Tuesday, November 19, 2013

റൊക്കക്കച്ചവടം അവധിക്കച്ചവടമായപ്പോള്‍

ധനവിചാരം, MBI Nov 5, 2013


കൊല്‍ക്കത്തയിലെ ശാരദാ ഫിനാന്‍സിയേഴ്‌സിന്റെ തകര്‍ച്ച ലക്ഷത്തിലേറെ പാവങ്ങളെ കുത്തുപാളയെടുപ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രകമ്പനങ്ങള്‍ അവസാനിച്ചിട്ടില്ല. സമാനമായൊരു തട്ടിപ്പിന്റെ വാര്‍ത്തകള്‍ കൊല്‍ക്കത്തയില്‍നിന്നുതന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് എന്ന സ്ഥാപനം നിക്ഷേപകരില്‍നിന്ന് തട്ടിയെടുത്തത് 5,600 കോടി രൂപ. പതിമൂവായിരം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. അവരും സമരത്തിനിറങ്ങി. വന്നത് ബി.എം.ഡബ്ല്യു.വിലും റോള്‍സ് റോയിസിലുമാണെന്നു മാത്രം.

ലക്ഷം കോടികളുടെ വെട്ടിപ്പ് നടക്കുന്ന കാലമായതുകൊണ്ടാവാം 5,600 കോടി രൂപയുടെ വെട്ടിപ്പിന് മാധ്യമശ്രദ്ധ ലഭിക്കാതെപോയത്. കഴിഞ്ഞവര്‍ഷം രണ്ടുലക്ഷത്തിലേറെ കോടി രൂപയുടെ ഇടപാട് നടന്ന കമ്പോളമാണ് നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച്. ഉര്‍വശീശാപം ഉപകാരം എന്നുകരുതുന്നവരുമുണ്ട്. ഈ സ്ഥാപനം തുടക്കം മുതല്‍ ഒരു തട്ടിപ്പായിരുന്നു എന്നുകരുതിയവര്‍. സ്‌പോട്ട് എക്‌സ്‌ചേഞ്ച് അഥവാ റൊക്കവ്യാപാരം നടക്കുന്നിടത്ത് പണമെങ്ങനെ കാണാതാകും? റൊക്കവ്യാപാരം എന്നുപറഞ്ഞാല്‍ വാങ്ങുന്ന ആള്‍ പണം കൊടുക്കുന്നു, വില്‍ക്കുന്ന ആള്‍ ചരക്ക് കൈമാറുന്നു. രണ്ടും ഒരേസമയം നടക്കേണ്ടതാണ്. യഥാര്‍ഥത്തില്‍ റൊക്കവ്യാപരത്തിന്റെ പേരും പറഞ്ഞ് അവധിക്കച്ചവടം നടത്തുകയായിരുന്നു നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച്. അതിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമായിരുന്നു.

കഴിഞ്ഞവര്‍ഷം ഈ സ്ഥാപനം കേരളത്തിലുമെത്തി. കേരളത്തിലേക്ക് എഴുന്നള്ളിച്ചത് കേന്ദ്രമന്ത്രി കെ.വി. തോമസ് ആയിരുന്നു. വെസ്റ്റേണ്‍ ഗാട്ട്‌സ് ആഗ്രോ ഗ്രോവേഴ്‌സ് ലിമിറ്റഡും നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡും ചേര്‍ന്നുള്ള ഒരു സംയുക്തസംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് പുതിയ സംവിധാനം വരുന്നതിലൂടെ കേരളത്തിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും അവിടെ നടന്നിരുന്നത് ഊഹക്കച്ചവടമാണെന്ന് തെളിഞ്ഞുകഴിഞ്ഞു.

നമ്മുടെ സംസ്ഥാനത്തും പുറത്തും കാര്‍ഷികോത്പന്നങ്ങളുടെ മൊത്തവ്യാപാരച്ചന്തകള്‍ ഉണ്ടല്ലോ. ചെറുകിട ഉത്പാദകരില്‍നിന്ന് ചരക്കുകള്‍ വാങ്ങി മൊത്തക്കച്ചവടക്കാര്‍ ഇവിടെ കൊണ്ടുവരുന്നു. ഉത്പന്നങ്ങള്‍ വാങ്ങാന്‍ വ്യവസായികളും കയറ്റുമതിക്കാരും ചില്ലറ വ്യാപാരികളുമെത്തും. നേരത്തേ പറഞ്ഞതുപോലെ പണം റൊക്കം നല്‍കി ചരക്ക് വാങ്ങുന്നു. ഈ കമ്പോളങ്ങളുടെ ദേശവ്യാപകമായ ഇലക്‌ട്രോണിക് സംവിധാനമാണ് നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച്.
മൊത്തക്കച്ചവടക്കാര്‍ക്ക് തങ്ങളുടെ ചരക്കുകള്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ അംഗീകൃത വെയര്‍ഹൗസില്‍ സൂക്ഷിച്ചാല്‍മതി. ഇതിന്റെ രസീതാണ് ഇന്റര്‍നെറ്റ് വഴി വില്പനയ്ക്കുവരുന്നത്. വാങ്ങുന്ന സ്ഥാപനത്തിനോ വ്യക്തിക്കോ ഇന്ത്യയിലെവിടെയിരുന്നുവേണമെങ്കിലും ഇന്റര്‍നെറ്റ് വഴി പണം കൊടുക്കുകയും ഈ രസീത് സ്വന്തമാക്കുകയും ചെയ്യാം. ഇതോടെ വെയര്‍ഹൗസില്‍ സൂക്ഷിക്കുന്ന ചരക്ക് അയാളുടെ വകയായി. അങ്ങനെ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ റൊക്കം പണത്തിന് കാര്‍ഷികോത്പന്നങ്ങളും ഖനിജങ്ങളും ദേശവ്യാപകമായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണല്‍ സ്‌പോട്ട്എക്‌സ്‌ചേഞ്ച്. ഇതിന്റെ നേട്ടം ഉത്പാദകര്‍ക്ക് ലഭിക്കും എന്നാണ് വെപ്പ്. വണ്ടന്‍മേട് സ്‌പോട്ട് എക്‌സ്‌ചേഞ്ച് വെയര്‍ഹൗസില്‍ കൊണ്ടുവെക്കുന്ന ഏലം വാങ്ങാന്‍ അവിടെ വരേണ്ട. ഇന്ത്യയില്‍ എവിടെയിരുന്നുവേണമെങ്കിലും വാങ്ങാം. ലേലം വിളിയിലെ ഒത്തുകളിയും ഉണ്ടാവുകയില്ല.
നാഷണല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, സ്വകാര്യസ്ഥാപനമായ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്നിവയുടെ സംയുക്തസംരംഭമാണ് ദേശീയ സ്‌പോട്ട് എക്‌സ്‌ചേഞ്ച്. ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസിന്റെ മേധാവിയായ ജിഗേ്‌നഷ് ഷായാണ് നടത്തിപ്പുകാരന്‍. കേന്ദ്രസര്‍ക്കാറിന്റെ അകമഴിഞ്ഞ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു.
പുതിയ എക്‌സ്‌ചേഞ്ചിന് മുന്നില്‍ കേന്ദ്രസര്‍ക്കാറിന്റെ രണ്ട് നിബന്ധനകളുണ്ടായിരുന്നു. ഒന്ന്, അവധിവ്യാപാരം നടത്തരുത്. മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞ് ലഭ്യമാക്കണമെന്ന കരാറാണ് അവധിക്കച്ചവടം. അന്ന് കരാറിലുള്ളതിനേക്കാള്‍ വില ഉയര്‍ന്നാല്‍ വാങ്ങുന്ന ആള്‍ക്ക് ലാഭം. അല്ലെങ്കില്‍ നഷ്ടം. ഇത്തരം ഊഹക്കച്ചവടം പാടില്ല. രണ്ട്, ഷോര്‍ട്ട് സെല്ലിങ് പാടില്ല. കൈയിലില്ലാത്ത ചരക്കിന്റെ വില്പനയാണ് ഷോര്‍ട്ട് സെല്ലിങ്. ഇങ്ങനെ വലിയതോതില്‍ വില്പനനടന്നാല്‍ വിലയിടിയാം. അപ്പോള്‍ ചരക്കുവാങ്ങി കരാറില്‍ ഏര്‍പ്പെട്ട ആള്‍ക്ക് അത് നല്‍കി ലാഭം നേടാം. ഇത്തരത്തിലുള്ള ഊഹക്കച്ചവടം ഒരു കാരണവശാലും പാടില്ല. നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് വഴി വില്പനനടത്തുമ്പോള്‍ ഗോഡൗണില്‍ ചരക്കുണ്ടാകണം. പരമാവധി പത്തുദിവസത്തിനുള്ളില്‍ പണം കൈമാറിയിരിക്കുകയും വേണം.

സ്‌പോട്ട് എക്‌സ്‌ചേഞ്ച് എന്ന പേരുതന്നെ റൊക്കം ഇടപാടുകളാണ് ഈ എക്‌സ്‌ചേഞ്ചിന്റെ സ്വഭാവം എന്ന് വ്യക്തമാക്കുന്നുണ്ട്. വില്പന നടന്ന് രണ്ടാം ദിവസം പണം കൊടുക്കുന്ന ഇടപാടിനെ ടി02 എന്നു പറയും. ടി എന്നാല്‍ ട്രേഡ് അല്ലെങ്കില്‍ വില്പന. പത്താം ദിവസമാണ് പണം നല്‍കുന്നതെങ്കില്‍ ടി010. കാലാവധി വീണ്ടും ഉയര്‍ന്നാല്‍ അവധിക്കച്ചവടമായി (Forward Marketing) കരുതും. അവധിവ്യാപാരം നടത്തുന്നതിനുള്ള അധികാരം സ്‌പോട്ട് എക്‌സ്‌ചേഞ്ചിനില്ല. എന്നാല്‍, നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ടി025 (വ്യാപാരം കഴിഞ്ഞ് 25-ാം ദിവസം പണം), ടി035 (വ്യാപാരം കഴിഞ്ഞ് 35-ാം ദിവസം പണം) തുടങ്ങിയ ഇടപാടുകള്‍ നിയമവിരുദ്ധമായി ആരംഭിച്ചു.

അവരുടെ തന്ത്രം ഇതായിരുന്നു; ടി02 വില്പനയോടൊപ്പം ടി025 അല്ലെങ്കില്‍ ടി035 മറുവില്പനകൂടി അനുവദിക്കുക. കുറച്ചുകൂടി വിശദീകരിക്കാം. ലുധിയാനയിലെ എ.ആര്‍.കെ. കമ്പനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പിളി വില്പനക്കാര്‍. അംഗീകൃത വെയര്‍ഹൗസില്‍ അവര്‍ കമ്പിളി വില്പനയ്ക്ക്‌വെക്കുന്നു. ടി02 അടിസ്ഥാനത്തില്‍ രണ്ടാംദിനം വാങ്ങുന്നയാള്‍ (നിക്ഷേപകന്‍) പണം നല്‍കുന്നു. അതേസമയം ഇതേ കമ്പിളി 25 ദിവസത്തെ അവധിക്ക് തിരിച്ച് എ.ആര്‍.കെ.ക്കുതന്നെ വില്‍ക്കുന്ന കരാറുണ്ടാക്കുന്നു. ഒരു വ്യത്യാസം മാത്രം. ആദ്യത്തെ കരാറിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കായിരിക്കും രണ്ടാമത്തെ കരാര്‍. നിക്ഷേപകന്‍ മുടക്കിയ പണത്തിന് 14-18 ശതമാനം പലിശ ഉറപ്പുവരുത്തുന്ന വിലവര്‍ധനയാവും കരാറിലുണ്ടാവുക.

ഉദാഹരണത്തിന് ഒരു നിക്ഷേപകന്‍ എ.ആര്‍.കെ.യില്‍നിന്ന് ടി02 സമ്പ്രദായത്തില്‍ 100 രൂപയുടെ കമ്പിളി വാങ്ങിയെന്നിരിക്കട്ടെ. ഉടന്‍തന്നെ ടി025 സമ്പ്രദായത്തില്‍ ഇതേ കമ്പിളി 101 രൂപയ്ക്ക് മറിച്ചുവിറ്റുകൊണ്ട് കരാറെഴുതുന്നു. ഈ അധികവില ഒരു വര്‍ഷത്തെ പലിശയായി കണക്കാക്കിയാല്‍ ഏതാണ്ട് 15 ശതമാനം വരും. നിക്ഷേപകന്‍ ഇത് ഇന്ത്യന്‍ സര്‍ക്കാറിന്റെയും മറ്റും സെക്യൂരിറ്റിയില്‍ നിക്ഷേപിച്ചാല്‍ അഞ്ചോ ആറോ ശതമാനം പലിശയേ കിട്ടൂ. ഒരു റിസ്‌കുമില്ലാതെ വളരെ ഉയര്‍ന്ന ആദായം നിക്ഷേപകന് ഉറപ്പുവരുത്തുന്ന ഒരേര്‍പ്പാടായി നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് പേരെടുത്തു. ഇതോടെ ദേശീയ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ പ്രതിവര്‍ഷ ടേണ്‍ ഓവര്‍ 2,000-3,000 കോടിയില്‍നിന്ന് രണ്ടുലക്ഷത്തിലേറെ കോടിയായി ഉയര്‍ന്നു.

ഇതിന്റെ പ്രവര്‍ത്തനം ഒരു മണി ചെയിന്‍ പോലെയായി. നിക്ഷേപകരുടെ പണം സ്വന്തം കച്ചവടത്തില്‍ മാത്രമല്ല, റിയല്‍ എസ്റ്റേറ്റുപോലുള്ള മേഖലകളിലും എ.ആര്‍.കെ. മുടക്കാന്‍ തുടങ്ങി. അവധി കഴിയുമ്പോള്‍ പണം നിക്ഷേപകന് നല്‍കാന്‍ ഇതേ കമ്പിളിയോ മറ്റൊരു ലോട്ടോ വീണ്ടും മറ്റൊരു നിക്ഷേപകന് വില്‍ക്കും. പതിനായിരക്കണക്കിന് കോടി രൂപയാണ് ഇപ്രകാരം റോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പലപ്പോഴും വെയര്‍ഹൗസില്‍ കമ്പിളിയൊന്നും വെക്കാതെതന്നെ കമ്പിളി വില്ക്കാനും തിരിച്ചുവാങ്ങാനും തുടങ്ങി. ഇന്ത്യയിലെ ആകെ കമ്പിളിയുത്പാദനം ഏതാണ്ട് 45,000 ടണ്ണാണ്. ജൂലായ് മാസത്തില്‍ ദേശീയ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ വെയര്‍ഹൗസില്‍ എ.ആര്‍.കെ.യുടെ വകയായി മാത്രം ഉണ്ടായിരുന്ന കമ്പിളി 11,000 ടണ്‍ വരും. യഥാര്‍ഥത്തില്‍ വാങ്ങല്‍ വില്‍ക്കല്‍ നടന്നുകൊണ്ടിരുന്നത് കൈയില്‍ കമ്പിളി ഇല്ലാതെയാണ്. ഇതിനെയാണ് ഷോര്‍ട്ട് സെല്ലിങ് എന്നുപറയുന്നത്. ഈ ഊഹക്കച്ചവടമാണ് പലരും നടത്തിക്കൊണ്ടിരുന്നത്.

മന്ത്രി കെ.വി. തോമസിന്റെ ഉപഭോക്തൃ മന്ത്രാലയമാണ് സ്‌പോട്ട് എക്‌സ്‌ചേഞ്ച് ഉണ്ടാക്കുന്നതിന് അംഗീകാരം നല്‍കിയത്. എന്നുമാത്രമല്ല, ദുര്‍വ്യാഖ്യാനത്തിലൂടെ അവധിക്കച്ചവടത്തിലേര്‍പ്പെടുന്നതിനുള്ള പഴുതും ഒരുത്തരവിലൂടെ അവര്‍ തുറന്നുകൊടുത്തു. മന്ത്രാലയത്തിന് എക്‌സ്‌ചേഞ്ചിലെ ഇടപാടുകളൊക്കെ നോക്കുന്നതിനുള്ള ഒരു സംവിധാനവുമില്ല. അതുള്ളത് ഫോര്‍വേഡ് മാര്‍ക്കറ്റിങ് കമ്മീഷനാണ്. എന്നാല്‍, സ്‌പോട്ട് എക്‌സ്‌ചേഞ്ചാണ് അവധിക്കച്ചവട സ്ഥാപനമല്ല എന്നുപറഞ്ഞ് ഫോര്‍വേഡ് മാര്‍ക്കറ്റിങ് കമ്മീഷന്റെ പരിധിക്കുപുറത്താണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്. കള്ളക്കളി വ്യക്തമായപ്പോള്‍ ഫോര്‍വേഡ് മാര്‍ക്കറ്റിങ് കമ്മീഷന്‍ ഇടപെട്ടു. നിയമവിരുദ്ധ ടി 0 25 വില്പന നിര്‍ത്തിവെക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, നേരത്തേ സൂചിപ്പിച്ചതുപോലെ വെയര്‍ഹൗസില്‍ ചരക്കൊന്നും വെക്കാതെയാണല്ലോ വില്പന നടത്തിക്കൊണ്ടിരുന്നത്. ഇങ്ങനെ സമാഹരിച്ച ഭീമന്‍ തുക റിയല്‍ എസ്റ്റേറ്റിലും മറ്റും മുടക്കിക്കഴിഞ്ഞുംപോയി. അതുകൊണ്ട് പണം തിരിച്ചുനല്‍കാന്‍ കൈയിലില്ലാത്ത അവസ്ഥവന്നു. ഇനി 5,600 കോടി രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ ഇടപാടുകള്‍ തീര്‍ക്കാന്‍ പറ്റൂ.

ഇടപാടുകള്‍ തീര്‍ക്കുന്നതിന് മാനേജ്‌മെന്റ് പല അവധികള്‍ പറഞ്ഞു. പക്ഷേ, വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല. നിക്ഷേപകരും അവരുടെ ബ്രോക്കര്‍മാരും പ്രക്ഷോഭത്തിലായി. എല്ലാം കുളമായപ്പോള്‍ ചിദംബരത്തിന്റെ ധനമന്ത്രാലയം എക്‌സ്‌ചേഞ്ചിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ഫിനാന്‍സ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.ബി.ഐ. കേസെടുത്തു. ജിഗേ്‌നഷ് മേത്തയടക്കമുള്ളവര്‍ അറസ്റ്റിലായി. പക്ഷേ, ചിദംബരം പറഞ്ഞത് ബ്രോക്കര്‍മാരും മറ്റും എല്ലാമറിഞ്ഞുകൊണ്ടാണ് പണം നിക്ഷേപിച്ചത് എന്നാണ്. അതുകൊണ്ട് ബഹളം വെക്കുന്നതില്‍ അര്‍ഥമില്ലപോലും. ബ്രോക്കര്‍മാര്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചില്‍ നടക്കുന്നതെന്തെന്ന് തിരിച്ചറിയാതിരിക്കാന്‍ ന്യായമില്ല. പക്ഷേ, സാധാരണ ലാഭത്തിന്റെ മൂന്നുനാല് മടങ്ങ് കിട്ടുമെന്നുകണ്ടാല്‍ എന്തും മറക്കാന്‍ ഈ മുച്ചീട്ടുകളിക്കാര്‍ എപ്പോഴും തയ്യാറാണ്.
ഒരു വര്‍ഷം മുമ്പ് ഈ തിരിമറിയുടെ സൂചന ലഭിച്ചതാണ്. എല്ലാം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. തട്ടിപ്പിന് കൂട്ടുനിന്ന മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും ആരൊക്കെ എന്ന ചോദ്യം ഇതുവരെ രാഷ്ട്രീയമായി ഉന്നയിക്കപ്പെട്ടിട്ടില്ല. കോഴക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.

Wednesday, November 13, 2013

ഉപജാപകര്‍ക്ക് ഇനി ആത്മപരിശോധനയുടെ ഊഴം


  • ലാവ്ലിന്‍ കേസില്‍ ജി. കാര്‍ത്തികേയനെതിരെയുളള സിബിഐയുടെ പുനരന്വേഷണ റിപ്പോര്‍ട്ടിന്റെയും അതേക്കുറിച്ചുളള മാധ്യമപ്രതികരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ""ഇനിയെന്ത് ലാവ്ലിന്‍"" എന്ന പുസ്തകം ഞാനെഴുതിയത്. പുസ്തകം അവസാനിപ്പിച്ചത് ഇങ്ങനെയാണ്.. ഇന്നലെവരെ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ സ്വഭാവഹത്യചെയ്യാന്‍ ലാവ്ലിന്‍ ആയുധമാക്കിയവര്‍ക്ക് തലകുനിക്കാനും മാപ്പുയാചിക്കാനുമുള്ള വക ഈ കേസിെന്‍റ അവസാന ഘട്ടത്തില്‍ വേണ്ടതിലേറെയുണ്ട്. ചരിത്രം ഒരേദിശയില്‍ ഒഴുകുന്ന നദിയല്ല.
 അക്കാദമിക് താല്‍പര്യത്തോടെ ഈ കേസിനെ പിന്തുടര്‍ന്നവരെല്ലാം പ്രതീക്ഷിച്ചിരുന്ന വിധിയാണ് നവംബര്‍ അഞ്ചിന് സിബിഐ കോടതി പുറപ്പെടുവിച്ചത്. വിധിയെ തുടര്‍ന്ന് നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ് ഒരു വെളിപ്പെടുത്തല്‍ നടത്തി. നീതിവ്യവസ്ഥയിലും ഭരണഘടനയിലും വിശ്വാസമുളള, ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു വശംവദനാകാത്ത ഒരു ജഡ്ജിയുടെ മുന്നില്‍ ഈ കുറ്റപത്രം എത്തുന്ന നിമിഷം അദ്ദേഹം അതെടുത്ത് വാഴത്തോപ്പില്‍ എറിയും എന്ന് സിബിഐയുടെ മുന്‍ ഡയറക്ടര്‍ കുറേ വര്‍ഷം മുമ്പുതന്നെ ഒരു സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നുവത്രേ. അതു തന്നെയാണ് സംഭവിച്ചത്. 

ആദ്യമായാണ് സിബിഐയുടെ ആരോപണങ്ങളുടെ സാംഗത്യം ഒരു കോടതി പരിശോധിക്കുന്നത്. ആ കടമ്പയില്‍ സിബിഐ മുഖംപൊത്തി വീണുപോയി. അഴിമതി, അധികാരദുര്‍വിനിയോഗം, ചതി, വഞ്ചന, എന്നീ കുറ്റങ്ങളൊന്നും ഒരു പ്രതിയുടെയും മേല്‍ ചുമത്താനുളള തെളിവോ ന്യായമോ വസ്തുതയോ സിബിഐയുടെ പക്കലില്ലെന്ന് കോടതിയ്ക്കു ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ കുറ്റപത്രവും കെട്ടിച്ചമച്ച ആരോപണങ്ങളും പ്രത്യേക സിബിഐ കോടതി ജഡ്ജി ആര്‍. രഘു വലിച്ചുകീറി. അതുവഴി സാധൂകരിക്കപ്പെട്ടത് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സിപിഐഎമ്മിന്റെ നിലപാടാണ്.
 അസാമാന്യമായ തന്റേടത്തോടെ, ആരോപണങ്ങളെ നിവര്‍ന്നു നിന്ന് നേരിട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീരോചിതമായിത്തന്നെ കുറ്റവിമുക്തനായി.

തലശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍
സ്ഥാപിക്കാനെടുത്ത തീരുമാനം അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന അസംബന്ധ യുക്തിയാണ് കുറ്റപത്രത്തില്‍ സിബിഐ മുന്നോട്ടു വെച്ചത്. അതിന്റെ പേരിലാണ് അഴിമതിനിരോധന നിയമം അനുസരിച്ച് പിണറായി വിജയനെ പ്രതിയാക്കിയത്. മലബാറിലെ ജനങ്ങള്‍ക്കു വേണ്ടി ഒരാശുപത്രി സ്ഥാപിക്കുന്നത് എങ്ങനെ അഴിമതിയാകും എന്ന ചോദ്യം സിപിഐഎം ഉയര്‍ത്തിയിരുന്നു. അതേ ചോദ്യം കോടതിയും സിബിഐയോടു ചോദിച്ചു. ഒരു മറുപടിയും അവര്‍ക്കുണ്ടായിരുന്നില്ല.

പൊതുതാല്‍പര്യം എന്ന
സങ്കല്‍പത്തെ സാമാന്യം വിശദമായിത്തന്നെ വിശകലനം ചെയ്ത ശേഷം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോടതി ആ തീരുമാനത്തെ വിശേഷിപ്പിച്ചത്, "ശ്ലാഘനീയമായ പൊതുതാല്‍പര്യം" എന്നാണ്.
കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനല്ലാതെ സ്വന്തമായി ലാഭമുണ്ടാക്കാന്‍ പ്രതികളില്‍ ഒരാള്‍ പോലും ശ്രമിച്ചെന്ന് സിബിഐയ്ക്കു തന്നെ ആക്ഷേപമില്ലെന്നും കൂടി കോടതി എടുത്തു പറഞ്ഞു. ഏതു സാധാരണ മനുഷ്യനും ചോദിക്കുന്നതേ കോടതിയും ചോദിച്ചുളളൂ. മലബാറിലെ കാന്‍സര്‍ രോഗികള്‍ക്ക് അന്നുവരെ തിരുവനന്തപുരത്തെ ആര്‍സിസി മാത്രമായിരുന്നു ആശ്രയം.
എട്ടു ജില്ലകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍. അങ്ങനെയൊരു ആശുപത്രി സ്ഥാപിക്കുന്നത് അഴിമതിയാണ് എന്ന് സാമാന്യബുദ്ധിയുളള ആരും വിശ്വസിക്കുകയില്ല. ഒരു കോടതിയും അത് അംഗീകരിക്കുകയുമില്ല.

എന്നിട്ടും
ഇത്തരമൊരു അസംബന്ധം എങ്ങനെ സിബിഐയുടെ കുറ്റപത്രത്തില്‍ വന്നു? ആത്മാഭിമാനമുളള ഒരുദ്യോഗസ്ഥനും സ്വന്തം നിലയില്‍ ഇങ്ങനെയൊരു ആരോപണം എഴുതിപ്പിടിപ്പിക്കുകയില്ല. അപ്പോള്‍ ഏതോ ബാഹ്യശക്തിയുടെ കല്‍പന അനുസരിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു സിബിഐ. ആരാണത്? ഒരു കോടതിയും ഈ ആരോപണം വിശ്വസിക്കുകയില്ല എന്ന് ഇതെഴുതിയവര്‍ക്കുപോലും നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടാണ് കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ സിബിഐ മുതിര്‍ന്നത്.
വിചാരണ കഴിയുന്നത്ര വെച്ചുതാമസിപ്പിക്കാന്‍ വല്ലാത്ത നിര്‍ബന്ധബുദ്ധിയാണ് സിബിഐ കാണിച്ചത്.

പൊതുസമൂഹത്തിന്റെയും
മാധ്യമങ്ങളുടെയും മുന്നില്‍ കുറ്റാരോപിതന്റെ മുദ്രയടിച്ച് അനന്തമായ കാത്തിരിപ്പിലേയ്ക്ക് തളളിവിടുക എന്ന ശിക്ഷയാണ് പിണറായി വിജയന് സിബിഐ വിധിച്ചത്. കോടതിയുടെ പ്രാഥമിക പരിശോധനയ്ക്കു മുന്നില്‍പ്പോലും പിടിച്ചുനില്‍ക്കുകയില്ല എന്നുറപ്പുളള കുറ്റപത്രം സംരക്ഷിക്കാന്‍ അതല്ലാതെ വേറെന്തു വഴി? അതുകൊണ്ട്, ആകാവുന്നത്ര വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ സിബിഐ കിണഞ്ഞു പരിശ്രമിച്ചു. വിചാരണ വേഗത്തിലാക്കണമെന്ന പിണറായി വിജയന്റെ ആവശ്യത്തെ അവര്‍ നഖശിഖാന്തം എതിര്‍ത്തു. ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ മൂലമാണ് വിചാരണ വേഗം നടത്താനുളള അനുമതി ലഭിച്ചത്.

 അംഗീകരിക്കപ്പെട്ട സിപിഐഎം വാദങ്ങള്‍ ജി. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട അന്തിമ കരാറിലെ വിലകള്‍ കുറയ്ക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ഇക്കാര്യം ആരംഭം മുതല്‍ സിപിഐഎം പറയുന്നതാണ്. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട കരാര്‍ അപ്പടി അംഗീകരിക്കുകയായിരുന്നില്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അന്തിമകരാറില്‍ അംഗീകരിക്കപ്പെട്ട ലോണ്‍ തുകയിലും പലിശയിലും കമ്മിഷന്‍ ചാര്‍ജിലുമൊക്കെ വലിയ കുറവു വരുത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കു കഴിഞ്ഞു. ഗ്രാന്റ് തുകയില്‍ വര്‍ദ്ധന വരുത്തി. കാര്‍ത്തികേയന്റെ കാലത്ത് അംഗീകരിച്ച വിലകള്‍ കുറയ്ക്കുക വഴി സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുകയാണ് ചെയ്തതെന്നും എസ്എന്‍സി ലാവ്ലിനെ അവിഹിതമായി സഹായിക്കണമെന്ന് ദുരുദ്ദേശമുണ്ടായിരുന്നെങ്കില്‍ വിലകളില്‍ ഗണ്യമായ കുറവുവരുത്തേണ്ട കാര്യം കുറ്റാരോപിതര്‍ക്കില്ലെന്നും അസന്ദിഗ്ദ്ധമായി കോടതി പറഞ്ഞു.

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി കെട്ടിപ്പൊക്കിയ നുണയുടെ കോട്ടയും കോടതി ഇടിച്ചു നിരത്തി. വൈദ്യുതി മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് പൊതുവായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ബാലാനന്ദന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നതെന്നും പിഎസ്പി പദ്ധതികളെക്കുറിച്ച് പഠിക്കാനോ എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിക്കാനോ ബാലാനന്ദന്‍ കമ്മിറ്റിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നില്ല എന്നും സിപിഐഎം തുടക്കം മുതല്‍ക്കു തന്നെ പറഞ്ഞതാണ്. തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ തളളാനും കൊളളാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ബാലാനന്ദന്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും ആ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കാത്തത് മഹാ അപരാധമാണെന്ന പ്രചണ്ഡമായ പ്രചരണം കേരളത്തില്‍ നടന്നു. ആ പ്രചരണം സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലും ഇടംപിടിച്ചു.
 
ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാതിരുന്നതില്‍
കുറ്റമാരോപിക്കാന്‍ കഴിയില്ലെന്ന് കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. ബാലാനന്ദന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനു മുമ്പു തന്നെ പിഎസ്പി പദ്ധതികള്‍ക്കുളള അന്തിമ കരാര്‍ നിലവില്‍വന്നു കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. ഹ്രസ്വകാല ലക്ഷ്യം മുന്‍നിര്‍ത്തി ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പകരം 30 - 35 വര്‍ഷക്കാലത്തേയ്ക്കുളള ദീര്‍ഘകാല നേട്ടം ലക്ഷ്യമാക്കി ആധുനികീകരണവും നവീകരണവും വേണമെന്ന ബോര്‍ഡിന്റെ തീരുമാനം കോടതി അംഗീകരിക്കുകയും ചെയ്തു. അതോടെ ബാലാനന്ദന്‍ കമ്മിറ്റിയുടെ പേരില്‍ പെരുപ്പിച്ചു നിര്‍ത്തിയിരുന്ന നുണക്കുമിള പൊട്ടിത്തകര്‍ന്നു.

മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി
നടത്തിയ അപവാദപ്രചരണമാണ് ലാവ്ലിന്‍ കേസിലെ സിബിഐ അന്വേഷണത്തിലേയ്ക്ക് എത്തിച്ചത്. വരദാചാരിയുടെ തല പരിശോധനക്കഥ പോലുളള പെരുങ്കളളങ്ങള്‍ സിബിഐയുടെ കുറ്റപത്രത്തില്‍പ്പോലും ഇടംപിടിച്ചിരുന്നു. അത്രയ്ക്ക് ശക്തമായിരുന്നു മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത പൊതുബോധം.

യഥാര്‍ത്ഥത്തില്‍ സിബിഐയുടെ ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ടു വന്നപ്പോള്‍ത്തന്നെ നുണപ്രചരണങ്ങളുടെ കാറ്റുപോയിരുന്നു. ലാവ്ലിന്‍ കേസ് കോടതിയിലെ പട്ടടയിലൊടുങ്ങുമ്പോള്‍ മാധ്യമങ്ങളുടെ നുണ പ്രചരണങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കേണ്ടത് ആവശ്യമാണ്. വൈരനിര്യാതന ബുദ്ധിയോടെയുള്ള രാഷ്ട്രീയ പകപോക്കലിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ അകമ്പടി സേവിച്ചാല്‍ എന്തുസംഭവിക്കുമെന്നതിന്റെ ഭയാനകമായ ഉദാഹരണങ്ങളാണ് കേരള സമൂഹത്തിനു മുന്നില്‍ ലാവ്ലിന്‍കേസ് ബാക്കിവെയ്ക്കുന്നത്.
കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്സ് എന്ന കളളക്കഥ പിണറായി വിജയന് അദ്ദേഹത്തിന്റെ ഭാര്യ കമലയുടെ പേരില്‍ സിംഗപ്പൂരില്‍ ഒരു കമ്പനിയുണ്ടെന്നും ആ കമ്പനിയിലാണ് അഴിമതിപ്പണം നിക്ഷേപിച്ചിരിക്കുന്നതെന്നും ആദ്യം ആരോപിച്ചത് ക്രൈം എന്ന മഞ്ഞപ്പത്രമാണ്. അത് പിന്നീട് പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഏറ്റുപാടി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്പത്രക്കാരന്‍ ഹൈക്കോടതിയെയും സമീപിച്ചു. ഈ ആരോപണത്തെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്സസ് അന്വേഷണം നടത്തി. സിംഗപ്പൂരില്‍ അങ്ങനെയൊരു സ്ഥാപനമേയില്ല എന്ന് സിംഗപ്പൂര്‍ ഫോറിന്‍ ടാക്സ് ഡിവിഷന്‍ അറിയിച്ചുവെന്ന് സിബിഡിടി കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അങ്ങനെ "കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ട്സ്" എന്ന കളളം പൊളിഞ്ഞു.

അനധികൃത സ്വത്തുസമ്പാദനത്തിനോ നികുതിവെട്ടിപ്പിനോ തെളിവില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇതുപോലെ മറ്റൊരു കളളപ്രചരണമായിരുന്നു ചെന്നൈയിലെ "ടെക്നിക്കാലിയ" എന്ന സ്ഥാപനം പിണറായി വിജയന്റെ ബിനാമിയാണ് എന്നത്. മഞ്ഞപ്പത്രക്കാരന്‍ തന്നെയായിരുന്നു ഈ കള്ളക്കഥയും സൃഷ്ടിച്ചത്.
യഥാര്‍ത്ഥത്തില്‍ ടെക്നിക്കാലിയയെ ആദ്യമായി കേരളത്തിലെത്തിച്ചത് പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ എം വി രാഘവനാണ്. പുട്ടപര്‍ത്തിയിലെ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിസിന്‍, പുട്ടപര്‍ത്തിയിലെ തന്നെ സത്യസായി ഹോസ്പിറ്റല്‍, ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വിവിധ സംസ്ഥാനങ്ങളിലെ അസംഖ്യം മെഡിക്കല്‍ കോളേജുകള്‍ എന്നിവയൊക്കെ പണിത ഈ സ്ഥാപനം ഒരു കടലാസ് കമ്പനിയാണ് എന്ന് പ്രചരിപ്പിക്കാനും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായി.

കോടികള്‍ മുടക്കി സിംഗപ്പൂരില്‍ കെട്ടിപ്പടുത്ത കമല ഇന്റര്‍നാഷണല്‍
എക്സ്പോര്‍ട്ട്സിലേയ്ക്ക് നൂറിലേറെ തവണ പിണറായി വിജയന്‍ യാത്ര നടത്തിയിട്ടുണ്ട് എന്നായിരുന്നു മറ്റൊരു കഥ. ഈ കഥയിലും സത്യമില്ലെന്ന് സിബിഐയ്ക്കു ബോധ്യപ്പെട്ടു. അക്കാര്യം ഹൈക്കോടതിയില്‍ അവര്‍ അറിയിക്കുകയും ചെയ്തു. "കോടി"കളുടെ വിദ്യാഭ്യാസവും മണിമാളികയും ലാവ്ലിന്‍ അഴിമതിപ്പണം ഉപയോഗിച്ച് പിണറായി വിജയന്റെ മക്കള്‍ കോടികള്‍ മുടക്കി ഉന്നത വിദ്യാഭ്യാസം നേടുന്നു എന്നും പ്രചരിപ്പിക്കപ്പെട്ടു. അതിന്റെ പേരിലുമെത്തി ഹൈക്കോടതിയില്‍ പരാതി. അതും ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ പൊളിഞ്ഞു.
പിണറായി വിജയന്റെ മകന്‍ വിവേകിന്റെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്നും ലോണെടുത്തതിന്റെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ഹൈക്കോടതിയ്ക്കു നല്‍കി. അങ്ങനെ അതും പൊളിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിലെ ബര്‍മുഡാ ട്രയാംഗിളിനെക്കാള്‍ നിഗൂഢതയായിരുന്നു എത്രയോ കാലം പിണറായി വിജയന്റെ വീടിനെ ചുറ്റിപ്പറ്റി കേരളത്തില്‍ നിലനിന്നത്. പിണറായി വിജയന്റെ വീടിനെക്കുറിച്ച് പരാതിയുമായി ക്രൈം ഉടമ കേരള ഹൈക്കോടതിയിലെത്തി. ഒരു കോടി രൂപ ചെലവിലാണ് മണിമാളിക പണിയുന്നത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. പയനിയര്‍ പത്രത്തില്‍ 27-3-2006 ന് വന്ന വാര്‍ത്തയായിരുന്നു ആരോപണത്തിന് തെളിവ്.

മണിമാളികയെക്കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷിച്ചു. ഹൈക്കോടതിയില്‍ അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഇതാ: 1977 ല്‍ പണിത വീട് 11 ലക്ഷം രൂപ ചെലവില്‍ പിണറായി പുതുക്കിയിട്ടുണ്ട്. പതിനൊന്നു ലക്ഷത്തിന്റെ വിശദവിവരം - 5.6 ലക്ഷം രൂപ എസ്.ബി.ഐയില്‍ നിന്ന് പിണറായി വായ്പ എടുത്തു. ഭാര്യയുടെ പി എഫില്‍ നിന്ന് 1.98 ലക്ഷം രൂപ. 2 ലക്ഷം രൂപ മകള്‍ വായ്പ എടുത്തു. 1.42 ലക്ഷവും ഇത് കൂടാതെ മകള്‍ നല്‍കി. പുതിയ വീട് പിണറായി പണിതിട്ടില്ലെന്നും നിലവിലുള്ള വീടിന്റെ ഒന്നാം നില പുതുക്കിയത് മാത്രമാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ഈ വീടിനെക്കുറിച്ച് ഉപജാപകര്‍ പരത്തിയ കെട്ടുകഥ വിശ്വസിച്ച കുറേപ്പേര്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു കുന്നംകുളം സ്വദേശിയുടെ മണിമാളികയുടെ ചിത്രത്തിന് തൊഴിലാളി വര്‍ഗനേതാവിന്റെ കൊച്ചു കുടില്‍ എന്ന അടിക്കുറിപ്പു നല്‍കി പ്രചരിപ്പിക്കുകയും അറസ്റ്റിലാവുകയും ചെയ്ത സംഭവവും ഉണ്ടായി.

പിണറായി വിജയനെതിരെ കൂലംകുത്തിയൊഴുകിയ മാധ്യമപ്പകയുടെ ഏറ്റവും ഇരുണ്ട അധ്യായമാണ് വരദാചാരിയുടെ തലപരിശോധനക്കഥ. ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ലാവ്ലിന്‍ കരാറിനെ നഖശിഖാന്തം എതിര്‍ത്ത വരദാചാരി എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ ഫയലിലെഴുതി എന്ന കളളക്കഥയുടെ സ്രഷ്ടാവ് മനോരമയാണ്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് വകുപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലാണ് ഈയൊരു പരാമര്‍ശം ഉണ്ടായത്. 1997 ല്‍ കേരളത്തിലെ മുഖ്യാധാരാ പത്രങ്ങളെല്ലാം അക്കാര്യം ഒരേപോലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവത്തെയാണ് ലാവ്ലിന്‍ കേസുമായി ബന്ധപ്പെടുത്തിയതും പിന്നീട് സി ബി ഐയെക്കൊണ്ടുപോലും വിശ്വസിപ്പിക്കുന്ന തലത്തിലേക്ക് വളര്‍ത്തിയതും.
സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ വരദാചാരിയെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കുന്നു: അന്നത്തെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരി, കാന്‍സറും വൈദ്യുതിയും സംബന്ധിച്ചുള്ള അസാധാരണമായ ബന്ധത്തെക്കുറിച്ച് ചോദ്യമുയര്‍ത്തി നവീകരണ കരാറിനെ എതിര്‍ത്തപ്പോള്‍, അന്നത്തെ മന്ത്രി പിണറായി വിജയന്‍ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പ്രസക്തമായ രേഖകള്‍ കാണാനില്ലെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാമൊഴിത്തെളിവുകള്‍ ഈ വസ്തുത സ്ഥിരീകരിക്കും.
സി പി ഐ എമ്മിനെതിരെയുള്ള വന്‍രാഷ്ട്രീയ ആയുധമായി ലാവ്ലിന്‍ കേസ് ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങിയ മലയാള മനോരമയാണ് വരദാചാരിയുടെ തലപരിശോധനക്കഥയ്ക്ക് ലാവലിന്‍ കരാറിനെ പശ്ചാത്തലമാക്കിയത്. 2003 മാര്‍ച്ച് 8ന് "കാനഡാ കരാര്‍ എതിര്‍ത്ത സെക്രട്ടറിക്ക് തലയ്ക്ക് തകരാറെന്ന് പിണറായി എഴുതി" എന്ന തലക്കെട്ടില്‍ പഴയ വാര്‍ത്തയെ മനോരമ അപനിര്‍മിച്ചതോടെ വരദാചാരിയുടെ "തലവര" മാറി.
പഞ്ചായത്തുകളുടെ ഫണ്ട് അതത് പഞ്ചായത്തിലെ ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശവും അതിനോടുള്ള വരദാചാരിയുടെ നിലവിട്ട എതിര്‍പ്പും ഉദ്യോഗസ്ഥനെ നിലയ്ക്കു നിര്‍ത്തണമെന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തുമൊക്കെ ഇതോടെ വിസ്മൃതിയിലായി. ""ഫയലുകള്‍ എകെജി സെന്ററിലെത്തിച്ച് തീയിട്ടു"" ലാവ്ലിന്‍ അപവാദ പ്രചരണവുമായി ബന്ധപ്പെട്ട് മനോരമ സംവിധാനം ചെയ്ത മറ്റൊരു നാടകമായിരുന്നു അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളുടെ "മുങ്ങല്‍". ഓരോരോ ഫയലുകള്‍ കാണാനില്ല എന്ന വാര്‍ത്തയുമായി മനോരമ ഓരോ ദിവസവും ഇറങ്ങി. ഒരു ദിവസം ഒരു ഫയലെന്ന മട്ടിലാണ് കാണാതായത്. പക്ഷേ, കാണാനില്ലെന്ന് വാര്‍ത്തയെഴുതുമ്പോഴും ഫയലുകളിലെ വിവരങ്ങളത്രയും മനോരമയില്‍ പ്രത്യക്ഷപ്പെട്ടു. നിര്‍ണായകവും സുപ്രധാനവുമായ വിവരങ്ങളാണ് കാണാതായ ഫയലുകളില്‍ ഉണ്ടായിരുന്നതെന്ന് പത്രം തറപ്പിച്ചെഴുതി.
വരദാചാരിയുടെ തല പരിശോധനപോലെ ഇതും ഒരു ദുരന്തപര്യവസായിയായിത്തീര്‍ന്നു. വിജിലന്‍സ് വകുപ്പിന്റെ വാര്‍ഷികാഘോഷ ച്ചടങ്ങിനെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മ ഒരു ചോദ്യത്തോട് നടത്തിയ പ്രതികരണത്തെ വളച്ചൊടിച്ച് മനോരമ തന്നെയാണ് ഫയല്‍ മുക്കലും സംവിധാനം ചെയ്തത്. "വൈദ്യുതി ബോര്‍ഡില്‍ നിന്ന് പ്രതി ഫയല്‍ കടത്തി", "വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാന്‍ സംഘം", "ലാവ്ലിന്‍ കരാര്‍ ഫയല്‍ ഇടതു ഭരണകാലത്ത് മുക്കി", "അപ്രത്യക്ഷമായതില്‍ ഫയല്‍ നീക്കത്തിന്റെ രജിസ്റ്ററും" തുടങ്ങിയ തലക്കെട്ടുകളിലെഴുതിയ വാര്‍ത്തകളിലാണ് മനോരമാ ലേഖകരുടെ ഭാവനാവ്യാപാരം ചിറകടിച്ചു പറന്നത്.

അങ്ങനെ കാണാതായ ഫയലുകളുടെ കൂട്ടത്തില്‍ വരദാചാരിയുടെ തലപരിശോധനയും അവര്‍ തിരുകിക്കയറ്റി. "കാണാതായ ഫയലില്‍ ധനവകുപ്പിന്റെ എതിര്‍പ്പും പിണറായിയുടെ മറുപടിയും" എന്ന വാര്‍ത്ത പ്രകാരം ആ ഫയലും കാണാനില്ല. അങ്ങനെ ലാവ്ലിന്‍ കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി ഫയലിലെഴുതി എന്നു വാര്‍ത്ത സൃഷ്ടിച്ച മനോരമ തന്നെ, ആ ഫയല്‍ മുങ്ങിയെന്നും പ്രചരിപ്പിച്ചു. എന്നാല്‍ ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പരസ്യമായി വ്യക്തമാക്കിയതോടെ ആ കഥയ്ക്ക് വിരാമമായി.

മുന്‍ വൈദ്യുതിബോര്‍ഡ്
ചെയര്‍മാന്‍ വി രാജഗോപാലിന്റെ ആകസ്മിക മരണം കൊലപാതകമായി ചിത്രീകരിച്ച് വിവാദം കൊഴുപ്പിക്കാനും ഉപജാപകര്‍ ശ്രമിച്ചു. ഇഷ്ടമില്ലാത്ത കരാര്‍ ഒപ്പിട്ടതുമൂലമുണ്ടായ മാനസിക സംഘര്‍ഷമാണ് രാജഗോപാലിന്റെ ഹൃദയാഘാതത്തിലേക്ക് നയിച്ചത് എന്ന് മനോരമ ഗവേഷകന്മാര്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. തമാശയെന്താണെന്നു വെച്ചാല്‍ കരാര്‍ ഒപ്പിട്ടതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് അദ്ദേഹം മരണപ്പെട്ടത്! ലാവ്ലിന്‍: ബോര്‍ഡ് മുന്‍ചെയര്‍മാന്റെ മരണവും അന്വേഷിച്ചേക്കും എന്ന തലക്കെട്ടിലായിരുന്നു മനോരമ വാര്‍ത്ത.

പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കുമ്പോള്‍ 1997 ഫെബ്രുവരി 10ന് ലാവ്ലിനുമായി അനുബന്ധ കരാറുകള്‍ ഒപ്പിടുന്ന വേളയില്‍ കെ എസ് ഇ ബിയുടെ ചെയര്‍മാനായിരുന്നു വി രാജഗോപാല്‍. 1998 ല്‍ അദ്ദേഹം പദവി ഒഴിഞ്ഞു. 1999 മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിലെ തന്റെ മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഈ മരണമാണ് 2007 സെപ്തംബര്‍ 12ന് വിവാദമായത്. പന്നിയാറില്‍ പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടി മൂന്നുപേര്‍ മരിച്ച ദുരന്തവും ലാവ്ലിന്‍ കേസിന്റെ ചെലവിലാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. "അപ്രതീക്ഷിതമായ ദുരന്തത്തിനുപിന്നില്‍ ദുരൂഹതയുണ്ടായിരുന്നുവെന്നാണ് സി ബി ഐ സംശയിക്കുന്നത്" എന്ന നിഗമനമാണ് സിബിഐയെ ചാരി മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്.
നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വൈദ്യുതിയന്ത്രങ്ങളുടെയും മറ്റും ഗുണനിലവാരം പരിശോധിക്കാന്‍ സി ബി ഐ തയാറെടുത്തുകൊണ്ടിരിക്കെ, തെളിവ് നശിപ്പിക്കാന്‍ ചില നിഗൂഢശക്തികള്‍ നടത്തിയ അട്ടിമറിയാണ് പന്നിയാര്‍ദുരന്തം എന്നായിരുന്നു വ്യാഖ്യാനം. പൊതുമാധ്യമങ്ങളും അശ്ലീലവാരികയും ഏകമനസ്സോടെ പ്രചരിപ്പിച്ച ഈ ആരോപണവും സി ബി ഐ അന്വേഷണം തള്ളിക്കളഞ്ഞു. അന്വേഷണം അട്ടിമറിക്കാന്‍വേണ്ടി ആസൂത്രിതമായി സംഘടിപ്പിച്ചതാണ് പന്നിയാര്‍ അപകടം എന്ന നിരീക്ഷണമോ സൂചനയോ സംശയമോപോലും സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല.

രാജഗോപാലിന്റെ മരണത്തില്‍ ദുരൂഹത കലര്‍ത്താന്‍ മാധ്യമങ്ങള്‍ വിനിയോഗിച്ച അധ്വാനവും വൃഥാവിലായി. ലാവ്ലിന്‍ കരാറിന്റെ മറവില്‍ പിണറായി വിജയന്‍ സാമ്പത്തിക അഴിമതി നടത്തിയെന്ന ആരോപണം യഥാര്‍ത്ഥത്തില്‍ സിബിഐയുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ടു തന്നെ തളളിക്കളഞ്ഞതാണ്. മഞ്ഞപ്പത്രക്കാരനും മഹാമാധ്യമങ്ങളും ആഘോഷിച്ചു കൊണ്ടാടിയ ദുരാരോപണങ്ങളൊന്നും സിബിഐയുടെ കുറ്റപത്രത്തില്‍ ഇടംനേടിയില്ല.

അതുകൊണ്ട് പിണറായി വിജയന്‍ കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടു എന്നു വിളിച്ചു പറയാന്‍ ഒരു ദൃക്സാക്ഷി ആവശ്യമായി. അങ്ങനെ പൊടുന്നനെ രംഗപ്രവേശം ചെയ്ത ദൃക്സാക്ഷിയാണ് ദീപക്കുമാര്‍. മഞ്ഞപ്പത്രക്കാരന്‍ തന്നെയാണ് ഈ "ഐ വിറ്റ്നസ്സിനെ"യും എഴുന്നെളളിച്ചത്. ആദ്യം ക്രൈം അച്ചടിക്കുന്നു. അത് തെളിവാക്കി ക്രൈം "പത്രാധിപര്‍" കോടതിയില്‍ ഹര്‍ജി നല്‍കുന്നു. തുടര്‍ന്ന് ആ ആരോപണങ്ങള്‍ എല്ലാ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഇതായിരുന്നല്ലോ ലാവ്ലിന്‍ അപവാദ പ്രചരണത്തിന്റെ രീതിശാസ്ത്രം.

ദീപക്കുമാറിന്റെ വരവിലും അതിനു മാറ്റമുണ്ടായില്ല. ക്രൈം വഴി രംഗത്തെത്തിയ ദീപക് കുമാറിനെ പൊതുമണ്ഡലത്തില്‍ ആദ്യം പ്രദര്‍ശനത്തിനുവെച്ച ബഹുമതി മാതൃഭൂമിയ്ക്കായിരുന്നു. "ദീപക് കുമാറിന്റെ പരാതി പരിശോധിക്കും - സിബിഐ" എന്ന തലക്കെട്ടിലെ വാര്‍ത്തയിലായിരുന്നു ആ പരിചയപ്പെടുത്തല്‍. തുടര്‍ന്ന് ദീപക് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി മാതൃഭൂമിയില്‍ തുടരനുകള്‍ പ്രത്യക്ഷപ്പെട്ടു. "അന്വേഷണം പുതുവഴിയേ പുരോഗമിക്കുകയാണെന്നും നിര്‍ണായക തെളിവുകള്‍ സിബിഐയ്ക്കു ലഭിച്ചുകഴിഞ്ഞു"വെന്നും മാതൃഭൂമി അത്യാഹ്ലാദത്തോടെ അച്ചുനിരത്തി.
യഥാര്‍ത്ഥത്തില്‍ ക്രൈം നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ തന്നെയാണ് ദൃക്സാക്ഷി വിവരണം എന്ന മട്ടില്‍ ദീപക് കുമാറും വിളിച്ചുപറഞ്ഞത്. ഒടുവില്‍ ദീപക് കുമാറിന്റെ അഭിമുഖവും മാതൃഭൂമി പ്രസിദ്ധീകരിച്ചു. "ലക്ഷ്യം പൊയ്മുഖം തുറന്നു കാട്ടല്‍" എന്നായിരുന്നു തലക്കെട്ട്. ആ അഭിമുഖം തുടങ്ങിയത് ഇങ്ങനെയായിരുന്നു: ആദര്‍ശം അടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെയും സമൂഹത്തെയും വഞ്ചിക്കുമ്പോള്‍ അവരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്&ൃെൂൗീ;- ലാവ്ലിന്‍ കേസില്‍ സി ബി ഐ ക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ മാതൃഭൂമിയോട് പറഞ്ഞു.

പക്ഷേ
, ഇതൊക്കെ ചെയ്തിട്ടും ആരവമൊന്നുമുണ്ടായില്ല. എവിടെയോ എന്തോ ഒരു കുറവ് ദൃശ്യമായിരുന്നു. കോണ്‍ഗ്രസ്, ബിജെപി, പി സി ജോര്‍ജുമാരുടെ ലാവ്ലിന്‍ പത്രസമ്മേളനങ്ങള്‍ പതിയെ നിലച്ചു. പൊട്ടു കുത്തി, പുടവ ചാര്‍ത്തി, ചാന്തു തൊട്ട്, കരിവളയണിയിച്ച് ക്രൈം നന്ദകുമാര്‍ എഴുന്നെള്ളിച്ച "ദൃക്സാക്ഷി"ക്ക് സിപിഐ എമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയ എതിരാളികളെപ്പോലും വശീകരിക്കാനായില്ല. എങ്ങും ഒരു ശ്മശാന മൂകതയായിരുന്നു. "മ" പ്രസിദ്ധീകരണങ്ങളിലെ കുറ്റാന്വേഷണ സൃഷ്ടികള്‍ക്കുളള സ്വീകാര്യതപോലും മാതൃഭൂമിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിന് കിട്ടിയില്ല. അതു തിരിച്ചറിഞ്ഞ് സാക്ഷാല്‍ "ദൃക്സാക്ഷി" ചാനലുകളിലേയ്ക്ക് നേരിട്ടെഴുന്നെള്ളി.

ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, മനോരമ ചാനലുകളുടെ പ്രൈം ടൈം 2010 നവംബര്‍ 11ന് ദൃക്സാക്ഷി അപഹരിച്ചു. എരിവും പുളിയുമുള്ള ഒരു വരവായിരുന്നു അത്. പിണറായി വിജയന്‍ കൈക്കൂലി വാങ്ങുന്നത് നേരിട്ടു കണ്ടു എന്നു പറഞ്ഞിട്ടും തന്നെ മൈന്‍ഡു ചെയ്യാത്തവര്‍ക്കു വേണ്ടി അദ്ദേഹം മറ്റൊരു തുറുപ്പു വീശി. ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകത്തിനും താന്‍ സാക്ഷിയാണ് എന്നായിരുന്നു ആ വെളിപ്പെടുത്തല്‍.

ചാനലുകളായ ചാനലുകള്‍ ഈ
കൊലപാതകക്കഥ ഏറ്റു വാങ്ങി "ബ്രേക്കിംഗ് ന്യൂസ്" ആക്കി. പ്രസക്തമായ ചോദ്യങ്ങളൊന്നും ചോദിച്ച് ഒരു ചാനല്‍ അവതാരകനും ദൃക്സാക്ഷിയെ ബുദ്ധിമുട്ടിച്ചില്ല. കൊല്ലപ്പെട്ടതാര്, കൊന്നതാര്, എന്നായിരുന്നു സംഭവം, ശവം എന്തു ചെയ്തു, ഇത്രയും കാലമായിട്ടും രണ്ടുതവണ മൊഴി നല്‍കിയിട്ടും കൊലപാതകക്കഥ സിബിഐയോടു പറയാത്തത് എന്ത് എന്നൊന്നും ആര്‍ക്കും അറിയേണ്ടിയിരുന്നില്ല. ചാനല്‍ സ്റ്റുഡിയോയില്‍ നിന്നും ദൃക്സാക്ഷി നേരെ ചെന്നത് മാതൃഭൂമി ലേഖകന്റെ അടുത്തായിരുന്നു. ഒരിക്കല്‍ക്കൂടി ദൃക്സാക്ഷിയുടെ അഭിമുഖം മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, കൊലപാതകത്തിന്റെ വിശദാംശങ്ങളൊന്നും അവരും ചോദിച്ചില്ല.
1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ദിലീപ് രാഹുലന്‍ കണ്ണൂരിലെത്തി പിണറായി വിജയന് രണ്ടുകോടി രൂപ നല്‍കുമ്പോള്‍ താന്‍ ഒപ്പമുണ്ടായിരുന്നു, കനാറാ ബാങ്കിന്റെ എറണാകുളം ശാഖയില്‍ നിന്നാണ് ദിലീപ് രാഹുലന്‍ പണം പിന്‍വലിച്ചത് എന്നൊക്കെയായിരുന്നു ഈ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഫ്ളാറ്റില്‍നിന്ന് ബാങ്കിലേയ്ക്കു പോകുമ്പോള്‍ വലിയ ബാഗെടുത്ത് കാറിന്റെ ഡിക്കിയില്‍ വെച്ചു, ബാങ്ക് സമയം കഴിഞ്ഞാണ് ചെന്നതെങ്കിലും മാനേജര്‍ കാത്തിരിക്കുകയായിരുന്നു, ദിലീപിന്റെ സിയലോ കാര്‍ ഓടിച്ചത് ദീപക് കുമാറായിരുന്നു, പണമെടുത്ത ദിവസം തങ്ങിയത് കോഴിക്കോട് ഹോട്ടലില്‍. തൊട്ടുപിറ്റേന്ന് കണ്ണൂരിലേയ്ക്ക്, തലശേരിയിലെത്തിയപ്പോള്‍ വഴി കാണിക്കാന്‍ വേറൊരു കാറെത്തി, അതിനെ പിന്തുടര്‍ന്ന് പിണറായി വിജയന്റെ വീട്ടിലെത്തി എന്നിങ്ങനെയുളള വിശദാംശങ്ങളോടെയായിരുന്നു വാര്‍ത്ത. ആരോപണത്തിലൊന്നും ഒരു വാസ്തവവും സിബിഐയ്ക്കു കണ്ടെത്താനായില്ല. അതും പൊളിഞ്ഞു പോയി.

ലാവലിന്‍ കേസിലെ ഡിസ്ചാര്‍ജ് പെറ്റീഷനില്‍ വന്ന കോടതി വിധിയെ അസ്വാഭാവികം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത്.  നിയമവാഴ്ചയ്ക്കു വിധേയമായി നീതി തേടുന്നത് അവരെ
സംബന്ധിച്ചിടത്തോളം "അസ്വാഭാവികം" തന്നെയാണ്. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടി കൈക്കൊണ്ട നിലപാടുകളുമായി ചേര്‍ത്തുവേണം, ആ അസ്വാഭാവികതയെ മനസ്സിലാക്കേണ്ടത്.

പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് സുപ്രിംകോടതി വരെ
വിധിപറഞ്ഞ കേസാണ് പാമോയില്‍ കേസ്. ആ കുറ്റപത്രം റദ്ദാക്കാന്‍ കെ. കരുണാകരന്‍ പരമോന്നത കോടതി വരെ കയറിയിറങ്ങിയതുമാണ്. ഫലമുണ്ടായില്ല. പാമോയില്‍ കേസിന് മെരിറ്റുളളതുകൊണ്ടാണ് ആ കേസിലെ പ്രതിയായിരുന്ന മുന്‍ ചീഫ് സെക്രട്ടറി പി ജെ തോമസിന് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ സ്ഥാനം നഷ്ടമായത്.

ആ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഇപ്പോഴും സംശയദൃഷ്ടിയില്‍
തന്നെയാണ്. പാമോയില്‍ ഇറക്കുമതിയെ എതിര്‍ത്തുകൊണ്ട് ധനവകുപ്പ് സ്വീകരിച്ച നിലപാട് മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചു എന്ന ആരോപണത്തിന് ഇതുവരെ തൃപ്തികരമായ മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു കഴിഞ്ഞിട്ടുമില്ല. മലേഷ്യന്‍ കമ്പനി വാഗ്ദാനം ചെയ്തതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് പാമോയില്‍ നല്‍കാമെന്നു സമ്മതിച്ചുകൊണ്ടുളള ക്വട്ടേഷനുകളും ഉമ്മന്‍ചാണ്ടിയുടെ മുന്നിലുണ്ടായിരുന്നു.

ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെച്ചതാണ്
പാമോയില്‍ അഴിമതി. ഇറക്കുമതിയുടെ അത്യാവശ്യമോ വിലയോ കോടതിയെ ബോധ്യപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ദീപാവലിയുടെയും മകരസംക്രാന്തിയുടെയുമൊക്കെ പേരു പറഞ്ഞാണ് ഇറക്കുമതിയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി തരപ്പെടുത്തിയത്. ഇതൊക്കെ ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രികോടതിയും പറഞ്ഞത്. ആ കേസ് പിന്‍വാതില്‍ വഴി പിന്‍വലിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. വിചാരണയ്ക്കു കീഴടങ്ങി നിരപരാധിത്വം തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു താല്‍പര്യമില്ല. അധികാരം ഉപയോഗിച്ച് കേസ് പിന്‍വലിച്ച് രക്ഷപ്പെടാമെന്നാണ് അദ്ദേഹം കരുതുന്നത്.
2005ല്‍ അദ്ദേഹം നടത്തിയ നീക്കം ഫലിച്ചില്ല. ഒടുവില്‍ താന്‍കൂടി കേസില്‍ കുടുങ്ങും എന്ന ഘട്ടം വന്നപ്പോള്‍ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി എന്ന അധികാരം ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാനാണ് ശ്രമം. സോളാര്‍ തട്ടിപ്പുകേസിലും കോടതിയെ അഭിമുഖീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു ഭയമാണ്. ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ മൊഴി പ്രകാരം ഉമ്മന്‍ചാണ്ടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണ്. നിര്‍ഭയമായും സ്വാധീനത്തിനു വഴങ്ങാതെയും പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയാണെങ്കില്‍, ശ്രീധരന്‍ നായര്‍ കോടതിയ്ക്കു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണം. പക്ഷേ അതല്ല സംഭവിച്ചത്.

നിയമവാഴ്ചയില്‍ വിശ്വാസമുളളവരുടെ
ദൃഷ്ടിയില്‍ ഇതൊക്കെയാണ് അസ്വാഭാവികമായ പെരുമാറ്റവും പ്രവൃത്തിയും.
ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്റെമേല്‍ ചുമത്തപ്പെട്ട കുറ്റപത്രത്തിന് നിലനില്‍പ്പില്ലെന്ന് കോടതിയാണ് കണ്ടെത്തിയത്. കോടതിയില്‍ നിന്ന് പിണറായി വിജയന് നീതി ലഭിക്കാതിരിക്കാനും ആസൂത്രിതമായ ശ്രമം നടന്നിരുന്നു. അതിനെയും അതിജീവിച്ചാണ് ഇപ്പോള്‍ ഈ വിധി പുറത്തുവന്നത്. പാമോയില്‍, സോളാര്‍ കേസുകളില്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടും ലാവ്ലിന്‍ കേസില്‍ സിപിഎമ്മും പിണറായി വിജയനും സ്വീകരിച്ച നിലപാടും തമ്മില്‍ ഒരു താരതമ്യവുമില്ല.

ജനങ്ങളോടു പറയാനുളളത് ജനങ്ങളോടു പറഞ്ഞും കോടതിയോടു പറയാനുളളത് കോടതിയോടു പറഞ്ഞുമാണ് ലാവ്ലിന്‍ കേസില്‍ നിന്ന് പിണറായി വിജയന്‍ പുറത്തുവന്നത്. സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും നടുവില്‍ നിന്ന് ഒരിക്കലും സിപിഐഎം ഒളിച്ചോടിയില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരപവാദത്തിന്റെയും മുന്നില്‍ തലകുനിച്ചില്ല. കേസില്‍ നിന്നൊഴിവാകാന്‍ ഒരു വളഞ്ഞ വഴിയും സ്വീകരിച്ചതുമില്ല. രാഷ്ട്രീയമായി ജനങ്ങളെയും നിയമപരമായി നിഷ്പക്ഷനായ ന്യായാധിപന്റെ നീതിബോധത്തെയുമാണ് സിപിഐഎം വിശ്വസിച്ചത്. അതു തെറ്റിയില്ല. ഇനി ആത്മപരിശോധന നടത്തേണ്ടത് അപവാദങ്ങളുടെ സ്രഷ്ടാക്കളും ഉപജാപകരും അവര്‍ക്കു വഴങ്ങിയ മാധ്യമങ്ങളുമാണ്.

(ചിന്ത ലേഖനം - 2013 നവംബര്‍ 15)

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...