Monday, February 10, 2014

ബജറ്റ് നല്‍കുന്ന അപകടസൂചനകള്‍

ആറു മാസം മുമ്പുവരെ കേരള സര്‍ക്കാര്‍ ധനപ്രതിസന്ധിയിലാണെന്ന വാദം ഞാന്‍ അംഗീകരിച്ചിരുന്നില്ല. ധനമന്ത്രി നിയമസഭയില്‍ ഹാജരാക്കിയ കണക്കുകളെ വിശ്വസിച്ചു പോയതാണ് എന്റെ വീഴ്ച.
2010-11ല്‍ റവന്യൂ കമ്മി 8034 കോടി രൂപയായിരുന്നു. അതായത് സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. ശമ്പള പരിഷ്‌കരണവര്‍ഷത്തില്‍ കമ്മി കൂടിയതില്‍ ആരും ധനമന്ത്രിയെ കുറ്റപ്പെടുത്തുകയില്ല. 2012-13ല്‍ റവന്യൂ കമ്മി 3406 കോടി രൂപയായി കുറഞ്ഞുവെന്നും (0.9 ശതമാനം) 2013-14ല്‍ അത് 2269 കോടി രൂപയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് കഴിഞ്ഞ ബജറ്റില്‍ പ്രസ്താവിച്ചത്.
പഞ്ചായത്തുകള്‍ക്കും മറ്റും നല്‍കുന്ന 4000 കോടിയില്‍ മുക്കാല്‍പങ്കും മൂലധന ചെലവ് ആണെന്നും അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ബജറ്റ് കമ്മിയില്ലെന്നും 1202 കോടി മിച്ചമാണെന്നും അദ്ദേഹം കണക്കാക്കി. പഴയ 'കമ്മിച്ച' വിവാദം പോലെ ഒന്ന് ഉണ്ടായാലോ എന്നു ഭയന്ന് അക്കാര്യം പെരുമ്പറയടിച്ചില്ല. പക്ഷെ 2014-15 ലേത് മിച്ച ബജറ്റ് ആയിരിക്കും എന്ന് അദ്ദേഹത്തിന് സംശയമില്ലായിരുന്നു. ഞാന്‍ പോലും അതു വിശ്വസിച്ചു. പക്ഷേ, ഈ വര്‍ഷത്തെ ബജറ്റില്‍ 2012-13ലെ അവസാനത്തെ കണക്കുകളുണ്ട്.
പ്രതീക്ഷിച്ചിരുന്ന റവന്യൂ വരുമാനത്തില്‍ 4132 കോടിയുടെ കുറവ്. അതേസമയം റവന്യൂ ചെലവ് 1813 കോടി രൂപ അധികമാണ്. ബജറ്റ് അവതരണവേളയില്‍ 2012-13ലെ ഡിസംബര്‍ വരെയുളള വരവു ചെലവു കണക്കുകള്‍ ധനമന്ത്രിയുടെ കൈവശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മതിപ്പു കണക്കിനെക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികരിക്കുമെന്നും കൃത്യമായി പറയാന്‍ കഴിയും. എന്നാല്‍ അതിനു തുനിയാതെ കമ്മി കുറച്ചു കാണിക്കാനുളള പൊളളക്കണക്കുകളാണ് ധനമന്ത്രി അവതരിപ്പിച്ചത്. 3403 കോടി രൂപയായിരിക്കും കമ്മി എന്നാണ് ധനമന്ത്രി പറഞ്ഞത്. പക്ഷേ ഇപ്പോള്‍ അവസാന കണക്കുകള്‍ പ്രകാരം കമ്മി 9351 കോടി രൂപയാണ്. അതായത് സംസ്ഥാന വരുമാനത്തിന്റെ 2.5 ശതമാനം.
ധനമന്ത്രിയുടെ പ്രസംഗത്തിന്റ മൂന്നാം ഖണ്ഡികയില്‍ 2013-14 ഡിസംവഹ് വരെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നികുതി വരുമാനം 11 ശതമാനമേ വര്‍ദ്ധിക്കൂ എന്നു സമ്മതിച്ചിട്ടുണ്ട്. അതുപോലെതന്നെ റവന്യൂ ചെലവ് 20 ശതമാനമാണ് ഉയര്‍ന്നത്. പക്ഷേ, കണക്കുകള്‍ തയ്യാറാക്കിയപ്പോള്‍ വരുമാനം 24 ശതമാനം ഉയരുമെന്നും ചെലവുകള്‍ 14 ശതമാനം മാത്രമേ ഉയരൂ എന്ന അനുമാനമാണ് സ്വീകരിച്ചത്. ഇതിനടിസ്ഥാനത്തില്‍ 2013-14ല്‍ റവന്യൂ കമ്മി 6208 കോടി അഥവാ സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനമേ വരൂ എന്നാണ് ധനമന്ത്രിയുടെ അവകാശവാദം. എന്നാല്‍ ബജറ്റ് പ്രസംഗത്തിലെ മൂന്നാം ഖണ്ഡികയിലെ വളര്‍ച്ചാ നിരക്കുകള്‍ സ്വീകരിക്കുകയാണെങ്കില്‍ കമ്മി 15263 കോടി രൂപ വരും. അതായത് സംസ്ഥാന വരുമാനത്തിന്റെ 3.7 ശതമാനം.
റവന്യൂ കമ്മി കൂടിയാലുളള പ്രത്യാഘാതമെന്താണ്? വായ്പയെടുക്കുന്ന പണം നിത്യദാന ചെലവുകള്‍ക്കായി നീക്കിവെയ്‌ക്കേണ്ടി വരും. അതേസമയം, റവന്യൂ കമ്മി ഇല്ലാതാകുമെന്നും വായ്പയെടുക്കുന്ന പണം മുഴുവന്‍ റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മ്മാണ ചെലവുകള്‍ക്കായി നീക്കിവെയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ 2009-10 വര്‍ഷം മുതല്‍ വലിയ തോതില്‍ പൊതുമരാമത്തു പണികള്‍ക്ക് അനുവാദം നല്‍കി വരികയായിരുന്നു. അതുകൊണ്ട് കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട ബില്ലുകളുടെ തുക പെരുകിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കു നല്‍കാന്‍ പണമുണ്ടാകില്ല. ഇപ്പോള്‍ കോണ്‍ട്രാക്ടര്‍മാരുടെ ബില്ലു കുടിശിക ആറു മാസം കടന്ന് 1600 കോടി രൂപയിലെത്തി. കഴിഞ്ഞ ഏതാനും വര്‍ഷമായി പശ്ചാത്തല സൗകര്യ സൃഷ്ടിയ്ക്കായി കൂടുതല്‍ തുക നീക്കി വെച്ചുകൊണ്ടിരുന്ന പ്രവണതയ്ക്കു വിരാമമിടേണ്ടി വരും. 0.6 ശതമാനമായിരുന്ന മൂലധനച്ചെലവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പടിപടിയായി ഉയര്‍ന്ന് ഏതാണ്ട് 1.6 ശതമാനത്തിലെത്തിയതാണ്. നടപ്പു ബജറ്റ് പ്രകാരം ഈ പ്രവണതയ്ക്കു വിരാമമായിരിക്കുന്നു. ഇതു നമ്മുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു.
റവന്യൂ കമ്മി കുറയ്ക്കാനുളള മാര്‍ഗം ക്ഷേമ പെന്‍ഷനുകളും മറ്റും കുടിശികയാക്കുകയും പദ്ധതി വെട്ടിച്ചുരുക്കുകയുമാണ്. അനൗപചാരിക സംഭാഷണങ്ങളില്‍ ആസൂത്രണബോര്‍ഡ് അധികൃതര്‍ ഈ വര്‍ഷത്തെ പ്ലാന്‍ വെട്ടിച്ചുരുക്കേണ്ടി വരും എന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ ബജറ്റ് കണക്കില്‍ ഇതു പ്രതിഫലിക്കുന്നില്ല. ഇത് ആരോരുമറിയാതെ ചെയ്യാമെന്നാണ് ധനമന്ത്രി കരുതുന്നത്.
അങ്ങനെ കരാറുകാരുടെയും ക്ഷേമപെന്‍ഷനുകളുടെയും വലിയ കുടിശികയുമായാണ് അടുത്ത വര്‍ഷത്തിലേയ്ക്കു കടക്കുന്നത്. ഇങ്ങനെ പെരുകുന്ന കമ്മിയുടെ പശ്ചാത്തലത്തില്‍ ബജറ്റു പ്രസംഗത്തിലൂടെ നടത്തിയ കര്‍ഷക രക്ഷാപരിപാടികളുടെ ഗതിയെന്തായിരിക്കും എന്നു നമുക്ക് ഊഹിക്കാവുന്നതേയുളളൂ. 2013-14ലേയ്ക്കു പ്രഖ്യാപിച്ച കാര്‍ഷിക വികസന ബജറ്റ് പ്രഖ്യാപനങ്ങള്‍പോലും ഇപ്പോഴും കടലാസ് രേഖകള്‍ മാത്രമാണ്.
റവന്യൂ വരുമാനത്തിലുണ്ടായിരിക്കുന്ന മാന്ദ്യം പരിഹരിക്കാന്‍ ധനമന്ത്രി കണ്ടിരിക്കുന്ന മാര്‍ഗം നികുതി നിരക്കുകള്‍ ഉയര്‍ത്തുകയാണ്. വാറ്റ് നികുതി നിരക്കുകള്‍ 4 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും 12.5 ശതമാനം 14.5 ശതമാനവുമായി നേരത്തെ തന്നെ ഉയര്‍ത്തി. ഇത്തവണത്തെ ബജറ്റില്‍ 1556 കോടിയുടെ അധികഭാരമാണ് ജനങ്ങളുടെ ചുമലില്‍ വരുന്നത്. ഉടുതുണിയ്ക്കു പോലും നികുതിയായി. കെട്ടിടനികുതി ഇരട്ടിയായി. നേരത്ത തന്നെ വാറ്റു നികുതിയില്‍ 15-25 ശതമാനം നികുതി വര്‍ദ്ധന ധനമന്ത്രി നടത്തിയിരുന്നു. വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ ഒരു കരുണയുമില്ലാതെയാണ് അദ്ദേഹം അധികനികുതി ഭാരം കെട്ടിവെച്ചത്. ഡെവലപ്പര്‍മാര്‍ക്ക് നേരത്തെ 14.5 ശതമാനം നികുതി നല്‍കിയാലേ പുറത്തുനിന്നു സാധനങ്ങള്‍ കൊണ്ടുവരാന്‍ പറ്റുമായിരുന്നുളളൂ. ഇതിപ്പോള്‍ 6 ശതമാനമായി കുറച്ചു കൊടുത്തിട്ടുണ്ട്. ജനരോഷത്തിനു മുന്നില്‍ ഓട്ടോറിക്ഷാ, ടാക്‌സി തുടങ്ങിയവ മേലുളള നികുതി കുറയ്‌ക്കേണ്ടി വന്നു.
നികുതി നിര്‍ദ്ദേശങ്ങള്‍ പലതും വിലക്കയറ്റം സൃഷ്ടിക്കുമെന്നതിന് സംശയം വേണ്ട. വെളിച്ചണ്ണയെ രക്ഷിക്കാന്‍ എന്നു പറഞ്ഞ് ബാക്കി ഭക്ഷ്യ എണ്ണയുടെ മേലെല്ലാം അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വെളിച്ചെണ്ണയെ രക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ അതിനു സബ്‌സിഡി നല്‍കിയാല്‍പ്പോരെ. പാമോയിലും റേഷന്‍ ഷോപ്പു വഴി നല്‍കിയാല്‍ കിലോയ്ക്ക് 20 രൂപ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. നമ്മളെത്ര ആവശ്യപ്പെട്ടിട്ടും വെളിച്ചെണ്ണയ്ക്ക് അതു നല്‍കിയിട്ടില്ല. ഇതിനു ധനമന്ത്രി തയ്യാറായിരുന്നെങ്കില്‍ വിലക്കയറ്റവും തടയാം. കേര കര്‍ഷകരും രക്ഷപെടും.
യഥാര്‍ത്ഥത്തില്‍ ധനമന്ത്രി ചെയ്യേണ്ടിയിരുന്നത് നികുതി നിരക്കുകള്‍ ഉയര്‍ത്തുന്നതിനു പകരം നികുതി പിരിവിന്റെ കാര്യക്ഷമത ഉയര്‍ത്തുകയാണ്. കേരളത്തില്‍ നടപ്പാക്കിയ ഇ-ഗവേണന്‍സ് സമ്പ്രദായം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനുളള സാധ്യതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, ധനമന്ത്രി മൂന്നാംമുറകളിലേയ്ക്കാണ് കണ്ണിട്ടിട്ടുളളത്. പ്രത്യേക ഓഡിറ്റ് അസെസ്‌മെന്റ് ഡിവിഷന്‍ പുനരാരംഭിക്കുകയാണ്. കൊമ്പൗണ്ടു ചെയ്ത സ്വര്‍ണ വ്യാപാരികളുടെ ടേണ്‍ ഓവര്‍ പരിശോധിക്കാനുളള പരിപാടിയുണ്ട്. ബില്ലെഴുതിയില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വിവേചനാധികാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നടപടികളെ ലഘൂകരിക്കുന്നതിനു പകരം സങ്കീര്‍ണമാക്കുകയാണ്.
മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെയ്ക്കുന്നതിനാണ് കര്‍ഷക രക്ഷയെക്കുറിച്ചുളള പൊളളയായ പ്രഖ്യാപനങ്ങള്‍. അവയില്‍ നല്ലപങ്കും പ്രായോഗികമല്ല. പ്രായോഗികമായവ നടപ്പാക്കാന്‍ അടുത്തവര്‍ഷം പണം ഉണ്ടാവണമെന്നുമില്ല.

1 comment:

  1. വലിയ വലിയ കണക്കുകള്‍

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...