Sunday, February 8, 2015

കയറിന്റെ മരണം

ഒരുകാലത്ത് നാലഞ്ചുലക്ഷം പേരാണ് കയര്‍വ്യവസായത്തില്‍ പണിയെടുത്തിരുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഏറിയാലൊരു പതിനായിരം പേരുണ്ടാകാം. ബാക്കിയുള്ളവര്‍ കശുവണ്ടിവ്യവസായത്തിലേക്കോ കെട്ടിടനിര്‍മാണ മേഖലയിലേക്കോ തൊഴിലുറപ്പിലേക്കോ ചേക്കേറി. ആലപ്പുഴയിലെ കയര്‍നെയ്ത്ത് വ്യവസായത്തില്‍ ഇരുപത് ഇരുപത്തയ്യായിരം പേരുണ്ടാകും. കേന്ദ്രീകരിച്ച ഫിനിഷിങ് മേഖലയിലാണ് തൊഴിലുള്ളത്. എറണാകുളം, തൃശ്ശൂര്‍ മുതലുള്ള വടക്കന്‍ ജില്ലകളില്‍ ചുരുക്കം ചില പോക്കറ്റുകളിലൊഴികെ ഇന്ന് കയര്‍ പിരിക്കുന്നില്ല. വൈക്കം, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല താലൂക്കുകളിലാണ് കയര്‍പിരി ഇന്ന് അവശേഷിക്കുന്നത്. തടുക്കുനിര്‍മാണത്തിന് ആവശ്യമുള്ള പരുക്കന്‍ കയര്‍ ആണ് ഇവിടെ പിരിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള യന്ത്രക്കയറിന്റെ വരവോടെ ഇവരുടെ പണിയും തീര്‍ന്നമട്ടാണ്. കയര്‍മേഖല അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.

ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി സര്‍വകാലറെക്കോഡുകള്‍ ഭേദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈയൊരു സ്ഥിതിവിശേഷം. കയര്‍വ്യവസായത്തിന്റെ സുവര്‍ണകാലത്തുപോലും ഒരു ലക്ഷം ടണ്ണില്‍ താഴെമാത്രമേ കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളൂ. ഇപ്പോള്‍ കയറും കയറുത്പന്നങ്ങളുമായി നാലേകാല്‍ ലക്ഷം ടണ്ണാണ് കയറ്റുമതി. പക്ഷേ, ഇതില്‍ 3.4 ലക്ഷം ടണ്ണും തമിഴ്‌നാട്ടില്‍നിന്നുള്ള ചകിരിയും ചകിരിച്ചോറുമാണ്. പരമ്പരാഗത കയറുത്പന്നങ്ങളുടെ മേല്‍ കേരളത്തിനിപ്പോഴും കുത്തകയുണ്ട്. പക്ഷേ, കഴിഞ്ഞ നാലഞ്ചുവര്‍ഷമായി കൈത്തറിത്തടുക്കിന്റെയും പായയുടെയും മറ്റും കയറ്റുമതി കുത്തനെ താഴ്ന്നുകൊണ്ടിരിക്കുകയാണ്. കൈത്തറിത്തടുക്കിനേക്കാള്‍ കൂടുതല്‍ ടഫ്റ്റഡ് യന്ത്രത്തടുക്കുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതിചെയ്യുന്നു.

കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ട്രേഡ് യൂണിയന്‍ പ്രസ്ഥാനം യന്ത്രവത്കരണത്തെ എതിര്‍ക്കുന്നില്ല. എന്നിട്ടും പത്തുശതമാനം തൊണ്ടുപോലും സംസ്‌കരിക്കാനുള്ള മില്ലുകള്‍ കേരളത്തിലില്ല. ഇന്നും കേരളത്തില്‍ വിതരണം ചെയ്യപ്പെടുന്ന മോട്ടോറൈസ്ഡ് റാട്ടുകള്‍ക്ക് പരമ്പരാഗത റാട്ടുകളോട് മത്സരിക്കാന്‍പറ്റുന്നില്ല. മഹാഭൂരിപക്ഷം കൈത്തറിത്തറികള്‍ നവീകരിക്കുന്നതിനുപോലും കഴിഞ്ഞിട്ടില്ല. സാങ്കേതികഗവേഷണത്തിന്റെയും എക്‌സ്റ്റന്‍ഷന്‍ ഏജന്‍സികളുടെയും സമ്പൂര്‍ണ പരാജയത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇനി ഈ ദിശയിലുള്ള അമാന്തം വിനാശകരമായിരിക്കും.
കേരളത്തിലെ കയര്‍വ്യവസായത്തിന്റെ ചരിത്രത്തില്‍ ഇതപര്യന്തമില്ലാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്. കയര്‍വ്യവസായത്തിന്റെ ചരിത്രത്തിലുടനീളം നമുക്ക് മറ്റുരാജ്യങ്ങളില്‍നിന്ന് മത്സരം നേരിടേണ്ടിവന്നിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചീക്കത്തൊണ്ടില്‍നിന്നുള്ള വെള്ളക്കയര്‍ മറ്റൊരു സംസ്ഥാനത്തും രാജ്യത്തും ഉത്പാദിപ്പിക്കുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. എന്നാല്‍, ഇന്ന് സ്ഥിതിമാറി. നമ്മള്‍പോലും ചീക്കത്തൊണ്ടില്‍നിന്നുള്ള വെള്ളച്ചകിരിയല്ല ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പച്ചത്തൊണ്ട് ചകിരിയാണ്.

പണ്ട് തമിഴ്‌നാട്ടുകാര്‍ ഉണങ്ങിയ തൊണ്ടില്‍നിന്ന് ബ്രഷുകള്‍ക്കും റബ്ബറൈസ്ഡ് മെത്തകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ബ്രിസില്‍ അല്ലെങ്കില്‍ മാട്രസ് ഫൈബറാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാലിന്നവര്‍ പച്ചത്തൊണ്ടില്‍നിന്നുതന്നെ യന്ത്രസഹായത്തോടെ നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നു. ചകിരിനാരില്‍നിന്ന് കറ കഴുകിക്കളഞ്ഞാല്‍ അതിന് വെള്ളച്ചകിരിയോടായിരിക്കും സാമ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊള്ളാച്ചിയിലും പിന്നീട് തമിഴ്‌നാട്ടിലെ മറ്റുകേന്ദ്രങ്ങളിലും പച്ചത്തൊണ്ട് ചകിരിമില്ലുകള്‍ ഉയര്‍ന്നുവന്നു. നാളികേരം തോട്ടങ്ങളായി കൃഷിചെയ്തിരുന്നതുകൊണ്ട് പച്ചത്തൊണ്ട് ശേഖരിച്ച് മില്ലുകളില്‍ കൊണ്ടുവരാനും എളുപ്പമായിരുന്നു. ഈ പുതിയ ചകിരിയുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷകത്വം താഴ്ന്ന ഉത്പാദനച്ചെലവും വിലയുമായിരുന്നു. അതുകൊണ്ട് കേരളത്തിലെ വ്യവസായം തമിഴ്‌നാട്ടിലുള്ള പച്ചത്തൊണ്ട് ചകിരിയെ ആശ്രയിക്കാന്‍ തുടങ്ങി. വെള്ളച്ചകിരികൊണ്ടുള്ള തനത് കയര്‍ പ്രത്യേക ബ്രാന്‍ഡായി നിലനിര്‍ത്തണമെന്ന മോഹമൊന്നും നടന്നില്ല. ക്രമേണ, വെള്ളക്കയര്‍ ചകിരിയും പച്ചത്തൊണ്ടുചകിരിയും തമ്മിലുള്ള അന്തരം ഇല്ലാതായി. പച്ചത്തൊണ്ട് ചകിരിവ്യവസായം കേരളത്തില്‍ വികസിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടതോടെ ദുരന്തം പൂര്‍ണമായി.
ചകിരിയുത്പാദനത്തിന്റെ ഒരു മാലിന്യ ഉത്പന്നമായിരുന്നു ചകിരിച്ചോറ്. എന്നാല്‍, ചകിരിച്ചോറിന്റെ കാര്‍ഷിക ഉപയോഗം തിരിച്ചറിഞ്ഞതോടെ ഇതൊരു പ്രധാനപ്പെട്ട കയറ്റുമതി സാമഗ്രിയായി മാറി. പാശ്ചാത്യരാജ്യങ്ങളിലേക്കും ചൈനയിലേക്കും ചകിരിച്ചോറ് കയറ്റുമതിചെയ്യപ്പെട്ടു. കേരളത്തിലെ ചീക്കത്തൊണ്ടിന്റെ ചകിരിച്ചോറില്‍ ഉപ്പുരസം അധികമുള്ളതുകൊണ്ട് ഇത്തരത്തില്‍ ഉപയോഗപ്പെടുത്താനാവില്ല. ബ്രിക്കറ്റുചെയ്ത ചകിരിച്ചോറ് കയറ്റുമതി ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരം ടണ്ണായിരുന്നത് ഇപ്പോള്‍ ഒന്നരലക്ഷം ടണ്ണായി ഉയര്‍ന്നിരിക്കുകയാണ്. രസകരമായ ഒരു വസ്തുത ഈ പാഴ്‌വസ്തുവിന് ഇന്ന് ചകിരിയുടെ അത്രയുംതന്നെ വില ലഭിക്കുന്നുവെന്നാണ്. ചകിരിച്ചോറിന്റെ കയറ്റുമതിസാധ്യത തമിഴ്‌നാട്ടിലെ മില്ലുകളുടെ മത്സരശേഷി പലമടങ്ങുയര്‍ത്തി.

ഇതിനിടെ പച്ചത്തൊണ്ട് ചകിരിയില്‍നിന്ന് കയര്‍പിരിക്കുന്ന ഓട്ടോമാറ്റിക് സ്​പിന്നിങ് മെഷീനുകള്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി. ഇന്ത്യയിലെ ആഭ്യന്തരകമ്പോളത്തിന്റെ നല്ലപങ്ക് ഈ യന്ത്രപ്പിരി കയര്‍ പിടിച്ചടക്കി. കേരളത്തില്‍നിന്നുള്ള കയറിനേക്കാള്‍ വില കുറവാണ് തമിഴ്‌നാട്ടിലെ യന്ത്രക്കയറിന്. ടഫ്റ്റഡ് തടുക്കുകള്‍ നിര്‍മിക്കുന്നതിന് പരമ്പരാഗത തൊഴില്‍വൈദഗ്ധ്യത്തിന്റെ ആവശ്യമില്ല. വിലകുറഞ്ഞ കയര്‍ സുലഭമായി ലഭ്യമാകുന്നില്ലെങ്കില്‍ കയര്‍ഉത്പന്ന വ്യവസായംകൂടി തമിഴ്‌നാട്ടിലേക്ക് പറിച്ചുനടപ്പെടുമെന്ന് വ്യവസായികള്‍ ഭീഷണിപ്പെടുത്തുന്നു.

ഈ സ്ഥിതിവിശേഷത്തെ എങ്ങനെ നേരിടും? ആദ്യം സംസ്ഥാനസര്‍ക്കാര്‍ പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊള്ളണം. കയര്‍വ്യവസായത്തില്‍ ഒരു പ്രശ്‌നവുമില്ല എന്ന മട്ടില്‍ കയറുത്സവങ്ങളും മറ്റുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സ്വന്തക്കാര്‍ക്കുവേണ്ടി സങ്കുചിതരാഷ്ട്രീയാടിസ്ഥാനത്തില്‍ 100 പുതിയസംഘങ്ങള്‍ രൂപവത്കരിക്കാനുള്ള തത്രപ്പാടിലാണ് അവര്‍. നിലവിലുള്ള കയര്‍മേഖലയില്‍ വ്യവസായം പൊളിഞ്ഞടുങ്ങുമ്പോള്‍ കോന്നിപോലുള്ള സ്ഥലങ്ങളില്‍ പുതിയ വ്യവസായശാലകള്‍ തുറക്കുന്നതിനാണ് സര്‍ക്കാറിന്റെ പരിശ്രമം.

മുന്‍കാലത്ത് യന്ത്രവത്കരണത്തെ എതിര്‍ത്തത് തൊഴില്‍ നഷ്ടപ്പെടുന്നതുകൊണ്ടാണ്. തീരദേശത്തെ ലക്ഷക്കണക്കിന് പാവങ്ങളുടെ അത്താണിയായിരുന്നു കയര്‍മേഖല. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ കയര്‍പോലുള്ള പരമ്പരാഗത തൊഴിലുകളിലേക്ക് പുതിയതലമുറ വരാനാഗ്രഹിക്കുന്നില്ല. അങ്ങനെ തൊഴില്‍കമ്പോളത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടായി. പക്ഷേ, ഒന്നുണ്ട്. ഇന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് എന്തും സംഭവിച്ചോട്ടെ എന്ന സമീപനം ട്രേഡ് യൂണിയനുകള്‍ക്ക് സ്വീകരിക്കാനാവില്ല. അതുകൊണ്ട് അവരുടെ തൊഴിലുംകൂടി സംരക്ഷിക്കുന്ന യന്ത്രവത്കരണത്തിനാണ് ട്രേഡ് യൂണിയനുകള്‍ വാദിക്കുന്നത്. ഇത് ഏതെങ്കിലും കാരണവശാല്‍ സാധ്യമല്ലെങ്കില്‍ പുറന്തള്ളപ്പെടുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹികസുരക്ഷിതത്വം ഉറപ്പുവരുത്തണം. 
കയര്‍ പുനഃസംഘടനയ്ക്ക് പുതിയൊരു പദ്ധതി അനിവാര്യമായിരിക്കുന്നു. ഇതിന് ആദ്യംവേണ്ടത് കേരളത്തിലെ ആഭ്യന്തര ചകിരിയുത്പാദനം വര്‍ധിപ്പിക്കുകയാണ്. തൊണ്ട് സംഭരിക്കുന്നതിനുള്ള ബ്യൂറോക്രാറ്റിക് സമ്പ്രദായം അപ്രായോഗികമാണ്. കുടുംബശ്രീവഴി സംഭരിക്കുന്നതിനുള്ള പരീക്ഷണം പരാജയപ്പെട്ടു. ശേഖരിച്ച തൊണ്ട് സമയത്തുവാങ്ങാതെ ഉണങ്ങിയതോടെ ഇപ്പണിക്ക് ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം കഷ്ടത്തിലായി. നാളികേര ക്ലസ്റ്ററുകളുമായി ബന്ധപ്പെടുത്തി തൊണ്ട് സംഭരിക്കാനുള്ള ശ്രമവും ഫലിച്ചില്ല. എന്തുകൊണ്ട് നാളികേരകൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ ചകിരിയുത്പാദനം നടത്തിക്കൂടാ? മാരാരിക്കുളത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ചകിരിമില്ല് അവിടത്തെ പ്രൊഡ്യൂസര്‍ കമ്പനിയെ ഏല്പിക്കുകയാണ്. സര്‍ക്കാര്‍ രണ്ടുകാര്യങ്ങള്‍ ചെയ്യണം. ഒന്ന്, മില്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള സഹായധനം നല്‍കണം. രണ്ട്, ഉത്പാദിപ്പിക്കപ്പെടുന്ന ചകിരി അപ്പപ്പോള്‍ത്തന്നെ വാങ്ങി വിതരണം ചെയ്യുന്നതിന് കയര്‍ഫെഡിനെ ചുമതലപ്പെടുത്തണം.

കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനത്തിലും സമൂലമായ മാറ്റംവരണം. ഇതിന് സഹകാരികള്‍തന്നെ വിശദമായിട്ടുള്ള പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയസംഘങ്ങള്‍ രൂപവത്കരിക്കുന്നതിനുപകരം നിലവിലുള്ളവ പുനരുദ്ധരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അവരുടെ വായ്പകള്‍ ഷെയറാക്കണം. പലിശ എഴുതിത്തള്ളണം. വിനിയോഗിക്കപ്പെടാത്ത ആസ്തികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണം. ഓട്ടോമാറ്റിക് സ്​പിന്നിങ് മെഷീനടക്കമുള്ള യന്ത്രങ്ങള്‍ സംഘങ്ങള്‍ക്ക് ലഭ്യമാക്കണം. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന കയര്‍ മിനിമംകൂലി ഉറപ്പുവരുത്തി കയര്‍ഫെഡ് വാങ്ങണം. ഈ കയര്‍ കയറ്റുമതിക്കാര്‍ക്കും ആഭ്യന്തരവ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വില്‍ക്കുമ്പോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കണം. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ വരുമാനം ഉറപ്പുപദ്ധതി ഇതുപോലൊരു സ്‌കീമാണ് വിഭാവനം ചെയ്തിരുന്നത്.

കയര്‍ ഉത്പന്നമേഖലയില്‍ സ്വതന്ത്രമായി ഓര്‍ഡര്‍ നല്‍കുകയും ആവശ്യക്കാരായ കയറ്റുമതിക്കാര്‍ക്ക് സ്റ്റോക്കില്‍നിന്ന് ചരക്ക് വില്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം കയര്‍കോര്‍പ്പറേഷന്‍ സ്വീകരിക്കണം. കൈത്തറി ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം സബ്‌സിഡി നല്‍കണം. ഇവയ്ക്ക് പ്രത്യേക ബ്രാന്‍ഡ് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തണം. അതേസമയം, പുതിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനും യന്ത്രങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സംരംഭകര്‍ക്ക് നല്‍കിയേ തീരൂ. ഫിനിഷിങ് മേഖലയിലും നവീകരണം ആവശ്യമാണ്. ഇതിന് വ്യവസായികള്‍ക്ക് ഇന്‍സെന്റീവ് നല്‍കണം.
ഇന്ന് ഈ വ്യവസായത്തില്‍ പണിയെടുക്കുന്ന 11.5 ലക്ഷം തൊഴിലാളികള്‍ക്ക് ഇതില്‍ത്തന്നെ പൂര്‍ണസമയം പണിനല്‍കണം. എന്നാല്‍, നവീകരണം പൂര്‍ത്തിയാകുന്നതുവരെയുള്ള അന്തരാളഘട്ടത്തില്‍ ഇവര്‍ക്ക് വരുമാനം ഉറപ്പുപദ്ധതിയിലൂടെ തൊഴില്‍ ഉറപ്പാക്കാനാവും. ഇതിനുകഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനം നല്‍കണം. ദിനേശ്ബീഡി സഹകരണസംഘത്തില്‍ നടപ്പാക്കിയ റിട്ടയര്‍മെന്റ് സ്‌കീമിന്റെ വിപുലീകൃതരൂപത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാവുന്നതാണ്.

ഇത്ര വലിയൊരു സാമ്പത്തികബാധ്യത താങ്ങാനുള്ള കഴിവ് സര്‍ക്കാറിനുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഈ ശേഷി കേരളത്തിനുണ്ട്. ദേശീയശരാശരിയേക്കാള്‍ ഉയര്‍ന്നവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ് നമ്മുടേത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സമൂഹത്തിലെ 30 ശതമാനത്തോളംവരുന്ന പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ഈ വളര്‍ച്ചയുടെ പങ്കുലഭിക്കുന്നില്ല. മേലേക്കിടയിലുള്ള 30 ശതമാനം അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഉചിതമായ പുനര്‍വിതരണ നയങ്ങളുണ്ടെങ്കില്‍ ഇന്നത്തെ സാമ്പത്തികവളര്‍ച്ചയുടെ ഒരു ചെറിയശതമാനം പരമ്പരാഗതമേഖലകളുടെ സാമൂഹികസുരക്ഷിതത്വത്തിനുവേണ്ടി നീക്കിവെക്കുന്നതിന് നമുക്കുകഴിയും.

Wednesday, February 4, 2015

ശുചിത്വകേരള പ്രസ്ഥാനം

ശുചിത്വകേരളം ഒരു ഇടതുപക്ഷവീക്ഷണം എന്ന പുസ്തകത്തിലെ ആദ്യത്തെ അധ്യായം

ശുചിത്വകേരള പ്രസ്ഥാനം

കേരളത്തിലെ സജീവമായ രാഷ്ട്രീയപ്രശ്‌നമാണ് മാലിന്യസംസ്‌ക്കരണം. മാലിന്യക്കൂനകള്‍ സൃഷ്ടിക്കുന്ന പകര്‍ച്ചവ്യാധികളും പാരിസ്ഥിതികപ്രശ്‌നങ്ങളും ഇന്ത്യയിലെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും പേടിസ്വപ്നമാണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. ജനങ്ങളോട് ഉത്തരവാദിത്തമുളള ഒരു രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ സിപിഐഎം ശുചിത്വകേരളത്തിന് ഒരു ജനകീയപ്രസ്ഥാനം രൂപം നല്‍കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂലുമെടുത്തു തെരുവിലിറങ്ങിയതു കണ്ടിട്ടാണ് സിപിഐഎം ഇതു ചെയ്യുന്നതെന്ന് ചിലര്‍ ആക്ഷേപിക്കുന്നു. എന്നാല്‍, 2010ല്‍ത്തന്നെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാലിന്യമുക്ത കേരളം പദ്ധതി ആരംഭിച്ച വിവരം ഇവര്‍ മറന്നുപോകുന്നു. ഈ പദ്ധതി വേണ്ടത്ര മുന്നോട്ടു പോയില്ല എന്നതു ശരിതന്നെ. പക്ഷേ, രണ്ടുവര്‍ഷമായി ആലപ്പുഴയില്‍ ഫലപ്രദമായി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഈ പദ്ധതി നടപ്പാക്കി വരികയാണ്. അതുകണ്ടിട്ടാണ് നരേന്ദ്ര മോദി ചൂലുമായി ഇറങ്ങിയത് എന്ന് ഞങ്ങളേതായാലും പറയുന്നില്ല. ഒരു വ്യാഴവട്ടക്കാലം ഭരിച്ചിട്ടും എന്തുകൊണ്ട് ഗുജറാത്തില്‍ ചൂലെടുത്തില്ല എന്ന ചോദ്യത്തിനും മറുപടി വേണം. മോദിയുടെ വെല്ലുവിളി സ്വീകരിച്ച് ചൂലുമായി ഇറങ്ങിയത് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എംപി ശശി തരൂരാണ്. ശുചീകരണം ഗാന്ധിയന്‍ പാരമ്പര്യമാണെന്ന തരൂരിന്റെ വാദം ശരിയാണ്. പക്ഷേ, മോദി പറയുന്നതിനു മുമ്പു തന്നെ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കടമയാണ് ശുചീകരണമെന്ന് വ്യക്തമാക്കിയ കമലഹാസന്റെ രാഷ്ട്രീയബോധം കോണ്‍ഗ്രസ് എംപിയ്ക്കില്ലാതെ പോയത് കഷ്ടം തന്നെ.
നരേന്ദ്രമോദിയായാലും ശശി തരൂരായാലും കാണിച്ചത് നല്ല ശുചീകരണ മാതൃകയാണെന്നു പറയാനാവില്ല. തരൂര്‍ നടത്തിയ ശുചീകരണയജ്ഞത്തിന്റെ പരിമിതി ടെലിവിഷന്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്ലാസ്റ്റിക്, കടലാസ്, പുല്ല്, റബ്ബര്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, ചത്ത എലി എന്നു തുടങ്ങി സര്‍വ മാലിന്യങ്ങളും കറുത്ത വലിയ പ്ലാസ്റ്റിക് സഞ്ചികളില്‍ നിറയ്ക്കുകയായിരുന്നു തരൂരും സംഘവും. ഇങ്ങനെ വേര്‍തിരിക്കാതെ സര്‍വവും കൂട്ടിക്കലര്‍ത്തിയാല്‍ എങ്ങനെയാണ് സംസ്‌ക്കരിക്കുക? ഇതിനു പറ്റിയ ഗ്യാസിഫിക്കേഷന്‍ പ്ലാന്റൊന്നും തിരുവനന്തപുരത്ത് ഇല്ല. ഒന്നുകില്‍ ഒരു വലിച്ചെറിയല്‍ കേന്ദ്രത്തില്‍ നിക്ഷേപിക്കുക. അല്ലെങ്കില്‍ കുഴിച്ചു മൂടുക. രണ്ടും പ്രോത്സാഹിപ്പിക്കപ്പെടാവുന്ന രീതികളല്ല. ഡെല്‍ഹിയില്‍ നരേന്ദ്ര മോദി തൂത്തുകൂട്ടിയ മാലിന്യവും എത്തിച്ചേര്‍ന്നത് ഗാസിപ്പൂര്‍ പോലുളള ഡംബിംഗ് യാര്‍ഡിലാണ്. അവിടെയൊക്കെ ചെറിയ ഭാഗമേ സംസ്‌ക്കരിക്കപ്പെടുന്നുളളൂ. ഇതാണ് ഇന്ത്യയിലെ മാലിന്യസംസ്‌ക്കരണ രംഗത്തെ പ്രതിസന്ധിയുടെ ഒരു പ്രധാനവശം. മാലിന്യം പെരുകുക മാത്രമല്ല, സംസ്‌ക്കരിക്കപ്പെടാത്ത മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നു.
മാലിന്യം വേര്‍തിരിക്കപ്പെടണം. ജൈവമാലിന്യം സംസ്‌ക്കരിച്ച് വളമോ ഗ്യാസോ ആക്കണം. പ്ലാസ്റ്റിക് തുടങ്ങിയവ പുനരുപയോഗത്തിനായി സംസ്‌ക്കരിക്കണം. പുല്ലു ചെത്താം. പക്ഷേ, കുന്നില്‍മുകളിലെയും ചെരിവുകളിലെയും പുല്ലും പടര്‍പ്പും വിഴിഞ്ഞത്തെ വീഡിയോയില്‍ കണ്ടതുപോലെ വെട്ടിക്കിളച്ച് വേരോടെ പിഴുതെടുക്കരുത്. അതു മണ്ണൊലിപ്പിന് ഇടയാക്കും.
എന്തുകൊണ്ട് സിപിഐഎം?
ശുചീകരണ പ്രവര്‍ത്തനം നഗരസഭകളുടെയും സര്‍ക്കാരിന്റെയും ചുമതലയാണ്. അതേറ്റെടുക്കാന്‍ സിപിഐഎം എന്തിന് നേരിട്ടിറങ്ങുന്നു എന്നും ചോദ്യം ഉയരുന്നുണ്ട്. അടുത്ത അധ്യായത്തില്‍ വിവരിക്കുന്നതുപോലെ കേരള സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമായ ഒരു സാമൂഹ്യ ആരോഗ്യപ്രശ്‌നമാണ് മാലിന്യപ്രതിസന്ധി. ഇതു പരിഹരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ പരാജയവുമാണ്. പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധിയുടെ മുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ് കേരളം. ഉത്തരവാദിത്തമുളള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊന്നും ഇതു കണ്ടില്ലെന്നു നടിക്കാനാവില്ല. അതുകൊണ്ടാണ് ജനങ്ങളെ അണിനിരത്തി ഈ പ്രതിസന്ധി പരിഹരിക്കാന്‍ സിപിഐഎം മുന്‍കൈയെടുക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളും അനുവര്‍ത്തിക്കേണ്ട രീതിയാണ് ഇത്. എല്ലാവര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും കഴിയും.
ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് സിപിഐഎം ഇത്തരത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനുളള രീതി തീരുമാനിച്ചത്. തൊഴിലാളികളുടെ കൂലിയെയും സേവനാവകാശങ്ങളെയും കൃഷിക്കാരുടെ ഭൂമിയെയും ഉല്‍പന്നവിലകളെയും അടിസ്ഥാനമാക്കി അവരെ സംഘടിപ്പിക്കുന്നതിനാണ് അടിസ്ഥാനപരമായി ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പരിശ്രമിക്കുന്നത്. അതോടൊപ്പം പൊതു അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമസൗകര്യങ്ങള്‍, കിടപ്പാടം, കുടിവെളളം തുടങ്ങിയ നേടുന്നതിനും പരിപാലിക്കുന്നതിനും ഇടതുപക്ഷം തീവ്രശ്രമം നടത്തിയിട്ടുണ്ട്. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനകാലം മുതലുളള ഈ ജനകീയ ഇടപെടല്‍ പാരമ്പര്യത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോയത് ഇടതുപക്ഷമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട ജീവിതനിലവാരം കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പു വരുത്താനായത് ഇതു മൂലമാണ്.
എന്നാല്‍ സമീപകാലത്തായി ഇത്തരം സാമൂഹ്യപ്രശ്‌നങ്ങളിലുളള ഇടപെടല്‍ ശുഷ്‌കിച്ചു വരുന്നു. തിരുത്തപ്പെടേണ്ട ദൗര്‍ബല്യങ്ങളിലൊന്നായിട്ടാണ് പാര്‍ടിയുടെ പാലക്കാട് പ്ലീനം ഇതിനെ വിലയിരുത്തിയത്. വമ്പിച്ച രാഷ്ട്രീയ പ്രക്ഷോഭപ്രചാരണങ്ങള്‍ പാര്‍ടി ഏറ്റെടുക്കുന്നുണ്ട്. പക്ഷേ, ഇതു പോര. മറ്റു ജനകീയ പ്രശ്‌നങ്ങളിലും പാര്‍ടി സജീവമായി ഇടപെടണം. അങ്ങനെയേ ജനങ്ങളുമായുളള ജൈവബന്ധം സുദൃഢമാക്കാനാവൂ. വായനശാലകള്‍, ക്ലബുകള്‍ തുടങ്ങിയവയില്‍ സജീവമാകണം. പണ്ട് പകര്‍ച്ചവ്യാധികളും മറ്റും പ്രതിരോധിക്കാന്‍ പാര്‍ടി മുന്നിട്ടിറങ്ങിയ മാതൃക നമ്മുടെ മുന്നിലുണ്ട്. ആ മാതൃക ഇന്ന് സാന്ത്വനചികിത്സാരംഗത്ത് പാര്‍ടി പിന്തുടരുന്നുമുണ്ട്. ഇതുപോലെ ഇടപെട്ടു പ്രവര്‍ത്തിക്കേണ്ടുന്ന ഒരു മേഖലയായിട്ടാണ് ശുചിത്വപരിപാലനത്തെയും പാര്‍ടി വിലയിരുത്തിയത്. മോദി അധികാരത്തില്‍ വരുന്നതിന് എത്രയോ മുമ്പു തുടങ്ങിയ ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമാണ് ശുചിത്വകേരള പ്രസ്ഥാനം. പ്രതിപക്ഷത്താണെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഈ ചുമതല സിപിഐഎം ഏറ്റെടുക്കുകയാണ്.
ശുചിത്വകേരളവും സ്വച്ഛഭാരതവും
സാക്ഷരതാപ്രസ്ഥാനത്തിലും ജനകീയാസൂത്രണത്തിലും ഫലപ്രദമെന്നു തെളിഞ്ഞ ജനകീയ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞാല്‍ സമ്പൂര്‍ണശുചിത്വമെന്ന ലക്ഷ്യം നേടാനാകും. ഇതിന് അനുഗുണമായ സാഹചര്യം ഇന്ന് കേരളത്തിലേയുളളൂ. ഉദാഹരണത്തിന് ചേരികളുടെ കാര്യമെടുക്കുക. ഇവിടെയാണല്ലോ ഏറ്റവും വൃത്തിഹീനമായ ജീവിതാവസ്ഥ നിലവിലുളളത്. ഇന്ത്യയിലെ നഗരജനസംഖ്യയുടെ പതിനഞ്ചു ശതമാനം ചേരികളിലാണ്. ഇത് അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തീവ്രയജ്ഞ പരിപാടിയിലൂടെ ഏതെങ്കിലും ചേരി സര്‍ക്കാര്‍ നിര്‍മ്മാര്‍ജനം ചെയ്തുവെന്നിരിക്കട്ടെ. ഉടനെ പുതിയൊരെണ്ണം ഉയര്‍ന്നുവരും. കാരണം ഗ്രാമങ്ങളിലെ ജീവിതസൗകര്യങ്ങളുടെ ശോചനീയാവസ്ഥ മൂലം നഗരങ്ങളിലേയ്ക്ക് നിരന്തരം ജനങ്ങള്‍ ചേക്കേറുകയാണ്. എന്നാല്‍ കേരളത്തിലെ സ്ഥിതി ഇതല്ല. നഗരത്തിലെ ഏതാണ്ട് എല്ലാ ജീവിതസൗകര്യങ്ങളും നാട്ടിന്‍പുറങ്ങളിലുമുണ്ട്. അതുകൊണ്ട് ഇന്നുളള ചേരികള്‍ ഇല്ലാതാക്കുന്നതോടെ പ്രശ്‌നം ഏതാണ്ട് തീരൂം. കേരളത്തിലെ നഗരജനസംഖ്യയുടെ ഏതാണ്ട് 0.8 ശതമാനം മാത്രമാണ് ചേരികളില്‍ അധിവസിക്കുന്നത്. ഗുജറാത്തില്‍ ഈ തോത് 10 ശതമാനമാണ്.
കിടപ്പാടമോ പാര്‍പ്പിടമോ ഇല്ലാത്തവരുടെ എണ്ണമെടുത്താലും കേരളം ഇന്ത്യയിലെ പൊതുസ്ഥിതിയില്‍ നിന്ന് എത്രയോ ഉയര്‍ന്നതാണ്. ഇന്ത്യയില്‍ സ്വന്തമായി കിടപ്പാട#ം പോലുമില്ലാത്തവര്‍ ജനസംഖ്യയുടെ 15-20 ശതമാനം വരും. കേരളത്തിലാകട്ടെ ഇതു രണ്ടു ശതമാനത്തോളമേ വരൂ. കിടപ്പാടമില്ലാത്തവര്‍ക്കെങ്ങനെ സ്വന്തമായി വീടുണ്ടാവും? ഇന്ത്യയിലെ വീടില്ലാത്തവരുടെ 0.04 ശതമാനമേ കേരളത്തില്‍ വരൂ. ഗുജറാത്തിന്റെ വിഹിതം 8.14 ശതമാനമാണ്. കിടപ്പാടവും വീടുമുണ്ടെങ്കിലല്ലേ സ്വന്തമായി ഒരു കക്കൂസിനെക്കുറിച്ച് ആലോചിക്കാനാവൂ. സാമൂഹ്യക്ഷേമ സൂചികകള്‍ ഏതെടുത്താലും കേരളം എത്രയോ ഉയര്‍ന്നതാണ്. എല്ലാവര്‍ക്കും അക്ഷരാഭ്യാസമുണ്ടെങ്കില്‍ ശുചിത്വബോധവത്കരണം എത്രയോ എളുപ്പമായിത്തീരും.
യുപിഎയുടെ കാലത്ത് ആവിഷ്‌കരിക്കപ്പെട്ട നിര്‍മ്മല്‍ ഭാരത് അഭിയാന്‍ എന്ന സമ്പൂര്‍ണ ശുചിത്വ പരിപാടി മോദിയുടെ കാലത്ത് ഗുജറാത്തില്‍ എങ്ങനെ നടപ്പാക്കിയെന്ന് 2014ലെ സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിലുളള സാമ്പത്തിക ക്രമക്കേടുകളിലേയ്ക്ക് ഇവിടെ കടക്കുന്നില്ല. പക്ഷേ, സ്വച്ഛഭാരതം സൃഷ്ടിക്കാനിറങ്ങിയിരിക്കുന്ന നരേന്ദ്രമോഡിയുടെ നാട്ടിലെ ശുചിത്വനിലവാരത്തെക്കുറിച്ച് അവിതര്‍ക്കിതമായ ഒരു ധാരണ നല്‍കാന്‍ ഈ റിപ്പോര്‍ട്ട് സഹായിക്കും. മോദിയുടെ ഭരണകാലത്തു നടത്തിയ സര്‍വെയിലെ കണക്കുപ്രകാരം 2014 ഒക്‌ടോബര്‍ മാസത്തില്‍ 46 ശതമാനം വീടുകളിലേ കക്കൂസുളളൂ. പട്ടികവര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചില ജില്ലകളില്‍ ഈ തോത് 13-24 ശതമാനം മാത്രമേയുളളൂ. എട്ടു വര്‍ഷം സമ്പൂര്‍ണ ശുചിത്വം പരിപാടി നടപ്പാക്കിയതിനു ശേഷമുളള ഗുജറാത്തിലെ ശുചിത്വനിലയാണ് ഇതെന്ന് ഓര്‍ക്കുക.
അയ്യായിരം അംഗനവാടികളില്‍ ടോയ്‌ലെറ്റില്ല. കക്കൂസിന്റെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ കണക്കുകള്‍ ജില്ലകള്‍ക്ക് വിതരണം ചെയ്ത പണത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ഭൗതിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല കണക്കാക്കിയത്. നല്ലൊരു പങ്ക് പാതിവഴിയില്‍ നില്‍ക്കുകയോ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്യുകയാണ്. ഈ കക്കൂസുകള്‍ പലതും മരത്തൂണുകളില്‍ ചാക്കുസഞ്ചി മറ ഉപയോഗിച്ചുണ്ടാക്കിയവയാണ്. സോക്ക് പിറ്റുകള്‍ പോലും ഇല്ലാത്തവയാണ്. സിഎജി പരിശോധിക്കുമ്പോള്‍ നല്ലൊരു ഉപയോഗശൂന്യമായി കഴിഞ്ഞിരുന്നു.
ഏറ്റവും അപമാനകരമായത് തോട്ടിപ്പണി സംബന്ധിച്ചുളള സിഎജിയുടെ പരാമര്‍ശങ്ങളാണ്. 1999ലെ നിയമമനുസരിച്ച് തോട്ടിപ്പണി നിരോധിക്കപ്പെട്ടിരിക്കുകയാണ്. 2013ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 1408 സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ മലം ചുമന്നു നീക്കം ചെയ്യുന്നുണ്ടായിരുന്നു. 2593 കേസുകളില്‍ മൃഗങ്ങളെ ഉപയോഗിച്ചാണ് മലം നീക്കിയിരുന്നത്. 2012ല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് തങ്ങളുടെ ആശങ്ക അറിയിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാരിന് എഴുതുകയുണ്ടായി. എന്നാല്‍ സിഎജി റിപ്പോര്‍ട്ടു പറയുന്നത് ഒരു വര്‍ഷത്തിനു ശേഷവും ഒരു നടപടിയും ഇക്കാര്യത്തില്‍ എടുത്തിരുന്നില്ല എന്നാണ്. ഈ ഗുജറാത്ത് സ്വച്ഛഭാരതത്തിന്റെ മാതൃകയാവുന്നതെങ്ങനെയാണ്.
കേരളത്തിന്റെ സ്ഥിതി എത്രയോ വ്യത്യസ്തം. വിദ്യാഭ്യാസത്തിന്റെ വ്യാപനവും സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയും ശുചിത്വത്തെ കേരള മനസില്‍ ഒരു കേന്ദ്രപ്രതിഷ്ഠ നേടിക്കൊടുത്തു. 'വെളുപ്പിനെ എഴുന്നേല്‍ക്കണം, എണ്ണ കുളിക്കണം, വെളുത്ത മുണ്ടുടുക്കണം' എന്ന ശീലം വളര്‍ന്നു. പുതിയ ശുചിത്വബോധം സവര്‍ണരുടെ കുത്തകയായിരുന്നില്ല. വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ശീലമായി ശ്രീനാരായണ പ്രസ്ഥാനം പ്രചരിപ്പിച്ചത് ശുചിത്വമായിരുന്നു. ഇതുപോലെതന്നെ ശുചിത്വബോധവത്കരണത്തില്‍ അയ്യങ്കാളിയും ശ്രദ്ധ പതിപ്പിച്ചു. വ്യക്തിശുചിത്വത്തിന് നവോത്ഥാനനായകര്‍ നല്‍കിയ പ്രാധാന്യം കേരളീയരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. എന്നാല്‍ സാമൂഹ്യശുചിത്വകാര്യത്തില്‍ മലയാളിയുടെ നിസംഗത ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ തുടര്‍ന്നു. ഇതിലൊരു മാറ്റം വരുത്താനായാല്‍ കേരളത്തിന് സമ്പൂര്‍ണശുചിത്വ പദവി നേടാനാവും. ഇത്തരമൊരു മുന്നേറ്റം ഇന്ത്യയിലെ ജനങ്ങള്‍ക്കു നല്‍കുന്ന ഒരു രാഷ്ട്രീയ സന്ദേശമുണ്ട്. സാമൂഹ്യക്ഷേമ സൂചികകളുടെ കാര്യത്തിലെന്നപോലെ ശുചിത്വസൂചികയും ഭൂപരിഷ്‌കരണമടക്കമുളള സാമൂഹ്യപരിവര്‍ത്തനത്തോട് ബന്ധപ്പെട്ടു കിടക്കുന്നു.
ശുചിത്വകേരളം പരിപാടിയുടെ ഈ പ്രസക്തി നാടകീയമായി എനിക്കു ബോധ്യപ്പെട്ട ഒരു സന്ദര്‍ഭമുണ്ടായി. ആലപ്പുഴയിലെ നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതിയെക്കുറിച്ച് വടക്കേ ഇന്ത്യയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് എന്നോട് ഒരു ലേഖനം ആവശ്യപ്പെട്ടു. 1300 വാക്കുകള്‍ ദൈര്‍ഘ്യമുളള ലേഖനത്തിന് 'ആലപ്പുഴയിലെ വിജയകരമായ ശുചിത്വപരിപാടി' എന്നാണ് ഞാന്‍ നല്‍കിയ തലക്കെട്ട്. ലേഖത്തില്‍ പ്രത്യക്ഷമായ ഒരു രാഷ്ട്രീയ പരാമര്‍ശങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, 'ഡു ഇറ്റ് ലൈക്ക് ആലപ്പുഴ' (Do it Like Alappuzha) അഥവാ 'ആലപ്പുഴയിലേതുപോലെ ചെയ്യൂ' എന്നായിരുന്നു ലേഖനത്തിനു എഡിറ്റോറിയല്‍ ഡെസ്‌ക് നല്‍കിയ തലക്കെട്ട്. ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം (ബെക്കാമിനെപ്പോലെ പന്തു വളയ്ക്കൂ) എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് പ്രയോഗത്തെ ഓര്‍മ്മിപ്പിക്കുന്ന തലക്കെട്ട്. പ്രതിരോധക്കാരെ മറികടന്ന് ഗോള്‍പോസ്റ്റിലേയ്ക്ക് വളഞ്ഞു കയറുന്ന ഇംഗ്ലീഷ് ഫുട്‌ബോള്‍ കളിക്കാരനായ ഡേവിഡ് ബെക്കാമിന്റെ ഫ്രീ കിക്കുകള്‍ പ്രസിദ്ധമാണ്. ഇതുപോലൊരു ഈണമുളള ഒരു തലവാചകം. 'സ്വച്ഛ് ഭാരത് അഭിയാന്‍, ആലപ്പുഴയില്‍ നിന്ന് ഒരു പാഠമെടുക്കാം, ഇടതു നേതാവ് മോഡിയോട്' എന്നൊക്കെയുളള എഡിറ്റോറിയല്‍ നിരീക്ഷണങ്ങളുമുണ്ടായി. ഈ ഇടതുപക്ഷ രാഷ്ട്രീയ സന്ദേശമാണ് ശുചിത്വകേരള പ്രസ്ഥാനം ഇന്ത്യയ്ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.
യുഡിഎഫ് നയത്തില്‍നിന്നുളള വ്യത്യസ്തത
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ശുചിത്വത്തെക്കുറിച്ച് വാചാലമാണെങ്കിലും പ്രായോഗികമായി ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണത്തിന്റെ ആദ്യവര്‍ഷം വകയിരുത്തിയ നൂറുകോടി രൂപയുടെ ചെറിയ ഭാഗമേ ഇപ്പോഴും ചെലവഴിച്ചു തീര്‍ന്നിട്ടുളളൂ. ഇതിന് ധനമന്ത്രി പഴിചാരുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ്. പക്ഷേ, സര്‍ക്കാരിന്റെയും ശുചിത്വമിഷന്റെയും ബ്യൂറോക്രാറ്റിക് സമീപനമാണ് യഥാര്‍ത്ഥ കാരണം. ജനങ്ങളെയാകെ ആവേശം കൊളളിച്ചുകൊണ്ടുളള ജനകീയ പ്രസ്ഥാനം വിഭാവനം ചെയ്യാന്‍ അവര്‍ക്കാവുന്നില്ല. വകുപ്പു മന്ത്രിയ്ക്കാണെങ്കില്‍ വന്‍കിട അത്യാധുനിക പ്ലാന്റുകളിലേ വിശ്വാസമുളളൂ. ഈ സമീപനത്തില്‍ നിന്നും ശുചിത്വകേരള പ്രസ്ഥാനം വ്യത്യസ്തമാണ്. ഇന്നത്തെ സാഹചര്യത്തില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിന് ഇത്തരമൊരു ചുവടുമാറ്റം അനിവാര്യമാണ്.
1. ഉറവിട മാലിന്യ സംസ്‌കരണത്തിലെ ഊന്നലാണ് ഒന്നാമത്തെ വ്യത്യസ്തത. ഇതുവരെ ചെയ്തുവന്നത് എന്താണ്? നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് ഗ്രാമത്തിലെവിടെയെങ്കിലുമുളള ഒരു കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിക്കുമായിരുന്നു. പക്ഷേ, അതു പരാജയപ്പെട്ടു. കാരണം എന്തു തന്നെയാകട്ടെ, കേന്ദ്രീകൃതമായ ഈ രീതി ഇനി കേരളത്തിലൊരിടത്തും ജനങ്ങള്‍ അനുവദിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് പരമാവധി മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ച് സംസ്‌ക്കരിക്കുകയേ നിര്‍വാഹമുളളൂ.
2. മാലിന്യം സംസ്‌കരിക്കുന്നതിന് ജൈവരീതികളാണ് സ്വീകരിക്കുക. മാലിന്യം കത്തിച്ചു നശിപ്പിക്കുന്ന രീതി ഉപേക്ഷിക്കണം. ഏറ്റവും ലളിതമായ ഈ രീതി പക്ഷേ, അത്യധികം അപകടകരമാണ്. മാലിന്യം കത്തുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങള്‍ ആരോഗ്യത്തിന് ഹാനീകരമാണെന്നു മാത്രമല്ല ആഗോള താപനത്തിന് ആക്കം കൂട്ടുകയും ചെയ്യും. കൂട്ടിയിട്ട് കത്തിക്കുന്നതിന് പകരം അറയിലാക്കി വളരെ ഉയര്‍ന്ന ചൂടില്‍ ദഹിപ്പിച്ചാല്‍ മാലിന്യം ഗ്യാസായി മാറും. പിന്നെയും ചൂട് ഉയര്‍ത്തിയാല്‍ മാലിന്യം പ്ലാസ്മയാകും. ഈ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉണ്ടാക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ ചെലവ് ഏറെയാണ്. കേന്ദ്രീകൃത പ്ലാന്റുകളും വേണം. ഡീസല്‍ ചെലവ് താങ്ങാനാകാതെ തിരുവനന്തപുരത്തെ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഉപേക്ഷിച്ച അനുഭവം മറക്കാറായിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് മാലിനസംസ്‌ക്കരണത്തിന് ജൈവപ്രക്രിയിലൂന്നിയുളള ജനകീയ കാമ്പയിനു രൂപം നല്‍കുന്നത്. പൈപ്പ് കമ്പോസ്റ്റ്, എറോബിക് ബിന്‍, തുടങ്ങിയ കമ്പോസ്റ്റിംഗ് സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്റകള്‍ ഉപയോഗിച്ച് മിഥേന്‍ ഉണ്ടാക്കാം. ഇത് അടുക്കളയില്‍ ഇന്ധനമായി ഉപയോഗിക്കാം.
3. ഏതു മാലിന്യസംസ്‌ക്കരണ രീതിയായാലും ജനങ്ങളെ ബോധവത്കരിച്ചില്ലെങ്കില്‍ പരാജയപ്പെടും. അതുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നതില്‍ പുതിയ ശുചിത്വ പ്രസ്ഥാനം ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. എത്ര പഠിപ്പിച്ചാലും ഇടയ്ക്കിടയ്ക്ക് പ്ലാന്റുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ആളുകളെ നിയോഗിക്കണം. അഥവാ ഒരു മെയിന്റനന്‍സ് ടീം ഉണ്ടാകണം. പ്ലാന്റുകളിലെ അറ്റകുറ്റപ്പണികള്‍ 100 എണ്ണത്തിന് ഒരാള്‍ എന്നതോതില്‍ മെയിന്‍ന്റനന്‍സ് ടീമിനെ സജ്ജീകരിക്കും. നിലവിലുളള സര്‍ക്കാര്‍ മാതൃകകളില്‍ ബോധവത്കരണത്തിനും മെയിന്റനന്‍സ് ടീമിന്റെ രൂപീകരണത്തിനും സ്ഥാനമില്ല. അതാണ് അവയുടെ ദൗര്‍ബല്യം. പ്ലാന്റു സ്ഥാപിക്കാന്‍ കരാറെടക്കുന്ന ഏജന്‍സികള്‍ പ്ലാന്റും സ്ഥാപിച്ച് കമ്മീഷനും വാങ്ങി സ്ഥലം വിടുകയാണ് പതിവ്. ഉപഭോക്താവിനെ പഠിപ്പിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ക്കോ സഹായമില്ല. 75000 ത്തോളം പൈപ്പ് കമ്പോസ്റ്റ് വച്ചിട്ടും തിരുവനന്തപുരത്ത് ഒരു ഫലവും കാണാത്തിനു കാരണമിതാണ്.
സാക്ഷരത പ്രസ്ഥാനവും ജനകീയ ആസൂത്രണവും പോലെ വലിയ തോതില്‍ ജനങ്ങളെ അണിനിരത്തുന്ന ജനകീയ ശുചിത്വപ്രസ്ഥാനത്തിനാണ് തിരുവനന്തപുരത്ത് രൂപം നല്‍കുന്നത്. ജനങ്ങളുടെ ശീലങ്ങളിലും മനോഭാവങ്ങളിലും മാറ്റം കൂടിയേ തീരൂ. മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുകയും വലിച്ചെറിയാതിരിക്കുകയും വേണം. പണ്ട് വെളിമ്പ്രദേശങ്ങളില്‍ നടത്തിയിരുന്ന മലമൂത്ര വിസര്‍ജനം ഇന്ന് വീട്ടിനുള്ളിലാണ്. കക്കൂസ് മാലിന്യം വീട്ടിനുള്ളില്‍ സംസ്‌കരിക്കാമെങ്കില്‍ എന്തിന് അല്‍പമാത്രമായ അടുക്കള മാലിന്യം വലിച്ചെറിയണം? ഇത്തരമൊരു മനോഭാവമാറ്റം കേവലം സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ട് ഉണ്ടാവില്ല. ഒരു ജനകീയ പ്രസ്ഥാനത്തിന്റെ സര്‍ഗാത്മകതയ്ക്കു മാത്രമേ ഈ രൂപമാറ്റം വരുത്താനാവൂ.
വിശാലമായ വേദി
മേല്‍പറഞ്ഞ സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ ജനകീയ പ്രസ്ഥാനം രണ്ടുവര്‍ഷമായി ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ആലപ്പുഴ നഗരത്തെ സാമാന്യം വൃത്തിയാക്കുന്നതിലും ഈ പദ്ധതി വിജയിക്കുകയുണ്ടായി. ഈ ഗ്രന്ഥത്തിന്റെ അവസാന അധ്യായമായി ആലപ്പുഴയിലെ അനുഭവം വിശദീകരിക്കുന്നുണ്ട്. ഈ അനുഭവങ്ങളെ വിലയിരുത്തുന്നതിനും മറ്റു നഗരസഭകളുടെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനും വേണ്ടി ഏകെജി പഠനഗവേഷണ കേന്ദ്രം ആലപ്പുഴ വെച്ച് 2014 സെപ്തംബര്‍ 27ന് വിപുലമായ ശുചിത്വ സെമിനാര്‍ നടത്തി. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമായി എണ്ണൂറില്‍പ്പരം പ്രതിനിധികള്‍ ഈ സെമിനാറില്‍ പങ്കെടുത്തു. പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. എ. ബേബി, പി. കെ. ഗുരുദാസന്‍, പി. കെ. ശ്രീമതി എന്നിവരടക്കം സിപിഐഎമ്മിന്റെ കേരളത്തിലെ പ്രമുഖരായ എല്ലാ നേതാക്കളും ഈ സെമിനാറില്‍ പങ്കെടുത്തു. സെമിനാറിന്റെ പര്യവസാനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശുചിത്വകേരള പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം നടത്തിയത്. തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഒരുകാര്യം വ്യക്തമാക്കി. സിപിഎമ്മിന്റേതായ ഒരു ശുചിത്വ പ്രസ്ഥാനമല്ല ലക്ഷ്യം. ശുചിത്വത്തിനു വേണ്ടിയുളള വിശാലമായ ഒരു വേദി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളോടു മാത്രമല്ല, യുഡിഎഫിലെ കക്ഷികളോടും പരമാവധി യോജിപ്പിന്റെ മേഖല തേടിക്കൊണ്ടായിരിക്കും സിപിഐഎം ഇടപെടുക.
ഇതിന് സാഹചര്യമൊരുക്കുന്നതിനുളള സുപ്രധാനപങ്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. നഗരസഭകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് ശുചിത്വ കാമ്പയിന്‍ നടക്കുന്നത്. എല്‍ഡിഎഫിനു മുന്‍തൂക്കമുളള സ്ഥലങ്ങളില്‍ ഇതിനായി പാര്‍ടി മുന്‍കൈയെടുക്കും. അല്ലാത്ത സ്ഥലങ്ങളിലും യുഡിഎഫ് പഞ്ചായത്തുകളോടും നഗരസഭകളോടും സഹകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കുന്ന പരിപാടികള്‍ നടപ്പാക്കുന്നതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ ശുചിത്വ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി തനതായ പരിപാടികളും സംഘടിപ്പിക്കും.
2014 നവംബര്‍ ഒന്നിനാണ് ശുചിത്വകേരളം പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. അന്ന് എല്ലാ ജില്ലകളിലും ശുചീകരണ പരിപാടികള്‍ നടത്തി. പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സമ്പൂര്‍ണ ശുചിത്വകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതല്‍ അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷവും സര്‍ക്കാരും അനിവാര്യമാണ്. പക്ഷേ, ഒരുകാര്യം തീര്‍ച്ചയാണ്. കേരളത്തിലെ പലനഗരങ്ങളും നഗരപഞ്ചായത്തുകളും വൃത്തിയാകും. ഖരമാലിന്യങ്ങളെങ്കിലും തെരുവിലെറിയാതെ സംസ്‌ക്കരിക്കപ്പെടുന്ന നിലയുണ്ടാകും.
ഇതിനു നല്ല ഉദാഹരണമാണ് ആറുമാസത്തിനുളളില്‍ തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രതിസന്ധി പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കുന്ന എന്റെ നഗരം സുന്ദരനഗരം പദ്ധതി. ഒരുകാലത്ത് കേരളത്തിന്റെ ശുചിത്വപട്ടണമെന്ന് പേരുകേട്ടിരുന്ന തിരുവനന്തപുരം ഇന്ന് മലീമസമാണ്. വിളപ്പില്‍ശാലയിലെ കേന്ദ്രീകൃത പ്ലാന്റ് അടച്ചുപൂട്ടിയതാണ് കാരണം. പ്ലാന്റിനെതിരായ ജനങ്ങളുടെ അമര്‍ഷവും സമരവും ന്യായമാണ്. എന്നാല്‍ ഇതിനുളള കാരണങ്ങളെ ശാസ്ത്രീയമായി പരിഹരിക്കുന്നതിനുളള നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നത്. സംസ്ഥാന സര്‍ക്കാര്‍ കൂടി ഒത്താശ ചെയ്താണ് ഈയൊരു സ്ഥിതിവിശേഷം വരുത്തിയതെന്നാണ് നഗരസഭയുടെ ആക്ഷേപം. മാത്രമല്ല, സര്‍ക്കാര്‍ പ്രഖ്യാപിച്ച ബദല്‍ പരിപാടികളൊന്നും നടപ്പായതുമില്ല. ഇതോടെ നഗരമലിനീകരണം വലിയൊരു രാഷ്ട്രീയ വിവാദമായി മാറി. ഈ പശ്ചാത്തലമെല്ലാമുണ്ടെങ്കിലും എല്ലാ രാഷ്ട്രീയകക്ഷികളും സഹകരിച്ചുകൊണ്ടുളള എന്റെ നഗരം, സുന്ദരനഗരം പദ്ധതിയ്ക്കു രൂപം നല്‍കാന്‍ നഗരസഭയ്ക്കു കഴിഞ്ഞു.
നഗരസഭയുടെ ഈ പരിപാടിയുമായി സഹകരിച്ചുകൊണ്ടാണ് സിപിഐഎം ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. അതോടൊപ്പം സിപിഐഎം തനതായ പ്രവര്‍ത്തനങ്ങളും നടത്തുന്നു. നവംബര്‍ ഒന്നിന് എരുമക്കുഴിയിലെ സന്നദ്ധപ്രവര്‍ത്തനത്തില്‍ മന്ത്രി ശിവകുമാറും ഒ. രാജഗോപാലുമടക്കമുളളവര്‍ പങ്കെടുത്തു. ഇവിടെയായിരുന്നു എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം. അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജഗതിയില്‍ വലിയതോതിലുളള സന്നദ്ധപ്രവര്‍ത്തനം നടന്നു. സ. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് വളപ്പ് ശുചിയാക്കി. ഇങ്ങനെ അനേകം സ്ഥലങ്ങളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. എല്ലാവരും യോജിച്ചുളള പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ശുചീകരണത്തില്‍ ഏറ്റവും സജീവമായ ഘടകമായി സിപിഐഎം മാറുകയാണ്. ആറു മാസത്തിനുളളില്‍ തിരുവനന്തപുരം വൃത്തിയാകുമ്പോള്‍ അത് കേരളത്തിലെ ശുചിത്വപ്രസ്ഥാനത്തിന് വലിയൊരു ആത്മവിശ്വാസം പകരും എന്നത് തീര്‍ച്ചയാണ്.  

Monday, February 2, 2015

കയര്‍ വ്യവസായ പ്രതിസന്ധി : ഒരു ചരിത്രാവലോകനം


1

കയര്‍ വ്യവസായത്തിന്റെയും വ്യാപാരത്തിന്റെയും വംശാവലി എത്രതന്നെ പുരാതനമായിരുന്നാലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് മൂലധനം കുലുക്കിയുണര്‍ത്തുന്നതു വരെ കയര്‍ മുഖ്യമായും കേരളീയ ഗ്രാമീണ സ്വയംപര്യാപ്തതയുടെ ആവശ്യങ്ങളില്‍ മയങ്ങിക്കിടക്കുകയായിരുന്നു . 1801-ല്‍ ബ്രിട്ടീഷുകാര്‍ വേണ്ടി വന്നാല്‍ കേരളപ്രദേശത്തു നിന്നു  വാങ്ങാന്‍ കഴിയുന്ന  കയറിന്റെ കണക്കു ശേഖരിക്കുകയുണ്ടായി. അത്   ഇവിടെ നിന്ന്  കയറ്റുമതി ചെയ്യാന്‍ കഴിയുമായിരുന്നത് കേവലം 1225 ടണ്‍  കയറു മാത്രമായിരുന്നു .

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേയ്ക്കും 1900-01ല്‍ ഇവിടെ നിന്നുളള കയറിന്റെയും കയറുല്‍പ്പന്നങ്ങളുടെയും കയറ്റുമതി 39686 ടണ്ണായി ഉയര്‍ന്നു  കഴിഞ്ഞിരുന്നു . രണ്ടാം ലോകയുദ്ധകാലം വരെയും ഈ അനുക്രമമായ വളര്‍ച്ച നീണ്ടു നിന്നു . 1935-36 ല്‍ ഇവിടെ നിന്നുളള കയറ്റുമതി 73778 ടണ്ണായിരുന്നു.

മൊത്തം കയറ്റുമതിയില്‍ മാത്രമല്ല, കയറ്റുമതിയുടെ ഘടനയിലും സാരമായ മാറ്റം ഉണ്ടായി. നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തിരുവിതാംകൂറില്‍ നിന്നുളള മൊത്തം കയറ്റുമതിയുടെ 95 ശതമാനവും ചകിരിയും കയറുമായിരുന്നു. കയറുല്‍പന്നങ്ങള്‍ (കയര്‍ വടങ്ങള്‍, തടുക്ക്, പായ തുടങ്ങിയവ) 5 ശതമാനമേ വരുമായിരുന്നുളളൂ. തടുക്കും പായയും വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ചു തുടങ്ങിയത് 1859ല്‍ മാത്രമാണ്. മുപ്പതുകളുടെ മധ്യം ആയപ്പോഴേയ്ക്കും തിരുവിതാംകൂറിന്റെ കയറ്റുമതിയില്‍ കയറുല്‍പ്പന്നങ്ങളുടെ വിഹിതം 40 ശതമാനമായി ഉയര്‍ന്നു .

കയര്‍ വടം നിര്‍മ്മാണം കോഴിക്കോടു പ്രദേശത്തെ കേന്ദ്രീകരിച്ചാണ് അഭിവൃദ്ധിപ്പെട്ടതെങ്കില്‍ കയര്‍ നെയ്ത്തു വ്യവസായം ആലപ്പുഴ പട്ടണം കേന്ദ്രീകരിച്ചാണ് വികസിച്ചത്. കയര്‍പിരി വ്യവസയാമാവട്ടെ  കേരളത്തിലെ കായലോരപ്രദേശത്തുടനീളം പരന്നു . കയര്‍വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവരുടെ എണ്ണവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുവന്നു . 1881ല്‍ മലബാറില്‍ 4619 ആളുകള്‍ കയര്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു . 1931 ആയപ്പോഴേയ്ക്കും ഇവരുടെ എണ്ണം 45775 ആയി വര്‍ദ്ധിച്ചു. തിരുകൊച്ചി പ്രദേശത്ത് കയര്‍ വ്യവസായം മലബാറിനേക്കാള്‍ അഭിവൃദ്ധി പ്രാപിച്ചിരുന്നു . അവിടെ 163884 തൊഴിലാളികള്‍ കയര്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു . അങ്ങനെ 1931ല്‍ മൊത്തം 209659 കയര്‍ തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നു . കനേഷുമാരി കണക്കു പ്രകാരം 1961 ആയപ്പോഴേയ്ക്കും കയര്‍ തൊഴിലാളികളുടെ  എണ്ണം 251078 ആയി ഉയര്‍ന്നു . കയര്‍ വ്യവസായത്തില്‍ ഭാഗികമായി പണിയെടുക്കുന്നവരെല്ലാം കൂട്ടിയാല്‍ തൊഴിലാളികളുടെ എണ്ണം ഇതിലധികമായിരിക്കും എന്നതിന് സംശയമില്ല. കയര്‍ ബോര്‍ഡിന്റെ മതിപ്പു കണക്കു പ്രകാരം കേരളത്തിലെ കയര്‍തൊഴിലാളികളുടെ എണ്ണം 4 ലക്ഷത്തിലധികം വരും. 

ചുരുക്കത്തില്‍ കേരള സംസ്ഥാന രൂപീകരണ വേളയില്‍ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട  കാര്‍ഷികേതര മേഖല കയര്‍ വ്യവസായമായിരുന്നു . കൃഷി കഴിഞ്ഞാല്‍ തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ഏറ്റവും പ്രധാന ഉപജീവനമാര്‍ഗം കയര്‍പ്പണിയായിരുന്നു . കശുവണ്ടിയും തുണിയും കഴിഞ്ഞാല്‍ ഏറ്റവുമധികം ഫാക്ടറി തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത് ഈ വ്യവസായത്തിലായിരുന്നു . നമ്മുടെ നാട്ടില്‍  നിന്നുളള കയറ്റുമതിയുടെ 10 ശതമാനത്തിലേറെ കയറും കയറുല്‍പ്പന്നങ്ങളുമായിരുന്നു .

II


പരമ്പരാഗത വ്യവസായത്തിന്റെ സവിശേഷതകൾ

ഇത്തരത്തിൽ വളർന്ന്  തീരദേശ കേരളീയ ജീവിതത്തിന്റെ നാഡിമിടിപ്പായി മാറിയ ഈ വ്യവസായത്തിന്റെ ചില അടിസ്ഥാന സവിശേഷതകളെ വളരെ ചുരുക്കിയാണെങ്കിലും പരിശോധിക്കാൻ ശ്രമിക്കുതന്നത്  പിന്നീടുളള വിശകലനത്തിന് വളരെ പ്രയോജനമായിരിക്കും.

1.    വിദേശ കമ്പോളം
കയർ വ്യവസായത്തിന്റെ ചരിത്രം പഠിക്കുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധ വിഷയീഭവിക്കുന്ന  ഒരുകാര്യം വിദേശ കമ്പോളങ്ങളിന്മേലുളള വ്യവസായത്തിന്റെ ആശ്രിതത്വമാണ്. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു മുമ്പ് ഉൽപാദനത്തിന്റെ 75-80 ശതമാനവും കയറ്റുമതിയെ ഉന്നം  വെച്ചുകൊണ്ടായിരുന്നു . എന്തുകൊണ്ട് നമ്മുടെ നാട്ടി ൽത്തന്നെ കയറുൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞില്ല? വിദേശ കമ്പോളങ്ങളിലെ ഡിമാന്റിന്റെ അനിശ്ചിതത്വം സമ്പദ്ഘടനയുടെ മേൽ വീഴ്ത്തിയ കരിനിഴലിനെ വിശകലനം ചെയ്തുകൊണ്ട് നാളികേര വ്യവസായത്തിന്റെ അഭിവൃദ്ധി മാർഗങ്ങളെക്കുറിച്ച് എം രാമവർമ്മ തമ്പുരാൻ തിരുവിതാംകൂർ കൃഷി വ്യവസായ മാസികയിൽ 1939ൽ എഴുതിയ ലേഖനത്തിൽ ഈ ചോദ്യത്തിനുളള ഉത്തരമുണ്ട്. 'നാളികേരത്തിന്റെ ഉൽപ്പന്നങ്ങളെ ഈ നാട്ടി ൽത്തന്നെ ചെലവഴിക്കാൻ വ്യവസായികൾ ശ്രമിച്ചുകാണുന്നില്ല. ഈ നാട്ടിലെ  വ്യവസായികൾ കേവലം ലാഭം മാത്രം ഉദ്ദേശിച്ചു വ്യവസായം ചെയ്യുന്ന  സങ്കുചിത ദല്ലാളുകൾ മാത്രമാണ്…. വ്യവസായ രാജനായ ഫോർഡ്,…….. പറയുന്നത് വിദേശികളെ മാത്രം ആശ്രയിച്ച് വ്യവസായമൊന്നും  വർദ്ധിക്കില്ല എന്നാണ്. കയറിന്റെ സ്ഥിതി നോക്കുക. കയറ്റുപായ് ഉണ്ടാക്കി വിദേശങ്ങളിലേയ്ക്ക് അയയ്ക്കുകയാണാ വ്യാപാരം. മഴയും തണുപ്പും ഈർപ്പവും ധാരാളമുളള ഈ നാട്ടില്‍  കയറ്റു പായ് ഉപയോഗസാധ്യമാക്കിയാൽ എന്തുമാത്രം ചെലവുണ്ടാക്കാം. നദീതീരങ്ങളിലും സമുദ്രതീരം, കായൽത്തീരം ഇവയിലും പാർക്കുന്നവർക്ക് ഇടവപ്പാതി മുതൽ വൃശ്ചികപ്പാതി വരെ ആറുമാസം ഈർപ്പമുളള പ്രദേശത്തു കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു . വിശേഷിച്ച് സാധുക്കൾക്ക് ഓരോ വീട്ടിലും രണ്ടുമുതൽ ആറോ എട്ടോ വരെ കയറ്റുപായ് വാങ്ങുമെന്നും  വാങ്ങണമെന്നും  വരികയാണെങ്കിൽ കയറു വ്യവസായം വിദേശീയരുടെ ഹിതാഹിതങ്ങളെ കേവലം അന്ത്യശരണമായി അവലംബിക്കില്ലായിരുന്നു . കയറ്റുപായ് തഴപ്പായുടെ മാതിരി ഉണ്ടാക്കി നാട്ടിൽതന്നെ കുറഞ്ഞ വിലയ്ക്കു വിറ്റാൽ കയർ വ്യവസായത്തിനു വർദ്ധനയുണ്ടാകും. പക്ഷേ നമ്മുടെ തൊഴിലാളികൾ കേവലം കൂലിക്കാരായ അഹോവൃത്തി തുലക്കേണ്ടി വന്നാൽ നമുക്കെങ്ങനെ ഇതുസാധിക്കുക?'. ആഭ്യന്തര കമ്പോളത്തിന്റെ വികാസത്തിന്റെ പ്രഥമതടസം ജനങ്ങളുടെ ദാരിദ്ര്യം തന്നെയാണ്.

2.    പരമ്പരാഗത സാങ്കേതികവിദ്യ
കയർ വ്യവസായത്തിലെ സാങ്കേതിക വിദ്യകൾ നൂറ്റാണ്ടുകൾക്കു മുമ്പ് രൂപം കൊണ്ട പരമ്പരാഗത ചാലുകളിൽത്തന്നെ തുടരുന്നു . വ്യവസായത്തിലെ പ്രധാനപ്പെട്ട  തൊഴിൽ പ്രക്രിയകളും അവയിലെ സാങ്കേതികവിദ്യകളും പരിശോധിച്ചാൽ ഈ നിശ്ചലാവസ്ഥ വളരെ പ്രകടമാകും. എ) തൊണ്ടഴുകൽ  - പുരാതനകാലം മുതൽക്കുളള സമ്പ്രദായങ്ങളിൽ അണുപോലും മാറ്റമുണ്ടായിട്ടില്ല. ബി) തൊണ്ടടിക്കൽ - ചീഞ്ഞ തൊണ്ട് കൊട്ട് വടി കൊണ്ട് തല്ലി പതം വരുത്തി ചോറിൽനിന്ന്  ചകിരി വേർതിരിച്ചെടുക്കുന്ന  പുരാതന സമ്പ്രദായം തന്നെയാണ് നാട്ടിലെങ്ങും നടപ്പിലിരുന്നത്. 1955-ൽ കേരളത്തിൽ ആകെ 6 തൊണ്ടടി യന്ത്രങ്ങളാണ് ഉണ്ടായിരുത്. സി) ചകിരി തെളിക്കൽ - കായികാധ്വാനം കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന  പിന്നുയന്ത്രങ്ങൾ നിലവിലുണ്ടായിരുന്നു . എന്നാൽ 1955ൽ ഇത്തരം യന്ത്രങ്ങളിൽ 90 ശതമാനമാവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒതുങ്ങി നിന്നിരുന്നു . ഡി) കയറുപിരിക്കൽ - ഏറ്റവും പ്രാഥമിക സാങ്കേതിക ഉപകരണം പോലുമില്ലാത്ത കൈപ്പിരിയായിരുന്നു  മലബാർ പ്രദേശത്തുടനീളം. തിരു- കൊച്ചി പ്രദേശത്ത് പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപം കൊണ്ട റാട്ട് പിരി സമ്പ്രദായം യാതൊരു മാറ്റവും കൂടാതെ തുടർന്നു  വന്നു . ഇ) കയർ നെയ്ത്ത് - 1859ൽ ഡാറാ സായിപ്പു കൊണ്ടുവന്ന  കൈത്തറികളുടെ വകഭേദങ്ങൾ മാത്രമാണ് 1959ലും ആലപ്പുഴയിലുണ്ടായിരുന്നത്. എഫ്) ഫിനിഷിംഗ് - പാക്കിംഗ് - അര നൂറ്റാണ്ടിനു മുമ്പു തന്നെ ഈ മേഖലകളിൽ പരിമിതമായ തോതിൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു . എന്നാൽ ഈ യന്ത്രങ്ങളിൽ എന്തെങ്കിലും സാങ്കേതിക പുരോഗതികൾ വന്നു ചേർന്നിരുന്നില്ല . ചായം മുക്കൽ പ്രക്രിയ ഇതിനു നല്ല ഉദാഹരണമാണ്. ചുരുക്കത്തിൽ ഉൽപാദനക്ഷമത കുറഞ്ഞ, തൊഴിൽ സാന്ദ്രമായ പരമ്പരാഗത കൈവേല സാങ്കേതിക വിദ്യയായിരുന്നു  കയർ വ്യവസായത്തിൽ നിലവിലുണ്ടായിരുന്നത്.

3.    പ്രാഥമിക ഉൽപാദന ഘടനകൾ

സാങ്കേതികവിദ്യ മാത്രമല്ല, ഉൽപാദനരൂപങ്ങളും വ്യവസായവത്കരണത്തിന്റെ പ്രാഥമിക രൂപങ്ങളിൽ കുടുങ്ങിക്കിടന്നു . 1861ൽ ചാൾസ് അല്ലൻ ലാവ്‌സന്‍  കേരളത്തിലെ കായലോര പ്രദേശങ്ങളിൽ അതിവേഗം പടർന്നു കൊണ്ടിരുന്ന  കയർവ്യവസായത്തെ 'കുറച്ചുനാൾ മുമ്പുവരെ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന ഗ്രാമീണ തുണിനെയ്ത്തു' വ്യവസായത്തോടാണ് ഉപമിച്ചത്.  എന്നാൽ കയർ വ്യവസായത്തിന്റെ ഗതി തികച്ചും വ്യത്യസ്തമായിരുന്നു . യൂറോപ്പിലെ വ്യാവസായിക വളർച്ചയുടെ സ്വാഭാവിക ക്രമത്തിലല്ല കയർ വ്യവസായം വളർന്നത് . കയർപിരി മേഖലയെടുത്താൽ നാനാവിധ പ്രാങ്‌നിർമ്മാണ വ്യാവസായിക വളർച്ചാ ഘട്ടങ്ങളുടെ ഒരു പ്രദർശനശാലയായി ഇന്നും  അതു തുടരുന്നു  എന്നു  കാണാം. കൂലിവേല ബന്ധങ്ങൾ വളർച്ച പ്രാപിക്കാത്ത കച്ചവട മൂലധനവും കൈത്തൊഴിൽക്കാരും തമ്മിലുളള വൈവിധ്യമാർന്ന  ബന്ധങ്ങളാണു കൈപ്പിരി മേഖലയിൽ കാണുവാൻ കഴിയുക. റാട്ട്  പിരി മേഖലയിൽ അഞ്ചുതെങ്ങു തുടങ്ങിയ പ്രദേശങ്ങളിൽ കൂലിവേല ബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു  മുഖ്യമായും ഉൽപാദനം നടന്നിരുതെങ്കിൽ വൈക്കം തുടങ്ങിയ പ്രദേശങ്ങളിൽ കുടുംബവേലയ്ക്കായിരുന്നു  പ്രാമുഖ്യം. 1955ൽ തിരുവനന്തപുരം ജില്ലയിൽ 65 ശതമാനം റാട്ട് പിരി സ്ഥാപനങ്ങൾക്കും 3 റാട്ടിലധികം ഉണ്ടായിരുന്നപ്പോൾ ആലപ്പുഴ ജില്ലയിൽ 97 ശതമാനം സ്ഥാപനങ്ങൾക്കും ഒുന്നും  രണ്ടും റാട്ട് കൾ മാത്രമാണുണ്ടായിരുന്നത്. സഹകരണസംഘങ്ങളിലും കേന്ദ്രീകൃത ഉൽപാദനം ഉണ്ടായിരുന്നില്ല. അവ കേവലം മാർക്കറ്റിംഗ്  ഏജൻസികൾ മാത്രമായിരുന്നു .അതേസമയം പായ് നെയ്ത്ത് വൻകിട നിർമ്മാണശാലകളിൽ കൂടുതൽ സംഘടിത രൂപം കൊണ്ടിരുന്നു . സാങ്കേതിക അടിത്തറയുടെ  ആവശ്യകതയേക്കാളേറെ ആദ്യകാല നെയ്ത്തുശാലകളുടെ ഒറ്റപ്പെട്ട സ്വഭാവത്തിന്റെ പ്രതിഫലനമായിരുന്നു അവയുടെ വലിപ്പം. വിദേശ മൂലധനത്തിന് ഏറ്റെടുക്കാൻ ഒരു തദ്ദേശീയ കയർ നെയ്ത്തു തൊഴിൽ പ്രക്രിയ ഇവിടെ ഇല്ലായിരുന്നു . മിറച്ച് ഒരു പുതിയ തൊഴിലാളി വിഭാഗത്തെയും തൊഴിൽ പ്രക്രിയയെയും സൂക്ഷ്മനിയന്ത്രണത്തിലൂടെ ചി'പ്പെടുത്തേണ്ടിയിരുന്നു . അമ്പതുകളായപ്പോഴേയ്ക്കും വൻകിട വ്യവസായശാലകൾ കൂടാതെ ആലപ്പുഴയുടെ ഗ്രാമപ്രദേശങ്ങളിൽ വിപുലമായ ചെറുകിട നിർമ്മാണശാലകളുടെ ഒരു മേഖലയും രൂപം കൊണ്ടുകഴിഞ്ഞിരുന്നു . കയറ്റുമതിക്കു മുതലാളിമാരെ സംബന്ധിച്ചടത്തോളം ഈ ചെറുകിട മേഖലയിൽ ഉൽപാദനം നടത്തുന്നതായിരുന്നു  കൂടുതൽ ലാഭകരം. 

4.    കച്ചവട മൂലധന മേധാവിത്തം
ഇത്തരത്തിൽ ചിന്നിച്ചിതറി കിടിരുന്ന  ചെറുകിട ഉൽപാദനകരുടെ ഉൽപാദനം വിദേശ കമ്പോളത്തിനു വേണ്ടിയായിരുന്നു . സ്വാഭാവികമായും ഈ വികേന്ദ്രീകരിച്ച ഉൽപാദനവ്യവസ്ഥയെ വിദേശ കമ്പോളവുമായി ബന്ധിപ്പിക്കുന്നതിന് വിപുലമായ ഒരു കച്ചവടശൃംഖല തന്നെ വേണ്ടിവന്നു . ഏറ്റവും മുകളിൽ കൈവിരലിൽ എണ്ണാവുന്ന  കയറ്റുമതികമ്പനികൾ, അവർക്കു താഴെ ബ്രോക്കർമാർ, ഏജന്റുമാർ, മൊത്തക്കച്ചവടക്കാർ. ഇങ്ങനെ അവസാനം ഗ്രാമത്തിലെ ചെറുകിട കച്ചവടക്കാരിലവസാനിക്കുന്ന  ഒരു നീണ്ട ചങ്ങല. കയർ വ്യവസായത്തിൽ കുപ്രസിദ്ധമായ വിലകളുടെ ചാഞ്ചാട്ടങ്ങളിൽ ഇവരുടെ ഊഹക്കച്ചവടവും മത്സരവും വഹിച്ചിരുന്ന  പങ്ക് ചെറുതല്ലായിരുന്നു . ഇതുപോലെതന്നെ കായലോര പ്രദേശത്തു കേന്ദ്രീകരിച്ചിരുന്ന  ഉൽപാദകർക്ക് കേരളത്തിന്റെ നാനാഭാഗത്തുനിന്നും  തൊണ്ടെത്തിച്ചു കൊടുക്കുന്നതിനു അസംസ്‌കൃതവസ്തു കമ്പോളത്തിലും മറ്റൊരു കച്ചവട ശൃംഖല രൂപം കൊണ്ടിരുന്നു . ഈ ശൃംഖലയുടെ നിയന്ത്രണം തൊണ്ടിന്റെ മൊത്തക്കച്ചവടക്കാരിലായിരുന്നു . അറുപതുകളുടെ ആദ്യം, ആറാട്ട്പുഴ കയർമേഖലയിൽ ഒരൊറ്റ തൊണ്ടു കച്ചവടക്കാരന്റെ ചീക്കുഴികളിലായിരുന്നു ആ മേഖലയിലെ മൊത്തം അഴുക്കിയിരുന്ന  തൊണ്ടിന്റെ പകുതിയിലധികവും എന്നു  പറയുമ്പോൾ ഈ മേഖലയിലെ കേന്ദ്രീകരണത്തെക്കുറിച്ചൂഹിക്കാമല്ലോ.  
കയർ കമ്പോളത്തിലെ കയറ്റുമതി കുത്തകക്കാരുടെയും തൊണ്ടു കമ്പോളത്തിലെ അഴുക്കൽ കുത്തകക്കാരുടെയും ഇരുമുഖാക്രമണത്തിനിടയിൽ ചെറുകിട ഉൽപാദകരും തൊഴിലാളികളും ഞെരിഞ്ഞമർന്നു . കയർ  വർക്കേഴ്‌സ് സെന്ററിന്റെ കണക്കുപ്രകാരം കയർ ഉൽപാദനത്തിന്റെ മൊത്തം വരുമാനത്തിൽ അറുപതു ശതമാനത്തോളം വിവിധ കച്ചവട  ഇടത്തട്ടുകാരാണ് കൈവശപ്പെടുത്തിയിരുന്നത്. ഇത് അതിശയോക്തിപരമാണെന്നു  കരുതുന്നവർ 1953ലെയോ 1963ലെയോ മിനിമം കൂലി നിർണയകമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ഒന്ന്  പരിശോധിച്ചു നോക്കിയാൽ മതിയാകും. 1963ലെ കമ്മിറ്റി റിപ്പോർട്ടു പ്രകാരം മലബാറിലെ കയറുൽപ്പാദനത്തിലെ വരുമാനത്തിൽ 50 ശതമാനത്തിലേറെ വിവിധ വിഭാഗം കച്ചവടക്കാരായിരുന്നു  തട്ടിയെടുത്തിരുന്നത്. ചുരുക്കത്തിൽ കച്ചവടമൂലധനത്തിന്റെ സർവാധിപത്യമായിരുന്നു  ഈ രംഗത്താകെ. 

5.    പട്ടിണി കൂലി
പിന്നാക്ക സാങ്കേതികവിദ്യയുടെയും താഴ്ന്ന  ഉൽപാദനക്ഷമതയും കച്ചവടക്കാരുടെ രൂക്ഷമായ ചൂഷണവും വ്യവസായത്തിൽ അധ്വാനിക്കുന്ന വരുടെ നിലയെ ഏറ്റവും പരിതാപകരമാക്കിത്തീർത്തു. 1964ൽ മുഴുവൻ ദിവസവും പണിയെടുക്കുന്ന  ഒരു കൈപ്പിരി തൊഴിലാളിക്കു ലഭിച്ചിരുന്ന  ദിവസവരുമാനം കയർ ബോഡ് കണക്കുപ്രകാരം എത്രയായിരുന്നു  എന്നു  നോക്കൂ. പച്ച ചൂടി - 21 പൈസ. വൈക്കം കയർ - 37 പൈസ, കടപ്പുറം കയർ - 38 പൈസ, ബേപ്പൂർ കയർ - 60 പൈസ, കൊയിലാണ്ടി കയർ  45 പൈസ, വണ്ണൻ കയർ - 42 പൈസ! റാട്ട്  പിരി മേഖലയിൽ പ്രത്യേകിച്ച് കൂടുതൽ കേന്ദ്രീകൃത ഉൽപദാനവ്യവസ്ഥ നിലവിലിരുന്ന  തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി  ഇത്രമാത്രം ശോചനീയമായിരുന്നില്ല. എന്നാൽ കൊച്ചി പ്രദേശത്തെ റാട്ട്പിരി മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് 1953-ലെ മിനിമം കൂലിനിര്‍ണയ കമ്മിറ്റിയുടെ വിവരണം വായിക്കൂ.
"സാധാരണഗതിയില്‍ തൊഴിലാളികള്‍ കാലത്ത് കുറച്ചു കട്ടന്‍ചായയും കുടിച്ച് ജോലി സ്ഥലത്തു പോകുന്നു . ഉച്ചയ്ക്ക് അവര്‍ കപ്പയും എള്ളിന്‍ പിണ്ണാക്കും കൊണ്ട് പശിയടക്കുന്നു . രാത്രി വീട്ടില്‍ വന്നാല്‍ കഞ്ഞിവെളളവും ബാക്കി പറ്റും കഴിച്ച് തൃപ്തിയടയുന്നു . കീറിപ്പറിഞ്ഞ പഴന്തുണികളായിരുന്നു  അവര്‍ ധരിച്ചിരുന്നത്. 16-20 വയസു പ്രായമുളള പെണ്‍കുട്ടികള്‍ പോഷകാഹാരങ്ങള്‍ ഇല്ലാതെ വളര്‍ച്ച മുരടിച്ചു പേക്കോലങ്ങളായി മാറിയിരുന്നു . കഠിനാധ്വാനവും പട്ടിണിയും മൂലം 25നും 30നും ഇടയ്ക്കു പ്രായമുളള സ്ത്രീകള്‍ക്ക് 40നും 50നും ഇടയ്ക്ക് പ്രായം തോന്നിച്ചിരുന്നു . പൊതുവേ വെളുപ്പിന് മൂന്നോ  നാലോ മണിക്ക് പണി തുടങ്ങുന്നു . ഉച്ചയ്ക്കല്‍പം വിശ്രമം കഴിച്ചാല്‍ വൈകുന്നേരം  അഞ്ചരയ്‌ക്കോ ആറു മണിക്കോ ആണ് പണി അവസാനിപ്പിക്കുക. ഈ അധ്വാനത്തിന് അവര്‍ക്കു ലഭിച്ചിരുന്ന  വരുമാനം ഒരു രൂപ അല്ലെങ്കില്‍ ഒന്നെകാല്‍ രൂപ മാത്രമായിരുന്നു" . ചുരുക്കത്തില്‍ പട്ടിണിക്കൂലിക്കാരുടെ ദാരിദ്ര്യത്തിനു മുകളില്‍ കെട്ടിയുയര്‍ത്തിയ, തൊണ്ടു മൊത്തക്കച്ചവടക്കാരും കൂറ്റന്‍ കയറ്റുമതി കമ്പനികളും ആധിപത്യം പുലര്‍ത്തിയ, കച്ചവടക്കാരുടെ ഒരു മഹാസൗധമായിരുന്നു , നമ്മുടെ കയര്‍ വ്യവസായം. 

III

പ്രതിരോധവും പ്രത്യാഘാതങ്ങളും
അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഒന്നും  ഉണ്ടായില്ലെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം പ്രത്യേകിച്ച് അറുപതുകള്‍ മുതല്‍ മുകളില്‍ വിവരിച്ച ചിത്രത്തിന് പല ഭാവഭേദങ്ങളും വന്നു  ചേര്‍ന്നു .

1.    ട്രേഡ് യൂണിയനുകള്‍

പരമ്പരാഗത സാങ്കേതികവിദ്യയുടെയും അതിനെ അടിസ്ഥാനമാക്കിയുളള വ്യാവസായിക സൗധത്തിന്റെയും  അടിത്തറ തൊഴിലാളികളുടെ പട്ടിണിക്കൂലിയായിരുന്നു  എന്നു  നാം കണ്ടു . കൂലി എത്ര കുറയ്ക്കാം? അധ്വാനഭാരം എത്ര കൂട്ടാം ? അധ്വാനസമയം എത്ര നീട്ടാം ?  ഇവയ്‌ക്കെല്ലാം പരിധി പ്രകൃതി നിയമങ്ങള്‍ മാത്രമായിരുന്നു . ഇത്തരത്തിലുളള കേവലമായ ചൂഷണത്തിന് സാമൂഹ്യപരിധികള്‍ നിര്‍ണയിക്കപ്പെട്ടു  എന്നതാണ് കഴിഞ്ഞ മുപ്പതുവര്‍ഷക്കാലത്തിനിടയില്‍ വ്യവസായത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട  സംഭവവികാസങ്ങളിലൊന്ന് . സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഏറ്റവും പ്രാകൃതമായ ചൂഷണരീതികള്‍ക്കും കയറ്റുമതിക്കാരുടെ മത്സരം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന  കൂലി വെട്ടിക്കുറയ്ക്കലുകള്‍ക്കുമെതിരെ സമരം ചെയ്തുകൊണ്ട് കയര്‍ നെയ്ത്തു മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തി പ്രാപിച്ചിരുന്നു . കയര്‍ പിരിമേഖലയില്‍ ഈ വളര്‍ച്ചയുണ്ടായത് സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം മാത്രമാണ്. ട്രേഡ് യൂണിയന്‍ സമ്മര്‍ദ്ദങ്ങളുടെ ഫലമായി 1956ല്‍ കയര്‍ പിരി മേഖലയില്‍ മിനിമം കൂലി നിശ്ചയിക്കപ്പെട്ടു . 1963ല്‍ മിനിമം കൂലി മലബാറിനെയും കൂടി ഉള്‍പ്പെടുത്തി പുതുക്കി നിശ്ചയിക്കപ്പെട്ടു . 1971ല്‍ വീണ്ടും കൂലി വര്‍ദ്ധിപ്പിക്കപ്പെട്ടു . 1956നും 1971നും ഇടയ്ക്കു മിനിമം കൂലി ഇരട്ടിയിലധികം ഉയര്‍ന്നു . ജീവിത വിലസൂചികയുമായി കൂലി ബന്ധിക്കപ്പെട്ടു .

2.    വികേന്ദ്രീകരണം
എന്നാല്‍ ഇവയൊന്നും  തൊഴിലാളികള്‍ അസംഘടിതമായിരുന്ന ചെറുകിടമേഖലയില്‍ താരതമ്യേനെ നടപ്പാക്കപ്പെട്ടില്ല. ഇവിടങ്ങളില്‍ ചൂഷണത്തിനെതിരെയുളള സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ ദുര്‍ബലമായിരുന്നു . തന്മൂലം സംഘടിതമേഖലയിലും അസംഘടിത ചെറുകിട മേഖലയും തമ്മിലുളള സേവന വ്യവസ്ഥ കൂലി അന്തരങ്ങള്‍ ഏറിവന്നു .മിനിമം കൂലി പ്രായേണ വലിയ സ്ഥാപനങ്ങളിലെ സംഘടിത  തൊഴിലാളികള്‍ക്കേ നേടാന്‍ കഴിഞ്ഞുളളൂ. 1978ല്‍പ്പോലും ഈ വ്യത്യാസങ്ങള്‍ ട്രേഡ് യൂണിയനുകള്‍ ഏറ്റവും ശക്തിപ്രാപിച്ച അഞ്ചുതെങ്ങു പ്രദേശത്തുപോലും കാണാന്‍ കഴിഞ്ഞു.എന്നാല്‍ സാങ്കേതികവിദ്യയില്‍ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ തമ്മില്‍ യാതൊരു അടിസ്ഥാന വ്യത്യാസവും ഇല്ലായിരുന്നതിനാല്‍ അവ തമ്മില്‍ ഉല്‍പാദന ക്ഷമതയുടെ കാര്യത്തില്‍ ചിട്ടയായ യാതൊരു ബന്ധവും ഉണ്ടായിരുന്നി ല്ല. കയര്‍ പിരിമേഖലയിലും നെയ്ത്തു മേഖലയിലുമൊക്കെ ഇതുതന്നെ ആയിരുന്നു  സ്ഥിതി.

ചുരുക്കത്തില്‍ കൂടുതല്‍ കൂടുതല്‍ ചെറുകിട മേഖലയിലേയ്ക്ക് ഉല്‍പദാനത്തെ മാറ്റുന്നതായിരുന്നു  എന്തുകൊണ്ടും മൂലധനത്തിന് ലാഭകരം. കയര്‍ നെയ്ത്തു മേഖലയില്‍ വന്‍കിട വ്യവസായശാലകള്‍ ഒന്നൊന്നായി അടച്ചുപൂട്ടപ്പെട്ടു .ഉല്‍പാദനം ക്രമേണെ പരിപൂര്‍ണമായി കുടില്‍ വ്യവസായമായി. 

കയര്‍പിരിമേഖലയിലും വികേന്ദ്രീകരണം ശക്തിപ്പെട്ടു  കൈപ്പിരി മേഖലയില്‍ കേന്ദ്രീകൃത കൂലിവേല ഉല്‍പാദന സമ്പ്രദായം തന്നെ അപ്രത്യക്ഷമായി എന്ന്  വേണമെങ്കില്‍ പറയാം. 1961ല്‍ കൈപ്പിരിക്കാരില്‍ കേവലം 9 ശതമാനം ആളുകള്‍ മാത്രമേ കൂലിവേലക്കാരായിട്ട്  ഉണ്ടായിരുുളളൂ. 1955ല്‍ 20 തൊഴിലാളികളില്‍ കൂടുതല്‍ വേല ചെയ്തിരുന്ന  1000ല്‍പ്പരം റാട്ട് പിരി സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു . 1976ല്‍ ആവട്ടെ  കയര്‍ സഹകരണ സംഘങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം 550ല്‍ താഴെയേ വരികയുളളൂ.

ചുരുക്കത്തില്‍ ഈ കാലയളവില്‍ വ്യവസായ ഘടനയില്‍ വ്യാപകമായ വികേന്ദ്രീകരണം സംഭവിച്ചു. ഈ വികേന്ദ്രീകരണത്തെ സാമൂഹ്യസമ്മര്‍ദ്ദത്തോടുളള മൂലധനത്തിന്‌റെ പ്രതികരണമായിട്ട്  വേണം വീക്ഷിക്കാന്‍. 

3.    യന്ത്രവത്കരണം

ക്രമേണെ വികേന്ദ്രീകൃത മേഖലയില്‍പ്പോലും തൊഴിലാളികള്‍ സംഘടിതരായി തീര്‍ന്നു . കൂലിയും ഉയര്‍ന്നു . അങ്ങനെ പരമ്പരാഗത സാങ്കേതികവിദ്യയുടെ, പട്ടിണികൂലിയുടെ അടിത്തറ തകര്‍ന്നു . ഇനി പഴയ ലാഭത്തോത് നിലനിര്‍ത്തണമെങ്കില്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചേ സാധ്യമാകൂ എന്ന  പുതിയ സാഹചര്യം നിലവില്‍വന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് കയര്‍ വ്യവസായത്തില്‍ വ്യാപകമായ യന്ത്രവത്കരണം നടപ്പായിത്തുടങ്ങിയത്. 

യന്ത്രവത്കരണത്തിനുളള ശ്രമങ്ങള്‍ കയര്‍ വ്യവസായത്തില്‍ പുതുതല്ല. മുപ്പതുകളില്‍ കച്ചവട മത്സരം രൂക്ഷമായപ്പോള്‍ ചില യൂറോപ്യന്‍ കമ്പനികള്‍ ആലപ്പുഴയില്‍ യന്ത്രത്തറി സ്ഥാപിക്കാന്‍ ശ്രമിക്കുകയുണ്ടായി. ആ പരിശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. മദിരാശി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്  പ്രകാരം കൈത്തറിയോടു മത്സരിക്കാന്‍ പവര്‍ലൂമിനു കഴിയുമായിരുില്ല. ഇതു ശരിവെച്ചുകൊണ്ട് കൊച്ചി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളും ഉണ്ട് . പല ഇനങ്ങളിലും എഴുപതുകളില്‍പ്പോലും ഇതായിരുന്നു  അവസ്ഥാവിശേഷം.  

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫോറിന്‍ ട്രേഡ് നടത്തിയ ഒരു പഠനത്തിന്റെ കണക്കുകളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്ന  രസകരമായ വസ്തുത 1970ല്‍പോലും ക്രീല്‍ മാറ്റിന്റെ രംഗത്ത് യന്ത്രത്തറിയ്ക്ക് വികേന്ദ്രീകരണ മേഖലയിലെ കൈത്തറിയോടു മത്സരിക്കാന്‍ കഴിഞ്ഞില്ല എന്നാണ്. ഒരു ഷിഫ്റ്റ് മാത്രം പ്രവര്‍ത്തിക്കുന്ന  യന്ത്രത്തറി ഫാക്ടറിയും വന്‍കിട കൈത്തറി നെയ്ത്തുശാലയും തമ്മില്‍ ഉല്‍പാദനച്ചെലവില്‍ ഉണ്ടായിരുന്ന  അന്തരം 16 ശതാനം മാത്രമായിരുന്നു . കുടില്‍ വ്യവസായമേഖലയിലെ കൈത്തറിയുടെ ഉല്‍പാദനച്ചെലവ് വന്‍കിട നെയ്ത്തുശാലയേക്കാള്‍ വളരെ കുറവായിരുന്നു  എന്നുകൂടി ചേര്‍ത്തു വായിക്കുക. 

എന്നാല്‍ ചെറുകിട മേഖലയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും കൂലി വര്‍ധനയും ഈ സ്ഥിതി മാറ്റി. മാത്രമല്ല, ട്രേഡ് യൂണിയനുകളുടെ വിജയം ഇതുവരെ കയറ്റുമതിക്കു പൂര്‍ണമായി കീഴടങ്ങി പ്രവര്‍ത്തിച്ചിരുന്ന  ചെറുകിട ഉല്‍പാദകരെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ സംഘടിതരാക്കുവാന്‍ നിര്‍ബന്ധിച്ചു. ഇവരുടെ പ്രക്ഷോഭം മൂലം പൂര്‍ണമായ നിയമാനുസൃത കൂലി നിരക്കിനെ അടിസ്ഥാനമാക്കിയുളള മിനിമം വിലകള്‍ ചെറുകിടക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിജപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിവന്നു . അങ്ങനെ വികേന്ദ്രീകരിച്ച ഉല്‍പാദനവ്യവസ്ഥയുടെ കീഴില്‍പ്പോലും കൈത്തറിയുടെ ലാഭസാധ്യതകള്‍ കൊട്ടിയടയ്ക്കപ്പെട്ടു . 

ഇതുമൂലം അന്‍പതുകളില്‍ കൂലി ഏകീകരണക്കാലത്ത് യന്ത്രവത്കരണത്തിനെതിരെ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതിരുന്നപ്പോള്‍പോലും യന്ത്രക്കുറിച്ച് ചിന്തിക്കാതിരുന്ന  മുതലാളിമാരില്‍ തയ്യാറും വിഭവശേഷിയുമുളള ചിലര്‍ ഇന്ന്‍  യന്ത്രത്തറിയുടെ അടിസ്ഥാനത്തില്‍ വ്യവസായത്തെ പുനഃസംഘടിപ്പിക്കുതിനായി മുന്നോട്ടു വന്നു .തൊണ്ടുമില്ലു സാങ്കേതികവിദ്യ വളരെ പണ്ടേ ലഭ്യമായ ഒന്നാണ്. ശ്രീലങ്കയിലും മറ്റും ഉണക്കത്തൊണ്ടു ചകിരിയുണ്ടാക്കാന്‍ യന്ത്രങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ വകഭേദങ്ങള്‍ കേരളത്തില്‍ ലഭ്യമായിരുന്നു . 
തൊണ്ടുതല്ലു മില്ലുകളോട് ഒരെതിര്‍പ്പുമില്ലാതിരുന്ന  അമ്പതുകളില്‍പ്പോലും കൈവിരലുകളിലെണ്ണാവുന്നതേ കേരളത്തിലുണ്ടായിരുന്നുളളൂ. എന്നാല്‍ അറുപതുകളുടെ മധ്യത്തില്‍ മിനിമം കൂലി നടപ്പാക്കുന്നതിനു വേണ്ടിയുളള ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആരംഭിക്കാന്‍ തുടങ്ങിയതോടെയാണ് വ്യാപകമായി സ്ഥാപിക്കാന്‍ തുടങ്ങിയത്. അക്കാലത്തെ തൊണ്ടുമില്ലുകളുടെയും കൈത്തല്ലിന്റെയും ഉല്‍പാദനച്ചെലവ് ഞാന്‍ താരതമ്യപഠനം നടത്തിയപ്പോള്‍ എടുത്തു പറയത്തക്ക ഒരു വ്യത്യാസവും കണ്ടെത്താനായില്ല. എന്നാല്‍ തൊണ്ടുമില്ലുകള്‍ വരുന്നതോടു കൂടി വന്‍കിട കയര്‍പിരി മുതലാളിമാര്‍ക്ക് അവരുടെ കീഴില്‍ പണിക്കു നിര്‍ത്തേണ്ട തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമായിരുന്നു . ശക്തിപ്പെട്ട് വരുന്ന  ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ അവരെ സംബന്ധിച്ചിടത്തോളം ഈയൊരു മാറ്റം അത്യന്താപേക്ഷിതമായിരുന്നു. 

4.    സഹകരണ പ്രസ്ഥാനം
വികേന്ദ്രീകണത്തിനും ഇടത്തട്ടുകാരുടെ അനിയന്ത്രിത ചൂഷണത്തിനുമുളള പ്രതിവിധിയായി സഹകരണപ്രസ്ഥാനം ശക്തിപ്രാപിച്ചു. സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തെ മൂന്ന്  ഘട്ടങ്ങളായി തിരിക്കാം. സ്വാതന്ത്ര്യത്തിനു മുമ്പ് മലബാറില്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച സഹകരണ പരീക്ഷണങ്ങളാണ് ഒന്നാം  ഘട്ടത്തിലുളളത്. 1950ല്‍ തിരുകൊച്ചി സര്‍ക്കാരിന്റെ കയര്‍ സഹകരണസ്‌കീം രണ്ടാംഘട്ടത്തിന്റെ തുടക്കത്തെ കുറിക്കുന്നു . ചെറുകിട ഉല്‍പാദകരുടെയും തൊണ്ടുകച്ചവടക്കാരുടെയും സഹകരണസംഘങ്ങളായിരുന്നു  രൂപീകരിക്കപ്പെട്ടത്. സര്‍ക്കാര്‍ ഫണ്ടുകള്‍ തിരിമറി ചെയ്യുന്നതിനും കൂടുതല്‍ സംഘടിതമായി തൊഴിലാളികളെ ചൂഷണം ചെയ്യുതിനുമുളള മറയായി തീര്‍ന്നതോടെ ഈ സംരംഭം പരാജയപ്പെട്ടു  . ഏന്തിവലിഞ്ഞുകൊണ്ടിരുന്ന  സഹകരണപ്രസ്ഥാനത്തെ അഴിച്ചു പണിയാനുളള പരിശ്രമങ്ങള്‍ അറുപതുകളുടെ അവസാനം തുടങ്ങി. 1967ലെ കയര്‍ പുനഃസംഘടനാ സ്‌കീമോടു കൂടി കയര്‍ സഹകരണപ്രസ്ഥാനത്തിന്റെ മൂന്നാം ഘട്ടം  ആരംഭിക്കുകയായി. കയര്‍ സഹകരണസംഘങ്ങള്‍ തൊഴിലാളികളുടെ സഹകരണസംഘങ്ങളായി രൂപാന്തരപ്പെട്ടു . ഇവയില്‍ ക്രമേണെ നേരിട്ടുളള ഉല്‍പാദനത്തിന് മുന്‍തൂക്കം വന്നു ചേര്‍ന്നു. കയര്‍പിരി മേഖലയിലെ സര്‍ക്കാര്‍ നയങ്ങളുടെ കേന്ദ്രബിന്ദുവായി ഇതോടെ സഹകരണ പ്രസ്ഥാനങ്ങള്‍ മാറി. എന്നിരുന്നാല്‍ ത്തന്നെയും സഹകരണ പ്രസ്ഥാനത്തിന് വ്യവസായത്തിലെ ഭൂരിപക്ഷം തൊഴിലാളികളെയും ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല.  


IV
മുര്‍ച്ഛിക്കുന്ന  വ്യവസായ പ്രതിസന്ധി- എഴുപതുകളും എണ്‍പതുകളും

അറുപതുകള്‍ മുതല്‍ കയറ്റുമതിയില്‍ മുരടിപ്പ് അനുഭവപ്പെട്ട് തുടങ്ങി. എഴുപതുകളില്‍ കയറ്റുമതിക്കമ്പോളത്തിലെ ഇടിവ് ഒരു പ്രവണതയായി അംഗീകരിക്കപ്പെട്ടു . താഴെ പട്ടിക ഒന്നില്‍ കാണുന്നതുപോലെ കയര്‍ യാണിന്റെ കയറ്റുമതി മുപ്പതുകളുടെ മധ്യത്തെ അപേക്ഷിച്ച് എണ്‍പതുകളുടെ മധ്യമായപ്പോഴേയ്ക്കും എഴുപതുശതമാനം കുറഞ്ഞു. 1935-36/1938-39 കാലത്ത് ഏതാണ്ട് ശരാശരി 50,000 ണ്‍ കയറ്റുമതി ചെയ്തിരുന്ന  കാലത്ത് 1980-81/1982-83ല്‍ യാണിന്റെ കയറ്റുമതി 16000 ടണ്ണായി കുറഞ്ഞു. കയറ്റുപായയുടെ കയറ്റുമതിയിലും കുത്തനെ ഇടിവുണ്ടായി. ഇതേ കാലയളവില്‍ ഏതാണ്ട് അറുപതു ശതമാനമാണ് പായ കയറ്റുമതി കുറഞ്ഞത്. തടുക്കിന്റെ കാര്യത്തില്‍ അറുപതുകളുടെ അവസാനം വരെ മുന്നേറ്റമുണ്ടായി. മുപ്പതുകളുടെ മധ്യത്തെ അപേക്ഷിച്ച് ഏതാണ്ട് 65 ശതമാനം വര്‍ദ്ധന. പക്ഷേ, എണ്‍പതുകള്‍ ആയപ്പോഴേയ്ക്കും കയറ്റുമതി അതിവേഗം പുറകോട്ട്  പോയി. മൊത്തത്തില്‍ കയറിന്റെ കയറ്റുമതിയില്‍ മുപ്പതുകളെ അപേക്ഷിച്ച് നാല്‍പതു ശതമാനം കുറവുണ്ടായി. (പട്ടിക  ഒന്ന്  കാണുക)

കാലം
കയര്‍
മൊത്തം കയറുല്‍പ്പന്നങ്ങള്‍
തടുക്ക്
പായ്
1935-36/1938-39
100.00
100.00
100.00
100.00
1946-47/1949-50
79.25
95.16
85.92
101.17
1950-51/1954-55
99.04
84.38
100.21
74.08
1955-56/1959-60
101.72
81.20
129.76
49.63
1960-61/1964-65
107.81
77.83
158.01
25.70
1965-66/1969-70
86.16
78.63
165.83
22.03
1970-71/1974-75
59.16
79.51
144.22
37.44
1975-76/1979-80
48.05
80.62
117.20
56.84
1980-81/1982-83
31.79
60.39
87.71
43.27
ണ്‍ കണക്കിന്
1935-36/1938-39
49,934
22,548
8,683
13,866
1980-81/1982-83
15778
13616
7,616
6000

1960ല്‍ മൊത്തം അന്താരാഷ്ട്ര കയര്‍ വ്യാപാരം ഒരലക്ഷം ടണ്ണായിരുന്നു . ഇന്ത്യയില്‍ നിന്നുളള കയറ്റുമതി 0.7 ലക്ഷം ടണ്ണായിരുന്നു . 1964 മുതല്‍ ലോകവ്യാപാരത്തില്‍ ഇന്ത്യയുടെ പങ്കു കുറഞ്ഞു തുടങ്ങി. 1974ല്‍ ലോക കയര്‍ വ്യാപാരം 1.7 ലക്ഷം ടണ്ണായിരുന്നു . ഇന്ത്യയില്‍നിന്നുളള കയറ്റുമതി 0.4 ലക്ഷം ടണ്ണും. ഇന്ത്യയുടെ ഓഹരി 46 ശതമാനത്തില്‍ നിന്ന്  26 ശതമാനമായി കുറഞ്ഞു. ലോകവ്യാപാരത്തില്‍ കൂടുതല്‍ അഭിവൃദ്ധിപ്പെട്ടത് ഉണക്കത്തൊണ്ടില്‍ നിന്നുളള തവിട്ട് കയറാണ്. വ്യവസായ ആവശ്യം മൂലം തവിട്ട്  ചകിരിയുടെ വ്യാപാരമാണ് വര്‍ദ്ധിച്ചത്. മറ്റൊരു രാജ്യത്തുനിന്നും  വെള്ളക്കയര്‍ കയറ്റുമതി ചെയ്യാത്തതുകൊണ്ട് ഈ മേഖലയില്‍ ഇന്ത്യയുടെ കുത്തക തുടര്‍ന്നുവെന്ന്  പറയാം. പക്ഷേ, നാം കണ്ടതുപോലെ വെള്ളക്കയറിന്റെയും കയറ്റുമതി കേവലമായി കുറയുകയാണുണ്ടായത്.
ഈ പശ്ചാത്തലത്തില്‍ കയര്‍ വ്യവസായത്തില്‍ യന്ത്രവത്കരണം അനിവാര്യമാണെുളള ചിന്ത പ്രകടമായി. ഒട്ടേറെ  പഠനറിപ്പോര്‍ട്ടുകള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. അവയില്‍ പ്രമുഖമായവയുടെ പേരു താഴെ കൊടുക്കുന്നു .

എം വി പൈലിയുടെ A Study of Coir Industry in Kerala, 1973,അടാക്ടിന്റെ വിശദമായ മൂന്ന്  വാല്യങ്ങള്‍ വരുന്ന  Coir Promotion Survey, 1975, , കേരളത്തിലെ പ്ലാനിംഗ് ബോഡിന്റെ പഠനമായ Report of the Study Group on Mechanization of Coir Industry in Kerala, 1973, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ട്രേഡിന്റെ രണ്ടു വാല്യം വരുന്ന Survey of India’s Export Potential of Coir and Coir Based Products, 1971, , അവരുടെ തന്നെ Reprot of the Working Group for Studying the Prospects of Setting up Mechanised Coir Units, 1974, എം എന്‍ വി നായരുടെ Coir Industry, A Study of its Structure and Organisation with Particular Reference to Employment in Kerala, 1977,  എന്നിവയാണ് പ്രമുഖം. ഈ റിപ്പോര്‍ട്ടുകളെല്ലാം യന്ത്രവത്കരണത്തിനുവേണ്ടി വാദിച്ചു. അവരുടെ വാദമുഖങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം. 

1.    യൂറോപ്പിലെ പവര്‍ലൂം വ്യവസായം അടച്ചുപൂട്ടലിന്റെ വക്കിലാണ്. അവരുടെ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി കേരളത്തില്‍ ഫാക്ടറികള്‍ സ്ഥാപിച്ചാല്‍ ചെലവും കുറവായിരിക്കും, വിദേശ കമ്പോളവും ലഭിക്കും. 

2.    കയറിന്റെയും തടുക്കിന്റെയും വിലയില്‍ അറുപതുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ കുത്തനെ ഉയരാന്‍ തുടങ്ങി. ഏതാണ്ടു രണ്ടു പതിറ്റാണ്ടുകാലം വലിയ മാറ്റമില്ലാതെ നിന്ന  വിലയാണ് ഇപ്രകാരം ഉയര്‍ന്നത്. ഇത് കയറ്റുമതിയെ ബാധിച്ചു. യന്ത്രവത്കരണത്തിലൂടെ വില പിടിച്ചു നിര്‍ത്താം. 

3.    ഗുണനിലവാരം മെച്ചപ്പെടും. 

4.    ഉല്‍പാദനക്ഷമത ഉയരുന്നതിന്റെ ഭാഗമായി തൊഴിലാളിയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട  കൂലി ലഭിക്കും. 

യന്ത്രവത്കരണ വാദങ്ങളെ പൊളിച്ചുകൊണ്ടുളള ഒരു റിപ്പോര്‍ട്ട് കേന്ദ്ര പ്ലാനിംഗ് കമ്മിഷന്റേതായി വന്നു . ഇന്ത്യയിലെ പവര്‍ലൂം എങ്ങനെ കൈത്തറിയെ തകര്‍ത്തു എന്ന  വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ എസ് ശിവരാമന്‍ തന്നെയായിരുന്നു  ഈ റിപ്പോര്‍ട്ടിന്റെയും അധ്യക്ഷന്‍.
(Report of the Task Force on Coir Industry, 1973). അദ്ദേഹത്തിന്റെ മറുവാദങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം. 

1.    ഇന്ത്യയില്‍ നിന്നുളള കയറുല്‍പങ്ങളുടെ വില ഉയര്‍ന്നു എന്നത്  ശരിതന്നെ എന്നാലിത് പാശ്ചാത്യരാജ്യങ്ങളുടെ പൊതുവിലക്കയറ്റത്തെക്കാളും താഴ്ന്നതാണ്. എന്നു മാത്രമല്ല, 1965-67കാലത്ത് ഇഇസി രാജ്യങ്ങളില്‍ നിന്നുളള കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വില ടണ്ണിന് 817 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ നിുളള കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിവില ടണ്ണിന് 425 ഡോളറേ വന്നുളളൂ. കയറ്റുമതിക്കാര്‍ തമ്മിലുളള രൂക്ഷമായ മത്സരം മൂലമാണ് ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ ഇത്ര കുറഞ്ഞ വിലയ്ക്കു വിറ്റഴിക്കേണ്ടി വരുന്നത് എന്നാണ് ശിവരാമന്‍ കമ്മിറ്റി എത്തിച്ചേര്‍ന്ന നിഗമനം. വിദേശനാണ്യം പിന്‍വാതിലിലൂടെ കൈക്കലാക്കാനും അണ്ടര്‍ ഇന്‍വോയിസിംഗ് നടത്തുുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. 

2.    മറ്റു രാജ്യങ്ങളിലെ കയറുല്‍പാദനം ഇന്ത്യയ്ക്കു ഭീഷണിയല്ല. കാരണം അവിടെ തവിട്ട്  കയറാണ് ഉല്‍പാദിപ്പിക്കുത്. 

3.    യന്ത്രവത്കരണം വഴി ഉല്‍പാദനച്ചെലവിലുണ്ടാകുന്ന  കുറവ് യൂറോപ്പിലെ റീട്ടെയില്‍ വിലകളെ വലുതായി ബാധിക്കില്ല. അത്ര ഉയര്‍ന്ന  മാര്‍ജിന്‍ ഇട്ടാണ് അവ അവിടെ വില്‍ക്കുത്. തൊണ്ടുതല്ലിലും കയര്‍ പിരിയിലും നിലവിലുണ്ടായിരുന്ന  യന്ത്രങ്ങള്‍ ഉപയോഗിച്ച്  പരിമിതമായ ഉല്‍പാദനച്ചെലവേ ലാഭിക്കാന്‍ കഴിയൂ. പവര്‍ലൂമിന്റെയും സ്ഥിതി ഇതുതന്നെയാണ്. അറുപതു ശതമാനം ഉല്‍പാദനച്ചെലവില്‍ കുറവുണ്ടാകും എന്നും  മറ്റുമുളള വാദത്തിന് ഒരടിസ്ഥാനവുമില്ല. പവര്‍ലൂമും കൈത്തറിയും തമ്മില്‍ 20 - 40 ശതമാനം അന്തരം  ഉണ്ടായേക്കാം. ഉയര്‍ന്ന വിലയല്ല, മാറിയ അഭിരുചിയാണ് കയറ്റുമതിയിടിവിന് കാരണമെന്നതിനാല്‍ ഉല്‍പാദനച്ചെലവിലുണ്ടാകുന്ന  ഈ മാറ്റത്തിന്റെ തോതില്‍ വരുമാനം വര്‍ദ്ധിക്കണമെന്നില്ല. 

4.    പവര്‍ലൂം അല്ല, ആധുനികമായ നെയ്ത്തു സമ്പ്രദായം. പഴയരീതിയിലുളള നെയ്ത്തും കെട്ടും  (വീവിംഗ് ആന്‍ഡ് നോട്ടിംഗ്) ചെലവേറെ കുറയ്ക്കുന്ന  ടഫ്റ്റഡ് കാര്‍പ്പറ്റ്, നീഡില്‍ ഫെല്‍റ്റ് കാര്‍പറ്റ് പുതിയ സാങ്കേതിക രീതികള്‍ക്കു വഴിമാറിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. 1971ല്‍ ജര്‍മ്മന്‍ പരവതാനി വ്യവസായത്തില്‍ തൊണ്ണൂറു ശതമാനവും ഇത്തരം പുതിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിക്കൊണ്ടുളളതാണ്. ശിവരാമന്‍ കമ്മിറ്റിയുടെ ഈ നിരീക്ഷണം വളരെ ശരിയാണെന്നു  ഇന്ന് തെളിഞ്ഞിട്ടുണ്ട് . 

5.    എല്ലാറ്റിലും ഉപരി യന്ത്രവത്കരണം വ്യാപകമായ തൊഴിലില്ലായ്മയ്ക്കു വഴി തെളിക്കും. യന്ത്രവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് അനുകൂല അഭിപ്രായമുളള എം വി പൈലി പോലും പിരി മേഖലയില്‍ യന്ത്രവത്കരണം തൊഴിലില്ലായ്മ രൂക്ഷമാക്കും എന്ന്  നിരീക്ഷിക്കുകയുണ്ടായി. തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ സാര്‍വത്രികമായാല്‍ 81562 തൊഴിലാളികള്‍ക്കു പണിയില്ലാതാകും. യന്ത്രം ചകിരിപിരി മേഖലയില്‍ നിന്ന്  180068 തൊഴിലാളികളെ പുറന്തളളും.  തടുക്കു മേഖലയില്‍ 9000 തൊഴിലാളികള്‍ക്കു പണി നഷ്ടപ്പെടും. പായ്‌നെത്തു മേഖലയില്‍ ഇന്നുളളതിന്റെ പത്തുശതമാനം തൊഴിലാളികള്‍ മതിയാകും. 

ട്രേഡ് യൂണിയനുകളെ സംബന്ധിച്ചിടത്തോളം യന്ത്രവത്കരണം സൃഷ്ടിക്കുന്ന  തൊഴിലില്ലായ്മയാണ് കേന്ദ്രപ്രശ്‌നം. യന്ത്രവത്കരണം നിലവിലുളള തൊഴിലാളികളില്‍ പകുതിപ്പേരുടെയെങ്കിലും പണി നഷ്ടപ്പെടുത്തുമെന്ന്  വ്യക്തമായിരുന്നു . ഇവര്‍ക്കു പകരം തൊഴിലവസരം നല്‍കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ ഒരു സ്‌കീമുമുണ്ടായിരുന്നില്ല. തന്മൂലം യന്ത്രവത്കരണ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ശക്തമായി യൂണിയനുകള്‍ ചെറുത്തു. അതുകൊണ്ടുതന്നെ ഈ നിര്‍ദ്ദേശങ്ങളൊന്നും  നടപ്പാക്കാനും കഴിഞ്ഞില്ല. എണ്‍പത്കളില്‍ കയറ്റുമതി തകര്‍ച്ച തുടര്‍ന്നു . നിലവിലുണ്ടായിരുന്ന തൊഴിലാളികളില്‍ ഗണ്യമായൊരു വിഭാഗം മറ്റു മേഖലകളിലേയ്ക്കു നീങ്ങേണ്ടി വന്നു . ഈ പശ്ചാത്തലത്തില്‍ രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കാതെ എന്തു സാങ്കേതിക നവീകരണം ആകാം എതു സംബന്ധിച്ച് 1987ലെ നായനാര്‍ സര്‍ക്കാര്‍ തോമസ് ഐസക് അധ്യക്ഷനും യൂണിയന്‍ പ്രതിനിധികള്‍ അംഗങ്ങളുമായി ഒരു കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റി പൊളളാച്ചി സന്ദര്‍ശിക്കുകയും അവിടെ നവീന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഉയര്‍ുവരുന്ന  മില്ലുകളുടെ പ്രവര്‍ത്തനം പഠിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനിയന്ത്രിതമായ സാങ്കേതിക നവീകരണത്തിന് പരിപാടി ആവിഷ്‌കരിക്കപ്പെട്ടു . 

1.    പരമ്പരാഗത കയര്‍ മേഖലകള്‍ക്കു പുറത്ത് പച്ചത്തൊണ്ട് ചകിരിമില്ലുകള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. ഇവ കഴിവതും സഹകരണാടിസ്ഥാനത്തിലാകണം. 

2.    കയര്‍പിരി മേഖലയില്‍ ഓട്ടോമാറ്റിക് സ്പിന്നിംഗ്  യന്ത്രങ്ങള്‍ വേണ്ട. എന്നാല്‍ ട്രെഡില്‍ റാട്ട്കളോ മോട്ടോര്‍ സ്പിന്നിംഗ്  യൂണിറ്റുകളോ ആകാം. 

3.    കയര്‍ നെയ്ത്തു മേഖലയില്‍ സെമി ഓട്ടോമാറ്റിക് ലൂമുകള്‍ ഉപയോഗിക്കാം. 

4.    തൊണ്ടിനുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം പരമ്പരാഗത ശേഖരണ വിതരണ സമ്പ്രദായങ്ങള്‍ ഇല്ലാതായി. കയര്‍പിരി മേഖലകളില്‍ കാറ്റുവീഴ്ച മൂലം തൊണ്ടുല്‍പാദനം വളരെ പരിമിതമായി. നാളികേര ഉല്‍പാദനം അഭിവൃദ്ധിപ്പെടുന്ന  മലയോരപ്രദേശങ്ങളില്‍ നിന്ന്‍  തൊണ്ടുകള്‍ കയര്‍മേഖലയിലേയ്ക്ക് ആകര്‍ഷിക്കുകയാണ് വേണ്ടത്. ഇതിന് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണം . തൊണ്ട് കുത്തകസംഭരണം ലെവി സമ്പ്രദായമായിട്ടാണ് പ്രവര്‍ത്തിച്ചിരുത്. എപതുകളായപ്പോഴേയ്ക്കും ഇതും മൃതാവസ്ഥയിലായി. ഈ സ്ഥിതിവിശേഷമെല്ലാം കണക്കിലെടുത്തുകൊണ്ട് തൊണ്ടു കമ്പോളത്തില്‍ നിന്നും  നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനും ഈ കമ്മിറ്റി നിര്‍ദ്ദേശിച്ചു. പകരം തൊണ്ടു ശേഖരണ സംഘങ്ങള്‍ രൂപീകരിക്കുകയും അവയ്ക്കു തൊണ്ടിന്റെ ട്രാന്‍സ്‌പോര്‍ട്ടെഷന്‍  സബ്‌സിഡി നല്‍കുകയുമാണ് വേണ്ടത്. 

5.    സഹകരണസംഘങ്ങളെ പുനരുദ്ധരിക്കണം. സഹകരണ സംഘങ്ങളാണ് സാങ്കേതിക നവീകരണത്തിന്റെ മുഖ്യവേദി. പുനരുദ്ധാരണത്തിനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി വെയ്ക്കുകയുണ്ടായി.


V
തൊണ്ണൂറുകളിലെ വീണ്ടെടുപ്പും സമകാലീന തകര്‍ച്ചയും

1980കളുടെ മധ്യമായപ്പോള്‍ കയറും കയറുല്‍പ്പന്നങ്ങളുടെയും കയറ്റുമതി ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന  വിതാനത്തിലെത്തിച്ചേര്‍ന്നു . 1985-86ല്‍ മൊത്തം കയറ്റുമതി 24672 ടണ്ണായിരുന്നു . 1950-51ല്‍ കയറ്റുമതി 79694 ടണ്ണായിരുന്നു  എന്നോര്‍ക്കണം. ഈ വ്യവസായ പ്രതിസന്ധി പുതിയൊരു വികസന തന്ത്രത്തിന് രൂപം നല്‍കുന്നതിന് പ്രേരകമായി. ഇതായിരുന്നു  കഴിഞ്ഞ ഖണ്ഡത്തില്‍ നാം ചര്‍ച്ച ചെയ്തത്. ഈ പുതിയ വികസന തന്ത്രം ഫലിച്ചുവെന്ന  തോന്നല്‍ തുടര്‍ന്നുളള ദശാബ്ദത്തിലുണ്ടായി. പട്ടിക 2 ല്‍ തുടര്‍ന്നുളള ദശാബ്ദങ്ങളിലെ പ്രധാനപ്പെട്ട ഇനം കയറിനങ്ങളുടെ കയറ്റുമതിത്തൂക്കവും പട്ടിക 3 ല്‍ കയറ്റുമതിയുടെ തുകയും കൊടുത്തിട്ടുണ്ട് . 

കയര്‍ യാണിന്റെ കയറ്റുമതിയില്‍ ചെറിയ തോതിലുളള വര്‍ദ്ധനയേ ഉണ്ടായുളളൂ. ഏതാണ്ട് 13000 ടണ്ണില്‍ നിന്ന്‍  രണ്ടായിരാമാണ്ട് ആയപ്പോഴേയ്ക്കും 15000 ടണ്ണായി ഉയര്‍ന്നു . എന്നാല്‍ കയര്‍ തടുക്കിന്റെ കയറ്റുമതിയില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനയുണ്ടായി. എണ്‍പതുകളുടെ  ആദ്യപകുതിയില്‍ തടുക്കിന്റെ കയറ്റുമതിയില്‍ ഏതാണ്ട് 7000 ടണ്ണായിരുന്നു .  ഇത് 2005-06/2009-10 ആയപ്പോഴേയ്ക്കും ഏതാണ്ട് 40000 ടണ്ണായി ഉയര്‍ന്നു . കയര്‍ വ്യവസായത്തിന്റെ സുവര്‍ണ കാലത്തു പോലും തടുക്കിന്റെ കയറ്റുമതി 15000 ടണ്ണില്‍ അധികരിച്ചിരുന്നില്ല  എന്നോര്‍ക്കണം. കയര്‍ പായയുടെ കയറ്റുമതി മുരടിച്ചുതന്നെ തുടര്‍ന്നു . എന്നാല്‍ ജിയോ ടെക്‌സ്റ്റൈലിന്റെ കാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഇവിടെയും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായി. എണ്‍പതുകളുടെ   ആദ്യം 4000 -5000 ട ആയിരുന്ന  കയറ്റുമതി തൊണ്ണൂറുകളുടെ അവസാനമായപ്പോഴേയ്ക്കും 10000 ട ആയി. ചുരുക്കത്തില്‍ കേരളത്തില്‍ നിന്നുളള പരമ്പരാഗത കയറുല്‍പ്പങ്ങളുടെ കയറ്റുമതി എണ്‍പതുകളുടെ  ഉത്തരാര്‍ദ്ധത്തില്‍ ഏതാണ്ട് 24000 ടണ്ണായിരുന്നത് 2000ത്തിന്റെ ആദ്യപകുതിയില്‍ ഏതാണ്ട് 54000 ട ആയി. കയറിന്റെ പുതിയൊരു സുവര്‍ണകാലത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്ന്  പ്രവചനങ്ങളുണ്ടായി. ഇതില്‍ അതിശയോക്തിയുണ്ടായിരുന്നില്ല. ടഫ്റ്റഡ് മാറ്റുകളുടെ കയറ്റുമതി കൂടി കണക്കിലെടുത്താല്‍ കേരളത്തില്‍ നിുളള കയറ്റുമതി സര്‍വകാല റെക്കോഡിലേയ്ക്കുയരുകയായിരുന്നു

പട്ടിക 2
വിവിധയിനം കയര്‍ ഉല്‍പന്നങ്ങളുടെ ഇന്ത്യയില്‍ നിന്നുളള കയറ്റുമതി തൂക്കം
1985-86 മുതല്‍ 2013-14 വരെ (അഞ്ചുവര്‍ഷ ശരാശരി ടണ്ണില്‍)


ഇനം
1985-86/
1989-90
1989-90/
1994-95
1995-96/
1999-2000
2000-01/
2004-05
2005-06/
2009-10
2010-11/
2013-14
കയര്‍ യാണ്‍
13338
14255
14793
12530
7825
4758
[53]
[40]
[28]
[14]
[4]
[1]
കൈത്തറി തടുക്ക്
7543
13590
21635
32071
39654
25956
[30]
[38]
[41]
[36]
[20]
[6]
പായ് ,റിഗ് ,ജിയോ ടെക്സ്റ്റൈല്‍
4125
6198
10180
8520
6344
6065
[16]
[18]
[20]
[10]
[3]
[1]
പവര്‍ ലൂം തടുക്ക് ,പായ
0
0
359
1215
491
68


[1]
[1]


ടഫ്റ്റഡ് തടുക്ക്
0
0
399
9134
30664
36853


[1]
[10]
[16]
[9]
ചകിരി
13
169
468
1114
22906
129418


[1]
[1]
[12]
[30]
ചകിരിച്ചോര്‍
0
99
1988
23463
86625
211043


[4]
[26]
[44]
[50]
മറ്റുള്ളവ
93
1063
2384
1591
2848
10440

[3]
[5]
[2]
[1]
[2]
മൊത്തം
25111
35375
52206
89638
197356
424603
[100]
[100]
[100]
[100]
[100]
[100]
അവലംബം : കയര്‍ ബോഡ് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ 

പട്ടിക 3
വിവിധയിനം കയര്‍ ഉല്‍പന്നങ്ങളുടെ ഇന്ത്യയില്‍ നിന്നുളള കയറ്റുമതി തുക
1985-86 മുതല്‍ 2013-14 വരെ (അഞ്ചുവര്‍ഷ ശരാശരികള്‍, ലക്ഷം രൂപയില്‍)


ഇനം
1985-86/
1989-90
1990-91
/1994-95
1995-96/
1999-00
2000-01
/2004-05
2005-06
/2010-11
2011-12
/2013-14
കയര്‍ യാണ്‍
1346
2425
3879
3554
2647
2765
[39]
[22]
[15]
[10]
[4]
[2]
കൈത്തറി തടുക്ക്
1289
5723
12859
20180
25467
22876
[38]
[52]
[51]
[54]
[40]
[21]
പായ് ,റിഗ് ,ജിയോ ടെക്സ്റ്റൈല്‍
764
2633
6787
5241
3626
4881
[22]
[24]
[27]
[14]
[6]
[4]
പവര്‍ ലൂം തടുക്ക് ,പായ
0
0
250
813
334
77


[1]
[2]
[1]

ടഫ്റ്റഡ് തടുക്ക്
0
0
199
5102
19536
31766


[1]
[14]
[31]
[29]
ചകിരി
1
18
63
141
977
21515




[2]
[19]
ചകിരിച്ചോര്‍
0
2
192
1656
7290
23970


[1]
[4]
[12]
[22]
മറ്റുള്ളവ
14
188
867
671
1185
3445

[2]
[3]
[2]
[2]
[3]
മൊത്തം
3413
10988
25095
37357
63010
111294
[100]
[100]
[100]
[100]
[100]
[100]
അവലംബം : കയര്‍ ബോഡ് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍

 ഈ വളര്‍ച്ചയുടെ അടിസ്ഥാനം വിദേശ കമ്പോളത്തിലെ അഭിരുചികളില്‍ വന്ന  മാറ്റമാണ്. വര്‍ദ്ധിച്ചുവന്ന  പരിസ്ഥിതി അവബോധം കൃത്രിമനാരുകളില്‍ നിന്ന്‍  പ്രകൃതിദത്തമായ നാരുകളിലേയ്ക്ക് മാറുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. പലരാജ്യങ്ങളിലും പെട്ടെന്ന്   കത്തുന്ന  പ്ലാസ്റ്റിക് നാരുകളും വസ്തുക്കളും കെട്ടിടങ്ങളിലും കാറുകളിലും ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ വന്നു . ഇതും കയറുപോലുളള ഘനനാരുകളുടെ ചോദനം ഉയരുന്നതിന് ഇടയാക്കി. കയറിന്റെ ഏറ്റവും പ്രധാനപ്പെട്ട കമ്പോളം ഇംഗ്ലണ്ടായിരുന്നു . ഈ പുതിയ കാലഘട്ടത്തില്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായിത്തീര്‍ന്നു  കയറുല്‍പ്പന്നങ്ങളുടെ പ്രധാന കമ്പോളങ്ങള്‍. ശ്രദ്ധേയമായൊരു പ്രവണത താരതമ്യേനെ വേഗതയില്‍ സാമ്പത്തികവളര്‍ച്ച കൈവരിക്കുന്ന  ബ്രസീല്‍ പോലുളള രാജ്യങ്ങളിലേയ്ക്കുളള കയറ്റുമതി വര്‍ദ്ധനയാണ്. കയറുല്‍പ്പന്നങ്ങള്‍ക്ക് ശോഭനമായ ഒരു ഭാവിയുണ്ട് എന്നുളള വിശ്വാസം വര്‍ദ്ധിച്ചു. 

ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി കൂലിയും തൊഴില്‍സാഹചര്യവും മെച്ചപ്പെടുത്തുതില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായി. കയര്‍ തടുക്കു നിര്‍മ്മാണം പരിപൂര്‍ണമായി വികേന്ദ്രീകൃതമായിരുന്നെങ്കിലും  ഫിനിഷിംഗ് വേലകള്‍ക്കും മറ്റുമായി കേന്ദ്രീകൃത ഫാക്ടറികളും ഇക്കാലത്ത് വളര്‍ന്നു വന്നു . വികേന്ദ്രീകൃത ഉല്‍പാദന മേഖലയുമായുളള നേരിട്ടുള്ള  ബന്ധം വിച്ഛേദിച്ച് കയറ്റുമതിക്കാര്‍ പൂര്‍ണമായും ഇടത്തട്ട് കാരായ ഡിപ്പോ ഉടമസ്ഥര്‍ വഴി ഇടപാടുകള്‍ നടത്തുന്ന  സമ്പ്രദായം സാര്‍വത്രികമായി. ഇതുമൂലം അംഗീകൃതവില ചെറുകിട ഉല്‍പാദകര്‍ക്കു ലഭിക്കാതായി. ഇതിനെതിരെ 2001ല്‍ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ ഒരു മാസം നീണ്ടുനിന്ന  ഐതിഹാസികമായ കയര്‍ സമരം വിജയിച്ചു. ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കപ്പെട്ടു .  തൊഴിലാളികള്‍ക്ക് ഒരുവര്‍ഷം നഷ്ടപരിഹാരമായി മുന്‍കാലപ്രാബല്യത്തോടെ കയറ്റുമതിയുടെ ഒരു ശതമാനം നല്‍കാന്‍ തീരുമാനിച്ചു. ക്രയവില ഉറപ്പായതോടെ തൊഴിലാളികളുടെ കൂലി ഉയര്‍ത്തുന്നതില്‍ വിജയിച്ചു. കയര്‍പിരി തൊഴിലാളികള്‍ക്കാവട്ടെ , തൊഴിലുറപ്പിനുളള കൂലി പോലും ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ സ്ഥിതിവിശേഷവും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അവസാനിപ്പിച്ചു. വരുമാനം ഉറപ്പുപദ്ധതി നടപ്പാക്കിക്കൊണ്ട് കയര്‍പിരി മേഖലയില്‍ 150 രൂപയും കയര്‍ ഉല്‍പ്പന്ന മേഖലയില്‍ 300 രൂപയും മിനിമം കൂലിയായി ഉയര്‍ത്തി. ഇതിപ്പോള്‍  യുഡിഎഫ് സര്‍ക്കാര്‍ 300-ഉം 350-ഉം രൂപയായി ഉയര്‍ത്തിയിട്ടുണ്ട് . 

ദൗര്‍ഭാഗ്യവശാല്‍ കമ്പോള ആവശ്യത്തിന്റെ ഘടനയില്‍ വന്നുകൊണ്ടിരുന്ന  മാറ്റത്തെ ഉള്‍ക്കൊളളുതിന് നയരൂപീകരണ കര്‍ത്താക്കള്‍ക്ക് വീഴ്ചയുണ്ടായി. പരമ്പരാഗത കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ദ്ധനയുണ്ടായെങ്കിലും പുതിയ കയര്‍ ഉല്‍പന്നങ്ങള്‍ അന്തര്‍ദേശീയ കമ്പോളത്തില്‍ നാള്‍ക്കുനാള്‍ പ്രാധാന്യം നേടി. ഒരുകാലത്ത് കേരളത്തില്‍ വളരെ വിവാദം സൃഷ്ടിച്ചിരുന്ന  പവര്‍ലൂമിന് മാര്‍ക്കറ്റില്ലാതായി. അതേസമയം ടഫ്റ്റഡ് തടുക്കുകള്‍ കുതിച്ചുകയറി. തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധത്തിലാണ് ടഫ്റ്റഡ് തടുക്കു കയറ്റുമതി ആരംഭിക്കുന്നത്. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യദശാബ്ദം തീരുന്നതിനു മുമ്പ് ടഫ്റ്റഡ് തടുക്കിന്റെ കയറ്റുമതി ഏതാണ്ട് കൈത്തറിത്തടുക്കിനൊപ്പമായി.   കേരളത്തിലും ടഫ്റ്റഡ് ഫാക്ടറികള്‍ നിലവില്‍വന്നു . എന്നാല്‍ ടഫ്റ്റഡ് തടുക്കുകളുടെ ഗണ്യമായൊരു ഭാഗം തമിഴ്‌നാട്ടിലാണ് ഉല്‍പാദിപ്പിക്കുന്നത്. 

കയര്‍ കയറ്റുമതിയിലുണ്ടായ നാടകീയമായ മാറ്റം ചകിരിയുടെയും ചകിരിച്ചോറിന്റെയും കയറ്റുമതിയിലായിരുന്നു . കുറച്ചു ചകിരി എക്കാലത്തും പാശ്ചാത്യരാജ്യങ്ങളിലേയ്ക്കു നാം കയറ്റുമതി ചെയ്തിരുന്നു . എന്നാല്‍ ആഗോളവ്യാപാരത്തില്‍ ചകിരിയില്‍ നല്ലപങ്കും ഉണക്കത്തൊണ്ടില്‍ നിന്നുളള ചകിരിയായിരുന്നു . ബ്രഷിനും മറ്റും ഉപയോഗിക്കുന്ന  നീണ്ടതും ഉറപ്പുളളതുമായ ബ്രിസില്‍ ഫൈബര്‍, മെത്തകള്‍ക്കുപയോഗിക്കുന്ന  ചെറുതും മൃദുവുമായ മാട്രസ് ഫൈബര്‍, ഇതു രണ്ടും മിക്‌സുചെയ്ത് റബ്ബറൈസ്ഡ് ഉല്‍പന്നങ്ങള്‍ക്കു വേണ്ടി ചകിരി പിരിച്ച് സ്പ്രിംഗ് സ്വഭാവം കൂടിയ കേള്‍ഡ് കയര്‍ എന്നിവയാണ്  ഉല്‍പ്പാദിപ്പിച്ചിരുന്നത് . എന്നാല്‍ സമീപകാലത്തായി ഇന്ത്യയിലെ പച്ചത്തൊണ്ടില്‍നിുളള ചകിരിയ്ക്ക് വിദേശത്ത് പ്രിയമേറി. മെത്തകള്‍ ഉണ്ടാക്കുന്നതിനാണ് ഇതു വ്യാപകമായി ഉപയോഗിക്കുന്നത്. ചൈനയിലെ സാമ്പത്തിക അഭിവൃദ്ധി അവിടെ മെത്തകള്‍ക്കുളള ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് അവര്‍ ഇന്ത്യയില്‍ നിന്നുളള ചകിരിയെ ആശ്രയിച്ചതോടെ ചകിരി കയറ്റുമതിയില്‍ കുതിച്ചു ചാട്ടമുണ്ടായി. 

ഈ നൂറ്റാണ്ടില്‍ ചകിരിയുടെ കയറ്റുമതിയിലുണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധന പട്ടിക  2-ല്‍ കാണാം. 2000-01/2004-05 കാലത്ത് ശരാശരി 22000 ട
ണ്‍ ചകിരി കയറ്റുമതി ചെയ്ത സ്ഥാനത്ത് കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ ശരാശരി ഒകോല്‍ ലക്ഷം ടണ്‍ ചകിരിയാണ് കയറ്റുമതി ചെയ്തത്. ഇതിന്റെ സിംഹപങ്കും ചൈനയിലേയ്ക്കാണ്. ഈ ചകിരിയുടെ ഉല്‍പാദനം പൂര്‍ണമായും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമാണ്.

കേരളത്തിനു പുറത്തുളള ഈ ചകിരി ഉല്‍പാദനത്തിന് വലിയൊരു താങ്ങായി ചകിരിച്ചോറിന്റെ കയറ്റുമതി മാറി. കേരളത്തില്‍ ചകിരിച്ചോറ് ജലമലിനീകരണത്തിന്റെ ഒരു പ്രധാനപ്പെട്ട  കാരണമായിരുന്നു . തമിഴ്‌നാട്ടിലും തൊണ്ണൂറുകളില്‍ ചകിരിച്ചോറ് മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്ടിച്ചിരുന്നു . എന്നാല്‍ ചകിരിച്ചോറിന്റെ കാര്‍ഷിക ഉപയോഗത്തെക്കുറിച്ചുളള തിരിച്ചറിവ് ഈ മാലിന്യ ഉല്‍പന്നത്തെ ഒരു പ്രധാനപ്പെട്ട കയറ്റുമതി സാമഗ്രിയായി മാറ്റി. നെഴ്‌സറികളിലും മണ്ണിനെ പതപ്പെടുത്തുതിനുളള ആവശ്യത്തിനും വേണ്ടി വലിയതോതില്‍ പാശ്ചാത്യ രാജ്യങ്ങളിലേയ്ക്കും ചൈനയിലേയ്ക്കും ചകിരിച്ചോറ് കയറ്റുമതി ചെയ്യപ്പെടാന്‍ തുടങ്ങി. കേരളത്തിലെ ചീക്കത്തൊണ്ടിന്റെ ചകിരിച്ചോറ് ഉപ്പുരസം അധികമുളളതുകൊണ്ട് ഇത്തരത്തില്‍ ഉപയോഗപ്പെടുത്താനാവില്ല. ബ്രിക്കറ്റു ചെയ്ത ചകിരിച്ചോറ് കയറ്റുമതി ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരം ടണ്ണായിരുന്നത് ഇപ്പോള്‍ ഒര ലക്ഷം ടണ്ണായി ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും രസകരമായ ഒരു വസ്തുത ഒരുകാലത്ത് ചകിരിയുല്‍പാദനത്തിന്റെ വിലയില്ലാതിരുന്ന  ഈ മാലിന്യത്തിന് ഇന്ന്‍  ചകിരിയുടെ അത്രയും തന്നെ വില ലഭിക്കുന്നുവെന്നാണ്. 2013-14ല്‍ ചകിരിയുടെ കയറ്റുമതി വില ടണ്ണിന് പതിനേഴായിരം രൂപയായിരുപ്പോള്‍ ചകിരിച്ചോറിന് 13000 രൂപയായിരുന്നു കയറ്റുമതി വില. ഇതോടെ തമിഴ്‌നാട്ടിലെ ചകിരിയുല്‍പാദനത്തിന്റെ മത്സരശേഷിയും ലാഭവും കുത്തനെ ഉയര്‍ന്നു .

ണ്‍പതുകളില്‍ ഇന്ത്യയില്‍ നിന്നുളള കയര്‍ കയറ്റുമതിത്തൂക്കത്തില്‍ 95 ശതമാനത്തിലേറെ കേരളത്തില്‍ നിന്നുളള പരമ്പരാഗത കയറുല്‍പ്പങ്ങളായിരുന്നു . എന്നാലിന്ന്‍  കേരളത്തിന്റെ വിഹിതം പത്തുശതമാനത്തില്‍ താഴെയാണ്. ചകിരിച്ചോറിന്റെ തൂക്കം മാത്രം കയറ്റുമതിയുടെ 50 ശതമാനമാണ്. ചകിരിയുടെ തൂക്കം 30 ശതമാനവും. തടുക്കും പായയും മറ്റും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളായതുകൊണ്ട് കയറ്റുമതി മൂല്യമെടുത്താല്‍ ഇന്നും  30 ശതമാനത്തോളം പരമ്പരാഗത കയറുല്‍പന്നങ്ങളാണ്. പക്ഷേ, ഇത്രതന്നെ  ടഫ്റ്റഡ് തടുക്കും വരും. ചകിരിച്ചോറിനും ചകിരിയ്ക്കുമാകട്ടെ  ഏതാണ്ട് ഇരുപതു ശതമാനം വീതമാണ് വിഹിതം. ചുരുക്കത്തില്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ കേരളത്തില്‍ നിന്നുളള പരമ്പരാഗത ഉല്‍പന്നങ്ങളുടെ പ്രാധാന്യം കുത്തനെ തകര്‍ന്നിരിക്കുകയാണ്.

കേരളത്തിന്റെ വിഹിതം കുറഞ്ഞുവെങ്കിലും നാം കണ്ടതുപോലെ അടുത്തകാലം വരെ കേരളത്തില്‍ നിന്നുളള പരമ്പരാഗത ഉല്‍പന്നങ്ങളുടെ മൊത്തം കയറ്റുമതിത്തൂക്കം ഇടിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഈ സ്ഥിതിവിശേഷവും മാറുകയാണ്. 2000-01നെ അപേക്ഷിച്ച് 2013-14ല്‍ കേരളത്തിന്റെ പരമ്പരാഗത കയറുല്‍പന്നങ്ങളുടെ കയറ്റുമതിത്തൂക്കം ഏതാണ്ട് 40 ശതമാനം ഇടിഞ്ഞ് 30000 ടണ്ണായി താഴ്ന്നിരിക്കുകയാണ്. കൈത്തറി തടുക്കിനെക്കാള്‍ കൂടുതല്‍ ടഫ്റ്റഡ് മാറ്റുകള്‍ കയറ്റുമതി ചെയ്യപ്പെട്ടു . യാണിന്റെ കയറ്റുമതി നാലായിരം ടണ്ണായി കുറഞ്ഞു. അതുതന്നെ ഗണ്യമായൊരു ഭാഗം തമിഴ്‌നാട്ടില്‍ നിന്നാണ്.

കയര്‍ യാണിന്റെ കയറ്റുമതിയിലുണ്ടായ ഇടിവ് യാണിന്റെ അന്തര്‍ദേശീയ കമ്പോളം തകര്‍ന്നതുമൂലമല്ല എന്നു  എടുത്തു പറയേണ്ടതുണ്ട്. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ഇന്ദുവിന്റെ വിശദമായ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്  1994നും 2012നും ഇടയ്ക്ക്  ഇന്ത്യയില്‍നിന്നുളള യാണിന്റെ കയറ്റുമതി -6.5 ശതമാനം വീതം കുറഞ്ഞപ്പോള്‍ ശ്രീലങ്കയുടേത് 4.9 ശതമാനവും തായ്‌ലണ്ടിന്റേത് 7.4 ശതമാനവും വീതം വര്‍ദ്ധിച്ചുവെന്നാണ്. ഇതിന്റെ ഫലമായി ആഗോള
യാണ്‍ കമ്പോളത്തില്‍ ഇന്ത്യയുടെ വിഹിതം 81 ശതമാനത്തില്‍ നിന്ന്‍  31 ശതമാനമായി താഴ്ന്നു . കയര്‍ യാണ്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഒലിവെണ്ണ ഫില്‍റ്റര്‍ ചെയ്യാനും ഹോപ്പ് വൈന്‍ കൃഷിയ്ക്കുമാണ്. പണ്ട് തവിട്ട്  ചകിരി കൊണ്ട് യാണ്‍ പിരിക്കാന്‍ കഴിയില്ലായിരുന്നു . എന്നാല്‍ ഇന്ന്  യന്ത്രം കൊണ്ടുളള തവിട്ട് യാണ്‍  സുലഭമാണ്. ഇതാണ് ശ്രീലങ്കയും തായ്‌ലണ്ടും ഇപ്പോള്‍ തമിഴ്‌നാടും കയറ്റുമതി ചെയ്യുന്നത്. യന്ത്രം കൊണ്ടു പിരിക്കു യാണ്‍ ഉപയോഗിച്ച് യന്ത്രത്തില്‍ തടുക്കും പായയും നിര്‍മ്മിക്കുതിനും സാങ്കേതികമായി തടസമില്ല എന്നും കൂട്ടി ചേര്‍ക്കേണ്ടതുണ്ട് .

ഈ പ്രവണതകള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടാനാണ് സാധ്യത.  കാരണം, ഇതുവരെയുളള കയര്‍ വ്യവസായത്തിന്റെ ചരിത്രത്തില്‍നിന്ന്  വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഇന്ന്  നിലനില്‍ക്കുത്. നമ്മുടെ പരമ്പരാഗത ഉല്‍പന്നങ്ങളോട് ശക്തമായി മത്സരിക്കുന്ന ബദല്‍ ഉല്‍പന്നങ്ങള്‍ തമിഴ്‌നാടു മാത്രമല്ല, ശ്രീലങ്ക പോലുളള രാജ്യങ്ങളും ഉല്‍പാദിപ്പിച്ചു വരുന്നു .

കയര്‍ വ്യവസായത്തിന്റെ ചരിത്രത്തിലുടനീളം മറ്റു പ്രദേശങ്ങളില്‍നിന്നുളള കമ്പോളമത്സരം ചര്‍ച്ചാവിഷയമായിട്ടുണ്ട് . നമ്മുടെ നാട്ടില്‍നിുളള കയര്‍ ഉപയോഗിച്ച് യൂറോപ്പില്‍ ശക്തമായൊരു കയര്‍ ഉല്‍പന്ന വ്യവസായം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ ഉണ്ടായിരുന്നു . ഇവിടെ നിന്നുളള കയറിന്റെ കയറ്റുമതിയ്ക്കുമേല്‍ ചുങ്കം ചുമത്തി യൂറോപ്യന്‍ യന്ത്രത്തറി വ്യവസായത്തെ പൊളിക്കണം എന്നുളളത് ആലപ്പുഴയിലെ നാടന്‍ മുതലാളിമാരുടെ 1920 കള്‍ മുതലുളള ആവശ്യമായിരുന്നു . ഇതിനെതിരെ യൂറോപ്യന്‍ കമ്പനികള്‍ ഉയര്‍ത്തിയിരുന്ന  വാദം മറ്റു നാളികേര കൃഷി രാജ്യങ്ങളില്‍ കയര്‍ വ്യവസായം വളരുന്നതിന് ഈ നടപടി ആക്കം കൂട്ടും എന്നുളളതായിരുന്നു . യൂറോപ്യന്‍ കമ്പനികള്‍ ഇന്തോനേഷ്യയിലും സിലോണിലും കേരളത്തിനു ബദലായ കയര്‍ വ്യവസായം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ ഇവിടുത്തെ വിദേശ കയര്‍ കയറ്റുമതിക്കാര്‍ ഹാജരാക്കുകയുണ്ടായി. പക്ഷേ, ഈ പരിശ്രമങ്ങളെല്ലാം ഉണ്ടായിട്ടും വെള്ളക്കയര്‍ വ്യവസായം ശ്രീലങ്കയിലോ ഇന്തോനേഷ്യയിലോ ഫിലിപ്പൈന്‍സിലോ മലേഷ്യയിലോ ഒട്ടും  വികസിക്കുകയുണ്ടായില്ല. പ്രകൃതിദത്തമായ അഴുക്കല്‍ കേന്ദ്രങ്ങളും ചരിത്രപരമായ മുന്‍തൂക്കവും സാങ്കേതികവൈദഗ്ധ്യമുളള, എന്നാല്‍  പട്ടിണിക്കൂലിയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുളള തൊഴിലാളികളും ഇത്തരമൊരു ബദല്‍ വ്യവസായ വളര്‍ച്ചയ്ക്കു തടസമായി നിന്നു . മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും വളര്‍ന്നത് ഉണക്കത്തൊണ്ട് യന്ത്രം കൊണ്ട് ചകിരിയാക്കി മാറ്റുന്ന  വ്യവസായമാണ്. ഈ തവിട്ട് കയര്‍ വ്യവസായം നമുക്കൊരിക്കലും ഭീഷണിയായിരുന്നില്ല. ഈ സ്ഥിതിവിശേഷം എങ്ങനെ മാറി?
VI
പ്രതിരോധവും പുനഃസംഘടനയും അനിവാര്യം

ണ്‍പതുകളില്‍ സുപ്രധാനമായ നൂതനസാങ്കേതിക സംഭവവികാസമുണ്ടായി. തൊണ്ട് ഉണങ്ങുമ്പോഴാണല്ലോ തവിട്ട്ചകിരിയുണ്ടാകുത്. തൊണ്ട് ഉണങ്ങാന്‍ അനുവദിക്കാതെ പച്ചയായിരിക്കുമ്പോള്‍ത്തന്നെ യന്ത്രത്തില്‍ നാരുകള്‍ വേര്‍തിരിച്ചെടുത്തു കഴുകി കറ കളഞ്ഞാല്‍ അതിനു വെളളച്ചകിരിയോടായിരിക്കും കൂടുതല്‍ സാമ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊളളാച്ചിയിലും പിന്നീട് തമിഴ്‌നാട്ടിലെ മറ്റു കേന്ദ്രങ്ങളിലും പച്ചത്തൊണ്ടു ചകിരിമില്ലുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. നാളികേരം തോട്ടങ്ങളായി കൃഷി ചെയ്തിരുന്നതുകൊണ്ട് പച്ചത്തൊണ്ടു ശേഖരിച്ച് മില്ലുകളില്‍ കൊണ്ടുവരികയും എളുപ്പമായിരുന്നു . ഈ പുതിയ ചകിരിയുടെ ഏറ്റവും പ്രധാനപ്പെട്ട  ആകര്‍ഷകത്വം താഴ്ന്ന  ഉല്‍പാദനച്ചെലവും വിലയുമായിരുന്നു . അതുകൊണ്ട് കേരളത്തില്‍ ചകിരിവ്യവസായം കൂടുതല്‍കൂടുതല്‍ തമിഴ്‌നാട്ടിലുളള പച്ചത്തൊണ്ടു ചകിരിയെ ആശ്രയിക്കാന്‍ തുടങ്ങി. വെളളച്ചകിരി കൊണ്ടുളള കയര്‍ പ്രത്യേക ബ്രാന്‍ഡായി നിലനിര്‍ത്തണം എന്നും  മറ്റുമുളള നയപരമായ തീരുമാനങ്ങളൊും ഫലപ്രദമായില്ല. ക്രമേണ, വെളളക്കയര്‍ ചകിരിയും പച്ചത്തൊണ്ടു ചകിരിയും തമ്മിലുളള അന്തരം തന്നെ ഇല്ലാതായി.

ഇതോടെ വെള്ളക്കയര്‍ മേഖല എന്ന നിലയില്‍ കേരളത്തിനുണ്ടായിരുന്ന  കമ്പോളസംരക്ഷണം ഇല്ലാതായി. ഇത് അനിവാര്യമായിരുന്നു താനും. കാരണം, പച്ചത്തൊണ്ടു ചകിരി കഴുകി കറ കളഞ്ഞാല്‍ ഇടക്കാലത്തേയ്ക്ക് വെളളക്കയറിന്റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കും. അതിനപ്പുറം കാലത്തേയ്ക്ക് കയറുല്‍പന്നങ്ങളുടെ ആയുസ് കമ്പോളം പ്രതീക്ഷിക്കുന്നുമില്ല. ഇതുകൊണ്ട് കേരളം പച്ചത്തൊണ്ടുചകിരി ഉപയോഗിച്ചില്ലെങ്കിലും കമ്പോളത്തില്‍ ഇതുകൊണ്ടുളള ഉല്‍പന്നങ്ങള്‍ അനിവാര്യമായും വരികതന്നെചെയ്യും. കേരളത്തിന്റെ പരാജയം വെളളക്കയറും ഉല്‍പന്നങ്ങളും പ്രത്യേക ബ്രാന്‍ഡായി നിലനിര്‍ത്താന്‍ കഴിയാതെ പോയതാണ്. വെളളച്ചകിരിയും പച്ചത്തൊണ്ടു ചകിരിയും ഇടകലര്‍ത്തി ഉപയോഗിച്ചതിന്റെ ദുരന്തഫലമാണിത്.

അതോടൊപ്പം മറ്റൊരു ദുരന്തവും കൂടി സംഭവിച്ചു. പച്ചത്തൊണ്ടു ചകിരി വ്യവസായം കേരളത്തില്‍ വികസിപ്പിക്കുന്നതില്‍ നാം പൂര്‍ണമായും പരാജയപ്പെട്ടു . തൊണ്ടുതല്ലു മില്ലുകള്‍ സ്ഥാപിക്കുന്നതിനുളള പണം ഏതാണ്ട് എല്ലാ ബജറ്റുകളിലും വകയിരുത്തപ്പെട്ടു . മൊബൈല്‍ തൊണ്ടുതല്ല് സാങ്കേതികവിദ്യയും പരീക്ഷിക്കപ്പെട്ടു . പക്ഷേ, തമിഴ്‌നാട് പച്ചച്ചകിരിയുടെ മേലുളള ആശ്രിതത്വം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയല്ലാതെ കേരളത്തിലെ ചകിരിയുല്‍പ്പാദനം വര്‍ദ്ധിച്ചില്ല. തമിഴ്‌നാട്ടില്‍ നിന്ന് ചൈനയിലേയ്ക്കുളള ചകിരി കയറ്റുമതി കുത്തനെ ഉയര്‍ന്നതോടെ കേരളത്തിലേയ്ക്കുളള ചകിരിയുടെ വരവിനു വിഘ്‌നം നേരിട്ടു . ചകിരിയുടെ വിലയും ഉയരാന്‍ തുടങ്ങി. 1998-99നും 2009-10നും ഇടയ്ക്ക് ചകിരിയുടെ കയറ്റുമതി വില ടണ്ണിന് 12-14000 രൂപയായിരുന്നു . എാല്‍ 2010-11ല്‍ ഇത് 15000 രൂപയായി ഉയര്‍ന്നു . 2013-14ല്‍ ടണ്ണിന് 19000 രൂപയും. ഇത് കേരളത്തിലെ കയര്‍പിരി വ്യവസായത്തെ പ്രതിസന്ധിയിലാക്കി.

ഇതിനിടെ തമിഴ്‌നാട്ടില്‍ പച്ചത്തൊണ്ടു ചകിരി ഉപയോഗിച്ച് ഓട്ടോമാറ്റിക് സ്പിന്നിംഗ്  മെഷീനില്‍ കയര്‍ പിരിക്കുന്നത് അതിവേഗത്തില്‍ വളരാന്‍ തുടങ്ങി. ഇന്ത്യയിലെ ആഭ്യന്തര കമ്പോളത്തിന്റെ നല്ല പങ്ക് ഈ യന്ത്രപ്പിരി കയര്‍ പിടിച്ചടക്കി. കേരളത്തില്‍നിുളള കയറിനെക്കാള്‍ വില കുറവാണ് തമിഴ്‌നാട്ടിലെ യന്ത്രക്കയറിന്. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പരമ്പരാഗത കയറിനങ്ങള്‍ അപ്രത്യക്ഷമായിത്തുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ ഏതാണ്ട് അമ്പതിനായിരം പേര്‍ പണിയെടുത്തിരുന്ന  സ്ഥലത്ത് കയര്‍ പിരിക്കാരുടെ എണ്ണം ഏതാനും ആയിരമായി ചുരുങ്ങി. കൊല്ലത്തും ഇതുതന്നെ സംഭവിച്ചു. തൊഴിലുറപ്പു പദ്ധതി ഇവര്‍ക്ക് അത്താണിയായി. കയര്‍ത്തൊഴിലാളികള്‍ വലിയതോതില്‍ കശുവണ്ടി വ്യവസായത്തിലും മറ്റും പണിക്കു പോയിത്തുടങ്ങി. കയര്‍പിരി മുഖ്യമായും വൈക്കം, കാര്‍ത്തികപ്പളളി, ചേര്‍ത്തല താലൂക്കുകളിലായി ഒതുങ്ങി. ഇവിടെയെല്ലാം ഇന്ന്  വൈക്കം കയറാണ് പിരിക്കുന്നത്. തടുക്കു നിര്‍മ്മാണത്തിന് വൈക്കം കയര്‍ കൂടിയേ തീരൂ. പക്ഷേ, വൈക്കം കയറിനോട് ഏറെ സാമ്യമുളള യന്ത്രക്കയര്‍ തമിഴ്‌നാട്ടില്‍ നിന്നും  രംഗപ്രവേശം ചെയ്തതോടെ ഈ അവശിഷ്ട പിരിമേഖല കൂടി ഭീഷണിയിലായി. തടുക്കു വ്യവസായികള്‍ താരതമ്യേനെ വില കുറഞ്ഞ യന്ത്രക്കയറിലാണ് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. അതോടെ സ്ഥിതിവിശേഷം പൊട്ടിത്തെറിയിലേയ്ക്ക് എത്തിയിരിക്കുകയാണ്.

കേരളത്തിന്റെ കയറിലുളള കുത്തക അവസാനിച്ചു. ടഫ്റ്റഡ് തടുക്കുകള്‍ നിര്‍മ്മിക്കുന്നതിന് പരമ്പരാഗത തൊഴില്‍ വൈദഗ്ധ്യത്തിന്റെ ആവശ്യമില്ല. വില കുറഞ്ഞ കയര്‍ സുലഭമായി ലഭ്യമായാല്‍ തമിഴ്‌നാട്ടിലേയ്ക്ക് കയര്‍ ഉല്‍പ്പന്നവ്യവസായം കൂടി പറിച്ചു നടപ്പെടുമെന്ന് വ്യവസായികള്‍ ഭീഷണിപ്പെടുത്തുന്നു . കയര്‍ വ്യവസായത്തിന്റെ ചരിത്രത്തില്‍ ഇതപര്യന്തമില്ലാത്ത പ്രതിസന്ധിയാണ് ഇന്ന്  അഭിമുഖീകരിക്കുന്നത്.

ഈ സ്ഥിതിവിശേഷത്തെ എങ്ങനെയാണ് നേരിടുക? ആദ്യം വേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ഇന്നത്തെ സ്ഥിതിയുടെ ഗൗരവം അംഗീകരിക്കുകയാണ്. കയര്‍ വ്യവസായത്തില്‍ ഒരു പ്രശ്‌നവുമില്ല എന്ന  മട്ടില്‍ കയറുല്‍സവങ്ങളും മറ്റുമായി സര്‍ക്കാര്‍ മുന്നോട്ട്  പോവുകയാണ്. സ്വന്തക്കാര്‍ക്കു വേണ്ടി സങ്കുചിതരാഷ്ട്രീയാടിസ്ഥാനത്തില്‍ 100 പുതിയ സംഘങ്ങള്‍ രൂപീകരിക്കാനുളള തത്രപ്പാടിലാണ് അവര്‍. നിലവിലുളള കയര്‍മേഖലയില്‍ വ്യവസായം പൊളിഞ്ഞടുങ്ങുമ്പോള്‍ കോന്നി പോലുളള സ്ഥലങ്ങളില്‍ പുതിയ വ്യവസായശാലകള്‍ തുറക്കുന്നതിനാണ് സര്‍ക്കാരിന്റെ പരിശ്രമം. ഈയൊരു സ്ഥിതിവിശേഷത്തിലാണ് രണ്ടും കല്‍പ്പിച്ചുളള സമരത്തിന് കയര്‍ത്തൊഴിലാളികള്‍ ഇറങ്ങുന്നത്. അനിശ്ചിതകാല സമരം ഇന്ന്‍  തൊഴിലെടുക്കുന്നവരുടെ മാത്രമായിരിക്കില്ല. അവരുടെ എണ്ണം വളരെ പരിമിതപ്പെട്ട് കഴിഞ്ഞു. മുന്‍കാല കയര്‍ത്തൊഴിലാളികളെയും നാട്ടുകാരെയുമെല്ലാം അണിനിരത്തിയുളള വന്‍പിച്ച സമരമുന്നേറ്റത്തിനാണ് തയ്യാറെടുക്കുന്നത്. 

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായുളള ഇടതുപക്ഷ സര്‍ക്കാര്‍ ആനത്തലവട്ടം  ആനന്ദന്‍ അധ്യക്ഷനായി ഒരു കയര്‍ കമ്മിഷനെ നിയോഗിക്കുകയുണ്ടായി. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക നവീകരണത്തെക്കുറിച്ചും കയര്‍ സഹകരണ പുനസംഘടനയെക്കുറിച്ചും മാര്‍ക്കറ്റിംഗിനെക്കുറിച്ചും വിശദമായ നിര്‍ദ്ദേശങ്ങള്‍ ഈ കമ്മിറ്റി മുന്നോട്ട് വെയ്ക്കുകയുണ്ടായി. ഇന്നും  ഈ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ സാധുവാണ്. അവയുടെ അടിസ്ഥാനത്തിലും അതിനുശേഷമുണ്ടായ മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ടും പുതിയൊരു തന്ത്രം കയര്‍മേഖലയില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.

സാങ്കേതികവിദ്യ തിരഞ്ഞെടുക്കുന്നതിനുളള സ്വാതന്ത്ര്യം കേരളത്തിലെ കയര്‍ വ്യവസായത്തിനു നഷ്ടപ്പെട്ടിരിക്കുന്നു . കാരണം നമ്മോടു മത്സരിക്കു ശക്തമായൊരു വ്യവസായം കേരളത്തിനു പുറത്ത് ഇന്ന്  വന്നിരിക്കുന്നു . അവരോടു മത്സരിക്കാന്‍ പ്രാപ്തിയുളള സാങ്കേതികവിദ്യ സ്വീകരിച്ചേ പറ്റൂ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കയര്‍ത്തൊഴിലാളികള്‍ സാങ്കേതിക നവീകരണത്തെ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ കാര്യക്ഷമതയുളള യന്ത്രസാങ്കേതികവിദ്യ തൊണ്ടുതല്ലല്‍ മേഖലയിലും പിരി മേഖലയിലും സ്ഥാപിക്കുന്നതിന് അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണ്. വളരെയേറെ പ്രതീക്ഷയുയര്‍ത്തിയ മൊബൈല്‍ തൊണ്ടുതല്ലല്‍ യൂണിറ്റുകള്‍ എങ്ങും പ്രവര്‍ത്തിക്കുന്നില്ല. ആരംഭിച്ച തൊണ്ടുതല്ലല്‍ മില്ലുകള്‍ക്ക് പച്ചത്തൊണ്ടു ലഭിക്കാത്തത് മൂലം  പ്രതിസന്ധിയാണ്. പിരിമേഖലയില്‍ നല്‍കിയ ട്രെഡില്‍ പിരിയന്ത്രങ്ങളും മോട്ടോര്‍ പിരിയന്ത്രങ്ങളും അത്യപൂര്‍വം സ്ഥലങ്ങളിലേ പ്രവര്‍ത്തിക്കുന്നുളളൂ. പരമ്പരാഗത റാട്ടില്‍ പിരിക്കുന്നതാണ് കൂടുതല്‍ ഗുണകരമൊണ് വിദഗ്ധ തൊഴിലാളികള്‍ പറയുത്. യുദ്ധകാലാടിസ്ഥാനത്തില്‍ സാങ്കേതിക നവീകരണം നടപ്പാക്കിയേ തീരൂ.

യന്ത്രവത്കരണത്തോടുളള സമീപനത്തില്‍ ട്രേഡ് യൂണിയനുകള്‍ അടിസ്ഥാനപരമായി മാറ്റം മൂന്ന്‍  ദശാബ്ദങ്ങള്‍ക്കു മുമ്പ് സ്വീകരിച്ചു. എന്നിട്ടും  സാങ്കേതികനവീകരണത്തിന് പരാജയപ്പെട്ടെങ്കില്‍ അതിനുളള കുറ്റം അവരില്‍ ചാര്‍ത്തേണ്ടതില്ല. എന്നു  മാത്രമല്ല, അറുപതുകളിലും എഴുപതുകളിലും യന്ത്രവത്കരണത്തെ എതിര്‍ത്തതില്‍ ഒരു പശ്ചാത്താപവും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനുണ്ടാകേണ്ടതില്ല. യന്ത്രവത്കരണത്തോട് കേരളത്തിലെ കയര്‍ മുതലാളിമാരും ഒരേസമീപനമല്ല എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ള ത്. 1930കള്‍ മുതല്‍ തൊണ്ടു തല്ലല്‍ മേഖലയിലും നെയ്ത്തു മേഖലയിലും യന്ത്രസാങ്കേതികവിദ്യ ലഭ്യമായിരുന്നു . ശ്രീലങ്കയില്‍ തൊണ്ടു തല്ലല്‍ യന്ത്രം ഉപയോഗിച്ചിരുന്ന  വോള്‍ക്കാട്ട്  ബ്രദേഴ്‌സ് പോലുളള കമ്പനികള്‍ കേരളത്തില്‍ ഇവ സ്ഥാപിക്കുതിന് ശ്രമിച്ചില്ല. അഞ്ചുതെങ്ങു പ്രദേശത്ത് ഇത്തരമൊരു മില്ലു സ്ഥാപിക്കാന്‍ ലാവ്‌സന്‍  സായിപ്പിന്റെ പരിശ്രമം ഫലവത്തായുമില്ല. കാരണം ലളിതമാണ്. കൈവേലയോടു മത്സരിക്കാന്‍ യന്ത്രത്തിന് കഴിയുമായിരുന്നില്ല. അമ്പതുകളില്‍ വില്യം ഗുഡേക്കറിനും മറ്റും വിദേശത്ത് പവര്‍ലൂം യന്ത്രത്തറികളുണ്ടായിരുന്നെങ്കെിലും കേരളത്തില്‍ അവരും അതു പരീക്ഷിച്ചില്ല. യന്ത്രവത്കരണത്തിനു പകരം വീകേന്ദ്രീകരണ സമീപനമാണ് കയറ്റുമതിക്കാര്‍ സ്വീകരിച്ചത്. എഴുപതുകളുടെ അവസാനത്തോടെയാണ് അവരുടെ സമീപനത്തിനു മാറ്റം വരുന്നത്. ആ കാലത്തുപോലും യന്ത്രവത്കരണം അനിവാര്യമായിരുന്നോ  ഇല്ലയോ എന്നതിനെക്കുറിച്ച് സാങ്കേതികവും സാമ്പത്തികവുമായ ന്യായാന്യായങ്ങള്‍ക്ക് സാധുതയുണ്ടെന്ന്  നാം മുമ്പു കണ്ടു കഴിഞ്ഞതാണ്. എന്നാല്‍ അതെന്തുതന്നെയായാലും  യന്ത്രവത്കരണം സൃഷ്ടിക്കുന്ന  രൂക്ഷമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് അത്തരമൊരു നീക്കം അംഗീകരിക്കാനേ കഴിയുമായിരുന്നില്ല. അതുകൊണ്ട് യന്ത്രവത്കരണത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം നഖശിഖാന്തം എതിര്‍ത്തു.

എന്നാല്‍  ഇന്ന്‍  സ്ഥിതി വ്യത്യസ്തമാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ പുതിയ തലമുറ കയര്‍പോലുളള പരമ്പരാഗത തൊഴിലുകളിലേയ്ക്ക് വരാനാഗ്രഹിക്കുന്നില്ല. എന്തിന് നിലവിലുളള കയര്‍ തൊഴിലാളികള്‍പോലും അവരുടെ കുട്ടികള്‍ തങ്ങളെപ്പോലെ കയര്‍ത്തൊഴിലാളികളാകണമെന്നല്ല ആഗ്രഹിക്കുന്നത്. മറ്റു തുറകളില്‍ ഉദ്യോഗം നേടണമെന്നാണ്. അങ്ങനെ തൊഴില്‍ കമ്പോളത്തില്‍ അടിസ്ഥാനപരമായ മാറ്റം വന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ട്രേഡ് യൂണിയനുകള്‍ കയര്‍ വ്യവസായത്തില്‍ സാങ്കേതികനവീകരണം സമയബന്ധിതമായി നടപ്പാക്കണമെന്ന്  ആവശ്യപ്പെടുന്നത്. കയര്‍ വ്യവസായത്തില്‍ ദേശീയവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ഇത്തരത്തിലൊരു ചുവടുമാറ്റം അനിവാര്യമാക്കുന്നുണ്ട്. പക്ഷേ, ഒന്നുണ്ട്. ട്രേഡ് യൂണിയനുകള്‍ക്ക് ഇന്ന്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് എന്തും സംഭവിച്ചോട്ടെ  എന്ന  സമീപനം സ്വീകരിക്കാനാവില്ല. അതുകൊണ്ട് അവരുടെ തൊഴിലും കൂടി സംരക്ഷിക്കുന്ന  യന്ത്രവത്കരണത്തിനാണ് ട്രേഡ് യൂണിയനുകള്‍ വാദിക്കുന്നത്. ഇത് ഏതെങ്കിലും കാരണവശാല്‍ സാധ്യമല്ലെങ്കില്‍ പുറംതളളപ്പെടുന്ന  തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തണം. ഈ മുദ്രാവാക്യമുയര്‍ത്തി ശക്തമായ സമരത്തിലേയ്ക്ക് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം നീങ്ങുകയാണ്.

കയര്‍ പുനഃസംഘടനയ്ക്കു പുതിയൊരു പദ്ധതി അനിവാര്യമായിരിക്കുന്നു . ഇതിന് ആദ്യം വേണ്ടത് കേരളത്തിലെ ആഭ്യന്തര ചകിരിയുല്‍പാദനം വര്‍ദ്ധിപ്പിക്കുകയാണ്. തൊണ്ടു സംഭരിക്കുന്നതിനുളള ഒരു ബ്യൂറോക്രാറ്റിക് സമ്പ്രദായം അപ്രായോഗികമാണ്. കുടുംബശ്രീ വഴി സംഭരിക്കുന്നതിനുളള പരീക്ഷണം പരാജയപ്പെട്ടു . ശേഖരിച്ച തൊണ്ട് സമയത്തു വാങ്ങാതെ ഉണങ്ങിയതോടെ ഇപ്പണിയ്ക്കിറങ്ങിപ്പുറപ്പെട്ടവരെല്ലാം കഷ്ടത്തിലായി.  നാളികേര ക്ലസ്റ്ററുകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് തൊണ്ട് സംഭരിക്കുന്നതിന് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നു.  പക്ഷേ ഒട്ടും  നീങ്ങിയിട്ടില്ല. കേരളത്തിലെ കേര കൃഷിക്കാര്‍ ക്ലസ്റ്ററുകളിലും ഫെഡറേഷനുകളിലുമായി സംഘടിതരായിക്കൊണ്ടിരിക്കുകയാണ്. ഫെഡറേഷനുകളുടെ ആഭിമുഖ്യത്തില്‍ പ്രൊഡ്യൂസര്‍ കമ്പനികളും നിലവില്‍വിലുണ്ട്. എന്തുകൊണ്ട് ഈ പ്രൊഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ ചകിരിയുല്‍പാദനം നടത്തിക്കൂടാ. മാരാരിക്കുളത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ചകിരി മില്ല് അവിടുത്തെ പ്രൊഡ്യൂസര്‍ കമ്പനിയെ ഏല്‍പ്പിക്കാനാണ് തീരുമാനിച്ചത്. ഇതിനാവശ്യമായ ധനസഹായം പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കു നല്‍കി. പ്രൊഡ്യൂസര്‍ കമ്പനികള്‍ നേരിട്ട്  മില്ലുകള്‍ സ്ഥാപിക്കണമെന്നില്ല. അതുവേണമെങ്കില്‍ ഫെഡറേഷനുകള്‍ക്കു വിട്ട് കൊടുക്കാം. സര്‍ക്കാര്‍ രണ്ടുകാര്യങ്ങള്‍ ചെയ്യണം. ഒന്ന്‍ , മില്ലുകള്‍ സ്ഥാപിക്കുന്നതിനുളള ധനസഹായം നല്‍കുക, നിലവിലുളള മില്ലുകള്‍ പുനരുദ്ധരിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിന് നിലവിലുളള സംഘങ്ങള്‍ക്കോ ആളുകള്‍ക്കോ താല്‍പര്യമില്ലെങ്കില്‍ നാളികേര കര്‍ഷകരുടെ പ്രൊഡ്യൂസര്‍ കമ്പനികളെ ഏല്‍പ്പിച്ചുകൊടുക്കണം. രണ്ട്, ഉല്‍പാദിപ്പിക്കപ്പെടുന്ന  ചകിരി അപ്പപ്പോള്‍ത്തന്നെ വാങ്ങി സംഭരിക്കുന്നതിന് കയര്‍ഫെഡിനെ ചുമതലപ്പെടുത്തുക. ചകിരി കയര്‍ ഫെഡിന്റെ ഗോഡൗണുകളില്‍ കൊണ്ടുവന്നു  സൂക്ഷിക്കേണ്ട ആവശ്യമില്ല. കയര്‍ഫെഡിന്റെ ഇന്‍ഡെന്റിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ക്കു വാങ്ങാവുന്നതാണ്. ട്രാന്‍സ്‌പോര്‍ട്ടേ ഷന്‍ ചാര്‍ജ് സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കണം. ഉല്‍പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ചകിരിയുടെ വില നിശ്ചയിക്കണം. ഇത്തരമൊരു സമീപനത്തിലൂടെ ചകിരി ഉല്‍പാദനത്തില്‍ ഗണ്യമായ പുരോഗതി നേടാനാവും.

മേല്‍പ്പറഞ്ഞതിനര്‍ത്ഥം പ്രൊഡ്യൂസര്‍ കമ്പനികളുടെ കുത്തകയായിരിക്കും ചകിരിയുല്‍പാദനം എന്നല്ല. നിലവിലുളള സംഘങ്ങള്‍ക്ക് ഈ മേഖലയില്‍ തുടരാം. അതുപോലെ പുതിയ സ്വകാര്യ സംരംഭകര്‍ക്കും പ്രവേശിക്കാം. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നും  ഏര്‍പ്പെടുത്തേണ്ടതില്ല. ഇവര്‍ക്കും യന്ത്രങ്ങള്‍ക്കുളള സബ്‌സിഡി ലഭ്യമാക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ചകിരിയുല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കണം ലക്ഷ്യം.

സമൂലമായ മാറ്റം വരേണ്ടുന്ന  മേഖല കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനമാണ്. നിലവിലുളള സംഘങ്ങളെ പരിശോധിച്ച് പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമല്ലാത്തവ അവസാനിപ്പിക്കണം. മിനിമം എണ്ണം തൊഴിലാളികള്‍ക്കു പണി നല്‍കിയാലേ മാനേജുമെന്റ് ജീവനക്കാരുടെയും ഓഫീസിന്റെയും ചെലവിന്റെ ഭാരം താങ്ങാനാവൂ. അതുകൊണ്ട് ദുര്‍ബലമായ സംഘങ്ങളെ സംയോജിപ്പിക്കുതിനുളള നടപടി സ്വീകരിക്കണം. സംഘങ്ങളുടെ പുനഃസംഘടനയ്ക്കു പാക്കേജുണ്ടാകണം. അവരുടെ വായ്പകള്‍ ഷെയറാക്കണം. പലിശ എഴുതിത്തളളണം. വിനിയോഗിക്കപ്പെടാത്ത ആസ്തികള്‍ ഫലപ്രദമായി ഉപയോഗിക്കുതിനുളള സ്വാതന്ത്ര്യം നല്‍കണം. ഓട്ടോമാറ്റിക് സ്പിന്നിംഗ്  മെഷീനടക്കമുളള യന്ത്രങ്ങള്‍ സംഘങ്ങള്‍ക്കു ലഭ്യമാക്കണം. ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന  കയര്‍ മിനിമം കൂലി ഉറപ്പുവരുത്തി കയര്‍ഫെഡ് വാങ്ങണം. ഈ കയര്‍ കയറ്റുമതിക്കാര്‍ക്കും ആഭ്യന്തരവ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വില്‍ക്കുമ്പോഴുണ്ടാകുന്ന  നഷ്ടം സര്‍ക്കാര്‍ വഹിക്കണം. വരുമാനം ഉറപ്പുപദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ചപ്പോള്‍ ഇതുപോലൊരു സ്‌കീമാണ് വിഭാവനം ചെയ്തിരുന്നത്. ഇതുവരെയുളള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വരുമാനം ഉറപ്പുപദ്ധതിയുടെ സബ്‌സിഡി ബാങ്കുവഴി നല്‍കുതിനു പകരം മിനിമം കൂലി നല്‍കുന്ന  സഹകരണ മേഖലയിലെയും ചെറുകിട ഉല്‍പാദകരുടെയും കയര്‍ വാങ്ങാന്‍ വേണ്ടി വിനിയോഗിക്കണം.

കയര്‍ ഉല്‍പന്ന  മേഖലയില്‍ കയര്‍ കോര്‍പറേഷന്‍ വഴി ക്രയവില സമ്പ്രദായം നടപ്പാക്കുന്നതിനുളള നടപടി ഊര്‍ജിതപ്പെടുത്തണം. കയര്‍ കോര്‍പറേഷന്‍ സ്വതന്ത്രമായി ഓര്‍ഡര്‍ നല്‍കുകയും ആവശ്യക്കാരായ കയറ്റുമതിക്കാര്‍ക്ക് സ്റ്റോക്കില്‍ നിന്ന് ചരക്കുവില്‍ക്കുകയും ചെയ്യുന്ന  സമ്പ്രദായം സ്വീകരിക്കണം. ഇവിടെയും നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നികത്തിക്കൊടുക്കണം. ഇന്ന്‍  കൈത്തറി എന്ന പേരില്‍ കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങളില്‍ ഒരുപങ്ക് യന്ത്രങ്ങളില്‍ നെയ്യുന്നതാണ്. കൈത്തറിയുടെ ആനുകൂല്യങ്ങള്‍ പറ്റാനുളള അടവാണിത്. ഇത് കര്‍ശനമായി തടയണം. കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേകം സബ്‌സിഡി നല്‍കണം. ഇവയ്ക്കു പ്രത്യേക ബ്രാന്‍ഡ് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തണം. കൈത്തറി ഉല്‍പാദനം ഭാവിയില്‍ ശുഷ്‌കിക്കും എന്നതിനു സംശയമില്ല. എന്നാല്‍ ഇതിനും കൈത്തറിത്തുണിയ്ക്കുളള അന്തര്‍ദേശീയ മാര്‍ക്കറ്റുപോലെ ഒരു സുരക്ഷിതമാര്‍ക്കറ്റ് ഉറപ്പുവരുത്താന്‍ കഴിയും. അതേസമയം പുതിയ ഉല്‍പങ്ങള്‍ സൃഷ്ടിക്കുതിനും യന്ത്രങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുന്നതിനുമുളള സ്വാതന്ത്ര്യം സംരംഭകര്‍ക്കു നല്‍കിയേ തീരൂ. ഫിനിഷിംഗ് മേഖലയിലും നവീകരണം ആവശ്യമാണ്. ഇതിന് വ്യവസായികള്‍ക്ക് ഇന്‍സെന്റീവ് നല്‍കണം.
 
ഇന്ന്  ഉല്‍പന്ന മേഖലയില്‍ ഏതാണ്ട് 25-30,000 തൊഴിലാളികളും പിരി മേഖലയില്‍ ഒരുലക്ഷത്തോളം തൊഴിലാളികളും  പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു . ഇവര്‍ക്ക് ഈ വ്യവസായത്തില്‍ത്തന്നെ പൂര്‍ണസമയം പണിനല്‍കുതിനാണ് ലക്ഷ്യമിടേണ്ടത്. എന്നാല്‍ നവീകരണം പൂര്‍ത്തിയാകുന്നതുവരെ ഇതിനു കഴിഞ്ഞെന്നു വരില്ല. ഈ അന്തരാളഘട്ടത്തില്‍ ഇവര്‍ക്ക് വരുമാനം ഉറപ്പുപദ്ധതിയിലൂടെ തൊഴില്‍ ഉറപ്പാക്കാനാവും. ഇനിയേതെങ്കിലും കാരണവശാല്‍ ഇതിനു കഴിയാതെ വരുങ്കെില്‍ അവര്‍ക്ക് തൊഴിലില്ലായ്മാ വേതനം നല്‍കണം. 

ഇത്തരമൊരു സാമൂഹ്യസുരക്ഷാപദ്ധതി പ്രായോഗികമാണോ എന്ന്‍ ചിന്തിക്കുവരുണ്ടാകും. ചെറിയതോതിലാണെങ്കിലും കേരള ദിനേശ് ബീഡി സഹകരണമേഖലയില്‍ ഇത്തരമൊരു പരീക്ഷണം വിജയിപ്പിച്ചിട്ടുണ്ട് . കയര്‍ത്തൊഴിലാളികളെപ്പോലെ ഉയര്‍ന്ന  രാഷ്ട്രീയബോധമുളള ഒരു വിഭാഗമായിരുന്നു  കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍. എന്നാല്‍ ബീഡിയുടെ കമ്പോളം തകര്‍ന്നതോടെ ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഏതാനും ദിവസംപോലും ആഴ്ചയില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് 45 വയസു കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഉറപ്പുനല്‍കി. മറ്റേതെങ്കിലും മേഖലയില്‍ പണിയെടുക്കുന്നതിന് പെന്‍ഷന്‍ തടസമല്ല. ഇതുപോലെ കയര്‍ത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള  തൊഴിലാളികള്‍ക്ക് കയര്‍ വ്യവസായത്തില്‍ പണി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്കു പെന്‍ഷന്‍ നല്‍കുതിനുളള ഏര്‍പ്പാടുണ്ടാകണം. മിനിമം പെന്‍ഷന്‍ ആയിരം രൂപ വേണമൊണ് തൊഴിലാളികളുടെ ഡിമാന്റ്.
ഇത്ര വലിയൊരു സാമ്പത്തികബാധ്യത താങ്ങാനുളള കഴിവ് സര്‍ക്കാരിനുണ്ടോ എന്ന  ചോദ്യം പ്രസക്തമാണ്. ഇപ്പോള്‍ത്തന്നെ 100 കോടി രൂപ ബജറ്റു വിഹിതമായും 20 കോടി രൂപ തൊഴിലുറപ്പുവിഹിതമായും വകയിരുത്തുന്നുണ്ട്. ഇതിനോടൊപ്പം 50 കോടി രൂപകൂടി മുടക്കാന്‍ തയ്യാറായാല്‍ യന്ത്രവത്കരണത്തിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സുരക്ഷ ഉറപ്പുനല്‍കുതിനും സാമൂഹ്യസംഘര്‍ഷം ഒഴിവാക്കി കയര്‍ വ്യവസായത്തെ പുനസംഘടിപ്പിക്കുന്നതിനും കഴിയും. ഇത്രയും ഭാരം താങ്ങാനുളള സാമ്പത്തികശേഷി കേരള സര്‍ക്കാരിനുണ്ട്. കേരളം ഇന്ന്‍  ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന  വേഗതയില്‍ വളര്‍ുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സമൂഹത്തിലെ 30 ശതമാനത്തോളം വരുന്ന  പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ഈ വളര്‍ച്ചയുടെ പങ്കുലഭിക്കുന്നില്ല. മേലേക്കിടയിലുളള 30 ശതമാനം അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉചിതമായ പുനര്‍വിതരണ നയങ്ങളുണ്ടെങ്കില്‍ ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു ചെറിയ ശതമാനം പരമ്പരാഗത മേഖലകളുടെ സാമൂഹ്യസുരക്ഷിതത്വത്തിനുവേണ്ടി നീക്കിവെയ്ക്കുന്നതിന് നമുക്കു കഴിയും.



















ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...