടിയിടുകയേ നിര്‍വാഹമുള്ളൂ.
എന്താണ് രക്ഷാമാര്‍ഗം? പൊതുമേഖലാ സ്ഥാപനങ്ങളുടെയും ക്ഷേമനിധി ബോര്‍ഡുകളുടെയുമെല്ലാം കൈയിലുള്ള പണം ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ ഇടാന്‍ ആവശ്യപ്പെടുക. ശരിക്കുപറഞ്ഞാല്‍ സര്‍ക്കാര്‍ ഇവരില്‍ നിന്ന് വായ്പയെടുക്കുകയാണ്. പക്ഷേ, ഔപചാരികമായി ഇവര്‍ സ്വമേധയാ പണം സര്‍ക്കാറിന്റെ പക്കല്‍ സൂക്ഷിക്കാന്‍ കൊടുക്കുക മാത്രമാണ്, അഥവാ ഡെപ്പോസിറ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഈ ന്യായംപറഞ്ഞ് നമുക്ക് വായ്പയെടുക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ഒഴിവാക്കാം. തത്കാലം പ്രതിസന്ധിയില്‍നിന്ന് കരകയറാം.
പക്ഷേ, ഇതത്ര എളുപ്പമല്ല. കാരണം, പണമെല്ലാം ഈ സര്‍ക്കാര്‍ ഏജന്‍സികള്‍ വാണിജ്യബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരിക്കയാണ്. അത് പെട്ടെന്ന് പിന്‍വലിക്കാനാവില്ല. ഓണക്കാലത്തും ഈ ശ്രമം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പക്ഷേ, ആകെ ട്രഷറിയിലെത്തിയത് 400 കോടി മാത്രമാണ്. ഇപ്പോള്‍ കൂടുതല്‍ തീവ്രമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിജയിച്ചാല്‍ ഒക്ടോബര്‍ ആദ്യവാരത്തെ പ്രതിസന്ധി ഒഴിവാക്കാം. പക്ഷേ, ഒക്ടോബറില്‍ രക്ഷപ്പെട്ടാലും മാര്‍ച്ചില്‍ ഇതേ അവസ്ഥ വീണ്ടുമുണ്ടാകും. ട്രഷറിക്ക് പൂട്ടുവീഴും. ഈ സ്ഥിതിവിശേഷം ഒഴിവാക്കാനാണ് രണ്ടും കല്‍പ്പിച്ച് നികുതികൂട്ടാന്‍ തുനിഞ്ഞിറങ്ങിയത്.
സര്‍ക്കാര്‍ സ്വയം വരുത്തിവെച്ച പ്രതിസന്ധിയാണിത്. യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തോടുചെയ്ത ഏറ്റവും വലിയ പാതകങ്ങളിലൊന്ന്, ആപത്ഘട്ടങ്ങളില്‍ സര്‍ക്കാറിന് താങ്ങായി മാറേണ്ട ട്രഷറി സേവിങ്‌സ് ബാങ്കിനെ തകര്‍ത്തതാണ്. ട്രഷറി സേവിങ്‌സ് ബാങ്കിനെ ആധുനികീകരിക്കാന്‍, കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. പെന്‍ഷനും ശമ്പളവുമെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കിയതും ട്രഷറി സേവിങ്‌സ് ബാങ്കിന്റെ സാധ്യതകളെ കൊട്ടിയടച്ചു. പലിശയുടെ ബാധ്യതയില്ലാതെ വര്‍ഷംതോറും ട്രഷറിയില്‍ കിടക്കേണ്ട രണ്ടായിരത്തോളം കോടി രൂപ അങ്ങനെ ബാങ്കുകളുടെ കീശയിലായി.
തീര്‍ന്നില്ല. സര്‍ക്കാര്‍ പണം ട്രഷറിയെ ഒഴിവാക്കി വാണിജ്യബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്എന്തിന് ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപോലുംഅനുവാദം നല്‍കി. അതൊക്കെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷേ, വൈകിപ്പോയി.
എന്താണീ ട്രഷറി സേവിങ്‌സ് ബാങ്ക്? കേരളത്തിനുമാത്രമുളള ഒരു അപൂര്‍വ സൗഭാഗ്യമാണത്. ഇന്ത്യയില്‍ ജമ്മു കശ്മീരിന് മാത്രമേ സ്വന്തമായൊരു ബാങ്കുള്ളൂജെ.കെ. ബാങ്ക്. കശ്മീരിന് പ്രത്യേക പദവിയാണല്ലോ. പക്ഷേ, നമുക്കുമാത്രമെങ്ങനെ ട്രഷറി സേവിങ്‌സ് ബാങ്കുണ്ടായി? തിരുവിതാംകൂര്‍ സര്‍ക്കാറിന് സ്വന്തമായി കസ്റ്റംസ് വകുപ്പും തപാല്‍ വകുപ്പുമൊക്കെ ഉണ്ടായിരുന്നതുപോലെ സമ്പാദ്യപ്രോത്സാഹനാര്‍ഥം ട്രഷറിയില്‍ ഒരു സേവിങ്‌സ് ബാങ്കും ഉണ്ടായിരുന്നു.
തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ട്രഷറി സേവിങ്‌സ് ബാങ്ക് ഒഴികെ മറ്റുള്ളവയെല്ലാം നിര്‍ത്തലാക്കി. ട്രഷറി സേവിങ്‌സ് ബാങ്ക് പൂട്ടിക്കാന്‍ എന്തുകൊണ്ടോ വിട്ടുപോയി. ഈ ബാങ്ക് പൂട്ടിക്കെട്ടണമെന്ന് റിസര്‍വ് ബാങ്ക് പിന്നീട് പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഒരു സര്‍ക്കാറും വഴങ്ങിയിട്ടില്ല. ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ നമുക്കുകിട്ടിയ അവകാശവും പൈതൃകവുമാണ് ട്രഷറി ബാങ്കെന്നാണ് നാം നല്‍കാറുള്ള മറുപടി.
ട്രഷറി സേവിങ്‌സ് ബാങ്കുകൊണ്ടുള്ള നേട്ടമെന്താണ്? പൗരന്മാര്‍ക്ക് അവരുടെ സമ്പാദ്യം ഇവിടെയും നിക്ഷേപിക്കാം. നിക്ഷേപകര്‍ ആവശ്യപ്പെടുമ്പോള്‍ ട്രഷറി അധികൃതര്‍ പണം മടക്കിനല്‍കും. പിന്‍വലിക്കാതെ കിടക്കുന്നിടത്തോളം ട്രഷറി സേവിങ്‌സ് ബാങ്കിലെ നിക്ഷേപം സര്‍ക്കാറിന് എടുത്തുപയോഗിക്കാം. മറ്റൊരര്‍ഥത്തില്‍, സര്‍ക്കാറിന്റെ വിഭവസമാഹരണത്തിന് ഒരുപാധിയാണ് ഈ സംവിധാനം.
അങ്ങനെ കേന്ദ്രസര്‍ക്കാറിന്റെ അനുവാദമില്ലാതെ നമുക്ക് പരോക്ഷമായി വായ്പയെടുക്കാനുള്ള ഒരു ഉപാധി ലഭിച്ചു. ഈ സൗകര്യം മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്കില്ല. അതുകൊണ്ടാണ് റിസര്‍വ് ബാങ്ക് നമ്മുടെ ട്രഷറി സേവിങ്‌സ് ബാങ്കിനെ എതിര്‍ക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാവുകയും സംസ്ഥാനങ്ങള്‍ക്ക് ധനഉത്തരവാദിത്വനിയമം കൂച്ചുവിലങ്ങാവുകയും ചെയ്ത സാഹചര്യത്തില്‍ ട്രഷറി സേവിങ്‌സ് ബാങ്കിന് വളരെ പ്രാധാന്യമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വതന്ത്രമായ ധനനയ രൂപവത്കരണത്തിന് ഒരു സുപ്രധാനമായ ഉപാധിയാണ് ട്രഷറി സേവിങ്‌സ് ബാങ്ക്.
ഓരോ വര്‍ഷവും ബജറ്റ് തയ്യാറാക്കുമ്പോള്‍ അടുത്ത വര്‍ഷം ട്രഷറി സേവിങ്‌സ് ബാങ്കില്‍ പുതുതായി എത്ര ഡെപ്പോസിറ്റുവരും എത്ര ഡെപ്പോസിറ്റുകള്‍ തിരിച്ചുകൊടുക്കേണ്ടിവരും എന്ന് കണക്കാക്കും. നിക്ഷേപത്തിലുണ്ടാകുന്ന അസല്‍ വര്‍ധന സര്‍ക്കാറിന്റെ പബ്ലിക് അക്കൗണ്ടിലുള്ള വരുമാനമായി ബജറ്റില്‍ വകയിരുത്തുകയും ചെയ്യും. ആകസ്മികമായ ധനഞെരുക്കം നേരിടുന്ന ഘട്ടങ്ങളില്‍ ട്രഷറി സേവിങ്‌സ് ബാങ്ക്്വഴി വായ്പയെടുത്ത് രക്ഷപ്പെടുകയും ചെയ്യാം.
ഇത് മുന്നില്‍ക്കണ്ടാണ് ട്രഷറി നവീകരണത്തിന് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിപുലമായ പരിപാടി ആവിഷ്‌കരിച്ചത്. ആദ്യം പൗരാവകാശരേഖ പ്രസിദ്ധീകരിച്ചു. ട്രഷറിയില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഓരോന്നും എത്ര സമയത്തിനുള്ളില്‍ ചെയ്തുകൊടുക്കുമെന്നതാണ് ഈ രേഖയുടെ ഉള്ളടക്കം.
ഇന്ന് കേരള സര്‍ക്കാര്‍ ചെയ്യുന്നതുപോലെ സംസ്ഥാനാടിസ്ഥാനത്തില്‍ ഏകീകൃതരൂപത്തിലുള്ള രേഖയായിരുന്നില്ല ട്രഷറി പൗരാവകാശരേഖ. ഓരോ ഓഫീസിലെയും സൗകര്യങ്ങള്‍ വിലയിരുത്തി അതത് ഓഫീസിലെ ജീവനക്കാര്‍ കൂട്ടായിട്ടാണ് ഓരോ ഓഫീസിലും പൗരാവകാശരേഖ തയ്യാറാക്കിയത്.
ഇപ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ട്രഷറികളിലും സോഷ്യല്‍ ഓഡിറ്റ് നടത്തി. രേഖാമൂലമുള്ള എല്ലാ പരാതികള്‍ക്കും അച്ചടിച്ച മറുപടി യോഗത്തില്‍ വിതരണംചെയ്തു. ഏതൊരു ട്രഷറി ഇടപാടുകാരനും യോഗത്തില്‍ പങ്കെടുക്കാനും സര്‍ക്കാറിന്റെ മറുപടി സംബന്ധിച്ച് അഭിപ്രായം പറയാനും അവകാശമുണ്ടായിരുന്നു. തര്‍ക്കമുണ്ടെങ്കില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പൗരപ്രമുഖരുടെ ജൂറിയുണ്ടായിരുന്നു. 79,000 പേര്‍ വിവിധ ട്രഷറികളില്‍നടന്ന സോഷ്യല്‍ ഓഡിറ്റ് യോഗങ്ങളില്‍ പങ്കെടുത്തു.
സോഷ്യല്‍ ഓഡിറ്റിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ട്രഷറി നവീകരണ പരിപാടിക്ക് ജൂറിമാരുടെ സംസ്ഥാനതല കണ്‍വെന്‍ഷനില്‍ രൂപരേഖ തയ്യാറാക്കി. ട്രഷറികളിലെ ഭൗതികസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 120 കോടി ചെലവുവരുന്ന ഒരു പദ്ധതിയുമുണ്ടാക്കി. 70 ട്രഷറികള്‍ക്ക് പുത്തന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും മറ്റുള്ളവ പുതുക്കാനും തീരുമാനിച്ചു. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ട് ട്രഷറി സേവിങ്‌സ് ബാങ്കില്‍ നിക്ഷേപം വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കെട്ടിലും മട്ടിലും ഏതൊരു ധനകാര്യസ്ഥാപനത്തെയും പോലെ ട്രഷറിയും മാറിയാലേ അതിന് കഴിയുകയുള്ളൂവെന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ തിരിച്ചറിഞ്ഞു.
ട്രഷറിയില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കി. എം.എല്‍.എ.മാര്‍ സമാഹരിക്കുന്ന നിക്ഷേപത്തിന് തുല്യമായ തുകയ്ക്ക് മരാമത്തുപണികള്‍ അനുവദിക്കാനുള്ള സ്‌കീം ആരംഭിച്ചു. മിച്ചമുള്ള പണം ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് എല്ലാ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എല്‍.ഡി.എഫ്. സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കി. ഏറ്റവും പ്രധാനപ്പെട്ട നടപടി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ടുവഴിയാക്കാന്‍ തീരുമാനിച്ചതാണ്. ശമ്പളത്തുക ഘട്ടംഘട്ടമായേ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കൂ. അതുവരെ അത്രയും പണം ട്രഷറിയില്‍ത്തന്നെ കിടക്കും. ഇതടക്കം വര്‍ഷാവസാനം ശരാശരി 20 ശതമാനമെങ്കിലും പണം ട്രഷറി അക്കൗണ്ടില്‍ ബാക്കിവരും. ഒരു പലിശയും നല്‍കാതെ 2,000 കോടി രൂപയെങ്കിലും കാഷ് ബാലന്‍സായി ട്രഷറിയില്‍ ലഭിക്കും. നാള്‍ക്കുനാള്‍ ഈ തുക വര്‍ധിച്ചുവരികയും ചെയ്യും.
പക്ഷേ, ബാങ്കിലെന്നപോലെ പണം സുഗമമായി പിന്‍വലിക്കാന്‍ കഴിയണം. അതിനാണ് ബാങ്കുകളുടെ എ.ടി.എമ്മുമായി ട്രഷറികളെ ബന്ധപ്പെടുത്താന്‍ ശ്രമിച്ചത്. പക്ഷേ, ഈ പദ്ധതിക്ക് കേരളത്തിലെ ബാങ്കുകള്‍ പാരവെച്ചു. റിസര്‍വ് ബാങ്കിന്റെ അനുമതിയും ലഭിച്ചില്ല. അങ്ങനെവന്നപ്പോഴാണ് പ്രമുഖ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വതന്ത്രമായ ട്രഷറി എ.ടി.എം. സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
പക്ഷേ, സര്‍ക്കാര്‍ മാറിയതോടെ എല്ലാ പദ്ധതികള്‍ക്കും ഫുള്‍സ്റ്റോപ്പ് വീണു. നവീകരണപദ്ധതി ഉപേക്ഷിക്കപ്പെട്ടു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ തീരുമാനിച്ചതോടെ ട്രഷറിയുടെ പതനം പൂര്‍ണമായി.
ട്രഷറിയെ തകര്‍ത്ത ചതി ആര്‍ക്കുവേണ്ടിയായിരുന്നു? പലതവണ നിയമസഭയില്‍ ഈ ചോദ്യം ഉന്നയിച്ചിട്ടും ഉത്തരമില്ല. ആരോടും ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം കേരളത്തിന്റെ ധനഭാവിക്കുമേല്‍ വീണ വലിയ കരിനിഴലാണ്. ഈ നിലയ്ക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ട്രഷറി സേവിങ്‌സ് ബാങ്ക് വേണ്ടെന്നുവെക്കാന്‍പോലും സര്‍ക്കാര്‍ മുതിര്‍ന്നേക്കാം.
ട്രഷറി സേവിങ്‌സ് ബാങ്കിനെയും പബ്ലിക് അക്കൗണ്ടിനെയും കേരള വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് മുന്‍ ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായിരുന്ന രവീന്ദ്രന്‍നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴിത് സെക്രട്ടേറിയറ്റിന്റെ ഏതോ മൂലയില്‍ പൊടിപിടിച്ച് കിടക്കുകയാണ്. ചുമതലപ്പെട്ടവര്‍ അതൊന്ന് എടുത്ത് വായിച്ചുനോക്കുന്നത് നല്ലതായിരിക്കും.