150 നോവലുകള്‍, 350 കഥകള്‍, നാടകങ്ങള്‍, മറ്റു രചനകള്‍ ഒക്കെ ചേരുന്ന അവരുടെ വിപുലമായ സാഹിത്യജീവിതം അതിന് തെളിവാണ്. പക്ഷേ, ഇപ്പറഞ്ഞതൊന്നും ബംഗാളിലെ രാഷ്ട്രീയപ്രശ്നങ്ങളില്‍ അവരെടുത്ത നിരുത്തരവാദപരമായ നിലപാടുകളെ വിമര്‍ശിക്കാതിരിക്കുന്നതിനുളള കാരണങ്ങളല്ല. സ്വതവേ ഇടതുപക്ഷ തീവ്രനിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മഹാശ്വേതാ ദേവി നന്ദിഗ്രാമിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെ തുടര്‍ന്നാണ് സിപിഐഎമ്മിനോട് കടുത്ത ശത്രുത പുലര്‍ത്താന്‍ ആരംഭിച്ചത്. മമതാ ബാനര്‍ജിയോടൊപ്പം തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനും അവര്‍ ഇറങ്ങി. മാത്രമല്ല, ബംഗാളിലെ എഴുത്തുകാരെയും കലാകാരന്മാരെയും കലാകാരികളെയും ഇടതുപക്ഷത്തിനെതിരെ നയിക്കാനും മഹാശ്വേതാ ദേവി മുന്നിലുണ്ടായിരുന്നു. ബംഗാളിലെ മമതാ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റു ബുദ്ധിജീവികള്‍ക്കൊപ്പം അവരും ഖേദിക്കുന്നുണ്ടാവും എന്നാണു ഞാന്‍ കരുതുന്നത്.
മഹാശ്വേതാദേവിയുടെ ഒഞ്ചിയം സന്ദര്‍ശനം
അവര്‍ ഇടയ്ക്കിടെ കേരളം സന്ദര്‍ശിക്കുകയും രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. കേരളത്തില്‍ വന്ന് അവര്‍ നടത്തിയ പല അഭിപ്രായപ്രകടനങ്ങള്‍ക്കും സുകുമാര്‍ അഴീക്കോട്, എം മുകുന്ദന്‍ തുടങ്ങിയവര്‍ മറുപടിയും പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ കേരളത്തിലെ എഴുത്തുകാര്‍ വേണ്ടത്ര പ്രതികരിക്കുന്നില്ല എന്ന ഖേദം ഒരിക്കല്‍ അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇവിടത്തെ കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും തങ്ങള്‍ക്ക് അറിയാം എന്ന ഉചിതമായ മറുപടിയാണ് കേരളത്തിലെ എഴുത്തുകാര്‍ അന്ന് അവര്‍ക്കുനല്‍കിയത്. തകഴി ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മേയ് 10ന് കേരളത്തിലെത്തിയ മഹാശ്വേതാ ദേവി 12 ന് ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദര്‍ശിച്ചു. കോഴിക്കോട് നടന്ന ഒരു യോഗത്തില്‍ സംസാരിക്കുകയും ചെയ്തു.
സിപിഐഎമ്മിനെതിരായി അതിരൂക്ഷമായ വിമര്‍ശനമാണ് ഇവിടെയൊക്കെ മഹാശ്വേതാ ദേവി നടത്തിയത്. സിപിഐഎമ്മിനെ കേരളത്തില്‍ നിന്ന് തൂത്തെറിയണമെന്നുവരെ അവര്‍ പറഞ്ഞു എന്നാണ് ഒരു പത്രം എഴുതിയത്! എത്ര മഹനീയവും ലളിതവുമായ ഒരു ആഹ്വാനം! എത്ര വലിയ എഴുത്തുകാരി പറഞ്ഞാലും ആ പ്രസ്താവനയില്‍ നിഴലിക്കുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണെന്ന് പറയാതെ വയ്യ. അവിടം കൊണ്ടും നിര്‍ത്താന്‍ അവര്‍ തയ്യാറായില്ല. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയപാടേ അവര്‍ പിണറായി വിജയന് ഒരു തുറന്ന കത്തയച്ചു. അതില്‍ പറയുന്നു:
"എല്ലാ തുറയിലും പെട്ടവര്‍ എന്നെവന്നു കാണുകയും എന്നോട് സംസാരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയുടെ അടുത്തേയ്ക്കുപോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കില്ലത്രേ!"ഏതു തുറയില്‍ പെട്ടയാള്‍ ഓതിക്കൊടുത്തതായാലും ഈ പരാമര്‍ശനം വസ്തുതാവിരുദ്ധമാണ്. പിണറായി വിജയന്നും സിപിഐ എമ്മിനുമെതിരെ മഹാശ്വേതാദേവിയുടെ പ്രതികരണം നിര്‍മ്മിക്കാന്‍ ഒരു ഉത്സാഹക്കമ്മിറ്റി ഓവര്‍ടൈം പണിയെടുക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഈ പരാമര്‍ശം. ആ കത്ത് ഇങ്ങനെ തുടര്‍ന്നു:
"വിജയന്‍! എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്നനേത്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കാന്‍ അതിനരികിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ധൈര്യം കാട്ടി എന്നതാണ് എന്നവര്‍ പറയുമ്പോള്‍, എന്റെയുള്ളില്‍ ഒരു ഭയം പൊന്തിവരുന്നു. എന്റെ കണ്ണുകള്‍ കൊണ്ടതു കാണുന്നതു വരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല";.ചുറ്റും കൂടിയ അപവാദനിര്‍മ്മാതാക്കളുടെ നുണക്കഥകള്‍ കേട്ട് മഹാശ്വേതാദേവിയുടെ ഉളളില്‍ പൊന്തിവരുന്ന ഭയം ശമിപ്പിക്കാന്‍ സിപിഐഎമ്മിന്റെ കൈവശം ചികിത്സയൊന്നുമില്ല. നിന്ദാസ്തുതിയാണെങ്കിലും 'എന്റെ കണ്ണുകള്‍ കൊണ്ടതു കാണുന്നതു വരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല'എന്ന മഹാശ്വേതാദേവിയുടെ സമീപനത്തില്‍ യുക്തിയുണ്ട്. നിര്‍ഭാഗ്യവശാല്‍ സിപിഐഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങളെ ഇതേ യുക്തിബോധത്തോടെ സമീപിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. അതിനു തയ്യാറായാല്‍ ഇന്നവര്‍ തുടരുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധതയ്ക്ക് അല്‍പം ശമനമുണ്ടാകും.
പിണറായിയുടെ പ്രതികരണം
വീടു പ്രശ്നത്തില്‍ മഹാശ്വേതാദേവി മുന്നോട്ടു വെച്ച യുക്തിബോധത്തെ തികഞ്ഞ ബഹുമാനത്തോടെ തന്നെ പിണറായി വിജയനും സ്വാഗതം ചെയ്തു. മഹാശ്വേതാ ദേവിയോടുളള എല്ലാ ബഹുമാനവും നിലനിര്‍ത്തി അദ്ദേഹം അവരുടെ കത്തിനോടുള്ള വിയോജിപ്പുകള്‍ മറുപടിക്കത്തായി പ്രസിദ്ധീകരിച്ചു. അദ്ദേഹം പറഞ്ഞു:
""എനിക്കയച്ച തുറന്ന കത്ത് പത്രങ്ങളില്‍ വായിച്ചു. ഏറെക്കാലമായി ധാരാളംപേര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് നിങ്ങള്‍. അത്തരത്തിലുള്ള ഒരാള്‍ക്ക് അടുത്ത കാലത്തായി ഉണ്ടായ മാറ്റം എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളാവാം ഈ മാറ്റത്തിനു പിന്നില്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ഈ ധാരണ ദൃഢീകരിക്കുന്നതാണ് നിങ്ങള്‍ വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലെ ഉള്ളടക്കവും. എഴുത്തുകാര്‍ പൊതുവെ ലോലഹൃദയരാണെന്നും അവരെ വേഗത്തില്‍ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാമെന്നും കരുതുന്നവരുണ്ട്. തങ്ങള്‍ നേരിട്ടു പറയുന്നതിനേക്കാള്‍ സമൂഹത്തില്‍ വിലപ്പോകുന്നത് എഴുത്തുകാര്‍ പറയുന്നതാകയാല്‍ തങ്ങള്‍ക്ക് പറയാനുള്ളത് അവരെക്കൊണ്ട് പറയിച്ച് തങ്ങളുടെ താല്‍പ്പര്യം നിറവേറ്റിയെടുക്കാമെന്ന് കരുതുന്നവരുമുണ്ട്. അത്തരക്കാരാരെങ്കിലുമാവണം കേരളത്തിലെ സമീപകാല കാര്യങ്ങളെക്കുറിച്ച് നിങ്ങളെ തുടരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവര്‍ തന്നെയാണ് കണ്ണൂര്‍ ജില്ലയിലുള്ള എന്റെ വീട് രമ്യഹര്‍മ്യമാണ് എന്ന് നിങ്ങളോട് പറഞ്ഞതും എന്നു കരുതാനേ എനിക്ക് നിവൃത്തിയുള്ളൂ.
ഏതായാലും നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞ തരത്തിലുള്ള ഒന്നാണോ എന്റെ വീട് എന്ന് നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ സ്നേഹാദരങ്ങളോടെ നിങ്ങളെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ല എന്നു കരുതട്ടെ. നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും....... നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട് നില്‍ക്കുന്ന പ്രദേശത്തെ പാര്‍ടിയുടെ അറിവോടെയാണത്. അത് മണിമാളികയോ രമ്യഹര്‍മ്യമോ ഒന്നുമല്ല. അതു കണ്ടാല്‍ ഒരാള്‍ക്കും പാര്‍ടിയെക്കുറിച്ചുള്ള മതിപ്പില്‍ ഇടിവു വരികയുമില്ല. കണക്കുകള്‍ അടക്കം അതുമായി ബന്ധപ്പെട്ട എല്ലാം സുതാര്യമാണുതാനും. ഇതാണ് സത്യമെന്നനിലയ്ക്ക് ആ വീട് കാണുന്നതില്‍നിന്ന് ആരെയും വിലക്കേണ്ട കാര്യമേ ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിച്ച് നിങ്ങള്‍ പറയുന്ന മറ്റു കാര്യങ്ങളുടെ പ്രശ്നമേ ഉദിക്കുന്നില്ല.
കടലുകള്‍ക്കപ്പുറമുള്ള ഏതോ വിദൂരദ്വീപിലൊന്നുമല്ല, പാര്‍ടി പ്രവര്‍ത്തിക്കുന്ന ഈ കേരളത്തിലെ എന്റെ സ്വന്തം ഗ്രാമത്തില്‍ തന്നെയാണ് ആ വീട് സ്ഥിതി ചെയ്യുന്നത് എന്നതെങ്കിലും ഓര്‍മ്മിച്ചാലും. സത്യം നേരില്‍ കാണാനാണ് ഞാന്‍ നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. സി.പി.ഐ (എം) നെക്കുറിച്ച് നിങ്ങളെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെറ്റിദ്ധരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ കൂടി ഇത് സഹായകമാവും.""
സുതാര്യമായ ഈ നിലപാടിനു മുന്നില്‍ മഹാശ്വേതാ ദേവി നിരായുധയായി. താന്‍ പിണറായിയുടെ വീടിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുന്നുവെന്നും പറഞ്ഞുപോയതില്‍ ഖേദമുണ്ടെന്നും മാധ്യമങ്ങളോടു തുറന്നു പറയാന്‍ അവര്‍ തയ്യാറായി. നിലപാടുകള്‍ തകിടം മറിഞ്ഞതെങ്ങനെ? എന്നാല്‍ കഥ അവിടം കൊണ്ടു തീര്‍ന്നില്ല. മഹാശ്വേതാ ദേവിയുടെ പിന്നില്‍ ഒരുപജാപ സംഘമുണ്ട് എന്നതിന്റെ തെളിവുകള്‍ തൊട്ടുപിന്നാലെ പുറത്തുവന്നു.
പിണറായി വിജയന്റെ കത്തിനെത്തുടര്‍ന്ന് തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്നു പറഞ്ഞ മഹാശ്വേതാ ദേവിയുടെ നിലപാട് മിനിട്ടുകള്‍ക്കുളളില്‍ തലകീഴായി മറിഞ്ഞു. പിണറായി വിജയനെയും സിപിഐഎമ്മിനെയും ആക്രമിച്ചുകൊണ്ട് അവര്‍ വീണ്ടും ഒരു തുറന്ന കത്തെഴുതി. ആ കത്തില്‍ എല്ലാം പൊളിഞ്ഞു വീണു. കെ രാമചന്ദ്രന്‍ എന്നൊരാളിന്റെ ബ്ളോഗില്‍ നിന്ന് പാരഗ്രാഫുകള്‍ തന്നെ കോപ്പിയടിച്ചാണ് അവരുടെ കത്തു തയ്യാറാക്കിയിരിക്കുന്നത് എന്ന വിവരം പുറത്തുവന്നു. മഹാശ്വേതാ ദേവിയുടെ പേരില്‍ പിണറായിക്ക് മറുപടിയായി പ്രത്യക്ഷപ്പെട്ട കത്ത്, ആ ആണവവിരുദ്ധ പ്രബന്ധം കുത്തും കോമയും അക്ഷരത്തെറ്റുമടക്കം കോപ്പിയടിച്ച് സൃഷ്ടിച്ചതായിരുന്നു. ഒപ്പം, പിണറായി വിജയന്‍ കൂടംകുളം സന്ദര്‍ശിക്കുമോ എന്ന ഇടിവെട്ടു ചോദ്യവും. ഒരു കത്തോ ആണവവിരുദ്ധ പ്രബന്ധമോ സ്വന്തമായി തയ്യാറാക്കാന്‍ കഴിയാത്ത ആളല്ല മഹാശ്വേതാ ദേവി. സ്വന്തം നിലപാടിനു വേണ്ടി അവര്‍ക്കാരെയും പകര്‍ത്തി വെയ്ക്കേണ്ട ആവശ്യവുമില്ല. അപ്പോഴാണ് ഒരു ചോദ്യം പ്രസക്തമാകുന്നത്.
പിണറായിക്കുളള മറുപടിയില്‍ ആ ആണവവിരുദ്ധ മോഷണ നിലപാട് എങ്ങനെ വന്നു? അതിനൊരുത്തരമേയുളളൂ. പിണറായി വിജയനുളള മറുപടി മറ്റാരോ തയ്യാറാക്കിയതാണ്. മഹാശ്വേതാ ദേവിക്ക് സ്വന്തമെന്നു പറയാന്‍ ആ കത്തിലുണ്ടായിരുന്നത് അവരുടെ ഒപ്പു മാത്രം. മനുഷ്യന്‍ പ്രവേശിക്കാന്‍ ഭയക്കുന്ന ഡ്രാക്കുളാക്കോട്ടയാണ് പിണറായി വിജയന്റെ വീടെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചവര്‍ തന്നെയാണ് ഈ അഭ്യാസവും ചെയ്തത്. പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളിലും ഇക്കാര്യം ചര്‍ച്ചയായതോടെ മഹാശ്വേതാദേവി പിന്മാറി.
സക്കറിയയുടെ പയ്യന്നൂര്‍ പകയും സിപിഐഎമ്മിന്റെ പ്രസക്തിയും
മഹാശ്വേതാദേവിക്കു പറ്റിയ പറ്റില്‍ എനിക്കു സഹതാപമുണ്ട്. പക്ഷേ, സാഹിത്യകാരന്‍ സക്കറിയയുടെ നിലപാട് എന്നെ തികച്ചും അമ്പരപ്പിച്ചു.
കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പ്രതിലോമപരമായ നിലപാടുകളെക്കുറിച്ച് ഭയലേശമന്യേ വിമര്‍ശനം തൊടുത്തുവിടുന്നയാളാണ് സക്കറിയ. കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളേക്കാളും ശക്തവും ദുഷ്ടവുമാണ് മാധ്യമങ്ങളെന്നുമൊക്കെ അതിരൂക്ഷമായ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചു കണ്ടിട്ടുണ്ട്. ആ സക്കറിയയ്ക്ക് എങ്ങനെയാണ് മാധ്യമങ്ങളുടെ സംഘടിതമായ മസ്തിഷ്ക പ്രക്ഷാളനത്തിന് കൈയാളായി നിന്നുകൊടുക്കാനാവുക? അതോ അദ്ദേഹം സിപിഐഎമ്മിനോട് പയ്യന്നൂര്‍ പക തീര്‍ക്കുകയാണോ? കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുകാലരതിയെക്കുറിച്ച് പയ്യന്നൂരില്‍ സക്കറിയ നടത്തിയ പരാമര്‍ശം അനുചിതമായിരുന്നു. പക്ഷേ, അവിടെയുണ്ടായ പ്രതികരണം അതിനേക്കാളേറെ അനുചിതമായിരുന്നു. വിയോജിപ്പുകള്‍ ആ യോഗത്തില്‍ തന്നെ പറയുകയോ മറ്റൊരു യോഗം വിളിച്ച് സക്കറിയയുടെ ആശയങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. അതാണ് ജനാധിപത്യപരമായ പ്രതികരണശൈലി. അംഗീകരിക്കാനാവാത്ത പ്രതികരണമാണ് പയ്യന്നൂരില്‍ സക്കറിയയ്ക്കു നേരിടേണ്ടി വന്നത് എന്നത് സമ്മതിക്കുന്നു. പക്ഷേ, വിവേകശൂന്യമായ ആ പ്രവൃത്തിയാല്‍ മേല്‍കീഴ്മറിയേണ്ടതാണോ സക്കറിയയുടെ ആശയലോകം?
സിപിഐഎമ്മിന്റെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ ഏതെങ്കിലും കാലത്ത് സക്കറിയയെ ആവേശം കൊളളിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ സിപിഐഎമ്മിനുളള സ്ഥാനം അദ്ദേഹം എന്നും അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷതയുടെ അടിസ്ഥാനം ശ്രീനാരായണ പ്രസ്ഥാനം അടക്കമുളള കേരളീയ നവോത്ഥാനമാണ്. ഈ മതനിരപേക്ഷ പൈതൃകത്തെ മുന്നോട്ടു കൊണ്ടുപോയതില്‍ നിര്‍ണായകമായ പങ്ക് എന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിര്‍വഹിച്ചിട്ടുണ്ട്. ഇന്നും നിര്‍വഹിക്കുന്നുമുണ്ട്. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തോടെ അദ്ദേഹത്തിന്റെ ഈ നിലപാടുകളെല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്. വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായ ചെറുത്തുനില്‍പില്‍ സിപിഐഎമ്മിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന സക്കറിയയെ വേറൊരിടത്തു നമുക്കു കാണാന്‍ കഴിയുന്നുണ്ട് എന്നത് സമാശ്വാസകരമാണ്. ദില്ലി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ എഴുതിയ ഒരു ലേഖനം സക്കറിയ അവസാനിപ്പിക്കുന്നത് സിപിഐഎമ്മിന്റെ ആ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ്.
സിപിഐഎം എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപ്രസക്തി അറിയുന്ന സാംസ്ക്കാരിക വിമര്‍ശകന്‍ തന്നെയാണ് സക്കറിയ. പക്ഷേ, മാധ്യമങ്ങള്‍ സ്വരുക്കൂട്ടിയ ആയുധങ്ങളെടുത്ത് സിപിഐഎമ്മിനെ ആക്രമിക്കാനും അതേ സക്കറിയ മുന്നോട്ടു വരുന്നു. വിരലിലെണ്ണാവുന്ന ചിലരുടെ തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു പ്രതികരണത്തിന്റെ പേരില്‍ സിപിഐഎമ്മിനെതിരെയുള്ള പക ഇനിയും തുടരരുത് എന്നാണ് എനിക്ക് സക്കറിയയോട് അഭ്യര്‍ത്ഥിക്കാനുളളത്.
പ്രഭാവര്‍മ്മയുടെ കവിതയ്ക്ക് നിരോധനം
സിപിഐഎമ്മിന് ജനാധിപത്യമില്ലെന്ന് വലിയവായില്‍ കവലപ്രസംഗം നടത്തുന്നവര്‍ തികഞ്ഞ ഫാസിസ്റ്റുകളാണെന്നും ഈ വിവാദം വ്യക്തമാക്കി.
അതിന്റെ ഉത്തമോദാഹരണമാണ് സമകാലിക മലയാളം വാരിക പ്രഭാവര്‍മ്മയുടെ കവിത പാതിവഴിക്കു നിരോധിച്ചത്. ചന്ദ്രശേഖരന്‍ വധത്തെ പ്രഭാവര്‍മ്മ ന്യായീകരിച്ചു എന്ന വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ കവിതയുടെ ശിരസ് ഛേദിച്ചത്. പ്രഭാവര്‍മ്മയെന്നല്ല ആരും ചന്ദ്രശേഖരന്‍ വധത്തെ ന്യായീകരിച്ചിട്ടില്ല. ആ വധത്തെ അതിശക്തമായ ഭാഷയില്‍ അപലപിക്കുന്നവര്‍ തന്നെ, ഈ സംഭവത്തെ മുന്‍നിര്‍ത്തി സിപിഐഎമ്മിനെ വേട്ടയാടുന്നതിനെ എതിര്‍ക്കുന്നുണ്ട്. അവരിലൊരാളാണ് പ്രഭാവര്‍മ്മയും. മാധ്യമങ്ങള്‍ സിപിഐഎമ്മിനെതിരെ നടത്തുന്ന വാസ്തവവിരുദ്ധമായ പ്രചരണത്തെ തുറന്നു കാണിക്കാനുളള ജനാധിപത്യാവകാശം പ്രഭാവര്‍മ്മയ്ക്കുണ്ട്. സിപിഐഎമ്മിനെ നിശിതമായി വിമര്‍ശിക്കുന്നവര്‍ അനുഭവിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യം, സിപിഐഎമ്മിനെ വേട്ടയാടുന്നതിനെതിരെ നിലയുറപ്പിക്കുന്നവര്‍ക്കുമുണ്ട്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത രൂക്ഷവും ക്രൂരവുമായ വിമര്‍ശനം സിപിഐഎമ്മിനെതിരെ തൊടുത്തുവിടുന്നവരൊന്നടങ്കം പ്രഭാവര്‍മ്മ നേരിട്ട ജനാധിപത്യവിരുദ്ധതയ്ക്കു കുടപിടിക്കാനെത്തി.
തങ്ങള്‍ക്കിഷ്ടമില്ലാത്ത പ്രതികരണം നടത്തിയാല്‍ കവിത പ്രസിദ്ധീകരിക്കുകയില്ല എന്ന ധാര്‍ഷ്ട്യം മുഴങ്ങിയത് സിപിഐഎമ്മിനെതിരെ ആയിരുന്നതു കൊണ്ട് അതും വലിയ ആഘോഷമായി. ഇതൊക്കെ എന്തിന്റെ ലക്ഷണങ്ങളാണ്? ഇവയില്‍ നിന്ന് നാമെന്താണ് മനസിലാക്കേണ്ടത്? സിപിഐഎമ്മിനെതിരെയുളള പൊതുബോധം നിര്‍മ്മിക്കാന്‍ അത്യധ്വാനം ചെയ്യുന്ന ഒരു സംഘം നമുക്കിടയിലുണ്ട്. ഔന്നത്യമുളള എഴുത്തുകാരെ തെറ്റിദ്ധരിപ്പിച്ച് അവര്‍ സിപിഐഎമ്മിനെതിരെ പ്രതികരണങ്ങള്‍ സംഘടിപ്പിക്കുന്നു. സിപിഐഎം അനുഭാവികളായ എഴുത്തുകാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി നിശ്ശബ്ദരാക്കാന്‍ വേറൊരു അടവ്. സിപിഐഎം വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്തില്ലെങ്കില്‍ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രയാസം നേരിടും എന്നൊരു വാരിക ഭീഷണി മുഴക്കിയതായി ആരോപണമുണ്ട്. ആ നിലപാടിന്റെ തുടര്‍ച്ചയായി വേണം സമകാലിക മലയാളം പ്രഭാവര്‍മ്മയോടു ചെയ്ത സമാനതകളില്ലാത്ത അനീതിയെ മനസിലാക്കേണ്ടത്.
പലതരം വേട്ടകളാണ് സിപിഐഎമ്മിനെതിരെ സംവിധാനം ചെയ്യപ്പെടുന്നത്. ജനകീയാസൂത്രണവിവാദകാലത്ത് എന്നെ വിദേശ ചാരനെന്ന് മുദ്രകുത്താന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കൈയറപ്പുമുണ്ടായില്ല. ലാവ്ലിന്‍ വിവാദകാലത്ത് പിണറായി വിജയനെതിരെ ഇതേ മാധ്യമങ്ങള്‍ എത്രയോ ഇല്ലാക്കഥകള്‍ പടച്ചുവിട്ടു. സിപിഐഎം നേതാക്കളുടെ കുടുംബങ്ങളെപ്പോലും വെറുതേവിടുന്നില്ല. കവിയൂര്‍ കേസില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ഒരു കോടി രൂപയുടെ പ്രലോഭനമുണ്ടായിരുന്നുവെന്ന് കോടതിയില്‍ സിബിഐ തുറന്നു പറയുന്നതും നാം കേട്ടു. തേജോവധത്തിന്റെ പതിനെട്ടടവുകളും പയറ്റി പാര്‍ടി പ്രവര്‍ത്തകരുടെ ആത്മവീര്യം നശിപ്പിക്കാന്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയാണ്.
പക്ഷെ ഇടതുപക്ഷ എഴുത്തുകരെ സംഘടിപ്പിച്ച് ബോധപൂർവ്വമുള്ള സി.പി.ഐ.എം വിരുദ്ധ പ്രചരണങ്ങളെ പ്രതിരോധിക്കുവാനുള്ള കാര്യമായ പരീശ്രമം ഉണ്ടാകുന്നില്ലല്ലോ.ഒരു പകച്ചു നില്പിന്റെ അൻഅതരീക്ഷം ഫീൽ ചെയ്യുന്നുണ്ട് എനത്തോന്നുന്നു. ഇടതുപക്ഷ അനുഭാവമുള്ള എഴുത്തുകാരിലും ചിലരിൽ അല്പം അന്ധാളിപ്പില്ലേ എന്നൊരു സംശയം. ശരിയായ ചരിത്രബോധത്തിന്റെ കുറവ് ചില ബുദ്ധിജീവികൾക്കുണ്ടോ എന്നതിലും സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രം വായിച്ചതുകൊണ്ടുമാത്രം ശരിയായ ചരിത്രബോധം ഉണ്ടായിക്കൊള്ളണമെന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. ചരിത്ര ബോധമുള്ളവർക്ക് ഏതെങ്കിലും ഒരു ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ ഒരു മഹദ്പ്രസ്ഥാനം വേട്ടയാടപ്പെടുന്നത് നിസംഗതയോടെ നോക്കി നിൽക്കാനാകില്ല. ഇനി അവർ ഒക്കെ കൻടും കേട്ടും ഒരു അന്ധാളിപ്പിലാണെങ്കിൽ അവർക്ക് ധൈര്യം പകരാൻ സി.പി.ഐ.എം ബോധപൂർവ്വം ഇടപെടേണ്ടിയിരിക്കുന്നു.
ReplyDeleteസര്‍ ന്റെ വിലയിരുത്തലുകള്‍ വളരെ ശരിയാണ്, ബോധ പൂര്‍വ്വമുള്ള ഇത്തരം ശ്രമങ്ങളെ ജാഗ്രതയോടെ നേരിടേണ്ടത് ഉണ്ട്...... ആശംസകള്‍.........
DeleteBinoy Devassy Kutty
ReplyDelete5 June
ശ്രീ മഹാശ്വേത ദേവിയെ കുറ്റം പറയാന്‍ ആവില്ല.അവര്‍ കണ്ടിട്ടുള്ള എളിമയുള്ള നേതാക്കള്‍ കയറു കട്ടില്‍ പുറത്തിട്ടു കിടന്നുറങ്ങുന്ന ഷിബു സോറനെ(കോടികള്‍ പെട്ടിയില്‍ സൂക്ഷിച്ചാല്‍ ആര്‍ഭാടമാകുമെന്നു കരുതി ചാക്കില്‍ കെട്ടിവയ്ക്കും)പോലുള്ള നേതാക്കള്‍ ആണ്.എളിമ എന്നത് പ്രദര്‍ശനമാക്കി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുന്നവരെ കണ്ണടച്ച് വിശ്വസിച്ചു ബഹുമാനിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമീണ രീതികളും മലയാളിയുടെ ജീവിതരീതികളെയും താരതമ്യം ചെയ്യുന്നത് തന്നെ അറിവില്ലായ്മ ആണ്.ഗാന്ധിജി ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നതിനു മുന്‍പായി ഇന്ത്യയുടെ ഈ വൈവിധ്യങ്ങള്‍ മനസിലാക്കാനാണ്ആദ്യം ശ്രമിച്ചത്.അതിനു വേണ്ടിയുള്ള യാത്രകളും പ്രശസ്തമാണ്. ഭാരതത്തിലെ ഓരോ ജീവിതരീതികളും വ്യതസ്തമാണ് എന്ന തിരിച്ചറിവിനായി 'പീഠങ്ങള്‍' വിട്ടിറങ്ങണം.മലയാളിയുടെ ഭവനസങ്കല്പങ്ങള്‍ വ്യത്യസ്തമാണ്.കേരളത്തിലെ ഇടത്തരം വീടുകള്‍ പോലും ഇന്ത്യയിലെഇതരസംസ്ഥാനങ്ങളിലെ ജനങ്ങളില്‍ അമ്പരപ്പ് ഉളവാക്കിയേക്കാം.ഇത് തിരിച്ചറിയാന്‍ കഴിയാതെ പോയ ശ്രീ മഹാശ്വേതദേവി,പറഞ്ഞു പോയതിനെ തിരുത്താന്‍ പോലും ഉള്ള എളിമ തനിക്കില്ലെന്ന് സ്ഥാപിക്കുകയാണ് തുടര്‍ന്നുള്ള പ്രസ്താവനകളിലൂടെ എന്നെനിക്ക് തോന്നുന്നു.
ചന്ദ്ര ശേഖരന്‍ വധം സി. പി. എം ആണ് ചെയ്തതെന്ന് ഇപ്പോളും തെളിഞ്ഞിട്ടില്ല. എന്നിട്ടും പാര്‍ട്ടിക്കെതിരെ ശബ്ദിക്കാന്‍ തുടക്കം മുതലേ ആഹ്വാനം ചെയ്തവരാണ് ഇവിടത്തെ മറ്റു ബൂര്‍ഷ്വാ വര്‍ഗ്ഗക്കാര്‍. അതിനുവേണ്ടി അവര്‍ കൂട്ടുപിടിച്ചതാണ് മഹാശ്വേത ദേവിയെ. ഇവിടത്തെ സാഹിത്യകാരന്മാരും ബുദ്ധിജീവികളും സത്യം മനസ്സിലാക്കി പ്രതികരിക്കാതെ ഇരുന്നപ്പോളാണ് തകഴി അനുസ്മരണത്തിന് മഹാശ്വേത ദേവി എത്തിയത്. വര്‍ഗ്ഗ വഞ്ചകര്‍ അപ്പോള്‍ തന്നെ ഒരു ഉപജാപക സംഘതെപ്പോലെ അവര്‍ക്ക് ചുറ്റും കൂടുകയും അവരെ പറഞ്ഞു പറ്റിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് നാം കണ്ടത്. അതിന്നും തുടരുന്നു. കേരളത്തിലെ സാഹിത്യകാരന്മാരുടെ പ്രതികരണ ശേഷി അളക്കാന്‍ ആരെയും അനുവദിച്ചിട്ടില്ല എന്നുള്ള കാര്യം അവര്‍ സൌകര്യപൂര്‍വ്വം മറന്നു പോവുകയാണ്. ഈ വേളയില്‍ നമ്മുടെ പ്രിയ കവി ശ്രീ. ഓ. എന്‍. വി. കുറുപ്പ് സാറിന്റെ പ്രതികരണം കൂടി ചേര്‍ക്കുന്നത് നല്ലതായിരിക്കും എന്നെനിക്കു തോന്നുന്നു.
ReplyDelete