കോടാനുകോടികളുടെ അഴിമതിക്കഥകളാണ് രണ്ടാം യുപിഎ സർക്കാരിനെയും കോൺഗ്രസിനെയും അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞത്. ഒന്നിനുപുറകെ ഒന്നായി പുറത്തുവന്ന കുംഭകോണങ്ങളുടെ വലിപ്പം ഭീമാകാരമായിരുന്നു. ഫലമോ, പത്തോ നൂറോ കോടിയുടെ അഴിമതി എന്നു കേട്ടാൽ ജനം മൈൻഡ് ചെയ്യാതെയായി. വെട്ടിച്ച കോടികൾ ആയിരത്തിൽനിന്ന് പതിനായിരത്തിലേക്കും ലക്ഷങ്ങളിലേക്കും പെരുകിക്കയറി. ആ ഗണത്തിലേക്കാണ് 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് കുംഭകോണം ഇടംപിടിക്കുന്നത്. അധികാരസ്ഥാനത്തുള്ളവരും ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും കണ്ണികളായ ശിങ്കിടി മുതലാളിത്തത്തിന്റെ സ്വാധീനശക്തിയെയാണ് ഈ വിവാദം തെളിയിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യത്തെ എഫ്ഐആറിൽ കുറ്റാരോപിതർ നീരവ് മോഡി, ഭാര്യ ആമി മോഡി, സഹോദരൻ നിശാൽ മോഡി, അമ്മാവൻ മെഹുൽ ചോക്സി എന്നിവർക്കുപുറമെ രണ്ടു ബാങ്ക് ഓഫീസർമാരുമുണ്ട്. വെട്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന തുക 6000 കോടിക്കുമുകളിൽ.
രണ്ടാമത്തെ എഫ്ഐആറിൽ മെഹുൽ ചോക്സിക്കുപുറമെ പിഎൻബി ഉദ്യോഗസ്ഥരുണ്ട്. തട്ടിപ്പ് നടന്നത് 5000 കോടിക്കടുത്ത്. എന്താണീ തട്ടിപ്പ്, എങ്ങനെയായിരുന്നു പ്രവർത്തനരീതി എന്നീ കാര്യങ്ങൾ ലളിതമായി വിശദീകരിക്കാം. ഭൂമിയോ സ്വത്തുക്കളോ ഈടുനൽകിയിട്ടാണ് നാട്ടിൽ കൃഷിക്കാരനോ വ്യവസായിയോ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നത്. കൃഷിയിൽനിന്നോ വ്യവസായത്തിൽനിന്നോ വരുമാനമുണ്ടാകുമ്പോൾ പലിശസഹിതം തിരിച്ചടയ്ക്കും. അല്ലാത്തപക്ഷം ഈടുനൽകിയ സ്വത്ത് ബാങ്ക് കണ്ടുകെട്ടും.
എന്നാൽ, ഇത് വേണമെങ്കിൽ തട്ടിപ്പിനുള്ള ഉപായമാക്കാം. ഒരാൾ വായ്പയെടുക്കുന്നു. പക്ഷേ, പണം വ്യവസായത്തിലും കൃഷിയിലുമൊന്നും മുടക്കുന്നില്ല. പകരം തിരിച്ചടയ്ക്കേണ്ടി വരുമ്പോൾ വേറൊരു വായ്പയെടുത്ത് തിരിച്ചടവ് നടത്തുന്നു. രണ്ടാമത്തെ വായ്പ തിരിച്ചടയ്ക്കാൻ മൂന്നാമതൊരു വായ്പ എടുക്കുന്നു.
ഒരുതരം മണിചെയിൻ. ഇംഗ്ലീഷിൽ ഇതിനെ ുീി്വ്യ ഴമാല എന്നു പറയും. പക്ഷേ, ഒരു പ്രശ്നമുണ്ട്. ഓരോതവണയും വായ്പത്തുക കൂടിക്കൊണ്ടേയിരിക്കും. ആദ്യവായ്പ 1000 രൂപയായാൽ രണ്ടാംതവണ പലിശയും മുതലും ചേർത്ത് 1100 വേണ്ടിവരും. മൂന്നാമത്തെ തവണ അത് 1210 രൂപയാകും. ഇങ്ങനെ വായ്പത്തുക അനുക്രമമായി വർധിച്ചുകൊണ്ടേയിരിക്കും.
സാധാരണക്കാർക്ക് ഇങ്ങനെ ബാങ്കുകളെ പറ്റിക്കാനാകില്ല. കാരണം ബാങ്കുകൾ ഒരിക്കലും ഈടില്ലാതെ വായ്പ തരില്ല. തരുന്ന വായ്പ ഈടിന് ആനുപാതികവുമായിരിക്കും. അതുകൊണ്ട് വായ്പയെടുക്കുന്നതിന് പരിധിയുണ്ടാകും. പക്ഷേ നീരവ് മോഡി, വിജയ് മല്യപോലുള്ള വമ്പൻ പണക്കാർക്ക് ഇത് പ്രശ്നമല്ല. പലപ്പോഴും ഈടില്ലാതെ ബാങ്കുകൾ ഇവർക്ക് വായ്പ നൽകും. അതാണവരുടെ സ്വാധീനം.
ഇനി പിഎൻബി ബാങ്ക് തട്ടിപ്പിൽ എന്ത് നടന്നുവെന്ന് നോക്കാം. നീരവ് മോഡി ഒരു രത്നവ്യാപാരിയാണ്. വിദേശത്തുനിന്ന് രത്നങ്ങൾ വാങ്ങി ഗുജറാത്തിൽ കൊണ്ടുവന്ന് പോളിഷ് ചെയ്ത് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് ഇയാളുടെ കച്ചവടം. വിദേശത്തുനിന്ന് രത്നം വാങ്ങാൻ പണം വേണം. ലോണിനുവേണ്ടി അദ്ദേഹം പിഎൻബിയെ സമീപിച്ചു. നാട്ടിൽ പലിശ കൂടുതലാണ്. വിദേശ വായ്പയാണെങ്കിൽ പലിശ കുറവാണ്. പോരാത്തതിന് വിദേശത്താണല്ലോ പണം നൽകേണ്ടത്. അതുകൊണ്ട് വിദേശത്ത് ഡോളറിൽ വായ്പ വേണം.
എന്നാൽ, ലോണിനുവേണ്ടി വിദേശബാങ്കിനെ നേരിട്ട് സമീപിക്കാൻ നീരവ് മോഡിക്ക് കഴിയില്ല. കാരണം, വിദേശ ബാങ്കിന് ഈ ഇടപാടുകാരനെ അറിയില്ല. നിലവിൽ വിശ്വസനീയമായ ഇടപാടുകൾ നടത്തുന്ന ബാങ്കിലൂടെമാത്രമേ വിദേശബാങ്കിനെ സമീപിക്കാൻ കഴിയൂ. ഇവിടെ പഞ്ചാബ് നാഷണൽ ബാങ്കാണ് ഇടനില നിന്നത്.
മോഡിക്ക് നൽകിയ വായ്പയുടെ തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ ഉത്തരവാദിത്തം തങ്ങൾ ഏൽക്കാമെന്ന് വിദേശബാങ്കിനെ ഒരു ലെറ്റർ ഓഫ് അണ്ടർസ്റ്റാൻഡിങ്ങിലൂടെ (എൽഒയു) അറിയിക്കണം. അത് വിശ്വസിച്ച് പിഎൻബിക്ക് വിദേശബാങ്ക് വായ്പ കൊടുക്കും. പഞ്ചാബ് ബാങ്കിന് വിദേശബാങ്കിലുള്ള നോസ്ട്രോ അക്കൗണ്ട് എന്ന അക്കൗണ്ടിലേക്കാണ് ഇത്തരം വായ്പത്തുക നിക്ഷേപിക്കുക. അവിടന്നാണ് ആവശ്യക്കാരന് ഇത് കൈമാറുക.
ഇവിടെ വായ്പയെടുക്കുന്ന ആളെയല്ല, എൽഒയു കൊടുക്കുന്ന ബാങ്കിനെയാണ് വിദേശബാങ്ക് വിശ്വസിക്കുക. വായ്പയെടുക്കുന്നയാൾ തിരിച്ചടവിൽ മുടക്കംവരുത്തിയാൽ എൽഒയു കൊടുക്കുന്ന ബാങ്കാണ് കടം വീട്ടേണ്ടത്. അതിന് കഴിയണമെങ്കിൽ, വായ്പത്തുകയ്ക്ക് തത്തുല്യമായ ഈട് മോഡിയുടെ കൈയിൽനിന്ന് പഞ്ചാബ് ബാങ്ക് ഉറപ്പാക്കിയിരിക്കണം. ഇങ്ങനെ ഈടുവാങ്ങാതെയാണ് പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥർ നീരവ് മോഡിക്ക് എൽഒയു നൽകിയത് .
ഇത്രയും തുകയ്ക്ക് ഗ്യാരന്റി നൽകിയിട്ട് ബാങ്കിന്റെ കണക്കുപുസ്തകങ്ങളിൽ ഒരു സ്ഥാനം പിടിച്ചില്ലെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. വിദേശബാങ്ക് മോഡിക്ക് നൽകുന്ന വായ്പ തങ്ങളുടെ കണക്കുപുസ്തകത്തിൽ വരുത്തേണ്ട കാര്യമില്ലെന്ന നിലപാടാണ് പഞ്ചാബ് ബാങ്ക് സ്വീകരിച്ചത്. അതുകൊണ്ട് ഈ ഇടപാടുകൾ മറച്ചുവയ്ക്കാൻ കഴിഞ്ഞു.
ഇന്ത്യയിലെ വലിയ രത്നവ്യാപാരികളിൽ ഒരാളാണല്ലോ നീരവ് മോഡി. ആദ്യത്തെ ചെറു വായ്പയ്ക്ക് ഈടില്ലാതെ കത്തു നൽകി. ആദ്യം ഒരു പ്രശ്നവും ഉണ്ടായില്ല. മോഡി പണം തിരിച്ചടച്ചു. ബാങ്കിന് രണ്ട് ശതമാനം കമീഷനും കിട്ടി. പക്ഷേ, മോഡി ഏർപ്പെട്ടിരുന്നത് ാീില്യ രവമശി പരിപാടിയിലായിരുന്നു. ഓരോതവണയും കൂടുതൽ തുക വായ്പയെടുത്തു. പിഎൻബിക്ക് കമീഷനും കിട്ടി. എല്ലാവർക്കും സന്തോഷം. 150 എൽഒയുവിലൂടെ തട്ടിയെടുത്തത് 6000 കോടി രൂപ. 143 എണ്ണത്തിലൂടെ 3000 കോടി. 224 കത്തുകളിലൂടെ 2000 കോടിക്കടുത്ത്. ഇങ്ങനെയാണ് തട്ടിപ്പിന്റെ നാൾവഴി.
ഈ ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രി മോഡിയുടെ ഓഫീസിൽ രണ്ടുവർഷംമുമ്പ് ഒരാൾ ആക്ഷേപമുന്നയിച്ചിരുന്നു. നടപടിയൊന്നുമുണ്ടായില്ല. കള്ളി പുറത്തുവന്നപ്പോഴേക്കും ഏതാണ്ട് 11,300 കോടി രൂപ പിഎൻബിക്ക് കിട്ടാക്കടമായി. ബാങ്ക് പ്രതിസന്ധിയിലുമായി.
ഇനി നമുക്കറിയാനുള്ളത് പിഎൻബി ഇതുപോലെ വേറെയാർക്കെല്ലാം ഗ്യാരന്റി നിന്നിട്ടുണ്ട് എന്നാണ്. തട്ടിപ്പിന്റെ യഥാർഥ വലിപ്പം 30,000 കോടിയെന്നും 60,000 കോടിയെന്നും മറ്റും കേൾക്കുന്നു. മറ്റൊരു കാര്യം, വേറെ ഏതൊക്കെ ബാങ്കുകൾ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്നതാണ്.
പ്രധാനമന്ത്രി മോഡിയുടെ ശിങ്കിടികൾ പറയുന്നത് കോൺഗ്രസ് ഭരണകാലത്ത് തുടങ്ങിയതാണ് ഈ തട്ടിപ്പെന്നാണ്. എങ്കിൽ അതും പുറത്തുവരട്ടെ. പക്ഷേ, പ്രധാനമന്ത്രി മോഡിക്ക് കൈകഴുകാനാകില്ല. കാരണം, സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറിലും ഇത് 2017‐18 കാലത്ത് നടന്ന തിരിമറിയായിട്ടാണ് പരിഗണിക്കുന്നത്.
ആദ്യത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് ഈവർഷം ജനുവരി 31നാണെങ്കിലും അന്വേഷണം ഇതിനുമുമ്പുതന്നെ ആരംഭിച്ചിരുന്നു. ആ കേസന്വേഷണം നടന്നുകൊണ്ടിരിക്കെ നീരവ് മോഡി ഇന്ത്യ വിട്ടു. ജനുവരി 23ന് ദാവോസിൽ പ്രധാനമന്ത്രിക്കൊപ്പം ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തു. വിദേശകാര്യമന്ത്രാലയത്തിലെയോ നയതന്ത്ര മന്ത്രാലയത്തിലെയോ ഉന്നതരുടെ ഒത്താശയില്ലാതെ ഒരു സാമ്പത്തിക കുറ്റവാളിക്ക് പ്രധാനമന്ത്രിക്കൊപ്പം ഇതുപോലൊരു ചടങ്ങിൽ പങ്കെടുക്കാനാകില്ല.
പണ്ട് ലളിത് മോഡി ക്രിക്കറ്റ് കുംഭകോണത്തിൽപ്പെട്ട സമയത്ത് അയാളെ ഇന്ത്യ കടത്താൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഒത്താശയുണ്ടായിരുന്നു എന്ന ആരോപണം ഉയർന്നതാണ്. ബാങ്കിന്റെ ഉന്നതങ്ങളിൽ പിടിപാടുണ്ടെങ്കിൽ, ഈടില്ലാതെ വിദേശത്തുനിന്നുവരെ വായ്പ കിട്ടും. തട്ടിപ്പ് പുറത്തുവന്നാൽ രാജ്യം വിടാനും ബ്യൂറോക്രസിയുടെയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയുണ്ടാകും.
പഞ്ചാബ് നാഷണൽ ബാങ്ക് വെട്ടിപ്പ് അടിവരയിടുന്ന കാര്യം കോർപറേറ്റ് പ്രാകൃത മൂലധന കൊള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സായി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ മാറിയിരിക്കുന്നു എന്നതാണ്. മുതലാളിത്തത്തിന്റെ വളർച്ചയുടെ തുടക്കത്തിൽ മൂലധനം എങ്ങനെ സ്വരൂപിക്കപ്പെടുന്നു എന്നത് ുൃശാശശ്േല മരരൌാൌഹമശീിേ അഥവാ പ്രാകൃത മൂലധന സ്വരൂപണം എന്ന പരികൽപ്പനയാലാണ് മാർക്സ് വിശദീകരിച്ചത്.
തൊഴിലാളികളുടെ മിച്ചമൂല്യം തട്ടിയെടുക്കലാണല്ലോ മുതലാളിത്തചൂഷണം. എന്നാൽ, മുതലാളിത്തത്തിന്റെ ആദ്യ ഘട്ടങ്ങളിൽ കൂടുതൽ നഗ്നമായ കൊള്ളയെയാണ് അവർ ആശ്രയിക്കുന്നത്. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ കൊളോണിയലിസം നടത്തിയ വെട്ടിപ്പിടിത്തങ്ങൾ, ഇംഗ്ലണ്ടിലെ കൃഷിക്കാരെ ഭൂമിയിൽനിന്ന് ആട്ടിയോടിച്ച് ഭൂമി തട്ടിയെടുത്തത്, യൂറോപ്പിലെ മാടമ്പിമാരുടെ സ്വത്തുക്കൾ കവർന്നത് തുടങ്ങിയവയെല്ലാം മുതലാളിമാരുടെ പ്രാകൃത മൂലധന സ്വരൂപണത്തിന് ഉപാധികളായിരുന്നു.
ആഗോളവൽക്കരണത്തെതുടർന്ന് ഇന്ത്യയിലെ കോർപറേറ്റ് വളർച്ചയിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഇതിനുപിന്നിലെ ഒരു പ്രധാന ഘടകം പ്രാകൃത മൂലധന സ്വരൂപണത്തിലെ കുതിപ്പാണ്. ഇതിന്റെ പ്രഭവസ്രോതസ്സായി ഇന്ത്യയിലെ പൊതുമേഖല മാറിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് അരനൂറ്റാണ്ടുകൊണ്ട് സമ്പാദിച്ച പൊതുമേഖലയുടെ ദശലക്ഷക്കണക്കിന് കോടികളുടെ സ്വത്തുക്കൾ ചുളുവിലയ്ക്ക് മുതലാളിമാർ കൈക്കലാക്കുകയാണ്. പൊതുമേഖലാ ബാങ്കുകളിൽ എട്ടുലക്ഷം കോടി രൂപ കിട്ടാക്കടമായിരിക്കുന്നു. ഇതിൽ സിംഹപങ്കും കോർപറേറ്റുകളാണ് ഊറ്റിയെടുത്തത്. പെട്രോൾനികുതി വർധിപ്പിച്ചും മറ്റും സമാഹരിക്കുന്ന പണം ഇന്ത്യാസർക്കാർ ഇതിന് നഷ്ടപരിഹാരമായി ബാങ്കുകൾക്ക് കൊടുത്തുകൊണ്ടിരിക്കുകയാണ്.
ബാങ്കുകളെ ഉപയോഗിച്ചുള്ള വെട്ടിപ്പ് എത്രവരെ പോകുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പിഎൻബി ഇടപാട്. യഥാർഥത്തിൽ ഇത് മഞ്ഞുമലയുടെ അരികുമാത്രമാകാനാണ് സാധ്യത. കണ്ടതിനേക്കാളേറെ കാണാനിരിക്കുന്നതേയുള്ളൂ. ചില കാര്യങ്ങൾ വളരെ വ്യക്തമാണ്. ബാങ്ക് അധികൃതരിൽ ചിലരുടെയെങ്കിലും സഹകരണമില്ലാതെ ഈ തട്ടിപ്പ് സാധ്യമല്ല. തട്ടിപ്പുസംബന്ധിച്ച് ആക്ഷേപങ്ങളുണ്ടായിട്ടും ഒരു നടപടിയും എടുക്കാൻ മോഡിസർക്കാർ തയ്യാറായിട്ടില്ല. തട്ടിപ്പുകാർ മോഡിയുടെ സുഹൃത്തുക്കളാണെന്നതാണ് കാരണം. ശിങ്കിടി മുതലാളിത്തത്തിന്റെ ഉത്തമദൃഷ്ടാന്തം. ഈ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്ക് പൂർണമായും നിസ്സഹായരാണ്. ശിങ്കിടി മുതലാളിത്ത നീരാളിപ്പിടിത്തത്തിൽ ഏതാണ്ടെല്ലാം അമർന്നുകഴിഞ്ഞിരിക്കുന്നു