Wednesday, July 4, 2012

വിജിലന്‍സ് കേസും എന്റെ വിശദീകരണവും

തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന സഫിയുളള സെയ്ദിന്റെ നേതൃത്വത്തില്‍ 2009 മാര്‍ച്ച് 17ന് തൃശൂരിലെ നാല് വാണിജ്യനികുതി ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയും അതിനെ തുടര്‍ന്ന് അന്ന് ധനകാര്യവകുപ്പു മന്ത്രിയായിരുന്ന ഞാന്‍ വിജിലന്‍സ് ഡിവൈഎസ്പിയുമായി ഫോണില്‍ സംസാരിച്ചതുമൊക്കെയാണ് കേസിനാധാരമായ സംഭവങ്ങള്‍. ആ സംഭവങ്ങളെ 2010ല്‍ രജിസ്റ്റര്‍ ചെയ്ത നാനോ എക്‌സെല്‍ കേസുമൊക്കെ കൂട്ടിക്കലര്‍ത്തിയാണ് പൊതുതാല്‍പര്യഹര്‍ജിയിലെ ആരോപണങ്ങള്‍ മെനഞ്ഞിരിക്കുന്നത്.

പൊതുതാല്‍പര്യഹര്‍ജിയുടെ നാലാം ഖണ്ഡിക ഉദ്ധരിക്കട്ടെ.

'4. മേല്‍ പ്രസ്താവിച്ച രീതിയില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന തുടര്‍ന്ന സമയം KL 11 D 5819 എന്ന വാഹനത്തിന്റെ ഡ്രൈവര്‍ ബാവ എന്നവര്‍ ഓഫീസിലേയ്ക്ക് പരാതിയുമായി കയറി വരികയും 17-03-2009 പുലര്‍ച്ചെ കണ്‍സ്ട്രക്ഷന്‍ കാര്യങ്ങള്‍ക്കുളള മരങ്ങളുമായി എല്ലാ രേഖകളോടും കൂടി തന്റെ വാഹനത്തില്‍ 2.75 M3 മരം കയറ്റിവരുന്ന സമയം രണ്ടാം എതിര്‍കക്ഷിയുടെ കീഴ്ജീവനക്കാര്‍ വാഹനം തടഞ്ഞു നിര്‍ത്തുകയും Kerala Value Added Tax Rule u/s 47 പ്രകാരമുളള നോട്ടീസ് നല്‍കി 30,836/- രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുളളതാണ്. ടി സമയം ടാക്‌സ് ഓഫീസിന്റെ ഡ്രൈവര്‍ 10,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ 30,000/- രൂപ ഫൈന്‍ ഈടാക്കുമെന്നും പറയുക ഉണ്ടായിട്ടുളളതാകുന്നു. രണ്ടാം എതിര്‍കക്ഷിയുടെ ഓഫീസിലെ ഇന്‍സ്‌പെക്ടറായ സി വിജയകുമാറാണ് നോട്ടീസ് നല്‍കിയതെന്നും ശിവശങ്കരന്‍ എന്നു പേരുളള ഡ്രൈവറാണ് 10,000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നും ബാവ വെളിപ്പെടുത്തിയതാണ്'.
മതിയായ രേഖകളില്ലാതെ തടി കടത്തിക്കൊണ്ടുവന്ന കെഎല്‍ 11 ഡി 5819 എന്ന ലോറി കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്ന തുറന്നു പറഞ്ഞതിന് പൊതുതാല്‍പര്യ ഹര്‍ജിക്കാരനോട് നന്ദിയുണ്ട്. ആ റെയിഡും അതിന്റെ അനുബന്ധസംഭവങ്ങളും ഞാന്‍ തുറന്നു പറയാം.

റെയിഡിനും ഫോണ്‍ വിളിയ്ക്കും പിന്നിലെന്ത്?

2009 മാര്‍ച്ച് 17ന് പുലര്‍ച്ചെയാണ് ലോറി കസ്റ്റഡിയിലെടുത്തത്. മലപ്പുറത്ത് രണ്ടത്താണിയിലെ മണക്കാട്ടില്‍ വീട്ടില്‍ മൊയ്തൂട്ടി മകന്‍ പോക്കറുടേതായിരുന്നു തടി. മൂവാറ്റുപുഴയില്‍ നിന്നും വാങ്ങിയ തടി പോക്കറുടെ മകന് വീടു വെയ്ക്കാനാണ് കൊണ്ടുപോകുന്നത് എന്നാണ് ഡ്രൈവര്‍ ബാവ നികുതിയുദ്യോഗസ്ഥരോടു പറഞ്ഞത്. വീടു വെയ്ക്കുന്നതിനെക്കുറിച്ചുളള രേഖകളൊന്നും ലോറിക്കാര്‍ ഹാജരാക്കിയില്ല. ആ സാഹചര്യത്തിലാണ് ലോറി പിടിച്ചെടുത്തത്.

അത്തരം സാഹചര്യത്തില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെച്ചാണ് പിടിച്ചെടുത്ത മുതല്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ വിട്ടുകൊടുക്കുന്നത്. രേഖകള്‍ ഹാജരാക്കുന്നപക്ഷം തുക തിരികെ നല്‍കും. 30, 836 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കാന്‍ തടിയുടമയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ആ തുക ഒടുക്കാന്‍ തടിയുടമയോ ഡ്രൈവറോ തയ്യാറായില്ല. ലോറി വിട്ടുകൊടുക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല.

മാര്‍ച്ച് 18ന് നാലു മണിയോടെ വിജിലന്‍സ് ഡിവൈഎസ്പി സഫിയുളള സെയ്ദ് വാണിജ്യനികുതി ഓഫീസുകളില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തി. റെയ്ഡ് നടത്താനുളള അനുമതി മധ്യമേഖലാ എസ്പിയില്‍ നിന്നും മാര്‍ച്ച് 17നു തന്നെ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. മനോരമ ന്യൂസ് അടക്കമുളള ടെലിവിഷന്‍ ചാനലുകളുടെ അകമ്പടിയോടെയാണ് വിജിലന്‍സ് സംഘം എത്തിയത്. ചില സ്ഥാപനങ്ങള്‍ക്ക് ചുമത്തിയ പിഴ സംബന്ധിച്ച ഫയലുകള്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടു. പിഴ ഒഴിവാക്കാനും നികുതി കുറച്ചു കൊടുക്കാനും ഉദ്യോഗസ്ഥരുടെ മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തപ്പെട്ട കേസുകളായിരുന്നു ഇവ.

നാല്‍പത്തിയഞ്ചു ലക്ഷം രൂപ പിഴ ചുമത്തിയ തൃശൂരിലെ അസാഗ് പ്രോപ്പര്‍ട്ടീസ്, 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ ഇരിങ്ങാലക്കുടയിലെ റിലാക്‌സ് കാറ്ററിംഗ് എന്നിവയുടെ ഫയലുകളാണ് ഡിവൈഎസ്പി കസ്റ്റഡിയിലെടുത്തത്. ഫയല്‍ കൈപ്പറ്റിയതിന്റെ രസീത് നല്‍കാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ കര്‍ക്കശ നിലപാടു മൂലം അതിനു കഴിഞ്ഞില്ല.

വൈകുന്നേരം ആറര മണിയോടെ സഫിയുളള സെയ്ദിന്റെ മുന്നിലേയ്ക്ക് തടി ലോറിയുടെ ഡ്രൈവര്‍ ബാവ നാടകീയമായി കടന്നു വന്നു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ നിന്നും ഉദ്ധരിച്ച ഖണ്ഡികയില്‍ പറഞ്ഞ പ്രകാരം പരാതി ഉന്നയിച്ചു.

ബാവയുടെ പരാതി കേട്ടയുടനെ കമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസില്‍ ഡിവൈഎസ്പിയുടെ അസഭ്യ വര്‍ഷം അരങ്ങേറി. ലോറി പിടിച്ച ഉദ്യോഗസ്ഥനെ തലങ്ങും വിലങ്ങും തെറി വിളിച്ചു. നോട്ടീസ് നല്‍കിയ ഉദ്യോസ്ഥന്റെ വയറിനു കുത്തിപ്പിടിച്ചു. നോട്ടീസും ഫയലും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണറുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു. നിയമപരമായി കസ്റ്റഡിയിലെടുത്ത തടി ലോറി വിട്ടുകൊടുക്കാന്‍ ആജ്ഞാപിച്ചു. പക്ഷേ, ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. വില്‍പനയ്ക്കല്ല, സ്വന്തം ഉപയോഗത്തിനാണ് എന്നതിനുളള സ്റ്റേറ്റ്‌മെന്റ് വാങ്ങി തടി വിട്ടു കൊടുക്കണം എന്നായിരുന്നു കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പന. ഉദ്യോഗസ്ഥനായ രാജേഷ് നല്‍കിയ പരാതിയില്‍ ഇവയെല്ലാം വിവരിച്ചിട്ടുണ്ട്.

ലോറി വിട്ടുകൊടുക്കുകയില്ല എന്നു കണ്ടപ്പോള്‍ സ്‌ക്വാഡിലെ എല്ലാ ഉദ്യോഗസ്ഥരും മാര്‍ച്ച് 20ന് തന്റെ ഓഫീസില്‍ ഹാജരാകണമെന്നു കല്‍പ്പിച്ചിട്ടാണ് സഫിയുളള സെയ്ദ് സ്ഥലം വിട്ടത്. അതനുസരിച്ച് ഉദ്യോഗസ്ഥര്‍ പത്തു മണിയോടെ തൃശൂര്‍ വിജിലന്‍സ് ഓഫീസിലെത്തി. ഉച്ചവരെ അവരോട് ആരും ഒന്നും ചോദിച്ചില്ല. ഉച്ചയ്ക്കു ശേഷമായിരുന്നു സ്റ്റേറ്റ്‌മെന്റെടുക്കല്‍. തെറിവിളിയുടെയും ഭീഷണിയുടെയും നടുവിലാണ് ഓരോരുത്തരും സ്റ്റേറ്റുമെന്റുകളെഴുതിയത്. എല്ലാവരുടെയും ജോലി കളയുമെന്നും വീടുകള്‍ റെയിഡു ചെയ്യുമെന്നുമൊക്കെ ഭീഷണിയുണ്ടായി.

അകാരണമായ പീഡനത്തില്‍ ജീവനക്കാര്‍ സ്വാഭാവികമായും ക്ഷുഭിതരായി. അവരുടെ സംഘടനാനേതാക്കള്‍ എന്നെ വിവരമറിയിച്ചു. നിയമപ്രകാരം ജോലി ചെയ്യുന്ന ജീവനക്കാര്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായതില്‍ അവര്‍ക്കുളള പ്രതിഷേധവും അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ആലപ്പുഴയിലൊരു യോഗത്തിലായിരുന്ന ഞാന്‍, ഓഫീസ് അസിസ്റ്റന്റ് ശ്രീജിത്തിന്റെ മൊബൈലില്‍ നിന്ന് ഡിവൈഎസ്പി സഫിയുളള സെയ്ദിനെ വിളിച്ചത്.

ഓഫീസ് റെയിഡിനിടെ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കില്‍ നിയമപരമായി നടപടി സ്വീകരിക്കണമെന്നും നിയമപരമായി കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കിയ തടിലോറി വിട്ടുകൊടുക്കാണമെന്ന ആജ്ഞ നല്‍കാന്‍ വിജിലന്‍സ് ഡിവൈഎസ്പിയ്ക്ക് അധികാരമില്ല എന്നും കര്‍ശനമായിത്തന്നെ ഞാന്‍ സഫിയുളള സെയ്ദിനോടു പറഞ്ഞു. ഇത്രയുമാണ് എന്റെ ഫോണ്‍ സംഭാഷണം.

തടി നികുതിവെട്ടിപ്പു സംബന്ധിച്ച ഹൈക്കോടതി വിധി

സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കാനുളള നിര്‍ദ്ദേശത്തിനെതിരെ തടിയുടമ ഹൈക്കോടതിയില്‍ പോയി (WP© 9393/2009). നികുതി വകുപ്പ് നിര്‍ദ്ദേശിച്ച തുക കെട്ടിവെയ്ക്കാനായിരുന്നു കോടതിയുടെ വിധിയും. ഏഴായിരം രൂപ പണമായും ബാക്കി തുക ബോണ്ടായും നല്‍കി ലോറി കൊണ്ടുപോകാന്‍ 2009 മാര്‍ച്ച് 26ന് ഹൈക്കോടതി വിധിച്ചു.

അപ്പലേറ്റ് അതോറിറ്റികളും ട്രിബ്യൂണലുകളുമൊക്കെ കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെയാണ് ലോറിയുടമ ഹൈക്കോടതിയെ സമീപിച്ചത്. അവിടെയും വിധി മറ്റൊന്നായില്ല. അടിയും കൊണ്ട്, പുളിയും കുടിച്ച്, കരവുമൊടുക്കി എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. എവിടെയൊക്കെ കയറിയിറങ്ങിയിട്ടും തൃശൂരിലെ നികുതി ഉദ്യോഗസ്ഥര്‍ ചുമത്തിയ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്ന് ഒരു രൂപ പോലും കുറയ്ക്കാന്‍ തടിയുടമയും ചരടുവലിക്കാന്‍ പിന്നില്‍ക്കൂടിയവരും നടത്തിയ വ്യവഹാര വ്യായാമങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.

എന്റെ ഫോണ്‍ വിളിയോടെ നികുതി ഓഫീസില്‍ അധികം കളിക്കാന്‍ കഴിയില്ലെന്നു പിന്നില്‍ ചരടുവലിച്ചവര്‍ക്കു മനസിലായി. അവരുടെ വധഭീഷണിയും തെറിയഭിഷേകവും മന്ത്രിയ്ക്കു നേരെയായി. അതിന്റെ ചരിത്രമാണ് ഇനി പറയുന്നത്.

മന്ത്രിയ്ക്കു നേരെ ഫോണ്‍ ഭീഷണി

ശ്രീജിത്തിന്റെ ഫോണില്‍ നിന്നാണ് ഞാന്‍ സഫിയുളള സെയ്ദിനെ വിളിച്ചത് എന്നുപറഞ്ഞുവല്ലോ. ശ്രീജിത്തിന്റെ ഫോണിലേയ്ക്ക് നിരന്തരം ഭീഷണി കോളുകള്‍ വരാന്‍ തുടങ്ങി. വിദേശത്തു നിന്നും മറ്റുമായിരുന്നു അവ. രണ്ടു ഡസനുകളിലേറെ ഫോണുകള്‍ വന്നു. ഭീഷണി തുടര്‍ന്ന സാഹചര്യത്തില്‍ ശ്രീജിത്ത് പോലീസ് മേധാവിയ്ക്ക് രേഖാമൂലം പരാതി നല്‍കി.

സൈബര്‍ സെല്‍ ഇടപെട്ട് കോളുകളുടെ ഉറവിടം കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയ്ക്ക് കോട്ടയം റേഞ്ച് വിജിലന്‍സ് എസ്പിയെ വിജിലന്‍സ് ഡയറക്ടര്‍ ചുമതലപ്പെടുത്തി.

ഞാനും സഫിയുളള സെയ്ദും തമ്മില്‍ നടന്ന സംഭാഷണത്തിന് ഉപയോഗിച്ച ശ്രീജിത്തിന്റെ ടെലിഫോണ്‍ നമ്പര്‍ എങ്ങനെ പുറത്തുപോയി? ഡിവൈഎസ്പി തന്നെയായിരുന്നു ആ നമ്പര്‍ ചോര്‍ത്തിയത്. ഇതടക്കം തൃശൂരില്‍ നടന്ന മിന്നല്‍ പരിശോധനയുടെ പിന്നാമ്പുറങ്ങള്‍ കോട്ടയം റേഞ്ച് വിജിലന്‍സ് എസ്പിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

'മിന്നല്‍ പരിശോധന'യുടെ പൂട്ടു തുറന്ന അന്വേഷണം

കോട്ടയം റേഞ്ച് വിജിലന്‍സ് എസ് പി കെ. ജെ. ദേവസ്യ ഐപിഎസ് 27-4-2009ന് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിച്ച ടി-9015/2009 നമ്പര്‍ റിപ്പോര്‍ട്ടില്‍  വസ്തുതകളൊക്കെ അക്കമിട്ടു നിരത്തിയിട്ടുണ്ട്. 


സഫിയുളള സെയ്ദ് നടത്തിയ മിന്നല്‍ പരിശോധന, ലോറി ഡ്രൈവറുടെ നാടകീയ രംഗപ്രവേശം, ധനമന്ത്രിയുടെ ഫോണ്‍ കോള്‍, അതിനുശേഷമുണ്ടായ ഭീഷണി തുടങ്ങിയവയെല്ലാം വിശദമായി ഈ റിപ്പോര്‍ട്ടില്‍ പരിശോധിച്ചു. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഇവയായിരുന്നു:

'ഒന്ന്) 2009 മാര്‍ച്ച് 18ന് തൃശൂര്‍ വാണിജ്യനികുതി ഓഫീസുകളില്‍ സഫിയുളള സെയ്ദ് നടത്തിയ മിന്നല്‍ പരിശോധന മുന്‍വിധികളോടെയുളളതായിരുന്നു. പിടിച്ചെടുത്ത തടി ലോറിയുമായി ബന്ധപ്പെട്ട മുന്‍വിധികളോടെയായിരുന്നു ഈ പരിശോധന.

രണ്ട്) പരിശോധനാ സമയത്തും അതിനുശേഷവും വാണിജ്യനികുതി ഉദ്യോഗസ്ഥരെ അപമാനിക്കുംവിധമാണ് ഡിവൈഎസ്പി പെരുമാറിയത്.

മൂന്ന്) ഡിവൈഎസ്പി മിന്നല്‍ പരിശോധനയ്ക്കായി ഒരു കൃഷി ഓഫീസറുടെ സേവനമാണ് തേടിയത്. ഇദ്ദേഹത്തിന് വാണിജ്യനികുതി വകുപ്പിലെ ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് ധാരണയില്ല.

നാല്) പരിശോധനാ സമയത്ത് മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം അറിഞ്ഞോ അറിയാതെയോ വിജിലന്‍സ് ഡിവൈഎസ്പി ഏര്‍പ്പാടാക്കിയിരുന്നു.

അഞ്ച്) ധനമന്ത്രി ഡിവൈഎസ്പിയുമായി നടത്തിയ ഫോണ്‍ സംഭാഷണം ധനമന്ത്രിയുടെ അനാവശ്യ ഇടപെടല്‍ എന്നു വരുത്തിത്തീര്‍ക്കാന്‍ സെയ്ഫുളള സെയ്ദ് മാധ്യമങ്ങള്‍ക്കും മറ്റും ചോര്‍ത്തിക്കൊടുത്തു. എന്നാല്‍ ഡിവൈഎസ്പിയുടെ സമീപനം തെറ്റാണ് എന്നും ലോറി വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്നുമുളള വസ്തുത ബോധ്യപ്പെടുത്തുക മാത്രമാണ് ധനമന്ത്രി ചെയ്തത്.' (അടിവര ലേഖകന്റേത്)
ങ്ങനെ സഫിയുളള സെയ്ദിന്റെ മിന്നല്‍ പരിശോധനയും നിഗമനങ്ങളും വിജിലന്‍സ് വകുപ്പ് തളളിപ്പറഞ്ഞു. ഈ കണ്ടെത്തലുകള്‍ക്കു പുറമെ സഫിയുളള സെയ്ദിനെതിരെ വകുപ്പുതല നടപടിയും വിജിലന്‍സ് എസ് പി ശിപാര്‍ശ ചെയ്തു.

ചരടുവലിക്കാര്‍ അരങ്ങത്തേയ്ക്ക്

തടി ലോറിയുടെ കാര്യത്തില്‍ പരാജയമേറ്റു വാങ്ങിയപ്പോള്‍ അണിയറയിലെ ചരടുവലിക്കാര്‍ അരങ്ങത്തു കയറി. വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നികുതി വകുപ്പുദ്യോഗസ്ഥരുടെ മേല്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിലെ റിലാക്‌സ് കാറ്ററിംഗ് എന്ന സ്ഥാപനത്തിന്റെ ഉടമ ജിബിന്‍ഷാ കേരള ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു (WPC 33891/2009 (Q)). റെയിഡിനിടെ ഡിവൈഎസ്പി ചില ഫയലുകള്‍ ആവശ്യപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. ആ പട്ടികയില്‍ ഈ സ്ഥാപനത്തിന്റെ നികുതി കുടിശികയെ സംബന്ധിക്കുന്ന ഫയലുകളുമുണ്ടായിരുന്നു.

2009 ജനുവരി രണ്ടിന് ഈ സ്ഥാപനത്തില്‍ നികുതി വകുപ്പുദ്യോഗസ്ഥര്‍ റെയിഡു നടത്തി. 25 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പിന്റെ ചുരുളുകളാണ് രേഖകളുടെ പരിശോധനയില്‍ അഴിഞ്ഞത്. തുടര്‍ന്ന് 14 ലക്ഷം രൂപയുടെ പിഴ ചുമത്തി സ്ഥാപനത്തിന് നോട്ടീസ് നല്‍കി. ഈ പിഴ ഒഴിവാക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് നികുതി വകുപ്പുദ്യോസ്ഥര്‍ക്കുമേലുണ്ടായത്. ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. വിജിലന്‍സ് ഡയറക്ടര്‍, കോട്ടയം എസ്പി കെ. ജെ. ദേവസ്യ എന്നിവര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസ് പുതിയ ബെഞ്ചിലേയ്ക്കു മാറി. അവസാനം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹര്‍ജി തളളി.

ഹര്‍ജി നല്‍കിയവര്‍ മറ്റൊന്നു കൂടി ചെയ്തു. ഹൈക്കോടതിയില്‍ നിന്ന് എനിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് തൃശൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരണം നടത്തി. ബ്രേക്കിംഗ് ന്യൂസും മറ്റും നല്‍കാന്‍ വാചകങ്ങള്‍ തയ്യാറാക്കി റെഡിയായിരുന്നവരെക്കുറിച്ചും എനിക്കറിയാം. ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് ഞാന്‍ ഈ കേസിനെക്കുറിച്ച് അറിയുന്നതു തന്നെ. എനിക്കെതിരെ ഉറപ്പായും കോടതി പരാമര്‍ശമുണ്ടാകുമെന്ന തൃശൂരിലെ ഗൂഢസംഘത്തിന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യമെന്ത് എന്ന് പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്.

നികുതി വകുപ്പു ചുമത്തിയ പിഴയ്‌ക്കെതിരെ ജിബിന്‍ഷാ ഹൈക്കോടതിയില്‍ മറ്റൊരു കേസും ഫയല്‍ ചെയ്തിരുന്നു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി. എസ്. ഗോപിനാഥനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് ഹര്‍ജി തളളി. യഥാര്‍ത്ഥ കണക്കെടുത്താല്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്നതിന്റെ മൂന്നു മടങ്ങ് പിഴയൊടുക്കേണ്ടി വരുമെന്നും നികുതി വകുപ്പുദ്യോഗസ്ഥന് തെറ്റു പറ്റിയെങ്കില്‍ അതിന്റെ ഗുണഭോക്താവ് ജിബിന്‍ഷായാണെന്നും കോടതി നിരീക്ഷിച്ചു. പിന്നീട് ഇവര്‍ പതിനാലു ലക്ഷവും പിഴയൊടുക്കി.

വിജിലന്‍സിന്റെ സത്യവാങ്മൂലവും ആരോപണങ്ങളുടെ പൊളളത്തരവും

രാജു പുഴങ്കര നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആരോപണങ്ങളുടെ മുനയൊടിക്കുന്ന സത്യവാങ്മൂലം 
കോട്ടയം വിജിലന്‍സ് എസ്പി ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. സഫിയുളള സെയ്ദിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ജിബിന്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചത്. 

എല്ലാ രേഖകളുമായി വന്ന തടിലോറിയാണ് നികുതി ഉദ്യോഗസ്ഥര്‍ കൈക്കൂലി മോഹിച്ച് അകാരണമായി പിടിച്ചു വെച്ചത് എന്നാണല്ലോ പൊതു താല്‍പര്യഹര്‍ജിയിലെ ആരോപണം. ആരോപണം തെറ്റാണെന്നും പോക്കറും ഡ്രൈവര്‍ ബാവയും പറഞ്ഞതു കളളമാണെന്നും വിജിലന്‍സ് എസ് പി കെ ജെ ദേവസ്യ ഐപിഎസ് നേരിട്ട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തുകയും പിന്നീട് കേരള ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആ കണ്ടെത്തല്‍ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

കെ ജെ ദേവസ്യ ഐപിഎസിന്റെ റിപ്പോര്‍ട്ടിലെ അഞ്ചാം പേജില്‍ വ്യാപാരിയുടെ സ്വന്തം ഉപയോഗത്തിനായിരുന്നില്ല തടി എന്ന് വ്യക്തമാക്കിയിട്ടുണ്ട്:

"I have also conducted enquires at Randathani in Malappuram district, to ascertain the facts about the timber lorry seized by the officials of Commercial Taxes and it was found that the timber was not for the own use of Shri. Pocker as claimed by him".
കേരള ഹൈക്കോടതിയില്‍ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അഞ്ചാം ഖണ്ഡികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്:

 "I verified the business of Shri Pocker, Manakkattil and found that he was not constructing any house and had no licence for the same at the time of transporting the timber. He was a small vendor of timber connected to some saw mills".
പൊതുതാല്‍പര്യ ഹര്‍ജിയില്‍ അവകാശപ്പെടുന്നതു പോലെ 'കണ്‍സ്ട്രക്ഷന്‍ ആവശ്യങ്ങള്‍'ക്കായിരുന്നില്ല തടി കൊണ്ടുപോയത്. വില്‍ക്കാന്‍ തന്നെയായിരുന്നു. ഒരു കണ്‍സ്ട്രക്ഷനും അവിടെ ഉണ്ടായിരുന്നില്ല എന്ന് വിജിലന്‍സ് എസ്പിയുടെ നേരിട്ടുളള അന്വേഷണത്തില്‍ ബോധ്യപ്പെട്ടതും അദ്ദേഹം അക്കാര്യം കേരള ഹൈക്കോടതിയെ അറിയിച്ചതുമാണ്. അതെല്ലാം മറച്ചുവെച്ച് വിജിലന്‍സ് കോടതിയെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് പൊതുതാല്‍പര്യ ഹര്‍ജിക്കാരന്‍ ചെയ്യുന്നത്.

നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് നികുതിവെട്ടിപ്പിനുപയോഗിച്ച ലോറി തടഞ്ഞുവെച്ചത്. എന്നിട്ടും നികുതിയോ സെക്യൂരിറ്റി ഡെപ്പോസിറ്റോ ഈടാക്കാതെ ആ തടി ലോറി വിട്ടുകൊടുക്കാന്‍ സ്വന്തം അധികാരപരിധി കടന്ന് ആജ്ഞാപിക്കുകയാണ് സഫിയുളള സെയ്ദ് എന്ന വിജിലന്‍സ് ഡിവൈഎസ്പി ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്പിയുടെ ഈ നടപടിയെക്കുറിച്ച് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ കെ. ജെ. ദേവസ്യ ഹൈക്കോടതിയില്‍ ഇങ്ങനെ വിശേഷിപ്പിച്ചു:

 "It is respectfully submitted that the directions of the Deputy Superintendent of Police, Vigilance and Anti – Corruption Bureau, Thrissur, to release the vehicle loaded with timber without form 16 declaration is an interference in the duty of the Commercial Taxes Department and his lack of knowledge in the working of the Commercial Taxes Office had resulted in demoralizing the officers of Commercial Taxes Department and that I had reported that the Deputy Superintendent of Police was wrong and exceeded in his authority". (വിജിലന്‍സ് എസ്പിയുടെ സത്യവാങ്മൂലം, ഖണ്ഡിക 6)
സ്വന്തം അധികാരം തെറ്റായി ഉപയോഗിച്ച് നികുതി പിരിവ് തടസപ്പെടുത്തുകയും നികുതി വെട്ടിക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാനിറങ്ങുകയും ചെയ്യുകയായിരുന്നു വിജിലന്‍സ് ഡിവൈഎസ്പി സഫിയുളള സെയ്ദ്. അദ്ദേഹത്തിന്റെ നടപടികളെ മേലധികാരികള്‍ തളളിപ്പറയുക മാത്രമല്ല, അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

സഫിയുളള സെയ്ദിന്റെ റെയ്ഡ് എന്തിനു വേണ്ടിയായിരുന്നുവെന്ന് നാം കണ്ടു. ഇദ്ദേഹത്തെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്:

'നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഒന്നാം സാക്ഷിയെ ശകാരിച്ചതിലൂടെ രാജ്യത്തെ നിയമസംവിധാനത്തെ തകര്‍ക്കുകയാണ് ഒന്നാം കക്ഷി ചെയ്തിട്ടുളളത്'.
സഫിയുളളയുടെ നിസ്വാര്‍ത്ഥത കെ. ജെ. ദേവസ്യയുടെ റിപ്പോര്‍ട്ടില്‍ വര്‍ണിച്ചു വെച്ചിട്ടുണ്ട്. അതു കൊണ്ടും തീര്‍ന്നില്ല കഥ. ഈ ചെയ്തികളുടെയൊക്കെ പശ്ചാത്തലത്തില്‍ (1) സഫിയുളള സെയ്ദിനെ സ്ഥലം മാറ്റാനും (2) വിജിലന്‍സില്‍ നിന്ന് നീക്കം ചെയ്യാനും (3) തുടര്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു (6-8-2009ലെ 4537/A1/09/Vig നമ്പര്‍ ഉത്തരവ്). ഈ ഉത്തരവിനെ തുടര്‍ന്ന് സഫിയുളളയെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തു. മറ്റു നടപടികള്‍ എന്തുകൊണ്ടോ സ്വീകരിച്ചില്ല.

സ്വയം തളളിപ്പറയുന്ന ഡിവൈഎസ്പി

തന്റെ റിപ്പോര്‍ട്ടില്‍ സഫിയുളള സെയ്ദ് ഒരു ചെറിയ കുതന്ത്രം പയറ്റി. സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിച്ച് കസ്റ്റഡിയിലെടുത്ത മറ്റു കേസുകളുടെ ഫയലുകള്‍ താന്‍ ആവശ്യപ്പെട്ടുവെന്നും ആ ഫയലുകള്‍ നല്‍കാന്‍ നികുതി ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചുവെന്നും ധനമന്ത്രിയുടെ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ അതേക്കുറിച്ച് താന്‍ തുടര്‍ന്ന് അന്വേഷിച്ചില്ലെന്നും ഒരു പരാമര്‍ശം തന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സഫിയുളള എഴുതിച്ചേര്‍ത്തു. ഈയൊരു പരാമര്‍ശമാണ് നേരത്തെ ഹൈക്കോടതിയിലും ഇപ്പോള്‍ വിജിലന്‍സ് കോടതിയിലുമുളള കേസുകളുടെ കേന്ദ്രബിന്ദു.

എന്നാല്‍ ജിബിന്‍ഷാ കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇങ്ങനെയുളള പരാമര്‍ശങ്ങളേയില്ല. ഫയലുകള്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് ഞാന്‍ എന്തെങ്കിലും നിര്‍ദ്ദേശമോ എതിര്‍പ്പോ പ്രകടിപ്പിച്ചുവെന്നോ അതിന്മേല്‍ അന്വേഷണം വേണ്ടെന്നു വെച്ചുവെന്നോ ആ സത്യവാങ്മൂലത്തില്‍ പറയുന്നില്ല. റെയിഡിനിടെ ജീവനക്കാര്‍ക്കു നേരെയുണ്ടായ പീഢനങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചതെന്നും അതു ജീവനക്കാര്‍ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാവാം എന്നും പറയുന്നു. മാത്രമല്ല, കണ്ടെത്തിയ ക്രമക്കേടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ മുഖാന്തിരം വാണിജ്യനികുതി വകുപ്പിന്റെ നടപടികള്‍ക്കായി കൈമാറിയിട്ടുണ്ടെന്നും പറയുന്നു.

അഗാസ് പ്രോപ്പര്‍ട്ടീസ്, റിലാക്‌സ് കാറ്ററിംഗ്, നന്ദിക്കരയിലെ മംഗളം ആഡിറ്റോറിയം തുടങ്ങിയ സ്ഥാപനങ്ങളുടെ ഫയലുകള്‍ നല്‍കിയ നികുതി ഉദ്യോഗസ്ഥര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ നല്‍കാനാവില്ല എന്ന നിലപാടെടുത്തു എന്ന ഡിവൈഎസ്പിയുടെ പരാമര്‍ശം പ്രഥമദൃഷ്ട്യാ തന്നെ വിശ്വാസയോഗ്യവുമല്ല.

നാനോ എക്‌സെല്‍ തട്ടിപ്പുമായി ബന്ധിപ്പിച്ച് പുതിയ അഭ്യാസം

നികുതി വെട്ടിപ്പു തടയുന്നതിനായി തടി, സ്വര്‍ണം, മാര്‍ബിള്‍, പ്ലൈവുഡ്, സ്റ്റീല്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ചില ഇനം ചരക്കുകളുടെ മേല്‍ അതീവജാഗ്രത പുലര്‍ത്താനും പരിശോധന കര്‍ശനമാക്കാനും വകുപ്പു തീരുമാനിച്ചു. കോണ്‍ഫറന്‍സുകള്‍ വിളിച്ചുകൂട്ടി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചത്. സഫിയുളള അടക്കമുളള തൃശൂര്‍ കേന്ദ്രീകരിച്ചുളള ഒരുസംഘം ഇടപെട്ടത് നികുതി വെട്ടിപ്പുകാരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു. അതു നടക്കാതെ പോയതിന്റെ പകയാണ് ജിബിന്‍ഷാ കേസും ഇപ്പോള്‍ നാനോ എക്‌സെല്‍ കേസുമായി റെയിഡിനെ ബന്ധിപ്പിക്കുന്ന പുതിയ അഭ്യാസവും. അതിന്റെ സത്യാവസ്ഥ പരിശോധിക്കാം.

സഫിയുളള സെയ്ദിന്റെ വിവാദ റെയിഡ് നടക്കുമ്പോള്‍ തൃശൂര്‍ ഇന്റലിജന്‍സ് ഓഫീസിലെ അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വി. ജയനന്ദകുമാര്‍. തൃശൂര്‍ വാണിജ്യവകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാത്രം. ഇദ്ദേഹത്തിനെതിരെ സഫിയുളള സെയ്ദ് തന്റെ റിപ്പോര്‍ട്ടില്‍ നിരത്തിയ കുറ്റാരോപണങ്ങള്‍ താഴെ പറയുന്നു. 

'താഴെ പറയുന്ന വീഴ്ചകള്‍ വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണറായ വി ജയനന്ദകുമാറിനെതിരെ വകുപ്പുതല നടപടികള്‍ കൈക്കൊളളാന്‍ ശുപാര്‍ശ ചെയ്യുന്നു.
എ) കൈക്കൂലി ആവശ്യപ്പെടുന്ന പക്ഷം വിജിലന്‍സിനെ അറിയിക്കണമെന്ന ബോര്‍ഡ് സ്ഥാപിക്കാത്ത കുറ്റത്തിന് ബി) കാഷ് ബുക്ക് കൃത്യമായി സൂക്ഷിക്കാത്തതിനും കാഷ് ബാലന്‍സില്‍ 1550 രൂപ കുറവു വന്നതിനും
സി) അറ്റന്‍ഡന്‍സില്‍ ഒപ്പുവെച്ച 40 പേരില്‍ 23 പേര്‍ മാത്രമേ പരിശോധനാ സമയത്ത് (അതായത് വൈകുന്നേരം 4.30നു ശേഷം) ഉണ്ടായിരുന്നുളളൂ എന്ന കുറ്റത്തിന്'.
2010ല്‍ പുറത്തുവന്ന നാനോ എക്‌സല്‍ നികുതിവെട്ടിപ്പു കേസില്‍ ഈ ഉദ്യോഗസ്ഥന്‍ പ്രതിയായി. വ്യാജമരുന്നുകളും മറ്റും മണി ചെയിന്‍ മാതൃകയില്‍ വിറ്റ് കൊളളലാഭമെടുത്ത തട്ടിപ്പു കമ്പനിയാണ് നാനോ എക്‌സെല്‍. സര്‍ക്കാരിലേയ്ക്ക് ഒരു നികുതിയുമടയ്ക്കാതെയായിരുന്നു ഇവരുടെ കച്ചവടം. ഇതു കണ്ടുപിടിച്ച് 8 കോടി രൂപയോളം വസൂലാക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ പലമടങ്ങു തുക സര്‍ക്കാരിന് ലഭിക്കേണ്ടതായിരുന്നു. കൈക്കൂലി കൈപ്പറ്റി നികുതി 8 കോടി രൂപയ്ക്ക് ഒതുക്കി എന്നാണ് ജയനന്ദകുമാറിന്റെ പേരിലുളള കേസ്.

 നാനോ എക്‌സല്‍ ബ്രാഞ്ച് ഓഫീസില്‍ റെയ്ഡ് നടന്നത്. 2010ലാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ റെയ്ഡ് 2009ലും. ഇവ തമ്മില്‍ യാതൊരു ബന്ധവും ഇല്ല. 2010 ഫെബ്രുവരി മൂന്നിനാണ് നാനോ എക്‌സെല്‍ ഓഫീസ് റെയിഡ് ചെയ്തത്. നികുതി വെട്ടിപ്പിന് 22 കോടിയുടെ പിഴ ചുമത്തി സെക്ഷന്‍ 67 പ്രകാരം നാനോ എക്‌സെല്‍ കമ്പനിയ്ക്ക് നോട്ടീസ് നല്‍കിയത് ഫെബ്രുവരി നാലിനാണ്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്നു തന്നെ എസ്ബിടി, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ തൃശൂര്‍ ശാഖയ്ക്ക് നിര്‍ദ്ദേശവും നല്‍കി. ഫെബ്രുവരി 9ന് കമ്പനി എട്ടുകോടി രൂപ നികുതിയായി ഒടുക്കുകയും ചെയ്തു. 


നാനോ എക്‌സെല്‍ തട്ടിപ്പിനെക്കുറിച്ച് സകല രാജ്യത്തെ അന്വേഷണ സംവിധാനങ്ങളും ഉള്‍പ്പെടുന്ന റീജേണല്‍ എക്കണോമിക് ഇന്റലിജന്‍സ് കൗണ്‍സിലില്‍ 2010 ഫെബ്രുവരി ആദ്യ ആഴ്ച തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. റിസര്‍വ് ബാങ്ക് കൊച്ചി മാനേജര്‍ ഈ കൗണ്‍സിലില്‍ അംഗമാണ്. എന്‍ഫോഴ്‌സ്‌മെന്റ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് എന്നിവയ്‌ക്കൊക്കെ ഈ തട്ടിപ്പനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നികുതി വകുപ്പു കൈമാറുകയും അവര്‍ ഫയലുകളും മറ്റും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ എല്‍ഡിഎഫ് ഭരണകാലത്താണ് നടന്നത്.

നികുതിയും പിഴയും എട്ടുകോടി രൂപയായി കുറച്ചതിന് വി. ജയനന്ദകുമാര്‍ കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം. ഈ വിവാദമുയര്‍ന്നത് യുഡിഎഫ് ഭരണകാലത്താണ്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാനോ എക്‌സെല്‍ ഉടമയുടെ മൊഴിയില്‍ ഈ അഴിമതി വ്യക്തമായപ്പോള്‍ വകുപ്പ് ജയനന്ദകുമാറിനെ സസ്‌പെന്റു ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുശേഷം ഈ ഉദ്യോഗസ്ഥനെ വകുപ്പില്‍ പുനരധിവസിപ്പിച്ചതും യുഡിഎഫ് സര്‍ക്കാരാണ്.

 2009ലെ റെയിഡും നാനോ എക്‌സെല്‍ കേസും തമ്മില്‍ ബന്ധപ്പെടുത്തി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ ഭാവനാവ്യാപാരത്തിന്റെ ഉടമകളാണ്. അവരാരൊക്കെ എന്ന് മാധ്യമസുഹൃത്തുക്കള്‍ക്ക് അന്വേഷിച്ചറിയാവുന്നതേയുളളൂ. 2009 മുതല്‍ തൃശൂരിലെ ഒരു സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഏറ്റവുമൊടുവിലത്തെ അധ്യായമാണ് തൃശൂര്‍ വിജിലന്‍സ് കോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജി. പത്രങ്ങളിലെ തലക്കെട്ടും ചാനലുകളില്‍ അണമുറിയാത്ത ബ്രേക്കിംഗ് ന്യൂസും പ്രതീക്ഷിച്ചവര്‍ക്ക് അതുകിട്ടിയെന്നു സമ്മതിക്കണം.

നികുതിവെട്ടിപ്പ് തടയാന്‍ ഇടപെട്ടതിന്റെ പക വീട്ടാല്‍ എന്നെ മറ്റൊരു നികുതി തട്ടിപ്പുകേസില്‍ കുടുക്കാനിറങ്ങിയ അതിബുദ്ധിമാന്മാരുടെ ശ്രമമാണ് ഈ പൊതുതാല്‍പര്യ ഹര്‍ജി. നിരന്തരമായ മോണിറ്ററിംഗും അവലോകനവും നടത്തി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനം ആ ഭരണകാലത്തെ നികുതി പിരിവിലുണ്ട്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് 10-11 ശതമാനമായിരുന്ന പ്രതിവര്‍ഷ നികുതി വളര്‍ച്ചാനിരക്ക് ഏതാണ്ട് 20 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. ഈ വിജയം കേരളത്തിലെ ധനകാര്യപ്രതിസന്ധി ലഘൂകരിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അപവാദ പ്രചരണത്തിലൂടെ ഈ നേട്ടത്തിന്റെ മാറ്റു കുറയ്ക്കാനാവില്ല.  

26 comments:

  1. ആ ലിങ്ക് ഡിലീറ്റ് ചെയ്യേണ്ടതില്ലായിരുന്നു, കരിമീനേ...

    http://communistkerala.blogspot.in/2011/11/blog-post_10.html

    ReplyDelete
    Replies
    1. സോറി സാര്‍....ലിങ്ക് കിട്ടുന്നില്ല എന്ന് കരുതി ഡിലീറ്റ് ചെയ്തതാണ്...

      പീഡനവും ഉപജീവനവും

      Delete
  2. പാപം ചെയ്്തവര്‍ക്കും കല്ളെറിയാം..... കാരണം താങ്കളൊരു കമ്യൂണിസ്റ്റ് ആണല്ളോ

    ReplyDelete
  3. ബഹുമാനപ്പെട്ട തോമസ് ഐസക്ക്,

    അങ്ങ് ധനകാര്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷവും വളരെ നല്ല രീതിയില്‍ തന്നെ ഭരണം നടത്തി. ഒറ്റ ദിവസം പോലും ട്രഷറി പൂട്ടിയില്ല എന്നതൊക്കെ അടുത്തകലത്തൊന്നും ആര്‍ക്കും നേടാനാകാത്ത നേട്ടവുമാണ്. അതിനങ്ങേക്ക് എന്റെ അഭിനന്ദനങ്ങള്‍ 

    അങ്ങീ വിഷയത്തില്‍ നല്‍കിയ വിശദീകരണങ്ങളൊക്കെ വായിച്ചു. അതിന്റെ നിയമവശങ്ങളേപ്പറ്റി എനിക്ക് ഒന്നുമറിയില്ല. അതുകൊണ്ട് അതേക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. താങ്കളിതില്‍ നിയമവിരുദ്ധമയി ഒന്നു ചെയില്ല എന്നാണു ഞാന്‍ മനസിലാക്കുന്നത്.

    ഞാനിവിടെ ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്. അങ്ങയുടെ ലേഖനത്തില്‍ ചില പരാമര്‍ശങ്ങള്‍  എന്നെ അലോസരപ്പെടുത്തുന്നു. ഇവയാണത്.

    ബാവയുടെ പരാതി കേട്ടയുടനെ കമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസില്‍ ഡിവൈഎസ്പിയുടെ അസഭ്യ വര്‍ഷം അരങ്ങേറി. ലോറി പിടിച്ച ഉദ്യോഗസ്ഥനെ തലങ്ങും വിലങ്ങും തെറി വിളിച്ചു. നോട്ടീസ് നല്‍കിയ ഉദ്യോസ്ഥന്റെ വയറിനു കുത്തിപ്പിടിച്ചു. നോട്ടീസും ഫയലും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണറുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു. നിയമപരമായി കസ്റ്റഡിയിലെടുത്ത തടി ലോറി വിട്ടുകൊടുക്കാന്‍ ആജ്ഞാപിച്ചു.

    ഇതൊക്കെ ചെയ്തത് ഉത്തരവാദപ്പെട്ട ഒരു ഡി വൈ എസ് പി ആയിരുന്നു. ഇടത്പക്ഷമുന്നണി ഭരിക്കുന്ന സമയം. സി പി എം കാരനായ കോടിയേരി ആഭ്യന്തരവകുപ്പ് മന്ത്രിയും.

    ധനകാര്യവകുപ്പ് വളരെ കാര്യക്ഷമമായി ഭരിച്ച അങ്ങുകൂടി ഉള്‍പ്പെട്ട ഭരണകൂടം ഇതുപോലെയുള്ള ഒരുദ്യോഗസ്ഥന്റെ അഴിഞ്ഞാട്ടം ബോധ്യപ്പെട്ടിട്ടും അദ്ദേഹത്തിനെതിരെ എന്ത് നടപടി എടുത്തു?

    പോലീസില്‍ മാത്രമല്ല, എല്ലാ വകുപ്പിലും ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമണ്, കേരളത്തിലെ ഏറ്റവും വലിയ ശാപം. എന്തുകൊണ്ട് ഇതുപോലുള്ളവരെ നിലക്കു നിറുത്താന്‍ ഭരണകൂടങ്ങള്‍ക്കാകുന്നില്ല?

    ReplyDelete
  4. Whether Sri. Safiyulla Syed is an adjudicating officer under the KVAT Act, 2003 ?, if not:

    Whether the action of Sri. Safiyulla Syed wedging the tax officials to secure the release of Timber Load, a notified and evasion prone commodity is an offence warranting prosecution under the KVAT Act.

    Whether the action of Sri. Safiyulla Syed squarely falls under the Prevention of Anti corruption Act, 1998 for acting against state revenue at the behest of the timber mafia which would have caused revenue loss the state exchequer ?

    Why these actions are not initiated against this offending official, in case the facts put in are true and correct?

    ReplyDelete
  5. ഗൗരവത്തോടെത്തന്നെ വായിച്ചു.

    ReplyDelete
  6. sounds like a well hatched conspiracy... the conspirators seems to have some hidden political motives....there is the need for exposing that too... comrade

    ReplyDelete
  7. നമസ്കാരം സര്‍ ....... സര്‍ എഴുതിയത് മുഴുവന്‍ ശ്രദ്ധയോടെ വായിച്ചു. സര്‍ ന്റെ പ്രവ്ര്തന്തില്‍ എല്ലാ ജനങ്ങള്‍ക്കും വിശ്വസ്സമുണ്ട്. അങ്ങയെ പോലെ സംശുധനും മികവും ഉള്ള ഭരണധികള്‍ നമ്മുടെ വളര്‍ച്ചക്ക് മുതല്‍കൂട്ടാണ്. അങ്ങയുടെ കൂടെ ഞങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഉണ്ട്...... കര്മ്മപധത്തില്‍ ഇനിയും ധീരമായി മുന്നേറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു........

    ReplyDelete
  8. ee aropanam njangal karyamakkiyittilla

    ReplyDelete
  9. എന്നാലും .... ഐസക്ക്‌ സാറിന് വേണ്ടി രണ്ടു വാക്ക് പറയാന്‍ പിണറായി സഖാവ് തയ്യാറായില്ല എന്നത് ശ്രദ്ധിക്കപ്പെട്ടു .... ലാവലിന്‍ വിഷയത്തിലെ പുസ്തകം എഴുതാന്‍ കാണിച്ച സ്നേഹത്തിന്റെ നൂറില്‍ ഒന്ന് പോലും തിരിച്ചു കാണിച്ചില്ല ..... സ്വയം തന്നെ അങ്ങ് പ്രതിരോധിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ അല്ലെ ...സര്‍ ഒരല്‍പം തമാശയായിട്ടാണ് ഞാന്‍ പറയുന്നതെങ്കിലും ഇങ്ങനെയല്ലായിരുന്നല്ലോ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നേരിട്ടിരുന്നത് ...

    ReplyDelete
  10. ഡി വയ് എസ. പി .യെ വിളിച്ചു ചീത്ത പറഞ്ഞാല്‍ വിജിലെന്സു കേസോ..
    ശിവ ശിവ.
    .ഈ കണക്കിന് റോഡില്‍ മൂത്രമൊഴിച്ചാല്‍
    നമ്മുടെ മോഹനന്‍ സഖാവിനു വന്ന പോലെ കൊലകുറ്റം ആരോപിചു ജയില്‍ അടക്കുമല്ലോ

    ReplyDelete
  11. അങ്ങയുടെ കൂടെ ഞങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഉണ്ട് ധീരമായി മുന്നേറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  12. ഞങ്ങളുടെ മത്രി ആയി സഖാവി ചാര്‍ജു എടുത്തപ്പോള്‍ ഒരു നല്ല അറിവുള്ള ആള്‍ മന്ത്രി ആയി വന്നല്ലോ എന്നൊരു സന്തോഷം തോന്നി.എന്നാല്‍ വകുപ്പില്‍ എന്തെങ്കിലും വ്യത്യാസം വരുത്താന്‍ പുതു മന്ത്രിക്കു കഴിയും എന്നും ഞങ്ങള്‍ കരുതിയില്ല..വാളയാര്‍ ചെക്ക് പോസ്റ്റു അഴിമതി വിമുക്തം ആക്കും എന്ന് മന്ത്രി പറഞ്ഞപ്പോള്‍ എന്നെ പോലെയുള്ള ദോഷൈക ദൃക്കുകള്‍ പറഞ്ഞത് ഇങ്ങനെ ആണ്
    ഇങ്ങേരു ആര് ഹെര്‍ക്കുലിസോ..ഈ ഈജിയന്‍ തൊഴുതു വൃത്തിയാക്കാന്‍
    എന്ന്
    എന്നാല്‍ ഒരു വര്ഷം കൊണ്ട് മന്ത്രി അത് പ്രവര്‍ത്തിച്ചു കാണിച്ചു
    ജീവനക്കാര്‍ക്ക് ഭക്ഷണം താമസം സര്‍ക്കാര്‍ ചിലവില്‍ ചെക്ക് പോസ്റ്റ്‌ ശീതീകരിച്ച്.എട്ടു മണിക്കൂര്‍ ജോലി സമയം ആക്കി..പണം അടക്കുന്നത് ട്രെഷറിയില്‍..ചെക്ക് പോസ്റ്റില്‍ പണത്തിന്റെ ഇടപാടെ ഇല്ല..
    ധാരാളം സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ എല്ലായ്പ്പോഴും ചെക്ക് പോസ്റ്റില്‍ ചുറ്റി കറങ്ങി
    ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങി എന്ന് തെളിയിച്ചാല്‍ അയാള്‍ക്ക് ഇരുപത്തി അയ്യായിരം രൂപയുടെ ഇനാം
    മനോരമയും ഇന്ത്യ വിഷനും ഏഷ്യാനെറ്റും എല്ലാം വളരെ ശ്രേമിച്ചു ആരെയെങ്കിലും കുടുക്കാന്‍..
    എന്നാല്‍ മന്ത്രി കസേരയില്‍ നിന്നും താഴെ ഇറങ്ങുന്നത് വരെ ആര്‍ക്കും മന്ത്രിയുടെ സമ്മാനം വാങ്ങാന്‍ കഴിഞ്ഞില്ല
    ഇപ്പോഴും ആ ചെക്ക് പോസ്റ്റ്‌ അങ്ങിനെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്
    ഒരു ആഴ്ച ഏതാണ്ട് ഒന്നര കോടിയുടെ കൈക്കൂലി വാങ്ങി കൊണ്ടിരുന്ന ചെക്ക് പോസ്ടാണ് വാളയാര്‍ എന്ന് ഓര്‍ക്കണം
    ചെക്ക് പോസ്റ്റ് മന്ത്രി വറ്റിച്ചു കളഞ്ഞു എന്നാണ് ശത്രുക്കാന്‍ പറഞ്ഞത് ആക്കാലത്ത്‌
    വാളയാര്‍ മിഷന്‍ പൂര്‍ത്തിയായതോടെ ആണ് വകുപ്പിലെ സംശയാലുക്കള്‍ക്കു മന്ത്രിയെ കുറിച്ച് ഒരു മതിപ്പയത് എന്ന് നിസംശയം പറയാം

    ReplyDelete
  13. വകുപ്പ് പൂര്‍ണ്ണമായും ഡിജിട്ടല്‍ ആക്കില്‍.
    നികുതി അടക്കല്‍
    അതിര്‍ത്തി ചെകപോസ്റ്റില്‍ മുന്‍ കൂര്‍ പണം അടക്കല്‍
    അങ്ങിനെ എല്ലാം കമ്പ്യൂട്ടര്‍ വഴി ആക്കി
    .ഓഫിസില്‍ പണം കൊടുക്കല്‍ വാങ്ങലെ ഇല്ലാതായി..
    എല്ലാം നെറ്റ ബാങ്കിംഗ് വഴി ..
    നികുതി വെട്ടിക്കുന്നവരെ തടയാന്‍ "കെ വാറ്റിസ് " എന്നൊരു സ്വന്തന്ത്ര സോഫ്റ്റ്‌വെയര്‍ സംവിധാനം വന്നു.
    ആര് ആര്‍ക്കു വിറ്റു എന്ന് അറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നായി..
    മൊത്തത്തില്‍ ഒരു സുതാര്യത ഉണ്ടായി ..

    എന്നാല്‍ മന്ത്രിക്കു അതോടെ ശത്രുക്കളെ കൊണ്ട് ഇരിക്കാന്‍ പറ്റാതെ ആയി ..
    ചാക്ക് രാധാകൃഷണ തുടങ്ങി പ്രബലര്‍ ശത്രുക്കള്‍ ആയി..
    മലബാര്‍ സിമെന്റിന്റെ ഗ്രീന്‍ ചാനെല്‍ വഴി ചാരായം കടത്തി അവര്‍ കുടുങ്ങി..
    ലോട്ടറി കേസില്‍ എടുത്ത നിലപാടും മന്ത്രിക്കു ശത്രുക്കളെ കുറച്ചു ഒന്നുമല്ല ഉണ്ടാക്കിയത്
    അവര്‍ തന്ത്രങ്ങള്‍ മിനഞ്ഞു കൊണ്ടേ ഇരുന്നു..
    അപ്പോഴും
    ഇപ്പോഴും

    ReplyDelete
  14. വകുപ്പിലെ ഇന്റെലിജെന്സു വിഭാഗം എന്നും മുള്‍ മുനയില്‍ ആണ് നില്‍ക്കുക
    ഭരിക്കുന്ന കക്ഷിയുടെ ഇടപെടല്‍..ഉന്നത അധികാരികളുടെ ഇടപെടല്‍ ..അങ്ങിനെ അവര്‍ക്ക് മന സമാധാനത്തോടെ ജോലി ചെയ്യാന്‍ മിക്കപോഴും സാധിക്കാറില്ല ..
    വഴിയില്‍ ഒരു ലോട് തടി പിടിച്ചാല്‍ പിടിച്ച ഓഫിസര്‍ക്കു ശനി ദശ ആണ് താനും
    തടി വ്യാപാരികള്‍ വളരെ ശക്തരായ ഒരു കൂട്ടര്‍ ആണ്
    ഇഷ്ട്ടം പോലെ നികുതി വെട്ടിപിനു ഉള്ള ഒരു സാധ്യതതടി വ്യാപാരത്തില്‍ ഉണ്ട്.
    പറമ്പിലെ തേക്ക് മൂത്ത് നിന്നാല്‍ പെണ്ണിന്റെ കല്യാണം വരുമ്പോള്‍ നമ്മള്‍ അത് മില്ലിലെ ഉടമക്ക് വില്‍ക്കും..
    അവര്‍ വന്നു ഒരു വില തന്നു അത് വെട്ടി കൊണ്ട് പോകും.
    .ഇങ്ങനെ വെട്ടി കൊണ്ട് പോകുന്ന തടിക്കു നികുതി അടക്കല്‍ ഉണ്ടാവില്ല..
    മില്ലില്‍ ചെന്നാല്‍ ഉടനെ തന്നെ ആ തടി വേറെ ആരെങ്കിലും കൊണ്ട് പോകും..
    ഇല്ലെങ്കില്‍ തടിപ്പുറത്തെ കച്ചവടം നടക്കും..
    ഗ്രാമങ്ങളില്‍നല്ലൊരു പങ്കു തടി കച്ചവടങ്ങളും
    ഇങ്ങനെ എങ്ങും ഒരു രേഖയും ഇല്ലാതെ നികുതി അടക്കാതെ മില്ലുകാര്‍ വാങ്ങിയും വിറ്റും തീരും
    വഴിയില്‍ വച്ച് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍ അപ്പോള്‍ അടപ്പിക്കുന്ന നികുതിയാണ് ആകെയുള്ള ഒരു പിടി വള്ളി
    അതും അടക്കാതെ ഇരിക്കാന്‍ അവര്‍ ആകുന്നത്ര നോക്കും
    അങ്ങിനെ പ്രബലമായ ഒരു സംഘം നടത്തിയ ഇടപെടല്‍ ആണ് ഇവിടെ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായതു ..

    വിജിലെന്സു ഉദ്യോഗസ്ഥര്‍ വന്നു ചീത്ത വിളിക്കുക സാധാരണ പതിവില്ല..
    അവര്‍ പൊതുവേ സൌമ്യര്‍ ആണ് ..
    വളരെ ഭംഗിയായി കൈക്കൂലി വാങ്ങുന്നവരെ വന്നു പൂട്ടിയിട്ടു പോകും.
    അവര്‍ കേസ് എടുത്താല്‍ രെക്ഷപെട്ടു പോരിക വിഷമവും ആണ് ..
    ഒച്ചയോ ബഹളമോ..അപമാനിക്കാലോ ഒന്നും
    യൂണിഫോം ഇടാത്തെ ഈ ഉദ്യോഗസ്ഥരുടെ രീതി അല്ല ..
    പൊതുവേ അഴിമതിയോ വൃത്തികെടോ ഇല്ലാത്തവര്‍ ആയിരക്കും വിജിലെന്സില്‍ ഇരിക്കുക..
    വളരെ വളരെ അപൂര്‍വ്വം ആയെ ..
    ഇങ്ങനെ മന്ത്രി ഇടപെടേണ്ട വിധത്തില്‍ ഈ പോലീസുകാര്‍ പെരുമാറുക പതിവുള്ളൂ

    രണ്ടു വകുപ്പുകള്‍ തമ്മില്‍
    പോലീസും നികുതി വകുപ്പും തമ്മില്‍ നിലവില്‍ ഉള്ള
    നിയമത്തിന്റെ വകുപ്പുകള്‍ അറിയാതെ വരുന്ന പാക പ്പിഴകള്‍ ആണ് ഇവിടെ കുഴപ്പം ഉണ്ടാക്കുന്നത്
    വിജിലെന്സുകാരോട് കച്ചവടക്കാര്‍ പറഞ്ഞിട്ടുണ്ടാവുക ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചു എന്നാണു ..
    അത് വിശ്വസിച്ചു വന്നു എസ പി വകുപ്പിലെ ഉദ്യോഗസ്ഥരോട് അലരിയിട്ടും ഉണ്ടാകും
    വഴിയില്‍ പിടിച്ച തടി നികുതി വാങ്ങാതെ വിട്ട്‌ കൊടുക്കുക എന്നാ സംഭവമേ നടക്കില്ല കേരളത്തില്‍
    പതിനായിരം രൂപ ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചിരുന്നു എങ്കില്‍
    ഒന്നും മിണ്ടാതെ മില്ലുകാരന്‍ അത് കൊടുത്തു തടിയും കൊണ്ട് രായിക്കു രാമാനം നാട് വിട്ടേനെ
    എസ പി ഒന്ന് ശ്രേമിച്ചു നോക്കി കാണും.
    .തടി വിടുവിക്കാന്‍..
    സാക്ഷാല്‍ പോലീസ് മുറക്ക് തന്നെ
    ഉദ്യോഗസ്ഥര്‍ മന്ത്രിയെ വിവരം അറിയിച്ചും കാണും
    മന്ത്രി അതില്‍ ഇടപെട്ടും കാണും
    അത് പത്രത്തിലും വന്നു കാണും
    കാരണം എസ പി മാധ്യമങ്ങളും ആയാണ് അന്ന് ചെന്നത് ഓഫിസില്‍
    അപ്പോള്‍ എസ പി ചീത്ത കേട്ടതും മറച്ചു വൈക്കാന്‍ ആവില്ലല്ലോ ...

    ReplyDelete
  15. ജയ നന്ദ കുമാറിന്റെ കേസില്‍ നികുതി തുക കോടികള്‍ വരും ..
    അപ്പോള്‍ എന്നാല്‍ പഴയ മന്ത്രിയെ ഇടപെടുത്തി കളയാം എന്നൊരു തോന്നല്‍ മന്ത്രിയുടെ ശത്രുക്കള്‍ക്ക് ഉണ്ടായത് സ്വാഭാവികം.
    .എന്നാല്‍ കഷ്ട്ടകലത്തിനു ജയ നന്ദകുമാറിന്റെ കേസ് ഉണ്ടാവുമ്പോള്‍
    കോണ്‍ഗ്രെസ് സര്‍ക്കാര്‍ ആണ് അധികാരത്തില്‍ ഇരിക്കുന്നത് ..
    കേസ് പുരത്തായപ്പോഴേ ആ ഉദ്യോഗസ്തെന്‍ സസ്പെണ്ട് ചെയ്യുകയും ചെയ്തിരുന്നു ..
    എന്നാല്‍ വകുപ്പില്‍ ഉള്ള രേഖകള്‍ ജയനെതിരെ കേസ് എടുക്കാന്‍ തക്കവണ്ണം ഉള്ളവയല്ല എന്നതാണ് സത്യം ..
    ഇനി പോലീസ് അവരുടെ കയ്യിലെ രേഖകള്‍ വകുപ്പിന് തന്നു അതില്‍
    എത്ര നികുതി ബാക്കി അടക്കാന്‍ ബാധ്യത ഉണ്ട് ബോദ്യം ആവേണ്ടതുണ്ട്‌
    എട്ടു കോടി രൂപ അവരെ കൊണ്ട് നികുതി അടപ്പിച്ചിരുന്നു.
    അത് അപ്പോള്‍ ജയന് കയ്യില്‍ കിട്ടിയിരുന്ന തെളിവുകള്‍ വച്ച്..മാത്രമാണ്
    പിന്നീട് പോലീസിനു എന്തെങ്കിലും കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍
    വൈകാതെ ഇന്റെലിജെന്സു വകുപ്പിന്റെ കയ്യിലുള്ള രേഖകള്‍ വച്ച്
    ഇനി ഈ വ്യാപാരിയെ വകുപ്പ് വേറെ അസെസ്സു ചെയ്തു നികുതി വീണ്ടും അടപ്പിക്കുകയും ചെയ്യും
    ജയന്‍ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പിന്നീട് അറിയാം..അതില്‍ എത്ര സത്യം ഉണ്ട് എന്ന് ഒരു പിടിയുമില്ല

    ReplyDelete
  16. "പൊതുതാല്‍പര്യഹര്‍ജിയുടെ നാലാം ഖണ്ഡിക ഉദ്ധരിക്കട്ടെ.

    '4. മേല്‍ പ്രസ്താവിച്ച രീതിയില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന തുടര്‍ന്ന സമയം KL 11 D 5819 എന്ന വാഹനത്തിന്റെ ഡ്രൈവര്‍ ബാവ എന്നവര്‍ ഓഫീസിലേയ്ക്ക് പരാതിയുമായി കയറി വരികയും 17-03-2009 പുലര്‍ച്ചെ കണ്‍സ്ട്രക്ഷന്‍ കാര്യങ്ങള്‍ക്കുളള മരങ്ങളുമായി എല്ലാ രേഖകളോടും കൂടി തന്റെ വാഹനത്തില്‍ 2.75 M3 മരം കയറ്റിവരുന്ന സമയം രണ്ടാം എതിര്‍കക്ഷിയുടെ കീഴ്ജീവനക്കാര്‍ വാഹനം തടഞ്ഞു നിര്‍ത്തുകയും Kerala Value Added Tax Rule u/s 47 പ്രകാരമുളള നോട്ടീസ് നല്‍കി 30,836/- രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുളളതാണ്. ടി സമയം ടാക്‌സ് ഓഫീസിന്റെ ഡ്രൈവര്‍ 10,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ 30,000/- രൂപ ഫൈന്‍ ഈടാക്കുമെന്നും പറയുക ഉണ്ടായിട്ടുളളതാകുന്നു. രണ്ടാം എതിര്‍കക്ഷിയുടെ ഓഫീസിലെ ഇന്‍സ്‌പെക്ടറായ സി വിജയകുമാറാണ് നോട്ടീസ് നല്‍കിയതെന്നും ശിവശങ്കരന്‍ എന്നു പേരുളള ഡ്രൈവറാണ് 10,000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നും ബാവ വെളിപ്പെടുത്തിയതാണ്'.

    മതിയായ രേഖകളില്ലാതെ തടി കടത്തിക്കൊണ്ടുവന്ന കെഎല്‍ 11 ഡി 5819 എന്ന ലോറി കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്ന തുറന്നു പറഞ്ഞതിന് പൊതുതാല്‍പര്യ ഹര്‍ജിക്കാരനോട് നന്ദിയുണ്ട്"

    എന്നിട്ട് ഈ കേസ് ജയ നന്ദകുമാറിന്റെ കേസുമായി ബന്ധപെടുത്തി വിജിലെന്സു കേസ് എടുത്തിരിക്കുകയാണ്
    ഒന്നില്‍ വെറും നാല്‍പതിനായിരം രൂപയില്‍ താഴെ തുകയും
    മറ്റേതില്‍ കോടികളുടെ തുകയും..
    മന്ത്രിയെ കുടുക്കുമ്പോള്‍ ഒരു നല്ല തുക കാണികേണ്ടേ ..
    അര ലക്ഷം ഒക്കെ ഒരു തുകയാണോ
    പൊതു താല്പര്യ ഹര്‍ജിക്കാരന് അല്‍പ്പം തെറ്റി പോയി എന്നെ ഉള്ളൂ
    എന്നാല്‍ കേസ് നിലനില്‍ക്കാന്‍ ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്..
    പഴയ മന്ത്രിയെ ഒന്ന് വിഷമിപ്പിക്കാം എന്നെ ഉള്ളൂ

    ReplyDelete
  17. ഈ പ്രസ്ഥാനത്തെ തോല്‍പ്പിക്കാന്‍ കഴിയില്ല. കാരണം ഇതില്‍ ആള്‍ ദൈവങ്ങളില്ല. അതുകൊണ്ടു തന്നെ ഏതൊരു പ്രതിസന്ധിയിലും അതിന്റെ പ്രവര്‍ത്തകര്‍ പിന്നിലാവില്ല, മുന്നിലേക്ക് കയറി പൊരുതും. രക്തസാക്ഷികളുടെ തുടിപ്പും പ്രവര്‍ത്തകരുടെ സംഘടിത ശക്തിയും തന്നെയാണീ ചെങ്കൊടിയുടെ കരുത്ത്. അതിനെ തുടച്ചുനീക്കാന്‍ ഏതാനും ടോയ്ലെറ്റ് പേപ്പറില്‍ സാമ്രാജ്യത്തിന്റെ അച്ചാരം വാങ്ങി, ഏതാനും പട്ടികള്‍ക്ക് കൊടുത്ത് മിനിപ്പിച്ചെടുത്തു വേട്ടക്ക് ഒരുക്കിയാല്‍ ഭപ്പെട്ടു തീര്‍ന്നു പോവുന്നതല്ല ഈ പ്രസ്ഥാനം!!!

    ReplyDelete
  18. അങ്ങയുടെ കൂടെ ഞങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഉണ്ട്......എല്ലാ വിജയവും ആശംസിക്കുന്നു.

    ReplyDelete
  19. indrasena indu
    ഈ നാട്ടില്‍ രാഷ്ട്രപതിയെ വിമര്‍ശിക്കാം,പ്രധാനമന്ത്രിയെ വിമര്‍ശിക്കാം,കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിയും വിമര്‍ശിക്കാം...കേസ് എടുക്കില്ല....
    പക്ഷേ പോലീസിനെ വിമര്‍ശിച്ചു പോകരുത് ....
    കേസ് ഉറപ്പ്.
    കേസ് എടുത്ത് അകത്താക്കിയാലോ....
    പിന്നെ കമ്പി കൊണ്ടാണ് പ്രയോഗം...
    അതിനെപ്പറ്റി ഒന്ന് ചോദിച്ചു പോയാലോ ...
    അതിനും കേസ്....
    കേസോടു കേസ്...
    ഒടുക്കത്തെ കേസ്....

    ReplyDelete
  20. സി പി എം നേതാക്കള്‍ക്ക് എതിരെ പ്രതികാര മനോഭാവത്തോടെ കള്ള കേസെടുത്തു പൊതു ജന മധ്യത്തില്‍ താറടിക്കാന്‍ ഉള്ള യു ഡി എഫ് -മാധ്യമ -പോലീസ് ഗൂഢാലോചന യുടെ ഭാഗമായേ ഇതിനെയും കാണാന്‍ കഴിയൂ ..

    ReplyDelete
  21. സി പി എം നേതാക്കള്‍ക്ക് എതിരെ പ്രതികാര മനോഭാവത്തോടെ കള്ള കേസെടുത്തു പൊതു ജന മധ്യത്തില്‍ താറടിക്കാന്‍ ഉള്ള യു ഡി എഫ് -മാധ്യമ -പോലീസ് ഗൂഢാലോചന യുടെ ഭാഗമായേ ഇതിനെയും കാണാന്‍ കഴിയൂ ..

    ReplyDelete
  22. ധീരമായി മുന്നേറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  23. ധീരമായി മുന്നേറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...