Dhanavicharam July 1, 2014
ദേശീയ വരുമാന അക്കൗണ്ട്‌സ് ഞങ്ങളെ എം.ഫില്ലിന് പഠിപ്പിച്ചത് പ്രൊഫ. ഗുലാത്തിയായിരുന്നു. എന്റെ ടേം പേപ്പറിനുമുകളില്‍ അദ്ദേഹം ഇങ്ങനെ എഴുതി 'മുദ്രാവാക്യംവിളി നിര്ത്തുക, വസ്തുതകളില്‍ ഒതുങ്ങുക'. എംപെരിക്കല്‍ അഥവാ വസ്തുതാമാത്രപഠനം ആയിരുന്നു സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ മുഖമുദ്ര. അതുകൊണ്ട് 'വരുമാന അസമത്വം' സംബന്ധിച്ച പ്രൊഫ. വൈദ്യനാഥന്റെ കോഴ്‌സിലെ (അതെ, 'വൈദ്യനാഥന്കമ്മിറ്റി' ഫെയിം വൈദ്യനാഥന്തന്നെ) പേപ്പര്‍ എഴുതിയപ്പോള്‍ പ്രത്യേക ജാഗ്രത പുലര്ത്തി. അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു 'ഭേഷ്, പഠനം തുടരുക'. ദേശീയ വരുമാനവിതരണം സംബന്ധിച്ച പഠനം തുടരാനുള്ള ക്ഷണത്തില്‌നിന്ന് ഞാന്‍ ഒഴിഞ്ഞുമാറി. ഇന്നും മുദ്രാവാക്യങ്ങള്‍ അഥവാ ആശയപരമായ പ്രതിബദ്ധതയില്ലാത്ത കേവലം വസ്തുതാമാത്രപഠനങ്ങളില്‍ എനിക്ക് താത്പര്യമില്ല. ദേശീയ വരുമാനപഠനം സാമാന്യം ബോറടിയായിട്ടാണ് ഞാന്‍ കരുതിയതും.
പക്ഷേ, തോമാ പിക്കറ്റിയുടെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനം' എന്ന ഗ്രന്ഥം വായിച്ചപ്പോഴാണ് ഈ വിഷയം എത്ര സരളവും സരസവും സമഗ്രവുമായി പ്രതിപാദിക്കാനാകുമെന്ന് ബോധ്യപ്പെട്ടത്. ഫ്രഞ്ച് യുവ സാമ്പത്തിക പണ്ഡിതനാണ് തോമാ പിക്കറ്റി (ഫ്രഞ്ച് ഭാഷയില്‍ തോമസിലെ 'സ' നിശ്ശബ്ദമാണ്). അമേരിക്കയില്‍ മസാച്ചുസെറ്റ്‌സ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിച്ച കാലത്തുതന്നെ ഒരു അസാമാന്യപ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ, അമേരിക്കന്‍ സര്വകലാശാലയിലെ അമൂര്ത്ത മാത്തമറ്റിക്കല്‍ വിശകലനങ്ങളില്‍ മനംമടുത്ത് അദ്ദേഹം പാരീസിലേക്ക് മടങ്ങി.
പ്രഗല്ഭമതികളായ ഒരു സംഘം സാമ്പത്തിക വിദഗ്ധരോടൊപ്പം ഒരു ദശാബ്ദത്തിലേറെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‌സ്, ജര്മനി, ജപ്പാന്‍ തുടങ്ങി ഒരു ഡസന്‍ രാജ്യങ്ങളുടെ ഒരു നൂറ്റാണ്ടുകാലത്തെ ദേശീയവരുമാനവും സ്വത്തും അവയിലെ അസമത്വവും സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കി. ഫ്രാന്‌സിന്റെയും ബ്രിട്ടന്റെയും കാര്യത്തില് 18ാം നൂറ്റാണ്ടുമുതലുള്ള കണക്കുകളുണ്ട്.
അസമത്വം അല്ലെങ്കില്‍ പണക്കാരുടെ വരുമാനത്തിലെയും സ്വത്തിലെയും വിഹിതം കണക്കാക്കാന്‍ ഈ രാജ്യങ്ങളിലെ ഇന്കംടാക്‌സ്, സ്വത്തുനികുതി, എസ്‌റ്റേറ്റ് ഡ്യൂട്ടി തുടങ്ങിയവയുടെ റിട്ടേണുകള്‍ സമാഹരിച്ച് വിശകലനംചെയ്തു. ഇത്ര ബ്രഹത്തായ ഒരു എംപിരിക്കല്‍ പഠനം അപൂര്വമാണ്. പക്ഷേ, അത് മുഴുവന്‍ അച്ചടിച്ച് പിക്കറ്റി നമ്മെ ബോറടിപ്പിക്കുന്നില്ല. ആവശ്യമുള്ളവര്ക്കായി വിശദമായ കണക്കുകള്‍ വെബ്‌സൈറ്റിലിട്ടിട്ടുണ്ട്. പൊതുനിഗമനങ്ങളും പ്രവണതകളും മാത്രമാണ് 685 പേജുവരുന്ന ഗ്രന്ഥത്തില്‍ ഉള്‌പ്പെടുത്തിയിട്ടുള്ളത്. അതുതന്നെ ചരിത്രവും സോഷ്യോളജിയും എന്തിന് ബല്‍സാക്ക്, ജെയിന്‍ ഓസ്റ്റിന്‍ തുടങ്ങിയവരുടെ സാഹിത്യരചനകളും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടാണ് സാമ്പത്തികശാസ്ത്ര വിശകലനം മുന്നേറുന്നത്. അതുകൊണ്ട് സാമ്പത്തികശാസ്ത്ര വിദ്യാര്ഥികളല്ലാത്തവര്ക്കും ആസ്വാദ്യകരമായ ഒരു പഠനം ലഭിച്ചു.
'21ാം നൂറ്റാണ്ടിലെ മൂലധനം' എന്ന് കേള്ക്കുമ്പോള്‍ അത് 19ാം നൂറ്റാണ്ടില്‍ കാള്മാര്ക്‌സ് എഴുതിയ മൂലധനത്തിന്റെ തുടര്ച്ചയാണെന്ന് തെറ്റിദ്ധരിക്കരുത്. മാര്ക്‌സിയന്‍ ചിന്താപദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്ന് അര്ഥശങ്കയ്ക്കിടയില്ലാതെ പിക്കറ്റിതന്നെ തുറന്നുപറയുന്നുണ്ട്. എന്നിരുന്നാലും മുതലാളിത്തത്തില്‍ വിവിധ വര്ഗങ്ങള് തമ്മില്‍ വരുമാനത്തിലും സ്വത്തിലുമുള്ള അസമത്വം സംബന്ധിച്ച് മാര്ക്‌സ് മുന്നോട്ടുവെച്ച പ്രവണതകള്‍ 21ാം നൂറ്റാണ്ടിലും സാധുവാണെന്ന് പിക്കറ്റിയുടെ പഠനം തെളിയിക്കുന്നു.
മുതലാളിത്തത്തില്‍ ചൂഷണം പരമാവധിയാക്കാനും അതിലൂടെയുണ്ടാകുന്ന മിച്ചം പരമാവധി സമ്പാദിക്കാനും വീണ്ടും മുതല്മുടക്കാനും മുതലാളിമാര്‍ നിര്ബന്ധിതരാകും. അതുകൊണ്ട് മുതലാളിമാരെ അപേക്ഷിച്ച് തൊഴിലാളികള്‍ പാപ്പരായിത്തീരുക അനിവാര്യമാണെന്ന് മാര്ക്‌സ് വാദിച്ചു. ചുരുക്കത്തില്‍ മുതലാളിത്തവളര്ച്ച ഏറുന്തോറും അസമത്വം വര്‍ധിച്ചുകൊണ്ടിരിക്കും. എന്നാല്, 1953ല്‍ സൈമണ്‍ കുസ്‌നെറ്റ്‌സ് എന്ന അമേരിക്കന്‍ സാമ്പത്തികപണ്ഡിതന്‍ മാര്ക്‌സിന്റെ പ്രവചനത്തെ പൊളിച്ചു. അസമത്വം സംബന്ധിച്ച പ്രഥമ വസ്തുതാപഠനങ്ങളിലൊന്ന് ഇദ്ദേഹത്തിന്റേതാണ്. 20ാം നൂറ്റാണ്ടില്‍ അസമത്വം അമേരിക്കയില്‍ കുറയുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. 19ാം നൂറ്റാണ്ടില്‍ മാര്ക്‌സ് പറഞ്ഞതുപോലെ അസമത്വം വര്‍ധിച്ചു. എന്നാല്‍, സാമ്പത്തികവളര്ച്ച ഉച്ചസ്ഥായിയിലെത്തിയപ്പോള് നേട്ടം എല്ലാവരിലേക്കും കിനിഞ്ഞിറങ്ങിത്തുടങ്ങി. അങ്ങനെ അസമത്വം കുറഞ്ഞു. അസമത്വ സൂചികയുടെ ഒരു ചിത്രം വരച്ചാല്‍ അത് മലയാളത്തിലെ 'റ' എന്ന അക്ഷരംപോലിരിക്കും. മുതലാളിത്ത ആശയഗതിക്കാര്‌ക്കെല്ലാം ഇദ്ദേഹത്തിന്റെ സിദ്ധാന്തം വലിയ പ്രതീക്ഷയും സ്വസ്ഥതയും നല്കി. സാമ്പത്തിക വിതരണത്തെക്കുറിച്ച് ഇന്നും കോളേജ് പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നത് ഈ സിദ്ധാന്തമാണ്.
എന്നാല്‍, പിക്കറ്റി 21ാം നൂറ്റാണ്ടിലെ ആദ്യത്തെ രണ്ട് ദശകങ്ങളിലേക്ക് ഈ പഠനം നീട്ടിയപ്പോള്‍ വ്യത്യസ്തമായൊരു ചിത്രമാണ് കണ്ടത്. '70 മുതല്‍ മുതലാളിത്തരാജ്യങ്ങളിലെല്ലാം അസമത്വം അതിവേഗത്തില്‍ വര്‍ധിക്കാന്‍ തുടങ്ങി. 20ാം നൂറ്റാണ്ടിലെ ആദ്യദശകങ്ങള്‍ ഒരു അപഭ്രംശം മാത്രമാണ് എന്നാണ് പിക്കറ്റി വിലയിരുത്തിയത്. 18ാം നൂറ്റാണ്ടുമുതല്‍ അസമത്വം വര്‍ധിച്ചുവരികയായിരുന്നു. ഇത് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂര്‍ധന്യാവസ്ഥയിലെത്തി. എന്നാല്‍, 20ാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തികത്തകര്ച്ച, ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച സ്വത്തിന്റെ നാശം, സോവിയറ്റ് യൂണിയന്റെ ഉദയം, ഇതിനെതിരെ ഉയര്ന്നുവന്ന ക്ഷേമരാഷ്ട്ര സങ്കല്പങ്ങളും കെയിനീഷ്യന്നയങ്ങളും ചേര്ന്നപ്പോള്‍ അസമത്വം കുറഞ്ഞു. എന്നാല്‍, ആഗോളീകരണ കാലഘട്ടത്തോടെ അസമത്വം അതിവേഗം വര്ധിച്ച് 19ാം നൂറ്റാണ്ടിന്റെ സ്ഥിതിയിലെത്തിയിരിക്കയാണ്. പിക്കറ്റിയുടെ അഭിപ്രായത്തില്‍ 20ാം നൂറ്റാണ്ടിലെ സാമ്പത്തിക അസമത്വസൂചിക വരച്ചാല് 'ഡ' പോലിരിക്കും. നിയോ ലിബറലിസത്തിന്റെ എല്ലാ 'വരുമാനം കിനിഞ്ഞിറങ്ങല്‍ സിദ്ധാന്ത'ങ്ങളെയും പിക്കറ്റിയുടെ പഠനം തകര്ക്കുന്നു.
അസമത്വം വര്‍ധിക്കുന്നത് സംബന്ധിച്ച പിക്കറ്റിയുടെ വിശകലനത്തെ സാമാന്യം അതി ലളിതവത്കരിച്ചുകൊണ്ടാണെങ്കിലും ഇങ്ങനെ സംക്ഷേപിക്കാം : ദേശീയവരുമാനത്തെ രണ്ടായി തിരിക്കാം. സ്വത്തില്‌നിന്നുള്ള വരുമാനവും അധ്വാനത്തില്‍നിന്നുള്ള വരുമാനവും. പിക്കറ്റി മൂന്ന് പ്രവണതകളെ ദീര്ഘദര്ശനം ചെയ്യുന്നു.
ഒന്ന്: സ്വത്തിന്റെ കേന്ദ്രീകരണം കൂടിക്കൊണ്ടിരിക്കയാണ്. അതുകൊണ്ട് സ്വത്തില്‌നിന്നുള്ള വരുമാനം സ്വാഭാവികമായും കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമാകും.
രണ്ട്: കൂലിവേലക്കാര്ക്കിടയിലും ശമ്പളക്കാര്ക്കിടയിലുമുള്ള തരംതിരിവുകളും വര്ധിക്കുകയാണ്. 1970നുശേഷം തൊഴിലാളികളുടെ യഥാര്‍ഥവരുമാനം കൂടിയിട്ടുണ്ട്. എന്നാല്‍, ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ വരുമാനം 165 ശതമാനം വര്ധിച്ചു. ഏറ്റവും സമ്പന്നരായ 0.1 ശതമാനത്തിന്റെ വരുമാനമാകട്ടെ 362 ശതമാനമാണ് ഉയര്ന്നത്. ഒരു ചെറു ന്യൂനപക്ഷം വരുന്ന മാനേജീരിയല്‍ വിഭാഗം അതിഭീമമായ തുക ശമ്പളവും ബോണസുമെല്ലാമായി തട്ടിയെടുക്കുന്നത് ആഗോളീകരണ കാലഘട്ടത്തില്‍ സര്വസാധാരണമാണ്.
മൂന്ന്: ഏറ്റവും പ്രധാനപ്പെട്ട കാര്യം അധ്വാനവിഹിതത്തെ അപേക്ഷിച്ച് സ്വത്തിന്റെ വിഹിതം വരുമാനത്തില്‍ കൂടിക്കൊണ്ടിരിക്കുമെന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ഒന്നാണ് മുതലാളിത്തത്തിന്റെ ഒന്നാം നിയമം എന്ന് പിക്കറ്റി വിശേഷിപ്പിക്കുന്ന ഒരു സമവാക്യം. മൂലധനത്തിന്റെ ലാഭനിരക്ക് ദേശീയവരുമാന വളര്ച്ചയേക്കാള്‍ ഉയര്ന്നതാണെങ്കില്‍ അസമത്വം വര്‍ധിക്കും എന്നാണ് ഈ സമവാക്യത്തിനര്ഥം. ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും മൂന്ന് പ്രവണതകളുടെയും ആത്യന്തികഫലം അസമത്വം വര്ധിക്കുക എന്നതാണ്.
അസമത്വം വര്ധിക്കുമ്പോള്‍ പിതൃസ്വത്തായി അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന സമ്പത്തും വര്ധിക്കുന്നു. 19ാം നൂറ്റാണ്ടിലെ സമഷ്ടി ചിന്താഗതിക്കാരെല്ലാം വേലയെടുക്കാതെ കിട്ടുന്ന ഈ പിതൃസമ്പത്തിന്റെ വലിയ വിമര്ശകരായിരുന്നു. എന്നാല്‍, 20ാം നൂറ്റാണ്ടില്‍ പിതൃസ്വത്തിന്റെ പ്രാധാന്യം കുറഞ്ഞു. ബില്‌ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സുമാണല്ലോ ഇന്നത്തെ മാതൃകാ പുരുഷന്മാര്. എന്നിരുന്നാല്ത്തന്നെയും അസമത്വം വര്ധിക്കുന്തോറും ഈ സ്ഥിതിവിശേഷം മാറും. 1970ല്‍ 50 ശതമാനം സ്വത്തുമാത്രമേ പിതൃസ്വത്തായി കിട്ടിയിരുന്നുള്ളൂ. ഇപ്പോഴത് 70 ശതമാനമാണ്.
കാല്‌നൂറ്റാണ്ട് കഴിഞ്ഞാല്‍ ഇന്നത്തെ പ്രവണത തുടര്ന്നാല്‍ അത് 90 ശതമാനമാകും. അതുകൊണ്ട് പിക്കറ്റി സമകാലീന മുതലാളിത്തത്തെ വിളിക്കുന്നത് പാട്രിമോണിയല് (പിതൃസ്വത്തായി ലഭിച്ച) മുതലാളിത്തം എന്നാണ്. അസമത്വത്തിന്റെ മുറിവില്‍ ഇതിന്റെ എരിവുകൂടി ചേരുമ്പോള്‍ വലിയ സാമൂഹിക അസംതൃപ്തിയും സംഘര്ഷങ്ങളും സൃഷ്ടിക്കപ്പെടും.
മുതലാളിത്ത വ്യവസ്ഥയല്ലാതെ മറ്റൊന്നിനെക്കുറിച്ച് വിഭാവനം ചെയ്യാന്‍ പിക്കറ്റിക്ക് ആവുന്നില്ല. പക്ഷേ, ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകാനും കഴിയില്ല. അതുകൊണ്ട് അദ്ദേഹം കണ്ടെത്തിയിരിക്കുന്ന പരിഹാരം ഇതാണ്പണക്കാരുടെ വരുമാനത്തിനും സ്വത്തിനുംമേല്‍ ഉയര്ന്ന നികുതി ഏര്‌പ്പെടുത്തുക. ഇത് ഉപയോഗപ്പെടുത്തി എല്ലാവരുടെയും വൈദഗ്ധ്യവും വിജ്ഞാനവും ഉയര്ത്തുക. ഇത് അജന്‍ഡയായുള്ള പുതിയ ക്ഷേമരാഷ്ട്രം സൃഷ്ടിക്കുക. തന്റെ നിര്‌ദേശം വെറും ഉട്ടോപ്യനാണെന്ന് പിക്കറ്റിതന്നെ സമ്മതിക്കുന്നുണ്ട്.
എങ്കില്പ്പിന്നെ എന്താണ് ഈ ഗ്രന്ഥത്തിന്റെ ചരിത്ര പ്രസക്തി? ഇന്ന് ഫാഷനായിരിക്കുന്ന നിയോ ലിബറല്‍ ചിന്താപദ്ധതിക്കെതിരെയുള്ള കടുത്ത വിമര്ശനമാണ് പിക്കറ്റിയുടെ ഗ്രന്ഥം. വാള്‌സ്ട്രീറ്റ് സമരത്തിലെ 99 ശതമാനത്തിന്റെ മുദ്രാവാക്യമാണ് അദ്ദേഹം ഉയര്ത്തുന്നത് (മുദ്രാവാക്യങ്ങളോട് പ്രൊഫ. ഗുലാത്തിയെപ്പോലെ ഒട്ടും പ്രതിപത്തി അദ്ദേഹത്തിനും ഇല്ലെങ്കിലും).
ഇന്ത്യയിലും ആഗോളീകരണ കാലഘട്ടത്തില്‍ അസമത്വം ഭീതിജനകമായി ഉയര്ന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനങ്ങള്തമ്മിലും വികസന മേഖലകള്തമ്മിലും നഗരഗ്രാമങ്ങള്തമ്മിലും കുടുംബങ്ങള്തമ്മിലും പ്രതിശീര്ഷ വരുമാനത്തിലുള്ള അന്തരം 1990കള്‍ മുതല്‍ ഗണ്യമായി ഉയര്ന്നിട്ടുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണം നൂറ് കഴിഞ്ഞു. കള്ളപ്പണവുംകൂടി എടുത്താല്‍ ഇവരുടെ എണ്ണം ഇതിന് ഇരട്ടിവരുമെന്ന് പറയുന്നവരുണ്ട്.
സാമ്പത്തികവളര്ച്ചയെ ഉത്തേജിപ്പിക്കണമെങ്കില്‍ ഇവരുടെ മേലുള്ള നികുതി കുറയ്ക്കണം, പൊതു സ്വത്തുക്കള്‍ ഇവര്ക്ക് കൈമാറണം, തൊഴിലാളികളുടെ വിലപേശല്‍കഴിവ് തകര്ക്കണം എന്നൊക്കെയാണ് നമ്മുടെ നാട്ടിലെ ഭരണക്കാര്‍ ചിന്തിക്കുന്നത്. എന്തായാലും വളര്ച്ചയെ തടസ്സപ്പെടുത്തുന്ന 'നികുതി ഭീകരത'യെക്കുറിച്ച് വേവലാതിപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കൊല്ലത്തെ വായനവാരത്തില് നിശ്ചയമായും തോമാ പിക്കറ്റിയുടെ '21ാം നൂറ്റാണ്ടിലെ മൂലധനം' എന്ന ഗ്രന്ഥം വായിക്കണം.

No comments:
Post a Comment