Tuesday, February 14, 2012

മഹാരാജാസ് - ഞങ്ങളുടെ രാഷ്ട്രീയ പാഠശാല

(എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സുവനീറിനു വേണ്ടി  സഹപാഠിയും മഹാരാജാസ് പൂര്വ്വ വിദ്യാര്ത്ഥിസംഘടനയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ എന്.കെ.വാസുദേവനുമായി നടത്തിയ സംഭാഷണം). 

എന്‍. കെ. വാസുദേവന്‍ : നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ രംഗം ഐസക്കിന് ഓര്‍മ്മയുണ്ടോ?

ഡോ.തോമസ് ഐസക് : ആ കൂടിക്കാഴ്ച ഇതുവരെ മറന്നിട്ടില്ല. 1971ല്‍ ബിഎ എക്കണോമിക്‌സിനു ചേരാന്‍ മഹാരാജാസിലെത്തിയതായിരുന്നു ഞാന്‍. ഇന്റര്‍വ്യൂ കഴിഞ്ഞ് പ്രിന്‍സിപ്പലിന്റെ മുറിയുടെ മുന്നിലെ തൂണും ചാരിനിന്ന് ദസ്തയവിസ്‌കിയുടെ കരമസോവ് സഹോദരന്മാരിലെ ക്രിസ്തുവിന്റെ രണ്ടാം വരവ് അധ്യായം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് വരാന്തയുടെ കൈവരിയില്‍ മുട്ടൂന്നി വാസു എന്നോടു ചോദിച്ചത്, റഷ്യന്‍ നോവലാണല്ലേ വായിക്കുന്നത്? പ്രഭാതില്‍ നിന്നാണോ വാങ്ങിയത്?

റഷ്യന്‍ സാഹിത്യത്തെക്കുറിച്ച് ഞാനെന്തോ പറഞ്ഞു. പ്രവേശനനടപടികളിലെന്തെങ്കിലും പ്രയാസമുണ്ടോ, സഹായം വേണോ എന്നെല്ലാം കുശലം പറഞ്ഞു. പിന്നെന്റെ രാഷ്ട്രീയ മനോഭാവം മനസിലാക്കാനുളള ശ്രമമായി. അതിനുശേഷമാണ്, എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് എന്നു പരിചയപ്പെട്ടത്. മറ്റു കുട്ടികളോടും ഇങ്ങനെ കുശലം പറഞ്ഞ് താനവിടെ കറങ്ങി. ഒരുമണി കഴിഞ്ഞപ്പോള്‍ തിരക്കിട്ട്, യാത്ര പറഞ്ഞു. പാടത്ത് കൊടി പൊക്കാനുണ്ട്. എനിക്കതിന്റെ അര്‍ത്ഥം പിന്നീടാണ് മനസിലായത്. ശക്തമായ കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലമായിരുന്നു. ചെങ്കൊടി പൊക്കിയാലേ പാടത്ത് തൊഴിലാളികളിറങ്ങൂ. വീണ്ടും ചെങ്കൊടി പൊക്കുമ്പോള്‍ പണി നിര്‍ത്തി കയറും. ഇഷ്ടം പോലെ രാപകല്‍ പണിയെടുപ്പിക്കുന്ന കാലം തീര്‍ന്നു. വൈകുന്നേരത്തെ കൊടി ഏതോ പാടത്തു പൊക്കാനുളള തിരക്കിലായിരുന്ന  വാസു വയലാറിലേയ്ക്ക് പോയി.

ശരിയാണ്. അന്നു ഐസക്കിന് വ്യക്തമായ രാഷ്ട്രീയനിലപാടുണ്ടായിരുന്നില്ല. പളളിയോടായിരുന്നു കൂടുതല്‍ ബന്ധമെന്നു തോന്നുന്നു. ഐക്കഫിനെക്കുറിച്ചാണ് എന്നോടു പറഞ്ഞത്.

ഞാന്‍ മഹാരാജാസില്‍ ബിഎയ്ക്കു ചേരുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. മാര്‍ക്‌സിസത്തെക്കുറിച്ചുളള വിവരവും കമ്മിയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ടു ഞാന്‍ അടിമുടി മാറി. മാര്‍ക്‌സിസം പഠിച്ചു. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റായി. മഹാരാജാസ് എന്റെ രാഷ്ട്രീയപാഠശാലയായിരുന്നു. ഇതുപോലെ ഒട്ടേറെപ്പേര്‍ക്കും. കാരണം, മഹാരാജാസിനെ സംബന്ധിച്ചടത്തോളം വിസ്മയകരമായ ഇടതുപക്ഷ വളര്‍ച്ചയുടെ കാലമായിരുന്നു ഇത്. എന്നെപ്പോലെ ഒട്ടേറെപ്പേര്‍ ഇടതുപക്ഷത്തേയ്ക്കു വന്നു. ഇതിലേയ്ക്കു നമുക്കു പിന്നീടു വരാം.

വാസു പറഞ്ഞതു വളരെ ശരിയാണ്. പളളിയോടായിരുന്നു എനിക്കു കൂടുതല്‍ ബന്ധം. എയ്ക്കഫിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ സംഘടനയായിരുന്നെങ്കിലും മൈക്കിള്‍ തരകന്‍ അതിന്റെ അഖിലേന്ത്യാ പ്രസിഡന്റും ഫാദര്‍ റായന്‍ ചാപ്ലിനുമായിരുന്ന കാലത്ത് വളരെയേറെ ഉല്‍പതിഷ്ണു സ്വഭാവം ഈ സംഘടന കൈവരിക്കുകയുണ്ടായി. വിമോചനദൈവശാസ്ത്ര ചിന്തകള്‍ ഞങ്ങളെയെല്ലാം ഏറെ സ്വാധീനിച്ചു. മഹാരാജാസില്‍ ഞാന്‍ ചേരുമ്പോള്‍ ഫാദര്‍ കാപ്പന്‍, വട്ടമറ്റം, തോമസ് തുടങ്ങി ഒരുകൂട്ടം ജസ്യൂട്ട് അച്ചന്മാര്‍ അടങ്ങുന്ന വിമോചനദൈവശാസ്ത്ര കൂട്ടയ്മയിലെ സജീവപ്രവര്‍ത്തകനായിരുന്നു. കളമശ്ശേരിയില്‍ എച്ഛ്.എം.റ്റി. ജംഗ്ഷനു സമീപമുള്ള നീണ്ട ഒരു ഷെഡ്ഡായിരുന്നു താവളം. ഗ്ലാസ് ഫാക്ടറി കോളനി പോലുളള തൊഴിലാളികേന്ദ്രങ്ങളിലെ വികസന - സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ് മുഴുകിയിരുന്നത്. ഫാദര്‍ കാപ്പന്റെ വിശ്വാസത്തില്‍നിന്നു വിപ്ലവത്തിലേക്ക്' എന്ന ഗ്രന്ഥമായിരുന്നു ഞങ്ങളുടെ കൈപ്പുസ്തകം. സ്വര്‍ഗരാജ്യത്തിന്റെ ഒരു പതിപ്പ് ഇഹലോകത്തും യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ക്രിസ്തീയദൗത്യമാണ്. ഇതിനുവേണ്ടി ഏറ്റവും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കണം. ഇങ്ങനെപോയി, ഞങ്ങളുടെ ചിന്താധാര.

ഫാദര്‍ കാപ്പനാണു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി വായിക്കാന്‍ തരുന്നത്. ഗ്ലാസ് ഫാക്ടറി കോളനിയും മറ്റുമായി ബന്ധപ്പെട്ടു നടന്നുവന്ന പരോപകാരപ്രവര്‍ത്തനങ്ങള്‍ പോരാ, സാമൂഹികമാറ്റത്തിനു രാഷ്ട്രീയപ്രവര്‍ത്തനം തന്നെ വേണം എന്ന ബോദ്ധ്യത്തിലേക്കു ക്രമേണ ഞാന്‍ എത്തി. അങ്ങനെയാണ് എസ്.എഫ്.ഐ.യില്‍ അംഗത്വം എടുക്കുന്നത്. നിശ്ചയമായും ഇക്കാര്യത്തില്‍ വാസുവിന്റെ ഒരു മുന്‍കൈയുണ്ട്. പക്ഷേ, അടിസ്ഥാനപരമായി എന്റെ ചിന്താഗതിയില്‍ വളരെ വേഗത്തില്‍ വന്ന മാറ്റമാണ്. മഹാരാജാസിലെ അന്തരീക്ഷം ഇതിനേറെ സഹായകരമായിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തനത്തില്‍ ഐസക് കൊണ്ടുവന്ന ഒരു പ്രധാനമാറ്റം രാഷ്ട്രീയ പഠനത്തിനു നല്‍കിയ ഊന്നലാണ്. പാഠപുസ്തകങ്ങള്‍ പഠിക്കുന്നതുപോലെയാണ് ഐസക് രാഷ്ട്രീയഗ്രന്ഥങ്ങള്‍ പഠിച്ചിരുന്നത്. അത് അവിടംകൊണ്ട് ഒതുങ്ങിയില്ല. മറ്റുളളവരെക്കൊണ്ടും വായിപ്പിക്കുന്നതിനും പഠിക്കുന്നതിനും പ്രേരിപ്പിച്ചു. ഇതിന് സംഘടിതമായ ഒരു പദ്ധതിയും ആവിഷ്‌കരിച്ചു.

രാഷ്ട്രീയ പഠനത്തിനു തയ്യാറാക്കിയ പദ്ധതി ഒരു നൂതന അനുഭവമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സഖാവ് പി. സുന്ദരയ്യ തയ്യാറാക്കിയ വിശദമായ ഒരു രാഷ്ട്രീയപഠന സിലബസ് ഉണ്ടായിരുന്നു. പൊതു പാര്‍ട്ടി വിദ്യാഭ്യാസത്തിനു വേണ്ടി തയ്യാറാക്കിയതാണ് എന്നു തോന്നുന്നു. ഇതിന്റെയൊരു സ്റ്റെന്‍സില്‍ കോപ്പി അടുത്തകാലം വരെ എന്റെ കൈവശമുണ്ടായിരുന്നു. അന്ന് എറണാകുളം ദേശാഭിമാനിയില്‍ പത്രാധിപരായി ജോലി ചെയ്തിരുന്ന സഖാവ് പി. ഗോവിന്ദപ്പിളളയുടെ സഹായത്തോടെ നാലു മോഡ്യൂളുകളില്‍ തനതായൊരു രാഷ്ട്രീയപഠന സിലബസ് തയ്യാറാക്കി.
1. വിപ്ലവത്തിന്റെ സിദ്ധാന്തം: ചരിത്രപരമായ ഭൗതികവാദത്തിലൂന്നി മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിലൂടെയുളള ഒരു ഓട്ടപ്രദക്ഷിണമായിരുന്നു ഈ മോഡ്യൂള്‍. വൈരുദ്ധ്യാത്മക ഭൗതികവാദം, ചരിത്രപരമായ ഭൗതികവാദം, ജ്ഞാനസിദ്ധാന്തം എന്നിങ്ങനെ മൂന്നു ക്ലാസുകളായിരുന്നു. അടിസ്ഥാന പഠനഗ്രന്ഥം മോറീസ് കോണ്‍ഫോര്‍ത്തിന്റെ മൂന്നു വാല്യങ്ങളായിരുന്നു.
2. വിപ്ലവങ്ങളുടെ ചരിത്രം: ഫ്രഞ്ച് - അമേരിക്കന്‍ വിപ്ലവങ്ങള്‍, സോവിയറ്റ് - ചൈനീസ് - ക്യൂബന്‍ വിപ്ലവങ്ങള്‍ എന്നിങ്ങനെ അഞ്ചുക്ലാസുകളാണ് ഇതിലുള്‍പ്പെടുത്തിയിരുന്നത്. വിപ്ലവത്തിന്റെ തന്ത്രവും അടവും സംബന്ധിച്ച ഒരു പ്രത്യേക ക്ലാസും ഉണ്ടായിരുന്നു. ഫ്രഞ്ച് - അമേരിക്കന്‍ വിപ്ലവങ്ങളെക്കുറിച്ച് ബിഎ ചരിത്രപാഠപുസ്തകങ്ങളും സോവിയറ്റ് വിപ്ലവത്തെക്കുറിച്ച് സ്റ്റാലിന്റെ സിപിഎസ്‌യു ചരിത്രവും ആയിരുന്നു പാഠപുസ്തകം.
3. ഇന്ത്യന്‍ സാഹചര്യം: ജാതിവ്യവസ്ഥ, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സമൂഹവും സമ്പദ്ഘടനയും, കേരള ചരിത്രം എന്നിങ്ങനെ നാലു ക്ലാസുകളായിരുന്നു ഈ മോഡ്യൂള്‍. ''കേരളം - മലയാളികളുടെ മാതൃഭൂമി''യാണ് കേരള ചരിത്രത്തിന്റെ പാഠപുസ്തകമായി നിര്‍ദ്ദേശിച്ചത്.
4. ഇന്ത്യന്‍ വിപ്ലവം: സിപിഐ, സിപിഐ (എം), സിപിഐ (എംഎല്‍) എന്നീ പാര്‍ട്ടികളുടെ പരിപാടികളുടെ താരതമ്യമായിരുന്നു ഈ മോഡ്യൂള്‍.
പി. ഗോവിന്ദപിളളയാണ് കോഴ്‌സ് ഉദ്ഘാടനം ചെയ്തത്. ഡോ. കെ.എന്.ഗണേഷടക്കം സ്ഥിരമായി പങ്കെടുക്കുന്ന 20-25പേര്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ മറ്റൊരു അമ്പതോളംപേര്‍ ഇടയ്ക്കിടയ്ക്ക് ക്ലാസുകളില്‍ ഹാജരായിരുന്നു. സത്യം തുറന്നുപറഞ്ഞാല്‍, അധികവായന കൃത്യമായി നടത്തിയിരുന്നവര്‍ 10-15 പേരില്‍ അധികരിക്കില്ല. പക്ഷേ, ഇതൊരു വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്.

ഇതിനുപുറമെ വിദ്യാര്‍ത്ഥി സാമാന്യത്തിന്റെ രാഷ്ട്രീയ പഠനത്തിനായി നൂതനമായൊരു പദ്ധതികൂടി ആവിഷ്‌കരിച്ചു. മഹാരാജാസ് കോളജിന്റെ പടിഞ്ഞാറേ കവാടത്തിനരികില്‍ ലൈബ്രറിയ്ക്കു സമീപമായി കല്ലുകെട്ടിയ ഒരു തണല്‍ വൃക്ഷമുണ്ടല്ലോ. അതായിരുന്നു പൊതുസങ്കേതം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇവിടെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ആരെങ്കിലും എന്തെങ്കിലും വിഷയം അവതരിപ്പിച്ചുകൊണ്ടുളള പ്രഭാഷണങ്ങളുണ്ടായിരുന്നില്ല. അതിനുപകരം ഏതെങ്കിലും വിഷയം സംബന്ധിച്ച് കുറച്ചുപേര്‍ മുന്‍കൂട്ടി തയ്യാറെടുത്തുവരും. തികഞ്ഞ ആശയവ്യക്തതയോടെ തന്നെ വ്യത്യസ്ത നിലപാടുകളായിരിക്കും സ്വീകരിക്കുക. രൂക്ഷമായ വാദപ്രതിവാദം എസ്എഫ്‌ഐക്കാരല്ലാത്ത മറ്റുകുട്ടികളെയും ആകര്‍ഷിക്കുമായിരുന്നു. മുന്‍കൂട്ടി തയ്യാറെടുത്തു കൊണ്ടുളള ഒരധ്യയനരീതിയാണ് ഇതെന്ന് വളരെ ചുരുക്കംപേര്‍ക്കേ അറിവുണ്ടായിരുന്നുളളൂ. മിക്കവാറും ആ ആഴ്ചത്തെ ചിന്ത വാരികയിലെ ഇഎംഎസിന്റെ ചോദ്യോത്തരത്തെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തെരഞ്ഞെടുത്ത ലേഖനത്തെയോ ആസ്പദമാക്കിയായിരുന്നു ഈ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നത്. ഫോര്ട്ട് കൊച്ചിയില് നിന്നുള്ള ടി.വി.ഗോപിനാഥായിരുന്നു, യൂണിറ്റ് സെക്രട്ടറി.  പിന്നീട് ദേശാഭിമാനി സീനിയര് സബ് എഡിറ്ററായി വിരമിച്ചു.

ഈ അനുഭവം കൂടി കണക്കിലെടുത്തിട്ടാവണം ഐസക് 1983ല്‍ എസ്എഫ്‌ഐ പ്രസിഡന്റായിരിക്കുമ്പോള്‍ റെഡ് സ്റ്റാര്‍ സ്റ്റഡി കോഴ്‌സ് ആവിഷ്‌കരിച്ചത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പാഠ്യക്രമത്തിനെ അടിസ്ഥാനമാക്കിയുളള എഴുത്തു പരീക്ഷയായിരുന്നു പദ്ധതി. പരീക്ഷ പാസാകുന്നവര്‍ക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക മെരിറ്റ് റെഡ് സ്റ്റാറുകളും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഇത് വേണ്ടത്ര ഫലപ്രദമായി നടപ്പായില്ല. ഏതായാലും മഹാരാജാസ് കോളജില്‍ നടപ്പാക്കിയ പഠനപരിപാടി വലിയൊരു ആത്മവിശ്വാസം തന്നു. മറ്റുളളവരുമായി സംവദിക്കുന്നതിനുളള കരുത്തു നല്‍കി. അറിവിന്റെ അടിസ്ഥാനത്തിലുളള രാഷ്ട്രീയബോധ്യം സൃഷ്ടിക്കുന്ന പ്രതിബദ്ധത പെട്ടെന്നുളള വൈകാരിക പൊട്ടിത്തെറിയെക്കാള്‍ സ്ഥായിയും ദൃഢവുമായിരിക്കുമല്ലോ. പക്ഷേ, നമ്മള്‍ വെറും പുസ്തകപ്പുഴുക്കളായിരുന്നില്ല.

ഒരിക്കലുമല്ല. പഠനം പ്രവര്‍ത്തനത്തിനുളള വഴികാട്ടിയായിരുന്നു. ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ കാലമായിരുന്നല്ലോ അത്. കടലാസിന്റെയും പുസ്തകത്തിന്റെയും വിലക്കയറ്റത്തിനെതിരായ സമരത്തില്‍ ബ്രോഡ്‌വേയിലെ രാമലിംഗയ്യരുടെ കടയുടെ മുന്നില്‍ നടന്ന സമരവും പോലീസ് മര്‍ദ്ദനവും അറസ്റ്റും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം വിദ്യാര്‍ത്ഥിസമരങ്ങളിലൊതുങ്ങിയിരുന്നില്ല. നമ്മുടെ പങ്കാളിത്തമില്ലാത്ത ഏതെങ്കിലും ഒരു സമരം നഗരത്തില്‍ നടന്നിരുന്നോ എന്നെനിക്കു സംശയമാണ്. എന്‍ജിഒ അധ്യാപക സമരകാലത്ത് എല്ലാദിവസവും പിക്കറ്റിംഗിന് ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ജാഥയായി പോകുമായിരുന്നു. കുട്ടികളെയെല്ലാം അഞ്ചോ ആറോ ബാച്ചുകളായി തിരിച്ച് ഓരോ ബാച്ചിനെ വീതമാണ് സമരത്തിന് അയച്ചുകൊണ്ടിരുന്നത്. ആല്‍ബിയായിരുന്നു ഇതിന്റെ സൂത്രധാരന്‍. ഈ സന്ദര്ഭത്തില് മഹാരാജാസിലെ ഞങ്ങളുടെ മുന്ഗാമികളായ ടി.വി.ഷണ്മുഖന്, വി.ശിവദാസന് എന്നിവരെ വിസ്മരിക്കുക വയ്യ. പ്രവര്ത്തനങ്ങളില് എപ്പോഴും സജീവസാന്നിദ്ധ്യമായിരുന്നു, എം.വി.സുധര്മ്മയും, കെ.ആര്.കുസുമവും.

സമരങ്ങളിലുള്ള ഉശിരന്‍ പങ്കാളിത്തം ഞങ്ങളെ പലപ്പോഴും സംഘട്ടനങ്ങളിലും എത്തിച്ചു. രഹസ്യമായി കായികപരിശീലനത്തിലും ഏര്‍പ്പെട്ടിരുന്നു. ഇതു വലിയൊരു തന്റേടം നല്‍കി. കൊച്ചി തുറമുഖ മേഖലയിലെ ഗുണ്ടാസംഘവുമായുള്ള സംഘര്ഷം പതിവായി. ഈ സംഘര്‍ഷങ്ങള്‍ മാറി. സഖാക്കളെ മര്‍ദ്ദിച്ച ഒരു കുപ്രസിദ്ധ ഗുണ്ടയെ പോളിയോ ബാധിച്ചു വികലാംഗനായ സഖാവ് ആല്‍ബി കൊച്ചിയില്‍ ഒരു വോളീബാള്‍ ടൂര്‍ണമെന്റ് സ്ഥലത്തു ചെന്നു കടന്നാക്രമിച്ചു. ഗുണ്ട പേടിച്ചരണ്ടോടി! പോളിയോ മൂലം സഖാവിന് ഓടാനും വയ്യ. കത്തിയുമായി അങ്ങനെ ടൂര്‍ണമെന്റിന്റെ നിറഞ്ഞ ഗ്യാലറിക്കു നടുവില്‍ നില്‍ക്കുകയാണ്! ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ഗുണ്ടയെ വിരട്ടിയതില്‍ പൊലീസിനും സന്തോഷം! പിറ്റേന്ന് സഖാവിനെ ഹാജരാക്കിയ കോടതിപരിസരം ഗുണ്ടകള്‍ വളഞ്ഞു. പൊലീസിനും ആശങ്കയായി. മഹാരാജാസില്‍നിന്നു ഞങ്ങള്‍ ഒരു സംഘം ബോട്ടില്‍ പോയി മട്ടാഞ്ചേരിയിലെ സഖാക്കളുടെ സഹായത്തോടെ ഗുണ്ടകള്‍ക്കു നടുവിലൂടെ സുരക്ഷിതനായി ഇറക്കി കായലോരം വരെ നടത്തി ബോട്ടില്‍ ഹോസ്റ്റലില്‍ എത്തിച്ചു!

തുടര്‍ന്നാണ് എന്റെ നേരെ വധശ്രമം നടന്നത്. അന്നൊരു ദിവസം ഹോസ്റ്റല്‍ ടെറസില്‍ ഗാര്‍ഡ് ചുമതല എന്റെ ഗ്രൂപ്പിനായിരുന്നു. രാത്രി കണ്ണട ഒടിഞ്ഞുപോയി. കാലത്തുതന്നെ അതു നന്നാക്കാന്‍ കട അന്വേഷിച്ചു പോകുകയായിരുന്നു. ജനറല്‍ ഹോസ്പിറ്റലിന് അടുത്തുവച്ച് ഒരു കാര്‍ എന്റെയടുത്തു ബ്രേക്കിട്ടുനിര്‍ത്തി കണ്ണട ഇല്ലാത്തതിനാല്‍ ആരാണെന്നു വ്യക്തമല്ല. അതുകൊണ്ടു കാറിനുള്ളിലേക്കു തലയിട്ടു നോക്കി. ഊരിയ വടിവാളുകളും മറ്റ് ആയുധങ്ങളുമായി തിങ്ങിയിരിക്കുന്ന ഗുണ്ടാസംഘം! കണ്ണട ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയോ എന്ന് അവര്‍ക്കു സംശയം. ഓടുന്നതിനു പകരം അകത്തേക്കു തലയിട്ടു നോക്കുന്നതു കണ്ടപ്പോള്‍ ഞാനല്ല എന്ന നിഗമനത്തില്‍ അവര്‍ എത്തിയിട്ടും ഉണ്ടാകാം. ഭാവഭേദം കൂടാതെ ഞാന്‍ സാവധാനം നടന്നകന്നു. പിന്നെ ഒരു ഓട്ടമത്സരം ആയിരുന്നു. ജനറല്‍ ആശുപത്രിമതില്‍ എങ്ങനെ ചാടിക്കടന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. ഇര കൈവിട്ടുപോയ ദേഷ്യത്തില്‍ ഹോസ്റ്റലിലേക്കു നീങ്ങിയ ഗുണ്ടാസംഘം ആദ്യം കണ്ടവരെ കുത്തിവീഴ്ത്തി. എസ്.എഫ്.ഐ.ക്കാര്‍ അല്ലാത്തവരെല്ലാം ഹോസ്റ്റലില്‍നിന്നു വിട്ടുപോയിരുന്നു. ഇതറിയാതെ ബന്ധുവിനെ അന്വേഷിച്ചു വന്ന ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയാണ് കൊലക്കത്തിക്ക് ഇരയായത്.


ഏതാണ്ട് എല്ലാ ബന്ദിനും കോളജിലെ ഏതാനും പേരെങ്കിലും അറസ്റ്റിനും മര്‍ദ്ദനത്തിനും വിധേയമായിട്ടുണ്ട്. പോലീസുകാരുടെ ഒരു പതിവ് ഇര ടി.ആര്.ശിവസങ്കരന് നായരായിരുന്നല്ലോ.. ഭീകരമായ മര്‍ദ്ദനത്തിനുശേഷം ശിവശങ്കരനെ തല്ലി 'മാനസമൈനേ വരൂ' പാടിച്ചത് ഇന്നൊരു തമാശയാണെങ്കിലും അന്നതൊരു ഭീകരാനുഭവമായിരുന്നു. ഏറ്റവും ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങിയത് അടിയന്തരാവസ്ഥക്കാലത്താണ്. ജനാധിപത്യം ഇനി തിരിച്ചുവരില്ല, രണ്ടും കല്‍പ്പിച്ചുളള നിരന്തരമായ ഏറ്റുമുട്ടല്‍ മാത്രമാണ് മാര്‍ഗം എന്നായിരുന്നല്ലോ ഐസക്കിന്റെ തീസീസ്. നമ്മള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പഠിപ്പുമുടക്ക് പോലീസ് തല്ലി അവസാനിപ്പിച്ചു. ഐസക്കിനെയും അറസ്റ്റു ചെയ്തിരുന്നല്ലോ.

അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നെങ്കിലും ഞാന്‍ പതിവായി കോളെജില്‍ പോകുമായിരുന്നു, മീശയും വടിച്ച്, കണ്ണടയും ഊരിയിട്ട്. അടിയന്തരാവസ്ഥയുടെ സ്വഭാവത്തെക്കുറിച്ചു തെറ്റായ രാഷ്ട്രീയ നിലപാടാണു നമ്മളെടുത്തത്. ഒട്ടനവധി സഖാക്കള്‍ മൃഗീയമര്‍ദ്ദനത്തിന് ഇരയായി. സി പി ജീവന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപെട്ടു. വാസുദേവനെ പോലീസ് പിടിച്ചുകൊണ്ടുപോയി. അതുണ്ടാക്കിയ പൊല്ലാപ്പു ചെറുതായിരുന്നില്ല. മര്‍ദ്ദനമേറ്റ മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി എം.എം. തോമസും മറ്റും ചേര്‍ന്ന് ഒരു ചികിത്സാക്യാമ്പുതന്നെ പ്രത്യേകം നടത്തേണ്ടിവന്നു.
എന്നെ കോട്ടപ്പുറത്തു വെച്ചാണ് അറസ്റ്റു ചെയ്തത്. കണ്ണടയും മീശയുമെല്ലാം മാറ്റിയെങ്കിലും ഒരു ശീലം മാറ്റിയിരുന്നില്ല. മുറുക്ക്. ഞങ്ങളുടെ കടയുടെ അടുത്തായി ഒരു മുറുക്കാന്‍ കടയില്‍ മുറുക്കിത്തുപ്പി നില്‍ക്കുമ്പോള്‍, പെട്ടെന്ന് പുറകില്‍ നിന്നൊരു വിളി. ''ഐസക്''. തിരിഞ്ഞുനോക്കിയപ്പോള്‍ അടി കഴുത്തില്‍വീണു. ''ഇങ്ങനെയെല്ലാക്കാലവും ഞങ്ങളെ വെട്ടിച്ചു നടക്കാമെന്നു കരുതിയോ''... അന്നു രാത്രി കൊടുങ്ങല്ലൂര്‍ ലോക്കപ്പില്‍. ഇരുട്ടത്ത് സാമാന്യം നല്ല തല്ലും. പിറ്റേന്നാണ് എറണാകുളത്തേയ്ക്കു കൊണ്ടുപോയത്. കോട്ടപ്പുറത്ത് എത്തിയപ്പോള്‍ വിലങ്ങുവെച്ച് തെരുവിലൂടെ നടത്തി. അപ്പച്ചന്‍ അപ്പോള്‍ തുണിക്കടയില്‍ ഉണ്ടായിരുന്നു. ഭാഗ്യത്തിന് എറണാകുളം ലോക്കപ്പില്‍ അടികിട്ടിയില്ല. ഒട്ടേറെപ്പേര്‍ മുകളില്‍ ഇടപെട്ടിരുന്നിരിക്കണം. എന്നെത്തല്ലിയില്ലെങ്കിലും എന്റെ ചുറ്റുംനിര്‍ത്തി മറ്റുപലരെയും തല്ലി. അതിലിന്നും ഓര്‍മ്മയുളള ഒരുപേര് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഉമാ മഹേശ്വരന്‍. ലോക്കപ്പില്‍ ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു.

ലോക്കപ്പില്‍ കിടന്ന രണ്ടുമാസക്കാലം ചിട്ടയായ പഠനത്തിന്റെ കാലമായിരുന്നു. മൂലധനം ഒന്നാം വാല്യം തീര്‍ത്തു. ഡിഐആര്‍ അനുസരിച്ചുളള കേസാണ് എനിക്കെതിരെ എടുത്തിരുന്നത്. എന്നാല്‍ മറ്റു പല കേസുകളിലും പ്രതിയായിരുന്നതു കൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും കോടതിയില്‍ പോകാമായിരുന്നു. പോലീസുകാരെ സ്വാധീനിച്ചതു കൊണ്ട് നടത്തിയാണ് കോടതിയില്‍ കൊണ്ടുപോവുക. സെന്റ് ആല്‍ബര്‍ട്ട്‌സിനടുത്തുകൂടി, സെന്റ് തെരാസസിനു പിന്നിലൂടെ, മഹാരാജാസിനു മുന്നിലൂടെ, കോടതിയിലേയ്ക്കുളള നടത്തം എനിക്കു വളരെ ആഹ്ലാദകരമായ സന്ദര്‍ഭങ്ങളായിരുന്നു.

1973-74ലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയം പലരെയും വിസ്മയിപ്പിച്ചു. ശരാശരി 500 വോട്ടാണ് എസ്എഫ്‌ഐയ്ക്കു ലഭിച്ചിരുന്നത്. അവിടെ നിന്നുളള കുതിച്ചുചാട്ടം എങ്ങനെ നേടി എന്ന് പലരും ചോദിക്കാറുണ്ട്. വലിയൊരു കൂട്ടായ യജ്ഞമായിരുന്നു അത്.

നിശ്ചയമായും. അതുകൊണ്ടുതന്നെ ഇക്കാര്യം കൂട്ടായി എഴുതുന്നതാകും നല്ലത്. ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ പറഞ്ഞു കഴിഞ്ഞു. തീവ്രമായ രാഷ്ട്രീയപഠനവും അതു സൃഷ്ടിച്ച മതിപ്പും. അധികം ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത മറ്റൊരു കാരണവും കൂടി എനിക്കു തോന്നുന്നു. അരാജകത്വപ്രവണതയും കാടന്‍ ബലപ്രയോഗങ്ങളെയും തളളിപ്പറഞ്ഞതാണത്. വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് ഒരു പെരുമാറ്റച്ചട്ടം തന്നെയുണ്ടാക്കി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞെങ്കിലും പഴയ സംഘടനാ പിന്‍ബലത്തില്‍ കോളജില്‍ വന്ന് അലമ്പു കാണിച്ചുവന്ന പലരുമുണ്ടായിരുന്നു. പരസ്യമായ ബലപ്രയോഗത്തിലൂടെ അവരുമായി വഴി പിരിഞ്ഞു. സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുളള വളരെ ചിട്ടയായ പ്രവര്‍ത്തനവും നടന്നിരുന്നു. സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, പ്രഗത്ഭമതികളായ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ഒട്ടേറെ സവിശേഷ വ്യക്തിത്വങ്ങള്‍ മഹാരാജാസില്‍ അന്നുണ്ടായിരുന്നു. ഇന്നത്തെ സൂപ്പര്സ്റ്റാര് മമ്മൂട്ടി അന്നു കോളേജിന്റെ കലാവേദികളില് സജീവമായിരുന്നു. കുങ്കുമ അവാര്ഡ് ജേതാവ് പി.എന്.വിമല, വനമന്ത്രിയായിരുന്ന ബിനോയ് വിശ്വം, അഹമ്മദ് കബീര് എം.എല്.എ. എന്നിവര് സമകാലീനരാണ്.. ഇവരുടെയൊക്കെ നേതൃത്വത്തില്‍ ഒട്ടേറെ കൊച്ചു വിദ്യാര്‍ത്ഥിക്കൂട്ടങ്ങളുമുണ്ടായിരുന്നു. അവയോരോന്നിനെയും വിലയിരുത്തി അവരുമായി സംവദിക്കുകയും ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതിന് ബോധപൂര്‍വം പരിശ്രമിച്ചു. സജീവമായ ചര്‍ച്ചാവേദിയുണ്ടായിരുന്നു. ഒരു യോഗത്തില്‍ ഗുന്തര്‍ഗ്രാസായിരുന്നു പ്രസംഗകന്‍. ഇങ്ങനെ പലതും.

1973ലെ തിരഞ്ഞെടുപ്പു സുവനീര്‍ ഒന്നുമാത്രം പരിശോധിച്ചാല്‍ മതി ഈ വ്യത്യസ്തത മനസിലാക്കാന്‍. കടമ്മനിട്ടയുടെ കണ്ണൂര്‍ക്കോട്ട, കെ. ജി. ശങ്കരപ്പിളളയുടെ കഷണ്ടി, സച്ചിതാനന്ദന്റെ ഹോചിമിന്‍ എന്നിവ ആദ്യമായി ഇതിലൂടെയാണ് പ്രകാശനം ചെയ്യപ്പെട്ടത്. ടി. ആറിന്റെ ചെറുകഥയും സാനുമാസ്റ്ററിന്റെ ചെറുലേഖനവും, ഡി.വിനയചന്ദ്രന്റെ കവിതയും. പിന്നെ വിദ്യാര്‍ത്ഥികളായ എരമല്ലൂര്‍ തങ്കപ്പന്റെ കവിതയും കൃഷ്ണാ ഗോപിനാഥിന്റെ ചെറു ലേഖനവും. ഇതിന്‍റെ കവര്‍ വരച്ചത് സി. എന്‍. കരുണാകരനായിരുന്നു. യാഗം എന്നായിരുന്നു പേര്. സുവനീര്‍ ചിട്ടപ്പെടുത്തുന്നതില്‍ എസ്. രമേശന്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. കലാഭവനിലെ ഗായകനായിരുന്ന വി.എസ്.വില്ല്യംസ് ആയിരുന്നു അന്നത്തെ ആര്ട്ട്സ് ക്ലബ് സെക്രട്ടറി. വില്ല്യംസിന്റെ ഗാനങ്ങള് ക്യാമ്പസ്സിനെ ഇളക്കിമറിച്ചു. കോളേജ് യൂണിയന് പ്രവര്ത്തനം തികഞ്ഞ വ്യത്യസ്തത് പുലര്ത്തി. ജനാധിപത്യപരമായും, നിഷ്പക്ഷമായും എല്ലാ വിഭാഗം വിദ്യാര്ത്ഥികളെയും പ്രവര്ത്തനങ്ങളില് പങ്കാളികളാക്കുവാന് നമുക്കു കഴിഞ്ഞു. മുന് എം.പി. ഡോ.മാത്യു കുര്യന് കോളേജ് യൂണിയന് പ്രവര്ത്തനങ്ങള് ഉദ്ഘാടനം ചെയ്തു. അന്നു ഹൈസ്കൂള് വിദ്യാര്ത്ഥിനിയായിരുന്ന പ്രശസ്ത ഗായിക  സുജാതയായിരുന്നല്ലോ ആര്ട്സ് ക്ലബ്ം ഉദ്ഘാടനം ചെയ്തത്.

ഈ ബന്ധങ്ങളും രീതികളും പുതിയ കോളജ് യൂണിയനും തുടര്‍ന്നു. കൃഷ്ണാ ഗോപിനാഥ് തയ്യാറാക്കിയ ഏഴാം യാമത്തിന്റെ അവതരണം വലിയൊരു വിദ്യാര്‍ത്ഥിയജ്ഞമായി മാറി. സര്‍വകലാശാലാ നാടകോത്സവത്തില്‍ ഏഴാം യാമം ഒന്നാം സ്ഥാനം നേടി. എം.എ. ബാലചന്ദ്രന് ഏറ്റവും നല്ല നടനായി. രണ്ടാം സ്ഥാനം നേടിയത്, മുന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി നയിച്ച  കൊല്ലം എസ്. എന്. കോളേജ് ടീമായിരുന്നു. അന്നത്തെ കോളേജ് യൂണിയന് വേദികള് സാംസ്ക്കാരിക നായകന്മാരുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായിരുന്നു. വയലാര് രാമവര്മ്മ, വൈക്കം ചന്ദ്രശേഖരന് നായര്, കാവാലം നാരായണപ്പണിക്കര്, ജോണ് ഏബ്രഹാം ഇവരില് ചിലരാണ്. കേരളവര്മ്മ കോളേജില് നിന്നും പ്രൊഫസറായി വിരമിച്ച ഡോ. ടി.ആര്. ശിവസങ്കരന് നായര് സ്റ്റുദന്റ് എഡിറ്ററായിരുന്നപ്പോള് രണ്ടു മാഗസിനുകള് പ്രസിദ്ധീകരിച്ചു.

ശരിയാണ്. പക്ഷേ, ഇതൊക്കെ വിവരിക്കാന്‍ തുടങ്ങിയാല്‍ സ്ഥലം തികയില്ല. ഈ സംഭാഷണം തല്‍ക്കാലം അവസാനിപ്പിക്കേണ്ടതുണ്ട്. മഹാരാജാസ് വിദ്യാര്‍ത്ഥി ജീവിതത്തില്‍ പ്രത്യേകിച്ചാരോടെങ്കിലും കടപ്പാടു രേഖപ്പെടുത്താന്‍ ആഗ്രഹമുണ്ടോ?

തീര്‍ച്ചയായും. കേരളത്തിലെ ഏറ്റവും നല്ല ഒരധ്യാപക നിരയെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. സാനുമാഷ്, ലീലാവതി ടീച്ചര്‍, ഡി. വിനയചന്ദ്രന്‍, തോമസ് മാത്യു, കെ. പി. ശശിധരന്‍, ജി. എന്‍. പണിക്കര്‍, ടി ആര്‍, ഭരതന്‍ മാഷ്, രാമചന്ദ്രന്‍ സാര്‍, കെ. അരവിന്ദാക്ഷന്‍ എന്നിങ്ങനെ നീളുന്നൊരു നിര. ലിസ്റ്റ് പൂര്‍ണമല്ല. ഏറ്റവും വലിയ പ്രോത്സാഹനം നല്‍കിയത് ഭരതന്‍ മാഷായിരുന്നു. മുണ്ടു മടക്കിക്കുത്തി, മുറുക്കിച്ചുവപ്പിച്ച് കനത്ത ശബ്ദത്തില്‍ സംസാരിക്കുന്ന ഭരതന്‍ മാഷ് ഇടതുപക്ഷക്കാരുടെ പേട്രനായിരുന്നു. ട്രോട്‌സ്‌കിയിസ്റ്റ് എന്നോ ന്യൂ ലെഫ്റ്റ് എന്നോ നക്‌സലൈറ്റ് എന്നോ സിപിഎമ്മെന്നോ വ്യത്യാസമില്ലാതെ നാനാവിധ മാര്‍ക്‌സിസ്റ്റുകളുടെ പേട്രണായി അദ്ദേഹം വിരാജിച്ചു. ഐസക് ഡ്യൂഷേയുടെ ട്രോട്‌സ്‌കിയുടെ മൂന്നു വാല്യം പോലുളള പല ഗ്രന്ഥങ്ങളും തന്നത് ഭരതന്‍ മാഷായിരുന്നു. പുസ്തകം തിരിച്ചു നല്‍കുമ്പോള്‍ അദ്ദേഹം പറയും, ''കൊളളാം. വായന നന്നായി വരുന്നുണ്ട്. പക്ഷേ, ടി കെ രാമചന്ദ്രന്റെ അത്രയും വരില്ല''.

രാമചന്ദ്രന്‍ സാര്‍ ഫിലോസഫി പ്രൊഫസറായിരുന്നു. അദൈ്വതവാദിയായിരുന്നു. ഏതു കാര്യത്തിലും ചെകുത്താന്‍ വക്കീലായിരുന്നു. പല സമകാലീന പ്രശ്‌നങ്ങളെക്കുറിച്ചും വിവിധ ദാര്‍ശനിക നിലപാടുകളില്‍ നിന്നുളള തര്‍ക്കം ഒരു തിരക്കഥ പോലെ എഴുതും. എന്നിട്ടു വായിക്കാന്‍ തരും. ഇതിനായി അദ്ദേഹം ഉപയോഗിച്ചത് കോളജുകളിലിറങ്ങിയ നോട്ടീസുകളുടെ അച്ചടിക്കാത്ത പുറമായിരുന്നു. ടി. ആറാണ് കാമുവിനെയും കാഫ്കയെയും പരിചയപ്പെടുത്തിയത്. പ്രൊഫ. എം. കെ. പ്രസാദാണ് പരിസ്ഥിതിശാസ്ത്രത്തെ പരിചയപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പൊതുപ്രസംഗവേദികളില്ലാതായപ്പോള്‍ ശാസ്ത്രക്ലാസെടുക്കാന്‍ ഞാന്‍ പോയിത്തുടങ്ങി. കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനുമായിരുന്നു അടിസ്ഥാന റഫറന്‍സ് ഗ്രന്ഥം. ഇങ്ങനെ എത്ര പ്രിയപ്പെട്ട അധ്യാപകര്‍.

സാനുമാഷുടെ അടുത്ത് എപ്പോള്‍ വേണമെങ്കിലും ചെല്ലാമായിരുന്നു. അദ്ദേഹമാണ് പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച സോഷ്യലിസ്റ്റു കവിതയുടെ സമാഹാരം തന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇതിലെ പല കവിതകളും തര്‍ജമ ചെയ്തു പ്രസിദ്ധീകരിച്ചു. തല്ലും വാങ്ങി. ഏറ്റവും വലിയ തമാശ, ഞാനൊരു മണ്ണെണ്ണപ്പാട്ടയുമായി കോളജില്‍ പോയി എന്നോ മറ്റോ തുടങ്ങുന്ന ഒരു ലാറ്റിന്‍ അമേരിക്കന്‍ കവിതയായിരുന്നു. നോട്ടീസിനു പിന്നാലെ പോലീസും വന്നിറങ്ങി. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുളള മണ്ണെണ്ണപ്പാട്ടയായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. അന്നും ശിവശങ്കരനു തല്ലുകിട്ടി. ആരെടാ ബ്രെഹ്‌തോള്‍ഡ് ബ്രെഹ്ത് എന്നു ചോദിച്ചു നടന്ന പോലീസുകാരനും മറ്റൊരു തമാശ കഥാപാത്രമായിരുന്നു.

ഇന്നു നോക്കുമ്പോള്‍ തികച്ചും കാല്‍പനികമായ ഞങ്ങളുടെ പല പ്രവൃത്തികളും ക്ഷമാപൂര്‍വം സംവാദത്തിലൂടെ തിരുത്തിത്തരുന്നതിന് സന്നദ്ധരായിരുന്ന ഒരു രാഷ്ട്രീയ നേതൃത്വവും എറണാകുളത്ത് അക്കാലത്തുണ്ടായിരുന്നത് ഭാഗ്യമായിരുന്നു. സ്വയം ഡീ ക്ലാസ് ചെയ്യാനുളള വ്യഗ്രതയില്‍ വീട്ടിലെ തൊണ്ടുമില്ലിലെ തൊഴിലാളി സമരം അപ്പന്റെ കടയ്ക്കു മുന്നില്‍ ഉദ്ഘാടനം ചെയ്തതിന്റെ ഉദ്ദേശം എന്തു തന്നെ ആയിരുന്നാലും അല്പം കടന്നുപോയി. അത് വേണ്ടിയിരുന്നില്ല എന്നുപദേശിച്ചത് കെ. എന്‍. രവീന്ദ്രനാഥായിരുന്നു. പാര്‍ട്ടി സെക്രട്ടറി എം എം ലോറന്‍സുമായുള്ള സംവാദങ്ങള് ആശയസംഘര്ഷങ്ങളുടെ വേദിയായിരുന്നു. സൈദ്ധാന്തിക പഠനക്ലാസ്സുകളുടെ പ്രധാനവേദിയായിരുന്ന കാനന്ഷെഡ് റോഡിലെ ഹോട്ടല് മാരുതിയും, മുനിവര്യനെപ്പോലെ അവിടെ മിക്കവാറും കാണുമായിരുന്ന സ: എ.പി.വര്ക്കിയും, ഇന്ത്യന് കോഫീ ഹൌസിലെ ചൂടുപിടിച്ച സംവാദങ്ങളുമെല്ലാം ഇന്നും ഓര്മ്മകളില് സജീവമാണ്, അല്ലേ. ഇങ്ങനെയെത്രപേരോടാണ് ആ തീക്ഷ്ണമായ യൗവനകാലത്തിന് കടപ്പാടുളളത്?

Thursday, November 17, 2011

The problem of full treasuries

ട്രഷറിയിലെ കാഷ് ബാലന്‍സിനെക്കുറിച്ച് Livemint ല്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം

Friday, October 21, 2011

അധ്യായം ഒന്നിനുളള പ്രതികരണങ്ങളോട്...


67 പ്രതികരണങ്ങള്‍ ഒന്നാം അധ്യായത്തിനു ലഭിച്ചു. ചര്‍ച്ച സജീവമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ബ്ലോഗിലൂടെയല്ലാതെ കമന്റുകളും ആശംസകളും നല്‍കിയവര്‍ വേറെയുമുണ്ട്. പലരും അവരുടെ സന്ദേശങ്ങള്‍ക്ക് അപ്പപ്പോള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നുതോന്നുന്നു. തിരക്കിനിടയില്‍ അതുകഴിയില്ല. എന്നാല്‍ അടുത്ത അധ്യായത്തിലേയ്ക്കു കടക്കുന്നതിനു മുമ്പ് മുന്‍ അധ്യായത്തിനു ലഭിച്ച സന്ദേശങ്ങളോടെല്ലാം പ്രതികരിക്കുന്ന സമ്പ്രദായം സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുളളത്. 


രണ്ടാം അധ്യായം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സജീവമായ ചര്‍ച്ച അതിന്മേലും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചങ്ങാത്തം/ശിങ്കിടി/സില്‍ബന്തി മുതലാളിത്തം?
1. ചങ്ങാത്ത മുതലാളിത്തം എന്ന പ്രയോഗത്തോടു തന്നെ അനിലന്‍ വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ചങ്ങാത്തം എന്നതിന് നല്ല ധ്വനിയാണുളളത്. ഇതുകൊണ്ട് സില്‍ബന്തി മുതലാളിത്തം ആണ് കുടൂതല്‍ അനുയോജ്യം. നിക്കോബാറില്‍ നിന്നു സാജനും ദില്ലിയില്‍ നിന്ന് ഗോപാലകൃഷ്ണനുമാകട്ടെ, ശിങ്കിടി മുതലാളിത്തം എന്ന പ്രയോഗമാണ് നിര്‍ദ്ദേശിക്കുന്നത്. പി. രാജീവ് എം പിയാണ് ചങ്ങാത്ത മുതലാളിത്തം എന്ന് ആദ്യമായി ഉപയോഗിച്ചത് എന്നു ഞാന്‍ കരുതുന്നു. അദ്ദേഹമിപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ക്രോണി എന്നാല്‍ ചങ്ങാതി എന്നാണ് അര്‍ത്ഥം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ചര്‍ച്ച തുടരട്ടെ.


അഴിമതിവിരുദ്ധ സമരം പാര്‍ലമെന്റില്‍
2.പാര്‍ലമെന്റിനകത്ത് അഴിമതിക്കെതിരെ നടന്ന പോരാട്ടങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ച് ഒരധ്യായം വേണമെന്ന് ഡോ. ഇക്ബാല്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഹസാരെ സമരകാലത്ത് പാര്‍ലമെന്റിന്റെ അധികാരവും പൗരസമൂഹ ഗ്രൂപ്പുകളുടെ അവകാശവും തമ്മിലുളള തര്‍ക്കം മുന്‍പന്തിയില്‍ വന്നിരുന്നുവല്ലോ. ജനാധിപത്യവ്യവസ്ഥയില്‍ പാര്‍ലമെന്റിനുളള സ്ഥാനം ഏവരും അംഗീകരിച്ചേ തീരൂ. ഈ പശ്ചാത്തലത്തില്‍ ഡോ. ഇക്ബാലിന്റെ നിര്‍ദ്ദേശം സ്വീകാര്യമാണ്. ഡോ. ഇക്ബാല്‍ തന്നെ ഈ അധ്യായം തയ്യാറാക്കുമെന്നു കരുതട്ടെ. പുസ്തകത്തിന്റെ കോ. ഓതറാകുന്നതിനും അദ്ദേഹത്തിനു സമ്മതമാകുമെന്നും കരുതട്ടെ. ഇത്തരത്തില്‍ പുസ്തകത്തില്‍ ഒന്നോ അതിലധികമോ അധ്യായങ്ങള്‍ തയ്യാറാകുന്ന ഏവര്‍ക്കും കൂട്ടുഗ്രന്ഥകര്‍ത്തൃത്വം നല്‍കുന്നതാണ്.


ജോണ്‍ ആന്റണിയും ഇന്ത്യയിലെ അഴിമതിയുടെ ചരിത്രത്തിലേയ്ക്കു കടന്നുചെല്ലുന്നുണ്ട്. ഡോ. ഇക്ബാല്‍ ഇതുകൂടി പരിശോധിക്കുമെന്നു കരുതുന്നു.
സാന്ദര്‍ഭികമായി പറയട്ടെ, പിഎന്‍ആര്‍ പിഷാരടി, അഴിമതിവിരുദ്ധ സമരത്തില്‍ പാര്‍ലമെന്റിന്റെ പ്രാധാന്യം സംബന്ധിച്ച് ഇക്ബാലിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. 


ഊതിപ്പെരുപ്പിച്ച ആസ്തി
3. ഐടി തുടങ്ങിയ മേഖലകളില്‍ ബാലന്‍സ് ഷീറ്റു മെച്ചപ്പെടുത്തിക്കാണിക്കുന്നതിനു വേണ്ടി ആസ്തികള്‍ ഊതിപ്പെരുപ്പിച്ചതാണ് എന്ന് എം എന്‍ ശശിധരനും അനിലനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവര വിചാരം സാമാന്യം വിശദമായിത്തന്നെ ഇതു പ്രതിപാദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ മേഖലകളില്‍ അവര്‍ അവകാശപ്പെടുന്ന വേഗതയില്‍ സമ്പത്തുല്‍പ്പാദിപ്പിക്കുന്നില്ല എന്നാണ് ഇവരുടെ വാദത്തിന്റെ ചുരുക്കം. പക്ഷേ, ഇത് ഒരു യഥാര്‍ത്ഥപ്രശ്‌നത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നുണ്ട്.



 ശതകോടീശ്വരന്മാരുടെ ആസ്തിയ്ക്ക് എങ്ങനെയാണ് വിലയിടുക? ഐടി വ്യവസായത്തിലെയും മറ്റും ആസ്തികളെക്കാള്‍ ഗൗരവമാണ് ഓഹരികളുടെ വില. ശതകോടീശ്വരന്മാരുടെ സ്വത്തില്‍ ഉണ്ടായിട്ടുളള വളര്‍ച്ചയില്‍ ഗണ്യമായൊരു പങ്ക് ഓഹരികളുടെ വിലക്കയറ്റം മൂലമാണ്. ഇത് ആമുഖ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാണിച്ച്, ശതകോടീശ്വരന്മാരുടെ വളര്‍ച്ച തന്നെ ഊതിപ്പെരുപ്പിച്ചതാണ് എന്ന വാദം അംഗീകരിക്കാനാവില്ല. മറ്റെല്ലാം മാറ്റിവെച്ചാലും ലോകശതകോടീശ്വരന്മാരുടെ മൊത്തം സ്വത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വിഹിതം ശ്രദ്ധേയമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് സമീപകാലത്ത് ഇന്ത്യയിലെ സമ്പന്നരുടെ വളര്‍ച്ചയുടെ സൂചനയാണിത്.
പുന്നപ്രയില്‍ നിന്ന് കുസുമം പോലുളളവര്‍ ഐടി മേഖലയെക്കുറിച്ച് കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നുണ്ട്. നൂറു പേജാണ് ഈ ഗ്രന്ഥത്തിന്റെ വലിപ്പമായി നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ നിലവെച്ചു നോക്കിയാല്‍ 150 പേജു വരും. ഇനിയും വലിപ്പം വര്‍ദ്ധിപ്പിക്കാനാവില്ല. മാത്രമല്ല, പുസ്തകത്തിന്റെ മുഖ്യദിശയില്‍ നിന്ന് വഴിമാറലാകുമിത്. 


വിയര്‍പ്പ് ഓഹരി
5. ജോണ്‍ ആന്റണി, തരൂരിന്റെ വിയര്‍പ്പ് ഓഹരി വിവാദത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ഐപിഎല്‍ തന്നെ ഒരു പ്രത്യേക അധ്യായത്തിനുളള വകുപ്പുണ്ട്. കളളപ്പണം വെളുപ്പിക്കാനും മറ്റും വേണ്ടി സ്‌പോര്‍ട്ട്‌സിനെ എങ്ങനെ വാണിജ്യവത്കരിക്കും എന്നതിന് ഉദാഹരണമാണത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച അധ്യായത്തില്‍ ഇതുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തിയത്, തരൂരിന്റെ പ്രതികരണമാണ്. അദ്ദേഹം, ഇന്നുവരെ സ്വയം എന്തെങ്കിലും തെറ്റു ചെയ്തു എന്നുളള ഭാവം പോലും പ്രകടിപ്പിച്ചിട്ടില്ല. മറ്റുളളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നുവെന്ന ഭാവമാണ് അദ്ദേഹത്തിന്.


മുതലാളിത്തത്തിന്റെ ചലനാത്മകതയോ?
6. അജയ് ജോയ് ആണ് ഗൗരവമായ ഒരു വിമര്‍ശനം ഉയര്‍ത്തിയിട്ടുളളത്. അദാനിയെപ്പോലുളളവരുടെ വളര്‍ച്ച മുതലാളിത്തത്തിന്റെ ചലനാത്മകതയല്ലേ തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ പുത്തന്‍ സങ്കേതങ്ങളുടെ ഫലമായിട്ടല്ലേ ഈ വളര്‍ച്ച നേടാന്‍ കഴിഞ്ഞത്. വ്യവസ്ഥയിലെ സാധ്യതകള്‍ മനസിലാക്കി സമ്പത്തിന്റെ വര്‍ദ്ധനയുണ്ടാക്കുന്ന അദാനിയെ അഴിമതിയുടെ ലേബലില്‍ മാത്രം തളയ്ക്കാന്‍ പാടില്ല എന്നാണ് അജയ് പറയുന്നത്. 


എനിക്ക് ഓര്‍മ്മ വരുന്നത് ഒരു കാല്‍നൂറ്റാണ്ടു മുമ്പ് സിഡിഎസില്‍ എംഫില്‍ ക്ലാസില്‍ അമിത് ബാധുരിയോ മറ്റോ ഇന്നവേഷന്‍ സംബന്ധിച്ചു നല്‍കിയ ക്ലാസാണ്. അദ്ദേഹത്തിന്റെ ക്ലാസ് ആരംഭിച്ചത്, മാഫിയാ തലവന്‍ ആല്‍ കപോണിന്റെ ഇന്നവേഷന്‍സ് സംബന്ധിച്ചാണ്. ആല്‍ കപോണ്‍ ആണ് ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗിന്റെ ഉപജ്ഞാതാവ്. അദ്ദേഹമായിരുന്നു, കുഴല്‍ മുറിച്ചു കളഞ്ഞുളള ഷോട്ട് ഗണ്‍ കണ്ടുപിടിച്ചത്. ഇവയെല്ലാം പിന്നീട് പലമേഖലകളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ആല്‍ കപോണ്‍ മാഫിയ തലവന്‍ അല്ലാതാക്കിയിട്ടില്ല. 


അദാനി, നിശ്ചയമായും അജയ് പറയുന്നതു പോലെ ഒട്ടേറെ നിര്‍ണായകമായ മാറ്റങ്ങള്‍ വ്യവസായത്തില്‍ കൊണ്ടുവന്നു. അതിന്റെ അധികലാഭവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പക്ഷേ, ഗുജറാത്ത് ഭരണാധികാരികളെ സ്വാധീനിച്ച് കൈക്കലാക്കിയ മുഡ്രാ കടപ്പുറത്തിന്റെ അധികലാഭം അതുകൊണ്ട് അദ്ദേഹത്തിന് അവകാശപ്പെട്ടതാകുന്നില്ല. 


ആഗോളവത്കരണത്തിന്റെ അഭിവൃദ്ധി
ജയശീല്‍.കെയുടെ അഭിപ്രായത്തില്‍ അദാനിയാണ് മാതൃകാ ഇന്ത്യക്കാരന്‍. അദ്ദേഹം സൃഷ്ടിച്ചതുപോലെ സമ്പത്ത് മറ്റുളളവരും സൃഷ്ടിക്കുകയാണെങ്കില്‍ ഇന്ത്യയുടെ അഭിവൃദ്ധി എന്തായിരിക്കും. ആഗോളവത്കരണ കാലത്ത് കാര്‍, ബൈക്ക്, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ എന്തെല്ലാം ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. ആഗോളവത്കരണത്തെ അന്ധമായി തളളിപ്പറയരുത്. കാശുളളവനെ നോക്കി അസൂയപ്പെട്ടിട്ടുകാര്യമില്ല എന്നിങ്ങനെ പോകുന്നു, അദ്ദേഹത്തിന്റെ വാദം. 


ഇടതുപക്ഷം മുതലാളിത്തവളര്‍ച്ചയുടെ നേട്ടങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു, അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ. ഇതൊഴിവാക്കാനുളള നല്ലതും ലളിതവുമായ മാര്‍ഗം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യഭാഗങ്ങള്‍ വായിക്കുക എന്നതാണ്. അല്‍പം ഞാനുദ്ധരിക്കാം.

......മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം നേടാനാകുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷ്വാസിയാണ്..... ഉല്‍പ്പാദനോപകരണങ്ങളിലും തദ്വാര ഉല്‍പ്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യ ബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവര്‍ത്തനം വരുത്താതെ, ബൂര്‍ഷ്വാസിക്ക് നിലനില്‍ക്കാനാവില്ല. നേരെമറിച്ച് ഇതിനുമുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായിക വര്‍ഗങ്ങളുടെയും നിലനില്‍പ്പിന്റെ ആദ്യത്തെ ഉപാധി പഴയ ഉല്‍പ്പാദന രീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിര്‍ത്തുകയെന്നതായിരുന്നു ഉല്‍പ്പാദനത്തില്‍ നിരന്തരമായ പരിവര്‍ത്തനം. എല്ലാ സാമൂഹ്യബന്ധങ്ങളെയും ഇടതടവില്ലാതെ ഇളക്കിമറിക്കല്‍, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും-ഇതെല്ലാം ബൂര്‍ഷ്വാകാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളില്‍നിന്നും വേര്‍തിരിക്കുന്നു.... കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയില്‍ ബൂര്‍ഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്‍പ്പാദനശക്തികള്‍, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേര്‍ന്ന് സൃഷ്ടിച്ചതിനെക്കാള്‍ എത്രയോ വമ്പിച്ചതാണ്! ഭീമമാണ്! പ്രകൃതിയുടെ ശക്തികളെ മനുഷ്യന് കീഴ്‌പ്പെടുത്തല്‍, യന്ത്രസാമഗ്രികള്‍, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും തപാലും ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കല്‍, നദികളെ ചാലുകീറി ഉപയോഗയോഗ്യമാക്കല്‍, ഇന്ദ്രജാല പ്രയോഗത്താലെന്നപോലെ വലിയ ജനസമൂഹങ്ങളെ മണ്ണിനടിയില്‍നിന്ന് ഉണര്‍ത്തിക്കൊണ്ടുവരല്‍ - സാമൂഹ്യാധ്വാനത്തിന്റെ മടിത്തട്ടില്‍ ഇത്തരം ഉല്‍പ്പാദനശക്തികള്‍ മയങ്ങിക്കിടക്കുന്നുണ്ടെന്ന് മുമ്പേതൊരു നൂറ്റാണ്ടിനാണ് ഒരു സംശയമെങ്കിലും ഉണ്ടായിട്ടുള്ളത്? (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ)
ഇങ്ങനെ വളരുന്ന മുതലാളിത്തം അമിതോല്‍പാദനത്തിന്റെ അസംബന്ധത്തില്‍ എത്തിച്ചേരുന്നു. 2008ല്‍ തുടങ്ങിയ സാമ്പത്തികക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. മനുഷ്യന്റെ വിസ്മയകരമായ ഉത്പാദനകഴിവുകളെ പൂര്‍ണമായി മുന്നോട്ടു കൊണ്ടുപോകാന്‍ മുതലാളിത്തത്തിനു കഴിയുന്നില്ല. സമൃദ്ധി ദുരിതത്തിനു വഴിതെളിക്കുന്നു. സമ്പന്നരുടെ ധാരാളിത്തത്തിന്റെ മറുവശമാണ് പാവങ്ങളുടെ പട്ടിണി. ഇതാണ് ഇടതുപക്ഷ വിമര്‍ശനം. അല്ലാതെ പണക്കാരനോടുളള അസൂയയല്ല. 

അഴിമതിയുടെ വിശകലനം

എ. വാഹീദ് അഴിമതിയുടെ എറ്റിമോളജിയില്‍ നിന്ന് എന്തുകൊണ്ട് അഴിമതി, ജ്യോമെട്രിക്കല്‍ പ്രോഗ്രഷനില്‍ വളരുന്നു എന്നാണു പരിശോധിക്കുന്നത്. ജനപ്രതിനിധികളുടെ അഴിമതിയെക്കുറിച്ചും കൂടുതല്‍ പരിശോധന വേണമെന്നാണ് മുരളീധരന്റെ അഭിപ്രായം. നിശ്ചയമായും. അഴിമതിയുടെ അടിസ്ഥാനം സമ്പന്നരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുളള അധാര്‍മ്മിക കൂട്ടുകെട്ടാണ് എന്നാണ് ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാന നിലപാട്.


വിവരവിചാരം, ഫിനാന്‍സ് മൂലധനത്തിന്റെ ഇത്തിള്‍ക്കണ്ണി സ്വഭാവത്തിലാണ് ഊന്നുന്നത്. 


മറ്റുചില നിര്‍ദ്ദേശങ്ങള്‍
ഹരികൃഷ്ണന്‍ പറഞ്ഞതുപോലെ സിഎജി റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. പക്ഷേ, എം ഗണേഷ് അഭിപ്രായപ്പെട്ടതു പോലെ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും മറ്റും ഉള്‍പ്പെടുത്തുക പ്രയാസം. കൈലാസിന്റെ സന്ദേശത്തിലുളള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍ റിലയന്‍സിന്റെ കേജി ബേസിന്‍ തട്ടിപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ്. ബാബ്‌സ് നല്‍കിയ ആഡംബര കമ്പോള ഉല്‍പന്നങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. 


എസ് വി രാമനുണ്ണി പറഞ്ഞതുപോലെ ഇന്റര്‍നെറ്റ് പുസ്തകത്തില്‍ ലിങ്കുകളും ചിത്രങ്ങളും നല്‍കാന്‍ ശ്രമിക്കുന്നതാണ്.  



അസീസ് ദാസ് സാജിന്‍, ബേബി, ഇന്ദു, ട്രൂത്ത് ആന്റ് റിയാലിറ്റി, അന്തിക്കാടന്‍, സതീഷ് കെ, രാജീവ്, ബിപിന്‍, ബാലചന്ദ്രന്‍, ശ്രീ, ജോണ്‍ സാമുവേല്‍, സുനില്‍,  ടി പി ശ്രീധരന്‍, അഭിലാഷ്, ദിലീപ് കുമാര്‍, ബാബു ഫ്രാന്‍സിസ്, കരിമീന്‍, സജീവ് കടവനാട്, ലിപ്സണ്‍, ബിജു നായര്‍, സുധീഷ്, വിജയകുമാര‍്, ശരത്, അനീഷ്, ജിഷ്ണു, ശ്രീജിത്ത്, നിഖില്‍, ഫൈസല്‍, റ്റോംസ്, ദര്‍ശനം, രചന, ഷാജി, സഗീര്‍ എന്നിവര്‍ക്കും നന്ദി.  

Tuesday, October 18, 2011

കൊള്ളക്കാരനായ വേദാന്തി

(ചങ്ങാത്ത മുതലാളിത്തം - രണ്ടാം അധ്യായം - ഒന്നാം അധ്യായത്തില്‍ വന്ന കമന്റുകള്‍ക്കുളള മറുപടി വൈകാതെ പ്രസിദ്ധീകരിക്കാം)


അധ്യായം രണ്ട്

ഇഹലോകകാര്യങ്ങളില്‍ താല്‍പര്യമില്ലാത്ത തത്ത്വജ്ഞാനിയെന്നാണ് വേദാന്തി എന്ന വാക്കിന് സാധാരണ കല്‍പ്പിക്കുന്ന അര്‍ത്ഥം. പക്ഷേ, കോര്‍പറേറ്റുകളുടെ ലോകത്ത് 'വേദാന്ത' എന്നാല്‍ ഇഹലോകത്തുളള സര്‍വതിന്റെയും വെട്ടിപ്പിടിക്കലിനു വേണ്ടിയുളള പോര്‍വിളിയാണ്. ശതകോടീശ്വരന്മാരുടെ അമരം ലക്ഷ്യമാക്കി അനില്‍ അഗര്‍വാളിന്റെ വേദാന്ത റിസോഴ്‌സസ് എന്ന കോര്‍പറേറ്റ് ഭീമന്‍ കുതിച്ചുപായുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥം പോലും കീഴ്‌മേല്‍ മറിയുന്നു. 'വേദാന്ത' എന്ന വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിശാലമാകുമ്പോള്‍ പരിസ്ഥിതിയും തൊഴിലാളികളും ആദിവാസികളും ചവിട്ടിയരയ്ക്കപ്പെടുന്നു. ''മനുഷ്യാവകാശങ്ങളെ തെല്ലും മാനിക്കാത്ത''വരെന്നാണ് വേദാന്ത ഗ്രൂപ്പിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തിയത്. വേദാന്തയുടെ എല്ലാ ഫാക്ടറികളും പരിസ്ഥിതിപ്രസ്ഥാനങ്ങളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടെയും നിശിത വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. കമ്പനിയുടെ തൊഴിലാളിദ്രോഹത്തെ ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ഒരേസ്വരത്തില്‍ എതിര്‍ക്കുന്നു. എന്നാലെന്താ, ഒരേസമയം കൃഷ്ണഭക്തനും സമ്പൂര്‍ണ സസ്യഭുക്കുമാണത്രേ, ഈ മുതലാളി.



ലോകത്തെ ശതകോടീശ്വരന്മാരില്‍ 113-ാം സ്ഥാനക്കാരനാണ് അനില്‍ അഗര്‍വാള്‍. ഇന്ത്യയില്‍ പന്ത്രണ്ടാമനും. ഫോബ്‌സ് മാസികയുടെ 2010ലെ കണക്കനുസരിച്ച് ആസ്തി 6.4 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 32,000 കോടി രൂപ). കോടീശ്വരന്റെ അവതാരത്തിനു മുമ്പ് അനില്‍ അഗര്‍വാളും ഗൗതം അദാനിയെപ്പോലെ ആക്രിക്കച്ചവടക്കാരനായിരുന്നു. 1954ല്‍ ബീഹാറിലെ പാട്‌നയില്‍ ജനനം. വിദ്യാഭ്യാസയോഗ്യത വെറും മെട്രിക്കുലേഷന്‍. സ്‌ക്കൂളില്‍ ലാലു പ്രസാദ് യാദവിന്റെ സഹപാഠി. പതിനഞ്ചാം വയസില്‍ പഠനം മതിയാക്കി. ആക്രിക്കച്ചവടത്തില്‍ തുടങ്ങിയ അനില്‍ അഗര്‍വാളിന്റെ ഇപ്പോഴത്തെ ആസ്ഥാനം ലണ്ടനാണ്. വ്യവസായ സാമ്രാജ്യമാകട്ടെ, ഇംഗ്ലണ്ട്, ഇന്ത്യ, ആസ്‌ട്രേലിയ, സാമ്പിയ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നുവ്യാപിച്ചിരിക്കുന്നു. 

1976ല്‍ സ്ഥാപിച്ച സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിലൂടെയാണ് അനില്‍ അഗര്‍വാള്‍ കോര്‍പ്പറേറ്റ് ലോകത്തേയ്ക്ക് കാലെടുത്തുവെച്ചത്. അഗര്‍വാള്‍ കുടുംബത്തിന്റെ വ്യാപാരസംരംഭങ്ങളെല്ലാം 1986ല്‍ വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയ്ക്കു കീഴിലായി. ചെമ്പ്, സിങ്ക്, ഇരുമ്പയിര് തുടങ്ങിയവയുടെ ഖനന സംസ്‌ക്കരണ മേഖലകളുടെ ആധിപത്യം കമ്പനി കൈക്കലാക്കി. തൂത്തുക്കുടി ആസ്ഥാനമായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് കൈകാര്യം ചെയ്യുന്നത് ചെമ്പു വ്യാപാരം. അതില്‍ വേദാന്തയ്ക്ക് 53 ശതമാനം ഓഹരിപങ്കാളിത്തം. ഈ മേഖലയില്‍ തന്നെ മറ്റു രണ്ടുകമ്പനികള്‍. സാംബിയയിലെ കോങ്കോള കോപ്പര്‍ മൈന്‍സില്‍ 79 ശതമാനവും ടാന്‍സാനിയയിലെ കോപ്പര്‍ മൈന്‍സ് ഓഫ് ടാന്‍സാനിയയില്‍ 100 ശതമാനവുമാണ് വേദാന്തയുടെ ഓഹരിമൂലധനം. അലൂമിനിയം ആണ് വേദാന്തയുടെ മറ്റൊരു ഇടമേഖല. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡില്‍ 70 ശതമാനം ഓഹരി വേദാന്തയ്ക്കുണ്ട്. ബാല്‍ക്കോയില്‍ 51 ശതമാനവും വേദാന്ത അലൂമിനിയത്തില്‍ 71 ശതമാനവും മേട്ടൂരിലെ മദ്രാസ് അലൂമിനിയം കമ്പനിയില്‍ 93 ശതമാനവും ഓഹരിയുളള വേദാന്ത റിസോഴ്‌സസ് ഇന്ത്യയിലെ ഏറ്റവും വലിയ അലൂമിനിയം കുത്തകയാണ്. ഇരുമ്പയിരു വ്യാപാരം നടത്തുന്ന പനാജിയിലെ സീസാ ഗോവയില്‍ 52 ശതമാനമാണ് വേദാന്തയുടെ ഓഹരി. പൂര്‍ണമായി വേദാന്തയുടെ ഉടമസ്ഥതയിലുളള സ്റ്റെര്‍ലൈറ്റ് എനര്‍ജി ലിമിറ്റഡ് ഊര്‍ജമേഖലയിലെ കുതിപ്പിന്റെ തുടക്കമാണ്. ഇന്ത്യയില്‍ ഭീമന്‍ താപനിലയങ്ങളുടെ ശൃംഖലയ്ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. എട്ടു ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരവ്, 2 ബില്യണ്‍ ഡോളറിന്റെ പ്രവര്‍ത്തന ലാഭം, 2010 ലെ കണക്കു പ്രകാരം 598 മില്യണ്‍ ഡോളര്‍ അറ്റാദായം, 24 ബില്യണ്‍ ഡോളറിന്റെ ആസ്തി, 30,000 ജീവനക്കാര്‍... അങ്ങനെ വളരുകയാണ് വേദാന്ത റിസോഴ്‌സസ് എന്ന സാമ്രാജ്യം.



ഭാരത് അലൂമിനിയം കമ്പനി, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് എന്നീ പൊതുമേഖലാസ്ഥാപനങ്ങള്‍ കൈക്കലാക്കിയത് അനില്‍ അഗര്‍വാളിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകളായിരുന്നു. ഈ രണ്ടുപൊതുമേഖലാ സ്ഥാപനങ്ങളും ബിജെപി സര്‍ക്കാരില്‍ നിന്നു ചുളുവിലയ്ക്കു തട്ടിയെടുത്തപ്പോള്‍ വേദാന്തയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇന്നത്തെ ധനകാര്യമന്ത്രി സാക്ഷാല്‍ പി. ചിദംബരവും അംഗമായിരുന്നു. ധനകാര്യമന്ത്രിയായപ്പോഴാണ് അദ്ദേഹം ഈ സ്ഥാനമൊഴിഞ്ഞത്. ബിജെപിയെന്നോ കോണ്‍ഗ്രസെന്നോ ഒരു വ്യത്യാസവും വേദാന്തയ്ക്കില്ല. ഭരണത്തിലേറുമ്പോള്‍ ഇരുവരും ഒരുപോലെയെന്ന് വേദാന്തയുടെ അനുഭവം ശരിവെയ്ക്കുന്നു. 

പൊതുമേഖലാ സ്വകാര്യവത്കരണ നയം
നരസിംഹറാവും മന്‍മോഹന്‍ സിംഗും ചേര്‍ന്നാണ് 1991ല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്വകാര്യവത്കരണത്തിനു തുടക്കമിട്ടത്. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ഖജനാവിലേയ്ക്ക് പണം സ്വരുക്കൂട്ടാനാണ് ഐഎംഎഫിന്റെയും മറ്റും നിര്‍ദ്ദേശപ്രകാരം ഈ പുതിയനയം ആവിഷ്‌കരിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് ഓഹരിവില്‍പനയിലൂടെ 19,500 കോടി രൂപയുടെ സമാഹരണമായിരുന്നു ബജറ്റിലൂടെ നിര്‍ദ്ദേശിച്ചത്. പക്ഷേ, 66 കമ്പനികളുടെ ഓഹരികള്‍ വിറ്റ് സമാഹരിച്ചത് 10,000 കോടി രൂപ മാത്രം. വ്യാപകമായി ഉയര്‍ന്ന വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ലക്ഷ്യത്തിനു തടസമായി. ന്യൂനപക്ഷം ഓഹരികള്‍ വില്‍ക്കാനേ കഴിഞ്ഞുളളൂ എന്നും ഓര്‍ക്കണം. ഭൂരിപക്ഷം ഓഹരികളും സര്‍ക്കാരിന്റെ പക്കല്‍ത്തന്നെ തുടര്‍ന്നു. നല്ലപങ്ക് ഓഹരികളും വാങ്ങിയത് മിക്കവാറും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും ആയിരുന്നു.


1996 - 98 കാലത്ത് ഇന്ത്യ ഭരിച്ചത് ദേവഗൗഡ, ഐ കെ ഗുജറാള്‍ എന്നിവരുടെ നേതൃത്വത്തിലുളള ഐക്യമുന്നണി സര്‍ക്കാരുകളായിരുന്നു. ഈ സര്‍ക്കാരുകളെ പിന്തുണച്ച ഇടതുപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പുമൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ ചില്ലറ ഓഹരിവില്‍പന ഈ കാലഘട്ടത്തിലുണ്ടായില്ല. പക്ഷേ, പുതിയ ഓഹരികള്‍ വിദേശ ധനനിക്ഷേപ സ്ഥാപനങ്ങള്‍ക്കു വില്‍ക്കുന്ന പതിവു അപ്പോഴും തുടര്‍ന്നു. വിദേശ് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (വിഎസ്എന്‍എല്‍), മഹാനഗര്‍ ടെലിഫോണ്‍ നിഗാം ലിമിറ്റഡ് (എംടിഎന്‍എല്‍), ഗെയില്‍, ഒഎന്‍ജിസി, ഐഒസി തുടങ്ങിയ ഭീമന്‍ കമ്പനികള്‍ ഗ്ലോബല്‍ ഡെപ്പോസിറ്റ് റെസീറ്റ് (ജിഡിആര്‍) പ്രകാരം വിദേശ വിപണിയില്‍ നിന്ന് 1300 കോടിയോളം സമാഹരിച്ചു. 9800 കോടി രൂപയായിരുന്നു ലക്ഷ്യം. ജി.വി. രാമകൃഷ്ണ അധ്യക്ഷനായുളള ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷനും ഇക്കാലത്ത് രൂപീകരിച്ചു. ഓഹരിവില്‍പനയ്ക്ക് ഇടക്കാല കാര്യപരിപാടി തയ്യാറാക്കുകയായിരുന്നു കമ്മിഷന്റെ ലക്ഷ്യം.


1998 മുതല്‍ 2004 വരെ ബിജെപി ഭരണകാലമായിരുന്നു. ആദ്യത്തെ രണ്ടുവര്‍ഷം ജിഡിആര്‍ വഴി പുതിയ ഓഹരികള്‍ വിദേശത്തു വിറ്റ് പണം സമാഹരിക്കുന്ന രീതി അവരും പിന്തുടര്‍ന്നു. ഈരീതിയില്‍ ഏതാണ്ട് ഏഴായിരം കോടി രൂപ അവര്‍ സമാഹരിച്ചു. കൂടാതെ പൊതുമേഖലയാകെ വില്‍ക്കുന്നതിനുളള ബീഭത്സമായൊരു പദ്ധതി അണിയറയില്‍ തയ്യാറാക്കുകയും ചെയ്തു.


സര്‍ക്കാരിന്റെ ഭൂരിപക്ഷ ഉടമസ്ഥത നിലനിര്‍ത്തുന്ന സ്വകാര്യവത്കരണത്തിനു പകരം തന്ത്രപരമായ സ്വകാര്യപങ്കാളിയെ കണ്ടെത്തി അവര്‍ക്ക് നിര്‍ണായക ഓഹരി ഉടമസ്ഥതയും പൂര്‍ണ മാനേജ്‌മെന്റും ഏല്‍പ്പിച്ചുകൊടുക്കുന്ന സമ്പ്രദായമാണ് ബിജെപി അവലംബിച്ചത്. അതിന് തന്ത്രപരമായ വില്‍പന (േെൃമലേഴശര മെഹല)െ എന്ന ഓമനപ്പേരുമിട്ടു.


2000-01ല്‍ ബാല്‍ക്കോ വില്‍പനയിലൂടെ അവര്‍ പുതിയ നയം ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡും പാരാദ്വീപ് ഫോസ്‌ഫേറ്റും 2002ല്‍ വിറ്റു. കൊച്ചിയിലെയും ചെന്നൈയിലെയും റിഫൈനറികളും ഐപിസിഎല്‍ എന്ന പെട്രോകെമിക്കല്‍ കമ്പനിയും ഇന്തോ ബര്‍മ്മ പെട്രോളിയം കമ്പനിയുമാണ് ഇക്കാലത്ത് പെട്രോളിയം മേഖലയില്‍ കൈമാറ്റം ചെയ്യപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍. കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (സിഎംസി), ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റര്‍ ലിമിറ്റഡ്, വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നിവയും വില്‍ക്കപ്പെട്ടു. മോഡേണ്‍ ബ്രഡ് കമ്പനിയുടെയും ഐടിഡിസിയുടെ ഹോട്ടലുകളുടെയും വില്‍പന വലിയ ശ്രദ്ധ പിടിച്ചുപറ്റി. 24,000 കോടി രൂപ ഇതുവഴി അവര്‍ സമാഹരിച്ചു.


സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുന്നതിന് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷനു പകരം ഒരു പ്രത്യേക വകുപ്പും ബിജെപി സൃഷ്ടിച്ചു. അരുണ്‍ ഷൂറിയായിരുന്നു മന്ത്രി. ഓഹരിവില്‍ക്കാന്‍ മാത്രം ഒരു മന്ത്രി. ഷൂറിയ്ക്ക് സ്വകാര്യവത്കരണം കേവലം വിഭവസമാഹരണമാര്‍ഗമായിരുന്നില്ല. അദ്ദേഹത്തിന്റെ സാമ്പത്തികദര്‍ശനം തന്നെയായിരുന്നു, അത്. ഇന്ത്യന്‍ പൊതുമേഖലയെ സ്വകാര്യവത്കരിക്കുക എന്നതാണ് തന്റെ അവതാരലക്ഷ്യമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. ഒരുതരം പ്രത്യയശാസ്ത്ര ഭ്രാന്തോടെയായിരുന്നു മൂന്നുവര്‍ഷത്തെ അദ്ദേഹത്തിന്റെ ചെയ്തികള്‍. മേല്‍സൂചിപ്പിച്ച ഓരോ സ്വകാര്യവത്കരണ ഇടപാടും ഓരോ അഴിമതിക്കഥയാണ്. ബാല്‍ക്കോയുടെ വില്‍പന സാമാന്യം വിശദമായി ഈ അധ്യായത്തില്‍ നമുക്കു പരിശോധിക്കാം.


കറവ തീരുംമുമ്പേ അറവുകാരന്
ഇന്ത്യയിലെ അലൂമിനിയം വ്യവസായത്തിന്റെ കൊടിമരമായി 1965ലാണ് ഭാരത് അലൂമിനിയം ലിമിറ്റഡ് എന്ന ബാല്‍ക്കോ സ്ഥാപിതമായത്. ഗാര്‍ഹിക വ്യാവസായികാവശ്യങ്ങള്‍ക്കും പ്രതിരോധ, വ്യോമയാന മേഖലകളിലും ആവശ്യമായ അലൂമിനിയത്തിന്റെ സിംഹഭാഗവും ഈ കമ്പനിയാണ് ഉല്‍പാദിച്ചുവന്നത്. അഗ്നി, പ്രിഥ്വി തുടങ്ങിയ മിസൈലുകള്‍ക്കു വേണ്ട പ്രത്യേക അലൂമിനിയസങ്കരങ്ങള്‍ വിതരണം ചെയ്തതും ബാല്‍ക്കോ തന്നെ. വിറ്റുതുലയ്ക്കുന്നതിനു തൊട്ടുമുമ്പ് 1999-2000ല്‍ ഏതാണ്ട് 1000 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. നികുതിയ്ക്കു മുമ്പുളള ലാഭം 122 കോടി രൂപ. നികുതി അടച്ചതിനുശേഷമുളള അറ്റാദായം 56 കോടി. ഇപ്രകാരം ആദായത്തില്‍ പ്രവര്‍ത്തിക്കുന്ന കറവപ്പശുവിനെ അറവുവിലയ്ക്കു വില്‍ക്കുന്നതിന് ബിജെപി പറഞ്ഞ ന്യായങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.


കമ്പനി ലാഭത്തിലാണ് എന്നത് ശരി തന്നെ; പക്ഷേ, ലാഭം കുറഞ്ഞുകൊണ്ടിരിക്കുകയാണ്; അന്താരാഷ്ട്ര വിപണിയില്‍ അലൂമിനിയത്തിന് നല്ല വിലയുളളതു കൊണ്ടുമാത്രമാണ് ഇപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്; ഈ സ്ഥിതിവിശേഷം മാറുമ്പോള്‍ വലിയതോതില്‍ മുതല്‍മുടക്കി ആധുനികവത്കരിച്ചാല്‍ മാത്രമേ കമ്പനിയ്ക്ക് പിടിച്ചു നില്‍ക്കാനാവൂ; ഇത്രയും പണം മുടക്കാന്‍ സര്‍ക്കാരിനു കഴിയില്ല; അതുകൊണ്ട് സ്വകാര്യ സംരംഭകര്‍ അനിവാര്യമാണ്; ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിറ്റാലേ ന്യായമായ വില കിട്ടൂ; അതുകൊണ്ടാണ് വില്‍പനയ്ക്കു തിരക്കുകൂട്ടുന്നത്.


നരസിംഹറാവുവിന്റെ കാലത്തു തുടങ്ങിയ പൊതുമേഖലാവിരുദ്ധ ചിന്താഗതി സൃഷ്ടിച്ച ദൂരവ്യാപകമായ പ്രത്യാഘാതമാണ് ബാല്‍ക്കോ അനുഭവിക്കേണ്ടി വന്നത്. ബാല്‍ക്കോ വില്‍ക്കാനുളള ആദ്യ നിര്‍ദ്ദേശം ഐക്യമുന്നണി സര്‍ക്കാര്‍ നിയോഗിച്ച ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റേതായിരുന്നു. പക്ഷേ, ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. ആ നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു: ''മാനേജ്‌മെന്റ് സ്വാതന്ത്ര്യമില്ലാത്തതിന്റെയും നടപടിക്കുരുക്കുകള്‍ മൂലവും ബാല്‍ക്കോ എന്ന പൊതുമേഖലാ കമ്പനി ദണ്ഡം സഹിക്കേണ്ടി വന്നു. കോര്‍ബയിലെ സിആര്‍എം പ്രോജക്ടിന് എട്ടുവര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ല. ഇതുമൂലം മൂലധനച്ചെലവ് ഇരട്ടിയായി. സ്വന്തമായൊരു വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനു വേണ്ടിയുളള അപേക്ഷ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. തന്മൂലം ഉയര്‍ന്നവിലയ്ക്ക് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നു. ഇത് ചെലവു വര്‍ദ്ധിപ്പിക്കുന്നു. ഈ കാലതാമസങ്ങളും അസ്വാതന്ത്ര്യവും കമ്പനിയുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രൊജക്ടുകള്‍ നേരത്തെ നടപ്പാക്കിയിരുന്നെങ്കില്‍ ലാഭം ഇതിനെക്കാള്‍ എത്രയോ കൂടുതലായിരുന്നേനെ''.


ബാല്‍ക്കോയെ നഷ്ടത്തിലേയ്ക്കു നയിച്ചത് അതിന്റെ ഉടമയായ കേന്ദ്രസര്‍ക്കാര്‍ തന്നെയായിരുന്നു. ഉടമതന്നെ നഷ്ടം വരുത്തിവെച്ച്, ആ നഷ്ടം കാരണമാക്കി കമ്പനിയുടെ വില്‍പ്പന നടത്തി. യഥാര്‍ത്ഥത്തില്‍ വില്‍പനയായിരുന്നില്ല, മേല്‍പ്പറഞ്ഞ സ്ഥിതിവിശേഷത്തിന്റെ പ്രതിവിധി. കമ്പനിയെ പുനഃസംഘടിപ്പിക്കുകയായിരുന്നു. ഇതിന് സര്‍ക്കാര്‍ പണം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം കമ്പനിയ്ക്ക് ഏതാണ്ട് 500 കോടി രൂപയുടെ കാഷ് റിസര്‍വ് ഉണ്ടായിരുന്നു. മാത്രമല്ല, സ്വന്തം ഓഹരിമൂലധനത്തെ അപേക്ഷിച്ച് കമ്പനിയുടെ വായ്പാബാധ്യതകള്‍ താഴ്ന്ന തോതിലുമായിരുന്നു. കമ്പോളത്തില്‍ നിന്നും പണം കിട്ടാന്‍ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അതു ചെയ്യുന്നതിനു പകരം കമ്പനിയുടെ വിപുലീകരണത്തെ തടസപ്പെടുത്തി കമ്പനി നഷ്ടം വിലയ്ക്കു വാങ്ങുകയായിരുന്നു.


സ്വകാര്യവത്കരണത്തിനു വേണ്ടിയുളള തിടുക്കത്തിന്റെ യഥാര്‍ത്ഥ കാരണം പ്രത്യയശാസ്ത്രപരമാണ്. ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ തുടങ്ങിയതു മുതല്‍ പൊതുമേഖലാ സ്വകാര്യവത്കരണത്തെക്കുറിച്ച് ഏറെ വാചകമടിച്ചുവെങ്കിലും കാര്യങ്ങള്‍ വേണ്ടത്ര നടന്നിരുന്നില്ല. ഉദാരവത്കരണത്തിന്റെ ആദ്യദശകത്തില്‍ ഓഹരിവില്‍പന വഴി 44000 കോടി രൂപ ലക്ഷ്യമിട്ടെങ്കിലും 18000 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. പൊതുമേഖലയുടെ മൊത്ത വില്‍പനയാണ് ഉദാരവത്കരണപാതയിലൂടെ മുന്നേറാന്‍ ഷൂരിയും സംഘവും കണ്ടെത്തിയ മാര്‍ഗം. 


അതിനാദ്യം തിരഞ്ഞെടുത്തത് ബാല്‍ക്കോയെ. 51 ശതമാനം ഓഹരി സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചു. ഭൂരിപക്ഷം ഓഹരിയും സര്‍ക്കാരില്‍ത്തന്നെ നിലനിര്‍ത്തി പങ്കാളിയായ സ്വകാര്യ സംരംഭകനെ മാനേജ്‌മെന്റ് ഏല്‍പ്പിക്കുക എന്നതാണ് 'തന്ത്രപരമായ വില്‍പന'. കമ്പനിയുടെ നില മെച്ചപ്പെടുമ്പോള്‍ ബാക്കി ഓഹരികള്‍ ഉയര്‍ന്നവിലയ്ക്ക് വില്‍ക്കാന്‍ കഴിയും എന്നതാണ് ഇതിനുളള ന്യായം. എന്നാല്‍ ബാല്‍ക്കോയുടെ കാര്യത്തില്‍ ഭൂരിപക്ഷം ഓഹരിയും മാനേജ്‌മെന്റ് അധികാരവും ഒറ്റയടിയ്ക്ക് സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചു.


5000 കോടിയുടെ കമ്പനി 551 കോടിയ്ക്ക്
കമ്പനിയുടെ വില നിശ്ചയിക്കുകയാണ് പൊതുമേഖലാസ്വകാര്യവത്കരണത്തിലെ ഏറ്റവും നിര്‍ണായകമായ പ്രക്രിയ. സാധാരണഗതിയില്‍ പൊതുമേഖലാ കമ്പനികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിപുലമായ തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നവയല്ല. അതുകൊണ്ട് വിപണിമൂല്യം അറിയാനാവില്ല. അതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ വില നിശ്ചയിക്കാന്‍ പ്രത്യേക കണ്‍സള്‍ട്ടന്റുമാരെ നിയോഗിക്കും. ജെപി മോര്‍ഗന്‍ എന്ന സ്ഥാപനമായിരുന്നു ബാല്‍ക്കോയുടെ കണ്‍സള്‍ട്ടന്റ്. എന്നാല്‍ അവര്‍ക്ക് കണക്കെടുക്കേണ്ടി വന്നില്ല. അതിനുമുമ്പേ, ബാല്‍ക്കോ വേദാന്തയ്ക്കു വില്‍ക്കാന്‍ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.


അഞ്ചു രീതികളില്‍ കണക്കുകൂട്ടിയാണ് ബാല്‍ക്കോയുടെ വില ശാസ്ത്രീയമായി നിര്‍ണയിച്ചത് എന്നാണ് അരുണ്‍ ഷൂറി അവകാശപ്പെട്ടത്. ഭാവിയില്‍ കമ്പനിയ്ക്കുണ്ടാകാവുന്ന ലാഭസാധ്യതകളെ അടിസ്ഥാനമാക്കി നടപ്പുവില നിശ്ചയിക്കുകയായിരുന്നു ആദ്യമാര്‍ഗം. അതുപ്രകാരം, ബാല്‍ക്കോയുടെ വില, 650 - 1000 കോടി രൂപയാണ്. രണ്ടാമത്തെ മാര്‍ഗം, സമാനമായ മറ്റുകമ്പനികളുമായുളള താരതമ്യപഠനമാണ്. ഈ രീതിപ്രകാരം ബാല്‍ക്കോയുടെ വില 600-900 കോടി രൂപയാണ്. ബാലന്‍സ് ഷീറ്റിന്റെ പഠനത്തിലൂടെ നെറ്റ് വര്‍ത്ത് വിലയിരുത്തുമ്പോള്‍ ബാല്‍ക്കോയുടെ വില 600-700 കോടി രൂപയാണ്. കമ്പനിയുടെ ആസ്തികളുടെ വില എണ്ണിക്കൂട്ടുന്നതാണ് അഞ്ചാമത്തെ മാര്‍ഗം. ഇതുപ്രകാരം കമ്പനിയുടെ വില 1000 - 1100 കോടി രൂപയാണ്. 51 ശതമാനം ഓഹരിയാണല്ലോ സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കുന്നത്. ഇത്രയും ഓഹരിയ്ക്ക് 551 കോടി രൂപ ന്യായമായ വിലയായി തീരുമാനിക്കപ്പെട്ടു. ഇവിടെയാണ് ഏറ്റവും വലിയ തട്ടിപ്പു നടന്നത് എന്നാണ് ആക്ഷേപം. ഈ ആക്ഷേപം 2006ലെ സി ആന്‍ഡ് ഏജി റിപ്പോര്‍ട്ടും ശരിവെച്ചു.


തെറ്റായ രീതിയിലാണ് കമ്പനിയുടെ ഭാവി ലാഭ സാധ്യതകള്‍ കണക്കുകൂട്ടിയത്. ലാഭവും ലാഭസാധ്യതയും കുറഞ്ഞതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ നയങ്ങള്‍ തിരുത്തിയിരുന്നുവെങ്കില്‍ ഭാവിയിലെ ലാഭവും വര്‍ദ്ധിക്കുമായിരുന്നു. അങ്ങനെ ചെയ്യാതെ, കമ്പനിയുടെ ലാഭം ഇടിഞ്ഞു നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തും എന്ന അനുമാനത്തിന്മേലായിരുന്നു കണക്കുകൂട്ടല്‍. അരുണ്‍ ഷൂറി തന്നെയായിരുന്നു ഇതിന്റെ മുഖ്യകാര്‍മ്മികന്‍. 1996-97ല്‍ 163 കോടിയുണ്ടായിരുന്ന ലാഭം 2001-02 കാലത്ത് 25 കോടിയായി കുറഞ്ഞുവെന്നത് അദ്ദേഹത്തിന്റെ സ്ഥിരം പല്ലവിയായിരുന്നു.


കമ്പനിയുടെ ആസ്തികള്‍ പൂര്‍ണമായും പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല, പലതിനും കുറഞ്ഞ വിലയാണ് കണക്കാക്കിയതും. കമ്പനിയുടെ ഛത്തീസ്ഗഡിലെ കോര്‍ബയിലെ സ്വത്തുക്കള്‍ പരിശോധിച്ചാല്‍ ഇതുവ്യക്തമാകും. 2,720 ഏക്കര്‍ ഭൂമിയില്‍ അലൂമിനിയം ഫാക്ടറി, 270 മെഗാവാട്ട് ശേഷിയുളള പവര്‍ പ്ലാന്റ്, സമ്പന്നമായ ബോക്‌സൈറ്റ് ഖനി, ഇതിനു പുറമെ 15,000 ഏക്കറില്‍ പരന്നുകിടക്കുന്ന 4000 കുടുംബങ്ങള്‍ താമസിക്കുന്ന ബാല്‍ക്കോ ടൗണ്‍ഷിപ്പ്, പശ്ചിമ ബംഗാളിലെ ബിധാന്‍ബാഗിലെ മറ്റൊരു അലൂമിനിയം ഫാക്ടറി എന്നിവയുടെയൊക്കെ നിയന്ത്രണാവകാശമാണ് 551 കോടി രൂപയ്ക്കു വിറ്റത്.


കോര്‍ബയിലെ 270 മെഗാ വാട്ടിന്റെ പവര്‍പ്ലാന്റ് പുതുതായി പണിയണമെങ്കില്‍ തന്നെ 1215 കോടി രൂപ വേണ്ടിവരുമായിരുന്നു. തേയ്മാനച്ചെലവ് കിഴിച്ചാലും കിട്ടിയ 551 കോടി രൂപ ഇതിനുപോലും തികയുമായിരുന്നില്ല. വില്‍പനയുടെ തലേവര്‍ഷം ബാല്‍ക്കോയുടെ കപ്പാസിറ്റി 91,000 ടണ്ണില്‍ നിന്ന് 1,31,400 ടണ്ണായി ഉയര്‍ത്തിയിരുന്നു. ഇത് കണക്കെടുപ്പില്‍ വിട്ടുകളഞ്ഞു എന്ന് സി ആന്‍ഡ് എജി ചൂണ്ടിക്കാണിച്ചു. ഭൂവില നിര്‍ണയത്തിലും വന്‍തിരിമറി നടന്നു. കമ്പനിയുടെ ആവശ്യത്തില്‍ കവിഞ്ഞ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തില്ല. വലിയൊരു റിയല്‍ എസ്റ്റേറ്റ് ഇടപാടുകൂടിയായിരുന്നു ബാല്‍ക്കോ കൈമാറ്റം. ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 5000 - 6000 കോടി രൂപ വിലമതിക്കുന്നതായിരുന്നു ബാല്‍ക്കോയുടെ ആസ്തികള്‍.


ബാല്‍ക്കോ വില്‍പനയുടെ അന്തര്‍നാടകങ്ങള്‍
ലേലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവിലയെക്കാള്‍ ഉയര്‍ന്ന തുകയാണ് സ്റ്റെര്‍ലൈറ്റ് ലേലം വിളിച്ചതെന്ന് അരുണ്‍ ഷൂറി പ്രഖ്യാപിച്ചുവെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില എത്രയെന്ന് പുറത്തുപറയാന്‍ അദ്ദേഹം തയ്യാറായില്ല. ആ തുക ദുരൂഹമായി നിലനിന്നു. ലേലത്തില്‍ പങ്കെടുത്ത ഹിന്ദാല്‍കോ സമര്‍പ്പിച്ച ക്വട്ടേഷനും വെളിപ്പെടുത്തപ്പെട്ടില്ല. അമേരിക്ക ആസ്ഥാനമായ അല്‍കോ കമ്പനി ലേലത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.


ഷൂരിയുടെ ഈ ഒളിച്ചുവെയ്ക്കല്‍ വഴിയാണ് അണിയറ രഹസ്യങ്ങളുടെ ദുര്‍ഗന്ധം പുറത്തേയ്ക്കു പടര്‍ന്നത്. തുക വെളിപ്പെടുത്തണമെന്നുളള ആവശ്യം ശക്തമായി ഉയര്‍ന്നുവെങ്കിലും അവയെല്ലാം ഷൂരി അവഗണിച്ചു. അതു വെളിപ്പെടുത്താനും അനില്‍ അഗര്‍വാള്‍ തന്നെ വേണ്ടി വന്നു. സര്‍ക്കാരിന്റെ മതിപ്പുവില 514 കോടി രൂപയായിരുന്നുവെന്ന് എക്കണോമിക് ടൈംസിനു നല്‍കിയ ഒരഭിമുഖത്തില്‍ ബാല്‍ക്കോയുടെ പുതിയ മുതലാളി വെളിപ്പെടുത്തി. ഹിന്ദാല്‍കോയുടെ ലേല അടങ്കല്‍ 265 കോടിയായിരുന്നുവത്രേ! ഇത് ഒത്തുകളിയായിരുന്നു. ബിജെപി വിറ്റ ഒമ്പതു കമ്പനികള്‍ വാങ്ങാന്‍ 96 പേര്‍ മുന്നോട്ടു വന്നെങ്കിലും 21പേരേ ടെന്‍ഡറില്‍ പങ്കെടുത്തുളളൂവെന്ന് 2006ലെ സി ആന്‍ഡ് എജി റിപ്പോര്‍ട്ടു വെളിപ്പെടുത്തി. ബാല്‍ക്കോ വാങ്ങാന്‍ 3 പേര്‍ സന്നദ്ധത പ്രകടിപ്പിച്ചതായിരുന്നു അക്കാലത്തെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തം!


തിരക്കിട്ടും തെല്ലും അവധാനതയില്ലാതെയുമാണ് ആസ്തികളും മറ്റും കണക്കുകൂട്ടിയത് എന്ന വിമര്‍ശനം സി ആന്‍ഡ് ഏജി ഉന്നയിച്ചു. സി ആന്‍ഡ് എജിയുടെ നിരീക്ഷണത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 49 ദിവസമെങ്കിലും വേണ്ടിയിരുന്നു. എന്നാല്‍ വെറും പത്തൊമ്പതു ദിവസത്തിനുളളില്‍ അരുണ്‍ ഷൂറി കൃത്യം നിര്‍വഹിച്ചു. കണക്കുകൂട്ടലുകളുടെ ഒരനുമാനവും രേഖാമൂലം എഴുതിസൂക്ഷിച്ചിരുന്നില്ല. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാകട്ടെ, ഫയലുകള്‍ ലഭ്യമല്ല എന്നായിരുന്നു മറുപടി.


എതിര്‍പ്പുകളെല്ലാം തട്ടിനീക്കി സ്റ്റെര്‍ലൈറ്റിനു തന്നെ ബാല്‍ക്കോ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു വല്ലാത്ത വാശിതന്നെയുണ്ടായിരുന്നു. വില്‍പനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം തുറന്ന യുദ്ധം തന്നെ നടത്തി. ബാല്‍ക്കോയുടെ പുതിയ മാനേജ്‌മെന്റിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രിംകോടതി വിധി സമ്പാദിച്ചു. ഫാക്ടറി സമരം മൂലം ഉണ്ടാകുന്ന നഷ്ടം ഛത്തീസ്ഗഡ് സര്‍ക്കാരിനുളള കേന്ദ്രവിഹിതത്തില്‍ നിന്നും തട്ടിക്കിഴിക്കുമെന്നു പ്രഖ്യാപിച്ചു. തൊഴിലാളികള്‍ക്കെതിരെയും സുപ്രിംകോടതി വിധി സമ്പാദിച്ചു.


ഇടപാടുകളുടെ ഏറ്റവും രൂക്ഷവിമര്‍ശകനായിരുന്നു, ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി. അദ്ദേഹമാണ് അഴിമതിയാരോപണം ആദ്യമായി ഉന്നയിച്ചത്. ''100 കോടി രൂപ കൈക്കൂലി വാങ്ങിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ബാല്‍ക്കോ ഓഹരി ചുളുവിലയ്ക്ക് വിറ്റുതുലച്ചത്. ഛത്തീസ്ഗഡിനെ പട്ടാപ്പകല്‍ കവര്‍ച്ചയിലൂടെ കൊളളയടിക്കുകയായിരുന്നു ഇവര്‍'' എന്നു ജോഗി തുറന്നടിച്ചു. എന്നാല്‍ ബാല്‍ക്കോ വില്‍പനയുടെ അഴിമതിയെക്കുറിച്ചുളള അന്വേഷണം ഈ പ്രസ്താവനയ്ക്കപ്പുറത്തേയ്ക്ക് പോയില്ല. തെരഞ്ഞെടുപ്പിനുളള ബിജെപിയുടെ ധനസമാഹരണം പൊതുമേഖലയുടെ വില്‍പന വഴിയായിരുന്നു എന്നആ ആക്ഷേപം ഇപ്പോഴും ഖണ്ഡിക്കപ്പെട്ടിട്ടില്ല.


ബാല്‍ക്കോ വില്‍പന പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. സംയുക്ത പാര്‍ലമെന്റ് സമിതിയെക്കൊണ്ട് ഇടപാട് അന്വേഷിപ്പിക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും. കാലതാമസമുണ്ടാവുമെന്ന കാരണം പറഞ്ഞ് ഈ ആവശ്യം അരുണ്‍ ഷൂരി നിരാകരിച്ചു. സിഎജിയുടെ പരിശോധന മതിയെന്ന് അദ്ദേഹം കട്ടായം പറഞ്ഞു. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. 2001 മാര്‍ച്ച് ഒന്നിനായിരുന്നു ലോക്‌സഭയില്‍ വോട്ടെടുപ്പ്. ചര്‍ച്ചയ്‌ക്കൊടുവില്‍ 119നെതിരെ 239 വോട്ടുകള്‍ക്ക് ബാല്‍ക്കോ വില്‍പനയ്ക്ക് ലോകസഭ അംഗീകാരം നല്‍കി. തൊട്ടുപിറ്റേന്നു തന്നെ സ്റ്റെര്‍ലൈറ്റുമായുളള കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു. 551.5 കോടി രൂപയുടെ ചെക്ക് സ്റ്റെര്‍ലൈറ്റ് സര്‍ക്കാരിനു കൈമാറി. മാര്‍ച്ച് 3ന് കമ്പനിയുടെ നിയന്ത്രണാധികാരം അവര്‍ ഏറ്റെടുക്കുകയും ചെയ്തു.


പ്രതിഷേധവും പ്രതിരോധവും
ബാല്‍ക്കോ വില്‍ക്കാനുളള സര്‍ക്കാര്‍ നീക്കം വെട്ടിത്തിളയ്ക്കുന്ന തൊഴിലാളിപ്രക്ഷോഭമാണ് ക്ഷണിച്ചുവരുത്തിയത്. 2001 ഫെബ്രുവരി 26ന് ബന്ദു നടത്തി കമ്പനി വില്‍പനയെ ട്രേഡ്് യൂണിയനുകള്‍ എതിരേറ്റു. ബന്ദിനു പിന്നാലെ ബാല്‍ക്കോ സംരക്ഷണ സംയുക്ത പ്രചാരണ സമിതി രൂപീകരിച്ച് 2001 മാര്‍ച്ച് 3 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. സിഐടിയു, എച്ച്എംഎസ്, ഐഎന്‍ടിയുസി, ബിഎംഎസ്, എന്‍എല്‍ഒ തുടങ്ങി എല്ലാ ട്രേഡ് യൂണിയനുകളും സമരമുഖത്തു നിലയുറപ്പിച്ചു. ഒന്നൊഴിയാതെ എല്ലാ തൊഴിലാളികളും പണിമുടക്കി. പണിമുടക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ചേരാന്‍ സമൂഹമൊന്നാകെ ഫാക്ടറി ആസ്ഥാനത്തേയ്ക്ക് ഒഴുകിനിറഞ്ഞു. തദ്ദേശവാസികളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും വനിതകളും സമരമുഖത്ത് അണിനിരന്നു. ഫാക്ടറി കൈമാറ്റരേഖയൊപ്പിട്ട 2001 മാര്‍ച്ച് 2 മുതല്‍ രാപകലില്ലാതെ അവര്‍ ഫാക്ടറിയ്ക്ക് കാവല്‍നിന്നു.


തുടര്‍ന്ന് തൊഴിലാളി സമരം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു. സിപിഐ(എം), സിപിഐ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സ്വകാര്യവത്കരണത്തിനെതിരെ പൊതുപ്രസ്ഥാനം ഉടലെടുത്തു. ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ അഖിലേന്ത്യാ നേതൃത്വം സ്വകാര്യവത്കരണത്തെ അനുകൂലിക്കുമ്പോഴും അവരുടെ പ്രാദേശിക ഘടകം സമരത്തില്‍ സജീവമായി പങ്കെടുത്തു. സമരത്തിനെതിരെ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങി.

2001 മാര്‍ച്ച് 4ന് കോര്‍ബ പട്ടണം മുതല്‍ ഫാക്ടറിപ്പടിക്കല്‍ വരെ 14 കിലോമീറ്റര്‍ നീളത്തില്‍ തൊഴിലാളികളും പൊതുജനങ്ങളും മനുഷ്യച്ചങ്ങല തീര്‍ത്തു. അന്നു വൈകുന്നേരം പതിനയ്യായിരത്തിലേറെ സ്ത്രീകള്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കത്തിജ്വലിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്യാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയും ഉണ്ടായിരുന്നു. രാംലീലാ മൈതാനത്തില്‍ തടിച്ചുകൂടിയവരെ സാക്ഷിയാക്കി അജിത് ജോഗി ലോകത്തോട് ഇങ്ങനെ പറഞ്ഞു - ബാല്‍ക്കോ വില്‍പന പട്ടാപ്പകല്‍ നടന്ന പകല്‍ക്കൊളളയാണ്. രാജ്യത്തിന്റെ സമ്പത്ത് ബിജെപി സര്‍ക്കാര്‍ വിറ്റു തുലച്ചതാണ്. കുപ്രസിദ്ധമായ ബാല്‍ക്കോ വില്‍പനാ തീരുമാനം തിരുത്തുന്നതു വരെ സമരം തുടരേണ്ടതുണ്ട്.


പണിമുടക്കി സമരം ചെയ്യുമ്പോഴും പ്ലാന്റു നശിക്കാതിരിക്കാനുളള മുന്‍കരുതലും തൊഴിലാളികള്‍ തന്നെ ഏറ്റെടുത്തു. ഫാക്ടറിയിലെ ചൂളയില്‍ ഊഷ്മാവു നിലനിര്‍ത്തി ശേഖരിക്കപ്പെട്ട അലൂമിനിയം തണുത്തുറയാതെ നോക്കാന്‍ അറുപതംഗങ്ങളുളള തൊഴിലാളികളുടെ ടീം വേതനമില്ലാതെ പണിയെടുക്കുകയും ചെയ്തു.


സമരം മുന്നേറവെ, സ്റ്റെര്‍ലൈറ്റ് കമ്പനി ഉദ്യോഗസ്ഥരുടെയും ബിജെപിയുടെയും സ്ഥലം എംഎല്‍എയുടെയും നേതൃത്വത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. സമരകേന്ദ്രത്തിനു ചുറ്റും പ്രകോപനപരമായ ഭീഷണികള്‍ മുഴങ്ങി. ബാല്‍ക്കോ വില്‍പനയ്‌ക്കെതിരുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് ഛത്തീസ്ഗഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ വാദിച്ചു. സമരം തുടര്‍ന്നാല്‍ സമരക്കാര്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുയര്‍ന്നു. പക്ഷേ, ഒരു തൊഴിലാളിപോലും ജോലിക്കു കയറിയില്ല. സ്റ്റെര്‍ലൈറ്റിന്റെ പിണിയാളുകളായി നിന്ന എംഎല്‍എയ്ക്കും പൊലീസ് മേധാവികള്‍ക്കുമെതിരെ അവര്‍ പൊലീസ് സ്റ്റേഷന്‍ പിക്കറ്റു ചെയ്ത് പ്രതികരിക്കുകയും ചെയ്തു.


സമരം 67 ദിവസം പിന്നിട്ടപ്പോള്‍ പൊടുന്നനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അജിത് ജോഗി മലക്കം മറിഞ്ഞു. അതോടെ ട്രേഡ് യൂണിയനുകള്‍ക്ക് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടിവന്നു. സമരം ഒറ്റികൊടുക്കാന്‍ കോണ്‍ഗ്രസ് തുനിഞ്ഞതിനു പിന്നിലും വലിയ പണമിടപാടുകളുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. ആസന്നമായിരുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലും ചെന്നൈയിലും ഫാക്ടറിയുളള കമ്പനിയുടെ പിന്തുണ കോണ്‍ഗ്രസിന് ആവശ്യമായിരുന്നു. കോണ്‍ഗ്രസ് പിറകില്‍ നിന്നു കുത്തിയതോടെ ഒത്തുതീര്‍പ്പല്ലാതെ തൊഴിലാളികള്‍ക്കു വേറെ വഴിയുണ്ടായിരുന്നു. രണ്ടുമാസത്തെ മുന്‍കൂര്‍ ശമ്പളം വാങ്ങി സമരം അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതിയുടെ വിധിയും വന്നു.


തൊഴിലാളികളെ പാട്ടിലാക്കാന്‍ കമ്പനിയില്‍ അവര്‍ക്ക് ഓഹരിപങ്കാളിത്തം വാഗ്ദാനം ചെയ്തു. സ്വകാര്യവത്കരണം കഴിഞ്ഞ് ആദ്യ ഒരുവര്‍ഷത്തിനുളളില്‍ ആരെയും പിരിച്ചുവിടില്ലെന്നും തൊഴില്‍സേനയുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിലവിലുളളതിനു സമാനമായ വിആര്‍എസ് പദ്ധതി ഏര്‍പ്പെടുത്തുമെന്നും വാഗ്ദാനമുണ്ടായി. സേവനവേതന വ്യവസ്ഥകളില്‍ പലനീക്കുപോക്കുകള്‍ക്കും തൊഴിലാളികള്‍ തയ്യാറായി. പക്ഷേ, വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. അങ്ങനെ 2004 ജൂലൈ 22ന് ഐഎന്‍ടിയുസി ഒഴികെയുളള മറ്റെല്ലാ യൂണിയനും സംയുക്തമായി ഒരുദിവസത്തെ പണിമുടക്കു നടത്തി. ബാക്കിയുളള 49 ശതമാനം ഓഹരിയും സ്റ്റെര്‍ലൈറ്റ് കൈയടക്കി.


വേദാന്തയ്‌ക്കെതിരെ അന്തര്‍ദ്ദേശീയ പ്രതിഷേധം
വേദാന്തയുടെ ബോക്‌സൈറ്റ് ഖനനം സൃഷ്ടിച്ച നിര്‍ബന്ധിത പലായനവും ചെറുത്തുനില്‍പ്പിനെതിരെ നടന്ന പൊലീസ് വെടിവെപ്പും അപകടങ്ങളും പരിക്കുകളും രോഗങ്ങളും നൂറുകണക്കിന് ആദിവാസികളുടെ മരണത്തിനു വഴിവെച്ചിട്ടുണ്ട്. ആദിവാസി കുടുംബങ്ങളെ വേരോടെ പറിച്ചെറിഞ്ഞും പരിസ്ഥിതി തകര്‍ത്തും കുടിവെളളം ദുഷിപ്പിച്ചും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ നശിപ്പിച്ചും ആയിരക്കണക്കിന് കുടുംബങ്ങളെ നിരന്തരമായ പട്ടിണിയിലേയ്ക്കു തളളിയിട്ടുമാണ് അനില്‍ അഗര്‍വാള്‍ ശതകോടീശ്വരപ്പട്ടികയുടെ കോണിപ്പടികള്‍ ചവിട്ടിക്കയറുന്നത്. വേദാന്തയെ വളര്‍ത്തുകയും അവര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്ത സര്‍ക്കാരിനു പോലും കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത തോതിലേയ്ക്ക് അവര്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറി.



· ഒഡീഷയിലെ ഡോംഗ്രിയ കോന്‍ധ് ആദിവാസി സമൂഹം പവിത്രമെന്നു കരുതുന്ന നിയാംഗിരി മലനിരകളിലെ ഖനനത്തിനെതിരെ ശക്തമായ ആദിവാസി പ്രക്ഷോഭം ഉണ്ടായി.പൂര്‍വഘട്ടത്തിലെ പ്രധാന വന്യജീവി സങ്കേതവും വംശധാര നന്ദിയുടെയും പല അരുവികളുടെയും ഉത്ഭവകേന്ദ്രം കൂടിയാണ് നിയാംഗിരി കുന്നുകള്‍. ഇവിടുത്തെ ഖനനം നിര്‍ത്തിവെയ്ക്കാന്‍ 2010 ആഗസ്റ്റില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് ഉത്തരവിടേണ്ടി വന്നു.
· ലാഞ്ചിഗഡിലെ അലൂമിന റിഫൈനറി വിപുലീകരിക്കാന്‍ വേദാന്ത വന്‍തോതില്‍ വനനശീകരണം നടത്തി. റിഫൈനറി കയ്യടക്കിയ മൂന്നേക്കറോളം ഭൂമി, യഥാര്‍ത്ഥത്തില്‍ ആദിവാസികളുടേതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കണ്ടെത്തി. ഭൂമി കയ്യേറിയതിന് വേദാന്തയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. വേദാന്തയുടെ ഭൂമി കയ്യേറ്റം ഇതാദ്യമായാണ് 'ഔദ്യോഗികമായി' തെളിയിക്കപ്പെടുന്നത്.
· 2011 ഏപ്രില്‍ അഞ്ചിനും മെയ് 16നും ഫാക്ടറിയിലെ വിഷമാലിന്യശേഖരം രണ്ടുവട്ടം തകര്‍ന്ന് വന്‍സധാരാ നദി ചുവന്ന ചെളി കലര്‍ന്ന് മലിനമായി. 2008ലും ഇതു സംഭവിച്ചിരുന്നു. തടയണ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ഒഡീഷ മലിനീകരണ നിയന്ത്രണബോര്‍ഡ് 2008 ഡിസംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
· പൂരിയില്‍ ആയിരക്കണക്കിന് ഭൂമി കയ്യേറി വേദാന്ത യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ അഗര്‍വാളിനു മോഹമുദിച്ചു. തട്ടിച്ചും ഭീഷണിപ്പെടുത്തിയും കയ്യടക്കിയ ഭൂമി മുഴുവന്‍ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്കു തിരികെ നല്‍കാന്‍ 2010ല്‍ ഒഢീഷ ഹൈക്കോടതി ഉത്തരവിട്ടു.
· ഛാര്‍സുഡുഗ (ഛത്തീസ്ഗഡ്)യിലെ ലോഹമുരുക്കുശാല സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്തെത്തി. ഒരനുമതിയുമില്ലാതെയാണ് അഞ്ചുലക്ഷം ടണ്‍ ശേഷിയുളള ഫാക്ടറിയും ഒമ്പത് പവര്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നത്. വായുവും വെളളവും ആകാവുന്നതിന്റെ പരമാവധി മലിനമാക്കുകയും ചെയ്യുന്നുണ്ട്.
· ഗോവയിലെ അഡ്‌വാല്‍പാള്‍ ഗ്രാമത്തില്‍ ഖനിയിലെ മാലിന്യങ്ങള്‍ കൂമ്പാരമായി നിക്ഷേപിച്ചു. കോരിച്ചൊരിഞ്ഞ പേമാരിയില്‍ ഈ മാലിന്യക്കൂന 2010 ജൂണ്‍ 6ന് പൊട്ടിയൊഴുകി. ടണ്‍ കണക്കിന് മാലിന്യം അടുത്തുളള നദിയിലേയ്ക്ക് കുത്തിയൊലിച്ച് വന്‍വെളളപ്പൊക്കമുണ്ടായി. നിയമവിരുദ്ധമായാണ് അഡ്‌വാല്‍പാളില്‍ കമ്പനി മാലിന്യനിക്ഷേപം നടത്തുന്നത് എന്ന 2009 നവംബറിലെ ബോംബേ ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയായിരുന്നു ഈ പരിസ്ഥിതി ദുരന്തം.
· പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൂത്തുക്കുടിയിലെ കോപ്പര്‍ സംസ്‌ക്കരണശാലയിലെ ഉല്‍പാദനം നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. കമ്പനിമാലിന്യങ്ങള്‍ തദ്ദേശവാസികള്‍ക്കു സൃഷ്ടിച്ച ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു കോടതിവിധി. എന്നാല്‍ ഈ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും തകിടംമറിഞ്ഞു.
· ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും വേദാന്ത സൃഷ്ടിച്ച പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കു കുപ്രസിദ്ധിയുണ്ട്. സാമ്പിയയിലെ കോങ്കോള കോപ്പര്‍ മൈന്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങളൊഴുക്കി കേഫൂ നദി മലിനമാക്കിയതിന് കോടതിയില്‍ നിന്നും കമ്പനിയ്ക്ക് പിഴ ശിക്ഷ ലഭിച്ചു.
· കോര്‍ബയിലെ ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നുവീണ് 40 തൊഴിലാളികള്‍ മരിച്ചതും വേദാന്ത സൃഷ്ടിച്ച കൂട്ടക്കുരുതിയാണ്. അനധികൃതമായി സര്‍ക്കാര്‍ വനഭൂമിയിലായിരുന്നു ചമ്മിനി നിര്‍മ്മാണം. എന്‍ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടുപ്രകാരം ''അശ്രദ്ധവും ദുര്‍ബലവുമായ നിര്‍മ്മാണം, കോണ്‍ക്രീറ്റു തൂണുകളുടെ നിര്‍മ്മാണത്തിലെ ഗുണനിലവാരമില്ലായ്മ, കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ തയ്യാറാക്കിയതിലെ അപാകം'' എന്നുതുടങ്ങിയ നിര്‍മ്മാണത്തിലെ പിഴവുകളായിരുന്നു അപകടത്തിനു കാരണം.
 · 'സ്വകാര്യവത്കരണം തൊഴിലാളികളുടെ മേല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ബാല്‍ക്കോയെക്കുറിച്ചൊരു പഠനം' എന്ന് വി. വി. ഗിരി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ വിആര്‍എസ് എടുക്കുന്നതിന് തൊഴിലാളികളുടെ മേല്‍ നടത്തിയ നാനാവിധ സമ്മര്‍ദ്ദങ്ങളെക്കുറിച്ചു വിവരിക്കുന്നുണ്ട്. ബാല്‍ക്കോ ടൗണ്‍ഷിപ്പിലെ സ്‌ക്കൂള്‍ ഒരു ഗോഡൗണാക്കി മാറ്റി. പ്രാദേശിക വികസനത്തിനു പോലും സ്വകാര്യവത്കരണം തിരിച്ചടിയായി.
പ്രകൃതിയോടും മനുഷ്യനോടുമുളള വേദാന്തയുടെ ഈ ക്രൂരത, പ്രത്യേകിച്ച്, നിയാംഗിരി മലനിരകളിലെ ആദിവാസികള്‍ നേരിടുന്ന വംശനാശഭീഷണി, അന്തര്‍ദ്ദേശീയ മനഃസാക്ഷിയെ പിടിച്ചുകുലുക്കി. അംനസ്റ്റി ഇന്റര്‍നാഷണല്‍, സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ വേദാന്തയുടെ മനുഷ്യാവകാശലംഘനങ്ങളെ നിശിതമായി വിമര്‍ശിച്ചു. വേദാന്തയുടെ പ്രവര്‍ത്തനശൈലിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും ഇതേ തീരുമാനം കൈക്കൊണ്ടു. വേദാന്തയുടെ പാരിസ്ഥിതിക മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഇന്നൊരു അന്തര്‍ദ്ദേശീയ നെറ്റ്‌വര്‍ക്കിംഗ് നിലവിലുണ്ട്.


പ്രതിഷേധത്തിന്റെ പ്രത്യാഘാതങ്ങള്‍
ദേശീയവും അന്തര്‍ദ്ദേശീയവുമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ തെല്ലും വകവെയ്ക്കാതെ ബിജെപി സര്‍ക്കാര്‍ സ്വകാര്യവത്കരണ നയം മുന്നോട്ടു കൊണ്ടുപോയി. 9 കമ്പനികളും 19 ഹോട്ടലുകളും അവരുടെ കാലത്ത് വിറ്റുതുലച്ചു. ഓരോന്നിനെതിരെയും ബാല്‍ക്കോയുടെ കാര്യത്തിലെന്നപോലെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. ഈ വിമര്‍ശനങ്ങളെല്ലാം സി ആന്‍ഡ് എജി റിപ്പോര്‍ട്ടുകള്‍ ഏറെക്കുറെ ശരിവെയ്ക്കുകയും ചെയ്തു. അവ ഓരോന്നുമെടുത്തു പരിശോധിക്കുന്നില്ല. നവാഗതരെന്നോ പഴമക്കാരെന്നോ ഭേദമില്ലാതെ കോര്‍പറേറ്റുകള്‍ ബിജെപി നയത്തിന്റെ ഗുണം നുകര്‍ന്നു. അതില്‍പ്രധാനമായിരുന്നു ടാറ്റ ഗ്രൂപ്പു കൈയടക്കിയ നേട്ടം.


ടാറ്റയാണ് വിദേശ് സഞ്ചാര്‍ നിഗാം ലിമിറ്റഡ് എന്ന ടെലികോം കമ്പനി വാങ്ങിയത്. ഇന്ത്യയിലെ എല്ലാ വിദേശ ടെലികോം ഇടപാടുകളുടെയും കുത്തക വിഎസ്എന്‍എല്ലിനായിരുന്നു. ഡബ്യൂടിഒ കരാറിന്റെ ഭാഗമായി 2004ല്‍ ഈ കുത്തക അവസാനിപ്പിക്കേണ്ടിയിരുന്നു. ബിജെപി സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പേ തന്നെ ഈ തീരുമാനം നടപ്പാക്കി. ഇതിന്റെ ഭാഗമായി വിഎസ്എന്‍എല്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചു. 2000 മാര്‍ച്ചില്‍ 285 കോടി രൂപയായിരുന്നു വിഎസ്എന്‍എല്ലിന്റെ ഓഹരി മൂലധനം. പക്ഷേ, ഓഹരികളുടെ കമ്പോളവില പതിനായിരം കോടി വരുമായിരുന്നു. കരുതല്‍ ശേഖരമായ 6000 കോടി രൂപ പണമായി കമ്പനിയുടെ പക്കലുണ്ടായിരുന്നു. 

ഔദ്യോഗിക റിപ്പോര്‍ട്ടുപ്രകാരം, വിനിയോഗിക്കപ്പെടാത്ത മിച്ചഭൂമിയായി 773 ഏക്കര്‍ സ്ഥലവുമുണ്ടായിരുന്നു. ഭൂമിയടക്കം എല്ലാ ആസ്തികളും കൂടി ഇരുപതിനായിരം കോടി രൂപ കമ്പനിയ്ക്ക് മതിപ്പുവില വരുമെന്നായിരുന്നു വിദഗ്ധരുടെ കണക്കുകൂട്ടല്‍. സ്വകാര്യവത്കരണത്തിനു മുമ്പ് റിസര്‍വ് ഫണ്ടില്‍ നിന്ന് ഏതാണ്ട് 3500 കോടി രൂപ സര്‍ക്കാരടക്കം നിലവിലുളള ഓഹരിയുടമകള്‍ക്ക് വിഎസ്എന്‍എല്‍ നല്‍കി.
1400 കോടി രൂപയ്ക്കാണ് സര്‍ക്കാരില്‍ നിന്ന് 25 ശതമാനം ഷെയറും മാനേജ്‌മെന്റ് അവകാശവും ടാറ്റ വാങ്ങിയത്. മറ്റൊരു 20 ശതമാനം 1100 കോടി രൂപയ്ക്ക് ഓഹരിക്കമ്പോളത്തില്‍ നിന്ന് ടാറ്റ കൈക്കലാക്കി. ഇതോടെ കമ്പനി പൂര്‍ണമായും ടാറ്റയുടെ നിയന്ത്രണത്തിലായി. അങ്ങനെ 2500 കോടി രൂപ മുടക്കി ഏതാണ്ട് 15,000 കോടി രൂപയുടെ ആസ്തികളുടെ നിയന്ത്രണം ടാറ്റ ഏറ്റെടുത്തു. റിസര്‍വ് ഫണ്ടില്‍ നിന്ന് 1200 കോടി രൂപ ചെലവിട്ട് ടാറ്റയുടെ മറ്റൊരു കമ്പനിയായ ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ ഷെയറുകള്‍ വാങ്ങാനായിരുന്നു പുതിയ കമ്പനിയുടെ ബോര്‍ഡിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. മുടക്കിയ പണത്തിന്റെ പകുതി അങ്ങനെ പിറ്റേന്നു തന്നെ ടാറ്റയുടെ കൈവശം എത്തിച്ചേര്‍ന്നു. ടാറ്റ അങ്ങനെ ചുളുവിലയ്ക്ക് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ കുത്തകകളിലൊന്നായി.


വിറ്റഴിക്കപ്പെട്ട ഓരോ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സമാനമായ കഥകള്‍ പറയാനുണ്ടാവും. ഒമ്പതു പൊതുമേഖലാ കമ്പനികള്‍ വിറ്റതിന്റെ ഭാഗമായി സര്‍ക്കാരിന് 5544 കോടി രൂപ കിട്ടി. ഇതില്‍ നിന്ന് 1169 കോടി രൂപ പുതിയ ഉടമസ്ഥന്മാര്‍ക്കു തന്നെ കരാറിന്റെ ഗുണവിശേഷം കൊണ്ടു തിരിച്ചു നല്‍കേണ്ടിവന്നു. ഈ കമ്പനികളുടെ ആസ്തികളാകട്ടെ, 35-40,000 കോടി രൂപയെങ്കിലും വരുമെന്നാണ് മതിപ്പുകണക്ക്. 2005ലെയും 2006ലെയും സി ആന്‍ഡ് ഏജി റിപ്പോര്‍ട്ടുകളും ഇവയുമായി ബന്ധപ്പെട്ട അഴിമതിയും സംബന്ധിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാണ്: കമ്പനികളുടെ ഭാവി വരുമാനസാധ്യതകള്‍ കുറച്ചു കാണിക്കുക, ആസ്തികളുടെ യഥാര്‍ത്ഥവില കണക്കിലെടുക്കാതിരിക്കുക, മിച്ചഭൂമി ചുളുവിലയ്ക്കു കൈമാറുക, ടെന്‍ഡറുകളില്‍ ഒത്തുകളിച്ച് മത്സരസാധ്യത അട്ടിമറിക്കുക, സ്വകാര്യവത്കരണത്തിനു നിയോഗിച്ച കണ്‍സള്‍ട്ടന്റുമാരെ ക്രമരഹിതമായി നിയമിക്കുക. ഇങ്ങനെപോകുന്നു, ഓരോ കമ്പനിയുമായും ബന്ധപ്പെടുത്തി സി ആന്‍ഡ് എജി റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്ന ക്രമക്കേടുകളുടെ പട്ടിക.


ഇതിനു പുറമെയാണ് ഐടിഡിസിയുടെ പത്തൊമ്പതു ഹോട്ടലുകളുടെ വില്‍പന. ഹോട്ടല്‍വില്‍പനകളോരോന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളായിരുന്നു. വാങ്ങിയവര്‍ പലരും മാസങ്ങള്‍ക്കുളളില്‍ മറിച്ചുവിറ്റ് ഭീമന്‍ ലാഭം കൊയ്തു. കോവളം ഹോട്ടലിന്റെ കഥ അറിയാത്ത മലയാളിയുണ്ടാവില്ല.


ബാല്‍ക്കോ സമരത്തിന് ഒരു പ്രത്യാഘാതവുമുണ്ടായില്ല എന്നു തോന്നിയേക്കാം. അതുശരിയല്ല. പ്രതിപക്ഷകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് ഈ സമരത്തില്‍ വഹിച്ച പങ്ക് സ്വകാര്യവത്കരണനയം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ കോണ്‍ഗ്രസിനു പിന്നീടു ബാധ്യതയായി. ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയത്തില്‍ ഒരു പ്രധാന ഘടകം സ്വകാര്യവത്കരണത്തിന്റെ അഴിമതിക്കഥകളായിരുന്നു. അതുകൊണ്ട് യുപിഎ സര്‍ക്കാരിന് തത്കാലത്തേയ്ക്ക് ബിജെപി തുടങ്ങി വെച്ച 'തന്ത്രപരമായ വില്‍പന' വേണ്ടെന്നു വെയ്‌ക്കേണ്ടി വന്നു. പൊതുമേഖലാ കമ്പനികള്‍ ഒറ്റയടിക്ക് സ്വകാര്യസംരംഭകര്‍ക്കു കൈമാറുന്നതിനു പകരം നരസിംഹറാവുവിന്റെ കാലത്തെന്നപോലെ ഷെയറുകളുടെ ചില്ലറവില്‍പന എന്ന തന്ത്രം അവര്‍ സ്വീകരിച്ചു. ഇന്തോ-ജപ്പാന്‍ സംയുക്തസംരംഭമായിരുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഓഹരികള്‍ 2005-06ലും 2007-08ലുമായി ഏതാണ്ട് 4000 കോടി രൂപയ്ക്ക് സുസുക്കിയ്ക്ക് വിറ്റതാണ് ഒരപവാദം. 2004-05ല്‍ എന്‍ടിപിസി, ഒഎന്‍ജിസി, ഐപിസിഎല്‍ എന്നിവയുടെ ഓഹരിവിറ്റ് 2800 കോടി രൂപ സമാഹരിച്ചു. ഇതിനുപുറത്ത് ഒരു ഓഹരിവില്‍പനയും ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്നില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ കൂടി ഫലമായിരുന്നു ഇത്.


എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഓഹരികളുടെ ചില്ലറവില്‍പന തകൃതിയായി പുനരാരംഭിച്ചു. 2009-10ല്‍ 4250 കോടി രൂപയും 2010-11ല്‍ ---- കോടി രൂപയുമാണ് ഇതിലൂടെ സമാഹരിച്ചത്. ഓഹരികളുടെ ചില്ലറ വില്‍പന ഒരൂ ടൈംബോംബാണ്. നവരത്‌ന കമ്പനികള്‍ അടക്കമുളള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി 51 ശതമാനത്തിലേയ്ക്കു കുറയ്ക്കുകയാണ് ലക്ഷ്യം. പിന്നെയും താഴേയ്ക്കുളള പതനം പൊടുന്നനെയായിരിക്കും.


അന്ന് ബിജെപി, ഇന്ന് കോണ്‍ഗ്രസ്
പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് സ്ഥാപനമാണ് ഇന്ന് വേദാന്ത. അലൂമിനിയം, ചെമ്പ്, ഇരുമ്പ് ഖനനത്തില്‍ തൃപ്തിപ്പെടാതെ എണ്ണ മേഖലയും അവര്‍ കൈയടക്കാനൊരുങ്ങുന്നു. ഭീമന്‍ വൈദ്യുതി നിലയങ്ങളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. ബാല്‍ക്കോ സ്വകാര്യവത്കരണത്തിന്റെ വലിയ വിമര്‍ശകനായിരുന്ന ഡോ. മന്‍മോഹന്‍ സിംഗാണ് ഇന്ന് വേദാന്തയെ എണ്ണ മേഖലയിലേയ്ക്ക് കൈപിടിച്ചാനയിക്കുന്നത്.


ഖനനത്തിനും ഒഎന്‍ജിസിയും കേണ്‍സ് ഗ്രൂപ്പും കൂടിയുളള സംയുക്തസംരംഭത്തിന്റേതാണ് ബാമര്‍ എണ്ണപ്രദേശത്തെ എണ്ണ പര്യവേഷണത്തിനും ഖനനത്തിനും ഉളള അവകാശം. 58 ശതമാനം ഓഹരി കേണ്‍സിനും 42 ശതമാനം ഒഎന്‍ജിസിയ്ക്കുമാണ്. ഇവിടെ ഇപ്പോള്‍ -- ബാരല്‍ എണ്ണ ഒരു ദിവസം കുഴിച്ചെടുക്കുന്നു. എണ്ണ ഖനനം ചെയ്യാന്‍ തുടങ്ങിയതോടെ സംയുക്തസംരംഭ കരാറിലെ വലിയൊരു പാളിച്ച വ്യക്തമായി. കുഴിച്ചെടുക്കുന്ന എണ്ണയുടെ മേലുളള റോയല്‍റ്റിയും സെസും പൂര്‍ണമായും നല്‍കാനുളള ബാധ്യത കരാര്‍ പ്രകാരം ഒഎന്‍ജിസിയുടെ തലയിലാണ്. ഈ വ്യവസ്ഥ മൂലം ഇതുവരെ 12000 കോടിയാണ് ഒഎന്‍ജിസി അധികമായി ചെലവഴിച്ചത്. പക്ഷേ, ഉത്തരവാദികളായ ഉദ്യോഗസ്ഥരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല.


600 കോടി ബാരലിന്റെ എണ്ണ ശേഖരമുണ്ട്, ബാമര്‍ മേഖലയില്‍. ഇന്നത്തെ നിലയില്‍ ഏതാണ്ട് 30 ലക്ഷം കോടി മൂല്യമുളള സമ്പത്ത്. ഇതാണ് വെറും 35000 കോടി രൂപയ്ക്ക് കേണ്‍സ് കമ്പനി വേദാന്തയ്ക്കു കൈമാറുന്നത്. കേണ്‍സ് തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നുവെങ്കില്‍ ഉടമ്പടി പ്രകാരം വാങ്ങാനുളള ആദ്യഅവകാശം ഒഎന്‍ജിസിക്കാണ്. ഒഎന്‍ജിസിയ്ക്കു താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് കേണ്‍സ് ഓഹരി വിറ്റേ തീരൂ. ഏതാനും ആയിരം കോടി രൂപ മുടക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ (ഇതു ഖജനാവില്‍ നിന്നു മുടക്കേണ്ട, ഒഎന്‍ജിസിയ്ക്കു കമ്പോളത്തില്‍ നിന്നു സ്വരൂപിക്കാവുന്നതേയുളളൂ) ഈ എണ്ണശേഖരം വീണ്ടും രാജ്യത്തിന്റെ സ്വത്താകും. എന്നാല്‍ ഈ അക്ഷയഖനി വേദാന്തയ്ക്കിരിക്കട്ടെ എന്നു തീരുമാനിക്കുകയായിരുന്നു, മന്‍മോഹന്‍ സിംഗ്.


ഈ ഓഹരിവില്‍പനയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒഎന്‍ജിസി തടസമുന്നയിക്കുകയും ചെയ്തു. 2010 മുതല്‍ ഒരു വര്‍ഷത്തോളം ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കീറാമുട്ടിയായി തുടര്‍ന്നു. അപ്പോഴാണ് സുപ്രധാനമായ ഒരു ഫോണ്‍കോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെത്തേടിയെത്തി. വിളിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാല്‍ ഡേവിഡ് കാമറൂണ്‍. കേണ്‍സിന്റെ ഓഹരികള്‍ വേദാന്തയ്ക്കു വില്‍ക്കണമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആവശ്യം. രണ്ടുകമ്പനികളും ബ്രിട്ടനിലാണല്ലോ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കാമറൂണിന്റെ ഈ ആവശ്യം ബ്രിട്ടനിലും പ്രതിഷേധമുയര്‍ത്തി. ''വേദാന്തയ്ക്ക് എണ്ണ നല്‍കുന്നത് പൊളിക്കൂ'' (ളീശഹ ്‌ലറമിമേ ീശഹ) എന്ന മുദ്രാവാക്യം മുഴക്കി എഡിന്‍ബെര്‍ഗില്‍ കേണ്‍സിന്റെ ആസ്ഥാനത്ത് പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വേദാന്തയെപ്പോലെ പരിസ്ഥിതിദ്രോഹത്തില്‍ റെക്കോഡുളള കമ്പനിയ്ക്ക് ജൈവവൈവിദ്ധ്യത്തിന് ഏറ്റവും സമ്പന്നമായ ശ്രീലങ്കയിലെ കടല്‍ത്തീരത്തെ കോറല്‍ പ്രദേശങ്ങളില്‍ എണ്ണ ഖനന പര്യവേഷണത്തിന് അനുവാദം നല്‍കുന്നതിനെ എതിര്‍ത്ത് പരിസ്ഥിതി പ്രസ്ഥാനക്കാരും രംഗത്തിറങ്ങി. പക്ഷേ, ഡേവിഡ് കാമറൂണിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കാന്‍ മന്‍മോഹന്‍ സിംഗിനു കഴിയുമായിരുന്നില്ല.


വേദാന്തയുടെ പുതിയ കൊളളയുടെ പൂര്‍ണരൂപം ലഭിക്കണമെങ്കില്‍ കേണ്‍സ് കമ്പനിയ്ക്ക് നല്‍കിയ പണം എങ്ങനെ സമാഹരിച്ചു എന്നറിയണം. ഗോവയില്‍ വേദാന്ത പാട്ടത്തിനെടുത്ത ഒരു ഇരുമ്പു ഖനിയുണ്ട്. ഖനിയിലെ ഇരുമ്പ് ശേഖരത്തിന്റെ മതിപ്പുവില രണ്ടുലക്ഷം കോടി വരും. ഇതുപണയപ്പെടുത്തി വേദാന്ത ഇന്ത്യയില്‍ നിന്നുതന്നെ പണം സമാഹരിച്ചു. ഖനി രാജ്യത്തിന്റെ പൊതുസ്വത്താണ്. അത് വേദാന്തയ്ക്കു പാട്ടത്തിനു കൊടുത്തതാണ്. രാജ്യത്തിന്റെ പൊതുസ്വത്ത്, സ്വന്തം സ്വകാര്യസ്വത്തുപോലെ വേദാന്ത പണയപ്പെടുത്തി. ഒരു നിയമവും അതിനവര്‍ക്കു തടസമായില്ല. രാജ്യത്തിന്റെ പൊതുസ്വത്തു പണയപ്പെടുത്തി, മറ്റൊരു പൊതുസ്വത്ത് എന്നേന്നേയ്ക്കുമായി വേദാന്ത കൈക്കലാക്കുന്നു. ബാമര്‍ ഖനിയില്‍ നിന്ന് ലഭിക്കുന്ന എണ്ണ ഇന്ത്യയുടെ എണ്ണയുല്‍പ്പാദനത്തിന്റെ 25 ശതമാനം വരുമെന്നോര്‍ക്കുക.


ബാല്‍ക്കോ സ്വകാര്യവത്കരണത്തിന്റെ ആദ്യകാലത്ത് രാജ്യസഭയില്‍ മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത് രാജ്യം മറന്നിട്ടില്ല. ''ഈ രീതിയിലുളള സ്വകാര്യവത്കരണവും ഓഹരിവിറ്റഴിക്കലും ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കാണ് നയിക്കുന്നത്'' എന്നു മുന്നറിയിപ്പു നല്‍കിയ അതേ മന്‍മോഹന്‍ സിംഗ് ബാല്‍ക്കോ കൊളളയുടെ എത്രയോ മടങ്ങു വലിപ്പമുളള മറ്റൊരു കൊളളയുടെ പരികര്‍മ്മിയാകുന്നു. അണ്ണാ ഹസാരെയും സംഘവും സമരം പിന്‍വലിച്ച് ഏതാനും ദിവസങ്ങള്‍ക്കുളളിലാണ് സാക്ഷാല്‍ പ്രണബ് മുഖര്‍ജി അധ്യക്ഷനായുളള മന്ത്രിതല ഉപസമിതി കേണ്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ വേദാന്തയ്ക്കു വില്‍ക്കാന്‍ അനുവാദം നല്‍കിയത്. അഴിമതി വിഷയത്തില്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ് ഏറ്റവും പ്രതിരോധത്തിലായിരുന്ന വേളയില്‍ പോലും രാജ്യതാല്‍പര്യം ബലികഴിച്ചു കൊണ്ട് വേദാന്തയ്ക്കനുകൂലമായ തീരുമാനമെടുക്കണമെങ്കില്‍ രാഷ്ട്രീയനേതൃത്വത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന നീരാളിക്കൈകളുടെ കരുത്ത് നമുക്കൂഹിക്കാം. പക്ഷേ, അഴിമതി വിരുദ്ധ സമരക്കാരുടെയൊന്നും കണ്ണില്‍ ഇതുപെട്ടില്ല. ഒരു മലയാളമാധ്യമത്തിലും ഇതൊന്നും ചര്‍ച്ചയുമായില്ല. 


ഒന്നാം അധ്യായം - ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

Sunday, October 16, 2011

ഫോണ്‍വിവാദം - പൊളിയുന്ന കള്ളങ്ങള്‍


ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ കത്തുകള്‍ പുറത്തുവന്നതോടെ പൊളിഞ്ഞ നുണകളുടെ കണക്കൊന്നെടുക്കാം.


ഒന്ന്- ഫോണ്‍ ഉപയോഗിച്ചത് ആശുപത്രിയില്‍മാത്രം.

രണ്ട്- ഫോണ്‍ ഉപയോഗിച്ചത് പിള്ളയുടെ സഹായി മനോജ്.

മൂന്ന്- മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതൊന്നും അറിഞ്ഞില്ല.

നാല്- ഭരണകാര്യങ്ങളൊന്നും ഫോണില്‍ ചര്‍ച്ചചെയ്തില്ല.

ഇക്കാര്യങ്ങളെല്ലാം പൊളിഞ്ഞു പാളീസായിക്കഴിഞ്ഞു. ഒരു കോടതിയുടെ മുന്നിലും നിലനില്‍ക്കില്ലെന്നു ബോധ്യമുണ്ടായിട്ടും ഈ നുണകള്‍ സൃഷ്ടിച്ചു പ്രചരിപ്പിച്ച ചങ്കൂറ്റത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നവരില്‍ മാധ്യമപ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയനേതാക്കളുണ്ട്, സാധാരണ ജനങ്ങളുണ്ട്. യുഡിഎഫിലെതന്നെ പല നേതാക്കളും സ്വകാര്യമായി പറഞ്ഞുതുടങ്ങിയിരിക്കുന്നു, ഹമ്പോ... എന്തൊരു തൊലിക്കട്ടി!

ക്യാബിനറ്റ് റാങ്കുള്ള കള്ളം ആദ്യമേ പൊളിഞ്ഞു. പി സി ജോര്‍ജായിരുന്നു, പിള്ള ഫോണ്‍ ചെയ്തവരില്‍ പ്രധാനി. പിള്ള വിളിച്ചോ എന്ന ചോദ്യത്തിന്, ഒരു മനോജ് വിളിച്ചു എന്നായിരുന്നു ജോര്‍ജിന്റെ മറുപടി. ജോര്‍ജിനെ വിളിച്ചതിനു തൊട്ടുമുമ്പും പിന്‍പും ഇതേ മനോജിന്റെ ഫോണിലേക്കായിരുന്നു പിള്ളയുടെ ഫോണില്‍നിന്ന് കാളുകള്‍ പോയത്. പിള്ളയുടെ ഫോണ്‍ ഇടംകൈയിലും സ്വന്തം ഫോണ്‍ വലംകൈയിലുംവച്ച് മനോജ് അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് ഇന്നും ജോര്‍ജ് ഉത്തരം നല്‍കിയിട്ടില്ല. ഓതിരവും കടകവും പൂഴിക്കടകനും വശമുള്ള ആ നാവ് സ്തംഭിച്ചുപോയ ടെലിവിഷന്‍ കാഴ്ച, ഒരു കാഴ്ചതന്നെയായിരുന്നു. പക്ഷേ, ജോര്‍ജുണ്ടോ പിന്മാറുന്നു! 

പിള്ളയുടെ ഫോണില്‍നിന്നു വിളിച്ചത് പിള്ളയല്ല എന്ന വാദവുമായി പിള്ളപ്പാര്‍ടിയുടെ നേതാവ് വേണുഗോപാലന്‍നായരുമെത്തി. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ സാഹസം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് രണ്ടു മിനിറ്റുകള്‍ക്കകം പിള്ളയുടെ ഫോണില്‍നിന്ന് കാള്‍ പോയിരിക്കുന്നത് വേണുഗോപാലന്‍നായരുടെ ഫോണിലേക്ക്. ആ വിവരം അദ്ദേഹം അറിയുന്നത് ചാനല്‍ വിചാരണയ്ക്കിടെ. നേതാവിന്റെ മുഖം ചോരവാര്‍ന്നു വിളറുന്നത് അണികള്‍ ലൈവായി കണ്ടു. പി സി ജോര്‍ജിനുപോലും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുതേയെന്ന് പി ജെ ജോസഫുപോലും നെഞ്ചുപൊടിഞ്ഞു പ്രാര്‍ഥിച്ചുപോകുന്ന നിസ്സഹായതയ്ക്ക് പ്രേക്ഷകര്‍ സാക്ഷിയായി.

അതിലും ദയനീയമായിരുന്നു മുഖ്യമന്ത്രിയുടെ പ്രകടനം. തന്നെയോ തന്റെ ഓഫീസിലേക്കോ പിള്ള വിളിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞത്. ആ നുണയുടെ ചൂടാറുംമുമ്പേ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചതിന്റെ തെളിവ് പുറത്തുവന്നു. ശക്തമായ വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഒരു ദുരന്തമുഹൂര്‍ത്തമായി മാറി. 

ഒരു നിഷേധംകൊണ്ടും അതിജീവിക്കാന്‍ കഴിയാത്ത തെളിവാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലെത്തിയത്. എന്നിട്ടും തന്റെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചിട്ടേയില്ലെന്ന് പത്രസമ്മേളനത്തിലും അദ്ദേഹം വാദിച്ചു. പക്ഷേ, നിഷേധിക്കാനാവാത്ത തെളിവിനു മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ത്രാണി മുഖ്യമന്ത്രിക്കില്ലായിരുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചിട്ടേയില്ല എന്നു പറഞ്ഞ നാവ് ഒന്നു മടങ്ങി നിവര്‍ന്നപ്പോഴേക്കും, തൊണ്ണൂറു സെക്കന്‍ഡ് പിള്ള വിളിച്ചുവെന്നും വിളിച്ച സമയത്ത് താനും പ്രൈവറ്റ് സെക്രട്ടറിയും വേറെ വേറെ മൊബൈല്‍ ടവറുകള്‍ക്ക് കീഴിലായിരുന്നു എന്നും മുഖ്യമന്ത്രിക്കു പറയേണ്ടി വന്നു. 

നിമിഷങ്ങളുടെ ഇടവേളയില്‍ നടത്തിയ ഈ നാണംകെട്ട മലക്കംമറിച്ചില്‍ സ്ക്രീന്‍ മൂന്നായി പകുത്ത് ചാനലുകള്‍ സംപ്രേഷണംചെയ്തു. വിളിച്ചിട്ടേയില്ലെന്നു പറയുന്ന മുഖ്യമന്ത്രി ഒരു ഫ്രെയിമില്‍ . തൊണ്ണൂറു സെക്കന്‍ഡ് സംസാരിച്ചെന്നു പറയുന്നത് വേറൊന്നില്‍ . ടവറിന്റെ അക്ഷാംശവും രേഖാംശവും മൊഴിയുന്ന കാഴ്ച ഇനിയൊന്നില്‍ .

സഹായി മനോജിന്റെ കൈയിലാണ് ഫോണ്‍ എന്നാണ് ബാലകൃഷ്ണപിള്ളയും വാദിക്കുന്നത്. ഈ സഹായി എപ്പോഴും കൂടെയുണ്ടത്രേ! ജയിലില്‍ സഹായിയെ ആരനുവദിച്ചു? അതും മകന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളയാളെ. ഒരു മന്ത്രിതന്നെ നിയമലംഘനത്തിന് സഹായിയായി വര്‍ത്തിക്കുന്നു. ആശുപത്രിയില്‍ മാത്രമല്ല, ജയിലിലും പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത അതിനിടെ പുറത്തുവന്നു. ഇതുസംബന്ധിച്ച കത്തുകള്‍ പുറത്തായി.

അപ്പോഴാണ് നട്ടാല്‍ കുരുക്കാത്ത മറ്റൊരു നുണയുമായി കോട്ടയത്തുനിന്ന് ഒരു മനോരമ ലേഖകന്‍ അവതരിച്ചത്. വാര്‍ത്തയിലെ ചില വാചകങ്ങള്‍ : "ജയിലില്‍ ഒരു ദിവസം ബാലകൃഷ്ണപിള്ളയ്ക്ക് ബോധക്ഷയം വന്നു. ഡോക്ടര്‍ എത്തിയപ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.... മെയ് ആദ്യമുണ്ടായ ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ഏക എ ക്ലാസ് തടവുകാരനായ പിള്ളയ്ക്ക് മൊബൈല്‍ ഫോണ്‍ ജയില്‍ എഡിജിപി ശുപാര്‍ശചെയ്തത്... പലവിധ രോഗങ്ങളുള്ള അദ്ദേഹത്തിന് ഫോണ്‍ നല്‍കുന്നത് ഉചിതമാണെന്നാണ് എഡിജിപി അലക്സാണ്ടര്‍ ജേക്കബ് ചൂണ്ടിക്കാട്ടിയത്... എ ക്ലാസ് തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിച്ച കാലത്ത് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നല്‍കാവുന്നതാണ്..."

അതായത് പിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് എഡിജിപിയുടെ അറിവോടെയാണെന്ന്, സമ്മതത്തോടെയെന്ന് മനോരമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. 

മനോരമ വാര്‍ത്ത വായിച്ച് അലക്സാണ്ടര്‍ ജേക്കബ് തന്നെ ഞെട്ടിക്കാണും. കാരണം, മെയ് 16ലെ കത്തില്‍ അദ്ദേഹം എഴുതിയ വാചകങ്ങള്‍ ഇതാ: "തടവുകാരന്‍ അദ്ദേഹത്തിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന് പരാതികള്‍ ലഭിച്ചിരിക്കുന്നു... ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതാണ്. അടിയന്തര പരോള്‍ കഴിഞ്ഞുവരുമ്പോള്‍ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല". 

നടപടിയെടുക്കാതിരിക്കാനുള്ള ന്യായങ്ങളാണ് മെയ് 18ലെ കത്തില്‍ ജയില്‍ എഡിജിപി പറഞ്ഞത്. രോഗത്തെക്കുറിച്ചോ ബോധക്കേടിനെക്കുറിച്ചോ ഒന്നും ആ കത്തില്‍ പറയുന്നേയില്ല.

സാന്ദര്‍ഭികമായി പറയട്ടെ, ജയിലില്‍ പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് മാലോകരെ ആദ്യം അറിയിച്ചത് മനോരമയാണ്. "പിള്ള ഫലം അറിഞ്ഞത് റേഡിയോയില്‍നിന്ന്" എന്ന തലക്കെട്ടില്‍ മെയ് 14ന് നല്‍കിയ വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്,

"ഇതിനിടെ മണ്ഡലത്തില്‍നിന്നും പ്രവര്‍ത്തകരും മറ്റും ചൂടന്‍ വാര്‍ത്തകള്‍ മൊബൈലിലും വിളിച്ചറിയിച്ചു."

തെരഞ്ഞെടുപ്പ് സംബന്ധിച്ചും വരാനിരിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ചും പിള്ളയുടെ വിലയിരുത്തലും ഈ റിപ്പോര്‍ട്ടിലുണ്ട്. ജയിലില്‍ കിടന്നും വാര്‍ത്താസമ്മേളനം. പുതിയ വെളിപ്പെടുത്തലുകള്‍ , പ്രതിപക്ഷവിമര്‍ശത്തിന്റെ ഗൗരവം പതിന്മടങ്ങു വര്‍ധിപ്പിച്ചിരിക്കുന്നു.

ഒന്ന്- പിള്ള ജയിലില്‍വച്ചും ഫോണ്‍ ഉപയോഗിച്ചു. പാടില്ലെന്ന് ജയില്‍ എഡിജിപി രേഖാമൂലം അദ്ദേഹത്തിനു കത്ത് നല്‍കിയിട്ടും ഈ കുറ്റം അദ്ദേഹം ആശുപത്രിയിലെ തടവറയില്‍ ആവര്‍ത്തിച്ചു. ഇങ്ങനെ ആവര്‍ത്തിച്ചു കുറ്റം ചെയ്യുന്നതിന് ജയില്‍ നിയമം 84-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. മജിസ്ട്രേട്ടിന് മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാം.

രണ്ട്- ജയില്‍മന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് ഭരണമേറ്റെടുത്ത നാള്‍മുതല്‍ ഈ നിയമലംഘനത്തെക്കുറിച്ച് അറിയാമായിരുന്നു. നിയമവിദ്യാര്‍ഥിയായ മഹേഷ് മോഹന്‍ ആഗസ്ത് എട്ടിനു നല്‍കിയ വക്കീല്‍ നോട്ടീസില്‍ ഇക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുതന്നെ പിള്ള ഫോണ്‍ ചെയ്തുവെന്നും തെളിഞ്ഞു. എന്നിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി നിയമലംഘനത്തിനു കൂട്ടുനിന്നു. സത്യപ്രതിജ്ഞാലംഘനം നടത്തി.

ഇനിയുമെന്തെല്ലാം അറിയാന്‍ ബാക്കി കിടക്കുന്നു. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍കാളുകളെക്കുറിച്ചാണ് പുറത്തുവന്ന വിവരങ്ങള്‍ . ഇനി വരാനിരിക്കുന്നത് പിള്ളയെ വിളിച്ചവര്‍ ആരൊക്കെ എന്നാണ്. പുതിയ കള്ളങ്ങള്‍ പിറക്കാനിരിക്കുന്നതേയുള്ളൂ.

Thursday, September 29, 2011

ഉമ്മന്‍ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം


ഉമ്മന്‍ചാണ്ടിയെ പാമൊലിന്‍ കേസില്‍നിന്നു രക്ഷിക്കാനുളള ബാധ്യത ജിജി തോംസണ്‍ വെറുതേ ഏറ്റെടുത്തതല്ല. കടപ്പാടിന്റെ ഒരു ചങ്ങല ഈ ഐഎഎസുകാരന്റെ കാലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉമ്മന്‍ചാണ്ടി കെട്ടിയിട്ടുണ്ട്. പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത് കരുണാകരനു വേണ്ടിയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ലക്ഷ്യം ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവരുടെ രക്ഷയായിരുന്നു. ആകെയുള്ള എട്ടു പ്രതികളില്‍ രണ്ടുപേരെ രക്ഷിച്ച്, കെ കരുണാകരന്‍ , ടി എച്ച് മുസ്തഫ തുടങ്ങിയ എതിര്‍ഗ്രൂപ്പുകാരുടെ വിചാരണ ഉറപ്പാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമായിരുന്നു പാമൊലിന്‍ കേസ് പിന്‍വലിക്കല്‍ .

പാമൊലിന്‍ കേസ് പിന്‍വലിക്കുമെന്ന് 2003 ജൂലൈ 2നു വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. അന്നദ്ദേഹം യുഡിഎഫ് കണ്‍വീനറാണ്. പാമൊലിന്‍ കേസിനെതിരെ കരുണാകരന്‍ കോടതികള്‍ കയറിയിറങ്ങുമ്പോള്‍ മൗനംപാലിച്ച ഉമ്മന്‍ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിന്‍വലിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്?

യഥാര്‍ഥത്തില്‍ ആ വാര്‍ത്താസമ്മേളനം ഡല്‍ഹിയിലേക്കു നല്‍കിയ സന്ദേശമായിരുന്നു. കേസിലെ അഞ്ചാം പ്രതി ജിജി തോംസണ്‍ , എട്ടാം പ്രതി പി ജെ തോമസ് എന്നിവര്‍ക്ക് കനത്തപിഴ ചുമത്താനുള്ള നടപടിയെടുക്കാനുള്ള സുപ്രധാനമായ നിര്‍ദേശം 2003 ജൂണിലാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചത്. ഇതു നടപ്പാക്കാതിരിക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനു കഴിയില്ല. അതുകൊണ്ട്, കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്നൊരു സന്ദേശം അറിയിക്കുക വഴി നടപടി വൈകിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. പക്ഷേ, കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദങ്ങള്‍ക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിന്‍വലിക്കപ്പെട്ടതുമില്ല.

ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കി മുഖ്യമന്ത്രിപദം കൈക്കലാക്കിയതോടെ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി വരുതിയിലാക്കി. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുന്ന കരുതലോടെ അദ്ദേഹം കരുക്കള്‍ നീക്കി. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ 2005 ജനുവരി 19നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുംമുമ്പേ വിവരം 2005 ജനുവരി 24ന് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു (തീരുമാനമെടുത്ത് രണ്ടുമാസം കഴിഞ്ഞ്, 2005 മാര്‍ച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്). പക്ഷേ, ഭരണമൊഴിയുംവരെ ഇക്കാര്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കാതിരിക്കാനും ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചു.

കേസ് പരിഗണിക്കുന്ന കോടതിക്കു മുമ്പിലാണ്, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയും കൊടുക്കേണ്ടത്. അവിടെ മാത്രം തീരുമാനമെത്തിയില്ല. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു പോലും 11 മാസത്തിനു ശേഷം 2005 നവംബര്‍ 24നാണ്. ജിജി തോംസന്റെ വിധി നിര്‍ണയിക്കുന്നത് സിവിസിയും പേഴ്സണല്‍ മന്ത്രാലയവുമായതിനാല്‍ തീരുമാനം എത്രയും പെട്ടെന്ന് അവിടെ അറിയിക്കണമെന്നേ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നുളളൂ. ബാക്കിയൊക്കെ ചട്ടപ്പടി നടന്നു. ചെയ്യേണ്ട കാര്യം ചട്ടപ്പടിയായിട്ടുപോലും നടന്നില്ല. ചുമ്മാതല്ല, തന്നെ ബലിയാടാക്കുകയാണെന്ന് ടി എച്ച് മുസ്തഫ പറഞ്ഞു നടക്കുന്നത്.

പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് തീരുമാനത്തിനെതിരെ കെ കരുണാകരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ , കേസ് പിന്‍വലിച്ച തീരുമാനം വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടില്ലെന്ന വിവരം എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറോടോ അന്വേഷണ ഏജന്‍സിയോടോ ആലോചിച്ച ശേഷമല്ല കേസ് പിന്‍വലിക്കാനുളള തീരുമാനമെടുത്തത്. ഇക്കാര്യമൊക്കെ 2007 ജൂലൈ 6ലെ ജസ്റ്റിസ് കെ ആര്‍ ഉദയഭാനുവിന്റെ വിധിയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഐഎഎസ് പ്രതികളെ ഉടന്‍ കുറ്റവിമുക്തമാക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനോ വിജിലന്‍സ് കമീഷനോ കഴിയുമായിരുന്നില്ല. "ഞങ്ങളുടെ മുന്നില്‍ വന്ന വാദങ്ങളും എതിര്‍വാദങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍വാദികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്ഐആര്‍ ബാഹ്യപരിഗണന വച്ചാണെന്നോ ദുരുദ്ദേശ്യപരമാണെന്നോ പറയുന്നതില്‍ അര്‍ഥമില്ല. അഴിമതിയെന്ന മഹാശല്യത്തെ സങ്കീര്‍ണമായ നിയമക്കുരുക്കുകളുടെ കരിമ്പടം കൊണ്ടു മറയ്ക്കാന്‍ അനുവദിക്കാനാകില്ല"   എന്ന 2000 മാര്‍ച്ച് 23ലെ സുപ്രീംകോടതി വിധിയിലെ പ്രസക്തമായ നിരീക്ഷണവും കേരളത്തിലുയര്‍ന്ന രാഷ്ട്രീയവിവാദവും അത്രയെളുപ്പം അവഗണിക്കാനാകുമായിരുന്നില്ല. പക്ഷേ, ഫയല്‍ കോള്‍ഡ് സ്റ്റോറേജിലായി.

2006 മെയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫിന്റെ തീരുമാനം തിരുത്തി. വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വിചിത്രമായ പ്രതികരണമായിരുന്നു പേഴ്സണല്‍ മന്ത്രാലയത്തിന്റേത്. യുഡിഎഫിന്റെ തീരുമാനം മാറ്റിയതിന്റെ കാരണം ബോധ്യപ്പെടുത്തമെന്ന് ഒരു അഡീഷണല്‍ സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ച പാമൊലിന്‍ കേസ് പിന്‍വലിച്ച യുഡിഎഫിനോട് ഒരു ചോദ്യവും ചോദിച്ചില്ല എന്നോര്‍ക്കണം.

കേസുകളിലേക്കും മറ്റും ശ്രദ്ധ മാറിയപ്പോള്‍ പേഴ്സണല്‍ മന്ത്രാലയം ഒരു കള്ളക്കളി നടത്തി. മുന്‍സര്‍ക്കാര്‍ വേണ്ടെന്നു വച്ച ഒരു കേസിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ പ്രൊമോഷനെയും മറ്റും തടയുന്ന ഫയല്‍ തുടരണോ എന്ന് അവര്‍ സിവിസിയോട് ആരാഞ്ഞു. കിട്ടിയപാടെ, പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെ ഒരു കേസും നിലവിലില്ലെന്ന ന്യായം പറഞ്ഞ് 2007 ജൂണ്‍ 25നു സിവിസി നടപടികള്‍ പിന്‍വലിച്ചു.

നിയമവിരുദ്ധമായ ഉത്തരവാണ് കേന്ദ്ര വിജിലന്‍സ് കമീഷന്റേത്. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് മറ്റു പൊതുസേവകരുമായോ സ്വകാര്യവ്യക്തികളുമായോ പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന ഒരു കേസും നിലവിലില്ലെന്ന് കേസിന്റെ പുനഃപരിശോധനയില്‍ കമീഷന് ബോധ്യമായെന്നാണ് ഉത്തരവില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

2007 ജൂണ്‍ 25ന് ഈ ഉത്തരവ് പുറത്തുവരുംമുമ്പു തന്നെ പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. യുഡിഎഫാകട്ടെ, കേസ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിച്ചിട്ടുമില്ല.

വിജിലന്‍സ് കമീഷന്റെ തീര്‍പ്പ് സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിരുന്നെങ്കില്‍ പി ജെ തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ സ്ഥാനത്തു തുടര്‍ന്നേനെ. അദ്ദേഹത്തെ അയോഗ്യനായി പ്രഖ്യാപിച്ചുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ ഇങ്ങനെ പറയുന്നു; "പേഴ്സണല്‍ മന്ത്രാലയത്തിന് 2003 ജൂണ്‍ 3ന് അയച്ച കത്തില്‍ സ്വീകരിച്ച നിലപാട് സിവിസി എന്തുകൊണ്ട് തിരുത്തിയെന്നതിന് ഒരു കാരണവും മുകളില്‍ പറഞ്ഞ മറുപടിയിലോ ഫയലിലോ കാണാനില്ല".   ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവര്‍ക്കെതിരെയുള്ള കേന്ദ്ര വിജിലന്‍സ് കമീഷന്റെ ആദ്യ ശുപാര്‍ശ എങ്ങനെ അട്ടിമറിക്കപ്പെട്ടു, നിയമപരമായി നിലനില്‍പ്പില്ലാത്ത കാരണങ്ങളാല്‍ അവരെ കുറ്റവിമുക്തമാക്കിയ സാഹചര്യം എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു.

ഉമ്മന്‍ചാണ്ടിയുടെ കേസ് പിന്‍വലിക്കലാണ് ഇതിനു വഴിതെളിച്ചത് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചതു നടന്നു. പാമൊലിന്‍ കേസ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചെന്ന വിവരം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ആവശ്യമായിരുന്നു. അതു നിറവേറ്റാനായിരുന്നു 2005 ജനുവരിയിലെ മന്ത്രിസഭാ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ പി ജെ തോമസും ജിജി തോംസണും "പാപമുക്ത"രായി. പക്ഷേ, സുപ്രീംകോടതി കര്‍ശന നിലപാടു സ്വീകരിച്ചതുകൊണ്ട് ആ ശ്രമത്തിന്റെ അന്തിമഫലം പി ജെ തോമസിനു ലഭിക്കാതെ പോയി. അനിവാര്യമായ വകുപ്പുതല നടപടിയില്‍ നിന്ന് തന്നെ രക്ഷിച്ച ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപകാരമാണ് ജിജി തോംസന്റെ ഹര്‍ജി.

2001ല്‍ കുറ്റപത്രം ലഭിച്ചശേഷം ഇന്നേവരെ അദ്ദേഹം ഈ കേസില്‍ ഒരു കോടതിയിലും പോയിട്ടില്ല. ഹര്‍ജി കൊടുക്കാനുള്ള അടവെന്ന നിലയിലാണ് തന്റെ പ്രൊമോഷനും മറ്റും തടയപ്പെട്ടെന്ന വാദം ജിജി തോംസണ്‍ ഉയര്‍ത്തുന്നത്. പാമൊലിന്‍ കേസ് മൂലം ഒരു പ്രൊമോഷനും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിട്ടില്ല. ഇനി കിട്ടാനുള്ളത് ക്യാബിനറ്റ് സെക്രട്ടറി സ്ഥാനമാണ്. കൂട്ടുപ്രതിയായ പി ജെ തോമസ് കേരളത്തിലെ ചീഫ് സെക്രട്ടറിയുമായി. സര്‍ക്കാര്‍ വക്കീല്‍ പ്രതിഭാഗം ചേര്‍ന്നതുകൊണ്ടാണ് ഈ വസ്തുതകള്‍ കോടതിയില്‍ എത്താതിരുന്നത്.

എണ്ണ ഇറക്കുമതിയോടെ അവസാനിച്ചതല്ല, പാമൊലിന്‍ ഗൂഢാലോചന. രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ ദേശീയതലത്തിലേക്ക് അതു വികസിച്ചിട്ടുണ്ട്. പാമൊലിന്‍ ഇറക്കുമതിയിലെ അഴിമതി കോടതികള്‍ക്ക് ബോധ്യപ്പെട്ടതാണ്. നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ സ്വീകരിച്ച ശ്രമങ്ങള്‍ വരച്ചിട്ടതും സുപ്രീംകോടതി വിധിയിലാണ്. വിധിയെഴുതിയത് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയും. ജിജി തോംസന്റെ ഹര്‍ജിയുടെ തീര്‍പ്പില്‍ തീരുന്നതല്ല കാര്യങ്ങളെന്നു ചുരുക്കം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...