Showing posts with label ആഗോളമാന്ദ്യം. Show all posts
Showing posts with label ആഗോളമാന്ദ്യം. Show all posts

Monday, April 6, 2020

കൊറോണക്കാലത്ത്‌ കിഫ്‌ബി താങ്ങാവും...... Read more at: https://www.mathrubhumi.com/features/business/how-kiifb-can-help-kerala-to-overcome-corona-s-impact-1.4608713

ധനവിചാരം - മാതൃഭൂമി - മാർച്ച് 12, 2020

കൊറോണ ഉയർത്തുന്ന സാമ്പത്തിക ഉലച്ചിലിന്റെ പാശ്ചാത്തലത്തിൽ കേരളം തനതായ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. അതാണ് കിഫ്ബിയുടെ  ആഭിമുഖ്യത്തിലുള്ള  സമാനതകളില്ലാത്ത  പശ്ചാത്തലനിക്ഷേപപദ്ധതി.  ഇത് ഈ മാന്ദ്യകാലത്ത് നമ്മുടെ സമ്പദ്ഘടനയ്ക്ക് സുപ്രധാന താങ്ങായിരിക്കും
 

 അമേരിക്ക തുമ്മിയാൽ ലോകത്തിന്‌ പനിക്കും എന്നൊരു ചൊല്ലുണ്ട്. ഇപ്പോൾ ചൈന തുമ്മിയാലും ലോകത്തിന്‌ പനിക്കും എന്നായിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആഗോളവരുമാനത്തിന്റെ നാലുശതമാനത്തിൽത്താഴെയായിരുന്നു ചൈനയുടെ വിഹിതം. ഇപ്പോഴത് 19 ശതമാനമായി ഉയർന്നിട്ടുണ്ട്. രണ്ടക്കത്തിലുള്ള പ്രതിവർഷവളർച്ചയാണ് ചൈനയെ ഇവിടെ എത്തിച്ചത്. എന്നാൽ, കോവിഡ്-19 മഹാമാരിയോടെ ചൈനയുടെ കുതിപ്പ് കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിലയിലേക്ക്‌ ഇടിയാൻ പോവുകയാണ്. 2020-ന്റെ അവസാനപാദത്തിൽ ഉത്‌പാദനം കേവലമായി കുറഞ്ഞാലും അദ്‌ഭുതപ്പെടേണ്ട. 

ആഗോളവത്‌കരണം പുതിയ പകർച്ചവ്യാധികളെ ആഗോളമാരികളാക്കുന്നു. 1981 ജൂണിൽ എയ്‌ഡ്‌സിന്റെ ആദ്യറിപ്പോർട്ടുകൾ വന്നെങ്കിലും വൈറസിനെ കണ്ടെത്താൻ രണ്ടുവർഷമെടുത്തു. ആഫ്രിക്കയിൽനിന്ന് ആഗോളമായി എയ്ഡ്‌സ് പടർന്നു. പക്ഷേ, ഇന്നത്തേതുപോലൊരു ആഗോള സാമ്പത്തികത്തകർച്ചയുണ്ടായില്ല. അങ്ങനെയെങ്കിൽ വൈദ്യശാസ്ത്രരംഗത്ത് വലിയ പുരോഗതികൈവരിച്ചിട്ടും ഇന്ന് കൊറോണ വൈറസ് എന്തുകൊണ്ട് ആഗോള സാമ്പത്തിക പരിഭ്രാന്തി സൃഷ്ടിക്കുന്നു? 

രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും ലക്ഷണങ്ങൾ കാണിക്കുന്നവരെയും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുംവരെ ക്വാറ​െ​െന്റൻ നിരീക്ഷണത്തിലാക്കുക, ആൾക്കൂട്ടങ്ങൾ, സഞ്ചാരങ്ങൾ, ഹസ്തദാനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, കൈ ഇടയ്ക്കിടെ ശുദ്ധീകരിക്കുക, അതുചെയ്യാതെ കണ്ണ്, മൂക്ക്, ചെവി, വായ എന്നിവയെ സ്പർശിക്കാതിരിക്കുക ഇതൊക്കെയാണ് ലോകാരോഗ്യ സംഘടനയടക്കമുള്ളവർ പറയുന്നത്. കേരളം ഇക്കാര്യത്തിൽ കർശനമായ നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.  

ഇത്തരത്തിൽ സാമൂഹിക അകലം പാലിക്കുന്നതുപോലും സാമ്പത്തികപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഗതാഗതം, വിനോദം, ടൂറിസം മേഖലകൾക്ക് വലിയ തിരിച്ചടിവരും. കച്ചവടം കുറയും. പക്ഷേ, ഈ നഷ്ടം സഹിക്കാൻ തയ്യാറായില്ലെങ്കിൽ നൽകേണ്ടിവരുന്ന വില വലുതാണ്.
  
കൊറോണ മഹാമാരിയാകുമ്പോൾ 

തുടക്കത്തിൽ രോഗത്തെക്കുറിച്ച്‌ വേണ്ടത്ര അറിവില്ലായ്മമൂലം ചൈനയിൽ ഇത് മഹാമാരിയായി. എല്ലാം പൂട്ടി. ഹ്യൂബൈ പ്രവിശ്യ തടങ്കലിലായി. മറ്റുപ്രദേശങ്ങളിലും ഫാക്ടറികൾ അടച്ചു. ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാനപഠനത്തിന്റെ ഭാഗമായി ബഹിരാകാശ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഓരോ രാജ്യത്തിന്റെയും മുകളിലുള്ള അന്തരീക്ഷ മലിനീകരണം, ഹരിത വാതകങ്ങളുടെ സാന്നിധ്യം എന്നിവ അളക്കാറുണ്ട്. ചൈനയിലെ ഇവയുടെ തോത് ഫെബ്രുവരിയിൽ നാടകീയമായി കുറഞ്ഞെന്ന് അവർ ചൂണ്ടിക്കാണിച്ചു. ഇതുപോലെ യൂറോപ്പിലെ ഏറ്റവും വികസിതപ്രദേശങ്ങളിലൊന്നായ മിലാൻ ഇന്ന് ഫാക്ടറികളും ഓഫീസുകളും കടകളുമെല്ലാം അടച്ച് ശ്മശാനമൂകതയിലാണ്. കോവിഡ്-19 മഹാമാരിയാകുന്നതോടെ അനിവാര്യമായി സംഭവിക്കാൻ പോകുന്ന പതനമാണിത്.  

 പതനം ഒഴിവാക്കാൻ 

മേൽപ്പറഞ്ഞ അടച്ചുപൂട്ടൽ സാമ്പത്തികോത്‌പാദനത്തെ തകർത്തെന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങനെ തകർന്നത് എയ്ഡ്‌സിന്റെ കാലത്തെന്നപോലെ ആഫ്രിക്കൻ സമ്പദ്ഘടനകളായിരുന്നില്ല. മറിച്ച്, 21-ാം നൂറ്റാണ്ടിന്റെ ആഗോള ഫാക്ടറിയായി അറിയപ്പെടുന്ന ചൈനയിലാണ്. പല രാജ്യങ്ങളുടെയും ഫാക്ടറികൾക്ക് ആവശ്യമായ ഇന്റർമീഡിയറ്റ് ഉത്‌പന്നങ്ങൾ അവിടെയാണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, ഓസ്‌ട്രേലിയയിലെ വിവിധ ഖനിജങ്ങൾ സംസ്കരിക്കുന്നത് ചൈനയിലാണ്. ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്, കാർ ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിനാവശ്യമായ ഘടകപദാർഥങ്ങളും വരുന്നത് അവിടെനിന്നുതന്നെ. ആഗോള സപ്ലൈ ചെയിൻ ഹബ്ബാണ് ചൈന. ചൈനയിലെ ഉത്‌പാദനം നിലച്ചത് ആഗോള ഉത്‌പാദനത്തെ പ്രതികൂലമായി ബാധിച്ചു. 

ചൈനയുമായി ഏറ്റവും ഉദ്ഗ്രഥിക്കപ്പെട്ട ജപ്പാൻ, കൊറിയ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലും മേഖലകളിലുമാണ് ഏറ്റവും വലിയ തിരിച്ചടി. കമ്പോളസമ്പദ്ഘടനയിൽ ഇടവിട്ട് സാമ്പത്തിക തകർച്ചകൾ അനിവാര്യമാണ്. ഉത്‌പാദനം വളരുന്ന മുറയ്ക്ക് കമ്പോളം വികസിക്കില്ല. പ്രത്യേകിച്ച് ഉപഭോക്താക്കളുടെ വാങ്ങൽ കഴിവ്. മാർക്സ് മുതൽ കെയിൻസ് വരെയുള്ളവർക്ക് യോജിപ്പുള്ള കാര്യമാണിത്. നിക്ഷേപകമ്പോളവും ഉത്‌പാദനവർധനയ്ക്കനുസരിച്ച് വളരണമെന്നില്ല.  സാമ്പത്തിക വളർച്ചയുടെ ആക്കം കൂടുംതോറും സാമഗ്രികളുടെ വില, കൂലി, പലിശ തുടങ്ങിയവ ഉയരും. ഇത് നിക്ഷേപകരിൽ ഭാവിലാഭത്തെക്കുറിച്ച് ആശങ്കയുണ്ടാക്കും. അവർ നിക്ഷേപം നടത്താൻ മടിക്കും.

അങ്ങനെ കൈയിൽ പണമില്ലാത്തതുകൊണ്ട് സാധാരണക്കാർ സാധനങ്ങൾ വാങ്ങില്ല. കൈയിൽ പണമുണ്ടെങ്കിലും നിക്ഷേപകർ വാങ്ങാൻ മടിക്കും.   മേൽപ്പറഞ്ഞ പ്രവണതകൾ അനിവാര്യമാക്കുന്ന പതനം ഒഴിവാക്കാൻ പല നടപടിയും സ്വീകരിക്കാം. ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ഉദാരമായ വായ്പലഭ്യമാക്കലാണ് മുഖ്യമായ മാർഗം. വായ്പയുടെ കടൽപ്പാലത്തിന് ദൈർഘ്യമേറുംതോറും അപകടത്തിന്റെ സാധ്യത കൂടിക്കൊണ്ടിരിക്കും. അസാധാരണ തിരിച്ചടിയുണ്ടായാൽ കടത്തിന്റെ പാലം പൊളിയും. സമ്പദ്ഘടന താഴേക്ക്‌ ഉരുണ്ടുതുടങ്ങും. വീട്ടുവായ്പകമ്പോളത്തിന്റെ തകർച്ചയും പ്രമുഖ ബാങ്കുകളുടെ പൂട്ടലുമാണ് 2008-ൽ ആഗോളമാന്ദ്യത്തിന്‌ വഴിയൊരുക്കിയത്.

കരകയറ്റത്തിന് 34 വർഷമെടുത്തു. കഴിഞ്ഞ ഒരു വർഷമായി അടുത്ത തകർച്ചയെക്കുറിച്ചുള്ള ചർച്ചകളാണ്. ഇക്കണോമിസ്റ്റ് മാസിക പലവട്ടം ഇതുസംബന്ധിച്ച് ലേഖനങ്ങളും എഴുതി. കഴിഞ്ഞ സാമ്പത്തികത്തകർച്ചയുടെ നിമിത്തം ലെഹ്‌മാൻ ബാങ്ക് പൊളിഞ്ഞതായിരുന്നെങ്കിൽ കൊറോണ വൈറസാകുമോ 2020-ലെ ലോകസാമ്പത്തികത്തകർച്ചയുടെ നിമിത്തം?   ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾപ്രകാരം ആഗോള ഉത്‌പാദനം 2019-ൽ 2.9 ശതമാനമായിരുന്നത് 2.4 ശതമാനമായി താഴും. ഈ റിപ്പോർട്ടിൽ പറയുന്നത് കോവിഡ്-19 മഹാമാരിയായിത്തീർന്നാൽ (Pandemic) ആഗോളവളർച്ച 1.9 ശതമാനമായി താഴുമെന്നാണ്. ലോകാരോഗ്യസംഘടന കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗോള ഉത്‌പാദനവളർച്ച 2.5 ശതമാനത്തിൽ താഴെയാകുന്ന അവസ്ഥയെയാണ് ഐ.എം.എഫ്. ആഗോളമാന്ദ്യമായി പ്രഖ്യാപിക്കുന്നത്. ലോകം മറ്റൊരു മാന്ദ്യത്തിന്റെ പടിവാതിൽക്കലാണ്.

കൊച്ചുകേരളം ചെയ്യേണ്ടത്‌ 
എന്താണ് നമ്മുടെ കൊച്ചുകേരളം ചെയ്യേണ്ടത്? കേരളത്തിൽ നാം കൊറോണ വൈറസിനെ പിടിച്ചുകെട്ടിയിടാൻ ശ്രമിക്കുന്നു. ചൈനയിൽനിന്നുവന്നവരെ ഫലപ്രദമായി ക്വാറ​െന്റെൻ ചെയ്തു. രോഗബാധിതരായ രണ്ടുപേരെ സുഖപ്പെടുത്തി. പകർച്ച തടഞ്ഞു. ലോകപ്രശംസ പിടിച്ചുപറ്റിയ ഒരു പ്രകടനമാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ നടത്തിയത്. നമുക്കിതെങ്ങനെ കഴിഞ്ഞു, കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രത്യേകതകൾ എന്ത് തുടങ്ങിയവ പല ആഗോളവിദഗ്ധരും പരാമർശിച്ചുകണ്ടു. 

ഒരു ഭാഗ്യപരീക്ഷണത്തിനും നാം തയ്യാറല്ല എന്നതിന്റെ പ്രഖ്യാപനമായിരുന്നു മുഖ്യമന്ത്രി നൽകിയ ജാഗ്രതാ നിർദേശങ്ങൾ.  ഇറ്റലിയിലെ അനുഭവമെന്താണ്? ഫെബ്രുവരി 21-നാണ് ആദ്യകേസ് കണ്ടത്. മാർച്ച് നാലിന് 587-ൽ തുടങ്ങി മാർച്ച് 11 ആയപ്പോഴേക്കും 2313-ൽ എത്തി. മൊത്തം 12,460, മരണം 827. ഇതുപോലെ ഓരോ രാജ്യത്തെയും കണക്കുകൾ കാണിക്കുന്നത് തുടക്കത്തിൽ വേണ്ടത്ര ജാഗ്രതയെടുത്തില്ലെങ്കിൽ ഈ പകർച്ചവ്യാധി ശരവേഗത്തിൽ പടരും. അങ്ങനെയൊന്ന് സംഭവിച്ചാൽ സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തികത്തകർച്ച ഊഹാതീതമായിരിക്കും. 

കിഫ്‌ബി താങ്ങാവും 

നമുക്ക് ആത്മവിശ്വാസം നൽകേണ്ടുന്ന അനുഭവങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനം ചൈനയിൽ പകർച്ചവ്യാധി കൈവിട്ടുപോയിട്ടും കർശനനടപടികളിലൂടെ അവർ പിടിച്ചുകെട്ടിയിരിക്കുന്നു എന്നതാണ്. മൊത്തം രോഗികളുടെയും പുതിയ രോഗികളുടെയും എണ്ണം ഗണ്യമായി കുറയുന്നതിന്റെ കണക്കുകൾ  റിപ്പോർട്ടുചെയ്തുതുടങ്ങി. എന്നാലും പകർച്ചവ്യാധികളുടെ കെടുതികളിൽനിന്നുള്ള മോചനത്തിന് ഇനിയും മാസങ്ങൾ വേണ്ടിവരും. 

ചൈനയിലെന്നപോലെ വളരെ ശക്തമായൊരു പൊതുജനാരോഗ്യ സംവിധാനം കേരളത്തിലുമുണ്ട്. ആർദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമികാരോഗ്യ ആശുപത്രികളിലും  ഉയർന്നതലങ്ങളിലും സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. നിപയെ നിയന്ത്രിച്ചതിന്റെ അനുഭവം ആരോഗ്യവകുപ്പിനുണ്ട്. നിരുത്തരവാദപരമായി പെരുമാറുന്ന ചിലരുണ്ടെങ്കിലും കേരളീയരുടെ ആരോഗ്യബോധം താരതമ്യേന ഉയർന്നതാണ്. രോഗപ്രതിരോധത്തിനുവേണ്ടിയുള്ള  കൂട്ടായ്മ നാട്ടിലുണ്ടാവണം.

ഇതൊക്കെ ചെയ്യുമ്പോഴും സാമ്പത്തിക തളർച്ച നമ്മളെയും ഗ്രസിച്ചുകൊണ്ടിരിക്കയാണ്. കച്ചവടവും ഭൂമിവിനിമയവും ടൂറിസം, കെട്ടിടനിർമാണം തുടങ്ങിയ മേഖലകളും ദുർബലമായതിന്റെ തെളിവാണ് നികുതിവരുമാനത്തിലുള്ള ഇടിവ്. ഗൾഫിലെ അനിശ്ചിതത്വവും നമ്മെ അലട്ടുന്നുണ്ട്. എന്തുചെയ്യാം, കേന്ദ്രസർക്കാർ ഇപ്പോഴും ഉറക്കമുണർന്നിട്ടില്ല. രാജ്യം വലിയൊരു പ്രതിസന്ധിയുടെ പടിവാതിൽക്കലാണെന്ന ചിന്ത അവർക്കില്ല. ഇവിടെയും കേരളം തനതായ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. അതാണ് കിഫ്ബിയുടെ ആഭിമുഖ്യത്തിലുള്ള സമാനതകളില്ലാത്ത പശ്ചാത്തലനിക്ഷേപപദ്ധതി. ഇത് ഈ മാന്ദ്യകാലത്ത് നമ്മുടെ സമ്പദ്ഘടനയ്ക്ക് സുപ്രധാന താങ്ങായിരിക്കും.

Saturday, May 25, 2013

ഇത് സൈപ്രസിന്റെ ഊഴം


ലോക സാമ്പത്തികമാന്ദ്യത്തില്‍ കാലിടറി പാപ്പരായ ആദ്യത്തെ രാജ്യമാണ് ഐസ്‌ലന്റ് - 2009ല്‍. ഐഎംഎഫും മറ്റു ലോകരാജ്യങ്ങളും ചേര്‍ന്ന് ഐസ്‌ലന്റിനെ രക്ഷപെടുത്തിയതു പോലെ നാലു രാഷ്ട്രങ്ങളെ സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടുത്തേണ്ടി വന്നു. അയര്‍ലന്റ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവര്‍ക്കു ശേഷം പാപ്പര്‍ സ്യൂട്ടടിച്ച അഞ്ചാമത്തെ യൂറോ സോണ്‍ രാജ്യമാണ് സൈപ്രസ്. രക്ഷപെടുത്താനാവാത്ത കയത്തിലേയ്ക്ക് സൈപ്രസ് വീണു എന്നെല്ലാവരും കരുതിയതാണ്.

തകര്‍ച്ചയുടെ വക്കില്‍ നിന്ന് ഐഎംഎഫും യൂറോപ്യന്‍ കമ്മിഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ചേര്‍ന്ന് അവസാനനിമിഷം രക്ഷിച്ചെടുത്തു.
മെഡിറ്ററേനിയന്‍ സമൂഹത്തിലെ ഒരു ചെറു ദ്വീപുരാജ്യമാണ് സൈപ്രസ്. ആകെ പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. 11 ലക്ഷം ജനസംഖ്യ. ദേശീയ വരുമാനം യൂറോപ്യന്‍ യൂണിയന്റെ 0.2 ശതമാനം പോലും വരില്ല. ആകെ സമ്പത്തെന്നു പറയാവുന്നത് സമുദ്രതീരത്തെ പ്രകൃതിവാതകമാണ്. അതു ഖനനം ചെയ്തു തുടങ്ങാന്‍ ഇനിയും രണ്ടുവര്‍ഷമെടുക്കും. ഇപ്പോള്‍ മുഖ്യവരുമാനം ടൂറിസം. അതു കഴിഞ്ഞാല്‍ ബാങ്കിംഗ് മേഖല. സൈപ്രസിന്റെ ദേശീയ വരുമാനത്തിന്റെ എട്ടു മടങ്ങു വരും ഇവിടുത്തെ ബാങ്കുകളുടെ മൊത്തം ധനകാര്യ ആസ്തികള്‍.

ഇന്ത്യയിലെ കളളപ്പണക്കാര്‍ക്ക് മൗറീഷ്യസ് എന്താണോ, അതാണ് റഷ്യയിലെ കളളപ്പണക്കാര്‍ക്ക് സൈപ്രസ്. യൂറോപ്പിലെ കളളപ്പണക്കാരുടെ സമ്പാദ്യങ്ങളാകര്‍ഷിക്കാന്‍ പല നടപടികളും സൈപ്രസ് എടുത്തു. നികുതികള്‍ വെട്ടിക്കുറച്ചു; കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇല്ല; ബാങ്കിടപാടുകള്‍ പരമരഹസ്യമാക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തി. വിദേശത്തു നിന്ന് കളളപ്പണക്കാരുടെ ഡെപ്പോസിറ്റുകള്‍ വന്‍തോതില്‍ സൈപ്രസിലേയ്‌ക്കൊഴുകി. സൈപ്രസ് ബാങ്കുകള്‍ ഭീമന്മാരായി.

ബാങ്കില്‍ ഡെപ്പോസിറ്റുകള്‍ വെറുതേ കിടന്നാല്‍ വരുമാനമൊന്നും ലഭിക്കുകയില്ല. ഡെപ്പോസിറ്റിട്ടവര്‍ക്ക് പലിശയും കൊടുക്കേണ്ടിവരും. അതുകൊണ്ട് സൈപ്രസ് ബാങ്കുകള്‍ ഈ പണം എവിടെയെങ്കിലും നിക്ഷേപിച്ചേ പറ്റൂ. സൈപ്രസ് ജനതയുടെ മഹാഭൂരിപക്ഷവും ഗ്രീക്കുകാരാണ്. അങ്ങനെ ഗ്രീസായി സൈപ്രസ് ബാങ്കുകളുടെ മുഖ്യ വിഹാരമേഖല. ഗ്രീസില്‍ വരുന്ന ടൂറിസ്റ്റുകളും സൈപ്രസ് കണ്ടേ മടങ്ങാറുളളൂ. സൈപ്രസിന്റെ കയറ്റുമതിയുടെ നല്ല പങ്കും ഗ്രീസിലേയ്ക്കായിരുന്നു.

ഇങ്ങനെ സസുഖം കഴിയവെയാണ് 2008ലെ ലോക സാമ്പത്തിക മാന്ദ്യം വരുന്നത്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഗ്രീസ് കണ്ട മാര്‍ഗം കടം വാങ്ങുകയായിരുന്നു. സൈപ്രസ് ബാങ്കുകളാണെങ്കില്‍ കൈയയച്ച് സഹായിച്ചു. ഗ്രീസ് സര്‍ക്കാരിറക്കിയ ബോണ്ടുകള്‍ അവര്‍ വാങ്ങിക്കൂട്ടി. ബോണ്ടുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന രാജ്യങ്ങളിലൊന്ന് ഗ്രീസായിരുന്നു.

സാമ്പത്തിക മാന്ദ്യം മൂലം ഗ്രീസിന്റെ ടൂറിസം വ്യവസായം തകര്‍ന്നു. സര്‍ക്കാരാണെങ്കില്‍ കടഭാരത്തിലും മുങ്ങി. രാജ്യം പാപ്പര്‍ സ്യൂട്ടിനടുത്തെത്തി. യൂറോപ്യന്‍ യൂണിയന്‍ ഒരു രക്ഷാപാക്കേജ് തയ്യാറാക്കി. ബാങ്കുകളെ രക്ഷിക്കാനുളള പണം വായ്പയായി നല്‍കും. പക്ഷേ, ഗ്രീക്കു സര്‍ക്കാര്‍ ഗണ്യമായി ചെലവു കുറച്ച് കമ്മിയില്ലാതാക്കണം. ശമ്പളം കുറയ്ക്കണം, സബ്‌സിഡികള്‍ ഇല്ലാതാക്കണം, ജീവനക്കാരെ പിരിച്ചുവിടണം, പൊതുമേഖല വില്‍ക്കണം… ഇതിനെല്ലാമെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയിര്‍ക്കൊണ്ടിട്ടും നിവൃത്തിയില്ലാതെ ഗ്രീക്ക് സര്‍ക്കാര്‍ ഐഎംഎഫിനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും കീഴടങ്ങേണ്ടി വന്നു.

രക്ഷാപാക്കേജിന്റെ ഭാഗമായി ഗ്രീക്ക് സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. അതിനു മുമ്പ് ഒരു ഹെയര്‍ കട്ടിംഗും നടത്തി. കടപ്പത്രങ്ങളുടെ മൂല്യം ഏതാണ്ട് പകുതിയായി കുറച്ചു. ഗ്രീക്കു രാജ്യത്തിന്റെ കടഭാരം കുറഞ്ഞു. പക്ഷേ, കടം കൊടുത്തവര്‍ കുഴപ്പത്തിലായി. ഏറ്റവും വലിയ തിരിച്ചടി ഗ്രീക്കു സര്‍രക്കാരിന്റെ കടപ്പത്രങ്ങള്‍ വാങ്ങൂട്ടിയ സൈപ്രസിന്റെ കടപ്പത്രങ്ങളായിരുന്നു. അവരുടെ കടപ്പത്രങ്ങളുടെ പാതിയോളം പൊളളക്കടപ്പത്രങ്ങളായി. സൈപ്രസ് സര്‍ക്കാര്‍ ഇതിനകം തന്നെ പ്രതിസന്ധിയിലായിരുന്നു. ഗ്രീസിലേയ്ക്കുളള കയറ്റുമതിയിടിഞ്ഞു; ടൂറിസത്തില്‍ നിന്നുളള വരുമാനുവും കുറഞ്ഞു. ബാങ്കുകളെ സഹായക്കാന്‍ പറ്റാത്ത അവസ്ഥയിലൈയിരുന്നു സൈപ്രസ് സര്‍ക്കാര്‍. 2012 ജനുവരിയില്‍ റഷ്യയില്‍ നിന്ന് 250 കോടി യൂറോവായ്പ സംഘടിപ്പിച്ച് സൈപ്രസ് സര്‍ക്കാര്‍ പിടിച്ചു നിന്നു. പക്ഷേ, ഇത് സര്‍ക്കാരിന്റെ കമ്മി നികത്താനേ തികയുമായിരുന്നു. സൈപ്രസ് ബാങ്കുകള്‍ കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്കു വഴുതിവീണു.

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡി 2012 മാര്‍ച്ചില്‍ സൈപ്രസിന്റെ ഗ്രേഡ് ഇടിച്ചു. ജൂണ്‍ മാസമായപ്പോഴേയ്ക്കും മറ്റു ക്രെഡിറ്റ് ഏജന്‍സികളും വായ്പ വാങ്ങാനുളള റേറ്റിംഗില്ലാത്ത രാജ്യമായി സൈപ്രസിനെ പ്രഖ്യാപിച്ചു. അതോടെ ഒരു വിദേശ വായ്പയും സൈപ്രസിന് ലഭിക്കാതെയായി. തങ്ങളുടെ രക്ഷാപാക്കേജിന് സഹായമര്‍ത്ഥിച്ച് സൈപ്രസ് യൂറോപ്യന്‍ കമ്മിഷനെ സമീപിച്ചു. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നെന്നും ഗ്രീക്കുകാരുടെ ബോണ്ടുകളുടെ മൂല്യം വെട്ടിക്കുറച്ചതുമൂലമാണ് സൈപ്രസ് ബാങ്കുകള്‍ കുഴപ്പത്തിലായിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് 1700 കോടി യൂറോബാങ്കുകളെ രക്ഷിക്കാനായി പ്രത്യേക പാക്കേജായി നല്‍കണമെന്നുളളതായിരുന്നു ഡിമാന്റ്.

ഇതൊന്നും ചെവിക്കൊളളാന്‍ യൂറോപ്യന്‍ യൂണിയന്റെ രാജ്യങ്ങള്‍ പ്രത്യേകിച്ച് ജര്‍മ്മനി തയ്യാറായില്ല. തങ്ങളാരും പറഞ്ഞിട്ടല്ലല്ലോ ഗ്രീക്ക് ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു അവരുടെ മറുവാദം. സൈപ്രസ് ബാങ്കുകളുടെ എടുത്തു ചാട്ടം പിഴച്ചു. അതിന്റെ ഭാരം താങ്ങാന്‍ തങ്ങളെക്കൊണ്ടാവില്ല. ജര്‍മ്മനിയുടെ വാശിയ്ക്കു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായി. ജര്‍മ്മനിയില്‍ പൊതുതിരഞ്ഞെടുപ്പാണ്. റഷ്യന്‍ കളളപ്പണക്കാരുടെ നിക്ഷേപം രക്ഷിക്കാന്‍ ജര്‍മ്മന്‍ നികുതിദായകരുടെ പണം ചെലവാക്കുന്നതെങ്ങനെ എന്ന ചോദ്യം ഒരു തിരഞ്ഞെടുപ്പു പ്രശ്‌നമായി ഉയര്‍ന്നു. അങ്ങനെ അടുത്ത ആറു മാസം അനന്തമായ ചര്‍ച്ചകളിലൂടെ കടന്നു പോയി. സൈപ്രസ് കൂടുതല്‍ കൂടുതല്‍ തകര്‍ച്ചയിലേയ്ക്കും നീങ്ങി.

അവസാനം 2013 മാര്‍ച്ച് ആയപ്പോഴേയ്ക്കും യൂറോപ്യന്‍ കമ്മിഷന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഐഎംഎഫ് എന്നീ ത്രിമൂര്‍ത്തികളൊരുമിച്ച് 1000 കോടി യൂറോ സൈപ്രസിനു വായ്പ നല്‍കാന്‍ സമ്മതിച്ചു. ബാക്കി പണം സൈപ്രസ് തന്നെ കണ്ടെത്തണം. ഇതിനായി നികുതികള്‍ ഉയര്‍ത്തണം, ചെലവുകള്‍ വെട്ടിക്കുറയ്ക്കണം. ഇതിനൊരു സമയബന്ധിത പരിപാടി തയ്യാറാക്കി. ഇതിനു പുറമെ അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ നികുതിനിര്‍ദ്ദേശം കൂടി രക്ഷാപാക്കേജിലുണ്ടായി. സൈപ്രസിലെ ബാങ്കുകളിലെ ഡെപ്പോസിറ്റുകളിന്മേല്‍ ഒരൊറ്റത്തവണ നികുതി. ഒരു ലക്ഷം യൂറോയെക്കാള്‍ വലിയ ഡെപ്പോസിറ്റുകള്‍ക്ക് 9.9 ശതമാനവും താഴ്ന്ന ഡെപ്പോസിറ്റുകള്‍ക്ക് 6.9 ശതമാനവും നികുതി നല്‍കണം. സൈപ്രസിലെ വന്‍കിട ഡെപ്പോസിറ്റുകള്‍ റഷ്യയില്‍ നിന്നുളളതാണ് എന്നു പറഞ്ഞുവല്ലോ. റഷ്യക്കാരും സൈപ്രസിലെ സാധാരണക്കാരുടെയും ചെലവില്‍ പ്രശ്‌നം പരിഹരിക്കാനായിരുന്നു പരിപാടി. റഷ്യക്കാര്‍ കുപിതരായി. അതിലേറെ പ്രതിഷേധം സൈപ്രസുകാരിലുമുണ്ടായി.

ബാങ്കുകളില്‍ നിന്നും ഡെപ്പോസിറ്റു പിന്‍വലിക്കാനായി ഇടപാടുകാര്‍ ഓടിക്കൂടി. ബാങ്കുകള്‍ അടച്ചിടേണ്ടി വന്നു. അപ്പോള്‍ ആള്‍ക്കൂട്ടം എടിഎം കൗണ്ടറുകള്‍ക്കു മുന്നിലായി. താമസം വിനാ അവയും കാലിയായി. പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുകൂട്ടപ്പെട്ടു.

ഡെപ്പോസിറ്റിന്മേലുളള ലെവി നികുതി നിര്‍ദ്ദേശമായതുകൊണ്ട് പാര്‍ലമെന്റു പാസാക്കേണ്ടിയിരുന്നു. സൈപ്രസ് പാര്‍ലമെന്റ് ഇതിനായി ചേര്‍ന്ന ദിവസം സൈപ്രസിലെ ജനങ്ങള്‍ മുഴുവന്‍ തലസ്ഥാനത്തേയ്ക്ക് ഒഴുകി. തങ്ങളുടെ സമ്പാദ്യം ബാങ്കുകള്‍ നടത്തിയ ചൂതാട്ടത്തിന് നഷ്ടപരിഹാരമായി പിടിച്ചെടുക്കാന്‍ പറ്റില്ല എന്നതായിരുന്നു മുദ്രാവാക്യം. ചെലവു ചുരുക്കല്‍ പരിപാടിയെയും അവര്‍ എതിര്‍ത്തു. വന്‍ ഭൂരിപക്ഷത്തോടെ പുതിയ നികുതി നിര്‍ദ്ദേശം തളളപ്പെട്ടു. മൂന്നു ദിവസത്തിനുളളില്‍ ഒരു ബദല്‍ പരിപാടി പാസാക്കിയില്ലെങ്കില്‍ എല്ലാ സഹായങ്ങളും നിര്‍ത്തി വെയ്ക്കുകയും സൈപ്രസിനെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ത്രിമൂര്‍ത്തികള്‍ പ്രഖ്യാപിച്ചു.

രാത്രിയും പകലും നടന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ പുതിയൊരു പാക്കേജുണ്ടാക്കി. ഈ ദിവസങ്ങളത്രയും ബാങ്കുകള്‍ അടഞ്ഞുതന്നെ കിടന്നു. ഏതാനും ബാങ്കുകള്‍ തകരാന്‍ അനുവദിക്കുക. ബാക്കിയുളളതു രക്ഷിക്കുക. സൈപ്രസിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ബാങ്കായ ലൈക്കി ഇങ്ങനെ അടച്ചുപൂട്ടാന്‍ വിധിക്കപ്പെട്ടു. ഒരു ലക്ഷം യൂറോയെക്കാള്‍ താഴെയുളള ഡെപ്പോസിറ്റുകളെല്ലാം ബാങ്ക് ഓഫ് സൈപ്രസിനു കൈമാറി. അതിനു താഴെയുളള തുക വരുന്ന ഡെപ്പോസിറ്റുകളുടെയെല്ലാം 60 ശതമാനം തുകയേ ഇങ്ങനെ കൈമാറൂ. അതുതന്നെ തല്‍ക്കാലത്തേയ്ക്ക് മരവിപ്പിച്ചിരിക്കും. നാല്‍പതു ശതമാനം തുകയ്ക്ക് ബാങ്ക് ഓഫ് സൈപ്രസിന്റെ ഷെയറുകളാകും നല്‍കുക. റഷ്യന്‍ കളളപ്പണക്കാരുടെ പണം മാത്രമേ മരവിപ്പിച്ചിട്ടുളളൂ എന്ന ന്യായം പറഞ്ഞ് ജനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കി. പുതിയ നികുതി നിര്‍ദ്ദേശമല്ലാത്തതുകൊണ്ട് ഈ നടപടിയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരവും വേണ്ടിയിരുന്നില്ല. 420 കോടി യൂറോ ഈയൊരു നടപടിയിലൂടെ സമാഹരിക്കാന്‍ പറ്റുമെന്നാണ് കണക്കുകൂട്ടുന്നത്. 1000 കോടി യൂറോ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും നല്‍കി. കര്‍ശനമായ സാമ്പത്തിക അച്ചടക്കവും പാക്കേജിന്റെ ഭാഗമാണ്. അങ്ങനെ സൈപ്രസിന് തല്‍ക്കാലം ശ്വാസം തിരിച്ചുകിട്ടിയിരിക്കുകയാണ്.

പക്ഷേ, പുതിയ പാക്കേജിനെതിരെ വ്യാപകമായ വിമര്‍ശനവുമുണ്ട്. ആദ്യമായാണ് സാമ്പത്തിക പുനസംഘടനയുടെ ഭാഗമായി ജനങ്ങളുടെ സമ്പാദ്യത്തിനു മേല്‍ കൈവെയ്ക്കുന്നത്. ഇത് ഒറ്റത്തവണ നടപടിയെന്നും സൈപ്രസിനു മാത്രമാണ് ബാധകമാക്കുന്നത് എന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ യൂറോപ്പിലെ ജനങ്ങള്‍ക്കുളള വിശ്വാസം ഇടിയാന്‍ ഇടയാക്കും. ബാങ്കുകളില്‍ ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെയവയ്ക്കു പ്രവര്‍ത്തിക്കാനാവില്ല. സൈപ്രസ് സര്‍ക്കാരിന് ഇക്കാര്യം വ്യക്തമായി അറിയാം. അതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളാണ് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളളത്. ഒരു ദിവസം 100 യൂറോയേക്കാള്‍ കൂടുതല്‍ ഒരാള്‍ക്കു പിന്‍വലിക്കാന്‍ പറ്റില്ല. ഇതിനെക്കാള്‍ കൂടുതല്‍ പണം കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തിലേ പിന്‍വലിക്കാനാവൂ. വിദേശമൂലധന ഇടപാടുകളെല്ലാം കര്‍ശനമായ നിയന്ത്രണത്തിലായി.

സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നത് സൈപ്രസിലെ മാന്ദ്യത്തെ രൂക്ഷമാക്കും. വിദേശ വിനിമയക്കുഴപ്പം മൂര്‍ച്ഛിച്ചതോടെ ടൂറിസ്റ്റുകളുടെ വരവേ പാടേ നിലച്ചിരിക്കുകയാണ്. 2013-14ല്‍ 5 ശതമാനം ദേശീയവരുമാനം കുറയും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാലിപ്പോള്‍ എക്കോണമിസ്റ്റു മാസിക പറയുന്നത് ദേശീയ വരുമാനം കണ്ട് ഇടിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ്. 11 ലക്ഷം പേരെ ഉളളൂവെങ്കിലും സൈപ്രസിലെ ജനങ്ങളുടെ ജീവിതനിലവാരത്തകര്‍ച്ച ഭീതിജനകമാണ്. വരുമാനവുമില്ല, ഉളള സമ്പാദ്യം ഉപയോഗിക്കാന്‍ അനുവാദവുമില്ല.
സൈപ്രസ് കഴിഞ്ഞാല്‍ അടുത്ത ഊഴം ആരുടേത് എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. സൈപ്രസ് പോലെ ഒരു ദ്വീപു രാജ്യമായ മാള്‍ട്ടാ സര്‍ക്കാര്‍ തങ്ങളുടെ നില വളരെ ഭദ്രമാണ് എന്നു പറഞ്ഞ് പരസ്യങ്ങള്‍ പോലും കൊടുത്തു തുടങ്ങി.

പോള്‍ ക്രൂഗ്മാന്‍ ഉന്നയിച്ചതാണ് അടിസ്ഥാന ചോദ്യം. ആഗോള സാമ്പത്തിക മാന്ദ്യത്തിനു തിരികൊളളുത്തിയത് അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനശക്തികളുടെ നിയന്ത്രണങ്ങളില്ലാത്ത പണമിടപാടുകളും ചൂതാട്ടവുമായിരുന്നു. സൈപ്രസ് ബാങ്കുകളും വലിയ തോതില്‍ ഗ്രീസിലെ റിയല്‍ എസ്റ്റേറ്റ് കുമിളയില്‍ മുതല്‍ മുടക്കിയിരുന്നു. തങ്ങളുടെ കൊച്ചു രാജ്യത്ത് ഫിനാന്‍സ് മൂലധനത്തിനു മേലുളള നിയന്ത്രണങ്ങളൊക്കെയില്ലാതാക്കി അവരെ ആകര്‍ഷിക്കാനാണ് സൈപ്രസ് ശ്രമിച്ചത്. സൈപ്രസും മൗറീഷ്യസും പോലെ ഒട്ടേറെ സര്‍വസ്വതന്ത്ര ധനകാര്യ കേന്ദ്രങ്ങള്‍ ഇന്ന് ലോകത്തുണ്ട്. 2008ന്റെ തകര്‍ച്ചയില്‍ നിന്ന് പാഠം പഠിക്കാന്‍ നിയോലിബറല്‍ സിദ്ധാന്തക്കാര്‍ തയ്യാറല്ല. വികസിത രാജ്യങ്ങളിലെ ബാങ്കുകളുടെ മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് തടസം നില്‍ക്കുകയാണ്. ഇതിനു പുറമെയാണ് ഫിനാന്‍സ് മൂലധനത്തിനും കളളപ്പണത്തിനും സര്‍വ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യാതിര്‍ത്തികള്‍ക്കു പുറത്തുളള ധനകാര്യ കേന്ദ്രങ്ങള്‍. ലോക രാജ്യങ്ങള്‍ തകരുമ്പോഴും ഇവ സുരക്ഷിതമാണെന്നായിരുന്നു ധാരണ. സൈപ്രസിന്റെ തകര്‍ച്ച ഈ ധാരണ തിരുത്തിയിരിക്കുന്നു.

Thursday, April 18, 2013

സ്വര്‍ണവും സുരക്ഷിതമല്ല

ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കേരളീയര്‍ ഇന്ന് കരുതുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന്, ഭൂമി. രണ്ട്, സ്വര്‍ണം. ഇവയ്ക്കു രണ്ടിനും വില കൂടുകയല്ലാതെ കുറയുകയില്ല എന്നാണ് നമ്മുടെ ധാരണ. റിയല്‍ എസ്റ്റേറ്റിന്റെ 2008ലെ ഇടിവാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴി തുറന്നത്. അതുകൊണ്ട് റിയല്‍ എസ്റ്റേറ്റിന്റെ വില ഇടിയില്ല എന്നാരും പറയില്ല. എന്നാല്‍ റിയല്‍ എസ്റ്റേറ്റു തകര്‍ന്നിട്ടും ബാങ്കുകള്‍ പൊളിഞ്ഞിട്ടും ഓഹരിവിലയിടിഞ്ഞിട്ടും സ്വര്‍ണത്തിനൊരു കുലുക്കവുമുണ്ടായില്ല. സ്വര്‍ണവില കൂടിക്കൊണ്ടേയിരുന്നു. സ്വതവേ ഇന്ത്യാക്കാര്‍ക്കു സ്വര്‍ണത്തോടു പ്രിയമാണ്. സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി ഉയര്‍ന്നപ്പോള്‍ ഇനി സ്വര്‍ണത്തിന്റെ വില ഇടിയില്ല എന്നത് ഏതാണ്ട് ഒരു വിശ്വാസം പോലെയായിത്തീര്‍ന്നു.

കേരളത്തില്‍ ഇന്ന് ചിലവാകുന്ന സ്വര്‍ണത്തെ ആഭരണഭ്രമം കൊണ്ടോ കല്യാണാവശ്യങ്ങള്‍ കൊണ്ടോ വിശദീകരിക്കാനാവില്ല. നല്ലൊരു നിക്ഷേപമായിട്ടാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. സാധാരണക്കാര്‍ മാത്രമല്ല, മണപ്പുറം, മുത്തൂറ്റ് തുടങ്ങി വലിയ ധനകാര്യസ്ഥാപനങ്ങളും ഏതാണ്ട് ഇതേ വിശ്വാസക്കാരായിരുന്നു. അല്ലെങ്കില്‍ എങ്ങനെയാണ് സ്വര്‍ണവിലയുടെ 80-85 ശതമാനം വരെ അഞ്ചു മിനിട്ടുകൊണ്ട് വായ്പയായി കൊടുക്കുന്നതിനെക്കുറിച്ച് പരസ്യങ്ങള്‍ നല്‍കാന്‍ കഴിയുക. പണയം വെയ്ക്കുന്ന സ്വര്‍ണമാണല്ലോ ഈട്.

സ്വര്‍ണത്തിന്റെ വിലയുടെ 85 ശതമാനം വായ്പ നല്‍കിയാല്‍ വിലയെങ്ങാനും കുത്തനെ ഇടിഞ്ഞാല്‍ പണയക്കമ്പനികള്‍ക്കു വലിയ നഷ്ടമുണ്ടാകും എന്നു വ്യക്തമാണ്. എന്നാല്‍ അവര്‍ക്ക് അങ്ങനെയൊരു അപകടചിന്തയേ ഉണ്ടായിരുന്നില്ല. സ്വര്‍ണത്തിന്റെ വില കൂടിക്കൊണ്ടേയിരിക്കും എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പണയം ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്നത്.

അങ്ങനെ സാധാരണക്കാര്‍ മാത്രമല്ല, വമ്പന്‍ ഹുണ്ടികക്കാരും ഏറ്റവും സുരക്ഷിതമെന്നു കരുതിയുന്ന സ്വര്‍ണത്തിന്റെ വിലയാണ് ഇപ്പോള്‍ കുത്തനെ ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൂടി പന്ത്രണ്ടു ശതമാനമാണ് ആഗോള മാര്‍ക്കറ്റില്‍ ഇടിഞ്ഞത്. 1983നു ശേഷം ഏറ്റവും രൂക്ഷമായ വിലയിടിവാണ് സ്വര്‍ണത്തിനുണ്ടായത്. ഈ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ സ്വര്‍ണത്തിന്റെ വില നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ 2011ല്‍ പറയത്തക്ക വര്‍ദ്ധനയൊന്നുമുണ്ടായില്ല.

2011 സെപ്തംബറിലാണ് ഏറ്റവും ഉയര്‍ന്നവില സ്വര്‍ണം കൈവരിച്ചത്. പിന്നെ പതുക്കെ താഴേക്കു പോരാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ 2011 സെപ്തംബറിനെ അപേക്ഷിച്ച് 25 ശതമാനം താഴ്ന്ന വിലയാണ് സ്വര്‍ണത്തിനുളളത്. 2012 നവംബറിലാണ് സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 24240 രൂപയായിരുന്നു. ഈ ലേഖനമെഴുതുമ്പോള്‍ പവന് വില 19800 രൂപ.

എന്തുകൊണ്ട്, സ്വര്‍ണത്തിന്റെ വിലയില്‍ ഈ ചാഞ്ചാട്ടം ഉണ്ടാകുന്നു? എല്ലാ ചരക്കുകളെയും പോലെ ഡിമാന്റും സപ്ലൈയുമാണ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ത്തുന്നത്. ഇതില്‍ സപ്ലൈയെക്കുറിച്ച് ഒരു അനിശ്ചിതാവസ്ഥയുമില്ല. ലോകത്ത് സ്വര്‍ണഖനികളില്‍ എത്ര സ്വര്‍ണമുണ്ടെന്നും വര്‍ഷം തോറും എത്ര ടണ്‍ സ്വര്‍ണം പുതുതായി ഉല്‍പാദിപ്പിക്കുമെന്നും എല്ലാവര്‍ക്കുമറിയാം. സപ്ലൈയിലുണ്ടാകുന്ന ഏതെങ്കിലും ചാഞ്ചാട്ടം കൊണ്ടല്ല സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് എന്നു വ്യക്തം.

മൂന്നുതരം ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സ്വര്‍ണത്തിന്റെ ഡിമാന്റ്. ഒന്നാമത്തേത് സ്വര്‍ണപ്പല്ലുകള്‍ വെയ്ക്കാനും അമ്പലങ്ങള്‍ക്കും മറ്റും സ്വര്‍ണം പൂശാനും ആഭരണങ്ങള്‍ക്കു വേണ്ടിയും മറ്റും ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നു. ഇതിനെ വേണമെങ്കില്‍ സ്വര്‍ണത്തിന്റെ ഉപഭോക്തൃ ഡിമാന്റ് എന്നു പറയാം. രണ്ടാമത്തേത്, നാണയത്തിന്റെ മൂല്യസുസ്ഥിരത ലക്ഷ്യമിട്ട് കരുതല്‍ ശേഖരമായി വെയ്ക്കുന്നതിനു വേണ്ടി സര്‍ക്കാരുകള്‍ സൂക്ഷിക്കുന്ന സ്വര്‍ണമാണ്.

പണ്ട് സ്വര്‍ണം തന്നെയായിരുന്നു നാണയം. പിന്നീട് പേപ്പര്‍നോട്ടു വന്നപ്പോഴും കൈയിലുളള സ്വര്‍ണത്തിന്റെ നിശ്ചിതശതമാനമേ നോട്ടുകള്‍ അച്ചടിക്കാറുണ്ടായിരുന്നുളളൂ. സ്വര്‍ണമാന വ്യവസ്ഥ എന്നാണ് ഇതിനെ പറയുന്നത്. ഇന്നിപ്പോള്‍ സ്വര്‍ണമാന വ്യവസ്ഥ നിലവിലില്ല. നോട്ടുകൊടുത്താല്‍ ഒരു സര്‍ക്കാരും സ്വര്‍ണം തരില്ല. എങ്കിലും എല്ലാ സര്‍ക്കാരുകളും സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തെ സൂക്ഷിച്ചുവെയ്ക്കുന്നു.

മൂന്നാമത്തെ ഇനം നിക്ഷേപഡിമാന്റാണ്. സ്വര്‍ണം ഏറ്റവും ഈടുളള ആസ്തിയായിട്ടാണ് എല്ലാവരും കരുതുന്നത്. പക്ഷേ, മറ്റ് ആസ്തികളില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണത്തില്‍നിന്ന് പ്രത്യേകിച്ചൊരു വരുമാനവും നിക്ഷേപകനു ലഭിക്കില്ല. നിങ്ങള്‍ ഓഹരി വാങ്ങുകയാണെങ്കില്‍ ഡിവിഡന്റു ലഭിക്കും. പക്ഷേ, അതിനുപകരം സ്വര്‍ണം വാങ്ങി അലമാരിയില്‍ വെച്ചാല്‍ പലിശയോ ലാഭമോ ഒന്നും കിട്ടുകയില്ല. പിന്നെ രണ്ടു ലക്ഷ്യം വെച്ചാണ് സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുന്നത്. ഒന്ന്, സുരക്ഷിതത്വം. പണത്തിന്റെയും ഷെയറിന്റെയും മൂല്യമിടിയുമ്പോഴും സ്വര്‍ണത്തിന്റെ മൂല്യം ഇടിയില്ല എന്നാണ് വിശ്വാസം.

വിലക്കയറ്റത്തിന്റെ നാളുകളില്‍ പണം സൂക്ഷിക്കാതെ സ്വര്‍ണം വാങ്ങിവെയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. രണ്ട്, സ്വര്‍ണത്തിന്റെ വില കൂടുമ്പോള്‍ മറിച്ചുവിറ്റ് ലാഭം നേടാം. സ്വര്‍ണം ഊഹക്കച്ചവടത്തിനുളള ഒന്നാന്തരം ഉപാധിയാണ്.

ഈ മൂന്നിനങ്ങളില്‍ ഉപഭോക്തൃ/വ്യവസായ ഡിമാന്റില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാറില്ല. ആഭരണങ്ങള്‍ക്കും മറ്റുമുളള ആവശ്യം സാംസ്‌ക്കാരിക ഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നതാണ്. വ്യവസായത്തിനാവട്ടെ, വളരെ തുച്ഛമായ സ്വര്‍ണമേ ഉപയോഗിക്കുന്നുളളൂ. സര്‍ക്കാരുകള്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കുന്ന സ്വര്‍ണത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാറില്ല. അത്യപൂര്‍വമായേ സര്‍ക്കാരുകള്‍ കരുതല്‍ ശേഖരത്തിലേയ്ക്ക് സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുളളൂ.

1991ല്‍ വിദേശ നാണയമില്ലാതെ നമ്മള്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണമെടുത്ത് വില്‍ക്കുകയോ/പണയപ്പെടുത്തുകയോ ഉണ്ടായി. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ സൈപ്രസ് ഇത്തരത്തില്‍ ഏതാണ്ട് അമ്പതുകോടി പൗണ്ട് സ്വര്‍ണം (10 ടണ്‍) വില്‍ക്കാന്‍ പോകുന്നു എന്ന് ശ്രുതിയുണ്ട്. ഇത്രയും സ്വര്‍ണം കമ്പോളത്തില്‍ ഒരുമിച്ചിറങ്ങിയാല്‍ ആവശ്യത്തിലേറെ സ്വര്‍ണമുണ്ടാകും, വിലയിടിയും. അതുകൊണ്ടാണ് ഇപ്പോഴത്തെ വിലയിടിവ് എന്നു സിദ്ധാന്തിക്കുന്നവരുണ്ട്. പക്ഷേ, ഇതിന് വലിയ അടിസ്ഥാനമില്ല. 10 ടണ്‍ സ്വര്‍ണം മൊത്തം സ്വര്‍ണക്കമ്പോളമെടുക്കുമ്പോള്‍ അത്ര വലുതല്ല. പിന്നെ, തങ്ങളങ്ങനെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൈപ്രസ് ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ നാം അവസാനം ചെന്നെത്തുന്നത് സ്വര്‍ണവിലയുടെ കയറ്റിറക്കത്തെ നിര്‍ണയിക്കുന്നത് സ്വര്‍ണത്തെ ഒരു നിക്ഷേപ ഉപാധിയായി കാണുന്നവരാണെന്നു വ്യക്തം. ഇതിന്റെ ഒരു ലഘുചരിത്രമാണ് ഇനിയുളള ഖണ്ഡികകളില്‍ വിശദീകരിക്കുന്നത്.

ആഗോളമാന്ദ്യത്തോടെയാണ് സ്വര്‍ണത്തിന്റെ ശുക്രദശ ആരംഭിച്ചത്. ബാങ്കുകള്‍ തകര്‍ന്നു, ഓഹരിവില ഇടിഞ്ഞു, ഡോളറിന്റെ മൂല്യം ശോഷിച്ചു. എങ്ങും അനിശ്ചിതാവസ്ഥ. സ്വര്‍ണമാണ് ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന് എല്ലാവരും കരുതിത്തുടങ്ങി. നേരത്തെ ഓഹരിയായോ പണമായോ സമ്പാദ്യം സൂക്ഷിച്ചിരുന്നവര്‍ അവയെല്ലാം വെടിഞ്ഞ് സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. സ്വര്‍ണത്തിന്റെ വിലയും ഉയരാന്‍ തുടങ്ങി.

മാന്ദ്യത്തെ നേരിടാന്‍ പാശ്ചാത്യസര്‍ക്കാരുകള്‍ വലിയതോതില്‍ പണം അച്ചടിച്ചിറക്കാന്‍ തുടങ്ങി. ബാങ്കുകള്‍ക്കു സര്‍ക്കാരുകള്‍ വാരിക്കോരി വായ്പ കൊടുത്തു. സര്‍ക്കാര്‍തന്നെ നിര്‍മ്മാണ പ്രവൃത്തികളും വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. ഉത്തേജക പാക്കേജുകളുടെ രൂപത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചത്. തല്‍ഫലമായി ആഗോളമായിത്തന്നെ സര്‍ക്കാരുകളുടെ കമ്മി കൂടി. ഇതോടെ നിയോലിബറല്‍ ചിന്താഗതിക്കാര്‍ കമ്മി കൂടിയതിനാല്‍ വിലക്കയറ്റം അനിവാര്യമാണെന്നു പ്രചരിപ്പിച്ചു തുടങ്ങി.

മാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാര്‍ ചെലവുകള്‍ കൂട്ടാന്‍ ശ്രമിക്കുന്നതിനെതിരെ നിയോലിബറല്‍ ചിന്താഗതിക്കാര്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ശക്തമായ ആക്രമണം തന്നെ അഴിച്ചുവിട്ടു. വിലക്കയറ്റം പൊട്ടിപ്പുറപ്പെടാന്‍ പോകുന്നു എന്നായിരുന്നു അവരുടെ പ്രവചനം. വിലക്കയറ്റത്തിന്റെ നാളുകള്‍ വന്നു എന്ന ധാരണ പരന്നതോടെ സ്വര്‍ണത്തിനുളള പ്രിയം പിന്നെയും കൂടി. വിലക്കയറ്റമുണ്ടാകുമ്പോള്‍ പണത്തിന്റെ മൂല്യം കുറയുമല്ലോ. അപ്പോള്‍ പണത്തെക്കാള്‍ കൂടുതല്‍ ഭദ്രതയുളളതായിരിക്കും സ്വര്‍ണമെന്ന് പലരും കരുതി. കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങാനും തുടങ്ങി. അങ്ങനെ സ്വര്‍ണത്തിന്റെ വില വീണ്ടുമുയര്‍ന്നു.

സ്വര്‍ണവില തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങിയതോടെ ഊഹക്കച്ചവടക്കാരും രംഗപ്രവേശം ചെയ്തു. ഇപ്പോള്‍ സ്വര്‍ണം വാങ്ങി വില ഉയരുമ്പോള്‍ മറിച്ചുവിറ്റാല്‍ ലാഭം കിട്ടുമല്ലോ. ഇങ്ങനെ ഊഹക്കച്ചവട ലാഭത്തിനു സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങി. സ്വര്‍ണവും അതുപോലുളള ലോഹങ്ങളും ഊഹക്കച്ചവടത്തിലേര്‍പ്പെടുന്ന മ്യൂച്ച്വല്‍ ഫണ്ടുപോലുളളവയില്‍ സ്വര്‍ണമടക്കമുളള ലോഹങ്ങളും മറ്റ് പ്രാഥമിക ചരക്കുകളും വാങ്ങുന്നു, മറിച്ചു വില്‍ക്കുന്നു. മ്യൂച്വല്‍ ഫണ്ടുപോലെ ഈ കമ്പനികളുടെ ഓഹരികള്‍ വലിയ തോതില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി വ്യാപാരം നടക്കുന്നു. അതുകൊണ്ട് ഇവയെ വിളിക്കുന്നത് എക്‌സ്‌ചേഞ്ച് ട്രേഡിംഗ് ഫണ്ടുകള്‍ എന്നാണ്.

ഊഹക്കച്ചവടമെന്നു പറയുന്നത്, വില കുറച്ചുവാങ്ങി വില കൂടുമ്പോള്‍ വില്‍ക്കുന്നതിനെയല്ല. യഥാര്‍ത്ഥത്തില്‍ വ്യാപാരമൊക്കെ കടലാസില്‍ മാത്രമാണ്. അടുത്ത ഒരു വര്‍ഷം കഴിഞ്ഞ് നിശ്ചിത വിലയ്ക്ക് ഏതാനും ടണ്‍ സ്വര്‍ണം വാങ്ങാന്‍ ഒരു എടിഎഫ് കരാറുണ്ടാക്കുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഈ സ്വര്‍ണം മറിച്ചു വില്‍ക്കുന്നു. തങ്ങള്‍ കരാറിലെത്തിയ വിലയേക്കാള്‍ കൂടുതല്‍ ഉയര്‍ന്നവിലയ്ക്ക് സ്വര്‍ണം വില്‍ക്കാന്‍ പറ്റും എന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബെറ്റു വെയ്പ്പാണ് നടക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ സ്വര്‍ണ വ്യാപാരത്തില്‍ സിംഹഭാഗവും ഇന്ന് കേവലം കടലാസില്‍ നടക്കുന്ന കച്ചവടമാകുന്നത്. ഈ ഊഹക്കച്ചവടമാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചതുപോലെ 2011 ആയപ്പോഴേയ്ക്കും സ്വര്‍ണത്തിന്റെ വിലക്കയറ്റം വളരെ മന്ദഗതിയിലായി. 2011ഓടെ പതുക്കെപ്പതുക്കെ കുറയാനും തുടങ്ങി. ഇതിനു കാരണമായി പറയുന്നത് രണ്ടുകാര്യങ്ങളാണ്. വിലക്കയറ്റം ഉണ്ടാകും, അപ്പോള്‍ നാണയങ്ങളുടെ മൂല്യമിടിയും എന്ന അനുമാനത്തിലാണല്ലോ സ്വര്‍ണത്തിലേയ്ക്കു മാറാന്‍ നിക്ഷേപകര്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ പോലുളള രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി പാശ്ചാത്യരാജ്യങ്ങളിലെ നിക്ഷേപം അതീവ ദുര്‍ബലമായി തുടര്‍ന്നു. ആ രാജ്യങ്ങളിലെല്ലാം തൊഴിലില്ലായ്മ റെക്കോഡ് നിലവാരത്തിലാണ്.

ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് ഇടിഞ്ഞതുകൊണ്ട് ചരക്കുകള്‍ വാങ്ങാതെ കെട്ടിക്കിടക്കുന്നു, തത്ഫലമായി ഫാക്ടറികളിലും മറ്റും ഉല്‍പാദനം കെട്ടിക്കിടക്കുന്നു. അങ്ങനെ മാന്ദ്യം തുടരുകയാണ്. മാന്ദ്യകാലത്ത് സാധാരണഗതിയില്‍ വിലക്കയറ്റം ഉണ്ടാകാറില്ല. വിലക്കയറ്റത്തെക്കുറിച്ചുളള പേടി കുറഞ്ഞതോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുളള ആര്‍ത്തിയും കുറഞ്ഞു.

ആഗോളമാന്ദ്യം 2008ല്‍ തുടങ്ങിയതാണല്ലോ. ഇപ്പോ അഞ്ചുവര്‍ഷം കഴിഞ്ഞു. ഒരു മാന്ദ്യകാലവും ഇതുപോലെ നീളാറില്ല. അതുകൊണ്ട് അധികം താമസിയാതെ വീണ്ടെടുക്കല്‍ ആരംഭിക്കും എന്നുളള തോന്നലും പരന്നിട്ടുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നുവെങ്കിലും അമേരിക്കയില്‍ സ്ഥിതി കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. ആഗോള ഓഹരിസൂചികകള്‍ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. അപ്പോള്‍ സ്വര്‍ണത്തില്‍ നിന്നു മാറി ഓഹരിക്കമ്പോളത്തിലും മറ്റും കളിക്കാനുളള അഭിനിവേശം വര്‍ദ്ധിച്ചു തുടങ്ങി.

മേല്‍പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷേ, സ്വര്‍ണവിലയെ എന്തിന് ഏതാനും ദിവസം കൊണ്ട് തകര്‍ന്നടിയണം? എന്തെങ്കിലും ആ ആഴ്ചകളില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തെ ശക്തിപ്പെടുത്തേണ്ട സംഭവവികാസങ്ങളാണ്. ചൈനയിലെയും ഇന്ത്യയിലെയും ഉല്‍പാദനമുരടിപ്പ് ശക്തമായി എന്ന കണക്ക് പുറത്തുവന്നത് ഈയാഴ്ചയാണ്.

യൂറോപ്പിലെ സാമ്പത്തികസ്ഥിതി സൈപ്രസ് പ്രതിസന്ധിയിലൂടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അമേരിക്കയിലെ വ്യവസായ ഉല്‍പാദനത്തിന്റെ കണക്കു വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ വളര്‍ച്ച പ്രതീക്ഷിച്ചതിനെക്കാള്‍ താഴുകയാണെന്നു കണ്ടു. മാന്ദ്യത്തില്‍ നിന്നു കരകയറാന്‍ ജപ്പാനും കൊറിയയും വമ്പന്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയില്‍ ഒബാമ റിപ്പബ്ലിക്കന്മാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി ധനകര്‍ത്തൃത്വത്തിലേയ്ക്ക് പതിക്കുന്നത് ഒഴിവാക്കി. മുന്‍കാലത്തെ അപേക്ഷിച്ച് കൂടുതല്‍ ഉദാരമായ നയമാണ് പണലഭ്യതയെക്കുറിച്ച് അമേരിക്കയും പിന്തുടരുന്നത്. ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ സ്വര്‍ണം കൂടുതല്‍ സുരക്ഷിതമാണെന്നു കണ്ട്, അതിലേയ്ക്കു നീങ്ങുകയല്ലേ വേണ്ടത്?

സ്വര്‍ണവില ഇടിയുന്നതിന് ന്യായമായ പല കാരണങ്ങളും പറയാമെങ്കിലും പൊടുന്നനെ ഭീതിജകമായി ഇടിഞ്ഞു എന്നതിന് വിശദീകരണം നല്‍കാന്‍ വിദ്വാന്‍മാര്‍ക്കു കഴിയുന്നില്ല. ഊഹക്കച്ചവടക്കാര്‍ സ്വര്‍ണവില മനപ്പൂര്‍വം ഇടിച്ചതാണ് എന്ന വിശദീകരണം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

അമേരിക്കന്‍ അസിസ്റ്റന്റ് ട്രഷറി സെക്രട്ടറിയായിരുന്ന പോള്‍ ക്രെയിഗ് റോബര്‍ട്ട്‌സ് ഇത് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് (റിസര്‍വ് ബാങ്ക്) നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും വെളളിയില്‍ നിന്നും ഭയപ്പെടുത്തി അകറ്റുന്നതിനും ഡോളറിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി ഉണ്ടാക്കിയതാണ് എന്ന് ആരോപിച്ചിട്ടുണ്ട്. ഈ ആരോപണത്തിന്റെ നിജസ്ഥിതി എന്തുതന്നെയായിരുന്നാലും വിലത്തകര്‍ച്ചയ്ക്കു തൊട്ടുമുമ്പത്തെ ദിവസം (വെളളിയാഴ്ച) ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ 400-500 ടണ്‍ സ്വര്‍ണം ഷോര്‍ട്ട് സെയിലിന് വെയ്ക്കപ്പെട്ടു എന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്. ഷോര്‍ട്ട് സെയില്‍ എന്നു വെച്ചാല്‍ നമ്മള്‍ നേരത്തെ കണ്ട കടലാസിലുളള വില്‍പന തന്നെ. ഏതാനും എക്‌സ്‌ചേഞ്ച് ട്രേഡിംഗ് ഫണ്ടുകള്‍ ഏതാനും മാസത്തെ ഇടവേളയ്ക്കുളളില്‍ ഈ ഭീമന്‍ അളവിലുളള സ്വര്‍ണം വില്‍ക്കുന്നതിനിറങ്ങി. ഈ സംഭവവികാസമാണ്, അല്ലാതെ സൈപ്രസിന്റെ 10 ടണ്‍ വില്‍ക്കുമെന്നുളള ഭീതിയല്ല സ്വര്‍ണവില ഇടിച്ചത്. ഇത്രയും ഭീമമായ ഷോര്‍ട്ട് സെയില്‍ വന്നതോടെ എല്ലാവരും സ്വര്‍ണത്തെ കൈവിട്ട് ഡോളറിലേയ്ക്ക് നീങ്ങാന്‍ വെപ്രാളം പിടിച്ചു തുടങ്ങി. ഇങ്ങനെയാണ് സ്വര്‍ണക്കമ്പോളം തകര്‍ന്നത്.
എന്തിനാണ് ഇത്തരത്തില്‍ ഊഹക്കച്ചവടക്കാര്‍ വിലയിടിക്കുന്നത്? നമുക്കും ഊഹിക്കുകയേ നിര്‍വാഹമുളളൂ. ഡോളറിനെ ശക്തിപ്പെടുത്താനുളള കുത്സിതമായ ശ്രമമാണ് എന്ന ആരോപണം ഉന്നയിച്ചയാള്‍ ചില്ലറക്കാരനല്ലല്ലോ. വിലയിടിക്കുന്ന ഊഹക്കച്ചവടക്കാരനും നഷ്ടമുണ്ടാകണമല്ലോ. സ്വര്‍ണം കൈയില്‍ വെച്ചുകൊണ്ടല്ലല്ലോ അയാള്‍ ഷോര്‍ട്ട് വില്‍പനയ്ക്കിറങ്ങിയത്. ഒരു മാസം കഴിഞ്ഞ് സ്വര്‍ണം നല്‍കാമെന്നാണ് കരാറിന്റെ ചുരുക്കം. അതിനിടയ്ക്ക് കമ്പോളത്തിലെ പരിഭ്രാന്തിമൂലം ഈ കരാര്‍ വിലയെക്കാള്‍ കമ്പോളവില ഇടിയുകയാണെങ്കില്‍ കരാര്‍ പ്രകാരമുളള സ്വര്‍ണം വാങ്ങി മറിച്ചു വില്‍ക്കുന്നതിന് ഒരു പ്രയാസവുണ്ടാവില്ല. കൂറ്റനൊരു ലാഭം പോക്കറ്റിലുമാക്കാം.
സ്വര്‍ണം മാത്രമല്ല, മറ്റേതൊരു ചരക്കിന്റെയും വില അതിന്റെ യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ ക്രമാതീതമായി ഉയരുന്ന പ്രതിഭാസത്തെയാണ് കുമിള അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ബബിള്‍ എന്നു വിളിക്കുന്നത്. കുമിള രൂപം കൊളളുന്ന വേളയില്‍ ലാഭത്തില്‍ മതിമറന്ന് എല്ലാവരും വരാന്‍പോകുന്ന അപകടം വിസ്മരിക്കും. കുമിളയ്ക്ക് അനന്തമായി വളരാനാവില്ല. എപ്പോഴെങ്കിലും അതു പൊട്ടി സാധാരണ നിലയിലേയ്ക്കു കാര്യങ്ങള്‍ വന്നേ തീരൂ. എത്ര ഉയരത്തില്‍ പൊന്തിയോ അത്രയ്ക്കു ഭീതിജനകമായിരിക്കും താഴേയ്ക്കുളള വീഴ്ചയും. 2008ല്‍ റിയല്‍ എസ്റ്റേറ്റ് ബബിള്‍ പൊട്ടിയപ്പോഴാണ് ആഗോളമാന്ദ്യമുണ്ടായത്.

സ്വര്‍ണത്തിന്റെ വിലത്തകര്‍ച്ച 2008ലേതുപോലൊരു ദുരന്തം സൃഷ്ടിക്കണമെന്നില്ല. പക്ഷേ, സ്വര്‍ണക്കമ്പോളത്തിലെ തകര്‍ച്ച, വെളളി, പ്ലാറ്റിനം, കോപ്പര്‍, തുടങ്ങി എല്ലാ ലോഹങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രാഥമിക ഉല്‍പന്ന കമ്പോളത്തില്‍ എല്ലാം ഇതിന്റെ അലകള്‍ ഉണ്ടായിട്ടുണ്ട്. സ്വര്‍ണപ്പണയം കൊടുക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകാമെന്ന് അവയുടെ ഓഹരിവിലകളിലെ ഇടിവ് സൂചിപ്പിക്കുന്നു. മണപ്പുറം, മുത്തൂറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരിവിലകളില്‍ തകര്‍ച്ചയുണ്ടായിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരെ ഈ തകര്‍ച്ച നേരിട്ട് ബാധിക്കാന്‍ പോകുന്നില്ല. ഇവിടെ സ്വര്‍ണം വാങ്ങുന്നവര്‍ ആഭരണങ്ങള്‍ക്കോ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കോ ആണ് സ്വര്‍ണത്തില്‍ മുടക്കുന്നത്. സ്വര്‍ണം ഉടനെ മറിച്ചുവില്‍ക്കാനല്ല വാങ്ങിയിരിക്കുന്നതെങ്കില്‍, താല്‍ക്കാലികമായി ഉണ്ടാകുന്ന വിലത്തകര്‍ച്ച അവരെ ഭയപ്പെടുത്തേണ്ടതില്ലല്ലോ. വൈപരീത്യമെന്നു പറയട്ടെ, സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത് കൂടുതല്‍ സ്വര്‍ണം വാങ്ങാനുളള ആര്‍ത്തിയെയാണ് സൃഷ്ടിച്ചിട്ടുളളത്. അതുകൊണ്ട് സ്വര്‍ണത്തിന്റെ വിലയിടിവ് നാടകീയമായ മാറ്റങ്ങളൊന്നും നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ ഉണ്ടാക്കാന്‍ പോകുന്നില്ല.
സ്വര്‍ണവിലത്തകര്‍ച്ചയുടെ പാഠം സമകാലീന ആഗോളമുതലാളിത്തം തീക്ഷ്ണമായ വൈരുദ്ധ്യങ്ങളിലേയ്ക്ക് നമ്മുടെ കണ്ണു തുറപ്പിക്കുന്നു എന്നുളളതാണ്. സമകാലീന ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ ജീര്‍ണിച്ച ദുരയുടെ മുഖം ഒരിക്കല്‍ക്കൂടി അനാവരണം ചെയ്യപ്പെടുകയാണ്. 2008ലെ ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കും ഉത്തരവാദിത്വം ഇവരുടെ ആര്‍ത്തിയായിരുന്നു എന്നോര്‍ക്കുമല്ലോ. ലാഭം കൊയ്യാനുളള പരക്കം പാച്ചിലില്‍ വാരിക്കോരി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പണം മുടക്കി. ഇതിനായി പണം സ്വരൂപിക്കാന്‍ പൊളളക്കടപ്പത്രങ്ങള്‍ ഇറക്കി. പിന്നീട് ഈ കടപ്പത്രങ്ങളുടെ മേല്‍ ഊഹക്കച്ചവടം നടത്തി. അങ്ങനെയുണ്ടാക്കിയ ധനകാര്യ ചീട്ടുകൊട്ടാരം പൊളിഞ്ഞു വീണപ്പോള്‍ ഈ ഊഹക്കച്ചവടക്കാര്‍ മാത്രമല്ല തകര്‍ന്നത്. ആഗോള സമ്പദ്ഘടനതന്നെ കുലുങ്ങി. ഇപ്പോഴും ലോകം അതിന്റെ കെടുതികളില്‍നിന്നു മുക്തമായിട്ടില്ല.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...