Sunday, February 23, 2014

വ്യവസായ വിപ്ലവത്തിന് ഡാവോസ് - ലോകബാങ്ക് സൂത്രങ്ങള്‍


  • കേരളം വ്യവസായ പിന്നോക്ക സംസ്ഥാനമാണ്. വ്യവസായവും അനുബന്ധ മേഖലകളും സംസ്ഥാന വരുമാനത്തിന്റെ 20 ശതമാനമേ വരൂ. ദേശീയ ശരാശരി 27 ശതമാനമാണ്. മാനുഫാക്ചറിംഗ് വ്യവസായമെടുത്താല്‍ കേരളത്തിലെ തോത് 8 ശതമാനമേ വരൂ. ദേശീയ ശരാശരി 16 ശതമാനമാണ്. വ്യവസായത്തില്‍ അസംഘടിത മേഖലയ്ക്കാണ് പ്രാമുഖ്യം. 1998-99ല്‍ കേരളത്തിന്റെ ഫാക്ടറി ഉല്‍പാദനം ദേശീയ ഫാക്ടറി ഉല്‍പാദനത്തിന്റെ 2.6 ശതമാനം ആയിരുന്നത് 2009 - 10ല്‍ 1.1 ശതമാനമായി താഴ്ന്നു.

    എന്തുകൊണ്ട് ഈ വ്യവസായ പിന്നോക്കാവസ്ഥ?
    സംരംഭകരുടെ വൈദഗ്ധ്യം, തൊഴില്‍ബന്ധങ്ങള്‍, അസംസ്കൃത വിഭവലഭ്യത, സര്‍ക്കാര്‍ നയം, രാഷ്ട്രീയ സ്ഥിരത തുടങ്ങി ഒട്ടേറെ ഘടകങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും പരിപ്രേക്ഷ്യം 2030 നല്‍കുന്ന വിശദീകരണം ഇതാണ് : ""ചരിത്രപരവും സാമൂഹ്യവുമായ വീക്ഷണ കോണില്‍ വ്യവസായ പിന്നോക്കാവസ്ഥയുടെ മുഖ്യകാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കുക യൂണിയന്‍വത്കരണമാണ്. പ്രത്യേകിച്ച് 60കളിലും 70കളിലും വളരെ സമരോത്സുകരായ തൊഴിലാളിയൂണിയനുകള്‍ ഉല്‍പാദനക്ഷമതയേക്കാള്‍ ഉയര്‍ന്ന തോതില്‍ കൂലി ഉറപ്പുവരുത്തുക മാത്രമല്ല പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നതിനെ തടയുകയും ചെയ്തു. തൊഴിലസ്വസ്ഥതകള്‍ കാലക്രമേണ കുറഞ്ഞെങ്കിലും ഭൂതകാലത്തെ സമരാധിക്യവും യൂണിയനുകളുടെ സജീവസാന്നിദ്ധ്യവും മൂലം നിക്ഷേപസൗഹാര്‍ദപരമല്ല കേരളം എന്ന പ്രതിച്ഛായ മാറുന്നില്ല. കൂടാതെ ട്രേഡ് യൂണിയനുകള്‍ക്ക് സമ്പദ്ഘടനയുടെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നതിനുള്ള ശക്തി ഇപ്പോഴുമുണ്ട്. രാഷ്ട്രീയമായി സര്‍ക്കാരുകളുടെ അസ്ഥിരതയും നിക്ഷേപകരുടെ ആത്മവിശ്വാസം ചോര്‍ത്തുന്നു. അതുപോലെതന്നെ ക്ഷേമരാഷ്ട്രീയവും അതിരുകവിഞ്ഞ രാഷ്ട്രീയവത്കരണവും ഉദ്യോഗസ്ഥവത്കരണവും സംരംഭകത്വത്തെ പ്രതികൂലമായി ബാധിച്ചുവെന്നും വാദമുണ്ട്"". അസംഘടിതമേഖലകളിലും പരമ്പരാഗത മേഖലകളിലും കേരളത്തിലെ കൂലി താരതമ്യേന ഉയര്‍ന്നതാണെന്നത് ഒരു വസ്തുതയാണ്. ശക്തമായ പ്രക്ഷോഭസമരങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതും. ഈ പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയുടെ കാരണങ്ങളെ വിശദമായി മുന്‍ലേഖനങ്ങളില്‍ പ്രതിപാദിച്ചുകഴിഞ്ഞു.

    ഈ മേഖലകളിലെ ട്രേഡ് യൂണിയനുകളും ഉയര്‍ന്നകൂലിയും എങ്ങനെയാണ് ആധുനിക വ്യവസായങ്ങളുടെ തളര്‍ച്ചയുടെ കാരണമാവുന്നത്? സമരങ്ങളുടെ എണ്ണം, സമരം മൂലം നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ തുടങ്ങിയവയുടെ സൂചികകളില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. എന്നിട്ടും കേരളത്തിന്റെ പ്രതിഛായ മോശമായി തുടരുന്നെങ്കില്‍ അതിനു തൊഴിലാളികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. യാഥാര്‍ഥ്യം പറഞ്ഞാല്‍ 1957 മുതല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴൊക്കെ ക്രമസമാധാന തകര്‍ച്ചയും അരക്ഷിതാവസ്ഥയും ആരോപിച്ച് മുഖ്യധാരാമാധ്യമങ്ങളിലൂടെ നടത്തിയ ദുഷ്പ്രചരണങ്ങളാണ് കേരളത്തിന് ഇത്തരമൊരു പ്രതിച്ഛായ പ്രദാനം ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ അവഗണനയും ദുര്‍ബലസംരംഭകരും 1940കള്‍ വരെ കേരളത്തിലെ വ്യവസായവളര്‍ച്ച നെയ്ത്ത്, കയര്‍, കശുവണ്ടി, ഓട് തുടങ്ങിയ പരമ്പരാഗത മേഖലകളിലായിരുന്നു. 40കളില്‍ പ്രത്യേകിച്ച് തിരുവിതാംകൂറില്‍ രാസവളം, റയോണ്‍സ്, ടൈറ്റാനിയം ഡയോക്സൈഡ്, സിറാമിക്സ്, അലൂമിനിയം, പ്ലൈവുഡ്, ഗ്ലാസ്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ ഒരുപറ്റം ആധുനിക ഫാക്ടറികള്‍ ഉയര്‍ന്നുവന്നു. തദ്ദേശീയരായ വ്യവസായസംരംഭകരായിരുന്നില്ല ഈ ഫാക്ടറികളില്‍ മുതല്‍മുടക്കിയത്. മറിച്ച് തമിഴ്നാട്ടില്‍നിന്നുള്ള ചെട്ടിയാര്‍ മൂലധനമായിരുന്നു. പ്ലാന്റേഷന്‍ - പരമ്പരാഗത ഫാക്ടറി മേഖലകളിലും വിദേശ വാണിജ്യത്തിലും കുത്തക യൂറോപ്യന്‍ കമ്പനികള്‍ക്കായിരുന്നു. വാണിജ്യകൃഷിയിലേയ്ക്കാണ് തദ്ദേശീയ സംരംഭകത്വം തിരിഞ്ഞത്. സ്വാതന്ത്ര്യാനന്തരകാലത്ത് യൂറോപ്യന്‍ മൂലധനം പിന്‍വലിയാന്‍ തുടങ്ങിയപ്പോള്‍ അവരുടെ മേഖലകളിലേക്കും തദ്ദേശീയ മൂലധനം ചേക്കേറി. അതുകൊണ്ട് ഇക്കാലത്തും ആധുനിക വ്യവസായങ്ങളില്‍ മുതല്‍മുടക്കുന്നതിന് തദ്ദേശീയരായ സംരംഭകര്‍ അമാന്തിച്ചു. വാണിജ്യ കൃഷിയും വ്യാപാരവുമായി കെട്ടുപിണഞ്ഞുകൊണ്ടുള്ള ഈ ദീര്‍ഘകാല ചരിത്രം കേരളത്തിലെ സംരംഭകത്വത്തിന്റെ പ്രത്യേകതയാണ്. ഈ ബന്ധവും മനോഭാവവുമാണ് ആധുനിക വ്യവസായമേഖലയിലെ സ്വകാര്യ മുതല്‍മുടക്കിനു തടസം നിന്ന ഒരു പ്രധാനഘടകം. ഇന്ത്യന്‍ യൂണിയനുമായുള്ള ലയനം, തിരുകൊച്ചി രൂപീകരണം, ഐക്യകേരള രൂപീകരണം തുടങ്ങി സ്വാതന്ത്ര്യത്തിന്റെ ആദ്യദശകത്തില്‍ ഉണ്ടായ ഭരണപരമായ അസ്ഥിരതയും ധനപരമായ സമ്മര്‍ദങ്ങളും അടുത്ത ദശാബ്ദത്തിലെ രാഷ്ട്രീയ അസ്ഥിരതയും സുസ്ഥിരമായ ഒരു വ്യവസായ പ്രോത്സാഹനനയം രൂപം കൊള്ളുന്നതിനു തടസമായി. ഒന്നാം പദ്ധതിയില്‍ വ്യവസായം പൂര്‍ണമായി അവഗണിക്കപ്പെട്ടു. രണ്ടാം പദ്ധതിയില്‍ 6.8 കോടി രൂപ അഥവാ പദ്ധതി അടങ്കലിന്റെ 7.9 ശതമാനം മാത്രമായിരുന്നു. കേന്ദ്രനിക്ഷേപത്തിന്റെ 0.1 ശതമാനമായിരുന്നു ഇക്കാലത്ത് കേരളത്തിനു ലഭിച്ചത്. മൂന്നാം പദ്ധതിയിലും വ്യവസായത്തിന്റെ വിഹിതം 10 ശതമാനം മാത്രമായിരുന്നു. കേന്ദ്ര അവഗണന പില്‍ക്കാലത്തും തുടര്‍ന്നു. 1970ല്‍ കേന്ദ്രവിഹിതം 3.1 ശതമാനം വരെയായി ഉയര്‍ന്നു. 1980 ആയപ്പോഴേയ്ക്കും ഇത് 2.3 ശതമാനമായും 1995ല്‍ 1.2 ശതമാനമായും താണു. ഇപ്പോഴും ഇത് 2 ശതമാനത്തില്‍ താഴെയാണ്.

    ദീര്‍ഘകാല വായ്പ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ച നിക്ഷേപ സാമ്പത്തികസ്ഥാപനങ്ങളും കേരളത്തെ അവഗണിക്കുകയാണുണ്ടായത്. 1990കളുടെ അവസാനം ഇത്തരം സ്ഥാപനങ്ങളുടെ മൊത്തം വായ്പയില്‍ കേരളത്തിന്റെ വിഹിതം 1.5 ശതമാനം മാത്രമായിരുന്നു. ഇന്നു സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും 90കളുടെ അവസാനം വരെ കേരളത്തിലെ നിക്ഷേപ വായ്പാ നിരക്ക് 40-50 ശതമാനം മാത്രമായിരുന്നു. തൊഴില്‍ ബന്ധങ്ങളും വേതനനിലവാരവും മൂലധനനിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നു മാത്രമാണ്. വിപണിയുടെ സാധ്യതകള്‍, പൊതുമുതല്‍മുടക്ക്, സര്‍ക്കാര്‍ നയവും കാര്യക്ഷമതയും, പശ്ചാത്തലസൗകര്യങ്ങള്‍, വായ്പാ ലഭ്യത എന്നിവയാണ് പ്രധാനപ്പെട്ട മറ്റു ഘടകങ്ങള്‍. ഇവിടങ്ങളിലെ പ്രതികൂല ഘടകങ്ങളെയും ചരിത്രപരമായ പിന്നോക്കാവസ്ഥയെയും എങ്ങനെ മറികടക്കാം എന്നതാണ് വ്യവസായവത്കരണത്തിന്റെ വെല്ലുവിളി. ലക്ഷ്യങ്ങള്‍ : വളയമില്ലാത്ത ചാട്ടങ്ങള്‍ എന്തൊക്കെയാണ് വ്യവസായ മേഖലയില്‍ പരിപ്രേക്ഷ്യം 2030 ലക്ഷ്യമിടുന്നത്? 2030 ആകുമ്പോള്‍ കേരളത്തിന്റെ സ്ഥിതി എന്തായിരിക്കണം? ഇന്നത്തെ 8 ശതമാനത്തില്‍ നിന്ന് വ്യവസായവിഹിതം 10 ശതമാനമായി ഉയരണം. ഇപ്പോള്‍ത്തന്നെ ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 16 ശതമാനവും മാനുഫാക്ചറിംഗ് വ്യവസായത്തില്‍ നിന്നാണ് എന്നോര്‍ക്കണം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാനുഫാക്ചറിംഗ് നയം അനുസരിച്ച് 2022ല്‍ ഈ മേഖലയുടെ വിഹിതം 25 ശതമാനമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒരുപക്ഷേ വ്യവസായ അനുബന്ധമേഖലകള്‍ കൂടുതല്‍ വേഗതയില്‍ വളരണമെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കില്‍ അതെവിടെയും വ്യക്തമാക്കിയിട്ടില്ല. അത്രയ്ക്കുണ്ട് ലക്ഷ്യബോധം. സേവന മേഖലയുടെ അതിരുകവിഞ്ഞ വളര്‍ച്ച കൂടുതല്‍ സന്തുലിതമാക്കുന്നതിന് വ്യവസായ വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്നത് പരിപ്രേക്ഷ്യം 2030ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രതിഫലിക്കുന്നില്ല. വ്യവസായ ഘടനയില്‍ എന്തുമാറ്റമാണ് ലക്ഷ്യമിടുന്നത്?

    ""അടുത്ത 20 വര്‍ഷം കൊണ്ട് വ്യവസായഘടന വിഭവാധിഷ്ഠിതത്തില്‍  നിന്ന് കാര്യക്ഷമാധിഷ്ഠിതം (ലളളശരശലിര്യ റൃശ്ലി) ആകണം"". ഈ ലക്ഷ്യത്തിന്റെ നാനാര്‍ഥങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഇന്ന് കേരളത്തിലെ വ്യവസായങ്ങളില്‍ പ്രമുഖം വിഭവസംസ്ക്കരണത്തെ അധിഷ്ഠിതമാക്കിയുള്ളവയാണ്. പ്രാഥമിക സംസ്ക്കരണവേളയില്‍ മൂല്യവര്‍ദ്ധന പരിമിതമാണ്. ഉയര്‍ന്ന മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളായി വിഭവങ്ങളെ രൂപാന്തരപ്പെടുത്തുമ്പോഴാണ് കൂടുതല്‍ ഉയര്‍ന്ന കൂലിയും ലാഭവും ലഭിക്കുക. റബ്ബര്‍ ഷീറ്റായി വില്‍ക്കുന്നതിനു പകരം റബ്ബര്‍ ഉല്‍പന്നങ്ങളാക്കണം. മോണോസൈറ്റും ഇല്‍മനൈറ്റും മണലില്‍ നിന്നു വേര്‍തിരിച്ചു കയറ്റുമതി ചെയ്താല്‍ പോര. ടൈറ്റാനിയം ഡയോക്സൈഡ് ആക്കി മാറ്റിയാലും പോര. ടൈറ്റാനിയം മെറ്റല്‍ ഉണ്ടാക്കണം. പെയിന്റ് ഉണ്ടാക്കണം. ഇതാണ് മൂല്യവര്‍ധിത ഉല്‍പന്നവ്യവസായങ്ങളിലേക്കു ഘടന മാറണമെന്നു പറയുന്നതിന്റെ അര്‍ഥം. അങ്ങനെ നേരിട്ടു പറയുന്നതിനു പകരം കാര്യക്ഷമതാ അധിഷ്ഠിതം ആക്കണമെന്നു പറയുന്നതിന്റെ കാര്യമെന്ത്? വ്യവസായഘടന വൈവിദ്ധ്യവത്കരിക്കണം. പക്ഷേ വിഭവാധിഷ്ഠിത വ്യവസായങ്ങളെ ഒഴിവാക്കാനാവില്ല. അവയെ കാര്യക്ഷമമാക്കുകയാണ് വേണ്ടത്. ഇതൊരു പ്രയോഗത്തിന്റെ പ്രശ്നമല്ല. ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ പരിപ്രേക്ഷ്യം 2030 ചര്‍ച്ച ചെയ്യുമ്പോള്‍ വിഭവാധിഷ്ഠിത വ്യവസായങ്ങളെയെല്ലാം അവഗണിക്കുന്നു. വൈജ്ഞാനിക വ്യവസായങ്ങളെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. നൂതന സങ്കേതങ്ങളാല്‍ വ്യവസായങ്ങളെ തുടര്‍ച്ചയായി നവീകരിക്കേണ്ടതാണ്. ആധുനിക കാലഘട്ടത്തില്‍ സാങ്കേതിക നൂതനത്വമാണ് വളര്‍ച്ചയുടെ മുഖ്യസ്രോതസ്. അതു നമ്മുടെ വ്യവസായത്തിന്റെ മുഖഛായയാകാന്‍ 2040 വരെ കാത്തിരിക്കാനാവില്ല.

    ഇന്നൊവേഷന്‍ അഥവാ നൂതന സങ്കേതങ്ങള്‍ എത്രയും പെട്ടെന്ന് ആവാഹിക്കാനാകുമോ അത്രയും നന്ന്. മറ്റൊരു ലക്ഷ്യം അസംഘടിത മേഖലയുടെ വ്യവസായവിഹിതം 20 ശതമാനമാക്കി കുറയ്ക്കുക എന്നതാണ്. ചെറുകിട മേഖല രണ്ടുതരമുണ്ട്. പരമ്പരാഗത കുടില്‍ വ്യവസായ - കൈവേല ചെറുകിട വ്യവസായമേഖലയാണ് ഒന്നാമത്തത്. അതുപോലെ പ്രധാനമാണ് ഐടി അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചെറുകിട മേഖല രണ്ടാമത്തേത്. പുത്തന്‍ ശാസ്ത്ര സാങ്കേതികവിപ്ലവത്തിന്റെ ഫലമായി വ്യവസായഘടന കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമാകുന്ന പ്രവണത ഇന്നു ദുര്‍ബലമായിരിക്കുന്നു. വ്യവസായമേഖലയിലെ മറ്റു ലക്ഷ്യങ്ങള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയാണ്. ഊര്‍ജ ഉപഭോഗം 20 ശതമാനം കുറയുക. വ്യവസായ മാലിന്യം കുറയ്ക്കുക. മാലിന്യം റീസൈക്കിള്‍ ചെയ്യുക. ഒരു വിയോജിപ്പും ഇക്കാര്യങ്ങളിലില്ല. പക്ഷേ, ചോദ്യം അവശേഷിക്കും. വ്യവസായവത്കരണത്തിന്റെ ലക്ഷ്യങ്ങളെ ഇങ്ങനെ നിര്‍വചിച്ചാല്‍ മതിയോ? പ്രായോഗിക സമീപനങ്ങള്‍ വേണം വ്യവസായവൈവിദ്ധ്യവത്കരണം ലക്ഷ്യമിടേണ്ടത് വ്യവസായവത്കരണത്തെ വിജ്ഞാനസാന്ദ്രമാക്കുന്നതിനാണ്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ക്കു പുറമേ നിലവിലുള്ള വ്യവസായങ്ങളും ഐടി തുടങ്ങിയ സാങ്കേതികവിദ്യകളാല്‍ നവീകരണിക്കല്‍ ഇതൊക്കെ നല്ല ലക്ഷ്യങ്ങള്‍. പക്ഷേ, ഇതിനുള്ള പ്രവര്‍ത്തനപരിപാടി എന്ത് എന്നു രേഖ മുഴുവന്‍ പരതിയാലും നമുക്കു ലഭിക്കുകയില്ല. 5 പ്രമുഖ മേഖലകളില്‍ കുതിച്ചുചാട്ടം കൈവരിക്കും എന്നാണ് രേഖ പറയുന്നത് : ആണവ ഊര്‍ജയന്ത്രങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍, വൈദ്യുതി പ്രസരണയന്ത്രങ്ങള്‍, മറൈന്‍ ഉപകരണങ്ങള്‍. എന്തൊക്കെയാണ് ഈ മേഖലകളില്‍ കേരളത്തിന്റെ പ്രത്യേക മികവ് എന്നു വ്യക്തമല്ല. നമ്മുടെ മൂര്‍ത്തമായ അനുഭവം എടുക്കാം. 1944ല്‍ സ്ഥാപിക്കപ്പെട്ട ഫാക്ട് 1964ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി. 1999 വരെ ക്രമാനുഗതമായ പുരോഗതിയും വൈവിദ്ധ്യവല്‍ക്കരണവും നവീകരണവും അതിനാവശ്യമായ മുതല്‍മുടക്കും ഉണ്ടായി. 1999ല്‍ 1800 കോടി വിറ്റുവരുമാനമുള്ള, 10000 പേര്‍ക്കു തൊഴില്‍നല്‍കുന്ന, വ്യത്യസ്തമായ അനേകം ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന ഒട്ടേറെ ഡിവിഷനുകള്‍ ഉള്ള വ്യവസായസമുച്ചയമായി ഫാക്ട് മാറി. മാത്രമല്ല, അനേകം ചെറുകിട - ഇടത്തരം ഫാക്ടറികളുടെ വികസനത്തിനും ഫാക്ട് സംഭാവന ചെയ്തു. നിയോലിബറല്‍ പരിഷ്കാരങ്ങള്‍ ഫാക്ടിനെ തകര്‍ത്തു. ഭാവി ഇന്നു അനിശ്ചിതമാണ്. പക്ഷേ, ഫാക്ടിന്റെ വളര്‍ച്ചാനുഭവം നമ്മുടെ ഭാവിയിലേക്ക് സാധനപാഠമാണ്. കൊച്ചി റിഫൈനറിയുടെ അനുഭവം വിപരീതമാണ്. കൊച്ചി റിഫൈനറി കാലാകാലങ്ങളില്‍ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തുവെങ്കിലും സമാനമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചെന്നൈയിലും വിശാഖപട്ടണത്തും പ്രാദേശിക വ്യവസായവത്കരണത്തിലും പെട്രോ കെമിക്കല്‍ വ്യവസായ ശൃംഖലകളുടെ വികസനത്തിനും വഹിച്ച പങ്ക് കേരളത്തില്‍ നിര്‍വഹിക്കുകയുണ്ടായില്ല. ഫാക്ടിന്റെ വികസന മാതൃകയിലേക്ക് കൊച്ചി റിഫൈനറിയെ രൂപാന്തരപ്പെടുത്തേണ്ടതുണ്ട്. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ വൈകിയാണെങ്കിലും യാഥാര്‍ഥ്യമായി. പരിസ്ഥിതി സൗഹൃദവും താരതമ്യേന വിലകുറഞ്ഞതുമായ പ്രകൃതിവാതകം ലഭ്യമാകും. പക്ഷേ, ഗുജറാത്തില്‍ 4 - 5 ഡോളര്‍ വിലയ്ക്കു വില്‍ക്കുന്ന എല്‍എന്‍ജിയ്ക്കു കേരളത്തില്‍ 20-24 ഡോളര്‍ വില വരുന്നു എന്ന ഒരു വിരോധാഭാസം നിലവിലുണ്ട്. ഇതു പരിഹരിക്കാനാവണം. ഏകീകൃത വില സമ്പ്രദായം കൊണ്ടുവരണം. അപ്പോള്‍ സംസ്ഥാനത്തു നിലവിലുള്ള ഒട്ടേറെ വ്യവസായങ്ങള്‍ക്ക് വിലകുറഞ്ഞ താപോര്‍ജം ലഭ്യമാക്കാന്‍ കഴിയും. അമ്പലമേട്ടില്‍ നിന്നും പ്രകൃതിവാതകം ഫീഡ് സ്റ്റോക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകനിലവാരത്തിലുള്ള ഒരു അമോണിയ - യൂറിയ കോംപ്ലക്സ് സംഘടിപ്പിക്കുന്നതിനു കഴിയും. പഴയ അമോണിയ യൂറിയ കോംപ്ലക്സ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് വെറുതെ കിടക്കുന്നു. ഫാക്ടിന്റെ സൗകര്യങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ഫാക്ടിനെത്തന്നെ നവീകരിക്കാന്‍ എല്‍എന്‍ജി ഉപയോഗപ്പെടുത്താം. കാസര്‍കോട് മേഖലയില്‍ ഒരു പെട്രോ കെമിക്കല്‍സ് വ്യവസായം സ്ഥാപിക്കുക എന്നത് ദീര്‍ഘകാലമായി പരിഗണിക്കപ്പെട്ടുവരുന്ന കാര്യമാണ്. അതുപോലെതന്നെ പരിഗണിക്കാവുന്ന ഒരു നിര്‍ദേശമാണ് അമ്പലമേട്ടില്‍ ഒരു ഗ്യാസ് ക്രാക്കര്‍ കോംപ്ലക്സ്. ഇപ്രകാരം ലഭ്യമായ വിഭവാടിത്തറയില്‍ എങ്ങനെ മൂല്യവര്‍ധിത ഉല്‍പന്ന ശൃംഖല സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് പ്രായോഗികമായി ചിന്തിക്കുകയാണ് വേണ്ടത്. ടൈറ്റാനിയം അടിസ്ഥാനത്തിലുള്ള പിഗ്മെന്റുകളും പെയിന്റുകളും ലോഹങ്ങളും കൂട്ടുലോഹങ്ങളും പ്രധാനപ്പെട്ട ഒരു വ്യവസായമാണ്. മൂല്യവര്‍ധിത ശൃംഖലയുടെ ഏറ്റവും ഉയര്‍ന്ന ഉല്‍പന്നങ്ങളായ ടൈറ്റാനിയം സ്പോഞ്ചും ലോഹങ്ങളും ഉല്‍പാദിപ്പിക്കുന്നതടക്കം ടൈറ്റാനിയം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. കേരളത്തിന്റെ അപൂര്‍വമായ ധാതുമണല്‍, കയറ്റുമതിക്കു വേണ്ടി സംസ്ക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഇത്തരത്തില്‍ ഇന്നുള്ള വ്യവസായ അടിത്തറയുടെ വിപുലീകരണ നവീകരണ സാധ്യതകളെ പരിപ്രേക്ഷ്യം 2030 പരിശോധിക്കുന്നതേയില്ല. ഇതിനുപകരം 10000 ഏക്കര്‍ ഭൂമി വേണ്ടി വരുന്ന ഇന്റഗ്രേറ്റഡ് പെട്രോകെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍ ഇന്‍വെസ്റ്റ്മെന്റ് റീജിയന്‍, ആയിരക്കണക്കിനു ഏക്കര്‍ സ്ഥലം അനിവാര്യമായ കൊച്ചി പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് സോണ്‍ തുടങ്ങിയ ഭീമന്‍ പ്രഖ്യാപനങ്ങള്‍ ഭാവന മാത്രമാണ്. ഒരു പഠനത്തിന്റെയും പിന്തുണയില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. ക്ലസ്റ്റര്‍ വികസന പരിപാടിയെക്കുറിച്ച് ഭിന്നാഭിപ്രായമില്ല. ഇടതുപക്ഷത്തിന്റെയും അംഗീകൃത സമീപനമാണിത്. പക്ഷേ, കഞ്ചിക്കോട്ടെ സ്റ്റീല്‍, കാലടിയിലെ റൈസ് മില്‍, കണ്ണൂരിലെ കൈത്തറി, പെരുമ്പാവൂരിലെ പ്ലൈവുഡ് തുടങ്ങിയ ക്ലസ്റ്ററുകളുടെ അനുഭവങ്ങളെ പരിശോധിക്കുന്നതിനു പകരം ചൈനയിലേക്കും ജപ്പാനിലേക്കും മറ്റുമാണ് പരിപ്രേക്ഷ്യക്കാര്‍ പോകുന്നത്. ഗൂഗിള്‍ ഗവേഷണമാണ് പരിപ്രേക്ഷ്യം 2030ന്റെ മുഖമുദ്ര. ഇന്റര്‍നെറ്റില്‍ നിന്നും തപ്പിയെടുക്കുന്ന ചൈനീസ് - ജപ്പാന്‍ - സിംഗപ്പൂര്‍ കേസ് പഠനങ്ങള്‍ സോഴ്സുകളായി കൊടുത്തിരിക്കുന്നു. ഇത്തരം അവിയലുകള്‍ നമ്മെ എവിടെയും കൊണ്ടുചെന്ന് എത്തിക്കുകയില്ല. ലോകബാങ്ക് - ഡാവോസ് സൂത്രങ്ങള്‍ വ്യവസായ ഘടന കഴിഞ്ഞാല്‍ പിന്നെ പരിപ്രേക്ഷ്യം തേടുന്നത് കാര്യക്ഷമത ഉയര്‍ത്താനുള്ള വിദ്യകളാണ്. ഇതിന് ആധാരമാക്കുന്നത് രണ്ടു രേഖകളെയാണ്. ആദ്യത്തേത് ലോകബാങ്കിന്റെ ഉീശിഴ ആൗശെിലൈ ഞലുീൃേ ആണ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ ബിസിനസ് ചെയ്യുന്നതിനുള്ള അന്തരീക്ഷം താരതമ്യപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണിത്.

    ലോകബാങ്കു തന്നെ കൊച്ചിയടക്കം ഇന്ത്യയിലെ 17 പട്ടണങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിസിനസ് തുടങ്ങാന്‍, നിര്‍മാണ അനുമതി ലഭിക്കാന്‍, വൈദ്യുതി ലഭിക്കാന്‍, സ്വത്തു രജിസ്റ്റര്‍ ചെയ്യാന്‍, കരാര്‍ ഉറപ്പിക്കാന്‍, വായ്പ ലഭിക്കാന്‍, നികുതിയടയ്ക്കാന്‍, കച്ചവടത്തിന് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ കൊച്ചി അഥവാ കേരളം വളരെ പിന്നിലാണ്. എങ്ങനെ നമുക്കു കൂടുതല്‍ നിക്ഷേപ സൗഹൃദമാകാം? ഇതിന് ഓരോ കാര്യത്തിലും ലോകത്ത് ഇന്നു ലഭ്യമായ ഏറ്റവും നല്ല മാതൃകകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം കേരളത്തിലേക്കു പകര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. മറ്റൊരു പ്രമാണരേഖ ഡാവോസിലെ അതിസമ്പന്നരുടെയും രാഷ്ട്ര നേതാക്കളുടെയും വേള്‍ഡ് ഇക്കണോമിക് ഫോറം വര്‍ഷം തോറും തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന "സാമ്പത്തിക സ്വാതന്ത്ര്യ സൂചിക" റിപ്പോര്‍ട്ടാണ്. നിക്ഷേപകര്‍ക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരാണ് ലോകത്ത് രണ്ടാം സ്ഥാനത്ത്. കേരളത്തിനു മാതൃക സിംഗപ്പൂരാണ്. ഈ രണ്ടുരേഖകളാണ് എന്തു ചെയ്യണമെന്ന ചര്‍ച്ചയുടെ നല്ലപങ്കും അപഹരിക്കുന്നത്. വ്യവസായ മേഖലയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വര്‍ധിച്ച നിക്ഷേപം ആവശ്യമാണ്. ഇത് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള സ്വകാര്യ സംരംഭകരില്‍ നിന്നാണ് പ്രധാനമായും ഉണ്ടാകേണ്ടത്. ഈ സാഹചര്യത്തില്‍ കേരളം നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുന്ന സംസ്ഥാനമാണെന്നുള്ള ധാരണ എങ്ങനെ പ്രചരിച്ചുവെന്നത് പരിശോധിക്കപ്പെടുകയും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ ഉണ്ടാവുകയും വേണം.

    നിക്ഷേപകന്‍ സാധാരണ വിലയിരുത്തുന്ന ചില ഘടകങ്ങളുണ്ട്. അവ താഴെ പറയുന്നു. അനായാസേന വ്യവസായം ആരംഭിക്കാനുള്ള സൗകര്യം, പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താനുള്ള സാധ്യത  നിക്ഷേപത്തിന് ലാഭം കിട്ടുമെന്ന ഉറപ്പ്, തൊഴില്‍ ശക്തിയുടെ സ്വഭാവം, പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം, നിലവിലുള്ള നിയന്ത്രണങ്ങളുടെ സ്വഭാവം, ഉദ്യോഗസ്ഥവൃന്ദത്തിന്റെ കാഴ്ചപ്പാട്, സര്‍ക്കാരിന്റെ നയങ്ങളുടെ ഊന്നലും ഭരണത്തിന്റെ ഉറപ്പും. പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ഉല്‍പാദനക്ഷമതയും ലാഭനിരക്കും കുറയ്ക്കുകയും ചെയ്യുന്നു. കൂടിയ തോതില്‍ നിക്ഷേപം ഒഴുകിയെത്താന്‍ ഈ പ്രശ്നം പരിഹരിക്കണം. ഭൂമിയുടെ വില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നത് ഒരു പരിമിതിയാണ്. നിക്ഷേപകര്‍ക്ക് ന്യായമായ വിലയ്ക്ക് ഭൂമി പതച്ചു നല്‍കേണ്ടി വരും. ചില വ്യവസായങ്ങളുണ്ടാക്കുന്ന പരിസരമലിനീകരണം കൈകാര്യം ചെയ്യാനുതകുന്ന സംവിധാനങ്ങള്‍ നിലവില്‍ വരണം. സാങ്കേതിക സാമ്പത്തിക രംഗങ്ങളില്‍ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന മേഖലയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ പരിമിതമായേ നമുക്കുള്ളൂ.

    ഗവേഷണ വികസനപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതും ആധുനിക നൈപുണികള്‍ പരിശീലിപ്പിക്കുന്നതുമായ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും നമുക്കില്ല. മേല്‍ സൂചിപ്പിച്ച തടസങ്ങള്‍ നീക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. നിക്ഷേപസൗഹൃദമാകുന്ന വിധത്തില്‍ ഉദ്യോഗസ്ഥവൃന്ദത്തെ മാറ്റിയെടുക്കണം. ചുവപ്പു നാട, ഭരണനടപടികളിലെ സങ്കീര്‍ണത, വ്യവസായാനുമതി ലഭിക്കാനുള്ള കാലതാമസം, കൈക്കൂലി, സംശയദൃഷ്ട്യാ കാര്യങ്ങള്‍ കാണുന്ന ഉദ്യോഗസ്ഥര്‍ എന്നിവയെല്ലാം നിക്ഷേപകനെ ആട്ടിപ്പായിക്കുന്ന ഘടകങ്ങളാണ്. ഒരു സ്ഥാപനം ആരംഭിക്കണമെങ്കില്‍ ഒട്ടേറെ ഉദ്യോഗസ്ഥരില്‍ നിന്ന് അനുമതി പത്രം വേണ്ടിവരുന്ന അവസ്ഥ മാറണം. സര്‍ക്കാരിന്റെ ഓരോ വകുപ്പും നിക്ഷേപകനെ എങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും എന്നാണ് ആലോചിക്കേണ്ടത്. ഇന്നത്തെ രീതിയില്‍ നിരുത്സാഹപ്പെടുത്താനല്ല. അനുമതി നല്‍കുന്ന കാര്യത്തില്‍ വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണ്. നിക്ഷേപസൗഹൃദ അന്തരീക്ഷം വേണമെന്നതിന് തര്‍ക്കമില്ല. പക്ഷേ അതിനു സിംഗപ്പൂര്‍ മാനദണ്ഡങ്ങള്‍ മാത്രം പോര. നമ്മുടെ വികസന ഏജന്‍സികളുടെയും സര്‍ക്കാര്‍ ഇടപെടലുകളുടെയും മൂര്‍ത്തമായ അവലോകനം വേണം. അതിനടിസ്ഥാനത്തില്‍ പരിഷ്കാരങ്ങള്‍ വേണം. ഇത്തരമൊരു പരിശോധന പരിപ്രേക്ഷ്യം 2030ല്‍ ഇല്ല.

Monday, February 10, 2014

ജനദ്രോഹ ബജറ്റിന്റെ കപട കര്‍ഷകപ്രേമം

കര്‍ഷക മാണിക്യം (മനോരമ), ജയ് കിസാന്‍, നികുതിഭാരം കൂടും (മാതൃഭൂമി), മധുരവും നൊമ്പരവും നല്‍കി ബജറ്റ് (ദീപിക) ഇങ്ങനെ പോയി കേരള ബജറ്റിനെക്കുറിച്ച് പത്രങ്ങളുടെ തലക്കെട്ടുകള്‍. എന്തു പോരായ്മകളുണ്ടെങ്കിലും കൃഷിക്കാരെ പ്രീണിപ്പിക്കാനുളള തിരഞ്ഞെടുപ്പു ബജറ്റ് എന്നായിരുന്നു പൊതു വിലയിരുത്തല്‍. ഇതുപോലൊരു അസംബന്ധം വേറെയില്ല. 2014-15ലെ വാര്‍ഷിക പദ്ധതിയില്‍ കൃഷിക്ക് ആകെ വകയിരുത്തിയിട്ടുളളത് 8.69 ശതമാനം അടങ്കല്‍ മാത്രമാണ്. 2012-13ല്‍ ഇത് 8.09ല്‍ 2013-14ല്‍ 7.38 ഉം ആയിരുന്നു. എങ്ങനെ ഇതിനെ കര്‍ഷകപ്രേമം എന്നു വിശേഷിപ്പിക്കാനാവും?

കേരള ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന കാര്‍ഷിക പൊതുനിക്ഷേപമാണ് യുഡിഎഫ് ഭരണകാലത്ത് ഉണ്ടായിട്ടുളളത്. മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്ന അത്രയും തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ പദ്ധതിയുടെ ഭാഗമായി കാര്‍ഷികമേഖലയില്‍ മുടക്കിയിട്ടുണ്ട്. എന്നാല്‍ ഉല്‍പാദനമേഖലയില്‍ മിനിമം 30 ശതമാനം തുക മുടക്കണം എന്ന നിബന്ധന മാറ്റിയതോടെ കാര്‍ഷിക മേഖലയ്ക്കുളള വിഹിതം കുത്തനെ വീണു. കേരള സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം അഞ്ചു ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം. ഇതു 15 ശതമാനത്തിലേറെ മുടക്കിയാല്‍ മാച്ചിംഗ് ഗ്രാന്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നാണ് ഒരു ബജറ്റ് വാഗ്ദാനം. ഇതിനായി നീക്കിവെച്ച പണം ഏതായാലും ലാഭിക്കാമെന്ന് മന്ത്രിക്ക് ഉറപ്പിക്കാം.
2013-14ലെ കര്‍ഷകരക്ഷാ പരിപാടികളുടെ ഗതി
ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ 'കര്‍ഷകരക്ഷയ്ക്കായി' നിരത്തിയ പ്രഖ്യാപനങ്ങളിലാണ് മാധ്യമങ്ങള്‍ മതിമറന്നത്. അവരോടെനിക്കു പറയാനുളളത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ പ്രഖ്യാപനങ്ങളില്‍ എന്തു നടന്നുവെന്നു പരിശോധിക്കാനാണ്. അവ താഴെ കൊടുക്കുന്നു.

  1.  ചെറുകിട കര്‍ഷകരുടെ പലിശബാധ്യത എഴുതിത്തളളുന്നു - ഇതിനായി വകയിരുത്തിയ 50 കോടിയില്‍ നിന്ന് ഒരു പൈസ പോലും ബാങ്കുകള്‍ക്കു നല്‍കിയിട്ടില്ല. ആരുടെയും പലിശബാധ്യത എഴുതിത്തളളിയിട്ടുമില്ല.
  2.  എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പലിശരഹിത കാര്‍ഷിക വായ്പ ഉറപ്പാക്കുന്നു - ഇതിനായി വകയിരുത്തിയ 30 കോടിയില്‍ നിന്ന് ആര്‍ക്കും ഒന്നും കൊടുത്തില്ലെന്നു മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍കൃഷിക്കാര്‍ക്കു നല്‍കിയ പലിശരഹിത വായ്പയും പച്ചക്കറി കൃഷിക്കാര്‍ക്കുളള നാലു ശതമാനവായ്പ നിര്‍ത്തലാക്കുകയും ചെയ്തു. 
  3.  കാര്‍ഷിക വായ്പാ തിരിച്ചടവിന് റിസ്‌ക് ഇന്‍ഷ്വറന്‍സ് - വായ്പയെടുത്ത കുടുംബനാഥന്‍ മരണപ്പെടുകയോ നിത്യരോഗങ്ങള്‍ മൂലമോ അപകടങ്ങള്‍ മൂലമോ കിടപ്പിലായാല്‍ കടക്കാര്‍ക്കു പൂര്‍ണ സംരക്ഷണം നല്‍കാനായിരുന്നു പരിപാടി. ഈ പ്രഖ്യാപനത്തെക്കുറിച്ച് ചര്‍ച്ച പോലും പിന്നീടു നടന്നിട്ടില്ല. 
  4. . സംയോജിത കൃഷിത്തോട്ട പദ്ധതി - ഒരു പഞ്ചായത്തില്‍ പത്തു കൃഷിത്തോട്ടം എന്ന നിലയില്‍ വിളകള്‍ക്കൊപ്പം കോഴി, മത്സ്യം, തേനീച്ച, കൂണ്‍, പുഷ്പം, മുയല്‍ തുടങ്ങിയ കൃഷികളുടെ പതിനായിരം സംയോജിത കൃഷിത്തോട്ടങ്ങള്‍ക്കു സഹായം നല്‍കാനായിരുന്നു പരിപാടി. ഒന്നും നടന്നില്ല.
  5. . മാതൃകാ ഹൈടെക് ഹരിതഗ്രാമങ്ങള്‍ - ഒരു ജില്ലയില്‍ ഒരു ഗ്രാമം എന്നതായിരുന്നു ലക്ഷ്യം. 42 കോടി രൂപയായിരുന്നു വകയിരുത്തിയത്. ഒരു പൈസ പോലും ചെലവായില്ല. 
  6.  നെല്ലു സംഭരണം - സീസണ്‍ ആരംഭിക്കുമ്പോള്‍ത്തന്നെ നെല്ലു സംഭരണത്തിന് ആവശ്യമായ തുക ജില്ലാ സഹകരണ ബാങ്കിന്റെ റിവോള്‍വിംഗ് ഫണ്ടിലേയ്ക്കു നല്‍കാനായിരുന്നു പരിപാടി. ഇതിനുളള ഫയല്‍ അയച്ചിട്ടേയുളളൂ എന്നാണ് കഴിഞ്ഞദിവസം നിയമസഭയില്‍ ഭക്ഷ്യമന്ത്രി സമ്മതിച്ചത്. 
  7. . കര്‍ഷക ഉല്‍പാദക സംഘങ്ങളും കര്‍ഷക മാര്‍ക്കറ്റുകളും - ഇവയുടെ ആഭിമുഖ്യത്തില്‍ കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന് 25 കോടി പ്രഖ്യാപിച്ചത് നടപ്പായില്ല. 
  8. . ജൈവകൃഷിയ്ക്ക് കേരള ബ്രാന്‍ഡ് - 12 കോടി പ്രഖ്യാപിച്ചത് ഖജനാവിനു ലാഭം.
  9.  തെങ്ങില്‍നിന്നു നീര ഉല്‍പാദനം - വാചകമടി ഒത്തിരി നടന്നിട്ടുണ്ട്. പക്ഷേ, 15 കോടി പ്രഖ്യാപിച്ചതില്‍ നിന്നും ഒരു പൈസ പോലും ചെലവായില്ല. 
  10.  കൃഷിക്കാര്‍ക്ക് സമഗ്ര വിള ഇന്‍ഷ്വറന്‍സ് - 20 കോടിയാണ് പ്രഖ്യാപിച്ചത്. ഒന്നും നടന്നില്ല. 
ദോഷം പറയരുതല്ലോ. ഒരു പ്രഖ്യാപനം നടപ്പായി. കാര്‍ഷികാദായ നികുതികളില്‍ നിന്നും വ്യക്തികളെ ഒഴിവാക്കുമെന്ന പ്രഖ്യാപനം നടപ്പിലായി. ബാക്കി കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ തുടക്കത്തിലെ കാര്‍ഷിക പ്രഖ്യാപനങ്ങള്‍ നടപ്പായില്ലെന്നു മാത്രമല്ല അവയിനി നടപ്പാക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ബജറ്റ് കണക്കില്‍ ഉള്‍പ്പെടുത്താതെ ധനമന്ത്രി ബജറ്റ് പ്രസംഗത്തിലൂടെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ക്കുളള പണം സപ്ലിമെന്ററി ഡിമാന്റ്‌സ് ഫോര്‍ ഗ്രാന്റ്‌സില്‍ ഉള്‍പ്പെടുത്തി നിയമസഭയില്‍ പാസാക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ അവസാനത്തെ സപ്ലിമെന്ററി ഡിമാന്റ്‌സ് നിയമസഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. മേല്‍പറഞ്ഞ പ്രഖ്യാപനങ്ങള്‍ക്ക് 1000 രൂപയുടെ ടോക്കണ്‍ പ്രൊവിഷന്‍ പോലും വകയിരുത്തിയിട്ടില്ല. എന്തുകൊണ്ട് എന്ന് നിയമസഭയില്‍ ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ധനമന്ത്രിയ്ക്കു മറുപടി ഉണ്ടായില്ല. എന്നിട്ടാണ് വീണ്ടും ബജറ്റു പ്രസംഗത്തില്‍ കര്‍ഷകരക്ഷയ്ക്കായുളള ബഡായികള്‍.
2014-15ലെ പുതിയ ബഡായികള്‍
ഈ വര്‍ഷം വീണ്ടും ബജറ്റു പ്രസംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ കര്‍ഷക രക്ഷയ്ക്കായി താഴെ പറയുന്ന പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ കേട്ട് കെ. എം. മാണിക്ക് കര്‍ഷകമാണിക്യം അവാര്‍ഡു പ്രഖ്യാപിച്ച മാധ്യമസുഹൃത്തുക്കള്‍ ഈ പ്രഖ്യാപനങ്ങളുടെ ഉളളടക്കത്തെക്കുറിച്ച് അന്വേഷിച്ചിട്ടുപോലുമില്ല.
  • 1. കര്‍ഷകര്‍ക്ക് 50 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടു കൂടി ഇന്‍കം ഗ്യാരണ്ടിയും വിലനിര്‍ണയ അവകാശവും - ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ആഗോളവത്കരണ കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് കെ. എം. മാണി വിലനിര്‍ണയ അവകാശം ബജറ്റിലൂടെ നല്‍കിയിരിക്കുകയാണ്. താങ്ങുവില പ്രഖ്യാപിക്കുന്നതു മനസിലാക്കാം. പക്ഷേ കൃഷിക്കാരുടെ വരുമാനം എങ്ങനെയാണ് 50 കോടി കൊണ്ട് 'ഗ്യാരണ്ടി' ചെയ്യുക? 25 വിളകള്‍ക്കാണ് പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചിട്ടുളളത്. ഇവയോരോന്നും എത്ര ഉല്‍പാദിപ്പിച്ചു എന്നും അതിന്റെ വിലയും കിട്ടിയാലല്ലേ ഇന്‍കം ഗ്യാരണ്ടി ചെയ്യാനാവൂ. ഇതൊക്കെ എവിടുന്ന് കിട്ടുമെന്നാണ് ധനമന്ത്രി കരുതുന്നത്. ഇന്ന് ആരോഗ്യ ഇന്‍ഷ്വറന്‍സിന് 200 കോടിയില്‍ പരം രൂപയാണ് റിലയന്‍സിന് കേരള സര്‍ക്കാര്‍ നല്‍കുന്നത്. അപ്പോഴാണ് കേരളത്തിലെ 2 ഹെക്ടറില്‍ താഴെയുളള കൃഷിക്കാരുടെ ഇന്‍കം ഗ്യാരണ്ടി ചെയ്യാന്‍ 50 കോടിയുടെ പ്രഖ്യാപനവുമായി 'മാണിക്യം' അവതരിക്കുന്നത്. 
  • 2. 2 ഹെക്ടറില്‍ താഴെ കൃഷിഭൂമിയുളള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് - ഇത് സംസ്ഥാന ഇന്‍ഷ്വറന്‍സ് വഴി നടപ്പാക്കുന്നതിന് 50 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുളളത്. എന്തിനു പ്രത്യേക ഇന്‍ഷ്വറന്‍സ് സ്‌കീം. എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞതുപോലെ താല്‍പര്യമുളള എപിഎല്‍ കുടുംബങ്ങള്‍ക്കും തൊഴില്‍വകുപ്പിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുമെന്നു പ്രഖ്യാപിച്ചാല്‍പ്പോരേ. എപിഎല്‍ കുടുംബങ്ങള്‍ക്കുളള ഇന്‍ഷ്വറന്‍സ് നിര്‍ത്തലാക്കിയിട്ട് കൃഷിക്കാര്‍ക്കു പ്രത്യേക ഇന്‍ഷ്വറന്‍സുമായി ഇറങ്ങിയിരിക്കുകയാണ്. 
  • 3. വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്‌ടോപ്പ് - തലക്കെട്ടു കണ്ടാല്‍ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും ഉടന്‍തന്നെ ലാപ്‌ടോപ്പു കിട്ടുമെന്നു തോന്നും. കീഴോട്ടു വായിക്കുമ്പോഴാണ് മനസിലാവുക, ഒരു ഹെക്ടറില്‍ത്താഴെ കൃഷിഭൂമിയുളള കുടുംബങ്ങളിലെ പ്രൊഫഷണല്‍ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കു മാത്രമാണ് ലാപ്‌ടോപ്പ്. കര്‍ഷകത്തൊഴിലാളി കുടുംബത്തിലാണ് പിറന്നതെങ്കില്‍, പെണ്‍കുട്ടിക്ക് ലാപ് ടോപ്പ് ഇല്ല. 
  • 4. അഗ്രി കാര്‍ഡ് - സര്‍ക്കാരിന്റെ എല്ലാ സാമ്പത്തിക സഹായങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി അഗ്രി കാര്‍ഡ് ഏര്‍പ്പെടുത്താന്‍ പോവുകയാണ്. ആധാറിനു പുറമെ മറ്റൊരു പുലിവാലു കൂടി.
  • 5. കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമായി രൂപാന്തരപ്പെടുത്തുന്നു - ഇതിന് 200 കോടി രൂപയാണു വകയിരുത്തിയിട്ടുളളത്. എന്തിനീ പണം എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കാരണം, താഴെ പറയുന്ന ആനുകൂല്യങ്ങളാണ് ഹൈടെക് കൃഷി സംസ്ഥാനമായി മാറ്റുന്നതിന് പ്രഖ്യാപിച്ചിട്ടുളളത്.
a. പോളിഹൗസുകളുടെ ചെലവിന് 90 ശതമാനം വായ്പ - ചെലവ് വായ്പയായി കൃഷിക്കാര്‍ക്കു നല്‍കാനാണ് പരിപാടി. അപ്പോള്‍പ്പിന്നെ സര്‍ക്കാരിന് ചെലവില്ലല്ലോ.
b. വായ്പ മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് എസ്റ്റിമേറ്റു തുകയുടെ 25 ശതമാനം സബ്‌സിഡി - വായ്പ തിരിച്ചടവ് കഴിഞ്ഞിട്ടേ സബ്‌സിഡി നല്‍കേണ്ടതുളളൂ. അപ്പോള്‍ അടുത്തവര്‍ഷം ഇക്കാര്യത്തിനും പണമൊന്നും വേണ്ട.
c. സൗജന്യ വൈദ്യുതി - ഭാരം വൈദ്യുതിബോര്‍ഡിന്റെ മുകളില്‍വരുമെന്നല്ലാതെ സര്‍ക്കാരിന് ചെലവില്ല.
d. കെട്ടിടനികുതി ഇളവ് - പണം പോകുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.
e. ഇതോടൊപ്പം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുളള എല്ലാ സാമ്പത്തിക സഹായങ്ങളും അഗ്രി കാര്‍ഡു വഴി ലഭ്യമാക്കുന്നതാണ്. - ഇവയെല്ലാം നിലവിലുളള ആനുകൂല്യങ്ങളാണല്ലോ. സര്‍ക്കാരിന് അധികച്ചെലവുണ്ടാവുകയില്ല.
മേല്‍പറഞ്ഞ പരിപാടിയ്ക്ക് 200 കോടി രൂപ വകയിരുത്തിയിട്ടുളളത് കണ്ണില്‍പ്പൊടിയിടാനല്ലാതെ മറ്റെന്തിനാണ്? ആരോ എഴുതിക്കൊടുത്ത സ്‌കീം ബജറ്റു പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയെന്നാലെ പ്രസംഗിച്ച ആള്‍ പോലും ഈ പ്രഖ്യാപനത്തിനു വേണ്ടി വരുന്ന ചെലവിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട് എന്നു കരുതാനാവില്ല. ഹൈടെക് കൃഷിയെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട് എന്ന് ഗിഫ്റ്റ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രിയും സമ്മതിച്ചു. പഠനത്തിനു മുമ്പു തന്നെ സംസ്ഥാനം മുഴുവന്‍ ഹൈടെക്ക് ആക്കാന്‍ തീരുമാനിച്ച് 200 കോടി വകയിരുത്തിയിരിക്കുകയാണ്.
  • 6. കാര്‍ഷിക ഉല്‍പന്ന വിപണനത്തിന് സംഘങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ - മില്‍മ മോഡലിലായിരിക്കുമത്രേ ഈ സംഘങ്ങള്‍. ഇതില്‍ നിന്നും ഒരു കാര്യം ഉറപ്പിക്കാം. കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക വിപണന സംഘങ്ങളുടെ അതേഗതിയായിരിക്കും ഇവയ്ക്കും. 
  • 7. ഗൃഹനാഥന്‍ മരണപ്പെട്ടാല്‍ കാര്‍ഷിക കടം ഏറ്റെടുക്കുന്നു - 50000 രൂപ വരെയുളള കടത്തിന്റെ പകുതിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനത്തിന്റെ മറ്റൊരു ആവര്‍ത്തനം മാത്രമാണിത്. 
  • 8. ചെറുകിട ഭക്ഷ്യ സംസ്‌ക്കരണ വ്യവസായങ്ങള്‍ക്കു പ്രോത്സാഹനം - പ്രോത്സാഹിപ്പിക്കാന്‍ എത്ര പണം വകയിരുത്തിയെന്ന് പ്രഖ്യാപിച്ചിട്ടില്ല. 
  • 9. അത്യുല്‍പാദന ശേഷിയുളള വിത്ത് തൈ ഉല്‍പാദന കേന്ദ്രങ്ങള്‍ - കുടുംബശ്രീ/ജനശ്രീ/ഗൃഹശ്രീ തുടങ്ങിയവരാണ് ഇതു ചെയ്യാന്‍ പോകുന്നത്. 
  • 10. പാഴ്‌വസ്തുക്കളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ - 'കൃഷിയില്‍ നിന്നുളള പാഴ്‌വസ്തുക്കള്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളായി മാറ്റാന്‍' നാനോ ടെക്‌നോളജി ആണത്രേ ഉപയോഗിക്കാന്‍ പോകുന്നത്. ഹൈടെക്കു തന്നെ. 
  • 11. വെര്‍ട്ടിക്കല്‍ ഫാമിംഗ് - ഭൂമിയില്ലാത്ത സിംഗപ്പൂരിലും മറ്റും ഒരേ സ്ഥലത്ത് പലതട്ടുകളിലായി കൃഷി ചെയ്യുന്നുണ്ടത്രേ. അതു കേരളത്തിലേയ്ക്കും കൊണ്ടുവരാന്‍ കെ. എം. മാണി തീരുമാനിച്ചിരിക്കുകയാണ്. 
  • 12. ന്യായവില നല്‍കി കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം - ഇന്‍കം ഗ്യാരണ്ടി ചെയ്താല്‍ പോര. ഇതിനു പുറമെ സംഭരണപരിപാടി കൂടി നടപ്പാക്കാന്‍ കെ. എം. മാണി ഉദ്ദേശിക്കുന്നുണ്ട്. അപ്പോള്‍ എന്താണ് ഇന്‍കം ഗ്യാരണ്ടി സ്‌കീം? 
  • 13. ഗ്ലോബല്‍ അഗ്രി മീറ്റ് - കാര്‍ഷിക ഭക്ഷ്യസംസ്‌ക്കരണ രംഗങ്ങളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ശ്രീലങ്ക, തായ്‌ലണ്ട്, വിയറ്റ്‌നാം എന്നിവര്‍ മാത്രം പോര, ഇസ്രായേലും വേണം എന്നാണ് ധനമന്ത്രിയുടെ അഭിപ്രായം. 
  • 14. കേരള ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ - കഴിഞ്ഞ തവണത്തെ പ്രഖ്യാപനം വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. ഒരു വ്യത്യാസം മാത്രം. ബ്രാന്‍ഡ് മുദ്രാവാക്യം ഒരു വര്‍ഷം കൊണ്ട് കണ്ടെത്തി. 'മെയ്ഡ് ഇന്‍ കേരള - സേഫ് ടു ഈറ്റ്' – (കേരളത്തിലുണ്ടാക്കിയത് - തിന്നാന്‍ സുരക്ഷിതം). 
  • 15. കേരള ഉല്‍പന്നങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ വിപണികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും - പഴം, പച്ചക്കറി, പുഷ്പം, ഡയറി, പിഗ്ഗറി എന്നിവിടങ്ങളില്‍ സെന്റേഴ്‌സ് ഫോര്‍ എക്‌സലെന്‍സ് (മികവിന്റെ കേന്ദ്രങ്ങള്‍) സൃഷ്ടിക്കുമത്രേ. ഇതിനു പുറമെ 'റെയില്‍വേയുമായി ചേര്‍ന്ന് ഇന്ത്യന്‍ നഗരങ്ങളിലും കപ്പല്‍ കമ്പനികളുമായി ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും' വിപണനം ചെയ്യുന്നതിനുളള ഒരു ബ്രഹദ് പദ്ധതിയ്ക്കും രൂപം നല്‍കാന്‍ പരിപാടിയുണ്ട്. 
ഈ കളിപ്പീരു പരിപാടിയുടെ ബ്രാന്‍ഡ് നെയിമാണ് 'കര്‍ഷക മാണിക്യം'. ഇലക്ഷന്‍ വരെയേ ഇവയെക്കുറിച്ചുളള വാചകമടി പോലും ഉണ്ടാകാന്‍ പോകുന്നുളളൂ. കാരണം, ഇവയൊന്നും നടപ്പാക്കാനുളള പണം കേരള സര്‍ക്കാരിന്റെ കൈയിലില്ല. അത്രയ്ക്കു ഗുരുതരമാണ് കേരളത്തിന്റെ സാമ്പത്തികസ്ഥിതി.
'കമ്മിച്ച'ത്തില്‍ നിന്നു കമ്മിയിലേയ്ക്ക്
എന്റെ ഇത്തവണത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചത് ധനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടാണ്. അഭിനന്ദനം മറ്റൊന്നിനുമായിരുന്നില്ല. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് കഴിഞ്ഞ ബജറ്റില്‍പ്പോലും നമ്മെയെല്ലാം പറഞ്ഞു പറ്റിച്ചതിനായിരുന്നു. 3403 കോടി രൂപ മാത്രമേ കമ്മി വരൂവെന്നാണ് കഴിഞ്ഞവര്‍ഷം പറഞ്ഞത്. ഇപ്പോള്‍ കണക്കു വന്നപ്പോള്‍ 9351 കോടി രൂപയാണ് കമ്മി.
2010-11ല്‍ റവന്യൂ കമ്മി 8034 കോടി രൂപയായിരുന്നു. അതായത് സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. ശമ്പള പരിഷ്‌കരണവര്‍ഷത്തില്‍ കമ്മി കൂടിയതില്‍ ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയില്ല. 2012-13ല്‍ റവന്യൂ കമ്മി 3406 കോടി രൂപയായി കുറഞ്ഞുവെന്നും (0.9 ശതമാനം) 2013-14ല്‍ അത് 2269 കോടി രൂപയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് കഴിഞ്ഞ ബജറ്റില്‍ പ്രസ്താവിച്ചത്.
പഞ്ചായത്തുകള്‍ക്കും മറ്റും നല്‍കുന്ന 4000 കോടിയില്‍ മുക്കാല്‍പങ്കും മൂലധന ചെലവ് ആണെന്നും അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ബജറ്റ് കമ്മിയില്ലെന്നും 1202 കോടി മിച്ചമാണെന്നും അദ്ദേഹം കണക്കാക്കി. പഴയ 'കമ്മിച്ച' വിവാദം പോലെ ഒന്ന് ഉണ്ടായാലോ എന്നു ഭയന്ന് അക്കാര്യം പെരുമ്പറയടിച്ചില്ല. പക്ഷെ 2014-15 ലേത് മിച്ച ബജറ്റ് ആയിരിക്കും എന്ന് അദ്ദേഹത്തിന് സംശയമില്ലായിരുന്നു. ഞാന്‍ പോലും അതു വിശ്വസിച്ചു. പക്ഷേ, ഈ വര്‍ഷത്തെ ബജറ്റില്‍ 2012-13ലെ അവസാനത്തെ കണക്കുകളുണ്ട്.
പ്രതീക്ഷിച്ചിരുന്ന റവന്യൂ വരുമാനത്തില്‍ 4132 കോടിയുടെ കുറവ്. അതേസമയം റവന്യൂ ചെലവ് 1813 കോടി രൂപ അധികമാണ്. ബജറ്റ് അവതരണവേളയില്‍ 2012-13ലെ ഡിസംബര്‍ വരെയുളള വരവു ചെലവു കണക്കുകള്‍ ധനമന്ത്രിയുടെ കൈവശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മതിപ്പു കണക്കിനെക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികരിക്കുമെന്നും കൃത്യമായി പറയാന്‍ കഴിയും. എന്നാല്‍ അതിനു തുനിയാതെ കമ്മി കുറച്ചു കാണിക്കാനുളള പൊളളക്കണക്കുകളാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇതേ അടവ് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നു.
2014-15 ലേയ്ക്ക് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത് 7131 കോടി റവന്യൂ കമ്മിയും 14398 കോടി ധനകമ്മിയും വരുന്ന ബജറ്റ് ആണ്. റവന്യൂ കമ്മി സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനവും ധനകമ്മി 3.1 ശതമാനവും വരും. കെ. എം. മാണിയുടെ മൂന്നാം ഊഴത്തിലെ ഇതുവരെയുളള അനുഭവം വെച്ചു പറഞ്ഞാല്‍ കമ്മി ഇതിലൊന്നും നില്‍ക്കുകയില്ല. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം 2014-15ല്‍ റവന്യൂ കമ്മിയേ പാടില്ല. നികുതിപിരിവ് കഴിഞ് രണ്ടുവര്‍ഷത്തെപ്പോലെയാണെങ്കില്‍ കമ്മി ഇവിടെയും നില്‍ക്കുകയില്ല.
2013-14ല്‍ ഡിസംബര്‍ വരെയുളള കണക്കു പ്രകാരം നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമാണ് വര്‍ദ്ധന. ജനുവരി മാര്‍ച്ച് മാസങ്ങളില്‍ എത്ര കിണഞ്ഞു ശ്രമിച്ചാലും ഇത് 12 ശതമാനത്തിനപ്പുറം പോകുകയില്ല. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം മാത്രമാണ് നികുതി വര്‍ദ്ധന. എങ്കിലും റവന്യൂ വരുമാനം 15 ശതമാനം ഉയരുമെന്ന് ഉദാരമായ അനുമാനം ഞാന്‍ സ്വീകരിക്കുകയാണ്. എങ്കില്‍ 2013-14ലെ പുതുക്കിയ റവന്യൂ വരുമാനം 50757 കോടി രൂപയേ വരൂ. എന്നാല്‍ ധനമന്ത്രി ഇത് 54966 കോടി രൂപയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. നികുതി വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം ഉയരുമെന്നും കേന്ദ്രസഹായത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നുമാണ് ധനമന്ത്രിയുടെ അനുമാനം. ഇത് ശുദ്ധ അസംബന്ധമാണ്.
ഡിസംബര്‍ വരെയുളള കണക്കു പരിശോധിച്ചാല്‍ റവന്യൂ ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 20 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ബജറ്റില്‍ ധനമന്ത്രി പ്രതീക്ഷിക്കുന്ന 61175 കോടി രൂപ തന്നെ ചെലവായി ഞാനും സ്വീകരിക്കുകയാണ്. എന്റെ കണക്കുപ്രകാരം യഥാര്‍ത്ഥ റവന്യൂ കമ്മി 10000 കോടിയ്ക്കും 14000 കോടിയ്ക്കും ഇടയ്ക്കു വരും. അതായത് സംസ്ഥാന വരുമാനത്തിന്റെ 2.5 - 3.5 ശതമാനം.
സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം
റവന്യൂ കമ്മി കൂടിയാലുളള പ്രത്യാഘാതമെന്താണ്? വായ്പയെടുക്കുന്ന പണം നിത്യദാന ചെലവുകള്‍ക്കായി നീക്കിവെയ്‌ക്കേണ്ടി വരും. അതേസമയം, റവന്യൂ കമ്മി ഇല്ലാതാകുമെന്നും വായ്പയെടുക്കുന്ന പണം മുഴുവന്‍ റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മ്മാണ ചെലവുകള്‍ക്കായി നീക്കിവെയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ 2009-10 വര്‍ഷം മുതല്‍ വലിയ തോതില്‍ പൊതുമരാമത്തു പണികള്‍ക്ക് അനുവാദം നല്‍കി വരികയായിരുന്നു. അതുകൊണ്ട് കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട ബില്ലുകളുടെ തുക പെരുകിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കു നല്‍കാന്‍ പണമുണ്ടാകില്ല. ഇപ്പോള്‍ കോണ്‍ട്രാക്ടര്‍മാരുടെ ബില്ലു കുടിശിക ആറു മാസം കടന്ന് 1600 കോടി രൂപയിലെത്തി. കഴിഞ്ഞ ഏതാനും വര്‍ഷമായി പശ്ചാത്തല സൗകര്യ സൃഷ്ടിയ്ക്കായി കൂടുതല്‍ തുക നീക്കി വെച്ചുകൊണ്ടിരുന്ന പ്രവണതയ്ക്കു വിരാമമിടേണ്ടി വരും. 0.6 ശതമാനമായിരുന്ന മൂലധനച്ചെലവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പടിപടിയായി ഉയര്‍ന്ന് ഏതാണ്ട് 1.6 ശതമാനത്തിലെത്തിയതാണ്. നടപ്പു ബജറ്റ് പ്രകാരം ഈ പ്രവണതയ്ക്കു വിരാമമായിരിക്കുന്നു. ഇതു നമ്മുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു.
ക്ഷേമ പെന്‍ഷന്‍ പോലുളള റവന്യൂ ചെലവ് കുടിശികയാണ്. ആയിരം രൂപ മിനിമം പെന്‍ഷന്‍ വേണമെന്നുളളതാണ് ഡിമാന്റ്. ക്ഷേമനിധികളുടെ പെന്‍ഷനുകളില്‍ വര്‍ദ്ധന പ്രഖ്യാപിക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. പാര്‍പ്പിട പദ്ധതികള്‍ക്ക് അധികപണവും നീക്കിവെച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 70000 രൂപ വെച്ച് അധികധനസഹായം നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്തതു മൂലം കേരളത്തിലെ മുഴുവന്‍ പാര്‍പ്പിട പദ്ധതികളും സ്തംഭനത്തിലാണ്. നടപ്പുവര്‍ഷം പോലെ അടുത്ത വര്‍ഷവും ഇന്ദിരാ ആവാസ് പദ്ധതി പ്രകാരമുളള 55000 വീടില്‍ പത്തിലൊന്നു പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
അനൗപചാരിക സംഭാഷണങ്ങളില്‍ ആസൂത്രണബോര്‍ഡ് അധികൃതര്‍ ഈ വര്‍ഷത്തെ പ്ലാന്‍ വെട്ടിച്ചുരുക്കേണ്ടി വരും എന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ ബജറ്റ് കണക്കില്‍ ഇതു പ്രതിഫലിക്കുന്നില്ല. പദ്ധതിച്ചെലവ് 14540 കോടി രൂപയായിരുന്നത് 600 കോടിയുടെ കുറവേ പ്രതീക്ഷിക്കുന്നുളളൂ. പ്ലാനിനു പുറത്ത് ഒട്ടേറെ പുതിയ റവന്യൂ ചെലവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൂടി ഉള്‍ക്കൊളളുന്നതാണ് ബജറ്റ് കണക്കില്‍ നല്‍കിയിട്ടുളള റവന്യൂ ചെലവിന്റെ പുതുക്കിയ കണക്ക്. അതുകൊണ്ട് പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കേണ്ടിവരും. ഇത് ആരോരുമറിയാതെ ചെയ്യാമെന്നാണ് ധനമന്ത്രി കരുതുന്നത്. പ്ലാനില്‍ വരാന്‍ പോകുന്ന വെട്ടിക്കുറവിനെ ഇതുവഴി മറയിട്ടിരിക്കുകയാണ്.
അങ്ങനെ കരാറുകാരുടെയും ക്ഷേമപെന്‍ഷനുകളുടെയും വലിയ കുടിശികയുമായാണ് അടുത്ത വര്‍ഷത്തിലേയ്ക്കു കടക്കുന്നത്. ഇങ്ങനെ പെരുകുന്ന കമ്മിയുടെ പശ്ചാത്തലത്തില്‍ ബജറ്റു പ്രസംഗത്തിലൂടെ നടത്തിയ കര്‍ഷക രക്ഷാപരിപാടികളുടെ ഗതിയെന്തായിരിക്കും എന്നു നമുക്ക് ഊഹിക്കാവുന്നതേയുളളൂ.
വിലക്കയറ്റം സൃഷ്ടിക്കുന്ന ജനദ്രോഹ ബജറ്റ്
വിസ്തരഭയത്താല്‍ ബജറ്റിന്റെ മറ്റുവശങ്ങളിലേയ്ക്കു കടക്കുന്നില്ല. 1556 കോടിയുടെ അധികഭാരം പുതിയ ബജറ്റിലൂടെ ജനങ്ങളുടെ ചുമലില്‍ വരുന്നു. ഉടുതുണിയ്ക്കു പോലും നികുതിയായി. കെട്ടിടനികുതി ഇരട്ടിയായി. നേരത്ത തന്നെ വാറ്റു നികുതിയില്‍ 15-25 ശതമാനം നികുതി വര്‍ദ്ധന ധനമന്ത്രി നടത്തിയിരുന്നു. വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ ഒരു കരുണയുമില്ലാതെയാണ് അദ്ദേഹം അധികനികുതി ഭാരം കെട്ടിവെച്ചത്. ഡെവലപ്പര്‍മാര്‍ക്ക് നേരത്തെ 14.5 ശതമാനം നികുതി നല്‍കിയാലേ പുറത്തുനിന്നു സാധനങ്ങള്‍ കൊണ്ടുവരാന്‍ പറ്റുമായിരുന്നുളളൂ. ഇതിപ്പോള്‍ 6 ശതമാനമായി കുറച്ചു കൊടുത്തിട്ടുണ്ട്. ജനരോഷത്തിനു മുന്നില്‍ ഓട്ടോറിക്ഷാ, ടാക്‌സി തുടങ്ങിയവ മേലുളള നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ഇതിനകം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
നികുതി നിര്‍ദ്ദേശങ്ങള്‍ പലതും വിലക്കയറ്റം സൃഷ്ടിക്കുമെന്നതിന് സംശയം വേണ്ട. വെളിച്ചണ്ണയെ രക്ഷിക്കാന്‍ എന്നു പറഞ്ഞ് ബാക്കി ഭക്ഷ്യ എണ്ണയുടെ മേലെല്ലാം അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വെളിച്ചെണ്ണയെ രക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ അതിനു സബ്‌സിഡി നല്‍കിയാല്‍പ്പോരെ. പാമോയിലും റേഷന്‍ ഷോപ്പു വഴി നല്‍കിയാല്‍ കിലോയ്ക്ക് 20 രൂപ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. നമ്മളെത്ര ആവശ്യപ്പെട്ടിട്ടും വെളിച്ചെണ്ണയ്ക്ക് അതു നല്‍കിയിട്ടില്ല. ഇതിനു ധനമന്ത്രി തയ്യാറായിരുന്നെങ്കില്‍ വിലക്കയറ്റവും തടയാം. കേര കര്‍ഷകരും രക്ഷപെടും.
വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു എന്നു മാത്രമല്ല, അതിനെ പ്രതിരോധിക്കാന്‍ പുതുതായി ഒരു നടപടിയും വെയ്ക്കാനില്ല. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച തൃപ്തി ന്യായവില ഭക്ഷണശാലകള്‍ നടപ്പായില്ലെന്നു മാത്രമല്ല, ഇനി നടപ്പാക്കാനും ഉദ്ദേശിക്കുന്നില്ല. സപ്ലൈ കോയ്ക്ക് 65 കോടിയും കണ്‍സ്യൂമെര്‍ ഫെഡിന് 11 കോടി രൂപയുമാണ് 'ഉദാരമായി' അനുവദിച്ചിട്ടുളളത്. ഇത് എല്‍ഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം നല്‍കിയ സബ്‌സിഡി തുകയുടെ എത്രയോ കുറവാണ്.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെയ്ക്കാനാണ് കര്‍ഷകരക്ഷയുടെ വാചകമടികള്‍. രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ മേല്‍ കനത്ത നികുതിഭാരം കൂടി അടിച്ചേല്‍പ്പിച്ച ശേഷം ബഡായികള്‍ കൊണ്ടു പൊറുതിമുട്ടിക്കുകയാണ് ധനമന്ത്രി. 'കര്‍ഷകമാണിക്യ'മെന്നും 'ഹൈടെക് കൃഷിയുടെ പ്രവാചക'നെന്നുമൊക്കെയുളള മാധ്യമങ്ങളിലെ വമ്പന്‍ തലക്കെട്ടുകള്‍ കൊണ്ട് മറച്ചുവെയ്ക്കാന്‍ കഴിയുന്നതല്ല, ജനദ്രോഹത്തിന്റെ തനിനിറം.   

ബജറ്റ് നല്‍കുന്ന അപകടസൂചനകള്‍

ആറു മാസം മുമ്പുവരെ കേരള സര്‍ക്കാര്‍ ധനപ്രതിസന്ധിയിലാണെന്ന വാദം ഞാന്‍ അംഗീകരിച്ചിരുന്നില്ല. ധനമന്ത്രി നിയമസഭയില്‍ ഹാജരാക്കിയ കണക്കുകളെ വിശ്വസിച്ചു പോയതാണ് എന്റെ വീഴ്ച.
2010-11ല്‍ റവന്യൂ കമ്മി 8034 കോടി രൂപയായിരുന്നു. അതായത് സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. ശമ്പള പരിഷ്‌കരണവര്‍ഷത്തില്‍ കമ്മി കൂടിയതില്‍ ആരും ധനമന്ത്രിയെ കുറ്റപ്പെടുത്തുകയില്ല. 2012-13ല്‍ റവന്യൂ കമ്മി 3406 കോടി രൂപയായി കുറഞ്ഞുവെന്നും (0.9 ശതമാനം) 2013-14ല്‍ അത് 2269 കോടി രൂപയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് കഴിഞ്ഞ ബജറ്റില്‍ പ്രസ്താവിച്ചത്.
പഞ്ചായത്തുകള്‍ക്കും മറ്റും നല്‍കുന്ന 4000 കോടിയില്‍ മുക്കാല്‍പങ്കും മൂലധന ചെലവ് ആണെന്നും അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ബജറ്റ് കമ്മിയില്ലെന്നും 1202 കോടി മിച്ചമാണെന്നും അദ്ദേഹം കണക്കാക്കി. പഴയ 'കമ്മിച്ച' വിവാദം പോലെ ഒന്ന് ഉണ്ടായാലോ എന്നു ഭയന്ന് അക്കാര്യം പെരുമ്പറയടിച്ചില്ല. പക്ഷെ 2014-15 ലേത് മിച്ച ബജറ്റ് ആയിരിക്കും എന്ന് അദ്ദേഹത്തിന് സംശയമില്ലായിരുന്നു. ഞാന്‍ പോലും അതു വിശ്വസിച്ചു. പക്ഷേ, ഈ വര്‍ഷത്തെ ബജറ്റില്‍ 2012-13ലെ അവസാനത്തെ കണക്കുകളുണ്ട്.
പ്രതീക്ഷിച്ചിരുന്ന റവന്യൂ വരുമാനത്തില്‍ 4132 കോടിയുടെ കുറവ്. അതേസമയം റവന്യൂ ചെലവ് 1813 കോടി രൂപ അധികമാണ്. ബജറ്റ് അവതരണവേളയില്‍ 2012-13ലെ ഡിസംബര്‍ വരെയുളള വരവു ചെലവു കണക്കുകള്‍ ധനമന്ത്രിയുടെ കൈവശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മതിപ്പു കണക്കിനെക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികരിക്കുമെന്നും കൃത്യമായി പറയാന്‍ കഴിയും. എന്നാല്‍ അതിനു തുനിയാതെ കമ്മി കുറച്ചു കാണിക്കാനുളള പൊളളക്കണക്കുകളാണ് ധനമന്ത്രി അവതരിപ്പിച്ചത്. 3403 കോടി രൂപയായിരിക്കും കമ്മി എന്നാണ് ധനമന്ത്രി പറഞ്ഞത്. പക്ഷേ ഇപ്പോള്‍ അവസാന കണക്കുകള്‍ പ്രകാരം കമ്മി 9351 കോടി രൂപയാണ്. അതായത് സംസ്ഥാന വരുമാനത്തിന്റെ 2.5 ശതമാനം.
ധനമന്ത്രിയുടെ പ്രസംഗത്തിന്റ മൂന്നാം ഖണ്ഡികയില്‍ 2013-14 ഡിസംവഹ് വരെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നികുതി വരുമാനം 11 ശതമാനമേ വര്‍ദ്ധിക്കൂ എന്നു സമ്മതിച്ചിട്ടുണ്ട്. അതുപോലെതന്നെ റവന്യൂ ചെലവ് 20 ശതമാനമാണ് ഉയര്‍ന്നത്. പക്ഷേ, കണക്കുകള്‍ തയ്യാറാക്കിയപ്പോള്‍ വരുമാനം 24 ശതമാനം ഉയരുമെന്നും ചെലവുകള്‍ 14 ശതമാനം മാത്രമേ ഉയരൂ എന്ന അനുമാനമാണ് സ്വീകരിച്ചത്. ഇതിനടിസ്ഥാനത്തില്‍ 2013-14ല്‍ റവന്യൂ കമ്മി 6208 കോടി അഥവാ സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനമേ വരൂ എന്നാണ് ധനമന്ത്രിയുടെ അവകാശവാദം. എന്നാല്‍ ബജറ്റ് പ്രസംഗത്തിലെ മൂന്നാം ഖണ്ഡികയിലെ വളര്‍ച്ചാ നിരക്കുകള്‍ സ്വീകരിക്കുകയാണെങ്കില്‍ കമ്മി 15263 കോടി രൂപ വരും. അതായത് സംസ്ഥാന വരുമാനത്തിന്റെ 3.7 ശതമാനം.
റവന്യൂ കമ്മി കൂടിയാലുളള പ്രത്യാഘാതമെന്താണ്? വായ്പയെടുക്കുന്ന പണം നിത്യദാന ചെലവുകള്‍ക്കായി നീക്കിവെയ്‌ക്കേണ്ടി വരും. അതേസമയം, റവന്യൂ കമ്മി ഇല്ലാതാകുമെന്നും വായ്പയെടുക്കുന്ന പണം മുഴുവന്‍ റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മ്മാണ ചെലവുകള്‍ക്കായി നീക്കിവെയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ 2009-10 വര്‍ഷം മുതല്‍ വലിയ തോതില്‍ പൊതുമരാമത്തു പണികള്‍ക്ക് അനുവാദം നല്‍കി വരികയായിരുന്നു. അതുകൊണ്ട് കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട ബില്ലുകളുടെ തുക പെരുകിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കു നല്‍കാന്‍ പണമുണ്ടാകില്ല. ഇപ്പോള്‍ കോണ്‍ട്രാക്ടര്‍മാരുടെ ബില്ലു കുടിശിക ആറു മാസം കടന്ന് 1600 കോടി രൂപയിലെത്തി. കഴിഞ്ഞ ഏതാനും വര്‍ഷമായി പശ്ചാത്തല സൗകര്യ സൃഷ്ടിയ്ക്കായി കൂടുതല്‍ തുക നീക്കി വെച്ചുകൊണ്ടിരുന്ന പ്രവണതയ്ക്കു വിരാമമിടേണ്ടി വരും. 0.6 ശതമാനമായിരുന്ന മൂലധനച്ചെലവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പടിപടിയായി ഉയര്‍ന്ന് ഏതാണ്ട് 1.6 ശതമാനത്തിലെത്തിയതാണ്. നടപ്പു ബജറ്റ് പ്രകാരം ഈ പ്രവണതയ്ക്കു വിരാമമായിരിക്കുന്നു. ഇതു നമ്മുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു.
റവന്യൂ കമ്മി കുറയ്ക്കാനുളള മാര്‍ഗം ക്ഷേമ പെന്‍ഷനുകളും മറ്റും കുടിശികയാക്കുകയും പദ്ധതി വെട്ടിച്ചുരുക്കുകയുമാണ്. അനൗപചാരിക സംഭാഷണങ്ങളില്‍ ആസൂത്രണബോര്‍ഡ് അധികൃതര്‍ ഈ വര്‍ഷത്തെ പ്ലാന്‍ വെട്ടിച്ചുരുക്കേണ്ടി വരും എന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ ബജറ്റ് കണക്കില്‍ ഇതു പ്രതിഫലിക്കുന്നില്ല. ഇത് ആരോരുമറിയാതെ ചെയ്യാമെന്നാണ് ധനമന്ത്രി കരുതുന്നത്.
അങ്ങനെ കരാറുകാരുടെയും ക്ഷേമപെന്‍ഷനുകളുടെയും വലിയ കുടിശികയുമായാണ് അടുത്ത വര്‍ഷത്തിലേയ്ക്കു കടക്കുന്നത്. ഇങ്ങനെ പെരുകുന്ന കമ്മിയുടെ പശ്ചാത്തലത്തില്‍ ബജറ്റു പ്രസംഗത്തിലൂടെ നടത്തിയ കര്‍ഷക രക്ഷാപരിപാടികളുടെ ഗതിയെന്തായിരിക്കും എന്നു നമുക്ക് ഊഹിക്കാവുന്നതേയുളളൂ. 2013-14ലേയ്ക്കു പ്രഖ്യാപിച്ച കാര്‍ഷിക വികസന ബജറ്റ് പ്രഖ്യാപനങ്ങള്‍പോലും ഇപ്പോഴും കടലാസ് രേഖകള്‍ മാത്രമാണ്.
റവന്യൂ വരുമാനത്തിലുണ്ടായിരിക്കുന്ന മാന്ദ്യം പരിഹരിക്കാന്‍ ധനമന്ത്രി കണ്ടിരിക്കുന്ന മാര്‍ഗം നികുതി നിരക്കുകള്‍ ഉയര്‍ത്തുകയാണ്. വാറ്റ് നികുതി നിരക്കുകള്‍ 4 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും 12.5 ശതമാനം 14.5 ശതമാനവുമായി നേരത്തെ തന്നെ ഉയര്‍ത്തി. ഇത്തവണത്തെ ബജറ്റില്‍ 1556 കോടിയുടെ അധികഭാരമാണ് ജനങ്ങളുടെ ചുമലില്‍ വരുന്നത്. ഉടുതുണിയ്ക്കു പോലും നികുതിയായി. കെട്ടിടനികുതി ഇരട്ടിയായി. നേരത്ത തന്നെ വാറ്റു നികുതിയില്‍ 15-25 ശതമാനം നികുതി വര്‍ദ്ധന ധനമന്ത്രി നടത്തിയിരുന്നു. വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ ഒരു കരുണയുമില്ലാതെയാണ് അദ്ദേഹം അധികനികുതി ഭാരം കെട്ടിവെച്ചത്. ഡെവലപ്പര്‍മാര്‍ക്ക് നേരത്തെ 14.5 ശതമാനം നികുതി നല്‍കിയാലേ പുറത്തുനിന്നു സാധനങ്ങള്‍ കൊണ്ടുവരാന്‍ പറ്റുമായിരുന്നുളളൂ. ഇതിപ്പോള്‍ 6 ശതമാനമായി കുറച്ചു കൊടുത്തിട്ടുണ്ട്. ജനരോഷത്തിനു മുന്നില്‍ ഓട്ടോറിക്ഷാ, ടാക്‌സി തുടങ്ങിയവ മേലുളള നികുതി കുറയ്‌ക്കേണ്ടി വന്നു.
നികുതി നിര്‍ദ്ദേശങ്ങള്‍ പലതും വിലക്കയറ്റം സൃഷ്ടിക്കുമെന്നതിന് സംശയം വേണ്ട. വെളിച്ചണ്ണയെ രക്ഷിക്കാന്‍ എന്നു പറഞ്ഞ് ബാക്കി ഭക്ഷ്യ എണ്ണയുടെ മേലെല്ലാം അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വെളിച്ചെണ്ണയെ രക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ അതിനു സബ്‌സിഡി നല്‍കിയാല്‍പ്പോരെ. പാമോയിലും റേഷന്‍ ഷോപ്പു വഴി നല്‍കിയാല്‍ കിലോയ്ക്ക് 20 രൂപ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. നമ്മളെത്ര ആവശ്യപ്പെട്ടിട്ടും വെളിച്ചെണ്ണയ്ക്ക് അതു നല്‍കിയിട്ടില്ല. ഇതിനു ധനമന്ത്രി തയ്യാറായിരുന്നെങ്കില്‍ വിലക്കയറ്റവും തടയാം. കേര കര്‍ഷകരും രക്ഷപെടും.
യഥാര്‍ത്ഥത്തില്‍ ധനമന്ത്രി ചെയ്യേണ്ടിയിരുന്നത് നികുതി നിരക്കുകള്‍ ഉയര്‍ത്തുന്നതിനു പകരം നികുതി പിരിവിന്റെ കാര്യക്ഷമത ഉയര്‍ത്തുകയാണ്. കേരളത്തില്‍ നടപ്പാക്കിയ ഇ-ഗവേണന്‍സ് സമ്പ്രദായം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനുളള സാധ്യതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, ധനമന്ത്രി മൂന്നാംമുറകളിലേയ്ക്കാണ് കണ്ണിട്ടിട്ടുളളത്. പ്രത്യേക ഓഡിറ്റ് അസെസ്‌മെന്റ് ഡിവിഷന്‍ പുനരാരംഭിക്കുകയാണ്. കൊമ്പൗണ്ടു ചെയ്ത സ്വര്‍ണ വ്യാപാരികളുടെ ടേണ്‍ ഓവര്‍ പരിശോധിക്കാനുളള പരിപാടിയുണ്ട്. ബില്ലെഴുതിയില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വിവേചനാധികാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നടപടികളെ ലഘൂകരിക്കുന്നതിനു പകരം സങ്കീര്‍ണമാക്കുകയാണ്.
മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെയ്ക്കുന്നതിനാണ് കര്‍ഷക രക്ഷയെക്കുറിച്ചുളള പൊളളയായ പ്രഖ്യാപനങ്ങള്‍. അവയില്‍ നല്ലപങ്കും പ്രായോഗികമല്ല. പ്രായോഗികമായവ നടപ്പാക്കാന്‍ അടുത്തവര്‍ഷം പണം ഉണ്ടാവണമെന്നുമില്ല.

Wednesday, February 5, 2014

കൈത്തറി ദയാവധത്തിന്

  • ""കൈത്തറി വ്യവസായം, കായികശേഷികൊണ്ടു തിരിക്കുന്ന തറികള്‍ ഉപയോഗിച്ച് തുണിത്തരങ്ങള്‍ നെയ്യുന്ന ഒരു പ്രാങ് മുതലാളിത്ത, പ്രാങ് കമ്പോള വ്യവസായമാണ്""എന്ന പ്രസ്താവനയോടെയാണ് വികസന പരിപ്രേക്ഷ്യം 2030 ഈ മേഖലയെക്കുറിച്ചുളള ചര്‍ച്ചയ്ക്കു തുടക്കം കുറിക്കുന്നത്. ഈ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതമാണ്. കൈത്തറിയില്‍ സ്വന്തം ഉപയോഗത്തിനോ സ്വന്തം ഗ്രാമത്തിന്റെ ഉപയോഗത്തിനോ വേണ്ടിയുളളവയല്ല. എത്രയോ പതിറ്റാണ്ടുകളായി കമ്പോളത്തിനു വേണ്ടിയുളള ഉത്പാദനമാണ്.

  • നൂലിന്റെ കമ്പോളത്തിലും ഉല്‍പന്ന കമ്പോളത്തിലുമുളള സമ്മര്‍ദങ്ങളാണ് ഇന്നത്തെ പ്രതിസന്ധിയ്ക്കു കാരണം. വ്യവസായം മുതലാളിത്ത പൂര്‍വ അവസ്ഥയിലുമല്ല. സ്വാതന്ത്ര്യത്തിനുമുമ്പു തന്നെ മുതലാളിത്ത ബന്ധങ്ങള്‍ കൈത്തറി മേഖലയില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു. അല്ലാതുളള ഒറ്റത്തറിക്കാരാകട്ടെ, കച്ചവടമൂലധനത്തിനു കീഴ്പ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. വ്യവസായത്തിന്റെ ഇന്നത്തെ സ്വഭാവത്തെക്കുറിച്ചുളള തികച്ചും തെറ്റായ ധാരണയാണ് മുകളില്‍ ഉദ്ധരിച്ച പ്രസ്താവന. ""സര്‍ക്കാരിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് കൈത്തറി വ്യവസായം നിലനില്‍ക്കുന്നത് എന്നാണ് പൊതുവിശ്വാസം"". സര്‍വതലസ്പര്‍ശിയായ ഒരു നീണ്ടനിര സ്കീമുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിവരുന്നുണ്ട് എന്നു പറഞ്ഞുകൊണ്ട് കൈത്തറി മേഖലയിലുളള സ്കീമുകളുടെ നീണ്ടപട്ടിക റിപ്പോര്‍ട്ടില്‍ കൊടുക്കുന്നുണ്ട്. പരിപ്രേക്ഷ്യക്കാര്‍ മറന്നുപോകുന്ന ഒരു കാര്യം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ കൈത്തറി മേഖലയ്ക്കുളള സര്‍ക്കാര്‍ പിന്തുണ ആഗോളവത്കരണ പരിഷ്കാരങ്ങളുടെ ഭാഗമായി ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യമാണ്.

    നെഹ്രുവിന്റെ സംരക്ഷണനയം കൈത്തറിയുടെയും ഖാദിയുടെയും സംരക്ഷണം സ്വാതന്ത്ര്യസമരത്തിന്റെ സുപ്രധാന മുദ്രാവാക്യമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൈത്തറി സംരക്ഷണത്തിനു ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 1954ല്‍ നിത്യാനന്ദ് കനുംഗോ കമ്മിറ്റിയെ നിയോഗിച്ചു. കൈത്തറി മേഖലയെ ആസ്പദമാക്കി, വര്‍ദ്ധിച്ചുവരുന്ന തുണിയുടെ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിനുളള തന്ത്രമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കൈത്തറി സഹകരണാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുക, കൈത്തറി ഉല്‍പന്നങ്ങള്‍ക്കുളള സംവരണം, റിബേറ്റ് എന്നിവയൊക്കെ ഈ കമ്മിറ്റിയുടെ ശുപാര്‍ശകളായിരുന്നു. എന്നാല്‍ കൈത്തറിമേഖലയുടെ ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതിന് നിയന്ത്രിതമായി പവര്‍ലൂമുകളും സ്ഥാപിക്കാം എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം പദ്ധതിക്കാലത്ത് കനുംഗോ കമ്മിറ്റി പ്രകാരമുളള പവര്‍ലൂം സ്കീം അംഗീകരിച്ചത് ഒട്ടേറെ ഉപാധികളോടെയായിരുന്നു. സഹകരണ മേഖലയിലായിരിക്കണം ഇവ സ്ഥാപിക്കേണ്ടത്. ഇതില്‍ നിലവിലുളള കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.

    പരമ്പരാഗത നെയ്ത്തുകാര്‍ക്കേ പവര്‍ലൂം അനുവദിക്കൂ തുടങ്ങിയ കര്‍ശന നിബന്ധനകളുണ്ടായിരുന്നു. പക്ഷേ, നടന്നതു മറ്റൊന്നാണ്. പവര്‍ലൂമിന്റെ അനിയന്ത്രിതമായ വളര്‍ച്ചയുടെ വേഗത അത്ഭുതകരമായിരുന്നു. 1953ല്‍ 20000 പവര്‍ലൂം തറിയുണ്ടായിരുന്നത് 1982 ആയപ്പോഴേയ്ക്കും 7.6 ലക്ഷമായി ഉയര്‍ന്നു. ഇവയില്‍ 1.6 ലക്ഷം അനധികൃതമായി സ്ഥാപിക്കപ്പെട്ടവയായിരുന്നു. പവര്‍ലൂമുകളുടെ വര്‍ധന കൈത്തറിക്കു വേണ്ടിയുളള നൂലിനെ അപഹരിച്ചുവെന്നു മാത്രമല്ല, കൈത്തറിയുടെ ഉല്‍പന്ന കമ്പോളത്തെയും പ്രതികൂലമായി ബാധിച്ചു. കൈത്തറി തുണിയോടു സാമ്യമുളള ഉല്‍പന്നങ്ങളാണ് പലപ്പോഴും പവര്‍ലൂമില്‍ നെയ്യുന്നത്. പവര്‍ ലൂമിന്റെ ഉല്‍പാദനക്ഷമത കൈത്തറിയെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്നതിനാല്‍ വിലയും കുറവായിരിക്കും. കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് കമ്പോളത്തില്‍ മത്സരിക്കുക കൂടുതല്‍ കൂടുതല്‍ ശ്രമകരമായി. സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ കൈത്തറിക്ക് അനുകൂലമായിട്ടല്ല, വെല്ലുവിളിയായിട്ടാണ് പവര്‍ലൂം വളര്‍ന്നത്. കച്ചവടക്കാര്‍, പുതുതായി വ്യവസായത്തിലേക്കു കടന്നുവന്ന സംരംഭകര്‍ തുടങ്ങിയവരായിരുന്നു പവര്‍ലൂമുകളുടെ ഉടമസ്ഥര്‍; പരമ്പരാഗത നെയ്ത്തുകാരല്ല. 70 ശതമാനം പവര്‍ലൂമുകള്‍ മൂന്നു സംസ്ഥാനങ്ങളില്‍ പത്തോളം പട്ടണങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. ഈ പട്ടണങ്ങള്‍ ഒന്നും പരമ്പരാഗതമായി കൈത്തറി വ്യവസായ കേന്ദ്രങ്ങളായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പില്‍ക്കാലത്ത് സര്‍ക്കാര്‍ നിയോഗിച്ച ശിവരാമന്‍ കമ്മിറ്റി പവര്‍ലൂം പ്രോത്സാഹന നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചു.

    അദ്ദേഹത്തിന്റെ കണക്കു പ്രകാരം പവര്‍ലൂം മേഖലയില്‍ പുതിയതായി തൊഴില്‍ ലഭിക്കുന്ന ഓരോ തൊഴിലാളിയ്ക്കും പകരം 12 കൈത്തറി തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നു. രാജീവ് ഗാന്ധിയുടെ ചതി പക്ഷേ, രാജീവ്ഗാന്ധി ചിന്തിച്ചത് നേരെ മറിച്ചായിരുന്നു. ഉദാരവത്കരണ പരീക്ഷണങ്ങള്‍ക്കു വേണ്ടി അദ്ദേഹം തിരഞ്ഞെടുത്ത മേഖലകളിലൊന്ന് കൈത്തറിയായിരുന്നു. നാട്ടുകാര്‍ക്കു ജോലി നല്‍കാനുള്ള ബാധ്യത മുഴുവന്‍ ടെക്സ്റ്റൈല്‍ വ്യവസായത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കുന്നത് അഭിലഷണീയമല്ല എന്നാണ് 1985ല്‍ അദ്ദേഹം പ്രഖ്യാപിച്ച ടെക്സ്റ്റൈല്‍ നയത്തില്‍ പറഞ്ഞത്. ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതുപോലെ മാറുന്ന അഭിരുചികളോട് വ്യവസായം പ്രതികരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം കൈത്തറിയ്ക്കു നല്‍കിയ പ്രോത്സാഹനനയം സമൂലമായി തിരുത്തപ്പെട്ടു. തുണിമില്ലുകളുടെ ഉല്‍പാദനശേഷിയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കം ചെയ്തു. മാത്രമല്ല തുണിമില്ലുകളുടെ നവീകരണത്തിനായി വന്‍തോതില്‍ ധനസഹായവും വാഗ്ദാനം ചെയ്തു. പവര്‍ലൂമുകളുടെ എണ്ണത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു. കൈത്തറിയുടെ സംരക്ഷണത്തിനുളള മുഖ്യ ഉപാധിയായി കണ്ടത് ചില ഉല്‍പന്നങ്ങള്‍ കൈത്തറിക്കായി റിസര്‍വ് ചെയ്തതാണ്. ഇതില്‍ കണ്‍ട്രോള്‍ തുണിത്തരങ്ങള്‍ കൈത്തറി മേഖലയ്ക്കു വേണ്ടി നീക്കിവെച്ചതില്‍ മില്‍മേഖലയ്ക്ക് സന്തോഷമേ ഉണ്ടായുള്ളൂ. അതുവരെ ഈ ഭാരം ചുമന്നിരുന്നത് മില്ലുകളായിരുന്നു. ലാഭം കുറവുള്ള ഈ താഴ്ന്നതരം തുണി ഉല്‍പാദിപ്പിക്കുന്നതില്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നു. നൂലിന്റെ ദൗര്‍ലഭ്യം കൈത്തറിമേഖലയെ വേട്ടയാടി. നൂലിന് ഖാദിയിലൊഴികെ കൈത്തറി മേഖല പൂര്‍ണമായും ആശ്രയിക്കുന്നത് യന്ത്രമില്ലുകളെയാണ്. കൈത്തറി മില്ലുകള്‍ക്കാവശ്യമായ ഹാങ്ക് യാണ്‍ ഉല്‍പാദിപ്പിക്കുന്നതിന് മില്ലുകള്‍ക്ക് താല്‍പര്യമില്ല. പവര്‍ലൂം യന്ത്രത്തറി മില്ലുകള്‍ക്കും കയറ്റുമതിക്കും വേണ്ടിയുള്ള കോണ്‍ യാണ്‍ ഉല്‍പാദിപ്പിക്കുന്നതാണ് മില്ലുകള്‍ക്ക് ലാഭകരം. അതുകൊണ്ട് കൈത്തറി മേഖലയ്ക്കു നൂല്‍ ഉറപ്പുവരുത്തുന്നതിനു വേണ്ടി മില്ലുല്‍പാദനത്തിന്റെ അമ്പതു ശതമാനം ഹാങ്ക് യാണ്‍ ആയിരിക്കണമെന്ന് നിയമവ്യവസ്ഥയുണ്ട്. സഹകരണ മേഖല മാത്രമേ പൂര്‍ണമായും ഈ വ്യവസ്ഥ പാലിക്കാറുള്ളൂ എന്നതാണ് സത്യം. ബിജെപിയും ആഗോളവത്കരണ നയങ്ങളും തുടര്‍ന്നുവന്ന നരസിംഹറാവു സര്‍ക്കാര്‍ ആഗോളവത്കരണ പരിഷ്കാരങ്ങള്‍ക്കു തുടക്കം കുറിച്ചു. ബിജെപി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അവര്‍ നിലവിലുണ്ടായിരുന്ന റിസര്‍വേഷന്‍ ആക്ട് നിര്‍ത്തലാക്കി. ലോക ടെക്സ്റ്റൈല്‍ വിപണി സമ്പൂര്‍ണായി സ്വതന്ത്രമാക്കപ്പെടുമെന്നും ഇതു വലിയ കയറ്റുമതി സാധ്യത തുറക്കുമെന്നുമാണ് ബിജെപിയുടെ ടെക്സ്റ്റൈല്‍ നയത്തിന്റെ ആമുഖത്തില്‍ പറഞ്ഞത്. അന്തര്‍ദേശീയ മത്സരശേഷി നേടുന്നതിന് കാര്യക്ഷമത ഉയര്‍ത്തണം. ടെക്സ്റ്റൈല്‍ മേഖലയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഏതാണ്ടെല്ലാം നീക്കം ചെയ്യപ്പെട്ടു. ഹാങ്ക് യാണ്‍ വ്യവസ്ഥ പ്രായോഗികമായി ഇല്ലാതായി. ഇത് കൈത്തറി നൂലിന്റെ വിലയില്‍ ഗണ്യമായ വര്‍ധന വരുത്തി. ആഗോളവത്കരണ പരിഷ്കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം നൂലിന്റെ വില കുതിച്ചു കയറുകയുണ്ടായി. ഇന്ത്യയിലെ നൂലിന്റെ ആവശ്യം പരിഗണിക്കാതെ വിദേശത്തേയ്ക്ക് പഞ്ഞി കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതു മൂലമാണ് ഇതു സംഭവിച്ചത്. നൂലിന്റെ വിലവര്‍ധനവിന് തുടക്കം കുറിച്ച കൈത്തറി പ്രതിസന്ധിയാണ് ഇന്ത്യയിലുടനീളം കൈത്തറിക്കാരുടെ ആത്മഹത്യകള്‍ക്കു വഴിയൊരുക്കിയത്. കേരളത്തിലെ സ്പിന്നിംഗ് മില്ലുകളിലെ അമ്പതു ശതമാനം കപ്പാസിറ്റി കൈത്തറിക്ക് നീക്കിവെച്ചാല്‍ നമ്മുടെ നൂലാവശ്യം ഏതാണ്ടു തൃപ്തിപ്പെടുത്താനാവും. എന്നിട്ടും നൂലിന് ദൗര്‍ലഭ്യം നിലനില്‍ക്കുന്നതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമത്തേത്, അമ്പതു ശതമാനം എന്ന നിബന്ധന കേരളത്തിലും പാലിക്കപ്പെടുന്നില്ല. രണ്ടാമത്തേത്, കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നൂലിന്റെ കൗണ്ട് ചേരുവ നമ്മുടെ കൈത്തറി മേഖലയ്ക്കു ചേരുന്നതല്ല. ഇതുമൂലം കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നൂലില്‍ നല്ലൊരുപങ്കും കേരളത്തിനു പുറത്തേക്കാണ് പോയത്. റിബേറ്റ് പടിപടിയായി ഇല്ലാതാക്കപ്പെട്ടു. 2000-2001 സാമ്പത്തിക വര്‍ഷം വരെ വിവിധ ഉല്‍സവ കാലയളവിലായി 78 ദിവസം കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് റിബേറ്റ് ലഭിച്ചിരുന്നു. ഇതുവഴിയാണ് കൈത്തറി സംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ 80 ശതമാനവും വിറ്റഴിച്ചിരുന്നത്. 2002 ആയപ്പോള്‍ ബക്രിദ്, വിഷു, സ്ക്കൂള്‍ വര്‍ഷാരംഭം എന്നീ ഘട്ടങ്ങളില്‍ റിബേറ്റ് അനുവദിച്ചില്ല. ആകെ അനുവദിച്ച റിബേറ്റ് 15 ദിവസത്തേക്കു മാത്രം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് റിബേറ്റൊന്നും ലഭിച്ചില്ല. കച്ചവടം തകരുമെന്ന ഘട്ടത്തില്‍ ചില സംഘങ്ങള്‍ സ്വന്തം നിലയില്‍ വില കുറച്ച് വിറ്റു. ഇവര്‍ കടുത്ത പ്രതിസന്ധിയിലായി. പ്രാഥമിക സംഘങ്ങള്‍ക്ക് സഹായം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടുമൂലം ഒട്ടേറെ സംഘങ്ങള്‍ അടച്ചുപൂട്ടി. കേന്ദ്ര സര്‍ക്കാര്‍ റിബേറ്റ് നിര്‍ത്തിയിട്ട് വര്‍ഷമേറെയായി. അതിനുശേഷം മാര്‍ക്കറ്റ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ്സ് ആയി പത്തുശതമാനം നല്‍കിയിരുന്നു. ബാക്കി പത്തുശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കിയാണ് 2001 മാര്‍ച്ചുവരെ 20 ശതമാനം റിബേറ്റ് കേരളത്തില്‍ നല്‍കിയത്. 2000ത്തോടെ കേന്ദ്രസര്‍ക്കാര്‍ മാര്‍ക്കറ്റ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ് നിര്‍ത്തി മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവാക്കി. ഇതിലൊരു മാറ്റം വരുത്തിയത് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരായിരുന്നു. ഇപ്പോള്‍ വീണ്ടും പഴയപടിയായി. കൈത്തറിക്കു ദയാവധം 1998ല്‍ ബിജെപി സര്‍ക്കാര്‍ നിയോഗിച്ച സത്യം കമ്മിറ്റി കൈത്തറി തൊഴിലാളികളെ തുണിയുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ചു. ഒന്നാമത്തെ വിഭാഗം ഉയര്‍ന്ന വിലയുള്ള സവിശേഷവും അന്യാദൃശവുമായ തുണിത്തരങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന നെയ്ത്തുകാരാണ്. രണ്ടാമത്തെ വിഭാഗം അത്ര മേന്മയേറിയ കൗണ്ടു നൂലുകളില്‍ നിന്നല്ലാതെ ഇടത്തരം വിലയും ഗുണവുമുള്ളതുണികള്‍ ഉല്‍പാദിപ്പിക്കുന്നവര്‍. മൂന്നാമത്തെ വിഭാഗം, ചെലവു കുറഞ്ഞതും പരുക്കനുമായ തുണിത്തരങ്ങള്‍ നിര്‍മിക്കുന്നവര്‍. ഇന്ന് മൂന്നാമത്തെ വിഭാഗത്തിലാണ് ഭൂരിഭാഗം കൈത്തറിക്കാരും എന്നതില്‍ സംശയമില്ല. അവരെ സംരക്ഷിക്കാനാവില്ല എന്നതാണ് സത്യം കമ്മിറ്റി സ്വീകരിച്ച നിലപാട്. ഇവരുടെ വൈദഗ്ധ്യ പോഷണത്തിന് ഊര്‍ജിത നടപടികള്‍ സ്വീകരിക്കുകയോ മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറുകയോ ചെയ്യണം എന്നാണ് കമ്മിറ്റി സ്വീകരിച്ച നിലപാട്. സത്യം കമ്മിറ്റിയുടെ സമീപനം അംഗീകരിച്ചുകൊണ്ട് പുതിയ ടെക്സ്റ്റയില്‍ നയത്തില്‍ പറയുന്നത് ഇതാണ്; ""ആഗോളവത്കരണത്തെ തുടര്‍ന്ന് കമ്പോള മത്സരത്തെ അതിജീവിക്കാന്‍ കഴിയാതെ പോകുന്ന പരുക്കന്‍ തുണിത്തരങ്ങളുടെ നെയ്ത്തുകാര്‍ക്കുവേണ്ടി പ്രത്യേക പരിശീലന പരിപാടികള്‍ തയ്യാറാക്കും. അതുവഴി അവരുടെ വൈദഗ്ധ്യത്തെ ഉയര്‍ത്തിക്കൊണ്ട് ടെക്സ്റ്റയില്‍ മേഖലയില്‍ തന്നെയോ അനുബന്ധ മേഖലകളില്‍ത്തന്നെയോ ബദല്‍ തൊഴില്‍ കണ്ടെത്താന്‍ അവരെ സഹായിക്കും"". ഇപ്പോള്‍തന്നെ നാട്ടിന്‍പുറങ്ങളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്നതാണ് അവസ്ഥ. അത്രയ്ക്കു രൂക്ഷമാണ് കാര്‍ഷിക തകര്‍ച്ച. അപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കൈത്തറിക്കാര്‍ക്ക് ഏതു പുതിയ തൊഴില്‍മേഖലയിലാണ് തൊഴില്‍ ലഭിക്കുക? പുതിയ നയം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ പ്രധാന സവിശേഷതയും ന്യൂനതയും വൈവിദ്ധ്യവത്കരണത്തിന്റെ അഭാവമാണ്. കേരളം മൊത്തത്തിലെടുത്താല്‍ കൈത്തറി വ്യവസായം വില കുറഞ്ഞ പരുക്കന്‍ സാധാരണ ഉപഭോക്തൃ ഉല്‍പന്നങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നു കാണാം. കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ എഴുപതു ശതമാനത്തോളം മുണ്ട്, ലുങ്കി, തോര്‍ത്ത് എന്നീ മൂന്നിനങ്ങളാണെന്നു കാണാം. ഇന്ത്യ മൊത്തത്തിലെടുത്താല്‍ ഈ മൂന്നിനങ്ങളുടെ വിഹിതം അമ്പത്തൊന്നു ശതമാനമേ വരൂ. കേരളത്തിന്റെ ഉല്‍പാദനത്തില്‍ അഞ്ചു ശതമാനമേ സാരി വരുന്നുളളൂ. ഇന്ത്യയിലെ ശരാശരിയാകട്ടെ 25 ശതമാനമാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ മാറ്റി നിര്‍ത്തിയാല്‍ കൈത്തറി ഉല്‍പാദനം ചില മാമൂല്‍ തുണിത്തരങ്ങളായി മാത്രം ഒതുങ്ങി നില്‍ക്കുന്നതായി കാണാം. തിരുവനന്തപുരത്തെ സഹകരണസംഘങ്ങള്‍ തോര്‍ത്ത്, മുണ്ട്, സെറ്റുമുണ്ട് എന്നിവയേ കാര്യമായി നെയ്യുന്നൂളളൂ. ബേസല്‍ മിഷന്റെയുമെല്ലാം പാരമ്പര്യവും പുറംകമ്പോളങ്ങളിലുളള ഊന്നലും കണ്ണൂര്‍ മേഖലയിലെ ഉല്‍പന്ന ഘടന കൂടുതല്‍ വൈവിദ്ധ്യപൂര്‍ണമാക്കിയെങ്കിലും അടുത്തകാലത്തായി മാമൂല്‍ ഉല്‍പന്നങ്ങളിലേക്കു കേന്ദ്രീകരിക്കുന്ന പ്രവണത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഈ ഉല്‍പന്ന പ്രവണതയുടെ ഫലം കൈത്തറി വ്യവസായം കൂടുതല്‍ കൂടുതല്‍ പ്രാദേശിക പരമ്പരാഗത അഭിരുചി കമ്പോളത്തെ ഏതാണ്ട് പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നു എന്നുളളതാണ്. ഇതിന്റെ ഫലമായി കേരളത്തിലെ കൈത്തറി അതിവേഗത്തില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പരിപ്രേക്ഷ്യം 2030ല്‍ പറയുന്നതുപോലെ &ഹറൂൗീ;ഇന്ത്യയിലെ കൈത്തറി വ്യവസായത്തില്‍ കേരളത്തിന്റെ സ്ഥാനം വളരെ ചെറുതാണ്. മൊത്തം തറികളുടെ 0.6 ശതമാനവും (13097) തൊഴിലെടുക്കുന്നവരുടെ 0.3 ശതമാനവുമേ (14679) കേരളത്തിലുളളൂ&ൃറൂൗീ;. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം 50,000 പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഈ മേഖലയില്‍ നില്‍ക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മ ആയിരിക്കാം ഈ കണക്കുകള്‍ തമ്മിലുളള വ്യത്യാസത്തിന്റെ അടിസ്ഥാനം. 2030 ആകുമ്പോഴേക്കും കൈത്തറി വ്യവസായം ഏതാണ്ട് നാമാവശേഷമാകുമെന്നാണ് രേഖ കണക്കാക്കുന്നത്. അപൂര്‍വമായ ഒരു പൈതൃകം എന്ന നിലയില്‍ വളരെ ഗുണമേന്മയേറിയ തുണിത്തരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ചെറുവ്യവസായമായി കൈത്തറി ചുരുങ്ങുന്നു. ഈ രീതിയിലുള്ള നിലനില്‍പ്പുപോലും ഉറപ്പുവരുത്തണമെങ്കില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഇതിനായി ആദ്യം ചെയ്യേണ്ടതായി പറഞ്ഞിരിക്കുന്നത് മത്സരശേഷി ഉയര്‍ത്തുന്നതിനു വേണ്ടി ""സംഘടനാപരമായ രൂപാന്തരത്തെ പ്രോത്സാഹിപ്പിക്കുക"" എന്നതാണ്. ആശയം വളരെ ലളിതമാണ്. ഇന്ന് കേരളത്തിലെ 85 ശതമാനം കൈത്തറി ഉല്‍പാദനവും നടക്കുന്നത് സഹകരണ മേഖലയിലാണ്. പക്ഷേ, ഒരു ചെറു സ്വകാര്യമേഖലയുമുണ്ട്. റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന കാര്യം 2008 വരെ സഹകരണ മേഖലയിലായിരുന്നു ഉത്പാദനക്ഷമത ഉയര്‍ന്നത്. 2008ല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയിലെ ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. ഈ പ്രതിഭാസത്തെ വളരെ പ്രതീക്ഷാപൂര്‍വമാണ് റിപ്പോര്‍ട്ടു നോക്കിക്കാണുന്നത്. സ്വകാര്യമേഖലയുടെ ഊര്‍ജസ്വലതയുടെ നിദര്‍ശനമാണുപോലും ഇത്. സഹകരണ മേഖലയെക്കാള്‍ ചെലവു കുറയ്ക്കുന്നതിനും കമ്പോള ആവശ്യത്തിനുല്‍പ്പാദിപ്പിക്കുന്നതിനും സ്വകാര്യമേഖലയ്ക്കാണു കഴിയുക. അതുകൊണ്ട് റിപ്പോര്‍ട്ട് എത്തിച്ചേരുന്ന നിഗമനം ഇതാണ്; ""ഇത് ബിസിനസിനോടുളള സംരംഭകത്വ മനോഭാവത്തിന്റെ സാധ്യതകളിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ താഴെ പറയുന്നതു ചെയ്യണമെന്നാണ് ഞങ്ങളുടെ നിര്‍ദേശം. മാസ്റ്റര്‍ വീവറുടെ സ്വകാര്യ സ്ഥാപനങ്ങളെയും പ്രൊഡ്യൂസര്‍ കമ്പനികളെയുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്"". പരിപ്രേക്ഷ്യം 2030ല്‍ സഹകരണ മേഖലയ്ക്കു സ്ഥാനമില്ല. ഇന്നുള്ള നെയ്ത്തുകാരെ എങ്ങനെ സംരക്ഷിക്കും? കൈത്തറി വ്യവസായമേഖലയുടെ നവീകരണത്തിന് കൈത്തറി ഗ്രാമങ്ങള്‍ക്കു രൂപം നല്‍കുക, ഇവിടെ നാനാവിധത്തിലുള്ള സഹായങ്ങള്‍ പാക്കേജായി ലഭ്യമാക്കുക, മാര്‍ക്കറ്റു വികസിപ്പിക്കുക, ഉല്‍പന്ന വൈവിദ്ധ്യവത്കരണത്തിന് ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുക, നെയ്ത്തുകാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, തൊഴില്‍സ്ഥലം ആധുനികവത്കരിക്കുക എന്നു തുടങ്ങി പരിപ്രേക്ഷ്യം 2030ല്‍ വെയ്ക്കുന്ന നിര്‍ദേശങ്ങളോട് ആര്‍ക്കും എതിര്‍പ്പുണ്ടാകാനിടയില്ല. പക്ഷേ, റിബേറ്റിനെക്കുറിച്ച് മിണ്ടാട്ടമില്ല. അങ്ങനെ സബ്സിഡിയൊന്നുമില്ലാതെ കൈത്തറി മത്സരിച്ചു മുന്നേറണം എന്നാണ് കാഴ്ചപ്പാട്.

    അഭ്യസ്തവിദ്യരായ പുതിയ തലമുറ കൈത്തറി മേഖലയിലേക്കു കടന്നു വരണമെന്നില്ല. നവീകരണമേഖലയില്‍ ഭാവിയില്‍ തൊഴില്‍ലഭിക്കുന്നവരുടെ എണ്ണവും കുറഞ്ഞേയ്ക്കും. പക്ഷേ, ഇന്ന് ആ മേഖലയില്‍ പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങള്‍ എന്തുചെയ്യണം? തൊഴിലുറപ്പിന്റെ കൂലിപോലുമില്ലാതെ പണിയെടുക്കുന്നവരാണ് ഖാദി മേഖലയിലുള്ളവര്‍. മിനിമം കൂലി പ്രായോഗികമായി ഇന്ന് കൈത്തറി മേഖലയില്‍ നടപ്പില്ല. എന്നിട്ടും ഇവിടെ തൊഴിലെടുക്കാന്‍ തയ്യാറായ ഒരു സന്നദ്ധ വിഭാഗം ഉണ്ട്. അവരുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടേ നവീകരിച്ച ഭാവിയെക്കുറിച്ച് ചിന്തിക്കാനാവൂ. ഇത്തരമൊരു സമീപനം പരിപ്രേക്ഷ്യം 2030 കൈക്കൊള്ളുന്നില്ല എന്നാണ് കൈത്തറിമേഖലയുള്‍പ്പെടെ എല്ലാ പരമ്പരാഗത മേഖലകളെയും സംബന്ധിച്ചുള്ള പരിപ്രേക്ഷ്യം 2030 ന്റെ അടിസ്ഥാന വൈകല്യം. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിലപാടു വിശദീകരിക്കാം.

    ഒരുകാലത്ത് 40000 തൊഴിലാളികള്‍ പണിയെടുത്തിരുന്ന ദിനേശ് ബീഡി സഹകരണസംഘം ഇന്നു രോഗാവസ്ഥയിലാണ്. ആളുകള്‍ ബീഡിവലി നിര്‍ത്തി എന്നതാണ് മുഖ്യകാരണം. ഏതാനും ആയിരം പേര്‍ക്കുള്ള പണിയേ ഉള്ളൂ. ബാക്കിയുള്ളവര്‍ എന്തുചെയ്യും? ഇതിനു കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച നടപടി 45-ാം വയസില്‍ ഇവിടെത്തെ തൊഴിലാളികളെ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുക എന്നുള്ളതാണ്. അവര്‍ക്ക് മറ്റു പണിക്കു പോയാലും ബീഡി ക്ഷേമനിധിയില്‍ നിന്നുള്ള പെന്‍ഷന് അര്‍ഹതയുണ്ടാകും. ഈ ദിശയിലുള്ള മുദ്രാവാക്യമാണ് കയര്‍ തുടങ്ങിയ മേഖലകളിലും ഇതിനകം യൂണിയനുകള്‍ ഉയര്‍ത്തിയിട്ടുള്ളത്.

    ഒന്നുകില്‍ പണിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്കെല്ലാം മിനിമം കൂലി ഉറപ്പുവരുത്തിക്കൊണ്ട് തൊഴില്‍നല്‍കുക. ഇതിനായി വരുമാന ഉറപ്പു പദ്ധതിയെ പ്രയോജനപ്പെടുത്തുക. ഇതിനു കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പണിയില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം എന്ന നിലയില്‍ പെന്‍ഷന്‍ തുകയെങ്കിലും അനുവദിക്കുക. ഇത്തരമൊരു പരിഷ്കാരം ഫലപ്രദമായി നടത്തുന്നതിന് സഹകരണസംഘ സംവിധാനം അത്യന്താപേക്ഷിതമാണ്. സമ്പൂര്‍ണ സാമൂഹ്യസുരക്ഷയുടെ ചട്ടക്കൂട് സഹകരണമേഖലയായിരിക്കും. എന്നാല്‍ സഹകരണ മേഖലയെ പൊളിക്കാനാണ് പരിപ്രേക്ഷ്യക്കാരുടെ ലക്ഷ്യം. ഇത്തരമൊരു സമീപനം സാമൂഹ്യസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും. വികസനലക്ഷ്യങ്ങള്‍ തകിടം മറിയും.

കോര്‍പറേറ്റുകള്‍ക്കുവേണ്ടി

2009ല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന കാലത്ത് വെറും 279 രൂപയായിരുന്നു ഡല്‍ഹിയില്‍ സിലിണ്ടറൊന്നിന് പാചകവാതകത്തിന്റെ വില. 1989ല്‍ അത് 57 രൂപയും. 57 രൂപയില്‍ നിന്ന് 279 ല്‍ എത്താന്‍ വേണ്ടിവന്നത് ഇരുപതു വര്‍ഷം. അതേ പാചകവാതകത്തിന് ഇന്ന് വില 1290 രൂപ. സബ്സിഡി കിട്ടിയാല്‍ കിട്ടിയെന്നു പറയാം. പാചകവാതക സിലിണ്ടര്‍ വേണമെങ്കില്‍ രൊക്കം 1290 രൂപ നല്‍കിയേ തീരൂ. വെറും അഞ്ചു കൊല്ലത്തിനുള്ളില്‍ വന്ന മാറ്റമാണിത്.

വിലക്കയറ്റത്തിന്റെ രൂക്ഷത വരച്ചിടാന്‍ ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. 2009 തുടങ്ങുമ്പോള്‍ 40 രൂപയായിരുന്ന പെട്രോളിന് ഇന്ന് 73 രൂപയാണ്. നാലു വര്‍ഷത്തിനുളളില്‍ 33 രൂപയുടെ വര്‍ധന. 1989ല്‍ 8.50 രൂപയായിരുന്ന പെട്രോള്‍വില 20 വര്‍ഷം കൊണ്ടാണ് 40 ല്‍ എത്തിയത്. ഇരട്ടിയിലേക്കു പറക്കാന്‍ വെറും അഞ്ചുവര്‍ഷം.

നമ്മുടെ അക്കൗണ്ടിലേക്ക് പിന്നീട് ഇടുന്ന സബ്സിഡി കിഴിച്ചാല്‍ ഗാര്‍ഹിക പാചകവാതകത്തിന് വിലവര്‍ധനയില്ല എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍പ്പിന്നെ ആ കുറഞ്ഞ വിലയ്ക്ക് തുടക്കത്തില്‍ത്തന്നെ ഗ്യാസ് നല്‍കിയാല്‍ പോരേ. 445 രൂപ കിഴിച്ചു ബാക്കി രൂപ പലിശയൊന്നുമില്ലാതെ എണ്ണക്കമ്പനികളുടെ പോക്കറ്റില്‍ ഇടണോ? ഇതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ഭാവിയില്‍ ഇനിയും വില വര്‍ധിപ്പിക്കും. പക്ഷേ, സബ്സിഡി കൂടില്ല. സബ്സിഡി മാസങ്ങള്‍ കഴിഞ്ഞു കിട്ടുന്ന ഒന്നായതുകൊണ്ട് തങ്ങള്‍ കബളിപ്പിക്കപ്പെടുന്ന വിവരം ഉപഭോക്താക്കള്‍ അറിയില്ല. ഇപ്പോള്‍ ഡീസലിന് മാസം 50 പൈസ കൂട്ടുന്ന അതേ അടവ്.

സിലിണ്ടറിന്റെ എണ്ണം കൂട്ടില്ലെന്നു ശഠിച്ച മൊയ്ലി ഇപ്പോഴതു 12 ആക്കുന്ന കാര്യം പരിഗണിക്കാമെന്നു പറഞ്ഞുതുടങ്ങി. പക്ഷേ, ഒരു സിലിണ്ടറേ ഒരു സമയം കിട്ടൂ. ബുക്കു ചെയ്താല്‍ മുപ്പതു മുതല്‍ 60 ദിവസം വരെ കാത്തിരുന്നാലേ സിലിണ്ടര്‍ കിട്ടൂ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പന്ത്രണ്ടല്ല, 24 ആക്കി വര്‍ധിപ്പിച്ചാലും പ്രയോഗത്തില്‍ ആറില്‍ക്കൂടുതല്‍ കിട്ടില്ല. എന്തെല്ലാം തട്ടിപ്പുകള്‍.

കോര്‍പറേറ്റു കുത്തകകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ യഥാര്‍ഥചിത്രം പരിശോധിക്കാം.

വിദേശത്തുനിന്ന് ഒരു സിലിണ്ടര്‍ വാതകം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതനുസരിച്ച് 1061 രൂപയാണ്. രാജ്യത്ത് ആകെ ആവശ്യമുള്ള എല്‍പിജിയുടെ 20 ശതമാനംപോലും ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ല. കടത്തുകൂലിയും ബോട്ട്ലിങ് ചാര്‍ജും ചേര്‍ത്തു കഴിയുമ്പോള്‍ 1061 രൂപയ്ക്ക് റിഫൈനറിയില്‍നിന്ന് ലഭിക്കുന്ന പാചകവാതകത്തിന്റെ വില സിലിണ്ടര്‍ ഒന്നിന് 1259 രൂപയാകും. ബോട്ട്ലിങ് പ്ലാന്റിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 23 രൂപയാണ്. വിതരണക്കാരുടെ ലാഭവും മറ്റു ചെലവുകളും ചേര്‍ത്ത് 1277 രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം ഒരു സിലിണ്ടറിന്റെ മതിപ്പുവില. ഗാര്‍ഹിക സിലിണ്ടറിന് 1290 രൂപ ഈടാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ 13 രൂപയുടെ വ്യത്യാസമേയുള്ളു.

വാണിജ്യസിലിണ്ടറിന്റെ കാര്യമെടുത്താലോ? ഗാര്‍ഹിക സിലിണ്ടര്‍ 14.5 കിലോഗ്രാമും വാണിജ്യ സിലിണ്ടര്‍ 19 കിലോഗ്രാമുമാണ്. ആനുപാതികമായി വില വര്‍ധിപ്പിച്ചാല്‍ വാണിജ്യസിലിണ്ടറിന് 1708 രൂപ വരും. പക്ഷേ, വര്‍ധിപ്പിച്ചത് 386 രൂപ. ഇതാണ് യഥാര്‍ഥത്തിലുള്ള തീവെട്ടിക്കൊള്ള. ന്യായീകരണമില്ലാത്ത ഈ വിലവര്‍ധനയുടെ ഫലമായി ഹോട്ടലുകളില്‍ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു.

വിലനിര്‍ണയത്തിലെ മറ്റൊരു കള്ളക്കളികൂടി പറയാം. നമുക്കാവശ്യമുളള പാചകവാതകത്തിന്റെ 20 ശതമാനംമാത്രമാണ് ഇറക്കുമതിചെയ്യുന്നത് എന്നു പറഞ്ഞുവല്ലോ. ബാക്കി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. പക്ഷേ, ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പാചകവാതകത്തിനും ഇറക്കുമതിചെയ്യുന്ന പാചകവാതകത്തിന്റെ വില ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുത്തകക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോഴും പ്രകൃതിവാതകം കുഴിച്ചെടുക്കുമ്പോഴും ഉപോല്‍പ്പന്നമായി പാചകവാതകം ലഭിക്കും. ഇറക്കുമതിചെയ്യുന്ന പാചകവാതക വിലയേക്കാള്‍ എത്രയോ താഴ്ന്നതായിരിക്കും ഇങ്ങനെ ലഭിക്കുന്ന പാചകവാതകത്തിന്റെ ഉല്‍പ്പാദനച്ചെലവ്. അതിന്റെ നേട്ടം അനുഭവിക്കാനുള്ള ഭാഗ്യം ഇന്ത്യയിലെ ജനങ്ങള്‍ക്കില്ല. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് ന്യായമായ വിലയ്ക്ക് ഇന്ത്യാക്കാര്‍ക്ക് അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയല്ല, കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പകരം അന്തര്‍ദേശീയ വിലയ്ക്കു വിറ്റ് കൊള്ളലാഭംകൊയ്യാന്‍ ഇന്ത്യയിലെ ഉല്‍പ്പാദകരെ കയറൂരിവിടുന്നു.

കൃഷ്ണാ ഗോദാവരി ബേസിനില്‍നിന്ന് കുഴിച്ചെടുക്കുന്ന പ്രകൃതിവാതകത്തിന് റിലയന്‍സ് നിശ്ചയിച്ച വില അംഗീകരിച്ചു നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന്റെ യഥാര്‍ഥ ഉല്‍പ്പാദന ചെലവ് 1.8 ഡോളറാണ്. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ നടന്ന കേസില്‍ സുപ്രീംകോടതിയില്‍ വെളിപ്പെട്ട കണക്കാണിത്. ഈ വില 4.2 ഡോളറായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിക്കൊടുത്തു. പക്ഷേ, അന്തര്‍ദേശീയ വില കിട്ടണമെന്നായിരുന്നു റിലയന്‍സിന്റെ ശാഠ്യം. ആ ശാഠ്യത്തെ പരസ്യമായി അനുകൂലിക്കുന്ന ആളാണ് നമ്മുടെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഉല്‍പ്പാദനം കുത്തനെ വെട്ടിക്കുറച്ച് റിലയന്‍സ് സര്‍ക്കാരില്‍ വലിയ സമ്മര്‍ദം ചെലുത്തി. പാചകവാതകം അവശ്യവസ്തുവായി ഉപയോഗിക്കുന്ന ഫാക്ടറികള്‍ അടച്ചിടേണ്ട അവസ്ഥയായി. ഇറക്കുമതി കുത്തനെ കൂടി. അതോടെ വില എട്ടു ഡോളറായി വര്‍ധിപ്പിച്ചുകൊടുത്തു. എന്നിട്ടും റിലയന്‍സിന്റെ മുറുമുറുപ്പു തീര്‍ന്നിട്ടില്ല. അന്തര്‍ദേശീയ വിലയായ 14 ഡോളര്‍ ലഭിക്കാനുള്ള സമ്മര്‍ദം അവര്‍ തുടരുകയാണ്. ഇതേ കൊള്ളതന്നെയാണ് പാചകവാതകത്തിന്റെ കാര്യത്തില്‍ റിഫൈനറികളും നടത്തുന്നത്.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയ്ക്ക് അന്താരാഷ്ട്രവില ഈടാക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭം ഉണ്ടാകുന്നുണ്ട്. ഇത് എത്രയെന്ന് ആരും വെളിപ്പെടുത്തുന്നില്ല. ഈ ലാഭം മറച്ചുവച്ചാണ് അണ്ടര്‍ റിക്കവറി എന്ന പേരില്‍ നഷ്ടക്കണക്ക് പ്രചരിപ്പിക്കുന്നത്. അണ്ടര്‍ റിക്കവറി എന്നതുതന്നെ ഒരു അനുമാനക്കണക്കാണ്. ഉപയോക്താക്കളുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാനുളള ഒരടവ്.

ഒരുവശത്ത് കള്ളക്കണക്കു പ്രചരിപ്പിച്ച് ഭീമമായ വിലവര്‍ധന വരുത്തുമ്പോള്‍ മറുവശത്ത് ആധാറിന്റെ പേരില്‍ മറ്റൊരു കള്ളക്കളി കളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരമാവധി പേരെ സബ്സിഡി ആനുകൂല്യത്തിന് പുറത്താക്കുക എന്നതാണ് ആധാറിന്റെ ആത്യന്തിക ലക്ഷ്യം. ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ബന്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ നല്‍കിയ സമയപരിധി 2013 ഡിസംബര്‍ 31ന് അവസാനിച്ചപ്പോള്‍ കേരളത്തില്‍മാത്രം 50 ശതമാനത്തിലധികം കുടുംബങ്ങള്‍ പാചകവാതക സബ്സിഡി ലഭിക്കാത്തവരായി. ഇവരില്‍ ആധാര്‍ എടുക്കാത്തവരും ഏറെയുണ്ട്. രൊക്കം 1294 രൂപ മുടക്കി ഗ്യാസ് വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും ചെറുതല്ല. സമയപരിധി രണ്ടുമാസംകൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നാണ് നമ്മുടെ ഭക്ഷ്യമന്ത്രി ആശ്വസിക്കുന്നത്. പക്ഷേ, രണ്ടു മാസം കഴിയുമ്പോഴും സ്ഥിതി ഇതുതന്നെയാവും.

ആധാറിന്റെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെയും സുപ്രീംകോടതിയെയും വെല്ലുവിളിക്കുകയാണ് ഈ കമ്പനികളും കേന്ദ്രസര്‍ക്കാരും. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി. ആധാറിന് നിയമപ്രാബല്യം നല്‍കുന്ന ബില്‍ ഇതേവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ശക്തമായ ജനകീയ വികാരം ഉയര്‍ന്നപ്പോള്‍ ആധാര്‍ നിര്‍ബന്ധിതമാക്കുകയില്ല എന്നൊരു ഉറപ്പ് 2013 മെയ് 8നും ആഗസ്ത് 23നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ നല്‍കുകയുംചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റിനു നല്‍കിയ ഉറപ്പുപോലും പാലിക്കാതെ കോര്‍പറേറ്റു കമ്പനികള്‍ക്കു മുന്നില്‍ മുട്ടിലിഴയുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളും പാര്‍ലമെന്റും കോടതിയുമൊന്നും അവര്‍ക്കൊരു പ്രശ്നമേയല്ല.

ആധാറിന്റെ മറവില്‍ സബ്സിഡി പടിപടിയായി വെട്ടിക്കുറയ്ക്കപ്പെടും. പാചകവാതകത്തിന് ഇപ്പോള്‍ വരുത്തിയ 230 രൂപയുടെ വര്‍ധന സബ്സിഡിയായി ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ഇപ്പോള്‍ പാലിച്ചാലും ഭാവിയില്‍ അങ്ങനെയുണ്ടാകുമെന്നതിന് ഒരുറപ്പുമില്ല. വര്‍ഷത്തിലൊരിക്കല്‍ ആറുരൂപ ഒറ്റയടിക്കു വര്‍ധിപ്പിച്ചാലുണ്ടാകുന്ന രൂക്ഷമായ പ്രതിഷേധത്തെ മറികടക്കാന്‍ മാസം തോറും ഡീസലിന്റെ വില അമ്പതു പൈസ വീതം വര്‍ധിപ്പിച്ചതു നാം കണ്ടതാണ്. അതുപോലുള്ള ഒരടവാണിതും. ബാങ്ക് അക്കൗണ്ടിലേക്കു വരുന്ന സബ്സിഡിത്തുക ഉയരില്ല. അങ്ങനെ ക്രമേണ സബ്സിഡിതന്നെ ഇല്ലാതാകും. ആധാറിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം റിലയന്‍സ് പോലുള്ള സ്വകാര്യകുത്തകകളുടെ ഖജനാവിലുമെത്തും. നിലവില്‍ സ്വകാര്യ കമ്പനികള്‍ക്കു സബ്സിഡി ആനുകൂല്യം ലഭിക്കുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം പലരീതിയില്‍ കേന്ദ്രസര്‍ക്കാര്‍തന്നെ നികത്തും. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളുടെ ലാഭത്തില്‍ ഒരുവിഹിതം പൊതുമേഖലാ വ്യാപാരക്കമ്പനികള്‍ക്ക് നല്‍കിയും ഓയില്‍ ബോണ്ടുകള്‍ ഇറക്കിയും കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളെ സഹായിക്കാറുണ്ട്.

സ്വകാര്യക്കുത്തകകള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത് വിവേചനമാണെന്ന് അന്തര്‍ദേശീയ എനര്‍ജി കമിഷനിലും മറ്റും റിലയന്‍സ് പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം വിവേചനംഇല്ലാതാക്കാനുള്ള ബാധ്യത ലോകവ്യാപാര കരാര്‍ അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റേതാണ്. അതു നിറവേറ്റാനുളള എളുപ്പവഴി ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്സിഡി പണമായി നല്‍കലാണ്. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഏതു കമ്പനിയില്‍നിന്ന് ഗ്യാസ് വാങ്ങിയാലും ഉപയോക്താവിന്റെ അക്കൗണ്ടില്‍ സബ്സിഡി പണമായി എത്തും. അങ്ങനെ റിലയന്‍സിനും കിട്ടും കേന്ദ്രസര്‍ക്കാര്‍ പണം. ആധാറും വിലവര്‍ധനയുമൊക്കെ പൊതുമേഖലാ എണ്ണക്കമ്പനികളെ രക്ഷിക്കാനാണ് എന്ന് വീരപ്പമൊയ്ലി വീമ്പടിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ ലക്ഷ്യം റിലയന്‍സുപോലുളള സ്വകാര്യ കുത്തകകളെ സഹായിക്കുകയാണ്. മറയില്ലാത്ത ഈ കോര്‍പറേറ്റ് ദാസ്യമാണ് രൂക്ഷമാകുന്ന വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണം.

കമ്പനി മാനിയ




കേരള സര്‍ക്കാറിനെ കമ്പനി മാനിയ പിടികൂടിയിരിക്കുകയാണ്. എന്തിനും ഉത്തരം സിയാല്‍ മോഡല്‍ (കൊച്ചി വിമാനത്താവള കമ്പനി) ആണ്. കുടിവെള്ളത്തിന് കമ്പനി (ഇപ്പോള്‍ കുപ്പിവെള്ളത്തിന്), ക്ലീന്‍ കേരളയ്ക്ക് കമ്പനി, എന്തിന് മൂത്രപ്പുരയും വെയിറ്റിങ് ഷെഡും പണിയുന്നതിനുപോലും കമ്പനി വേണം. ഏറ്റവും അവസാനം നഗരസഭകളില്‍ ചേരിനിര്‍മാര്‍ജനത്തിനും കമ്പനി രൂപവത്കരിക്കാനാണ് തീരുമാനം. 2013 നവംബറില്‍ ഇതുസംബന്ധിച്ച തീരുമാനം പുറത്തിറങ്ങി. അദ്ഭുതമെന്ന് പറയട്ടെ, ഇതേക്കുറിച്ച് മേയര്‍മാര്‍ക്കോ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കോ എം.എല്‍.എ.മാര്‍ക്കോ അറിയില്ല. എങ്ങും ഒരു പൊതുചര്‍ച്ചയുണ്ടായിട്ടില്ല. ഉത്തരവ് വെബ്‌സൈറ്റിലും ലഭ്യമല്ല. പക്ഷേ, കമ്പനി രൂപവത്കരണത്തിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്.

ചേരിപ്രദേശ വികസനത്തിനായി നഗരസഭകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന രണ്ട് പ്രധാന പദ്ധതികളാണ് ബി.എസ്.യു.പി.യും സംയോജിത ഭവന, ചേരി വികസനത്തിനായുള്ള ഐ.എച്ച്.ഡി.പി.യും. 'രാജീവ് ആവാസ് യോജന' എന്ന പേരില്‍ ഇവ സംയോജിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ചേരി നിവാസികള്‍ക്ക് ഫ്‌ളാറ്റ് സമുച്ചയങ്ങളും അനുബന്ധ റോഡ്, കുടിവെള്ള, ശുചിത്വസേവനങ്ങളും ഉപജീവന സംരക്ഷണവും പാക്കേജായി നല്‍കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ ഉപജീവന മിഷനിനെപ്പോലെ ഭീമമായ തുക ചെലവിടാനാണ് തീരുമാനം. കേരളത്തിലിപ്പോള്‍ കോര്‍പ്പറേഷനുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഈ സ്‌കീം നടപ്പാക്കുന്നതിനാണ് പുതിയ കമ്പനി.

കമ്പനികള്‍ രൂപവത്കരിക്കുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ്. ഒന്ന്: പണം സ്വരൂപിക്കാന്‍. പക്ഷേ, ഇവിടെ ഈ പ്രശ്‌നമുദിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും നഗരസഭകളുമാണ് പണം പൂര്‍ണമായും മുടക്കുന്നത്. വായ്പയെടുക്കേണ്ട ആവശ്യം പോലുമില്ല. രണ്ട്: വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവൃത്തികളും സങ്കീര്‍ണമായ ഭീമന്‍പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കുന്നതിനുവേണ്ടി. ഇവിടെ ഇതും പ്രസക്തമല്ല. രാജീവ് ആവാസ് യോജന വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവൃത്തികളല്ല. പണിയാന്‍പോകുന്ന ഫ്‌ളാറ്റുകളാകട്ടെ കുടിവെള്ള, സ്വീവേജ് പദ്ധതികള്‍പോലെ സങ്കീര്‍ണമായ ഭീമന്‍ നിര്‍മാണപദ്ധതികള്‍ അല്ല.

രാജീവ് ആവാസ് യോജന പദ്ധതി നഗരസഭകള്‍ക്ക് കീഴില്‍ നടപ്പാക്കുന്നതിന് നല്ലൊരു മാതൃകയാണ് തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ ചേരിവികസന പ്രവര്‍ത്തനങ്ങള്‍. ഈ പ്രവര്‍ത്തനങ്ങളെ രാജ്യത്തെ ഏറ്റവും നല്ല മാതൃകകളിലൊന്നായി അംഗീകരിച്ചത് കേന്ദ്രസര്‍ക്കാറാണ്. ഇക്കഴിഞ്ഞ ജനവരി 21-ന് വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍നിന്ന് തിരുവനന്തപുരം നഗരസഭ പുരസ്‌കാരവും ഏറ്റുവാങ്ങി. എന്താണ് ഈ മാതൃക?

നഗരസഭയാണ് നിര്‍വഹണ ഏജന്‍സി. നഗരസഭാ പദ്ധതിയുടെ ഭാഗമാണ് കേന്ദ്രാവിഷ്‌കൃത സ്‌കീമുകള്‍. നഗരസഭയുടെ കീഴിലുള്ള പ്രോജക്ട് സെല്ലാണ് നിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കുടുംബശ്രീയാണ് സംയോജിത നോഡല്‍ ഏജന്‍സി. കുടുംബശ്രീ മിഷന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍പണം നഗരസഭകള്‍ക്ക് ലഭിക്കുന്നത്. മാത്രമല്ല, നഗരസഭയുടെ പ്രോജക്ടിനാവശ്യമായ വിദഗ്ധരുടെ സേവനവും ഉപദേശവും മിഷന്‍ ലഭ്യമാക്കുന്നു. 

മാസ്റ്റര്‍പ്ലാനുകളിലെ ഏറ്റവും പ്രധാന പ്രവൃത്തി ചേരി പുനരധിവാസത്തിനുള്ള ഫ്‌ളാറ്റുകളാണ്. ബി.എസ്.യു.പി. പ്രകാരം പണിതീര്‍ന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരം കോളനികള്‍ ഞാന്‍ ഈയിടെ സന്ദര്‍ശിച്ചു. ഇതിലേറ്റവും വലുത് കല്ലടിമുഖത്തെ അഞ്ഞൂറില്‍പ്പരം ഫ്‌ളാറ്റുകള്‍ അടങ്ങുന്ന പുതിയ കോളനിയാണ്. ഇവിടെ ആള്‍ത്താമസം ആയിട്ടില്ല. മുന്നൂറ്റമ്പതോളം ഫ്‌ളാറ്റുകള്‍ പണിതീര്‍ന്നു. കോസ്റ്റ് ഫോര്‍ഡാണ് നിര്‍മാണ ഏജന്‍സി. ഒരു പ്രത്യേക കമ്പനിയും രൂപവത്കരിച്ചിട്ടില്ല.
മിതവ്യയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കാര്യക്ഷമമായി ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ചതിനാണ് നഗരസഭയ്ക്ക് ലഭിച്ച ഒരു അവാര്‍ഡ്. ലാറിബേക്കര്‍ നിര്‍മാണരീതികളിലൂടെ നിര്‍മാണച്ചെലവ് ഗണ്യമായി കുറച്ചു. പരമാവധി സൂര്യപ്രകാശം ഓരോ ഫ്‌ളാറ്റിലും ലഭിക്കത്ത രീതിയിലുളള നിര്‍മാണം വൈദ്യുതിച്ചെലവ് കുറയ്ക്കും. ഫില്ലര്‍ സ്ലാബ് മേല്‍ക്കൂരയുടെ ചൂട് കുറയ്ക്കുന്നു. ബയോഗ്യാസ് പ്ലാന്റും മഴവെള്ള സംഭരണിയും എല്ലാം ചേരുമ്പോള്‍ ഹരിത പാര്‍പ്പിട മാതൃകയിലേക്കുള്ള കാല്‍വെപ്പായി മാറുന്നു ഈ സമുച്ചയങ്ങള്‍.

കരിമഠം കോളനിയില്‍ പണിതീര്‍ത്ത ഏഴ് ബ്ലോക്കുകളിലായുള്ള 140 കെട്ടിടങ്ങള്‍ പഠിച്ചശേഷമാണ് കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം നഗരസഭയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. നാല് നിലയിലുള്ള ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്. കരിമഠം കോളനി എന്നെ ഒരുകാര്യം ബോധ്യപ്പെടുത്തി. ചേരിനിര്‍മാര്‍ജനം എന്നുപറഞ്ഞാല്‍ കെട്ടിടനിര്‍മാണമല്ല. അങ്ങനെയാണ് എന്ന ധാരണയാണ് കമ്പനി രൂപവത്കരിക്കുന്നതിന്റെ പിന്നില്‍. പുതിയൊരു സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ഒരു കമ്പനി മതിയാകും. പക്ഷേ, നിലവിലുള്ള ചേരി ഘട്ടം ഘട്ടമായി പൊളിച്ച് ഫ്‌ളാറ്റ് പണിയുന്നതില്‍ വലിയതോതില്‍ ഗുണഭോക്തൃ പങ്കാളിത്തവും സഹകരണവും കൂടിയേ തീരൂ. എല്ലാ ഗുണഭോക്താക്കളും തമ്മില്‍ യോജിപ്പുണ്ടാകണം. ചിലരാകട്ടെ ഈ സന്ദര്‍ഭം വിലപേശലിനുള്ള അവസരമാക്കും. തന്റെ വീട് പൊളിക്കുന്നതിന് കല്യാണം കഴിഞ്ഞ മക്കള്‍ക്കും ഫ്‌ളാറ്റ് ഉറപ്പാക്കണം, തന്റെ വീടിന് വലിപ്പം കൂടുതലായതുകൊണ്ട് രണ്ട് ഫ്‌ളാറ്റ് നല്‍കണം തുടങ്ങിയ ഡിമാന്‍ഡുകള്‍ ഉയരും. വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയവൈരമോ തീവ്രവാദ സംഘങ്ങളോ ഉണ്ടെങ്കില്‍ പിന്നെ തര്‍ക്കങ്ങള്‍ ഉറപ്പാണ്. ഇവ പരിഹരിച്ചാലേ ഫ്‌ളാറ്റ് പണിയാനാവൂ.

ഇത്തരം കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി സ്തംഭിച്ചുകിടക്കുകയായിരുന്നു കരിമഠം കോളനിയിലെ മൂന്നാംഘട്ട നിര്‍മാണപ്രവൃത്തികള്‍. തര്‍ക്കങ്ങള്‍ ഏതാണ്ട് പരിഹരിച്ചുവരുന്നതേയുള്ളൂ. ബലപ്രയോഗമില്ലാതെ ഇത്തരം യോജിപ്പിലേക്ക് എത്തിക്കുന്നതില്‍ ഒരു സാമൂഹിക എന്‍ജിനീയറിങ് ഉണ്ട്. ഇത് നിര്‍വഹിക്കുന്നത് ജനപ്രതിനിധികളും കുടുംബശ്രീയുമാണ്. 

വീടുകളിലെ ഓരോ പുരുഷനും സ്ത്രീയും പ്രതിനിധികളായ ഗുണഭോക്താക്കളുടെ പൊതുസഭയാണ് കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് കമ്മിറ്റി അഥവാ സി.ഡി.സി. സി.ഡി.സി.ക്ക് ഒമ്പതുപേരുടെ ഒരു എക്‌സിക്യൂട്ടീവ് ഉണ്ട്, ഭൂരിപക്ഷം സ്ത്രീകളാണ്. ഇവിടെ നടക്കുന്ന ചര്‍ച്ചകളിലൂടെയാണ് യോജിച്ച തീരുമാനങ്ങളിലേക്ക് എത്തുന്നത്. ഈ വേദിയാണ് നവീകരിച്ച കോളനിയിലുണ്ടാകേണ്ടുന്ന പൊതു സൗകര്യങ്ങള്‍, ഫ്‌ളാറ്റുകളുടെ രൂപകല്പനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയ്ക്ക് മോണിറ്ററിങ്ങിലൂടെ തീര്‍പ്പുണ്ടാക്കുന്നത്. 

ഉപജീവന പിന്തുണപ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതും സി.ഡി.സി. തന്നെ. ചെങ്കല്‍ചൂള കോളനിയില്‍ 10 നില ഫ്‌ളാറ്റ് സമുച്ചയം പണിയാനാണ് തീരുമാനിച്ചിട്ടുള്ളത്. റോഡ് ഫ്രണ്ടേജ് വരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഒരുനിര മുറി/ ഹാളുകള്‍ വാണിജ്യാവശ്യത്തിന് വാടകയ്ക്ക് നഗരസഭ നല്‍കും. ഇതില്‍നിന്നുള്ള വരുമാനം കൊണ്ട് ഫ്‌ളാറ്റുകളിലെ മെയിന്റനന്‍സും മറ്റും മുടക്കമില്ലാതെ നടക്കും. കൂടാതെ, ഇവിടെ മുറികള്‍ വാടകയ്‌ക്കെടുത്ത സ്ഥാപനങ്ങള്‍ കോളനിയിലെ ഒരാള്‍ക്കെങ്കിലും സ്ഥിരംപണി നല്‍കണമെന്നത് നിര്‍ബന്ധമാണ്. അങ്ങനെ പുതിയ സംവിധാനം കുറച്ച് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗവും കൂടിയായി മാറുന്നു.

ചേരികളിലെ സാമൂഹികപങ്കാളിത്തം രാജ്യത്ത് ഏറ്റവും നല്ലനിലയില്‍ ഉറപ്പുവരുത്തിയതിനാണ് തിരുവനന്തപുരം കോര്‍പ്പറേഷന് ലഭിച്ച രണ്ടാമത്തെ പുരസ്‌കാരം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ്, ബോധവത്കരണവും ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതും പണമില്ലാത്തവര്‍ക്ക് വായ്പ നല്‍കിയതും. കുടുംബശ്രീയുടെ വാര്‍ഡുതല സമിതി (എ.ഡി.എസ്.) ആണ് കെട്ടിടനിര്‍മാണം മോണിറ്റര്‍ ചെയ്തതും ഒറ്റവീടുകള്‍ക്ക് സ്റ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതും.
കരിമഠം സി.ഡി.സി. മെമ്പറായ കുടുംബശ്രീയുടെ അശ്വതിയാണ് എനിക്ക് സി.ഡി.സി.യുടെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമെല്ലാം വിശദീകരിച്ചുതന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ കുടുംബശ്രീ നടത്തിയ സമരത്തിലെ സജീവസാന്നിധ്യമായിരുന്നു അശ്വതി. നിരന്തരമായ ചര്‍ച്ചകളിലൂടെയാണ് പല തര്‍ക്കങ്ങള്‍ക്കും അവര്‍ പരിഹാരം കണ്ടെത്തിയത്. പുരുഷന്മാരായ സി.ഡി.സി. അംഗങ്ങളെ തൊഴില്‍ പ്രാരാബ്ധങ്ങള്‍മൂലം പ്രവര്‍ത്തനങ്ങള്‍ക്ക് അധികം ലഭിക്കാറില്ല. അതുകൊണ്ട് സ്ത്രീകളാണ് സംഘാടനത്തിന് മുന്‍കൈ. നിയമസഭ കഴിഞ്ഞ് വൈകിയാണ് കരിമഠം കോളനിയിലെത്തിയത്. പക്ഷേ, അശ്വതിയോടൊപ്പം സി.ഡി.എസ്. അംഗങ്ങളായ ഏതാനും സ്ത്രീകളും പര്യടനത്തിന് കൂട്ടിനുണ്ടായിരുന്നു.

മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ ഉരുത്തിരിഞ്ഞത് ബി.എസ്.യു.പി. - ഐ.എച്ച്.ഡി.പി. പദ്ധതികളുടെ ഭാഗമായിട്ടാണ്. കമ്പനി രൂപവത്കരിക്കുന്നതുവരെ രാജീവ് ആവാസ് യോജന നിലവിലുള്ള സംവിധാനങ്ങളിലൂടെയാണ് നടത്തുന്നത്. കോര്‍പ്പറേഷനുകള്‍ ചേരികളുടെ സ്ഥിതിവിവരണങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന് 72 കോടി രൂപയുടെയും കൊല്ലം കോര്‍പ്പറേഷന് 18 കോടി രൂപയുടെയും രണ്ട് പൈലറ്റ് പ്രോജക്ടുകള്‍ ലഭിച്ചുകഴിഞ്ഞു. അവ നടപ്പാക്കാന്‍ പോവുകയാണ്. ഈ ഘട്ടത്തില്‍ എന്തിനാണ് പുതിയ കമ്പനി?
ഇത് നഗരസഭയുടെ അധികാരം കവരുന്നതിനുവേണ്ടിയാണ്. 73-74 ഭരണഘടനാ ഭേദഗതിയെത്തുടര്‍ന്ന് കേരളത്തില്‍ നിയമനിര്‍മാണം നടന്നതിനുശേഷമുള്ള ഏറ്റവും വലിയ അധികാരം തിരിച്ചെടുക്കലാണ് കമ്പനി രൂപവത്കരണം വഴി കേരള സര്‍ക്കാര്‍ ചെയ്യുന്നത്. കുടുംബശ്രീയുടെ തുടക്കം ആലപ്പുഴ നഗരത്തില്‍ ദരിദ്രര്‍ക്കായുള്ള യൂണിസെഫിന്റെ അടിസ്ഥാന സേവന പ്രദാന പദ്ധതിയിലൂടെയാണ്. ഈ അനുഭവം കൂടി കണക്കിലെടുത്താണ് നഗരങ്ങളില്‍ ബി.എസ്.യു.പി.യുടെയും ഐ.എച്ച്.ഡി.പി.യുടെയും നടത്തിപ്പ് നഗരസഭയുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീക്ക് കൈമാറിയത്. നഗരസഭകളില്‍ കുടുംബശ്രീയെ ദുര്‍ബലമാക്കുന്നതിലേക്കാണ് കമ്പനിരൂപവത്കരണം നയിക്കുക. 

നഗരസഭകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ വഴി ചേരി നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടത്തിയ നിര്‍വഹണത്തെ രാഷ്ട്രത്തിന് മാതൃകയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. നമ്മളാകട്ടെ അത് തിരസ്‌കരിച്ച് നഗരസഭകളേയും കുടുംബശ്രീയേയും ദുര്‍ബലപ്പെടുത്തുന്നതിനുള്ള പുതിയ മോഡല്‍ തേടുന്നു. എന്തൊരു വൈപരീത്യം! 'കമ്പനി മാനിയ' രോഗികളോട് എനിക്ക് ഒരു അഭ്യര്‍ഥനയേയുള്ളൂ. അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് കരിമഠത്തിലേയോ കണ്ണമ്മൂലയിലേയോ കല്ലടിമുഖത്തിലേയോ ചേരിനിര്‍മാര്‍ജന പദ്ധതി പ്രദേശം സന്ദര്‍ശിക്കുക. അവിടെ പദ്ധതി നടത്തിപ്പിലെ എന്ത് ദൗര്‍ബല്യമാണ് കമ്പനി പരിഹരിക്കാന്‍ പോകുന്നതെന്ന് വിശദീകരിച്ചുതരിക.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...