Wednesday, July 30, 2014

സഹകരണ പ്രസ്ഥാനവും മാര്‍ക്സിസവും


 
സോഷ്യലിസവും സഹകരണ പ്രസ്ഥാനവും തമ്മിലുളള ബന്ധം സോഷ്യലിസ്റ്റ് ആശയഗതിയുടെ തുടക്കം മുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. സഹകരണ പ്രസ്ഥാനത്തെ സോഷ്യലിസത്തിലേയ്ക്കുളള പാതയായി കണ്ടവരും സഹകരണ പ്രസ്ഥാനത്തെ വ്യാമോഹങ്ങള്‍ സൃഷ്ടിക്കുന്ന വ്യതിയാനമായി കണ്ടവരുമുണ്ട്. ഈ പശ്ചാത്തലത്തില്‍  മുതലാളിത്ത സമൂഹത്തിലെ തൊഴിലാളി സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് മാര്‍ക്സിസത്തിന്‍റെ സമീപനമെന്ത് എന്ന അന്വേഷണം പ്രസക്തമാണ്.

സോഷ്യലിസ്റ്റ് സാങ്കല്‍പികലോകത്തിലേക്കുള്ള കുറുക്കു വഴിയായി സഹകരണ പ്രസ്ഥാനത്തെ വിലയിരുത്തിയ റോബര്‍ട്ട് ഓവനെപ്പോലുള്ളവരുടെ സമീപനങ്ങളെ മാര്‍ക്സും എംഗത്സും വിമര്‍ശനവിധേയമായി പരിശോധിച്ചിട്ടുണ്ട്. ഉട്ടോപ്യന്‍ പരീക്ഷണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് വെബ്ബിന്‍റെ ഫാബിയന്‍ സോഷ്യലിസ്റ്റ് സിദ്ധാന്തം രൂപപ്പെട്ടത്. ഇവര്‍ ഉപഭോക്തൃ സഹകരണസംഘങ്ങള്‍ക്ക് നല്‍കിയ ഊന്നല്‍ മൂലം അവയായിത്തീര്‍ന്നു ഇംഗ്ലണ്ടിലെ സഹകരണ പ്രസ്ഥാനത്തിലെ മുഖ്യധാര. ഇംഗ്ലണ്ടിലെ തൊഴിലാളി പ്രസ്ഥാനത്തെ ഇത്തരം ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍ നിന്ന് വിടുതല്‍ ചെയ്തത് ചാര്‍ട്ടിസ്റ്റുകളാണ്. 
നോട്ട്സ് ടു ദി പീപ്പിള്‍ എന്ന ചാര്‍ട്ടിസ്റ്റുകളുടെ മുഖപത്രത്തില്‍ ഏണെസ്റ്റ് ജോണ്‍സിനൊപ്പം ചേര്‍ന്ന് മാര്‍ക്സ് ക്രിസ്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ അനുകൂലികള്‍ക്കെതിരെ തന്‍റെ ആശയഗതികള്‍ അവതരിപ്പിച്ചിരുന്നു. ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് അനുകൂലികളുടെ വിഭ്രമങ്ങളെ മാര്‍ക്സ് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. വര്‍ഗസമരങ്ങളെ കണക്കിലെടുക്കാത്ത സഹകരണ സ്ഥാപനങ്ങളുടെ പിതൃകേന്ദ്രീകൃത സമീപനങ്ങളെയും മാര്‍ക്സ് വിമര്‍ശിച്ചു. സഹകരണസ്ഥാപനങ്ങള്‍ തൊഴിലാളികളുടെ നൈസര്‍ഗികമായ മുന്നേറ്റത്തിന്‍റെ ഫലമായി രൂപപ്പെടേണ്ടതാണ് എന്ന കാഴ്ചപ്പാടായിരുന്നു മാര്‍ക്സ് മുന്നോട്ടുവെച്ചത്. ഉപഭോക്തൃ സഹകരണസ്ഥാപനങ്ങളല്ല, ഉല്‍പാദക സഹകരണ സംഘങ്ങള്‍ക്കാണ് മാര്‍ക്സ് ഊന്നല്‍ നല്‍കിയത്.  


വര്‍ഗവൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന സമകാലിക സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്ന ശക്തിയായിട്ടാണ് മാര്‍ക്സിയന്‍ സോഷ്യലിസം സഹകരണ പ്രസ്ഥാനത്തെ വിലയിരുത്തുന്നത്. അതനുസരിച്ച് സഹകരണ പ്രസ്ഥാനം മുതലാളിത്തത്തെ അതിജീവിക്കാനുളള പ്രായോഗിക ഉപാധികളിലൊന്നാണ്. പക്ഷേ, ഒറ്റയ്ക്കൊറ്റയ്ക്കെടുത്താല്‍ സഹകരണസ്ഥാപനങ്ങള്‍ സാമൂഹ്യമുന്നേറ്റങ്ങളുണ്ടാക്കുന്നതിന് അശക്തമാണെന്നും മാര്‍ക്സ് കണ്ടു.

ഒറ്റപ്പെട്ട കൂലി അടിമകള്‍, അവരുടെ സ്വകാര്യ പ്രയത്നത്തിലൂടെ രൂപം നല്‍കാന്‍ പറ്റുന്ന കുളളന്‍ സംഘങ്ങളിലേയ്ക്ക് പരിമിതപ്പെട്ടാല്‍ സഹകരണ പ്രസ്ഥാനം ഒരിക്കലും മുതലാളിത്ത സമൂഹത്തെ പരിവര്‍ത്തനം ചെയ്യില്ല. സാമൂഹ്യ ഉല്‍പാദനത്തെ വിപുലവും സംഘര്‍ഷരഹിതവുമായ സ്വതന്ത്രസഹകരണ അധ്വാനമായി പരിവര്‍ത്തനം ചെയ്യണമെങ്കില്‍ പൊതുവായ സാമൂഹ്യമാറ്റവും സാമൂഹ്യസ്ഥിതിയിലുളള മാറ്റങ്ങളും അനിവാര്യമാണ്. മുതലാളിമാരില്‍ നിന്നും ജന്മിമാരില്‍ നിന്നും രാഷ്ട്രീയാധികാരം ഉല്‍പാദകരുടെ കൈയിലേയ്ക്ക് മാറ്റിക്കൊണ്ടല്ലാതെ ഈ ലക്ഷ്യം ഒരിക്കലും നേടാനാവില്ല. (മാര്‍ക്സ്, ജനറല്‍ കൗണ്‍സിലിലെ പ്രതിനിധികള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍)

സമൂഹ്യമാറ്റം സാധ്യമാകണമെങ്കില്‍ രാഷ്ട്രീയാധികാരം കൈയടക്കിയേ മതിയാകൂ. ഇവിടെയാണ് അരാജകവാദികളും മാര്‍ക്സിസ്റ്റുകാരും ആശയപരമായി വേര്‍പിരിയുന്നത്. ഭരണകൂടത്തെ വിധേയപ്പെടുത്തുക എന്നതല്ല, തകര്‍ക്കുക എന്നതാണ് അരാജകവാദികളുടെ ലക്ഷ്യം. സ്വേച്ഛാധിപത്യ ഭരണകൂടം തകരുമ്പോള്‍ തൊഴിലാളിപക്ഷത്തു നിന്ന് സഹകരണത്തില്‍ അധിഷ്ഠിതമായ ഒരു പ്രക്രിയ താഴേത്തട്ടില്‍ നിന്നും മുകളിലേയ്ക്ക് തികച്ചും സ്വാഭാവികമായി രൂപപ്പെടുമെന്ന് അവര്‍ പ്രതീക്ഷിച്ചു. തൊഴിലാളികളുടെ വന്‍തോതിലുളള സഹകരണ ശൃംഖല രൂപപ്പെടുത്താന്‍ റഷ്യന്‍ അരാജകവാദിയായ ക്രോപ്പോകിന്‍ ആഹ്വാനം ചെയ്തു. അധ്വാനിക്കുന്നവരിലുണ്ടാകുന്ന സ്വാഭാവിക പ്രചോദനമാണ് സഹകരണമനോഭാവം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

വിഖ്യാതനായ ഫ്രഞ്ച് ചിന്തകന്‍ ജോസഫ് പ്രുഥോണ്‍ ഈ ആശയത്തെ വികസിപ്പിച്ചു. ഫ്രാന്‍സിലെ ട്രേഡ് യൂണിയനുകള്‍ ഈ സങ്കല്‍പത്തെ ഏറെക്കാലം പിന്‍പറ്റി. അവരെ സംബന്ധിച്ച് മുതലാളിത്ത ക്രമത്തെ തകര്‍ക്കാനുളള ആയുധമായിരുന്നു പൊതുപണിമുടക്ക്, തൊഴിലാളി യൂണിയനുകളാകട്ടെ, വ്യവസായ മേഖലയെ ഭരിക്കാനുളള കാര്യകര്‍ത്താവും. വികേന്ദ്രീകൃത പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിയിരുന്നതുകൊണ്ട് വെവ്വേറെയുളള സഹകരണ പരീക്ഷണങ്ങള്‍ക്ക് അരാജകവാദികളുടെ ചിന്തകള്‍ വളക്കൂറുളള മണ്ണായി. ഇന്നും സഹകരണപ്രസ്ഥാനങ്ങളെ ഈ ചിന്ത സ്വാധീനിക്കുന്നുണ്ട്.

എന്നാല്‍ മലബാറിലെ സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തില്‍ ഈ ചിന്തകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്സിസ്റ്റ് ആശയങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമാണ് മലബാര്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ ജീവനും ശക്തിയും. ഭരണകൂടാധികാരം വിപ്ലവകരമായി കൈയടിക്കൊണ്ടല്ലാതെ സാമൂഹ്യമാറ്റം സാധ്യമാകില്ല എന്നു വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരാണ് സഹകരണ പ്രസ്ഥാനത്തെ നയിച്ചത്.

മുതലാളിത്ത ഉല്‍പാദന രീതി നിലനില്‍ക്കുന്ന സമൂഹത്തില്‍ രൂപപ്പെടുന്ന ഒറ്റപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ ദീര്‍ഘകാലത്തില്‍ അവ രൂപപ്പെടാനിടയായ സാഹചര്യങ്ങളുടെ പരിമിതികള്‍ക്കകത്തു നിന്ന് കാലക്രമേണെ ക്ഷയിക്കാനാണ് സാധ്യത.  ഏണെസ്റ്റ് മാന്‍ഡെലിനെപ്പോലുളള മാര്‍ക്സിസ്റ്റു ചിന്തകര്‍ ഈ കാഴ്ചപ്പാടിലാണ് ഊന്നുന്നത്. തുടര്‍ന്ന് സഹകരണപ്രസ്ഥാനത്തെ നിഷേധാത്മകമായി വിലയിരുത്തുകയും ചെയ്തു. തൊഴിലാളി സഹകരണ സംഘങ്ങളുടെ പരിമിതി നിലനില്‍ക്കുമ്പോള്‍ത്തന്നെ സാമൂഹ്യവിപ്ലവത്തിന് തൊഴിലാളികളെ ബോധവത്കരിക്കാനുളള ഉപകരണമാക്കി അവയെ വളര്‍ത്താനാവുമോ എന്ന ചോദ്യം അവര്‍ പരിഗണിക്കുന്നില്ല.

വര്‍ഗസമരങ്ങളില്‍ നിന്ന് തൊഴിലാളികളെ അടര്‍ത്തിമാറ്റുന്ന ഉട്ടോപ്യന്‍ സഹകരണ പരീക്ഷണങ്ങളെ മാര്‍ക്സ് എതിര്‍ത്തിരുന്നു. ഇംഗ്ലണ്ടിലെ ഉട്ടോപ്യന്‍ സഹകരണ പ്രസ്ഥാനത്തിനു മേല്‍ തൊഴിലാളി സഹകരണസംഘങ്ങള്‍ നേടിയ മേധാവിത്തത്തെ അദ്ദേഹം സോല്‍സാഹം അംഗീകരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ അവ സിദ്ധാന്തങ്ങളുടെ പ്രായോഗിക പരിണാമമാണെന്നും ആരുടെയും കണ്ടുപിടിത്തമല്ലെന്നും പ്രായോഗികതയുടെ ഉച്ചത്തിലുളള വിളംബരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.  തൊഴിലാളി സമരങ്ങളില്‍ നിന്ന് നൈസര്‍ഗികമായി ഉടലെടുത്ത മുന്നേറ്റമായിരുന്നു അത്തരം സ്ഥപനങ്ങള്‍. അതുകൊണ്ട് മാര്‍ക്സ് തൊഴിലാളികള്‍ ഉല്‍പാദന സഹകരണ സംഘങ്ങളില്‍ അംഗങ്ങളാകണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമല്ല, , അവയുടെ ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുന്നതിനും സോഷ്യലിസ്റ്റ് ദിശാബോധം ഉറപ്പുവരുത്തുന്നതിനും പിന്തുടരേണ്ട തത്ത്വങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു..

എന്നാല്‍ തൊഴിലാളി സഹകരണ പ്രസ്ഥാനത്തിന്‍റെ രാഷ്ട്രീയ ധര്‍മ്മത്തെക്കുറിച്ചുളള ഏറ്റവും സമഗ്രമായ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിന് സമകാലീന പണ്ഡിതരില്‍ നിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല. സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് അന്തര്‍ദേശീയ തലത്തില്‍ തൊഴിലാളി പ്രസ്ഥാനത്തിനകത്തു നിലനിന്ന പ്രത്യയശാസ്ത്ര ഭിന്നതയ്ക്ക്  വിരാമമിട്ടുകൊണ്ട്   1910ല്‍ കോപ്പണ്‍ഹേഗനിലെ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഗ്രസില്‍ ലെനിന്‍ അവതരിപ്പിച്ച രേഖ ഇതു സംബന്ധിച്ച ഏറ്റവും സംക്ഷിപ്തമായ നിലപാട് മുന്നോട്ടു വെയ്ക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ സഹകരണ പ്രസ്ഥാനത്തിന് മൂന്ന് അനുകൂല ഘടകങ്ങളുണ്ട്.
ഒന്ന്) ഇടനിലക്കാരെ ഒഴിവാക്കിയും തൊഴില്‍സാഹചര്യങ്ങളെ  സ്വാധീനിച്ചും അവ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നു.
രണ്ട്)പണിമുടക്കുകളിലും ലോക്കൗട്ടുകളിലും തൊഴിലാളികള്‍ ബലിമൃഗമാക്കപ്പെടുന്ന മറ്റു സാഹചര്യങ്ങളിലും അവ സഹായഹസ്തമായി നിലകൊളളുന്നു
മൂന്ന്) സ്വതന്ത്രമായ മാനേജ്മെന്‍റ്, വിതരണത്തിന്‍റെ സംഘാടനം എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കി ഭാവിയിലെ സോഷ്യലിസ്റ്റ് സമൂഹത്തിനുവേണ്ടി       തൊഴിലാളികളെ സജ്ജരാക്കുന്നു. അതേസമയം മുതലാളിത്ത സമൂഹത്തില്‍ സഹകരണസ്ഥാപനങ്ങള്‍ കൈവരിക്കുന്ന ചെറിയ നേട്ടങ്ങളുടെ പരിമിതിയെക്കുറിച്ചും ലെനിന്‍ മുന്നറിയിപ്പു നല്‍കി. മൂലധനത്തിനെതിരെയുളള തുറന്ന പോരാട്ടങ്ങള്‍ക്കുളള വേദിയല്ല സഹകരണ സ്ഥാപനങ്ങള്‍ എന്നതിനാല്‍ അവയുടെ നേട്ടങ്ങള്‍ തൊഴിലാളികളെ ഭ്രമിപ്പിച്ചേക്കാം. അതുകൊണ്ട് സോഷ്യലിസ്റ്റുകള്‍ക്ക് താഴെ പറയുന്ന പ്രവര്‍ത്തന പരിപാടി അദ്ദേഹം ആവിഷ്കരിച്ചു.

എ) തൊഴിലാളി, സഹകരണ സംഘങ്ങളില്‍ ചേരുകയും അവയുടെ വികസനത്തിന് എല്ലാവിധ സഹായവും നല്‍കണം. അവയുടെ പ്രവര്‍ത്തനം കണിശമായ ജനാധിപത്യ രീതികളില്‍ അധിഷ്ഠിതമായിരിക്കണം. ഉദാഹരണത്തിന് താഴ്ന്ന പ്രവേശനഫീസ്, തുല്യ അവകാശം തുടങ്ങിയവ.
ബി) തൊഴിലാളിസാമാന്യത്തിനിടയില്‍ വര്‍ഗസമരത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുളള അക്ഷീണമായ സോഷ്യലിസ്റ്റ് പ്രക്ഷോഭപ്രചാരണം ഉണ്ടാകണം.  
സി) ട്രേഡ് യൂണിയനുകളും സോഷ്യലിസ്റ്റ് പാര്‍ടിയുമായി സഹകരണ സംഘങ്ങളുടെ ജൈവബന്ധം വളര്‍ത്തിയെടുക്കുന്നതു വഴി സഹകാരികള്‍ക്കിടയില്‍ സോഷ്യലിസത്തെക്കുറിച്ചുളള അവബോധം വളരുന്നു.
ഡി) അതേസമയം ഉല്‍പാദക സഹകരണ സംഘങ്ങള്‍ തൊഴിലാളിവര്‍ഗത്തിന്‍റെ സമരത്തിന് സഹായകരമാകണമെങ്കില്‍ ഉപഭോക്തൃ സഹകരണ സംഘങ്ങളുമായി സജീവബന്ധം വളര്‍ത്തിയെടുക്കണം (ലെനിന്‍, കോപ്പന്‍ഹേഗന്‍ അന്തര്‍ദേശീയ സഹകരണ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍).

പറഞ്ഞു നിര്‍ത്തിയ ഭാഗം, ഉല്‍പാദന സഹകരണ സംഘങ്ങളുടെ വികാസത്തിനു പ്രതിബന്ധമായി ഇംഗ്ലണ്ടില്‍ നിലനിന്ന കണ്‍സ്യൂമെര്‍ സംഘങ്ങളോട് മാര്‍ക്സ് സ്വീകരിച്ച സമീപനത്തില്‍ നിന്ന് വിരുദ്ധമാണ്.  സഹകരണ വിപണനശാലകളെക്കാള്‍ സഹകരണ ഉല്‍പാദനത്തിനാണ് മാര്‍ക്സ് തൊഴിലാളികളെ ആഹ്വാനം ചെയ്തത്. എന്നാല്‍  മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതിഗതികളെയാണ് ലെനിന്‍ കണക്കിലെടുത്തത്. അതുകൂടി മനസില്‍ വെച്ചുകൊണ്ടാകണം രണ്ടു രീതികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് ലെനിന്‍ ഊന്നല്‍ കൊടുത്തത്.

റിവിഷനിസ്റ്റ് ചിന്താഗതിയുടെ ഉപജ്ഞാതാവ് ബേണ്‍സ്റ്റീന്‍ സഹകരണ പ്രസ്ഥാനത്തെ സാമൂഹ്യമാറ്റത്തിനുളള ഒറ്റമൂലിയായി കണ്ടു. ബേണ്‍സ്റ്റിന്‍റെ നിശിതവിമര്‍ശകയായിരുന്നു റോസാ ലക്സംബര്‍ഗ്. സഹകരണ പ്രസ്ഥാനങ്ങള്‍  മുതലാളിത്ത വ്യവസ്ഥയ്ക്കുളളില്‍ ദീര്‍ഘനാളില്‍ ക്ഷയിക്കാതെ നിര്‍വാഹമില്ല എന്ന വാദക്കാരിയായിരുന്നു അവര്‍. ബേണ്‍സ്റ്റീനെതിരായ വിമര്‍ശനത്തിന്‍റെ ഭാഗമായിട്ടുവേണം ഈ മറുകണ്ടം ചാടലിനെ മനസിലാക്കാന്‍. ഉല്‍പാദക സഹകരണ സംഘങ്ങളും ഉപഭോക്തൃ സഹകരണ സംഘങ്ങളും തമ്മിലുളള ബന്ധം വിശദീകരിച്ചതാണ് റോസാ ലക്സംബര്‍ഗിന്‍റെ ഒരു പ്രധാനസംഭാവന. കമ്പോളത്തിന്‍റെ ചാഞ്ചാട്ടത്തില്‍ നിന്ന് ഉല്‍പാദക സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിന് ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ അനിവാര്യമാണ് എന്നവര്‍ കണ്ടു.

ഇതുവരെ ചര്‍ച്ച ചെയ്ത യൂറോപ്യന്‍ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിലാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം വളര്‍ന്നത്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഹുണ്ടികക്കാര്‍ക്കും അവര്‍ സൃഷ്ടിക്കുന്ന ക്ഷാമത്തിനും എതിരെയുളള ഉപാധിയെന്ന നിലയില്‍ സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ സഹകരണ സംഘങ്ങള്‍ വികസന തന്ത്രത്തിന്‍റെ ഒരു പ്രധാന ഘടകമായി.

സ്വകാര്യമേഖല, പൊതുമേഖല, സഹകരണ മേഖല എന്നിവ ചേരുന്നതായിരുന്നു ഇന്ത്യയിലെ സമ്മിശ്ര സമ്പദ്‍വ്യവസ്ഥ. സാധാരണക്കാരിലേയ്ക്കു വായ്പയെത്തുന്നതിനു വേണ്ടി സഹകരണ വായ്പാ സംഘങ്ങളുടെ അതിവിപുലമായ ഒരു ശൃംഖല പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ടു. ഇവയ്ക്കായി ഒരു ത്രിതല ഘടനയും രൂപം കൊണ്ടു. പരമ്പരാഗത വ്യവസായ പുനസംഘടനയുടെ ഭാഗമായി ഈ മേഖലകളിലും സഹകരണ പ്രസ്ഥാനം സാര്‍വത്രികമായി.

ഇന്നിപ്പോള്‍ ഏതാണ്ട് പ്രധാനപ്പെട്ട എല്ലാ സാമ്പത്തിക മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്‍റെ കൈയൊപ്പുണ്ട്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന സവിശേഷത അവ താഴത്തു നിന്ന് സമരങ്ങളുടെ ഭാഗമായി രൂപം കൊണ്ടതല്ല, മറിച്ച് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി മുകളില്‍ നിന്ന് താഴേയ്ക്ക് രൂപം കൊണ്ടിട്ടുളളതാണ്. തൊഴിലാളികളുടെ പ്രതിരോധ സമരങ്ങളിലൂടെ രൂപം കൊണ്ടവ ന്യൂനപക്ഷവുമാണ്. പക്ഷേ, മുഖ്യധാര ആദ്യം പറഞ്ഞതാണ്. അതുകൊണ്ടുതന്നെ യൂറോപ്യന്‍ സഹകരണ സംഘങ്ങളെക്കാള്‍ രാഷ്ട്രീയമായി  ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിനു പരിമിതികളുണ്ട്. അതേസമയം സര്‍ക്കാരിന്‍റെ പിന്തുണ മൂലം സാര്‍വത്രികമായ നിലനില്‍പ്പിന്‍റെ സാധ്യതകള്‍ യൂറോപ്പിലെക്കാള്‍ കൂടുതലുമാണ്. ഈ സാധ്യത ഇല്ലാതാക്കാനാണ് നിയോലിബറലുകള്‍ ശ്രമിക്കുന്നത്. സഹകരണ മേഖലയ്ക്ക് പുതിയൊരു രാഷ്ട്രീയമാനം നല്‍കുന്നതിന് ഈ നീക്കങ്ങള്‍ക്കെതിരെയുളള ചെറുത്തു നില്‍പ്പ് ഒരുപാധിയാക്കാനാവും.

1 comment:

  1. ലേഖനം വായിച്ചു. വിഷയത്തെപ്പറ്റി വലിയ അറിവില്ലാത്തതാല്‍ അഭിപ്രായം പറയാനില്ല

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...