ലോക സാമ്പത്തികമാന്ദ്യത്തില്‍ കാലിടറി പാപ്പരായ ആദ്യത്തെ രാജ്യമാണ് ഐസ്‌ലന്റ് - 2009ല്‍. ഐഎംഎഫും മറ്റു ലോകരാജ്യങ്ങളും ചേര്‍ന്ന് ഐസ്‌ലന്റിനെ രക്ഷപെടുത്തിയതു പോലെ നാലു രാഷ്ട്രങ്ങളെ സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടുത്തേണ്ടി വന്നു. അയര്‍ലന്റ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവര്‍ക്കു ശേഷം പാപ്പര്‍ സ്യൂട്ടടിച്ച അഞ്ചാമത്തെ യൂറോ സോണ്‍ രാജ്യമാണ് സൈപ്രസ്. രക്ഷപെടുത്താനാവാത്ത കയത്തിലേയ്ക്ക് സൈപ്രസ് വീണു എന്നെല്ലാവരും കരുതിയതാണ്.
തകര്‍ച്ചയുടെ വക്കില്‍ നിന്ന് ഐഎംഎഫും യൂറോപ്യന്‍ കമ്മിഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ചേര്‍ന്ന് അവസാനനിമിഷം രക്ഷിച്ചെടുത്തു.
മെഡിറ്ററേനിയന്‍ സമൂഹത്തിലെ ഒരു ചെറു ദ്വീപുരാജ്യമാണ് സൈപ്രസ്. ആകെ പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. 11 ലക്ഷം ജനസംഖ്യ. ദേശീയ വരുമാനം യൂറോപ്യന്‍ യൂണിയന്റെ 0.2 ശതമാനം പോലും വരില്ല. ആകെ സമ്പത്തെന്നു പറയാവുന്നത് സമുദ്രതീരത്തെ പ്രകൃതിവാതകമാണ്. അതു ഖനനം ചെയ്തു തുടങ്ങാന്‍ ഇനിയും രണ്ടുവര്‍ഷമെടുക്കും. ഇപ്പോള്‍ മുഖ്യവരുമാനം ടൂറിസം. അതു കഴിഞ്ഞാല്‍ ബാങ്കിംഗ് മേഖല. സൈപ്രസിന്റെ ദേശീയ വരുമാനത്തിന്റെ എട്ടു മടങ്ങു വരും ഇവിടുത്തെ ബാങ്കുകളുടെ മൊത്തം ധനകാര്യ ആസ്തികള്‍.
ഇന്ത്യയിലെ കളളപ്പണക്കാര്‍ക്ക് മൗറീഷ്യസ് എന്താണോ, അതാണ് റഷ്യയിലെ കളളപ്പണക്കാര്‍ക്ക് സൈപ്രസ്. യൂറോപ്പിലെ കളളപ്പണക്കാരുടെ സമ്പാദ്യങ്ങളാകര്‍ഷിക്കാന്‍ പല നടപടികളും സൈപ്രസ് എടുത്തു. നികുതികള്‍ വെട്ടിക്കുറച്ചു; കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇല്ല; ബാങ്കിടപാടുകള്‍ പരമരഹസ്യമാക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തി. വിദേശത്തു നിന്ന് കളളപ്പണക്കാരുടെ ഡെപ്പോസിറ്റുകള്‍ വന്‍തോതില്‍ സൈപ്രസിലേയ്‌ക്കൊഴുകി. സൈപ്രസ് ബാങ്കുകള്‍ ഭീമന്മാരായി.
ബാങ്കില്‍ ഡെപ്പോസിറ്റുകള്‍ വെറുതേ കിടന്നാല്‍ വരുമാനമൊന്നും ലഭിക്കുകയില്ല. ഡെപ്പോസിറ്റിട്ടവര്‍ക്ക് പലിശയും കൊടുക്കേണ്ടിവരും. അതുകൊണ്ട് സൈപ്രസ് ബാങ്കുകള്‍ ഈ പണം എവിടെയെങ്കിലും നിക്ഷേപിച്ചേ പറ്റൂ. സൈപ്രസ് ജനതയുടെ മഹാഭൂരിപക്ഷവും ഗ്രീക്കുകാരാണ്. അങ്ങനെ ഗ്രീസായി സൈപ്രസ് ബാങ്കുകളുടെ മുഖ്യ വിഹാരമേഖല. ഗ്രീസില്‍ വരുന്ന ടൂറിസ്റ്റുകളും സൈപ്രസ് കണ്ടേ മടങ്ങാറുളളൂ. സൈപ്രസിന്റെ കയറ്റുമതിയുടെ നല്ല പങ്കും ഗ്രീസിലേയ്ക്കായിരുന്നു.
ഇങ്ങനെ സസുഖം കഴിയവെയാണ് 2008ലെ ലോക സാമ്പത്തിക മാന്ദ്യം വരുന്നത്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഗ്രീസ് കണ്ട മാര്‍ഗം കടം വാങ്ങുകയായിരുന്നു. സൈപ്രസ് ബാങ്കുകളാണെങ്കില്‍ കൈയയച്ച് സഹായിച്ചു. ഗ്രീസ് സര്‍ക്കാരിറക്കിയ ബോണ്ടുകള്‍ അവര്‍ വാങ്ങിക്കൂട്ടി. ബോണ്ടുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന രാജ്യങ്ങളിലൊന്ന് ഗ്രീസായിരുന്നു.
സാമ്പത്തിക മാന്ദ്യം മൂലം ഗ്രീസിന്റെ ടൂറിസം വ്യവസായം തകര്‍ന്നു. സര്‍ക്കാരാണെങ്കില്‍ കടഭാരത്തിലും മുങ്ങി. രാജ്യം പാപ്പര്‍ സ്യൂട്ടിനടുത്തെത്തി. യൂറോപ്യന്‍ യൂണിയന്‍ ഒരു രക്ഷാപാക്കേജ് തയ്യാറാക്കി. ബാങ്കുകളെ രക്ഷിക്കാനുളള പണം വായ്പയായി നല്‍കും. പക്ഷേ, ഗ്രീക്കു സര്‍ക്കാര്‍ ഗണ്യമായി ചെലവു കുറച്ച് കമ്മിയില്ലാതാക്കണം. ശമ്പളം കുറയ്ക്കണം, സബ്‌സിഡികള്‍ ഇല്ലാതാക്കണം, ജീവനക്കാരെ പിരിച്ചുവിടണം, പൊതുമേഖല വില്‍ക്കണം… ഇതിനെല്ലാമെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയിര്‍ക്കൊണ്ടിട്ടും നിവൃത്തിയില്ലാതെ ഗ്രീക്ക് സര്‍ക്കാര്‍ ഐഎംഎഫിനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും കീഴടങ്ങേണ്ടി വന്നു.
രക്ഷാപാക്കേജിന്റെ ഭാഗമായി ഗ്രീക്ക് സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. അതിനു മുമ്പ് ഒരു ഹെയര്‍ കട്ടിംഗും നടത്തി. കടപ്പത്രങ്ങളുടെ മൂല്യം ഏതാണ്ട് പകുതിയായി കുറച്ചു. ഗ്രീക്കു രാജ്യത്തിന്റെ കടഭാരം കുറഞ്ഞു. പക്ഷേ, കടം കൊടുത്തവര്‍ കുഴപ്പത്തിലായി. ഏറ്റവും വലിയ തിരിച്ചടി ഗ്രീക്കു സര്‍രക്കാരിന്റെ കടപ്പത്രങ്ങള്‍ വാങ്ങൂട്ടിയ സൈപ്രസിന്റെ കടപ്പത്രങ്ങളായിരുന്നു. അവരുടെ കടപ്പത്രങ്ങളുടെ പാതിയോളം പൊളളക്കടപ്പത്രങ്ങളായി. സൈപ്രസ് സര്‍ക്കാര്‍ ഇതിനകം തന്നെ പ്രതിസന്ധിയിലായിരുന്നു. ഗ്രീസിലേയ്ക്കുളള കയറ്റുമതിയിടിഞ്ഞു; ടൂറിസത്തില്‍ നിന്നുളള വരുമാനുവും കുറഞ്ഞു. ബാങ്കുകളെ സഹായക്കാന്‍ പറ്റാത്ത അവസ്ഥയിലൈയിരുന്നു സൈപ്രസ് സര്‍ക്കാര്‍. 2012 ജനുവരിയില്‍ റഷ്യയില്‍ നിന്ന് 250 കോടി യൂറോവായ്പ സംഘടിപ്പിച്ച് സൈപ്രസ് സര്‍ക്കാര്‍ പിടിച്ചു നിന്നു. പക്ഷേ, ഇത് സര്‍ക്കാരിന്റെ കമ്മി നികത്താനേ തികയുമായിരുന്നു. സൈപ്രസ് ബാങ്കുകള്‍ കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്കു വഴുതിവീണു.
ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡി 2012 മാര്‍ച്ചില്‍ സൈപ്രസിന്റെ ഗ്രേഡ് ഇടിച്ചു. ജൂണ്‍ മാസമായപ്പോഴേയ്ക്കും മറ്റു ക്രെഡിറ്റ് ഏജന്‍സികളും വായ്പ വാങ്ങാനുളള റേറ്റിംഗില്ലാത്ത രാജ്യമായി സൈപ്രസിനെ പ്രഖ്യാപിച്ചു. അതോടെ ഒരു വിദേശ വായ്പയും സൈപ്രസിന് ലഭിക്കാതെയായി. തങ്ങളുടെ രക്ഷാപാക്കേജിന് സഹായമര്‍ത്ഥിച്ച് സൈപ്രസ് യൂറോപ്യന്‍ കമ്മിഷനെ സമീപിച്ചു. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നെന്നും ഗ്രീക്കുകാരുടെ ബോണ്ടുകളുടെ മൂല്യം വെട്ടിക്കുറച്ചതുമൂലമാണ് സൈപ്രസ് ബാങ്കുകള്‍ കുഴപ്പത്തിലായിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് 1700 കോടി യൂറോബാങ്കുകളെ രക്ഷിക്കാനായി പ്രത്യേക പാക്കേജായി നല്‍കണമെന്നുളളതായിരുന്നു ഡിമാന്റ്.
ഇതൊന്നും ചെവിക്കൊളളാന്‍ യൂറോപ്യന്‍ യൂണിയന്റെ രാജ്യങ്ങള്‍ പ്രത്യേകിച്ച് ജര്‍മ്മനി തയ്യാറായില്ല. തങ്ങളാരും പറഞ്ഞിട്ടല്ലല്ലോ ഗ്രീക്ക് ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു അവരുടെ മറുവാദം. സൈപ്രസ് ബാങ്കുകളുടെ എടുത്തു ചാട്ടം പിഴച്ചു. അതിന്റെ ഭാരം താങ്ങാന്‍ തങ്ങളെക്കൊണ്ടാവില്ല. ജര്‍മ്മനിയുടെ വാശിയ്ക്കു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായി. ജര്‍മ്മനിയില്‍ പൊതുതിരഞ്ഞെടുപ്പാണ്. റഷ്യന്‍ കളളപ്പണക്കാരുടെ നിക്ഷേപം രക്ഷിക്കാന്‍ ജര്‍മ്മന്‍ നികുതിദായകരുടെ പണം ചെലവാക്കുന്നതെങ്ങനെ എന്ന ചോദ്യം ഒരു തിരഞ്ഞെടുപ്പു പ്രശ്‌നമായി ഉയര്‍ന്നു. അങ്ങനെ അടുത്ത ആറു മാസം അനന്തമായ ചര്‍ച്ചകളിലൂടെ കടന്നു പോയി. സൈപ്രസ് കൂടുതല്‍ കൂടുതല്‍ തകര്‍ച്ചയിലേയ്ക്കും നീങ്ങി.
അവസാനം 2013 മാര്‍ച്ച് ആയപ്പോഴേയ്ക്കും യൂറോപ്യന്‍ കമ്മിഷന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഐഎംഎഫ് എന്നീ ത്രിമൂര്‍ത്തികളൊരുമിച്ച് 1000 കോടി യൂറോ സൈപ്രസിനു വായ്പ നല്‍കാന്‍ സമ്മതിച്ചു. ബാക്കി പണം സൈപ്രസ് തന്നെ കണ്ടെത്തണം. ഇതിനായി നികുതികള്‍ ഉയര്‍ത്തണം, ചെലവുകള്‍ വെട്ടിക്കുറയ്ക്കണം. ഇതിനൊരു സമയബന്ധിത പരിപാടി തയ്യാറാക്കി. ഇതിനു പുറമെ അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ നികുതിനിര്‍ദ്ദേശം കൂടി രക്ഷാപാക്കേജിലുണ്ടായി. സൈപ്രസിലെ ബാങ്കുകളിലെ ഡെപ്പോസിറ്റുകളിന്മേല്‍ ഒരൊറ്റത്തവണ നികുതി. ഒരു ലക്ഷം യൂറോയെക്കാള്‍ വലിയ ഡെപ്പോസിറ്റുകള്‍ക്ക് 9.9 ശതമാനവും താഴ്ന്ന ഡെപ്പോസിറ്റുകള്‍ക്ക് 6.9 ശതമാനവും നികുതി നല്‍കണം. സൈപ്രസിലെ വന്‍കിട ഡെപ്പോസിറ്റുകള്‍ റഷ്യയില്‍ നിന്നുളളതാണ് എന്നു പറഞ്ഞുവല്ലോ. റഷ്യക്കാരും സൈപ്രസിലെ സാധാരണക്കാരുടെയും ചെലവില്‍ പ്രശ്‌നം പരിഹരിക്കാനായിരുന്നു പരിപാടി. റഷ്യക്കാര്‍ കുപിതരായി. അതിലേറെ പ്രതിഷേധം സൈപ്രസുകാരിലുമുണ്ടായി.
ബാങ്കുകളില്‍ നിന്നും ഡെപ്പോസിറ്റു പിന്‍വലിക്കാനായി ഇടപാടുകാര്‍ ഓടിക്കൂടി. ബാങ്കുകള്‍ അടച്ചിടേണ്ടി വന്നു. അപ്പോള്‍ ആള്‍ക്കൂട്ടം എടിഎം കൗണ്ടറുകള്‍ക്കു മുന്നിലായി. താമസം വിനാ അവയും കാലിയായി. പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുകൂട്ടപ്പെട്ടു.
ഡെപ്പോസിറ്റിന്മേലുളള ലെവി നികുതി നിര്‍ദ്ദേശമായതുകൊണ്ട് പാര്‍ലമെന്റു പാസാക്കേണ്ടിയിരുന്നു. സൈപ്രസ് പാര്‍ലമെന്റ് ഇതിനായി ചേര്‍ന്ന ദിവസം സൈപ്രസിലെ ജനങ്ങള്‍ മുഴുവന്‍ തലസ്ഥാനത്തേയ്ക്ക് ഒഴുകി. തങ്ങളുടെ സമ്പാദ്യം ബാങ്കുകള്‍ നടത്തിയ ചൂതാട്ടത്തിന് നഷ്ടപരിഹാരമായി പിടിച്ചെടുക്കാന്‍ പറ്റില്ല എന്നതായിരുന്നു മുദ്രാവാക്യം. ചെലവു ചുരുക്കല്‍ പരിപാടിയെയും അവര്‍ എതിര്‍ത്തു. വന്‍ ഭൂരിപക്ഷത്തോടെ പുതിയ നികുതി നിര്‍ദ്ദേശം തളളപ്പെട്ടു. മൂന്നു ദിവസത്തിനുളളില്‍ ഒരു ബദല്‍ പരിപാടി പാസാക്കിയില്ലെങ്കില്‍ എല്ലാ സഹായങ്ങളും നിര്‍ത്തി വെയ്ക്കുകയും സൈപ്രസിനെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ത്രിമൂര്‍ത്തികള്‍ പ്രഖ്യാപിച്ചു.
രാത്രിയും പകലും നടന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ പുതിയൊരു പാക്കേജുണ്ടാക്കി. ഈ ദിവസങ്ങളത്രയും ബാങ്കുകള്‍ അടഞ്ഞുതന്നെ കിടന്നു. ഏതാനും ബാങ്കുകള്‍ തകരാന്‍ അനുവദിക്കുക. ബാക്കിയുളളതു രക്ഷിക്കുക. സൈപ്രസിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ബാങ്കായ ലൈക്കി ഇങ്ങനെ അടച്ചുപൂട്ടാന്‍ വിധിക്കപ്പെട്ടു. ഒരു ലക്ഷം യൂറോയെക്കാള്‍ താഴെയുളള ഡെപ്പോസിറ്റുകളെല്ലാം ബാങ്ക് ഓഫ് സൈപ്രസിനു കൈമാറി. അതിനു താഴെയുളള തുക വരുന്ന ഡെപ്പോസിറ്റുകളുടെയെല്ലാം 60 ശതമാനം തുകയേ ഇങ്ങനെ കൈമാറൂ. അതുതന്നെ തല്‍ക്കാലത്തേയ്ക്ക് മരവിപ്പിച്ചിരിക്കും. നാല്‍പതു ശതമാനം തുകയ്ക്ക് ബാങ്ക് ഓഫ് സൈപ്രസിന്റെ ഷെയറുകളാകും നല്‍കുക. റഷ്യന്‍ കളളപ്പണക്കാരുടെ പണം മാത്രമേ മരവിപ്പിച്ചിട്ടുളളൂ എന്ന ന്യായം പറഞ്ഞ് ജനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കി. പുതിയ നികുതി നിര്‍ദ്ദേശമല്ലാത്തതുകൊണ്ട് ഈ നടപടിയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരവും വേണ്ടിയിരുന്നില്ല. 420 കോടി യൂറോ ഈയൊരു നടപടിയിലൂടെ സമാഹരിക്കാന്‍ പറ്റുമെന്നാണ് കണക്കുകൂട്ടുന്നത്. 1000 കോടി യൂറോ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും നല്‍കി. കര്‍ശനമായ സാമ്പത്തിക അച്ചടക്കവും പാക്കേജിന്റെ ഭാഗമാണ്. അങ്ങനെ സൈപ്രസിന് തല്‍ക്കാലം ശ്വാസം തിരിച്ചുകിട്ടിയിരിക്കുകയാണ്.
പക്ഷേ, പുതിയ പാക്കേജിനെതിരെ വ്യാപകമായ വിമര്‍ശനവുമുണ്ട്. ആദ്യമായാണ് സാമ്പത്തിക പുനസംഘടനയുടെ ഭാഗമായി ജനങ്ങളുടെ സമ്പാദ്യത്തിനു മേല്‍ കൈവെയ്ക്കുന്നത്. ഇത് ഒറ്റത്തവണ നടപടിയെന്നും സൈപ്രസിനു മാത്രമാണ് ബാധകമാക്കുന്നത് എന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ യൂറോപ്പിലെ ജനങ്ങള്‍ക്കുളള വിശ്വാസം ഇടിയാന്‍ ഇടയാക്കും. ബാങ്കുകളില്‍ ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെയവയ്ക്കു പ്രവര്‍ത്തിക്കാനാവില്ല. സൈപ്രസ് സര്‍ക്കാരിന് ഇക്കാര്യം വ്യക്തമായി അറിയാം. അതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളാണ് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളളത്. ഒരു ദിവസം 100 യൂറോയേക്കാള്‍ കൂടുതല്‍ ഒരാള്‍ക്കു പിന്‍വലിക്കാന്‍ പറ്റില്ല. ഇതിനെക്കാള്‍ കൂടുതല്‍ പണം കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തിലേ പിന്‍വലിക്കാനാവൂ. വിദേശമൂലധന ഇടപാടുകളെല്ലാം കര്‍ശനമായ നിയന്ത്രണത്തിലായി.
സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നത് സൈപ്രസിലെ മാന്ദ്യത്തെ രൂക്ഷമാക്കും. വിദേശ വിനിമയക്കുഴപ്പം മൂര്‍ച്ഛിച്ചതോടെ ടൂറിസ്റ്റുകളുടെ വരവേ പാടേ നിലച്ചിരിക്കുകയാണ്. 2013-14ല്‍ 5 ശതമാനം ദേശീയവരുമാനം കുറയും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാലിപ്പോള്‍ എക്കോണമിസ്റ്റു മാസിക പറയുന്നത് ദേശീയ വരുമാനം കണ്ട് ഇടിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ്. 11 ലക്ഷം പേരെ ഉളളൂവെങ്കിലും സൈപ്രസിലെ ജനങ്ങളുടെ ജീവിതനിലവാരത്തകര്‍ച്ച ഭീതിജനകമാണ്. വരുമാനവുമില്ല, ഉളള സമ്പാദ്യം ഉപയോഗിക്കാന്‍ അനുവാദവുമില്ല.
സൈപ്രസ് കഴിഞ്ഞാല്‍ അടുത്ത ഊഴം ആരുടേത് എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. സൈപ്രസ് പോലെ ഒരു ദ്വീപു രാജ്യമായ മാള്‍ട്ടാ സര്‍ക്കാര്‍ തങ്ങളുടെ നില വളരെ ഭദ്രമാണ് എന്നു പറഞ്ഞ് പരസ്യങ്ങള്‍ പോലും കൊടുത്തു തുടങ്ങി.
പോള്‍ ക്രൂഗ്മാന്‍ ഉന്നയിച്ചതാണ് അടിസ്ഥാന ചോദ്യം. ആഗോള സാമ്പത്തിക മാന്ദ്യത്തിനു തിരികൊളളുത്തിയത് അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനശക്തികളുടെ നിയന്ത്രണങ്ങളില്ലാത്ത പണമിടപാടുകളും ചൂതാട്ടവുമായിരുന്നു. സൈപ്രസ് ബാങ്കുകളും വലിയ തോതില്‍ ഗ്രീസിലെ റിയല്‍ എസ്റ്റേറ്റ് കുമിളയില്‍ മുതല്‍ മുടക്കിയിരുന്നു. തങ്ങളുടെ കൊച്ചു രാജ്യത്ത് ഫിനാന്‍സ് മൂലധനത്തിനു മേലുളള നിയന്ത്രണങ്ങളൊക്കെയില്ലാതാക്കി അവരെ ആകര്‍ഷിക്കാനാണ് സൈപ്രസ് ശ്രമിച്ചത്. സൈപ്രസും മൗറീഷ്യസും പോലെ ഒട്ടേറെ സര്‍വസ്വതന്ത്ര ധനകാര്യ കേന്ദ്രങ്ങള്‍ ഇന്ന് ലോകത്തുണ്ട്. 2008ന്റെ തകര്‍ച്ചയില്‍ നിന്ന് പാഠം പഠിക്കാന്‍ നിയോലിബറല്‍ സിദ്ധാന്തക്കാര്‍ തയ്യാറല്ല. വികസിത രാജ്യങ്ങളിലെ ബാങ്കുകളുടെ മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് തടസം നില്‍ക്കുകയാണ്. ഇതിനു പുറമെയാണ് ഫിനാന്‍സ് മൂലധനത്തിനും കളളപ്പണത്തിനും സര്‍വ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യാതിര്‍ത്തികള്‍ക്കു പുറത്തുളള ധനകാര്യ കേന്ദ്രങ്ങള്‍. ലോക രാജ്യങ്ങള്‍ തകരുമ്പോഴും ഇവ സുരക്ഷിതമാണെന്നായിരുന്നു ധാരണ. സൈപ്രസിന്റെ തകര്‍ച്ച ഈ ധാരണ തിരുത്തിയിരിക്കുന്നു.
(Y)
ReplyDelete