Monday, April 6, 2020

കൊറോണക്കാലത്ത്‌ കിഫ്‌ബി താങ്ങാവും...... Read more at: https://www.mathrubhumi.com/features/business/how-kiifb-can-help-kerala-to-overcome-corona-s-impact-1.4608713

ധനവിചാരം - മാതൃഭൂമി - മാർച്ച് 12, 2020

കൊറോണ ഉയർത്തുന്ന സാമ്പത്തിക ഉലച്ചിലിന്റെ പാശ്ചാത്തലത്തിൽ കേരളം തനതായ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. അതാണ് കിഫ്ബിയുടെ  ആഭിമുഖ്യത്തിലുള്ള  സമാനതകളില്ലാത്ത  പശ്ചാത്തലനിക്ഷേപപദ്ധതി.  ഇത് ഈ മാന്ദ്യകാലത്ത് നമ്മുടെ സമ്പദ്ഘടനയ്ക്ക് സുപ്രധാന താങ്ങായിരിക്കും
 

 അമേരിക്ക തുമ്മിയാൽ ലോകത്തിന്‌ പനിക്കും എന്നൊരു ചൊല്ലുണ്ട്. ഇപ്പോൾ ചൈന തുമ്മിയാലും ലോകത്തിന്‌ പനിക്കും എന്നായിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആഗോളവരുമാനത്തിന്റെ നാലുശതമാനത്തിൽത്താഴെയായിരുന്നു ചൈനയുടെ വിഹിതം. ഇപ്പോഴത് 19 ശതമാനമായി ഉയർന്നിട്ടുണ്ട്. രണ്ടക്കത്തിലുള്ള പ്രതിവർഷവളർച്ചയാണ് ചൈനയെ ഇവിടെ എത്തിച്ചത്. എന്നാൽ, കോവിഡ്-19 മഹാമാരിയോടെ ചൈനയുടെ കുതിപ്പ് കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിലയിലേക്ക്‌ ഇടിയാൻ പോവുകയാണ്. 2020-ന്റെ അവസാനപാദത്തിൽ ഉത്‌പാദനം കേവലമായി കുറഞ്ഞാലും അദ്‌ഭുതപ്പെടേണ്ട. 

ആഗോളവത്‌കരണം പുതിയ പകർച്ചവ്യാധികളെ ആഗോളമാരികളാക്കുന്നു. 1981 ജൂണിൽ എയ്‌ഡ്‌സിന്റെ ആദ്യറിപ്പോർട്ടുകൾ വന്നെങ്കിലും വൈറസിനെ കണ്ടെത്താൻ രണ്ടുവർഷമെടുത്തു. ആഫ്രിക്കയിൽനിന്ന് ആഗോളമായി എയ്ഡ്‌സ് പടർന്നു. പക്ഷേ, ഇന്നത്തേതുപോലൊരു ആഗോള സാമ്പത്തികത്തകർച്ചയുണ്ടായില്ല. അങ്ങനെയെങ്കിൽ വൈദ്യശാസ്ത്രരംഗത്ത് വലിയ പുരോഗതികൈവരിച്ചിട്ടും ഇന്ന് കൊറോണ വൈറസ് എന്തുകൊണ്ട് ആഗോള സാമ്പത്തിക പരിഭ്രാന്തി സൃഷ്ടിക്കുന്നു? 

രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും ലക്ഷണങ്ങൾ കാണിക്കുന്നവരെയും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുംവരെ ക്വാറ​െ​െന്റൻ നിരീക്ഷണത്തിലാക്കുക, ആൾക്കൂട്ടങ്ങൾ, സഞ്ചാരങ്ങൾ, ഹസ്തദാനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, കൈ ഇടയ്ക്കിടെ ശുദ്ധീകരിക്കുക, അതുചെയ്യാതെ കണ്ണ്, മൂക്ക്, ചെവി, വായ എന്നിവയെ സ്പർശിക്കാതിരിക്കുക ഇതൊക്കെയാണ് ലോകാരോഗ്യ സംഘടനയടക്കമുള്ളവർ പറയുന്നത്. കേരളം ഇക്കാര്യത്തിൽ കർശനമായ നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.  

ഇത്തരത്തിൽ സാമൂഹിക അകലം പാലിക്കുന്നതുപോലും സാമ്പത്തികപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഗതാഗതം, വിനോദം, ടൂറിസം മേഖലകൾക്ക് വലിയ തിരിച്ചടിവരും. കച്ചവടം കുറയും. പക്ഷേ, ഈ നഷ്ടം സഹിക്കാൻ തയ്യാറായില്ലെങ്കിൽ നൽകേണ്ടിവരുന്ന വില വലുതാണ്.
  
കൊറോണ മഹാമാരിയാകുമ്പോൾ 

തുടക്കത്തിൽ രോഗത്തെക്കുറിച്ച്‌ വേണ്ടത്ര അറിവില്ലായ്മമൂലം ചൈനയിൽ ഇത് മഹാമാരിയായി. എല്ലാം പൂട്ടി. ഹ്യൂബൈ പ്രവിശ്യ തടങ്കലിലായി. മറ്റുപ്രദേശങ്ങളിലും ഫാക്ടറികൾ അടച്ചു. ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാനപഠനത്തിന്റെ ഭാഗമായി ബഹിരാകാശ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഓരോ രാജ്യത്തിന്റെയും മുകളിലുള്ള അന്തരീക്ഷ മലിനീകരണം, ഹരിത വാതകങ്ങളുടെ സാന്നിധ്യം എന്നിവ അളക്കാറുണ്ട്. ചൈനയിലെ ഇവയുടെ തോത് ഫെബ്രുവരിയിൽ നാടകീയമായി കുറഞ്ഞെന്ന് അവർ ചൂണ്ടിക്കാണിച്ചു. ഇതുപോലെ യൂറോപ്പിലെ ഏറ്റവും വികസിതപ്രദേശങ്ങളിലൊന്നായ മിലാൻ ഇന്ന് ഫാക്ടറികളും ഓഫീസുകളും കടകളുമെല്ലാം അടച്ച് ശ്മശാനമൂകതയിലാണ്. കോവിഡ്-19 മഹാമാരിയാകുന്നതോടെ അനിവാര്യമായി സംഭവിക്കാൻ പോകുന്ന പതനമാണിത്.  

 പതനം ഒഴിവാക്കാൻ 

മേൽപ്പറഞ്ഞ അടച്ചുപൂട്ടൽ സാമ്പത്തികോത്‌പാദനത്തെ തകർത്തെന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങനെ തകർന്നത് എയ്ഡ്‌സിന്റെ കാലത്തെന്നപോലെ ആഫ്രിക്കൻ സമ്പദ്ഘടനകളായിരുന്നില്ല. മറിച്ച്, 21-ാം നൂറ്റാണ്ടിന്റെ ആഗോള ഫാക്ടറിയായി അറിയപ്പെടുന്ന ചൈനയിലാണ്. പല രാജ്യങ്ങളുടെയും ഫാക്ടറികൾക്ക് ആവശ്യമായ ഇന്റർമീഡിയറ്റ് ഉത്‌പന്നങ്ങൾ അവിടെയാണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, ഓസ്‌ട്രേലിയയിലെ വിവിധ ഖനിജങ്ങൾ സംസ്കരിക്കുന്നത് ചൈനയിലാണ്. ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്, കാർ ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിനാവശ്യമായ ഘടകപദാർഥങ്ങളും വരുന്നത് അവിടെനിന്നുതന്നെ. ആഗോള സപ്ലൈ ചെയിൻ ഹബ്ബാണ് ചൈന. ചൈനയിലെ ഉത്‌പാദനം നിലച്ചത് ആഗോള ഉത്‌പാദനത്തെ പ്രതികൂലമായി ബാധിച്ചു. 

ചൈനയുമായി ഏറ്റവും ഉദ്ഗ്രഥിക്കപ്പെട്ട ജപ്പാൻ, കൊറിയ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലും മേഖലകളിലുമാണ് ഏറ്റവും വലിയ തിരിച്ചടി. കമ്പോളസമ്പദ്ഘടനയിൽ ഇടവിട്ട് സാമ്പത്തിക തകർച്ചകൾ അനിവാര്യമാണ്. ഉത്‌പാദനം വളരുന്ന മുറയ്ക്ക് കമ്പോളം വികസിക്കില്ല. പ്രത്യേകിച്ച് ഉപഭോക്താക്കളുടെ വാങ്ങൽ കഴിവ്. മാർക്സ് മുതൽ കെയിൻസ് വരെയുള്ളവർക്ക് യോജിപ്പുള്ള കാര്യമാണിത്. നിക്ഷേപകമ്പോളവും ഉത്‌പാദനവർധനയ്ക്കനുസരിച്ച് വളരണമെന്നില്ല.  സാമ്പത്തിക വളർച്ചയുടെ ആക്കം കൂടുംതോറും സാമഗ്രികളുടെ വില, കൂലി, പലിശ തുടങ്ങിയവ ഉയരും. ഇത് നിക്ഷേപകരിൽ ഭാവിലാഭത്തെക്കുറിച്ച് ആശങ്കയുണ്ടാക്കും. അവർ നിക്ഷേപം നടത്താൻ മടിക്കും.

അങ്ങനെ കൈയിൽ പണമില്ലാത്തതുകൊണ്ട് സാധാരണക്കാർ സാധനങ്ങൾ വാങ്ങില്ല. കൈയിൽ പണമുണ്ടെങ്കിലും നിക്ഷേപകർ വാങ്ങാൻ മടിക്കും.   മേൽപ്പറഞ്ഞ പ്രവണതകൾ അനിവാര്യമാക്കുന്ന പതനം ഒഴിവാക്കാൻ പല നടപടിയും സ്വീകരിക്കാം. ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ഉദാരമായ വായ്പലഭ്യമാക്കലാണ് മുഖ്യമായ മാർഗം. വായ്പയുടെ കടൽപ്പാലത്തിന് ദൈർഘ്യമേറുംതോറും അപകടത്തിന്റെ സാധ്യത കൂടിക്കൊണ്ടിരിക്കും. അസാധാരണ തിരിച്ചടിയുണ്ടായാൽ കടത്തിന്റെ പാലം പൊളിയും. സമ്പദ്ഘടന താഴേക്ക്‌ ഉരുണ്ടുതുടങ്ങും. വീട്ടുവായ്പകമ്പോളത്തിന്റെ തകർച്ചയും പ്രമുഖ ബാങ്കുകളുടെ പൂട്ടലുമാണ് 2008-ൽ ആഗോളമാന്ദ്യത്തിന്‌ വഴിയൊരുക്കിയത്.

കരകയറ്റത്തിന് 34 വർഷമെടുത്തു. കഴിഞ്ഞ ഒരു വർഷമായി അടുത്ത തകർച്ചയെക്കുറിച്ചുള്ള ചർച്ചകളാണ്. ഇക്കണോമിസ്റ്റ് മാസിക പലവട്ടം ഇതുസംബന്ധിച്ച് ലേഖനങ്ങളും എഴുതി. കഴിഞ്ഞ സാമ്പത്തികത്തകർച്ചയുടെ നിമിത്തം ലെഹ്‌മാൻ ബാങ്ക് പൊളിഞ്ഞതായിരുന്നെങ്കിൽ കൊറോണ വൈറസാകുമോ 2020-ലെ ലോകസാമ്പത്തികത്തകർച്ചയുടെ നിമിത്തം?   ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾപ്രകാരം ആഗോള ഉത്‌പാദനം 2019-ൽ 2.9 ശതമാനമായിരുന്നത് 2.4 ശതമാനമായി താഴും. ഈ റിപ്പോർട്ടിൽ പറയുന്നത് കോവിഡ്-19 മഹാമാരിയായിത്തീർന്നാൽ (Pandemic) ആഗോളവളർച്ച 1.9 ശതമാനമായി താഴുമെന്നാണ്. ലോകാരോഗ്യസംഘടന കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗോള ഉത്‌പാദനവളർച്ച 2.5 ശതമാനത്തിൽ താഴെയാകുന്ന അവസ്ഥയെയാണ് ഐ.എം.എഫ്. ആഗോളമാന്ദ്യമായി പ്രഖ്യാപിക്കുന്നത്. ലോകം മറ്റൊരു മാന്ദ്യത്തിന്റെ പടിവാതിൽക്കലാണ്.

കൊച്ചുകേരളം ചെയ്യേണ്ടത്‌ 
എന്താണ് നമ്മുടെ കൊച്ചുകേരളം ചെയ്യേണ്ടത്? കേരളത്തിൽ നാം കൊറോണ വൈറസിനെ പിടിച്ചുകെട്ടിയിടാൻ ശ്രമിക്കുന്നു. ചൈനയിൽനിന്നുവന്നവരെ ഫലപ്രദമായി ക്വാറ​െന്റെൻ ചെയ്തു. രോഗബാധിതരായ രണ്ടുപേരെ സുഖപ്പെടുത്തി. പകർച്ച തടഞ്ഞു. ലോകപ്രശംസ പിടിച്ചുപറ്റിയ ഒരു പ്രകടനമാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ നടത്തിയത്. നമുക്കിതെങ്ങനെ കഴിഞ്ഞു, കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രത്യേകതകൾ എന്ത് തുടങ്ങിയവ പല ആഗോളവിദഗ്ധരും പരാമർശിച്ചുകണ്ടു. 

ഒരു ഭാഗ്യപരീക്ഷണത്തിനും നാം തയ്യാറല്ല എന്നതിന്റെ പ്രഖ്യാപനമായിരുന്നു മുഖ്യമന്ത്രി നൽകിയ ജാഗ്രതാ നിർദേശങ്ങൾ.  ഇറ്റലിയിലെ അനുഭവമെന്താണ്? ഫെബ്രുവരി 21-നാണ് ആദ്യകേസ് കണ്ടത്. മാർച്ച് നാലിന് 587-ൽ തുടങ്ങി മാർച്ച് 11 ആയപ്പോഴേക്കും 2313-ൽ എത്തി. മൊത്തം 12,460, മരണം 827. ഇതുപോലെ ഓരോ രാജ്യത്തെയും കണക്കുകൾ കാണിക്കുന്നത് തുടക്കത്തിൽ വേണ്ടത്ര ജാഗ്രതയെടുത്തില്ലെങ്കിൽ ഈ പകർച്ചവ്യാധി ശരവേഗത്തിൽ പടരും. അങ്ങനെയൊന്ന് സംഭവിച്ചാൽ സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തികത്തകർച്ച ഊഹാതീതമായിരിക്കും. 

കിഫ്‌ബി താങ്ങാവും 

നമുക്ക് ആത്മവിശ്വാസം നൽകേണ്ടുന്ന അനുഭവങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനം ചൈനയിൽ പകർച്ചവ്യാധി കൈവിട്ടുപോയിട്ടും കർശനനടപടികളിലൂടെ അവർ പിടിച്ചുകെട്ടിയിരിക്കുന്നു എന്നതാണ്. മൊത്തം രോഗികളുടെയും പുതിയ രോഗികളുടെയും എണ്ണം ഗണ്യമായി കുറയുന്നതിന്റെ കണക്കുകൾ  റിപ്പോർട്ടുചെയ്തുതുടങ്ങി. എന്നാലും പകർച്ചവ്യാധികളുടെ കെടുതികളിൽനിന്നുള്ള മോചനത്തിന് ഇനിയും മാസങ്ങൾ വേണ്ടിവരും. 

ചൈനയിലെന്നപോലെ വളരെ ശക്തമായൊരു പൊതുജനാരോഗ്യ സംവിധാനം കേരളത്തിലുമുണ്ട്. ആർദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമികാരോഗ്യ ആശുപത്രികളിലും  ഉയർന്നതലങ്ങളിലും സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. നിപയെ നിയന്ത്രിച്ചതിന്റെ അനുഭവം ആരോഗ്യവകുപ്പിനുണ്ട്. നിരുത്തരവാദപരമായി പെരുമാറുന്ന ചിലരുണ്ടെങ്കിലും കേരളീയരുടെ ആരോഗ്യബോധം താരതമ്യേന ഉയർന്നതാണ്. രോഗപ്രതിരോധത്തിനുവേണ്ടിയുള്ള  കൂട്ടായ്മ നാട്ടിലുണ്ടാവണം.

ഇതൊക്കെ ചെയ്യുമ്പോഴും സാമ്പത്തിക തളർച്ച നമ്മളെയും ഗ്രസിച്ചുകൊണ്ടിരിക്കയാണ്. കച്ചവടവും ഭൂമിവിനിമയവും ടൂറിസം, കെട്ടിടനിർമാണം തുടങ്ങിയ മേഖലകളും ദുർബലമായതിന്റെ തെളിവാണ് നികുതിവരുമാനത്തിലുള്ള ഇടിവ്. ഗൾഫിലെ അനിശ്ചിതത്വവും നമ്മെ അലട്ടുന്നുണ്ട്. എന്തുചെയ്യാം, കേന്ദ്രസർക്കാർ ഇപ്പോഴും ഉറക്കമുണർന്നിട്ടില്ല. രാജ്യം വലിയൊരു പ്രതിസന്ധിയുടെ പടിവാതിൽക്കലാണെന്ന ചിന്ത അവർക്കില്ല. ഇവിടെയും കേരളം തനതായ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. അതാണ് കിഫ്ബിയുടെ ആഭിമുഖ്യത്തിലുള്ള സമാനതകളില്ലാത്ത പശ്ചാത്തലനിക്ഷേപപദ്ധതി. ഇത് ഈ മാന്ദ്യകാലത്ത് നമ്മുടെ സമ്പദ്ഘടനയ്ക്ക് സുപ്രധാന താങ്ങായിരിക്കും.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...