Saturday, July 16, 2016

കിഫ്ബിയെ ആർക്കാണ്‌ പേടി?

ഞാന്‍ താമസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവിന്‍റെ തെക്കേ ഗേറ്റിനോട് വാസ്തുവിന് എന്തോ നീരസം ഉള്ളതായി കേട്ടിട്ടുണ്ട്. എന്നാല്‍ അവിടെ ഒരു പ്രേതം ഉണ്ടെന്ന് ബജറ്റ് ചര്‍ച്ചയിലൂടെയാണ് അറിഞ്ഞത്. ആ പ്രേതബാധയാണത്രെ എന്‍റെ ബജറ്റ് പ്രസംഗത്തില്‍ ഒട്ടനവധി തവണ പരാമര്‍ശിക്കപ്പെട്ട പ്രത്യേക നിക്ഷേപ പദ്ധതിയും കേരള സര്‍ക്കാരിന്‍റെ പുതിയ ധനകാര്യസ്ഥാപനമായ കിഫ്ബിയും (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡ്). ഇങ്ങനെ പോയി ഭാവനാവിലാസങ്ങള്‍. 
വേറെ ചിലര്‍ക്കാവട്ടെ ബോണ്ട് വഴിയും മറ്റും ധനസമാഹരണത്തിന് തുനിയുന്നത് നവലിബറിസമാണ്. ഇപ്പോള്‍ തന്നെ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും വായ്പയുടെ 70-80 ശതമാനം ബോണ്ടുകള്‍ വഴിയാണെന്നത് അവര്‍ മറന്നുപോകുന്നു. എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിത ശതമാനം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കണമെന്ന നിയമം ഉണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ ഇറക്കുന്ന ബോണ്ടുകള്‍ ഈ നിയമമനുസരിച്ച് ബാങ്കുകളാണ് വാങ്ങുന്നത്.
പക്ഷേ മേല്‍പറഞ്ഞ പ്രകാരം സംസ്ഥാന സര്‍ക്കാരിന് വായ്പയെടുക്കുവാനുള്ള കര്‍ശന പരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്‍റെ 3 ശതമാനത്തിലേറെ വായ്പയെടുക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. പക്ഷേ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ തുക അപര്യാപ്തമാണ്. അതുകൊണ്ട് പ്രത്യേക കമ്പനികള്‍ രൂപീകരിച്ച് വായ്പയെടുക്കുന്നു. ഇങ്ങനെ അധിക വായ്പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദം ആവശ്യമില്ല. കാരണം ഈ വായ്പാ പണം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് വരുന്നില്ല. നമ്മുടെ നിലവിലുള്ള വന്‍കിട പദ്ധതികളായ വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മൊബിലിറ്റി ഹബ്ബ് തുടങ്ങി ഒട്ടെല്ലാ പദ്ധതികളും ഇപ്രകാരം വായ്പയെടുത്താണ് നടപ്പിലാക്കുന്നത്. 
പക്ഷേ ഇങ്ങനെ ഓരോ പ്രോജക്ടിനും വേണ്ടി ധനസ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേകം പ്രത്യേകം വായ്പയെടുക്കുന്നത് വളരെ ശ്രമകരമാണ്. ഇതിലും പ്രധാനപ്പെട്ട മറ്റൊരു വസ്തുതകൂടിയുണ്ട്. സമകാലീന മുതലാളിത്ത വ്യവസ്ഥയില്‍ വായ്പയായി എടുക്കാവുന്ന പണത്തിന്‍റെ ഗണ്യമായ പങ്ക് ബോണ്ട് മാര്‍ക്കറ്റിലാണ് നിക്ഷേപിക്കപ്പെടുന്നത്. വമ്പന്‍ കോടീശ്വരന്‍മാര്‍, കോര്‍പ്പറേറ്റുകള്‍, മ്യൂച്ചല്‍ഫണ്ടുകള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ പക്കല്‍ കാലാകാലങ്ങളില്‍ ഭീമന്‍ മിച്ചം പണമായി ഉണ്ടാകും. ഇത് ഏതെങ്കിലും പദ്ധതിയില്‍ സ്ഥിരമായി നിക്ഷേപിക്കുവാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. പകരം പലിശ ലഭിക്കുന്ന എന്നാല്‍ പെട്ടെന്ന് വീണ്ടും പണമായി മാറ്റാവുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കാനാണു താല്പ്പര്യം. ഷെയറുകള്‍ പോലെ ഇങ്ങനെ ബോണ്ടുകള്‍ വില്‍ക്കാനും വാങ്ങാനും വില്‍ക്കാനും ഒരു കമ്പോളം തന്നെയുണ്ട്. സാധാരണഗതിയില്‍ ഊഹക്കച്ചവടക്കാരുടെ വിഹാരമേഖലയാണിത്. ഇവിടെ മാറിമറിയുന്ന ഭീമാകാരമായ തുകയുടെ ഒരു ഭാഗമെങ്കിലും പശ്ചാത്തലസൗകര്യ നിര്‍മ്മിതിക്കുവേണ്ടി ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമായിരിക്കും.
ഇതിനുള്ള ശ്രമം റിസര്‍വ്ബാങ്കും സെബിയും തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ബോണ്ട് മാര്‍ക്കറ്റിലെ നിക്ഷേപകരുടെ സ്വഭാവവും താല്‍പ്പര്യവും അതുപോലെതന്നെ വായ്പയുടെ ലക്ഷ്യവും കണക്കിലെടുത്തു പ്രത്യേക നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റും വേണ്ടിയുള്ള ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (എ.ഐ.എഫ്), പശ്ചാത്തല സൗകര്യങ്ങള്‍ക്കായുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (ഇന്‍വിറ്റ്), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെറ്റ് ഫണ്ട് (ഐ.സി.എഫ്) തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിനുപുറമേ പരമ്പരാഗതമായ മുനിസിപ്പല്‍ ബോണ്ടുകളും റവന്യൂ ബോണ്ടുകളും സര്‍ക്കാര്‍ ഗ്യാരണ്ടി മാത്രമുള്ള ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ടുകളും ഉണ്ട്. ഇവ ഉപയോഗപ്പെടുത്തി എന്തുകൊണ്ട് കേരളത്തിന് ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യ വികസനത്തിന് വലിയതോതില്‍ വായ്പയെടുത്തുകൂടാ?
ഇതുസംബന്ധിച്ച് 2011 ബജറ്റില്‍ ഞാന്‍ മൂര്‍ത്തമായ ഒരു നിര്‍ദ്ദേശം വച്ചിരുന്നു. ഇതാണ് പിന്നീട് ഏറെ പരിഹസിക്കപ്പെട്ട 40,000 കോടി പദ്ധതി. എന്നിരുന്നാലും ധനപ്രതിസന്ധി മൂര്‍ച്ഛിച്ചപ്പോള്‍ 2014 ല്‍ ഇപ്രകാരം ബജറ്റിനു പുറത്ത് പശ്ചാത്തല സൗകര്യ നിക്ഷേപത്തിന് ധനസമാഹരണത്തിന് സാധ്യത പരിശോധിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഫ്.ബി.ഐ മാര്‍ക്കറ്റിംഗ് ലിമിറ്റഡിനെ കൊണ്ട് ഒരു പഠനം നടത്തി. അവരുടെ നിര്‍ദ്ദേശമാണ് കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി. കെ.എം മാണിയുടെ 2015 ലെ ബജറ്റ് പ്രസംഗത്തില്‍ കിഫ്ബിയെക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. പിന്നെ ഒന്നും ഉണ്ടായില്ല. എല്ലാവരും അത് മറന്നു.
ഞാന്‍ ധനമന്ത്രിയായപ്പോള്‍ ഈ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്തു. 2011 ലെ എന്‍റെ നിര്‍ദ്ദേശത്തേക്കാള്‍ സമഗ്രമായത് കിഫ്ബിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് കിഫ്ബിയെ ഉപയോഗപ്പെടുത്തി മൂലധന നിക്ഷേപത്തിന്‍റെ ഒരു കുതിപ്പു സൃഷ്ടിക്കാനുള്ള പരിപാടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. അപ്പോള്‍ വരുന്നു സ്വപ്നാടനവും പ്രേതബാധയും സംബന്ധിച്ച ആക്ഷേപങ്ങള്‍! ഇതിന് വിരാമമിട്ട് ഇതു ഞങ്ങള്‍ മുന്നേ പറഞ്ഞതാണ് എന്ന അവകാശവാദത്തോടെ പദ്ധതി വിജയിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങുന്നതല്ലേ അഭികാമ്യം എന്ന് പ്രതിപക്ഷം ആലോചിച്ചാല്‍ നല്ലതായിരിക്കും.
ഒരു ലളിതമായ ഉദാഹരണത്തിലൂടെ കിഫ്ബി എങ്ങനെ പ്രവര്‍ത്തിക്കും എന്ന് വിശദീകരിക്കാം. കേരളത്തില്‍ എല്ലാവര്‍ക്കും വീടു നല്‍കാന്‍ 10,000 കോടി വേണം. ഇത്രയും പണം സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കണം. ഇതാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് ചെയ്തത്. 2500 കോടി രൂപ ഇപ്രകാരം സമാഹരിച്ചു. പക്ഷേ ഉറപ്പു പ്രകാരം യു.ഡി.എഫ് സര്‍ക്കാര്‍ പലിശ വര്‍ഷംതോറും ബാങ്കുകള്‍ക്ക് നല്‍കിയില്ല. മുതലിന്‍റെ ഗഡുക്കള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു പിടിച്ചു നല്‍കുന്നതിനും വീഴ്ചയുണ്ടായി. അതുകൊണ്ട് പിന്നീട് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് പാര്‍പ്പിട പദ്ധതിക്ക് വായ്പയെടുക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ ചുരുങ്ങിയ ബാങ്കുകളേ വായ്പ നല്‍കാന്‍ തയ്യാറായിട്ടുള്ളൂ. ഇവിടെയാണ് കിഫ്ബി പ്രസക്തമാവുന്നത്. കിഫ്ബി പ്രത്യേക പാര്‍പ്പിട ബോണ്ടുകള്‍ ഇറക്കും. അവ സഹകരണ ബാങ്കുകള്‍ക്കു വാങ്ങാം. എപ്പോള്‍ പണം വേണമോ അവര്‍ക്ക് ബോണ്ടുകള്‍ വില്‍ക്കാം. ഡിസ്കൗണ്ട് ചെയ്തു വാങ്ങുവാന്‍ ബാങ്കുകളുമായി കിഫ്ബി ധാരണയുണ്ടാക്കും. കിഫ്ബിയില്‍ നിന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പാര്‍പ്പിട പദ്ധതിക്ക് വായ്പ ലഭ്യമാക്കും. ഈ മാതൃകയില്‍ ബോണ്ടിറക്കി ഇ.എം.എസ് പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു പ്രയാസവുമുണ്ടാവില്ല.
ഇതുപോലെ മറ്റു നിക്ഷേപ പദ്ധതികളുടെ സ്വഭാവം കണക്കിലെടുത്തുകൊണ്ട് ഉചിതമായ മാതൃകകളില്‍ ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കാനാവും. ഇങ്ങനെ 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപം കേരളത്തില്‍ സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്.
ഒരു ലക്ഷം കോടി രൂപയോ? ഇത്രയും തുക എങ്ങനെ തിരിച്ചടയ്ക്കുമെന്ന അമ്പരപ്പോടെയുള്ള ഒരു ചോദ്യമുണ്ട്. ഓരോ തരം ബോണ്ടിനും തനതായ തിരിച്ചടവ് മാര്‍ഗ്ഗം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പാര്‍പ്പിട പദ്ധതിയില്‍ 20 വര്‍ഷംകൊണ്ട് മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും തിരിച്ചുപിടിക്കും. പലിശ സര്‍ക്കാരും നല്‍കും. ജനങ്ങള്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന വീടുകള്‍ ഒറ്റയടിക്ക് ഇതുവഴി ഇപ്പോള്‍ തന്നെ ലഭ്യമാക്കാനാവും. 
വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയുന്നതിനുള്ള ബോണ്ടുകളിലൂടെ നല്‍കുന്ന വായ്പയുടെ മുതലും പലിശയും പദ്ധതിയില്‍ നിന്നുതന്നെ തിരിച്ചടയ്ക്കണം. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ലാന്‍റ് ബോണ്ടു വഴി സമാഹരിക്കുന്ന വായ്പയാകട്ടെ സോഫ്ട് ലോണായിട്ടായിരിക്കും വ്യവസായ പാര്‍ക്കുകളുടെയും മറ്റും ഏജന്‍സികള്‍ക്ക് നല്‍കുക. ഭൂമി വികസിപ്പിച്ച് വ്യവസായ സംരംഭകര്‍ക്ക് വില്‍ക്കുമ്പോള്‍ മുതലും പലിശയും കിഫ്ബിക്ക് തിരിച്ചടയ്ക്കണം. ഇങ്ങനെ ഓരോതരം ബോണ്ടിനും കൃത്യമായ റവന്യൂ മോഡല്‍ ഉണ്ടാകും.
പക്ഷേ സംസ്ഥാന-ജില്ലാ പാതകളും പാലങ്ങളും പോലുള്ളവ നിര്‍മ്മിക്കുന്നതിനു കിഫ്ബി മുടക്കുന്ന തുകയുടെ തിരിച്ചടവ് എങ്ങനെ? ഇതിനായിട്ടാണ് പെട്രോള്‍ സെസില്‍ നിന്നുള്ള വരുമാനവും മോട്ടോര്‍ വാഹനനികുതിയുടെ പകുതി വരുമാനവും നിയമത്തിലൂടെ കിഫ്ബിക്ക് കിട്ടുമെന്ന് ഉറപ്പുവരുത്തുന്നത്. ഇവയില്‍ നിന്ന് ഭാവിയില്‍ ലഭ്യമാകുന്ന സുസ്ഥിര വരുമാനം കാണിച്ചുകൊണ്ടായിരിക്കും ബോണ്ട് ഇറക്കി പണം സമാഹരിക്കുക.
ഇവയ്ക്കൊക്കെ പുറമേ മറ്റൊന്നുകൂടിയുണ്ട്. ഇന്നിപ്പോള്‍ വായ്പയെടുക്കുന്ന പണത്തിന്‍റെ സിംഹഭാഗവും ദൈനംദിന ചെലവുകളുടെ കമ്മി നികത്താനായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്ത 5 വര്‍ഷം നികുതി വരുമാനം 20-25 ശതമാനം പ്രതിവര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ അഞ്ചാം വര്‍ഷം ആകുമ്പോഴേയ്ക്കും റവന്യൂ കമ്മി ഏതാണ്ട് ഇല്ലാതാക്കാനാവും. അപ്പോള്‍ വായ്പയെടുക്കുന്ന തുക മുഴുവന്‍ മൂലധന ചെലവിനായി മാറ്റിവയ്ക്കാനാവും. ഇതിലൊരു ഭാഗവും ബോണ്ടുകളുടെ ബാധ്യത തീര്‍ക്കാനായി ഉപയോഗപ്പെടുത്താനാവും. 
എന്നാല്‍ പിന്നെ ആ നല്ലകാലം വരുന്നതുവരെ കാത്തിരിക്കുന്നതല്ലേ ഉചിതം? നമ്മുടെ കണക്കുകൂട്ടലുകളെല്ലാം യാഥാര്‍ത്ഥ്യമാകുമെന്നതിന് എന്താണുറപ്പ്? ഈ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ തന്ത്രത്തെ നൂല്‍പ്പാലത്തിലൂടെയുള്ള അഭ്യാസമെന്ന് ഞാന്‍ വിശേഷിപ്പിച്ചത്. റവന്യൂകമ്മി നിയന്ത്രിക്കാനായില്ലെങ്കില്‍ എല്ലാം തകിടം മറിയും. ഇതിനുള്ള ഇച്ഛാശക്തിയുണ്ടാകണം. പക്ഷേ വേറെ മാര്‍ഗ്ഗമില്ല. അത്രയും ഗുരുതരമായ സാമ്പത്തികമാന്ദ്യമാണ് കേരളത്തെ തുറിച്ചുനോക്കുന്നത്. ഗള്‍ഫ് പ്രതിസന്ധി മൂര്‍ച്ഛിച്ചാല്‍ ഇന്നത്തെ സാമ്പത്തികമുരടിപ്പ് ഒരു സാമ്പത്തിക തകര്‍ച്ചയായി മാറും. അത് വലിയൊരു സാമൂഹ്യ ദുരന്തമായിരിക്കും. അതുകൊണ്ട് 2008 ലെന്നപോലെ ഒരു ഉത്തേജക പാക്കേജ് സധൈര്യം നാം ഏറ്റെടുത്തേതീരൂ. അതാണ് ഇത്തവണത്തെ പുതുക്കിയ ബജറ്റിന്‍റെ മര്‍മ്മം.

2 comments:

  1. 2015 ലെ ശ്രീ മാണിയുടെ ബജറ്റില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ യു.ഡി.ഫ്കാര്‍ അന്നു തന്നെ മറന്നു കാണും സഖാവെ. അവര്‍ക്ക് ബജ്റ്റിനേക്കള്‍ പ്രധാനം മറ്റു പല കലാപരിപാടികളും ആയിരുന്നില്ലെ??!! അതില്‍ ജാഗരൂകരായപ്പോള്‍ എല്ലാം വെറു, ജലരേഖ. താങ്കള്‍ തന്നെ ഈ പദ്ധതിയെ ഒരു നൂല്‍പാലത്തിലൂടെയുള്ള സംരംഭം എന്നു വിശേഷിപ്പിക്കുന്നു. അപ്പോള്‍ പിന്നെ അവര്‍ അല്‍പം കൂടി കടന്ന് ചിന്തിച്ചു എന്നു മാത്രം. അവര്‍ക്ക് സ്വപ്നം കാണുക എന്ന ഒരു ലക്ഷ്യമല്ലെ ഉള്ളു. പക്ഷെ താങ്കള്‍ക്കു നൂല്‍പാലത്തിലൂടെയായാലും, നാടിന്‍റെ സ്വപ്നങ്ങള്‍ പൂവണിയണെമെങ്കില്‍, നടന്നു നീങ്ങിയാലല്ലെ പറ്റു. ആ നൂല്‍പാലം നല്ല ബലമുള്ളതാകട്ടെ എന്നാശംസിക്കുന്നു. താങ്കള്‍ക്ക് അതു ചെയ്യാനാവും. നാടിന്‍റെ നന്മ ഇഛിക്കുന്ന സകലരും താങ്കള്‍ക്കൊപ്പം ഉണ്ടാവും. കുറച്ചു റിസ്ക് എടുക്കാതെ ഇന്നത്തെ കാലത്ത് ഒന്നും ചെയ്യാനാവില്ല. അഞ്ചു വര്‍ഷം കാത്തിരുന്നു എന്തെങ്കിലും ചെയ്യുന്നതിലും മെച്ചം. കുറച്ചു റിസ്ക് എടുത്തും ഇന്നു തന്നെ തുനിഞ്ഞിറങ്ങുക എന്നതു തന്നെ. ഭാവുകങ്ങള്‍...

    ReplyDelete
  2. Sir, these measures taken are in good direction. But a major concern is still not adrressed , a lot of money lies unutilised by most of the departments after a budget year and get lapsed. Investment delayed should be also seen as setback to economy. I would be pleased to know your take on this. Thank you

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...