പുതുവര്‍ഷദിനത്തില്‍ പതിനാലാം ധനകാര്യകമ്മിഷന്‍ നിയമിതമായി. വൈ വി റെഡ്ഡിയാണ് കമ്മിഷന്റെ അധ്യക്ഷന്‍. പക്ഷേ, പത്രദൃശ്യ മാധ്യമങ്ങളൊന്നും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്തില്ല. സംസ്ഥാന ധനമന്ത്രി കെ. എം. മാണിയുടെ വക ഹൃസ്വമായ ഒരു പ്രതികരണമുണ്ടായി. അത്രതന്നെ. ആ പ്രതികരണത്തില്‍ സന്തോഷത്തിനുളള വക അല്‍പമുണ്ടെങ്കിലും ബാക്കിവെയ്ക്കുന്നത് നിരാശ തന്നെയാണ്.
ആളോഹരി അടിസ്ഥാനത്തില്‍ കേന്ദ്രധനവിഭവം പങ്കിടുന്നതാണ്, സംസ്ഥാനത്തിനു കൂടുതല്‍ ധനസഹായം നേടിത്തരിക എന്നാണ് ധനമന്ത്രിയുടെ പ്രതികരണത്തിന്റെ രത്‌നച്ചുരുക്കം. ഇതു ശരിയുമാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ സന്തോഷത്തിനുളള വക നല്‍കുന്നതും ഈ തിരിച്ചറിവാണ്. എന്തുകൊണ്ടെന്നല്ലേ, പതിമൂന്നാം ധനകാര്യകമ്മിഷന് കെപിസിസി നല്‍കിയ മെമ്മോറാണ്ടത്തില്‍ സ്വീകരിച്ചത് ഇതിനു നേര്‍വിപരീത നിലപാടായിരുന്നു. ജനസംഖ്യയെ അവഗണിച്ചു മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രവിഭവം പങ്കുവെയ്ക്കണമെന്നാണ് അന്ന് കെപിസിസി വാദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാറിന്റേത് ഇതിനു കടകവിരുദ്ധമായ നിലപാടും. കെപിസിസിയുടെ പഴയ മണ്ടന്‍ നിലപാടിനെ തളളിക്കളഞ്ഞ് എല്‍ഡിഎഫ് നിലപാടിലേയ്ക്ക് മാണി എത്തി എന്നതാണ് സന്തോഷത്തിനു വക നല്‍കുന്നത്.
പക്ഷേ, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ധനമന്ത്രി തയ്യാറാകാത്തത് നിരാശപ്പെടുത്തുന്നു. കേന്ദ്ര നികുതിവരുമാനത്തിന്റെ 32 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ടത്. ജനസംഖ്യാനുപാതികമായി വീതിച്ചാല്‍ കേരളത്തിന്റെ വിഹിതം ഇനിയുമേറെ കൂടും. ധനമന്ത്രി അതാണ് പറഞ്ഞത്. എന്നാല്‍ ജനസംഖ്യാനുപാതികമായി പണം വിതരണം ചെയ്യില്ലെന്ന് അദ്ദേഹത്തിനും നമുക്കും നന്നായി അറിയാം. കാരണം പിന്നാക്ക സംസ്ഥാനങ്ങളെ കൂടുതല്‍ സഹായിച്ചേ പറ്റൂ. കേരളം ഇന്ന് മുന്നോക്കസംസ്ഥാനമാണ്. അതുകൊണ്ട് കേരളത്തിന് കൂടുതല്‍ വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നല്‍കുന്ന സഹായം മൊത്തത്തില്‍ ഗണ്യമായി ഉയര്‍ത്തിയേ തീരൂ. കേന്ദ്ര നികുതിവരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്കു പങ്കുവെയ്ക്കണമെന്ന് കഴിഞ്ഞ രണ്ടുദശാബ്ദമായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതാണ്.
പന്ത്രണ്ടാം ധനകാര്യകമ്മിഷന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ നിവേദനത്തില്‍ ഇത്തരമൊരു ആവശ്യമേ ഉന്നയിച്ചില്ല. അതുതന്നെയാണോ ധനമന്ത്രിയുടെ നിലപാട് എന്ന സംശയം അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോള്‍ തോന്നി.
കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ അസന്തുലിതാവസ്ഥ വര്‍ദ്ധിച്ചുവരികയാണ്. ദേശീയ വരുമാനത്തിന്റെ 1.45 ശതമാനം ആയിരുന്നു 1950 - 51ല്‍ സംസ്ഥാന സര്‍ക്കാരുകളുടെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുളള വ്യത്യാസം. കേന്ദ്ര ധനകാര്യ കമ്മിഷന്റെ അവാര്‍ഡുകള്‍ ലഭിക്കുന്നതിനു മുമ്പായിരുന്നു ഇത്. 1991-92 ആയപ്പോഴേയ്ക്കും ഇത് 7.4 ശതമാനമായി. പിന്നൊരു ദശാബ്ദക്കാലം 7 ശതമാനത്തില്‍ താഴെയായി തുടര്‍ന്നു.
ഇപ്പോഴത് 8.4 ശതമാനമായി. ഈ വിടവ് നികത്തുന്നതിനു വേണ്ടിയാണ് ധനകാര്യകമ്മിഷന്‍ ധനസഹായം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അവാര്‍ഡിനു ശേഷവും സംസ്ഥാന സര്‍ക്കാരുകളുടെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുളള വിടവ് ഗണ്യമായി ഉയരുകയാണ്. 1950-51ല്‍ ഇത് ദേശീയ വരുമാനത്തിന്റെ 0.81 ശതമാനമേ വരുമായിരുന്നുളളൂ. എന്നാല്‍ അനുക്രമമായി വളര്‍ന്ന് 3 ശതമാനത്തിലേറെയായി. ഈ വിടവു നികത്താനാണ് സംസ്ഥാനങ്ങള്‍ വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ വര്‍ദ്ധിക്കുന്ന കടഭാരം യഥാര്‍ത്ഥത്തില്‍ കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങളുടെ അസന്തുലിതാവസ്ഥയുടെ ഉല്‍പന്നമാണ്.
ധനകാര്യകമ്മിഷന്റെ ടേംസ് ഓഫ് റെഫറന്‍സിലെ ഫെഡറല്‍ വിരുദ്ധ സമീപനത്തെ വിമര്‍ശിക്കാന്‍ ധനമന്ത്രി തയ്യാറാകാതിരുന്നതും നിരാശപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ധനനയം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുളള ഒരുപാധിയായി ധനകാര്യകമ്മിഷനുകളെ ദുരുപയോഗപ്പെടുത്തിവരികയാണ്. കേന്ദ്ര നികുതി വിഹിതം കഴിഞ്ഞാല്‍ പിന്നെ ധനകാര്യകമ്മിഷന്‍ കമ്മി നികത്തുന്നതിനും മറ്റു പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടിയും സംസ്ഥാനങ്ങള്‍ക്കു ഗ്രാന്റുകള്‍ അനുവദിക്കാറുണ്ട്. ഈ ഗ്രാന്റുകള്‍ നല്‍കുന്നത് മുന്‍കാലങ്ങളില്‍ നിരുപാധികമായിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ഉപാധികള്‍ ധനകാര്യകമ്മിഷനുകള്‍ വെയ്ക്കുകയാണ്.
പന്ത്രണ്ടാം ധനകാര്യകമ്മിഷനാണ് ഇതിനു തുടക്കമിട്ടത്. സംസ്ഥാനങ്ങള്‍ കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക അച്ചടക്കത്തിനും സമയബന്ധിത പരിപാടി അംഗീകരിക്കണമെന്നും ഇതുനിര്‍ണയിച്ചുകൊണ്ടുളള നിയമനിര്‍മ്മാണം വേണമെന്നും ധനകാര്യകമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ധനകാര്യ കമ്മിഷന്‍ നല്‍കുന്ന കടാശ്വാസം നിഷേധിക്കും എന്നൊരു നിലപാട് അവരെടുത്തു. പതിമൂന്നാം ധനകാര്യ കമ്മിഷനായപ്പോള്‍ നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമായി. 80000 കോടിയോളം വരുന്ന കടത്തില്‍ നിന്ന് അഞ്ഞൂറോ ആയിരമോ കോടി രൂപ എഴുതിത്തളളില്ല എന്നു പറയുന്നത് കേരളമെങ്കിലും ഗൗരവത്തിലെടുത്തില്ല. അത് സംസ്ഥാന ധനകാര്യസ്ഥിതിയില്‍ ഉടന്‍ പ്രതികൂല പ്രത്യാഘാതം സൃഷ്ടിക്കുകയില്ല.
എന്നാല്‍ പതിമൂന്നാം ധനകാര്യകമ്മിഷനാകട്ടെ, കടാശ്വാസം മാത്രമല്ല ധനകാര്യ കമ്മിഷന്‍ നല്‍കുന്ന ഗ്രാന്റുകള്‍ തന്നെ ലഭിക്കണമെങ്കില്‍ ധനഉത്തരവാദിത്ത നിയമത്തിലെ നിബന്ധനകള്‍ പാലിക്കണം എന്നു ശഠിച്ചു. ഇപ്പോള്‍ പതിനാലാം ധനകാര്യകമ്മിഷനോട് ഈ സമീപനം കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പതിനാലാം ധനകാര്യ കമ്മിഷന്റെ പരിശോധനാവലയത്തിലേയ്ക്ക് സബ്‌സിഡികളെ കൊണ്ടുവന്നിരിക്കുകയാണ്. നിയമന ഉത്തരവിന്റെ മൂന്നാം വകുപ്പില്‍ ആറാം ഉപവകുപ്പായി ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു : 'കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സബ്‌സിഡികളുടെ ഭാരം സന്തുലിതമായി വഹിക്കുന്നതിന് സ്ഥായിയും ഉള്‍ച്ചേര്‍ക്കപ്പെട്ടതുമായ വികസനം ഉറപ്പുവരുത്തുന്നതിന് വേണ്ടുന്ന സബ്‌സിഡി നിലവാരം' കമ്മിഷന്‍ പരിഗണിക്കണം.
സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ വരുമാനത്തിന്റെ രണ്ടു നിശ്ചിതശതമാനമായി സബ്‌സിഡി പരിമിതപ്പെടുത്തണമെന്ന് പ്രണബ് മുഖര്‍ജി തന്റെ ബജറ്റു പ്രസംഗത്തില്‍ പറഞ്ഞതാണ്. പക്ഷേ, നടപ്പായില്ല. ഇക്കാര്യം വീണ്ടും ഫിനാന്‍സ് കമ്മിഷനെക്കൊണ്ട് പറയിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിലേറെ അപകടകരമായിട്ടുളളത് സബ്‌സിഡിയുടെ ഭാരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സന്തുലിതമായി വഹിക്കണമെന്ന നിര്‍ദ്ദേശമാണ്. ദേശീയ തൊഴിലുറപ്പു പദ്ധതി പോലുളള പദ്ധതികളുടെ ഭാരത്തില്‍ ഒരുഭാഗം സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ വന്നാലുളള സ്ഥിതി നോക്കൂ. ഇപ്പോള്‍ത്തന്നെ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ചെലവില്‍ പത്തുശതമാനം മുതല്‍ 60 ശതമാനം വരെ സംസ്ഥാനം വഹിക്കണം എന്ന നിബന്ധനകളുണ്ട്. സബ്‌സിഡികളുടെ ഭാരം കൂടുതല്‍ സംസ്ഥാനങ്ങളുടെ ചുമലിലേയ്ക്കിടുന്നതിനുളള ദുരുപദിഷ്ട നീക്കമാണിത്.
എട്ടാം ഉപവകുപ്പില്‍ മറ്റൊരു പുതിയ കാര്യം ധനകാര്യ കമ്മിഷന്റെ പരിഗണനയ്ക്ക് അവതരിപ്പിച്ചിരിക്കുകയാണ്: 'കുടിവെളളം, ജലസേചനം, വൈദ്യുതി, പൊതുഗതാഗതം തുടങ്ങിയ പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുടെ വിലനിശ്ചയത്തെ സ്റ്റാറ്റിയൂട്ടറി നടപടികളുടെ കൂടെ പൊതുനയത്തില്‍ വരുന്ന ചാഞ്ചാട്ടങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കാന്‍' നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. വളരെ വിചിത്രമായൊരു പ്രസ്താവനയാണ് മേലുദ്ധരിച്ചത്. പൊതുസേവനങ്ങളുടെ വിലനിശ്ചയം പൊതുനയത്തിന്റെ ഭാഗമാണ്. എന്നാല്‍ നിയമപരമായ നടപടികളിലൂടെ പൊതുനയത്തിലെന്തു മാറ്റം വന്നാലും അത് സേവനങ്ങളുടെ വിലനിശ്ചയത്തെ ബാധിക്കില്ല എന്നുറപ്പുവരുത്തണമെന്നാണ് നയം രൂപീകരണം നടത്തുന്നവര്‍ ധനകാര്യ കമ്മിഷനോടു പറയുന്നത്.
വോട്ടു നേടുന്നതിനു വേണ്ടി ജനങ്ങളോട് എന്തൊക്കെ വാഗ്ദാനങ്ങള്‍ നടത്തിയാലും ഭരണത്തിലേറിക്കഴിഞ്ഞാല്‍ നിയോലിബറല്‍ ചിന്താഗതിക്കാര്‍ നിശ്ചയിച്ചിട്ടുളള യൂസര്‍ ചാര്‍ജുകള്‍ ഈടാക്കിയേ തീരൂ. കുടിവെളളമടക്കം മേല്‍പ്പറഞ്ഞ സേവനങ്ങളുടെ വില പൂര്‍ണചെലവിന് അനുസൃതമായി ഉയര്‍ത്താനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വൈദ്യുതി റെഗുലേറ്ററി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ആ മേഖലയില്‍ ഈ ലക്ഷ്യം കൈവരിച്ചു. എന്നാല്‍ മറ്റു മേഖലകളില്‍ ഇന്നും വലിയതോതില്‍ സബ്‌സിഡി സര്‍ക്കാര്‍ മുടക്കേണ്ടി വരുന്നു. വൈദ്യുതി മേഖലയിലെന്നപോലെ മറ്റു സേവന മേഖലകളെയും സബ്‌സിഡി ഇല്ലാത്ത വില നിശ്ചയ രീതിയിലേയ്ക്കു കൊണ്ടുപോകേണ്ടതെങ്ങനെ എന്ന ഉപദേശം തരാന്‍ ധനകാര്യ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഒമ്പതാം ഉപവകുപ്പില്‍ മറ്റൊരു പുതിയ കാര്യവും കൂടി ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്: 'പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മത്സരശേഷിയും കമ്പോളാഭിമുഖ്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഡിസിന്‍വെസ്റ്റുമെന്റിനു വേണ്ടിയുളള പട്ടിക തയ്യാറാക്കലും മുന്‍ഗണനാ മേഖലയിലില്ലാത്തവയെ നിര്‍ത്തലാക്കുന്നതിനുമുളള' നിര്‍ദ്ദേശങ്ങള്‍ ധനകാര്യ കമ്മിഷന്‍ തരണം പോലും. പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിന് ധനകാര്യ കമ്മിഷനെ ദുരുപയോഗപ്പെടുത്തുന്നത് ഇത് നടാടെയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെക്കാള്‍ സംസ്ഥാന പൊതുമേഖലയെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നു തോന്നുന്നു.
കേരളത്തില്‍ ഇന്നത്തെ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പതിനാലാം ധനകാര്യകമ്മിഷന്‍ സംസ്ഥാനം സന്ദര്‍ശിക്കുമ്പോഴേയ്ക്കും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടിരിക്കും. അവയെ സ്വകാര്യവത്കരിക്കുന്നതിനും നിര്‍ത്തലാക്കുന്നതിനുമുളള നിര്‍ദ്ദേശങ്ങള്‍ ധനകാര്യ കമ്മിഷന്‍ തന്നെ തരികയാണെങ്കില്‍ അത് യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം ഉര്‍വശീശാപം ഉപകാരം എന്ന നിലയായിരിക്കും.
ധനകാര്യ കമ്മിഷനുളള ടേംസ് ഓഫ് റെഫറന്‍സില്‍ ആക്ഷേപാര്‍ഹമായ മറ്റൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുളള സമീപനമാണ്. 'സംസ്ഥാന ധനകാര്യ കമ്മിഷനുകളുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിലേയ്ക്ക് എന്തു നല്‍കണം' എന്നതു നിര്‍ദ്ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു പ്രശ്‌നങ്ങളുണ്ട്. സംസ്ഥാന ധനകാര്യ കമ്മിഷനുകള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത സമീപനങ്ങളാണ് കൈക്കൊണ്ടിട്ടുളളത്. ഇതുവരെ അവയെ ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പതിനാലാം ധനകാര്യ കമ്മിഷനും അതിനു കഴിയാന്‍ പോകുന്നില്ല. രണ്ടാമത്തെ പ്രശ്‌നം സംസ്ഥാന ധനകാര്യ കമ്മിഷനുകള്‍ എന്തുതന്നെ പറയട്ടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെയുളള സ്വയംഭരണ സ്ഥാപനങ്ങള്‍ ആകണമെങ്കില്‍ എന്തു ധനസഹായം നല്‍കണം എന്നതു സംബന്ധിച്ച് സ്വതന്ത്രമായ തീര്‍പ്പു നല്‍കാന്‍ ആവശ്യപ്പെടുന്നില്ല. 73,74 ഭരണഘടനാഭേദഗതിയ്ക്കു ശേഷവും ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 2 ശതമാനത്തില്‍ താഴെ മാത്രമാണ് മൊത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ്. ലോകശരാശരി പത്തുശതമാനത്തോളം വരും. ഇതൊരു മിനിമം നിലവാരത്തിലേയ്‌ക്കെങ്കിലും ഉയര്‍ത്താനാവശ്യമായ വിഭവങ്ങള്‍ കൈമാറണമെന്നു നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അധികാരവികേന്ദ്രീകരണത്തില്‍ താല്‍പര്യമുളളവരെ സംബന്ധിച്ചു ഇതു തികച്ചും നിരാശാജനകമായ നിലപാടാണ്.
ധനമന്ത്രി ധനകാര്യ കമ്മിഷന്റെ പരിഗണനയിലേയ്ക്ക് ഇത്തരം ഭരണഘടനാബാഹ്യമായ കാര്യങ്ങള്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല. ഉപാധിയോടു കൂടിയുളള വിഭവകൈമാറ്റത്തെക്കുറിച്ച് ഭരണഘടന വിഭാവന ചെയ്തിട്ടേയില്ല. കേന്ദ്രത്തിന്റെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുളള ഒരുപകരണമല്ല ധനകാര്യ കമ്മിഷന്‍ എന്ന ഭരണഘടനാസ്ഥാപനം. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു രാഷ്ട്രീയ ഉപകരണമായി ധനകാര്യ കമ്മിഷനെ അധപതിപ്പിച്ചിരിക്കുന്നു.
ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടിലുണ്ടാകേണ്ടതുണ്ട്. ടേംസ് ഓഫ് റെഫറന്‍സ് തീരുമാനിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും അവ സംബന്ധിച്ച് എത്രമാത്രം മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നുളളത് കമ്മിഷന്റെ വിവേചനാധികാരമാണ്. അവരുടെ ചിന്തയെ സ്വാധീനിക്കാന്‍ കഴിയുംവിധം ശക്തമായ രാഷ്ട്രീയപ്രചാരണത്തിന്റെ പ്രാധാന്യമിതാണ്. ഈയൊരു കടമ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതാനാവില്ല. ഊര്‍വശീശാപം ഉപകാരമെന്ന മട്ടില്‍ അവര്‍ നിശബ്ദത പാലിക്കുകയാണ്. കേരളത്തിന് എന്തും സംഭവിക്കട്ടെ. അവരുടെ പ്രതിബദ്ധത കേരളത്തോടല്ല, നിയോലിബറല്‍ പ്രത്യയശാസ്ത്രത്തോടാണ്.