Saturday, May 25, 2013

കേരളമോഡല്‍ X ഗുജറാത്ത് മോഡല്‍


Published on  21 May 2013

തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ സര്‍ക്കാറിന്റെവക ആരോഗ്യ സെമിനാര്‍. കേരളത്തിലെ ആരോഗ്യമേഖലയുടെ പല ദൗര്‍ബല്യങ്ങളും സ്വാഭാവികമായും അവിടെ പരാമര്‍ശിക്കപ്പെട്ടു. കൂട്ടത്തിലൊരു പ്രസംഗകന്‍ എന്നെ നോക്കി ഒരു പ്രസ്താവന നടത്തി. ''ഇന്ന് ഇന്ത്യയില്‍ ഏറ്റവുംനല്ല ചികിത്സാസൗകര്യം ഗുജറാത്തിലെ ആസ്പത്രികളിലാണ്. നമുക്കും ഗുജറാത്തില്‍നിന്ന് പലതും പഠിക്കാനുണ്ട്.'' കേരളമോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള രാഷ്ട്രീയതാരതമ്യം സദസ്സ് നന്നായി ആസ്വദിച്ചു.

നരേന്ദ്രമോഡിയും ഗുജറാത്ത് മോഡലുമാണ് ഇപ്പോള്‍ ബി.ജെ.പി.യുടെ തുറുപ്പുചീട്ട്. ചിട്ടയും ആസൂത്രിതവുമായ മാധ്യമപ്രചാരണത്തിലൂടെ ഇതിനകം തന്റെ മോഡലിന് മോഡി ദേശീയ, അന്തര്‍ദേശീയ ചര്‍ച്ചകളില്‍ സ്ഥാനം നേടിക്കൊടുത്തുകഴിഞ്ഞു. സ്വന്തം മുഖം മിനുക്കാന്‍ അന്തര്‍ദേശീയ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയെ ആശ്രയിക്കുന്ന ഏക ഇന്ത്യന്‍ രാഷ്ട്രീയനേതാവും ഒരുപക്ഷേ, മോഡിയായിരിക്കും. ടൈം മാസികയുടെ 2012 മാര്‍ച്ച് ലക്കം മുഖചിത്രം നരേന്ദ്രമോഡിയായിരുന്നു. മോഡിയെന്നാല്‍ കച്ചവടം (മോഡി മീന്‍സ് ബിസിനസ്) എന്നായിരുന്നു അമേരിക്കക്കാരുടെ വിശേഷണം. ഗുജറാത്തില്‍നിന്ന് പഠിക്കാന്‍ ഇന്‍ഫോസിസ് നാരായണമൂര്‍ത്തിവക ഉപദേശം വന്നിട്ട് അധികനാളായിട്ടില്ല. മോഡിയുടെ മുഖദാവില്‍നിന്ന് പാഠങ്ങള്‍ നേരിട്ട് അഭ്യസിക്കാന്‍ കേരളത്തിലെ ഒരു മന്ത്രിതന്നെ ഗുജറാത്തിലേക്ക് പോയതും നാം കണ്ടു.

ഗുജറാത്തില്‍നിന്ന് പഠിക്കാന്‍ കേരളത്തെ ഉപദേശിക്കുന്നവര്‍ക്കുമുന്നില്‍ നമുക്ക് ഐക്യരാഷ്ട്രസഭയുടെ 2012-ലെ മാനവവിഭവ വികസന റിപ്പോര്‍ട്ട് തുറന്നിടാം. എന്നിട്ട് സവിനയം ചോദിക്കാം, ''എന്തൊക്കെയാണ് കൂട്ടരേ, നാം മോഡിയില്‍നിന്ന് പഠിക്കേണ്ടത്?''

ഈ റിപ്പോര്‍ട്ടുപ്രകാരം മാനവവിഭവ വികസന സൂചികയില്‍ കേരളം ഒന്നാമതും ഗുജറാത്ത് പതിനൊന്നാമതുമാണ്. 1999-2000-ല്‍ ഗുജറാത്തിന്റെ റാങ്ക് പത്തായിരുന്നു. 2007-'08-ലാണ് അത് പതിനൊന്നായത്.

ശിശുമരണ നിരക്കാണല്ലോ ആരോഗ്യത്തിന്റെ ഏറ്റവും നല്ല സൂചിക. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 12 പേരാണ് കേരളത്തില്‍ മരണപ്പെടുന്നത്. ഗുജറാത്തില്‍ ഇത് 48 ആണ്. കേരളത്തിന് ഒന്നും ഗുജറാത്തിന് 19-ഉം സ്ഥാനങ്ങള്‍. ജീവിതായുസ്സിന്റെ കാര്യത്തിലോ. അവിടെയും കേരളം ഒന്നാമത്. ഗുജറാത്ത് പതിനെട്ടാമതും. കേരളത്തില്‍ 75 ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ അത് വെറും 45 ശതമാനം.

സ്ത്രീകളോടുള്ള വിവേചനത്തിന്റെ ആഴം സ്ത്രീ-പുരുഷ അനുപാതത്തില്‍നിന്ന് അളന്നെടുക്കാം. ഗുജറാത്തില്‍ ആയിരം പുരുഷന്മാര്‍ക്ക് 918 സ്ത്രീകളേയുള്ളൂ. കേരളത്തില്‍ ഈ തോത് 1084 ആണ്. സ്ത്രീ- പുരുഷ അനുപാതത്തില്‍ ഗുജറാത്തിന് നാണക്കേടിന്റെ 21-ാം സ്ഥാനം. കേരളത്തില്‍ മാതൃമരണനിരക്ക് ആയിരത്തില്‍ 81 ആയിരിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 148 ആണ്. വിളര്‍ച്ചയുള്ള സ്ത്രീകളുടെ ശതമാനം കേരളത്തിന്റെ ഇരട്ടിയാണ് ഗുജറാത്തില്‍. കേരളത്തിന് രണ്ടാംസ്ഥാനമുള്ളപ്പോള്‍ ഗുജറാത്തിന്റേത് 16. സാക്ഷരതയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീ-പുരുഷ അന്തരം ഇല്ല. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തിന്റെ പിന്നില്‍ 75 ശതമാനം സാക്ഷരതയുമായാണ് ഗുജറാത്ത് നില്‍ക്കുന്നത്.

വരുമാനസൂചികയില്‍ പ്രതിശീര്‍ഷവരുമാനം മാത്രമല്ല, അതിലെ അസമത്വവും പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനമാണ്, ഗുജറാത്തിന്റേത് ഒമ്പതും. 2004-'05-ല്‍ കേരളത്തിലെ പ്രതിശീര്‍ഷ ഉപഭോഗം 1111 രൂപയാണ്. ഗുജറാത്തിലേത് 722-ഉം. ഉപഭോഗനിലവാരത്തില്‍ കേരളം മൂന്നും ഗുജറാത്ത് പതിമ്മൂന്നും സ്ഥാനങ്ങളിലാണ്. പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനമാണ് കേരളത്തിനുള്ളത്. ഗുജറാത്തിന്റെ സ്ഥാനം പതിമ്മൂന്നും. കേരളത്തില്‍ 4.3 ശതമാനം വീടുകളിലേ കക്കൂസുകളില്ലാതുള്ളൂ. ഗുജറാത്തില്‍ ഇത് 43 ശതമാനമാണ്. ശരാശരി ഭവനനിലവാരവും കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്.

ഇനി പറയൂ, കേരളമോ ഗുജറാത്തോ, ആരാണ് മെച്ചം? ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് കേരളത്തിലെ ജീവിതസാഹചര്യമാണ്. മെച്ചപ്പെട്ട കൂലി, പാര്‍ക്കാന്‍ സ്വന്തമായി വീട്, ആവശ്യത്തിന് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസുരക്ഷാ സംവിധാനങ്ങള്‍... ഇവയൊക്കെയാണ് കേരളത്തിന്റെ സമ്പത്ത്. ഇക്കാര്യങ്ങളിലൊന്നും കേരളവുമായി എന്തെങ്കിലും താരതമ്യം നടത്താവുന്ന അവസ്ഥയിലല്ല ഗുജറാത്ത്. ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാമ്പത്തികവളര്‍ച്ച ഉച്ചിയിലൊന്നുമെത്തേണ്ടതില്ല. ശരിയായ രാഷ്ട്രീയവും ഇച്ഛാശക്തിയും മതി.

സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്ത് ഇന്ന് ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്. കഴിഞ്ഞൊരു ദശകത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം കൂടിയിട്ടുമുണ്ട്. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് സാമ്പത്തിക മാനേജ്‌മെന്റ് സംബന്ധിച്ച ഗീര്‍വാണങ്ങള്‍. രണ്ടുകാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്: ഒന്ന്-ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം വര്‍ധിച്ചു. പത്തും പതിനൊന്നും പഞ്ചവത്സരപദ്ധതിക്കാലമെടുത്താല്‍ മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാണ, തമിഴ്‌നാട് എന്നിവരൊക്കെ എട്ടുശതമാനത്തിലേറെ സാമ്പത്തികവളര്‍ച്ച കൈവരിച്ച് ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. രണ്ട്-മോഡിയുടെ വരവിന് മുമ്പുതന്നെ സാമ്പത്തികവളര്‍ച്ചയില്‍ താരതമ്യേന മുന്നിട്ടുനിന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗുജറാത്ത്.

ഗുജറാത്തിന്റെ ഇന്നത്തെ വളര്‍ച്ച യഥാര്‍ഥത്തില്‍ മോഡിയുടെ മായാജാലമല്ല. മന്‍മോഹന്‍സിങ്ങിന്റെ ഉദാരീകരണം ഏറ്റവും ശക്തവും സമര്‍ഥവുമായി നടപ്പാക്കിയാണ് മോഡി ടൈംമാസികയുടെയടക്കം ചെല്ലപ്പിള്ളയായത്. മണ്ണും വെള്ളവും ആകാശവുമടക്കമുള്ള പൊതുസ്വത്ത് ചുളുവിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നവലിബറല്‍ നയം ഏറ്റവും ഭംഗിയായി നടപ്പാക്കുന്നത് മോഡിയാണ്. ആ നയത്തിന്റെ കൈയൊപ്പ് ഗൗതം അദാനിയെന്ന പുതുപുത്തന്‍ മുതലാളിയുടെ വിസ്മയവളര്‍ച്ചയില്‍ പതിഞ്ഞുകിടപ്പുണ്ട്.

ഒറ്റവര്‍ഷംകൊണ്ട് ഏറ്റവുമധികം സ്വത്ത് സ്വരുക്കൂട്ടിയ ഇന്ത്യന്‍ ശതകോടീശ്വരന്‍ എന്ന ബഹുമതി 2011-ല്‍ ലഭിച്ച ഗൗതം അദാനി നരേന്ദ്രമോഡിയുടെ ഉറ്റ സുഹൃത്താണ്. അദാനിയെപ്പോലുള്ളവരാണ് കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഗുജറാത്ത്‌മോഡലിന്റെ പരസ്യപ്രതീകം. എണ്‍പതുകളില്‍ ഒരു ഇടത്തരം വ്യാപാരി മാത്രമായിരുന്ന അദാനി, ഗുജറാത്തിന്റെ പൊതുസ്വത്ത് ഊറ്റിയാണ് സമ്പത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നത്. സര്‍ക്കാറില്‍നിന്ന് ചുളുവിലയ്ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണ് ഈ അദ്ഭുതവളര്‍ച്ചയുടെ ആണി. മുണ്ഡ്രയില്‍ അദാനിയുടെ സ്വകാര്യ തുറമുഖം വന്നതോടെ, നാമമാത്ര നഷ്ടപരിഹാരം നല്‍കി കുടിയിറക്കപ്പെട്ട കൃഷിക്കാരും മത്സ്യശോഷണത്തില്‍ ഉപജീവനം മുട്ടിയ മത്സ്യത്തൊഴിലാളികളും ഇന്നും സമരമുഖത്താണ്.

വളര്‍ച്ചയുടെ ഈ വഴി കേരളത്തിന് സ്വീകാര്യമല്ല. സംസ്ഥാനം രൂപവത്കൃതമാകുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നാക്കംനിന്ന സംസ്ഥാനമായിരുന്നു കേരളം. പ്രതിശീര്‍ഷ വരുമാനത്തില്‍ അന്ന് നമ്മുടെ സ്ഥാനം 14 ആയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെയോ മോഡിയുടെയോ വഴിയിലൂടെയല്ല, മേല്‍പറഞ്ഞ പട്ടികകളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറിയത്. താഴ്ന്ന സാമ്പത്തിക വളര്‍ച്ചയുടെ ഘട്ടത്തിലും ഉചിതമായ പുനര്‍വിതരണ നയങ്ങളിലൂടെയാണ് കേരളം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ചയില്ലെങ്കില്‍ ഈ ജീവിതനിലവാരം നിലനിര്‍ത്താനാവില്ലെന്നും അതുകൊണ്ട് കേരളത്തിന്റെ വികസനം വഴിമുട്ടുമെന്നും പ്രവചിച്ചവരേറെയുണ്ട്. സാമ്പത്തികവളര്‍ച്ചയും സാമ്പത്തികനീതിയും തമ്മിലുള്ള ഈ വിപരീതബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. എണ്‍പതുകളുടെ അവസാനം മുതല്‍ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതി മാറി. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ വളരുന്ന സംസ്ഥാനമായി നാം മാറി. ഇന്ന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ഗുജറാത്തിനെ അപേക്ഷിച്ച് ഏതാണ്ട് രണ്ടുശതമാനത്തോളംമാത്രം താഴ്ന്ന നിരക്കിലാണ്. പ്രതിശീര്‍ഷവരുമാന വളര്‍ച്ചയെടുത്താല്‍ ഗുജറാത്തിന്റെ തൊട്ടടുത്താണ് കേരളം.

ഗള്‍ഫ് പണവരുമാനമാണ് ഇതിന് പ്രധാനകാരണം എന്നത് ശരിതന്നെ. പക്ഷേ, ഗള്‍ഫ്പണം ആകാശത്തുനിന്ന് വീഴുന്ന മന്നയല്ല. കേരളത്തിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യവും ലഭ്യമായതുകൊണ്ടാണ് അവര്‍ക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദേശത്തെ തൊഴില്‍സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞത്. മാനവവിഭവ വികസനത്തിനും നാം നല്‍കിയ ഊന്നലിന്റെ ഫലമാണ് വിദേശത്തുനിന്നുള്ള വരുമാനവും ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയും.

കേരളം ഏറ്റവും മാതൃകാ സംസ്ഥാനമാണ് എന്നൊന്നുമല്ല വാദിക്കുന്നത്. തിരുത്താന്‍ സാംസ്‌കാരികവും സാമൂഹികവുമായ ഒട്ടേറെ അപചയങ്ങളുണ്ട്. സാമ്പത്തിക വീക്ഷണത്തില്‍ ഏറ്റവും പ്രധാന ദൗര്‍ബല്യം ഇന്നുള്ള സാമ്പത്തികക്കുതിപ്പിനെ കേരളത്തിലെ കൃഷിയും വ്യവസായ വളര്‍ച്ചയുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നില്ല എന്നതാണ്. വളര്‍ച്ച മുഴുവന്‍ സേവനത്തുറകളിലാണ്. ഈ ദൗര്‍ബല്യം തിരുത്തി കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കും.

സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടി നിക്ഷേപകരെ ഉത്തേജിപ്പിക്കുന്നതിന് എന്തുവിലയും അധികമാകില്ല എന്നതാണ് മോഡിയുടെ സിദ്ധാന്തം. ഭൂമിയും പൊതുസ്വത്തും കൈയടക്കി കോര്‍പ്പറേറ്റുകള്‍ നേടുന്ന സാമ്പത്തികക്കുതിപ്പില്‍ മേനിനടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം കേരളത്തിന് സ്വീകാര്യമല്ല. അല്ലെങ്കില്‍ത്തന്നെ നമ്മുടെ പാരിസ്ഥിതിക സന്തുലനാവസ്ഥ ഇപ്പോഴേ വിനാശത്തിന്റെ വക്കിലാണ്. അത് തകിടംമറിക്കുന്ന ഒരു വികസനനയത്തിനും പിന്നണിപാടാനാവില്ല. നിക്ഷേപകര്‍ക്ക് സുരക്ഷിത്വം ഉറപ്പിക്കാനെന്നപേരില്‍, അധ്വാനിക്കുന്നവരുടെ അവകാശങ്ങളും അടിയറ വെക്കാനാവില്ല. ഇതുരണ്ടും സമന്വയിക്കുന്ന വികസനപാതയിലൂടെ വേണം കേരളം മുന്നേറേണ്ടത്. അതുകൊണ്ട്, നരേന്ദ്രമോഡി പ്രചരിപ്പിക്കുന്ന പാഠപുസ്തകം തള്ളിക്കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
=====================================================================

  • ഗുജറാത്തെന്നു കേട്ടാല്‍ കയറെടുക്കുന്നവരോട്... 
    ഡോ. ടി എം തോമസ് ഐസക് (chintha Article)
  • കേരളമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം. എന്നാണല്ലോ കവിവാക്യം. എന്നാല്‍ ചില കേരളീയര്‍ക്ക് അന്തരംഗം അഭിമാനപൂരിതമാകണമെങ്കില്‍ ഗുജറാത്തെന്നു കേള്‍ക്കണം. ഗുജറാത്തിന്റെയും കേരളത്തിന്റെയും വികസന നേട്ടങ്ങളെ താരതമ്യപ്പെടുത്തി അടുത്ത കാലത്ത് മാതൃഭൂമി ദിനപത്രത്തില്‍ ഞാനൊരു ലേഖനമെഴുതി. ഏതാനും ദിവസം കൊണ്ട് ഓണ്‍ലൈന്‍ പതിപ്പില്‍ 140ഓളം പേരാണ് പ്രതികരിച്ചത്. മഹാഭൂരിപക്ഷവും ഗുജറാത്ത് പ്രേമികള്‍. കേരളത്തിന് എന്തെല്ലാം പോരായ്മകളുണ്ടോ, അവയെല്ലാം അവര്‍ എണ്ണിയെണ്ണി നിരത്തുകയാണ്. കേരള മാതൃക എന്നു പറഞ്ഞാല്‍ കേരളത്തിലുളളതെല്ലാം മാതൃകാപരമാണ് എന്നാണ് വാദം എന്ന മട്ടിലാണ് വിമര്‍ശനങ്ങള്‍.

    മാതൃകയെന്നത് സാമൂഹ്യശാസ്ത്രപരമായ പരികല്‍പ്പനയാണ്. സങ്കീര്‍ണമായ സാമൂഹ്യവ്യവസ്ഥയെ ലളിതവത്കരിച്ച് ഏറ്റവും സാരവത്തായ ഘടകങ്ങളെ മാത്രമെടുത്ത് വിശകലനം നടത്തുന്ന രീതിയാണത്. ഇതിനെയാണ് മോഡല്‍ അല്ലെങ്കില്‍ മാതൃക എന്നു പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ വികസന മാതൃകയില്‍ സാമ്പത്തികവളര്‍ച്ചയുടെ നീണ്ട കാലഘട്ടത്തിനുശേഷം അഭിവൃദ്ധിയുടെ ഉച്ചസ്ഥായിയിലെത്തിയ ശേഷമാണ്, അത് താഴേയ്ക്ക് സാമൂഹ്യക്ഷേമ നേട്ടങ്ങളായി കിനിഞ്ഞിറങ്ങിയത്. ആദ്യം സാമ്പത്തികവളര്‍ച്ച, സാമൂഹ്യക്ഷേമം പിന്നീട്. വ്യവസായ വിപ്ലവകാലത്തും അതിനു ശേഷവുമുള്ള ദീര്‍ഘനാള്‍ സാധാരണക്കാരുടെ ജീവിതനിലവാരത്തില്‍ ഗണ്യമായ യാതൊരു വര്‍ദ്ധനയും യൂറോപ്പിലുണ്ടായില്ല. രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് സാധാരണക്കാരുടെ ജീവിതനിലവാരം ശ്രദ്ധേയമായി ഉയരാന്‍ തുടങ്ങിയത്. ഇതില്‍നിന്ന് വ്യത്യസ്തമായ ഒരനുഭവമാണ് കേരളത്തിന്റെ വികസന മാതൃക. സാമ്പത്തികമായി പിന്നാക്കം നിന്ന കാലഘട്ടത്തില്‍പ്പോലും മറ്റ് അവികസിത പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ഇവിടെ കഴിഞ്ഞു. ഇതിനു കാരണം മാറിമാറി വന്ന ഭരണകൂടങ്ങള്‍ സ്വീകരിച്ച പുനര്‍വിതരണത്തിലൂന്നിയുളള നയങ്ങളാണ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യ സൗജന്യങ്ങള്‍ വിപുലീകരിച്ചു. ഭൂപരിഷ്കരണവും കൂട്ടായ വിലപേശലും നടപ്പായി. സാമൂഹ്യസുരക്ഷിതത്വ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇത്തരത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കിയത് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ അടക്കമുള്ള കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമ്മര്‍ദ്ദശക്തികളാണ്.

    സാമ്പത്തികവളര്‍ച്ചയോടൊപ്പം തന്നെ, അതായത് അതിന്റെ പ്രാരംഭഘട്ടം മുതല്‍തന്നെ സാമൂഹ്യക്ഷേമവും ഉറപ്പുനല്‍കുന്നു എന്നതാണ് കേരളവികസന മാതൃകയുടെ പ്രത്യേകത. സാമ്പത്തികവളര്‍ച്ചയും സാമൂഹ്യക്ഷേമവും മുരടിച്ചു നില്‍ക്കുന്ന ഒട്ടേറെ സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, യുപി, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിങ്ങനെ ഈ പട്ടിക നീളും. ഈ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗുജറാത്തുപോലുളള സംസ്ഥാനങ്ങള്‍ ദ്രുതഗതിയിലുളള സാമ്പത്തികവളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹ്യക്ഷേമനിലയെടുത്തു കഴിഞ്ഞാല്‍ ഇന്നും പണ്ടത്തെ സ്ഥിതിയില്‍ നിന്ന് താരതമ്യേന ഉയര്‍ച്ച ഉണ്ടായിട്ടില്ല. അതേസമയം സാമൂഹ്യക്ഷേമ നേട്ടത്തില്‍ മുന്നിട്ടുനിന്ന കേരളമാകട്ടെ, സമീപകാലത്ത് ദേശീയ ശരാശരിയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വളരുന്നുണ്ട് താനും. അതുകൊണ്ട് എന്റെ ലേഖനത്തില്‍ വാദിച്ചത്, ഗുജറാത്തിനെക്കാള്‍ മെച്ചപ്പെട്ട വികസന മാതൃക കേരളത്തിലേതാണെന്നാണ്. കേരളമാണ്, ഗുജറാത്തല്ല ഇന്ത്യയ്ക്കു മാര്‍ഗദര്‍ശകമാകേണ്ടത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തന്നെ മാതൃഭൂമിയില്‍ മറുപടിയുമെഴുതി. അദ്ദേഹം പറയുന്നു

    :കേരളത്തെയും ഗുജറാത്തിനെയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഗുജറാത്തില്‍ വികസനം നടക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാപകമായ ബൗദ്ധികവ്യായാമം നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികവളര്‍ച്ചയില്‍ ഗുജറാത്തും മാനവവികസന സൂചികയില്‍ (ഹ്യൂമന്‍ ഡെവലപ്പ്മെന്റ് ഇന്‍ഡക്സ്, എച്ച്.ഡി.ഐ.) കേരളവും ഒന്നാം സ്ഥാനത്തായതുകൊണ്ട് മാത്രമല്ല ഈ താരതമ്യം. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്ത് ബഹുദൂരം മുന്നിലാണെന്ന അപ്രിയസത്യം മോഡിവിരുദ്ധരിലുണ്ടാക്കിയ ധൈഷണികമായ അങ്കലാപ്പുകളുടെ ആകത്തുകയാണ് എച്ച്.ഡി.ഐ. അക്കങ്ങളെക്കൊണ്ടുള്ള പുതിയ കണ്‍കെട്ടു വിദ്യ. അതേ. കേവലം അക്കാദമിക് ചര്‍ച്ചയല്ല. പ്രശ്നം രാഷ്ട്രീയം തന്നെയാണ്. ഇന്ത്യ കണ്ടിട്ടുളള ഏറ്റവും നിഷ്ഠുരമായ സംസ്ഥാന സര്‍ക്കാരുകളിലൊന്നിനെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ കൊണ്ട് വെള്ളപൂശി ഇന്ത്യയ്ക്കാകെ മാതൃകയാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഞങ്ങളുടെ വിമര്‍ശനം രണ്ടാണ്. ഒന്ന്, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ കേരളമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. സാമ്പത്തികവളര്‍ച്ച മോഡിയുടെ ഇന്ദ്രജാലമൊന്നുമല്ല. രണ്ട്, ഗുജറാത്തിലെ ഈ സാമ്പത്തികവളര്‍ച്ചയുടെ നേട്ടം അവിടുത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസ - ആരോഗ്യ ജീവിതസാഹചര്യങ്ങള്‍ പണ്ടത്തെപ്പോലെ പിന്നാക്കമായി തുടരുന്നു. വി. മുരളീധരനും ഓണ്‍ലൈന്‍ അനുയായികളും മുന്നോട്ടു വെയ്ക്കുന്ന പ്രതിവാദങ്ങള്‍ പലതും പ്രാഥമികപരിശോധനയുടെ മുന്നില്‍പ്പോലും നിലനില്‍ക്കുന്നതല്ല. ഒന്ന്, മാനവ വികസന സൂചികയുടെ സാംഗത്യത്തെത്തന്നെ വി മുരളീധരന്‍ ഇങ്ങനെ ചോദ്യം ചെയ്യുന്നുണ്ട്.&ഹറൂൗീ;ഭൂപ്രകൃതി, പരിസ്ഥിതി, ജനസംഖ്യ എന്നീ നിര്‍ണായക ഘടകങ്ങളെ മാനവവികസന സൂചിക അവഗണിക്കുന്നുവെന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ അഭിപ്രായമുണ്ട്. ഏറെ പരിമിതികളുള്ള ഈ സൂചികയെ വികസനത്തിന്റെ മാനദണ്ഡമായി പരിഗണിക്കാനാവില്ലെന്ന് ഹെന്റിക് വോള്‍ഫിനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഹെന്റിക് വോള്‍ഫിന്റെ വിമര്‍ശനം ഭൂപ്രകൃതി, പരിസ്ഥിതി, ജനസംഖ്യ എന്നിവയെ പരിഗണിക്കുന്നില്ല എന്നുളളതല്ല. വ്യത്യസ്തരാജ്യങ്ങളെ താരതമ്യപ്പെടുത്തുന്നതിനുള്ള കണക്കുകളില്‍ ഒട്ടേറെ പിശകുകള്‍ ഉണ്ടെന്നും അതുകൊണ്ട് വിവിധ രാജ്യങ്ങളുടെ മാനവവികസന സൂചികകള്‍ താരതമ്യപ്പെടുത്താനാവില്ലെന്നുമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ താരതമ്യത്തിന് ഈ വിമര്‍ശനം സാധുവല്ല. കേരളത്തിന്റെ നേട്ടം ഭൂപ്രകൃതിയുടെയും പരിസ്ഥിതിയുടെയും ജനസംഖ്യയുടെയും ഫലമാണ് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദ്ദേശം ഏവര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. രണ്ട്, മാനവവികസന സൂചികയെക്കുറിച്ചുളള വിമര്‍ശനങ്ങളെല്ലാമുണ്ടെങ്കിലും വി. മുരളീധരന്റെ മുഖ്യവാദം കേരളത്തിന്റെയും ഗുജറാത്തിന്റെയും ഈ സൂചികകളെ താരതമ്യപ്പെടുത്തിക്കൊണ്ടു തന്നെയാണ്. പക്ഷേ, ഈ കണക്ക് എവിടെനിന്ന് കിട്ടി എന്നു വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഏജന്‍സികളാണ് ഔദ്യോഗികമായി മാനവവികസന സൂചികക്ക് ഇന്ത്യയില്‍ രൂപം നല്‍കുന്നത്. ഒന്ന്, ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഡിപി എന്ന സംഘടന. രണ്ട്, ഇന്ത്യയിലെ പ്ലാനിംഗ് കമ്മിഷന്‍. രണ്ടുപേരും ഇതുവരെ ഇറക്കിയിട്ടുളള ഒരു കണക്കുമായും ഒരു സാമ്യവും വി. മുരളീധരന്‍ ഹാജരാക്കുന്ന കണക്കിനില്ല.

    2001ലെയും 2010-11ലെയും കേരളത്തിന്റെയും ഗുജറാത്തിന്റെയും മാനവവികസന സൂചികകളെ താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹമെത്തിച്ചേരുന്ന നിഗമനം ഇതാണ്: കലാപങ്ങളെയും പ്രകൃതിദുരന്തങ്ങളെയും നേരിട്ടുകൊണ്ട് മോഡിഭരണകാലത്ത് ഗുജറാത്ത് മാനവവികസന സൂചികയില്‍ 7.3 ശതമാനം വളര്‍ച്ചനേടിയപ്പോള്‍ ഇതേ കാലയളവില്‍ കേരളം രണ്ടുശതമാനം പിറകോട്ടുപോയതായി കാണാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ നമുക്കായെങ്കിലും സൂചിക താഴേക്കുപോയി. ഗുജറാത്തിന്റെ സ്ഥാനം പിറകോട്ടുപോയെങ്കിലും സൂചിക ഉയരുകയാണ് ചെയ്തത്. 2010-11ലെ കണക്ക് എവിടുന്ന് കിട്ടിയതാണെന്ന് എത്ര പരതിയിട്ടും മനസ്സിലാകുന്നില്ല. യുഎന്‍ഡിപിയുടെ അവസാനത്തെ റിപ്പോര്‍ട്ട് 2011ലേതാണ്. ഈ റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന അവസാനത്തെ കണക്കുകള്‍ 2007-08 വര്‍ഷത്തെയാണ്. പ്ലാനിംഗ് കമ്മിഷനും 2007-08ലെ കണക്കുകളാണ് ഉദ്ധരിക്കാറ്. അവ പരിശോധിക്കുമ്പോള്‍ മുരളീധരന്‍ എത്തിച്ചേരുന്നതില്‍നിന്ന് കടകവിരുദ്ധമായ നിഗമനങ്ങളിലാണ് നാം എത്തിച്ചേരുന്നത്. 1999-2000നും 2007-08നും ഇടയ്ക്ക് കേരളത്തിന്റെ സൂചിക 0.68ല്‍ നിന്ന് 0.79 ആയി ഉയര്‍ന്നു. അതായത്, 16 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ പൊതു മാനവവികസന സൂചിക ഇതേ കാലയളവില്‍ 0.39ല്‍ നിന്ന് 0.47 ആയി ഉയര്‍ന്നു. അതായത്, 20 ശതമാനം ഉയര്‍ന്നു. എന്നാല്‍ ഗുജറാത്തിന്റെ സൂചികയോ? 0.47ല്‍ നിന്ന് 0.53 ആയിട്ടേ ഉയര്‍ന്നിട്ടുളളൂ. അതായത് കേവലം 13 ശതമാനം വളര്‍ച്ച. ദേശീയ ശരാശരിയുടെ ഏതാണ്ട് പകുതി മാത്രം. മോഡിയുടെ ഭരണത്തിന്റെയൊരു കേമത്തമേ. (ഈ കണക്കുകളെല്ലാം യുഎന്‍ഡിപിയുടെ ഇന്ത്യാ ഹ്യൂമന്‍ ഡെവലപ്പ്മെന്റ് റിപ്പോര്‍ട്ട് 2011ന്റെ പേജ് 24ലെ പട്ടിക 2.4ല്‍ നിന്ന് എടുത്തിട്ടുളളതാണ്). മൂന്ന്, മറ്റൊരു വാദം കേരളം പണ്ടേ സാമൂഹ്യക്ഷേമ സൂചികയില്‍ വളരെ ഉയര്‍ന്ന ദേശമായിരുന്നു എന്നാണ്. ഈ നേട്ടത്തില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഊറ്റം കൊളളാനൊന്നുമില്ല. വി. മുരളീധരന്‍ എഴുതുന്നു: വിശാലമായ അര്‍ഥത്തില്‍ മാനവവികസന സൂചികയില്‍ ദശകങ്ങളായി നാം നിലനിര്‍ത്തിയ ഒന്നാംസ്ഥാനത്തി ല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ പിറന്ന ആദിശങ്കരന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ മുതല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനുവരെ പങ്കുണ്ട്. ഇല്ലെന്ന് ആരു വാദിച്ചു?

    ശ്രീശങ്കരന്റെ കാലം മുതല്‍ ഇതായിരുന്നുവോ സ്ഥിതിയെന്നുളളതില്‍ തര്‍ക്കമുണ്ട്. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, ചാവറ കുര്യാക്കോസ്, ഏലിയാസച്ചന്‍ തുടങ്ങിയ നവോത്ഥാന നായകരുടെ കാലം മുതലാണ് കേരളം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മുന്നിടാന്‍ തുടങ്ങിയത് എന്നതില്‍ സംശയമില്ല. മിഷണറിമാര്‍ക്കും പങ്കുണ്ട്. കേരളത്തിലെ സാമൂഹ്യപ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് തിരുവിതാംകൂറില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ സാമൂഹ്യനയം രാജഭരണകൂടങ്ങള്‍ സ്വീകരിച്ചത് എന്ന് ഡോ. മൈക്കിള്‍ തരകന്‍ വളരെ വിശദമായി തെളിയിച്ചതാണ്. എന്നാല്‍ കേരളത്തിലെ സാമൂഹ്യക്ഷേമ നിലയില്‍ കുതിച്ചുചാട്ടമുണ്ടായത് സ്വാതന്ത്ര്യാനന്തര കാലത്താണ്. അതിലെ മുഖ്യപങ്ക് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ഭൂപരിഷ്കരണത്തിനും കൂട്ടായ വിലപേശലിനുമാണ്.

    1951ല്‍ കേരളത്തിന്റെ പല സാമൂഹ്യക്ഷേമ സൂചികകളും ദേശീയ ശരാശരിയുടേതില്‍ നിന്ന് വളരെയൊന്നും വിഭിന്നമായിരുന്നില്ല. ഇന്ത്യയിലെ ശിശുമരണ നിരക്ക് 140 ആയിരുന്നു. കേരളത്തിന്റേത് അതിനേക്കാള്‍ താഴ്ന്നതായിരുന്നെങ്കിലും 120 ഉണ്ടായിരുന്നു എന്നോര്‍ക്കുക. 1921-30 അടിസ്ഥാനമാക്കിയുളള ജീവിതായുസ്സ് കേരളത്തില്‍ പുരുഷന്മാര്‍ക്ക് 30ഉം സ്ത്രീകള്‍ക്ക് 33ഉം ആയിരുന്നു. ഇന്ത്യ മൊത്തത്തിലെടുത്താല്‍ പുരുഷന്മാരുടേത് 27ഉം സ്ത്രീകളുടേത് 26ഉം ആയിരുന്നു. സ്വാതന്ത്ര്യപൂര്‍വ സാമൂഹ്യപ്രസ്ഥാനത്തിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകാണാന്‍ പാടില്ലെങ്കിലും അതു പറഞ്ഞ് സ്വാതന്ത്ര്യാനന്തരമുണ്ടായ കുതിപ്പ് മറച്ചുവെയ്ക്കാന്‍ ശ്രമിക്കേണ്ട. അതുപോലെ തന്നെ തിരു-കൊച്ചി പ്രദേശങ്ങളോടൊപ്പം സാമൂഹ്യവികസന സൂചികയില്‍ മലബാര്‍ എത്തിച്ചേര്‍ന്നത് സ്വാതന്ത്ര്യാനന്തരകാലത്താണ്.

    അകലം ഏറ്റവും കുറഞ്ഞത് 1971നു ശേഷമാണ്. ദളിതരുടെ കാര്യത്തിലും ഇത് സാധുവാണ്. നാല്, ഗള്‍ഫ് പണമാണ് കേരളത്തിന്റെ അഭിവൃദ്ധിയ്ക്കു കാരണം. ഗള്‍ഫ് പണത്തിന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ സുപ്രധാന പങ്കുണ്ട്. പക്ഷേ, ഗള്‍ഫിലേയ്ക്ക് കുടിയേറാന്‍ കഴിഞ്ഞത് എന്തുകൊണ്ട്? ഇത് യാദൃച്ഛിക സംഭവമല്ല. കേരളത്തിലെ മാനവവിഭവ ശേഷി വളരെ ഉയര്‍ന്നതുകൊണ്ടാണ് ഗള്‍ഫിലും പാശ്ചാത്യരാജ്യങ്ങളിലുമെല്ലാം തൊഴില്‍നേടാന്‍ നമുക്ക് കഴിഞ്ഞത്. ഗുജറാത്തും വിദേശ വരുമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല എന്നോര്‍ക്കണം. ഗള്‍ഫ് പണത്തിന്റെ വരവിനു ശേഷമാണ് സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നത് എന്നതു ശരി തന്നെ. പക്ഷേ, സാമൂഹ്യക്ഷേമ സൂചികയുടെ പുരോഗതി അതിനു മുമ്പുതന്നെ കൈവരിച്ച നേട്ടമാണ്.

    അഞ്ച്, കഴിഞ്ഞൊരു ദശകത്തില്‍ ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടിയിട്ടുണ്ട്. ഇതുയര്‍ത്തിപ്പിടിച്ചാണ് സാമ്പത്തിക മാനേജ്മെന്റ് സംബന്ധിച്ച ഗീര്‍വാണങ്ങള്‍. മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ഒന്ന്, മോഡിയുടെ വരവിനു മുമ്പു തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ താരതമ്യേന മുന്നിട്ടു നിന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗുജറാത്ത്. രണ്ട്, ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചു. പത്തും പതിനൊന്നും പഞ്ചവത്സരപദ്ധതി കാലമെടുത്താല്‍, മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാന, തമിഴ്നാട് എന്നിവയൊക്കെ എട്ടു ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച കൈവരിച്ച് ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. മൂന്ന്, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗതയും വര്‍ദ്ധിച്ചുവരികയാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളം ഗുജറാത്തിനൊപ്പമെത്തും എന്നാണ് എന്റെ വിലയിരുത്തല്‍. അങ്ങനെയൊരു കേരളത്തെ മുരളീധരന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അത്തരമൊരു കേരളമാണോ മോഡിയുടെ ഗുജറാത്താണോ അഭികാമ്യം?

1 comment:

  1. മോടി മീന്‍സ്‌ ബിസിനസ്‌ എന്നാല്‍ മോടി = ബിസിനസ്‌ എന്നല്ല. മോടി തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് എന്ന് പറയാം. അതൊരു ഭാഷാ ശൈലി ആണ്.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...