Sunday, June 22, 2014

റിലയന്‍സ് സ്റ്റേറ്റ്ബാങ്കിനെ വിഴുങ്ങുമോ




'റിലയന്‍സ് സ്‌റ്റേറ്റ് ബാങ്കിനെ വിഴുങ്ങുമോ' ഇതായിരുന്നു കഴിഞ്ഞദിവസത്തെ ഒരു ചാനല്‍ചര്‍ച്ചയുടെ വിഷയം. എന്റെ എതിരാളിയായ വിദ്വാന്റെ പരിഹാസം ഇങ്ങനെയായിരുന്നു ''ഞാന്‍ വന്നത് ചാനല്‍ ഔട്ട്‌സോഴ്‌സ്‌ചെയ്ത ഒരു കരാറുകാരന്റെ കാറിലാണ്. ആ കാറുകാരന്‍ ചാനലിനെ വിഴുങ്ങുമെന്ന് പറയുന്നത് എത്ര വിഡ്ഢിത്തമാണ്. അതുപോലൊന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില ഇടപാടുകളുടെ ഏജന്റായി നിശ്ചയിച്ചിരിക്കുന്ന റിലയന്‍സ്, ബാങ്കിനെ വിഴുങ്ങുമെന്ന് ആശങ്കപ്പെടുന്നത്''.

ബാങ്കുകളുടെ അടിസ്ഥാന ചുമതല നാട്ടുകാരുടെ സമ്പാദ്യം െഡപ്പോസിറ്റായി സ്വീകരിക്കുകയും അത് വായ്പയായി നല്‍കുകയുമാണ്. ഇതിനായി വിവിധതരം അക്കൗണ്ടുകള്‍ തുറക്കണം. ഇപ്പോള്‍ ബാങ്കുകളുടെ ചുമതലകള്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും ബാങ്കുവഴിയാക്കിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ചെറുകിട ഇടപാടുകള്‍ റിലയന്‍സ് നിശ്ചയിക്കുന്ന ഏജന്റുമാര്‍ക്കോ റിലയന്‍സ് ആരംഭിക്കുന്ന കിയോസ്‌കുകള്‍ (പെട്ടിക്കടകള്‍) വഴിയോ ആയിരിക്കും. ഇങ്ങനെ പ്രവൃത്തികള്‍ സബ് കോണ്‍ട്രാക്ട് ചെയ്താല്‍ ബാങ്കുകളുടെ ചെലവ് കുറയും. അതിലുപരി, ഇപ്പോള്‍ ബാങ്കിന്റെ ബ്രാഞ്ചില്ലാത്ത ഗ്രാമങ്ങളിലെ സാധാരണക്കാരെ ബാങ്ക് വലയത്തിലേക്ക് കൊണ്ടുവരാനുമാകും. ഈ ന്യായങ്ങള്‍ പറഞ്ഞാണ് 2006ല്‍ ബാങ്ക് സേവനങ്ങള്‍ സബ്‌കോണ്‍ട്രാക്ട് ചെയ്യുന്നതിനുള്ള നയം റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ചത്.

സബ് കോണ്‍ട്രാക്ട് എടുക്കുന്ന ഏജന്റുമാര്‍ക്ക്, ബിസിനസ് കറസ്‌പോണ്ടന്‍സ് എന്ന പേരാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. സാധാരണയായി ഓരോ ബ്രാഞ്ചുമാണ് സ്വയംസഹായ സംഘങ്ങള്‍, സന്നദ്ധസംഘടനകള്‍, വ്യാപാരശൃംഖലകള്‍, റിട്ടയര്‍ചെയ്ത അധ്യാപകര്‍ തുടങ്ങിയവരില്‍നിന്ന് ഇവരെ തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിവിധ ഗ്രാമങ്ങളില്‍ ഒറ്റയാള്‍ ബാങ്കിങ് കൗണ്ടറുകള്‍ ആരംഭിക്കാം. അല്ലെങ്കില്‍ ടൂറിങ് ഏജന്റുമാര്‍വഴി ബാങ്കിങ് ഇടപാടുകള്‍ നടത്താം. ഓരോ ദിവസവും നടന്ന ഇടപാടുകള്‍ ബാങ്ക് ബ്രാഞ്ചുകളുമായി ഇവര്‍ തീര്‍പ്പാക്കണം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാവട്ടെ ഇന്ത്യയില്‍ മുഴുവന്‍ ബാങ്കിങ് കറസ്‌പോണ്ടന്റുകളെ നിശ്ചയിക്കുന്നതിനും അവരുടെ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടംവഹിക്കുന്നതിനും റിലയന്‍സുമായി കരാറുണ്ടാക്കിയിരിക്കയാണ്. ബാങ്കിന്റെ ചില ഇടപാടുകള്‍ റിലയന്‍സിന് ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുക മാത്രമാണ്. ഇതില്‍ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇതായിരുന്നു ആദ്യം സൂചിപ്പിച്ച വിദ്വാന്റെ വാദം.

മേല്‍പ്പറഞ്ഞ വാദത്തിന് ഞാന്‍ നല്‍കിയ മറുപടി ഇതായിരുന്നു ''നിങ്ങള്‍ ചാനലിലേക്ക് വന്ന ടാക്‌സി ഏതോ കരാറുകാരന്റേതാണ്. ഇവിടേക്ക് കയറിവന്നപ്പോള്‍ സല്യൂട്ട്തന്ന സെക്യൂരിറ്റിയും മറ്റൊരു കരാറുകാരന്‍ ഏര്‍പ്പെടുത്തിയതാണ്. ഇതിനോടൊന്നും എനിക്ക് എതിര്‍പ്പില്ല. പക്ഷേ, ടെലിവിഷന്‍ ചാനലിലെ എല്ലാ പ്രധാന പരിപാടികളും തയ്യാറാക്കാന്‍ മറ്റൊരു കമ്പനിക്ക് കരാര്‍ കൊടുത്താലോ? അതും മറ്റൊരു ചാനല്‍ തുടങ്ങാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന കമ്പനിക്കാണെങ്കില്‍? ചാനലിനെ മൊത്തക്കരാറുകാരന്‍ വിഴുങ്ങുമോയെന്ന് ആശങ്കപ്പെടുകതന്നെ വേണം''

റിലയന്‍സ് ചില്ലറക്കാരല്ലല്ലോ. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പാണ്. അവരെന്തിന് ഈ നക്കാപ്പിച്ച ഏര്‍പ്പാടിന് പോകണം. റിലയന്‍സ് ക്യാപ്പിറ്റലിന്റെ ഡയറക്ടറായ വിക്രാന്തിന്റെ പ്രസ്താവനപ്രകാരം ഒരു ബിസിനസ് കറസ്‌പോണ്ടന്റ് ശരാശരി 650 ഇടപാടുകളാണ് ഒരു മാസം നടത്തുന്നത്. ഒരു ഇടപാടിന് ശരാശരി 20 രൂപയേ കമ്മീഷനായി റിലയന്‍സിന് കിട്ടൂ. ഇങ്ങനെ ഇപ്പോഴുള്ള 500 പേരില്‍നിന്നുള്ള മൊത്തവരുമാനം 7.8 കോടി രൂപമാത്രമാണ്. ഇനി ഏതാനും വര്‍ഷംകൊണ്ട് റിലയന്‍സ് ഒരു ലക്ഷം ബിസിനസ് കറസ്‌പോണ്ടന്റുകളെ നിയമിച്ചു എന്നിരിക്കട്ടെ, 1,560 കോടി രൂപയായിരിക്കും വിറ്റുവരവ്. ബിസിനസ് കറസ്‌പോണ്ടന്റുമാരുടെ കമ്മീഷനും മറ്റ് ചെലവുകളും കഴിച്ചാല്‍ റിലയന്‍സിന് ലഭിക്കുന്ന നേട്ടം തുച്ഛമായിരിക്കും. റിലയന്‍സിനെപ്പോലൊരു ഭീമന്‍ കുത്തക അപ്പോള്‍ എന്തിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ് കോണ്‍ട്രാക്ടറാകണം?

റിലയന്‍സിന്റെ യഥാര്‍ഥലക്ഷ്യം എന്താണ്? റിലയന്‍സിന് സ്വന്തമായി ഒരു ബാങ്ക് തുടങ്ങണം എന്ന മോഹമുദിച്ചിട്ട് കുറച്ച് നാളുകളായി. എന്നാല്‍, സമീപകാലംവരെ കോര്‍പ്പറേറ്റുകള്‍ ബാങ്ക് ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് എതിരായിരുന്നു. അമേരിക്കപോലും ഇതിന് അനുവാദം നല്‍കാറില്ല. നാട്ടുകാരുടെ സമ്പാദ്യം നിക്ഷേപകന്‍കൂടിയായ കോര്‍പ്പറേറ്റ് സ്ഥാപനം ദുരുപയോഗപ്പെടുത്തും എന്ന ആശങ്കയാണ് ഇതിന് കാരണം. എന്നാല്‍, കോര്‍പ്പറേറ്റുകള്‍ക്കടക്കം പുതിയ ബാങ്കുകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുമെന്ന് പ്രണബ് മുഖര്‍ജി തന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചു. ആദ്യമൊക്കെ റിസര്‍വ് ബാങ്ക് എതിര്‍ത്തു. പക്ഷേ, ഇപ്പോള്‍ റിസര്‍വ് ബാങ്കും വഴങ്ങിയിരിക്കയാണ്.

റിലയന്‍സ് ബാങ്ക് ആരംഭിക്കുന്നതിനുള്ള അപേക്ഷ കൊടുത്തിട്ട് വര്‍ഷം മൂന്നായെങ്കിലും മേല്‍പ്പറഞ്ഞ തര്‍ക്കംകൊണ്ട് ഇതുവരെ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ക്ക് ബാങ്ക് തുടങ്ങാന്‍ അനുവാദം കിട്ടുമെന്ന് റിലയന്‍സിനറിയാം. ഇന്ത്യയുടെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ കീഴ്ത്തട്ടിലെ ഇടപാടുകള്‍ക്കും ഏജന്റായി പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയ കാലംകൊണ്ട് ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ പരിചയം നേടാമെന്നാണ് റിലയന്‍സ് ചിന്തിക്കുന്നത്. റിലയന്‍സ് സ്വന്തമായി ബാങ്ക് തുടങ്ങുമ്പോള്‍ ഈ ബന്ധങ്ങളെല്ലാം അവരുടേതുമാക്കാം.
ഇപ്പോള്‍ റിലയന്‍സിന്റെ ഉന്നം മേല്‍പ്പറഞ്ഞതിനും അപ്പുറത്താണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിന് ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ ബാങ്കിന്റെ അഖിലേന്ത്യാ ഏജന്റായ റിലയന്‍സിന് സ്വാഭാവികമായി മുന്‍കൈ നേടാനാകും. അതെ, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം ഇന്ത്യാ സര്‍ക്കാറിന്റെ അജന്‍ഡയില്‍ വന്നുകഴിഞ്ഞു.

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച പി.ജെ.നായ്ക്ക് കമ്മിറ്റി ഇതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞു 'ബാങ്കുകളുടെ നേരിട്ടുള്ള നടത്തിപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. ഇതിന് ഏറ്റവുംനല്ല വഴി ഉടമസ്ഥതയില്‍ മാറ്റംവരുത്തുകയാണ്. ഈ ലക്ഷ്യത്തിനായി 1970ലെയും 1980ലെയും ബാങ്ക് ദേശസാത്കരണ നിയമവും 1955ലെ എസ്.ബി.ഐ. നിയമവും എസ്.ബി.ഐ. (സബ്‌സിഡിയറി ബാങ്ക്) നിയമവും പിന്‍വലിക്കണം. എല്ലാ ബാങ്കുകളെയും കമ്പനിനിയമത്തിന്റെ കീഴില്‍ പുനഃസംഘടിപ്പിക്കണം. തുടക്കമെന്നനിലയില്‍ സര്‍ക്കാറിന്റെ ഷെയറുകളെല്ലാം ഒരു ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിക്ക് കൈമാറണം.' ബാങ്കുകളുടെ 50 ശതമാനത്തിലേറെ ഓഹരികളും സ്വകാര്യമേഖലയിലാക്കുന്നതില്‍ തെറ്റില്ലെന്ന് റിസര്‍വ് ബാങ്കും പറഞ്ഞുകഴിഞ്ഞു.

ഇത്തരമൊരു കടുത്ത തീരുമാനമെടുക്കുന്നതിന് പി.ജെ. നായ്ക്ക് കമ്മിറ്റി പറഞ്ഞ ന്യായമെന്താണ്? പുത്തന്‍തലമുറ ബാങ്കുകളുടെ ലാഭനിരക്ക് സ്‌റ്റേറ്റ് ബാങ്കിന്റെ മൂന്നുമടങ്ങ് വരുംപോലും. കമ്മിറ്റി നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ച എനിക്ക് വളരെ വിചിത്രമായ ഒരു പ്രവണതയാണ് കാണാന്‍ കഴിഞ്ഞത്. 2007ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പുത്തന്‍ തലമുറ ബാങ്കുകളുടെയും ലാഭം മൊത്തം ആസ്തിയുടെ 0.8 ശതമാനമായിരുന്നു. എന്നാല്‍, 2013 ആയപ്പോഴേക്കും സ്‌റ്റേറ്റ് ബാങ്കിന്റെ ലാഭനിരക്ക് 0.4 ശതമാനമായി താഴ്ന്നു. പുത്തന്‍ തലമുറ ബാങ്കുകളുടേതാവട്ടെ, 1.5 ശതമാനമായി ഉയരുകയും ചെയ്തു. എന്താണ് ഈ മേല്‍കീഴ് മറിച്ചിലിന് കാരണം?

2007നുശേഷം നടന്ന ഏറ്റവും വലിയ സംഭവവികാസം ആഗോള സാമ്പത്തികമാന്ദ്യമാണ്. ഈ സാമ്പത്തികമാന്ദ്യം പൊതുമേഖലാ ബാങ്കുകളെയാണ് പ്രതികൂലമായി ബാധിച്ചത്. എന്തുകൊണ്ടെന്ന് പരിശോധിക്കുമ്പോഴാണ് പൊതുമേഖലാ ബാങ്കുകളുടെ നഷ്ടത്തില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ പങ്ക് വ്യക്തമാകുക. സാമ്പത്തികമാന്ദ്യത്തിന് പ്രതിവിധിയായി പി.പി.പി. റൂട്ടിലൂടെ ഒട്ടേറെ ഭീമന്‍ റോഡ്, പോര്‍ട്ട്, വിമാനത്താവളം തുടങ്ങിയ പശ്ചാത്തല പ്രോജക്ടുകള്‍ക്ക് ഇന്ത്യാ സര്‍ക്കാര്‍ അനുവാദം നല്‍കി.

സാധാരണഗതിയില്‍ ദശാബ്ദങ്ങള്‍കൊണ്ടുമാത്രം തിരിച്ചടവ് സാധ്യമാകുന്ന ഇത്തരം ഭീമന്‍ പ്രോജക്ടുകള്‍ക്ക് വാണിജ്യബാങ്കുകള്‍ വായ്പ നല്‍കാറില്ല. ഒന്നോ രണ്ടോ മൂന്നോ വര്‍ഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റുകളാണല്ലോ വാണിജ്യബാങ്കുകള്‍ സ്വീകരിക്കുന്നത്. ഈ പണമെടുത്ത് ഇരുപതും മുപ്പതും വര്‍ഷ കാലയളവിലേക്ക് വായ്പയായി നല്‍കിയാല്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാകും. എന്നാല്‍, സര്‍ക്കാറിന്റെ നിര്‍ബന്ധംമൂലം എല്ലാ പൊതുമേഖലാ ബാങ്കുകളും വാരിക്കോരി വായ്പ നല്‍കി. പുത്തന്‍തലമുറ ബാങ്കുകളാവട്ടെ നല്‍കിയതുമില്ല. മാന്ദ്യം രൂക്ഷമായപ്പോള്‍ ഈ പദ്ധതികളെല്ലാം സ്തംഭനത്തിലായി.

ഈ ഭീമന്‍ വായ്പയില്‍ നല്ലപങ്കും കിട്ടാക്കടമാണ്. ഗണ്യമായ ഒരു പങ്ക് വായ്പകള്‍ പുതിയ വായ്പകളായി പുനഃക്രമീകരിച്ചിട്ടും ബാങ്കുകളുടെ നിഷ്‌ക്രിയആസ്തികള്‍ പെരുകി. സ്‌റ്റേറ്റ് ബാങ്കിന്റെ മൊത്തം വായ്പയിലെ 6.2 ശതമാനം ഇപ്പോള്‍ നിഷ്‌ക്രിയ ആസ്തികളാണ്. അതേസമയം, പുത്തന്‍ തലമുറ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ 1.9 ശതമാനമേ വരൂ. സ്‌റ്റേറ്റ് ബാങ്കിന്റെ നികുതിക്കുമുമ്പുള്ള ലാഭം 12,000 കോടി രൂപ മാത്രമാണ്. അതേസമയം, 32,000 കോടി രൂപ കിട്ടാക്കടങ്ങളുടെ നഷ്ടം നികത്താന്‍ നീക്കിവെക്കേണ്ടിവന്നു. പുത്തന്‍ തലമുറ ബാങ്കുകളുടെ ലാഭം 28,000 കോടി രൂപയാണ്. അവര്‍ക്ക് കിട്ടാക്കടം നികത്തുന്നതിനായി 10,000 കോടിയേ മാറ്റിവെക്കേണ്ടിവന്നുള്ളൂ.

സ്‌റ്റേറ്റ് ബാങ്കിന്റെ കിട്ടാക്കടത്തിന്റെ സിംഹഭാഗവും കോര്‍പ്പറേറ്റുകളുടേതാണ്. ഇതേ കോര്‍പ്പറേറ്റുകള്‍തന്നെ കാര്യക്ഷമതയുടെ പേരുപറഞ്ഞ് സ്‌റ്റേറ്റ് ബാങ്കിനെ ഏറ്റെടുക്കുന്നത് വിധി വൈപരീത്യംതന്നെ. ഇനി നിങ്ങള്‍ പറയൂ, സ്‌റ്റേറ്റ് ബാങ്കിനെ റിലയന്‍സ് വിഴുങ്ങിയേക്കാം എന്നുള്ള സന്ദേഹം മഠയത്തരമാണോ?

1 comment:

  1. റിലയന്‍സ് ആയതുകൊണ്ട് എനിയ്ക്കിതില്‍ തെല്ലും സംശയമില്ല. സമീപഭാവിയില്‍ത്തന്നെ സംഭവിക്കാവുന്ന ഒരു അപകടം!

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...