'ഐസക്കിന്റെ പ്രസ്താവന ഓണ്‍ലൈന്‍ ലോട്ടറിയെ രക്ഷിക്കാന്‍ മാണി' എന്നൊരു തലക്കെട്ട് ഇക്കഴിഞ്ഞ ദിവസം (03-08-2014, ഞായര്‍) മാതൃഭൂമിയില്‍ കണ്ടു. അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച സുപ്രീംകോടതി പരാമര്‍ശത്തെക്കുറിച്ച് എന്റെ പ്രസ്താവനകള്‍ ലോട്ടറി മാഫിയയെ സഹായിക്കാനേ ഉപകരിക്കൂ എന്നത്രേ കെ.എം. മാണി അഭിപ്രായപ്പെട്ടത്. അതെങ്ങനെയെന്ന് ആ വാര്‍ത്തയിലൊട്ടു വിശദീകരിക്കുന്നുമില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച മാതൃഭൂമിയില്‍ അദ്ദേഹത്തിന്റെ വക ഒരു ലേഖനവും കണ്ടു. സുപ്രീംകോടതി വിധിയുടെ തൊടുന്യായം പറഞ്ഞ് ലോട്ടറി മാഫിയയെ ഭാഗ്യക്കുറി മേഖലയിലേക്ക് തിരികെ കൊണ്ടുവരാനാണ് ചില സി.പി.എം. നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആക്ഷേപിക്കുകയും ചെയ്തു.
ലേഖനത്തിന്റെ അവസാനഭാഗമാണ് ഏറെ കൗതുകകരം. അന്യസംസ്ഥാന ലോട്ടറി വിതരണ കമ്പനികള്‍ ഹോട്ടല്‍ ബിസിനസ്സിലേക്ക് തിരിഞ്ഞുവെന്നാണ് അറിയുന്നതത്രേ. അങ്ങനെ മറ്റു ബിസിനസ്സിലേക്ക് വഴിതിരിഞ്ഞുപോയവരെ തിരികെ ഭാഗ്യക്കുറി മേഖലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ചില പ്രസ്താവനകളിലൂടെ സി.പി.എം. ശ്രമിക്കുന്നു എന്നൊക്കെയുള്ള അസംബന്ധങ്ങള്‍ കെ.എം. മാണിയെപ്പോലൊരാളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല എന്നുമാത്രം പറയട്ടെ.
1998ലെ കേന്ദ്ര ലോട്ടറി നിയമത്തിലെ അഞ്ചാം വകുപ്പിനെക്കുറിച്ചാണ് അദ്ദേഹം ഊറ്റംകൊള്ളുന്നത്. ശരിയാണ്. ''ഒരു സംസ്ഥാനത്തിന്, ആ സംസ്ഥാനത്തിന്റെ പരിധിക്കുള്ളില്‍ മറ്റേതെങ്കിലും സംസ്ഥാനം സംഘടിപ്പിക്കുന്നതോ നടത്തുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഏതൊരു ഭാഗ്യക്കുറിയുടെ ടിക്കറ്റുകളുടെയും വില്പന നിരോധിക്കാവുന്നതാണ്'' എന്നാണ് ആ വകുപ്പില്‍ പറയുന്നത്. എന്നാല്‍, ആ വ്യവസ്ഥയ്ക്ക് ഇപ്പോഴൊരു പ്രസക്തിയുമില്ല. അക്കാര്യം കെ.എം. മാണി മറച്ചുവെക്കുന്നു. ബി.ആര്‍. എന്റര്‍പ്രൈസസ് കേസിലെ സുപ്രീംകോടതി വിധിയോടുകൂടി അഞ്ചാം വകുപ്പ് നിഷ്ഫലമായി. അന്യസംസ്ഥാന ലോട്ടറി നിരോധിക്കണമെങ്കില്‍ സംസ്ഥാനം സ്വന്തം ലോട്ടറിയും നിരോധിക്കണം. അങ്ങനെയാണ് ഈ വ്യവസ്ഥയ്ക്ക് സുപ്രീംകോടതിയുടെ വ്യാഖ്യാനം. സുപ്രീംകോടതിയില്‍ ഈ നിലപാട് സ്വീകരിച്ചത് കേന്ദ്രസര്‍ക്കാറാണ്. അത് സുപ്രീംകോടതി അംഗീകരിച്ചുവെന്നേയുള്ളൂ. എന്നുവെച്ചാല്‍ പാര്‍ലമെന്റ് പാസാക്കിയ ലോട്ടറി നിയമത്തിലെ സുപ്രധാനമായ ഒരു വ്യവസ്ഥയെ മാഫിയയെ സഹായിക്കുംവിധം കോടതിയില്‍ വ്യാഖ്യാനിച്ചത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. ഇവിടെ തുടങ്ങുന്നു കേന്ദ്രസര്‍ക്കാറിന്റെ കള്ളക്കളി.
ലോട്ടറി വിവാദത്തിന്റെ ആരംഭം മുതല്‍ എല്‍.ഡി.എഫ്. സ്വീകരിച്ച ഒരു നിലപാടുണ്ട്. വ്യാജലോട്ടറിയെ നിയന്ത്രിക്കാനും നിരോധിക്കാനും കേന്ദ്രസര്‍ക്കാറിന് മാത്രമാണ് അധികാരം. അവര്‍ ആ ചുമതല നിറവേറ്റാത്തതുമൂലമാണ് മാഫിയ തടിച്ചുകൊഴുത്തത്. കേന്ദ്രസര്‍ക്കാറിന്റെ നിഷ്‌ക്രിയത്വത്തിന് കാരണം, ലോട്ടറി മാഫിയയും കോണ്‍ഗ്രസ്സും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടാണ്.
ലോട്ടറി നിയമലംഘനത്തിനെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാറിനാണെന്ന് കോടതികളെല്ലാം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ വ്യാജലോട്ടറിക്കെതിരെ ഓരോ തവണ നടപടി സ്വീകരിച്ചപ്പോഴും കോടതി ഇക്കാര്യം അടിവരയിട്ട് പറഞ്ഞു. അക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ കോടതികള്‍ റദ്ദാക്കിയത്. ഒരേയൊരു തവണ മാത്രമാണ് അനുകൂലമായ ഒരു നിലപാട് കോടതി സ്വീകരിച്ചത്. അതിന്റെ കാരണമോ മാഫിയയ്‌ക്കെതിരെ കേരളത്തില്‍ ഉയര്‍ന്ന ശക്തമായ ജനരോഷവും. നടപടിയെടുക്കാന്‍ കേരളത്തിന് ഒരധികാരവുമില്ല എന്നുതന്നെയാണ് മാഫിയയ്ക്കുവേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാക്കളും വാദിച്ചത്. വിധിന്യായങ്ങള്‍ മറിച്ചുനോക്കിയാല്‍ ഉദാഹരണങ്ങള്‍ ലഭിക്കും.
ഏറ്റവും അവസാനത്തെ കേസുനോക്കൂ. മാഫിയയ്ക്കുവേണ്ടി വക്കാലത്തെടുത്തവരില്‍ സാക്ഷാല്‍ കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമുണ്ട്. കപില്‍ സിബല്‍ കഴിഞ്ഞ കേന്ദ്രമന്ത്രിസഭയിലെ കാബിനറ്റ് മന്ത്രി. സിങ്വി അത്യുന്നതനായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍. ഇവരൊക്കെക്കൂടി വാദിച്ചപ്പോള്‍ കിട്ടിയതോ സിക്കിം ലോട്ടറിയുടെ നടത്തിപ്പും പ്രചാരണവും തടയാന്‍ കേരളസര്‍ക്കാറിന് അധികാരമില്ലെന്ന വിധി. കെ.എം. മാണി എന്തൊക്കെ വാദിച്ചാലും അതാണ് സത്യം.
കോണ്‍ഗ്രസ് നേതാക്കള്‍ ഇതാദ്യമായല്ല മാഫിയയുടെ വക്കാലത്തെടുക്കുന്നത്. ലോട്ടറി മാഫിയയെ തളയ്ക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിച്ചപ്പോഴും സിങ്വിയാണ് വാദിക്കാനെത്തിയത്. അതിനുമുമ്പ് സാക്ഷാല്‍ ചിദംബരവും നളിനി ചിദംബരവും സാന്റിയാഗോ മാര്‍ട്ടിനും കെന്നഡിക്കും ജോണ്‍ റോസിനും വേണ്ടി കേരള ഹൈക്കോടതിയിലെത്തി. ഇപ്പോഴും ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് മാര്‍ട്ടിന്റെ രക്ഷകര്‍. മണികുമാര്‍ സുബ്ബ എന്നൊരാളിനെ കെ.എം. മാണി അറിയുമോ ആവോ? അസമിലെ കോണ്‍ഗ്രസ്സിന്റെ ട്രഷററായിരുന്നു സുബ്ബ. രണ്ടുവട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ. മൂന്നുവട്ടം എം.പി. എവിടത്തുകാരനെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. നേപ്പാളി പൗരനായ മോനി രാജ് ലിംബോയാണ് മണികുമാര്‍ സുബ്ബയെന്ന് 2007ല്‍ സി.എന്‍.എന്‍. ഐ.ബി.എന്‍. ആരോപിച്ചിരുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന ഇയാള്‍ 1973ല്‍ ജയില്‍ചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവത്രേ. പൗരത്വം സംബന്ധിച്ച് സുബ്ബ ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് 2009ല്‍ സി.ബി.ഐ. സുപ്രീംകോടതിയെ അറിയിച്ചു. പൗരത്വവിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ 'അയാളുടെ ദേശീയത ഞങ്ങള്‍ കോടതിയില്‍ തെളിയിക്കും' എന്ന് പത്രസമ്മേളനം വിളിച്ച് പ്രഖ്യാപിക്കാന്‍ ഗുവാഹാട്ടിയിലേക്ക് പറന്നത് പ്രണബ്കുമാര്‍ മുഖര്‍ജി. അത്രയ്ക്കായിരുന്നു സുബ്ബയുടെ സ്വാധീനം.
കൊള്ള, കൊലപാതകം, ബലാത്സംഗം, ദേശവിരുദ്ധ പ്രവര്‍ത്തനം, ചൂതാട്ടം, നികുതിവെട്ടിപ്പ്, ലോട്ടറി തട്ടിപ്പ്, ജയില്‍വാസം, ജയില്‍ചാട്ടം, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെ ഇന്ത്യന്‍ ലോട്ടറി മാഫിയയുടെ പിതാവിന് കഴിവുകള്‍ പലതാണ്. കോണ്‍ഗ്രസ്സിന്റെ ഖജനാവിലേക്ക് സുബ്ബ ഒഴുക്കിയത് കണക്കില്ലാത്ത കോടികള്‍. ഇത്തരം ബന്ധങ്ങള്‍ മൂലമാണ് മാഫിയയുടെ അഴിഞ്ഞാട്ടത്തിന് പഴുതിട്ട് ലോട്ടറി നിയമവും ചട്ടവും സൃഷ്ടിച്ചത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്തും മാഫിയയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പ്രധാനമന്ത്രിക്കുമൊക്കെ കത്തുകളയച്ചിരുന്നു. ഒരു പ്രയോജനവുമുണ്ടായില്ല.തുടര്‍ന്നുവന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാഫിയയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി. ആ റിപ്പോര്‍ട്ട് 2006 നവംബര്‍ 11ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ചു. ആമുഖത്തില്‍ ഉമ്മന്‍ചാണ്ടി അയച്ച രണ്ടുകത്തുകളുടെ കാര്യവും ഓര്‍മപ്പെടുത്തി. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല.
തുടര്‍ന്ന് മാര്‍ട്ടിന്‍ സംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. സംസ്ഥാന സര്‍ക്കാറിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ചു. രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടി സിംഗിള്‍ ബെഞ്ച് അസാധുവാക്കി. പക്ഷേ, നിയമലംഘനങ്ങള്‍ രണ്ട് മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനെ കോടതി വിമര്‍ശിച്ചു. സംസ്ഥാന ഭരണത്തലവന്മാര്‍ ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മാത്രമല്ല, ആ കത്തുകളുടെ മേല്‍ നാലുമാസത്തിനകം നടപടി സ്വീകരിക്കണമെന്നും വിധിച്ചു.
കോടതിയുടെ ആവശ്യം അന്നത്തെ കേന്ദ്രസര്‍ക്കാറിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഈ നിര്‍ദേശം അസാധുവാക്കണമെന്ന് ഒരു മടിയുമില്ലാതെ കേന്ദ്രസര്‍ക്കാറിന്റെ അഭിഭാഷകന്‍ വി.ടി. ഗോപാലന്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഈ വാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് നിര്‍ദേശം അസാധുവാക്കി. ഇതൊന്നും കെ.എം. മാണി അറിഞ്ഞമട്ടില്ല.
മാഫിയയ്ക്ക് അനുകൂലമായാണ് പി. ചിദംബരം ലോട്ടറി ചട്ടങ്ങള്‍ തട്ടിക്കൂട്ടിയത്. ഈ ചട്ടമനുസരിച്ച് വിവിധ പേരുകളില്‍ ലോട്ടറികള്‍ക്ക് യഥേഷ്ടം നറുക്കെടുപ്പുകള്‍ ആവാം. പേരുമാറ്റിയാല്‍ മതി. ഈ ചട്ടങ്ങള്‍ നിയമത്തിന്റെ വ്യവസ്ഥകളെ ഫലത്തില്‍ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് ഒരു വിധിന്യായത്തില്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ തുറന്നടിച്ചു. പക്ഷേ, ആ നിരീക്ഷണത്തിനും ഡിവിഷന്‍ ബെഞ്ചുവരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.
ഈ സംഘത്തില്‍നിന്ന് കേരളത്തെ രക്ഷിക്കുകയാണ് നമ്മുടെ ആവശ്യം. നമുക്ക് കേരളലോട്ടറി സംരക്ഷിച്ചുകിട്ടണം. ലോട്ടറി മാഫിയയുടെ കൊള്ളയ്ക്ക് അറുതിവരുത്തുകയും വേണം. അതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാറിന് മാത്രമാണ്. ആ അധികാരം അവര്‍ നിറവേറ്റണം. അതിനിനി പുതിയ അന്വേഷണമൊന്നും വേണ്ട. വേണ്ടത്ര തെളിവുകള്‍ വിവിധ ഘട്ടങ്ങളിലായി കേരളം സമര്‍പ്പിച്ചുകഴിഞ്ഞു. അതിന്മേല്‍ നടപടിയുണ്ടാകണം. സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാര്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കണം.
അതല്ലാതെ വളഞ്ഞവഴിയില്‍ ലോട്ടറി മാഫിയയെ മടക്കിക്കൊണ്ടുവരാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയരും. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി എടുത്തുപയോഗിച്ച നിയമലംഘനപ്രസ്ഥാനം തന്നെയാണ് ഇവിടെയും നമ്മുടെ സമരായുധമാകേണ്ടത്. ഏത് ഉത്തരവുമായി വന്നാലും കേരളത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടവും പ്രതിദിനം ഇരുപത്തിനാല് നറുക്കെടുപ്പ് നടത്തുന്ന പേപ്പര്‍ ലോട്ടറിയും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയില്ല.
നിയമലംഘനത്തിന് പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ വിശദീകരിച്ച് ഗാന്ധിജി അന്നത്തെ വൈസ്രോയിക്ക് അയച്ച കത്ത് പ്രസിദ്ധമാണ്. അതിലെ ഈ വാക്യങ്ങള്‍ ഇന്നും പ്രസക്തമാണ്: ''വര്‍ധിച്ചുവരുന്ന ചൂഷണത്തിലൂടെ മൂകരായ ജനങ്ങളെ അത് ദരിദ്രരാക്കിയിരിക്കുന്നു... അത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ അടിത്തറതന്നെ ഇളക്കിയിരിക്കുന്നു. രാഷ്ട്രീയമായി അത് ജനങ്ങളെ അടിമത്തത്തിലെത്തിച്ചിരിക്കുന്നു. അത് ഞങ്ങളെ ആത്മീയമായ അധഃപതനത്തിലേക്ക് നയിച്ചിരിക്കുന്നു''.
ഇതെല്ലാം ലോട്ടറി മാഫിയയ്ക്കും ബാധകമാണ്. അവരും ചൂഷണം ചെയ്യുന്നത് ദരിദ്രരെത്തന്നെയാണ്. പാവങ്ങളുടെ ജീവിതസംസ്‌കാരത്തിന്റെയും സാമ്പത്തികപ്രക്രിയയുടെയും കടയ്ക്കലാണ് മാഫിയ കത്തിയോങ്ങുന്നത്. ജനത്തെ അവര്‍ ചൂതാട്ടത്തിന്റെ അടിമകളാക്കുന്നു. ലക്കുംലഗാനുമില്ലാത്ത ചൂതാട്ടലഹരി സമൂഹത്തെ മുഴുവന്‍ അധഃപതിപ്പിക്കുന്നു. ഏതൊരു സാഹചര്യത്തിലാണോ ഗാന്ധിജി നിയമലംഘനത്തിന് ആഹ്വാനം ചെയ്തത് അതേ സാഹചര്യം ലോട്ടറി മാഫിയയും കേരളത്തിനുമുന്നില്‍ സൃഷ്ടിക്കുന്നുണ്ട്. നിയമലംഘനത്തിന്റെ ഭാഗമായി വിദേശവസ്ത്രങ്ങള്‍ക്ക് തീകൊളുത്താന്‍ ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നു. നമുക്ക് വ്യാജലോട്ടറികള്‍ക്ക് തീകൊളുത്താം.
മണികുമാര്‍ സുബ്ബ എന്നൊരാളിനെ കെ.എം. മാണി അറിയുമോ ആവോ? അസമിലെ കോണ്‍ഗ്രസ്സിന്റെ ട്രഷററായിരുന്നു സുബ്ബ. രണ്ടുവട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ. മൂന്നുവട്ടം എം.പി. എവിടത്തുകാരനെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. നേപ്പാളി പൗരനായ മോനി രാജ് ലിംബോയാണ് മണികുമാര്‍ സുബ്ബയെന്ന് 2007ല്‍ സി.എന്‍.എന്‍. ഐ.ബി.എന്‍. ആരോപിച്ചിരുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന ഇയാള്‍ 1973ല്‍ ജയില്‍ചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവത്രേ. പൗരത്വം സംബന്ധിച്ച് സുബ്ബ ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് 2009ല്‍ സി.ബി.ഐ. സുപ്രീംകോടതിയെ അറിയിച്ചു.
ReplyDeleteഇതിനെയാണോ ജനാധിപത്യം എന്നു പറയുന്നത്?
വ്യാജലോട്ടറി കൊണ്ട് കോടീശ്വരന്മാരായവര്‍ സമ്മതിക്കുമോ?
ReplyDelete