കെ. വേണു, ജെ. രഘു, സി. ആര്‍. നീലകണ്ഠന്‍ തുടങ്ങിയവര്‍ക്കെല്ലാം പൊതുവായി ഒന്നുണ്ട്. അവരാരും കമ്മ്യൂണിസ്റ്റുകാരാണെന്ന് ഇന്ന് അവകാശപ്പെടുന്നില്ല. ഒട്ടെല്ലാ മുന്‍കമ്മ്യൂണിസ്റ്റുകാരുമെത്തിച്ചേരുന്നതു പോലെ വിരുദ്ധന്മാരുടെ പാളയത്തിലാണ് ഇവരും എത്തിച്ചേര്‍ന്നിട്ടുളളത്. സിപിഐഎമ്മില്‍ നിന്നും പുറത്തുപോയ എം വി രാഘവന്‍, ഗൗരിയമ്മ, വി. ബി. ചെറിയാനെപ്പോലുളള സേവ് സിപിഐഎം ഫോറക്കാര്‍, എം. ആര്‍. മുരളിയെപ്പോലുളള ഇടതുപക്ഷ ഏകോപന സമിതിക്കാര്‍ എന്നിങ്ങനെ ഏതാണ്ടെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് യുഡിഎഫിന്റെ കൂടാരത്തിലാണ് രാഷ്ട്രീയാഭയം കണ്ടെത്തിയത്.
സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആര്‍എംപിക്കാരുടെയും വഴി അതുതന്നെയായിരുന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രത്യക്ഷമായ പിന്തുണയോടെ അവര്‍ നടത്തിയ രാഷ്ട്രീയനീക്കം ഇതിനു മുമ്പൊരു ലക്കത്തില്‍ വിശദമായി എഴുതിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുപക്ഷത്തെയാണ് ആര്‍എംപി സഹായിക്കുന്നത് എന്നു തിരിച്ചറിഞ്ഞ ആര്‍എംപിയുടെ അണികളില്‍ നല്ലൊരുപങ്കും സിപിഐഎമ്മിലേയ്ക്കു തന്നെ മടങ്ങിയെത്തിയത് അവരുടെ നേതാക്കളെ ആശയക്കുഴപ്പിലാക്കി.
ആ ഒഴുക്കു തടയാന്‍ തങ്ങളാണ് യഥാര്‍ത്ഥ സിപിഐഎമ്മെന്നും കോണ്‍ഗ്രസുമായോ ബിജെപിയുമായോ തങ്ങള്‍ക്കു ബന്ധമൊന്നുമില്ലെന്നും പലപ്പോഴായി ആര്‍എംപി അവകാശപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചേരാതെ ആര്‍എംപിക്കാര്‍ തനിച്ചു മത്സരിക്കുകയും അവര്‍ ഭിന്നിപ്പിച്ച ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് ഒരു കാരണമായി.
പ്രത്യക്ഷമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാതിരിക്കുകയും അതേസമയം സിപിഐഎമ്മിനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ഹീനമായ അപവാദപ്രചരണം നടത്തുകയും ചെയ്യുകയായിരുന്നു ആര്‍എംപിയില്‍ അര്‍പ്പിക്കപ്പെട്ട നിയോഗം. ആ നുണ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പാര്‍ട്ടി ബന്ധുക്കളുടെയും അണികളുടെയും വോട്ടുബാങ്കായി ആര്‍എംപിയെ നിലനിര്‍ത്തിയാല്‍ ചില പ്രദേശങ്ങളില്‍ സിപിഐഎമ്മിനെ ദുര്‍ബലമാക്കാമെന്നാണ് ഈ തന്ത്രത്തിനു ചുക്കാന്‍ പിടിച്ചവര്‍ കരുതിയിരുന്നത്. ഈ ലക്ഷ്യം നേടാന്‍ വേണ്ടിയുളള അതിവിപ്ലവവായാടിത്തമാണ് ആര്‍എംപിയുടെ പ്രത്യയശാസ്ത്രമായി അവതരിപ്പിക്കപ്പെട്ടത്. തങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് അവരുടെ അവകാശവാദം. 1964ല്‍ സിപിഐഎം രൂപീകരിച്ചപ്പോള്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടി അതേപടി ഉയര്‍ത്തിപ്പിടിക്കുന്നവരാണ് തങ്ങള്‍. സിപിഐഎം ആ പരിപാടി ഉപേക്ഷിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായി മാറിക്കഴിഞ്ഞു എന്നാണ് അവരുടെ വിമര്‍ശനം.
1964-ലെ പാര്‍ട്ടി പരിപാടി കാലോചിതമാക്കല്‍
ഇടതുപക്ഷം എന്ന മാസികയില്‍ 2012 ജനുവരിയില്‍ ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.
'സി.പി.ഐ.എം. 1964ല്‍ അംഗീകരിച്ച ജനകീയ ജനാധിപത്യ വിപ്ലവപരിപാടിയില്‍ 2000ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് വരുത്തിയ ഭേദഗതികള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉന്‍മൂലനം ചെയ്യാനുള്ള ആസൂത്രിതഗൂഡാലോചനകള്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ജനകീയ ജനാധിപത്യഭരണം നിലവില്‍ വന്നാല്‍ വിദേശ ഫിനാന്‍സ് മൂലധനം കണ്ടുകെട്ടുമെന്ന് 1964ലെ പരിപാടിയില്‍ നിസ്സംശയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2000ലെ ഭേദഗതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിദേശ ഫിനാന്‍സ് മൂലധനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതിഫലമില്ലാതെ ജന്മിത്വം അവസാനിപ്പിക്കുമെന്ന കാഴ്ചപ്പാട് പാര്‍ട്ടി പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ജനകീയ ജനാധിപത്യ ഭരണക്രമത്തില്‍ വിദ്യാഭ്യാസം പൊതു ഉടമസ്ഥതയിലായിരിക്കുമെന്ന വ്യവസ്ഥ പിന്‍വലിക്കുകയും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്ന ഒഴുക്കന്‍ ഭേദഗതി കൂട്ടിചേര്‍ക്കുകയും ചെയ്തതോടുകൂടി പരിപാടി ഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമായിരുന്നു. ഒരു വിപ്ലവ പാര്‍ട്ടിയില്‍ നിന്ന് സോഷ്യല്‍ ഡെമോക്രാറ്റ്ക്ക് പാര്‍ട്ടിയായും പിന്നെ പ്രത്യക്ഷ വലതുപക്ഷമായും രൂപമാറ്റം വന്ന സി.പി.ഐ.എമ്മിന്റെ പരിവര്‍ത്തനപ്രക്രിയയുടെ രേഖാസാക്ഷ്യം തന്നെയായിരുന്നു 2000ലെ ഭേദഗതി. വിദേശഫിനാന്‍സ് മൂലധനശക്തികള്‍ക്കും, ഭൂപ്രഭുത്വത്തിനും, മറ്റ് കമ്പോളശക്തികള്‍ക്കും ഇളവും അയവും നല്‍കി കഴിയുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് വിപ്ലവകരമായ കടമയാണ് ഈ സമൂഹത്തില്‍ പിന്നെ നിറവേറ്റാനുള്ളത് എന്ന ചോദ്യം അവശേഷിക്കുകയാണ്'.
2000-ത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ വെച്ചാണ് 1964-ലെ പാര്‍ടി പരിപാടി കാലോചിതമാക്കിയത്. അതിനു മുമ്പ് ഈ മാറ്റങ്ങള്‍ സംബന്ധിച്ചുളള കരടുരേഖ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങളും ഭേദഗതികളും ആരായുകയും ചെയ്തിരുന്നു. അക്കാലത്ത് ചന്ദ്രശേഖരനോ അതുപോലുളള ആരെങ്കിലുമോ എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചതായി അറിവില്ല. ഏതായാലും ഭേദഗതികളൊന്നും നല്‍കിയിരുന്നില്ല എന്നത് തീര്‍ച്ചയാണ്. വി. ബി. ചെറിയാനെപ്പോലുളളവര്‍ അന്നുതന്നെ ഇന്ന് ആര്‍എംപിക്കാര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ പരസ്യമായി ഉന്നയിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പാര്‍ട്ടിയില്‍ ഒരു ഘടകവും അവരോടു കൂട്ടുചേരാന്‍ തയ്യാറായില്ല. എന്നാല്‍ അതിനുശേഷം പാര്‍ട്ടി വിട്ടവരൊക്കെ 1964-ലെ പരിപാടി സനാതനമായ ഒന്നാണെന്നും അതു കാലോചിതമാക്കിയതിലൂടെ കൊടിയവഞ്ചനയാണ് സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വം ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തോടു ചെയ്തതെന്നുമുളള പ്രചാരവേലയാണ് നടത്തിയത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആര്‍എംപിക്കാര്‍.
1964ല്‍ നിന്ന് തികച്ചും വിഭിന്നമായ ഒരു അന്തര്‍ദ്ദേശീയ, ദേശീയ സാഹചര്യമാണ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ രൂപം കൊണ്ടത്. 1964ലെ പാര്‍ട്ടി പരിപാടിയുടെ അന്തര്‍ദ്ദേശീയ കാഴ്ചപ്പാട് സുശക്തവും നിരന്തരം വികസിച്ചു വരുന്നതുമായ സോഷ്യലിസ്റ്റ് ചേരിയും മുതലാളിത്തത്തിന്റെ പൊതുകുഴപ്പത്തിന്റെ കയങ്ങളിലേയ്ക്കു വഴുതിവീണു കൊണ്ടിരിക്കുന്ന സാമ്രാജ്യത്വവുമായിരുന്നു. ലോകരാഷ്ട്രീയ ബലാബലം സോഷ്യലിസത്തിന് അനുകൂലമായി മാറിക്കഴിഞ്ഞു എന്നതായിരുന്നു കാഴ്ചപ്പാട്. യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ച ഈ സ്ഥിതിവിശേഷത്തെ മാറ്റിമറിച്ചു. അമേരിക്കന്‍ സാമാജ്ര്യാധിപത്യത്തിലുളള ഒരു പുതിയ ലോകക്രമം രൂപം കൊണ്ടു. ഈ പുതിയ സ്ഥിതിവിശേഷത്തെയും അതിന്റെ കാരണങ്ങളെയും വിശകലനം ചെയ്തുകൊണ്ട് സിപിഐഎമ്മിന്റെ 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഒരു പ്രത്യയശാസ്ത്ര പ്രമേയം തയ്യാറാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 1964-ല്‍ തയ്യാറാക്കിയ പാര്‍ട്ടി പരിപാടി കാലോചിതമാക്കേണ്ടതുണ്ടെന്നും തീരുമാനിച്ചത്.
മാറിയ അന്തര്‍ദേശീയ - ദേശീയ സാഹചര്യങ്ങള്‍
1964ലെ പാര്‍ട്ടി പരിപാടിയുടെ ആദ്യത്തെ മൂന്ന് അധ്യായങ്ങളിലാണ് സമൂലമായ മാറ്റങ്ങള്‍ ഉണ്ടായത്. ആദ്യത്തെ അധ്യായം 'ഇന്ത്യ സ്വാതന്ത്ര്യം കൈവരിക്കുന്നു' എന്ന തലക്കെട്ടില്‍ സ്വാതന്ത്ര്യലബ്ധിയുടെ അന്തര്‍ദേശീയ - ദേശീയ സാഹചര്യം വിശദീകരിക്കുകയാണ്. ഇതിലെ പല വിശദാംശങ്ങള്‍ക്കും ഇന്നത്തെ സാഹചര്യത്തില്‍ വലിയ പ്രസക്തിയില്ല. അതുകൊണ്ട് കാലോചിതമായി പുതുക്കിയ പരിപാടിയില്‍ ആമുഖ അധ്യായമായി കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ഒരു ലഘുചരിത്രവിവരണമാണ് നല്‍കുന്നത്. സ്വാതന്ത്ര്യസമരത്തിനും ജനകീയ ജനാധിപത്യത്തിനുവേണ്ടിയുളള സമരങ്ങളില്‍ പാര്‍ട്ടിയുടെ പങ്കും സംഭാവനയുമാണ് പ്രതിപാദ്യവിഷയം.
കാലോചിതമാക്കിയ പരിപാടിയിലെ രണ്ടാമത്തെ അധ്യായം പുതിയതാണ്. ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ പരിണാമമാണ് ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. തിരിച്ചടിയേറ്റെങ്കിലും ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയം ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രഗതിയെ എങ്ങനെ ഗാഢമായി സ്വാധീനിച്ചു എന്നു പരിശോധിക്കുന്നു. സാമ്രാജ്യത്വ ആഗോളവത്കരണ കാലഘട്ടത്തിലെ മുതലാളിത്തത്തെക്കുറിച്ചുളള വിശകലനവും ഈ അധ്യായത്തിലാണ്.
1964-ലെ പരിപാടിയില്‍ രണ്ടാമധ്യായം 'പാപ്പരായ മുതലാളിത്തമാര്‍ഗം കുത്തകകളുടെ വളര്‍ച്ചയിലേയ്ക്കും പുത്തന്‍ കോളനിവത്കരണത്തിന്റെ ആപത്തിലേയ്ക്കും നയിക്കുന്നു' എന്നതാണ്. മൂന്നാമത്തെ അധ്യായം 'ബൂര്‍ഷ്വാ കാര്‍ഷിക നയങ്ങളുടെ ബാലന്‍സ് ഷീറ്റാണ്'. ഈ രണ്ട് അധ്യായങ്ങളും സംയോജിപ്പിച്ച് 'സ്വാതന്ത്ര്യവും അതിനുശേഷവും' എന്ന ഒറ്റ അധ്യായമാക്കി പുതിയ പരിപാടിയില്‍ കൈകാര്യം ചെയ്യുന്നു.
1964ലെ പരിപാടിയില്‍ ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ചയുടെ സാധ്യതകളെ വളരെയേറെ പരിമിതമാക്കിയാണ് വിലയിരുത്തുന്നത്. എന്നാല്‍ വ്യവസായമേഖലയിലെയും കാര്‍ഷിക മേഖലയിലെയും സ്വാതന്ത്ര്യാനന്തകാലത്ത് ശക്തമായ മുതലാളിത്ത വളര്‍ച്ച ഉണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം. കാലോചിതമാക്കിയ പരിപാടി ഇതുള്‍ക്കൊളളുന്നുണ്ട്. മാത്രമല്ല, 1964ലെ പരിപാടിയില്‍ ആദ്യത്തെ ഒന്നരപ്പതിറ്റാണ്ടുകാലത്തെപ്പറ്റി മാത്രമേ പ്രതിപാദിക്കുന്നുളളൂ. എന്നാല്‍ കാലോചിതമാക്കപ്പെട്ട പരിപാടിയില്‍ ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ ഭരണകൂടത്തിന്റെ സമകാലീന നിയോ ലിബറല്‍ വ്യവസായ കാര്‍ഷിക സാമ്പത്തിക നയങ്ങളെക്കൂടി വിലയിരുത്തുന്നുണ്ട്.
നാലാമധ്യായം വിദേശനയത്തെക്കുറിച്ചുളളതാണ്. ഇന്ത്യയുടെ വിദേശനയത്തിലെ പ്രവണതകളെ മൂന്നു ഘട്ടങ്ങളായി സംഗ്രഹിക്കുന്നു. അതില്‍ സമകാലീന പ്രവണതയായ ചേരിചേരാ വിദേശനയത്തിന്റെ തിരസ്‌കാരവും അമേരിക്കന്‍ പക്ഷത്തേയ്ക്കുളള നീക്കവും മൂന്നാമത്തെ ഘട്ടമായി വിശദീകരിക്കുന്നുണ്ട്.
മാറിയ അന്തര്‍ദേശീയ - ദേശീയ സ്ഥിതിഗതികളെക്കുറിച്ചുളള മേല്‍പ്പറഞ്ഞ വിലയിരുത്തലുകളൊന്നും തന്നെ ആര്‍എംപിയുടെ പ്രസിദ്ധീകരണങ്ങളില്‍ തളളിപ്പറഞ്ഞതായി കണ്ടിട്ടില്ല. എന്നാല്‍ ഈ മാറ്റങ്ങള്‍ ജനകീയ ജനാധിപത്യപരിപാടിയുടെ വിശദാംശങ്ങളില്‍പ്പോലും ഒരു സ്വാധീനവും ചെലുത്താന്‍ പാടില്ല എന്ന ശാഠ്യമാണ് അവര്‍ക്കുളളത്.
തുടര്‍ന്നുളള അധ്യായങ്ങളില്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ സ്വഭാവം, വിപ്ലവാനന്തരം നടപ്പാക്കുന്ന ജനകീയ ജനാധിപത്യ പരിപാടി, ഇതിനായി രൂപം നല്‍കേണ്ടതിനു രൂപം നല്‍കേണ്ട ജനകീയ ജനാധിപത്യ മുന്നണി, ഈ മുന്നണി കെട്ടിപ്പെടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പങ്ക് തുടങ്ങിയ കാര്യങ്ങളില്‍ 1964-ലെ പരിപാടിയില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാല്‍ ആര്‍എംപിക്കാരുടെ വിമര്‍ശനം ഇതുസംബന്ധിച്ച ധാരണകളെല്ലാം 2000-ല്‍ അട്ടിമറിക്കപ്പെട്ടുവെന്നാണ്. നേരത്തെ നല്‍കിയ ടി പി ചന്ദ്രശേഖരന്റെ പ്രസ്താവനയില്‍ ഇതിനു തെളിവായി മൂന്നു കാര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചിട്ടുളളത്. ഇവയില്‍ ജനകീയ ജനാധിപത്യ കാലഘട്ടത്തില്‍ വിദേശ മൂലധനത്തോട് സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് ആദ്യം പരിശോധിക്കാം.
ജനകീയ ജനാധിപത്യ കാലഘട്ടത്തില്‍ വിദേശ മൂലധനം
ജനകീയ ജനാധിപത്യവ്യവസ്ഥ നിലവില്‍ വന്നാല്‍ വിദേശ മൂലധനം കണ്ടുകെട്ടുമെന്ന് 1964ലെ പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞിരുന്നു എന്നതു ശരിയാണ്. എന്നാല്‍ ലോകസാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഇതിലൊരു ഭേദഗതി അനിവാര്യമാക്കി. ഈ മാറ്റങ്ങളെന്തെന്ന് പാര്‍ട്ടി പരിപാടിയുടെ ആമുഖാധ്യായങ്ങളിലും പ്രത്യയശാസ്ത്ര രേഖയിലും വിശദമാക്കുന്നുണ്ട്.
ഒന്നാമതായി പരിഗണിക്കേണ്ടത് ലെനിന്‍ വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ ഇതുസംബന്ധിച്ച് സ്വീകരിച്ച നിലപാടാണ്. മുതലാളിത്ത വളര്‍ച്ചയില്‍ യൂറോപ്പില്‍ ഏറ്റവും പിന്നോക്കം നിന്ന രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ. എന്നാല്‍, വിപ്ലവം കഴിഞ്ഞുളള വര്‍ഷങ്ങളില്‍ ഉല്‍പാദനശക്തികളുടെ വളര്‍ച്ചയെക്കുറിച്ച് ശ്രദ്ധിക്കാന്‍ നേരം കിട്ടിയിരുന്നില്ല.
നിലനില്‍പ്പിനായുളള പോരാട്ടമായിരുന്നു. കമ്പോള നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ആഭ്യന്തരയുദ്ധകാലത്ത് കേന്ദ്രീകൃത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്പദ്ഘടന പ്രവര്‍ത്തിച്ചുവന്നത്. എല്ലാം പ്രതിവിപ്ലവത്തെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തിനു കീഴ്‌പ്പെടുത്തപ്പെട്ടു. ഈ യുദ്ധകാല കമ്മ്യൂണിസമാണ് യഥാര്‍ത്ഥ സോഷ്യലിസമെന്ന് വ്യാപകമായ തെറ്റിദ്ധാരണയുണ്ടായി. |
ന്യൂ എക്കണോമിക് പോളിസി അഥവാ പുതിയ സാമ്പത്തികപരിപാടി അവതരിപ്പിച്ചുകൊണ്ട്, ലെനിന്‍ ഈ ധാരണയെ തിരുത്തി. റഷ്യയുടെ പിന്നോക്കാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിവേഗം ഉല്‍പാദനശക്തികളെ വളര്‍ത്തിയെടുക്കുന്നതിന് സാമൂഹ്യനിയന്ത്രണത്തിനുളളില്‍ കമ്പോളത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും വ്യവസായമേഖലയില്‍ സ്വകാര്യനിക്ഷേപം അനുവദിക്കണമെന്ന് ലെനിന്‍ നിര്‍ദ്ദേശിച്ചു.
പാശ്ചാത്യരാജ്യങ്ങള്‍ സഹകരിക്കുകയാണെങ്കില്‍ വിദേശ മൂലധന നിക്ഷേപത്തെയും സ്വാഗതം ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയാധികാരത്തെയാണ് മുതലാളിത്തം സോഷ്യലിസ്റ്റ് വ്യവസ്ഥയെ അട്ടിമറിക്കില്ല എന്നതിന്റെ ഗ്യാരണ്ടിയായി ലെനിന്‍ കണ്ടത്.
ഇത്തരത്തിലുളള പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കവെയാണ് ലെനിന്റെ മരണമുണ്ടായത്. സ്റ്റാലിന്റെ കാലത്ത് പുത്തന്‍ സാമ്പത്തികനയം അവസാനിപ്പിച്ച് കൂട്ടുകൃഷിയിലേയ്ക്കും സമൂല ദേശസാല്‍ക്കരണത്തിലേയ്ക്കും സോവിയറ്റു യൂണിയന്‍ നീങ്ങി. ഒരുപക്ഷേ, അക്കാലത്ത് യൂറോപ്പില്‍ ഉരുണ്ടുകൂടിക്കൊണ്ടിരുന്ന യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ നടപടി അനിവാര്യമായിരുന്നിരിക്കണം.
രണ്ട്) സോവിയറ്റ് യൂണിയന്റെ പതനത്തിനു മുമ്പുതന്നെ ചൈന സോഷ്യലിസ്റ്റ് കമ്പോളവ്യവസ്ഥ എന്ന സങ്കല്‍പനത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയിരുന്നു. വിപ്ലവം കഴിഞ്ഞാല്‍ ഒറ്റയടിക്ക് സോഷ്യലിസത്തിലേയ്ക്കുളള പരിവര്‍ത്തനം നടക്കുകയില്ലെന്നും സാമാന്യം ദീര്‍ഘമായ ഒരു പരിവര്‍ത്തനകാലഘട്ടം അനിവാര്യമാണെന്നുമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ചൈന സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയുടെ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. ഈ ഘട്ടത്തിലെ മുഖ്യചുമതല ഉല്‍പാദനശക്തികളെ വളര്‍ത്തിയെടുക്കലാണ്.
മാവോയുടെ നയങ്ങള്‍ ഇതിനു സഹായകരമായിരുന്നില്ല. മാവോ ചിന്തയോടൊപ്പം ഡെങ് സിയാവോ പിങ്ങിന്റെ നയങ്ങളെയും ചൈന ഉയര്‍ത്തിപ്പിടിക്കുന്നു. ഈ കാഴ്ചപ്പാടു പ്രകാരം സോഷ്യലിസ്റ്റ് നിര്‍മ്മാണത്തിലെ പ്രാഥമികഘട്ടത്തില്‍ മുതലാളിമാര്‍ക്കു കൂടി പങ്കുണ്ട്. വിദേശ മൂലധനത്തെയും സ്വീകരിക്കേണ്ടിവരും. ഇത്തരത്തിലുളള പരിഷ്‌കാരങ്ങള്‍ വിസ്മയകരമായ നേട്ടമാണ് ചൈനയില്‍ സൃഷ്ടിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പത്തുശതമാനം വേഗതയില്‍ ചൈന വളര്‍ന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായി. ഉല്‍പാദനത്തിന്റെ ഉയര്‍ന്നതോതിലുളള സാമൂഹ്യവത്കരണത്തെ അടിസ്ഥാനമാക്കി മാത്രമേ സോഷ്യലിസം കെട്ടിപ്പെടുക്കാന്‍ കഴിയൂ.
ചൈന മാത്രമല്ല, ഏറ്റവും തീക്ഷ്ണമായ അമേരിക്കന്‍ വിരുദ്ധ വിമോചനസമരത്തിലൂടെ രൂപം കൊണ്ട വിയറ്റ്‌നാം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും സമാനമായ പരിഷ്‌കാരങ്ങള്‍ വിയറ്റ്‌നാമിലും നടപ്പാക്കുന്നുണ്ട്. ഇവിടെയും വിദേശമൂലധനം അനുവദനീയമാണ്. ക്യൂബയില്‍ ഇന്നും വിദേശമൂലധന നിക്ഷേപം ഇല്ല. ഇതിനുകാരണം ക്യൂബയുടെ നേരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധമാണ്. ഈ ഉപരോധം അവസാനിപ്പിച്ച് മറ്റു രാജ്യങ്ങളുമായി സാമ്പത്തികബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണം എന്നുളളതാണ് ക്യൂബയുടെ ലക്ഷ്യം.
മൂന്ന്) ലോകരാഷ്ട്രീയത്തിലെ ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രം ലത്തീന്‍ അമേരിക്കയാണ്. ലത്തീന്‍ അമേരിക്കയിലെ ഒട്ടെല്ലാ രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകളിലൂടെ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍വരുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലും തുടര്‍ഭരണവും അവര്‍ നേടുകയുണ്ടായി. ഈ രാജ്യങ്ങളിലെ ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടികളുടെ കേന്ദ്ര മുദ്രാവാക്യം അമേരിക്കന്‍ വിരുദ്ധതയായിരുന്നു. പക്ഷേ, ഒരു രാജ്യം പോലും അമേരിക്ക അടക്കമുളള രാഷ്ട്രങ്ങളുമായുളള ബന്ധം വിച്ഛേദിക്കുന്നതിനോ വിദേശമൂലധനത്തെയാകെ കണ്ടുകെട്ടുന്നതിനോ തയ്യാറായിട്ടില്ല.
വെനിസ്വേല പോലുളള രാജ്യങ്ങള്‍ വിദേശ എണ്ണക്കമ്പനികളെ ദേശസാല്‍ക്കരിച്ചു. മറ്റു ചില രാജ്യങ്ങളില്‍ വിദേശ പ്ലാന്റേഷനുകള്‍ ദേശസാല്‍ക്കരിച്ചു. പക്ഷേ, വിദേശ മൂലധനത്തെ പൂര്‍ണമായും നിഷേധിക്കുക എന്ന നിലപാട് ഒരു രാജ്യത്തിനും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് ഇന്നത്തെ ആഗോളയാഥാര്‍ത്ഥ്യം.
തൊണ്ണൂറുകളില്‍ സോഷ്യലിസ്റ്റ് ചേരിക്കുണ്ടായ തകര്‍ച്ചയോടെ ആധുനിക സാങ്കേതിക വിദ്യ ലഭിക്കുന്നതിന് സോഷ്യലിസ്റ്റ് ചേരിയെ ആശ്രയിക്കാവുന്ന അവസ്ഥ ഇല്ലാതായി. എന്നു മാത്രമല്ല ശക്തമായ പേറ്റന്റ് നിയമം ലോകമെമ്പാടുമുളള രാജ്യങ്ങളില്‍ നിലവില്‍ വന്നതോടെ തൊണ്ണൂറു ശതമാനം സാങ്കേതികവിദ്യാ പേറ്റന്റുകളും വിദേശ കുത്തകകളുടെ കൈവശമാണ് എന്ന നിലയും വന്നുചേര്‍ന്നു. ജനകീയ ജനാധിപത്യത്തെ വികസിപ്പിക്കണമെങ്കില്‍ ഉല്‍പാദന ഉപാധികളെ നിരന്തരം നവീകരിച്ചു കൊണ്ടേയിരിക്കണം.
ഉല്‍പാദന ഉപാധികളെ നവീകരിക്കാതെ, ഉയര്‍ന്ന ഉല്‍പാദന ബന്ധങ്ങളിലേയ്ക്ക് അതായത് സോഷ്യലിസത്തിലേയ്ക്കു വളരാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസത്തിന്റെ ആദ്യഘട്ടങ്ങളില്‍ വിദേശമൂലധനം മുഴുവന്‍ കണ്ടുകെട്ടുക പ്രായോഗികമല്ലെന്നും കര്‍ശനമായ നിയന്ത്രണങ്ങളോടെ വേണ്ടിവന്നാല്‍ ഉപയോഗപ്പെടുത്താമെന്നും പാര്‍ട്ടി ജനകീയ ജനാധിപത്യ പരിപാടിയില്‍ മാറ്റം വരുത്തിയത്.
No comments:
Post a Comment