Sunday, January 5, 2014

പിരിയുടഞ്ഞ കയര്‍


പരിപ്രേക്ഷ്യം 2030ന്റെ ഒരു പൊതുസ്വഭാവം വിദൂരഭാവിയെക്കുറിച്ചുളള സ്വപ്നങ്ങളാണ്. ഇന്നത്തെ മൂര്‍ത്തപ്രശ്‌നങ്ങളെക്കുറിച്ചുളള വിശകലനമോ പരിഹാരമോ ഇല്ല എന്നതാണ്. കയര്‍ വ്യവസായത്തെ സംബന്ധിക്കുന്ന പ്രതിപാദനത്തിന്റെ സ്ഥിതി നേരേ മറിച്ചാണ്. ഇന്നത്തെ സ്ഥിതിവിശേഷത്തെക്കുറിച്ചാണ് വിവരണം മുഴുവന്‍. അതും 2004-2009 കാലത്തെക്കുറിച്ച് പത്തു പേജില്‍ എട്ടുപേജും ഈ വിവരണമാണ്. 2030ലേയ്ക്#ുളള ലക്ഷ്യം കൈവരിക്കാന്‍ എന്തുവേണം? കഷ്ടിച്ച് രണ്ടു പേജ് ഒറ്റവാചക നിര്‍ദ്ദേശങ്ങള്‍. പേജു നിറയ്ക്കാന്‍ എന്തൊക്കെയോ കുത്തി നിറച്ചിരിക്കുന്നു. കയര്‍ വ്യവസായ ചരിത്രത്തെക്കുറിച്ച് എത്രയോ ആഴത്തിലുളള അക്കാദമിക് പഠനങ്ങള്‍ ഉണ്ട്. ഒന്നുപോലും വായിച്ചതിന്റെ ലക്ഷണം യുഡിഎഫിന്റെ രേഖയില്ല. ഈയൊരു വാചാടോപമാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.

കയറിനെക്കുറിച്ചുളള പരിപ്രേക്ഷ്യം 2030 ആരംഭിക്കുന്നത് 2004-2009 കാലത്തെ കണക്കുകളില്‍ നിന്നാണ്. ലോക ഉല്‍പാദനത്തില്‍ 80ശതമാനവും കയറ്റുമതിയില്‍40 ശതമാനവും ഇന്ത്യയുടേതായി മാറ്റമില്ലാതെ തുടരുന്നു എന്നാണ് കണക്ക്. പക്ഷേ, കുറച്ചുകൂടി പിന്നോട്ടു പോയാലേ യഥാര്‍ത്ഥചിത്രം വ്യക്തമാകൂ. 1967ല്‍ ലോകവ്യാപാരത്തിന്റെ 81 ശതമാനം ഇന്ത്യയില്‍ നിന്നായിരുന്നു. അതാണിപ്പോള്‍ 40 ശതമാനമായി കുറഞ്ഞിരിക്കുന്നത്. മറ്റു നാളികേര രാജ്യങ്ങള്‍ പ്രത്യേകിച്ച് ശ്രീലങ്ക ഇന്ത്യയുടെ ലോകകമ്പോളം പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്.

മാറുന്ന കേരളത്തിന്റെ കുത്തക
ഇന്ത്യയിലാവട്ടെ, രേഖയില്‍ത്തന്നെ പറയുന്നതു പ്രകാരം കയര്‍ ഉല്‍പാദനത്തില്‍ കേരളത്തിന്‍രെ കുത്തക തകര്‍ത്ത് തമിഴ്ടനാട്ടിലേയും മറ്രു നാളികേര ഉല്‍പന്ന രാജ്യങ്ങളിലെയും ഉല്‍പാദനം അതിവേഗം വളരുകയാണ്. സംസ്ഥാനം രൂപീകൃതമായ വേളയില്‍ നാളികേര ഉല്‍പാദനത്തിന്റെ 75 ശതമാനം കേരളത്തില്‍ നിന്നായിരുന്നു. ഇന്നു കേരളത്തിന്റെ വിഹിതം 50 ശതമാനത്തില്‍ താഴെയി (രേഖയില്‍ നല്‍കിയിരിക്കുന്ന പട്ടികയുടെ തലക്കെട്ടായി നാളകേരത്തിന്റെ വിളവിസ്തൃതി എന്തിനു പകരം കയറിന്റെ വിസ്തൃതി എന്നാണ് പേരിട്ടിരിക്കുന്നത്!). എന്താണ് ഇതിനു കാരണം? ഈ സുപ്രധാന സംഭവവികാസം സംബന്ധിച്ച വിശകലനം തമിഴ്‌നാട്ടിലെ യന്ത്രവല്‍ക്കരണത്തിനപ്പുറം പോകുന്നില്ല. ചരികിനാരിന്റെ സ്വഭാവത്തില്‍ വന്നചേര്‍ന്ന സാങ്കേതികമാറ്റമാണ് ഇതിന്റെ പിന്നിലെ പ്രധാനഘടകം.

നാളിതുവരെ ചീക്കത്തൊണ്ടില്‍ നിന്നുളള വെളളിക്കയര്‍ കേരളത്തിന്റെ കുത്തകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉണക്കത്തൊണ്ടില്‍ നിന്നുളള തവിട്ടുകയര്‍ ഉല്‍പാദിപ്പിച്ചിരുന്നുളളൂ. അങ്ങനെ രണ്ടുതരത്തിലുളള ചകിരിയാണുണ്ടായിരുന്നത്. ചീക്കത്തൊണ്ടില്‍ നിന്നുളള കയറുണ്ടാക്കുന്നതിനായി അനിവാര്യമായ കായലുകള്‍ കേരളത്തിലേ ഉണ്ടായിരുന്നുളളൂ. പക്ഷേ, ഇന്ന് മൂന്നതമത് ഒരു ചകിരി ഇനം കൂടെ രംഗപ്രവേശനം ചെയ്തിരിക്കുന്നു - പച്ചത്തൊണ്ടില്‍ നിന്നുളള ചകിരി. തവിട്ടുകയര്‍ കയറുപിരിക്കാന്‍ ഉപയോഗിക്കാന്‍ കഴയില്ല. എന്നാല്‍ പച്ചത്തൊണ്ടു ചകിരികൊണ്ടു കഴിയും. ഇത് ഉപയോഗിച്ചാണ് കേരളത്തില്‍ ഇന്നു കയര്‍ പിരിക്കുന്നത്. മാത്രമല്ല ഈ ചകിരിയാവട്ടെ ഗണ്യമായ പങ്കും തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ചു കേരളത്തിലേയ്ക്കു കൊണ്ടുവരികയാണ്. കേരളത്തില്‍ ചീക്കത്തൊണ്ടു ചകിരിയുല്‍പാദനം അനുദിനം കുറഞ്ഞുവരികയാണ്. തമിഴ്‌നാട്ടിലും പച്ചത്തൊണ്ടു ചകിരി ഉപയോഗിച്ചു യന്ത്രങ്ങളില്‍ കയര്‍ പിരിക്കുന്നുണ്ട്. കയറു പിരിക്കുന്നതിന് അനുയോജ്യമായ ചകിരി ഉല്‍പാദിപ്പിക്കുന്നതിന് കേരളത്തിലേതുപോലുളള ഉപ്പുരസമുളള കായലുകള്‍ അനിവാര്യമല്ലാതായിരിക്കുന്നു. അങ്ങനെ കയര്‍ വ്യവസായത്തിന് സംസ്ഥാനത്തുണ്ടായിരുന്ന കുത്തക തകര്‍ന്നു.

അതുപോലെതന്നെ ലോകവ്യാപാരത്തില്‍ കയറുല്‍പ്പന്നങ്ങളുടെയും കയര്‍ യാണിന്റെയും പ്രാധാന്യം കുറയുകയാണ്. ചകിരിയുടെയും ചകിരിച്ചോറിന്റെയും ആവശ്യമാണ് അന്തര്‍ദേശീയമായി ഉയരുന്നത്. ഇത് ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയിലും പ്രതിഫലിച്ചു കാണാം. 2010-11ല്‍ ഇന്ത്യയില്‍ മൊത്തം കയര്‍ കയറ്റുമതി 1.6 ലക്ഷം ടണ്‍ ആയിരുന്നു. പക്ഷേ, ഇതില്‍ 2.08 ലക്ഷം ടണ്‍ ചകിരിച്ചോര്‍ ആയിരുന്നു. 0.90 ലക്ഷം ടണ്‍ ചകിരിനാരും. ചകിരിച്ചോര്‍ ഇപ്പോള്‍ മണ്ണു കണ്ടീഷണറായി കൃഷിയ്ക്ക് വ്യാപകമായി പാശ്ചാത്യരാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നു.

ചകിരിയാകട്ടെ മെത്തയുണ്ടാക്കാന്‍ ചൈന വലിയതോതില്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതിന് കയറു പിരിക്കത്തക്ക ഗുണനിലവാരമുളള ചകിരി വേണ്ട. അതുപോലെതന്നെ കേരളത്തിലെ ചീക്കത്തൊണ്ടില്‍ നിന്നുളള ചകിരിച്ചോരില്‍ ഉപ്പിന്റെ അംശം കൂടുതലായതുകൊണ്ട് അതു കൃഷിയാവശ്യത്തിന് അനുയോജ്യമല്ല. ഇതു രണ്ടും തമിഴ്‌നാട്ടിലെ കയര്‍വ്യവസായ വികസനത്തിന് അനുകൂലമായി. ഈ സങ്കീര്‍ണതകളെക്കുറിച്ച് പരിപ്രേക്ഷ്യം 2030 രചിച്ചവര്‍ക്ക് ധാരണയില്ല.
കയര്‍ വ്യവസായത്തിലെ തൊഴിലെടുക്കുന്നവരുടെ എണ്ണവും സാങ്കേതികവിദ്യയും കുറിച്ചുളള ഏതൊരു ചര്‍ച്ചയിലും അനിവാര്യമായി മനസില്‍ വെയ്‌ക്കേണ്ടുന്ന ഒരു പ്രധാനകാര്യം കേരള സമ്പദ്ഘടനയില്‍ കയര്‍ പോലുളള പരമ്പരാഗത വ്യവസായങ്ങള്‍ വഹിച്ചിരുന്ന ധര്‍മ്മമാണ്. വളരെയേറെ ജനസാന്ദ്രതയുളള സംസ്ഥാനമാകയാല്‍ ചരിത്രപരമായിത്തന്നെ വലിയൊരു ശതമാനം മിച്ച ജനസംഖ്യയുളള സംസ്ഥാനമായിരുന്നു കേരളം.

കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണവും കൂലിവേല ബന്ധങ്ങളുടെ വ്യാപനവും മൂലം സ്വയം തൊഴിലെന്നപേരില്‍ മിച്ച ജനസംഖ്യയെ കാര്‍ഷിക മേഖലയില്‍ സ്വയം തൊഴിലുകാരായി ഉള്‍ക്കൊളളിച്ച് ഉപജീവനം നല്‍കുക പ്രയാസമായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖലയിലാണ് തൊഴിലില്ലാത്ത മിച്ചജനസംഖ്യ ചടഞ്ഞു കൂടിയിരുന്നത്. കേരളത്തിലാവട്ടെ ഈ ധര്‍മ്മം നിറവേറ്റിയിരുന്നത് കയര്‍പോലുളള പരമ്പരാഗത വ്യവസായങ്ങളാണ്. ഈ മേഖലകളിലെ കൈവേലയെ അടിസ്ഥാനമാക്കിയുളള പരമ്പരാഗത സാങ്കേതികവിദ്യയ്ക്ക് വലിയ തോതില്‍ തൊഴിലാളികളെ ആവശ്യമായിരുന്നു.

 മാത്രമല്ല, പരമ്പരാഗത സമൂഹ്യ ആചാരമര്യാദകള്‍ ഉളള തൊഴഇല്‍ എല്ലാവര്‍ക്കും ഇടയില്‍ വീതം വയ്ക്കാന്‍ സഹായിച്ചു. വര്‍ഷത്തില്‍ ഭൂരിപക്ഷം ദിവസം ജോലി ലഭിക്കാത്ത അര്‍ദ്ധപട്ടിണിക്കാരായ പാവങ്ങളായിരുന്നു ഈ വ്യവസായങ്ങളിലെ തൊഴില്‍സേന. ഉദാഹരണത്തിന് 5 ലക്ഷം പേരാണ് 60കളുടെ ആദ്യം കയര്‍ വ്യവസായത്തില്‍ പണിയെടുക്കുന്നതായി കണക്കാക്കിയിരുന്നത്. യഥാര്‍ത്ഥത്തില്‍ അന്നു നിലവിലുണ്ടായിരുന്ന പരമ്പരാഗത സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍പ്പോലും കണക്കാക്കുകയാണെങ്കില്‍ അക്കാലത്തെ ഉല്‍പാദനം കൈവരിക്കാന്‍ 2.5 - 3.0 ലക്ഷം തൊഴിലാളികള്‍ മതിയാകുമായിരുന്നു. എന്നാല്‍ കയര്‍ വ്യവസായത്തിലെ ആചാരമര്യാദകള്‍മൂലം യഥാര്‍ത്ഥത്തില്‍ ആവശ്യമുളളതിന്റെ ഇരട്ടി ആളുകള്‍ക്ക് ലഭ്യമായ തൊഴില്‍വീതം നല്‍കുന്നതിനു കഴിഞ്ഞു.

യന്ത്രവത്കരണം

ഈ പശ്ചാത്തലത്തിലാണ് 60കളിലും 70കളിലും യന്ത്രവത്കരണത്തോടു ട്രേഡ് യൂണിയനുകള്‍ സ്വീകരിച്ച സമീപനത്തെ മനസിലാക്കേണ്ടത്. പട്ടിണികൂലിക്കെതിരായി രണ്ടു ദശാബ്ദക്കാലത്തെ സമരങ്ങള്‍ക്കൊടുവിലാണ് 60കളുടെ അവസാനം പിരിമേഖലയില്‍ മിനിമം കൂലി വാങ്ങിയെടുക്കാനായത്. സംഘടിത പ്രസ്ഥാനത്തോടുളള എതിര്‍പ്പിന്റെ ഭാഗമായാണ് യന്ത്രവത്കരണം നടപ്പാക്കാന്‍ തുടങ്ങിയത്. ഇതിനെ ചെറുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. അല്ലാതെ യന്ത്രവത്കരണത്തോടുളള അന്ധമായ എതിര്‍പ്പുകൊണ്ടല്ല.

എന്നാല്‍ ഇന്നു സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ഗള്‍ഫ് കുടിയേറ്റത്തോടെയും വിദ്യാഭ്യാസ്തിന്റെ വ്യാപനത്തോടെയും പരമ്പരാഗത തൊഴിലുകളില്‍ പണിയെടുക്കാന്‍ ആളുകളെ കിട്ടാതായിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള മത്സരവും ആവിര്‍ഭവിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ യന്ത്രവത്കരണം അനിവാര്യമാണ്. 1987ലെ ഇടതുപക്ഷ സര്‍ക്കാരാണ് ഇടനില സാങ്കേതികവിദ്യകള്‍ വ്യവസായത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുളള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇന്നാവട്ടെ ഏതു തരത്തിലുളള യന്ത്രവത്കരണത്തിനും തങ്ങള്‍ എതിരല്ല എന്ന് യൂണിയനുകള്‍ വ്യക്തമാക്കി കവിഞ്ഞു. ഒറ്റ നിബന്ധന മാത്രമേ മുതലാളിമാരോടുളളൂ. നെയ്ത്തു മേഖലയില്‍ 500 രൂപയും പിരിമേഖലയില്‍ 350 രൂപയും കൂലി ഉറപ്പാക്കണം.

എന്നിട്ടും കയര്‍മേഖലയുടെ സാങ്കേതിക നവീകരണം എന്തുകൊണ്ട് നടക്കുന്നില്ല എന്നതിനു ഉത്തരം പറയേണ്ടത് കയര്‍ സര്‍ക്കാര്‍ അധികൃതരും കയര്‍ ഗവേഷണ കേന്ദ്രങ്ങളുമാണ്. കയര്‍ ഗവേഷണം അമ്പേ പരാജയമാണ്. കയര്‍പിരി മേഖലയില്‍ പരമ്പരാഗത റാട്ടിനേക്കാള്‍ അനുയോജ്യവും ഉല്‍പാദനക്ഷമത കൂടിയതുമായ മോട്ടോര്‍ റാട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സഹകരണസംഘങ്ങള്‍ക്കു നല്‍കിയ യന്ത്രവത്കൃത റാട്ടുകള്‍ ഉപയോഗിക്കാതെ നശിച്ചുപോവുകയാണുണ്ടായത്. ഇപ്പോള്‍ നല്‍കുന്ന റാട്ടുകളും തൊഴിലാളികള്‍ക്കു സ്വീകാര്യമല്ല. തൊണ്ടുതല്ലു യന്ത്രത്തിന്റെ സ്ഥിതിയും ഇതുതന്നെ. നാളികേര കേന്ദ്രങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുചെന്നു തൊണ്ടുതല്ലാവുന്ന ചെറുയന്ത്രങ്ങള്‍ പ്രതീക്ഷ ഉയര്‍ത്തിയതാണ്. പക്ഷേ, ഇവ ഫലപ്രദമല്ല എന്നാണ് അനുഭവം. പുതുതായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കയര്‍ ഗവേഷണ സ്ഥാപനവും (എന്‍സിആര്‍എംഐ) വെളളാനയായി അധപതിച്ചിരിക്കുന്നു. ഈ ദൗര്‍ബല്യം തിരുത്തേണ്ടതെങ്ങനെയെന്ന് രേഖ പരിശോധിക്കുന്നേയില്ല.

തൊണ്ടിന്റെ ദൗര്‍ബല്യം

മറ്റൊരു അടിസ്ഥാനപ്രശ്‌നം കേരളത്തിലെ വ്യവസായം നേരിടുന്ന തൊണ്ടിന്റെ ദൗര്‍ലഭ്യമാണ്. കേരളത്തിലുല്‍പ്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 20 ശതമാനം മാത്രമേ ഇന്നു സംസ്ഥാനത്തു ചകിരിയായി മാറ്റപ്പെടുന്നുളളൂ. ചെറുകിട കൃഷിക്കാരുടെ ബാഹുല്യം, പരമ്പരാഗത വിപണന ശൃംഖലകളുടെ തകര്‍ച്ച, യന്ത്രവത്കരണത്തിലുളള അമാന്തം എന്നിവയെല്ലാം ഇതിനു കാരണങ്ങളാണ്. നാളികേര ഉല്‍പാദനത്തില്‍ ഗണ്യമായ പങ്കും ഇന്നു കയര്‍മേഖലയ്ക്കു പുറത്താണ്. ഇവിടങ്ങളില്‍ അത്യാധുനിക ചകിരിമില്ലുകള്‍ സ്ഥാപിക്കണം. ഇതിനു പണം മുടക്കുന്നതിനു പകരം കയര്‍മേഖലയ്ക്കു പുറത്ത് കോന്നിയില്‍ ആധുനിക കയര്‍ ഉല്‍പന്ന വ്യവസായശാല സ്ഥാപിക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇന്നു സാഹസപ്പെട്ടുകൊണ്ടിരിക്കുന്നത്. മന്ത്രിയുടെ മണ്ഡലത്തിലും ഒരു കയര്‍ ഫാക്ടറി ഇരിക്കട്ടെ എന്നു തീരുമാനിച്ചിരിക്കുകയാണ്.

അതുപോലെതന്നെയാണ് തൊണ്ടു സംഭരിച്ചു മില്ലുകളില്‍ എത്തിക്കുക എന്നത്. ഓരോ വീട്ടുമുറ്റത്തും ചെറുകിട കൊപ്രാക്കളങ്ങളിലും കിടക്കുന്ന തൊണ്ടുമുഴുവന്‍ ശേഖരിച്ചു മില്ലുകളില്‍ എത്തിക്കുന്നതിന് സബ്‌സിഡി അനിവാര്യമാണ്. ഇതിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാം. കുടുംബശ്രീയെ ഉപയോഗപ്പെടുത്താം. അതുമല്ലെങ്കില്‍ നാളികേര ഉല്‍പാദനകേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന അത്യാധുനിക തൊണ്ടുമില്ലുകളെത്തന്നെ ഉപയോഗപ്പെടുത്താം. ഈ സുപ്രധാന കര്‍ത്തവ്യം മറന്നുകൊണ്ടുളള ഒരു വികസന പരിപ്രേക്ഷ്യം യാഥാര്‍ത്ഥ്യമാവില്ല. ചകിരിയ്ക്കു വേണ്ടി തമിഴ്‌നാട്ടിനു മേലുളള ആശ്രിതത്വം അവസാനിപ്പിക്കാന്‍ കഴിയണം. ചകിരിയുടെ അന്യായമായ വിലവര്‍ദ്ധനയും ലഭ്യതയും സംബന്ധിച്ചുളള അസ്ഥിരതയും ഇതില്‍ നിന്നാണ് ഉളവാകുന്നത്.

സഹകരണമേഖല

കയര്‍പിരി മേഖല ഇന്ന് മുഖ്യമായും കയര്‍ സഹകരണസംഘങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആരംഭകാലത്ത് 2 ദശാബ്ദത്തോളം ഫലപ്രദമായി ഇവ പ്രവര്‍ത്തിച്ചു. കയര്‍തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിന് ഈ സംഘങ്ങള്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഭൂരിപക്ഷവും പ്രവര്‍ത്തനക്ഷമമല്ല. എന്നാല്‍ നല്ല ആസ്തി പലതിനും ഉണ്ട്. ഇവയെ എങ്ങനെ പുനസംഘടിപ്പിച്ചു കാര്യക്ഷമമാക്കാം എന്നതു സുപ്രധാന കടമയാണ്. എന്നാല്‍ യുഡിഎഫിന്റെ പരിപ്രേക്ഷ്യത്തില്‍ കയര്‍ സഹകരണ പ്രസ്ഥാനമേയില്ല. ''സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം'' എന്നൊരു പരാമര്‍ശം മാത്രമേ ഭാവി പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളൂ. സഹകരണമേഖലയെ കുറിച്ച് ഒറ്റയക്ഷരം ഉരിയാടാതെ സ്വകാര്യ നിക്ഷേപ പ്രോത്സാഹനത്തെക്കുറിച്ചു പറയുന്നതിന്റെ പിന്നിലെ ദുഷ്ടലാക്ക് വ്യക്തമാണ്. സഹകരണ മേഖല തുടച്ചുനീക്കം 2030 ആകുമ്പോഴേയ്ക്കും പൂര്‍ണമായി സ്വകാര്യമേഖലയിലേയ്ക്കു വ്യവസായത്തിന്റെ സംഘാടനം മാറ്റണം എന്നതാണ് കാഴ്ചപ്പാട്. ഇത്തരം ഒരു കാഴ്ചപ്പാടു മുന്നോട്ടു വെയ്ക്കുമ്പോള്‍ത്തന്നെ പുതുതായി 100 സഹകരണസംഘങ്ങള്‍ സ്ഥാപിച്ച് കയര്‍വികസന ഫണ്ട് ദുര്‍വ്യയം ചെയ്യുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

കയര്‍ വ്യവസായത്തിന്റെ പുതിയ വിപണനസാധ്യതകളെക്കുറിച്ച് പരിപ്രേക്ഷ്യത്തിനു പൂര്‍ണ വിശ്വാസമുണ്ട്. എന്നാല്‍ ഇന്നു നിലവിലുളള വിപണനസംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് മൂര്‍ത്തമായൊരു പരിശോധനയോ ദേശീയ - അന്തര്‍ദേശീയ വിപണികളിലെ പുതിയ സാഹചര്യങ്ഹളില്‍ അവ എങ്ങനെ പുനസംഘടിപ്പിക്കാം എന്നതിനെക്കുറിച്ചു നിര്‍ദ്ദേശങ്ങളോ ഇല്ല.

യുഡിഎഫിന്റെ പ്രവര്‍ത്തനപരിപാടി

പിന്നെ എന്നാണ് കയര്‍ വ്യവസായപുരോഗതിയ്ക്കായി പരിപ്രേക്ഷ്യം 2030 മുന്നോട്ടു വെയ്ക്കുന്നത്? മൂന്ന് ആക്ഷന്‍ പ്ലാനുകളാണ് രേഖയിലുളളത്. ഒന്നാമത്തേത്, ആക്ഷന്‍ പ്ലാന്‍ ''പ്രശ്‌നമേഖലകള്‍ കണ്ടെത്തുക'' എന്നതു സംബന്ധിച്ചാണ്. ഇതു വളരെ വിചിത്രമായ ഒരു സമീപനമാണെന്നു പറയാതെ വയ്യ. നിലവിലുളള അവസ്ഥയെക്കുറിച്ചുളള ദീര്‍ഘവിവരണത്തിനു ശേഷം പ്രവര്‍ത്തനപരിപാടിയുടെ ആദ്യഇനമായി ''പ്രശ്‌നമേഖലകള്‍ കണ്ടെത്തുക'' എന്നതാകുമ്പോള്‍ രാമായണകഥ മുഴുവന്‍ കേട്ടശേഷം രാമനാരെന്ന ചോദിക്കുന്നതുപോലെയാകും. ഇങ്ങനെ പരിഹാരം കണ്ടെത്തേണ്ട രംഗങ്ങളുടെ ഒരു ലിസ്റ്റു തന്നെ കൊടുത്തിട്ടുണ്ട്. തൊണ്ടു സംഭരണം ഒഴികെ ബാക്കിയെല്ലാം സാങ്കേതിക നവീകരണം സംബന്ധിച്ചുളളവയാണ്. തൊണ്ടഴുക്കല്‍ നവീകരിക്കല്‍, പിരിയന്ത്രവത്കരണം, നെയ്ത്തു യന്ത്രവത്കരണം, ബ്ലീച്ചിംഗ്, ഡൈയിംഗ്, പുതിയ ഉല്‍പന്നങ്ങള്‍, പുതിയ പാക്കേജ് എന്നിങ്ങനെ. ഇവയ്ക്ക് മൂര്‍ത്തമായ പരിഹാരം അന്വേഷിച്ച് റിപ്പോര്‍ട്ടില്‍ പരതുന്നവര്‍ക്കു നിരാശപ്പെടേണ്ടിവരും.

രണ്ടാമത്തെ ആക്ഷന്‍ പ്ലാനിന്റെ തലക്കെട്ട് വളരെ വിചിത്രമാണ്. ''ഒരുപറ്റം ആക്ഷന്‍ പ്ലാനുകള്‍ ഡിസൈന്‍ ചെയ്യല്‍''. ഗംഭീരം! ആക്ഷന്‍ പ്ലാന്‍ എന്നാല്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കലാണ്. ഇനി എങ്ങനെയാണ് ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കേണ്ടത്. കേട്ടോളൂ.
- കേരളത്തെ എങ്ങനെ കയര്‍ വ്യവസായത്തിന്റെ ആഗോളകേന്ദ്രമാക്കാം
- സ്വകാര്യനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍
- സാങ്കേതികനവീകരണവും ഉല്‍പന്നവൈവിദ്ധ്യവത്കരണവും
- യന്ത്രവത്കരണം വഴി ഉല്‍പാദനക്ഷമത ഉയര്‍ത്തല്‍
- പുതിയ തലമുറയെ എങ്ങനെ ആകര്‍ഷിക്കാം?
- കയര്‍ വ്യവസായ കോഴ്‌സുകള്‍ ആരംഭിക്കല്‍
മൂന്നാമത്തെ ആക്ഷന്‍ പ്ലാന്‍ ഇതാണ്; ''കയര്‍ പ്രത്യേക മേഖല'' രൂപീകരിക്കുക. ആലപ്പുഴയാണ് ഇതിനു കണ്ടെത്തിയിരിക്കുന്നത്. എന്തൊരു ഭൂമികുലുക്കല്‍ നിര്‍ദ്ദേശമാണിതെന്ന നോക്കുക! ഇപ്പോള്‍ത്തന്നെ കയര്‍ ഉല്‍പന്ന വ്യവസായം പൂര്‍ണമായും ആലപ്പുഴയിലാണ്. കയര്‍ യാണിന്റെ 75 ശതമാനവും ഇന്ന് ആലപ്പുഴയിലും ചുറ്റുപാടുളള വൈക്കം, ചേര്‍ത്തല, കാര്‍ത്തികപ്പളളി താലൂക്കുകളിലാണ്. ഇനി ആലപ്പുഴയെ പ്രത്യേക സോണായി പ്രഖ്യാപിച്ചിട്ട് എന്തുകാര്യം?

അവസാനമായി, രേഖ പൂര്‍ണനിശബ്ദത പാലിക്കുന്ന ഒരു പ്രശ്‌നമുണ്ട് - കയര്‍ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വം. കയര്‍ വ്യവസായത്തിന്റെ സത്വര നവീകരണം അനിവാര്യമാണ്. ഭാവിയില്‍ ഇതു പ്രത്യേകിച്ച് തൊഴില്‍പ്രശ്‌നമൊന്നും സൃഷ്ടിക്കാന്‍ പോകുന്നില്ല എന്നതു ശരിയാണ്. കാരണം പുതിയ അഭ്യസ്തവിദ്യരായ തലമുറ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ പോകുന്നില്ല. പക്ഷേ നിലവിലുളള തൊഴിലാളികളുടെ തലമുറ എന്തുചെയ്യും? അവര്‍ക്ക് സമ്പൂര്‍ണ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തിയേ തീരൂ. മിനിമം കൂലി ഉറപ്പുവരുത്തിക്കൊണ്ട് അവര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയണം. ഇല്ലെങ്കില്‍ ഇവര്‍ക്കു പ്രായം കണക്കാക്കാതെ പെന്‍ഷന്‍ നല്‍കി സംരക്ഷിക്കണം. 1000 രൂപയാണ് ഇന്ന് ആവശ്യപ്പെടുന്ന പെന്‍ഷന്‍. ബീഡി മേഖലയില്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ഇതു പരീക്ഷിച്ചതാണ്. ഇത്തരത്തില്‍ സമ്പൂര്‍ണമായ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ യുദ്ധകാലാടിസ്ഥാനത്തിലുളള സാങ്കേതികനവീകരണം യാഥാര്‍ത്ഥ്യമാക്കാനാവൂ.  

1 comment:

  1. ഉട്ടോപ്പിയന്‍ പരിപ്രേക്ഷ്യം

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...