ധനവിചാരം (Mathrubhumi, 27 Nov2012)
ഒരു കോഴിമുട്ടയ്ക്ക് നാലര രൂപയാണ് വില. തേങ്ങയ്‌ക്കോ? എറണാകുളത്ത് നാലര രൂപ. കോഴിക്കോട്ട് മൂന്നര രൂപ. പാലക്കാട്ട് രണ്ടേമുക്കാല്‍ രൂപ. ഒരു തേങ്ങയ്ക്ക് കോഴിമുട്ടയുടെ വില കിട്ടാത്ത കാലം വരുമെന്ന് ആരെങ്കിലും നിനച്ചിരുന്നോ?
എണ്‍പതുകളുടെ അവസാനം തേങ്ങയൊന്നിന് 12 രൂപ വരെ വില ലഭിച്ചു. അന്ന് നാലു തേങ്ങ വില്‍ക്കാനുണ്ടെങ്കില്‍ ഒരു കുടുംബത്തിന് ഒരു ദിവസത്തേക്ക് കുശാലായി. ഇന്ന് 40 തേങ്ങ വിറ്റാലും ബി.പി.എല്‍. രേഖ കടക്കില്ല. തിരുവനന്തപുരത്ത് തെങ്ങൊന്നിന് 50 രൂപയാണ് കയറ്റുകൂലി. തേങ്ങ വിറ്റാല്‍ കയറ്റുകൂലി പോലും മുതലാകില്ല.
നാളികേരത്തിന്റെ ശനിദശ തുടങ്ങിയത് 1999 - 2003 കാലത്തെ കാര്‍ഷികവിലത്തകര്‍ച്ചയോടെയാണ്. സമീപകാലത്ത് നിലയല്‍പ്പം മെച്ചപ്പെട്ടു. 2011-ല്‍ 10 രൂപ വരെയായി വില. പിന്നീട് വീണ്ടും വില തകര്‍ന്നു. കാരണം ലളിതം. ഉയരുന്ന പാമോയില്‍ ഇറക്കുമതി. 2010-'11-ല്‍ 63 ലക്ഷം ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2011-'12-ല്‍ 75 ലക്ഷം ടണ്‍ ആണ് ഇറക്കുമതി ചെയ്തത്. വിപണിയില്‍ പാമോയിലിന്റെ കുത്തൊഴുക്ക് ഇന്നും തുടരുകയാണ്.
പാമോയില്‍ എത്ര വേണമെങ്കിലും ആര്‍ക്കും ഇറക്കുമതി ചെയ്യാം. 300 ശതമാനം വരെ ഇറക്കുമതിച്ചുങ്കം എണ്ണയുടെമേല്‍ ഏര്‍പ്പെടുത്താന്‍ ലോകവ്യാപാരക്കരാര്‍ അനുവദിക്കുന്നുണ്ട്. പക്ഷേ, ക്രൂഡ് പാമോയിലിന് ഒരു ചുങ്കവും കൊടുക്കേണ്ട. സംസ്‌കരിച്ച പാമോയിലിന് ഏഴര ശതമാനം ചുങ്കം കൊടുത്താല്‍ മതി. ആസിയാന്‍ കരാര്‍ വഴി തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും കണ്ണുവെച്ചത് ഇന്ത്യയിലെ പാമോയില്‍ വിപണിയാണ്. ആ ലക്ഷ്യം അവര്‍ നേടുകയും ചെയ്തു. കേവലം 12 ലക്ഷം ടണ്‍ ആയിരുന്നു 1995-'98 കാലത്തെ എണ്ണയുടെ ശരാശരി ഇറക്കുമതി. 2000- 2001-ല്‍ അത് 31 ലക്ഷം ടണ്ണായും 2011-12-ല്‍ 100 ലക്ഷം ടണ്ണായും ഉയര്‍ന്നു. ഇതിന്റെ 75 ശതമാനവും പാമോയിലാണ്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ ഏതാണ്ട് അഞ്ചുശതമാനം കരിക്കായി വില്‍ക്കുന്നു. 45 ശതമാനം കറിക്ക് അരയ്ക്കുന്നു. 50 ശതമാനം ആട്ടി വെളിച്ചെണ്ണയാക്കുന്നു. വെളിച്ചെണ്ണയുടെ പകുതിയിലേറെ ഭാഗം പാചകത്തിനാണ് ഉപയോഗിക്കുന്നത്. ബാക്കി വ്യവസായത്തിനും. ഇറക്കുമതി ചെയ്ത പാമോയിലും ഇതേ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു. സ്വാഭാവികമായി, പാമോയില്‍ ഇറക്കുമതി കൂടുമ്പോള്‍ വെളിച്ചെണ്ണയുടെ വിലയിടിയും. വെളിച്ചെണ്ണയുടെ വിലയിടിഞ്ഞാല്‍ നാളികേരത്തിന്റെയും വിലയിടിയും.
ഇന്ത്യയിലെ ഭക്ഷ്യഎണ്ണയുടെ കുറവു നികത്താന്‍ ഇറക്കുമതി കൂടിയേ തീരൂ എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. വില പിടിച്ചു നിര്‍ത്തലാണ് ലക്ഷ്യമെങ്കില്‍ പാമോയിലിനു നല്‍കുന്ന ആനുകൂല്യം മറ്റെല്ലാ എണ്ണകള്‍ക്കും നല്‍കണം. പക്ഷേ, നോക്കൂ. 15 രൂപ കിലോയ്ക്ക് സബ്‌സിഡി നല്‍കി പാമോയില്‍ പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യുന്നു. പക്ഷേ, നാട്ടില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് സബ്‌സിഡിയില്ല. ഇറക്കുമതി ചെയ്ത പാമോയിലിന് സബ്‌സിഡി. ഇതെന്തു ന്യായം?
ഈ അന്യായത്തിന്റെ പിന്നാമ്പുറത്ത് ഞെട്ടിക്കുന്ന പരമാര്‍ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് - മലേഷ്യന്‍ പാമോയില്‍ കമ്പനികളുമായുള്ള അവിശുദ്ധബന്ധം. മലേഷ്യന്‍ പാമോയില്‍ കൗണ്‍സിലിന്റെ 2007-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച വ്യക്തമായ പരാമര്‍ശമുണ്ട്. 2007 ഫിബ്രവരി 8, 9 തീയതികളില്‍ കേന്ദ്രസര്‍ക്കാറുമായി നടത്തിയ രണ്ട് യോഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടിന്റെ 32-ാം പേജില്‍ ഇപ്രകാരം പ്രസ്താ വിച്ചിരിക്കുന്നു.
'പൊതുവിതരണ സ്‌കീം വഴി ഭക്ഷ്യ എണ്ണകള്‍ പ്രത്യേകിച്ച് പാമോയില്‍ വിതരണം ചെയ്യുന്നതിന്റെ സാധ്യതകള്‍ തേടുന്നതിനും ഇന്ത്യാ സര്‍ക്കാര്‍ അധികൃതരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടി ഡല്‍ഹിയിലേക്ക് രണ്ടു സന്ദര്‍ശനങ്ങള്‍ നടത്തി. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും ഭക്ഷ്യ എണ്ണ കമ്മീഷനുമായും വനസ്പതി ഡയറക്ടറേറ്റുമായും നേരിട്ടു ബന്ധം സ്ഥാപിച്ചു.'വിലക്കയറ്റം തടഞ്ഞു നിര്‍ത്തലാണ് ലക്ഷ്യമെങ്കില്‍ കിലോയ്ക്ക് 15 രൂപ പ്രകാരം സബ്‌സിഡി ഇറക്കുമതി ചെയ്ത പാമോയിലിനും സോയാബീന്‍ എണ്ണയ്ക്കും മാത്രമായി എന്തുകൊണ്ടു പരിമിതപ്പെടുത്തി? ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയെ പൊതുവിതരണത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ ലക്ഷ്യം വെളിച്ചെണ്ണ കമ്പോളത്തെ പാമോയില്‍ ഇറക്കുമതിക്കു തുറന്നു കൊടുക്കുക എന്നതു മാത്രമാണ്. എത്ര കോടിയുടെ കൈക്കൂലി കൈമറിഞ്ഞു കാണുമെന്ന് ഊഹിക്കുകയേ നിവൃത്തിയുള്ളൂ.
വെളിച്ചെണ്ണയോടുള്ള ദ്രോഹം ഇതുകൊണ്ടും തീരുന്നില്ല. ആഗോളീകരണ പരിഷ്‌കാരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് നമ്മുടെ നാട്ടിലെ വെളിച്ചെണ്ണയുടെ വില അന്തര്‍ദേശീയ വിലയുടെ ഏതാണ്ട് ഇരട്ടി വരുമായിരുന്നു. എന്നാല്‍, കര്‍ശന ഇറക്കുമതി നിയന്ത്രണമുണ്ടായിരുന്നതുകൊണ്ട് താഴ്ന്ന വിലയാണ് വിദേശത്തെങ്കിലും ഇറക്കുമതി ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് വെളിച്ചെണ്ണയുടെ വില ഇതുപോലെ ഉയര്‍ന്നുനിന്നത്. ഇറക്കുമതി നിയന്ത്രണങ്ങളെല്ലാം ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇന്ന് അന്തര്‍ദേശീയവിലയും ആഭ്യന്തരവിലയും ഏതാണ്ട് ഒപ്പമാണ്. ഇത് പുതിയൊരുസാധ്യത തുറക്കുന്നുണ്ട്. നാം ശ്രമിച്ചാല്‍ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാം. എന്നാല്‍, വെളിച്ചെണ്ണ കയറ്റുമതി ചെയ്യേണ്ട എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്.
വലിയ സമ്മര്‍ദത്തിന്റെ ഫലമായി കേന്ദ്രസര്‍ക്കാര്‍ വെളിച്ചെണ്ണയ്ക്കുമേല്‍ 'ഔദാര്യം' കോരിച്ചൊരിഞ്ഞു. 20,000 ടണ്‍ കയറ്റുമതി ചെയ്യാം. 4.5 ലക്ഷം ടണ്ണാണ് 2012-ലെ ആകെ വെളിച്ചെണ്ണയുത്പാദനം എന്നോര്‍ക്കണം. ആകെ ഉത്പാദനത്തിന്റെ അഞ്ചുശതമാനം പോലും കയറ്റുമതി ചെയ്യാന്‍ അനുവാദമില്ല. നിയന്ത്രണങ്ങള്‍ അവിടംകൊണ്ടും തീരുന്നില്ല. രാജ്യത്ത് ആകെയുള്ള 13 പ്രധാനതുറമുഖങ്ങളില്‍ വെളിച്ചെണ്ണ കയറ്റുമതി കൊച്ചി തുറമുഖം വഴിയേ പാടുള്ളൂ. ഏത് സംസ്ഥാനത്തിലെ വെളിച്ചെണ്ണയും കയറ്റുമതി ചെയ്യണമെങ്കില്‍ കൊച്ചിയില്‍ കൊണ്ടുവരണം. അതുതന്നെ അഞ്ച് കിലോയേക്കാള്‍ വലിയ പാക്കറ്റുകളിലും പാടില്ല. പാമോയില്‍ വരുന്നത് വീപ്പകളില്‍പ്പോലുമല്ല, കപ്പലില്‍ നിറച്ചാണ് എന്നോര്‍ക്കണം. തീര്‍ന്നില്ല. പണ്ട്, ഭൂട്ടാനിലും നേപ്പാളിലും നമ്മുടെ നാട്ടിലെ വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഈ നയം കാരണം ഇപ്പോള്‍ അവിടേക്ക് വെളിച്ചെണ്ണ വരുന്നത് സിംഗപ്പൂരില്‍ നിന്നാണ്.
കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ചുശതമാനം ഇന്‍സെന്റീവ് ഇപ്പോള്‍ കൊടുക്കുന്നുണ്ട്. 'വിശേഷ് കൃഷി ഗ്രാമീണ്‍ ഉദ്യോഗ് യോജന' എന്നാണ് ഈ സ്‌കീമിന്റെ പേര്. എന്നാല്‍, വിചിത്രമെന്നു പറയട്ടെ, ഈ ആനുകൂല്യത്തില്‍ നിന്ന് വെളിച്ചെണ്ണയെ ഒഴിവാക്കിയിരിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ 2012 ജനവരിയില്‍ 5,100 രൂപ ക്വിന്റലിന് മില്‍ കൊപ്രയ്ക്ക് തറവില പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒക്ടോബര്‍ 15 ആയിട്ടും ആകെ 43,462 ടണ്‍ കൊപ്രയേ സംഭരിച്ചിട്ടുള്ളൂ. അതില്‍ കേരളത്തില്‍ നിന്ന് 12,331 ടണ്ണേയുള്ളൂ. നാളികേരത്തിന്റെ ഉത്പാദനച്ചെലവിനേക്കാള്‍ താഴ്ന്നതാണ് തറവില. സംഭരണം പാളിയതുകൊണ്ട് കമ്പോളവില തറവിലയേക്കാള്‍ താഴ്ന്നു തന്നെ തുടര്‍ന്നു.
പണ്ട് മോഹവില കാണിച്ച് കാഡ്ബറീസ് കമ്പനി നാട്ടിലെല്ലാം കൊക്കോ പ്രചരിപ്പിച്ചത് ഓര്‍മയുണ്ടല്ലോ. വില തകര്‍ന്നപ്പോള്‍ നല്ല പങ്ക് കൃഷിക്കാരും കൊക്കോ ചെടികള്‍ പിഴുതു കളഞ്ഞു. വാനിലയ്ക്കും ഇതേഗതി തന്നെ വന്നു. പക്ഷേ, തെങ്ങ് പിഴുതുകളയാന്‍ ആവില്ലല്ലോ. ഏതാണ്ട് എല്ലാവരും കേരകൃഷി ഉപേക്ഷിച്ച മട്ടാണ്. തടമെടുക്കലും നനയ്ക്കലും കണ്ണികൂട്ടലുമെല്ലാം അപ്രത്യക്ഷമായി. വളം ചെയ്യലുമവസാനിച്ചു. തലമണ്ടയില്‍ വീഴുമോ എന്ന പേടി കൊണ്ടാണ് പലരും തേങ്ങ പറിക്കുന്നത്. അതോടെ, തെങ്ങുകയറ്റത്തോടൊപ്പം തെങ്ങിന്‍തലപ്പിന് ചെയ്തിരുന്ന പരിചരണങ്ങളും അവസാനിച്ചു. ഇടവിളകളുമില്ല. ത്രിതല പുരയിടകൃഷി പഴയൊരു ഓര്‍മ മാത്രം.
അലുവാലിയ കേരളത്തില്‍ വന്നുപറഞ്ഞത് ഓര്‍ക്കുന്നില്ലേ? കൃഷിക്കും വയ്യാവേലിക്കുമൊന്നും പോകാതെ, പുറംനാടുകളില്‍ പോയി പണിയെടുത്തുണ്ടാക്കുന്ന സമ്പത്തുകൊണ്ട് സുഭിക്ഷമായി സാധനങ്ങള്‍ വാങ്ങി ജീവിച്ചാല്‍പോരേയെന്നായിരുന്നു വളരെ നിഷ്‌കളങ്കമായി അദ്ദേഹം ചോദിച്ചത്. എന്നാല്‍, അതത്ര നിഷ്‌കളങ്കമായ ചോദ്യമല്ല. ഇന്ത്യയ്ക്കുപുറത്ത് ഉത്പാദിപ്പിക്കുന്നവ വാങ്ങി സുഭിക്ഷമായി ജീവിക്കാനാണ് അലുവാലിയ കേരളീയരോട് ആവശ്യപ്പെടുന്നത്. കേരകൃഷി 42 ലക്ഷം കുടുംബങ്ങളുടെ ജീവിതപ്രശ്‌നമാണ്. പുരയിടകൃഷിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇതൊന്നും വിലയിട്ട് തീര്‍പ്പാക്കാന്‍ പറ്റുന്നവയല്ല.
വികസിതരാജ്യങ്ങള്‍ ഭീമമായ സബ്‌സിഡി നല്‍കി സ്വന്തം കൃഷിയും വിളകളും സംരക്ഷിക്കാന്‍ അത്യധ്വാനം ചെയ്യുമ്പോഴാണ് അലുവാലിയമാരുടെ തമാശകള്‍ നാം സഹിക്കേണ്ടിവരുന്നത്. മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 35 ശതമാനം വരുന്ന തുകയാണ് വികസിത രാജ്യങ്ങള്‍ സബ്‌സിഡിയായി നല്‍കുന്നത്. ജപ്പാനില്‍ ഇത് 55 ശതമാനവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ 69 ശതമാനവുമാണ്. ലോകവ്യാപാരക്കരാറിന്റെ നിബന്ധനകളില്‍ നിന്ന് രക്ഷനേടാന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കോ ഉത്പാദനത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്കോ സബ്‌സിഡി നല്‍കാതെ കൃഷിഭൂമിക്കോ കര്‍ഷകനോ നിശ്ചിതമായ സഹായധനം നല്‍കുന്നു.
അടിയന്തരമായി തറവില ഉയര്‍ത്തണം. പാമോയിലിനുമേല്‍ താരിഫ് ഏര്‍പ്പെടുത്തണം. വെളിച്ചെണ്ണ കുടുംബത്തിന് രണ്ടുകിലോ വീതം കേരളത്തില്‍ പൊതുവിതരണ ശൃംഖലയിലൂടെ നല്‍കണം. കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണം. ഒരു പ്രദേശത്തെ രോഗഗ്രസ്തമായ തെങ്ങുകള്‍ മുഴുവന്‍ വെട്ടിമാറ്റി പുതിയവ നടുന്നതിന് പാക്കേജ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം. തൊഴിലുറപ്പു പദ്ധതിയെ ഉപയോഗപ്പെടുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ചെത്തുതൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് 'നീര' ഉത്പാദനം പ്രോത്സാഹിപ്പിക്കണം. മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്ക് നീങ്ങണം. വേറെന്തെല്ലാംവേണമെന്ന് എല്ലാവരുംകൂടി ചര്‍ച്ച ചെയ്യണം. വൈകിയാല്‍ തിരിച്ചുകൊണ്ടുവരാനാവാത്ത വിധം ഇടനാട്ടിലെയും തീരപ്രദേശത്തെയും കേരകൃഷി നശിക്കും.
ആര്‍ക്കു വേണ്ടിയാണ് നാടു ഭരിക്കുന്നത്? നാട്ടിലെ നാളികേര കര്‍ഷകര്‍ക്കു വേണ്ടിയാണോ, മലേഷ്യയിലെ പാമോയില്‍ മുതലാളിമാര്‍ക്കു വേണ്ടിയോ? എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടെന്തു കാര്യം? ഇവിടത്തെ തര്‍ക്കങ്ങളും വിവാദങ്ങളുമെല്ലാം ഏതെങ്കിലും കേന്ദ്ര വ്യവസായ പ്രോജക്ടോ പശ്ചാത്തല സൗകര്യ പ്രോജക്ടോ കൊണ്ടുവരുന്നതു സംബന്ധിച്ചാണ്. 42 ലക്ഷം വരുന്ന കേരകൃഷിക്കാരുടെ ജീവിതം തകര്‍ക്കുന്ന തീരുമാനങ്ങള്‍ എന്തുകൊണ്ട് ബ്രേക്കിങ് ന്യൂസുകളും വിവാദങ്ങളുമാകുന്നില്ല?
No comments:
Post a Comment