Sunday, September 30, 2012

പാര്‍ടി തകരാത്തത് എന്തുകൊണ്ട്, തകര്‍ക്കാന്‍ എന്തുവേണം?

"കേവലം ഏകാധിപത്യപരം, സ്റ്റാലിനിസ്റ്റ്, ലെനിനിസ്റ്റ്, ഫാസിസ്റ്റ് എന്നൊക്കെ പറഞ്ഞ് വിമര്‍ശിച്ചതുകൊണ്ടു കാര്യമില്ല. കമ്മ്യൂണിസ്റ്റു വിരുദ്ധര്‍ പതിറ്റാണ്ടുകളായി ഇതാവര്‍ത്തിച്ചിട്ടും അവര്‍ക്കൊരു കുലുക്കവുമില്ല. കാര്യമായ ഒരു ദോഷവുമില്ല. (ലോകം മുഴുവന്‍ തകര്‍ന്നിട്ടും). എതിരാളികള്‍ ഇതു മനസ്സിലാക്കുന്നില്ല. പാര്‍ടിയില്‍ നിന്ന് ശക്തരായ പലരും വിട്ടുപോയിട്ടും പാര്‍ടി ശക്തിയോടെ പിടിച്ചു നില്‍ക്കുന്നു. ഇതെന്തുകൊണ്ടെന്നറിയാന്‍ പാര്‍ടിയുടെ ജനകീയ അടിത്തറ എന്താണെന്നറിയണം. അതില്ലാതെ നടത്തുന്ന വിശകലനം അസ്ഥാനത്താണ്"; - (സി. ആര്‍. നീലകണ്ഠന്‍, പാര്‍ടിയും കുലവും കുലംകുത്തിയും, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 17, 2012).

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, വിശേഷിച്ച് സിപിഎമ്മിന്റെ ജനകീയാടിത്തറയുടെ രൂപപ്പെടല്‍ ഗഹനമായ ഒരു ഗവേഷണ വിഷയമാണെന്നാണ് സി ആര്‍ നീലകണ്ഠന്റെ അഭിപ്രായം. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം അതിനുവേണ്ട ചില സൂചനകള്‍ നല്‍കുകയാണത്രേ. ആദ്യം ആ സൂചനകളെ നമുക്കൊന്ന് വിശകലനം ചെയ്യാം.
 
ജനകീയാടിത്തറയുടെ ഘടന


പാര്‍ടി സംഘടന കെട്ടിപ്പടുത്തിയിട്ടുള്ളത് കേഡര്‍മാരുടെ അടിത്തറയിലാണ്. ഉരുക്കുപോലെ ഉറച്ചവര്‍, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നവര്‍, പരമ്പരാഗതമായ കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ നിന്നുളളവര്‍. മിക്കവാറും പിന്നോക്ക ദളിത് വിഭാഗത്തിലുളളവര്‍. പാര്‍ടി ഗ്രാമങ്ങളുടെ അടിത്തറ ഇതാണ്. വടക്കേ മലബാറില്‍ ഇപ്പോഴും അടിത്തറ വളരെ ശക്തമാണ്. എന്നാല്‍ ബാക്കിയിടങ്ങളില്‍ ദുര്‍ബലപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വടക്കേ മലബാറില്‍ നേതൃത്വം എന്തു തീരുമാനിച്ചാലും നടപ്പാക്കുന്ന ചാവേറുകളുണ്ടാകുന്നതത്രേ.

രണ്ടാമത്തെ തട്ട് പുരോഗമന മധ്യവര്‍ഗമാണ്. പൊതു രാഷ്ട്രീയ വിദ്യാഭ്യാസം നേടി പ്രത്യയശാസ്ത്ര പ്രചോദിതരായി പ്രസ്ഥാനത്തിലേക്ക് വന്നവരും കടുത്ത ത്യാഗങ്ങള്‍ സഹിച്ചവരുമാണ്. തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്മാരാണ് ഇവരെന്ന് ഇഎംഎസിനെ നീലകണ്ഠന്‍ ഉദ്ധരിക്കുന്നുമുണ്ട്. ഇവരില്‍ നിന്നാണ് പാര്‍ടിയുടെ നേതൃത്വം രൂപം കൊണ്ടത്.

മൂന്നാംതലക്കാര്‍ തീര്‍ത്തും മധ്യവര്‍ഗക്കാരാണ്. ഇവര്‍ക്ക് ഇടതുപക്ഷ വീക്ഷണമൊക്കെയുണ്ട്. ഇടതുഭരണത്തിലെ നേട്ടങ്ങള്‍ അനുഭവിച്ചു വളര്‍ന്നവരാണിത്. (ഭൂമി, വിദ്യാഭ്യാസം...). കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളില്‍ മഹാഭൂരിപക്ഷവും ഇവരാണ്. ഇവര്‍ക്കു പുറമെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സഹകരണസംഘം ജീവനക്കാര്‍, സംഘടിത യൂണിയനുകളിലെ നേതാക്കന്മാര്‍ തുടങ്ങിയവര്‍. പാര്‍ടിയുടെ ബഹുജനസംഘടനകളിലെ ലക്ഷക്കണക്കിനായ അംഗങ്ങളും ഇവരില്‍പെടും. കടുത്ത സമരപോരാട്ടങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്ത ഇവരാണ് ഇപ്പോള്‍ നേതൃത്വത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഈ വിഭാഗമാണ്, പാര്‍ടിയുടെ വലതുപക്ഷ അപചയത്തിന് അടിസ്ഥാനം.

ഇടതുപക്ഷവുമായി ഇണങ്ങിയും പിണങ്ങിയും നിന്ന നാലാം വിഭാഗവും തീരത്ത് ഒഴുകി നടക്കുന്ന ഒരു അഞ്ചാം വിഭാഗവുമുണ്ട്. ഏതുതരം താല്‍പര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന, തങ്ങള്‍ക്ക് ഗുണകരമായ ഏതിനൊപ്പവും നില്‍ക്കുന്നവരാണ് ഈ നാലാം തരക്കാര്‍.

1990കള്‍ക്കുശേഷം മൂന്നും നാലും വിഭാഗങ്ങള്‍ തമ്മിലുളള അതിര്‍ത്തിവരമ്പ് മാഞ്ഞുപോയി. മറ്റു രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് കമ്മ്യൂണിസ്റ്റു പാര്‍ടിയെ വ്യത്യസ്തമാക്കുന്നത് ഒന്നും രണ്ടും തലങ്ങളാണത്രേ. ഏതു വിധേനയും ഒന്നാംതലം നിലനിര്‍ത്തിക്കൊണ്ടുപോവുക എന്നത് നിലനില്‍പ്പിന്റെ ആവശ്യമാണത്രേ. അതിനുവേണ്ടി എന്തും ചെയ്യും. എന്നാല്‍ ഇവിടെ സമരവീര്യം കുറഞ്ഞുവരികയാണ്. പാര്‍ടിക്കൂറും കുറഞ്ഞു വരികയാണ്. എം വി രാഘവനും ഗൗരിയമ്മയും വിട്ടുപോയിട്ടും അവര്‍ വിട്ടുപോകാത്തത് നേതൃത്വത്തിലുളള വിശ്വാസം മൂലമാണ്. പ്രത്യയശാസ്ത്രപരമായ കാരണങ്ങളും സിപിഐ എമ്മിന് അനുകൂലമായിരുന്നു. മാത്രമല്ല, ഇവര്‍ കോണ്‍ഗ്രസില്‍ ചെന്നടിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. മലബാറില്‍പ്പോലും ഒന്നാംതലം ദുര്‍ബലപ്പെടുകയാണ്. ഇതിനു തടയിടാന്‍ പാര്‍ടി വിട്ടുപോകുന്നവരെ, ഇക്കൂട്ടരില്‍പ്പെട്ടവരെ കുലംകുത്തികളായി മുദ്രകുത്തി വധിക്കേണ്ടത് കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ആവശ്യമാണ്. ഇതാണ് ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലം. ഇതാണ് സി. ആര്‍. നീലകണ്ഠന്റെ തീസീസ്.

പാര്‍ടി സംഘടനയുടെ വര്‍ഗാടിത്തറ


നീലകണ്ഠന്‍ പറഞ്ഞതില്‍ ഒരു ശരിയുണ്ട്. കേരളത്തിലെ സിപിഐ എമ്മിനെ മറ്റു പാര്‍ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ജനകീയ അടിത്തറയാണ്. പാര്‍ടിയുടെ ജനകീയ അടിത്തറ കര്‍ഷകത്തൊഴിലാളികള്‍, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ചെത്ത് തുടങ്ങിയ മേഖലകളിലെ നാട്ടിന്‍പുറത്തെ കൂലിവേലക്കാര്‍, പാവപ്പെട്ട കൃഷിക്കാര്‍ എന്നിവരാണ്. ഇവരില്‍ മഹാഭൂരിപക്ഷവും ദളിതരോ പിന്നോക്ക സമുദായക്കാരോ ആണ്. കേരളത്തിലെ വര്‍ഗബഹുജന സംഘടനകളുടെ സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

മഹിള, യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണ് എണ്ണത്തില്‍ മുന്തിനില്‍ക്കുന്നത്. എന്നാല്‍ ഇവരുടെ വര്‍ഗപശ്ചാത്തലം നോക്കിയാല്‍ മഹാഭൂരിപക്ഷവും മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ നിന്നുതന്നെ വരുന്നവരാണ് എന്നു കാണാം. വിദ്യാര്‍ത്ഥി പ്രസ്ഥാനം മാത്രമാണ് ഇതിനൊരു അപവാദം. ഇടത്തരം കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ ആശയപരമായ കാരണങ്ങള്‍ കൊണ്ടും കാമ്പസുകളിലെ അന്തരീക്ഷം കൊണ്ടും ഇടതുപക്ഷത്തേക്ക് നീങ്ങുന്ന ശക്തമായ പ്രവണതയുണ്ട്. ഈ അടിത്തറ ഇന്നും ഇളകിയിട്ടില്ല.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനം ചെയ്ത് പാര്‍ടി എത്തിച്ചേര്‍ന്ന നിഗമനമിതാണ്. പരമ്പരാഗത വ്യവസായ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്ലാന്റേഷന്‍ തൊഴിലാളികളുടെയും മേഖലകളില്‍ നല്ല വിജയം നേടാനായി. സത്യം പറഞ്ഞാല്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഏകീകരണമാണ് ഉണ്ടായത്. എന്നാല്‍ ഇടത്തരക്കാരുടെ ഇടയില്‍, പ്രത്യേകിച്ച് മതന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനം ശോഷിച്ചു. ഇതാണ് തിരഞ്ഞെടുപ്പു പരാജയത്തിലേക്ക് നയിച്ചത്.

പാര്‍ടിയുടെ ജനകീയ അടിത്തറയായി ഞങ്ങള്‍ കരുതുന്ന ഈ വിഭാഗങ്ങളെ നീലകണ്ഠന്‍ ഉള്‍പ്പെടുത്തുന്നത് മൂന്നാംതലത്തിലാണ്. യഥാര്‍ത്ഥത്തില്‍ നീലകണ്ഠന്റെ അവതരണത്തിലെ അടിസ്ഥാനപരമായ പിശക് പാര്‍ടി ഘടനയെയും ബഹുജന പ്രസ്ഥാനങ്ങളെയും കൂട്ടിക്കുഴയ്ക്കുന്നു എന്നതാണ്. അടിയുറച്ച കേഡര്‍മാര്‍, പുരോഗമനവാദികളായ ഇടത്തരക്കാര്‍ എന്നിവരില്‍ നിന്നാണല്ലോ പാര്‍ടി നേതൃത്വം രൂപം കൊണ്ടിരുന്നത് എന്നാണ് നീലകണ്ഠന്റെ അഭിപ്രായം. എന്നാലിപ്പോള്‍ ബഹുജനസംഘടനകളില്‍ നിന്നും മറ്റും അത്ര ആശയദൃഢത ഇല്ലാത്തവര്‍ കൂടി നേതൃത്വത്തിലേക്ക് വരുന്നു. ഇതാണ് പാര്‍ടിയുടെ അപചയത്തിന് കാരണമായി നീലകണ്ഠന്‍ കാണുന്നത്.

പാര്‍ടിയുടെ വര്‍ഗ ഘടന
യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഘടനയെക്കുറിച്ചു പറയുമ്പോള്‍ പ്രധാനമായും മൂന്നു തട്ടുകളാണ് കാണുക. വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളിലെ അംഗങ്ങളുടെ ജനകീയാടിത്തറ, അവരില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഏറ്റവും ഉശിരന്മാര്‍ അംഗങ്ങളായുളള പാര്‍ടി, പാര്‍ടിയുടെ നേതൃത്വം. പാര്‍ടിയുടെ ജനകീയാടിത്തറയെക്കുറിച്ച് വലിയ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. എന്തു കുറവുണ്ടെങ്കിലും ഈ നാട്ടിലെ തൊഴിലാളികള്‍, കൃഷിക്കാര്‍, മറ്റ് അധ്വാനിക്കുന്നവര്‍ എന്നിവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റു പാര്‍ടി വളര്‍ന്നത്. അപ്പോള്‍ പിന്നെ ചര്‍ച്ച ചെയ്യേണ്ടുന്ന പ്രശ്നം, പാര്‍ടിയുടെ വര്‍ഗഘടന, ജനകീയാടിത്തറയെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നുളളതാണ്.

ജനകീയാടിത്തറയുടെ അതേ അനുപാതത്തില്‍ തന്നെ ആവില്ല പാര്‍ടിയുടെയും നേതൃത്വത്തിന്റെയും വര്‍ഗ ഘടന എന്നതിന് വലിയ വിശദീകരണം ആവശ്യമില്ല. വിദ്യാസമ്പന്നരായ ഇടത്തരക്കാരുടെയും മറ്റും സാന്നിദ്ധ്യം താരതമ്യേന വര്‍ദ്ധിക്കും. കാരണം സമരപോരാട്ടങ്ങളിലെ പങ്കാളിത്തം മാത്രമല്ല, ആശയപരമായ കരുത്തും വിദ്യാഭ്യാസവും മറ്റും നേതൃത്വപരിഗണനയില്‍ ഒഴിവാക്കാനാവാത്തതാണ്. ജനിച്ച വര്‍ഗം വ്യത്യസ്തമാണെങ്കിലും തൊഴിലാളി വര്‍ഗവീക്ഷണം ഇവര്‍ ഉള്‍ക്കൊളളുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇങ്ങനെയുളളവരെയാണ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്മാരെന്ന് ഇഎംഎസ് വിശേഷിപ്പിച്ചത്.

കേരളത്തിലെ പാര്‍ടിയിലെ അഞ്ചര ലക്ഷത്തോളം വരുന്ന അംഗങ്ങളില്‍ 37 ശതമാനം തൊഴിലാളികളാണ്. അതില്‍ മഹാഭൂരിപക്ഷവും പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്നവരാണ്. 17 ശതമാനം കര്‍ഷകത്തൊഴിലാളികളാണ്. അങ്ങനെ ഇവര്‍ രണ്ടുപേരും തന്നെ പാര്‍ടി അംഗത്വത്തില്‍ ഭൂരിപക്ഷം വരും. ദരിദ്ര കൃഷിക്കാരാണ് മറ്റൊരു 37 ശതമാനം. മറ്റുവര്‍ഗങ്ങളില്‍ ജനിച്ചവര്‍ 10 ശതമാനത്തോളമേ വരൂ. പാര്‍ടി അംഗത്വത്തിന്റെ ഘടന പാര്‍ടിയുടെ ജനകീയ അടിത്തറയെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നു എന്നു പറയാം. ഒരു പ്രധാന ദൗര്‍ബല്യം സ്ത്രീകളുടെ എണ്ണം കുറവാണ് എന്നുളളതാണ്. അതുപോലെ തന്നെ മതന്യൂനപക്ഷങ്ങളില്‍ നിന്ന് ആനുപാതികമായ അംഗത്വമില്ല.

പാര്‍ടി നേതൃത്വത്തിന്റെ ഏറ്റവും നല്ല പരിഛേദം സംസ്ഥാന സമ്മേളനങ്ങളിലേക്കുളള പ്രതിനിധികളാണ്. കഴിഞ്ഞ തിരുവനന്തപുരം പാര്‍ടി സമ്മേളനത്തില്‍ പങ്കെടുത്ത 556 പ്രതിനിധികളില്‍ 160 പേര്‍ തൊഴിലാളി വര്‍ഗത്തില്‍ നിന്നും 46 പേര്‍ കര്‍ഷക ത്തൊഴിലാളികളില്‍ നിന്നും 92 പേര്‍ ഇടത്തരം കര്‍ഷകരില്‍ നിന്നുമാണ്. അങ്ങനെ ഭൂരിപക്ഷം പേര്‍ അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്നു തന്നെ വരുന്നവരാണ്. അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്ന് ബോധപൂര്‍വം നേതൃത്വത്തിലേക്ക് സഖാക്കളെ വളര്‍ത്തിയെടുക്കുന്ന പാരമ്പര്യമാണ് പാര്‍ടിക്കുളളത്.

ഇഎംഎസും എകെജിയുമൊക്കെപോലുളള ഒട്ടേറെ കമ്മ്യൂണിസ്റ്റു നേതാക്കള്‍ ഇടത്തരം സമ്പന്ന വര്‍ഗങ്ങളില്‍ നിന്നുണ്ടായി. അതോടൊപ്പം അധ്വാനിക്കുന്ന വിഭാഗങ്ങളില്‍ നിന്ന് ഏറ്റവും ഉന്നതമായ പദവിയിലേക്ക് വരെ കേഡര്‍മാരെ കമ്മ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തിക്കൊണ്ടു വന്നു. ആലപ്പുഴയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം സാധാരണ തൊഴിലാളികളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ - സംസ്ഥാന നേതൃതലത്തിലേക്ക് സംഭാവന ചെയ്തവരുടെ എണ്ണം പലരും എടുത്തു പറഞ്ഞിട്ടുണ്ട്. ഇന്നു കേരളത്തിലെ പാര്‍ടിയുടെ ഏറ്റവും സമുന്നതരായ നേതാക്കളായ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും തൊഴിലാളി കുടുംബങ്ങളില്‍ നിന്നുളളവരാണ്.

ഇവയൊക്കെ അനുകൂല ഘടകങ്ങളായി നിലനില്‍ക്കുമ്പോള്‍ത്തന്നെ അന്യവര്‍ഗ ചിന്താഗതികള്‍ക്കും ആശയങ്ങള്‍ക്കും എതിരായ നിരന്തരമായ ജാഗ്രതയും സമരവും അത്യന്താപേക്ഷിതമാണ്. കാരണം പാര്‍ടി അംഗങ്ങളില്‍ മഹാഭൂരിപക്ഷവും അടിയന്തരാവസ്ഥയ്ക്കുശേഷം പാര്‍ടിയിലേക്ക് വന്നവരാണ്. അതുപോലെ തന്നെ പതുക്കെയാണെങ്കിലും കൂടുതല്‍ ഇടത്തരക്കാര്‍ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.

പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പ്രാമുഖ്യം വരുമ്പോള്‍ വ്യാമോഹങ്ങളും ദുഷിപ്പുകളും കടന്നുവരാം. ഇവയൊക്കെ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അപചയങ്ങളുണ്ടാകും. ഇത്തരത്തിലുളള നിരന്തരമായ തെറ്റുതിരുത്തല്‍ പ്രക്രിയയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒരു തെറ്റു തിരുത്തല്‍ രേഖ അംഗീകരിക്കുകയും പാര്‍ടി അടിമുടി ചര്‍ച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു വരികയുമാണ്. ഈ രേഖ പരിശോധിച്ചാല്‍ നീലകണ്ഠനെപ്പോലുളളവര്‍ പറയുന്ന പലകാര്യങ്ങളും അവിടെ കാണാം. ഞങ്ങളുടെ പോരായ്മകളെക്കുറിച്ച് നല്ല ബോധ്യം ഞങ്ങള്‍ക്കുണ്ട്. അവ തിരുത്തി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍ നീലകണ്ഠനെപ്പോലുളളവര്‍ അവ പെരുപ്പിച്ചു കാണിച്ച് പ്രസ്ഥാനത്തെ എങ്ങനെ തകര്‍ക്കാമെന്നാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അസത്യങ്ങളും കളള പ്രചരണങ്ങളും നടത്തുന്നു. ഇവയെക്കുറിച്ച് പിന്നാലെ സൂചിപ്പിക്കുന്നുണ്ട്.

ഈ സന്ദര്‍ഭത്തില്‍ രസാവഹമായ ഒരു നിരീക്ഷണവും കൂടി നടത്താനാഗ്രഹിക്കുകയാണ്. ജനാധിപത്യ കേന്ദ്രീകരണത്തിനും അച്ചടക്കത്തിനുമെതിരാണ് നീലകണ്ഠനെപ്പോലുളളവരെല്ലാം. എന്നാല്‍ അതേ സമയം വിപ്ലവ ബഹുജനപ്പാര്‍ട്ടി എന്ന നിലയില്‍ ഇടത്തരക്കാരടക്കമുളള വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനുളള പരിശ്രമങ്ങളെയെല്ലാം അപചയങ്ങളായാണ് ഇവര്‍ കാണുന്നത്. അപചയങ്ങള്‍ക്കുളള സാധ്യതകള്‍ ഏറെയാണ്. അവയ്ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും തെറ്റുകള്‍ തിരുത്തുകയുമാണ് വേണ്ടത് എന്നാണ് ഞങ്ങളുടെ പക്ഷം.

വിഭാഗീയതയുടെ ദുരന്തഫലങ്ങള്‍
പാര്‍ടിയുടെ അടിത്തറ ഇളകുന്നതിന്റെ സൂചനയായി നീലകണ്ഠന്‍ ചൂണ്ടിക്കാണിക്കുന്ന ഒഞ്ചിയം, ഷൊര്‍ണൂര്‍ പ്രതിഭാസങ്ങള്‍ രൂപം കൊണ്ടതെങ്ങനെ? കേട്ടുകേള്‍വിയില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ടി നേതൃത്വം കൈപ്പിടിയിലൊതുക്കാന്‍ മലപ്പുറം സമ്മേളനത്തില്‍ നടന്ന പരിശ്രമങ്ങളുടെ പര്യവസാനങ്ങളായിരുന്നു അവ. പാര്‍ടിയിലെ തെറ്റുകള്‍ തിരുത്തുന്നതിനുളള വലിയ രാഷ്ട്രീയ ഇടപെടലുകളായിട്ടാണ് എം എന്‍ വിജയനെപ്പോലുളളവര്‍ ഈ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചിട്ടുളളത്.

തെറ്റുതിരുത്തലിനു എന്നു പറഞ്ഞു കൊണ്ട് ഏറ്റവും വലിയ തെറ്റുകളാണ് ഇക്കൂട്ടര്‍ ചെയ്തത്. ബൂര്‍ഷ്വാ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പാര്‍ടി നേതാക്കളെ ക്രൂരമായി സ്വഭാവഹത്യ ചെയ്യുക, ആരോപണങ്ങള്‍ വ്യാജമായി കെട്ടിച്ചമച്ച് പ്രചരിപ്പിക്കുക, അറപ്പിക്കുന്ന അശ്ലീലകഥകള്‍ പ്രചരിപ്പിക്കുക, പാര്‍ടി നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും വേട്ടയാടുന്ന അശ്ലീലകഥകള്‍ അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കുക, കളളക്കേസുകളും കളളപ്പരാതികളും ഉണ്ടാക്കി അവയ്ക്കു പ്രചരണം നല്‍കുക തുടങ്ങി ഒരു ബൂര്‍ഷ്വാ പാര്‍ടിയ്ക്കു പോലും വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്തത്. ലാവലിന്‍ കേസിനുവേണ്ടി മാത്രം എത്ര ആയിരം പേജുകളും എത്ര മണിക്കൂറുകളുമാണ് മാധ്യമങ്ങള്‍ നീക്കിവെച്ചത്?

കേരള ചരിത്രത്തിലെ ഏറ്റവും വലിയ കളളപ്രചാരണം എങ്ങനെയാണ് ബോധപൂര്‍വം കരുപ്പിടിപ്പിച്ചത് എന്ന് ഇനിയെന്ത് ലാവലിന്‍ ? എന്ന ഗ്രന്ഥത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തിന് ഒരു തെളിവുമില്ല എന്ന് സിബിഐ തന്നെ കോടതിയില്‍ പറഞ്ഞു കഴിഞ്ഞു. എന്നു മാത്രമല്ല, ഈ കേസിന്റെ നടത്തിപ്പിനെ സ്വാധീനിക്കുന്നതിനും പിണറായി വിജയനെതിരെ തിരിക്കുന്നതിനും വേണ്ടി ക്രൈം നന്ദകുമാര്‍ അടക്കമുളളവര്‍ നടത്തിയ ഇടപെടലുകളെ സിബിഐ തുറന്നു കാണിച്ചു. സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുക മാത്രമല്ല, കളളത്തെളിവുകള്‍ സൃഷ്ടിച്ചും കളളസ്സാക്ഷികളെ ഇറക്കുമതി ചെയ്തും കോടതിയെയും അന്വേഷണ ഏജന്‍സിയെയും സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയുമൊക്കെ ചെയ്തതിന്റെ അണിയറക്കഥകള്‍ പുറത്തുവന്നുതുടങ്ങി. കോളിളക്കങ്ങള്‍ സൃഷ്ടിച്ച കിളിരൂര്‍, കവിയൂര്‍ കേസുകള്‍ ഇപ്പോളെവിടെ? ജനകീയാസൂത്രണത്തിലെ സിഐഎ ഇടപെടല്‍ ഇന്ന് ആവര്‍ത്തിക്കാന്‍ ധൈര്യമില്ലാത്തവിധം പരിഹാസ്യമായിക്കഴിഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിലെ നല്ല കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ നീലകണ്ഠനെ ഇവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ ചെറുതായൊന്നുമല്ല ഞാന്‍ അമ്പരന്നത്.

എം. വി. രാഘവന്‍ തുടങ്ങിയവരുടെമേല്‍ അച്ചടക്കലംഘനത്തിനു നടപടിയെടുത്തതിനെക്കാള്‍ വ്യത്യസ്തമായ ഒരു സാഹചര്യം മാധ്യമ ദുഷ്പ്രചരണത്തിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നത് വാസ്തവമാണ്. പാര്‍ടി നേതൃത്വത്തെക്കുറിച്ച് ജനങ്ങളില്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. അതോടൊപ്പം വിഭാഗീയ ചേരിതിരിവ് കീഴ്ത്തട്ടുവരെ ഉണ്ടായി. അതുകൊണ്ട് മലപ്പുറം സമ്മേളനത്തിനു ശേഷവും യാന്ത്രികമായ അച്ചടക്ക നടപടിയുടെ രീതിയല്ല വിഭാഗീയതയെ തിരുത്താന്‍ സ്വീകരിച്ചത്. തികഞ്ഞ അവധാനതയോടെ തെറ്റുകള്‍ തിരുത്തി പാര്‍ടിയെ യോജിപ്പിക്കാന്‍ ഉതകുന്ന ഒരു സമീപനമാണ് കൈക്കൊണ്ടത്. ഇതിന്റെ ഫലമായി മഹാഭൂരിപക്ഷം സഖാക്കളെയും പാര്‍ടിയുടെ നേതൃത്വത്തിനു കീഴില്‍ വീണ്ടും യോജിപ്പിച്ച് അണിനിരത്താന്‍ കഴിഞ്ഞു.

എന്നാല്‍ തെറ്റു തിരുത്താതെ പഴയ ദുഷ്പ്രചാരണം തുടര്‍ന്നവരാണ് ഒഞ്ചിയത്തെയും ഷൊര്‍ണൂരിലെയും വിമതപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഇവരില്‍ ഇടതുപക്ഷ ഏകോപന സമിതിക്കാര്‍ പരസ്യമായി യുഡിഎഫുമായി ബാന്ധവമുറപ്പിച്ചപ്പോള്‍, ആര്‍എംപിക്കാര്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണയിലാണ് മത്സരിച്ചത്. ഇതൊന്നും ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതകളാണ്. രണ്ടു ദശാബ്ദക്കാലത്തെ വിഭാഗീയത കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ടിയില്‍ മുമ്പില്ലാതിരുന്ന സാഹചര്യം സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങളുടെ നിരന്തരമായ ലംഘനമാണ് പാര്‍ടിയുടെ കെട്ടുറപ്പിന് പോറലേല്‍പ്പിച്ചിട്ടുളളത്. പാര്‍ടിയിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഈ സംഘടനാതത്വങ്ങളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചുകൊണ്ടു കഴിയും. എന്നാല്‍ വിഭാഗീയമായ ചിന്തകളും ചേരിതിരിവും, വസ്തുനിഷ്ഠമായി ഓരോ വിഷയത്തെയും വിലയിരുത്തി നിലപാട് സ്വീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. അങ്ങനെ തെറ്റുകള്‍ തിരുത്തപ്പെടാതെ പോകുന്നു.

ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ലംഘനം പാര്‍ടിയെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യ കേന്ദ്രീകരണ തത്വമുപേക്ഷിച്ച യുറോപ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് എന്തു സംഭവിച്ചു എന്നത് നമുക്കൊരു പാഠമാകേണ്ടതുണ്ട്. തീവ്ര ഇടതുപക്ഷത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അന്യാദൃശ്യമായ മാധ്യമപ്രചരണ ആരവത്തോടെ നടത്തുന്ന ഈ കുത്സിത പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായല്ലാതെ കായികമായി നേരിടാനാവില്ലെന്ന് പാര്‍ടിയ്ക്കു നന്നായി അറിയാം. ഇതിന് അനുകൂലമായ സാഹചര്യമായിരുന്നു കേരളത്തില്‍ ഉരുത്തിരിഞ്ഞത്. ഇരുപതാം പാര്‍ടി കോണ്‍ഗ്രസും അതുമായി ബന്ധപ്പെട്ട മറ്റു സമ്മേളനങ്ങളും പാര്‍ടിയിലെ ഐക്യം പൂര്‍വാധികം ശക്തിപ്പെടുത്തി. യുഡിഎഫിന്റെയും യുപിഎയുടെയും ദുര്‍നയങ്ങള്‍ ജനങ്ങളില്‍ വ്യാപകമായ അസംതൃപ്തി സൃഷ്ടിച്ചു. ഇവയ്ക്കെതിരെ ഉജ്വലമായ സമരങ്ങളിലൂടെ മഹാഭൂരിപക്ഷം ജനങ്ങളെയും ഇടതുപക്ഷത്തേയ്ക്ക് ആകര്‍ഷിക്കാനുളള സാഹചര്യമൊരുങ്ങുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ എന്തു പ്രകോപനമുണ്ടെങ്കിലും ചന്ദ്രശേഖരനെപ്പോലൊരാളെ വധിക്കുക എന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂ എന്ന് സാമാന്യ രാഷ്ട്രീയ ധാരണയുളള ഏതൊരാള്‍ക്കും തിരിച്ചറിയാവുന്നതേയുളളൂ.

അതുകൊണ്ട് നീലകണ്ഠന്‍ പറയുന്നതുപോലെ ഈ വധം സിപിഐ എമ്മിന്റെ രാഷ്ട്രീയ യുക്തിയിലുളളതല്ല. പാര്‍ടി നയങ്ങള്‍ക്ക് വിരുദ്ധമാണ്. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ ഈ വധമുപയോഗിച്ച് വിരുദ്ധന്മാര്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് പാര്‍ടിയിലെ ആര്‍ക്കെങ്കിലും വ്യക്തിപരമായി ഈ വധത്തില്‍ പങ്കുണ്ടെങ്കില്‍ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും എന്ന് പാര്‍ടി വ്യക്തമാക്കിയത്. (തുടരും)

Saturday, September 22, 2012

"കുലംകുത്തി"കളും "സൈക്കോപാത്തു"കളും

"റെനഗേഡ്" എന്നത് കമ്മ്യൂണിസ്റ്റു വിമര്‍ശന പദാ വലിയിലെ ഒരു പ്രധാനപ്പെട്ട പ്രയോഗമാണ്. തൊഴിലാളിവര്‍ഗത്തെയും കമ്മ്യൂണിസ്റ്റു പാര്‍ടിയെയും ഒറ്റുകൊടുക്കുന്നവരെയാണ് ആ പ്രയോഗം കൊണ്ട് വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ "വര്‍ഗ വഞ്ചകന്‍" എന്നര്‍ത്ഥം നല്‍കാം. സിപിഐഎമ്മിനെ ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്തവരെ "റെനഗേഡ്" എന്ന അര്‍ത്ഥത്തില്‍ പിണറായി വിജയന്‍ "കുലംകുത്തി" എന്ന് ഒരു പൊതുയോഗത്തില്‍ വിശേഷിപ്പിച്ചിരുന്നു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം നടന്ന ഒരു പത്രസമ്മേളനത്തില്‍ ആ പ്രയോഗത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോടു ചോദിച്ചു. ചോര നുണയുന്ന മാധ്യമകൗശലം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ, അക്കാര്യം ചര്‍ച്ച ചെയ്യാനുളള സമയമല്ല ഇത് എന്ന് വ്യക്തമായ മറുപടിയും പിണറായി പറഞ്ഞു. തുടര്‍ന്നു വന്ന ചോദ്യങ്ങളോടു പ്രതികരിച്ചുകൊണ്ട് പണ്ടു നടത്തിയ പ്രയോഗത്തില്‍ തെറ്റില്ലെന്ന്് അദ്ദേഹം വ്യക്തമാക്കി.

ഇതിനെച്ചൊല്ലി എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്? എത്ര ലേഖനങ്ങള്‍, എന്തെന്തു വ്യാഖ്യാനങ്ങള്‍! ""സ്വയം കുലമായി സങ്കോചിച്ചുകൊണ്ടിരിക്കുന്ന സിപിഎം കടുത്ത സൈനോ ഫോബിയയുടെ അടിമകളായിരിക്കുകയാണ്. ഏതു കുലത്തിന്റെയും മുഖമുദ്ര, കുലത്തിനു പുറത്തുളളവരെ ശത്രുക്കളായി കാണുന്ന മനോഘടനയാണ്"" എന്ന് ജെ രഘു മാതൃഭൂമി വാരികയില്‍ സിദ്ധാന്തിച്ചു. ""ഒരു കമ്മ്യൂണിസ്റ്റ് നേതാവ് കുലം എന്ന പദം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?"" എന്ന ചോദ്യമുയര്‍ത്തി, സി ആര്‍ നീലകണ്ഠന്‍. മരിച്ചുകിടക്കുന്ന ഒരാളെ പിണറായി വിജയന്‍ "കുലംകുത്തി"യെന്ന് ആക്ഷേപിച്ചത് ക്രൂരമാണെന്നായി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടെ വകയുമുണ്ടായി, ആ പ്രയോഗത്തിനെതിരെ പ്രസ്താവനയും പത്രസമ്മേളനവും.

ഇന്നു നടക്കുന്ന കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരവേലയുടെ ഒന്നാന്തരം ഉദാഹരണമാണ് കുലംകുത്തി പ്രയോഗത്തെക്കുറിച്ചുളള വിവാദം. ആദ്യം നിരന്തരമായ ആവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ടി വിടുന്നവരെ മുഴുവന്‍ കുലംകുത്തികളാണെന്നാണ് വിശേഷിപ്പിക്കുക എന്ന് മനുഷ്യരുടെ മനസില്‍ സ്ഥാപിച്ചു. എന്തിന്, മരിച്ചു കിടക്കുന്നവരെപ്പോലും ഇത്തരത്തില്‍ ആക്ഷേപിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തുടര്‍ന്ന്, ഈ പദപ്രയോഗത്തെക്കുറിച്ചുളള അപനിര്‍മ്മാണ വിശകലനങ്ങളായി. കമ്മ്യൂണിസ്റ്റുകാരുടെ മനോഗതിയും അന്ധമായ വൈരനിര്യാതന ചിന്തയുമെല്ലാം ഈ പ്രയോഗത്തില്‍ നിന്ന് ജെ. രഘുവും സി. ആര്‍. നീലകണ്ഠനും സംഘവും വിശകലനം ചെയ്തു സ്ഥാപിക്കുന്നു.

"കുലംകുത്തി"യെന്നാല്‍ വര്‍ഗവഞ്ചകന്‍

നേരത്തെ സൂചിപ്പിച്ചതുപോലെ പാര്‍ടിയെ വഞ്ചിക്കുന്നവരെ വര്‍ഗവഞ്ചകരെന്നാണ് വിശേഷിപ്പിക്കുക. വിവാദ ഒഞ്ചിയം പ്രസംഗത്തിലെ കുലംകുത്തി പരാമര്‍ശത്തിനു മുമ്പ് ഇത്തരമൊരു പ്രയോഗം അദ്ദേഹം നടത്തിയിട്ടുളളതായും എനിക്കറിവില്ല. ഇഎംഎസിന്റെ രചനകള്‍ പരതിയപ്പോള്‍ അദ്ദേഹം ഇങ്ങനെയൊരു പദപ്രയോഗം ഒരിക്കല്‍ നടത്തിയതായി കണ്ടു.
കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കുടുംബത്തില്‍ ജനിച്ച് പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിക്കാതെ, ബഹുജനപ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും തീച്ചൂളയിലൂടെ വിപ്ലവരാഷ്ട്രീയത്തിന്റെ സംഘാടകരും നേതാക്കളുമായി ഉയര്‍ന്നുവന്ന ആയിരക്കണക്കിന് ആളുകള്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയിലുണ്ട്. ഇതു തടയുന്നതിന് തുറന്ന വര്‍ഗശത്രുക്കള്‍ മാത്രമല്ല, അവരുടെ താളത്തിനൊത്തു തുള്ളുന്ന കുലംകുത്തികളും കിണഞ്ഞു പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് 1962നും തൊട്ടുമുമ്പും പിമ്പും ചൈനാവിരോധത്തിന്റെയും കോണ്‍ഗ്രസ് പ്രേമത്തിന്റെയും മറപിടിച്ച് കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ക്കാന്‍ റിവിഷനിസ്റ്റുകള്‍ നടത്തിയ ശ്രമം. (അടിവര ലേഖകന്റേത്) (സഖാക്കള്‍, സുഹൃത്തുക്കള്‍ - ഇഎംഎസ്, പേജ് 97) 
ഇഎംഎസിന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, ആ പദപ്രയോഗം സി ആര്‍ നീലകണ്ഠന്റെയും ജെ. രഘുവിന്റെയും വീരേന്ദ്രകുമാറിന്റെയുമൊന്നും കണ്ണില്‍പെട്ടിരുന്നില്ല. വര്‍ഗവഞ്ചകന്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് പിണറായി വിജയന്‍ ഭകുലംകുത്തി&ൃെൂൗീ; എന്ന ഗ്രാമ്യപ്രയോഗം നടത്തിയത്. അത് അദ്ദേഹം പൊതുയോഗത്തില്‍ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓര്‍ക്കാട്ടേരിയിലെ പൊതുയോഗത്തില്‍ അക്കാര്യം വിശദീകരിച്ചു കൊണ്ട് പിണറായി വിജയന്‍ നടത്തിയ പ്രസംഗം ഇപ്പോഴും യുട്യൂബിലുണ്ട്. പ്രസംഗം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ കേള്‍ക്കാം:

""ഈ പാര്‍ടി വിട്ട് ഈ പാര്‍ടിയെ ആക്രമിക്കാന്‍ പുറപ്പെട്ടവരെ ഇതിനു മുമ്പും വര്‍ഗവഞ്ചകര്‍ എന്നു പാര്‍ടി വിളിച്ചിട്ടുണ്ട്.... പാര്‍ടിയെ വര്‍ഗശത്രുക്കളോടൊപ്പം ചേര്‍ന്ന് തകര്‍ക്കാന്‍ നോക്കുകയാണ്. അതില്‍പ്പരം ഒരു വഞ്ചനയുണ്ടോ. ആ വഞ്ചന കാണിക്കുന്നവരെ വര്‍ഗവഞ്ചകന്‍ എന്നല്ലാതെ എന്താണ് വിളിക്കുക?""; സാധാരണഗതിയില്‍ വര്‍ഗവഞ്ചകന്‍ എന്ന ആക്ഷേപ പ്രയോഗം ഈ അപൂര്‍വവേളയില്‍ കുലംകുത്തിയെന്നും മാറ്റി വിളിച്ചു. ഇത് സര്‍വസാധാരണമായ ഒരു ആക്ഷേപപ്രയോഗമായി സ്ഥാപിച്ചെടുക്കാനുളള വ്യഗ്രതയുടെ പിന്നില്‍ ആശയപരമായ ചില ലക്ഷ്യങ്ങളുണ്ട്. ഈ പ്രയോഗത്തിന്റെ വ്യാഖ്യാനത്തിലൂടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വഭാവത്തെ താറടിക്കാനാണ് പരിശ്രമം. ;""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി ഒരു കുലമായി നാടന്‍ഭാഷയില്‍ സ്വയം അടയാളപ്പെടുത്തുമ്പോള്‍ കുലബോധത്തിന്റെയും കുലധര്‍മ്മത്തിന്റെയും പ്രാചീനമായ സംഘബോധത്തെയാണ് പാര്‍ടിയിലേക്ക് ആവാഹിക്കുന്നത്: കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കുലചിഹ്നമാണ് അരിവാള്‍ ചുറ്റിക. കുലപുരാവൃത്തങ്ങള്‍ പോലെയാണ് മാര്‍ക്സിസം ലെനിനിസവും പാര്‍ടി പരിപാടിയും. വര്‍ഗസമരം, വിപ്ലവം തുടങ്ങിയവ ആധുനിക മിത്തുകളാണ്. കുലപരേതാത്മാക്കളുടെ സ്ഥാനമാണ് രക്തസാക്ഷികള്‍ക്ക്. കുലമൂപ്പനാണ് പാര്‍ടി സെക്രട്ടറി"";. (ജെ. രഘു, നീ പാര്‍ടിയാകുന്നു, പാര്‍ടി, സെക്രട്ടറിയാകുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 15).

മരിച്ചവരെ കുലംകുത്തിയെന്ന് ആക്ഷേപിച്ചോ?

മരിച്ച ചന്ദ്രശേഖരനെ വീണ്ടും കുലംകുത്തിയെന്ന് വിളിച്ചു എന്നു സ്ഥാപിക്കാന്‍ ആയുധമാക്കുന്നത് പിണറായി വിജയന്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെയാണ്. ഈ പത്രസമ്മേളനത്തെക്കുറിച്ച് പിണറായി വിജയന്‍ തന്നെ തൊട്ടടുത്ത ദിവസം കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചിട്ടുണ്ട്. .... ""ഇന്നലെ തൃശൂരില്‍ ഒരു പരിപാടിയ്ക്കു പോയപ്പോള്‍ പത്രപ്രവര്‍ത്തകര്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയ്ക്കു പോയപ്പോള്‍ ചിലര്‍ ചോദ്യം ചോദിച്ചു. നേരത്തെ നിങ്ങള്‍ പറഞ്ഞിരുന്നല്ലോ ഈ പാര്‍ടി വിട്ടവര്‍ കുലംകുത്തികളാണെന്ന്. അപ്പോള്‍ ഞാനത് ശരിയായ രീതിയില്‍ പറഞ്ഞു. പാര്‍ടി വിട്ടവര്‍ പലതരക്കാരുണ്ട്. പാര്‍ടി നടപടിയെടുത്തു പുറത്താക്കിയവരുണ്ട്. അവരില്‍ പലരും പാര്‍ടിയോടൊപ്പമുണ്ട്. അവര്‍ പാര്‍ടിക്കെതിരായിട്ടില്ല. തെറ്റ് അംഗീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റു ബോധത്തോടെ പാര്‍ടിയോടൊപ്പം ഉറച്ചു നില്‍ക്കുന്നു...

ശത്രുവിന്റെ കൈയില്‍ കളിച്ചുകൊണ്ട് നിലപാടുകള്‍ സ്വീകരിക്കുന്നവരെ ചില ഘട്ടങ്ങളില്‍ പാര്‍ടി കൈയോടെ പിടികൂടി. പിന്നെയവര്‍ക്ക് പാര്‍ടിയില്‍ നില്‍ക്കാന്‍ കഴിയില്ല. അവര്‍ പാര്‍ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേരുന്നു. ഇപ്പോള്‍ ചന്ദ്രശേഖരന്‍ നേതൃത്വം കൊടുത്തിരുന്ന വിഭാഗം ഇക്കഴിഞ്ഞ കാലഘട്ടത്തില്‍ പാര്‍ടി ശത്രുക്കളുമായി കൂട്ടുകൂടിക്കൊണ്ടാണ് ഞങ്ങളെ നേരിട്ടിരുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിലും അത്തരക്കാരുണ്ട്.... ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. അവര്‍ കുലംകുത്തികളാണ്.... അപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. ചന്ദ്രശേഖരനെക്കുറിച്ച് എന്താണ് അഭിപ്രായം... അപ്പോള്‍ ഞാന്‍ പറഞ്ഞു.. ചന്ദ്രശേഖരനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. ചന്ദ്രശേഖരനെ നിഷ്ഠുരമായി കൊല ചെയ്തിരിക്കുകയാണ്. ആ കൊല ചെയ്തത് ആരാണ് എന്നാണ് കണ്ടെത്തേണ്ടത്. അല്ലാതെ ചന്ദ്രശേഖരനെ വിലയിരുത്താനല്ല ശ്രമിക്കേണ്ടത്"".
ഇതിനപ്പുറം എങ്ങനെയാണ് ഇക്കാര്യം വ്യക്തമാക്കേണ്ടതും വിശദീകരിക്കേണ്ടതും?

തൃശൂര്‍ പത്രസമ്മേളനത്തില്‍ ചന്ദ്രശേഖരന്‍ കുലംകുത്തിയാണ് എന്ന് പിണറായിയെക്കൊണ്ടു പറയിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് പിണറായി വിജയന്‍ പറഞ്ഞ മറുപടി ആവിയായിപ്പോയിട്ടൊന്നുമില്ല. ടെലിവിഷന്‍ ക്ലിപ്പിംഗുകളില്‍ അതിപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതായിരുന്നു :

""ചന്ദ്രശേഖരന്‍.... ഇപ്പോള്‍ മരണപ്പെട്ടയൊരാളെ അയാള്‍ പണ്ടുകാലത്ത് സ്വീകരിച്ച നിലപാട് എന്ത് എന്നാണോ പരിശോധിക്കേണ്ടത്? ആ കൊലയുടെ കാര്യം.... അതിന്റെ ക്രൂരത..... അതൊക്കെയല്ലേ ഇപ്പോള്‍ നാം ആലോചിക്കേണ്ടത്? ആ കൊല ചെയ്തവരാര്... അവരെ കണ്ടെത്തുകയല്ലേ അടിയന്തരമായി വേണ്ടത്?"".. തുടര്‍ന്നുളള കൗശലപൂര്‍വമായ ചോദ്യത്തോട് പ്രതികരിച്ചപ്പോഴാണ് പണ്ട് അങ്ങനെ വിശേഷിപ്പിച്ചതില്‍ തെറ്റില്ല എന്ന അര്‍ത്ഥത്തില്‍ ""കുലംകുത്തി, കുലംകുത്തി തന്നെ"" എന്നദ്ദേഹം പറഞ്ഞത്. ഈ പ്രയോഗത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് മരിച്ചുകിടക്കുന്ന ചന്ദ്രശേഖരനെ പിണറായി വിജയന്‍ കുലംകുത്തിയെന്നു വിളിച്ചു എന്ന നീചമായ പ്രചരണം കേരളത്തില്‍ നടന്നത്. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതിന് എത്രയോ മുമ്പാണ് പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം നടന്നത്. ആ പ്രയോഗത്തിന്മേല്‍ അന്ന് സൈദ്ധാന്തികാഭ്യാസങ്ങളൊന്നും നടന്നിരുന്നില്ല. മരിച്ചു കിടക്കുന്നയാളെ പിണറായി വിജയന്‍ കുലംകുത്തിയെന്നു ആക്ഷേപിച്ചു എന്ന ആരോപണം ഉയര്‍ത്തിയാണ് പിന്നീടുളള കളികളൊക്കെ നടന്നത്. പിണറായി പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കാന്‍ ഒരു മടിയുമുണ്ടായില്ല. അങ്ങനെ പ്രചരിപ്പിച്ചാണ് അവര്‍ മറ്റുളളവരുടെ പ്രതികരണങ്ങള്‍ ഇരന്നുവാങ്ങി വലിയ ബ്രേക്കിംഗ് ന്യൂസുകള്‍ സൃഷ്ടിച്ചത്. ആ നുണ പ്രചരണത്തിന്റെ സൈദ്ധാന്തികാവിഷ്കാരമാണ് സി ആര്‍ നീലകണ്ഠന്‍ മുതല്‍ ജെ. രഘു വരെയുളളവരുടെ ലേഖനങ്ങള്‍. രഘുവിന്റെ കമ്മ്യൂണിസ്റ്റു സൈക്കോപാത്തുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ മുഴുവന്‍ സൈക്കോപാത്തുകള്‍ അഥവാ, കൊലയാളികളായ മനോരോഗികളാണെന്നാണ് ജെ. രഘുവിന്റ അഭിപ്രായം. ""ശരാശരി സിപിഐഎം നേതാക്കളുടെ മസ്തിഷ്ക ഘടനയ്ക്ക് അച്ചടക്കലംഘനങ്ങളുടെ ജനാധിപത്യത്തോട് സംവേദനം ചെയ്യാന്‍ കഴിയില്ല. കര്‍ക്കശമായ അച്ചടക്കബോധവും സംഘടനാ കൂറും ഇവരുടെ മസ്തിഷ്കഘടനയില്‍ മുദ്രിതമായിക്കഴിഞ്ഞിട്ടുണ്ട്. ഈ സംഘടനാപരിപ്രേക്ഷ്യ പാലനത്തെ മസ്തിഷ്ക സോഫ്റ്റ്വെയറാക്കി മാറ്റിയവര്‍ വിമര്‍ശനം, വിമതത്വം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയോട് പൊരുത്തപ്പെട്ടു പോകാന്‍ അശക്തരായി മാറുന്നു. അതിനാല്‍ വിമര്‍ശനവും സ്വാതന്ത്ര്യവും ഇവര്‍ക്കു വഞ്ചനയും കുലംകുത്തലുമായി മാറുന്നു.  വിമതര്‍ മാപ്പര്‍ഹിക്കാത്ത ശത്രുക്കളും. സംഘടനാ പരിപ്രേക്ഷ്യ പാലകര്‍ അതിനാല്‍ വിമര്‍ശനങ്ങള്‍ക്കും വിമതത്വങ്ങള്‍ക്കും മുന്നില്‍ രക്തദാഹികളായ കൊലയാളികളായി മാറുക സഹജമാണ്... ഇവര്‍ ക്രമേണ കമ്മ്യൂണിസ്റ്റ് സൈക്കോപാത്തുകളായി മാറുകയും ചെയ്യുന്നു"";.

അങ്ങനെയാണത്രേ ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്. ഇതുപോലെ സിപിഐഎം വിട്ട വേറെ എത്രപേരെ "കമ്മ്യൂണിസ്റ്റു സൈക്കോപാത്തുകള്‍" കൊല ചെയ്തിട്ടുണ്ട് എന്ന ലളിതമായ ചോദ്യത്തിനു മുന്നില്‍ രഘുവിന്റെ ഈ ഭയങ്കര വിശകലനം തകര്‍ന്നുവീഴും. സിപിഐ എം സാമ്പത്തിക അധോലോകത്തിന്റെ ഭാഗമാണ് എന്നാണ് രഘുവിന്റെ മറ്റൊരു വാദം. ""തങ്ങളെ വിട്ടുപോകുന്നവരെ കുറ്റബോധരഹിതമായി വകവരുത്തുകയെന്നത് അധോലോകത്തിന്റെ സാര്‍വത്രിക നിയമമാണ്. ഈ നിയമമാണ് ടി പി ചന്ദ്രശേഖരനെ കൊല ചെയ്തതിലൂടെ സിപിഐഎം നിര്‍വഹിച്ചിരിക്കുന്നത്"". ഇനിയാണ് രഘു കുലംകുത്തി വിമര്‍ശനത്തിലേക്ക് പ്രവേശിക്കുന്നത്. അതോടെ, മൗലികതയാര്‍ന്ന സിദ്ധാന്തങ്ങളുടെ കുത്തൊഴുക്കായി. ""അധോലോകത്തിന് സ്വയം ഒരു ആധുനിക കുല-ഗോത്രത്തിലേയ്ക്കു രൂപപ്പെടാമെന്നതിനു തെളിവാണ് കുലദ്രോഹി എന്ന പ്രയോഗം"". ഇത് സാമൂഹ്യശാസ്ത്രത്തിന് ഒരു മൗലിക സംഭാവന തന്നെയാണ്. കുലം, ഗോത്രം എന്നിവയെക്കുറിച്ചൊക്കെയുളള നിലവിലുളള നിര്‍വചനങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് സിപിഎമ്മിനെ അതില്‍ ഉള്‍ക്കൊളളിക്കാന്‍ വേണ്ടി ഈ സിദ്ധാന്തം രൂപീകരിച്ചിരിക്കുന്നത്. ""കുലഗോത്ര ബോധം പേറുന്നവരെ സംബന്ധിച്ചിടത്തോളം കുലദ്രോഹം മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അതിനാല്‍ കുലദ്രോഹിയെ കൊല്ലുക എന്നത് കുലാഭിമാനത്തിന്റെ ഭാഗമാണ്.... ടി പി ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയത് കുലചിഹ്നം പതിപ്പിക്കുന്നതിനു തുല്യമാണ്. കുലധര്‍മ്മത്തിന്റെ ഭാഗമായ കൊല വെറും കൊലയല്ല. ദൃശ്യസമ്പന്നമായ ഒരു അനുഷ്ഠാനമാണ്... കുലാംഗങ്ങള്‍ക്കിടയില്‍ അലങ്കാര ഭംഗിയോടെ വര്‍ണിക്കപ്പെടേണ്ടതും ഭീതി പടര്‍ത്തേണ്ടതുമായ ഒരു സ്പെക്ടക്കിള്‍ ആയിരിക്കണമത്""

;. ചരിത്രത്തിന്റെയോ യുക്തിയുടെയോ പിന്‍ബലമില്ലാത്ത അതിഭാവുകത്വ പ്രസ്താവനയിലൂടെ കമ്മ്യൂണിസ്റ്റു വിരുദ്ധ വാഗ്മയ അന്തരീക്ഷം സൃഷ്ടിക്കാനാണ് രഘുവിന്റെ പരിശ്രമം. രാഷ്ട്രീയവാദത്തിന്റെ സൗകര്യത്തിനൊത്ത് സിദ്ധാന്തങ്ങളെ മാത്രമല്ല ഇതിഹാസങ്ങളെയും പുനര്‍വ്യാഖ്യാനം ചെയ്യുന്നു, ജെ. രഘു.

""ക്ഷത്രിയന്റെ കുലധര്‍മ്മത്തെക്കുറിച്ചാണ് ഭഗവത്ഗീത പറയുന്നത്. കൗരവപക്ഷത്തുളളത് രക്തബന്ധുക്കളാണെങ്കിലും അവര്‍ കുലംകുത്തികളായി മാറിയിരിക്കുന്നു"". അതെങ്ങനെയാണാവോ? അധികാരത്തര്‍ക്കത്തിനെയാണോ കുലംകുത്തിയെന്ന പദം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്? &ഹറൂൗീ;""അതിനാല്‍ ക്ഷത്രിയന്റെ പരമധര്‍മ്മമായ കുലധര്‍മ്മം ആവശ്യപ്പെടുന്നത് കുലംകുത്തികളെ പശ്ചാത്താപരഹിതമായി കൊല്ലുക എന്നാണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്"". ആണോ? അതോ ശത്രുസംഹാരമാണ് ക്ഷത്രിയധര്‍മ്മമെന്നോ? സൗകര്യപൂര്‍വമായ വ്യാഖ്യാനത്തിന് ഇത്രയും പ്രചുരപ്രചാരമുള്ള ഗീതാഭാഗം രഘുവിന് ഉപയോഗിക്കാമെങ്കില്‍, സങ്കീര്‍ണങ്ങളും അപരിചിതങ്ങളുമായ രാഷ്ട്രമീമാംസാ സിദ്ധാന്തങ്ങളെ എത്രവേഗം വളച്ചൊടിക്കാം? മേല്‍പറഞ്ഞ അഭ്യാസങ്ങളെല്ലാം താഴെ പറയുന്ന നിഗമനത്തില്‍ എത്തിച്ചേരുന്നതിനു വേണ്ടിയാണ്. ;""സിപിഎമ്മിന്റെ അധോലോക സാമ്രാജ്യത്തിന്റെ കുലധര്‍മ്മം ആവശ്യപ്പെടുന്നതും കുലംകുത്തികളെ കൊല്ലാനാണ്""; (ജെ. രഘു, എന്താണ് പാര്‍ടി, എന്താണ് സിപിഎം?)

നീലകണ്ഠന്റെ മാനവകുലം സി. ആര്‍. നീലകണ്ഠനെ സംബന്ധിച്ചടത്തോളം പാര്‍ടി ഗ്രാമമെന്നല്ല, പാര്‍ടി കുടുംബമെന്നു പറയുന്നതുപോലും ജനാധിപത്യവിരുദ്ധമാണ്. ഫാസിസ്റ്റാണ്. കാരണം, ""ഒരു കുടുംബത്തില്‍ത്തന്നെ തീര്‍ത്തും വിരുദ്ധ രാഷ്ട്രീയ നിലപാടുളളവര്‍ ഉണ്ടാകാമല്ലോ. അതുകൊണ്ടുതന്നെ പാര്‍ടി കുടുംബം, പാര്‍ടി ഗ്രാമം എന്നിവ ജനാധിപത്യ വിരുദ്ധമാണ്. ഫാസിസ്റ്റാണ്. കുലത്തിലെ ഐക്യബോധം ജന്മം കൊണ്ടുളളതാണെങ്കില്‍ പാര്‍ടിയിലേത് പ്രത്യയശാസ്ത്രമാണ്. എല്ലാ ജന്മകുലങ്ങള്‍ക്കുമപ്പുറം മാനവകുലത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന വരാണ് മാര്‍ക്സിന്റെ പിന്‍ഗാമികള്‍"". കമ്മ്യൂണിസ്റ്റു പാര്‍ടിയിലേക്ക് ജന്മം കൊണ്ട് ആരും വരുന്നില്ല. വ്യക്തമായ ആശയനിലപാടിന്റെ അടിസ്ഥാനത്തില്‍ സ്വയം സംഘം ചേരുന്നവരാണ് അവര്‍. ആ സംഘബോധം ശക്തിപ്പെടുത്തുന്നതിനും മാനസിക ഐക്യം ഉളളവരുടെ ഒരു സംഘമായി മാറുന്നതിനും പാര്‍ടി വളരെയേറെ ശ്രദ്ധിക്കാറുണ്ട്. ഏതു വിപ്ലവത്തിന്റെ ചരിത്രമെടുത്താലും അസാമാന്യധീരതയോടെ മരണത്തെ വരിച്ച എത്രായിരം രക്തസാക്ഷികളുടെ കഥ പറയാനുണ്ടാവും. മരണാനന്തര ലോകത്ത് എന്തെങ്കിലും പ്രതിഫലം കിട്ടും എന്ന ആഗ്രഹത്തില്‍നിന്നുളള ധാര്‍മ്മികതയല്ല അവരെ നയിക്കുന്നത്. തങ്ങള്‍ വ്യക്തിപരമായി ഇല്ലാതായാലും തങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടിയുളള സമരം മുന്നോട്ടു കൊണ്ടുപോകും, അതിലൂടെ തങ്ങള്‍ക്ക് അമരത്വമുണ്ടാകുമെന്ന ചിന്തയാണ് അവരെ പ്രചോദിപ്പിക്കുന്നത്. ഏതു വിപ്ലവത്തിനും ഇത്തരമൊരു സംഘബോധം കൂടിയേ തീരൂ. ഇതിനെയാണ് ഗോത്രബോധമെന്നു വിശേഷിപ്പിക്കുന്നത്. സംഘബോധത്തെ ഗോത്രബോധവുമായി ബന്ധിപ്പിക്കാനുളള കണ്ണിയായി കുലംകുത്തിയെന്ന അപൂര്‍വ പ്രയോഗത്തെ എത്ര ഭാവനയോടെ വിരുദ്ധന്മാര്‍ മാറ്റിയെടുത്തു എന്നു നോക്കൂ.

ഏതായാലും ഞങ്ങളുടെ ഒരു സ്വയംവിമര്‍ശനം ഈ ലേഖനത്തിലൂടെ പറയട്ടെ. കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ജീവിതവും കുടുംബജീവിതവും തമ്മിലുളള അകലം വര്‍ദ്ധിച്ചുവരുന്നത് വലിയ വിപത്തായാണ് ഞങ്ങള്‍ കാണുന്നത്. രാഷ്ട്രീയം കുടുംബത്തിലേയ്ക്ക് കടന്നുചെല്ലണം. പാര്‍ടി കുടുംബമായി മാറണം. എന്തെങ്കിലും അടിച്ചേല്‍പ്പിക്കലിലൂടെയല്ല - കുടുംബാംഗങ്ങളുടെ രാഷ്ട്രീയവത്കരണത്തിലൂടെ. ""മാനവികമായ ഒന്നും എനിക്കന്യമല്ല"" എന്ന മാര്‍ക്സിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി നീലകണ്ഠന്‍ എത്തിച്ചേരുന്നത് മാനവകുലമെന്നതിലാണ് മാര്‍ക്സ് അടിയുറച്ചു വിശ്വസിച്ചിരുന്നത്. പാര്‍ടിയെ കുലമെന്നു വിശേഷിപ്പിക്കാന്‍ പാടില്ല. ""പാര്‍ടിയെന്നതിന് സമാനമായി ഉപയോഗിക്കാവുന്ന വാക്കാണോ അത്?

പാര്‍ടിദ്രോഹിയെന്നതും കുലദ്രോഹിയെന്നതും ഒരേ അര്‍ത്ഥമാണോ സൃഷ്ടിക്കുന്നത്? കുലം (ജാതി, ഗോത്രം, കുടുംബം) എന്നിവ പോലെ ജന്മം കൊണ്ടു കിട്ടുന്നതാണ്. നാം തിരഞ്ഞെടുക്കുന്നതല്ല"" ഇന്ന് സിപിഐ എം കുലബോധത്തെക്കുറിച്ചു പറയാന്‍ കാരണം, പ്രത്യയശാസ്ത്രമെല്ലാം നഷ്ടപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട് ഐക്യം നിലനിര്‍ത്താന്‍ ചില ഗോത്രബോധങ്ങള്‍ ഉയര്‍ത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു. ""ആദ്യം മനുഷ്യന്‍, പിന്നെ മാര്‍ക്സിസം"" എന്ന് ചില ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് 1972-ല്‍ കെ ദാമോദരന്‍ ""മാര്‍ക്സിസ്റ്റ് വീക്ഷണ""ത്തില്‍ ""മാര്‍ക്സിസത്തില്‍ നിന്ന് മനുഷ്യനെ മാറ്റിയാല്‍ പൂജ്യ"";മാണെന്ന് പ്രസ്താവിക്കുകയുണ്ടായി. തുടര്‍ന്ന് കെ. ദാമോദരന്റെ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് ഇഎംഎസ് സോഷ്യല്‍ സയന്റിസ്റ്റ് മാസികയില്‍ സാഹിത്യത്തിലെ മാനവികതയും വര്‍ഗസമരവും എന്നൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു. മാര്‍ക്സിനെ വര്‍ഗസമര സിദ്ധാന്തത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ആദ്യകാല മാര്‍ക്സിന്റെ ദാര്‍ശനിക വിശകലനങ്ങളില്‍ ഊന്നുന്നതിനെ സംബന്ധിച്ച് അല്‍ത്തൂസറും മറ്റും നടത്തിയ സംവാദങ്ങളും പ്രസിദ്ധമാണ്.

അല്‍ത്തൂസറുടെ നിലപാടുകളില്‍ നിന്നു വ്യത്യാസമായ നിലപാടെടുക്കുന്ന ലൂക്കാച്ച്, ഗ്രാംഷി, ഇ. പി. തോംസണ്‍, സി. എല്‍. ആര്‍. ജെയിംസ് തുടങ്ങിയ പണ്ഡിതര്‍പോലും മാര്‍ക്സിന്റെ മാനവികതയെ ചരിത്രനിരപേക്ഷമായി വിലയിരുത്തിയിട്ടില്ല. വര്‍ഗവിഭജനത്തില്‍ നിന്നും വര്‍ഗസമരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയല്ല മാര്‍ക്സിസം മാനവികതയെ പരിശോധിക്കുന്നത്. തങ്ങളുടെ ഏറ്റവും വലിയ സംഭാവനയായി മാര്‍ക്സും ഏംഗല്‍സും തന്നെ ചൂണ്ടിക്കാണിച്ചിട്ടുളളത് വര്‍ഗവിഭജനവും വര്‍ഗസമരവും അനിവാര്യമായി തൊഴിലാളിവര്‍ഗ ആധിപത്യ വ്യവസ്ഥയിലേയ്ക്കു നയിക്കുന്നു എന്നുള്ളതാണ്. നീലകണ്ഠനാവട്ടെ, വര്‍ഗബോധവും അതിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ടിയും പാര്‍ടിക്കൂറും മാനവികതയ്ക്കു തന്നെ വിരുദ്ധമാണ്; അതുകൊണ്ട് മാര്‍ക്സിസ്റ്റ് വിരുദ്ധമാണ് എന്ന നിഗമനത്തിലാണ് എത്തുന്നത്.

Thursday, September 6, 2012

കുമരകം താറാവുകറിയും ചില ടൂറിസം ചിന്തകളും

(ധനവിചാരം, Mathrubhumi, 4 Sept. 2012)
കുട്ടനാടന്‍ താറാവുകറി പ്രശസ്തമാണ്. പക്ഷേ, കുമരകം താറാവുകറിയെ പരിചയപ്പെടാന്‍ ഇംഗ്ലണ്ടില്‍ പോകേണ്ടിവന്നു. ആലപ്പുഴയ്ക്ക് പ്രത്യേക കൊഞ്ചുകറിയുണ്ടെന്നറിഞ്ഞതും അവിടെവെച്ചു തന്നെ. ഇംഗ്ലണ്ടിലെ ഡാര്‍ട്മത്ത് എന്ന ചെറുപട്ടണത്തിലെ സ്‌പൈസ് ബസാര്‍ എന്ന ചെറിയൊരു ഹോട്ടലിന്റെ മെനു ബോര്‍ഡിലാണ് കുട്ടനാടന്‍ താറാവുകറിയും ആലപ്പുഴ കൊഞ്ചുകറിയുമൊക്കെ സ്ഥാനംപിടിച്ചിരിക്കുന്നത്. കുമരകം ഡക്കിന് വില 12 പൗണ്ട്. ആലപ്പി പ്രോണിന് 10 പൗണ്ടും. ഇന്ത്യയ്ക്ക് പുറത്തുപോകുമ്പോള്‍ ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്ന പതിവില്ലെങ്കിലും കുമരകം ഡക്ക് കറി പരീക്ഷിക്കാന്‍ സ്‌പൈസ് ബസാറില്‍നിന്ന് അത്താഴമാകാമെന്ന് കരുതി.

അങ്ങനെ കുമരകം ഡക്ക് വന്നു. ഒരു പ്ലേറ്റില്‍ പുഴുങ്ങിയ പച്ചക്കറിയും ഉരുളക്കിഴങ്ങും. കുറച്ചു മസാല ചേര്‍ത്തിട്ടുണ്ട്. മുകളില്‍ എല്ലുകളഞ്ഞ നാലഞ്ചു താറാവിന്‍ കഷണങ്ങള്‍. പ്രത്യേകം ഒരു കപ്പില്‍ തേങ്ങാപ്പാല്‍ ഗ്രേവി. ആവശ്യാനുസരണം ചേര്‍ത്ത് കഴിക്കാം. പാചകം ആരുടേത് എന്നുമറിയണമല്ലോ. ഹോട്ടലുടമ സൗത്ത് ഇന്ത്യന്‍ ഷെഫിനെ വിളിച്ചു. വന്നത് കോട്ടയത്തുകാരന്‍ മാത്യൂസ്. ''ഇതെന്തു കുമരകം ഡക്കുകറി'' എന്ന ശുദ്ധമലയാളത്തിലെ എന്റെ ചോദ്യത്തിനു മറുപടിയായി മാത്യൂസ് ചെറുചിരിയോടെ മെനു കാര്‍ഡിലേക്കു ചൂണ്ടി. അതില്‍ വലുതായി ഇങ്ങനെ അച്ചടിച്ചിരിക്കുന്നു. 'ദി ഫ്യൂഷന്‍ ടെക്‌നോളജി'. അതുകണ്ട് ഞാനും ചിരിച്ചുപോയി.

കുറച്ചുസമയം മാത്യൂസുമായി ചങ്ങാത്തം കൂടി. ഡാര്‍ട്മത്ത് ഒരു പഴയ തുറമുഖ പട്ടണമാണ്. കൊള്ളക്കാരന്‍ ഡ്രേക്ക് സ്​പാനിഷ് ആര്‍മഡയെ നേരിടാന്‍ ഇവിടെനിന്നാണത്രേ പുറപ്പെട്ടത്.
പഴയ തുറമുഖത്തിന്റെ അധികമൊന്നും അവശേഷിച്ചിട്ടില്ല. ബാക്കിയൊന്നും ഇന്നില്ല. ക്രോംവെല്‍ യുദ്ധകാലത്തിന്റെ കഥപറയുന്ന ചില കോട്ടകളുണ്ട്. ഡെവന്‍ ജില്ലയിലെ കേവലം അയ്യായിരം കുടുംബങ്ങള്‍ മാത്രം പാര്‍ക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഡാര്‍ട്മത്ത്. ഈ നാട്ടിന്‍പുറത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാണ് ടൂറിസ്റ്റുകള്‍ വരുന്നത്.

പക്ഷേ, ഒറ്റ സ്റ്റാര്‍ ഹോട്ടലുമില്ല. താമസത്തിനുള്ള ഹോട്ടലുകള്‍ തന്നെ നന്നേ കുറവ്. ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു സ്റ്റേഹോമില്‍. അതിന്റെ നടത്തിപ്പുകാര്‍ എഴുപതുകഴിഞ്ഞ ഒരപ്പൂപ്പനും അമ്മൂമ്മയും. രണ്ടാംനിലയിലെ രണ്ടു ബെഡ്ഡുള്ള ഒരു മുറിക്ക് 70 പൗണ്ട്. ഇതില്‍ പ്രാതലും പെടും. ടൂറിസം എന്നാല്‍ സ്റ്റാര്‍ ഹോട്ടല്‍ എന്ന സമവാക്യം ശീലിച്ചിട്ടുള്ളവര്‍ക്ക് ഇതൊരു പുതിയ അനുഭവമാകും.

ഡാര്‍ട്മത്തില്‍ കാസിനോ പോലുള്ള വിനോദകേന്ദ്രങ്ങളുമില്ല. അവിടെയുള്ളത് സുദീര്‍ഘമായ നടപ്പാതകളാണ്. നദീതീരത്തുനിന്ന് കടല്‍ക്കരയിലൂടെ കാട്ടിലേക്കും ഗോതമ്പുവയലുകളിലേക്കും നീളുന്ന നടപ്പാതകള്‍. പലസ്ഥലത്തും ഇവ ചെറു റോഡുകള്‍ തന്നെയാണ്. പക്ഷേ, ടൂറിസ്റ്റ് വാഹനങ്ങള്‍ അനുവദിച്ചിട്ടില്ല. പ്രദേശവാസികള്‍ക്ക് വീടുപൂകാന്‍ കാറുപയോഗിക്കാം. അത്രമാത്രം. പ്രധാനപ്പെട്ടതൊഴികെ മറ്റെല്ലാ റോഡുകളും നടത്തക്കാര്‍ക്കുവേണ്ടി റിസര്‍വ് ചെയ്തിരിക്കുന്നു. സൈക്കിള്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ, കുന്നുംപുറങ്ങളില്‍ സൈക്കിള്‍ ചുമന്ന് നടക്കേണ്ടിവരും. അതുകൊണ്ട് ഏതാണ്ടെല്ലാവരും നടത്തക്കാരായിരുന്നു. അരദിവസത്തെ നടത്തത്തിനുള്ള റൂട്ട്. ഒരു ദിവസത്തിന്റേത്, ഒരാഴ്ചത്തേക്ക് ഒക്കെ പറ്റിയ റൂട്ടുകളുണ്ട്.

കൊടുങ്ങല്ലൂര്‍ പറവൂര്‍ മുസിരിസ് പ്രോജക്ട് വിഭാവനം ചെയ്തപ്പോള്‍ ചരിത്രസ്മാരകങ്ങളിലേക്കുള്ള ഇടറോഡുകളില്‍ ടൂറിസ്റ്റ്ബസ്സോ കാറുകളോ അനുവദിക്കാന്‍ പാടില്ല എന്ന് തീരുമാനിച്ചിരുന്നു. സന്ദര്‍ശകരുടെ യാത്രയ്ക്ക്പബ്ലിക് ഇലക്ട്രിക്കല്‍ കാറുകളും ബോട്ടുകളുമാണ് വിഭാവനം ചെയ്തത്. പലതുകൊണ്ടും മുസിരിസ് പ്രോജക്ട് വേറിട്ടൊരു ടൂറിസം പദ്ധതിയായിരുന്നു. കവലകളിലും റോഡുകളിലും ആകര്‍ഷകവും കൃത്യവുമായ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മുസിരിസ് പ്രോജക്ടില്‍ പ്രത്യേക നിഷ്‌കര്‍ഷയുണ്ടായിരുന്നു. ആര്‍ക്കിടെക്ട് ബെന്നി ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ഡാര്‍ട്മത്തിലെ നടവഴികളിലൊക്കെ കൃത്യമായ സൈന്‍ബോര്‍ഡുകളുണ്ട്. പതിനേഴു മൈല്‍ നടത്തത്തിനിടയില്‍ ഒരിക്കല്‍പ്പോലും എനിക്ക് വഴി ചോദിക്കേണ്ടിവന്നില്ല. പലപ്പോഴും നടപ്പാത സ്വകാര്യ കൃഷിയിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. റോഡിനു കുറുകെ ഗേറ്റുണ്ടാകും. അതു തുറന്നുവേണം യാത്ര തുടരാന്‍.

നമ്മുടെ നാട്ടിന്‍പുറവും എത്ര സുന്ദരമാണ്. കുട്ടനാട്ടിലെ തോടുവക്കിലൂടെയെല്ലാമുള്ള ഒരു നടത്തസവാരി എത്ര ആസ്വാദ്യകരമായിരിക്കും? മൂന്നാറില്‍ നിന്ന് കൊച്ചിയിലെത്താന്‍ 130 കിലോമീറ്റര്‍ മതി. നാലോ അഞ്ചോ ദിവസത്തെ നടത്തം. എത്ര വൈവിധ്യമാര്‍ന്ന ആവാസ വൈചിത്ര്യങ്ങളിലൂടെയാണ് ആ കാല്‍നടയാത്രികന്‍ കടന്നുപോവുക? നമുക്കും അങ്ങനെ ചിന്തിച്ചുകൂടേ? കാട്ടിലൂടെയും മറ്റുമുള്ള ചില ട്രക്കിങ് റൂട്ടുകള്‍ ഞാന്‍ മറക്കുന്നില്ല. പക്ഷേ, അവ അപവാദങ്ങളാണ്.

എന്നാല്‍, ഇത്തരമൊരു ടൂറിസത്തിന് അവശ്യം വേണ്ടുന്ന ഒന്നുണ്ട്-ശുചിത്വം. ബീച്ച്, കായല്‍ക്കര പോലുള്ള സുഖവാസ കേന്ദ്രങ്ങള്‍ മാത്രമല്ല, നാട്ടില്‍ മുഴുവന്‍ വൃത്തിയും ശുചിത്വവും വേണം. പുല്‍ത്തകിടിയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ കാറ്റില്‍ പറന്നുപോയ പ്ലാസ്റ്റിക് കവറുകളും മറ്റും വളരെ ശ്രദ്ധാപൂര്‍വം എന്റെ മകള്‍ പെറുക്കിയെടുത്തു. ഇവയും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കൈയില്‍ കൊണ്ടുനടന്ന് അതിനായുള്ള ബക്കറ്റ് കണ്ടപ്പോള്‍ അത് നിക്ഷേപിക്കുകയാണ് ചെയ്തത്. എല്ലാവര്‍ക്കും ഏതാണ്ട് ഇതുപോലെ പൗരബോധമുണ്ട് എന്നുവേണം കരുതാന്‍. വഴിയിലെങ്ങും പ്ലാസ്റ്റിക് ചവറുകള്‍ കാണാനായില്ല. വിജനപ്രദേശത്തൊന്നും ഒരു അരക്ഷിതാവസ്ഥയുമില്ല. കുര്‍ത്തയിട്ടു നടക്കുന്ന എന്നെക്കണ്ട് ആരും തുറിച്ചുനോക്കിയതുമില്ല. വ്യക്തിശുചിത്വത്തില്‍ വളരെയേറെ പ്രാധാന്യം കല്പിക്കുന്നവരാണെങ്കിലും പരിസരശുചിത്വം സംബന്ധിച്ച ബോധം മലയാളിക്കില്ല.

പരമ്പരാഗതമായ വാസ്തുശില്പ ശൈലിയിലാണ് ഡാര്‍ട്മത്ത് പട്ടണത്തിലെ വീടുകള്‍. നിയോലിബറലിസത്തിന്റെ തറവാടാണെങ്കിലും ഇംഗ്ലണ്ടില്‍ ഇഷ്ടംപോലെ ഭൂവിനിയോഗത്തെ മാറ്റിമറിക്കുന്നതിനോ കെട്ടിടവൈകൃതങ്ങള്‍ കെട്ടിപ്പൊക്കാനോ കഴിയില്ല. ലണ്ടന്റെ പ്രാന്തപ്രദേശത്തുള്ള എളമരം കരീമിന്റെ മകളുടെ വീട്ടില്‍ പോയിരുന്നു. അവരുടെ ഭര്‍ത്താവ് ആര്‍ക്കിടെക്ടാണ്. കെട്ടിടങ്ങളൊന്നുമില്ലാത്ത ഒരു വലിയ പ്രദേശം കടന്നുവേണം ഇവരുടെ നഗറിലെത്താന്‍. വിജനപ്രദേശം മുഴുവന്‍ പ്രകൃതിവശ്യതയാര്‍ന്ന ദേശമായി ആസൂത്രകര്‍ നിശ്ചയിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ ഒരു നിര്‍മാണപ്രവൃത്തിയും പാടില്ല. കുന്നിനു മുകളിലുണ്ടായിരുന്ന ചികിത്സാകേന്ദ്രമാണ് ഇപ്പോള്‍ പാര്‍പ്പിടത്തിന് അനുവദിച്ചിട്ടുള്ളത്. വീടുകളുടെ ശൈലിക്കു മാത്രമല്ല, പുറംചുവരുകള്‍ക്കുള്ള പെയിന്റിന്റെ നിറത്തിനുപോലും നിബന്ധനയുണ്ട്. ചുറ്റുപാടുമായി ചേരാത്ത പെയിന്റാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ചുരണ്ടിക്കളഞ്ഞ് പുതിയത് അടിക്കാന്‍ നിര്‍ദേശം കിട്ടിയേക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

നമ്മുടെ നാട്ടിലെ സ്ഥിതിയോ? തന്റെ ഭൂമിയില്‍ തനിക്ക് എന്തും ചെയ്യാമെന്നാണ് ഉടമയുടെ ഭാവം. ഫോര്‍ട്ട് കൊച്ചിയുടെ പൗരാണികശൈലി കുറച്ചൊക്കെ നമുക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയുടെ കാര്യമോ? പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍പ്പോലും എന്തെല്ലാം കെട്ടിടവൈകൃതങ്ങളാണ്. പൊന്നാനി പോലുള്ള പഴയ തുറമുഖ പ്രദേശങ്ങളില്‍ ഇപ്പോഴെങ്കിലും ഇടപെട്ടാല്‍ പരമ്പരാഗത വാസ്തുശില്പ മാതൃകകള്‍ നിലനിര്‍ത്തിപ്പോകാനാകും. തലശ്ശേരി പൈതൃക പ്രോജക്ടില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അടുത്തകാലം വരെ ആലപ്പുഴയുടെ വളര്‍ച്ച താഴേക്കായിരുന്നു. അതുകൊണ്ട് ബീച്ച് പ്രദേശത്തെ പഴയ കെട്ടിടങ്ങളെല്ലാം അതുപോലെത്തന്നെ കിടന്നു. എന്നാല്‍, ഇപ്പോള്‍ ലക്കും ലഗാനുമില്ലാത്ത നിര്‍മാണം ഇവിടെയും തുടങ്ങിയിട്ടുണ്ട്.

ടൂറിസം വികസനത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെയും മറ്റും അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് വേറിട്ടുനടക്കാന്‍ കേരളം ശ്രമിച്ചിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചുള്ള സങ്കല്പം അങ്ങനെയാണുണ്ടായത്. ഇവയൊക്കെ ഇപ്പോള്‍ കടലാസില്‍ മാത്രം. പ്രായോഗികമാകുന്നത് വേറൊന്നാണ്. ആലപ്പുഴ ടൂറിസ്റ്റ് കേന്ദ്രമായി വളരാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. ഇതുവരെ മാസ്റ്റര്‍പ്ലാനില്ല. എത്രവരെ ടൂറിസം ആകാം എന്നതിനെക്കുറിച്ച് ശേഷീപഠനവും നടന്നിട്ടില്ല. ടൂറിസം എന്നാല്‍ ഹൗസ് ബോട്ട് മാത്രമാണ്. അതിലെ ചണ്ടികളെല്ലാം കായലില്‍ത്തന്നെ. തണ്ണീര്‍മുക്കംബണ്ട് നശിപ്പിച്ച കുട്ടനാടന്‍ ജലനിരപ്പിന് ഈ മാലിന്യംകൂടി താങ്ങാനാവില്ല.

 കായല്‍വരമ്പത്തുതന്നെ കെട്ടിടം പണിയണമെന്ന വാശി പ്രകടം. പുന്നമട കായല്‍ത്തീരമാണ് ഹൗസ്‌ബോട്ടുകളുടെ ആവാസകേന്ദ്രം. അതുവഴി നടന്നാല്‍ ഞാനീ പറഞ്ഞത് അക്ഷരം പ്രതി ബോധ്യപ്പെടും. പൊതുവഴി കൈയേറിയാണ് പുതിയ ഹോട്ടലുകള്‍ വരുന്നത്. ഇത്തവണ വി.ഐ.പി. ഗാലറിയിലിരുന്ന് നെഹ്രു ട്രോഫി കണ്ടുകൊണ്ടിരുന്നപ്പോള്‍ എതിര്‍വശത്തെ ഗാലറിയില്‍ ഒരു വലിയ വിടവു കണ്ടു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ മതില്‍ വഴിയിലേക്ക് കയറ്റിക്കെട്ടിയതുമൂലം അവിടെ ഗാലറി പണിയാന്‍ പറ്റില്ലപോലും. ടൂറിസത്തിന്റെ പേരില്‍ എന്തുമാകാമെന്നുള്ള ഭാവം ടൂറിസത്തെ നശിപ്പിക്കും.

നെല്ലിയാമ്പതിയും വാഗമണും പോലുള്ള പ്രദേശങ്ങള്‍ ടൂറിസം വികസിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യസംരംഭകരെ ക്ഷണിച്ചുകൊണ്ടുള്ള എമര്‍ജിങ് കേരള പ്രകൃതിസ്‌നേഹികളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്.

കേരളത്തില്‍ ഇന്ന് ഭൂമികൈമാറ്റവും ഭൂവിനിയോഗവും ഏറ്റവും രൂക്ഷമായ വിവാദപ്രശ്‌നമായി മാറിയിട്ടുപോലും ഈ പ്രോജക്ടുകള്‍ പ്രദര്‍ശനപ്പട്ടികയില്‍ ചേര്‍ക്കാന്‍ അധികൃതര്‍ക്ക് ഒരു വൈമനസ്യവും ഉണ്ടായില്ല. അവര്‍ വേറെയേതോ ലോകത്തുകൂടിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

പാരിസ്ഥിതികദുര്‍ബലപ്രദേശത്തെ ഭൂവിനിയോഗത്തിലുണ്ടാകാവുന്ന മാറ്റത്തെക്കുറിച്ച് ഒരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് ഇവ വിദേശനിക്ഷേപകര്‍ക്ക് വില്പനയ്ക്കായി വെച്ചത്. ആദ്യമായാണ് വ്യവസായപ്പാര്‍ക്കുപോലെ ഒരു മേഖല മുഴുവന്‍ ടൂറിസം വികസിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സിയെ അധികാരപ്പെടുത്തുന്നത്. അതുകൊണ്ടാണ് വി.എം. സുധീരനെപ്പോലു ള്ളവര്‍ക്കുപോലും ഒരു എമര്‍ജിങ് മാഫിയയുടെ ലക്ഷണം മണത്തത്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...