Saturday, July 26, 2014

എനിക്കെതിരെ വീണ്ടും ഒരു വിജിലന്‍സ് അന്വേഷണം

ഒരു പൊതുതാല്‍പര്യഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി എനിക്കെതിരെ ഒരു പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണല്ലോ.
പതിവുപോലെ, വ്യവഹാരി തൃശൂരില്‍ നിന്നു തന്നെയാണ്. ഇന്ത്യാ വിഷനില്‍ നിന്ന് വിളിച്ചു പ്രതികരണം ചോദിച്ചപ്പോഴാണ് കാര്യമറിയുന്നത്. കേസ് എന്തെന്നുപോലും എനിക്കറിയില്ലായിരുന്നു. ഡിപ്പാര്‍ട്ടുമെന്‍റിലന്വേഷിച്ചപ്പോള്‍ അവര്‍ക്കുമറിയില്ല. വൈകുന്നേരമായി കാര്യങ്ങള്‍ മനസിലാക്കാന്‍. ചുരുക്കമിതാണ്.
ടേണോവര്‍ ടാക്സ് ഈടാക്കുമ്പോള്‍ എക്സൈസ് ഡ്യൂട്ടി കൂടി ഉള്‍ക്കൊളളുന്ന വിലയാണോ അടിസ്ഥാനമാക്കേണ്ടത് എന്ന കാര്യത്തില്‍ കേരളത്തിലെ ഡിസ്റ്റിലറികളും സര്‍ക്കാരും തമ്മില്‍ ഒരു തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കത്തിന് തീര്‍പ്പുകല്‍പ്പിച്ചത് സുപ്രിംകോടതിയാണ്. എക്സൈസ് ഡ്യൂട്ടി കൂടി ഉളള ടേണോവറിലാണ് നികുതി ഈടാക്കേണ്ടത് എന്നായിരുന്നു വിധി. അങ്ങനെ 1998 മുതലുളള ടേണോവര്‍ ടാക്സ് രണ്ടാമത് അസെസു ചെയ്ത് നോട്ടീസ് നല്‍കി.
ഈ ഘട്ടത്തിലാണ് നികുതി കുടിശികക്കാര്‍ക്കു വേണ്ടിയുളള ആംനസ്റ്റി സ്കീം 2008ലെ ബജറ്റില്‍ കൊണ്ടുവന്നത്.
അതുപ്രകാരം 91നു മുമ്പുളള കുടിശികകളുടെ പിഴപ്പലിശയും പലിശയും ഒഴിവാക്കി. മുതലിന്‍റെ 75 ശതമാനം അടച്ചാല്‍ മതി. 96 വരെയുളള കുടിശികക്കാര്‍ക്ക് മുതല്‍ അടച്ചാല്‍ മതി. 2000 വരെയുളള കുടിശികക്കാര്‍ക്ക് മുതലും അഞ്ചു ശതമാനം പലിശയും. 2005 വരെയുളളവര്‍ക്ക് മുതലും പത്തുശതമാനം പലിശയും. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ യുണൈറ്റഡ് ഡിസ്റ്റിലറീസ് ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷ നല്‍കി.
കോഴിക്കോട്ടെ നികുതി ഓഫീസാണ് അപേക്ഷ പരിഗണിച്ചത്. അവര്‍ വലിയൊരു വീഴ്ച വരുത്തി. അമിനിസ്റ്റി സ്കീമിന് മുമ്പ് യുണൈറ്റഡ് ഡിസ്റ്റിലറീസ് കുടിശികയിലേയ്ക്ക് അടച്ച തുക മുതലില്‍ തട്ടിക്കിഴിച്ച് അസെസ്മെന്‍റ് നല്‍കി. പക്ഷേ, ഇത് നിയമവിരുദ്ധമായിരുന്നു.
കെജിഎസ്ടി ആക്ട് സെക്ഷന്‍ 55 (സി) പ്രകാരം കുടിശികയിലേയ്ക്ക് അടയ്ക്കുന്ന തുക ആദ്യം പലിശയിലേയ്ക്ക് വരവുവെച്ച ശേഷമേ മുതലില്‍ വരവുവെയ്ക്കാന്‍ പാടുളളൂ. ഈ തീരുമാനം മൂലം ഏതാണ്ട് 2 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാകുമായിരുന്നു. ഇത് ആകസ്മികമാണെന്ന് കരുതുന്നുമില്ല.
നികുതികാര്യങ്ങളില്‍ എന്നെ സഹായിക്കാന്‍ സ്റ്റാഫിലുണ്ടായിരുന്നത് കെ. പി. നാരായണന്‍ എന്ന നികുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനാണ്. 24 കാരറ്റ് സത്യസന്ധതയുളള, അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തി. നിയമത്തില്‍ ആഴത്തിലുളള അറിവ്. ആരോ പറഞ്ഞ് കാര്യമറിഞ്ഞ അദ്ദേഹം ഇക്കാര്യം എന്‍റെ ശ്രദ്ധയില്‍പെടുത്തി.
സര്‍ക്കാരിലേയ്ക്കു വരേണ്ട ഒരു തീരുമാനമല്ലെങ്കില്‍പ്പോലും എന്‍റെ ഓഫീസില്‍ നിന്ന് ഇടപെട്ടതിന്‍റെ ഫലമായി നടപടികള്‍ റദ്ദാക്കപ്പെട്ടു. ഇതിനുവേണ്ടി, ഡെപ്യൂട്ടി കമ്മിഷണറുടെ സുവോമോട്ടോ അധികാരം ഉപയോഗിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചു.
ഇതിനെതിരെ ഡിസ്റ്റിലറിക്കാര്‍ കേസിനുപോയി. ഹൈക്കോടതിയില്‍ തോറ്റു. അവര്‍ സുപ്രിംകോടതിയില്‍ പോയി. അവിടെയും തോറ്റു. സുപ്രിംകോടതി സെക്ഷന്‍ 55 (സി) കണക്കിലെടുത്തുകൊണ്ട് ഒറ്റത്തവണ തീര്‍പ്പാക്കലിന് നടപടിയെടുക്കാന്‍ വകുപ്പിന് അനുമതി നല്‍കി. ഇവിടെയാണ് കാര്യങ്ങള്‍ ഇപ്പോള്‍ കിടക്കുന്നത്.
എത്ര ആലോചിച്ചിട്ടും ഇതിലെന്ത് അഴിമതിയാണെന്ന് മനസിലാകുന്നില്ല. അമിനിസ്റ്റി നല്‍കിയതാണ് അഴിമതിയെങ്കില്‍ അത് ഡിസ്റ്റ്ലറിക്കു മാത്രമല്ല, എല്ലാ കുടിശികക്കാര്‍ക്കുമുളളതാണ്. ഇത്തവണത്തെ ബജറ്റില്‍ പോലും അമിനിസ്റ്റിയുടെ അവസാനദിവസം ഡിസംബര്‍ വരെ നീട്ടിക്കൊടുത്തിട്ടുണ്ട്. ഇതല്ല, അസെസ്മെന്‍റില്‍ വരുത്തിയ വീഴ്ചയാണെങ്കില്‍ അതു കണ്ടുപിടിച്ചു തിരുത്തിയ ഞാനെങ്ങനെ അഴിമതിക്കേസില്‍ പ്രതിയാകും എന്ന് മനസിലാകുന്നേയില്ല.
വിജിലന്‍സ് കോടതി പ്രിലിമിനറി അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലന്‍സ് അന്വേഷിക്കട്ടെ, റിപ്പോര്‍ട്ട് നല്‍കട്ടെ. അതല്ലാതെ ഞാനെന്തു പറയാനാണ്?
പക്ഷേ, തൃശൂര്‍ കേന്ദ്രമാക്കി എന്‍റെ പിറകേ അന്വേഷണാവശ്യവുമായി നടക്കുന്നവരോടു ഇത്രേ പറയുന്നുളളൂ.
വിരട്ടാന്‍ നോക്കേണ്ട. കോഴി അഴിമതിക്കേസ് വിടാന്‍ ഉദ്ദേശിക്കുന്നുമില്ല.

1 comment:

  1. കുറ്റം ചെയ്യാത്തവര്‍ക്ക് ഭയത്തിന്റെ ആവശ്യമില്ലല്ലോ.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...