പുതുക്കിയ
ബജറ്റ് അവതരിപ്പിക്കാതെ ചിദംബരത്തിന്‍റെ പഴയ ബജറ്റു തന്നെ നടപ്പാക്കാന്‍ അരുണ്‍
ജെയ്റ്റ്ലി തീരുമാനിച്ചിരുന്നുവെങ്കില്‍ എന്തു വ്യത്യാസമാണുണ്ടാവുക? എത്ര
പരിശോധിച്ചിട്ടും ഒരു വ്യത്യാസവും എനിക്ക് മനസിലാക്കാനായില്ല. ബജറ്റ് പ്രസംഗത്തിലെ
നയപ്രഖ്യാപനങ്ങളെക്കുറിച്ചല്ല,
ബജറ്റിനുളളിലെ വകയിരുത്തലുകളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ധനകമ്മിയിലോ
റവന്യൂ കമ്മിയിലോ ഒരു വ്യത്യാസവുമില്ല. ചിദംബരം പ്രഖ്യാപിച്ച 4.1 ശതമാനത്തില്‍ത്തന്നെ
ധനക്കമ്മി പിടിച്ചു നിര്‍ത്തും എന്നാണ് ജെയ്റ്റ്ലി പറയുന്നത്. റവന്യൂ കമ്മി 3
ശതമാനമായിരുന്നത് 2.9 ശതമാനമായി നേരിയൊരു കുറവു വരുത്തി. അത്രതന്നെ.
ദേശീയ
തൊഴിലുറപ്പു പദ്ധതി, സഡക് യോജന, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങി ഒരു സ്കീമുകളുടെ
അടങ്കലുകളിലും രണ്ടു ബജറ്റും തമ്മില്‍ ഒരു വ്യത്യാസവുമില്ല. നികുതി വരുമാനത്തില്‍
പതിനായിരത്തോളം കോടിയുടെ കുറവു വരുത്തിയിട്ടുണ്ട്. പക്ഷേ, നികുതിയേതര വരുമാനത്തില്‍
32000 കോടി രൂപയുടെ വര്‍ദ്ധനയുണ്ട്. അങ്ങനെ 12 ലക്ഷം കോടി രൂപയുടെ നികുതി
വരുമാനത്തില്‍ 22000 കോടി രൂപയുടെ വര്‍ദ്ധന. ഈ വര്‍ദ്ധിച്ച തുക ഗംഗാ ആക്ഷന്‍
പ്ലാന്‍, സ്കില്‍ ഇന്ത്യ, പുതിയ ശുചിത്വ പദ്ധതി, റൂര്‍ബന്‍ മിഷന്‍ തുടങ്ങിയ ചില
പുതിയ സ്കീമുകള്‍ക്കായാണ് വകയിരുത്തിയത്.
എന്നിട്ടും
കമ്മി 4.1 ശതമാനത്തില്‍ത്തന്നെ പിടിച്ചു നിര്‍ത്തുമെന്നാണ് ജെയ്റ്റ്ലിയുടെ
അവകാശവാദം. അതെങ്ങനെ കഴിയും? ചിദംബരത്തിന്‍റെ
ഇടക്കാല ബജറ്റിനെ നിശിതമായി വിമര്‍ശിച്ച ആളാണ് ഇപ്പോഴത്തെ ധനമന്ത്രി. ചിദംബരം
കമ്മി കുറച്ചു കാണിച്ചിരിക്കുകയാണ് എന്ന് കണക്കുകള്‍ നിരത്തി അന്ന് ജെയ്റ്റ്ലി
സ്ഥാപിച്ചിരുന്നു. അതിന് ചിദംബരം സ്വീകരിച്ച മാര്‍ഗങ്ങളും കൈയോടെ പിടിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ കുടിശികയടക്കം മുന്‍വര്‍ഷത്തെ പല ചെലവുകളും നടപ്പുവര്‍ഷത്തേയ്ക്ക്
മാറ്റിവെച്ചും പൊതുമേഖലാ കമ്പനികളുടെ
സമ്പാദ്യം ഡിവിഡന്‍റായി എഴുതിയെടുത്തും എണ്ണക്കമ്പനികള്‍ക്കു കൊടുക്കേണ്ട
സബ്സിഡിയുടെ ഭാഗം അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവെച്ചുമാണ് കമ്മി കുറച്ചു
കാണിച്ചത് എന്ന ജെയ്റ്റ്ലിയുടെ ആക്ഷേപത്തെ ഇതുവരെ ചിദംബരം നിഷേധിച്ചിട്ടില്ല.
തന്‍റെ
ബജറ്റ് പ്രസംഗത്തില്‍ മുന്‍ഗാമിയുടെ ചെയ്തികളെക്കുറിച്ച് ജെയ്റ്റ്ലി എന്തു പറയും
എന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ തന്‍റെ വിമര്‍ശനങ്ങളൊക്കെ സൗകര്യപൂര്‍വം
ജെയ്റ്റ്ലി വിഴുങ്ങി. നടത്തിയത് മൃദുവായ ഭാഷയില്‍ ഒരു ലഘുവിമര്‍ശനം മാത്രം. അതിങ്ങനെയായിരുന്നു
- “നടപ്പു വര്‍ഷത്തില്‍
ധനക്കമ്മി 4.1 ശതമാനമായി കുറയ്ക്കുന്നതിനുളള അതീവ ദുഷ്കരമായ ചുമതല എന്‍റെ മുന്‍ഗാമി
അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ താഴ്ന്ന
സാമ്പത്തിക വളര്‍ച്ചാനിരക്കും വ്യവസായ മേഖലയിലെ നിശ്ചലാവസ്ഥയും പരോക്ഷ നികുതികളുടെ
മുരടിപ്പും വര്‍ദ്ധിക്കുന്ന സബ്സിഡിയും താഴ്ന്ന നികുതി വളര്‍ച്ചയും
കണക്കിലെടുക്കുമ്പോള്‍ 4.1 ശതമാനമെന്ന ലക്ഷ്യം പേടിപ്പിക്കുന്നതാണ്. ഞാന്‍ ഈ
ലക്ഷ്യം ഒരു വെല്ലുവിളിയായി സ്വീകരിക്കാനുദ്ദേശിക്കുന്നു”. ഇവിടെ
തീരുന്നു ചിദംബരത്തിനെതിരെയുളള വിമര്‍ശനം.
മറുവശത്ത് ജെയ്റ്റ്ലിയെ
പുകഴ്ത്തുന്നില്‍ ചിദംബരവും ഒട്ടും പിശുക്കു കാട്ടുന്നില്ല. എക്കണോമിക് സര്‍വെ
പുറത്തുവന്നപ്പോള്‍ ചിദംബരം ഇങ്ങനെ പ്രതികരിച്ചു, “സാമ്പത്തിക
ദൃഢീകരണത്തിനും അടവുശിഷ്ടക്കമ്മിയും ധനക്കമ്മിയും കുറയ്ക്കുന്നതിനും യുപിഎ സര്‍ക്കാര്‍
എടുത്ത നടപടികളെ എക്കണോമിക് സര്‍വെ
അംഗീകരിച്ചതില്‍ എനിക്കു സന്തോഷമുണ്ട്.
മുന്‍സര്‍ക്കാരിനെതിരെ ആരോപണവിരല്‍ ചൂണ്ടാതിരിക്കുന്നതിന് കാണിച്ച സംയമനം
പ്രശംസനീയമാണ്”.
മുന്‍മന്ത്രിയും
ഇപ്പോഴത്തെ മന്ത്രിയും സാമ്പത്തിക മേഖലയില്‍ പ്രകടിപ്പിക്കുന്ന ഈ സംയമനം
സാമ്പത്തികകാര്യങ്ങളില്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു
വ്യത്യാസവമില്ല എന്ന വസ്തുതയ്ക്കാണ് ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്.
സംശയം വേണ്ട.
4.1 ശതമാനം എന്ന ധനക്കമ്മിയുടെ ലക്ഷ്യത്തിലെത്തണമെങ്കില്‍ അരുണ്‍ ജെയ്റ്റ്ലിയ്ക്ക്
ചിദംബരത്തെക്കാള്‍ കര്‍ക്കശനാകേണ്ടി വരും. ബജറ്റ് പ്രസംഗത്തില്‍ അവ
സൂചിപ്പിച്ചിട്ടുമുണ്ട്. എക്സ്പെന്‍ഡിച്ചര്‍ മാനേജ്മെന്‍റ് കമ്മിഷന്‍റെ നിയോഗവും ഭക്ഷ്യ
– പെട്രോളിയം സബ്സിഡി ഘടന സമൂലമായി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനവും ആ കര്‍ക്കശ
നടപടികളുടെ സൂചനയാണ്. കാഷ് ട്രാന്‍സ്ഫറിലൂടെ ഭക്ഷ്യ സബ്സിഡി ഗണ്യമായി കുറയ്ക്കുക,
ഡീസലിനും വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു
സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ
പൊളിച്ചെഴുത്തുകള്‍ പിന്നാലെ വരും. പാചകവാതകത്തിന്‍റെയും പ്രകൃതിവാതകത്തിന്‍റെയും
വില വര്‍ദ്ധിപ്പിക്കും. ഇത്തരമൊരു നടപടി വിലക്കയറ്റം രൂക്ഷമാക്കും. പാവങ്ങളുടെ
മേല്‍ ദുര്‍വഹമായ ഭാരം അടിച്ചേല്‍പ്പിക്കും.
രാജ്യം
നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ഇതു പരിഹരിക്കാന്‍ എല്ലാവരും ത്യാഗം
സഹിക്കണമെന്ന് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷേ, സബ്സിഡിയെല്ലാം വെട്ടിക്കുറച്ച്
പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരുടെ
ചുമലിലേറ്റു മാറ്റുകയാണ് അരുണ്‍ ജെയ്റ്റ്ലി. അതേസമയം സമ്പന്നര്‍ക്കു നല്‍കി വരുന്ന
നികുതിയിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെന്തു ന്യായം?
കണക്കുകളില്‍
പ്രതിഫലിക്കില്ലെങ്കിലും ബജറ്റ് പ്രസംഗത്തില്‍ വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചും
പൊതുമേഖലയുടെ സ്വകാര്യവത്കരണത്തെക്കുറിച്ചും വ്യക്തമായ പ്രഖ്യാപനമുണ്ട്.
പ്രതിരോധമേഖലയും ഇന്‍ഷ്വറന്‍സും വിദേശമൂലധനത്തിനു തുറന്നു കൊടുക്കുകയാണ്. വിദേശ മൂലധന
നിക്ഷേപം കൂടുതല്‍ സുഗമമാക്കാനുളള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ, നികുതിഘടനയില്‍
മുന്‍കാലപ്രാബല്യത്തോടെയുളള നിയമമാറ്റം റദ്ദാക്കി
വോഡാഫോണുമായുളള കേസ് തോറ്റു കൊടുക്കാം എന്ന് തുറന്നു സമ്മതിക്കാന്‍
ധനമന്ത്രി തയ്യാറായില്ല. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ അതീവജാഗ്രതയോടെയേ രൂപം നല്‍കൂ
എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടപാടെയാണ് ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ച
തുടങ്ങിയത്. ബാങ്ക്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യമേഖലകളുടെ നയങ്ങള്‍
വ്യക്തമാക്കാന്‍ തുടങ്ങിയതോടെയാണ് സൂചിക തിരിച്ചു കയറിയത്. ആവശ്യങ്ങളത്രയും അനുവദിച്ചില്ലെങ്കിലും
മാറ്റത്തിന്‍റെ ദിശ കോര്‍പറേറ്റുകള്‍ക്കു പൂര്‍ണമായും സ്വീകാര്യമാണ്.
ഓഹരികള്‍
സ്വകാര്യവ്യക്തികള്‍ക്കു വിറ്റുകൊണ്ട് ബാങ്കുകളുടെ
സ്വകാര്യവത്കരണത്തിനും തുടക്കം കുറിക്കുകയാണ്. 2.4 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക്
പുതിയ മൂലധനമായി ആവശ്യമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്കുകളുടെ നിഷ്ക്രിയ
ആസ്തികള്‍ ഏതാണ്ട് ഈ തുകയ്ക്ക് അടുത്തുവരും. കോര്‍പറേറ്റുകളാണ് ഇവയുടെ സിംഹഭാഗവും
വാങ്ങിക്കൂട്ടിയത്. കോര്‍പറേറ്റുകളുടെ ഭീമന്‍ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍
നിര്‍ദ്ദേശപ്രകാരം നല്‍കിയ വായ്പയും അതിലുള്‍പ്പെടുന്നു. ഇങ്ങനെ ബാങ്കുകളെ നഷ്ടത്തിലാക്കിയവര്‍ക്കു തന്നെ
അവ വിറ്റു പ്രശ്നം പരിഹരിക്കാനാണ് ശ്രമം.
ബജറ്റില്‍
വകയിരുത്തിയിട്ടില്ലെങ്കിലും സബ്സിഡികള്‍ ഗണ്യമായി കുറച്ചുകൊണ്ടും പ്രഖ്യാപിത
ലക്ഷ്യത്തിനപ്പുറം പൊതുമേഖലാ ഓഹരികള്‍ വിറ്റുകൊണ്ടും മാത്രമേ ജെയ്റ്റ്ലിയ്ക്ക്
ബജറ്റ് കമ്മി 4.1 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാവൂ. ഇക്കാര്യങ്ങള്‍
സത്യസന്ധമായി തുറന്നു പറയാന്‍ ധനമന്ത്രി തയ്യാറാവുന്നില്ല.
ചുരുങ്ങിയ പക്ഷം 4.1 ശതമാനം കമ്മിയെക്കുറിച്ച് താന്‍ മുമ്പു പറഞ്ഞ വിമര്‍ശനങ്ങളില്‍
ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നെങ്കിലും അദ്ദേഹം വ്യക്തമാക്കണം.
മിനിമം പെന്‍ഷന്‍
ആയിരം രൂപയായി ഉയര്‍ത്തിയത് നല്ല കാര്യം തന്നെ. പക്ഷേ, കേരളത്തെപ്പോലെ സാര്‍വത്രിക
പെന്‍ഷന്‍ സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കണം എന്ന ആവശ്യത്തിന് ചെവി കൊടുത്തിട്ടില്ല.
വിലസ്ഥിരതാ ഫണ്ടിനായി നീക്കിവെച്ച 500 കോടി രൂപ തികച്ചും അപര്യാപ്തമാണ്. ഈ സ്കീം എങ്ങനെ
നടപ്പാക്കാക്കുമെന്ന് ഒരു വ്യക്തതയുമില്ല. യുപിഎ ബജറ്റിനെക്കാള്‍ കുറച്ചുകൂടി സ്ത്രീ
പരിഗണന പുതുക്കിയ ബജറ്റിലുണ്ട്. നഗരമേഖലയ്ക്ക് നല്‍കിയ ഊന്നലും സ്വാഗതാര്‍ഹമാണ്.
പട്ടേലിന്‍റെ പ്രതിമയ്ക്ക് 200 കോടി രൂപ അധികമായി കേന്ദ്രബജറ്റില്‍ നിന്നു നല്‍കുന്നതിന്‍റെ
യുക്തി മനസിലാകുന്നില്ല. ജമ്മു കാശ്മീരിനു നല്‍കുന്ന പ്രത്യേക സഹായത്തേക്കാള്‍
കൂടുതല്‍ തുക – 500 കോടി രൂപ – അവിടെ നിന്നുളള അഭയാര്‍ത്ഥികളായ പണ്ഡിറ്റുകള്‍ക്കു
വേണ്ടി നീക്കി വെച്ചതിലെ ഔചിത്യവും മനസിലാക്കാന്‍ പ്രയാസമാണ്.
നികുതി
ഭീകരതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ച വേവലാതികളും ബജറ്റില്‍ പ്രതിഫലിക്കുന്നില്ല. ആദായനികുതി പരിധി
2.5 ലക്ഷം രൂപയായി ഉയര്‍ത്താനേ തയ്യാറായുളളൂ. അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ്
മാനിഫെസ്റ്റോയില്‍ പറഞ്ഞത്. സമ്പാദ്യം പ്രോത്സാഹിപ്പിക്കാന്‍ നികുതി നിര്‍ദ്ദേശങ്ങളില്‍
ഒട്ടേറെ പരിഗണനകളുണ്ട്. ഇതു ശരിയായ
ദിശയിലേയ്ക്കുളള നീക്കമാണ്. നികുതി നിര്‍ദ്ദേശങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കി
വരുന്ന ഇളവുകളില്‍ ഒന്നില്‍പ്പോലും കൈവെയ്ക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല.
മറിച്ച് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ബജറ്റിലെ
ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ജിഎസ്ടി അഥവാ ചരക്കു സേവന നികുതി
അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ്. പക്ഷേ, ബജറ്റ്
പ്രസംഗത്തില്‍ ഈ പുതിയ നികുതിയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വ്യക്തതയൊന്നും നല്‍കിയിട്ടില്ല.
ഉല്‍പാദന സംസ്ഥാനങ്ങള്‍ക്ക് ഈ നികുതി കൂടുതല്‍ അനുകൂലമാക്കിയെടുക്കാന്‍ ഗുജറാത്ത്
സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
തയ്യാറാകുമോ എന്നു വ്യക്തമല്ല. ഇതു സംഭവിച്ചാല്‍ കേരളത്തിന് വലിയ തിരിച്ചടിയാകും. ഉപഭോക്തൃ
സംസ്ഥാനങ്ങളെ ഊന്നിക്കൊണ്ടുളള പുതിയ നികുതി ഘടന വേണമെന്നാണ് ഇതുവരെ അഖിലേന്ത്യാ
തലത്തിലുണ്ടായ പൊതു അഭിപ്രായം. ഇത് കീഴ്മേല്‍ മറിയും എന്ന ഭയാശങ്കകള്‍
ദുരീകരിച്ചിട്ടില്ല. അതുപോലെ തന്നെ പെട്രോളിയം ഉല്‍പന്നങ്ങളും ജിഎസ്ടിയുടെ
പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ ശഠിക്കുന്നത്. ഇതുവരെ പെട്രോളിയം ഉല്‍പന്നങ്ങളെ
ഒഴിവാക്കാനായിരുന്നു പൊതുസമ്മതം. ഇങ്ങനെ സംഭവിച്ചാലും കേരളത്തിന് വലിയ തിരിച്ചടിയാണ്.
ഒരു പാസഞ്ചര്‍
ട്രെയിനിന്‍റെ ഏതാനും കിലോമീറ്റര്‍ ഓട്ടം മാത്രമാണ് റെയില്‍വേ ബജറ്റില്‍
കേരളത്തിന് ലഭിച്ചത്. കേന്ദ്രബജറ്റില്‍ ഒരു ഐഐടി കിട്ടിയെന്നെങ്കിലും
സമാധാനിക്കാം. പുതിയ തുറമുഖങ്ങള്‍ക്ക് അയ്യായിരത്തില്‍പരം കോടി രൂപ
മാറ്റിവെയ്ക്കുമ്പോള്‍ വിഴിഞ്ഞം അതിലില്ല. ആരോഗ്യനേട്ടങ്ങളില്‍ ഏറ്റവും മുന്നില്‍
നില്‍ക്കുന്ന കേരളത്തിന് എയിംസ് ഇല്ല. ഫാക്ടിനുളള പാക്കേജില്ല. നമ്മുടെ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകകളേ ധനസഹായമായി റബറിന് പ്രത്യേക സംരക്ഷണ നിര്‍ദ്ദേശങ്ങളില്ല.
പക്ഷേ, യുപിഎയുടെ കാലത്തും ഇതൊന്നും കിട്ടിയില്ലല്ലോ എന്നായിരിക്കും ഒരുപക്ഷേ,
കേന്ദ്രസര്‍ക്കാരിന്‍റെ വക്താക്കള്‍ പറയുക.
ഓഹരി
വിപണിയുടെ പ്രതികരണത്തെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. നരേന്ദ്രമോദി
പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട നാള്‍ മുതല്‍ വിപണി മുകളിലേയ്ക്കു കുതിച്ചു
കൊണ്ടിരിക്കുകയാണ്. റെയില്‍വേ ബജറ്റ് ദിവസമാണ് കഴിഞ്ഞ പത്തു മാസത്തിനിടയില്‍
ഏറ്റവും കുത്തനെ ഇടിഞ്ഞത്. സാമ്പത്തിക സര്‍വെയോടും തണുപ്പന്‍ പ്രതികരണമായിരുന്നു.
ബജറ്റ് അവതരണത്തിന്‍റെ ഒരു ഘട്ടത്തില്‍
റെയില്‍വേ ബജറ്റ് നാളിലെ തകര്‍ച്ച ആവര്‍ത്തിക്കുമോ എന്നു സംശയിച്ചു. ഓഹരി വിപണിയുടെ
ആവേശത്തിന് എന്തുപറ്റി? നിക്ഷേപകരുടെ ആവശ്യങ്ങളോട് പുതിയ സര്‍ക്കാരിന് ഏറ്റവും
അനുഭാവ പൂര്‍ണമായ നിലപാടാണ്. പക്ഷേ, ഇതുവരെയുളള ഭരണാനുഭവം ഒരുകാര്യം തെളിയിച്ചു.
നിക്ഷേപകര്‍ പറയുന്നതെല്ലാം അപ്പടി നടപ്പാക്കാന്‍ കുറച്ചു പണിപ്പെടേണ്ടി വരും.
അധികം താമസിയാതെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നുണ്ട്. മൂന്നില്‍ രണ്ടു
ഭൂരിപക്ഷമുണ്ടെങ്കിലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ പലതും മാറ്റിവെയ്ക്കേണ്ടി
വരും. വിപണിയും അതു മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.
No comments:
Post a Comment