കേരളത്തെ
ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് 2016-’17ലെ
ബജറ്റ്രേഖ വിരൽചൂണ്ടുന്നത്. ആസിയാൻ കരാറും മറ്റും
കേരളത്തിന്റെ നാണ്യവിളകളെ തകർത്തിരിക്കുന്നുവെന്ന് അവയെ സ്വാഗതംചെയ്തവർപോലും
കേഴുകയാണ്. നിനച്ചിരിക്കാതെ മറ്റൊരു അപകടംകൂടി നമ്മെ തുറിച്ചുനോക്കുന്നുണ്ട്.
എണ്ണവിലയിടിവ് നീണ്ടുനിൽക്കുകയാണെങ്കിൽ ഗൾഫിൽനിന്ന് കൂടുതൽപേർ തിരിച്ചുപോരേണ്ടിവരും. ഗൾഫ്
പണവരുമാനം ഇടിയും. ഈനില തുടർന്നാൽ നമ്മുടെ
സാമ്പത്തികവളർച്ച പ്രതിവർഷം 34 ശതമാനംവരെ ഇടിയാമെന്ന് ഇക്കണോമിക് റിവ്യൂ
ജാഗ്രതപ്പെടുത്തുന്നു. ഇത്തരമൊരു സാമ്പത്തികമാന്ദ്യം ഉണ്ടായാൽ
കേരളത്തിലെ ക്ഷേമനേട്ടങ്ങൾ നിലനിർത്താനും കഴിയാതെപോകും.
2006-നുശേഷം കേരളസമ്പദ്ഘടന ശരാശരി 7.6 ശതമാനം നിരക്കിൽ
വളരുകയായിരുന്നു. എന്നാൽ, ഈ പതിറ്റാണ്ടിന്റെ ആദ്യത്തെ അഞ്ചുവർഷമെടുത്താൽ
സാമ്പത്തികവളർച്ച 6.1 ശതമാനം വീതമേ ഉണ്ടായിട്ടുള്ളൂ. 2004-’05
സ്ഥിരവില വരുമാനത്തിലാണ് ഈ കണക്കുകൂട്ടൽ. എന്നാൽ, എക്കണോമിക് റിവ്യൂ 2011-’12 വിലനിലവാരത്തിൽ കണക്കുകൂട്ടുമ്പോൾ 2013-’14ൽ കേരളം 4.3 ശതമാനമേ വളർന്നുള്ളൂ.
അതേസമയം, 2014-’15ൽ 6.2 ശതമാനം വളർന്നു. ഈ വളർച്ച ഒരു കുതിപ്പായി ചിലർ
തെറ്റിദ്ധരിച്ചിരിക്കയാണ്. എന്നാൽ, ദേശീയ സാമ്പത്തികവളർച്ച ഈ പുതിയ കണക്കുരീതിപ്രകാരം 7.3 ശതമാനമാണ്.
എൺപതുകളുടെ
അവസാനംമുതൽ കേരളത്തിലെ സാമ്പത്തികവളർച്ച ദേശീയ
ശരാശരിയെക്കാൾ മികച്ചതായിരുന്നു. അതാണ് ഇപ്പോൾ
തകിടംമറിഞ്ഞിരിക്കുന്നത്. കാർഷികമേഖലയിലെ ഉത്പാദനം സമീപകാലത്ത് തുടർച്ചയായി
കുറഞ്ഞുകൊണ്ടിരിക്കയാണ്. 2014-’15ൽ കാർഷികവളർച്ച 4.67 ശതമാനമാണ്. കഴിഞ്ഞവർഷവും കാർഷികോത്പാദനം
കുറയുകയാണുണ്ടായത്. യു.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ ഉണ്ടായ ഉത്പാദനത്തെക്കാൾ കുറവാണ്
പടിയിറങ്ങുമ്പോഴുള്ള ഉത്പാദനം. വ്യവസായമേഖലയിലും മുരടിപ്പാണ്. ദേശീയ ശരാശരിയെക്കാൾ വളരെ
താഴ്ന്നതാണ് കേരളത്തിലെ വ്യവസായവളർച്ച.
പരമ്പരാഗതമേഖലകൾ തകർച്ചയിലാണ്.
പൊതുമേഖല നഷ്ടത്തിലായി. പുതിയ വൻകിട വ്യവസായങ്ങളൊന്നും വരുന്നില്ല. ചെറുകിടമേഖലയിലാണ് അല്പം പ്രസരിപ്പുള്ളത്. കെട്ടിടനിർമാണമേഖലയുടെ
വളർച്ചയും മന്ദീഭവിച്ചിരിക്കുന്നു. ഗൾഫ്
മേഖലയിലെ പ്രതിസന്ധി താമസംവിനാ നമ്മുടെ സേവനത്തുറകളെയും ബാധിക്കാൻ
പോവുകയാണ്.ഈ സ്ഥിതിവിശേഷത്തെ നേരിടുന്നതിന് യു.ഡി.എഫ്. സർക്കാർ
എന്തുചെയ്തു എന്നുള്ളതാണ് ബജറ്റ് വിലയിരുത്തുമ്പോൾ
ഉന്നയിക്കേണ്ട ചോദ്യം. കേരളസർക്കാറിന്റെ ധനകാര്യത്തെ ഗ്രസിച്ചിരിക്കുന്ന അതിരൂക്ഷമായ
പ്രതിസന്ധിമൂലം വികസനപ്രവർത്തനങ്ങൾക്ക് പണമില്ല എന്നുള്ളതാണ് സത്യം.
ധനകാര്യവർഷം
അവസാനിക്കാൻ ഇനി ബാക്കി ഒന്നരമാസം. 27,833 കോടി രൂപയുടെ പദ്ധതിയാണ്
നടപ്പാക്കേണ്ടത്. പക്ഷേ, ഇന്നലെവരെയുള്ള ചെലവ് 7796 കോടിയാണ്. വെറും 28 ശതമാനം
മാത്രം. ട്രഷറിയിൽനിന്ന് പദ്ധതിപ്രവർത്തനങ്ങൾക്കുവേണ്ടി വകുപ്പുകൾ പിൻവലിച്ച തുകയുടെ കണക്കാണിത്. കഴിഞ്ഞവർഷം
പദ്ധതിയടങ്കൽ 22,762 കോടി രൂപയായിരുന്നു. ഇതിന്റെ 61 ശതമാനം പണമേ
ചെലവഴിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോൾ നിയമസഭയിൽ
വിതരണംചെയ്തിരിക്കുന്ന സി.എ.ജി.യുടെ 2014-’15ലെ ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് പറയുന്നത്. ഈവർഷം ഇത് 50 ശതമാനമെത്തിയാൽ
മഹാഭാഗ്യം.കഴിഞ്ഞ വർഷം ചെലവാക്കാതെ ലാപ്സാക്കിയത് ഏതാണ്ട് 10,000 കോടി രൂപ.
നടപ്പുവർഷത്തിൽ ചെലവാക്കാതെ പാഴാക്കാൻ പോകുന്നത്
12,000 കോടി രൂപയാണ്. രണ്ടുവർഷംകൊണ്ട്
22,000 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടപ്പാകാതെ പോയത്.
പ്രഖ്യാപനങ്ങളെല്ലാം
വീൺവാക്കുകളാവുകയാണ്. കഴിഞ്ഞ വർഷം ബജറ്റ്
പ്രസംഗത്തിൽ 1931 കോടി രൂപയുടെ പുതിയ പദ്ധതികൾ കെ.എം.
മാണി പ്രഖ്യാപിച്ചു. അംഗീകൃതപദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്ന പരിപാടികൾക്കുപുറമെയായിരുന്നു
കൈയടി ലക്ഷ്യമിട്ടുള്ള ഇത്തരം പ്രഖ്യാപനങ്ങൾ. ഇവയിലെത്ര നടപ്പായി? വട്ടപ്പൂജ്യം
എന്നായിരിക്കും ഉത്തരം. ഇത്തരമൊരു സ്ഥിതിവിശേഷത്തിന് കാരണം, നികുതിപിരിവിൽ വന്നിരിക്കുന്ന വലിയ തകർച്ചയാണ്.
കഴിഞ്ഞ
അഞ്ചുവർഷത്തിനിടയിൽ സംസ്ഥാന ഖജനാവിന് നഷ്ടപ്പെട്ട വരുമാനത്തിന്റെ കണക്കെടുത്താൽ നാം
ഞെട്ടും. 2011-’12 മുതൽ 2015-’16 വരെയുള്ള അഞ്ച് ബജറ്റുകളിൽ
പിരിക്കുമെന്ന് പ്രഖ്യാപിച്ച നികുതി 1.85 ലക്ഷം കോടി രൂപയാണ്. ഇതിനുപുറമേ ആറായിരം
കോടി രൂപയുടെ പ്രഖ്യാപിത അധിക വിഭവസമാഹരണവുംകൂടി ഉൾപ്പെടുത്തിയാൽ ഈ തുക
1.91 ലക്ഷം കോടി വരും. യഥാർഥത്തിൽ പിരിച്ച
നികുതി 1.61 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് മുപ്പതിനായിരം കോടി രൂപയുടെ
നികുതിവരുമാനം ചോർന്നുവെന്ന് അർഥം. അതേസമയം, എൽ.ഡി.എഫിന്റെ
കാലത്ത് ബജറ്റിൽ പറഞ്ഞതിനെക്കാൾ കൂടുതൽ നികുതി ഓരോ വർഷവും പിരിച്ചിട്ടുണ്ട്.
വാണിജ്യനികുതികളുടെ
പിരിവുമാത്രം 106 ശതമാനമാണ്.1.61 ലക്ഷം കോടി
രൂപയുടെ നാലിൽ മൂന്നുഭാഗവും പദ്ധതിയിതര ചെലവുകളാണ്. പ്രഖ്യാപിച്ച 30,000
കോടികൂടി പിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേരളത്തിന്റെ പദ്ധതിയടങ്കൽ 50
ശതമാനംകൂടി വർധിപ്പിക്കാൻ കഴിയുമായിരുന്നു. ഇതിനുപകരം പ്രഖ്യാപിത പദ്ധതിതന്നെ നമുക്ക് വെട്ടിച്ചുരുക്കേണ്ടിവന്നു. കോൺട്രാക്ടർമാർക്ക് കൊടുക്കാനുള്ള തുക 1500-ഓളം കോടി രൂപ കുടിശ്ശികയായി.
തന്മൂലം മൂലധനച്ചെലവ് മുരടിച്ചു.
റവന്യൂവരുമാനം
വർധിക്കാത്തതുമൂലം പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കിയിട്ടും
റവന്യൂകമ്മി ഉയർന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരുമ്പോൾ റവന്യൂകമ്മി ആഭ്യന്തരവരുമാനത്തിന്റെ നാലുശതമാനം
വരുമായിരുന്നു. അത് 2.29 ശതമാനമായി കുറയ്ക്കുന്നതിന് ആ സർക്കാറിന്
കഴിഞ്ഞു. ഇതിനുവേണ്ടി ചെലവുകൾ കർശനമായി ചുരുക്കുന്ന നയമാണ് അവർ
സ്വീകരിച്ചത്. തുടർന്നുവന്ന എൽ.ഡി.എഫ്. സർക്കാർ ചെലവ് ചുരുക്കുന്നതിനു പകരം വരുമാനം വർധിപ്പിച്ചുകൊണ്ട്
കമ്മി കുറയ്ക്കാനാണ് പരിശ്രമിച്ചത്.
യു.ഡി.എഫ്.
ഭരണകാലത്ത് റവന്യൂ വരുമാനത്തിന്റെ വർധന പ്രതിവർഷം 10.98 ശതമാനം ആയിരുന്നത് എൽ.ഡി.എഫ്. സർക്കാറിന്റെ
കാലത്ത് 17.6 ശതമാനമായി ഉയർന്നു. റവന്യൂ കമ്മിയാകട്ടെ 2010-’11
ആയപ്പോഴേക്കും 1.39 ശതമാനമായി താഴ്ന്നു. 2012-’13ൽ ഈ കമ്മി ഇല്ലാതാക്കണമെന്നാണ് നിലവിലുള്ള നിയമം
അനുശാസിക്കുന്നത്. എന്നാൽ, 2012-’13 ൽ റവന്യൂ കമ്മി 2.69 ആയി ഉയർന്നു.
2013-’14 അത് വീണ്ടും 2.85 ആയി. ബജറ്റ് പ്രസംഗത്തിൽ കമ്മി
കുറയ്ക്കുന്നതിനെക്കുറിച്ചെല്ലാം വാചകമടി
ഉണ്ടാകുമെങ്കിലും പ്രവൃത്തി നേർവിപരീതമായിരുന്നു.
ചെലവ്
ചുരുക്കിയുമില്ല, വരുമാനം വർധിപ്പിച്ചുമില്ല. റവന്യൂ വരുമാനവർധന വീണ്ടും
ഏതാണ്ട് 11 ശതമാനമായി താഴ്ന്നു. ഇതിന്റെ ഫലമായി റവന്യൂ കമ്മി വർഷം
കഴിയുന്തോറും വീർത്തുവന്നു.2011-’12ൽ റവന്യൂ 5534 കോടി രൂപയായിരിക്കുമെന്നായിരുന്നു ബജറ്റ് പ്രവചനം. യഥാർഥ കണക്ക്
വെച്ചപ്പോൾ 8034 കോടി രൂപ. 2012-’13ൽ ബജറ്റിൽ പറഞ്ഞ 3464 കോടി രൂപ ഏതാണ്ട് മൂന്നുമടങ്ങായി വർധിച്ച്
9351 കോടി രൂപയായി. 2013-’14ൽ വീണ്ടും ബജറ്റിൽ റവന്യൂ കമ്മി 1202 കോടി രൂപയായി കുറച്ചു. പക്ഷേ, കമ്മി ഏതാണ്ട് പത്തുമടങ്ങ് വർധിച്ച്
11,308 കോടിയായി. ഇതിൽനിന്ന് പാഠം പഠിച്ച് 2014-ൽ കമ്മി ഉയർത്തി 7132
കോടിയായി ബജറ്റിൽ ക്രമീകരിച്ചു. എന്നാൽ,
ധനകാര്യവർഷം
അവസാനിച്ചപ്പോൾ ഇത് 13,795 കോടിയെന്ന സർവകാലറെക്കോഡിലെത്തി.
പുതുക്കിയ കണക്കുപ്രകാരം 2015-’16ൽ റവന്യൂ കമ്മി 10,814 കോടി രൂപയാണ്. അന്തിമ കണക്കുവരുമ്പോൾ ഇത്
ചുരുങ്ങിയത് 13,000 കോടി രൂപയെങ്കിലും വരും. വരുമാനം പെരുപ്പിച്ചുകാണിച്ചാണ്
കമ്മിക്കു കടിഞ്ഞാണിട്ടിരിക്കുന്നത്.
2016-’17ലെ
ബജറ്റുപ്രകാരം റവന്യൂകമ്മി 9897 കോടി രൂപയാണ്. ഇവിടെയും കമ്മി കുറച്ചുകാണിക്കാൻ വരുമാനം
പെരുപ്പിച്ചിരിക്കുന്നു. ഇക്കണോമിക്
റിവ്യൂവിൽ ഒന്നാമധ്യായത്തിൽത്തന്നെ കേന്ദ്ര സർക്കാറിൽനിന്നുള്ള ഗ്രാൻറ് ഇൻ എയിഡ് ഇത്തവണ 1000 കോടിയെങ്കിലും കുറയുമെന്ന്
വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്ര ഗ്രാൻറ് ഇൻ എയിഡ് 24
ശതമാനം ഉയരുമെന്നാണ് ബജറ്റിലെ അനുമാനം. കഴിഞ്ഞ അഞ്ചുവർഷം 11 ശതമാനം വേഗത്തിലാണ് നികുതിവരുമാനം ഉയർന്നത്.
പക്ഷേ, അടുത്തവർഷം അത് 18 ശതമാനംകണ്ട് ഉയരും എന്ന അനുമാനത്തിലാണ് ബജറ്റ്
തയ്യാറാക്കിയിട്ടുള്ളത്. ഇതിനെല്ലാറ്റിനുംപുറമെ 1575 കോടി രൂപയുടെ അധികച്ചെലവും
ഉമ്മൻചാണ്ടി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. റെക്കോഡ് കമ്മിയായിരിക്കും കേരളത്തെ കാത്തിരിക്കുന്നത്.
റവന്യൂ
കമ്മി ഇങ്ങനെ തുടരുകയാണെങ്കിൽ അത് സർക്കാറിന് ബജറ്റിനുപുറത്ത് പൊതുമേഖലാ കമ്പനികളുടെയും മറ്റും
വായ്പയെടുക്കാനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ആത്യന്തികമായി ഈ
കമ്പനികളുടെയെല്ലാം ഉടമസ്ഥത സർക്കാറിനാണല്ലോ. സർക്കാർ പാപ്പരാണെങ്കിൽ പിന്നെ
കമ്പനികൾക്ക് ആര് വായ്പ കൊടുക്കും? സർക്കാർ
ധനകാര്യസ്ഥിതി ഇങ്ങനെ തുടർന്നാൽ പശ്ചാത്തലസൗകര്യ വികസനത്തെക്കുറിച്ചും മറ്റുമുള്ള ബജറ്റിലെ
ഭാവനകൾ ദിവാസ്വപ്നങ്ങളായിത്തീരും. കേരളത്തിന്റെ ധനകാര്യനയത്തിൽ സമൂലമായ
ഒരു പൊളിച്ചെഴുത്ത് കൂടിയേതീരൂ.