Wednesday, June 20, 2012

പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന്റെ ആശയ വെല്ലുവിളികള്‍


 (ചിന്ത വാരികയിലെഴുതുന്ന പരമ്പര)

കമ്മ്യൂണിസത്തെ പിടിച്ചുകെട്ടാന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി മുതല്‍ ജര്‍മ്മന്‍ ചാരന്മാര്‍ വരെ അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട നാള്‍ മുതല്‍ സാര്‍വത്രികമായിട്ടുളള ഒരനുഭവമാണ് ഇത്. നിലവിലുളള വ്യവസ്ഥയെ അട്ടിമറിക്കാനുളള ആഹ്വാനവുമായുളള വിപ്ലവ പ്രസ്ഥാനത്തിന്റെ രൂപീകരണത്തെയും വളര്‍ച്ചയെയും എല്ലാ ഭരണകൂടങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുക. എങ്ങിനെ പ്രസ്ഥാനത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കഴിയുമെന്ന പരിശ്രമം നടത്താത്ത ഒരു കാലത്തേയോ നാടിനേയോ കാണാനാവില്ല. അങ്ങിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. എന്നാല്‍ ഇരകളെത്തന്നെ അക്രമികളെന്ന് മുദ്രകുത്താനാണ് പിന്തിരിപ്പന്‍മാര്‍ ശ്രമിക്കുക. നമ്മുടെ അനുഭവവും വ്യത്യസ്തമല്ല.


1920 ലാണ് താഷ്കെന്റില്‍ വച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. എന്നാല്‍ കല്‍ക്കട്ടയില്‍വച്ച് പ്രഥമ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ 13 വര്‍ഷം കഴിഞ്ഞ് 1933 വരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. രാഷ്ട്രീയ പ്രമേയവും താല്‍ക്കാലിക ഭരണഘടനയും അംഗീകരിച്ചു. ഒരു അഖിലേന്ത്യാ കേന്ദ്ര കമ്മറ്റിയെയും സെക്രട്ടറിയായി ഡോ.അധികാരിയേയും തെരഞ്ഞെടുത്തു. ഇതുകഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞിട്ടാണ് ബോംബെയില്‍വച്ച് പ്രഥമ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേരാന്‍ കഴിഞ്ഞത്. 1920 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതെങ്കിലും 1930 കളുടെ മധ്യം മുതലാണ് പാര്‍ട്ടിക്ക് സംഘടിതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. എന്തുകൊണ്ട്? ഇവിടെയാണ് ഇന്ത്യയിലെ കേന്ദ്രീകൃത ബ്രിട്ടീഷ് ഭരണകൂടം നവജാത പാര്‍ട്ടിക്കെതിരെ നടത്തിയ ഭീകരമായ കടന്നാക്രമണ കഥ അനാവരണം ചെയ്യേണ്ടി വരുന്നത്. ബ്രിട്ടീഷ് ഇന്റലിജന്‍സ് വകുപ്പിന്റെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്ന് കമ്മ്യൂണിസ്റ്റ് വേട്ടയായി തീര്‍ന്നു. കമ്മ്യൂണിസ്റ്റ് സാഹിത്യം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ആശയ പ്രചരണം തടയുക മാത്രമല്ല നേതാക്കന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സോവിയറ്റ് യൂണിയനില്‍ നിന്ന് രാഷട്രീയ പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുവന്ന മുജാഹിദുകളെ 1922 ല്‍ പെഷവാറില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇത് ആദ്യത്തെ പെഷവാര്‍ ഗൂഢാലോചനക്കേസാണ്. 13 പേര്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. ഇതുപോലെ 1927-വരെ 5 പെഷവാര്‍ ഗൂഢാലോചനക്കേസുകളാണ് ബ്രിട്ടീഷുകാര്‍ ചാര്‍ജ്ജ് ചെയ്തത്. കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ 13 പേരായിരുന്നു ജയിലില്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 31 കമ്മ്യൂണിസ്റ്റുകാര്‍ 1921 ല്‍ മീററ്റ് ഗൂഢാലോചനക്കേസില്‍ പ്രതികളായി.

കമ്മ്യൂണിസ്റ്റ് എന്ന് അറിയപ്പെടുന്ന മുഴുവന്‍ പേരും അറസ്റ്റിനും പീഡനത്തിനും ഇടയായി. ഈ ക്രൂര മര്‍ദ്ദനങ്ങള്‍ അതിജീവിച്ചാണ് മുപ്പതുകളുടെ മധ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രീകൃത സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഏതു പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്താലും വിവരണാതീതമായ പീഡനങ്ങളെ അതിജീവിച്ചുകൊണ്ടാണ് വളര്‍ന്നുവന്നതെന്നു കാണാം. പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് എടുത്ത കണക്കു പ്രകാരം നൂറുകണക്കിനു വരുന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ ഉള്‍പ്പെടുത്താതെ തന്നെ 528 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നമ്മുടെ സംസ്ഥാനത്ത് പോലീസ് മര്‍ദ്ദനങ്ങളിലും ഗുണ്ടാ ആക്രമണങ്ങളിലും മറ്റും രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. ഇത്രയേറെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് ഇടയായിട്ടുളള മറ്റേതു പാര്‍ട്ടിയുണ്ട്?

വടക്കേ മലബാറിലും ഇടുക്കി മലയോരങ്ങളിലും കുട്ടനാട് പാടശേഖരങ്ങളിലും പരമ്പരാഗത വ്യവസായ സമര മുഖങ്ങളിലും ഭരണവര്‍ഗ്ഗങ്ങളുടെ കടന്നാക്രമണങ്ങള്‍ക്ക് ഇരയായി എത്ര പേരാണ് മരിച്ചത്! ഈ രക്തസാക്ഷികളുടെ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഈ കടന്നാക്രമണങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത് ജനങ്ങളെ അണിനിരത്തിയതുകൊണ്ടാണ്. ചെറുത്തു നില്‍പ്പിന്റെ രൂപമെന്തെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തനിയെ തീരുമാനിക്കാനാവുകയില്ല. കായികമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് ഭരണകൂടത്തിന്റെയും പിന്തിരിപ്പന്മാരുടെയും ബലപ്രയോഗം അത്തരം ചെറുത്ത് നില്‍പ്പ് അനിവാര്യമാക്കുന്നു. പോരാട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവരോ ഒളിച്ചോടുന്നവരോ അല്ല കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ ഒരു കാര്യം അസന്ദിദ്ധമായി പാര്‍ട്ടി എന്നും തളളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തി ഉന്മൂലനത്തിലൂടെ രാഷ്ട്രീയ എതിര്‍പ്പുകളെ ഇല്ലാതാക്കുക എന്നത് പാര്‍ട്ടി നയമല്ല. അറുപതുകളില്‍ നക്സല്‍ പ്രവണതകളോട് പാര്‍ട്ടി കണക്കുതീര്‍ത്തപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തളളിക്കളഞ്ഞ ഒരു കാഴ്ചപ്പാടാണിത്. രാഷ്ട്രീയ എതിരാളികളെ ഭയപ്പടുത്തി ജനങ്ങളെ ആവേശം കൊളളിക്കാനുളള ഒരു പ്രധാന സമരരൂപമായിട്ടാണ് നക്സലൈറ്റുകള്‍ ഉന്മൂലന സിദ്ധാന്തം മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു. ജനങ്ങള്‍ക്കു പകരം ഒരുപിടി ധീരന്മാരുടെ കടന്നാക്രമണമായി രാഷ്ട്രീയത്തെ ചുരുക്കുന്നു. ആ അര്‍ത്ഥത്തില്‍ ഉന്മൂലന സിദ്ധാന്ത പരിപാടി അരാഷ്ട്രീയ വാദമാണ്. ഇത് മാര്‍ക്സിസ്റ്റ് പ്രയോഗത്തിന്റേതല്ല. മറിച്ച് അരാജകവാദത്തിന്റേതാണ്.

ടി.പി.ചന്ദ്രശേഖരന്റെ വധം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ച് പാര്‍ട്ടി കൊലയാളി സംഘമാണ് എന്നു വരുത്തിത്തീര്‍ക്കാനുളള കൊണ്ടുപിടിച്ച പ്രചാരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. കെപിആര്‍ ഗോപാലന്‍, എംവി രാഘവന്‍, ഗൗരിയമ്മ തുടങ്ങി എത്രയോ തലമുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുളളത്. അവരില്‍ പലരും സിഎംപി, ജെഎസ്എസ് തുടങ്ങിയ പല പേരുകളില്‍ ഈര്‍ക്കില്‍ പാട്ടികളുണ്ടാക്കി ഇന്നും പ്രവര്‍ത്തിക്കുന്നു. അവരോടൊന്നും തോന്നാത്ത വ്യക്തി വിരോധം ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ചന്ദ്രശേഖരന്റെ പാര്‍ട്ടിയോട് സിപിഐ എമ്മിന് എന്തിന് തോന്നണം?

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ കൊലപാതകങ്ങള്‍ക്കെല്ലാം ഇരകള്‍ സിപിഐ എം നേതാക്കളായിരുന്നെന്നോര്‍ക്കുക. ഇടതുപക്ഷ തീവ്രവാദികള്‍ വധിച്ച സ.അഴീക്കോടന്‍ രാഘവനെ, ഏതൊരു മലയാളിക്കാണ് മറക്കാന്‍ കഴിയുക. കേരളത്തില്‍ ആദ്യമായി വധിക്കപ്പെടുന്ന എംഎല്‍എ സ.കുഞ്ഞാലിയുടെ ഘാതകര്‍ കോണ്‍ഗ്രസ്സുകാരായിരുന്നു. പാര്‍ട്ടി മാറിയതിന്റെ പേരില്‍ ഏതെങ്കിലും നേതാവിനെ കൊന്നിട്ടുണ്ടെങ്കില്‍ അതിനുളള ക്രെഡിറ്റും കോണ്‍ഗ്രസ്സിനാണ്. കൊടുങ്ങല്ലൂര്‍ എംഎല്‍എയായിരുന്ന അബ്ദുള്‍ ഖാദറിന്റെ വധം. ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കെ.പി.വത്സലനെ വധിച്ചത് ലീഗ്-കോണ്‍ഗ്രസ്സ് ഗുണ്ടകളായിരുന്നു. മൊയ്യാരത്ത് ശങ്കരന്‍ മുതലുളള 200 ഓളം കമ്മ്യൂണിസ്റ്റുകാരുടെ രക്തക്കറ പുരണ്ടതാണ് കോണ്‍ഗ്രസ്സിന്റെ കൈകള്‍. അവരാണിപ്പോള്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ കൊലയാളി സംഘമെന്ന് മുദ്രകുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രചാരവേലയുടെ മുന്നില്‍ മാധ്യമങ്ങളാണ്. മാതൃഭൂമിയുടേയും മനോമരമയുടേയും കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തോടൊപ്പം മറ്റു പത്രങ്ങളും ചേര്‍ന്നപ്പോള്‍ ഏതാണ്ട് 40 ലക്ഷം കമ്മ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം കേരളത്തിലെ വീടുകളിലെത്തുന്ന സ്ഥിതിയായി. കഴിഞ്ഞ ഒരുമാസം 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകളുടെ ഹെഡ് ലൈനുകള്‍ ചന്ദ്രശേഖരന്‍ വധമാണ്.

പെട്രോള്‍ വിലവര്‍ദ്ധന പോലും രണ്ടാം സ്ഥാനത്തായി. വായനക്കാരുടെ ഉത്കണ്ഠയും ഔത്സുക്യവും വളര്‍ത്തിയെടുക്കാനുതകുംവിധം ഓരോ ദിവസവും ഓരോ കഥകളുമായിട്ടാണിറങ്ങുന്നത്. ആദ്യം പറഞ്ഞിരുന്ന അവസാനത്തെ ഫോണ്‍ വിളി, വീട്ടിലേക്കുളള വഴിയില്‍ നിന്നും മാറിയുളള യാത്ര, റഫീക്കെന്ന സൂത്രധാരന്‍ തുടങ്ങിയ പല കഥകളും ഇന്ന് പാഴ്കഥകളായിട്ടുണ്ട്. പക്ഷേ പൊതുജനത്തിന് ഓര്‍മ്മ കുറവാണല്ലോ. അന്നന്നുളള ചൂടന്‍ വാര്‍ത്തകളില്‍ അവര്‍ രമിച്ചുകൊളളും. പോലീസില്‍ നിന്നുളള സൂചനകളെന്ന വിശേഷണത്തോടെയുളള എന്തെല്ലാം ഭാവനാവിലാസങ്ങളാണ് എഴുന്നെളളിക്കുന്നത്. പോലീസ് ചോദ്യം ചെയ്തതിന്റെ മൊഴികള്‍ തല്‍സമയ സംപ്രേഷണമെന്നപോലെ പുറത്തുകൊണ്ടുവരുന്നു. സിപിഐ എം ഈ നിയമ വിരുദ്ധ നടപടിക്കെതിരെ കേസുകൊടുത്തപ്പോള്‍ പോലീസ് ഇവയാകെ നിഷേധിച്ചിരിക്കുകയാണ്.

തങ്ങള്‍ മൊഴികള്‍ ആര്‍ക്കും ചോര്‍ത്തിക്കൊടുത്തിട്ടില്ലെന്നും പുറത്തുവന്ന കാര്യങ്ങളില്‍ പലതും വസ്തുതാ വിരുദ്ധമാണ് എന്നുമാണ് അവര്‍ കോടതിയില്‍ കൊടുത്ത പ്രസ്താവന. പ്രചരണത്തിന്റെ രീതി കണ്ടാല്‍ തോന്നുക കേരളത്തിലെ ആദ്യത്തെ കൊലപാതകമാണ് ഇതെന്നാണ്. ഒരു മാസത്തിന് മുമ്പ് നടന്ന ഇടുക്കിയിലെ എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ വധം ഇവരാരും കണ്ട മട്ടില്ല. അതിലെ പ്രതികളാരെന്നുളള അന്വേഷണമില്ല. പോലീസ് കണ്ടെത്തലുകളെക്കുറിച്ചുളള തുടര്‍ക്കഥകളില്ല. അനീഷിന്റെ അച്ഛന്റെയും അമ്മയുടേയും ദുഖവും ക്യാമറകളില്‍ പതിയുന്നില്ല. ഇങ്ങനെ നോക്കുമ്പോഴാണ് കേരളത്തില്‍ ഒരു മാസമായി നടക്കുന്ന മാധ്യമ പ്രചരണത്തിന്റെ ഉന്നം വ്യക്തമാക്കുന്നത്.

പാര്‍ട്ടിയെ തകര്‍ക്കുന്നതിനായി വീണുകിട്ടിയ ഒരവസരമായാണ് എല്ലാ പാര്‍ട്ടി വിരുദ്ധരും ചന്ദ്രശേഖരന്‍ വധത്തെ കാണുന്നത്. അതേസമയം പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഒന്നിച്ചണിനിരക്കുന്ന കാഴ്ചയാണ് കേരളത്തില്‍ അങ്ങേളമിങ്ങോളം നടക്കുന്ന വിശദീകരണ യോഗങ്ങളിലും പോലീസ് മര്‍ദ്ദന വിരുദ്ധ മാര്‍ച്ചുകളിലും കാണാന്‍ കഴിയുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന് പങ്കില്ലായെന്ന് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ നയസമീപനത്തിന് കടകവിരുദ്ധമാണ് ഇത്തരത്തിലുളള കൊലപാതകങ്ങള്‍. പാര്‍ട്ടിയുടെ ഒരു സംഘടനാ തലത്തിലും ഇതു സംബന്ധിച്ച് ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പരിശോധനയില്‍ ഒരു നേതാവോ പ്രവര്‍ത്തകനോ വധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വധകൃത്യത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുളള ഗുണ്ടകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുളള പ്രാദേശിക നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് മൊഴിയെടുക്കുന്ന നിലയാണ് ഉണ്ടായിട്ടുളളത്. ഇത്തരം തെറ്റായ പോലീസ് നീക്കങ്ങളെ തുറന്നു കാണിക്കുകയും ചെറുക്കുകയും ചെയ്യും. എങ്കില്‍ തന്നെയും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി അടക്കമുളളവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കാരണം അത്തരം നടപടി പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണ്.

പാര്‍ട്ടിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ കയ്യില്‍ അവര്‍ കൈക്കോടാലികള്‍ ആവുകയാണ്. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്. ജനങ്ങളോടുളള വിശ്വാസ്യത പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കും. പോലീസ് മര്‍ദ്ദനത്തേയും ഒഞ്ചിയത്തെ ഗുണ്ടാ വിളയാട്ടത്തേയും ഫലപ്രദമായി തുറന്നു കാണിക്കാന്‍ കഴിയുന്നുണ്ട്. ഇതോടൊപ്പം ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ നടക്കുന്ന ശക്തമായ ആശയ കടന്നാക്രമണങ്ങളെ ചെറുക്കേണ്ടതും പ്രധാനമാണ്. ആര്‍എംപി നേതാക്കള്‍, മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സെക്ടേറിയന്‍ ആശയക്കാര്‍, മുന്‍ നക്സലൈറ്റുകള്‍ മുതല്‍ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളോ ബന്ധമോ ഇല്ലാത്ത സാംസ്കാരിക പ്രവര്‍ത്തകന്‍ വരെ നീളുന്ന ഒരു നീണ്ട നിര ഇവിടെ കാണാം. ഇവരെ നാലുതരക്കാരായി തിരിക്കാം.

1. ആര്‍എംപി എന്ന ഒഞ്ചിയത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെന്ന് പറയാനാവില്ല. സിപിഐ എമ്മിന്റെ നയപരിപാടികളോട് അഭിപ്രായവ്യത്യാസമില്ല, നേതാക്കളോടാണ് വിയോജിപ്പ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് വി.ബി ചെറിയാനെ പോലെ 1964 ലെ പാര്‍ട്ടി പരിപാടി ശരി; പക്ഷേ പുതുക്കിയ പാര്‍ട്ടി പരിപാടി ശരിയല്ല എന്നു പറഞ്ഞു. ഇപ്പോഴാകട്ടെ സിപിഐ എം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറിക്കറിഞ്ഞു എന്ന നിഗമനത്തിലാണവര്‍.

2. പാര്‍ട്ടി മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് സെക്ടേറിയന്‍ കാഴ്ചപ്പാടുകളുമായി പുറത്തുപോയ ആസാദ്, ഹരിഹരന്‍, സുഗതന്‍, ഉമേഷ് ബാബു തുടങ്ങി, ഇടതുപക്ഷ ഏകോപന സമിതി പോലുളള സംഘടനകളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. സിപിഐ എമ്മിലെ വലതുപക്ഷ വല്‍ക്കരണത്തിനെതിരായിട്ടാണത്രെ അവരുടെ യുദ്ധം. പാര്‍ട്ടി പിന്തുടരുന്നത് നിയോ ലിബറല്‍ നയങ്ങളാണുപോലും. ഇവരാണ് ചാനലുകളിലും മാധ്യമങ്ങളിലും ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിനു ഏറ്റവും മുന്നില്‍.

3. മുന്‍പ് നക്സലൈറ്റ് നേതാവായിരുന്ന കെ. വേണുവും കൂട്ടരും (?) ആണു മറ്റൊരു വിഭാഗം. ഇവര്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെന്നല്ല മാര്‍ക്സിസത്തില്‍ തന്നെ വിശ്വാസമില്ല. മുതലാളിത്ത ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി ഇവര്‍ മാറിയിട്ടുണ്ട്. സിപിഐ എം വലത്തോട്ടു പോകുന്നില്ല എന്നതാണ് ഇവരുടെ വിമര്‍ശനം. ജനാധിപത്യ ധ്വംസനത്തിനെതിരെയുളള പതാക വാഹകരായിട്ടാണ്. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഇവര്‍ രംഗപ്രവേശം ചെയ്തിട്ടുളളത്.

4. പിന്നെ അവസാനമായി പ്രത്യക്ഷ രാഷ്ട്രീയ ബന്ധമൊന്നുമില്ലാത്ത ഒട്ടേറെ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഈ നിഷ്ഠൂര വധത്തെ അപലപിച്ചിട്ടുണ്ട്. ഇതിന് സിപിഐ എമ്മിന് അവരോട് യാതൊരു വിരോധവുമില്ല. ഈ വധത്തെ ആരും അപലപിക്കേണ്ടതാണ്. പക്ഷേ ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആകെ തളളിപ്പറയാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടെ ഇടപെടലുകളെ അനുകൂലിക്കുമ്പോഴാണ് അഭിപ്രായവ്യത്യാസം. മേല്‍പ്പറഞ്ഞ ചിന്താഗതികളെ തുറന്നുകാണിക്കുന്നതിനും മറുപടി പറയുന്നതിനുമാണ് ഈ ലേഖന പരമ്പരയില്‍ പരിശ്രമിക്കുക. (തുടരും)

1 comment:

  1. മൌനം ഗര്‍ജ്ജിക്കുന്നു

    ഒന്ന്.
    ജ്ഞാനിയാം താപസരുള്ളിലെ കണ്ണാലെ
    കണ്ടതാം സത്യങ്ങള്‍ വേദമന്ത്രം.
    ആയുള്ള ജ്ഞാനികള്‍: താപസര്‍ തന്റെ നാ-
    മത്തിന്റെ പര്യായശബ്ദം 'കവി' !

    പിന്നെ നല്‍ക്കഥകളെ ചൊല്ലിത്തരുന്നതാം
    കാഥികര്‍ തന്നെ വിചക്ഷണന്മാര്‍.
    എന്നുതന്‍ ഗീതയിലൂടെയുത്ഘോഷിച്ച
    കൃഷ്ണന്റെ വാക്കുകള്‍ വ്യര്‍ത്ഥമെന്നോ?

    ആറുപതിറ്റാണ്ടു മുമ്പു തന്നുള്ളിലെ-
    ക്കണ്ണാലെ കണ്ടതായുള്ള സത്യം;
    'വേദമന്ത്രം'പോലുരുക്കഴിച്ചെജ്ഞെങ്ങ-
    ളാചരിച്ചൂ കവി കേരളത്തില്‍ !

    ചെളിയുള്ള പാടവരമ്പിലീപ്പുലയന്റെ-
    കൂരയില്‍; ഫാക്ടറിത്തിണ്ണകളില്‍:
    പുലരിയില്‍പ്പീടികത്തിണ്ണയിലുച്ചക്കു-
    തെരുവിലീയന്തിയില്‍ കള്ളുഷാപ്പില്‍:

    പച്ചയാം മര്‍ത്ത്യന്റെ ഗന്ധമുള്‍ക്കൊണ്ടു തന്‍-
    ചോര ചുവയ്ക്കുന്ന 'വാക്ക്‌'ഹവിസ്സാല്‍
    ഹോമാഗ്നി വീണ്ടുമൊന്നാളിപ്പടര്‍ത്തീട്ടു-
    രുക്കഴിച്ചൂ തന്റെ വേദമന്ത്രം.

    ആയതാം മന്ത്രങ്ങളൊന്നേറ്റുചൊല്ലീട്ടു-
    കേളികൊട്ടീടുകെന്‍ കേരളമേ !

    രണ്ട്.
    ഹേ കവേ;യന്നു നീ നിന്റെ വാല്മീകത്തി-
    ലല്പനേരം ധ്യാനലീനനായി.
    പിന്നെ നിന്‍ കൈവാളുരുക്കി നീ തീര്‍ത്തതോ;
    വീണയൊന്നാണന്നു കേട്ടിരിപ്പൂ.

    ആയപൊന്‍വീണയില്‍ നിന്നുതിര്‍ന്നീടുന്നു
    നിന്റെയാ ധീരമായീടും സ്വരം.
    ഇല്ല നീ മൌനമായ്‌ മാറിയില്ലൊട്ടുമേ
    നിന്റെ മൌനം മഹാഗര്‍ജ്ജനം താന്‍.

    സ്നേഹിച്ചതില്ല നീ നോവുമാത്മാക്കളെ
    സ്നേഹിച്ചിടാത്തതാം തത്ത്വശാസ്ത്രത്തെയും.
    ഇല്ലൊരാളും നിന്റെ കുതിരയെ കെട്ടുവാ-
    നില്ലതിന്‍ മാര്‍ഗ്ഗം മുടക്കിടാനാരുമേ !

    ഈ യുഗത്തിന്റെ സാമൂഹ്യമാം ശക്തി നീ:
    മായുകില്ലിന്നു നിന്‍ ചൈതന്യവീചികള്‍ !
    ഈശ്വരന്‍ മറ്റൊന്നതല്ല: 'സത്യത്തിനെ-
    ദര്‍ശ്ശിച്ച പച്ചമണ്ണിന്‍ മനുഷ്യന്‍ !'

    മൂന്ന്.
    ഈയിടെ പെയ്തമഴക്കിവിടുത്തെ മലയോര-
    ത്തുണ്ടായി പിന്നേയുമീയലുകള്‍.
    ഗ്രഹണങ്ങളേറെക്കടന്നുപോയ്‌; കിട്ടിയി-
    ല്ലൊട്ടും വിഷം പിന്നെയെന്തുചെയ്യും !

    'കിട്ടികൈത്തോക്കുപൊട്ടിച്ചുകൊന്നൊന്നിനെ-
    കുത്തിമാറ്റൊന്നിനെത്തല്ലിയുമേ-
    കൊന്നിട്ടുനേടിയീ ചെങ്കോലുഞങ്ങളെ'-
    ന്നൂറ്റത്തൊടോതുന്നു കാപാലികര്‍.

    "കാലത്തിന്‍ ചുമരിലായ്‌ തുപ്പിത്തെറിപ്പിച്ചൂ
    കാടന്മാരവരുള്ളിലെ വൈകൃതങ്ങള്‍."

    "അറിയാത്ത നാടുകളില്‍ കാണാത്ത കുടിലുകളി-
    ലറിയപ്പെടാതെ വളര്‍ന്നവരേ !
    മരണത്തിനപ്പുറം വാഗ്ദാനം കിട്ടിയ-
    മധുരത്തിനായി മരിച്ചവരേ !"

    നിങ്ങള്‍തന്‍ ചോരയില്‍ മുക്കിച്ചുവപ്പിച്ച
    നിണമാല ചൂടിയിക്കാപാലികര്‍
    നിങ്ങള്‍തന്‍ രക്തസാക്ഷിത്ത്വധ്വജം വച്ച
    തേരിലിന്നേറിയിട്ടുല്ലസിപ്പൂ !

    നാല്.
    എത്തിടുന്നൂ നിന്‍ 'ദന്തഗോപുരത്തി'ലേ-
    ക്കെത്തിടുന്നൂ നഗ്നപാദരായ്‌ ഞങ്ങളും.
    ഉണ്ടായിരിക്കുകില്ലേ വരവേല്‍ക്കുവാ-
    നായിനിന്‍ വാല്മീകഗോപുരപ്പടിയിലും !

    ചൊല്ലിത്തരേണമേ നിന്നകക്കണ്ണാലെ
    ദര്‍ശ്ശിച്ച ത്വത്ത്വങ്ങളാകയെന്‍ ഗായകാ !

    അഞ്ച്.

    ഒന്നിനിച്ചൊല്ലട്ടെ ഞാനെന്‍ സഖാക്കളേ:
    രാഷ്ട്രീയമെന്നതോ രാഷ്ട്രസംബന്ധിതം:
    രാഷ്ട്രനിയമങ്ങളും രാഷ്ട്രസംബന്ധിതം:
    നിയമത്തിന്‍ പാലനം രാഷ്ട്രസംബന്ധിതം.

    'രാഷ്ട്രീയ'മെന്നവാക്കിന്റെ നേരര്‍ത്ഥമോ
    തെല്ലുമേയുള്‍ക്കൊണ്ടിടാതെ ചൊല്ലുന്നവര്‍;
    തന്റെയാകിങ്കരര്‍ തന്റെ സംഭാഷണം
    തെറ്റുരാഷ്ട്രീയമായ്‌; തെറ്റല്ലവന്റെസം-

    ഭാഷണം രാഷ്ട്രമംഗീകരിച്ചുള്ളതാം
    നിയമത്തിനാലെങ്കിലൊന്നുചൊല്ലിത്തരൂ:
    ജ്ഞാനപീഠങ്ങളിലേറുന്ന കവികളേ;
    വാനില്‍പ്പറക്കുന്ന ഗന്ധര്‍വ്വഗായകാ;

    പിന്നെയീ'ക്കേശിയാമസുരനെ'ക്കൊന്നതാം
    വീരനാം കേശവന്‍ തന്റെ വിലാപങ്ങ-
    ളൊക്കെ കഥിച്ചതാം കാഥികാ ചൊല്ലുനീ;
    എന്താണു'രാഷ്ട്രീയ'മെ'ന്തരാഷ്ട്രീയ'വും !

    (May 2012)

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...