Monday, February 15, 2016

കേരളം സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ....

കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് 2016-’17ലെ ബജറ്റ്രേഖ വിരൽചൂണ്ടുന്നത്. ആസിയാൻ കരാറും മറ്റും കേരളത്തിന്റെ നാണ്യവിളകളെ തകർത്തിരിക്കുന്നുവെന്ന് അവയെ സ്വാഗതംചെയ്തവർപോലും കേഴുകയാണ്. നിനച്ചിരിക്കാതെ മറ്റൊരു അപകടംകൂടി നമ്മെ തുറിച്ചുനോക്കുന്നുണ്ട്. എണ്ണവിലയിടിവ് നീണ്ടുനിൽക്കുകയാണെങ്കിൽ ഗൾഫിൽനിന്ന് കൂടുതൽപേർ തിരിച്ചുപോരേണ്ടിവരും. ഗൾഫ് പണവരുമാനം ഇടിയും. ഈനില തുടർന്നാൽ നമ്മുടെ സാമ്പത്തികവളർച്ച പ്രതിവർഷം 34 ശതമാനംവരെ ഇടിയാമെന്ന് ഇക്കണോമിക് റിവ്യൂ ജാഗ്രതപ്പെടുത്തുന്നു. ഇത്തരമൊരു സാമ്പത്തികമാന്ദ്യം ഉണ്ടായാൽ കേരളത്തിലെ ക്ഷേമനേട്ടങ്ങൾ നിലനിർത്താനും കഴിയാതെപോകും. 
 2006-നുശേഷം കേരളസമ്പദ്ഘടന ശരാശരി 7.6 ശതമാനം നിരക്കിൽ വളരുകയായിരുന്നു. എന്നാൽ, ഈ പതിറ്റാണ്ടിന്റെ ആദ്യത്തെ അഞ്ചുവർഷമെടുത്താൽ സാമ്പത്തികവളർച്ച 6.1 ശതമാനം വീതമേ ഉണ്ടായിട്ടുള്ളൂ. 2004-’05 സ്ഥിരവില വരുമാനത്തിലാണ് ഈ കണക്കുകൂട്ടൽ. എന്നാൽ, എക്കണോമിക് റിവ്യൂ 2011-’12 വിലനിലവാരത്തിൽ കണക്കുകൂട്ടുമ്പോൾ 2013-’14ൽ കേരളം 4.3 ശതമാനമേ വളർന്നുള്ളൂ. അതേസമയം, 2014-’15ൽ 6.2 ശതമാനം വളർന്നു. ഈ വളർച്ച ഒരു കുതിപ്പായി ചിലർ തെറ്റിദ്ധരിച്ചിരിക്കയാണ്. എന്നാൽ, ദേശീയ സാമ്പത്തികവളർച്ച ഈ പുതിയ കണക്കുരീതിപ്രകാരം 7.3 ശതമാനമാണ്.
എൺപതുകളുടെ അവസാനംമുതൽ കേരളത്തിലെ സാമ്പത്തികവളർച്ച ദേശീയ ശരാശരിയെക്കാൾ മികച്ചതായിരുന്നു. അതാണ് ഇപ്പോൾ തകിടംമറിഞ്ഞിരിക്കുന്നത്. കാർഷികമേഖലയിലെ ഉത്‌പാദനം സമീപകാലത്ത് തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കയാണ്. 2014-’15ൽ കാർഷികവളർച്ച 4.67 ശതമാനമാണ്. കഴിഞ്ഞവർഷവും കാർഷികോത്‌പാദനം കുറയുകയാണുണ്ടായത്. യു.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ ഉണ്ടായ ഉത്‌പാദനത്തെക്കാൾ കുറവാണ് പടിയിറങ്ങുമ്പോഴുള്ള ഉത്പാദനം. വ്യവസായമേഖലയിലും മുരടിപ്പാണ്. ദേശീയ ശരാശരിയെക്കാൾ വളരെ താഴ്ന്നതാണ് കേരളത്തിലെ വ്യവസായവളർച്ച.
പരമ്പരാഗതമേഖലകൾ തകർച്ചയിലാണ്. പൊതുമേഖല നഷ്ടത്തിലായി. പുതിയ വൻകിട വ്യവസായങ്ങളൊന്നും വരുന്നില്ല. ചെറുകിടമേഖലയിലാണ് അല്പം പ്രസരിപ്പുള്ളത്. കെട്ടിടനിർമാണമേഖലയുടെ വളർച്ചയും മന്ദീഭവിച്ചിരിക്കുന്നു. ഗൾഫ് മേഖലയിലെ പ്രതിസന്ധി താമസംവിനാ നമ്മുടെ സേവനത്തുറകളെയും ബാധിക്കാൻ പോവുകയാണ്.ഈ സ്ഥിതിവിശേഷത്തെ നേരിടുന്നതിന് യു.ഡി.എഫ്. സർക്കാർ എന്തുചെയ്തു എന്നുള്ളതാണ് ബജറ്റ് വിലയിരുത്തുമ്പോൾ ഉന്നയിക്കേണ്ട ചോദ്യം. കേരളസർക്കാറിന്റെ ധനകാര്യത്തെ ഗ്രസിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിമൂലം വികസനപ്രവർത്തനങ്ങൾക്ക് പണമില്ല എന്നുള്ളതാണ് സത്യം.
ധനകാര്യവർഷം അവസാനിക്കാൻ ഇനി ബാക്കി ഒന്നരമാസം. 27,833 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കേണ്ടത്. പക്ഷേ, ഇന്നലെവരെയുള്ള ചെലവ് 7796 കോടിയാണ്. വെറും 28 ശതമാനം മാത്രം. ട്രഷറിയിൽനിന്ന് പദ്ധതിപ്രവർത്തനങ്ങൾക്കുവേണ്ടി വകുപ്പുകൾ പിൻവലിച്ച തുകയുടെ കണക്കാണിത്. കഴിഞ്ഞവർഷം പദ്ധതിയടങ്കൽ 22,762 കോടി രൂപയായിരുന്നു. ഇതിന്റെ 61 ശതമാനം പണമേ ചെലവഴിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോൾ നിയമസഭയിൽ വിതരണംചെയ്തിരിക്കുന്ന സി.എ.ജി.യുടെ 2014-’15ലെ ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് പറയുന്നത്. ഈവർഷം ഇത് 50 ശതമാനമെത്തിയാൽ മഹാഭാഗ്യം.കഴിഞ്ഞ വർഷം ചെലവാക്കാതെ ലാപ്സാക്കിയത് ഏതാണ്ട് 10,000 കോടി രൂപ. നടപ്പുവർഷത്തിൽ ചെലവാക്കാതെ പാഴാക്കാൻ പോകുന്നത് 12,000 കോടി രൂപയാണ്. രണ്ടുവർഷംകൊണ്ട് 22,000 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടപ്പാകാതെ പോയത്.
പ്രഖ്യാപനങ്ങളെല്ലാം വീൺവാക്കുകളാവുകയാണ്. കഴിഞ്ഞ വർഷം ബജറ്റ് പ്രസംഗത്തിൽ 1931 കോടി രൂപയുടെ പുതിയ പദ്ധതികൾ കെ.എം. മാണി പ്രഖ്യാപിച്ചു. അംഗീകൃതപദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്ന പരിപാടികൾക്കുപുറമെയായിരുന്നു കൈയടി ലക്ഷ്യമിട്ടുള്ള ഇത്തരം പ്രഖ്യാപനങ്ങൾ. ഇവയിലെത്ര നടപ്പായി? വട്ടപ്പൂജ്യം എന്നായിരിക്കും ഉത്തരം. ഇത്തരമൊരു സ്ഥിതിവിശേഷത്തിന്‌ കാരണം, നികുതിപിരിവിൽ വന്നിരിക്കുന്ന വലിയ തകർച്ചയാണ്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സംസ്ഥാന ഖജനാവിന്‌ നഷ്ടപ്പെട്ട വരുമാനത്തിന്റെ കണക്കെടുത്താൽ നാം ഞെട്ടും. 2011-’12 മുതൽ 2015-’16 വരെയുള്ള അഞ്ച്‌ ബജറ്റുകളിൽ പിരിക്കുമെന്ന്‌ പ്രഖ്യാപിച്ച നികുതി 1.85 ലക്ഷം കോടി രൂപയാണ്. ഇതിനുപുറമേ ആറായിരം കോടി രൂപയുടെ പ്രഖ്യാപിത അധിക വിഭവസമാഹരണവുംകൂടി ഉൾപ്പെടുത്തിയാൽ ഈ തുക 1.91 ലക്ഷം കോടി വരും. യഥാർഥത്തിൽ പിരിച്ച നികുതി 1.61 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് മുപ്പതിനായിരം കോടി രൂപയുടെ നികുതിവരുമാനം ചോർന്നുവെന്ന്‌ അർഥം. അതേസമയം, എൽ.ഡി.എഫിന്റെ കാലത്ത് ബജറ്റിൽ പറഞ്ഞതിനെക്കാൾ കൂടുതൽ നികുതി ഓരോ വർഷവും പിരിച്ചിട്ടുണ്ട്.
വാണിജ്യനികുതികളുടെ പിരിവുമാത്രം 106 ശതമാനമാണ്.1.61 ലക്ഷം കോടി രൂപയുടെ നാലിൽ മൂന്നുഭാഗവും പദ്ധതിയിതര ചെലവുകളാണ്. പ്രഖ്യാപിച്ച 30,000 കോടികൂടി പിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേരളത്തിന്റെ പദ്ധതിയടങ്കൽ 50 ശതമാനംകൂടി വർധിപ്പിക്കാൻ കഴിയുമായിരുന്നു. ഇതിനുപകരം പ്രഖ്യാപിത പദ്ധതിതന്നെ നമുക്ക് വെട്ടിച്ചുരുക്കേണ്ടിവന്നു. കോൺട്രാക്ടർമാർക്ക് കൊടുക്കാനുള്ള തുക 1500-ഓളം കോടി രൂപ കുടിശ്ശികയായി. തന്മൂലം മൂലധനച്ചെലവ് മുരടിച്ചു. 
റവന്യൂവരുമാനം വർധിക്കാത്തതുമൂലം പദ്ധതിച്ചെലവ്‌ വെട്ടിച്ചുരുക്കിയിട്ടും റവന്യൂകമ്മി ഉയർന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരുമ്പോൾ റവന്യൂകമ്മി ആഭ്യന്തരവരുമാനത്തിന്റെ നാലുശതമാനം വരുമായിരുന്നു. അത് 2.29 ശതമാനമായി കുറയ്ക്കുന്നതിന് ആ സർക്കാറിന് കഴിഞ്ഞു. ഇതിനുവേണ്ടി ചെലവുകൾ കർശനമായി ചുരുക്കുന്ന നയമാണ് അവർ സ്വീകരിച്ചത്. തുടർന്നുവന്ന എൽ.ഡി.എഫ്. സർക്കാർ ചെലവ് ചുരുക്കുന്നതിനു പകരം വരുമാനം വർധിപ്പിച്ചുകൊണ്ട് കമ്മി കുറയ്ക്കാനാണ് പരിശ്രമിച്ചത്.
യു.ഡി.എഫ്. ഭരണകാലത്ത് റവന്യൂ വരുമാനത്തിന്റെ വർധന പ്രതിവർഷം 10.98 ശതമാനം ആയിരുന്നത് എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് 17.6 ശതമാനമായി ഉയർന്നു. റവന്യൂ കമ്മിയാകട്ടെ 2010-’11 ആയപ്പോഴേക്കും 1.39 ശതമാനമായി താഴ്ന്നു. 2012-’13ൽ ഈ കമ്മി ഇല്ലാതാക്കണമെന്നാണ് നിലവിലുള്ള നിയമം അനുശാസിക്കുന്നത്. എന്നാൽ, 2012-’13 ൽ റവന്യൂ കമ്മി 2.69 ആയി ഉയർന്നു. 2013-’14 അത് വീണ്ടും 2.85 ആയി. ബജറ്റ് പ്രസംഗത്തിൽ കമ്മി കുറയ്ക്കുന്നതിനെക്കുറിച്ചെല്ലാം വാചകമടി ഉണ്ടാകുമെങ്കിലും പ്രവൃത്തി നേർവിപരീതമായിരുന്നു.
ചെലവ് ചുരുക്കിയുമില്ല, വരുമാനം വർധിപ്പിച്ചുമില്ല. റവന്യൂ വരുമാനവർധന വീണ്ടും ഏതാണ്ട് 11 ശതമാനമായി താഴ്ന്നു. ഇതിന്റെ ഫലമായി റവന്യൂ കമ്മി വർഷം കഴിയുന്തോറും വീർത്തുവന്നു.2011-’12ൽ റവന്യൂ 5534 കോടി രൂപയായിരിക്കുമെന്നായിരുന്നു ബജറ്റ് പ്രവചനം. യഥാർഥ കണക്ക് വെച്ചപ്പോൾ 8034 കോടി രൂപ. 2012-’13ൽ ബജറ്റിൽ പറഞ്ഞ 3464 കോടി രൂപ ഏതാണ്ട് മൂന്നുമടങ്ങായി വർധിച്ച് 9351 കോടി രൂപയായി. 2013-’14ൽ വീണ്ടും ബജറ്റിൽ റവന്യൂ കമ്മി 1202 കോടി രൂപയായി കുറച്ചു. പക്ഷേ, കമ്മി ഏതാണ്ട് പത്തുമടങ്ങ് വർധിച്ച് 11,308 കോടിയായി. ഇതിൽനിന്ന് പാഠം പഠിച്ച് 2014-ൽ കമ്മി ഉയർത്തി 7132 കോടിയായി ബജറ്റിൽ ക്രമീകരിച്ചു. എന്നാൽ, ധനകാര്യവർഷം അവസാനിച്ചപ്പോൾ ഇത് 13,795 കോടിയെന്ന സർവകാലറെക്കോഡിലെത്തി. പുതുക്കിയ കണക്കുപ്രകാരം 2015-’16ൽ റവന്യൂ കമ്മി 10,814 കോടി രൂപയാണ്. അന്തിമ കണക്കുവരുമ്പോൾ ഇത് ചുരുങ്ങിയത് 13,000 കോടി രൂപയെങ്കിലും വരും. വരുമാനം പെരുപ്പിച്ചുകാണിച്ചാണ് കമ്മിക്കു കടിഞ്ഞാണിട്ടിരിക്കുന്നത്.   
2016-’17ലെ ബജറ്റുപ്രകാരം റവന്യൂകമ്മി 9897 കോടി രൂപയാണ്. ഇവിടെയും കമ്മി കുറച്ചുകാണിക്കാൻ വരുമാനം പെരുപ്പിച്ചിരിക്കുന്നു. ഇക്കണോമിക് റിവ്യൂവിൽ ഒന്നാമധ്യായത്തിൽത്തന്നെ കേന്ദ്ര സർക്കാറിൽനിന്നുള്ള ഗ്രാൻറ് ഇൻ എയിഡ് ഇത്തവണ 1000 കോടിയെങ്കിലും കുറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്ര ഗ്രാൻറ് ഇൻ എയിഡ് 24 ശതമാനം ഉയരുമെന്നാണ് ബജറ്റിലെ അനുമാനം. കഴിഞ്ഞ അഞ്ചുവർഷം 11 ശതമാനം വേഗത്തിലാണ് നികുതിവരുമാനം ഉയർന്നത്. പക്ഷേ, അടുത്തവർഷം അത് 18 ശതമാനംകണ്ട് ഉയരും എന്ന അനുമാനത്തിലാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനെല്ലാറ്റിനുംപുറമെ 1575 കോടി രൂപയുടെ അധികച്ചെലവും ഉമ്മൻചാണ്ടി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. റെക്കോഡ് കമ്മിയായിരിക്കും കേരളത്തെ കാത്തിരിക്കുന്നത്. 

റവന്യൂ കമ്മി ഇങ്ങനെ തുടരുകയാണെങ്കിൽ അത് സർക്കാറിന് ബജറ്റിനുപുറത്ത് പൊതുമേഖലാ കമ്പനികളുടെയും മറ്റും വായ്പയെടുക്കാനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ആത്യന്തികമായി ഈ കമ്പനികളുടെയെല്ലാം ഉടമസ്ഥത സർക്കാറിനാണല്ലോ. സർക്കാർ പാപ്പരാണെങ്കിൽ പിന്നെ കമ്പനികൾക്ക് ആര്‌ വായ്പ കൊടുക്കും? സർക്കാർ ധനകാര്യസ്ഥിതി ഇങ്ങനെ തുടർന്നാൽ പശ്ചാത്തലസൗകര്യ വികസനത്തെക്കുറിച്ചും മറ്റുമുള്ള ബജറ്റിലെ ഭാവനകൾ ദിവാസ്വപ്നങ്ങളായിത്തീരും. കേരളത്തിന്റെ ധനകാര്യനയത്തിൽ സമൂലമായ ഒരു പൊളിച്ചെഴുത്ത്‌ കൂടിയേതീരൂ.

ജനങ്ങൾക്കു മുന്നിലെ രണ്ടുരേഖകൾ......

കേരള പഠനകോൺഗ്രസ് വെറും പ്രസംഗം മാത്രമാണെന്നും ഇടതുപക്ഷത്തിന്റെ പ്രവൃത്തിക്ക് അതുമായി ബന്ധമൊന്നുമുണ്ടാകില്ലെന്നും കേരളമുഖ്യമന്ത്രി ഉമ്മൻചാണ്ടി എഴുതിയത് വായിച്ചു. തൊഴിലാളികൾക്കും കൃഷിക്കാർക്കും സാധാരണക്കാർക്കും സമ്പത്തിൽ നീതിപൂർവമായ പങ്ക് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഇടതുപക്ഷം ഇന്നോളം പ്രസംഗിച്ചിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും. ഭൂപരിഷ്കരണം, മെച്ചപ്പെട്ട കൂലി, വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങൾ, റേഷൻ, ക്ഷേമ സൗകര്യങ്ങൾ, അധികാരവികേന്ദ്രീകരണം എന്നു തുടങ്ങിയവയെല്ലാം ഇടതുപക്ഷത്തിന്റെ പ്രവൃത്തിയുടെയും പ്രസംഗത്തിന്റെയും ഫലമാണ്. മുതലാളിമാർക്കും ജന്മിമാർക്കും വേണ്ടി ഞങ്ങൾ പ്രവർത്തിച്ചുവെന്നൊരു ആക്ഷേപം ഉമ്മൻചാണ്ടിപോലും ഉന്നയിക്കുമെന്ന് എനിക്കുതോന്നുന്നില്ല.

എന്നാ
ൽ, സാമൂഹ്യക്ഷേമ നേട്ടങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ സാമ്പത്തികവളർച്ച മുരടിച്ചുനിന്നു. ഇടതുപക്ഷ നയങ്ങളാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് രൂക്ഷമായ വിമർശനവും വലതുപക്ഷക്കാർ ഉയർത്തി. ഈ പശ്ചാത്തലത്തിലാണ് ഇ.എം.എസ്. മുൻകൈയെടുത്ത് ഒന്നാം കേരള പഠനകോൺഗ്രസ് 1994-ൽ വിളിച്ചുചേർത്തത്. ഭൂതകാലത്തിന്റെ സാമൂഹ്യക്ഷേമനേട്ടങ്ങൾ സംരക്ഷിച്ചുകൊണ്ട് എങ്ങനെ സാമ്പത്തികവളർച്ച ത്വരപ്പെടുത്താമെന്ന് ചർച്ചചെയ്യാൻ രാഷ്ട്രീയപക്ഷഭേദമില്ലാതെ കേരളത്തിലെ പണ്ഡിതരെയും നയകർത്താക്കളെയും സാമൂഹികരാഷ്ട്രീയപ്രവർത്തകരെയും ഒരു വേദിയിൽ അണിനിരത്തി. ചെറുകിട ഉത്പാദനമേഖലയുടെ വളർച്ചയ്ക്കും പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ജനങ്ങളുടെ വർധിച്ച പങ്കാളിത്തം എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ ചർച്ചകളിൽനിന്നാണ്. അങ്ങനെയാണ് ജനകീയാസൂത്രണം ആവിഷ്കരിച്ചത്. ഇടതുപക്ഷത്തിന്റെ പ്രസംഗം പ്രവൃത്തിയായ മറ്റൊരു ചരിത്രസന്ദർഭം.

രണ്ടാം പഠനകോ
ൺഗ്രസ് ആയപ്പോഴേക്കും ഒരുകാര്യം വളരെ വ്യക്തമായി. എൺപതുകളുടെ അവസാനം മുതൽ കേരളസമ്പദ്ഘടന വളർച്ചയുടെ പുതിയ വിതാനത്തിലേക്കുയർന്നു. സാമ്പത്തികവളർച്ച ദേശീയ ശരാശരിക്ക് മുകളിലായി. സാമൂഹികവികസനത്തിലെ മുതൽമുടക്ക് വിദേശരാജ്യങ്ങളിലെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മെ സഹായിച്ചു. ഗൾഫ് പണവരുമാനം ഉപഭോഗത്തെ ഉയർത്തി, ഉപഭോഗമേഖലകൾ വളർന്നു. എന്നാൽ, ഈ വളർച്ച ഉത്പാദനമേഖലയെ സ്വാധീനിച്ചില്ല. ഇതെങ്ങനെ പരിഹരിക്കാമെന്നാണ് രണ്ടും മൂന്നും കോൺഗ്രസ്സുകൾ ചർച്ചചെയ്തത്.

ആഗോളീകരണം അടിച്ചേ
ൽപ്പിക്കുന്ന പരിമിതികളെക്കുറിച്ചും കൂടുതൽ വ്യക്തതയുണ്ടായി. ഉത്പാദനമേഖലകളുടെ വളർച്ച ത്വരപ്പെടുത്തുന്നതിലും വിദ്യാസമ്പന്നരായ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഐ.ടി. പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലേക്കും മറ്റും തിരിയണമെന്ന് ഈ പഠനകോൺഗ്രസ്സുകൾ വിലയിരുത്തി. ഇന്ന് ഇക്കാര്യത്തിൽ ഒരു അഭിപ്രായസമന്വയമുണ്ട്. പക്ഷേ, ഈ സാമ്പത്തികഗതിമാറ്റം വളരെ മന്ദഗതിയിലേ ഉണ്ടാകുന്നുള്ളൂ. ആദ്യത്തെ ടെക്നോപാർക്ക് കേരളത്തിലാണ് തുടങ്ങിയതെങ്കിലും ഇന്ത്യയിലെ സോഫ്റ്റ്വേർ കയറ്റുമതിയുടെ തുച്ഛമായ വിഹിതമേ കേരളത്തിൽ നിന്നുമുള്ളൂ. ആദ്യത്തെ ഇലക്ട്രോണിക് സംരംഭങ്ങളിലൊന്നായ കെൽട്രോൺ ഇന്നും തുടങ്ങിയേടത്തുനിൽക്കുകയാണ്. ബയോടെക്നോളജി ഇനിയും കേരളചക്രവാളത്തിൽ ഉദിച്ചിട്ടില്ല. ഈ സ്ഥിതിവിശേഷത്തിന് പരിഹാരമാണ് നാലാംകേരള പഠന കോൺഗ്രസ് പ്രധാനമായും ചർച്ചചെയ്തത്.

ഇത്തരം പുതിയ വ്യവസായമേഖലകളിലേക്ക് സ്വകാര്യനിക്ഷേപകരെ ആക
ർഷിക്കാനാവുന്നില്ല. അതിനു മുഖ്യകാരണം, റോഡുകളും പാർക്കുകളുംപോലുള്ള ഭൗതികപശ്ചാത്തല സൗകര്യങ്ങളുടെയും ഉന്നതവിദ്യാഭ്യാസം പോലുള്ള സാമൂഹികപശ്ചാത്തലസൗകര്യങ്ങളുടെയും അപര്യാപ്തതയാണ്. പശ്ചാത്തലസൗകര്യ സൃഷ്ടിക്കായുള്ള ഇടപെടലുകൾ ഏന്തിവലിഞ്ഞാണ് നീങ്ങുന്നത്. ഇതിനുകാരണം കണ്ടെത്തി പരിഹരിക്കുന്നതിന് നാലാം പഠനകോൺഗ്രസ് പ്രത്യേക ഊന്നൽനൽകി. തുറന്നമനസ്സോടെ ഈ പ്രശ്നത്തെ സമീപിക്കുന്നതിനു പകരം, ഈ മേഖലയിലെ നേട്ടങ്ങൾക്കെല്ലാം ഉത്തരവാദി യു.ഡി.എഫാണെന്നു വാദിച്ച് എട്ടുകാലിമമ്മൂഞ്ഞു ചമയുകയാണ് മുഖ്യമന്ത്രി. ഇടുക്കി പദ്ധതിയും നെടുമ്പാശ്ശേരി വിമാനത്താവളവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പദ്ധതികൾ. 1969-ലെ സർക്കാറിന്റെ കാലത്താണ് ഇടുക്കി പദ്ധതിക്ക് തറക്കല്ലിട്ടത്. ഇവ രണ്ടുമടക്കമുള്ള എല്ലാ വൻകിട പശ്ചാത്തലസൗകര്യ പ്രോജക്ടുകളിലും ഇരുമുന്നണികൾക്കും പങ്കുണ്ട്. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി, വല്ലാർപാടം ടെർമിനൽ തുടങ്ങിയവയുടെയെല്ലാം സ്ഥിതി ഇങ്ങനെത്തന്നെ.

ഇവയെക്കുറിച്ചൊക്കെ വമ്പുപറയുന്നതിനു
പകരം നിർമാണം നീണ്ടുപോകുന്നതിന്റെയും ആവശ്യത്തിന് സൗകര്യങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതിന്റെയും കാരണങ്ങൾ തിരയുകയും പരിഹാരത്തിന് ശ്രമിക്കുകയുമാണ് വേണ്ടത്. അതാണ് നാലാം പഠനകോൺഗ്രസ്സിൽ നടന്നത്. ഈ ചർച്ചകളിൽ ഞങ്ങൾ രണ്ടു കാരണങ്ങളാണ് കണ്ടെത്തിയത്. യു.ഡി.എഫ്. സർക്കാർ ആവിഷ്കരിച്ച പദ്ധതി പരിപ്രേക്ഷ്യം 2030 എന്ന രേഖയും നാലാം കേരള പഠന കോൺഗ്രസ് ചർച്ചചെയ്ത കേരള വികസന അജൻഡ എന്ന രേഖയും ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെമുന്നിൽ രണ്ടു വികസനരേഖകളായുണ്ട്. ആദ്യത്തേത് ചില കൺസൾട്ടന്റുമാരുടെ കസർത്താണ്. രണ്ടാമത്തേത് ഇരുപതോളം സെമിനാറുകളിൽ കേരളത്തിന്റെ പണ്ഡിതന്മാരും സാമൂഹികരാഷ്ട്രീയപ്രവർത്തകരും ചർച്ചചെയ്ത കാര്യങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ രേഖയും. പഠനകോൺഗ്രസ്സിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ കരടുരേഖയ്ക്ക് ഞങ്ങൾ അവസാനരൂപം നൽകിക്കൊണ്ടിരിക്കുകയാണ്.

 കേരളത്തിന്റെ കാ
ർഷികമേഖലയെ തകർത്ത നവലിബറൽ നയങ്ങളെ, നമ്മുടെ വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന കാഴ്ചപ്പാടാണ് യു.ഡി.എഫിന്റെ രേഖ മുന്നോട്ടുവെക്കുന്നത്. എൽ.ഡി.എഫിന്റെ രേഖയാകട്ടെ, ഈ സമീപനത്തിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇന്നത്തെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ഒരു ബദൽമാർഗം തേടാനാണ് പരിശ്രമിക്കുന്നത്. ഈ രണ്ടുരേഖകളും തമ്മിൽ മൗലികമായ അഭിപ്രായഭേദങ്ങൾ നിലനിൽക്കുന്നു എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. ഈ രണ്ടുരേഖകളും ജനങ്ങൾ ചർച്ചചെയ്യട്ടെ. പിണറായി വിജയൻ നേതൃത്വം നൽകുന്ന നവകേരള മാർച്ചിലും ഞങ്ങൾ മുന്നോട്ടുവെക്കുന്ന പ്രധാന ചർച്ചാവിഷയം ഈ വികസനനിർദേശങ്ങൾ തന്നെയാണ്. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ഏതാണ് അഭികാമ്യമെന്ന് കേരളജനത തീരുമാനിക്കും.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...