About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Sunday, June 22, 2014

പ്രതിരോധ മേഖല വിദേശികള്‍ക്ക് തീറെഴുതുന്ന മോഡി

 • പ്രതിരോധ മേഖല വിദേശികള്‍ക്ക് തീറെഴുതുന്ന മോഡി
  ഡോ. ടി എം തോമസ് ഐസക്
 • ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന വിശ്രുത ധനകാര്യ പത്രം വര്‍ഷം തോറും ഏറ്റവും വിദേശ നിക്ഷപ സൗഹൃദം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. "എഫ്.ഡി.ഐ പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍" എന്നാണ് അവാര്‍ഡിന്റെ പേര്. 2009 ലെ അവാര്‍ഡ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കായിരുന്നു. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയതിന്റെ കാരണവും അവര്‍ വ്യക്തമാക്കിയിരുന്നു: ആ വര്‍ഷം 280 കോടി ഡോളര്‍ വിദേശ നിക്ഷേപം ആണ് ഗുജറാത്തിലേക്ക് ഒഴുകിയെത്തിയത്.

  ഇന്ത്യയിലെ പ്രത്യക്ഷ വിദേശ മൂലധനവരവിന്റെ 10.3 ശതമാനം ഗുജറാത്തിന്റേതായിരുന്നു. ഇതിന് വഴിയൊരുക്കിയത് മോഡിയുടെ നിശ്ചയദാര്‍ഢ്യമായിരുന്നു. പക്ഷേ മോഡിയുടെ ആഘോഷം അധിക നാള്‍ നീണ്ടില്ല. 2002 ലെ ഗുജറാത്ത് വംശഹത്യയുടെ കൂട്ടാളിയും സൂത്രധാരകനുമാണ് മോഡി എന്ന ആക്ഷേപവും പ്രതിഷേധവും ലോകമെമ്പാടും ഉയര്‍ന്നു വന്നു. അക്കാദമിക് പണ്ഡിതന്‍മാരും പത്രപ്രവര്‍ത്തകരും ചില ഭരണകര്‍ത്താക്കള്‍ തന്നെയും ഇത്തരം ഒരു വ്യക്തിയെ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. അവസാനം ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന് അവാര്‍ഡ് പിന്‍വലിക്കേണ്ടി വന്നു.

  പക്ഷേ േ മാഡി അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനത്തിന് ഇന്ത്യയില്‍ ഏറ്റവും പ്രിയപ്പെട്ട നേതാവായി തുടര്‍ന്നു. മോഡി മാജിക്ക്? മോഡി പ്രധാനമന്ത്രിയാകും എന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചന നല്‍കിയ നാള്‍മുതല്‍ ഇന്ത്യയിലെ ഓഹരി വിപണി ഉത്സാഹ തിമിര്‍പ്പിലാണ്. 2014 ഫെബ്രുവരി ആദ്യം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരിവിലസൂചിക 20000 ആയിരുന്നത് ഇന്ന് 25000 ആയി ഉയര്‍ന്നിരിക്കുന്നു. ഏതാണ്ട് ഇരുപത്തിഅഞ്ചു ശതമാനത്തിന്റെ വളര്‍ച്ചയാണ് നാലു മാസം കൊണ്ട് ഓഹരിവിലകള്‍ കൈവരിച്ചത്.

  എന്നാല്‍ അതേ സമയം സമ്പദ്ഘടനയിലെ മുരടിപ്പ് രൂക്ഷമായി തുടരുകയാണ്. ഓഹരി വിപണിയില്‍ ഏറ്റവും വലിയ കുതിപ്പ് ഉണ്ടായ ദിവസമാണ് വ്യവസായ തകര്‍ച്ചയുടെ കണക്ക് പുറത്തുവന്നത്. മൂന്ന് പതിറ്റാണ്ടിലാദ്യമായി വാര്‍ഷിക വ്യവസായ ഉത്പാദനം കേവലമായി കുറഞ്ഞു. 2013-14 ലെ ദേശീയ വരുമാന വളര്‍ച്ച 4.7 ശതമാനം മാത്രമാണ്. മാന്ദ്യകാലത്ത് ഓഹരി വിലകള്‍ ഉയരുന്നത് ഒരു അപൂര്‍വ പ്രതിഭാസമാണ്. ഇതു മോഡി മാജിക്കാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ അവകാശവാദം.

  വിമര്‍ശകരാകട്ടെ, കോര്‍പറേറ്റുകളും മോഡിയും തമ്മിലുളള ബന്ധത്തിന്റെ തെളിവായിട്ടാണ് ഈ പ്രതിഭാസത്തെ കാണുന്നത്. കോര്‍പറേറ്റുകള്‍ ആഗ്രഹിക്കുന്ന സാമ്പത്തികപരിഷ്കാരങ്ങള്‍ വേണ്ടത്ര വേഗതയില്‍ നടപ്പാക്കുന്നതിനു കോണ്‍ഗ്രസിനു കഴിഞ്ഞില്ല. സഖ്യകക്ഷികളെയോ പ്രതിപക്ഷത്തെയോ ആശ്രയിക്കാതെ അതിവേഗത്തില്‍ ഇവ മോഡി നടപ്പാക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് മാന്ദ്യകാലത്തും ഓഹരികള്‍ അവര്‍ വാങ്ങിക്കൂട്ടുന്നത്. മോഡിയുടെ വരവ് രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തെ മെച്ചപ്പെടുത്തി എന്നാണ് മോഡി ആരാധകര്‍ പറയുന്നത്.

  ആരാണ് ഈ നിക്ഷേപകര്‍? ഇവരെ മൂന്നായി തിരിക്കാം. (1) വിദേശ നിക്ഷേപകര്‍ (ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ്) (2), എല്‍.ഐ.സി, മ്യൂച്വല്‍ ഫണ്ടുകള്‍, കോര്‍പറേറ്റുകള്‍ തുടങ്ങിയ ദേശീയ നിക്ഷേപങ്ങള്‍ (3) ചെറിയതോതില്‍ രൊക്കം പണം കൊടുത്ത് ഓഹരികള്‍ വാങ്ങുന്ന ചില്ലറ നിക്ഷേപകര്‍ (റീട്ടെയില്‍ നിക്ഷേപകര്‍). ഇവരില്‍ വിദേശ നിക്ഷേപകരാണ്് ഇന്നത്തെ ഓഹരിവിപണിയുടെ മുഖ്യശക്തി. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ടതിനുശേഷം ഒരു ലക്ഷം കോടി രൂപയിലേറെയാണ് ഇവര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്.

  അതേ സമയം ചില്ലറ നിക്ഷേപകര്‍ ഇന്നും ഓഹരി വിപണിയില്‍ ഉണര്‍ന്നിട്ടില്ല. 2013 ല്‍ ഓഹരി വിപണിയില്‍ തകര്‍ച്ചയുണ്ടായപ്പോള്‍ ഇവരുടെ കൈപൊള്ളി. ഇപ്പോഴും ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ പോലെയാണിവര്‍. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മോഡിക്ക് നല്‍കിയിരിക്കുന്ന പുതിയ അവാര്‍ഡാണ് ഓഹരി വിപണിയിലെ വോട്ടെടുപ്പിന്റെ ഫലം. മുരടിപ്പ് മാറുമോ ?

  ഓഹരിവിലയിലെ കുതിപ്പ് രണ്ടുവിധത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകുമെന്നാണ് കരുതപ്പെടുന്നത്. ഒന്ന്, ഓഹരി ഉടമസ്ഥരുടെ സമ്പത്തില്‍ 25 ശതമാനം വര്‍ദ്ധനയാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. സമ്പത്തു കൂടുമ്പോള്‍ ഉപഭോഗവും കൂടും. ഇതു വ്യവസായ ഉല്‍പാദനത്തിനു പ്രചോദനമാകും. രണ്ട്, നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുന്നതിനാല്‍ മുതലാളിമാര്‍ കൂടുതല്‍ മുതല്‍മുടക്കും.

  അവരുടെ ഓഹരി മൂലധനത്തിന്റെ മൂല്യം ഉയരുന്നതു മൂലം കൂടുതല്‍ എളുപ്പത്തില്‍ വായ്പകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ അവര്‍ക്കു കഴിയും. നിക്ഷേപവര്‍ധന സാമ്പത്തിക മാന്ദ്യം അകറ്റും. ഈ വാദങ്ങള്‍ക്കു മറുപടി ഇപ്രകാരമാണ്: ഒന്ന്, ഓഹരിവിലയിലെ വര്‍ധനയുടെ നേട്ടം തീരെ ചെറു വിഭാഗത്തിനു മാത്രമാണ്. അതുകൊണ്ട് ഉപഭോഗകമ്പോളത്തില്‍ ഒരു അനക്കവും ഉണ്ടാകാന്‍ പോകുന്നില്ല. രണ്ട്, മുതല്‍മുടക്കാന്‍ ആഗ്രഹം വന്നാലും കമ്പനികളുടെ കൈയില്‍ അതിനു പണമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഉദാരമായി പണം ലഭ്യമായ കാലത്ത് ഇവര്‍ വലിയതോതില്‍ വായ്പ വാങ്ങിക്കൂട്ടി.

  മാന്ദ്യകാലത്തുപോലും പലിശ കുറയാത്തതുകൊണ്ട് കമ്പനികള്‍ക്കു കടഭാരം താങ്ങാന്‍ പറ്റാതായി. തങ്ങളുടെ അത്ര ലാഭകരമല്ലാത്ത ഉപകമ്പനികളും സ്വത്തുമെല്ലാം വിറ്റ് കടഭാരം കുറയ്ക്കാന്‍ കഴിഞ്ഞെ ഒരു വര്‍ഷമായി അവര്‍ ശ്രമിക്കുകയാണ്. ഈ നീക്കം വേണ്ടത്ര ഫലവത്തായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെട്ടാലും വ്യവസായ പശ്ചാത്തലസൗകര്യ നിക്ഷേപം ഉടനെ കൂടാനിടയില്ല. കൈയില്‍ കാശില്ലെങ്കില്‍ ബാങ്കില്‍ നിന്നു കമ്പനികള്‍ കൂടുതല്‍ വായ്പയെടുത്താല്‍ പോരേ എന്ന ചോദ്യം പ്രസക്തമാണ്.

  പക്ഷേ, ബാങ്കുകളും ബുദ്ധിമുട്ടിലാണ്. സാമ്പത്തികമാന്ദ്യകാലത്ത് കോര്‍പറേറ്റുകള്‍ പലിശയും മുതലും തിരിച്ചടയ്ക്കുന്നതില്‍ വലിയതോതില്‍ വീഴ്ച വരുത്തി. തന്മൂലം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളായി കോര്‍പറേറ്റ് വായ്പകളെ പ്രഖ്യാപിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി അവരുടെ വായ്പകള്‍ റീ ഷെഡ്യൂള്‍ ചെയ്യുന്നതിന് പ്രത്യേക സ്കീമുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ കണക്കിന്റെ കസര്‍ത്തിലൂടെ മൂടിവെച്ചിരിക്കുന്ന കിട്ടാക്കടങ്ങളും ബാങ്ക് സഹിക്കേണ്ടി വരുന്ന നഷ്ടവും കൂടി കണക്കാക്കുമ്പോഴേ ബാങ്കുകള്‍ ഇന്നഭിമുഖീകരിക്കുന്ന അപകടനിലയുടെ പൂര്‍ണചിത്രം വ്യക്തമാകൂ.

  അതുകൊണ്ട് പണ്ടത്തെപ്പോലെ ഭീമന്‍ വായ്പകള്‍ തരപ്പെടുത്തുക കോര്‍പറേറ്റുകള്‍ക്ക് അത്ര എളുപ്പമായിരിക്കുകയില്ല. വിദേശ ബാങ്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുളളൂ. വിദേശബാങ്കുകളാകട്ടെ ഇന്ത്യയിലെ ബാങ്കിംഗ് നിയമങ്ങളും ചിട്ടകളും അടിമുടി മാറ്റണമെന്ന വാശിയിലുമാണ്. ഈ പശ്ചാത്തലത്തില്‍ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ വലിയ തോതില്‍ സര്‍ക്കാര്‍ സമ്പദ്ഘടനയില്‍ ഇടപെടണം എന്നാണ് വിദഗ്ധര്‍ പറയുക.

  എന്നാല്‍ ഇത്തരം ഒരു മാര്‍ഗം മോഡിക്കുമുന്നിലില്ല. കാരണം കേന്ദ്രസര്‍ക്കാര്‍ വലിയ ധനകാര്യ പ്രതിസന്ധിയിലാണ്. കണക്കുകളുടെ കസര്‍ത്തിലൂടെയാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ചിദംബരം ധനക്കമ്മി 4.5 ശതമാനമായി കുറച്ചത്. യഥാര്‍ത്ഥ ധനക്കമ്മി ഇതിനേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്. സാമ്പത്തിക അച്ചടക്കത്തിന്റെ ഏറ്റവും നല്ല സൂചികയായിട്ടാണ് ധനക്കമ്മിയെ കാണുന്നത്. ധനക്കമ്മി ഉയര്‍ന്നാല്‍ അവര്‍ പിണങ്ങും. അതുകൊണ്ട് സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിക്ഷേപം ഗണ്യമായി ഉയര്‍ത്താന്‍ മോഡിക്ക് കഴിയില്ല. അപ്പോള്‍ പിന്നെ എന്താണ് മാര്‍ഗം?

  ഇന്ത്യയിലെ ഉത്പാദന മേഖലയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപത്തെ ആകര്‍ഷിക്കുക മാത്രമാണ് പോംവഴി. ഇപ്പോള്‍ വിദേശ നിക്ഷേപം ഉത്പാദന മേഖലകളിലേക്കല്ല ഓഹരി വിപണിയിലേക്കാണ് ഒഴുകുന്നത്. ഓഹരി വിപണിയിലേക്കുള്ള നിക്ഷേപത്തെ പോര്‍ട്ട്ഫോളിയോ നിക്ഷേപം എന്നും ഉത്പാദന മേഖലകളിലേക്കുള്ള നിക്ഷേപത്തെ പ്രത്യക്ഷ മൂലധന നിക്ഷേപമെന്നും (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് അഥവാ എഫ്.ഡി.ഐ) വിളിക്കുന്നു. എഫ്.ഡി.ഐ യെ ആകര്‍ഷിക്കാന്‍ എന്ത് വിലയും നല്‍കാന്‍ മോഡി തയ്യാറാണ്.

  തീവ്ര ദേശീയവാദിയായ മോഡിക്ക് തന്റെ വിദേശ മൂലധന പ്രതിബദ്ധത തെളിയിക്കാന്‍ പ്രതിരോധ വ്യവസായ മേഖലയെ അടിയറവയ്ക്കുന്നതിനേ ക്കാള്‍ മറ്റെന്താണ് കാണിക്കവയ്ക്കാന്‍ കഴിയുക? വിദേശ പ്രീണന കുറിപ്പിന് ശാപമോക്ഷം കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് 2001-ലാണ് പ്രതിരോധ വ്യവസായ മേഖലയില്‍ സ്വകാര്യ നിക്ഷേപം ആദ്യമായി അനുവദിച്ചത്. പക്ഷേ വിദേശ മൂലധനനിക്ഷേപത്തിന് 26 ശതമാനം പരിധി ഉണ്ടായിരുന്നു. ഇതുതന്നെ മുന്‍കൂര്‍ അനുവാദം ഉണ്ടെങ്കിലേ അനുവദിച്ചിരുന്നുള്ളു. ഈ നിയന്ത്രണത്തിനുള്ളില്‍ ഒരു വിദേശ മുതലാളിയും ഇന്ത്യയില്‍ നിക്ഷേപത്തിന് തയ്യാറായില്ല എന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന് തുറന്ന് സമ്മതിക്കേണ്ടി വന്നു.

  പിന്നീടുള്ള ഒരു ദശാബ്ദക്കാലത്തിനിടയിലും വലിയ വ്യത്യാസം ഉണ്ടായില്ല. ആകെ വന്നത് 50 ലക്ഷം ഡോളര്‍ മാത്രമാണ്. ഈ പശ്ചാത്തലത്തിലാണ് 2010 ല്‍ ആനന്ദ് ശര്‍മ്മ വാണിജ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി 75 ശതമാനമായി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിപ്പിക്കുന്നതില്‍ ശര്‍മ്മ വിജയിച്ചു. പക്ഷേ പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെ പ്രതിരോധ മന്ത്രാലയം നഖശിഖാന്തം എതിര്‍ത്തു.

  2013 ല്‍ ശര്‍മ്മ വീണ്ടും പുതിയൊരു നിര്‍ദ്ദേശവുമായി രംഗത്തിറങ്ങി. വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്താം. ഇതും പ്രതിരോധ മന്ത്രാലയം വെടിവെച്ചു വീഴ്ത്തി. അനാഥ പ്രേതം പോലെ അധികാരത്തിന്റെ ഇടനാഴികളില്‍ അലഞ്ഞു നടന്ന ഈ കുറിപ്പിന് ശാപമോക്ഷം കിട്ടിയത് മോഡി പ്രധാനമന്ത്രിയായപ്പോഴാണ്. അധികാരത്തിലേറിയ നരേന്ദ്ര മോഡിയുടെ മുന്നില്‍ പരിഗണനയ്ക്ക് എത്തിയ ആദ്യ വിഷയങ്ങളില്‍ ഒന്ന് പ്രതിരോധ വികസന മേഖല പൂര്‍ണമായി വിദേശ നിക്ഷേപകര്‍ക്ക് തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച വിശദമായ ഒരു കുറിപ്പാണ്.

  2010 ല്‍ ആനന്ദ് ശര്‍മ്മയുടെ വീട്ടില്‍ വെച്ച് വാണിജ്യ മന്ത്രാലയം മുന്നോട്ടുവെച്ച ആശയങ്ങള്‍ ആയിരുന്നു ഈ കുറിപ്പില്‍ അടങ്ങിയിരുന്നത്. പ്രതിരോധ മന്ത്രിയുടെ അധിക ചുമതല ധനമന്ത്രിക്ക് മോഡി നല്‍കിയപ്പോള്‍ തന്നെ ഇംഗിതം വ്യക്തമായിരുന്നു. എ കെ ആന്റണിയുടെ കാലത്ത് എന്ന പോലെ പ്രതിരോധ മന്ത്രാലയം പ്രതിഷേധവുമായി രംഗത്ത് വരരുത് എന്നതാണ് ഈ നീക്കത്തിന്റെ പിന്നില്‍ എന്നിപ്പോള്‍ വ്യക്തമായി. ഭാവി ഇന്ത്യയെക്കുറിച്ചുള്ള മോഡിയുടെ പരിപ്രേക്ഷ്യത്തില്‍ എത്ര പ്രധാനമാണ് പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം എന്നത് ജയ്റ്റ്ലിക്ക് ധനകാര്യത്തോടൊപ്പം പ്രതിരോധവും നല്‍കിയതില്‍ നിന്ന് വ്യക്തമാണ്.

  വിദേശ മൂലധനത്തിനുള്ള വക്കാലത്ത് വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള വാദങ്ങളും മറുവാദങ്ങളും താഴെ കൊടുക്കുന്നു. 1. വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ വിദേശ നിക്ഷേപം വരില്ല. വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നത് കാലഹരണപ്പെട്ട വീക്ഷണമാണ്.

  വിദേശ നിക്ഷേപത്തെ നമ്മള്‍ പാടെ തിരസ്കരിക്കുന്നില്ല. വ്യവസായ ഉത്പാദനമേഖലകളില്‍ വിദേശ സാങ്കേതിക സഹകരണവും നിക്ഷേപവും അനിവാര്യമാണ്. പക്ഷേ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന പ്രതിരോധ വ്യവസായ മേഖല മറ്റുപലതില്‍ ഒന്നായി കരുതാനാവില്ല. ഇത് പോലെ തന്നെ ടെലകോം, ബാങ്ക്, ഇന്‍ഷ്യുറന്‍സ് തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപത്തെ പാര്‍ട്ടി എതിര്‍ക്കുന്നു.

  പ്രതിരോധ മേഖല തുറന്ന് കൊടുക്കുന്നതിന്റെ ഫലമായി രാജ്യത്തേക്കുവരാവുന്ന വിദേശ മൂലധനത്തിന്റെ തുക താരതന്മ്യേന ചെറുതാണ്. ഇതിനായി തന്ത്രപ്രധാനമായ ഈ മേഖലയെ അടിയറവയ്ക്കാനാവില്ല. ഈ നീക്കത്തെ അമേരിക്കയുമായുള്ള സൈനിക തന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള നയവുമായി ബന്ധപ്പെടുത്തി വേണം കാണാന്‍.

  അതുപോലെ തന്നെ മറ്റ് വ്യവസായ മേഖലകളിലേയ്ക്ക് വിദേശമൂലധനത്തെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള ബലിമൃഗമാണ് പ്രതിരോധ മേഖല. 2. വിദേശ മുതലാളിമാര്‍ പ്രതിരോധ മേഖലയില്‍ വ്യവസായങ്ങള്‍ സ്ഥാപിച്ചാല്‍ ഒരു പുതിയ സുരക്ഷിതത്വ പ്രശ്നവും ഉണ്ടാവില്ല എന്നാണ് വിദേശ മൂലധന വക്കാലത്തുകാര്‍ വാദിക്കുന്നത്. ഇപ്പോള്‍ തന്നെ പ്രതിരോധ ആവശ്യത്തിന്റെ ഗണ്യമായ ഭാഗം ഇറക്കുമതിചെയ്യപ്പെടുകയാണ്. ഇറക്കുമതിയേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് ഇവ ഇന്ത്യയില്‍ തന്നെ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ നിലപാട് പ്രതിരോധ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യണമെന്നല്ല.

  പ്രതിരോധമേഖലയിലെ ആശ്രിതത്വം ഭീതിജനകമായി ഉയര്‍ന്നത് ഉദാരവല്‍ക്കരണകാലഘട്ടത്തിലാണ്. പ്രതിരോധ ഗവേഷണത്തിനുള്ള പണം ഗണ്യമായി വെട്ടിക്കുറച്ചു. ഗവേഷണ ഫലങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താതെയായി. സ്വാശ്രയത്വ ആദര്‍ശം ഉപേക്ഷിച്ചു. ഈ സമീപനങ്ങള്‍ തിരുത്തണം. 3. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ലഭിക്കുന്നതിന് വിദേശ നിക്ഷേപം കൂടിയേ തീരു എന്നതാണ് മറ്റൊരുവാദം. അത്യാധുനിക സാങ്കേതിക വിദ്യ നാം തന്നെ വികസിപ്പിക്കണം എന്നതാണ് മറുവാദം. 
 • ഇതിനുപകരം വിദേശ വ്യവസായ സ്ഥാപനങ്ങള്‍ പ്രതിരോധ മേഖലയില്‍ പിടിമുറുക്കിയാല്‍ സ്വാശ്രയ സാങ്കേതിക വികസനം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടും. ഇതാണ് പ്രതിരോധ മന്ത്രാലയം ശര്‍മ്മയുടെ കുറിപ്പിനെതിരായി നിരത്തിയ ഏറ്റവും പ്രധാനപ്പെട്ട മറുവാദം. ഒരു സാങ്കേതിക വിദ്യയും വിദേശി ഇന്ത്യക്ക് കൈമാറുന്നില്ല. അവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള ഫാക്ടറികളില്‍ ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണ് അവര്‍ ചെയ്യുക. ഈ സമ്പൂര്‍ണ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുവേണ്ടിയിട്ടാണ് 75 ശതമാനവും അല്ലങ്കില്‍ 100 ശതമാനം തന്നെ ഓഹരി ഉടമസ്ഥത വേണമെന്ന് അവര്‍ ശഠിക്കുന്നത്. 4. ഇന്ത്യയില്‍ തന്നെ ഉത്പാദനം നടത്തിയാല്‍ ഇറക്കുമതി ചെലവ് കുറയ്ക്കാനാകും. അതുപോലെ തന്നെ ഇന്ത്യയ്ക്ക് പ്രതിരോധ ഉത്പന്ന കയറ്റുമതി രാജ്യമായി വളരാനാകും. ഇത് വിദേശ നാണ്യപ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കും. എന്നാല്‍ ഇവയൊക്കെ നേടാന്‍ കഴിഞ്ഞാല്‍ പോലും ദീര്‍ഘനാള്‍ കൊണ്ടേ അത് പ്രാവര്‍ത്തികമാകൂ. അതുകൊണ്ട് ഇന്നത്തെ വിദേശ നാണയ പ്രതിസന്ധിക്ക് വിദേശ മൂലധനപരിധി ഉയര്‍ത്തുന്നത് പരിഹാരമല്ല. യഥാര്‍ത്ഥ കാരണം നേരത്തെ സൂചിപ്പിച്ചതാണ്. മറ്റു മേഖലകളിലേക്ക് വിദേശ നിക്ഷേപത്തെ ചൂണ്ടുന്നതിന് ഒരു ഇരയായി പ്രതിരോധ മേഖലയെ ഉപയോഗിക്കുകയാണ്. വിദേശ മൂലധനത്തിന്റെ താളത്തിനുതുള്ളാന്‍ നാം കൂടുതല്‍ കൂടുതല്‍ നിര്‍ബന്ധിതരാകുകയാണ്. ഇതിനു നാം ഭാവിയില്‍ കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. വര്‍ദ്ധിക്കുന്ന ആശ്രിതത്വം വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 2013ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വാങ്ങാന്‍ തുടങ്ങിയതോടെയാണല്ലോ ഇന്ത്യന്‍ രൂപയുടെയും ഓഹരി വിപണിയുടെയും ശനിദശ ആരംഭിച്ചത്. രണ്ടു കാര്യങ്ങളാണ് അന്ന് കാരണങ്ങളായി അവര്‍ പറഞ്ഞത്. ഒന്ന്, സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനുളള കേന്ദ്രസര്‍ക്കാരിന്റെ അമാന്തം. രണ്ട്, ബോണ്ടുകള്‍ വാങ്ങി ഉദാരമായി ഡോളര്‍ ലോക വിപണിയിലേയ്ക്ക് ഒഴുകുന്ന നയം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് തിരുത്താന്‍ തുടങ്ങിയത്. ആഗോള സമ്പദ്ഘടനയില്‍ വന്നുകൊണ്ടിരുന്ന മാറ്റങ്ങളാണ് വിദേശ നിക്ഷേപകരുടെ ഓഹരി കമ്പോളത്തിലെ ഇടപാടുകളെ നിശ്ചയിച്ചിരിക്കുന്ന ഒരു മുഖ്യഘടകം. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപണി ഉണര്‍വ് വിദേശ നിക്ഷേപകരുടെ മേലുളള ആശ്രിതത്വത്തെ റിക്കോര്‍ഡ് നിലയിലേയ്ക്ക് ഉയര്‍ത്തുകയാണ്. ഇവരുടെ പ്രീതി നിലനിര്‍ത്താന്‍ കഴിയുന്ന നയപരിപാടികള്‍ ആവിഷ്കരിക്കാന്‍ പുതിയ സര്‍ക്കാര്‍ നിര്‍ബന്ധിതരാണ്. ഉദാഹരണത്തിന് ""നികുതി ഭീകരപ്രവര്‍ത്തനം"" അവസാനിപ്പിക്കണം എന്ന ഡിമാന്റ് ഉയര്‍ന്നു കഴിഞ്ഞു. വോഡാഫോണ്‍ അടക്കം ഒട്ടേറെ ബഹുരാഷ്ട്ര കുത്തകകളുമായി നികുതി സംബന്ധിച്ചു തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നികുതിവെട്ടിപ്പു തടയുന്നതിനായി നിയമനിര്‍മ്മാണം അടക്കം ചില നടപടികള്‍ മനസില്ലാമനസോടെയാണെങ്കിലും യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇതിനെയാണ് "നികുതി ഭീകരത" എന്നു ബഹുരാഷ്ട്ര കുത്തകകള്‍ വിശേഷിപ്പിക്കുന്നത്. നികുതിവെട്ടിപ്പു തടയുന്നതിനു വേണ്ടി മൗറീഷ്യസുമായുളള "ഇരട്ടനികുതി ഒഴിവാക്കല്‍" ഉടമ്പടിയില്‍ മാറ്റം വരുത്തുക, ഗാര്‍ എന്ന ചുരുക്കപ്പേരിലുളള സമഗ്ര നിയമനിര്‍മ്മാണം കൊണ്ടുവരിക തുടങ്ങിയ പ്രണബ് മുഖര്‍ജിയുടെ പ്രഖ്യാപനങ്ങള്‍ ചിദംബരം ധനമന്ത്രിയായപ്പോള്‍ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോള്‍ നിലവിലുളള നികുതിവെട്ടിപ്പു കേസുകള്‍ കോടതിയ്ക്കു പുറത്തു ഒത്തുതീര്‍പ്പാക്കണമെന്നാണ് ബഹുരാഷ്ട്ര കുത്തകകള്‍ ആവശ്യപ്പെടുന്നത്. ഇതൊരു തുടക്കം മാത്രം. ഇനി വേറെയെന്തിനൊക്കെ വിദേശികള്‍ക്കു വഴങ്ങേണ്ടി വരും എന്നു കാത്തിരുന്നു കാണാം. റീട്ടെയില്‍ ട്രെയ്ഡ്, ബാങ്ക്, ഇന്‍ഷുറന്‍സ് എന്നീ മേഖലകള്‍ തുറന്ന് കൊടുക്കുന്നതിന് കനത്ത സമ്മര്‍ദ്ദമാണ് ഇന്ത്യയുടെ മേലുള്ളത്. ഇവയ്ക്ക് വഴങ്ങാന്‍ ഒരു തടസ്സവും മടിയും മോഡിക്കില്ല. തീവ്ര ദേശീയതയുടെ ചെകിടടപ്പിക്കുന്ന പ്രഘോഷണങ്ങളുടെ ഇടയില്‍ പ്രതിരോധ മേഖല തുറന്നു കൊടുക്കുന്നതിന് മോഡി മടിച്ചേക്കും എന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. വിദേശ ഉദ്ഗ്രഥനത്തിനായുള്ള തന്റെ പ്രതിബദ്ധതയുടെ പ്രതീകമായിട്ടാണ് മോഡി ഈ നീക്കത്തെ കാണുന്നത്.

1 comment:

 1. വറചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക് എന്ന് പറഞ്ഞതുപോലെയായോ കാര്യങ്ങള്‍!

  ReplyDelete