കേരള സര്‍ക്കാറിനെ കമ്പനി മാനിയ പിടികൂടിയിരിക്കുകയാണ്. എന്തിനും ഉത്തരം സിയാല്‍ മോഡല്‍ (കൊച്ചി വിമാനത്താവള കമ്പനി) ആണ്. കുടിവെള്ളത്തിന് കമ്പനി (ഇപ്പോള്‍ കുപ്പിവെള്ളത്തിന്), ക്ലീന്‍ കേരളയ്ക്ക് കമ്പനി, എന്തിന് മൂത്രപ്പുരയും വെയിറ്റിങ് ഷെഡും പണിയുന്നതിനുപോലും കമ്പനി വേണം. ഏറ്റവും അവസാനം നഗരസഭകളില്‍ ചേരിനിര്‍മാര്‍ജനത്തിനും കമ്പനി രൂപവത്കരിക്കാനാണ് തീരുമാനം. 2013 നവംബറില്‍ ഇതുസംബന്ധിച്ച തീരുമാനം പുറത്തിറങ്ങി. അദ്ഭുതമെന്ന് പറയട്ടെ, ഇതേക്കുറിച്ച് മേയര്‍മാര്‍ക്കോ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കോ എം.എല്‍.എ.മാര്‍ക്കോ അറിയില്ല. എങ്ങും ഒരു പൊതുചര്‍ച്ചയുണ്ടായിട്ടില്ല. ഉത്തരവ് വെബ്‌സൈറ്റിലും ലഭ്യമല്ല. പക്ഷേ, കമ്പനി രൂപവത്കരണത്തിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്.
ചേരിപ്രദേശ വികസനത്തിനായി നഗരസഭകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന രണ്ട് പ്രധാന പദ്ധതികളാണ് ബി.എസ്.യു.പി.യും സംയോജിത ഭവന, ചേരി വികസനത്തിനായുള്ള ഐ.എച്ച്.ഡി.പി.യും. 'രാജീവ് ആവാസ് യോജന' എന്ന പേരില്‍ ഇവ സംയോജിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ചേരി നിവാസികള്‍ക്ക് ഫ്‌ളാറ്റ് സമുച്ചയങ്ങളും അനുബന്ധ റോഡ്, കുടിവെള്ള, ശുചിത്വസേവനങ്ങളും ഉപജീവന സംരക്ഷണവും പാക്കേജായി നല്‍കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ ഉപജീവന മിഷനിനെപ്പോലെ ഭീമമായ തുക ചെലവിടാനാണ് തീരുമാനം. കേരളത്തിലിപ്പോള്‍ കോര്‍പ്പറേഷനുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഈ സ്‌കീം നടപ്പാക്കുന്നതിനാണ് പുതിയ കമ്പനി.
കമ്പനികള്‍ രൂപവത്കരിക്കുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ്. ഒന്ന്: പണം സ്വരൂപിക്കാന്‍. പക്ഷേ, ഇവിടെ ഈ പ്രശ്‌നമുദിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും നഗരസഭകളുമാണ് പണം പൂര്‍ണമായും മുടക്കുന്നത്. വായ്പയെടുക്കേണ്ട ആവശ്യം പോലുമില്ല. രണ്ട്: വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവൃത്തികളും സങ്കീര്‍ണമായ ഭീമന്‍പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കുന്നതിനുവേണ്ടി. ഇവിടെ ഇതും പ്രസക്തമല്ല. രാജീവ് ആവാസ് യോജന വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവൃത്തികളല്ല. പണിയാന്‍പോകുന്ന ഫ്‌ളാറ്റുകളാകട്ടെ കുടിവെള്ള, സ്വീവേജ് പദ്ധതികള്‍പോലെ സങ്കീര്‍ണമായ ഭീമന്‍ നിര്‍മാണപദ്ധതികള്‍ അല്ല.
രാജീവ് ആവാസ് യോജന പദ്ധതി നഗരസഭകള്‍ക്ക് കീഴില്‍ നടപ്പാക്കുന്നതിന് നല്ലൊരു മാതൃകയാണ് തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ ചേരിവികസന പ്രവര്‍ത്തനങ്ങള്‍. ഈ പ്രവര്‍ത്തനങ്ങളെ രാജ്യത്തെ ഏറ്റവും നല്ല മാതൃകകളിലൊന്നായി അംഗീകരിച്ചത് കേന്ദ്രസര്‍ക്കാറാണ്. ഇക്കഴിഞ്ഞ ജനവരി 21-ന് വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍നിന്ന് തിരുവനന്തപുരം നഗരസഭ പുരസ്‌കാരവും ഏറ്റുവാങ്ങി. എന്താണ് ഈ മാതൃക?
നഗരസഭയാണ് നിര്‍വഹണ ഏജന്‍സി. നഗരസഭാ പദ്ധതിയുടെ ഭാഗമാണ് കേന്ദ്രാവിഷ്‌കൃത സ്‌കീമുകള്‍. നഗരസഭയുടെ കീഴിലുള്ള പ്രോജക്ട് സെല്ലാണ് നിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കുടുംബശ്രീയാണ് സംയോജിത നോഡല്‍ ഏജന്‍സി. കുടുംബശ്രീ മിഷന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍പണം നഗരസഭകള്‍ക്ക് ലഭിക്കുന്നത്. മാത്രമല്ല, നഗരസഭയുടെ പ്രോജക്ടിനാവശ്യമായ വിദഗ്ധരുടെ സേവനവും ഉപദേശവും മിഷന്‍ ലഭ്യമാക്കുന്നു.
മാസ്റ്റര്‍പ്ലാനുകളിലെ ഏറ്റവും പ്രധാന പ്രവൃത്തി ചേരി പുനരധിവാസത്തിനുള്ള ഫ്‌ളാറ്റുകളാണ്. ബി.എസ്.യു.പി. പ്രകാരം പണിതീര്‍ന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരം കോളനികള്‍ ഞാന്‍ ഈയിടെ സന്ദര്‍ശിച്ചു. ഇതിലേറ്റവും വലുത് കല്ലടിമുഖത്തെ അഞ്ഞൂറില്‍പ്പരം ഫ്‌ളാറ്റുകള്‍ അടങ്ങുന്ന പുതിയ കോളനിയാണ്. ഇവിടെ ആള്‍ത്താമസം ആയിട്ടില്ല. മുന്നൂറ്റമ്പതോളം ഫ്‌ളാറ്റുകള്‍ പണിതീര്‍ന്നു. കോസ്റ്റ് ഫോര്‍ഡാണ് നിര്‍മാണ ഏജന്‍സി. ഒരു പ്രത്യേക കമ്പനിയും രൂപവത്കരിച്ചിട്ടില്ല.
മിതവ്യയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കാര്യക്ഷമമായി ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ചതിനാണ് നഗരസഭയ്ക്ക് ലഭിച്ച ഒരു അവാര്‍ഡ്. ലാറിബേക്കര്‍ നിര്‍മാണരീതികളിലൂടെ നിര്‍മാണച്ചെലവ് ഗണ്യമായി കുറച്ചു. പരമാവധി സൂര്യപ്രകാശം ഓരോ ഫ്‌ളാറ്റിലും ലഭിക്കത്ത രീതിയിലുളള നിര്‍മാണം വൈദ്യുതിച്ചെലവ് കുറയ്ക്കും. ഫില്ലര്‍ സ്ലാബ് മേല്‍ക്കൂരയുടെ ചൂട് കുറയ്ക്കുന്നു. ബയോഗ്യാസ് പ്ലാന്റും മഴവെള്ള സംഭരണിയും എല്ലാം ചേരുമ്പോള്‍ ഹരിത പാര്‍പ്പിട മാതൃകയിലേക്കുള്ള കാല്‍വെപ്പായി മാറുന്നു ഈ സമുച്ചയങ്ങള്‍.
കരിമഠം കോളനിയില്‍ പണിതീര്‍ത്ത ഏഴ് ബ്ലോക്കുകളിലായുള്ള 140 കെട്ടിടങ്ങള്‍ പഠിച്ചശേഷമാണ് കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം നഗരസഭയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. നാല് നിലയിലുള്ള ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്. കരിമഠം കോളനി എന്നെ ഒരുകാര്യം ബോധ്യപ്പെടുത്തി. ചേരിനിര്‍മാര്‍ജനം എന്നുപറഞ്ഞാല്‍ കെട്ടിടനിര്‍മാണമല്ല. അങ്ങനെയാണ് എന്ന ധാരണയാണ് കമ്പനി രൂപവത്കരിക്കുന്നതിന്റെ പിന്നില്‍. പുതിയൊരു സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ഒരു കമ്പനി മതിയാകും. പക്ഷേ, നിലവിലുള്ള ചേരി ഘട്ടം ഘട്ടമായി പൊളിച്ച് ഫ്‌ളാറ്റ് പണിയുന്നതില്‍ വലിയതോതില്‍ ഗുണഭോക്തൃ പങ്കാളിത്തവും സഹകരണവും കൂടിയേ തീരൂ. എല്ലാ ഗുണഭോക്താക്കളും തമ്മില്‍ യോജിപ്പുണ്ടാകണം. ചിലരാകട്ടെ ഈ സന്ദര്‍ഭം വിലപേശലിനുള്ള അവസരമാക്കും. തന്റെ വീട് പൊളിക്കുന്നതിന് കല്യാണം കഴിഞ്ഞ മക്കള്‍ക്കും ഫ്‌ളാറ്റ് ഉറപ്പാക്കണം, തന്റെ വീടിന് വലിപ്പം കൂടുതലായതുകൊണ്ട് രണ്ട് ഫ്‌ളാറ്റ് നല്‍കണം തുടങ്ങിയ ഡിമാന്‍ഡുകള്‍ ഉയരും. വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയവൈരമോ തീവ്രവാദ സംഘങ്ങളോ ഉണ്ടെങ്കില്‍ പിന്നെ തര്‍ക്കങ്ങള്‍ ഉറപ്പാണ്. ഇവ പരിഹരിച്ചാലേ ഫ്‌ളാറ്റ് പണിയാനാവൂ.
ഇത്തരം കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി സ്തംഭിച്ചുകിടക്കുകയായിരുന്നു കരിമഠം കോളനിയിലെ മൂന്നാംഘട്ട നിര്‍മാണപ്രവൃത്തികള്‍. തര്‍ക്കങ്ങള്‍ ഏതാണ്ട് പരിഹരിച്ചുവരുന്നതേയുള്ളൂ. ബലപ്രയോഗമില്ലാതെ ഇത്തരം യോജിപ്പിലേക്ക് എത്തിക്കുന്നതില്‍ ഒരു സാമൂഹിക എന്‍ജിനീയറിങ് ഉണ്ട്. ഇത് നിര്‍വഹിക്കുന്നത് ജനപ്രതിനിധികളും കുടുംബശ്രീയുമാണ്.
വീടുകളിലെ ഓരോ പുരുഷനും സ്ത്രീയും പ്രതിനിധികളായ ഗുണഭോക്താക്കളുടെ പൊതുസഭയാണ് കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് കമ്മിറ്റി അഥവാ സി.ഡി.സി. സി.ഡി.സി.ക്ക് ഒമ്പതുപേരുടെ ഒരു എക്‌സിക്യൂട്ടീവ് ഉണ്ട്, ഭൂരിപക്ഷം സ്ത്രീകളാണ്. ഇവിടെ നടക്കുന്ന ചര്‍ച്ചകളിലൂടെയാണ് യോജിച്ച തീരുമാനങ്ങളിലേക്ക് എത്തുന്നത്. ഈ വേദിയാണ് നവീകരിച്ച കോളനിയിലുണ്ടാകേണ്ടുന്ന പൊതു സൗകര്യങ്ങള്‍, ഫ്‌ളാറ്റുകളുടെ രൂപകല്പനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയ്ക്ക് മോണിറ്ററിങ്ങിലൂടെ തീര്‍പ്പുണ്ടാക്കുന്നത്.
ഉപജീവന പിന്തുണപ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതും സി.ഡി.സി. തന്നെ. ചെങ്കല്‍ചൂള കോളനിയില്‍ 10 നില ഫ്‌ളാറ്റ് സമുച്ചയം പണിയാനാണ് തീരുമാനിച്ചിട്ടുള്ളത്. റോഡ് ഫ്രണ്ടേജ് വരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഒരുനിര മുറി/ ഹാളുകള്‍ വാണിജ്യാവശ്യത്തിന് വാടകയ്ക്ക് നഗരസഭ നല്‍കും. ഇതില്‍നിന്നുള്ള വരുമാനം കൊണ്ട് ഫ്‌ളാറ്റുകളിലെ മെയിന്റനന്‍സും മറ്റും മുടക്കമില്ലാതെ നടക്കും. കൂടാതെ, ഇവിടെ മുറികള്‍ വാടകയ്‌ക്കെടുത്ത സ്ഥാപനങ്ങള്‍ കോളനിയിലെ ഒരാള്‍ക്കെങ്കിലും സ്ഥിരംപണി നല്‍കണമെന്നത് നിര്‍ബന്ധമാണ്. അങ്ങനെ പുതിയ സംവിധാനം കുറച്ച് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗവും കൂടിയായി മാറുന്നു.
ചേരികളിലെ സാമൂഹികപങ്കാളിത്തം രാജ്യത്ത് ഏറ്റവും നല്ലനിലയില്‍ ഉറപ്പുവരുത്തിയതിനാണ് തിരുവനന്തപുരം കോര്‍പ്പറേഷന് ലഭിച്ച രണ്ടാമത്തെ പുരസ്‌കാരം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ്, ബോധവത്കരണവും ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതും പണമില്ലാത്തവര്‍ക്ക് വായ്പ നല്‍കിയതും. കുടുംബശ്രീയുടെ വാര്‍ഡുതല സമിതി (എ.ഡി.എസ്.) ആണ് കെട്ടിടനിര്‍മാണം മോണിറ്റര്‍ ചെയ്തതും ഒറ്റവീടുകള്‍ക്ക് സ്റ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതും.
കരിമഠം സി.ഡി.സി. മെമ്പറായ കുടുംബശ്രീയുടെ അശ്വതിയാണ് എനിക്ക് സി.ഡി.സി.യുടെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമെല്ലാം വിശദീകരിച്ചുതന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ കുടുംബശ്രീ നടത്തിയ സമരത്തിലെ സജീവസാന്നിധ്യമായിരുന്നു അശ്വതി. നിരന്തരമായ ചര്‍ച്ചകളിലൂടെയാണ് പല തര്‍ക്കങ്ങള്‍ക്കും അവര്‍ പരിഹാരം കണ്ടെത്തിയത്. പുരുഷന്മാരായ സി.ഡി.സി. അംഗങ്ങളെ തൊഴില്‍ പ്രാരാബ്ധങ്ങള്‍മൂലം പ്രവര്‍ത്തനങ്ങള്‍ക്ക് അധികം ലഭിക്കാറില്ല. അതുകൊണ്ട് സ്ത്രീകളാണ് സംഘാടനത്തിന് മുന്‍കൈ. നിയമസഭ കഴിഞ്ഞ് വൈകിയാണ് കരിമഠം കോളനിയിലെത്തിയത്. പക്ഷേ, അശ്വതിയോടൊപ്പം സി.ഡി.എസ്. അംഗങ്ങളായ ഏതാനും സ്ത്രീകളും പര്യടനത്തിന് കൂട്ടിനുണ്ടായിരുന്നു.
മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ ഉരുത്തിരിഞ്ഞത് ബി.എസ്.യു.പി. - ഐ.എച്ച്.ഡി.പി. പദ്ധതികളുടെ ഭാഗമായിട്ടാണ്. കമ്പനി രൂപവത്കരിക്കുന്നതുവരെ രാജീവ് ആവാസ് യോജന നിലവിലുള്ള സംവിധാനങ്ങളിലൂടെയാണ് നടത്തുന്നത്. കോര്‍പ്പറേഷനുകള്‍ ചേരികളുടെ സ്ഥിതിവിവരണങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന് 72 കോടി രൂപയുടെയും കൊല്ലം കോര്‍പ്പറേഷന് 18 കോടി രൂപയുടെയും രണ്ട് പൈലറ്റ് പ്രോജക്ടുകള്‍ ലഭിച്ചുകഴിഞ്ഞു. അവ നടപ്പാക്കാന്‍ പോവുകയാണ്. ഈ ഘട്ടത്തില്‍ എന്തിനാണ് പുതിയ കമ്പനി?
ഇത് നഗരസഭയുടെ അധികാരം കവരുന്നതിനുവേണ്ടിയാണ്. 73-74 ഭരണഘടനാ ഭേദഗതിയെത്തുടര്‍ന്ന് കേരളത്തില്‍ നിയമനിര്‍മാണം നടന്നതിനുശേഷമുള്ള ഏറ്റവും വലിയ അധികാരം തിരിച്ചെടുക്കലാണ് കമ്പനി രൂപവത്കരണം വഴി കേരള സര്‍ക്കാര്‍ ചെയ്യുന്നത്. കുടുംബശ്രീയുടെ തുടക്കം ആലപ്പുഴ നഗരത്തില്‍ ദരിദ്രര്‍ക്കായുള്ള യൂണിസെഫിന്റെ അടിസ്ഥാന സേവന പ്രദാന പദ്ധതിയിലൂടെയാണ്. ഈ അനുഭവം കൂടി കണക്കിലെടുത്താണ് നഗരങ്ങളില്‍ ബി.എസ്.യു.പി.യുടെയും ഐ.എച്ച്.ഡി.പി.യുടെയും നടത്തിപ്പ് നഗരസഭയുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീക്ക് കൈമാറിയത്. നഗരസഭകളില്‍ കുടുംബശ്രീയെ ദുര്‍ബലമാക്കുന്നതിലേക്കാണ് കമ്പനിരൂപവത്കരണം നയിക്കുക.
നഗരസഭകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ വഴി ചേരി നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടത്തിയ നിര്‍വഹണത്തെ രാഷ്ട്രത്തിന് മാതൃകയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. നമ്മളാകട്ടെ അത് തിരസ്‌കരിച്ച് നഗരസഭകളേയും കുടുംബശ്രീയേയും ദുര്‍ബലപ്പെടുത്തുന്നതിനുള്ള പുതിയ മോഡല്‍ തേടുന്നു. എന്തൊരു വൈപരീത്യം! 'കമ്പനി മാനിയ' രോഗികളോട് എനിക്ക് ഒരു അഭ്യര്‍ഥനയേയുള്ളൂ. അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് കരിമഠത്തിലേയോ കണ്ണമ്മൂലയിലേയോ കല്ലടിമുഖത്തിലേയോ ചേരിനിര്‍മാര്‍ജന പദ്ധതി പ്രദേശം സന്ദര്‍ശിക്കുക. അവിടെ പദ്ധതി നടത്തിപ്പിലെ എന്ത് ദൗര്‍ബല്യമാണ് കമ്പനി പരിഹരിക്കാന്‍ പോകുന്നതെന്ന് വിശദീകരിച്ചുതരിക.
വന്നുവന്ന് അവസാനം സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കമ്പനിയെ ഏല്പിച്ചാലും അത്ഭുതപ്പെടാനില്ല
ReplyDelete